Monday, December 29, 2008

പാഞ്ചാലിയും ചാളയും

നമതിനെങ്ങനെ കൊഞ്ചു കിട്ടി എന്ന് നമ്മള്‍ കണ്ടുപിടിച്ചു. ഇനി പാഞ്ചാലി അമേരിക്കയായ അമേരിക്ക മുഴുവന്‍ ചാളതേടി അലഞ്ഞു നടന്നത് എന്തുകൊണ്ട് എന്നു പരിശോധിക്കാം.

അതിശൈത്യമില്ലാത്ത കടലായ കടല്‍ മുഴുവന്‍ ഫൈറ്റോപ്ലാങ്ക്ടനും സൂപ്ലാങ്ക്ടനും തിന്ന് ആര്‍മ്മാദിച്ച്, വലയില്‍ കുരുങ്ങിയില്ലെങ്കില്‍ രണ്ടു പതിറ്റാണ്ട് ജീവിച്ച് നെയ്‌വച്ച് കാലയവനികക്കുള്ളില്‍ പോകേണ്ട പുലി. ചാള പലകുലം ഉണ്ടെന്ന വാദം ഈയിടെ ഡീ എന്‍ ഏ പുലികള്‍ തള്ളി. അറ്റ്‌ലാന്റിക്ക് ചാളയും സാധാരണ ചാളയും മാത്രമേ ഉള്ളെന്നും ബാക്കിയെല്ലാം പ്രാദേശികവ്യതിയാനം മാത്രമാണെന്നും അവര്‍ പറയുന്നു. ഈ പ്രാദേശികവ്യതിയാനങ്ങളായതിനാല്‍ ഇപ്പോ "റേസസ്" എന്നാണത്രേ പറയേണ്ടത്. ചാളകളുടെ സംസ്കാരത്തില്‍ റേസിസം അനുവദനീയമാണോ എന്നതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചാല്‍ ഒരു പിച്ചടിക്കുള്ള തീസീസ് ആകും.

ആര്‍ട്ടിക്ക് സതേണ്‍ സമുദ്രങ്ങളൊഴിച്ച് ഒരുമാതിരി എല്ലായിടത്തും വളരാനുള്ള സെറ്റ് അപ്പ് ചാളകള്‍ക്കുണ്ടെന്ന് പറഞ്ഞല്ലോ. എന്നിട്ട് പാഞ്ചാലിക്കു വറുക്കാനിത്തിരി ചാള അമേരിക്കയില്‍ എങ്ങും ഇല്ലാതെ പോയോ?

നമുക്ക് ഒരു നൂറ്റമ്പതു വര്‍ഷം പിറകോട്ട് പോകാം. കാലിഫോര്‍ണിയയിലെ മത്സ്യബന്ധനം ചൈനീസ് വംശജരുടെ കുടിയേറ്റത്തോടെ വന്‍‌തോതിലായി. വള്ളങ്ങളില്‍ മണിവലയെറിഞ്ഞ് പരമ്പരാഗത ചൈനീസ് രീതിയില്‍ തുടങ്ങിയ അവര്‍ വളരെ വേഗം ഫാക്റ്ററികള്‍ക്ക് ചാളയും നെത്തോലിയും പിടിക്കുന്ന സീന്‍ ഫിഷറീസിന്റെ വേരുകളായി. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയില്‍ ഭക്ഷ്യക്ഷാമം ഒഴിവാക്കിയതില്‍ പ്രതിദിനം ഇരുപത്തഞ്ചു ടണ്‍ ചാള പിടിക്കുന്ന കാലിഫോര്‍ണിയന്‍ മത്സ്യമേഖല ഒരു പങ്ക് വഹിച്ചിരുന്നു. പട്ടാളക്കാര്‍ക്ക് സപ്ലൈ ആയി ക്യാനിലടച്ച ചാള വില്‍ക്കുന്ന കമ്പനികള്‍ പണം കൊയ്തു .

യുദ്ധകാലത്തിനു ശേഷം ചാള വളമായി കൃഷിക്കിടുന്ന രീതി തുടങ്ങി. (റബ്ബറുമായി ഏറെക്കാലം പരിചയമുള്ള മലയാളികള്‍ക്ക് തോട്ടത്തില്‍ "ചാള വെട്ടി മൂടുന്നത്" ഓര്‍മ്മയുണ്ടാകും.) ഭക്ഷണത്തിനുള്ള മീനിന്റെ പതിന്മടങ്ങ് ആവശ്യം വളമായി ചാളയ്ക്ക് വേണ്ടിവന്നതോടെ സര്‍ക്കാര്‍ ഭക്ഷ്യയോഗ്യമല്ലാത്ത മീനുകള്‍ മാത്രമേ വളമായി വില്‍ക്കാവൂ എന്ന നിയമം കൊണ്ടുവന്നു. കമ്പനികള്‍ ആരാ പുള്ളികള്‍, നാടകീയമായി പിടിക്കുന്ന ചാളയില്‍ ഭൂരിഭാഗവും ക്വാളിറ്റി ചെക്കില്‍ "തിരിവ്" ആയി.

ചാളക്കൂട്ടം കോടിക്കണക്കിനാണ്‌ സഞ്ചരിക്കുക, പക്ഷേ ആയിരത്തി തൊള്ളായിരത്തി നാല്പ്പത് കഴിഞ്ഞപ്പോഴേക്ക് അത് പതിനായിരങ്ങളായി. അമ്പതോടെ പസിഫിക്ക് ചാള ഏതാണ്ട് അപ്രത്യക്ഷവുമായി. ഒറ്റയ്ക്കും തെറ്റയ്ക്കും എവിടെയെങ്കിലും എന്തെങ്കിലും കണ്ടാലായി. കാലിഫോര്‍ണിയന്‍ തുറമുഖങ്ങളിലെ മത്സ്യബന്ധനവ്യവസായം കണവയും നെത്തോലിയും പിടിത്തവുമായി നെത്തോലിപ്പരുവത്തില്‍ മെലിഞ്ഞും പോയി.

അമിതചൂഷണം മത്സ്യസമ്പത്ത് ക്ഷയിപ്പിച്ചുകളയും. ബ്രീഡിങ്ങ് സീസണും ആവശ്യവും മറ്റും നോക്കാതെ അന്തവും കുന്തവുമില്ലാതെയുള്ള മോട്ടോര്‍ ബോട്ടുകളുടെ തേരോട്ടം പ്രത്യേകിച്ചും. പക്ഷേ... സ്രാവും അതുപോലെ അംഗസംഖ്യ കുറവും വലിപ്പം കൂടുതലുമുള്ള മീനുകള്‍ അന്യം നിന്നെന്ന് പറഞ്ഞാല്‍ മനസ്സിലാവും, ചാളയ്ക്ക് അങ്ങനെ വരുമോ? ആവോ, വരുമായിരിക്കും. എന്നാലും...

മൂന്നുനാലു വര്‍ഷം മുന്നേ ഡോ.ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണസംഘം കടലിന്റെ അടിത്തട്ടില്‍ മീനിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കവേ രസകരമായ ഒരു കാര്യം കണ്ടെത്തി. കഴിഞ്ഞ ആയിരത്തഞ്ഞൂറു വര്‍ഷത്തിനിടെ പതിനഞ്ചോളം ചാക്രിക ചലനങ്ങള്‍ ചാളക്കും നെത്തോലിക്കും ഉണ്ടായിട്ടുണ്ട്. ചാള പെരുകുമ്പോള്‍ നെത്തോലിയുടെ കുടുംബം തീരെ ക്ഷയിച്ചു പോകും, മറിച്ചും. അതിലെ ഒരു ചക്രമായിരുന്നു ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ അവസാനിച്ചത്. അമിതചൂഷണം കൂനിന്റെ മുകളില്‍ ഒരു കുരുവായി വര്‍ത്തിച്ചെന്നേയുള്ളു.

ഒരു ആഗോളതല മീറ്റിങ്ങ് ഈ പ്രതിഭാസത്തിനെക്കുറിച്ച് വിളിച്ചു ചേര്‍ത്തു. ഇന്ത്യയും ചൈനയും പാകിസ്ഥാനും ഫിലിപ്പീന്‍സും ജപ്പാനുമടക്കം വന്‍‌തോതില്‍ ചാളപിടിക്കുന്ന രാജ്യങ്ങളുടെയെല്ലാം വിദഗ്ദ്ധര്‍ പ്രതിനിധികളായ ആ സമ്മേളനം (Global comparison of sardine, anchovy
and other small pelagics) പസിഫിക്ക് സമുദ്രത്തിലും ജപ്പാന്‍ കടലിലും മറ്റു പല സ്ഥലങ്ങളിലെയും നൂറ്റാണ്ട് സ്ഥിതിവിവരക്കണക്കുകളില്‍ തത്തുല്യമായ ചാക്രിക ചലനങ്ങള്‍ കണ്ടെത്തിയതോടെ ഈ പ്രഹേളികയുടെ ഉത്തരമായി. സമുദ്രജലപ്രവാഹം (ocean currents) അമ്പത് എഴുപത്തഞ്ച് വര്‍ഷത്തിനിടെ ഉഷ്ണജലപ്രവാഹത്തില്‍ നിന്നും ശൈത്യജലപ്രവാഹത്തിലേക്കും മറിച്ചും മാറിക്കൊണ്ടേയിരിക്കുന്ന ഇടങ്ങളില്‍ ഈ മാറ്റത്തിനനുസരിച്ച് ഉഷ്ണജമ്മ് ഇഷ്ടപ്പെടുന്ന ചാളകളുടെയും ശൈത്യജലത്തില്‍ ശക്തരാകുന്ന നെത്തോലികളുടെയും അംഗബലം ഏറുകയും കുറയുകയും ചെയ്യും.

അമ്പതുകളിലെ ശൈത്യവാതകാലത്തെ ചാളപിടിത്തം അവറ്റയെ തീര്‍ത്തും കുലമറുത്തിട്ടില്ല, കാലിഫോര്‍ണിയയില്‍ ഇന്നും അമ്പതിനടുത്ത് ബോട്ടുകള്‍ ചാളപിടിക്കുന്നുണ്ട്, വളരെക്കുറവാണെങ്കിലും. അടുത്ത സമുദ്രോഷ്ണകാലം രണ്ടായിരത്തിപ്പത്ത് -ഇരുപത്തഞ്ച് കാലത്ത് തുടങ്ങേണ്ടതാണ്‌ (കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍). പാഞ്ചാലി ക്ഷമയോടെ കാത്തിരിക്കുക, ചാളകള്‍ എത്തും. വീട്ടുമുറ്റത്ത് "കൂ ചാളേ, നെയ്ച്ചാളേ" എന്ന കൂവലുമായി ബജാജ് മീന്‍-80 ഓടിച്ച് ഒരമേരിക്കക്കാരന്‍ വരും, വരാതിരിക്കില്ല.

അങ്ങനെ ചാളപുരാണം കഴിഞ്ഞു. പക്ഷേ, കാലിഫോര്‍ണിയന്‍ ചാളക്കമ്പനികളുടെ കാര്യം പറയുമ്പോഴെല്ലാം കൂടെ പറയേണ്ട ഒരു സാധുവിന്റെ കഥയുണ്ട്- കാലിഫോര്‍ണിയന്‍ ഞാറപ്പക്ഷിയുടെ കഥ, അതില്ലാതെ പോസ്റ്റെങ്ങനെ നിര്‍ത്തും?

കാലിഫോര്‍ണിയന്‍ ബ്രൗണ്‍ ഞാറപ്പക്ഷികള്‍ (pelecanus occidentalis californicus) വളരെ സമാധാനമഅയി ജീവിച്ചു പോകുന്ന സമയത്താണ്‌ മൂന്നിടി ഒരുമിച്ചു വെട്ടിയത്. ഒന്ന് പട്ടാളക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ പെലിക്കന്‍ തൂവല്‍ കൊണ്ടുള്ള അലങ്കാരത്തിനുള്ള ഭ്രാന്ത്. രണ്ടാമത്തേത് ഡി ഡി ടിയുടെ കണ്ടുപിടിത്തവും കാലിഫോര്‍ണിയ, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ മലിനജലം മുഴുവന്‍ ഡി ഡിറ്റി പ്രയോഗവും (ഡി ഡി ടി ഞാറപ്പക്ഷികളെ കൊല്ലുക മാത്രമല്ല ചെയ്തത്, ജീവിച്ചിരിക്കുന്ന ഞാറകള്‍ ഇടുന്ന മുട്ടകള്‍ തോട് കട്ടിയില്ലാതെ പൊട്ടിപ്പോകാനും കാരണമാക്കി)

മൂന്നാമത്തെ ആണിയടിച്ചത് ചാളക്കമ്പനികളാണ്‌. തീരദേശത്തെ ചാളയും നെത്തോലിയും അവര്‍ പിടിച്ചു തീര്‍ത്തു. മീനിന്റെ വേസ്റ്റ് പന്നിക്കും കന്നുകാലികള്‍ക്കും തീറ്റയാക്കിയതോടെ അവശിഷ്ടം പോലും കിട്ടാതെ കാലിഫോര്‍ണിയന്‍ ബ്രൗണ്‍ ഞാറ വംശനാശഭീഷണിയിലായി. നൂറുവര്‍ഷം മുന്നേ തുടങ്ങിയ ഫ്ലോറിഡയിലെ പെലിക്കന്‍ ഐലന്‍ഡ് മറ്റു ചില ബ്രൗണ്‍ ഞാറകളുടെ അഗതിമന്ദിരമായെങ്കിലും കാലിഫോര്‍ണിയന്‍ ഞാറകള്‍ക്ക് എന്തോ, അവിടെയും പച്ചപിടിക്കാനായില്ല.

അന്താരാഷ്ട്ര ദേശാടനപ്പക്ഷി നിയമം മൂലം കാലിഫോര്‍ണിയന്‍ ഞാറകളും നിയമത്തിനു മുന്നില്‍ സം‌രക്ഷിതരാണ്‌, എങ്കിലും ഈ അടുത്ത സമയത്തും അവയെ വെടിവച്ച് കൊന്ന സം‌ഭവം ഉണ്ടായി.

(പോസ്റ്റിനു നീളം കൂടിപ്പോയതുകൊണ്ടും വിരസമായിപ്പോയതുകൊണ്ടും ഒരു മേമ്പൊടി- പണ്ടെന്നോ മാഗസീനില്‍ കണ്ട ഒരു കാര്‍ട്ടൂണ്‍:
കാലിഫോര്ണിയന്‍ ഞാറപ്പൂവന്‍ പിടയോട് : " എന്നും രാത്രി നീ തലവേദനയെന്നു പറഞ്ഞ് തിരിഞ്ഞു കിടന്നോ. നമ്മള്‍ അന്യം നിന്നു പോകാറായി, അത് മറക്കേണ്ട'"

Wednesday, December 17, 2008

പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍

മച്ചാന്‍സ്,
കത്തു കിട്ടി. ഒരു തുറന്ന മറുപടി എഴുതാന്‍ തോന്നുന്നു. പണമുള്ളവന്റെ മക്കള്‍ കൊള്ളാവുന്ന തൊഴിലിനായി പഠിക്കുമ്പോള്‍ പാവപ്പെട്ടവന്റെ മക്കളെ കൂലിപ്പണിക്കാരനാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കൃഷിപാഠം തുടങ്ങി എന്നല്ലേ ആരോപണം? അതായത് സി. രാജഗോപാലാചാരിയുടെ കുപ്രസിദ്ധമായ "കുല കല്‍‌വി തിട്ടം" പോലെ ഒരു തരം വിവേചനാധിഷ്ഠിത സമ്പ്രദായമാണെന്ന്, അല്ലേ?

ശരി, മദാമ്മ സിനിമാപ്പാട്ടില്‍ പറയുമ്പോലെ തുടക്കത്തില്‍ നിന്നും തുടങ്ങാം.

പ്രതിബോധജന്യ ജ്ഞാനസമ്പാദനം
എവിടെയോ ഒരിക്കല്‍ വായിച്ച തമാശയാണ്‌. അന്റാര്‍ട്ടിക്കന്‍ പര്യവേഷണ സംഘം ഒരു പത്രലേഖകനെയും ഒപ്പം കൂട്ടിയിരുന്നു. അദ്ദേഹം തിരിച്ചെത്തി അന്റാര്‍ട്ടിക്കന്‍ വിശേഷങ്ങള്‍ പത്രത്തിലെഴുതിയ കൂട്ടത്തില്‍ പെന്‍‌ഗ്വിനുകളെപ്പറ്റി ഇങ്ങനെ നിരീക്ഷിച്ചത്രേ:
"അന്റാര്‍ട്ടിക്കയില്‍ രണ്ടു തരം പെന്‍‌ഗ്വിനുകളുണ്ട്. വെളുത്ത പെന്‍‌ഗ്വിനും കറുത്ത പെന്‍‌ഗ്വിനും. വിചിത്രമെന്നേ പറയേണ്ടൂ, ഇവയുടെ സ്വഭാവവും നേര്‍ വിപരീതമാണ്‌. വെളുത്ത പെന്‍ഗ്വിനുകള്‍ നമ്മളെ കാണുമ്പോള്‍ അടുത്തേക്ക് നടന്നു വരും, കറുത്ത പെന്‍‌ഗ്വിനുകളോ പുറം തിരിഞ്ഞു നടക്കും."

എമ്പറര്‍ പെന്‍‌ഗ്വിനുകളെ ഇദ്ദേഹം കാണുന്നു. എന്നാല്‍ അതില്‍ നിന്നുണ്ടായ പ്രതിബോധത്തിലാണ്‌ പിശക് സംഭവിച്ചത്. കാരണമോ? മുതുകിനും വയറിനും രണ്ടു നിറമുള്ള പക്ഷികള്‍ സാധാരയാണ്‌ എന്ന വിവരം അദ്ദേഹത്തിനു മുന്നേ അറിയില്ല എന്നതില്‍ നിന്നു ജന്യമായ പ്രശ്നമാകാം. ഒരു പക്ഷിയെ നാലുവശം കറങ്ങി നിരീക്ഷിച്ചാല്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം എന്ന സാമാന്യ വിവരത്തിന്റെ അഭാവമാകാം, ഏതായാലും എക്പീരിയന്‍സ്- മുന്‍ അനുഭവപരിചയം ഇല്ലാത്തത് ഒരു സാദ്ധ്യത. മറ്റൊന്ന് ഇതൊക്കെ അറിയാമായിരുന്നിട്ടും പ്രതിബോധനിര്‍മ്മാണത്തിന്‌ ഇദ്ദേഹം അതുപയോഗിച്ചില്ല എന്നതാകാം, അതവിടെ നില്‍ക്കട്ടെ.

അറിവിന്റെ കുറവ് പുതിയ അറിവ് സമ്പാദിക്കുന്നതില്‍ പ്രശ്നമുണ്ടാക്കുന്നു. ജോലി കിട്ടണമെങ്കില്‍ എക്സ്പീരിയന്‍സ് വേണം, എക്സ്പീരിയന്‍സ് കിട്ടണമെങ്കില്‍ ജോലി വേണം എന്നു പറഞ്ഞതുപോലെ .

കുഴഞ്ഞോ?

വിദ്യാഭ്യാസം എന്ന പ്രാഥമിക ഞ്ജാനമൂലധനം
അറിവിന്റെ വിഷമവൃത്തം ഭേദിക്കാനുള്ള ഒരു കുറുക്കുവഴിയാണ്‌ വിദ്യാഭ്യാസം. എഴുതിയും പറഞ്ഞും എഴുതിച്ചും പറയിച്ചും മറ്റുള്ളവരുടെ ചില അറിവുകള്‍ ഒരാളിലേക്ക് പകര്‍ന്നുകൊടുക്കുക. അതൊരു മൂലധനമാക്കി ആ വ്യക്തി കൂടുതല്‍ അറിവുകള്‍ തനിയേ തേടിയെടുക്കാന്‍ പ്രാപ്തനാകും. എന്നാല്‍
ഇന്‍സ്ക്രിപ്റ്റഡ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിലും ഒരു പെര്‍സപ്ഷന്‍ പ്രശ്നമുണ്ട്. ഒരു കാര്യം വായിച്ചാല്‍ മിക്കപ്പോഴും വ്യക്തി അതിനെ ഇന്ദ്രിയങ്ങള്‍ തരുന്ന വിവരം പോലെ തന്നെ പഠിച്ചാണ്‌ അറിവാക്കുന്നത്. അതിനും മിനിമം ചില അറിവുകള്‍ വേണ്ടിവരും.

ഒരു സംഘം മലയാളി ട്രെക്കിങ്ങുകാര്‍ ഹിമാലയത്തില്‍ കയറാന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. കോച്ച് വളരെ അനുഭവജ്ഞനായ ഒരു പര്‍‌വതാരോഹകനാണ്‌. അദ്ദേഹം താനെഴുതിയ "ഹിമാലയാരോഹണം" എന്ന പുസ്തകം വായിച്ച് അതുപോലെ ചെയ്യാന്‍ അവരെ ഉപദേശിച്ചു. മലകയറാന്‍ എത്തിയ ഒരുത്തന്‍ ആസനത്തിനു ചുറ്റും അഞ്ചെട്ട് കമ്പിളിപ്പുതപ്പ് ചുറ്റിയാണ്‌ വന്നത്. അന്തം വിട്ട കോച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു.
"സാറിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലേ ഹിമാലയത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അത്യാഹിതം മൂലം മരവിച്ച് മരിക്കുന്നതാണെന്ന്? എന്റെ മൂലത്തില്‍ തണുപ്പടിക്കാതിരിക്കാന്‍ ഞാന്‍ കമ്പിളി കെട്ടിയതാണ്‌."

"കഴുതേ, ഒന്നുകൂടി വായിച്ചു നോക്ക്- ഞാനെഴുതിയത് " ഹിമാലയത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അത്യാഹിതം തണുപ്പ് മൂലം മരവിച്ച് മരിക്കുന്നതാണ്‌." എന്നാണ്‌.

വായിക്കുമ്പോള്‍ ഒരു വാക്ക് വിട്ടുപോകുന്നത് ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ഈ വരി വായിച്ചപ്പോള്‍ ഇതില്‍ എന്തോ പിശകുണ്ടെന്ന് ഇയാള്‍ക്ക് തോന്നാതിരുന്നത് തണുപ്പത്ത് മരിക്കുന്നത് എങ്ങനെ എന്ന് വായനക്കാരന്‌ ഒട്ടും അറിവില്ലാതെ പോയതുകൊണ്ടാണ്‌.

രജനീഷ് പറഞ്ഞ ഒരു കഥയുണ്ട്. ഒരു പിതാവിനു മകനെ ധീരനായ ഒരു പട്ടാളക്കാരനാക്കണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹം എന്നും മകനെ പാര്‍ക്കില്‍ കൊണ്ടുപോയി അശ്വാരൂഢനായി വാളോങ്ങി നില്‍ക്കുന്ന നെപ്പോളിയന്റെ പ്രതിമ കാട്ടിക്കൊടുക്കും. എന്നിട്ടു പറയും
"അതു നോക്ക് മകനേ, നെപ്പോളിയന്റെ പ്രതിമയാണത്. എന്തൊരു പ്രൗഢി, എന്തൊരു തേജസ്സ്. അസൂയ തോന്നുന്നു."
കുട്ടിയും പറയും "ശരിയാണ്‌. എന്തൊരു തേജസ്സ്, എന്തൊരു സൗന്ദര്യം."
ദിവസങ്ങളങ്ങനെ പോയി. ഒരു ദിവസം കുട്ടി ചോദിച്ചു "അച്ഛാ, എനിക്കൊരു സം‌ശയം, ഇത്ര തേജസ്സും പ്രൗഢിയുമുള്ള നെപ്പോളിയന്റെ പുറത്ത് വാളും പിടിച്ച് കയറി ഇരിക്കുന്ന ആ കുള്ളനായ വൃത്തികെട്ട മനുഷ്യന്‍ ആരാണ്‌?".

പഠനം ഇന്ററാക്റ്റീവ് സെഷന്‍ ആയില്ലെങ്കില്‍ മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാകുകയും ചെയ്യും.

ഏറ്റവും നല്ല ലേണിങ്ങ് സെഷന്‍ ഏതാണ്‌?
എങ്ങനെയാണ്‌ ഒരു സര്‍ജ്ജനാകാന്‍ പഠിക്കുന്നത്? ഒരു പൈലറ്റ് ആകാനോ? ഓഡിറ്റര്‍ ആകാന്‍? ഓപ്പറേഷന്‍ നടത്തിയും വിമാനം പറത്തിയും ഓഡിറ്റ് ചെയ്തും പഠിക്കുന്നത് എന്തിനാണ്‌? ഈ കാര്യങ്ങളുടെയെല്ലാം പരമാവധി ലഭ്യമായ അറിവുകള്‍ പുസ്തകരൂപത്തിലുണ്ട്. ആധികാരികമായി അറിവുള്ള അദ്ധ്യാപകനോട് വിശദമായി ചര്‍ച്ച ചെയ്ത് പഠിക്കുകയും ചെയ്യാം. ഇതൊന്നും ഒരു കാര്യം ചെയ്തു പഠിക്കുന്നതിനോട് തുല്യമായ അറിവ് തരില്ലെന്നു മാത്രം.

സ്കൂള്‍ കുട്ടികള്‍ ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അദ്ധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നതു തന്നെയാണ്‌.

അവസാനമായി നീ ചോദിച്ചത് പണമുള്ളവന്റെ മകന്‍ പഠിക്കുന്നത് ഇങ്ങനെയാണോ എന്നല്ലേ?
നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:

പച്ചക്കറി വിത്തുകള്‍ ടാപ്പ് വെള്ളത്തിലാണോ കിണര്‍ വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്, എന്തുകൊണ്ട്?
(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന് കണ്ടുപിടിക്കുക. കൂടുതല്‍ അടുത്താല്‍ എന്താണു സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും
മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്ക്കലിന്റെ വേഗവും
മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ?

ഇങ്ങനെ പോകുന്നു അവിടെ കുട്ടികളുടെ പ്രോജക്റ്റുകള്‍.

അത്രയൊന്നുംഫീസ് കൊടുക്കാതെ കിട്ടുന്നതുകൊണ്ട് ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?
പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട് എഴുതട്ടെ, പിഞ്ചു വാഴക്കുല വെട്ടി കഞ്ഞിക്ക് കൂട്ടാന്‍ വയ്ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട് വിറ്റുവരവ് കണക്ക് പുസ്തകത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്തു വിളയിറക്കണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടേ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്സും മാനേജ്മെന്റും അവര്‍ പഠിക്കാന്‍.

സസ്നേഹം,
അനോണിയോസ് ആന്റോണിയസ് (ഒപ്പ്)

Monday, December 15, 2008

നാട്ടില്‍ പോക്ക് ചെക്ക് ലിസ്റ്റ്

സന്തോഷിന്റെ നാട്ടില്‍ പോകാനുള്ള ചെക്ക് ലിസ്റ്റ് കൊള്ളാം. ഇതിന്റെ ഒരു ദുബായി വേര്‍ഷന്‍ ഉണ്ടാക്കി വയ്ക്കട്ട്

മനസ്സമ്മതം- അവധിക്കാര്യം നേരത്തേ ഓഫീസില്‍ ചര്‍ച്ചിച്ച് മുകളിലുള്ളവരെക്കൊണ്ടും കീഴെ ഉള്ളവരെക്കൊണ്ടും സൈഡില്‍ ഉള്ളവരെക്കൊണ്ടും സമ്മതിപ്പിക്കുക. കൊച്ചുങ്ങള്‍ സ്കൂളില്‍ പഠിക്കുകയല്ലെങ്കില്‍ വലിയ പ്രശ്നമില്ല. പക്ഷേ സ്കൂള്‍ വെക്കേഷന്‍ സമയത്ത് പോകണമെന്നുണ്ടെങ്കില്‍ ലീവ് റോസ്റ്റര്‍ തീരുമാനിക്കല്‍ എലക്ഷന്‍ സ്ഥാനാര്‍ത്ഥി പട്ടിക ഫനൈലൈസ് ചെയ്യുന്നതിലും ചൂടന്‍ രംഗങ്ങള്‍ കാഴ്ച്ചവയ്ക്കും.

ടിക്കറ്റ്- കമ്പനി തരുമെങ്കില്‍ പ്രീമിയം കാരിയറില്‍, ഒക്കുമെങ്കില്‍ ബിസി-ഫസ്റ്റ് ക്ലാസ്സില്‍. അതല്ല സ്വന്തം കയ്യീന്നു മൊടക്കുവാണേല്‍ ബഡ്ജറ്റ് എയര്‍ലൈനില്‍, അത് കഴിയുന്നതും നേരത്തേ ബുക്ക് ചെയ്യണം.

പാസ്സ്പോര്‍ട്ട്- കമ്പനിയില്‍ ഇരിക്കുവാണേല്‍ നേരത്തേ കയ്യില്‍ വാങ്ങി വയ്ക്കണം. കഷ്ടകാലത്തിനു നമ്മള്‍ പോണ ദിവസം പി ആര്‍ ഓ വയറിളക്കം പിടിച്ച് ആശൂത്രീല്‍ ആണെങ്കിലോ? ഭാര്യകുട്ട്യാദികളുടെ പാസ്സ് പോര്‍ട്ട്, വിസ വാലിഡിറ്റി ഒക്കെ നോക്കി ശരിയാക്കി എടുത്തു വയ്ക്കുക. കൊച്ചു പിള്ളേരുള്ള വീടാണെങ്കില്‍ അലമാരിയുടെ സ്റ്റൂള്‍ ഇട്ടാലും എത്താത്ത ഉയരത്തിലേ വയ്ക്കാവൂ. പാസ്സ്പോര്‍ട്ട് കീറല്‍ പിള്ളേരുടെ ഒരു ഹോബിയാ.

വര്‍ക്ക് ഹാന്‍ഡോവര്‍- പ്രത്യേകം ശ്രദ്ധിക്കണം, നമ്മളുടെ പണിയില്‍ നമ്മളെക്കാള്‍ സ്മാര്‍ട്ട് വിജയന്മാരുണ്ടെങ്കില്‍ ഒരു കാരണവശാലും അവനു ഹാന്‍ഡോവര്‍ ചെയ്യരുത്. പണി മുടങ്ങിയാലും ഇല്ലെങ്കിലും തിരിച്ചു വരുമ്പോഴേക്കും "ഹോ നീ പോയതോടെ ഓഫീസ് ചളമായി" എന്നു പറഞ്ഞ് സകല മേലാളന്മാരും ദീഘന്‍ നിശ്വസിക്കണം, അതാണ്‌ നമ്മുടെ ജോബ് സെക്യൂരിറ്റി ഗാര്‍ഡ്.

