Sunday, May 31, 2009

അച്ഛന്‍

ഒരു സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ വരുമ്പോള്‍ ഒരിമ്പ്രഷന്‍ വരവില്‍ തന്നെ ഉണ്ടാവണമെങ്കില്‍ ആറടി പൊക്കവും ചളുപുളാ എന്നല്ലാത്ത ശരീരവും വേണം-അതില്ല. എല്ലാവരോടും ഐ കോണ്ടാക്റ്റോടെ അങ്ങോട്ട് സ്വാഭാവികവും സങ്കോചമില്ലാത്തതുമായ രീതിയില്‍ അഭിവാദ്യത്തോടെ തുടങ്ങണം- ദൈവം ചതിച്ച് നാല്പ്പതാം വയസ്സിലും സഭാകമ്പം മാറിയിട്ടുമില്ല, ആദ്യത്തെ ഒരഞ്ചു മിനുട്ടെങ്കിലും.

നിര്‍മ്മാതാവ് ഔദാര്യപൂര്‌വം സൗജന്യമായി തന്ന ബാഗാണ്‌ ലാപ്പ്‌ടോപ്പിന്റേത്. മാറ്റി ഡണ്‍‌ഹില്ലിന്റെയോ കാര്‍ട്ടിയറിന്റെയോ ഒരസ്സല്‍ ഉരുപ്പടി വാങ്ങാന്‍ എന്റെ എച്ചിത്തരം നിറഞ്ഞ മനസ്സ് ഇതുവരെ സമ്മതിച്ചിട്ടില്ല.

ശ്രോതാക്കളില്‍ പകുതിയോളം ബ്രിട്ടീഷുകാരാണ്‌. എന്റെ മുടിഞ്ഞ ഇന്ത്യന്‍ ആക്സന്റ് അവര്‍ക്ക് തമാശയായി തോന്നുമോ?

ഇപ്പോ എന്താവോ ഫാഷന്‍, ഷര്‍ട്ടിനു മാച്ച് ചെയ്യുന്ന ടൈയ്യോ അതോ ജാക്കറ്റിനു മാച്ചുന്നതോ? ച്ഛേയ്; പണ്ടാരമടങ്ങാല്‍ വസ്ത്രം നാണം മറയ്ക്കണമെന്നതിലപ്പുറം ഒരു തേങ്ങയും അറിഞ്ഞൂടല്ലോ.

ആകെയുള്ള ആസ്തി യെവന്മാരെക്കാളും പറയാന്‍ പോണ കാര്യം നമുക്കറിയാം എന്നതാ. പോരെങ്കില്‍ വാക്കിലെ കുറവ് ആംഗ്യഭാഷ തീര്‍ത്തോളും, കഥകളിക്കാരന്‍ പോലും നമ്മള്‍ വര്‍ത്തമാനം പറയുമ്പോള്‍ വരുന്ന മുദ്രകളുടെ മുന്നില്‍ തോറ്റു പോകും.

എന്തരോ വരട്ട്.

ക്യാറി- സഭയ്ക്കു നമസ്കാരം. ശിശുര്‍‌വേത്തി പശുര്‍‌വേത്തി...

ഇരുന്നു- ഒടുക്കത്തെ കസേരയില്‍ ഇന്നുന്നാല്‍ മേശപ്പൊറത്ത് തല മാത്രമേ കാണൂ- ലിവര്‍ പിടിച്ച് പൊക്കി ബേബി ഹൈ ചെയര്‍ പോലെ ആക്കി ഇരുന്നു.

ലാപ്‌ടോപ്പ് ബാഗ് തുറന്നു- ജന്ത്രം പുറത്തേക്കു വലിച്ചു. ഉള്ളിലുള്ളത് മേശപ്പൊറത്തേക്ക് കൊട്ടി.കുഞ്ഞം മൗസ് ഒന്ന്, ചാര്‍ജ്ജര്‍ ഒന്ന്, ഫ്ലാഷ് ഡ്രൈവ് ഒന്ന്, ഒരു റബ്ബര്‍ മാക്രി, തുണിയില്‍ ഉണ്ടാക്കിയ ഗോഡ്സില്ല ഒന്ന്, രണ്ട് ഡൈജസ്റ്റീവ് ബിസ്കറ്റ്, ചീട്ടിന്റെ വലിപ്പമുള്ള പേജുകളോടു കൂടിയ ബേബിജീനിയസ് സീരീസ് പുസ്തകവും- ഡോള്‍ഫിനുകളെക്കുറിച്ച്.

ഡെലിഗേറ്റുകള്‍ കൂട്ടച്ചിരി. "യാത്ര ബോറടിച്ചു കാണില്ലല്ലോ, കളിക്കാനും വായിക്കാനുമൊക്കെ കയ്യില്‍ കരുതിയ സ്ഥിതിക്ക്?" ആരോ ചോദിച്ചു.

കരിവീട്ടിയുടെ നിറം ചര്‍മ്മത്തിനുള്ളതുകൊണ്ട് ചുവന്നുപോയില്ല.

"എന്റെ ചെറിയ മകനോട് അച്ഛനു പ്രധാനപ്പെട്ട ഒരു യാത്ര പോകാനുണ്ടെന്നും വരാന്‍ ഏറെ താമസിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അവന്‍ ഞാനറിയാതെ എനിക്കു വേണ്ട കാര്യങ്ങള്‍ ബാഗില്‍ കരുതിയതാണ്‌." വളിച്ച ചിരി ചിരിച്ചുകൊണ്ട് വിശദീകരിച്ചു.

ചിരികളെല്ലാം പോയി മുന്നിലെ മുഖങ്ങള്‍ ആര്‍ദ്രമായി.

"ഓ, നിങ്ങളുടെ കാര്യമെല്ലാം ഇത്ര ചെറിയ മകനോട് വിശദീകരിക്കുമോ? അച്ഛന്മാര്‍ ആയാല്‍ ഇങ്ങനെ വേണം. നിന്റെ മകനോട് അസൂയ തോന്നുന്നു" ഒരു മദാമ്മ പറഞ്ഞു.

"ഇത്ര ചെറുപ്പത്തിലേ അച്ഛനു യാത്ര പോകാന്‍ ഭക്ഷണവും ഒക്കെ കരുതാന്‍ മാത്രം സ്നേഹമുള്ള കുട്ടിയോ? അവന്‍ വളരുമ്പോള്‍ പ്രായമായ നിന്നെ ഇതുപോലെ ശ്രദ്ധിക്കാന്‍ ആവട്ടെ" റിട്ടയര്‍മെന്റ് പ്രായത്തില്‍ ചെന്ന് തട്ടി നില്‍ക്കുന്ന ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.

ഐസ് ഉരുകി ആവിയായി. എനിക്കു സദസ്സ് പരിചയമായി, സദസ്സിനെന്നെയും. ഏതു മഹാമാനേജുമെന്റ് ഫിലോസഫിയും ഏതു തകര്‍പ്പന്‍ സ്റ്റേറ്റുമെന്റും ആയി തുടങ്ങിയാല്‍ ഇങ്ങനെ ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ പറ്റും? ആലിപ്പഴം പോലെ ഞാവല്‍ പഴം പോലെ ആയിരം പൊന്‍‌പണം വീണു കിട്ടി...

നന്ദി മോനേ. ഈ സഹായത്തിനു പ്രതിഫലമായി അച്ഛന്‍ മുട്ടായി വാങ്ങിച്ച് ഈ ബാഗില്‍ തന്നെ വച്ചിട്ടുണ്ടല്ലോ

Thursday, May 28, 2009

സാംസ്കാരിക ഫ്ലഷ്

കാല്‍‌വിന്‍ എഴുതിയ വരിമുറിപ്പാട്ടുകള്‍ എന്ന പോസ്റ്റ് കണ്ടു. അനുബന്ധമായി ഒരു പോസ്റ്റ് ഇടാന്‍ തോന്നി. ആദ്യകാലത്ത് പ്രോപ്പര്‍ കവിതകള്‍ മുതല്‍ ഇപ്പോഴത്തെ ഉഡായിപ്പ് വരെ എന്തായാലും ശരി, മലയാള സിനിമയില്‍ മുട്ടന്‍ "സാഹിത്യമേ" സിനിമാപ്പാട്ടാകൂ. അതില്‍ തന്നെ മഹാകാവ്യത്തിനുള്ള റിക്വയര്‍മെന്റ് ആയ നഗരം സാഗരം ജലക്രീഡ ഋതുഭേദം വിരഹം തുടങ്ങിയ ചേരുവകള്‍ വേണമെന്ന് നിര്‍ബന്ധവുമാണ്‌. അതിപ്പോ
ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായി ദൂരെ പോയ് വരൂ എന്ന് ഓയെന്‍‌വീ കവിത രൂപത്തില്‍ എഴുതിയാലും
ശ്യാമമേഘമേ നീ-
യദുകുല സ്നേഹദൂതുമായി
ഇതുവഴി- എന്ന് ചുനക്കര വരിമുറിച്ചെഴുതിയാലും അങ്ങനെ തന്നെ.

ചുരുക്കത്തില്‍ ഹിന്ദി സിനിമയെല്ലാം സോപ്പുപെട്ടി കഥകള്‍ ആണെന്ന് പറഞ്ഞതുപോലെ മലയാളം പാട്ടുകള്‍ എല്ലാം മഹാകാവ്യത്തില്‍ നിന്നു വെട്ടുന്ന തുണ്ടുകള്‍ ആണെന്നു സാരം. ലജ്ജാവതിയുടെ അധരത്തിലെ പൂമുത്തു മുതല്‍ ലജ്ജാവതി-Aയുടെ കള്ളക്കടക്കണ്ണു വരെ ആ നിയമം ലംഘിക്കില്ല.

തമിഴനോ?

കണ്ണോട് കാണ്‍പതെല്ലാം തലൈവാ കണ്‍കളുക്ക് സ്വന്തമല്ലൈ... എന്ന രീതിയില്‍ ലളിതമായരീതിയിലെ തത്തുവവും കള്ളിക്കെന്ന മുള്ളിന്‍ വേലി പോടീ തങ്കച്ചീ... പോനാല്‍ പോഹട്ടും പോടാ.

എന്‍‌കണ്മണീ എന്‍ കാതലി..എനൈ പാര്‍ത്തതും സിരിക്കിന്തതേ പ്രണയവും ലളിതമാണ്‌ തമിഴില്‍; "കൃഷ്ണ പക്ഷ കിളി ചിലച്ചു കുളിച്ചു വാ പെണ്‍പക്ഷീ എന്ന പാട്ടും ഇട്ട് പാവം മധു "ച്ഛീ പോയി കുളിക്കെടീ" എന്ന ആംഗ്യത്തോടെ വെള്ളത്തിലേക്ക് കൈ ചൂണ്ടുന്നത് കണ്ട് പൊട്ടിച്ചിരിച്ചു പോകും നമ്മുടെ മരം ചുറ്റി പ്രേമം കണ്ടാല്‍.


സംഘകാലം വരെ എങ്കിലും കരിന്തമിഴായിരുന്നു കേരളത്തിന്റെ സംസാരഭാഷ. സാധാരണവാക്കുകള്‍ നമുക്കുണ്ടായതും അതില്‍ നിന്നാണ്‌
. ആധുനിക തമിഴനും അങ്ങനെ തന്നെ. വത്യാസം എന്താണെന്നു വച്ചാല്‍

തമിഴന്റെ സാംസ്കാരിക സത്വം അതില്‍ നിന്നും പിടി വിട്ടില്ല. ഇന്നത്തെ സിനിമയില്‍ ഈ കാണുന്ന തരം പ്രണയവും വീരവും തത്തുവവും ഒക്കെയാണ്‌ അകനാനൂറിലെ പ്രണയകവിതകളും പതിറ്റുപ്പത്തിലെ വീരഗാഥകളും.

