Saturday, March 8, 2014

സങ്കോചാക്രമണം

കുറച്ചു സമയം കിട്ടിയപ്പോള്‍ യുക്തിസഹമായ വൈകാരികപ്രകടന ചികിത്സ (റാഷണല്‍ ഇമോറ്റീവ് ബിഹേവിയര്‍ തെറാപ്പി- REBT ) എങ്ങനെ നടത്താം എന്ന് ചില എക്സര്‍സൈസുകള്‍ ചെയ്തു നോക്കുകയായിരുന്നു. സിക്സ് പേക്ക്  മസിലൊന്നും  അഭ്യാസം വഴി കിട്ടിയില്ലെങ്കിലും REBTയില്‍ പിച്ച വച്ച് നടക്കാറായി എന്നൊരു ബോധം മാര്‍ക്ക് കണ്ടിട്ടു കിട്ടി (എന്നുവച്ച് അതിന്റെ അഹങ്കാരം ഒട്ടും കുറവില്ല കേട്ടോ)

പയറ്റു പഠിച്ചാല്‍ അത് ഷ്വലിനില്‍ ചെന്നു തന്നെ പഠിക്കണം എന്നല്ലേ, സാക്ഷാല്‍ ആല്‍ബേര്‍ട്ട് എല്ലിസിന്റെ  പയറ്റു മുറ തന്നെ  നോക്കി. മൂപ്പരുടെ ഒരു പേഷ്യന്റ്- ഷാന- നേരിടുന്ന പ്രശ്നം ആളുകള്‍ എന്തു വിചാരിക്കും എന്നതാണ്. അതിപ്പോ നമുക്കെല്ലാം ഉള്ള തോന്നല്‍ തന്നെ, പക്ഷേ ഈ സ്ത്രീ ആളുകള്‍ എന്തു വിചാരിക്കും എന്ന ഭയങ്കരമായ ഭീതി മൂലം സകല പണിയും തുടങ്ങാതെ മുന്നോട്ട് കൊണ്ടു പോകും,   ക്ലാസ്സില്‍ പോകാന്‍ പേടി, അവിടെങ്ങാന്‍ പൊട്ടത്തരം വിളിച്ചു പറഞ്ഞാല്‍ ആളുകള്‍.. പരീക്ഷയോ, അയ്യയ്യോ എങ്ങാനും തോറ്റാലോ... കക്കൂസില്‍ പോകാന്‍ വരെ പേടി, വല്ല അപശബ്ദവും ഉണ്ടായി പുറത്തു കേട്ടാല്‍  പിന്നെ...

എല്ലിസിനുണ്ടോ കുലുക്കം. അങ്ങേരു ഷെയിം അറ്റാക്ക് തെറാപ്പി തന്നെ ഇതിനു പറ്റിയതെന്ന് തീരുമാനിച്ചു. ഇവരോട് പറഞ്ഞു, "മാഡം, ചികിത്സ എന്റെ മുറിയിലല്ല, തെരുവില്‍ വേണം. എന്നു വച്ചാല്‍ അങ്ങനെ വലിയ പണിയൊന്നുമില്ല. റോഡില്‍ ഇറങ്ങി നില്‍ക്കുക, വഴിയേ പോകുന്ന അപരിചിതരോട് ' സാര്‍ എനിക്കു വിശക്കുന്നു, ഒരു ഡോളര്‍ തരുമോ?' എന്ന്  ഭിക്ഷ യാചിക്കുക. ആദ്യത്ത്റ്റെ ദിവസം ഷാനയ്ക്ക് വാവു പൊങ്ങുന്നില്ല, കയ്യും കാലും വിറച്ചു, തല കറങ്ങി. അഞ്ചാം ദിവസത്തെ തെണ്ടലോടെ അവര്‍ക്ക് അപമാനഭയം മാറി  ഇതൊരു രസമുള്ള കളിയായി തോന്നിത്തുടങ്ങി. തിരിച്ചു  എല്ലിസിന്റെ ക്ലിനിക്കില്‍ എത്തിയ അവര്‍ക്ക് ആളുകളുടെ അംഗീകാരവും അനുമതിയും മതിപ്പും ഒന്നുമില്ലെങ്കിലും തനിക്കൊരു ചുക്കും വരാനില്ലെന്ന ബോധം ഉറച്ചിരുന്നു.

 അല്ല പിന്നെ.