ബില്ലട- ഫോണ്‍, പത്രം, കാറുകഴുകല്‍, മൊബിയല്‍, കേബിള്‍, ഇന്റര്‍നെറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്‌...N, എന്നിവ അടയ്ക്കുക. അത് മറന്നാലും കറണ്ട്-വെള്ളം ബില്‍ അടയ്ക്കാന്‍ മറക്കരുത്, തിരിച്ചു വരുമ്പ തെണ്ടിപ്പോകും.

വാടക- ലീവിലായിരിക്കുമ്പോള്‍ വാടക ചെക്ക് എന്‍‌ക്യാഷിങ്ങിനു പോകുന്നുണ്ടെങ്കില്‍ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക, മൂന്നു പ്രാവശ്യം. ചെക്ക് മടങ്ങുന്നത് കുറ്റമാണ്‌. ആ സമയം ആളു കൂടെ രാജ്യത്ത് ഇല്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ആയേക്കാം, തിരിച്ച് എയര്‍പ്പോര്‍ട്ടില്‍ വരുന്നതുമറിയാം പിന്നെ കണ്ണു തുറക്കുമ്പോ ജയില്‍.

ശിശിരനിദ്ര- പത്രക്കാരനോട് പത്രം ഇടരുതെന്ന് പറയണം, ഇന്റര്‍നെറ്റ്, കേബിള്‍ യൂസ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് കസ്റ്റഡി ഒണ്‍ളി ചാര്‍ജ്ജില്‍ ആക്കണം.

ഫ്രിഡ്ജ്- ഒരാഴ്ചയില്‍ പുറത്ത് ലീവുണ്ടെങ്കില്‍ ഫ്രിഡ്ജ് കാലിയാക്കി മലര്‍ക്കെ തുറന്ന് ഡോറിനു അടിയില്‍ താങ്ങും വച്ച് (ഇല്ലെങ്കില്‍ വിജാഗിരി തൂങ്ങും) ശരിയാക്കണം.

കാറ്‌- കവേര്‍ഡ് പാര്‍ക്കിങ്ങ് ഇല്ലെങ്കില്‍ കവര്‍ ഇട്ടു മൂടുക. വഴിയരുകില്‍ കൊണ്ട് ഇടരുത്- ജങ്ക് യാര്‍ഡില്‍ പോകുമേ. രണ്ടാഴ്ചേല്‍ പുറത്ത് അവധിയാണേല്‍ ബാറ്ററി കണക്ഷന്‍ ഊരിക്കോ.

ഷോപ്പിങ്ങ്- എമര്‍ജന്‍സി ലാമ്പുകള്‍, ഫ്ലാഷ് ലൈറ്റ്, ഐപ്പോഡുകള്‍, മൊബിയല്‍ ഫോണുകള്‍ തുടങ്ങി വില "പ്രസന്റേഷന്‍" ഐറ്റംസ്, ആക്സ് ഓയില്‍, ടൈഗര്‍ ബാം, കുടകള്‍, തുടങ്ങി വല്യപ്പന്‍-വല്യമ്മ ഐറ്റംസ്, ഹീയറിങ്ങ് എയിഡ്, ബി പി മോണിറ്റര്‍ തുടങ്ങിയ മെഡിക്കല്‍ എക്വിപ്പ്, മേല്പ്പറഞ്ഞ സാധനങ്ങള്‍ മുന്നാണ്ട് കൊണ്ടുപോയതിന്റെ സ്പെയര്‍ പാര്‍ട്ടുകള്‍, ബള്‍ബുകള്‍, ബാറ്ററി, എസ് ഡി കാര്‍ഡുകള്‍, സര്വീസ് കിറ്റ്.... ഒക്കെ കഴിഞ്ഞാല്‍ നമുക്ക് നാട്ടില്‍ ഇടാന്‍ രണ്ട് പഴേ കുപ്പായവും ലുങ്കിയും വള്ളിച്ചെരിപ്പും അലമാരീന്ന് എടുത്ത് പെട്ടീലിടന് മറന്നു പോകരുത്.

ഇന്ത്യന്‍ റുപ്പീ- ശകലം നോട്ട് കയ്യില്‍ കരുതുക. നാട്ടില്‍ കാലെടുത്ത് വയ്ക്കുമ്പോഴേ ബാങ്കിലേക്ക് ഓടേണ്ടി വരരുതല്ലോ.

പാക്കിങ്ങ്- ലഗ്ഗേജ് ഒരു പീസ് മുപ്പത്തൊന്നു കിലോ, എല്ലാ പീസും കൂടി നാല്പ്പത്. കൂടുതലായാല്‍ അസൗകര്യം. ആഹാരാദികള്‍, കത്തി, കൊടുവാള്‍, മുളകുപൊടി, പെര്‍ഫ്യൂം തുടങ്ങിയവ ഹാന്‍ഡ് ലഗ്ഗേജില്‍ വയ്ക്കരുത്.

വീട്- ഫ്രിഡ്ജ് ഒഴിച്ചു തുറന്ന് ഇട്ടിരിക്കുകയാണെങ്കില്‍ മെയിന്‍ ഓഫ് ചെയ്യുക. സ്വര്‍ണ്ണം സര്‍ട്ടിഫിക്കേറ്റുകള്‍ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്പ്പിക്കുക. കാലി വീടുകള്‍ കുത്തിത്തുറക്കുന്ന സംഭവങ്ങള്‍ ഏറി. ഫിഷ് ടാങ്ക് ഉണ്ടെങ്കില്‍ ആളുള്ള ഏതെങ്കിലും വീട്ടിലേക്ക് മാറ്റുക. ചെടികള്‍ നനയ്ക്കാന്‍ എന്തെങ്കിലും സം‌വിധാനമില്ലെങ്കില്‍ അതു പോക്കാ. (പട്ടി- പൂച്ച: ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ദയവു ചെയ്ത് പട്ടിയെ വളര്‍ത്തരുത്. ദുബായില്‍ ഒറ്റ പാര്‍ക്കിലും പട്ടിയെ കയറ്റില്ല. സൈഡ് വാക്കുകള്‍ ഇടുങ്ങിയതാണ്‌, അതിലേ പട്ടിയെ നടത്തി മനുഷ്യനെ പേടിപ്പിക്കരുത്, വഴിയില്‍ തൂറിക്കരുത്). നാട്ടില്‍ പോകുകയാണെന്ന് വാച്ച് മാനെ അറിയിക്കുക. ഗ്യാസ് കുറ്റി അടയ്ക്കുക. ജനാലകള്‍ എയര്‍ വെല്ലുകള്‍ തുടങ്ങിയവയും. ടാപ്പുകള്‍ വാല്‍‌വില്‍ തന്നെ അടയ്ക്കുക. ഒരു പേന കയ്യില്‍ വച്ചോണേ, നാട്ടില്‍ ചെന്നു കയറുമ്പോഴും ഇറങ്ങുമ്പോഴും ഫോമുകള്‍ ഫില്ല് ചെയ്യണം- പക്ഷേ ഒരൊറ്റ പേനയും എയര്‍പ്പോര്‍ട്ടില്‍ ങേ ഹേ.

വീടിന്റെ താക്കോല്‍- ഒരു സ്പെയര്‍ താക്കോല്‍ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ ഏല്പ്പിക്കുക. വിമാനം തറേന്നു പൊങ്ങുമ്പോള്‍ മിക്കവാറും എന്തെങ്കിലും അണയ്ക്കുകയോ അടയ്ക്കുകയോ ചെയ്തോ എന്ന് ഒരു സംശയം തുടങ്ങും, അതെങ്കിലും നിര്വൃത്തി വരുത്താമല്ലോ.

കുട്ടികള്‍: ആദ്യമായി, അവരെ വഴിയിലെങ്ങും ഇട്ട് മറക്കരുത്. രണ്ടാമതായി, വീട്ടില്‍ നിന്നിറങ്ങിയാല്‍ പിള്ളേര്‍ വാശി, ബഹളം, വിശപ്പ്, മടുപ്പ് എന്നിവ പ്രകടിപ്പിക്കും. അതിനുള്ള കളിക്കോപ്പുകള്‍ ഭക്ഷണങ്ങള്‍ (ഫ്ലൈറ്റില്‍ കിട്ടുന്നത് വലിയവര്‍ പോലും കഴിക്കില്ല, പിന്നാ) എന്നിവ എവിടെ നിന്നും വാങ്ങിക്കും എവിടെ ഉപേക്ഷിക്കും എന്ന് ഒരു ധാരണയുണ്ടാക്കുക. നാട്ടില്‍ ആനയുണ്ട് ചേനയുണ്ട്, മിണ്ടാതിരുന്നില്ലേല്‍ കൊണ്ടുപോകില്ല എന്ന ലൈന്‍ സാധാരണ ഫലിക്കേണ്ടതാണ്‌.

എയര്‍പ്പോര്‍ട്ട് ഡ്രോപ്പ് ഓഫ്- ഒറ്റ ടാക്സിയും ദുബായില്‍ കിട്ടൂല്ല. നേരത്തേ എന്തെങ്കിലും സംവിധാനം ചെയ്ത് വച്ചില്ലേല്‍ വീട്ടിന്റെ ബാല്‍ക്കണീല്‍ ഇറങ്ങി നിന്ന് വിമാനം പോകുമ്പോള്‍ റ്റാറ്റാ കാണിക്കുകയേ ഉള്ളൂ.

എന്ന ശരി, പെയ്യിട്ടു വരീങ്ങ്.

Wednesday, December 10, 2008

കഞ്ഞിക്കലം മറിഞ്ഞത് കണ്ടന്‌..

ഹലോ.
എന്തരു കലോ? ആരാടേ പാതിരാത്രീ?
ഞാങ്ങ്, തന്നെടേ. ശബ്ദോം മറന്നോ?

എന്തരു ചെല്ലാ തോനേ നാളായിട്ട് ഒരു വിവരോമില്ലല്ല്?
ഇങ്ങനെ പെയ്യൂടണ്‌. സൂങ്ങള്‌ തന്നീ?

തന്നെ. എന്തരൊക്കെ അവിടി?
ഇവിടേം അങ്ങനെ തന്നീ.

ടേ, അമേരിക്കേലൊക്കെ ആളെ പിരിച്ചു വിടുന്നെന്ന് കേട്ട്. നിന്റെ ചീട്ട് ഇതുവരെ കീറിയില്ലേ? ഒരു കമ്പനി പറഞ്ഞു വിടുമ്പ ഒട്ടും കൊള്ളരുതാത്തവനെ എറക്കി വിട്ടോണ്ടല്ലീ ഉല്‍ഘാടനം?

ഞങ്ങടെ കമ്പനി തഴയ്ക്കണ സമയമല്ലീ ചെല്ലാ, നോ പിരിച്ചു വിടല്‍.
മാന്ദ്യക്കാലത്ത് തഴയ്ക്കുന്ന ബിസിനസ്സോ, അതെന്തരാ പൊടിയാ നിങ്ങക്ക് ശവപ്പെട്ടി കച്ചോടങ്ങള്‌‌ തന്നെ?

അല്ലെടെ പുല്ലേ. നീ ജാക്ക് ഡാനിയല്‍ ജാക്ക് ഡാനിയല്‍ എന്നു കേട്ടിട്ടില്ലേ. ഞാന്‍ അവിടാ ജോലി ചെയ്യണത്.
ആള്‍ക്കാരുടെ ഡിപ്രഷന്‍ നിങ്ങടെ ബൂം. കൊള്ളാം.

(പോസ്റ്റ് #250)

Monday, December 1, 2008

ഹെല്‍മറ്റും തോക്കും മറ്റും

ഏ ടി എസ്, എന്‍ എസ് ജി തുടങ്ങിയ സംഘങ്ങള്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വളരെയേറെപ്പേര്‍ ആശങ്ക പ്രകടിപ്പിച്ചു കണ്ടു. ചില വിശദീകരണങ്ങള്‍:
സുരക്ഷാ കവചവും തൊപ്പിയും (ബാലിസ്റ്റിക് റെസിലിയന്റ് ആര്‍മര്‍- ബുള്ളറ്റ് പ്രൂഫ് എന്ന് സാധാരണ പറയുന്നത് ഒരു ആശമാത്രമാണ്‌) എല്ലായ്പ്പോഴും സം‌രക്ഷണം തരില്ല. ഹെല്‍മറ്റുകള്‍ ഫിറ്റ് ആകുന്നോ എന്നല്ല മാറി ഉപയോഗിക്കുമ്പോള്‍ നോക്കുന്നത്- ഇതെല്ലാം ഫ്രീ സൈസ് ആണ്‌. ഓരോ തരം തൊപ്പികളും കുപ്പായങ്ങളും ഓരോ തരം ഉപയോഗവും സ്വാധീനക്കേടും ഉണ്ടാക്കുന്നവയാണ്‌. പട്ടാളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ നിരന്നു മാര്‍ച്ച് ചെയ്യുന്ന പോലീസ് ഉപയോഗിക്കുന്നത് ഉള്ളില്‍ സെറാമിക്ക് പ്ലേറ്റുകളും ലോഹപ്പാളികളും ഉള്ള കവചമാണ്‌, എന്നാല്‍ സ്പെഷല്‍ എങ്കൗണ്ടറിസ്റ്റുകള്‍ക്ക് അത് മിക്കപ്പോഴും സ്വാധീനക്കേടാണ്‌. എടുത്തു ചാടാന്‍, ഓടി രക്ഷപ്പെടാന്‍, ഇടിച്ചു നിലത്തു വീഴ്താന്‍, ശ്രദ്ധിക്കപ്പെടാതെ നടന്നു കയറാന്‍, ഒളിച്ചിരിക്കാന്‍, സാധാരണക്കാരനെന്ന് നടിക്കാന്‍ ഒക്കെ സൗകര്യം എത്ര വേണോ അവര്‍ക്ക് എന്നതിനനുസരിച്ചും; എതിരാളിയുടെ കയ്യില്‍ എന്താണ്‌ ആയുധം, അവര്‍ എവിടെയാണ്‌, ആളുകളെ ബന്ദിയാക്കിയിട്ടുണ്ടോ, ആക്രമിച്ചു മരിക്കുമോ അതോ ഓടി രക്ഷപ്പെടുമോ എന്നിങ്ങനെ ഒരുപാടു വേരിയബിളുകളുടെ ട്രേഡ് ഓഫ് ആണ്‌ അത്. ഒട്ടുമിക്കപ്പോഴും തുണിയില്‍ വസ്തുക്കള്‍ ചേര്‍ത്ത ഒരു ലഘുകവചമേ അവര്‍ക്ക് ധരിക്കാനാവൂ. (ഇന്ത്യയിലല്ല, ലോകത്ത് എല്ലായിടത്തും)‌ സാധാരണ ബുള്ളറ്റുകളെയും കത്തിക്കുത്തിനെയും ഒരു പരിധിവരെ ചെറുക്കുമെന്നല്ലാതെ കവചവേധ വെടിയുണ്ടകള്‍ (മിക്കവാറും ടങ്ങ്സ്റ്റണ്‍ തുടങ്ങിയ ലോഹങ്ങളാല്‍ നിര്മ്മിച്ചവ) ചെറുക്കാന്‍ അവയ്ക്ക് ആവില്ല. നൂറുശതമാനം സുരക്ഷ കമാന്‍ഡോയ്ക്ക് എന്ന രീതിയിലല്ല സുരക്ഷാകവചങ്ങള്‍
തിരഞ്ഞെടുക്കാറ്‌, പകരം പരമാവധി കാര്യക്ഷമത എന്ന രീതിയിലാണ്‌. ചിലപ്പോഴൊക്കെ ഇട്ടിരിക്കുന്ന ഷര്‍ട്ടിനു മീതെയോ ഉള്ളിലോ എന്തെങ്കിലും ധരിച്ചാല്‍ അത് കൊയാളിക്ക് കാഴ്ചയില്‍ സംശയം തോന്നുമെന്നതിനാല്‍ യാതൊരു സുരക്ഷ കവചവും ധരിക്കാന്‍ നുഴഞ്ഞുകയറ്റാദി കമാന്‍ഡോകള്‍ക്ക് നിര്വ്വാഹവുമില്ല.

കൃത്യമായി അകത്തുള്ളവന്റെ ഉദ്ദേശം പ്രവര്‍ത്തി എന്നിവ അറിയാന്‍ കഴിയില്ലാത്ത സാഹചര്യം വിട്ടുകളഞ്ഞാല്‍ തന്നെ, സെക്യൂരിറ്റിയും ക്യാമറക്കണ്ണുമുള്ള ഒരു ഹോട്ടലില്‍ നുഴഞ്ഞു കയറുന്ന ഒരു ഭീകരന്‍ സാധാരണ ഉള്ളില്‍ കടത്താന്‍ സാദ്ധ്യതയുള്ള തരം ആയുധങ്ങളും വെടിക്കോപ്പുകളുടെ എണ്ണവും ഊഹിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഇരകളെ ബന്ദിയാക്കി ഒരാവശ്യം അവര്‍ ഉന്നയിക്കും എന്ന് ന്യായമായും കരുതി ഇരിക്കുകയും ആയിരുന്നു.

തോക്കുകള്‍:

ഭീകരന്റെ കയ്യില്‍ ഓട്ടോമാറ്റിക്ക് റൈഫിള്‍ പോലീസിനു ഷോട്ട് ഗണ്ണോ എന്ന് മറ്റേതോ ബ്ലോഗില്‍ കണ്ടു. അസാള്‍ട്ട് തോക്കുകള്‍ അതിഭയങ്കര റീ കോയില്‍ മൂലം കൃത്യ ലക്ഷ്യത്തേക്ക് നിറയോഴിക്കാന്‍ സ്വാധീനക്കുറവുള്ളവയാണ്‌. ഏ കേ നാല്പ്പത്തേഴുകള്‍ ചീര്‍പ്പന്‍ നിറയൊഴിക്കാന്‍ കേമമായതുകൊണ്ട് അത് ജനക്കൂട്ടത്തെയാകെ വകവരുത്താനോ കൂട്ടം കൂടിയിരിക്കുന്നവരെ കൊന്നുകളയാനോ കാര്യക്ഷമമാണ്‌. ഭീകരര്‍ക്ക് ഇത്തരം തോക്കുകള്‍ പ്രിയങ്കരമാകുന്നത് ഇതുകൊണ്ടാണ്‌. എന്‍‌കൗണ്ടറില്‍, പ്രത്യേകിച്ചും ഇരകള്‍ നിസ്സഹായരായി തെക്കുവടക്ക് ഓടുമ്പോള്‍ ഇത്തരം കൃത്യതയില്ലാതെ ചീര്‍പ്പനുതിര്‍ക്കുന്ന തോക്കുകള്‍ നാശമേ ചെയ്യൂ. സ്നൈപ്പര്‍മാര്‍ (പതുങ്ങിയിരുന്ന് ലക്ഷ്യത്തേക്ക് കൃത്യമായി നിറയൊഴിക്കുന്നവര്‍) സാധാരണ റൈഫിളുകളില്‍ ടെലസ്കോപ്പിക് സൈറ്റ് മൗണ്ട് ചെയ്ത് അതില്‍ ടെഫ്ലോണ്‍ കോട്ടിങ്ങ് ഉള്ള പ്രത്യേകതരം തിരകള്‍ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്) . ലോകത്തിലെ ഏറ്റവും പ്രശസ്ത സ്നൈപ്പര്‍ തോക്കായ റെമിങ്ങ്ടണ്‍ എം 24 സ്നൈപ്പര്‍ ബോള്‍ട്ട് വലിച്ച് നിറയൊഴിക്കുന്ന (അതേ നിങ്ങള്‍ എന്‍ സി സിയില്‍ ഉപയോഗിച്ച രണ്ട് രണ്ട് എന്‍ഫീല്‍ഡ് റൈഫിളിന്റെ സം‌വിധാനത്തില്‍) പ്രവൃത്തിക്കുന്നതാണ്‌ . സിനിമകളും ഹൈ ടെക്ക് ന്യൂസ് റിപ്പോര്‍ട്ടര്‍മാരും ഏറെയൊന്നും കാണിച്ചിരുന്നില്ലെങ്കിലും റെമിങ്ങ്ടണ്‍ എം 24 ഈ അടുത്തകാലത്തു തന്നെ പലതവണ - അമേരിക്ക ഇറാക്ക് യുദ്ധത്തിലും ഇസ്രയേല്‍-ലെബനോണ്‍ യുദ്ധത്തിലും അഫ്ഘാന്‍ അനിനിവേശത്തിലും കാര്യക്ഷമമായി അമേരിക്കന്‍ പട്ടാളവും ഇസ്രയേലും വളരെ ഉപയോഗിച്ച് ഫലം കണ്ടിരുന്നു.


ബന്ദികളെ റെസ്ക്യൂ ചെയ്യുന്നതുപോലെ ഓടിക്കയറിയും നുഴഞ്ഞും ഒളിച്ചും കടന്നും സര്‍പ്രൈസ് ചെയ്യുന്നവര്‍ ഓട്ടോമാറ്റിക്ക് കൈത്തോക്കുകളാണ്‌ ഒട്ടുമിക്കപ്പോഴും ഉപയോഗിക്കുന്നത്. ശരീരത്തില്‍ തിരുകി വയ്ക്കാനുള്ള സൗകര്യം, ക്ലോസ് റേഞ്ചിലെ കൃത്യത, ഓടിക്കയറാനും ചാടി ഒഴിയാനും എങ്ങോട്ടും വെട്ടിത്തിരിയാനും സൗകര്യപ്രദം. എന്നാല്‍ നിരവധി പേര്‍ ചേര്‍ന്ന് കുറച്ചു പേരെ ആക്രമിക്കുന്ന രീതിയാണെങ്കില്‍ ഓട്ടോമാറ്റിക്ക് റൈഫിളുകളും മറ്റും ഉപയോഗിച്ചേക്കാം (ഭീകരാക്രമണത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ തീരെക്കുറവാണ്‌)

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്‍ എസ് ജി അയ്യായിരം പേരെ കൊല്ലാന്‍ ഉദ്ദേശിച്ചരുന്ന ബോംബുകളില്‍ മിക്കതുംക് കണ്ടെടുക്കുകയും നിര്വീര്യമാക്കുകയും ചെയ്തത് ചെറിയകാര്യമല്ല.

ശ്രദ്ധിക്കുക-
ഇന്റലിജന്‍സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ കാര്യക്ഷമത, ബോര്‍ഡര്‍ ശെക്യൂരിറ്റി, എന്‍ എസ് ജി വിന്യാസം വേണ്ടിവരുമോ എന്ന തീരുമാനം എടുക്കാന്‍ വേണ്ടിവന്ന സമയം, റിസോര്‍സ് മൊബിലൈസേഷന്‍ പീരിയഡ് എന്നിവയെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ഇതിനെക്കുറിച്ചെല്ലാം വളരെയധികം ആശങ്കകള്‍ നിലനില്‍ക്കുന്നു. മറ്റൊന്ന് പത്രക്കാരെ പമ്പകടത്താതിരുന്നതാണ്‌. ഭീകരരര്‍ക്ക് ബ്ലാക്ക് ബെറിയിലൂടെ അവസാന നിമിഷം വരെ അപ്പ്ഡേറ്റ് ഉണ്ടായിരുന്നെന്ന് കേള്‍ക്കുന്നു പുറത്തെ നീക്കങ്ങള്‍.

ഈ പോസ്റ്റ് മുംബൈ ആക്രമണത്തെക്കുറിച്ച് മാത്രവുമല്ല.

Thursday, November 27, 2008

ആദരാഞ്ജലികള്‍

ഉദ്ദേശം എട്ടു കൊല്ലം മുന്നേ കുപ്രസിദ്ധ അധോലോക കൊലയാളി ബണ്ഡിയയെ വെടിവച്ചു കൊന്ന ശേഷം മുംബൈ പോലീസിന്റെ ഷാര്‍പ് ഷൂട്ടര്‍ വിജയ് സലാസ്കര്‍ ഇന്റര്വ്യൂവില്‍ ഇങ്ങനെയാണ്‌ അഭിപ്രായപ്പെട്ടത്. "ഒരു എന്‍‌കൗണ്ടറില്‍ ഒന്നുമില്ല, ഒന്നുകില്‍ നിങ്ങള്‍ ഭീകരെക്കൊല്ലുന്നു, അല്ലെങ്കില്‍ അവന്‍ നിങ്ങളെ കൊല്ലുന്നു. ഭാഗ്യം ഒരിക്കല്‍ക്കൂടി എന്റെ വശത്തായിരുന്നു. ഒരു ദിവസം വീതമാണ്‌ ഇത്തരം ജോലി ചെയ്യുന്നവരും കുടുംബവും ജീവിക്കുന്നത്, നാളെയോ എന്താണ്‌ നാളെയെന്നു വച്ചാല്‍?"

അടച്ചുറപ്പുള്ള മുറികള്‍ക്കുള്ളിലിരുന്ന് അനാലിസും ബൗദ്ധികവ്യായാമങ്ങളും നടത്തുന്നവര്‍ സലാസ്കറിനെതിരേ മഷിയൊലിപ്പിച്ചിരുന്നു. സത്യത്തില്‍ ഇത്തരം ക്രൂരവൃത്തികള്‍ എന്തിനാണ്‌? പോലീസിന്റെ പ്രതികാരമോ, പ്രതി പീഡനമോ അതോ ഒരുത്തന്റെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കാനുള്ള മടികൊണ്ട് ശിക്ഷ നടപ്പാക്കുന്നതോ? കണ്ണില്‍ ചോരയില്ലേ, ഭീകരനും അധോലോക പ്രവര്‍ത്തകനും മനുഷ്യനല്ലേ, അവനെ റീഹാബിലിറ്റേറ്റ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനല്ലേ ശ്രമിക്കേണ്ടത്? കൈക്കൂലി വാങ്ങുന്നുണ്ടോ? പോലീസ് ആരുടെ പിണിയാളാണ്‌? ഭരണകൂട ഭീകരതയുടെയോ അധോലോകത്തിന്റെയോ?

എല്ലാ ചോദ്യങ്ങള്‍ക്കും ഇന്നലെ ഉത്തരം കണ്ടുകഴിഞ്ഞു. എണ്‍പതോളം തവണ തുണച്ച ഭാഗ്യം സലാസ്കറിനെ ഒരൊറ്റത്തവണ കൈവിട്ടതോടെ.

പട്ടാളത്തിലും സന്യാസത്തിലും വേരോടിയ ഭീകരവാദികളെ കയ്യോടെ പിടികൂടി അഴിയെണ്ണിച്ച ഹേമന്ത് കാര്‍കറേ? അദ്ദേഹവും ഇനിയില്ല. ഏതോ സഞ്ചാരികളുടെ, അന്തിഭക്ഷണണത്തിനും മദ്യത്തിനും വന്ന ഏതോ ധനിക കുടുംബങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തൊപ്പിയും ധരിക്കുന്ന ഹേമന്തിന്റെ ഒരു ചിത്രം പത്രത്തില്‍ അടിച്ചു കണ്ടു.

താത്വികവിശകലങ്ങള്‍ നടത്താം, നേരിടേണ്ടിയിരുന്ന രീതി ശരിയായില്ലെന്ന് പറയാം, ഭീകരവാദം ആരുടെ കുഴപ്പം കൊണ്ടാണെന്ന് ചര്‍ച്ച ചെയ്യാം, ശേഷം മറക്കാം അല്ലേ? . പിന്നെ എവിടെയെങ്കിലും എന്തെങ്കിലും പൊട്ടിത്തെറിക്കുമ്പോള്‍ അടുത്ത പോസ്റ്റ് എഴുതിയിടാം.

Sunday, November 23, 2008

നമതും കൊഞ്ചും

നമതിന്റെ പോസ്റ്റ് ഇപ്പോഴാണു കണ്ടത്. കൊച്ചമ്മാച്ചന്‍ സിന്‍ഡ്രോം ബാധിച്ചെന്ന് തോന്നുന്നു എനിക്ക്, അതാണ്‌ കൊഞ്ചാന്‍ മുട്ടിയത്. ( തുടക്കം ഓഫില്‍ ആയിക്കോട്ടെ- കുടുമ്മത്ത് ചുമ്മാ ഉണ്ടുറങ്ങി കൂടിയിരിക്കുന്ന കൊച്ചമ്മാച്ചനെക്കൊണ്ട് വല്ല പണിയും എടുപ്പിക്കണമെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. എന്തെങ്കിലും ഭാരിച്ച പണി വല്ലതും വന്നാല്‍ "ഓ പറമ്പൊക്കെ കാടുപിടിച്ചു, ഇതു വെട്ടി വെളുപ്പിക്കാന്‍ കൊച്ചമ്മാച്ചനെപ്പോലെ പോലെ ആരോഗ്യമുള്ളവര്‍ക്കേ പറ്റൂ" എന്നോ "ഈ ആഞ്ഞിലിയില്‍ കേറി പഴം പറിക്കാന്‍ ഈ ലോകത്ത് കൊച്ചമ്മാച്ചനേ ധൈര്യം വരൂ" എന്നോ "ബാറ്റ കമ്പനി പോലും ഈ ചെരുപ്പ് തുന്നി ശരിയാക്കില്ല" എന്നോ ഒക്കെ ഉറക്കെ രണ്ട് ഡയലോഗ് പറഞ്ഞാല്‍ മതി കൊച്ചമ്മാച്ചന്‍ യധാക്രമം കൊടുവാള്‍, ഏണി, തുകല്‍സൂചി എന്നിവ എടുത്ത് ചാടിപ്പുറപ്പെട്ടോളും. ഊണു കാലമാകുമ്പോള്‍ "കൊച്ചമ്മാച്ചന്‍ ആളു മഹായോഗിയല്ലേ, രണ്ടുരുളയേ കഴിക്കൂ" എന്നും കൂടി വിളംബരം ചെയ്ത് ചിലവും കുറച്ചു.)