നമുക്കോ?
തന്തയും തള്ളയും തെറിയായി, അച്ഛനും അമ്മയും എവിടെ നിന്നോ വന്നു. പിതാവേ എന്നു വിളിച്ചാല്‍ കുറച്ചുകൂടെ ബഹുമാനമായി.

എടാ എടീ ആക്ഷേപമായി
വളി തെറിയാണ്‌ ഹേ, വായു എന്നു വേണം പറയാന്‍
ഓട അഴുക്കുവെള്ളം ആണ്‌, നദി എന്നു വിളിക്കൂ അതിനെ
വാട ചീത്ത ഗന്ധമാണ്‌ പൂവിനു, സോറി പുഷ്പത്തിനു വാടയോ?

നമ്മുടെ സംസ്കാരത്തെ ഒറ്റയടിക്ക് കുപ്പയിലാക്കി സംസ്കൃതപദങ്ങള്‍ മാന്യത നേടി. അതേ, ഗോത്രവര്‍ഗ്ഗ ദൈവങ്ങള്‍ പോലും ചുറ്റമ്പലത്തിനു പുറത്തിറങ്ങി പിന്നെയല്ലേ ഭാഷ.

നാഗരാജനെയും മുരുകനെയും വള്ളിയെയും അമ്മനെയും അയ്യനെയും വിട്ടില്ല തമിഴന്‍. ഭാഷയും വിട്ടില്ല. തനിത്തിരുന്ത് വാഴും തവമണിയെ വിട്ടുപിടിക്കാത്ത അവര്‍ക്ക് മണിവെപ്രാളവും മാങ്ങാത്തൊലിയും ഒന്നും വേണ്ടിവന്നില്ല.
"തായ് പാലൈപ്പോല്‍ രത്തത്തില്‍ ഒട്ടും പാട്ടുകള്‍ തമിഴ്മക്കള്‍ വീട്ടൈ ചെന്തു തട്ടും പാട്ടുകള്‍" (ഡൂയറ്റ് എന്ന സിനിമയിലെ ഗാനം) ആയി തുടരുമ്പോള്‍.

നമുക്ക് നമ്മുടെ സംഗീതധാരയ്ക്കു വഴങ്ങാത്ത മെഴുമെഴുപ്പില്ലാത്ത സംസ്കൃതപദങ്ങള്‍ കൂട്ടിക്കെട്ടി എന്തെങ്കിലും ചമയ്ക്കാം. നമ്മുടൈ തായ്തന്തൈമാര്‍ "ഭ നായേ നീയാരെടാ എന്നോടെ പഴമൈയെ വെല്ലറുതുക്ക്" എന്ന് ചോദിക്കുന്നതിനു പകരം കുനിഞ്ഞു നിന്ന് റാന്‍ മൂളിയതിന്റെ പിഴ.

ഫലമോ;
പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍ മൈതാനത്ത് ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ (ഹേ) എന്ന പാട്ടു കേട്ടാല്‍ അരോചകമായി തോന്നും, "നിന്‍‌ചുടു നിശ്വാസ ധാരയാം വേനലും നിര്വൃതിയായൊരു പൂക്കാലവും നിന്‍ ജലക്രീഡാ ലഹരിയാം വര്‍ഷവും നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും" (കണ്ടാ കണ്ടാ ആ വിരഹത്തിന്റെ എടയില്‍ കൂടി ഋതുഭേദം മിക്സ് ചെയ്തുള്ള കളി കണ്ടാ!) മനോഹരമായും തോന്നും. തമിഴന്റെ "പോറാളേ പൊണ്ണുത്തായി പൊളപൊളമെന്ന് കണ്ണീര്‍ വിട്ട് തണ്ണീരും ചോറും തന്ത മണ്ണൈ വിട്ട്"കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിങ്ങലും "തീയിലേ ഇറക്കി വിട്ടാല്‍ തിരുമ്പി വന്ത് കാല്‍ പണിവോം സത്തിയം" എന്നതിലെ ഒടുക്കത്തെ ആ യം‌ ഒരു പഞ്ച് ആയി വന്ന് നെഞ്ചില്‍ ഇടിക്കുന്നതും ഒരു മലയാളം പാട്ടില്‍ ഫീല്‍ ചെയ്യിക്കാന്‍ പറ്റില്ല എന്നതു ബാക്കിയുമായി.

Wednesday, May 27, 2009

ഡോക്ടര്‍ എസ്. ഡി. ബിജു

കേരളത്തിലെ പുലികളെക്കുറിച്ച് എഴുതാന്‍ കുറേ ദിവസമായി ആഗ്രഹിക്കുന്നു. പത്രത്തിലും മാസികയിലും എന്നും വെളുക്കെ ചിരിച്ച പടം വരുന്നവരെക്കുറിച്ചല്ല, അമ്പട ഞാനേ എന്ന് പ്രസംഗിച്ച് ടെലിവിഷനില്‍ വരുന്നവരെക്കുറിച്ചുമല്ല. മടകളില്‍ താമസിച്ച് അവനവന്റെ പാടു നോക്കി ജീവിക്കുന്ന ശരിയായ പുലികളെപ്പറ്റി. രാവിലേ ബ്ലോഗ് അഗ്രിഗേറ്ററില്‍ പോയി നോക്കിയപ്പോള്‍ അപ്പടി മാക്രിമയം. ഒരു പുലിയെ ഓര്‍മ്മവന്നു.


തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന് &‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്റ്റര്‍ എസ് ഡി ബിജു ഡോക്റ്റര്‍ എസ് ഡി ബിജു ആണ്‌ ഇന്നത്തെ പുലി.

നമ്മുടെ ഒക്കെ കാലം ആയപ്പോഴേക്ക് ലോകത്തെ ഒട്ടുമിക്ക ജന്തുക്കള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും പാസ്സ്പോര്‍ട്ടും ഗവേഷകര്‍ നല്‍കി കഴിഞ്ഞു. ഇനിയൊക്കെ ഒരു പുതിയ ജീവിയെ കണ്ടെത്തുക എന്നു പറഞ്ഞാല്‍ ലക്ഷക്കണക്കിനു ഗവേഷകരില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍‌വ ഭാഗ്യമാണ്‌. അപ്പോള്‍ രണ്ടെണ്ണത്തിനെ കണ്ടെത്തുക എന്നു പറഞ്ഞാല്‍? മൂന്നായാലോ? നാല്‌? അസംഭാവ്യം അല്ലേ?

ഡോ. ബിജുവിനെ പ്രശസ്തമാക്കിയത് രണ്ട് വിദേശ ശാസ്ത്രജ്ഞരോടൊപ്പം പശ്ചിമഘട്ടത്തിലെ Minervarya sahyadris എന്ന പുതിയ വര്‍ഗ്ഗത്തിലെ തവളയെ കണ്ടെത്തിയതായിരുന്നു. ശേഷം Philautus bobingeri, Philautus anili, Philautus graminirupes എന്നിവയുടെ കണ്ടെത്തലിലും അദ്ദേഹം പങ്കാളിയായിരുന്നു.

ഡോ. ബിജുവും സഹഗവേഷകന്‍ ഫ്രാങ്കി ബോസ്യൂട്ട് (ബോയ് സ്യൂട്ട് എന്നാണ്‌ എന്നൊന്നും പറഞ്ഞ് എന്നെക്കൊല്ലല്ലേ, പാര്‍ഡന്‍ മൈ മല്ലുച്ചാരണം) എന്നിവര്‍ തുല്യ അവകാശം പങ്കിട്ടവയാണ്‌ ഏറെയും കണ്ടുപിടിത്തങ്ങള്‍ . ഇവയെ അവതരിപ്പിക്കുന്നതിലെ വിനയമാണ്‌ എനിക്കേറെ ഇഷ്ടമായത്. "ഈ (തവളകളെ) കണ്ടെത്തിയതില്‍ നിന്നും പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച് മനുഷ്യനിന്നും ഏറെയൊന്നും അറിയില്ല എന്നാണ്‌ മനസ്സിലാക്കേണ്ടത് " എന്നായിരുന്നു അത്.
മുകളില്‍ പ്രത്യേകിച്ച് വിവരിക്കാതെ പേരെടുത്തു പറഞ്ഞവയെക്കൂടാതെ പ്രത്യേകം പരാമര്‍ശിക്കേണ്ട ചില കണ്ടെത്തലുകള്‍:



Nyctibatrachus minimus
രാത്രിക്കുഞ്ഞന്‍ തവള എന്നാണ്‌ ശാസ്ത്രനാമത്തിന്റെ അര്‍ത്ഥം. ബിജു വയനാട്ടിലെ കുറിച്യര്‍മലയില്‍ രണ്ടായിരത്തൊന്നില്‍ കണ്ടെത്തിയ ഈ പതിനാലു മില്ലീമീറ്റര്‍ മാത്രം പോന്ന ചെറിയ തവളയ്ക്കുമേല്‍ നടന്ന ഗവേഷണത്തിനൊടുവില്‍ രണ്ടായിരത്തേഴില്‍ ഇതിനെ പുതിയ വര്‍ഗ്ഗമായി ശാസ്ത്രലോകം അംഗീകരിച്ചു.ഈ കുഞ്ഞുജീവി ഇന്ത്യയിലെ ഏറ്റവും ചെറിയ തവളവര്‍ഗ്ഗമാണ്‌. ചിത്രം ഇവിടെ

Philautus nerostagona
വയനാട്ടിലെ കല്പ്പറ്റയില്‍ പ്രകൃതിനിരീക്ഷത്തിലേര്‍പ്പെട്ടിരുന്ന അനില്‍ സക്കറിയയും (Philautus anili എന്ന മുകളില്‍ പറഞ്ഞ തവള വര്‍ഗ്ഗത്തിനു anili എന്നു പേരിട്ടത് ഇദ്ദേഹത്തിനോടുള്ള നന്ദി സൂചകമായാണ്‌) ഉത്തമനും മരങ്ങളുടെ ഉന്നതഭാഗങ്ങളിലെവിടെയോ നിന്നും മഴത്തുള്ളികള്‍ പതിക്കുന്നതുപോലെയുള്ള ശബ്ദങ്ങള്‍ ഉതിര്‍ക്കുന്ന വിചിത്ര ജീവി ഒരു തവളയാകണമെന്ന് അനുമാനിച്ചു. എന്നാല്‍ ഒരു ജന്തുവിനെയും കാണാനും കഴിഞ്ഞില്ല. ഡോ. ബിജുവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അവിടം അരിച്ചു പെറുക്കി. ഇരുപതു മീറ്ററോളം ഉയരത്തില്‍ നിന്നാണ്‌ ശബ്ദം കേള്‍ക്കുന്നത്. അത്രയും ഉയരത്തില്‍ ഒരു ക്യാനോപ്പി ഫ്രോഗും ജീവിക്കുന്നതായി ജന്തുശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുമില്ല. നിരന്തരമായ അന്വേഷണം ഒടുവില്‍ മരത്തിന്റെ തോലിനനുസരിച്ച് നിറം മാറുന്ന ഭയങ്കരനെ കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തുന്ന ക്യാനോപ്പി ഫ്രോഗും ഇതാണ്‌. വെള്ളത്തുള്ളി വീഴുന്ന ശബ്ദം ഉണ്ടാക്കുന്നതിനാലാണ്‌ നീറോ-ജല, സ്റ്റഗോണ തുള്ളി എന്ന് ഇതിനു പേര്‍ നല്‍കിയത്.


