Sunday, October 28, 2007

ചെരപ്പിലെ ആര്‍ഭാടം

അങ്ങനെ മനുഷ്യന്‍ ഉണ്ടായി. ആ പിശാച് വളര്ന്നപ്പോ തടിയോടൊപ്പം താടിയും ഉണ്ടായി. കണ്ട പാറക്കഷണം കൂര്‍പ്പിച്ച് അവന്‍ ചെരച്ചു. ഈ ചെരപ്പില്‍ മോന്ത മരമാക്രിയുടെ പൊറം പോലെ ആയി കിട്ടുമെന്ന് മനസ്സിലാക്കി അവന്‍ ലോഹം കണ്ടുപിടിച്ചു. ലോഹം കൊണ്ട് റേസര്‍ ഉണ്ടാക്കി. മുടിക്കൊപ്പം തൊലി കൂടെ പോയിക്കിട്ടി.

ഴാങ്ങ് ജാക്കിസ് അണ്ണന്‍ തോലു നിര്‍ത്തി രോമം കളയുന്ന സേഫ്റ്റി റേസറുണ്ടാക്കി. കിങ്ങ് ജിലറ്റ് അതേല്‍ നിന്നും ഊരിക്കളയാവുന്ന ബ്ലേഡുണ്ടാക്കി. മനുഷ്യനു മരണഭയം കൂടാതെ സ്വയം ചെരക്കാമെന്ന അവസ്ഥയായി.

അങ്ങനെ ഇരിക്കുമ്പോള്‍ എനിക്കും മോന്ത വടിക്കാറായി, അതായത് മുന്നം സെഞ്ച തപസ്സിനാലേ മൂന്റ് മീശൈ കിളിര്‍ത്ത് വന്ത്. കൊച്ചിലേ ഞാന്‍ അശോക്, ഷേവര്‍ സ്വിഷ് തുടങ്ങിയ ബ്ലേഡിട്ട് അലൂമിനിയം റേസര്‍ കൊണ്ട് വടിക്കുന്ന കാരണോന്മാരെയെ കണ്ടിട്ടുള്ളു, എങ്കിലും എന്റെ രോമത്തിനു രാജയോഗം ഉണ്ടായിരുന്നതുകൊണ്ട് ഞാനാദ്യം വാങ്ങിച്ചത് സെവനോ ക്ലോക്ക് പ്ലാറ്റിനം കോട്ടഡ് ബ്ലേഡ് ആയിരുന്നു.

ഒരിക്കല്‍ അതു തിരക്കി പോയപ്പോള്‍ കടക്കാരന്‍ ഒരു സൂത്രം എന്നെ കാട്ടി. ടീ ഷേപ്പ് ഇല്ലാത്ത വളഞ്ഞിട്ടൊരു വടി. ട്വിന്‍ ബ്ലേഡ്. രണ്ട് ബ്ലേഡുള്ള കാര്‍ട്രിഡ്ജ്.

ഇത് വാങ്ങുന്നതിനു പകരം സാദാ ബ്ലേഡിട്ട് രണ്ടു തവണ വടിച്ചാല്‍ പോരേ എന്ന ചോദ്യത്തിനു കടക്കാരനു ഉത്തരം ഇല്ലായിരുന്നു. പക്ഷേ ടീവിയില്‍ കപില്‍ദേവ് നിഖഞ്ജ് പറഞ്ഞ് തന്നു, ആന്റോ നീ വടിക്കുമ്പോള്‍ ബാക്കി വരുന്ന കുറ്റികള്‍ അകത്തേക്ക് ഓടും. ഓടുന്ന കുറ്റിയെ ഓടിച്ചിട്ടു വെട്ടാന്‍ നീ ട്വിന്‍ ബ്ലേഡ് ഉപയോഗിക്കൂ.

ഒന്ന് വാങ്ങി നോക്കി. ജിലെറ്റ് പീ റ്റൂ. കുറ്റിരോമം രണ്ടു ബ്ലേഡിന്റേം നടുക്കു കേറിയിരുന്ന് ശല്യമുണ്ടാക്കി. പിന്നെ വാങ്ങിയിട്ടില്ല.