പോസ്റ്റിലെ പോസ്റ്റുലേറ്റ് ഈയിടെ നമതിനു വലിയ കായല്‍ക്കൊഞ്ച് വാങ്ങാവുന്ന വിലയ്ക്കി,കിട്ടിയതുകൊണ്ട് അതു വാങ്ങിക്കഴിച്ചു എന്നതാണ്‌. ചോദ്യങ്ങള്‍

ക. എന്തു കൊഞ്ചാണ്‌ കിട്ടിയത്?
ഖ. എന്തുകൊണ്ട് മുമ്പ് കിട്ടാതിരുന്നത്ര മുട്ടന്‍ കൊഞ്ച് കിട്ടി?
ഗ. എന്തുകൊണ്ട് ആദായ വിലയ്ക്ക് കിട്ടി?
എന്നിവയാണ്‌

എന്തു കൊഞ്ച്?
കൈപ്പത്തി വലിപ്പത്തിലെ കായല്‍ കൊഞ്ച്. ഹും. അരിപ്പക്കൊഞ്ച് (Penaeus indicus) അല്ല, അതിന്റെ കുഞ്ഞുങ്ങളേ കായലിലുള്ളു. കൈവണ്ണം പോയിട്ട് വിരല്‍ വണ്ണവുമില്ലാത്തതിനാല്‍ സാധാരണ ഉണക്കിയാണു വില്‍ക്കുന്നതും. പൂവാലന്‍ കൊഞ്ച് (Metapenaeus Dobsoni) കായലില്‍ അത്ര സുലഭവുമല്ല, കൈപ്പത്തി വലിപ്പത്തില്‍ കിട്ടാന്‍ പ്രയാസവുമാണ്‌. കായലിലെ നാരന്‍ കൊഞ്ച് (Penaeus monodon ) അരയടി സുഖമായി വളരും, സുഫലാം സുലഭാം മാതരവുമഅണ്‌. അപ്പോ പുള്ളി നാരന്‍ കൊഞ്ചായിരിക്കണം വാങ്ങിയത്.

വലിപ്പം, വില
ടൂറിസ്റ്റ് വരവുള്ളപ്പോള്‍ വലിയ കൊഞ്ചുകള്‍ ഓട്ടലിലേക്കും അല്ലാത്തപ്പോള്‍ ഷാപ്പിലേക്കും പോകാറുണ്ട്. എക്സ്പോര്‍ട്ടില്‍ ഒരിടിവുണ്ട്, അത് സാമ്പത്തിക മാന്ദ്യം കൊണ്ട് ഉണ്ടായതല്ല, ഇന്ത്യന്‍ കൊഞ്ചിന്റെ ഏറ്റവും വലിയ (ഓര്‍മ്മ ശരിയാണെങ്കില്‍ ഇരുപത്തഞ്ച് ശതമാനം) ഇറക്കുമതിക്കാരായ അമേരിക്ക സ്വന്തം നാട്ടിലെയും അളിയന്‍ രാജ്യങ്ങളുടെയും കൊഞ്ചു കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യന്‍ കൊഞ്ചിനു മേല്‍ ആന്റി ഡമ്പിങ്ങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. ഇറക്കുമതിച്ചുങ്കം വഴി നമ്മുടെ കൊഞ്ചിനെ അവര്‍ ഒതുക്കിയെങ്കിലും നമ്മള്‍ കായല്‍ക്കൊഞ്ച് കയറ്റുമതി ചെയ്യുന്നത് വളരെക്കുറച്ചേയുള്ളു, അതിനാല്‍ എക്സ്പോര്‍ട്ട് മാര്‍ക്കറ്റില്‍ ഇവന്‍ കീ വായിക്കുന്നില്ല. ടൂറിസത്തിലെ ഇടിവ് കാരണമായിരിക്കാം, അല്ലെങ്കില്‍ ഒരു ലോജിസ്റ്റിക്ക് പ്രശ്നമുണ്ടായ കൊഞ്ചുപിടിയന്‍ സാധനം മാര്‍ക്കറ്റില്‍ എത്തിച്ചതായിരിക്കാം(ഒരു വണ്‍ ഓഫ് അടിസ്ഥാനത്തില്‍). എം പി ഡി ഏ പോലെ വന്‍ കിട കായല്‍ കൊഞ്ചു കൃഷിക്കാര്‍ ഫലം കണ്ടു തുടങ്ങിയതും ആവാം.

ഇനി നമതിനോട് നമുക്കുള്ള ചോദ്യം. ഇത്രയും നല്ല കൊഞ്ച് കുറഞ്ഞ വിലയ്ക്ക് കിട്ടിയിട്ടും ഒരു മര്യാദയുടെ പേരില്‍ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല?

വാല്‍ (പോസ്റ്റിന്റെ- കൊഞ്ചിന്റെയല്ല)
തിരുവന്തോരത്ത് കൊഞ്ചു ഫാക്റ്ററി സൂപ്പര്വൈസറായി എറണാകുളത്തുകാരന്‍ ഒരു നന്ദന്‍ ചേട്ടന്‍ (എക്സ് മില്‍ട്രീ) ജോലിക്ക് ചേര്‍ന്നു. കൊഞ്ച് എന്നതിനു ചെമ്മീന്‍ എന്നും തൊലിക്കുന്നതിനു "കിള്ളുന്നു" എന്നും ഒക്കെ മദ്ധ്യകേരള ഭാഷ ഞങ്ങള്‍ക്ക് പരിചയമായത് നന്ദന്‍ ചേട്ടന്‍ ചാണ്ടീസ് വൈറ്റ് ഹൗസില്‍ സന്ദര്‍ശകനായ ശേഷമാണ്‌.

മില്‍ട്രീ അച്ചടക്കം തിരുവന്തോരത്തെ കൊഞ്ചു തൊലിപ്പ് പെണ്ണുങ്ങളെ പഠിപ്പിക്കാന്‍ നന്ദന്‍ ചേട്ടന്‍ തീവ്രമായി ഒന്നു ശ്രമിച്ചപ്പോള്‍ അവര്‍ കൂടി ഒരു പാര അങ്ങ് വച്ചു. കോള്‍ഡ് സ്റ്റോറേജിന്റെ വാതിലില്‍ കയറി നന്ദന്‍ ചേട്ടന്‍ നില്‍ക്കുമെന്നും അതിലേ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജോലിക്കാരികളെ മുട്ടി ഉരുമ്മാന്‍ ആണ്‌ അതെന്നും (ഇല്ലെന്ന് നന്ദന്‍ ചേട്ടന്‍ ഇട്ട ഒരാണ, ഉണ്ടെന്ന് അമ്പതു പേരിട്ട ആണയാലെ തള്ളിപ്പോയി) അവര്‍ മാനേജര്‍ക്ക് പരാതി നല്‍കി. വാണിങ്ങ് ലെറ്റര്‍ വാങ്ങി ഷാപ്പില്‍ തലയ്ക്ക് കൈവച്ചിരിക്കുന്ന നന്ദന്‍ ചേട്ടനു വേണ്ടി ഉണ്ടാക്കിയ പാട്ട്:
(മായാജാലക വാതില്‍ തുറക്കും മധുര സ്മരണകളേ എന്ന ഈണം)

കോള്‍ഡു സ്റ്റോറേജിന്‍ വാതില്‍ തുറക്കും 'ചെമ്മീന്‍ കിള്ളികളേ'
നന്ദന്‍ ചേട്ടനു പാരകള്‍ പണിയും കൊഞ്ചുവാഹിനികള്‍
നിങ്ങള്‍ ഗുരുത്തദോഷിണികള്‍

വിണ്ടുപോയ നഖമുനയാല്‍ നിങ്ങള്‍ ചെമ്മീന്‍ കിള്ളി വലിച്ചെറിയുമ്പോള്‍
മണ്ണുണ്ടോയെന്നു നോക്കാന്‍ എത്തിവലിഞ്ഞൊരീ സാറിനെ നിങ്ങളിന്ന്
പണിഞ്ഞുവല്ലോ, പണിഞ്ഞുവല്ലോ.

സ്തബ്ദനായി ഇണ്ടാസും വാങ്ങി മിണ്ടാതെ നന്ദന്‍ പുറത്തിറങ്ങുമ്പോള്‍
പൊയ് പോയ മില്‍ട്രിയും മില്‍ട്രിക്കാലത്തെ മില്‍ട്രിയടിയുമുള്ളില്‍
കരിഞ്ഞുവല്ലോ, കരിഞ്ഞുവല്ലോ.

Thursday, November 20, 2008

അന്ധവിശ്വാസം

അണ്ണാ പുതിയ സൂപ്പര്‍ ജംബോ ഇറങ്ങാന്‍ സമയം ആയല്ലോ?
താമസിക്കുമെന്നാണ്‌ കേട്ടത്, രണ്ടുമാസം ഫാക്റ്ററയില്‍ സമരമല്ലായിരുന്നോ.

പണിമുടക്കോ, ബോയിംഗിലോ?
അതെന്താ ബോയിംഗില്‍ സമരം പാടില്ലെന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ?

അല്ലാ, ഞാന്‍ കരുതിയത് അമേരിക്കയിലും ഗള്‍ഫിലും ജപ്പാനിലും ഒന്നും സമരങ്ങള്‍ ഇല്ലെന്നാണ്‌.
ഹ ഹ ഹ.

ശരിക്കും ഉണ്ടോ?
എഴുത്തുകാരു പണിമുടക്ക് എന്നു കേട്ടിട്ടുണ്ടോ, അത് അമേരിക്കയില്‍ .ദുബായില്‍ ദേ ഇന്നാള്‌ തൊഴിലാളികള്‍ പണിമുടക്കി വയലന്റ് ആയി ബസ്സിനൊക്കെ തീ വച്ചു. ജപ്പാന്‍ എയറിന്റെ പണിമുടക്ക് ഒത്തു തീര്‍പ്പെത്തിക്കാണില്ലെങ്കില്‍ ഇന്നു തുടങ്ങിക്കാണണം. ലുഫ്താന്‍സയില്‍ ഒത്തു തീര്‍ന്നെന്ന് ഓര്‍മ്മ.

അങ്ങനെയാണോ? ഞാനൊക്കെ കരുതിയത് വ്യവസായവല്‍ക്കരിച്ച രാജ്യങ്ങളിലൊന്നും തൊഴില്‍ത്തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നാണ്‌.
തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതും ഒഴിവാകുന്നതും പരിഹരിക്കുന്നതും ഒക്കെ വ്യ്വസായത്തിന്റെ ഭാഗമാണ്‌. മനുഷ്യാദ്ധ്വാനത്തെ മാനേജ് ചെയ്യുന്നതിനു സ്പെഷലിസ്റ്റ് സം‌‌വിധാനങ്ങള്‍ തന്നെ ആളുകള്‍ പഠിക്കുന്നത് അതുകൊണ്ടാണ്‌. തര്‍ക്കങ്ങളേ ഇല്ലാതെയിരിക്കണമെങ്കില്‍ ശബ്ദമുയര്‍ത്തുന്നവനെയൊക്കെ വെടിവച്ച് കൊല്ലാനോ നാടുകടത്താനോ നിയമം ഉണ്ടാകണം. ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല അതെന്ന് മാത്രമല്ല, അങ്ങനെ ഏറെക്കാലം ഒന്നും നിലനില്‍ക്കുകയില്ല.


ചൈനയും വിയറ്റ്‌നാമുമൊക്കെ തൊഴിലാളിവര്‍ഗ്ഗം ഭരിക്കുന്ന സ്ഥലമല്ലേ, അവിടെയും ഉണ്ടോ?
ചൈനയില്‍ എവിടെയൊക്കെയോ ദാ ഇന്ന് ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുകയാണ്‌. നൈക്കി ഷൂ കമ്പനിയില്‍ ഒരെണ്ണം കഴിഞ്ഞതേയുള്ളു. വിയറ്റ്‌നാമില്‍ തുണിമില്ലില്‍ ഭയങ്കര സമരം.

അപ്പോള്‍ കേരളത്തിലെ സമരത്തിനു പ്രത്യേകതയൊന്നുമില്ലേ?
പിന്നില്ലേ, കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി താരതമ്യേന ഭേദപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ്‌ കൂടുതല്‍ പണിമുടക്കുന്നത്. പൊതുവില്‍ മറിച്ചല്ലേ വരേണ്ടത്. പോരെങ്കില്‍ മുതലാളി സമരം- ബസ്സ് ഉടമ സമരം, തീയറ്റര്‍ ഉടമ സമരം, പെട്രോള്‍ പമ്പ് ഉടമ സമരം, ടാങ്കര്‍ ലോറി സമരം, കോണ്ട്രാക്റ്റര്‍ സമരം തുടങ്ങിയവ വേറെവിടെ കാണും?

അപ്പോ തൊഴില്‍ തര്‍ക്കം കൊണ്ടല്ലേ കേരളത്തില്‍ വ്യവസായങ്ങള്‍ തുടങ്ങാത്തതെന്ന് പറയുന്നതോ?
അത്യാവശ്യം ഒരു ബിസിനസ്സ് നടത്തണമെങ്കില്‍ കഴിവു വേണം, കാശു വേണം. പിന്നെ കേരളത്തിലെ ജീവിതനിലവാരം അനുസരിച്ചുള്ള കൂലി അയലത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്‌. ശിവകാശി പടക്കക്കമ്പനി പോലെ കൊച്ചുങ്ങളെ ജോലിക്കു വയ്ക്കാനും കഴിയില്ല. നല്ലതുപോലെ ഒരു സ്ഥാപനം നടത്തുന്നതെങ്ങനെ എന്ന് കൊചൗസേഫ് ചിറ്റിലപ്പള്ളി, തങ്കം ഫിലിപ്പ്, രവീന്ദ്രനാഥന്‍ നായര്‍, എം കെ ഏ ഹമീദ് തുടങ്ങിയവരോട് ചോദിച്ചാല്‍ പറഞ്ഞു തരും. അതിനു കഴിവില്ലാത്തവര്‍ എവിടെ പോയാലും തൊഴില്‍ സമരം, സര്‍ക്കാര്‍ അനാസ്ഥ, നിയമം, കൈക്കൂലി, നൂലാമാല എന്നൊക്കെ പറഞ്ഞ് നിലവിളിച്ചു നടക്കും. വര്‍ഷം നാട്ടിലെ തൊഴിലാളി സമരങ്ങളുടെ കണക്കെടുത്തിട്ട് ഒരു താരതമ്യ പഠനം നടത്താന്‍ ആരെങ്കിലും ഉണ്ടോ? തൊഴില്‍ മന്ത്രിയുടെ കണക്ക് അനുസരിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന രീതിയിലെ ഒരൊറ്റ സമരവും ഈ വര്‍ഷം കേരളത്തില്‍ തുടങ്ങിയിട്ടില്ല (ചെങ്ങറ, പ്ലാച്ചിമട തുടങ്ങിയവ ഈ വര്‍ഷം ആരംഭിച്ച സമരത്തില്‍ മന്ത്രി കൂട്ടിയിട്ടില്ലേ ആവോ). ഒന്നുമില്ല എന്നത് അങ്ങനെ മുഖവിലയ്ക്ക് എടുക്കാനാവുന്നില്ല, എത്ര ഉണ്ട് എന്നെങ്കിലും ഒന്നറിയേണ്ടേ.

നൈറ്റിയും സ്യൂട്ടും

(രാജേഷ് വര്‍മ്മ വെള്ളെഴുത്തിന്റെ ബ്ലോഗില്‍ പറഞ്ഞ കാര്യം, അവിടെ വിഷയം വേറേ ആയതുകൊണ്ട് കമന്റ് ഇവിടെയാക്കി)

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ എന്റെ നാട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടില്‍ സാരിയോ സെറ്റുമുണ്ടോ ചട്ടയും മുണ്ടൂമോ കൈലിയും ബ്ലൗസുമോ ആയിരുന്നു ധരിച്ചിരുന്നത്. പെണ്‍കുട്ടികള്‍ പാവാടയും നീളന്‍ ബ്ലൗസും. പുറത്തു പോകുമ്പോള്‍ പൊതുവില്‍ സ്ത്രീകള്‍ സാരിയും കുമാരിമാര്‍ പാവാടബ്ലൗസും തന്നെ ധരിച്ചിരുന്നു. പുറത്ത് ഇട്ടു പഴയതായതും വില കുറഞ്ഞതുമായ ഏതാണ്ട് ഇതേ വേഷം തന്നെയായിരുന്നു വീട്ടിലും. ചില പെണ്‍കുട്ടികള്‍ മിഡി എന്ന ഇടപ്പാവാടയും ധരിക്കാറുണ്ടായിരുന്നു. ചുരിദാര്‍ വിപ്ലവവം എണ്‍പതുകളുടെ മദ്ധ്യത്തിലാണ്‌ തുടങ്ങിയത്. സാരിയേയും മിഡിയേയും നീളന്‍ പാവാടയേയും "ചുരിദാര്‍" (ഖമീസ് മേലാടയായി വരുന്ന എല്ലാത്തരം വേഷ വിധാനത്തിന്റെയും മലയാളത്തിലെ പേര്‍ ചുരിദാര്‍ എന്നാണ്‌) കാറ്റില്‍ പറത്തിയത് പ്രധാനമായും മൂന്നു കാരണം കൊണ്ടാണ്‌

ഒന്ന്: സാരി, നീളന്‍ പാവാട എന്നിവയെക്കാള്‍ അലക്കാനും തേയ്ക്കാനും മടക്കി വയ്ക്കാനും എടുത്തണിയാനും ഉള്ള എളുപ്പം
രണ്ട് : ബൈക്ക്, സ്കൂട്ടര്‍ എന്നിവയില്‍ സഞ്ചരിക്കാനുള്ള എളുപ്പം (ബൈക്കുകളുടെ വന്‍ പ്രചാരവും സ്ത്രീകള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് സാധാരണയായതും ഏതാണ്ട് ഈ കാലത്താണ്‌)
മൂന്ന് : ഇതെല്ലാം ആയിരിക്കുമ്പോഴും "ചുരിദാര്‍" ഒരു ഇന്ത്യന്‍ വേഷമായും അമ്മൂമ്മമാരുടെ "അടക്കം & ഒതുക്കം" മാനദണ്ഡത്തിനു അനുസൃതമായ വേഷമായും അംഗീകരിക്കപ്പെട്ടതിനാലെ അത് വലിയ "ഫ്യാഷന്‍" ആണെന്ന് ആരും ആരോപിച്ചുമില്ല.

നൈറ്റിയെ നാം സ്വാംശീകരിച്ചത് സൗകര്യം, ചിലവുകുറവ് എന്ന രണ്ടു കാരണങ്ങള്‍ കൊണ്ടാണ്‌. നാട് നല്ലതുപോലെ ഉഷ്ണമുള്ള സ്ഥലമാണ്‌, വര്‍ഷാവര്‍ഷം ചൂടു കൂടുകയാണ്‌, സിമന്റ് വാര്‍ത്ത വീടുകള്‍ കൂടി ആയപ്പോള്‍ വീട്ടു പണി ചെയ്യാന്‍ വിയര്പ്പ് ദേഹത്തൊട്ടാത്ത ഒഴുക്കന്‍ വസ്ത്രങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും ആരോഗ്യകരവുമായി. എത്ര വിലകുറഞ്ഞാലും സാരിക്ക് ഒരു നൈറ്റ് ഗൗണിന്റെ വില വരില്ല.

വേഷവിധാനങ്ങളില്‍ വന്ന പൊതുവായ മാറ്റമാണിത്. ഒന്നരയുടുത്തവരും രണ്ടാം മുണ്ട് ധരിച്ചവരും എന്നും അതു തന്നെ ഇടണമെന്നില്ലല്ലോ.

കോട്ടോ?
സായിപ്പ് പണ്ടേ നമ്മളെ കാട്ടിത്തന്നതാണ്‌ ഈ സാധനം. പണ്ടൊക്കെ മുണ്ടിനു മേലോ കാല്‍ശരായിക്കു മേലോ കോട്ട് ധരിക്കുന്ന മലയാളികള്‍ ഉണ്ടായിരുന്നു. മെല്ലെ അത് ഇല്ലാതെയായി. കല്യാണത്തിനു സ്യൂട്ട് ഇട്ടവരോട് ചോദിച്ചാല്‍ നാട്ടിലെ കാലാവസ്ഥയില്‍ ഇതു ധരിച്ച് കുറേ നേരം നിന്നാല്‍ എങ്ങനെ ഇരിക്കുമെന്ന് അറിയാന്‍ കഴിയും. കൊള്ളാവുന്ന ഒരു സ്യൂട്ട് തുന്നാന്‍ പതിനായിരം രൂപ വരെ ചിലവാക്കേണ്ടിവരും, നാട്ടില്‍ അതൊരു കല്യാണ സാരിയുടെ വിലയായി. ഒരു പക്ഷേ ഈ കാരണം കൊണ്ടാവും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ മുതല്‍ മന്ത്രിമാര്‍ ബിസിനസ്സുകാര്‍ തുടങ്ങിയവര്‍ പോലും സ്യൂട്ട് പോയിട്ട് ഒരു ടൈ പോലും ധരിക്കാന്‍ കൂട്ടാക്കാത്തത്. അന്താരാഷ്ട്ര ഗേറ്റ്‌വേകളില്‍ പലപ്പോഴും എയര്‍ ലൈന്‍ , ഹോട്ടല്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്യൂട്ട് ധരിക്കേണ്ടി വരാറുണ്ട്, അത് യൂണിഫോമിന്റെ ഭാഗം. നേരു പറയണമല്ലോ, അവര്‍ മിക്കവരും അത് മാന്യമായി തന്നെ ധരിച്ചു കാണാറുമുണ്ട്. വീട്ടിലൊരു വേഷം, ഓഫീസില്‍ മറ്റൊന്ന്, പുറത്ത് നടക്കുമ്പോള്‍ വേറൊരെണ്ണം, വൈകുന്നേരം ഒരിടത്ത് അതിഥിയായി ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇനിയൊന്ന് എന്നിങ്ങനെ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലവും ഇതുവരെ നമുക്കായിട്ടില്ല. ടൈ കെട്ടിയവനെ കണ്ടാല്‍ അടുത്ത കാലം വരെ ആളുകള്‍ മെഡിക്കല്‍ റപ്പായി ആണെന്ന് കരുതുമായിരുന്നു.

ചോദ്യം ന്യൂസ് ആങ്കറിനു ജാക്കറ്റ് വേണോ എന്നാണ്‌. ദൂരദര്‍ശന്‍ മലയാളം പ്രക്ഷേപണം തുടങ്ങുമ്പോള്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ ഷര്‍ട്ടും ട്രൗസറുമായിരുന്നു ധരിച്ചിരുന്നത്. ഹിന്ദി ടെലിക്കാസ്റ്റില്‍ അന്നു പുരുഷന്മാര്‍ ചിലര്‍ സ്യൂട്ട് ധരിക്കാറുണ്ടായിരുന്നു, കാരണം ദില്ലിയില്‍ സ്യൂട്ട് അന്യവേഷമല്ല. സി ഐ ഡികളുടെ അന്താരാഷ്ട്രവേഷമിട്ട് രാമദാസനും വിജയനും വരുന്നതുപോലെ ഇനി ന്യൂസ് പ്രസന്റര്‍മാരുടെ അന്താരാഷ്ട്രവേഷമായിക്കണ്ട് എല്ലാ ന്യൂസ് പ്രസന്റര്‍മാരും മലയാളത്തിലും അത് ധരിക്കേണ്ടതുണ്ടോ? ഉണ്ടെന്ന് തന്നെ വയ്ക്കുക, ആദ്യം അത് എന്താണ്‌ എങ്ങനെയാണ്‌ എന്നൊക്കെ ആരോടെങ്ങിലും ചോദിക്കേണ്ടിയിരുന്നു അവര്‍.

ഫാഷനു തീരെ വഴങ്ങാത്ത വളരെ ഫോര്‍മലായ വസ്ത്രവിധാനത്തില്‍ വരുന്നതാണ്‌ ബിസിനസ്സ് സ്യൂട്ട്. കഴിഞ്ഞ നൂറു വര്‍ഷമെങ്കിലുമായി അതിന്റെ നിര്‍മ്മാണത്തിലോ ധരിക്കുന്ന രീതിയിലോ ലോകത്തൊരിടത്തും കാര്യമായ വത്യാസങ്ങളൊന്നുമില്ല. ബിസിസസ്സ് സ്യൂട്ട് ധരിക്കുന്ന രീതിയും നിറങ്ങള്‍, തുന്നല്‍ തുടങ്ങിയവയും എല്ലായിടത്തും ഒരുപോലെയാണ്‌.

സ്യൂട്ട് എന്ന പദത്തിനു അര്‍ത്ഥം തന്നെ തമ്മില്‍ ഒത്തു പോകുന്നത് എന്നാണ്‌. മഞ്ഞ ഉടുപ്പും ചുവന്ന ടൈയും കറുത്ത ബ്ലേസറും ലോഞ്ജ് "സ്യൂട്ട്" ആകില്ല. ഇങ്ങനെ ലോഞ്ച് ധരിച്ചാല്‍‍ "പിമ്പ് സ്യൂട്ട്" എന്ന് പൊതുവില്‍ വിളിക്കും (പെട്ടെന്ന് തിരിച്ചറിയാന്‍ കൂട്ടിക്കൊടുപ്പുകാര്‍ ഈ ജാതി വേഷം ധരിച്ചിരുന്നു) . മലയാളം ചാനലില്‍ സ്ഥിരമായി പിമ്പുകളെ കാണുന്നു. ഡബിള്‍ ബ്രെസ്റ്റ് ഉള്ള ബ്ലേസര്‍ ബട്ടണ്‍ അഴിച്ചിടാന്‍ പാടില്ല,അതും കാണാം. പുതിയ രീതിയായ ഷര്‍ട്ടിന്റെ കളറിലെ ടൈ അല്ലെങ്കില്‍ ഷര്‍ട്ടിനെക്കാള്‍ ഇരുണ്ട നിറമുള്ള ടൈ മാത്രമേ ബ്ലേസറിനുള്ളില്‍ ഉപയോഗിക്കാവൂ എന്നൊക്കെ പല നൂലാമാലകളും ഉണ്ട്. ഇതൊന്നും പാലിക്കാറില്ല. ജെന്റ്സ് ബ്ലേസറിട്ട ഒരു സ്ത്രീയെയും മലയാളം ചാനലിലേ കാണാനാവൂ. എന്തിന്‌ ഇത്ര കഷ്ടപ്പെട്ട് കോമാളിയാകണം എന്നാണ്‌ ചോദ്യം. സ്യൂട്ട് ഇട്ടില്ലെങ്കില്‍ മലയാളി ന്യൂസ് പ്രസന്റര്‍ക്ക് എന്തെങ്കിലും കുറഞ്ഞു പോകുമെന്നാണെങ്കില്‍ ഇമ്മാതിരി സ്യൂട്ട് ഇട്ടാല്‍ തീര്‍ച്ചയായും അതിലും കുറയും.

Monday, November 17, 2008

പ്രതിസന്ധി തമാശകള്‍

അമ്മായിയമ്മ തമാശകള്‍ പോലെ സാമ്പത്തിക പ്രതിസന്ധി തമാശകളും ഒരു പ്രത്യേക പിരിവ് ആക്കാന്‍ മാത്രം എണ്ണമായെന്ന് തോന്നുന്നു. വന്ന എസ്സെമ്മെസ് കുറച്ചെണ്ണം.

ഹലോ ബാങ്കല്ലേ?
തന്നെ.
എന്റെ ചെക്കു മടക്കിയല്ലോ, കാരണമെന്താ?
ഇന്‍സഫിഷ്യന്റ് ഫണ്ട്സ്.
ആര്‍ക്ക്, എനിക്കോ ബാങ്കിനോ?
**********************

ഹലോ ബാങ്കല്ലേ?
എന്താ?
ഒരു ലോണിന്റെ കാര്യം സംസാരിക്കാനാ.
ദൈവമേ രക്ഷപ്പെട്ടു. എത്ര ലോണ്‍ തരും സാറു ബാങ്കിന്‌?

*************************

ആശാനേ ബോണ്ടും ബോണ്ട് കച്ചവടക്കാരനുമായി എന്താ വത്യാസം?
ബോണ്ട് എന്നെങ്കിലും മെച്വര്‍ ആകും

***************************

സാര്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ക്യാപിറ്റല്‍ എന്താ?
വല്ല പത്തു മുന്നൂറു ഡോളര്‍ ബാക്കി കാണും കുട്ടീ.

*****************************
അളിയാ ഞാന്‍ ഫേയ്മസ്സായി!
എങ്ങനെ?
ഇന്നലെ എന്റെ ചേട്ടന്‍ എന്നോടു നൂറു രൂപ കടം വാങ്ങി.
അതിന്‌?
ഇന്നത്തെ ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എന്റെ ഫോട്ടോയുണ്ട്, കഴിഞ്ഞ ഒരു മാസത്തില്‍ ഇന്ത്യന്‍ ഏറ്റവും വലിയ ലോണ്‍ കൊടുത്തത് ഞാനാണത്രേ.
******************************
സാമ്പത്തികമാന്ദ്യരക്ഷായന്ത്രം വാങ്ങി ധരിക്കൂ, മാന്ദ്യത്തില്‍ നിന്നു രക്ഷ നേടൂ- ജ്യോത്സ്യന്‍ പോത്തുകാല്‍ രാമകൃഷ്ണന്‍, തിരുവന്തോരം.
മാന്ദ്യഹാരി ലേഹ്യം- പ്രതിസന്ധിയില്‍ നിന്നുളവാകുന്ന സന്ധിവീക്കം, വിളര്‍ച്ച ,തളര്‍ച്ച, തൊണ്ടവരള്‍ച്ച, തലകറക്കം, വിഷാദരോഗം എന്നിവയില്‍ നിന്ന് ഉടന്‍ ആശ്വാസം.
മഹാമാന്ദ്യനിവാരണ അഹോരാത്രയജ്ഞം - തന്ത്രിപ്രമുഖന്‍ കേശവദാസ ഭട്ടതിരിയുടെ നേതൃത്വത്തില്‍.
*****************************

തര്‍ജ്ജിമയ്ക്കു വഴങ്ങാത്ത ഒരെണ്ണം- ജപ്പാനിലെ ബാങ്കിങ്ങ് അവലോകനം.

In the last 7 days the Origami Bank has folded, the Sumo Bank has gone belly up and the Bonsai Bank announced plans to cut some of its branches.

Now, Mitsubishi Bank has stalled due to excessively high gearing.

Sony Bank have seen a big reduction in volume.

Yesterday, it was announced that the Karaoke Bank is up for sale and will likely go for a song.

Today, shares in the Kamikaze Bank were suspended after they suddenly nose-dived into the deck, ruining the carrier trade.

Samurai Bank is trying to soldier on following sharp cuts.

Ninja Bank is reported to have taken a hit and almost turned turtle, but they remain in the black and should survive.

Furthermore, 500 staff at Karate Bank have got the chop

Analysts report that there is something fishy going on at the Sushi Bank where it is feared that staff may get a raw deal.