Nasikabatrachus sahyadrensis
നാസികയുള്ള സഹ്യാദ്രിയിലെ തവള എന്ന് ശാസ്ത്രനാമത്തിന്റെ അര്‍ത്ഥം. ഇതിന്റെ മനോഹരചിത്രങ്ങള്‍ കല്യാണ്‍ വര്‍മ്മയുടെ ബ്ലോഗില്‍ കാണാം.


പന്നിയുടെ മുഖവും ഹിപ്പോയുടേതു പോലെയുള്ള പുറന്തോലും മൂക്കും ഒക്കെയുള്ള ഈ വിദ്വാന്‍ മണ്ണു തുരന്ന് അടിയിലാണ്‌ ജീവിക്കുക. കൊല്ലത്തില്‍ മഴക്കാലത്ത് ഒരാഴ്ചയോ മറ്റോ മാത്രം ഭൂമിക്കടിയില്‍ നിന്നും പുറത്തിറങ്ങാറുള്ള ഈ വിദ്വാന്‍ ലോകത്തിന്റെ കണ്ണില്‍ നിന്നും ഒളിച്ചു കഴിയുകയായിരുന്നു ഇത്രയും കാലം.

നാസികപ്രമുഖനെ കണ്ടെത്തിയത് വലിയൊരു കാര്യമായിരുന്നു. വെറും ഒരു ജന്തു (species) നെയല്ല, ഒരു കുലത്തെ (Genus)ത്തന്നെയാണ്‌ അതിലൂടെ തിരിച്ചറിഞ്ഞത്. നാമറിയുന്ന ഏതാണ്‌ എല്ലാ ജന്തുകുലങ്ങളും ഇരുന്നൂറു വര്‍ഷം മുന്നേ തന്നെ കണ്ടെത്തിയവയാണ്‌. (കഴിഞ്ഞ എണ്‍പതു കൊല്ലമായി ഒരു പുതിയ ഉഭയജീവികുലം പോലും ഇതല്ലാതെ കണ്ടെത്തിയിട്ടുമില്ല)

മൂക്കന്‍ തവളക്കുലം( Nasikabatrachidae) ജീവിക്കുന്ന ഫോസിലുകളാണ്‌. അടുത്തകാലത്ത് ഇവയുടെ കുലത്തിലെ മറ്റു തുരപ്പന്മാരെ സീഷെല്‍സില്‍ കണ്ടെത്തി- നൂറുമില്യണ്‍ വര്‍ഷം മുന്നേയാണ്‌ സീഷെല്‍സും മഡഗാസ്കറും ഇന്ത്യാഭൂഘണ്ടവും ചേര്‍ന്നിരുന്ന പൊരുള്‍ മൂന്നായ് പിരിഞ്ഞത്. അന്നേ ഈ വര്‍ഗ്ഗം ജീവിച്ചിരുന്നു!
എന്നിട്ടാണ്‌ നമുക്കിവനെയൊന്നു കാണാന്‍ ഡോ. ബിജുവും ഡോ. ബോസ്യൂട്ടും കാട്ടിത്തരേണ്ടിവന്നത്.
അവരുടെ തന്നെ വാചകം ആവര്‍ത്തിക്കാം, പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച് നമുക്ക് ഏറെയൊന്നും അറിയില്ല.

ഡോ. ബിജുവിന്റെയും സഹഗവേഷകരുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക്

http://frogindia.org/ എന്ന സൈറ്റ് സന്ദര്‍ശിക്കാം

Sunday, May 24, 2009

യൂ ഏ ഈയില്‍ ജോലി കണ്ടെത്തല്‍- ഒരാമുഖം

ഒരു സുഹൃത്ത് എനിക്ക് മെയില്‍ അയച്ചിരുന്നു. ഞാന്‍ നാട്ടില്‍ പോയിരുന്ന സമയമായിരുന്നതിനാല്‍ ഇപ്പോഴേ കണ്ടുള്ളു.

അദ്ദേഹം ആവശ്യപ്പെട്ടത് യൂയേയില്‍ തൊഴില്‍ തിരക്കുന്നവര്‍ എങ്ങനെ തൊഴിലവസരങ്ങള്‍ കണ്ടെത്തണം, എങ്ങനെ ഇന്റര്വ്യൂകള്‍ നേരിടണം മുതലായ കാര്യങ്ങളില്‍ ഒരു പോസ്റ്റ് എഴുതാനാണ്‌. യൂ ഏ ഈ ജോബ് മാര്‍ക്കറ്റ് വളരെ അനിശ്ചിതത്വത്തില്‍ ആയിരുന്നു, ഇപ്പോള്‍ അല്പ്പം മെച്ചപ്പെട്ടു വരുന്നതേയുള്ളു. ഒരു പോസ്റ്റ് എഴുതിയാല്‍ തീരാത്ത കാര്യമായതുകൊണ്ട് ഒരു സീരീസ് ആക്കി എഴുതാം, അല്പ്പം സമയം എടുത്തിട്ട്, എങ്കിലും വലിയ താമസമില്ലാതെ തന്നെ. (ഒരുപാടു കാര്യങ്ങളൊന്നും അറിയില്ല, അറിയുന്നത് എഴുതാം. ആരെങ്കിലും ഒക്കെ കൂടി ഡെവലപ്പ് ചെയ്യുമെന്നും പ്രതീക്ഷിക്കാം)

ആവശ്യവും അനാവശ്യവും

എന്താ അന്തോണീ ചട്ടിയും കലോം ക്വാറിഡോറില്‍? പെമ്പ്രന്നോരു വയലന്റ് ആയതാണോ?
അല്ലണ്ണാ, ഫ്ലാറ്റ് ഒന്നു മാറുകയാ, സ്വല്പ്പം കൂടി വലുത് വേണം. മക്കളും വളരുകയല്ലേ.

കമ്പനി അക്കോമഡേഷന്‍ ആണോ?
അല്ല, സ്വന്തം കയ്യീന്നാ.

റെന്റ് കൂടുമോ?
പിന്നില്ലേ, ഫ്ലാറ്റ് വലുതാകുമ്പോ റെന്റും കൂടും.

അതു വേണ്ടാരുന്നു, വെറുതേ എന്തിനാ കാശു പൊടിക്കുന്നത്?
വെറുതേ അല്ലല്ലോ സൗകര്യം കൂടുതല്‍ തന്നിട്ടല്ലേ?

എന്നാലും ഉള്ള കാശ് സേവ് ചെയ്യുന്നതല്ലേ ബുദ്ധി.
വ തന്നെ. ചെലപ്പ ബുദ്ധിമോശവും കാണിക്കണ്ടേ നമ്മള്‍.

മലയാളി പോയി, പഞ്ചാബി, സിന്ധി, ഗുജറാത്തി, മറാഠി, ദ്രാവിഡന്‍, ബംഗാളി, പഷ്തൂണി, ശ്രീലങ്കന്‍ തുടങ്ങി നാനാവിധ സൗത്ത് ഏഷ്യന്മാര്‍ പടയായി വന്നു.
അയ്യോ ആന്റോ പോകല്ലേ!

എന്‍ മനമുരുകി. അയല്‍ക്കാര്‍ക്ക് ഇത്ര സ്നേഹം ഉണ്ടായിരുന്നോ- ഞാന്‍ അറിഞ്ഞില്ലല്ലോ!
ഞാന്‍ പോയാലും നിങ്ങളൊക്കെ എന്റെ മനസ്സില്‍ എന്നും കാണും, നന്ദി

അതല്ല, എന്തു ഭ്രാന്താ ഹേ കാണിക്കുന്നത്?
എന്തു ഭ്രാന്ത്? വീടുമാറുന്നതോ?
അതേ. ഈ കൂടുല് ചിലവാക്കുന്ന വാടക കുട്ടികളുടെ പേരില്‍ ഒരു റെക്കറിങ്ങ് ഡെപ്പോസിറ്റ് ഇട്ടുകൂടേ? അവര്‍ വലുതാകുമ്പോഴേക്ക് ഒരു വലിയ തുക ആകുമല്ലോ?

അവര്‍ വലുതായിക്കഴിഞ്ഞ് അവര്‍ക്ക് കുട്ടിക്കാലം വീണ്ടും ചിലവിടാന്‍ ഒരു വീട് വാടകയ്ക്കെടുക്കാന്‍ ആ പൈസകൊണ്ട് പറ്റുമോ?
എന്റെ മൂന്നു കുട്ടികള്‍ ഈ ചെറിയ ഫ്ലാറ്റിലല്ലേ വളര്‍ന്നത്, അവര്‍ക്കെന്താ കുറവ്?

അവര്‍ക്കു കുറവൊന്നുമില്ല ചേട്ടാ, എനിക്ക് ഇതു പറ്റുന്നില്ല അത്രയേയുള്ളു.
അല്ലെങ്കിലും നിനക്ക് ധൂര്‍ത്ത് കൂടുതലാ. ഇപ്പോ തന്നെ ആ പുതിയ ടെനന്‍സി കരാര്‍ റദ്ദാക്കി പരിപാടി ക്യാന്‍സല്‍ ചെയ്യുന്നതാണ്‌ ബുദ്ധിയെന്നേ ഞങ്ങള്‍ പറയൂ.

റീലൊക്കേഷന്‍ കമ്പനിയുടെ ഉടമസ്ഥന്‍ ന്യൂസിലാന്‍ഡുകാരന്‍ തല പുറത്തേക്കിട്ടു.
എന്താ കാര്യം? സാധനം നീക്കുന്ന വഴി എന്തരേലും പൊട്ടിയതാണോ?

ജനം ഭീമഹര്‍ജി അവതരിപ്പിച്ചു. വെളുമ്പന്‍ തന്നെ പറഞ്ഞേ, ഇവന്‍ ഇപ്പോ എന്തിനാ ഫ്ലാറ്റ് മാറുന്നത്?

ഓ അതോ, വെള്ളായി താടി തടവി.
ആന്റപ്പന്‍ ഫ്ലാറ്റു മാറുന്നു, ബിക്കോസ് ഹീ ക്യാന്‍ അഫോര്‍ഡ് ഇറ്റ്. നിങ്ങള്ക്ക് അത് അനാവശ്യ ചെലവായി തോന്നുന്നു, കാരണമോ, യൂ ഗൈസ് ക്യനോട്ട് അഫോര്‍ഡ്. എല്ലാവരും വാതിലീന്നു മാറി നിന്നേ, ഞങ്ങള്‍ ഈ കട്ടിലൊന്ന് പുറത്തെടുത്തോട്ടെ.

ജനം പോലീസ് ഉത്തരവു കിട്ടിയ പോലെ പിരിഞ്ഞു പലവഴി പോയി.

Thursday, May 21, 2009

കാട്ടിലെ പ്രേം നസീര്‍

എലിയെ പൂച്ച പിടിക്കാന്‍ വന്നാല്‍ അതെന്തു ചെയ്യും? അണ്ണാനെ പട്ടി പിടിക്കാന്‍ വന്നാലോ? പെരിച്ചാഴിയെ അടിക്കാന്‍ വടിയുമായി ഓടിയിട്ടുണ്ടോ? എലികുലത്തിന്റെ സ്റ്റാന്‍‌ഡേര്‍ഡ് ജീവന്‍‌രക്ഷാമാര്‍ഗ്ഗം പത്തൊമ്പതാം അടവാണ്‌. പക്ഷേ ആ കുടുംബത്തിലും ശൂരന്മാരുണ്ട്. പൂച്ചയല്ല സാക്ഷാല്‍ സിം‌ഹം പിടിക്കാന്‍ വന്നാലും കുലുങ്ങില്ല. അല്ലല്ല- കുലുങ്ങും പക്ഷേ ആ കുലുക്കത്തിന്റെ ഒടുക്കം മൃഗരാജന്റെ നിലവിളി കേള്‍ക്കും എന്നുമാത്രം.