അപ്പഴാണു കടക്കാരന്‍ പീ ത്രീ കാണിച്ചത്. ഒരു വടി വടിച്ചാല്‍ അടുത്താഴ്ച്ച വളരേണ്ട രോമം പോലും പോകും പോലും. അടുത്താഴ്ച്ചയും ചെരപ്പു പണിയെങ്കിലും ഇല്ലെങ്കില്‍ ബോറടിക്കുമല്ലോ എന്ന് കരുതി അതും വാങ്ങിയില്ല.

അങ്ങേരടങ്ങുമോ, സെന്‍സര്‍ ഇറക്കി. സെന്‍സറിങ്ങ് പണ്ടേ ഇഷ്ടമല്ലാത്ത ഞാന്‍ അങ്ങേരെ കൂവി ഓടിച്ചു.

പാപി മാച്ച് ത്രീ ടര്‍ബോയുമായി വന്നു. ഏതു വളവിലും ഇട്ടു ഷേവ് ചെയ്യാം പോലും. തല്‍ക്കാലം അണ്ണാക്ക് ഷേവ് ചെയ്യാന്‍ പ്ലാനില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

ഇടയ്ക്ക് മാച്ച് ത്രീ വൈബ്രേറ്റര്‍, അലോവേര ഒക്കെ കാട്ടി നോക്കി. നമ്മള്‍ എവിടെ കുലുങ്ങാന്‍, ഇവന്‍ ഇങ്ങനെ ഓരോന്നു കാണിക്കുമ്പോഴും നമുക്ക് ഓര്‍ത്തഡോക്സ് ചെരപ്പില്‍ വിശ്വാസം കൂടി വന്നു.

ഇന്നലെ വീണ്ടും വന്നിരിക്കുന്നു. ഫ്യൂഷന്‍ ഉണ്ടെന്ന് . അതെന്തരു കുന്തം എന്നു ചോദിച്ചപ്പോള്‍ ഒരു വടിയേല്‍ അഞ്ചു ബ്ലേഡെന്ന്. വില വെറും നാല്പ്പത്തഞ്ച് ദിര്‍ഹം.
നാല്പ്പത്തഞ്ച് ദിര്‍ഹത്തിനു ഒരു കിലോ വില്‍ക്കിന്‍സണ്‍ സ്വോര്‍ഡ് സാദാ ബ്ലേഡ് വാങ്ങി ഒന്നിച്ചു കെട്ടി മോന്ത തേയും വരെ വടിക്കാമല്ലോ എന്ന് ച്വായിച്ചപ്പോ ചെല്ലന്‍ പറയണത് ഷേവിനു ചെലവാക്കണ പണം ആണുങ്ങളുടെ ആത്മവിശ്വാസം കൂട്ടുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞെന്ന്.

അടുത്ത തവണ നാട്ടില്‍ പോകുമ്പോ ബാര്‍ബര് വേലപ്പനു ഒരു മുന്നൂറു രൂപാ കൊടുത്ത് ഒരു ഷേവ് ചെയ്യിക്കണം. ആത്മവിശ്വാസം ഇങ്ങോട്ട് ഒടിഞ്ഞ് പോരട്ട്.

10 comments:

ഗുപ്തന്‍ said...

എല്ലാം ഒന്നന്നര അലക്കണ്ണാ.. എന്നാലും ഈ കൊടും‌തമിള്‍ പ്രയോഗം അങ്ങ് പുടിച്ച് പോച്ച്: “മുന്നം സെഞ്ച തപസ്സിനാലേ മൂന്റ് മീശൈ കിളിര്‍ത്ത് വന്ത്....”

കരീം മാഷ്‌ said...

ഷേവിംഗു പുരാണം വായിച്ചപ്പോള്‍ ഒരനുഭവം ഓര്‍മ്മവന്നു.
ബാച്ചിയായിരുന്ന കാലത്തു ഒരു സഹമുറിയനു വെറും ബ്ലേഡുവെച്ചു ഷേവിംഗെന്ന അതിസാഹസികതയില്‍ അപാര നൈപുണ്യം. കണ്ടു നില്‍ക്കുന്നവര്‍ക്കു ടെന്‍ഷന്‍.പക്ഷെ പാര്‍ട്ടി സുരക്ഷിതനായി ഓരോ പ്രാവശ്യവും ചെരപ്പു പൂര്‍ത്തിയാക്കുമ്പോള്‍ കൂടെയുള്ളവരുടെ ആയുസ്സില്‍ നിന്നു നാലഞ്ചു ശ്വാസം മൈനസാവുമെന്നു മാത്രം.