Sunday, November 16, 2008

തനി നാടന്‍

ഊയെന്റപ്പാ ഊയെന്റമ്മ ഊയെന്റപ്പാ
ഊയെന്റപ്പാ ഊയെന്റമ്മ ഊയെന്റപ്പാ
ഖൊളങ്ങര വയലി വച്ച് ഖൂത്തിപ്പട്ടി ഖടിച്ചേ
ഖൊലേം കൊണ്ട് പെയ്യൂടുമ്പ ഖൂത്തിപ്പട്ടി ഖടിച്ചേ

ഒന്നു നിറുത്തെടേ, ഇതെന്തര്‌ അന്ത്യപ്രളയത്തിന്റെ പാട്ടോ?
ഇത് ദെലേര്‍ മെഹന്ദീടെ ബോലോ താരാരാര അല്ലീ. ചാക്കുണ്ണിച്ചേട്ടനെ പട്ടി കടിച്ചതിന്റെ ആഘോഷമായോണ്ട് വരി മാറ്റി.

എങ്ങനെ ഒപ്പിച്ച്?
ലിങ്ങേരു ഒരു കൊലേം ചൊമന്ന് വയലേ വെരുമ്പ ഒരു പട്ടി ചാടിക്കടിച്ച്.

ആശൂത്രീ പ്യെയ്യില്ലേ?
പെയ്. സൂചീം വച്ച്.

എന്നിട്ടാന്നോ കള്ളുകുടിക്കാന്‍ വന്നത്?
പുള്ളി കള്ളൊന്നും കുടിക്കണില്ല, ചുമ്മാ വേദന മറക്കാന്‍ വന്നിരിക്കണതല്ലീ.

ആരുടെ പട്ടിയാര്‌ന്ന് ?
അതിന്റെ തന്തപ്പട്ടീടേം തള്ളപ്പട്ടീടേം. എടേ അതൊരു ചാവാലിയാ.

പ്രൊഫസറേ, എനിക്കൊരു സംശയം.
ചുമ്മ ചോയീര്‌ അന്തോണീ.

ഓരോ നാട്ടിലെ പട്ടിക്ക് ഓരോ പേരുണ്ട്. അല്‍സേഷ്യന്‍, പൊമറേനിയന്‍, ലാബ്രഡോറ്... ഓരോ എനം പട്ടിക്കും അങ്ങനെ ഓരോ പേര്‍.
തന്നെ.

നമ്മടെ നാടന്‍ പട്ടി എന്തു ഇനമാ?
എടേ, ചാവാലി-ഫെറല്‍ ചിലപ്പോഴൊക്കെ സങ്കര ഇനമാണ്‌, ശുദ്ധരക്തമുള്ള നാടന്‍ പട്ടി ഇന്ത്യന്‍ പറൈയ എന്ന ഇനമാണ്‌.

ഇന്ത്യന്‍ എന്നു കണ്ടപ്പോ മറ്റു ചിലേടത്തും ഇവനുണ്ടെന്ന് സംശയം.
പിന്നില്ലേ, ഇസ്രയേലിലെ കാനാന്‍ പട്ടിയും അമേരിക്കേലെ കരോലിനപ്പട്ടിയും ഒക്കെ പറൈയ കുലത്തിലേത് തന്നെ.

നാടന്‍ പട്ടിക്ക് ബുദ്ധി കുറവാണോ?
ഫോറിന്‍ സാധനങ്ളോട് ക്രേസ് ഉള്ളതുകൊണ്ട് അങ്ങനെ തോന്നണതാടേ. ഇന്ത്യന്‍ പറൈയ അതിന്റേതായ സവിശേഷതകളുള്ള ഇനമാണ്‌. ഒരുമാതിരി പട്ടികള്‍ക്ക് അതിന്റെ യജമാനന്റെ അതിരു തിരിച്ചറിയാന്‍ പറ്റൂല്ല, എന്നാല്‍ നാടനെ വളത്തിയാല്‍ ഒരു വേലിയും ഇല്ലെങ്കിലും അതിനു മനസ്സിലാവും ഏതു സ്ഥലമാണ്‌ കാക്കേണ്ടതെന്ന്.

ശക്തിയോ?
അത് എന്താവശ്യത്തിനു പട്ടിയെ വളര്‍ത്തുന്നു എന്നത് അനുസരിച്ചിരിക്കും. നാടന്‍ വലിപ്പത്തില്‍ മറ്റു ചിലതിനെക്കാള്‍ ചെറുതാണ്‌. പക്ഷേ മറ്റൊരു പട്ടിക്കും ഇല്ലാത്ത ഒരു ഗുണം അവനുണ്ട്. പതിനായിരക്കണക്കിനു വര്‍ഷം ഈ മണ്ണില്‍ തന്നെ ജീവിച്ച അവന്‌ ഒരുമാതിരി ഒരസുഖവും വരൂല്ല, ഏത്?
മാത്രമല്ല, ജീവിച്ചിരിക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും ഇവനത്രേ. ഇതുവരെയുള്ള വിശ്വാസം വച്ച് വിശ്വശ്വാനരുടെ ആദികുലം ഈ പറൈയരാണ്‌.

അപ്പോ പട്ടി ഒറിജിനലി ഇന്ത്യക്കാരനാ?
ആവാന്‍ വഴിയില്ല. ചൈനയിലാണ്‌ ഇന്ത്യന്‍ നാടന്‍ ജനിച്ചതെന്ന് ഭൂരിപക്ഷം വിദഗ്ദ്ധരു വിശ്വസിക്കുന്നു.അല്ല സാറേ, ഈ പറൈയ എന്ന പേരെങ്ങനെ വന്നു?
സായിപ്പ് വരുന്നതുവരെ പട്ടിക്ക് അങ്ങനെ കുടുംബമാഹാത്മ്യമൊന്നും കണക്കാക്കിയിരുന്നില്ല. അവര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയിലെ രാജാക്കന്മാര്‍ രാജപാളയം ഹൗണ്ടിനെയും സന്താള്‍ ഹൗണ്ടിനെയും ഉപയോഗിച്ചിരുന്നു. അതുകൊണ്ട് അവറ്റയ്ക്ക് പോരാളിപ്പട്ടം നല്‍കിയപ്പോള്‍ പാവം നാടനെ അവര്‍ വെറും പറൈയ ആക്കി.

അല്ലാ ആ വാക്കിനെന്താ അര്‍ത്ഥം?
പറൈയ എന്നാല്‍ ഇംഗ്ലീഷില്‍ തരം താണവന്‍ , കുലവും പ്രതാപവുമില്ലാത്തവന്‍ എന്നൊക്കെയാണ്‌ അര്‍ത്ഥം.

അല്ലാ അത് നമ്മുടെ..
തന്നെ. സായിപ്പിനു നമ്മള്‍ പറഞ്ഞു കൊടുത്ത തമിഴ് പദം, പറയന്‍. തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവന്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍...

പ്രൊഫസ്സറേ, ആന്റോ, നല്ലോര്‌ പാട്ടു നിര്‍ത്തിച്ചിട്ട് നിങ്ങളു എനിക്കിട്ട് പണി തന്നവന്റെ വീരസ്യം പറയുകയാ?
ഇല്ലില്ല, തൊടരട്ട്. ന്നാ പിടി

ധോട്ട് വക്കേ നടക്കുമ്പ പാഞ്ഞു വന്ന് പട്ടി
ധൊടനോക്കി ചാടിയൊരു കടി തന്ന പട്ടി
ധിരിഞ്ഞ് ഞാങ്ങ് നോക്കുമ്പ ഓടിപ്പോയി പട്ടി
ഭുല്ല് കാലും പോയി മുണ്ടും പോയി കാശും പോയേ...

Saturday, November 15, 2008

ഒബാമയും ഞാനും

മൂന്നാലു കൊല്ലം മുന്നേയാണ്‌, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഉല്‍ഘാടന ചടങ്ങിനു എതിരേട്ടന്‍ സ്ക്രിപ്റ്റെഴുതി സം‌വിധാനം ചെയ്ത The Nightingales എന്ന മെഗാ സ്റ്റേജ് ഷോ കാണാന്‍ പോയപ്പോഴാണ്‌ ഞാന്‍ ആദ്യമായി ഒബാമയെ കാണുന്നത്. ഒരു ബെഞ്ചില്‍ വലത്തേയറ്റത്ത് ഒബാമ, അടുത്തൊരു മദാമ്മ, പിന്നെ നമ്മുടെ അച്ചാമ്മ, അന്നമ്മ, ഇടത്തേയറ്റത്ത് ദലൈലാമ. ഒബാമയ്ക്ക് എന്തൊരു പ്രൗഢി. (പിന്നില്‍ നില്‍ക്കുന്നു എതിരേട്ടന്‍. എന്തൊരു റൗഡി. )അന്നേ ഞാന്‍ മനസ്സില്‍ കരുതിയതാണ്‌ പുള്ളിക്കൊരു പ്രസിഡന്റ് യോഗമുണ്ടെന്ന്.

(സംഗതി ടെലിവിഷനില്‍ കണ്ടത് രാവിലേ ഭാര്യ അവതരിപ്പിച്ച് എന്നെ കാണിച്ച ഒരു രംഗമാണ്‌. കേട്ടപ്പോ എതിരേട്ടന്റെ പോസ്റ്റ് ഓര്‍ത്തു പോയി. ക്ഷമാപണം സോദരാ, ക്ഷമാപണം)

Thursday, November 13, 2008

ശവഭോജനശാല

പറയരെയും തോട്ടികളെയും നിന്ദ്യരായി കരുതിപ്പോന്ന ഹീനസംസ്കാരമാണ്‌ നമ്മളുടേത്. നെല്ല് കതിരിട്ടു കിടക്കുമ്പോള്‍ തത്ത ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ? കൂട്ടമായി വന്ന് അവ നെല്‍ക്കതിര്‍ കറ്റക്കണക്കിന്‌ അറുത്ത് കൊണ്ടുപോകും (തെറ്റെന്നല്ല, നെല്ലുണ്ടേല്‍ തത്ത തിന്നും, അത് ആരുടെയും സ്വകാര്യ സ്വത്താണെന്ന് അവറ്റ വിശ്വസിക്കില്ല) എന്നിട്ടും വസന്തത്തിന്റെ തേരാളിയും കാമദേവന്റെ തോഴനുമൊക്കെയാക്കി വച്ചു നമ്മള്‍. വേട്ടക്കാരനായ പരുന്തിനെ ഭഗവാന്റെ വാഹനമാക്കി, ക്ഷത്രിയ രക്തമല്ലേ. കഴുകനോ? ശവം തീനി, വൃത്തികെട്ടവന്‍, ചണ്ഡാളന്‍.

കന്നുകാലിയെ വളര്‍ത്തി അതിന്റെ കുഞ്ഞിനുള്ള പാലും കുടിച്ച് വയലില്‍ അടിമപ്പണിയും ചെയ്യിച്ച് വയ്യാതെ ആകുമ്പോള്‍ അതിനെ ആട്ടിയിറക്കി വിടുന്ന ഗോപാലന്മാരാണ്‌ നമ്മള്‍ . നമ്മുടെ സമൂഹത്തില്‍ കഴുകന്‍ വഹിക്കുന്ന പങ്ക് എന്തെന്ന് അവനെ അടുത്തറിഞ്ഞാലേ മനസ്സിലാകൂ.

ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ പറന്നും കാറ്റില്‍ ഒഴുകി നടന്നും നിലത്ത് വീണു കിടക്കുന്ന ശവങ്ങളെയും അപൂര്വ്വമായി ആസന്നമൃത ജീവികളെയും കണ്ടെത്തി അവറ്റ സംഘം ചേര്‍ന്ന് എത്തുന്നു. ഒരു വലിയ പശുവിന്റെ ശവമൊക്കെ അരമണിക്കൂറില്‍ മജ്ജ പോലുമില്ലാതെ നഗ്നമായ എല്ലിന്‍ കൂമ്പാരമാക്കാന്‍ ഒരു പറ്റം കഴുകന്മാര്‍ക്ക് കഴിയും. എത്ര ചീഞ്ഞളിഞ്ഞ മാംസവും കഴുകന്‍ സന്തോഷത്തോടെ തിന്നു തീര്‍ക്കും. അതിന്റെ അതിശക്തമായ ദഹനപ്രക്രിയയില്‍ ആന്ത്രാക്സും കോളറയും ബോട്ടുളിസവും മറ്റു നാനാവിധ രോഗങ്ങളും പരത്തുന്ന അണുക്കള്‍ ക്ഷണം നശിച്ചു പോകും. അവിടെയും തീരുന്നില്ല ഈ അത്ഭുത പക്ഷിയുടെ റോള്‍. ഉണ്ണുന്നതിനിടയില്‍ മുള്ളുന്ന ശീലവും (മൂത്രമൊഴിക്കുന്ന അപൂര്വ്വം പക്ഷികളില്‍ ഒന്നാണ്‌ കഴുകന്‍, സാധാരണ പക്ഷികള്‍ മലത്തിനൊപ്പം യൂറിക്ക് ആസിഡ് വെളുത്ത അമേദ്ധ്യമായി തള്ളിക്കളയുകയേ ഉള്ളു) ഉള്ള ഈ മഹാന്‍ വിസര്‍ജ്ജിക്കുന്ന മൂത്രം സ്വാഭാവിക ലോകത്ത് കാണുന്ന അണുനാശിനികളില്‍ ഏറ്റവും ശക്തമായ ഒന്നാണ്‌. ഒരു ശവം കണ്ടാല്‍ അതിനെ പരിസ്ഥിതിക്ക് ഒരു കേടും വരുത്താതെ സംസ്കരിച്ച് കിടന്ന സ്ഥലവും കൂടി പെടുത്ത് സുരക്ഷിതമാക്കുന്ന കഴുകന്‍ സഞ്ചരിക്കുന്ന സ്റ്റെറിലൈസേഷന്‍ യൂണിറ്റ് ആണ്‌.

പണ്ടു പറ്റിയ അമളികളിലൊന്നായിരുന്നു അമേരിക്കയും യൂറോപ്പും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കഴുകന്‍ സമൂഹത്തെ കൊന്നൊടുക്കാന്‍ ശ്രമിച്ചത്(ഏതോ മൂഢന്‍ എലിയെപ്പോലെ കഴുകന്‍ അസുഖങ്ങള്‍ പരത്തുമെന്ന് തിയറിച്ചു.)കഴുകന്റെ അംഗസംഖ്യ കമ്മിയായപ്പോള്‍ പ്ലേഗ് പടര്‍ന്നു പിടിച്ചു. ആന്ത്രാക്സും കോളറയും മറ്റു പലവിധ പകര്‍ച്ച വ്യാധികളും കൊണ്ട് ആളുകള്‍ ചത്തൊടുങ്ങി. ശവം തിന്നു വളരുന്ന തെരുവു നായ്ക്കള്‍ ഭീതിദമാം വിധം എണ്ണത്തില്‍ കൂടി പേ വിഷബാധയും ഭയാനകംഅയ തോതില്‍ വര്‍ദ്ധിച്ചു. അബദ്ധം വേഗം മനസ്സിലാക്കിയ അവര്‍ കഴുകന്‍ വേട്ട നിര്‍ത്തി അവയുടെ അംഗരക്ഷയും ചെയ്തു തുടങ്ങി.

ഇന്ത്യയില്‍ കഴുകനു പഞ്ഞമൊന്നുമില്ലായിരുന്നു അടുത്ത കാലം വരെ. വഴിയില്‍ ചത്തു കിടക്കുന്ന കാലികള്‍ മുതല്‍ മൃതരായ പാഴ്സികളെ വരെ സംസ്കരിച്ച് നിശബ്ദം നിരുപദ്രവിയായി കഴിഞ്ഞു പോന്ന അവറ്റയുടെ എണ്ണം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിനു ശേഷം പത്തു വര്‍ഷം കൊണ്ട് 95% ശതമാനം കുറഞ്ഞു പോയി. എന്നു വച്ചാല്‍ ഉദ്ദേശം എത്ര വരും? ഒരു കോടി കഴുകന്മരോളം.

അന്ധാളിച്ചു പോയ ഗവേഷകരില്‍ ഫലം കണ്ടത് അമേരിക്കയുടെ പെര്‍ജ്ജരിന്‍ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘമായിരുന്നു. കന്നുകാലികള്‍ക്ക് നല്‍കാന്‍ മാര്‍ക്കറ്റില്‍ ഇറക്കിയ ഡൈക്ലോഫെനാക്ക് എന്ന മരുന്നാണ്‌ കഴുകന്റെ കൊലയാളി എന്ന് അവര്‍ കണ്ടെത്തി. രണ്ടായിരത്തി നാലില്‍ മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ ഈ മരുന്നിന്റെ നിര്‍മ്മാണവും വില്പ്പനയും ഇന്ത്യയില്‍ നിരോധിച്ചപ്പോഴേക്ക് ബംഗാള്‍ കഴുകനും ചുട്ടിക്കഴുകനും വംശനാശത്തിന്റെ വക്കിലായിക്കഴിഞ്ഞിരുന്നു. കഴുകനെ ക്യാപ്റ്റീവ് ബ്രീഡിങ്ങ് നടത്തി പ്രകൃതിയിലേക്ക് തിരിച്ചു വിടാന്‍ ശ്രമങ്ങള്‍ നടക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ഈയിടെ ഒരു കഴുകന്‍ ദമ്പതികള്‍ക്ക് ഒരുണ്ണി വിരിഞ്ഞതുമായിരുന്നു, എന്നാല് കൂട്ടിലടയ്ക്കപ്പെട്ടതുകാരണം സ്വാഭാവിക പകൃതിയില്‍ നല്‍കേണ്ട സം‌രക്ഷണം അതിനു കൊടുക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാതെ പോയതു മൂലമെന്നു കരുതുന്നു, ഏറെ താമസിയാതെ ആ ആശാകിരണം പൊലിഞ്ഞു പോയി.

ഇത്രയും കഴുകന്‍ പ്രശ്നം എത്ര ഗുരുതരമാണ്‌ എന്ന് വിവരിക്കാന്‍ മാത്രം. പോസ്റ്റിന്റെ വിഷയം കഴുകന്‍‌മാരുടെ രക്ഷകനായ ഹേം സാഗര്‍ ബരാല്‍ കണ്ടെത്തിയ ലളിതമായൊരു മാര്‍ഗ്ഗത്തിന്റെ ഫലസിദ്ധിയെക്കുറിച്ചാണ്‌.

നേപ്പാളില്‍ അദ്ദേഹം ഒരു കഴുകന്‍ റെസ്റ്റോറന്റ് കുറഞ്ഞ ചിലവില്‍ ഫലപ്രദമായി നടത്തിവരുന്നു. റെസ്റ്റോറന്റ് മരങ്ങളും പുല്‍‌മേടും അടങ്ങുന്ന അത്രയൊന്നും ആരും ശല്യം ചെയ്യാത്ത ഒരു സ്ഥലമാണ്‌. അദ്ദേഹത്തിന്റെ ജീവനക്കാരും പക്ഷിസ്നേഹികളും ഗ്രാമീണരുടെ കുടുംബങ്ങളില്‍ ആസന്നമൃതമായ കാലികളെ കണ്ടെത്തി അവറ്റയെ വഴിയില്‍ തള്ളുന്നതിനു പകരം അഞ്ചു ഡോളറിനോ മറ്റോ വാങ്ങുന്നു. അവറ്റയെ കൊല്ലുകയല്ല ചെയ്യുന്നത്, ജീവിക്കുന്നിടത്തോളം കാലം ചികിത്സിക്കുന്നു, ഡൈക്ലോഫെനാക്കിനു പകരം ചിലവേറിയ മറ്റു മരുന്നുകള്‍ കൊടുക്കുന്നെന്ന് മാത്രം. വയസ്സായ ഈ കാലികള്‍ മരിക്കുമ്പോള്‍ രാസപരിശോധനയ്ക്കു ശേഷം കഴുകണ്‍ റെസ്റ്റോറന്റില്‍ പക്ഷികള്‍ക്ക് നല്‍കുന്നു. ബി ബി സി ഇവിടം സന്ദര്‍ശിച്ച ദിവസം ഒറ്റ വരവില്‍ ഇരുപത്തിരണ്ട് ബംഗാള്‍ കഴുകനും ഒരു ഹിമാലയന്‍ കഴുകനും അടങ്ങുന്ന വന്‍ സംഘമാണത്രേ റെസ്റ്റോറന്റില്‍ ഭക്ഷണത്തിനെത്തിതായി റിപ്പോര്‍ട്ട് ചെയ്തത്!

ഇനി ഒരു കുടപ്പനത്തുഞ്ചത്ത് വിശ്രമിക്കുന്ന ബംഗാള്‍ കഴുകനെ കാണാന്‍ ഭാഗ്യമുണ്ടാവുന്നവര്‍ നന്ദിയോടെ കഴുകന്‍ റെസ്റ്റോറന്റിനെ ഓര്‍ക്കുക.

Wednesday, November 12, 2008

പോയറ്റിക്ക് പ്രിന്‍സിപ്പിള്‍

അണ്ണാ കല കലയ്ക്ക് വേണ്ടി എന്നല്ലേ?
കലപിലയ്ക്ക് വേണ്ടി എന്ന് തന്നെ തോന്നണത് അപ്പീ.

എഡ്ഗാര്‍ അല്ലന്‍ പോ ..
എന്നാ ചെല്ലന്‍ പോ.

Tuesday, November 11, 2008

സാഹിത്യ-സാംസ്കാരിക-സര്‍‌വജ്ഞ...

റോഡ് ബ്ലോക്ക് മനുഷ്യനെ റേഡിയോ കേള്‍പ്പിക്കും, എന്തു ചെയ്യാന്‍, കാസറ്റ് വണ്ടിയിലിട്ടാല്‍ ചൂടടിച്ച് നാശമാകും. യന്ത്രം ഓണ്‍ ചെയ്തപ്പോ ആകെ പ്രശ്നം.

അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനോ? പിണറായി കാലത്തിന്റെ നേതാവോ? വിവാദം വിവാദം. ആളുകള്‍ ഫോണ്‍ ചെയ്ത് ഭയങ്കര ചര്‍ച്ച. അല്ല ആരിത് പറഞ്ഞത്? ഒബാമയോ ഹൂവോ സോണിയയോ പാണക്കാട് തങ്ങളോ പ്രകാശ് കാരാട്ടോ അതോ ഇനി വല്ല രാഷ്ട്രീയ നിരീക്ഷണ പുലികളോ?

വീട്ടില്‍ ചെന്ന് ടെലിവിഷന്‍ വച്ചു നോക്കി. പറഞ്ഞത് എം. മുകുന്ദന്‍. അല്ലാ ഇപ്പോ ഞാനാണത് പറഞ്ഞതെങ്കില്‍ വിവാദമാകുമോ? ആര്‍ക്കും ലോകത്തിനെക്കുറിച്ച് എന്ത് അഭിപ്രായവും പറയാം,മുകുന്ദന്‍ പറഞ്ഞാലെന്താ ഇത്ര വിവാദമാകാന്‍?

അഞ്ചാറുപരോട് തിരക്കി. മുകുന്ദന്‍ സാംസ്കാരിക കേരളത്തിന്റെ കുളിയാണ്ടര്‍ ആണെന്ന് ഒരു കൂട്ടര്‍. വേറേ ചിലരു പറയുന്നു പുള്ളി ഭയങ്കര രാഷ്ട്രീയ നോവല്‍ നൊന്ത ആളാണെന്ന്.

സാഹിത്യം ഒരു വിനോദോപാധിയാണ്‌. ഗോപിനാഥ് മുതുകാടിന്റെയും മോഹന്‍ ലാലിന്റെയും കറണ്ട് മോഹന്റെയും കെ എസ് ചിത്രയുടെയുമൊക്കെ സ്ഥാനമേ സമൂഹത്തില്‍ സാഹിത്യകാരനുള്ളു. എം ജി ശ്രീകുമാര്‍ ഇങ്ങനെ പറഞ്ഞാല്‍ അതൊരു വിവാദമാക്കുമോ നാട്ടുകാര്‍?

മുകുന്ദന്‍ എഴുതിയ മയ്യഴി ഒരു രാഷ്ട്രീയ നോവല്‍ ആണോ? മൊത്തത്തില്‍ എനിക്ക് തോന്നുന്നത് അല്ലെന്നാണ്‌. ശശികുമാര്‍ തേക്കടിയിലെ തേക്കിനു ചുറ്റും നായകനെയും നായികയെയും ചുറ്റിച്ച് പാട്ട് കാണിക്കും. ജോഷി നൈനിറ്റാളിലെ സൈപ്രസ് മരത്തിനു ചുറ്റും ഇവരെ കറക്കി നടത്തും ഐ വി ശശി അങ്ങ് അമേരിക്കയില്‍ വിളക്കുകാലിനു ചുറ്റും ഓടിക്കും . പശ്ചാത്തലം മാറിയെന്നു വച്ച് ശശിയുടെ മരം ചുറ്റി പ്രേമം ശശികുമാറിന്റെ പ്രേമിപ്പിക്കലിനെക്കാള്‍ കേമമായോ? അല്ലാ അപ്പോ ഏഴാം കടലിനക്കരെ അമേരിക്കയെക്കുറിച്ചുള്ള രാഷ്ട്രീയ ചിത്രമാണോ? എങ്കില്‍ പിന്നെ മാഹി സ്ട്രഗിള്‍ ബാക്ക് ഗ്രൗണ്ട് ആക്കിയ മുകുന്ദന്റെ എഴുത്ത് ഏതു വകുപ്പിലെ രാഷ്ട്രീയ നോവല്‍? മഞ്ചലും കാവിയും അധികാരവും പരിണാമവും അഭയാര്ത്ഥികളും മരുഭൂമികളും ഉണ്ടായ നാട് ഇതുതന്നെയല്ലേ സാര്‍? ഇനി ഞാന്‍ വായിച്ചിട്ടില്ലാത്തെ എന്തെങ്കിലും നോവല്‍ ആണോ ആവോ. ആരേലും പറഞ്ഞ് താ.

മനുഷ്യന്‍ ഉണ്ടായ കാലത്തിന്‌ അല്പ്പം കഴിഞ്ഞപ്പോഴേ പിന്‍ തള്ളപ്പെട്ട സ്ത്രീയുടെ കഥ, ലക്ഷക്കണക്കിനു വര്‍ഷത്തിന്റെ കഥ ഒരൊറ്റ നോവല്‍ ആക്കിയതാണ്‌ ഗ്യുന്തര്‍ ഗ്രസ്സിന്റെ ഫ്ലൗണ്ടര്‍. ഒബാമയ്ക്കു പകരം ഹിലാരിയായിരുന്നു ജയിക്കേണ്ടതെന്ന് ഗ്രസ് പറഞ്ഞാല്‍ അതൊരു വിവാദം പോയിട്ട് ടീ വി വാര്‍ത്ത പോലുമാകില്ല ലോകത്ത്. (ചെറിയ തോതിലെങ്കിലും ഒരു വാര്‍ത്ത ആകുകയാണെങ്കില്‍ അത് ഗ്രസ്സ് കുറേ കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതുകൊണ്ടാവുകയും ചെയ്യും)കഥ വേറേ കോതമംഗലം വേറേ.

മുകുന്ദനെക്കുറിച്ച് മാത്രം എഴുതിയതൊന്നുമല്ല, സാഹിത്യ സാംസ്കാരിക നായകര്‍ എന്ന് കൂട്ടിച്ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു കാലമായി നമ്മള്‍ മലയാളികള്‍. സാഹിത്യമെഴുത്തുകാരനെന്നാല്‍ സാംസ്കാരിക പ്രമുഖനെന്ന് നിയമമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ ഒരു സംസ്കാര സമ്പന്നന്റെ വാക്ക് രാഷ്ട്രീയത്തിലെ വലിയ വിലയിരുത്തലുമല്ല. മുകുന്ദന്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടേന്നേ.

Sunday, November 9, 2008

പ്രൊഫഷണല്‍ മാനേജ്മെന്റ്

സ്റ്റേറ്റ് നടത്തുന്ന വാണിജ്യസ്ഥാപനങ്ങള്‍ (ബിസ്-ടൈപ്പ് ഫണ്ട്സ് എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കെഴുതുമ്പോഴും പൊതുമേഘലാ സ്ഥാപനമെന്ന് നമ്മള്‍ പത്രത്തില്‍ വായിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍) പലപ്പോഴും കാര്യക്ഷമമായി നടക്കാത്തതിനു കാരണമായി പറയുന്നത് തലപ്പത്തുള്ളവന്റെ കമ്മിറ്റ്മെന്റ് ഇല്ലാതിരിക്കലാണ്‌. എവിടെ നിന്നോ ഒരു ഐ ഏ എസ് കാരന്‍ കുറേ നാള്‍ വന്ന് ഇതിനെ ഭരിക്കുന്നു, കുറേ കഴിയുമ്പോള്‍ അയാള്‍ക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. കമ്പനി ലാഭത്തിലായാലും നഷ്ടത്തിലായാലും കാലാകാലം ശമ്പളം, ബോണസ്, നോണ്‍സെന്‍സ്, പ്രമോഷന്‍. മാനേജ്മെന്റ് പ്രൊഫഷണലൈസ് ചെയ്യണമെന്നും പ്രവര്‍ത്യാര്‍ രാജില്‍ നിന്നും മോചിപ്പിക്കണമെന്നുമൊക്കെ വാശി പിടിച്ചയാളാണ്‌ ഞാനും.


മാനേജ്മെന്റ് പഠിക്കുന്നവനെക്കൊണ്ട് ആവര്‍ത്തിപ്പിച്ച് പറയിച്ച് സത്യമെന്നു വിശ്വസിപ്പിക്കുന്ന ഒരു സംഗതിയുണ്ട് "ഗ്രേറ്റ് മാന്‍ തീയറി അസത്യമാണ്‌, ട്രെയിറ്റ്സ് തീയറി മാത്രമാണ്‌ സത്യം. ഏകം സത്" ഗ്രേറ്റ് മാന്‍ തീയറി അനുരിച്ച് മഹാന്മാരെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വാര്‍ത്തെടുക്കേണ്ടതില്ല. ഗാന്ധിയും ലിങ്കണും പോലെ ജനനേതാക്കളോ നിരവധി കോടീശ്വരന്മാരായ ബിസിനസ്സുകാരോ മാനേജ്മെന്റ് ബിരുദക്കാരല്ല. ബില്‍ ഗേറ്റ്സിനു ഡിഗ്രീയില്ല, ജിം ക്ലാര്‍ക്കിനും ക്ലെമന്റ് സ്റ്റോണിനും ഫ്രെഡി ലേക്കറിനുമൊന്നും ഹൈസ്കൂള്‍ പോലും പരിചയമില്ല. കഴിവ് ഏറിയവന്‍ സ്വയം അത് തെളിയിച്ചുകൊള്ളും. ട്രെയിറ്റ്സ് തീയറി പറയുന്നു, ഗ്രേറ്റ് മാന്‍ എന്നൊന്നില്ല, ഓരോരുത്തരില്‍ പ്രത്യേക തരം കഴിവുകളുണ്ട്, അവ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കലാണ്‌ ഞങ്ങടെ പണി. ഇവിടെ നിന്നിറങ്ങുന്നവന്‍ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങും മുള്ളൊരെണ്ണം പോലും പോകാതെ വിസര്‍ജ്ജിക്കുകയും ചെയ്യും.