ചെറുപ്പം പൊന്തക്കാടോ മലയോരമോ ഉള്ള ഏതെങ്കിലും ഗ്രാമത്തില്‍ ചിലവിട്ട മിക്ക മലയാളിയും മുള്ളന്‍ പന്നിയെ കണ്ടിട്ടുണ്ടാവണം.( ഇംഗ്ലീഷിലെയും മലയാളത്തിലെയും പേര്‍ മുള്ളുള്ള പന്നി എന്നാണെങ്കിലും ഇവറ്റ റോഡന്റ് -കരണ്ടുതീറ്റക്കാര്‍- കുടുംബത്തിലെ സസ്തനികളാണ്‌) മിക്കവരും ഓര്‍ക്കുന്നത് കപ്പ കിളയ്ക്കുന്നവര്‍ മുള്ളന്‍പന്നി മാളത്തിലൊളിച്ചിരിക്കുന്നത് കണ്ടെത്തി, അതിനുള്ളില്‍ വച്ച് തന്നെ ആരെങ്കിലും വെടിക്കാരന്‍ കൊന്ന്, ശേഷം ആഘോഷമായി കറിവച്ച് കഴിച്ച കാര്യമാകും. ബ്രോയിലര്‍ കോഴിക്ക് അമ്പതു രൂപയും എയര്‍ ഗണ്‍ തിരയ്ക്ക് അതില്‍ കൂടുതലും ഉള്ള ഇക്കാലമെങ്കിലും കഴിച്ചാല്‍ പെരിച്ചാഴിയുടെ രുചിയുള്ള പാവത്തിനെ നാട്ടുകാര്‍ വെറുതേ വിട്ടുകാണും എന്ന് ആശിക്കുന്നു.

മുള്ളന്‍ പന്നി നിരവധി തരമുണ്ട്. ജൈവശാസ്ത്രപരമായിത്തന്നെ പ്രാചീന ലോകത്ത് പരിണമിച്ചവയെന്നും ആധുനിക ലോകത്ത് പരിണമിച്ചവയെന്നും രണ്ട് വിഭാഗമുണ്ട്. അവയില്‍ പ്രാചീനലോകത്തില്‍ ഉരുത്തിരിഞ്ഞ ഗണത്തില്‍ പെട്ട മുള്ളന്‍പന്നികളെയാണ്‌ ഇന്ത്യയില്‍ കാണാറ്‌. കേരളത്തില്‍ കാണപ്പെടുന്നവ Indian Crested Porcupine (Hystrix indica) എന്നയിനമാണ്‌.


കിഴങ്ങുകള്‍ (കപ്പത്തോട്ടം രാത്രി വന്ന് ഉഴുതുമറിച്ചുകളയും പഹയന്‍) പഴങ്ങള്‍ തുടങ്ങിയവയാണ്‌ മുള്ളന്‍‌മാരുടെ മുഖ്യ ശാപ്പാട്. പൊതുവില്‍ രാത്രിഞ്ചരരായ ഇവയെ പകല്‍ മാളത്തിലല്ലാതെ കാണാന്‍ കഴിയാറില്ല. ട്രേസ് മിനറലുകള്‍ക്കായി മരത്തൊലിയും പാറയിലെ കല്ലുപ്പുശേഖരവും ഇവര്‍ ശാപ്പിട്ടുകളയും. അതികലശലായ ആര്‍ത്തി ഉപ്പിനോട് ഉള്ളതിനാല്‍ വാഴയ്ക്ക് വളമിടാന്‍ വച്ചിരിക്കുന്ന യൂറിയ മുതല്‍ തടമെടുക്കാന്‍ വന്നവന്റെ കയ്യിലെ വിയര്‍പ്പു പറ്റിയ കൂന്താലിക്കൈ വരെ ശാപ്പാടാക്കിക്കളയും ഇവര്‍.

മുള്ളന്‍‌പന്നിയെ മറ്റു ജന്തുക്കളില്‍ നിന്നും വത്യസ്തമാക്കുന്നത് അതിന്റെ മുള്‍പ്രയോഗം തന്നെയാണ്‌. അടുത്തുവന്നാല്‍ മുള്ളന്‍ മുള്ളുകള്‍ നമ്മുടെ നേര്‍ക്ക് കുടഞ്ഞെറിയും എന്ന് നാട്ടില്‍ പൊതുവേ ഒരന്ധവിശ്വാസമുണ്ട്. ഇവയ്ക്ക് ദേഹം കുടഞ്ഞ് മുള്ളുകള്‍ ശ്രത്രുവിന്റെ നേര്‍ക്ക് ചാണ്ടാനുള്ള കഴിവില്ല.

നാട്ടിലെ മുള്ളന്റെ മുള്ളുകള്‍ അടിഭാഗം മുതല്‍ ഏതാണ്ട് പകുതിയോളം വെളുത്ത നിറവും മുകളറ്റത്തേക്ക് കടും ബ്രൗണ്‍ നിറവുമാണ്‌. മുള്ളുകള്‍ക്കുള്ളിലും പുറത്തും കൊഴുപ്പും ചില രാസവസ്തുക്കളും ചേര്‍ന്ന മെഴുമെഴുപ്പന്‍ വസ്തു നിറഞ്ഞിരിക്കുന്നു.

പ്രതിരോധം
മുള്ളന്‍ സമാധാനപ്രേമിയാണ്‌. അങ്ങോട്ട് പോയി ആരെയും ആക്രമിക്കില്ല. സ്വതേ സസ്യഭുക്കായ ഇവര്‍ക്ക് ഭക്ഷണത്തിനും ആരെയും വേട്ടയാടേണ്ടതില്ല. ഒരു പ്രശ്നമുണ്ടായാല്‍ പോലും ഇവര്‍ അതു നേരിടുന്നത് സിനിമയില്‍ പ്രേം നസീര്‍ ചെയ്യുന്നതുപോലെ പ്രതിരോധ മര്യാദകള്‍ ഉപയോഗിച്ചാണ്‌. ഓ, ഇപ്പോഴത്തെ കുട്ടികള്‍ ചുമ്മാതെ ആരെയും പിടിച്ചിടിക്കുന്ന ഗൂണ്ടാനായകരുടെ ചിത്രങ്ങള്‍ മാത്രം കണ്ടിട്ടുള്ളവരല്ലേ, പ്രേം നസീര്‍ പ്രോട്ടോക്കോള്‍ അവര്‍ക്കറിയില്ലെങ്കിലോ;

സ്ഥിരം പ്രേം നസീര്‍ നായകന്‍ വളരെ സൗമ്യനാണ്‌. ഒരു വില്ലന്‍ അദ്ദേഹത്തെ അടിക്കാന്‍ വന്നാല്‍
ആദ്യത്തെ അടിയില്‍ "എന്നെ തല്ലരുത്"
രണ്ടാമത്തെ അടിയില്‍ "എനിക്കു ദേഷ്യം വരുന്നു , എന്നെ തല്ലരുതെന്ന്"
മൂന്നാമത്തേതില്‍ "എടാ ഇനിയെന്നെ തല്ലരുത്, ഞാന്‍ തിരിച്ചു തല്ലും"
വില്ലനുണ്ടോ കേള്‍ക്കുന്നു. നസീര്‍ അങ്ങോട്ട് തുടങ്ങും-ആ ഡിഷും , ഡിഷ്യൂം, ഢിഷ്യൂം! വില്ലന്റെ എല്ലൊടിച്ചേ പുള്ളി പിന്നെ നിര്‍ത്തൂ.

നമ്മുടെ മുള്ളനും അങ്ങനെ തന്നെ. അവന്‍ വഴിയേ നടന്നു പോകുമ്പോള്‍ ദാ വരുന്നു പിടിച്ചു തിന്നാന്‍ ഒരു കടുവ. കടുവ അങ്ങനെ അവനെ ഉന്നം വയ്ക്കുന്നു:
മുള്ളന്റെ ഹോര്‍മോണുകള്‍ ഒരു മുന്നറിയിപ്പ് ഗന്ധം പുറപ്പെടുവിക്കും

മണ്ടന്‍ കടുവ മുന്നോട്ട് തന്നെ:
മുള്ളന്‍ തന്റെ മുള്ളുകള്‍ ഉയര്‍ത്തിപ്പിടിച്ച് നടുവ് കൂനിച്ച് തല ദേഹത്തു ചേര്‍ത്തു വയ്ക്കും. സെക്കന്‍ഡ് വാണിങ്ങ്.

പൊട്ടനുണ്ടോ കാര്യം മനസ്സിലാവുന്നു. കടുവ ചുര മാന്തി റെഡിയാവുകയാണ്‌ കടിച്ചു കുടയാന്‍- എത്ര കാട്ടുപോത്തിനെയും വലിയ ഗമണ്ടന്മാരെയും തോല്പ്പിച്ചതാണെന്ന അഹങ്കാരം.
മുള്ളന്‍ അവന്റെ വാല്‍ തറയിലടിച്ച് കിലുക്കാം‌പെട്ടി പോലെ കിലുക്കും- തേര്‍ഡ് ആന്‍ഡ് ഫൈനല്‍ വാണിങ്ങ്.

കടുവ ഓടി വന്ന് മുള്ളനെ കടിക്കാന്‍ ശ്രമിക്കുന്നു. മുള്ളന്റെ മുള്ളുകള്‍ അതിന്റെ ദേഹത്തേക്ക് അമര്‍ന്നാല്‍ റിലീസ് മെക്കാനിസം വര്‍ക്ക് ചെയ്യുകയും മുള്ള് അവന്റെ ശരീരത്തില്‍ നിന്നും വിടുകയും ചെയ്യും. എന്നാല്‍ അത് വെറുമൊരു സൂചിയല്ല, നിറയേ അള്ളുരൂപത്തില്‍ ചെറുശാഖകളണ്‌. കടുവയുടെ ദേഹത്തു തറച്ച മുള്ള് ഊരാന്‍ പറ്റാതെ ചൂണ്ട പോലെ ഉടക്കി പോകും. ദയനീയമായ പരുവത്തില്‍ വില്ലന്‍ ഓടുന്നതോടെ നമ്മുടെ നസീര്‍ നടന്ന് പാട്ടിനു പോകുന്നു. പോയ മുള്ളുകള്‍ കുറച്ചു മാസം കൊണ്ട് വീണ്ടും വളര്‍ന്നോളും.

ഈ സ്റ്റണ്ട് സീനില്‍ മുള്ളന്റെ ശത്രുവായി കടുവയെത്തന്നെ ഞാന്‍ തിരഞ്ഞെടുത്തതിനു ഒരു കാരണമുണ്ട്. ജിം കോര്‍ബറ്റ് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് ഇന്ത്യയില്‍ നരഭോജികള്‍ ആയിപ്പോകുന്ന കടുവകളിലും പുലികളിലും ഭൂരിഭാഗവും മുള്ളനുമായി ഏറ്റുമുട്ടി ദേഹത്ത് പരിക്കു പറ്റി ശേഷം സ്റ്റാന്‍ഡേര്ഡ് ഇരപിടിത്തത്തിനു കെല്പ്പില്ലാതെ മനുഷ്യനെയും മറ്റും തിന്നാന്‍ ഇറങ്ങുന്നവ ആണെന്ന്. അദ്ദേഹം വകവരുത്തിയ നരഭോജിക്കടുവകളില്‍ നിന്നും മുള്ളന്റെ മുള്ള് കണ്ടെടുത്തിട്ടുണ്ട്.