മൂര്‍ത്തി said...

കൊള്ളാം....

ഇതൊക്കെ വായിക്കുമ്പോഴാണ് ‘വിഷയത്തിനാണോ പഞ്ഞം’എന്ന സാഹിത്യ കാരണോന്മാരുടെ ചോദ്യം ഓര്‍മ്മ വരുന്നത്..വല്ലഭനു പുല്ലും ആയുധം....

കുഞ്ഞന്‍ said...

കളിയറിയുന്നവന് എന്തിനാണ് കളിക്കളം..?

ഞാനും ആത്മവിശ്വാസം കൂട്ടട്ടെ..!

വേണു venu said...

ആര്‍ഭാടം തന്നെ. അതു കണ്ടെത്തുന്നതാണു് അതിലും ആര്‍ഭാടം.:)

അരവിന്ദ് :: aravind said...

ജില്ലെറ്റ് എന്ന് പെണ്ണുങ്ങളൂടെ ശബ്ദത്തില്‍ ടെന്‍ഡുല്‍ക്കര്‍ പറയുന്ന പരസ്യം കണ്ടപ്പോള്‍ തുടങ്ങീതാ അത് വെച്ച് എന്റെ താടിരോമങ്ങള്‍ക്ക് മോക്ഷം കൊടുക്കണം ന്ന്.
സത്യം പറയണല്ലോ...ഉള്ളതില്‍ ബെസ്റ്റാ. പൈസക്ക് മുതലാന്നാ എനിക്ക് തോന്നീത്. കാരണം, ഞാന്‍ രണ്ടാഴ്ചയില്‍ ഒരിക്കലേ ചിന്തേരിടൂ...ഒരു ബുജി ലുക്ക് കിട്ടാന്‍ താടി അത്യാവിശ്യാ.
മാക്സിമം ഒന്നോ രണ്ടോ പരിക്കുകളല്ലാതെ ജില്ലെറ്റ് വരുത്തിയിട്ടില്ല.

വേറൊരു ഇന്ററസ്റ്റിംഗ് ഫാക്റ്റ്, ജില്ലെറ്റ് ബ്ലേഡിന്റെ മൂര്‍ച്ച കുറഞ്ഞാല്‍ ഇന്‍ഡിക്കേറ്റ് ചെയ്യാന്‍ ഒരു കളര്‍ സ്ട്രിപ്പ് ഘടിപ്പിച്ചിട്ടുണ്ടല്ലോ? ഒന്‍പത് വര്‍ഷം ആണത്രേ ടോപ്പ് ടോപ്പ് സീക്രറ്റായി ആ കളര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ചിലവാക്കിയത്!
പിന്നെ, റേസര്‍ വിറ്റിട്ടല്ല, ജില്ലെറ്റ് പൈസ ഉണ്ടാക്കുന്നത്..ബ്ലേഡ് വിറ്റാണ്. പ്രിന്ററൂകാര്‍ കാട്രിഡ്ജ് വിറ്റ് കാശ് ഉണ്ടാക്കും പോലെ.

പോസ്റ്റ് കലക്കി.

Umesh::ഉമേഷ് said...

ഹഹഹ... അടിപൊളി! അല്പം നോവാല്‍ജിയയും...

ദിലീപ് വിശ്വനാഥ് said...

ഇയാളിത് എന്ത് ഭാവിച്ചാ. ചെരുപ്പിനെ കുറിച്ചു പറയുന്നതിന് മുന്‍പ് ചെരുപ്പ്‌ എന്ന് മലയാളത്തില്‍ എഴുതാന്‍ പഠിക്കെടോ എന്ന് പറയാനാ ഞാന്‍ ഈ വഴി വന്നത്. അപ്പോള്‍ മനസിലായി ചെരുപ്പല്ല, ചെരപ്പാണെന്ന്. അതിനെക്കുറിച്ച് എന്താ ഇത്ര പറയാന്‍ എന്ന് വിചാരിച്ചു വായിച്ചപ്പോഴല്ലെ പറയാന്‍ ഇത്രയൊക്കെ ഉണ്ട് എന്ന് മനസിലായത്.. അന്റോക്ക് റേസറും ആയുധം എന്നാണല്ലോ.. യേത്?

Sethunath UN said...

kiTilam

Pramod.KM said...

നന്നായിട്ടുണ്ട് ഈ ആര്‍ഭാടം:)