കമ്പനികള്‍ അതീവസ്സങ്കീര്‍ണ്ണമായതോടെ പ്രെസിഡന്റും ചെയര്‍മാനുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന പടത്തിന്റെ പ്രൊഡ്യൂസര്‍മാരെപ്പോലെ കുറേ പണം മുടക്കിയശേഷം സൂപ്പര്‍ സീ ഈ ഓ കാണിക്കുന്നതെല്ലാം കണ്ട് "എവന്‍ എന്തരൊക്കെയോ ചെയ്യുന്നു, ചോദ്യം ചെയ്താല്‍ ചിലപ്പോ ചൂടാകുകയോ പായ്ക്കപ്പ് വിളിക്കുകയോ ചെയ്യുമായിരിക്കും, എന്തരായാലും വല്യ മഹാനല്ലേ, ഒക്കെ നല്ലതാവുമായിരിക്കും" എന്ന് മനസ്സില്‍ വിചാരിച്ച് അന്തം വിട്ട് മൂലയ്ക്ക് ചുരുണ്ടിരിക്കേണ്ട സ്ഥലത്തേക്ക് സംഗതി എത്തിച്ചു. സൂപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറുകള്‍ സീ ഈ ഓ ആയില്ലേല്‍ ആളുകള്‍ കമ്പനിയെ വിശ്വസിക്കാത്ത അവസ്ഥ എത്തി. ഈ തമ്പുരാന്മാരില്‍ ചില "ഗ്രേറ്റ് മെന്‍" ലീ അയക്കോക്കയെപ്പോലെ പല കമ്പനികളെ ഭംഗിയായി നയിച്ചു. പലരുടെയും ഇഫക്റ്റീവ്നെസ്സ് വെറും പടം ആയിരുന്നു. എന്തായാലും കാശുമുടക്കിയവനല്ലേ ചങ്ക് കഴയ്ക്കൂ, ഈ അഭിനവ കോര്‍പ്പറേറ്റ് മാടമ്പികള്‍ ജീവിക്കുന്നത് ഓഹരിയുടമകളെ രക്ഷിക്കാനാണെന്ന് അവര്‍ വിശ്വസിച്ച് മീറ്റിംഗുകളില്‍ എറാന്‍ മൂളി കുനിഞ്ഞ് നിന്നു. എട്ടു മില്യണ്‍ ഡോളറിന്റെ ഓഫീസ് ഫര്‍ണിഷിംഗ് നടത്തിയ സീ ഈ ഓ യെ ഒരുത്തനും ചോദ്യം ചെയ്തില്ല, ഒരു മുറിയില്‍ എട്ടു മില്യണ്‍ വിലയുള്ള എന്തു സാധനം ഇടാന്‍ എന്ന് ആരോ തിരക്കിയപ്പോള്‍ പിന്നീടറിഞ്ഞത്രേ ഏഴുമില്യണും ചിലവായിരിക്കുന്നത് ഒരൊറ്റ പീസ് ഫര്‍ണിച്ചറിനാണ്‌- പിക്കാസോയുടെ ഒരു പെയിന്റിങ്ങ്. തിരുവായക്ക് ആരും എതിര്‍ വായ പറഞ്ഞില്ല സൂപ്പര്‍ സ്റ്റാറെങ്ങാന്‍ പിണങ്ങിയാലോ, കമ്പനി അതോടെ പൂട്ടും.

അമേരിക്കയില്‍ നിന്നും ഐസ് ലാന്‍ഡിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയ ഒരു സീ ഈ ഓ കമ്പനി ചെലവില്‍ ഒരു ജെറ്റ് ചാര്‍ട്ടര്‍ ചെയ്താണ്‌ ന്യൂയോര്‍ക്കില്‍ നിന്ന് ഐസ് ലാന്‍ഡിലെത്തിയത്. നീളന്‍ യാത്ര കഴിഞ്ഞാല്‍ വിമാനത്തിനു ചില്ലറ ചെക്കിങ്ങ് ഒക്കെ നടത്തേണ്ടേ അത്രയും സമയം പുള്ളിക്ക് ചിലവാക്കനില്ല, അതുകൊണ്ട് പുറപ്പെടും മുന്നേ തന്നെ മറ്റൊരു ജെറ്റ് ഐസ് ലാന്‍ഡിലേക്ക് പറന്ന് ചെക്കിങ്ങ് എല്ലാം കഴിഞ്ഞ് തയ്യാറായി നില്‍ക്കാന്‍ പറഞ്ഞത്രേ ഐസ് ലാന്‍ഡിലെ മൂന്നു നാലു മണിക്കൂര്‍ താമസം ഒഴിവാക്കാന്‍.

യാതൊരു വിധ മുതല്‍ മുടക്കുമില്ലാതെ ഇഷ്ടമുള്ള വിധം സ്ഥാപനങ്ങള്‍ നടത്താന്‍ പരമാധികാരം തീറെഴുതി കൊടുക്കുന്നതിനുമേല്‍ സൂപ്പര്‍ സ്റ്റാറിനോടുള്ള ഭയഭക്തി മാത്രമായിരുന്നു. ഈ ആള്‍ ദൈവങ്ങള്‍ ഗീര്‍‌വാണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ നെടുങ്കന്‍ ഇംഗ്ലീഷ് ഡയലോഗ് കേട്ട് അന്തം വിട്ടു കയ്യടിക്കുന്ന പാവം വിദ്യാഭ്യാസരഹിതനെപ്പോലെ ജനം ആര്‍ത്തു വിളിച്ചു. ടെലിവിഷനില്‍ നീളത്തില്‍ അതിനു വ്യാഖ്യാനം ചമയ്ക്കുന്നവര്‍ ലളിതമായ കണ്ട്റോള്‍ നിയമം മറന്നു പോയി . അഥോറിറ്റി എന്നും റെസ്പോണ്‍സിബിലിറ്റിക്കും അക്കൗണ്ടബിലിറ്റിക്കും തോള്‍ ചേര്‍ന്നേ നില്‍ക്കാവൂ. റെസ്പോണ്‍സിബിലിറ്റിക്കും അക്കൗണ്ടബിലിറ്റിക്കും അനുപാതത്തിലല്ലാത്ത എന്ത് അഥോറിറ്റിയും പവര്‍ ആണ്‌. പവര്‍ കറപ്റ്റ്സ്. ആബ്സൊല്യൂട്ട് പവര്‍ ആബ്സൊല്യൂട്ട്ലി കറപ്റ്റ്സ് .

വാഷിങ്ങ്‌ടന്‍ മ്യൂച്വല്‍ (പേരിലു മാത്രമേയുള്ളു മ്യൂച്വല്‍, പണി സ്മാള്‍ സേവിങ്ങ്സ് പിച്ച ചട്ടിയില്‍ നിന്നും കയ്യിട്ടു വാരി സബ്‌‌പ്രൈം മാര്‍ക്കറ്റില്‍ ഇടല്‍) നഷ്ടത്തിലായപ്പോള്‍ കമ്പനി അലന്‍ ഫിഷിങ്ങിനെ സീ ഈ ഓ ആയി കൊണ്ടുവന്നു. വെറും പതിനെട്ടു ദിവസം ആ കസേരയില്‍ അദ്ദേഹം ഇരുന്നപ്പോഴേക്ക് സംഗതി പാപ്പരായി. പതിനെട്ടു ദിവസം ജോലിക്കും ജോലിനഷ്ടത്തിനുമെല്ലാം ചേര്‍ത്ത് ഫിഷിങ്ങ് എണ്ണി വാങ്ങിയത് ഇരുപതു മില്യണ്‍ ഡോളര്‍! ലവലേശം ആത്മാര്ത്ഥത ചല്ലിത്തുട്ടുകള്‍ പെറുക്കി സ്മാള്‍ സേവിങ്ങാക്കിയ പാവങ്ങളോടോ ഇപ്പ കമ്പനിയെ രക്ഷിക്കുമെന്ന് കരുതിയ ഷെയര്‍ ഹോള്‍ഡര്‍മാരോടോ? ങേ ഹേ.

വാല്‍ക്കഷണം:
അണ്ണാ ഈ ഷെയര്‍ മാര്‍ക്കറ്റില്‍ വില ചലിക്കുന്നത് എങ്ങനെയാ കണക്കു കൂട്ടുന്നത്?
അതിനു ഒരുപാട് തീയറി ഉണ്ടെടേ. ലെവി ഫ്ലൈറ്റ് രീതിയാണ്‌ സാധാരണ ഉപയോഗിക്കാറ്.
അതെന്തരാ ലെവി ഫ്ലൈറ്റ്?
അതൊരു തരം റാന്‍ഡം വാക്ക് ട്രാജെക്റ്ററി ആണ്‌
റാന്‍ഡം വാക്ക് എന്തുവാ അണ്ണാ?
അത് ഒരു തരം മാര്‍ക്കോവ് പ്രോസസില്‍ വരുന്ന ഡിഫ്യൂഷന്‍ മോഡല്‍ ആണ്‌
ഡിഫ്യൂഷന്‍ എന്തുവാണ്ണാ ആരാ മാര്‍ക്കോവ്?
എടേ അതൊക്കെ കണ്ടീഷണല്‍ പ്രോബബിലിറ്റിയില്‍ ഉള്ള കാര്യങ്ങളാ
പ്രോബബിലിറ്റി എന്തുവാണ്ണാ എന്താ കണ്ടീഷന്‍?
അത് മനസ്സിലാവണേല്‍ ഒത്തിരി കണക്ക് പഠിക്കണം.
തള്ളേ അതൊക്കെ പടിച്ചാലേ ഇപ്പഴത്തെ കാലത്ത് ബിസിനസ്സ് ചെയ്യാന്‍ പറ്റൂ അല്ലേ?
എടേ ബിസിനസ്സ് ചെയ്യണേല്‍ വേറേ ചില കഴിവൊക്കെ മതി. ഇതൊക്കെ ഞങ്ങക്ക് അരി വാങ്ങിക്കാനുള്ള കാശിന്‌ ഓരോരുത്തര്‌ കണ്ടുപിടിച്ച് വച്ചേക്കുന്നതല്ലേ.

Saturday, November 8, 2008

പേ വിഷാണുക്കളെ കണ്ടെത്തുമ്പോള്‍

രണ്ടായിരത്തി ആറ്‌ സെപ്റ്റംബറില്‍ മലെഗാവ് എന്ന നാസിക്കിലെ പട്ടണത്തില്‍ ഒരു മുസ്ലീം സെമിത്തേരിയില്‍ ബോംബ് സ്ഫോടനമുണ്ടായി മുപ്പത്തേഴു പേര്‍ മരിച്ചു. പോലീസ് വളരെ വേഗം കേസ് തെളിയിച്ചു. ഒന്നുകില്‍ ബജ്‌രംഗ് ദള്‍ അല്ലെങ്കില്‍ സിമി വേറേ ആര്‌ സ്ഫോടനം നടത്താന്‍? ബജരംഗ് ദളിനാണെങ്കില്‍ ആര്‍ഡീഎക്സ് കയ്യിലില്ല. രണ്ടുമാസം കൊണ്ട് അവര്‍ സിമി പ്രവര്‍ത്തകരായ പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്തു.
http://economictimes.indiatimes.com/articleshow/610189.cms

മൂന്നു പേര്‍ കുറ്റം സമ്മതിച്ചു. അതില്‍ രണ്ടുപേര്‍ കോടതിയില്‍ തങ്ങളുടെ കുറ്റസമ്മതത്തെ തള്ളിപ്പറഞ്ഞു. എല്ലാവരെയും വെറുതേ വിടുകയും ചെയ്തു.

അടുത്ത സമയത്താണ്‌ ഒരു സന്യാസിനിയെയും കൂട്ടാളികളെയും ഇതേ കേസില്‍ ഭീകരപ്രവര്‍ത്തനാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇത്തവണ കുറ്റസമ്മതങ്ങള്‍ക്ക് പിറകേ തെളിവുകളോടും കൂടി. പക്ഷേ വാര്‍ത്ത വായിച്ചപ്പോള്‍ ഇവരുടെ സംഘടനയുടെ പേര്‍ പരിചിതമെന്ന് തോന്നി- അഭിനവ് ഭാരത്. ഇതെവിടെയോ നേരത്തേ കേട്ടിട്ടുണ്ടല്ലോ. തെറ്റിയില്ല. ആന്‍ഡമാന്‍ ജയിലില്‍ വച്ച് സ്വാതന്ത്ര്യ സമരം തെറ്റായെന്ന് എഴുതി ഒപ്പിട്ട 'വീര' സവര്‍ക്കര്‍ സ്ഥാപിച്ച സംഘടന. തലപ്പത്ത് ഇപ്പോള്‍ ഗോഡ്സേയുടെ അനന്തരവളായ ഹിമാനി സവര്‍ക്കര്‍ എന്ന് പത്രത്തില്‍ വായിച്ചു.

മുസ്ലീം സ്ഫോടനങ്ങളോടുള്ള സ്വാഭാവിക പ്രതികരണമത്രേ ശവക്കോട്ടയില്‍ ആര്‍ ഡി എക്സ് പൊട്ടിയത്. ശ്രീമതി സവര്‍ക്കറില്‍ നിന്നും ഡോക്റ്റര്‍ തൊഗാഡിയയില്‍ നിന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്ന പ്രതികരണം. പ്രശ്നമതൊന്നുമല്ല, പട്ടാളത്തില്‍ കേണലായി ഉദ്യോഗം നോക്കുന്ന, അതും ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന പുരോഹിതും റിട്ടയര്‍ ചെയ്ത മേജര്‍ (എന്താണോ പേര്‍, മറന്നു) ഒക്കെയാണ്‌ സന്യാസിനിയുടെ പുണ്യവൃത്തികള്‍ക്ക് ആളും ദ്രവ്യയും നല്‍കിയത്.

പേയ് വിഷത്തിന്റെ അണുക്കള്‍ പോലെ രാജ്യത്തിന്റെ തലച്ചോറിനെ ഭീകരര്‍ ബാധിക്കുമ്പോള്‍ എന്താണാവോ ചെയ്യാന്‍ കഴിയുക? മതവും രാഷ്ട്രവും ഭക്തിയും ഭീകരതയും എല്ലാം കൂടിക്കുഴഞ്ഞ് പുരോഗതിയും ഉന്നമനവും പോകട്ടെ, ജീവിക്കാനുള്ള അവകാശത്തിനു വരെ ഭീഷണിയാകുന്നു.

നായ്ക്കള്‍ പരസ്പരം കടികൂടാറുണ്ട്. പക്ഷേ അവ സംഘം ചേര്‍ന്ന് മറ്റൊരു സംഘത്തിനെ വക വരുത്താറില്ല. തന്റെ സംഘത്തിലില്ലാത്ത നായകളെയെല്ലാം കൊന്നു തീര്‍ത്താല്‍ ഭൂമി ഒരു നായ സ്വര്‍ഗ്ഗമാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കാറുമില്ല. നമുക്ക് പട്ടിയില്‍ നിന്ന് പഠിക്കാം ആദ്യം.

Tuesday, November 4, 2008

ആര്‍ത്തി, ഭീതി, പിന്നെ വിവരക്കേടും

മൂലധനം>ഉല്പ്പന്നം>കൂടുല് മൂലധനം എന്നതാണ്‌ ബിസിനസ്സ് ലക്ഷ്യം. കോര്‍പ്പറേറ്റ് രാജിന്റെ കാലം വരെ ഇത് മൂലധനം+ലാഭം=കൂടുതല്‍ മൂലധനം എന്നായിരുന്നു കരുതിപ്പോന്നത്. എന്നാല്‍ ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ ഈ സങ്കല്പ്പത്തെ മറ്റൊരു രീതിയിലാക്കി ഒരു കമ്പനിയുടെ ഓഹരി ഒരാളുടെ മുതല്‍ മുടക്ക്, ഈ ഓഹരിയുടെ വില പരമാവധി കൂട്ടുന്നത് എന്തോ അത് ബിസിനസ്സ് ലക്ഷ്യം.

ഒരു കമ്പനി തുടങ്ങുന്നു. അതിനു ഒരു കോടി രൂപ മുടക്കിയാല്‍ വര്‍ഷാവര്‍ഷം ഇരുപത്തഞ്ച് ലക്ഷം രൂപ ലാഭമുണ്ടാകുമെന്ന് പദ്ധതിയിട്ടെന്നു വയ്ക്കുക. നൂറു രൂപയുടെ ഒരു ലക്ഷം ഷെയറുകള്‍ ഇറക്കി ഈ ഒരുകോടി രൂപ സമാഹരിച്ചാല്‍ ആണ്ടറുതിക്ക് ഓരോഹരിയ്ക്കും നൂറു രൂപ മുടക്കില്‍ ഇരുപത്തഞ്ച് രൂപ, അതായത് ഇരുപത്തഞ്ച് ശതമാനം വരുമാനമുണ്ടാകും.

ഇതൊന്നു കൂട്ടാന്‍ എന്താ വഴി?
അമ്പതിനായിരം ഷെയറേ വില്‍ക്കുന്നുള്ളെന്ന് വയ്ക്കുക. ബാക്കി അമ്പതു ലക്ഷം ഇരുപതു പലിശയ്ക്ക് ബാങ്കില്‍ നിന്നും എടുക്കാം. വര്‍ഷാവസാനം കിട്ടുന്ന ഇരുപത്തഞ്ചു ലക്ഷത്തില്‍ പത്തു ലക്ഷം രൂപ പലിശ അടച്ചാല്‍ ബാക്കി പതിനഞ്ചു ലക്ഷം രൂപ മിച്ചം. ഷെയറൊന്നിനു മുപ്പതു രൂപാ അതായത് മുപ്പത് ശതമാനം ലാഭം. ഒന്നു കൂടെ ചുരുക്കിയാലോ? ഇരുപത്തയ്യായിരം ഷെയറേ വില്‍ക്കുന്നുള്ളി. എഴുപത്തഞ്ച് ലക്ഷം രൂപ കടം. ഇരുപത്തഞ്ചു ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം പലിശ കഴിഞ്ഞിട്ട് പത്തു ലക്ഷം രൂപ മിച്ചം ഇരുപത്തയ്യായിരം ഓഹരിക്ക്. നാല്പ്പതു ശതമാനം ലാഭം !

ഇരുപതു ശതമാനം ലാഭം കിട്ടുന്ന ബിസിനസ്സില്‍ നിന്നും നാല്പ്പതു ശതമാനം ലാഭമുണ്ടാക്കാന്‍ നമുക്ക് പ്രത്യേകിച്ച് ഒരു പണിയും ചെയ്യേണ്ടി വന്നില്ല, ലോണെടുത്തു. എന്തൊരൈഡിയ!


ഇനി ഇരുപത്തഞ്ചു ലക്ഷം എന്നത് പല വേരിയബിളുകളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. നമ്മളോട് കട്ടയ്ക്ക് നില്‍ക്കുന്ന ഒരുത്തന്‍ കൂടി ബിസിനസ്സ് തുടങ്ങി, പ്രതീക്ഷിച്ചതുപോലെ ഇരുപത്തഞ്ച് ലക്ഷം ലാഭമുണ്ടായില്ല പത്തു ലക്ഷമേ ഉണ്ടായുള്ളു എന്നു വയ്ക്കൂ. ആദ്യത്തെ സെറ്റപ്പില്‍ കമ്പനിക്ക് പത്തു ലക്ഷം രൂപ ലാഭം, രണ്ടാമത്തേതില്‍ കിട്ടിയ പത്തു ലക്ഷം പലിശയില്‍ പോയി. മൂന്നാമത്തേതിലോ? കമ്പനി അഞ്ചു ലക്ഷം രൂപ നഷ്ടത്തില്‍. ഓഹരി-കടം അനുപാതം കൊണ്ടുള്ള കളി ഇരുതലവാളാണ്‌. ലാഭം കൂടി നില്‍ക്കുമ്പോള്‍ മുഴുക്കടക്കാരന്‍ കമ്പനി സ്വര്‍ണ്ണം കൊണ്ടു തരും, ലാഭം അല്പ്പമൊന്നുലഞ്ഞാല്‍ ബാക്കിയെല്ലാവരും സമാധാനത്തില്‍ ഇരിക്കുമ്പോള്‍ ഈ കമ്പനി പൊളിയും.

ഇതിനാണ്‌ ഫൈനാന്‍ഷ്യല്‍ ഗീയറിങ്ങ് റിസ്ക് എന്നു പറയുന്നത്. ടോപ്പ് ഗീയറില്‍ പോകുമ്പോള്‍ ഗ്യാസ് പെഡലേല്‍ കാലൊന്നു തൊട്ടാല്‍ മതി വണ്ടി പറക്കും, പക്ഷേ എടക്കെങ്ങാന്‍ ഒരു ഗട്ടറു കണ്ട് ബ്രേക്കേല്‍ ഞെക്കിയാല്‍ വണ്ടി ഇടിച്ച് ഓഫാകും. അത്രേയുള്ളു കളി.

ലാഭവും റിസ്കും കൈകോര്‍ത്തേ നില്‍ക്കൂ എന്ന് എത്ര തവണ ഇവിടെ ആവര്‍ത്തിച്ചെന്നറിയില്ല. റിസ്ക് പലവിധത്തിലാണ്‌ എണ്ണിയാല്‍ തീരില്ല. ഗീയറിങ്ങ് റിസ്ക് അതിലൊരെണ്ണം മാത്രം, ജ്യോഗ്രഫിക്കല്‍ റിസ്ക്, കോണ്‍സന്‍സ്ട്രേഷന്‍ റിസ്ക്, വിദേശനാണ്യ റിസ്ക് അങ്ങനെ എണ്ണമറ്റ റിസ്കുകളെ മാനേജ് ചെയ്താണ്‌ ഒരു സ്ഥാപനം മുന്നോട്ട് പോകേണ്ടത്. സിക്സറടിച്ചാല്‍ കാണികള്‍ ആര്‍ത്തു വിളിക്കും, പക്ഷേ എല്ലാ ബാളിനും കേറി വീശിയാല്‍ കുറ്റി പോകും, കാണുന്നവന്‍ കൂക്കിവിളിക്കും.

ലാഭത്തിന്റെ ഒരു വിഹിതം കമ്പനിയിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്നത് പുതുമയൊന്നുമല്ല, ബോണസ് എന്ന സങ്കല്പ്പം തന്നെ അതാണല്ലോ. എന്നാല്‍ ഈ ദശാബ്ദത്തില്‍ പുതിയൊരു കളിയുമായി ഇറങ്ങി കോര്‍പ്പറേഷനുകള്‍.

കമ്പനി ഒരു സീ ഈ ഓ എ എടുക്കുന്നു. ഇന്നത്തെ ഷെയര്‍ വില നൂറു ഡോളര്‍. മൂന്നു കൊല്ലം കഴിയുമ്പോള്‍ അന്നത്തെ ഒരു ലക്ഷം ഷെയറുകള്‍ നിനക്ക് നൂറു ഡോളറിനു തരും. അതായത് ഷെയര്‍ വില വര്‍ദ്ധിച്ചില്ലെങ്കില്‍ സീ ഈ ഓ മച്ചാനു വരുമാനമില്ല ഇരട്ടിയായാല്‍ വരുമാനം പത്തു മില്യണ്‍ ഡോളര്‍, രണ്ടിരട്ടിയായാല്‍ ഇരുപതു മില്യണ്‍!

ഉത്തരവാദിത്വത്തോടെ വര്‍ത്തിക്കേണ്ടവരെ ആര്‍ത്തിപ്പണ്ടാരങ്ങളാക്കി മാറ്റാന്‍ ഈ ഒരു നടപടി കാരണമായി. എങ്ങനെയും ഓഹരിമൂല്യം ഉയര്‍ത്തുക, എന്തു റിസ്കും എടുക്കുക, എന്തും ചെയ്യുക- ഇന്നതെന്നില്ല.

ഫിനാന്‍ഷ്യല്‍ പോസ്റ്റില്‍ കനേഡിയന്‍ സാമ്പത്തികശാത്രജ്ഞന്‍ പ്രൊഫസര്‍ വില്യം വാട്സണ്‍ എഴുതി (സെപ്റ്റംബര്‍ പതിനെട്ട്- റെഗുലേറ്റിങ്ങ് ഹബ്രീസ്) , നമ്മള്‍ ക്യാപിറ്റലിസ്റ്റുകള്‍ക്ക് എല്ലാത്തിനും വ്യക്തമായ ഉത്തരമുണ്ട്.
ആരാണ്‌ ഒരുശതമാനം കിടന്ന ഹൗസിങ്ങ് പണത്തെ ഒരു ഭീമന്‍ കുമിളയാക്കിയത്? ഗ്രീന്‍സ്പാന്‍ ഫെഡ്
ആരാണ്‌ തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ലോണ്‍ നല്‍കി ജനതയെ പാപ്പരാക്കിക്കളഞ്ഞത്? ഗവണ്‍-മെന്റിന്റെ മൗനാനുവാദം
ആരാണ്‌ ധനകാര്യ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍ക്ക് ശമ്പളം ഓഹരി ഓപ്ഷനായി നല്‍കുന്ന ഭ്രാന്തിനു നികുതിയിളവു കൂടി നല്‍കി പ്രോല്‍സാഹിപ്പിച്ചത്? തൊണ്ണൂറുകളിലെ കോണ്‍ഗ്രസ്.

ആര്‍ത്തി, ഭീതി, വിവരമില്ലായ്മ. കറ പറ്റെ ഊറ്റിയ സ്ലോട്ടര്‍ ടാപ്പര്‍മാര്‍ ഉണക്കിയ ഇക്കോണമിയില്‍
ഒരു പ്രസിസന്ധി തുടങ്ങുകയായി.

Monday, November 3, 2008

നെയില്‍ പോളീഷ്

അന്തോണീ, സൂപ്പര്‍ ഗ്ലൂ ദേഹത്തൊട്ടിയാല്‍ എന്തു ചെയ്യണം?
അസെറ്റോണ്‍ തേച്ചാല്‍ മതി.
അസെറ്റോണ്‍ എവിടെ കിട്ടും മെഡിക്കല്‍ സ്റ്റോറിലോ?
എടേ ഈ നെയില്‍ പോളിഷ് റിമൂവര്‍ ഒക്കെ അസെറ്റോണാ.
ഞാനും നീയും രണ്ട് ബാച്ചിലര്‍ താമസിക്കുന്ന ഇവിടെ എവിടെയാടേ നെയില്‍ പോളിഷും റിമൂവറും?
അതിന്‌ ഇവിടെ ആരെയാ സൂപ്പര്‍ ഗ്ലൂ ഒട്ടിയത്?
എന്നെ ഒട്ടിയേനേ.
ഏനേ അല്ലേ ഉള്ളു ഒന്നും പറ്റിയില്ലല്ലോ.
ഹും.

ഹും.
ഹും?

അന്തോണീ, ഈ അടുക്കും ചിട്ടയും ഒക്കെ ഓരോരുത്തരുടെ ശീലമാണെന്ന് അറിയാം, എങ്കിലും നമ്മള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കുറേയൊക്കെ ശ്രദ്ധിക്കേണ്ടേ, സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കാന്‍.
ഹും?

അതായത് എനിക്ക് രണ്ടാഴ്ചയായി ജോക്കി ഇച്ച് ഉണ്ട്.
എടേ തോന്ന്യാസം പറയരുത്, ഞാന്‍ സാധനം അടുക്കി വയ്ക്കാത്തതുകൊണ്ടാണോ തനിക്ക് ആസനത്തില്‍ ചൊറി വന്നത്? ആരോപണത്തിനും ഒരതിരുണ്ട്.

അതുകൊണ്ടാണു വന്നതെന്ന് ഞാന്‍ പറഞ്ഞില്ല.
പിന്നെ ഞാന്‍ സാധനം അടുക്കണമെന്നും തനിക്ക് വേണ്ടാത്തിടത് ഇന്‍ഫെക്ഷനാണെന്നും ഒറ്റശ്വാസത്തില്‍ പറഞ്ഞു വച്ചതിന്റെ വ്യംഗ്യം എന്താ?

ബാത്ത് റൂമിലെ മെയിന്‍ ലൈറ്റു പോയി, ഇപ്പോ വാഷ് ബേസിനിലെ ലൈറ്റേയുള്ളു.
നീ ഒരുമാതിരി മൂശേട്ട ഭാര്യയെപ്പോലെ സംസാരിക്കല്ലേ, ഞാന്‍ വന്നു കേറിയതേ ഉള്ളു, അടുക്കില്ല ചിട്ടയില്ല, ലൈറ്റില്ല.
പറഞ്ഞു തീര്‍ന്നില്ല.

എന്നാ തീര്‍ക്ക്.
എനിക്ക് ജോക്കി ഇച്ച്..
അത് പറഞ്ഞു കഴിഞ്ഞതഅ, ഇനി ഞാന്‍ ശര്‍ദ്ദിക്കും വരെ ആവര്‍ത്തിച്ചോണ്ട് ഇരിക്കണ്ട.

ജോക്കി ഇച്ച് വന്നപ്പോ ഡോക്റ്ററേപ്പോയി കണ്ട് ഓയിന്മെന്റ് വാങ്ങി വച്ചിരുന്നു, ബാത്ത് റൂമിലെ സ്റ്റാന്‍ഡില്‍.
അത്രേയുള്ളോ, ഞാന്‍ കണ്ടില്ല, എടുത്തില്ല. എനിക്ക് ചൊറിയില്ല. ഇനി വന്നാല്‍ തന്നെ ഡോക്റ്ററെ പോയി കണ്ട് വേറേ വാങ്ങിക്കാന്‍ കമ്പനി എനിക്ക് ഇന്‍ഷ്വറന്‍സ് തന്നിട്ടുണ്ടെടേ, ഐ ആം ഇന്‍ഷ്വേര്‍ഡ്.