ശത്രുവിനെ ഒതുക്കാനുള്ള മുള്ളിലുള്ള രാസവസ്തുക്കള്‍ ന്യായമായും വിഷം ആകേണ്ടതാണ്‌. എന്നാല്‍ മുള്ളന്‍ പന്നിയുടെ മുള്ളിലെ മെഴുക് മികച്ച ആന്റി‌ബയോട്ടിക്ക് ആണെന്നതാണ്‌ ഏറെ രസകരം. ഇതെന്താണങ്ങിനെ? മരത്തില്‍ നിന്നു വീണും തുരക്കുമ്പോള്‍ പാറയോ മറ്റോ വീണും മുള്ളന്റെ മുള്ള് ചിലപ്പോള്‍ അവനു തന്നെ ചെറിയ മുറിവ് ഉണ്ടാക്കിക്കളയും. അങ്ങനെ സ്വന്തം ആയുധം പാരയായി മാറുമ്പോള്‍ ഉണക്കാന്‍ കയ്യില്‍ മരുന്നും വേണമല്ലോ.

Tuesday, May 19, 2009

ശ്രീലങ്കന്‍ തമിഴര്‍ പിറകോട്ട് നടക്കുമ്പോള്‍

ആദിയില്‍ എന്തായിരുന്നോ എന്തോ.ക്രിസ്തുവിനു മൂന്നു നാലു വര്‍ഷം മുന്നേ സിംഹളരെത്തി. തമിഴര്‍ അതിനും മുന്നേ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്നത് ആര്‍ക്കിയോളജിക്ല് ഗോഗ്വാകളില്‍ കുടുങ്ങി കഥയേതാ കോതമംഗലം ഏതാണെന്ന് അറിയാതെയായി. എന്തായാലും തമിഴരും ചരിത്രത്തില്‍ ഏതാണ്ട് സിംഹളരുടെ കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു. പിറകേ മതവും വന്നു. സിംഹളര്‍ ബുദ്ധമതക്കാരായി. തമിഴരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായി തുടര്‍ന്നു. കുറേപ്പേര്‍ ശേഷം ഇസ്ലാം മതം സ്വീകരിച്ചു. രാജാക്കന്മാര്‍ തമ്മില്‍ വെട്ടിയ കാലമുണ്ടായി. ഒടുക്കം ആളുകള്‍ അവനവന്റെ പണി നോക്കിപ്പോയി.

പിന്നെയൊരുകാലം യൂറോപ്യര്‍ ഭരിച്ചു. തമിഴരില്‍ നല്ലൊരു ശതമാനം കൃസ്തുമതം സ്വീകരിച്ചു. തമിഴര്‍ കൂടുതല്‍ വിദ്യാഭ്യാസമുണ്ടായിരുന്നവര്‍ ആയതിനാല്‍ സര്‍ക്കാര്‍ ജോലികളില്‍ ഭൂരിപക്ഷം അവര്‍ നേടി.ഭരണത്തിലും ജോലിയിലും മതം തിരിച്ച് പ്രതിനിധികള്‍ എന്ന സങ്കല്പ്പം അവിടെയുണ്ടായി, ഇല്ലെങ്കില്‍ ഭൂരിപക്ഷത്തിനു പ്രാതിനിധ്യം കിട്ടില്ല എന്ന ഒഴിവുകഴിവു പറഞ്ഞെങ്കിലും വിഭജിച്ചു ഭരിക്കുക എന്ന യൂറോപ്യന്‍ തന്ത്രം തന്നെയായിരുന്നു നടപ്പിലായത്. തല്‍ഫലമായി മതബന്ധിത പാര്‍ട്ടികള്‍ ഉണ്ടായി. മതവിദ്വേഷമുണ്ടായി. അതിനിടയില്‍ സ്വാതന്ത്ര്യവുമുണ്ടായി. തമിഴ്വംശപാര്‍ട്ടികളില്‍ ചിലത് സിംഹളപ്പാര്‍ട്ടികളില്‍ ലയിച്ചു. ലയിച്ചവരുടെ അസ്ഥിപോലും ബാക്കിയില്ലാതെ നശിച്ചും പോയി. "സിംഹളമാത്രം നിയമം" സ്വാതന്ത്ര്യാനന്തരം തിരക്കിട്ടു നടപ്പാക്കി ഫലപ്രദമായി ഏതാണ്ട് എല്ലാ തമിഴരെയും സര്‍ക്കാര്‍ ജോലികളില്‍ നിന്നും നീക്കവും ചെയ്തു.

തുടര്‍ന്ന് ഇന്ത്യന്‍ വം‌ശപാരമ്പ്യരം വ്യക്തമായ തമിഴര്‍ക്ക്, അതായത് ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടം തൊഴിലാളികള്‍ ആയെത്തിയവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വം നല്‍കില്ലെന്ന് വ്യക്തമാക്കുന്ന ബില്‍ എത്തി നിയമമായി. നിയമം മനുഷ്യാവകാശലംഘനവും ന്യൂനപക്ഷനശീകരണത്തിനുമാണെന്ന വാദം കോടതിയില്‍ നിലനിന്നുമില്ല. തമിഴ് പ്രദേശങ്ങളില്‍ പരിമിത സ്വയംഭരണാവകാശം പകരം നല്‍കാമെന്ന് രണ്ട് പ്രധാനമന്ത്രിമാര്‍ വാഗ്ദാനം നടത്തി. ദാനം വാക്കുമാത്രമായും പോയി.

മദ്ധ്യവര്‍ത്തി തമിഴര്‍ക്ക് സര്‍ക്കാരിലോ മറ്റു സ്ഥാപനങ്ങളിലോ ജോലിയൊന്നും ലഭിക്കാതെയായപ്പോള്‍ പഠിച്ചിറങ്ങി കടും തൊഴിലില്ലായ്മയെ നേരിട്ട ചെറുപ്പക്കാര്‍ സംഘടിച്ചു. ശക്തരായൊന്നുമില്ലെങ്കിലും അവര്‍ സിംഹളതാല്പ്പര്യങ്ങള്‍ മാത്രം കാക്കുന്ന സര്‍ക്കാരിനെതിരേ പ്രക്ഷോഭം തുടങ്ങി. കലാപകാരികള്‍ പതിമ്മൂന്ന് പട്ടാളക്കാരെ വകവരുത്തിയ സംഭവത്തെ തുടര്‍ന്ന് ഭൂരിപക്ഷ മതവികാരം അതിക്രൂരമായാണ്‌ പ്രതികരിച്ചത്. കുപ്രസിദ്ധമായ ബ്ലാക്ക് ജൂലൈ സംഭവം അരങ്ങേറി. എത്രയായിരം സിവിലിയന്‍ തമിഴര്‍ അതില്‍ കൊല്ലപ്പെട്ടെന്ന് കണക്കൊന്നുമില്ല. ഈ സംഭവത്തോടെ നിരവദി തമിഴ് വിമോചന തീവ്രവാദ സംഘടനകള്‍ നിലവില്‍ വന്നു.

തെരഞ്ഞെടുപ്പില്‍ തമിഴ് യുണൈറ്റഡ് ഫ്രണ്ട് മത്സരിച്ചു വന്‍ ഭൂരിപക്ഷം നേടിയെങ്കിലും ആയിരങ്ങള്‍ കൊല്ലപ്പെട്ട ജാഫ്ന ലൈബ്ബ്രറി കലാപത്തിനോട് പ്രസിഡന്റ് ജയവര്‍ദ്ദനെ "ഇങ്ങനെയൊക്കെയാണ്‌ ഇവിടെ കാര്യങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്" എന്ന രീതിയില്‍ പ്രതികരിച്ചതോടെ തമിഴരുടെ മനോഭാവം ആകെ സ്വതന്ത്ര ഈഴം എന്ന തീവ്രവാദ സങ്കല്പ്പത്തിന്‌ അനുകൂലമായി മാറ്റി.

നിരവധി തീവ്രവാദഗ്രൂപ്പുകളുടെ സമവര്‍തിത്വത്തില്‍ പ്രവര്‍ത്തിച്ച കലാപകാരികള്‍ എന്ന നിലയിലായിരുന്നു ഇന്‍സര്‍ജന്‍സിന്റെ ആരംഭമെങ്കിലും ശക്തമായ തമിഴ്‌‌നാട്ടിലെ സാന്നിദ്ധ്യവും, ശ്രീലങ്കന്‍ തമിഴര്‍ക്കിടയില്‍ കൂടുതല്‍ സാന്നിദ്ധ്യവും അതിലും ഉപരി നേതൃത്തപാടവവും ഒത്തിണങ്ങിയ വേലുപ്പിള്ളൈ പ്രഭാകരന്റെ ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം െന്ന തമിഴ് ഈഴം വിടുതലൈ പുലിഹള്‍ ഏറ്റവും ശക്തമായ സംഘടനയായി മാറി. അതോടെ സ്വഭാവവും മാറിയ എല്‍ ടി ടി ഈ മറ്റെല്ലാ തീവ്രവാദ സംഘടനകളെയും കീഴ്പെടുത്തുകയും ചില പ്രമുഖരെ വധിക്കുകയും ചെയ്തു.

തമിഴ്നാട് വോട്ടുബാങ്ക് ശ്രീലങ്കന്‍ തമിഴരുടെ വികാരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതുമൂലം ഇന്ത്യയിലെ പുലിത്താവളങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയ ഇന്ദിരാഗാന്ധിയുടെ നയം തുടര്‍ന്നു വന്ന രാജീവ് ഗാന്ധിക്ക് വളരെ വേഗം ഇതിലെ അപകടമെന്തെന്ന് മനസ്സിലായി. പാക്കിസ്ഥാന്‍, ഇസ്രയേല്‍ മുതലായ രാജ്യങ്ങള്‍ ശ്രീലങ്കയില്‍ ശക്തമായ സാന്നിദ്ധ്യം പുലിനിര്‍മ്മാര്‍ജ്ജനത്തിലൂടെ നേടുകയായിരുന്നു. അതേ സമയം പുലികളെ തീവ്രവാദികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചാല്‍ ഇന്ത്യ ഭീകരപ്രവര്‍ത്തനത്തെ പരസ്യമായി തുണയ്ക്കുന്ന രാജ്യമെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും. ദക്ഷിണേഷ്യയിലെ വല്യേട്ടന്‍ എന്ന ഇന്ത്യയുടെ പ്രതാപം അതോടെ അവസാനിക്കുകയും ഫലത്തിലുണ്ടാകും.

വംശീയകലാപത്തില്‍ പെട്ടവരെ സഹായിക്കാന്‍ നിരായുധരായ ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ അയച്ചായിരുന്നു രാജീവ് ആദ്യമായി ഇന്ത്യയുടെ സാന്നിദ്ധ്യം ശ്രീലങ്കയില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രീലങ്കന്‍ സേന രാജ്യാതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ നേവിയെ തടഞ്ഞ് തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ശ്രീലങ്കന്‍ രാഷ്ട്രാതിര്‍ത്തി ലംഘിച്ച് ആകാശത്തുനിന്നും മരുന്നും ഭക്ഷണവും കലഹബാധിതര്‍ക്ക് വിതരണം ചെയ്തു.