എടുത്തെന്ന് ഞാന്‍ പറഞ്ഞില്ല.
എന്താന്നു വച്ചാല്‍ നേരേ പറ, എനിക്കു ചൊറിഞ്ഞു വരുന്നു.

എന്റെ ചൊറി നിനക്കു വരുന്നെങ്കില്‍ നീ എന്റെ ഷഡ്ഡി അടിച്ചു മാറ്റി ഉപയോഗിക്കുന്നുണ്ടാവണം.
ആ ചൊറിയല്ല ഈ ചൊറി. നീ എന്താന്നു നേരേ പറയുന്നോ അതോ ഞാന്‍ എണീച്ചു പോണോ.

എടേ രാവിലേ ഞാന്‍ അരണ്ട വാഷ്ബേസിന്‍ ലാമ്പിന്റെ വെളിച്ചത്തില്‍ സോപ്പും പേസ്റ്റും ഇരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും എന്റെ ഓയിന്മെന്റ് തപ്പിയെടുത്തു. പുരട്ടാനായി തുറന്നപ്പോള്‍ ഭാഗ്യം കൊണ്ട് മനസ്സിലായി അത് സൂപ്പര്‍ ഗ്ലൂ ആണെന്ന്. എടുത്ത് വേണ്ടാത്തിടത്തു തേച്ചെങ്കില്‍ എന്തായേനെ? മേലാല്‍ ഇങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ട് മരുന്നിനു മേലേ ഇടരുതെന്ന്.

ഓ ഇപ്പോള്‍ മനസ്സിലായി. എക്സോസ്റ്റ് പൈപ്പ് ഒട്ടി നീ തെണ്ടിപ്പോയേനെ.
അതിലും വലിയ പ്രശ്നം ഇതുമായി ഒരു ആശുപത്രിയില്‍ പോയാല്‍ തന്നെ ഡോക്റ്ററോട് എന്തു പറയും ഞാന്‍?

ക്ഷമിക്കു റൂം ആന്‍ഡ് ബാര്‍ മേറ്റേ. എനിക്ക് അടുക്കും ചിട്ടയും ഇല്ലാതെ ആയിപ്പോയി. ചൊട്ടയില്‍ ശീലിക്കാഞ്ഞത് ഇനിയിപ്പോ ഈ പ്രായത്തില്‍ കിട്ടുകയുമില്ല, അതുകൊണ്ട്.
അതുകൊണ്ട്?

ഞാന്‍ ഒരു നെയില്‍ പോളിഷ് റിമൂവര്‍ വാങ്ങി ഫസ്റ്റ് എയിഡ് കിറ്റില്‍ വച്ചേക്കാം. ഇനിയെങ്ങാന്‍ നീ സൂപ്പര്‍ ഗ്ലൂ എടുത്തു തേച്ചാല്‍ ആശുപത്രിയില്‍ പോകാതെ കഴിക്കാമല്ലോ.

എന്നാല്‍ അത് ഇപ്പോ തന്നെ വാങ്ങി വാ.
അത്ര ഭയമോ?

ഭയമല്ല, രാവിലേ ആ സൂപ്പര്‍ ഗ്ലൂ കയ്യില്‍ കിട്ടിയ ദേഷ്യത്തില്‍ ഞാന്‍ അതെടുത്ത് നിന്റെ പുതിയ ഷൂസ് രണ്ടെണ്ണവും കൂടി തമ്മില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. എന്റെ മോന്‍ പോയി ഷൂസിനു നെയില്‍ പോളിഷ്റിമൂവറിട്ടോ ചിന്തേരിട്ടോ രണ്ടും രണ്ട് പാത്രത്തിലാക്കിക്കോ.

സാമദ്രോഹീ. എന്റെ അഡിഡാസ്
അടി വേണ്ടേ പോഡാസ്.

ചോറ് സൃഷ്ടിച്ച മാന്ദ്യം

ഇടി വെട്ടി ആളുകള്‍ ചാകാറുണ്ട്, പാമ്പുകടിച്ചും ചാകാറുണ്ട്, വണ്ടിമുട്ടി ചാകാറുണ്ട്, തേളുകുത്തിയും ചാകാറുണ്ട്. ഇടിവെട്ടിയവനെ പാമ്പുകടിച്ചു തേളും കുത്തി വണ്ടയും മുട്ടി എന്നു പറഞ്ഞാലോ? ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്ട്, പക്ഷേ ആ മനുഷ്യന്‍ ഉത്തരവാദിത്തമില്ലാതെ മൂക്കറ്റം കുടിച്ച് പാമ്പും തേളുമുള്ള ഏരിയയില്‍ മഴയത്ത് റോഡില്‍ ബോധം കെട്ടു വീണതാകാനാണു കൂടുതല്‍ സാദ്ധ്യത.

അമേരിക്കന്‍ ഭവനവായ്പ്പാ കുമിള പൊട്ടിയത് സാമ്പത്തിക മാന്ദ്യത്തിന്റെ തിരിച്ചറിഞ്ഞ അനേകം കാരണങ്ങളില്‍ ഒന്നു മാത്രം. പെട്രോളിയം വില വര്‍ധന മറ്റൊരു കാരണമായത് മുഖ്യമായും ഭക്ഷ്യക്ഷാമം വഴിയായിരുന്നു.

ഹരിത വിപ്ലവം (ജയ് സ്വാമിനാഥന്‍‌) ലോകത്തിന്റെ തീറ്റ ഇരുന്നൂറ്റമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ്‌ ലോക ജനസംഖ്യ ഇരട്ടിയായിട്ടും നമ്മള്‍ ചത്തു തീരാഞ്ഞത്. ഇനിയൊരു വിപ്ലവത്തിനു ബാല്യമില്ലെന്ന് കാര്‍ഷികഗവേഷകര്‍. ഇനിക്കൂടുന്ന ജനങ്ങള്‍ക്ക് അന്നം കണ്ടെത്തുക നിസ്സാര പണിയല്ല. ഈയവസരത്തിലാണ്‌ ഇന്ധന എണ്ണയുടെ വില പത്തു കൊല്ലം കൊണ്ട് ആറിരട്ടിയായത്. ഇതെങ്ങനെ കൃഷിയെ ബാധിച്ചു എന്നല്ലേ?

ഒന്നാമതായി രാസവളനിര്‍മ്മാണം പെട്രോളിയത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. ഏറ്റവും വലിയ വളമായ അമോണിയ നാച്വറല്‍ ഗ്യാസില്‍ നിന്നും . ഇന്ധനവില കഴിഞ്ഞ ദശാബ്ദത്തില്‍ ആറിരട്ടി വര്‍ദ്ധിച്ചു. അതിന്‌ അനുപാതമായി രാസവളത്തിന്റെ വിലയും വര്‍ദ്ധിച്ചു.

രണ്ടാമത്തേത് ബയോഫ്യൂവല്‍ നിര്‍മ്മാണമായിരുന്നു. ഉയര്‍ന്ന ഇന്ധനവില ആളുകളെ മറ്റു സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചപ്പോള്‍ ബയോഫ്യൂവല്‍ നിര്‍മ്മാണം ത്വരിതപ്പെട്ടു. ഒരു തവണ ടാങ്ക് നിറയ്ക്കാന്‍ നിങ്ങള്‍ക്കു വേണ്ട ഇന്ധനമുണ്ടാക്കാനെടുക്കുന്ന ചോളം ഒരു മനുഷ്യന്‍ ഒരു വര്‍ഷം കഴിക്കുന്ന ധാന്യത്തിനു തുല്യമാണെന്നറിയുമ്പോഴേ അതിന്റെ ഭീകരത മനസ്സിലാവൂ.

ട്രാക്റ്ററുകള്‍, കൊയ്തു മെതിയന്ത്രങ്ങള്‍, ഉല്പ്പനം മാര്‍ക്കറ്റിലെത്തിക്കുന്ന വാഹനങ്ങള്‍, കപ്പലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള ചിലവും കൂടി.

വര്‍ഷാവര്‍ഷം കൂടിയതുകൊണ്ട് ക്ഷാമവുമായി . ഭക്ഷ്യവില മൂന്നും നാലും ഇരട്ടിയിലേക്ക് കുതിച്ചു.
ഇന്നലെ ടീവിയില്‍ കാണിച്ചത്. ഹജ്ജിനെന്ന പേരില്‍ സൗദിയിലേക്ക് അരി കടത്താന്‍ ശ്രമിച്ചവര്‍ എയര്‍പ്പോര്‍ട്ടില്‍ അറസ്റ്റിലായത്രേ. പണ്ടൊക്കെ സ്വര്‍ണ്ണം കടത്തുമ്പോഴായിരുന്നു അറസ്റ്റ്. കലികാലം.

അല്ലാ, ഭക്ഷ്യവില എങ്ങനെ സാമ്പതിക മാന്ദ്യത്തിനു കാരണമായി?

ഒരു ചെറിയ ഉദാഹരണം എടുക്കാം. ഒരു ഏഴു കൊല്ലം മുന്നേ ദുബായില്‍ മാസം പതിനായിരം ദിര്‍ഹം ശമ്പളം എന്നാല്‍ നല്ല വരുമാനമായിരുന്നു. ഇന്ന് പതിനായിരം ദിര്‍ഹം തരാമെന്നു പറഞ്ഞാല്‍ ഒരു എക്സിക്യൂട്ടീവിനെപ്പോയിട്ട് നല്ല സെക്രട്ടറിയെ കിട്ടില്ല. റെന്റ് അഞ്ചെട്ടിരട്ടിയായപ്പോഴേക്ക് പതിനായിരം ദിര്‍ഹത്തിനു ദുബായില്‍ ജീവിക്കാന്‍ പറ്റാതെയായി. ഈ റെന്റ് ഫ്ലേഷന്‍ ദുബായിക്കാരന്‍ മറ്റു സകല കാര്യങ്ങള്‍ക്കും ചിലവിടേണ്ട പണത്തെ തിന്നു തീര്‍ക്കുന്നതുപോലെ അഗ്രിഫ്ലേഷന്‍ ലോകത്തെ മറ്റെല്ലാ ഉത്പനത്തിന്റെയും ഡിമാന്‍ഡിനെ കൊന്നുകളഞ്ഞു
കൂടുതല്‍ ഡിമാന്‍ഡ്=കൂടുതല്‍ നിര്‍മ്മാണം=കൂടുതല്‍ ചിലവിടല്‍ = കൂടുതല്‍ ലാഭം = കൂടുതല്‍ ഡിമാന്‍ഡ് എന്നതാണ്‌ ആരോഗ്യകരമായ ഒരു ബൂം.

ഉള്ള പണം തിന്നാന്‍ ചിലവിട്ടു തീര്‍ന്നാലോ? മറ്റെല്ലാത്തിനും കുറഞ്ഞ ഡിമാന്‍ഡ്.. ബാക്കി പൂരിപ്പിക്കാവുന്നതേയുള്ളു. മാന്ദ്യത്തിന്റെ വിഷമവൃത്തത്തിനു ആക്കം കൂടുകയായി.


ഭൂകമ്പത്തെ പോലെ ഒരു സാമ്പത്തികമാന്ദ്യത്തമ്യും ഒട്ടൊക്കെ പ്രവചിക്കാന്‍ ആകും. ഹൈസ്കൂളില്‍ സാമ്പത്തികശാസ്ത്രം പഠിക്കുന്ന പിള്ളേരുകൂടി അറിയുന്ന കാര്യങ്ങളാണിത്:

ഒരു മാന്ദ്യം വരുന്നതിനു മുന്നോടിയായി കാണിക്കുന്ന ലക്ഷണങ്ങള്‍
ചില സാധനങ്ങള്‍ക്ക് മാത്രമായി അതിഭീമ വിലക്കയറ്റം
സ്റ്റോക്ക് മാര്‍ക്കറ്റില്‍ പരിഭ്രാന്തമായ ക്രയവിക്രയങ്ങള്‍
കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവ്
തൊഴിലില്ലായ്മ വര്‍ദ്ധന
മാന്ദ്യം സംഭവിക്കുമ്പോള്‍ കാണിക്കുന്ന ലക്ഷണങ്ങള്‍
ബാങ്കുകള്‍ പ്രതിസന്ധിയില്‍
തൊഴില്‍മേഘലയില്‍ പരിഭ്രാന്തി
ബിസിനസ് തകര്‍ച്ചകള്‍
ജനതയുടെ പരിഭ്രമം, ഒന്നുമില്ലെന്ന് ജനനായകരുടെ ആവര്‍ത്തനം
എക്സ്ചേഞ്ച് നിരക്കുകള്‍ തോന്നിയവാസം കാട്ടല്‍

ഇങ്ങനെയെല്ലാം കാണിക്കുമ്പോള്‍ എന്താണു വരുന്നതെന്ന് കഴുതയ്ക്കും മനസ്സിലാവും, പക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അതിനു യോജ്യമായ നടപടികള്‍ എടുക്കുന്നതില്‍ നിന്നും സ്വാര്‍ത്ഥമോഹികളെ വിലക്കുന്നു.
പരിഹാരം കയ്യിലിരിക്കെ ഒന്നുമില്ലെന്ന് പറയാനും മൂടിവയ്ക്കാനും രോഗം അടക്കുന്നതിനു പകരം വേദനയ്ക്ക് മരുന്നു കുറിക്കാനും അവരെ പ്രേരിപ്പിക്കുന്നു.

കേരളം അമേരിക്ക പോലെ തന്നെ റിയല്‍ എസ്റ്റേറ്റില്‍ ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്റോം നടമാടുകയാണ്‌, ഈ കുമിള അടക്കണമെന്ന് ആര്‍ക്കാണറിയില്ലാത്തത്? ലോകപ്രശസ്ത യൂണിവേര്‍സിറ്റികളില്‍ പ്രബന്ധം അവതരിപ്പിച്ച് കൈയ്യടി നേടുന്ന ധനമന്ത്രിക്കോ റീയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് വിലപിക്കുന്ന മുഖ്യമന്ത്രിക്കോ? ഈ കുമിള പൊളിച്ചാല്‍ താല്‍ക്കാലികമായൊരു ശാന്തത ഉണ്ടാകും, മൂല്യമെന്ന വ്യാജേന കേരളത്തിന്റെ സിരകളിലോടുന്ന റിയല്‍ എസ്റ്റേറ്റിന്റെ പഴുപ്പ് നിലയ്ച്ചാല്‍ ഒട്ടൊക്കെ തൊഴിലവസരങ്ങളും പോകും. വോട്ടു പോകും സാര്‍, ചുരുക്കം അതാണ്‌.

സി ഡി സ്വാപ്പ്, സ്റ്റോക്ക് ക്രാഷ്, ഡാര്‍ക്ക് മാര്‍ക്കറ്റ് എന്തെല്ലാം ബാക്കി. ഇത് എഴുതിയിട്ട് എവിടെയും എത്തുന്നില്ല. ശ്രദ്ധയില്ലാതെ എഴുതുന്നതുകാരണം അക്ഷരപ്പിശക്, വ്യാകരണപ്പിശക്, ചില വാചകങ്ങള്‍ പൂര്‍ത്തിയാകുന്നതുപോലുമില്ലെന്ന് ഇന്നാണു കണ്ടത്. മൊത്തത്തില്‍ ബോറടിക്കുന്നോ ?

Sunday, November 2, 2008

വാണിജ്യചക്രങ്ങളും മിഥ്യാര്ത്ഥവാണിജ്യവും.

(പലരും- രാധേയന്‍, വര്‍ക്കേര്‍സ് ഫോറം....- സംഗതി ഗൗരവമുള്ള ചര്‍ച്ചയായി കാണാന്‍ ആഗ്രഹിച്ചതുകൊണ്ട് നാലുവരി എഴുതാനൊരു ശ്രമം. എത്ര എഴുതിയാലും തീരുകയൊന്നുമില്ല, എങ്കിലും ഖണ്ഡശ്ശ ഒരു കണ്ണശ്ശരാമായണം. )


വാണിജ്യ ചാക്രിക ചലനം ഒരു ബൂമില്‍ നിന്നും ഒരു ഡിപ്രഷനിലേക്കും മറിച്ചും നടന്നുകൊണ്ടേയിരിക്കും അതിനെ ഒഴിവാക്കാന്‍ കഴിയില്ല എന്നത് മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രത്തിലും നീയോക്യാപിറ്റലിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിലും ഒരുപോലെ വരുന്ന കാര്യങ്ങളിലൊന്നാണ്‌. വത്യാസം മാര്‍ക്സ അനിവാര്യമായ ചാക്രിക ചലനങ്ങളുടെ ആക്കം കുറയ്ക്കുന്നതെങ്ങനെ എന്നൊന്നും ആലോചിച്ച് മിനക്കെട്ടില്ല എന്നതിലാവാം. കെയ്നീസ്യന്‍ ശാസ്ത്രജ്ഞര്‍ മഹാപതനങ്ങള്‍ സാധാരണ ചാക്രികഗതിയല്ലെന്നും കുറഞ്ഞപക്ഷം അവയെ ലഘുവാക്കാനെങ്കിലും ക്ഷേമരാഷ്ട്രങ്ങള്‍ക്ക് കഴിയേണ്ടതാണെന്നും ആശിച്ചു.


ബിസിനസ്സ് സൈക്കിളുകളെ കുറിച്ചുള്ള മാര്‍ക്സിയന്‍ വീക്ഷണം (പില്‍ക്കാല കെയ്നീസ്യന്‍ വീക്ഷണത്തിനും ഇതില്‍ നിന്നും വളരെ ദൂരെയല്ല) ലളിതമായി വിവരിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും.
മൂലധനം>ഉല്പ്പന്നം>കൂടുതല്‍ മൂലധനം എന്നതാണ്‌ വാണിജ്യ ലക്ഷ്യം, അതിനാലെ മൂലധനം ഏറ്റവും കൂടുതല്‍ മൂലധനത്തെ എങ്ങനെ കൊണ്ടുവരുന്നോ, അതിലേക്ക് സ്വാഭാവികമായി ഒഴുകും.
ഏതെങ്കിലും ഒരു രംഗം- ഐ ടി എന്നു വച്ചോളൂ, ഡിമാന്‍ഡിനു അനുസരിച്ച് ഉല്പ്പന്നം ലഭ്യമല്ലെന്ന് എവിടെയെങ്കിലും തിരിച്ചറിയുന്നു. വന്‍‌കിട സം‌രംഭങ്ങള്‍ ഐടിയില്‍ എമ്പാടും തുടങ്ങുകയായി. അവ അളവറ്റ ലാഭമുണ്ടാക്കുന്നു. ഐടി തൊഴിലാളികള്‍ക്ക് വന്‍ ആവശ്യം വരുന്നതോടെ ഐ ടി വേതന നിരക്കുകള്‍ കുതിച്ചുയരുന്നു. മറ്റുള്ള മേഘലകളില്‍ പോകേണ്ടിയിരുന്ന മുതല്‍മുടക്ക് ഒരിടത്തു വരുന്നതോടെ അത്തരം ജോലികള്‍ ചെയ്യുന്നവരില്‍ തൊഴിലില്ലായ്മയും അവ ഇനി കാര്‍ഷികമേഘലപോലെ അടിസ്ഥാന രംഗങ്ങളാണെങ്കില്‍ ഉത്പന്ന ദൗര്‍ലഭ്യവും ഉണ്ടാകുന്നു. ഒരു മേഘലയിലെ ബൂം (സെക്ടറല്‍ പുള്‍ ) മറ്റുമിക്കയിടങ്ങളിലും മാന്ദ്യത്തിനു കാരണമാവുന്നു. മൊത്തമായ വാണിജ്യമാന്ദ്യവും ഉല്പ്പന്നങ്ങള്‍ വാങ്ങാന്‍ ഐടി തൊഴിലാളികളോട് കിടപിടിക്കാനാവാത്ത ഭൂരിപക്ഷ ഉപഭോക്താവും അതേ സമയം ഐ ടി മേഘലയില്‍
കിടമത്സരവും ഉയര്‍ന്ന വേതനവും കൂടി ഐ ടി വ്യവസായത്തിന്റെ ലാഭത്തെയും ഇല്ലാതെ ആക്കുന്നു. അങ്ങനെ ഒരു ഡിപ്രഷന്‍ കാലം തുടങ്ങുകയായി.

ഇപ്പോള്‍ ഐടിയില്‍ ലാഭമൊന്നുമില്ലാത്തതുകൊണ്ട് മുതലാളിമാര്‍ മൂലധനം തിരിച്ചു വലിക്കുന്നു. ഐടിയിലെ തൊഴിലില്ലായ്മ നല്ലൊരു ശതമാനം തൊഴിലാളികളെയും മറ്റുമേഘലകളില്‍ കുറഞ്ഞ ശമ്പളത്തില്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാക്കുന്നു. മുടക്കപ്പെടാത്ത മൂലധനം, കുറഞ്ഞ ചിലവിലെ വേതനം, കുറഞ്ഞ ഉത്പാദനം, കൂടുതല്‍ ആവശ്യം. മറ്റൊരു ബൂം - ഒരു പക്ഷേ ടെലിക്കമ്യൂണിക്കേഷന്‍ ബൂം തുടങ്ങുകയായി. അങ്ങനെ ഒരു ബൂം ഡിപ്രഷന്റെയും ഒരു ഡിപ്രഷന്‍ അടുത്ത ബൂമിന്റെയും വിത്തു പാകുന്നു.

താത്വിക തലത്തില്‍ ഏവരും അംഗീകരിക്കുന്ന സത്യമാണ്‌ വാണിജ്യചക്രങ്ങളുടെ അനിവാര്യത. എന്നാല്‍ അസാധാരണ പതനങ്ങള്‍ ഉണ്ടാകുന്നത് അര്‍ത്ഥമിഥ്യകള്‍ മൂലമാണെന്നും ജാഗരൂകരായ സര്‍ക്കാരുകള്‍ക്ക് ഒഴിവാക്കാം എന്നുമാണ്‌ നീയോക്ലാസിക്കല്‍ ക്യാപിറ്റലിസ്റ്റ് ഇക്കണോമിസ്റ്റുകള്‍ കരുതിപ്പോന്നത്. ഉദാഹരണത്തിനു ഐ ടി ബൂമില്‍ തന്നെ തടയിടാമായിരുന്ന ഒരു ദുരന്തം, ഡോട്ട് കോം പതനം ഒഴിവാക്കേണ്ടിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു രീതിയിലെ ഇടപെടല്‍ സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഈയാണ്ടത്തെ മഹാപതനം ഒഴിവാക്കാമായിരുന്നു. കൃത്യമായ ലക്ഷണങ്ങള്‍ കാണിച്ചിട്ടും രാഷ്ട്രാധിപന്മാര്‍ കണ്ണടച്ചു കളയുക വഴി അങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് നഷ്ടപ്പെടുത്തിക്കളഞ്ഞു.


നിരവധി അര്‍ത്ഥമിഥ്യാ കുമിളകള്‍ (എക്കണോമിക്ക് ബബിള്‍സ്) പൊട്ടിമുളച്ചതില്‍ ഒരെണ്ണം പോലും പൊട്ടി ചലമൊലിക്കും മുന്നേ ആരും കണ്ടെന്ന് നടിച്ചില്ല. ഏറ്റവും വലിയ കുമിള- അമേരിക്കന്‍ വീടുവയ്പ്പ് ഭ്രാന്ത് തുടങ്ങിയത് ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്രോമില്‍ നിന്നാണ്‌ (ഞാന്‍ ഒരു ഫ്ലാറ്റ് കാണുന്നു, അതിനു അഞ്ചു ലക്ഷം രൂപയേ മതിപ്പു വരൂ, എന്നാല്‍ പത്തു ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുണ്ട്, കാരണം വീടുവില കുതിച്ചുയരുന്ന സമയമാണ്‌. ഞാന്‍ അത് പത്തു ലക്ഷം രൂപയ്ക്ക് വാങ്ങിയാല്‍ ഞാന്‍ വിഢിയാണ്‌, പക്ഷേ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ എന്നെക്കാള്‍ വലിയൊരു വിഢി അത് പതിനഞ്ചു ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറാകുമെന്നത് എന്നെ അത് വാങ്ങിക്കാന്‍ പ്രലോഭിപ്പിക്കുന്നു. ആ പതിനഞ്ചു ലക്ഷം രൂപക്കാരനോ, അവനെക്കാള്‍ വലിയ വിഢി ഇരുപതു ലക്ഷം രൂപയുമായി വരുന്നത് പ്രതീക്ഷിച്ചാണ്‌ വാങ്ങുന്നത്. ഈ പിരാന്താണ്‌ ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്റോം)

വീടു ഭ്രാന്ത് അമേരിക്കയില്‍ മൂത്തപ്പോള്‍ ബാങ്കുകള്‍ക്ക് കടം കൊടുക്കല്‍ ഭ്രാന്തും മൂത്തു. പുതിയൊരു രീതി തന്നെ ഉണ്ടായി- സബ് പ്രൈം ലെന്‍ഡിങ്ങ്. പേരു കേട്ടപ്പോള്‍ എന്തോ മഹാ സംഭവമാണെന്ന് കരുതിയോ? നാട്ടില്‍ ബ്ലേഡുകാര്‍ ചെയ്യുന്ന പണി തന്നെ ഇത്. ഒരുത്തന്‍ ജൗളിക്കട നടത്തുന്നു, അവന്‍ സ്വല്പ്പം നഷ്ടത്തിലാണ്‌, കൂടുതല്‍ സാധനം വിറ്റ് എങ്ങനെയെങ്കിലും കച്ചവടം കൂട്ടി രക്ഷപ്പെടാം എന്ന് ആ സാധു കരുതുന്നു. എന്നാല്‍ നഷ്ടക്കണക്കും കടവുമായി ബാങ്കില്‍ ചെന്നാല്‍ ഇനിയൊരു ലോണും അവനു കിട്ടില്ല, കാരണം അവന്റെ തിരിച്ചടയ്ക്കല്‍ ശേഷിയില്‍ ബാങ്കിനു ബോദ്ധ്യമില്ല. അപ്പോഴെത്തും ബ്ലേഡുകാരന്‍. കടയുടെ ആധാരമിങ്ങു തരൂ, ഞാന്‍ തരാം കടം. പലിശ കൂടും, ഞങ്ങള്‍ക്ക് റിസ്ക് കൂടുതലല്ലേ. തുണിക്കടക്കാരന്‍ ബ്ലേഡില്‍ നിന്നു പലിശക്കെടുക്കുന്നു, ഉള്ള പണം കൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ശ്രമിക്കുന്നു. ഒരു ദിവസം നഷ്ടത്തില്‍ നിന്ന് അടുത്ത ദിവസം വന്‍‌ലാഭമൊന്നുമുണ്ടാക്കാന്‍ കഴിയില്ലല്ലോ. ഉള്ള ലാഭം ബ്ലേഡ് പലിശക്ക് പോലും തികയില്ല, കടം കുമിയുന്നു, കട ബ്ലേഡുകാരനാകുന്നു. ഇങ്ങനെ ശേഷിയില്ലാത്തവന്‍, പണ്ട് പാപ്പരായവന്‍, പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവന്‍, മദ്യാസക്തന്‍ തുടങ്ങിയവരെ സബ്-പ്രൈം കാറ്റഗറിയില്‍ പെടുത്തുന്നു, അവന്റെ പലിശയല്പ്പം കൂട്ടി ലോണ്‍ ആ പണം കൊണ്ട് ഇന്‍ഷ്വറും ചെയ്ത് കടം കൊടുക്കുന്നു. അവനും വീടുപണി തുടങ്ങിക്കോളും, ഒരു ഗ്രേറ്റര്‍ ഫൂള്‍ എത്തുമെന്ന പ്രതീക്ഷയില്‍.


അടുത്തകാലത്തെ ബൂമിനിടെ മന:പൂര്വ്വം ഊതി വീര്‍പ്പിച്ച ഒന്നാമത്തെ കുമിളയായിരുന്നു സബ്-പ്രൈം ലെന്‍ഡിങ്ങ്. എന്നാല്‍ ഗ്രേറ്റര്‍ ഫൂളിനെ പ്രതീക്ഷിച്ച ഫൂളുകള്‍ ലോണടയ്ക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഗ്രേറ്റസ്റ്റ് ഫൂള്‍ താന്‍ തന്നെ എന്നു തിരിച്ചറിഞ്ഞു. തവണകള്‍ മുടങ്ങി ജനതയാകെ പാപ്പരാകുമെന്ന് കണ്ടപ്പോള്‍ മാത്രം ഉണര്‍ന്ന ജോര്‍ജ്ജ് ബുഷ് കണ്ടത് പതിനാലു ട്രില്യണ്‍ ഭവനവായ്പയും ശരാശരി കുടുംബമൊന്നിനു പതിമ്മൂന്നു ക്രെഡിറ്റ് കാര്‍ഡുകളുമാണ്‌. അദ്ദേഹം ഭവനവായ്പ്പയ്ക്കു പരിധി ഏര്‍പ്പെടുത്തിയും പലിശാനിരക്ക് വെട്ടിക്കുറച്ചും കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താമെന്ന് തീരുമാനിച്ചു.

മറ്റു പല കുമിളകള്‍ക്കും നടുവില്‍ വച്ചായിരുന്നു ഭവനവായ്പ്പാ കുമിളയുടെ ചലം പൊട്ടിയത്. തവണകള്‍ മുടങ്ങുന്നൊപ്പം പലിശ സര്‍ക്കാര്‍ കുറച്ചു, നാടു നീളെ കടങ്ങള്‍ മുടങ്ങിയപ്പോല്‍ ലോണ്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന അണ്ടര്‍റൈറ്റര്‍മാര്‍ തകര്‍ന്നു. സകല ബാങ്കുകളും പരസ്പരം ഇടപാടുകള്‍ നടത്തിക്കൊണ്ടേ ഇരിക്കുന്നതിനാല്‍ ആദ്യ വീഴ്ച വീണ നോര്‍ത്തേണ്‍ റോക്ക് ഒരു വന്‍ ഡൊമിനോ ഇഫക്റ്റ് (ചീട്ടു കൊട്ടാരം വീഴല്‍) തുടങ്ങി.

ഒരു പൂര്‍ണ്ണ ചിത്രമാകണമെങ്കില്‍ ഇനിയും അദ്ധ്യായങ്ങള്‍ എഴുതേണ്ടിവരും. സബ്-പ്രൈം ലോണ്‍ മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണഭൂതം. സമയലഭ്യതയനുസരിച്ച് തുടരാം.