തുടര്‍ന്ന് ഏറ്റവും വിചിത്രമായ ഒരു നടപടി രാജീവ് ഗാന്ധി എടുക്കുകയുണ്ടായി. ശ്രീലങ്കന്‍ തമിഴ് സിംഹള കലാപത്തിന്റെ പേരില്‍ ഒരു ഇന്തോ ശ്രീലങ്കന്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കുകയും ഇതിനനുസരിച്ച് തമിഴ് തീവ്രവാദികളോട് ആയുധം ഇന്ത്യന്‍ പട്ടാളത്തിനു മുന്നില്‍ വച്ച് കീഴടങ്ങാന്‍ കല്പ്പിക്കുകയും ചെയ്തു. പ്രമുഖരായിക്കഴിഞ്ഞ എല്‍ ടി ടി ഈയെ പങ്കെടുപ്പിക്കാത്തതിനാല്‍ അവര്‍ ആയുധം തിരികെ നല്‍‌കാന്‍ തയ്യാറായതുമില്ല.

ഇന്ത്യന്‍ സമാധാന സം‌രക്ഷണസേനയെക്കൊണ്ട് നിരായുധീകരിച്ച തമിഴര്‍ക്ക് എന്നാല്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും തുടര്‍നടപടിയില്‍ പഴയ അനുഭവം തന്നെയാണ്‌ ഉണ്ടായത്.

തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടുകയും ഇരുഭാഗത്തും കനത്ത ആളപായമുണ്ടാകുകയും ചെയ്തു. സിവിലിയന്‍ തമിഴരുടെയോ പുലികളുടെയോ ആള്‍നാശത്തിനു കണക്കൊന്നുമില്ല. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ കൊള്ള, നിരായുധരുടെ വധം, ബലാത്സംഗം കൂട്ടക്കൊല തുടങ്ങി നിരവധി യുദ്ധകുറ്റങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കു മേല്‍ ആരോപിക്കുന്നുമുണ്ട്.

കുപ്രസിദ്ധമായ പല കൂട്ടക്കൊലകളും ജാഫ്ന ഹോസ്പിറ്റലില്‍ ഡ്യൂട്ടിഡോക്റ്റര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും പുലികളെ ചികിത്സിക്കുന്നെന്ന പേരില്‍ വധിച്ചതും സ്കൂള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചിറക്കി വെടിവച്ച് കൊന്നതും ഒക്കെ ലോകം അന്ധാളിപ്പോടെ കാണുമ്പോള്‍ ഇന്ത്യയില്‍ ഇതൊന്നുമറിയാതെ നമ്മള്‍ മേരാ ഭാരത് മഹാന്‍ പാടി രസിച്ചു.

എല്‍ ടി ടി യീയുടെ തന്ത്രങ്ങളെയോ ശക്തിയോ നമ്മുടെ പട്ടാളത്തിനു മനസ്സിലായിരുന്നതേയില്ല. പ്രഭാകരന്‍ ഒരു ഫുട്ട്ബാള്‍ സ്റ്റേഡിയത്തില്‍ ഉണ്ടെന്ന് വിവരം കിട്ടിയ ഇന്ത്യന്‍ പട്ടാളം ഇയാളെ പിടിക്കാന്‍ ആകാശത്തു നിന്നും ഹെലിക്കോപ്റ്ററില്‍ എയര്‍ കമാന്‍ഡോസിനെ ഇറക്കാന്‍ ശ്രമിക്കുകയും അതേ സമയം ടാങ്കുകള്‍ കൊണ്ട് വളയുകയും ചെയ്തു. സ്റ്റേഡിയത്തിനു പുറത്ത് മരങ്ങളില്‍ ഒളിച്ചരുന്ന പുലികള്‍ ഹെലിക്കോപ്റ്ററുകള്‍ വിമാനവേധ തോക്കുകള്‍ കൊണ്ട് നശിപ്പിക്കുകയും ടാങ്കുകള്‍ കുഴിബോംബിനാല്‍ ഛന്നഭിന്നമാക്കുയയും ചെയ്ത് ഇന്ത്യന്‍ പടയെ നിശ്ശേഷം തകര്‍ത്തശേഷം മാത്രമാണ്‌ രഹസ്യവിവരം പുലികള്‍ ഒരുക്കിയ കെണിയായിരുന്നെന്ന് മനസ്സിലായത്.

ഇന്ത്യയുടെ നയതന്ത്രത്തിനെയും മിലിട്ടറി ഇന്റലിജന്‍സിനെയും ലോകത്തിനു മുന്നില്‍ പരിഹാസ്യരാക്കിയ സംഭവങ്ങള്‍ ഏറെയുണ്ടായിരുന്ന ആ ദുരന്തനാടകം അവസാനിക്കുന്നത് വി പി സിംഗ് അധികാരത്തിലേറി ഇന്ത്യന്‍ സേനയെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയതോടയാണ്‌. അതോടെ യുദ്ധക്കെടുത്തികള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഉത്തരവാദികളഅയ ഇന്ത്യന്‍ സേനയെ തിരിച്ചു കൊണ്ടുപോകാന്‍ കല്പ്പിച്ച് ശ്രീലങ്കന്‍ ഗവണ്‍‌മെന്റ് മറുകണ്ടം ചാടുകയും ചെയ്തു.


ഇന്ത്യന്‍ ഇടപെടലോടെ വിജയം അല്ലെങ്കില്‍ മരണം എന്ന ആശയം ഫലപ്രദമായി ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ പടര്‍ത്താന്‍ കഴിഞ്ഞ ഈഴം വിടുതലൈ പുലികള്‍ വിമോചനസമരത്തിന്റെ സ്വഭാവം വെടിഞ്ഞ് ഗറില്ലായുദ്ധം നടത്തുന്ന കൊടും തീവ്രവാദികളുടെ രൂപം കൈക്കൊണ്ടു. ആദര്‍ശങ്ങളുടെ ബന്ധനവുമില്ലാതെയായ എല്‍ ടി ടി ഈ ഭീകരരുടെ രൂപമെടുത്തു. കരിമ്പുലികള്‍ എന്ന ചാവേര്‍പ്പടയുടെ സൃഷ്ടി ഇവിടെയായിരുന്നെങ്കില്‍ അതിന്റെ ആദ്യ ഇരയും രാജീവ് ഗാന്ധി തന്നെയായിരുന്നു. പുലികളെ ഭീകരരെന്ന് ഇന്ത്യയടക്കം പ്രമുഖ രാജ്യങ്ങള്‍ കണക്കാക്കാന്‍ ഇതു ഹേതുവായി. തുടര്‍ന്ന് കരിമ്പുലിയാക്രമണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന പ്രേമദാസയും വധിക്കപ്പെട്ടു.പരശതം ചാവേറാക്രമണങ്ങളിലൂടെ നിരവധി പ്രമുഖരെ എല്‍ ടി ടി ഈ കൊല ചെയ്തു. കൊടും മനുഷ്യാവകാശലംഘനങ്ങളും കൂട്ടക്കൊലകളും നടത്തിയാണ്‌ ശ്രീലങ്കന്‍ ഭരണകൂടം അതിനു മറുപടികള്‍ സാധാരണ തമിഴര്‍ക്കു നല്‍കിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ചന്ദ്രിക കുമാരതുംഗേയുടെ കാലത്ത് ശ്രീലങ്കന്‍ സേനയും പുലികളും മുഴുനീളയുദ്ധത്തില്‍ ഊഴം വച്ച് പലഭാഗങ്ങളും പിടിക്കുകയും തിരിച്ചുവിടുകയും ചെയ്തു.

ഇക്കാലമത്രയും പുലികള്‍ മയക്കുമരുന്നു കടത്തല്‍ തുടങ്ങിയ ഭീകരവാദികളുടെ പൊതുമുതല്‍ സമ്പാദനമേഖലകളില്‍ പ്രവര്‍ത്തിക്കുകയും ബാലന്മാരെ നിര്‍ബ്ബന്ധിച്ചു പടയില്‍ ചേര്‍ക്കുകയും വധശിക്ഷ അടക്കം ഭീകരനിയമം നടപ്പാക്കുകയും ചെയ്ത് സ്വന്തം ഭീകരത ലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഭീകരരുടെ മുഖം തന്നെ കാഴ്വയ്ക്കുമ്പോഴും കര‌-നാവിക-വ്യോമസേനകള്‍ അടങ്ങുന്ന ഒരു പട്ടാളത്തിന്റെ കാര്യക്ഷമതയും പുലികള്‍ക്കുണ്ടായിരുന്നു. വിരോധാഭാസങ്ങള്‍ നിറഞ്ഞതായിരുന്നു പക്ഷേ പ്രഭാകരന്റെ നയങ്ങള്‍. സിംഹളര്‍ വംശീയോന്‍‌മൂലനം നടത്തുന്നെന്ന് അലമുറയിടുന്ന അതേ സമയമാണ്‌ തമിഴ് മുസ്ലീങ്ങളെ പുലികള്‍ ഈഴത്തു നിന്നും അടിച്ചോടിച്ചത്, പിന്നീറ്റ് തിരിച്ചു വിളിച്ചെങ്കിലും.

ചന്ദ്രിക പരാജയപ്പെട്ട് വിക്രമസിംഗേ അധികാരത്തില്‍ വന്നകാലം പുലികള്‍ അക്രമം നിറുത്തുകയും സ്വതന്ത്ര ഈഴമെന്ന ആവശ്യം പിന്‍‌വലിച്ച് തദ്ദേശ സ്വയംഭരണത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂട്ടാക്കാതെ എന്നാല്‍ വിക്രമസിംഗേ സ്വയംഭരണാവകാശവും നിഷേധിക്കുകയാണ്‌ ഉണ്ടായത്.

മാഹീന്ദ്രയുടെ സര്‍ക്കാരിന്റെ തുടക്കത്തില്‍ നോര്‍‌വേയുടെ മദ്ധ്യസ്ഥതയില്‍ നടന്ന സമാധാനശ്രമങ്ങള്‍ പുലികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൂലം പരാജയപ്പെടുകയായിരുന്നു. താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര പണമിടപാടുകളില്‍മേലും ആയുധക്കടത്തിലും വന്ന കര്‍ശന നിയന്ത്രണങ്ങള്‍, പുലികളുടെ തലച്ചോറായിരുന്ന മഹത്തായയ്ക്ക് വിധിച്ച വധശിക്ഷ, കേണല്‍ കരുണയുടെ കൂറുമാറ്റം എന്നിവ ക്ഷയിപ്പിച്ച പുലികള്‍ക്കുമേല്‍ മഹത്തായ തുടങ്ങിയ ആക്രമണം പുലികള്‍ക്കുമേല്‍ പരിപൂര്‍ണ്ണ വിജയമായി.

പുലികള്‍ കൊടും ഭീകരായി കണക്കാക്കപ്പെടുന്നതിനാല്‍ അന്താരാഷ്ട്ര സമൂഹം അനങ്ങിയില്ല. പലയാനം ചെയ്യുന്നവരും കൊല്ലപ്പെട്ടവരും മുറിവേറ്റവരുമായ ലക്ഷക്കണക്കിനു തമിഴര്‍ക്ക് ആരും സഹായമെത്തിച്ചില്ല. പത്രക്കാരോ ജീവന്‍‌രക്ഷാപ്രവര്‍ത്തകരോ മേഘലകളൊന്നും സന്ദര്‍ശിക്കാന്‍ ശ്രീലങ്ക അനുവദിച്ചതുമില്ല.

നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ക്കൊടുക്കം പ്രഭാകരന്റെ മൃതദേഹം ഇന്ന് ശ്രീലങ്ന് ടെലിവിഷന്‍ പ്രദര്‍ശിപ്പിച്ചു. ഡി എന്‍ ഏ പരിശോധനയുടെ ആവശ്യമില്ലെന്നും പ്രഭാകരനെ കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ്‌ സര്‍ക്കാര്‍ പറയുന്നത്. പ്രഭാകരനു നിരവധി ബോഡി ഡബിളുകള്‍ ഉണ്ടായിരുന്ന നിലയ്ക്ക് ഇത്തരം ഒരു വാശിയുടെ ആവശ്യം മനസ്സിലാവുന്നില്ല. എങ്കിലും പ്രഭാകരന്‍ മരിച്ചില്ലെന്ന തമിഴുപുലികളുടെ വാദം എഴുതിത്തള്ളി മരണവാര്‍ത്ത ശരിവയ്ക്കാനാണ്‌ എന്റെ മനസ്സു പറയുന്നത്.

പ്രഭാകരന്‍ മരിച്ചാലും ഇല്ലെങ്കിലും ഇനിയടുത്തകാലത്തൊന്നും എല്‍ ടി ടീ ഈ ഒരു തിരിച്ചുവരവ് നടത്തില്ല. നടത്തുകയുമരുത്, ഭീകരവാദം കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കാനാവില്ല.

എന്നാല്‍ എല്‍ ടി ടി ഈ യുഗത്തില്‍ ഭീകരര്‍ തമിഴര്‍ക്ക് നല്‍‌കിയ നരകങ്ങള്‍ക്കും അതിനോട് ഇന്ത്യയും ശ്രീലങ്കയും നടത്തിയ പോരാട്ടം നല്‍കിയ കൊടുംയാതനകള്‍ക്കും ഒടുവില്‍ ശ്രീലങ്കന്‍ തമിഴര്‍ സ്വാതന്ത്ര്യകാലത്തെ അരക്ഷിതാവസ്ഥയിലേക്കും അനാഥത്വത്തിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്‌. പുലികളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയതിലും അവരെ പ്രകോപിപ്പിച്ചു വഷളാക്കിയതിലും കരങ്ങളുള്ളവര്‍ ഇനിയെങ്കിലും ശ്രീലങ്കന്‍ തമിഴരുടെ മനുഷ്യാവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ പരിശ്രമിക്കാനുള്ള ബാദ്ധ്യതയുണ്ട്.

വാല്‍ക്കഷണം

ഒരു ചെറുത്തുനില്പ്പിനെ ഭീകരവാദമഅയി വഴി പിഴപ്പിച്ചെന്ന പഴിയല്ലാതെ പ്രഭാകരനെക്കുറിച്ച് നല്ലതൊന്നും പറയാനില്ലല്ലോ എന്ന് ആലോചിച്ചപ്പോഴാണ്‌ സുനാമി ഓര്‍മ്മവന്നത്. പുലികളുടെ സുനാമി ദുരിതാശ്വാസപ്രവര്‍ത്തനവും ശേഷമുള്ള പുനരധിവാസപ്രോജക്റ്റും സുനാമി ബാധിതര്‍ക്കുവേണ്ടീ ഏതു രാജ്യത്തെ സര്‍ക്കാര്‍ നടത്തിയതിലും കാര്യക്ഷമമായിരുന്നു. മരിച്ചവരെക്കുറിച്ച് നല്ലതു പറയണമല്ലോ.

Thursday, May 7, 2009

വിവേകം

നാലാളു മുന്നേ ഞെളിഞ്ഞു നടക്കുമ്പ
ആണെന്നു കാമത്തം കേട്ടിടുന്ന
ഉച്ചക്കടക്കാരന്‍ ചാക്കുണ്ണിച്ചേട്ടന്‌
ആശയുണ്ടെങ്കിലും മിണ്ടിയില്ല.

എന്തരാണ്ണാ ഇത്, വന്നു വന്നു പൂരപ്പാട്ടായോ. ഷാപ്പിന്റെ അന്തസ്സ് കളയുവോ?
വാ വാ അന്തപ്പാ. ഇന്ന് ഇവിടെ ചാക്കുണ്ണിച്ചേട്ടന്‍ വധം ബാലേയാ . കണ്ടില്ലീ ഇങ്ങേരടെ കുനിഞ്ഞൊള്ള ഇരിപ്പ്.

എന്തരാ കാര്യം?
ഇന്നലെ വയ്യിട്ട് കുട്ടമ്മേശിരീടെ വീട്ടി കള്ളങ് ക്യാറി. അങ്ങേരടെ മോള്‍ കണ്ട് കത്തിയപ്പ ലവന്‍ എറങ്ങി റോഡേ പാഞ്ഞ്.

ന്നിട്ട്?

ഞങ്ങള്‍ കൊറച്ചാളു കൂടി കള്ളനെ ഓടിച്ചോണ്ട് വരുവാരുന്ന്. ആ ഇടുക്കിന്റെ അവിടെ എത്തിയപ്പോ എതിരേന്ന് ചാക്കുണ്ണിച്ചേട്ടന്‍ നടന്ന് വരുന്ന്.

അവനെ പിടി ചാക്കുണ്ണിച്ചേട്ടാ കള്ളനാ എന്ന് ഞങ്ങള്‌ വിളിച്ചു പറഞ്ഞ്.

ന്നിട്ട്?
കള്ളങ് ഇളീന്ന് ഒരു കത്തി എടുത്ത് കാണിച്ച് മാറെറാ***, കൊല്ലും ഞാങ്ങ് എന്ന് പറഞ്ഞ്.
അപ്പ ചാക്കുണ്ണിച്ചേട്ടന്‍ എന്തര്‌ ചെയ്ത്?

ലിങ്ങേരു മാറിക്കൊടുത്ത്! കള്ളന്‍ അവനെ പാട്ടിനു പോയി. ഇത്തിപ്പോരം ധൈര്യം ഇങ്ങേരക്ക് കാണുമെന്ന് നെരുവിച്ചത് ചുമ്മാതാണെന്ന് ഇപ്പഴല്ലേ മനസ്സിലായത്.

ഇതിനാണോ ഇങ്ങേരെയിരുത്തി വട്ടം നിന്നു പള്ള് പാടണത്?
പിന്നെന്തരു വേണം, ധീരതയ്ക്ക് അവാര്‍ഡ് കൊടുക്കണോ?

അണ്ണാ, "ഈ ലോകത്തുള്ള ഏതു മനുഷ്യനെയും ഗോദയില്‍ ഞാന്‍ അടിച്ചു വീഴ്ത്തും" എന്ന് പ്രഖ്യാപിച്ച ഒരാളുണ്ട്- ബ്രൂസ് ലീ.
അതിന്‌?
അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാ "ശരിക്കുള്ള ജീവിതത്തില്‍ ഒരാള്‍ വാളെടുത്ത് എന്നെ വെട്ടാന്‍ വന്നാല്‍ എന്തെങ്കിലും നിവൃത്തിയുണ്ടേല്‍ ഞാന്‍ ഓടി രക്ഷപ്പെടുകയേയുള്ളു. ജീവിതം സിനിമയും ഗോദയുമൊന്നുമല്ല. ഏറ്റവും സുരക്ഷിതമായ ജീവന്‍ രക്ഷാമാര്‍ഗ്ഗം പാലായനം തന്നെ."

ചാക്കുണ്ണിച്ചേട്ടന്‍ ചെയ്തതാണ്‌ ശരി. കള്ളന്‍ അവന്റെ പ്രാണനും കൊണ്ട് ഓടിവരികയാണ്‌. ഒറ്റയ്ക്ക് അവനെ കേറി പിടിക്കുന്നത് ഒട്ടും ബുദ്ധിയല്ല, ജീവനും കൊണ്ടോടുന്നവനു പത്താളുടെ ശക്തിയാ. കുത്ത് കിട്ടിയിരുന്നെങ്കില്‍ ഇങ്ങേരുടെ ഭാര്യയ്ക്കും മക്കള്‍ക്കും പോയി.

അപ്പ ഇത് ധൈര്യത്തിന്റെ പ്രശ്നമല്ല അല്ലീ.
അല്ല. വിവേകത്തിന്റെ പ്രശ്നമാണ്‌. എന്തും കാണിക്കുന്നതല്ല ധൈര്യം. ആവശ്യമുള്ളത് ചെയ്യാന്‍ ഭയമില്ലാത്തതാണ്‌. ഒറങ്ങി കെടക്കുന്ന പട്ടിയുടെ അണ്ണാക്കില്‍ ചെന്ന് കുത്തുന്നത് ധീരയാണെന്ന് ആരെങ്കിലും പറയുമോ?

എന്നാ പാട്ട് നിര്‍ത്തീ.
നിര്‍ത്തണ്ടാ, ഇങ്ങേരെ വിട്ട് അടുത്താളെ പിടി.

കണ്ണില്‍ പീള, ചുണ്ടില്‍ ഈത്വാ, മൂക്ലാ.
കാതില്‍ കായം- കസ്തൂരാദി പോലെ.
പുഴുപ്പല്ലുകള്‍- ഉള്ളൊരു വായോ ഒന്നു തുറന്നാല്‍
കോര്പ്രേഷന്‍ കക്കൂസിന്‍ നാറ്റം.
ഒന്ന് ചെന്നു കുളിച്ചിട്ട് വാടെ ചെല്ലാ..

തള്ളേ, അതാരെപ്പറ്റിയാ?
നിന്നെപ്പറ്റി തന്നെ. നേരം വെളുത്തിട്ട് പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞ്. ഇതൊരു പുണ്യസ്ഥലമല്ലേടേ, ഒന്നു കുളിച്ചിട്ട് വന്നൂടീ?

ഇജസ്ഡം ജെനെറിസ്

പ്രിയ മരമാക്രി,
പോസ്റ്റ് വായിച്ചു. താങ്കള്‍ പറഞ്ഞതുപോലെ വെബ് സൈറ്റില്‍ പോയി ഒരു പരാതി നല്‍കിയാല്‍ ആരും വായിക്കില്ല. മിനക്കെട്ടിരുന്ന് അല്പ്പം ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനെ കണ്ടുപിടിച്ച് അദ്ദേഹത്തിനു നീട്ടിപ്പിടിച്ച് ഒരു മെയില്‍ അയച്ചാല്‍ നീളത്തിലൊരു അപ്പോളജിയും അന്വേഷിക്കാമെന്ന് ഒരു വാഗ്ദാനവും കിട്ടും. ആ മറുപടി ശ്രദ്ധിച്ചു വായിച്ചാല്‍ നേരത്തേ അടിച്ചു വച്ച ഒരു ടെമ്പ്ലേറ്റില്‍ നിങ്ങളുടെ പേരും ഡേറ്റും മാത്രം ചേര്‍ത്ത് ചമച്ച സാധനം ആണതെന്ന് മനസ്സിലാവുകയും ചെയ്യും. ഗള്‍ഫ് എയറില്‍ മാത്രമല്ല, ഏത് എയറിനു പരാതി നല്‍‌കിയാലും ഇതു തന്നെയാണ്‌ സംഭവിക്കുക. നിരാശപ്പെടുത്താന്‍ പറഞ്ഞതല്ല, വര്‍ഷങ്ങളായി യാത്ര ചെയ്ത് ചെയ്ത് പഠിച്ച പാഠം പറഞ്ഞെന്നേയുള്ളു.