Thursday, October 30, 2008

മിസ് കേരളയെ മിസ്സിസ്സാക്കിയേ!

മുള്ളന്റെ പോസ്റ്റില്‍ എതിരേട്ടനിട്ട ശ്ലോകത്തില്‍ വാല്‍മീകിയുടെ രാമനോട് കബന്ധാ സിംഗ് പറയുന്നു പമ്പയില്‍ രോഹിതം, വക്രതുണ്ഡം, നളമീന്‍ എന്നിവ ഉണ്ടെന്നും പൊരിച്ചു തിന്നാന്‍ കേമമാണെന്നും.

(പാവം വാല്‍ജീ ജൈന-ബുദ്ധാദി മതങ്ങള്‍ അഹിംസയുമായി വരുന്നതിനു മുന്നേ ജീവിച്ചിരുന്നതാണല്ലോ, പുള്ളി കപ്പയും മീന്‍ കറിയും അടിക്കുന്ന ടീമിലായിരുന്നു. പക്ഷേ എഴ്ശ്ശന്‍ കിളിയുടെ പാട്ട് സെന്‍സര്‍ ചെയ്ത് രാമനെ ലാക്റ്റോ വെജന്‍ ആക്കിയെന്നും കാണുന്നു, അതു പോട്ടെ)

പമ്പയിലെ രോഹിതം നമ്മുടെ രോഹു മീന്‍ ആയിരിക്കണം, ഷാജഹാന്‍ ഷാജു ആകുന്നതുപോലെ. രോഹുവിന്റെ ശാസ്ത്രനാമവും labeo rohita എന്നാണല്ലോ. വക്രതുണ്ഡമെന്ന് പറയാന്‍ മീന്‍ കാര്‍ സ്വല്പ്പം പാടുപെടും അതുകൊണ്ട് വേറേ വല്ല പേരും ഇട്ടുകാണും. നളമീന്‍ നല്ല പേര്‍. വംശനാശം സംഭവിച്ചതാണോ എന്തോ.

മിസ് കേരള എന്നു കേട്ടിട്ടുണ്ടോ? ദയവായി ഗൂഗിളില്‍ തിരയരുത്, ഒന്നുകില്‍ ഉല്‍സവപ്പറമ്പില്‍ കിട്ടുന്ന ബാലേക്കരുടെ കണ്ണാടിച്ചില്ല് പതിച്ച ബോ തലയില്‍ വച്ച മലയാളിപ്പെണ്ണിന്റെ ചിത്രം കിട്ടും, അല്ലെങ്കില്‍ നീലച്ചിത്രത്തിന്റെ ക്ലിപ്പിങ്ങിലേക്ക് ലിങ്ക് കിട്ടും. തിരയുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ പേര്‍ puntius denisonii കൊടുത്ത് അന്വേഷിക്കണം. നിരുപദ്രവിയായ ഈ ചെറു ബാര്‍ബ് ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ അച്ചന്‍ കോവിലാറ്റിലും പെരിയാറിലും ജീവിച്ചു പോരുകയായിരുന്നു. അപ്പോഴല്ലേ ഇത്രയും ഭംഗിയുള്ള ഇതിനെ പിടിച്ച് അക്വേറിയം സൂക്ഷിക്കുന്നവര്‍ക്ക് വിറ്റാല്‍ ഒന്നിന്‌ ആയിരമെങ്കിലും വച്ച് കിട്ടുമെന്ന്. പെണ്‍ വാണിഭത്തിനുണ്ടോ ഇത്രയും സ്കോപ്പ്. ആളുകള്‍ ആറ് അരിച്ചു തീര്‍ത്തു. മിസ് കേരളമെന്ന് ഒരു പേരും ഇട്ടു. മീനിനാണെങ്കില്‍ ടാങ്കില്‍ മുട്ട വിരിയിക്കാന്‍ ഒട്ടു കഴിഞ്ഞുമില്ല. അങ്ങനെ മിസ് കേരള മിസ്സിങ്ങ് ഇന്‍ കേരള ആയി തുടങ്ങി. ബ്രിട്ടണ്‍, ഇസ്രയേല്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിനെ മീന്‍ ഗവേഷകര്‍ ഇവളെ ടാങ്കിലൊന്ന് മുട്ടയിടീക്കാന്‍ പതിനെട്ടടവും പമ്പരമുറയും പയറ്റി.
http://www.hindu.com/2004/12/25/stories/2004122504930500.htm

ങേ ഹേ. കൊല്ലം നാലു കഴിഞ്ഞിട്ടും മിസ് കേരളയ്ക്കു പള്ള തള്ളിയില്ല പുള്ളേ. തള്ളേ! കേരളസുന്ദരി വംശനാശത്തിലേക്ക് അടുത്തു. അവളുടെ യുഗം കഴിയുകയാണെന്ന് കരുതിയോ. ഛേയ്, നാട്ടില്‍ ഒരുത്തനും അറിഞ്ഞില്ലെങ്കിലെന്താ, ആണുങ്ങള്‍ പാണ്ടിനാട്ടില്‍ ഉണ്ട്.

ചെന്നെയിലെ രണ്ട് മീന്‍ പുലികള്‍ രബി വെങ്കടേശും മുരളിയും തങ്ങളുടെ വീട്ടില്‍ നൂറുകണക്കിന്നു മിസ് കേരളമാരെ വിരിയിക്കുകയാണ്‌. ദാ കണ്ട് ആര്‍മ്മാദിക്കുക, ഒരു ഞുണുക്ക് പണി, ചെറിയ ഹോര്‍മോണ്‍ ചികിത്സ, മിസിസ് കേരളമാര്‍ മുട്ട ഇടുന്നെന്ന് പറഞ്ഞാല്‍ പോരാ, എറിഞ്ഞിടുന്നെന്ന് പറയണം.

http://www.hindu.com/2008/10/16/stories/2008101652790400.htm

കസ്തൂരി പാരയായ മാനിനെപ്പോലെ സൗന്ദര്യം ഭീഷണിയായ മിസ് കേരളയുടെ കഥ അങ്ങനെ ഹാപ്പി എന്‍ഡിങ്ങ് ആയേക്കാം. പക്ഷേ കേരളത്തിലെ പുഴകളില്‍ എന്‍ഡെമിക്ക് ആയിപ്പോയവര്‍, അതിലും കഷ്ടം ഒരൊറ്റപ്പുഴയല് മാത്രം കാണപ്പെടുന്ന മത്സ്യങ്ങള്‍ മണല്‍ വാരലും വിഷവും വറ്റിവരളലും ഒക്കെ കൂടുമ്പോള്‍ ഏതു നിമിഷവും തുടച്ചു മാറ്റപ്പെട്ടേക്കാം.

ചില എന്‍ഡെമിക്ക് മീനുകള്‍
കല്‍‌വേലി - Homaloptera menoni - മേനോന്‍ ചേട്ടന്‍ സൈലന്റ് വാലിയില്‍ മാത്രമേയുള്ളു
കരിം‌പാച്ചി -crossocheilus periyarensis - പേരില്‍ തന്നെ ഉണ്ട് പ്രശ്നവും, അവന്‍ പെരിയാറില്‍ മാത്രമേയുള്ളു.
പുലിവാക -Channa micropeltes - ഇന്ത്യയില്‍ കാണുന്ന ഇനം പമ്പയില്‍ മാത്രം.
കൊയ്ത - Nemacheilus keralensis - മനസ്സിലായല്ലോ, ആളു കേരളക്കാരനാണ്‌
കല്ലുനക്കി -Garra surendranathanii - സുരേന്ദ്രനാഥന്‍ സാര്‍ പെരിയാറ്റില്‍ മാത്രം
ബ്രാഹ്മണം കെണ്ട - lepidopygopsis typus - നിലനില്പ്പ് പരുങ്ങലിലായിരിക്കുകയാണ്‌ ഈ പെരിയാര്‍ വാസിയുടെ.
അങ്ങനെ നിരവധി പേര്‍ നമ്മുടെ നദികളെ പ്രപഞ്ചമാക്കി ജീവിക്കുന്നു. എന്‍ഡെമിക്ക് ആയിപ്പോകുക ഒരു ഗതികേടാണ്‌. എണ്ണത്തില്‍ കുറഞ്ഞു പോകുക അടുത്ത ഗതികേട്. ഉള്ള വാസസ്ഥലവും മണലൂറ്റിയും കാടുവെട്ടിയും വിഷം കലര്‍ത്തിയും തകര്‍ക്കുകയും കൂടി ചെയ്താലോ?

എനിക്കറിയാന്‍‌മേലാ മനുഷ്യന്‍ അന്യം നിന്നു പോകാന്‍ എത്ര ജന്തുക്കള്‍ അവനവന്റെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുകയാണെന്ന്.

Wednesday, October 29, 2008

ആരെ ബാധിക്കുന്ന മാന്ദ്യം?

കഴിഞ്ഞ പോസ്റ്റില്‍ അബ്ദുല്‍ മജീദ് എഴുതി
"പണം ..ഷെയർ....മണ്ണാൺകട്ട...ഇന്ത്യ കുതിക്കുകയണത്രെ...ലോകത്തിലെ മൂന്നിൽ ഒരു ദരിദ്രൻ ഇന്ത്യക്കരനാണത്രെ....ആഖോഷിപ്പിൻ..ആഹ്ലാദിപ്പിൻ...."

പണം, ഷെയര്‍, ബാങ്ക്, വ്യവ്യസായം വിപണി> ഇതെല്ലാം ധനികനെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങള്‍. ഒരു രാജ്യം അല്ലെങ്കില്‍ ലോകം ഇതിലിത്ര വ്യസനിക്കാന്‍ എന്തിരിക്കുന്നു? ഓഹരി വിപണിയിലേക്ക് ധനം പമ്പ് ചെയ്യുന്നതിനു പകരം അത് ഒന്നുമില്ലാത്തവര്‍ക്ക് വീതിച്ചു കൊടുത്താല്‍ ഒരു നേരം ആഹാരമെങ്കിലും കഴിക്കാമല്ലോ, ലോകം എത്ര ക്രൂരം എന്ന രീതിയില്‍ മറ്റൊരിടത്തും ആരോ എഴുതിക്കണ്ടു.

ലോകത്തിന്റെ സാമ്പത്തിക ചലനത്തെപ്പറ്റി ധാരണയില്ലെങ്കില്‍ ശരിയെന്ന് തോന്നും ഇതൊക്കെ. സത്യം നേരേ തിരിച്ചും.

റിസഷന്‍ ഏറ്റവും ക്രൂരമായി ബാധിക്കുന്നത് പട്ടിണിക്കാരെയാണ്‌. ഒരു തിരപോലെ തുടങ്ങുന്ന അത് അവരുടെ അടുത്തെത്തുമ്പോഴേക്ക് സുനാമിയായിക്കഴിഞ്ഞിരിക്കും.

ഒരു സാമ്പത്തിക മാന്ദ്യം കൊണ്ട് ശരിക്കും എന്താണ്‌ സംഭവിക്കുക? സമൂഹസിരയിലെ പണത്തിന്റെ അളവു കുറയും എന്നതിനെക്കാള്‍ അതിന്റെ ചംക്രമണം കുറയും. പുതിയ സം‌രംഭങ്ങള്‍ ഉണ്ടാകില്ല, പുതിയ കച്ചവടം ഉണ്ടാകില്ല, ലിക്വിഡിറ്റി നൂലാമാലയില്‍ കുരുങ്ങിയ ബാങ്കുകള്‍ വലിയ ലോണുകളും മറ്റും നല്‍കുന്നത് നിര്‍ത്തി വയ്ക്കും.

ആദ്യമായി കയ്യിലുള്ള മൂലധനം ആളുകള്‍ പിറകോട്ട് വലിക്കും. സര്‍ക്കാര്‍ റോഡു പണിയും കമ്പനികള്‍ വിദേശനിക്ഷേപങ്ങളും കുറയ്ക്കുമ്പോള്‍ ആദ്യമായി ദരിദ്രരല്ലാത്ത തൊഴിലാളികളില്‍ പലരും പട്ടിണിയിലാകും. ഉള്ളവര്‍ മുണ്ട് മുറുക്കിയുടുക്കാന്‍ ശീലിക്കുന്നതോടെ മാര്‍ക്കറ്റില്‍ കോഴിയിറച്ചിയും ബാറില്‍ സ്മാള്‍ വില്പ്പനയും സര്‍ക്കാര്‍ ലോട്ടറി വില്പ്പനയും മുതല്‍ സകലതും കുറയും. കൂടുതല്‍ ആളുകള്‍ നരകത്തിലായി. കേരളം പോലെ ചാരായ എക്സൈസും ലോട്ടറിക്കച്ചവടവുമായി നില്‍ക്കുന്ന സ്റ്റേറ്റുകള്‍ സകലമാന സിവില്‍ വര്‍ക്കും നടത്താന്‍ കാശില്ലാതെയാകും. ട്രെഷറിയില്‍ കോണ്ട്രാക്റ്റര്‍ക്ക് ചെക്കു മടങ്ങുമ്പോള്‍ അവന്‍ പാപ്പരു ഹര്‍ജ്ജി നല്‍കി മാന്യനായി തന്നെ ഞെളിഞ്ഞു നടക്കും, റോഡു വെട്ടാന്‍ പോകുന്നവന്‌ അരി വാങ്ങാന്‍ പണമില്ലാതെ വരും. അരിക്കച്ചവടക്കാരന്‍ കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കാന്‍ ശ്രമിക്കേണ്ടിവരും, ഇപ്പോള്‍ തന്നെ തൂങ്ങിച്ചാകുന്ന പാവം കര്‍ഷകനു പ്രതീക്ഷ പോലും നഷ്ടപ്പെട്ടു പോകും. കര്‍ഷകനു മീന്‍ വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ മീന്‍ കാരന്‍ പട്ടിണിയിലാകും, മീന്‍ കാരന്‍ അരി വാങ്ങാന്‍ കാശില്ലാതെയാകുമ്പോള്‍ കൃഷിക്കാരന്റെ പട്ടിണി വീണ്ടും വര്‍ദ്ധിക്കും. അങ്ങനെ കാരണവും ഫലവുമായി പട്ടിണി സ്വയം വളര്‍ത്താന്‍ തുടങ്ങും- സാമ്പത്തിക മാന്ദ്യത്തിന്റെ വിഷമവൃത്തത്തില്‍ ഒരിക്കല്‍ പെട്ടാല്‍ അത് ഒരു തല വെട്ടുമ്പോള്‍ പത്തു തല വളരുന്ന രാക്ഷസനായി ലോകത്തെയാകെ ക്ഷാമത്തിലാഴ്ത്തിക്കളയും. സമ്പത്ത് കയ്യിലുള്ളവന്‍ അതു തീരും വരെ എങ്കിലും പിടിച്ചു നില്‍ക്കും, നിത്യക്കൂലി കൊണ്ട് നിത്യവൃത്തി നടത്തേണ്ട ഹതഭാഗ്യരോ? അവരുടെ കാര്യമാണ്‌ ഏറ്റവും കഷ്ടത്തിലാകുക.

കൂനിന്റെ മുകളില്‍ കുരു എന്നു പറഞ്ഞതുപോലെ യുണൈറ്റഡ് നേഷന്‍ ക്രൈ യൂണിസെഫ് തുടങ്ങിയവയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഫണ്ട് ചെയ്യാന്‍ ആളില്ലാതെ നിഷ്ക്രിയമാകുകയും ചെയ്യുന്നതോടെ റിസഷന്‍ അതിന്റെ ഉച്ചകോടി പ്രാപിക്കും.

മണ്ണാങ്കട്ടയല്ല അബ്ദുല്‍ മജീദ്, കോരന്റെ കഞ്ഞിയാണ്‌ സ്റ്റേക്കില്‍.

റിസര്വ്വ് ബാങ്ക് കോടികള്‍ ധനവിതരണം നടത്തി, ഇതെടുത്ത് പവങ്ങള്‍ക്ക് വീതിച്ചു കൊടുക്കരുതോ എന്നു ചോദിച്ച സുഹൃത്ത് സര്‍ക്കാര്‍ കുറേ പൈസ കിഴി കെട്ടി ഓഹരി കച്ചവടക്കാര്‍ക്ക് നിങ്ങള്‍ ഇതില്‍ ഓരോ കിഴി എടുത്തുകൊള്ളൂ എന്നു പറയുകയാണെന്ന് ധരിച്ചിട്ടുണ്ടാവണം.

ലിക്വിഡിറ്റി പ്രശ്നം മൂലം വലയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി കൈവശം വൈക്കേണ്ട മിനിമം തുകയുടെ അളവു കുറയ്ക്കുകയും ഇമ്മാതിരി അവസരങ്ങളില്‍ സെണ്ട്രല്‍ ബാങ്ക് പരമാവധി നല്‍കുന്ന ഹൃസ്വകാല വായ്പ്പയുടെ അളവു കൂട്ടുകയും പലിശ കുറയ്ക്കുകയും മറ്റുമാണ്‌ പൊതുധാരയിലേക്ക് പണം പമ്പ് ചെയ്തു കയറ്റി എന്നു പത്രങ്ങള്‍ പറയുന്ന ഈ പണി. അല്ലാതെ ചുമ്മാ കുറേ കാശെടുത്ത് ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കില്ല. എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ഇരട്ടി ആക്കി തന്നു എന്നു വച്ചാല്‍ ബാങ്ക് എനിക്ക് കുറേ ദാനം തന്നു എന്ന അര്‍ത്ഥത്തില്‍ കാണല്ലേ.
(ജയരാജാ, സണ്ണിക്കുട്ടന്റെ ആ ലിങ്കിനു നന്ദി. എന്തു ലളിതമായി സംഗതികള്‍ അവിടെ പറഞ്ഞരിക്കുന്നു)

Tuesday, October 28, 2008

പണം എവിടെ പോയി?

അണ്ണാ, ഒരു കാര്യം കേട്ടാ ചിരിക്കുവോ?
ചിരി വന്നാ ചിരിക്കും, ചുമ്മ കേക്കിന്‍.

എന്നും ടീവിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വീണു രാജ്യത്തിന്റെ പൈസ പൊഹഞ്ഞു പോയി എന്നൊക്കെ കാണുന്നു.
കാണുന്നു.

ഷെയര്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുമ്പ ലാഭവും നഷ്ടവും വരും, അതിപ്പ ഏതു കച്ചവടത്തിലും വരത്തില്ലീ?
അതുകൊണ്ട്?

അതായത് അണ്ണാ, ഞാന്‍ കൊറേ സ്ഥലം വാങ്ങിച്ചു. വാങ്ങിച്ചപ്പ ഒരു ലക്ഷം രൂപ ആയിരുന്നു, വിറ്റപ്പ അമ്പതിനായിരമേ കിട്ടിയുള്ളു. രാജ്യത്തിന്റെ സമ്പത്ത് എവിടെയും പോയില്ലല്ല്. ഷെയറിന്റെ വില പോകുമ്പ എങ്ങനെ രാജ്യത്തിന്റെ സമ്പത്ത് പെയ്യൂടണത് പിന്നെ?

അതാണോ കാര്യം...
ഇതു ചോദിച്ചപ്പ എല്ലാരും സെന്‍സെക്സ് ബുള്ള് ബുള്‍ഷിറ്റ് എന്നൊക്കെ പറയുന്ന്, അപ്പ കൂടുതല്‍ കണ്‍ഫ്യൂഷന്‍.

ശരി. രാജ്യത്ത് മൊത്തം രണ്ടു പേരേ ഉള്ളെന്ന് വിചാരിക്ക്. നീ സ്ഥലം വാങ്ങിച്ചു. ഒരു ലക്ഷം രൂപ കൊടുത്ത്. ഒരു ലക്ഷം രൂപ പോയി സ്ഥലം കിട്ടി.
കിട്ടി.

നീ സ്ഥലം വിറ്റു അമ്പതിനായിരം രൂപ കിട്ടി. ഇപ്പോള്‍ സ്ഥലം പോയി, നിനക്ക് അമ്പതിനായിരം കിട്ടി, ബാക്കി അമ്പതിനായിരം മറ്റേ ആളിന്റെ കയ്യിലും . ഒരു പ്ലോട്ട്, നിന്റെ കയ്യില്‍ അമ്പതിനായിരം, അയാളുടെ കയ്യിലെ അമ്പതിനായിരവും ചേര്‍ത്ത് ഒരു ലക്ഷം. കൈ മാറിയെന്നല്ലാതെ ഒരു മാറ്റവുമില്ല.

ശരി.
ഇനി, നീ ഒരു ലക്ഷം രൂപ മുടക്കി ഒരു പെട്ടിക്കട തുടങ്ങിയെന്നു വയ്ക്കുക.

ലക്ഷം പോയി, കട വന്നു.
കൃത്യം. ഇനി ഒരു കമ്പനി തുടങ്ങാന്‍ ലക്ഷം രൂപയുടെ ഷെയര്‍ എടുത്തെന്ന് വിചാരിക്കുക.

കമ്പനി ഉണ്ടായി, ലക്ഷം പോയി.
അവിടെയാണു വത്യാസം. ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി, നിങ്ങളുടെ ഒരു ലക്ഷം രൂപ പോയി, പക്ഷേ കയ്യില്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്, നിനക്കു എപ്പോള്‍ വേണമെങ്കിലും അതു വില്‍ക്കാം, അതുകൊണ്ട് അത് കുറേയൊക്കെ പണത്തിനു തുല്യമാണ്‌. ഫലത്തില്‍ ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി നിന്റെ കയ്യിലെ ഒരു ലക്ഷം പോയതുമില്ല.

ങേ? അപ്പോള്‍ ആരും ഒന്നും കൊടുക്കാതെ ഒരു ലക്ഷം രൂപയുടെ കമ്പനി പൊട്ടി മുളച്ചു.
കറക്റ്റ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീയും കമ്പനിയുമായുണ്ടായ ഇടപാടു മൂലം രാജ്യത്ത് ഒരു ലക്ഷം രൂപയുടെ പണം കൂടി ഇറങ്ങി.

ഓ അങ്ങനെ. അപ്പോ ഷെയറിനു മാത്രമേ ഇങ്ങനെ പണം നിര്‍മ്മിക്കാനുള്ള ശേഷിയുള്ളു.
ഷെയറിനും മറ്റു പണമിടപാടു സര്‍ട്ടിഫിക്കേറ്റുകളും ക്വാസി മണി ഫങ്ങ്ഷന്‍ വഴി പണം നിര്‍മ്മിക്കുന്നു. ഇതിലും ലളിതമായി ബാങ്കുകള്‍ പണം നിര്‍മ്മിക്കും.

അതെങ്ങനെ?
ജിമ്പിള്‍. നീ നൂറു രൂപ ബാങ്കിലിട്ടു. ബാങ്ക് അതില്‍ നിന്നും എഴുപത്തഞ്ചു രൂപ ലോണ്‍ കൊടുത്തു. നിനക്കു ബാങ്കിലിട്ട പൈസ എപ്പോള്‍ വേണമെങ്കിലും ഏടീ‌എമില്‍ പോയി എടുക്കാം, അപ്പോള്‍ ഫലത്തില്‍ നിന്റെ കയ്യില്‍ നൂറു രൂപ ഉണ്ട്, ലോണെടുത്തവന്റെ കയ്യില്‍ എഴുപത്തഞ്ചും. മൊത്തം നൂറ്റി എഴുപത്തഞ്ചു രൂപ.

അല്ലാ, അപ്പോള്‍ ഞാന്‍ നൂറു രൂപ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കന്റ്റെ കയ്യില്‍ ഇരുപത്തഞ്ചു രൂപയല്ലേ ഉള്ളൂ?
അങ്ങനെ വരില്ല. നിന്നെപ്പോലെ കോടിക്കണക്കിനു ആളുകള്‍ ബാങ്കില്‍ പണം ഇടുകയും എടുക്കുകയും ലോണെടുക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുകയാണ്‌ ഒരിക്കലും എല്ലാവര്‍ക്കും മൊത്തം പൈസയും ഒരുമിച്ചു തിരിച്ചെടുക്കേണ്ടി വരില്ല. ആ ടൈമിങ്ങ് ഡിഫറന്‍സ് കൊണ്ടാണ്‌ ബാങ്കുകള്‍ പണം നിര്‍മ്മിക്കുന്നത്.

അപ്പോ പറഞ്ഞു വന്നത് ഷെയറുകളുടെ കാര്യം.
അതേ നിന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്. ഒരു ദിവസം രാവിലേ അത് ഇരുപത്തയ്യായിരമേ ഉള്ളെന്ന് വന്നാലോ?

വന്നാല്‍?
നീ ബാങ്കില്‍ നൂറു രൂപ ഇട്ടു. അടുത്ത ദിവസം രാവിലേ ബാങ്ക് വിളിച്ചിട്ട് പത്തിന്റെ പത്തു നോട്ട് നീ കൊടുത്തതില്‍ എട്ടും കള്ളനോട്ട് ആണ്‌ നിനക്കിനി ഇരുപതു രൂപയേ ഉള്ളു എന്നു പറഞ്ഞാല്‍ എന്തായി?

എന്റെ എണ്‍പതു രൂപ പോയി.
അതുപോലെ എല്ലാവരുടെയും കയ്യിലുള്ള പത്തയ്യായിരം കോടി രൂപയുടെ ഷെയര്‍ അതായത് ക്വാസി മണി ഒരു ദിവസം രാവിലെ അഞ്ഞൂ കോടി വിലയേ ഉള്ളു എന്നു വന്നാലോ? അത്രയും ഭീമമായ തുകയ്ക്കുള്ള പണം വാരിയിട്ടു കത്തിച്ചതു പോലെ ആയില്ലേ.

ഇനി ആ ഷെയറിനു വീണ്ടും വില കൂടിയാല്‍ കത്തിയ പണം ഫീനിക്സിനെ പോലെ പുനര്‍‌ജനിക്കില്ലേ?
തീര്‍ച്ചയായും. കൂടിയാല്‍, അതും കൂടിക്കഴിഞ്ഞ ശേഷം. പുരയിടം വാങ്ങുന്നതിലെ നഷ്ടവും ഷെയര്‍ മാര്‍ക്കറ്റിലെ നഷ്ടവും ആയുള്ള വത്യാസം ഇപ്പോള്‍ പിടി കിട്ടിയില്ലേ?

അതായത് ഷെയര്‍ എന്നത് മിഥ്യയായ പണമാണെന്നും ഒരു വിശ്വാസം മാത്രമാണെന്നും ചുരുക്കം. വിശ്വാസം പോയാല്‍ പണവും പോയി അല്ലേ?

ശരി. പക്ഷേ ഷെയര്‍ മാത്രമല്ല മിഥ്യ, എല്ലാ തരവും പണവും അങ്ങനെ തന്നെ.
നിനക്കു ഒരു ലക്ഷം രൂപ കയ്യില്‍ ഇരിപ്പുണ്ട്. എന്താണത്? അച്ചടിച്ച കുറേ തുണ്ടു പേപ്പര്‍. ഒരു ദിവസം രാവിലേ ജനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ രൂപയില്‍ വിശ്വാസമില്ലാതെ ആയാല്‍ ആ തുണ്ടു പേപ്പര്‍ കൊണ്ട് എന്തെങ്കിലും വിലയുണ്ടോ?

അയ്യോ.
പേടിക്കണ്ടാ, ഷെയറുപോലെ അല്ല അതിലുംദൃഢമാണ്‌ പണത്തിനു മേലുള്ള വിശ്വാസം, അങ്ങനെ ഒന്നും അതു പോകില്ല.

ഒരിക്കലും പോകില്ലേ.
പോയിട്ടൊക്കെ ഉണ്ട്, സാധാരണ നിലയ്ക്ക് പോകില്ല. ധൈര്യമായിരി.

Sunday, October 26, 2008

ആരടേ ഈ അന്തോണി?

എല്ലാരൂടി ഞാങ്ങ് ആരാന്ന് അന്വേഷിച്ച സിതിക്ക്, എന്റെ കരിക്കലം വിറ്റേ ദാണ്ട്:

പേരുവിവരം:
പ്യാര്‌ ഇംഗ്ലീഷില്‍ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്
പ്യാര്‌ മലയാളത്തില്‍ - അജ്ഞാതന്‍ ആന്റണി
പ്യാര്‌ തിരുവന്തോരം ഭാഷയില്‍- അണ്ണന്‍ കൊണ്ണി അന്തോണി

വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്: (യേയ് മൂന്ന് നമ്പരല്ല!)
പ്രായം- തോനെ ആയി
ഭാര്യ- ഒണ്ട്
മക്കള്‍- ഒണ്ട്
നീളം- ഒന്നൊന്നേ മുക്കാ മീറ്ററ്‌
വണ്ണം- സ്വല്പ്പം
കൊടവയറ്‌- ഇത്തിപ്പോരം
നിറം- എബണി
കണ്ണ്- ഹണി
മുടി- പാറ്റയുടെ നിറം
പല്ല്‌ - ഇരുപത്തി ഒമ്പതെണ്ണം ഒണ്ട് ബാക്കി നഷ്ടപ്പെട്ടു, കയ്യിലിരുപ്പിന്റെയാ (തെറ്റിദ്ധരിച്ചോ, മുട്ടായി തിന്ന് നാശമാക്കി, അതോണ്ട് എടുത്തു കളഞ്ഞെന്ന്)

പഠിപ്പ്?
എലിമെന്ററി ഡോക്റ്റര്‍ വാട്ട്‌സണ്‍, എലിമെന്ററി.

ശീലങ്ങള്‍:
ഭക്ഷണം- മൂന്നു നേരം
മദ്യം- എടയ്ക്ക് ഓരോ ബീയര്‍ മിക്കവാറും ആഴ്ച അറുതിക്ക്.
പല്ലു തേപ്പ്, ഷേവിങ്ങ്, കുളി- ആരേലും നിര്‍ബ്ബന്ധിച്ചാല്‍ ചെയ്യും.

ഊരും കുടിയും:
ഇപ്പ ദുബായില്‍. പെര തിരുവന്തോരത്ത്. ഒരു ത്യാരിയില്‍.
പണി: ജെയിലില്‍ പോകാത്ത എന്തരും ചെയ്യും. പാരപണി താല്പ്പര്യമില്ല, എന്നാലും സാഹചര്യ സമ്മര്‍ദ്ദത്തില്‍ ചെയ്തു പോയിട്ടുണ്ട്, ക്ഷെമി.

രാഷ്ട്രീയം:
രാഷ്ട്രീയം- ഒണ്ട്
രാഷ്ട്രീയ പാര്‍ട്ടി- ഇല്ല
വോട്ട്- ചെയ്യും
കള്ളവോട്ട്- തടുക്കും
രാജ്യസ്നേഹം:- ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരൊന്നുമല്ല, ഒരു ഇന്ത്യക്കാരി എന്റെ ഭാര്യയാണ്‌, ചില ഇന്ത്യക്കാര്‍ സഹോദരങ്ങളാണ്‌. ബാക്കി ചിലര്‍ സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമാണ്‌. ശേഷമുള്ളവരെ ഞാന്‍ അറിയൂല്ല. അതുകൊണ്ട് പ്രശ്നവുമില്ല, എന്റെ സഹോദരീ സഹോദരന്മാരെയേ ഞാന്‍ സ്നേഹിക്കൂ, ബാക്കിയുള്ളവരെ വെറുക്കും എന്ന് ഒരു വാശിയും എനിക്കില്ല.

സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന പാട്ടു കേട്ടാല്‍ എനിക്കു ചിരി വരും, എന്തരു ചെയ്യാങ്ങ്, കൊറേ നാടു കണ്ടുപോയി. അതും ഒരു പ്രശ്നം അല്ല, സാരേ ജഹാം സേ അച്ഛനെ മാത്രമേ അച്ഛാ എന്നു വിളിക്കൂ എന്നില്ലല്ലോ.

എനിക്ക് ഇന്ത്യക്കാരെ ഇഷ്ടമാണ്‌, പാകിസ്ഥാനികള്‍ എന്റെ ശത്രുക്കളല്ല, അറബികളെയും സായിപ്പന്മാരെയും മഞ്ഞനാട്ടുകാരെയും ജപ്പാന്‍ കാരെയും ഒക്കെ എനിക്കിഷ്ടമാണ്‌. ഒരുത്തനെ സ്നേഹിക്കുന്നെന്ന് ഞാന്‍ പറഞ്ഞാല്‍ ബാക്കി എല്ലാവരെയും വെറുക്കുന്നെന്ന് അര്‍ത്ഥമില്ല.

ആര്‍മ്മാദം
സിനിമ- ഈയിടെ ഒന്നും കണ്ടില്ല.
പാട്ട്- ഇഷ്ടമാണ്‌, പാരഡി വളരെ ഇഷ്ടമാണ്‌. പാടൂല്ല, പാടുപെട്ടാലും പറ്റൂല്ല.
കല- യേയ്, ഏഴയലത്തു പോലും.
നൃത്തം- പിന്നേ ഞാന്‍ നടക്കുന്നത് തന്നെ നൃത്തച്ചുവടിലാ.
എഴുത്ത്- കുറവാണ്‌ എന്റെ കൈയ്യക്ഷരം എനിക്കു തന്നെ വായിക്കാന്‍ മേലാ. ഒക്കെ ടൈപ്പിങ്ങ് ആക്കി.

ബ്ലോഗെഴുത്ത്
എന്തരിന്‌ അനോണിയായി നടക്കണത്? ചുമ്മ പള്ള് വിളിക്കാന്‍ തന്നേ? അതോ മനസ്സി തോന്നണത് നട്ടെല്ല് നൂത്ത് പറയാന്‍ ധൈര്യമില്ലേടേ?
ബ്ലോഗേല്‍ പള്ള് വിളിക്കണ ശീലമില്ല. നെറ്റില്‍ കേറി നാലു തെറി എഴുതാന്‍ വല്യ ധൈര്യമൊന്നും വേണ്ടടേ, യാത് കാ പെറുക്കി പയലിനും അത് പറ്റും. അതവാ ഇഞ്ഞി വിളിക്കണം എന്ന് തോന്നിയാ അത് സ്വന്തം പ്യാരേല്‍ വന്ന് ചെയ്യും. ആരുമല്ലാതെ ഇരിക്കുക ഒരു സുഖമാണ്‌. എന്റെ സ്വന്തം ഊരും പേരുമിട്ടാല്‍ എനിക്ക് എന്റെ ഓഫീസിനെക്കുറിച്ചും ജോലിയെക്കുറിച്ചും എഴുതാന്‍ കഴിയില്ല. അദ്ധ്വാനിച്ച് ബ്ലോഗ് വായിക്കുന്നും എഴുതുന്നുമില്ല. ഒരു ഈ-മെയില്‍, അഞ്ചു മിനുട്ട് കൊണ്ട് അടിക്കാവുന്ന മാറ്റര്‍. ബ്ലോഗിലേക്ക് ഒറ്റ അയപ്പ്, എന്തരോ വരട്ട്. സുഖം, സുഖകരം.

ഇങ്ങനെ കൊച്ചു വര്‍ത്താനം പറഞ്ഞോണ്ട് ഇരുന്നാ മതിയാടേ, വല്യ വല്യ കാര്യങ്ങള്‍ എഴുതാനല്ലീ ഈ ബ്ലോഗുകളൊക്കെ?
വേണം ചെല്ലാ. പക്ഷേ അങ്ങനെ വല്യ വല്യ ഒരുപാടൊന്നും അറിയത്തില്ലെടേ, അറിയാവുന്നത് എഴുതണോങ്കി തോനേ സമയവും വ്യാണ്ടീ? ജ്വാലിയൊണ്ട്, പൊറുതീം പുള്ളേം ഒണ്ട്, കൂട്ടുകാരും നാട്ടുകാരുമൊണ്ട്. സമയം കിട്ടുമ്പ വല്ലോം എഴുതണം. അത് നടക്കണത് വരെ ചെലയ്ക്കാതെ ഇരിക്കാനാണേല്‍ ചെലപ്പം ആണ്ടില്‍ ഒരു പോസ്റ്റേ നടക്കത്തൊള്ള്. ഡെയിലി വായി വരുന്നത് എഴുതി വിടാങ്ങ് ഒരു രസവല്ലീ?

എന്തരിന്‌ ഇയാള്‌ ബ്ലോഗ് എഴുതണത്?
എന്തരിന്‌ ബ്ലോഗ് എഴുതാതെ ഇരിക്കണത്?

Saturday, October 25, 2008

അഹന്തക്കിന്ത ഞൊട്ട്

രാവിലേ ചായ കടയീന്നു കുടിച്ചാലേ അവധി ദിവസം തൊടങ്ങിയ ഫീല്‍ വരൂ. അയലോക്കത്തുള്ളവരെ എല്ലാം ഒരുമിച്ചൊന്നു കാണാന്‍ പറ്റുന്ന ഒരു ചിന്ന ക്ലബ്ബാണ്‌ ചായക്കട. അങ്ങനെ ഒരു റൗണ്ട് ചായയും ലോഹ്യവും കഴിഞ്ഞിറങ്ങുമ്പോള്‍ ദാ പൊളന്ന് വരണ്‌ ചെവല മാരുതി. ഡ്രൈവിങ്ങ് സീറ്റില്‍ പറവൂര്‍ ഭരതനെ കരിയോയില്‍ പെരട്ടിയമാതിരി ഒരു രൂപം. പച്ച പ്യാശ, വെള്ള ടീഷര്‍ട്ട്. എമ്മെസ് തൃപ്പൂണിത്തറേടെ ശബ്ദത്തില്‍ ഒരു ഹലോയും. സംശയമില്ല രവിസാറ്‌ തന്നെ.

"ആന്റോ സൂങ്ങള്‌ തന്നെ?"
"തന്നെ. സാറങ്ങോട്ട് ഞാറാഴ്ച രാവിലേ?"
"കൗടിയാറ്‌ വരെ . പെരേടത്തില്‍ സ്വല്പ്പ തേങ്ങായിടാനൊണ്ട്."
"എന്നാ ഞാനും വരട്ടേ? കൊറവങ്കോണം സണ്ഡേ ബാങ്കി‍ അമ്മച്ചിക്കൊരക്കൗണ്ടൊണ്ട്. ഒന്നരവര്‍ഷമായി പാസ് ബുക്ക് പതിച്ചിട്ടില്ല."
"ചുമ്മ വരീ."

ഏടീയെം ഒന്നും അന്ന് സ്വപ്നങ്ങളില്‍ പോലുമില്ല. ഞായറാഴ്ച കാശിനൊരത്യാവശ്യം വന്നാല്‍ കടം വാങ്ങാതെ കഴിക്കാന്‍ തിരുവനന്തപുരത്ത് അന്ന് ഒരേയൊരു പോം‌വഴി കുറവന്‍ കോണത്തെ ഞായറാഴ്ച തുറപ്പന്‍ ബാങ്കാണ്‌. പതിക്കാതെ വളരെയായി ഇപ്പോ അമ്മച്ചിക്ക് അതേല്‍ വല്ലോം മിച്ചമുണ്ടോന്ന് അറീയാതെയായി.

രവിസാറിന്റെ തേങ്ങാക്കൊലകള്‍ വണ്ടീടെ പിന്‍ സീറ്റിലടുക്കി. നേരേ അവധിബാങ്കില്‍ ചെന്നു.
"പാസ്സുബുക്കൊന്ന് പതിക്കണം."
"തന്നിട്ട് പോ, ഒരാഴ്ച കഴിഞ്ഞ് വാ."
"പാസ്സുബുക്ക് പതിക്കാന്‍ ഒരാഴ്ചയോ?"
ലെഡ്ജറില്‍ നോക്കി ഇണ്ണാ ശൂ എന്ന് എഴുതിയാ മതി. ഒരാഴ്ച എടുക്കും പോലും.

"ദാ കണ്ടോ, ഇതെല്ലാം പതിക്കാന്‍ കിടക്കുന്ന പാസ്സ് ബുക്കാണ്‌. എത്ര ദിവസം എടുക്കുമെന്നാ വിചാരം?" ക്ലാര്‍ക്കദ്യം എട്ടുപത്ത് കൊച്ചു പുസ്തകം കാട്ടി.
"ഏറിയാ പതിനഞ്ചു മിനുട്ട്." രവിസാറു പറഞ്ഞു.

"എന്നാ ഇയ്യാള്‌ തന്നെ വരവ് വയ്ക്ക്, കാണട്ട്. ഞാനൊപ്പിട്ടു തരാം." ബാങ്കണ്ണന്‍ നീക്കിയൊരു തള്ള്.

രവിസാറ്‌ പലക മതിലിനു അകത്തോട്ട് കേറി തണ്ടപ്പേരു പുസ്തഹന്‍ പൊക്കി അക്കൗണ്ട് നോക്കി പാസുബുക്ക് എഴുതി. ഉദ്ദേശം അര മിനുട്ട്.
"ഒപ്പിട്ടോ."

ഈ ലോകത്ത് അധികമാര്‍ക്കും അറിയാത്ത, മഹാ ഉത്തരവാദിത്തം നിറഞ്ഞ സങ്കീര്‍ണ്ണമായ പ്രത്യേക പരീശലം ലഭിച്ച മലമറിക്കല്‍ വിദഗ്ദ്ധന്മാര്‍ക്കു മാത്രം, അതും വലിയ പരിശ്രമത്തോടെ മാത്രം ചെയ്യാന്‍ പറ്റുന്ന ആനക്കാര്യം നിസ്സാരമായി ചെയ്തുകളഞ്ഞ ഭയങ്കരന്റെ വേഷത്തിലോട്ട് ക്ലെര്‍ക്ക് അന്തം വിട്ടു നോക്കി.
"എന്തു ചെയ്യുന്നു?"
"പെയ്യൂടാന്‍ ഒരുങ്ങി നിക്കണ്‌."
"അതല്ല എന്താ നിങ്ങള്‍ക്ക് ജോലി?"
"ഈ മുടുക്കി ആട്ടോ ഓടിക്കല്‌ തന്നെ. ലിവന്‍ ലോറി ക്ലീനറാ."

ശൂ എന്ന് ഒരു അഹന്ത പഞ്ചറാവുന്ന ചീറ്റലും കേട്ട് ഞങ്ങള്‍ ഇങ്ങ് ഇറങ്ങി പോന്നു.

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ചെയ്യപ്പോഴും ആ പാവം എന്നെ മറന്നിട്ടില്ല . എന്നെ കണ്ടതും ഒരു വെപ്രാളത്തില്‍ പുള്ളി പാസുബുക്ക് എടുത്ത് എഴുതി തന്നു. പോരാന്‍ നേരം സ്വല്പ്പം മടിയോടെ ചോദിച്ചു.
"അന്നു വന്ന ആ പുള്ളി ആരായിരുന്നു?"
"രവിസാറോ? അന്ന് ക്യാനറാ ബാങ്കിന്റെ എസ് ഐ ബി മാനേജറായിരുന്നു. ഇപ്പോ റീജ്യണല്‍ മാനേജരാ."
(പത്തിരുപതു കൊല്ലം പഴയ കഥയാണ്‌. പ്രായം വച്ചു നോക്കുമ്പോള്‍ അഹന്തയാള്‍ റിട്ടയറായി കാണണം. ഇനി ആ ബാങ്കില്‍ പോണ ആരും ഇന്നിരിക്കുന്നവരെ സംശയിക്കല്ലേ.)

Monday, October 20, 2008

മുള്ളനും പലതുണ്ടല്ലേ?

ഈ വടക്കന്‍ പേരുകള്‍ കൊണ്ട് വലഞ്ഞല്ല് എന്റെ വെട്ടുകാട് പള്ളീ.

റാം മോഹന്‍ ‌ജീ എഴുതിയ പോസ്റ്റില്‍ പറയുന്നു അവരുടെ നാട്ടില്‍ മുള്ളന്‍ എന്നു പറയുന്നത് silver belly എന്ന മീന്‍ ആണെന്ന്.

ഒരു എറണാകുളം ആലുവ വരെ മുള്ളന്‍ എന്നു പറയുന്നത് ഞങ്ങള്‍ കാരല്‍ എന്നു പറയുന്ന സംഗതി - സായിപ്പിന്റെ പോണിഫിഷും ടൂത് പോണിയും . ലോ ലിവന്മാര്‍.

http://en.wikipedia.org/wiki/Ponyfish
http://www.fishbase.org/Summary/SpeciesSummary.php?id=4462

അതിലും വടക്കോട്ടായപ്പ മുള്ളന്‍ ആളു മാറി!

പശു എന്നു പറഞ്ഞാല്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഒരേ ഉരു തന്നെ- പാല്‍ തൂ ജാന്‍‌വര്‍.
മീനിനു മാത്രം എന്തേ പല പേര്‍?

കാരണം രണ്ടാവാം.
ഒന്നാമത് ഐസും അമോണിയയും ചാളലോറിയും സായിപ്പു കണ്ടു പിടിക്കും മുന്നേ, ബജാജ് മീന്‍-80 എന്ന സ്കൂട്ടറും ഇറക്കും മുന്നേ ആണ്‌ മലയാളം ഉണ്ടായത്. അന്ന് മീനിനു വലിയ റേഞ്ച് ഉള്ള വിപണിയില്ല, തലച്ചുമടായോ കാളവണ്ടിയിലോ കൊണ്ടുപോകാവുന്ന ദൂരത്തിനു പരിധി ഉണ്ടല്ലോ. അതുകൊണ്ട് തിരുവനന്തപുരത്തു പിടിച്ച് മീനുമായി ഒരു മാനയും കൊച്ചിക്കു പോകില്ല, തിരുവനന്തപുരത്ത് നെയ്മീന്‍ എന്നു വിളിക്കുന്ന സാധനം വടക്ക് അയക്കൂറയായി. പേരുകള്‍ പറഞ്ഞുറച്ചാല്‍ പിന്നെ മനസ്സീന്നു പെയ്യൂടില്ലല്ല് മയിനീ.

ഇനിയും ഒരു കാരണം ഉണ്ട്. മീന്‍ ഒരു വിശിഷ്ഠ ഭോജ്യമല്ലാത്തതുകൊണ്ടും (എന്തരോ എന്തോ, ഹംസത്തെ വരെ തിന്നാന്‍ നോക്കിയിട്ടുണ്ട് പല രാജാക്കന്മാരും, ഒരു ചൂണ്ട ഇടാന്‍ ആരും ശ്രമിച്ചില്ല) മറ്റും ഒരു ഗ്രന്ഥത്തിലും മീനിനെക്കുറിച്ച് വലിയെഴുത്തൊന്നുമില്ല. ഒരു രാജപണ്ഡിതസഭയും മീനിനെക്കുറിച്ചോ മണ്‍‌സൂണ്‍ ട്റോളിങ്ങിനെക്കുറിച്ചോ ചര്‍ച്ചയും നടത്തിയിട്ടില്ല. അതോണ്ട് ഓരോ നാട്ടിലും മീനിനു അരയന്‍ വിളിച്ച പേരായി.

എലപ്പാട്ടി എന്നാല്‍ ഇല പോലെയുള്ള മീന്‍. മാന്തള്‍ എന്നാല്‍ എന്താവോ.

വേറേയും ഒണ്ട് കൊഴപ്പം. നമ്മള്‍ മത്തി മത്തി എന്നു പറയണത് ഇലോംഗേറ്റ് ഇലിഷ എന്ന അലിഷ ചിനായിയെ ആണ്‌. വടക്കോട്ട് സാര്‍ഡൈന്‍ മീനിനും. രണ്ടു മീന്‍- ഒരു പേര്‍@രണ്ടിടം. എന്തരോന്തോ.

Sunday, October 19, 2008

ക്രൈറ്റീരിയ

ശരി, ആരൂഢം കൂട്ടി, വളയടിച്ചു കേറ്റി.
ഇനി?

ഇനി നിങ്ങടെ ഓരോ സ്ഥലത്തെയും കീ യൂസര്‍മാരെ ഇങ്ങോട്ട് പറഞ്ഞ് വിട് ഞങ്ങള്‍ ഒരു രണ്ടാഴ്ച ട്രെയിനിങ്ങ് കൊടുക്കാം.

ബാക്കിയുള്ളവരെ?
അവരെ കീയന്മാര്‍ ട്രെയിന്‍ ചെയ്തോളും. വാമ്പയര്‍ ഒരുത്തനെ കടിച്ചാല്‍ അവനും വാമ്പയര്‍ ആയി മാറുന്നതുപോലെ കീയൂസറെ ഞങ്ങള്‍ ട്രെയിന്‍ ചെയ്താല്‍ അവന്‍ ട്രെയിനര്‍ ആയി മാറും, യേത്?

എല്ലാരേം നിങ്ങക്ക് പരിശീലിപ്പിക്കാന്‍ പറ്റൂല്ലേ?
ഞങ്ങക്ക് ഒരു പാടുമില്ല, പക്ഷേ നിങ്ങടെ മടിശ്ശീല കീറുമെന്ന് മാത്രം. ചെല്ലാ, നോക്കിയും കണ്ടും ചെലവാക്കെടേ, സാമ്പതിക്ക ബുദ്ധിമാന്ദ്യത്തിന്റെ കാലമാ.

അല്ലാ ഇപ്പ ഈ കീ യൂസറെന്നു വച്ചാല്‍? അവന്മാരെ കണ്ടുപിടിക്കാന്‍ വല്ല ഇവാല്യുവേഷന്‍ ക്രൈറ്റീരിയയോ ചെക്ക് ലിസ്റ്റോ കോമ്പീറ്റന്‍സി ചാര്‍ട്ടോ മറ്റോ ഉണ്ടോ?
എന്തരിന്‌ കൂവാ ചാര്‍ട്ടും പുസ്തകോം? ചുമ്മാ ഓരോ സെക്ഷനിലോട്ട് കേറി ഒന്നോടിച്ചു നോക്കുക.

അപ്പ?
അപ്പ ഒരുത്തന്‍ കാണും, അവനെ കണ്ടാ ഒടനേ മനസ്സി നെരുവിക്കും, "യെവനെ പറഞ്ഞ് ട്രെയിനിങ്ങിനു വിടാന്‍ പറ്റൂല്ല, രണ്ടാഴ്ച യെവന്‍ മാറി നിന്നാ ഇവിടത്രയും ചളം ആകും" എന്ന്. അവന്‍ തന്നെ അവിടത്തെ കീയൂസര്‍.

ങേ?
ങാ.

Saturday, October 18, 2008

ഭക്‌ഷ്യം

ദാ അന്തപ്പാ, ഓറഞ്ച് എടുക്കപ്പാ.
ഇത് എന്തരാപ്പാ, എനിക്ക് പനിയില്ലല്ലോ?

പനിയോ?
തന്നെ. എന്റെ നാട്ടില്‍ ആളുകള്‍ ഓറഞ്ചുമായി കാണാന്‍ വരുന്നത് ജ്വരം മൂത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴാ. ഇനി നിന്റെ ഫിലിപ്പിന്‍സില്‍ അങ്ങനെ അല്ലേ മൗറീന്‍?

ഇത് അതൊന്നുമല്ല, ഒരെണ്ണം എടുക്ക്.
ഞാന്‍ രാവിലേ മൂന്നു ദോശയും കടലക്കറിയും കഴിച്ചതാ.

ഇന്ന് എന്താ ദിവസമെന്ന് അറിയാമോ?
പതിനാറ്‌.

അതല്ല, ഇന്ന് ലോക ഭക്‌ഷ്യ ദിനമാണ്‌.
ഓ ആണോ ഞാനറിഞ്ഞില്ല. എന്നും എന്തെങ്കിലും ദിനമാണല്ലോ. ഒന്നുമില്ലാത്ത ഒരു ദിവസം കലണ്ടറില്‍ ബാക്കിയുണ്ടോ എന്തരോ. ഉണ്ടെങ്കില്‍ അത് ലോക ദിനമില്ലാദിനമായി ആഘോഷിക്കാമായിരുന്നു. അതു പോട്ട്, ഭക്ഷ്‌ഷ്യ ദിനം ആയതുകൊണ്ടണല്ലേ രാവിലേ എന്നെ തീറ്റാന്‍ ഇറങ്ങിയത്. മദ്യദിനമല്ലാത്തത് ഭാഗ്യം ഇല്ലെങ്കില്‍ നീ രാവിലേ എനിക്കു കള്ളുമായി വന്നേനെ.

അപ്പോ ഇങ്ങനെ ദിനങ്ങളൊന്നും ഇഷ്ടമല്ലേ?
പെണ്ണേ, ഭക്ഷ്യദിനം എന്നാല്‍ ഭോജനോത്സവം അല്ല. കഴിഞ്ഞ കൊല്ലത്തെ ഭക്ഷ്യദിനം 'ആഹാരം ഒരു മനുഷ്യാവകാശം' എന്ന് പ്രഖ്യാപിക്കാനായിരുന്നു. ഇക്കൊല്ലത്തേത് കാലാവസ്ഥാമാറ്റവും ജൈവ ഇന്ധനവും ഭക്ഷണത്തെ നശിപ്പിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്നാലോചിക്കാനാ.

അല്ല അപ്പോ നമ്മളെന്തു ചെയ്യണം?
ലോകത്ത് നാലിലൊരാള്‍ക്ക് ഭക്ഷണമൊന്നുമില്ല. നിന്റെ ഫിലിപ്പൈന്‍സില്‍ മൂന്നിലൊരാള്‍ പട്ടിണിയിലാണ്‌ , അവര്‍ക്ക് എന്തെങ്കിലും ചെയ്യൂ. ഒന്നും ചെയ്യാനില്ലെങ്കില്‍ അവരില്‍ ആര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കൂ.

ഓ ഈ ചേരിയിലൊക്കെ താമസിക്കുന്നവര്‍... അവരിത്രയും പേരുണ്ടെന്ന് അറിഞ്ഞില്ല.
മനിലയിലെ ചേരിവാസികള്‍ പട്ടിണിക്കാരിലെ ഒരു ചെറിയ വിഭാഗം മാത്രമാണ്‌ മൗറീന്‍. മഹാഭൂരിപക്ഷം ഫിലിപ്പൈന്‍സിലെ ദരിദ്രരും ഗ്രാമങ്ങളിലെ കൃഷിക്കാരാണ്‌.

ലോകത്ത് പട്ടിണി പകുതി ആയെന്ന് വായിച്ചല്ലോ.
അത് വെറും കണക്കുകൊണ്ടുള്ള സര്‍ക്കസ് അല്ലേ. എവിടെ എന്തു കുറയുന്നെന്ന്? ചൈന ഡിഫ്ലേറ്റര്‍ ഉപയോഗിച്ച് കണക്കു കൂട്ടിയാലേ സത്യം അറിയുള്ളു എന്നു മാത്രം.

അതെന്താ ചൈനാ ഡീഫ്ലേറ്റര്‍?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുണ്ടായിരുന്നത് ചൈനയിലായിരുന്നു. 1981ല്‍ അത് മൊത്തം ചൈനയുടെ അറുപത്തി നാലു ശതമാനം ആയിരുന്നു. ഇപ്പോള്‍ അത് പത്തു ശതമാനത്തിലും താഴെയാണ്‌. അതായത് അമ്പതു കോടി ജനങ്ങള്‍ ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് അവിടെ പട്ടിണിക്കാരല്ലാതായി. ലോകരാജ്യങ്ങളുടെ പട്ടിണിക്കണക്ക് എടുക്കുമ്പോള്‍ ചൈനയുടെ ജനസംഖ്യയുടെ ഭീമമായ വലിപ്പം കൊണ്ടും അവിടെ അതിവേഗം പട്ടിണി കുറഞ്ഞതുകൊണ്ടും അത് മൊത്തം ലോകത്തിന്റെ പട്ടിണികുറയലിനെ സത്യത്തില്‍ ഇല്ലാത്ത വേഗത്തില്‍ കുറയുകയാണെന്ന് കാണിക്കും. നല്ലൊരുശതമാനം സാമ്പത്തിക വിദഗ്ദ്ധരും അതുകൊണ്ട് ലോകജനതിയില്‍ നിന്നും ചൈനയെ ഒഴിവാക്കിയാണ്‌ ശരിക്കുള്ള ദാരിദ്ര്യം കണക്കു കൂട്ടുന്നത്. അതാണ്‌ ചൈനാ ഡീഫ്ലേറ്റര്‍ മെതേഡ്. അങ്ങനെ നോക്കുമ്പോള്‍ ഏഷ്യാ ആഫ്രിക്ക തുടങ്ങിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പത്രത്തില്‍ അടിച്ചു വരുന്ന ഗ്രാഫുകളിലെപ്പോലെയൊന്നുമല്ല, വളരെ കുറവാണെന്ന് കാണാം.


മനസ്സിലായില്ല.
എടേ, ലോകദാരിദ്ര്യം പകുതി ആയി എന്നു പറയുന്നത് ഇങ്ങനെയാണ്‌. പരമദരിദ്രന്‍ എന്നാല്‍ ഒരു ദിവസം ഒരു ഡോളറിനു താഴെ വരുമാനം ഉള്ളവന്‍ എന്നായിരുന്നു കണക്ക് , ഈയടുത്ത സമയത്ത് അത് ഒന്നേകാല്‍ ഡോളര്‍ ആക്കി. 1981ല്‍ ലോക ജനനതയുടെ അമ്പതു ശതമാനത്തോളം ഒരു ഡോളറില്‍ താഴെ വരുമാനക്കാരായിരുന്നു. 2006ല്‍ അത് ലോകജനതയുടെ ഇരുപത്തഞ്ച് ശതമാനമായി. ഹൗ വണ്ടര്‍ഫുള്‍. എന്നാല്‍ ചൈനയെ ഒഴിച്ച് ഈ കണക്കെടുത്താല്‍ എണ്‍പത്തൊന്നില്‍ നാല്പ്പതു ശതമാനത്തില്‍ താഴെ ആയിരുന്ന ലോകദരിദ്രര്‍ രണ്ടായിരത്താറില്‍ മുപ്പതില്‍ അടുത്താണ്‌.ഒന്നേകാലിലല്ല, അതേ ഒരു ഡോളര്‍ കണക്കില്‍.


ആ. പകുതി ആയില്ലെങ്കിലും പത്തു ശതമാനമെങ്കിലും മാറിയല്ലോ.
നിന്റെ തലയില്‍ പേനല്ലാതെ ഒന്നുമില്ലേ? ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ പതിനഞ്ചു ശതമാനത്തില്‍ താഴെ വര്‍ദ്ധനവില്ലാത്ത ഏതെങ്കിലും രാജ്യം ഗ്ലോബില്‍ ഉണ്ടോ?

അപ്പോ ദാരിദ്ര്യം പകുതി ആകുകയല്ല കൂടുകയാണോ ചെയ്തത്?
പണപ്പെരുപ്പം കൂടി അഡ്ജസ്റ്റ് ചെയ്താല്‍, ഇന്ത്യയില്‍ ഏതാണ്‌ പത്തു ശതമാനത്തോളം ദാരിദ്ര്യം കാല്‍ നൂറ്റാണ്ടില്‍ കുറഞ്ഞു. വര്‍ഷം അര ശതമാനത്തിലും താഴെ. പോകട്ടെ അത്രയെങ്കിലും ആയി. ആഫ്രിക്കയില്‍ പട്ടിണിക്കാര്‍ ഇരട്ടിയും കവിഞ്ഞു. ചൈന ഡിഫ്ലേറ്ററും ഭക്ഷ്യവിലയിലെ ഡീഫ്ലേറ്റിങ്ങും കഴിയുമ്പോള്‍ ലോകം മൊത്തത്തില്‍ കാല്‍ നൂറ്റാണ്ടില്‍ ഒരു ശതമാനത്തിനടുത്ത് വത്യാസമുണ്ടായി. അതു തന്നെ ഇന്ത്യയും ലാറ്റിനമേരിക്കയും മാറ്റിയാല്‍ ന്യൂനസംഖ്യ ആവുമെന്ന് തോന്നുന്നു.

ഫിലിപ്പീന്‍സിന്റെ പ്രതിശീര്‍ഷവരുമാനം കുറവാണെന്ന് ഞാന്‍ വായിച്ചു.
അതിലും വളരെ കുറവല്ലേ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ നിങ്ങളുടെ അയല്‍‌രാജ്യങ്ങള്‍ക്ക്? അവരിലൊന്നും പട്ടിണി ശതമാനത്തോതില്‍ ഇത്രയധികം വരാത്തതെന്ത്?

അതെന്താ?
അതെന്തെന്ന് നീ അന്വേഷിച്ച് കണ്ടുപിടിക്ക്, ലോക ഭക്ഷ്യദിനമല്ലേ.

ഏതെങ്കിലും ചാരിറ്റിക്ക് കുറച്ച് പണമയക്കാം, അതാണ്‌ ഇതിലും എളുപ്പം.
അപ്പോള്‍ ഇന്ന് ലോക എളുപ്പ ദിനം ആണോ, ഭക്ഷ്യ ദിനം അല്ലേ?