യാത്രികനായി എയര്‍ലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഇരിക്കുമ്പോള്‍ മോശം പെരുമാറ്റം കിട്ടുകയും "നിന്നെ ഞാന്‍ ഓഫീസില്‍ ചെന്ന് ശരിയാക്കുന്നുണ്ട്" എന്ന് പറഞ്ഞ യാത്രക്കാരനോട് "ദാ എന്റെ നെയിം ബോര്‍ഡ് നോക്കി എഴുതി വച്ചോ നീ ഒലത്തും." എന്ന് ക്രൂ പ്രതികരിക്കുന്നതും കണ്ടിട്ടുണ്ട് (ഇന്ത്യയിലല്ല, സായിപ്പിന്റെ എയര്‍ലൈനില്‍)

ചോദ്യം:
എന്താണ്‌ ഇങ്ങനെ സംഭവിക്കുന്നത്? യാത്രക്കാരനെക്കുറിച്ച് ആര്‍ക്കും ഒരു ചേതവുമില്ലേ? ഇങ്ങനെ ഒരു സംഭവം നടന്നിട്ട് ആര്‍ക്കും ഒരു കണ്‍സേണുമില്ലേ? ഇങ്ങനെയെങ്കില്‍ എയര്‍ലൈന്‍ എങ്ങനെ ഇമ്പ്രൂവ് ചെയ്യും?

Here's the real lowdown:
എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് എല്ലാ എയര്‍ലൈനും കൃത്യമായി വിവരമുണ്ട്. അത് വ്യക്തിതലത്തിലല്ല, മൊത്തത്തിലാണെന്നു മാത്രം. ആയിരക്കണക്കിനു റിവ്യൂകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്താണ്‌ എയര്‍ലൈന്‍ ക്വാളിറ്റി റാങ്കിങ്ങ് വരുന്നത്. അതില്‍ എവിടെയാണെന്ന് ഒന്നു നോക്കിയാല്‍ ഫ്ലൈറ്റില്‍ എന്തു സംഭവിക്കുമെന്ന് കയറുന്നതിനു മുന്നേ തന്നെ ഒരുമാതിരി പിടി കിട്ടും.

ഉദാഹരണത്തിനു മരമാക്രി യാത്ര ചെയ്ത ഫ്ലൈറ്റുകളില്‍ - ബ്രിട്ടീഷ് എയര്വെയ്സ്, ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എന്നിവയില്‍ എന്തു പ്രതീക്ഷിക്കാം എന്നും റാങ്കില്‍ പഞ്ചനക്ഷത്രമുള്ള കിങ്ങ് ഫിഷര്‍ എയര്‍ലൈനില്‍ എന്തു പ്രതീക്ഷിക്കാമെന്നും നോക്കാം.

ക്യാബിന്‍, കക്കൂസ്, ഉപകരണങ്ങള്‍, സീറ്റ് തുടങ്ങിയവയുടെ വൃത്തി:
ഏറ്റവും വൃത്തികേട്- എയര്‍ ഇന്ത്യ, അല്പ്പം മുകളില്‍ ഗള്‍ഫ് എയര്‍, അതിലും അല്‍‌പ്പം മീതെ ബ്രിട്ടീഷ് എയര്വേര്‍സ്, ഒന്നാം സ്ഥാനത്ത് കിങ്ങ് ഫിഷര്‍

ക്യാബിന്‍ ജീവനക്കാരുടെ കാര്യക്ഷമതയും ആറ്റിറ്റ്യൂഡും
എയര്‍ ഇന്ത്യ3.5/5, ഗള്‍ഫ് എയര്‍4/5, ബ്രിട്ടീഷ് എയര്വേസ് 4/5, കിങ്ങ് ഫിഷര്‍ 5/5
വെയിറ്റേ മിനുട്ട്, മരമാക്രിക്ക് കാര്യക്ഷമതയില്‍ ബ്രിട്ടീഷ് എയര്‍‌വേസും ഗള്‍ഫ് എയറുമായി എന്തോ ഫീല്‍ ചെയ്തെന്നു പറയുന്നല്ലോ. ഇതിനു രണ്ടിനും ഒരേ റാങ്ക്?

ഇതാ, യാത്രക്കാരുടെ ആവശ്യങ്ങളോടുള്ള പ്രതികരണം:
എയര്‍ ഇന്ത്യ3/5, ഗള്‍ഫ് എയര്‍ 2.5/5, ബ്രിട്ടീഷ് എയര്വേസ് 4/5, കിങ്ങ് ഫിഷര്‍ 5/5

ഭക്ഷണത്തിന്റെ ഗുണ നിലവാരമോ?
എയര്‍ ഇന്ത്യ3/5, ഗള്‍ഫ് എയര്‍ 3/5, ബ്രിട്ടീഷ് എയര്വേസ് 3/5, കിങ്ങ് ഫിഷര്‍ 4/5


ഓവറാള്‍ ത്രീ സ്റ്റാര്‍ റേറ്റഡ് എയര്‍ലൈനായ ഗള്‍ഫ് എയറിലും എയര്‍ ഇന്ത്യയിലും ഫോര്‍ സ്റ്റാര്‍ റേറ്റഡ് ബ്രിട്ടീഷ് എയര്വേസിലും സില്‍ക്ക് എയറിലും കിട്ടുന്ന സര്‍‌വീസ് പ്രതീക്ഷിക്കേണ്ടാ. ബ്രിട്ടീഷ് എയര്‍‌വേസിലും എയര്‍ ഫ്രാന്‍സിലും യാത്ര ചെയ്യുമ്പോള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉള്ള കിങ്ങ് ഫിഷറിലും കാതേയിലും മലേഷ്യന്‍ എയറിലും കിട്ടുന്ന സര്‍‌വീസ് പ്രതീക്ഷിക്കേണ്ടാ. ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബംഗ്ലാദേശ് ബിമാനിലും പോയാല്‍ മേലേല്‍ കാണുന്ന ഒന്നിലും കിട്ടുന്ന ഒന്നും പ്രതീക്ഷിക്കേണ്ടാ.
(ഇതെല്ലാം ഇക്കോണമി ക്ലാസ് റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ്‌)

ഇത് സകലര്‍ക്കും അറിയാവുന്നതുകൊണ്ടും നന്നാവാന്‍ തീരുമാനിച്ച എയര്‍ലൈന്‍ ഇപ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടും അതല്ല "എന്നെ തല്ലേണ്ടാ അമ്മാവാ.." ലൈന്‍ ആണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ക്ക് പുല്ലു വില കല്‍‌പിക്കുന്നതുകൊണ്ടും;

ഇന്‍ഡിവിഡുവല്‍ ലെവലില്‍ പരാതികള്‍ എയര്‍ലൈനുകള്‍ മൈന്‍ഡ് ചെയ്യാറില്ല. ഫലത്തില്‍ ഉരലിന്‍‌മേല്‍ കയറിയാല്‍ പിന്നെ ഉലക്ക വരുന്നെന്ന പരാതിക്ക് വില കല്പ്പിക്കാറില്ല എന്ന്.


ഇനി ഒന്നു കൂടി:
ഗള്‍ഫില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍‌വീസുകളില്‍ ഇക്കോണമി ക്ലാസ്സില്‍ ക്രൂവിന്റെ പെരുമാറ്റം മറ്റ് അന്താരാഷ്ട്ര സര്‍‌വീസുകളെക്കാള്‍ മോശമാണെന്ന് പൊതുവില്‍ പരാതിയുണ്ട്.

എഴുപതുശതമാനത്തോളം യാത്രക്കാര്‍ സാധാരണ കൂലിപ്പണിക്കാരാണെന്നും "ഇവന്മാരോട് എന്തുമാകാം" എന്നും യാത്രക്കാരുടെ പക്ഷം.

തുടക്കം മുതല്‍- ലഗ്ഗേശ് കൂടുതല്‍ കൊണ്ടുപോകുക, നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയോ പാലിക്കുകയോ ചെയ്യാതിരിക്കുക, കയറി ഒടുക്കം വരെ അനന്തമായി കള്ള് ഭക്ഷണം തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുക, ക്രൂവിനോട് അപമര്യാദയായി പെരുമാറുക അങ്ങനെ യാത്രക്കാര്‍ സ്വയം നരകം തീര്‍ക്കുന്നതാണെന്ന് ക്യാബിന്‍ ക്രൂവിന്റെ വാദം.

വാല്‍ക്കഷണം:
Pax side
തിരുവനന്തപുരത്തു നിന്നു ഒരു യാത്രയുടെ തുടക്കം
ഗ്രൗണ്ട് സ്റ്റാഫ്
"ഇവിടെ കൂടി നില്‍ക്കാന്‍ പാടില്ല. മാറി നില്‍ക്കണം"
"പിന്നെ എവിടെ കൂടി നില്‍ക്കണം? ഇവിടെങ്ങും ഇരിക്കാന്‍ സ്ഥലമില്ല."
"ഇരിക്കാന്‍ സ്ഥലം ഞാനല്ലല്ലോ ഉണ്ടാക്കുന്നത്, അതുണ്ടാക്കുന്നവരോട് പോയി ചോദിക്ക്."
"എന്നാല്‍ പിന്നെ ഞാന്‍ വീട്ടില്‍ നിന്നു രണ്ടു കസേര കൊടുത്തു വിടാന്‍ പറയാം"
"അതാ നല്ലത്. കസേര മാത്രമാക്കണ്ടാ ഒരു കട്ടിലും കൂടി എടുത്തോ"


crew side
മറ്റൊരു യാത്ര- ഗള്‍ഫില്‍ നിന്നു തിരുവനന്തപുരത്തേക്ക്
അനൗണ്‍സ്മെന്റ്
"ഈ വിമാനത്തിനു സ്റ്റേജ് ബൈ സ്റ്റേജ് ബോര്‍ഡിങ്ങ് ആണ്‌. സീറ്റ് ഏ മുതല്‍ എഫ് വരെയുള്ള യാത്രക്കാര്‍ മാത്രം എഴുന്നേറ്റ് ക്യൂവായി വരിക."
ജനം മൊത്തമായി ഇളകി സൂപ്പര്‍ സ്റ്റാര്‍ പടത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ തുറന്നതുപോലെ ഒറ്റയിടിച്ചു കേറ്റം നടത്താന്‍ ശ്രമിച്ചു. ഗേറ്റില്‍ നിന്നവളെ തള്ളി മാറ്റി കയറാനും ചിലര്‍ ശ്രമിച്ചു. അവളുടെ വാക്കി ടോക്കി നിലത്തു വീണു ആന്റിന ഒടിഞ്ഞു.

"ദയവായി ക്യൂ പാലിക്കുക, വിളിച്ചവര്‍ മാത്രം വരിക"
ആരോടാ. ജനം തുടര്‍ന്നു.
ഒരു പോലീസുകാരന്‍ ഓടി വന്നു
"ശൂ ഹദ്ദാ?"
ഏ മുതല്‍ ഇസഡ് വരെ എല്ലാവനും തിരികെ ഓടി സീറ്റില്‍ പോയിരുന്നു.

ഒടുക്കം ബോര്‍ഡ് ചെയ്തു- രാവിലേ പത്തുമണിയാണ്‌.
എയര്‍ ഹോസ്പിറ്റല്‍ ചേച്ചി ബോര്‍ഡിങ്ങ് കൗണ്ടര്‍ പഞ്ച് ചെയ്തു കൊണ്ട് നടന്നു വരികയാണ്‌.
ഒരു പത്തമ്പതു വയസ്സുള്ള ഒരുത്തന്‍ ഒറ്റ കൂക്ക്
"ഏയ് ഏയ്, കം ഹിയര്‍, ഗിവ് ത്രീ ബ്രാന്‍ഡി."
അവള്‍ ഒരുജാതി പുച്ഛച്ചിരി ചിരിച്ചു കടന്നു പോയി
"ഓക്ക്, ബ്രാന്‍ഡി ലേറ്റര്‍. ഗിവ് ലഞ്ച്."
ദൈവമേ എന്റെ തൊലി ഉരിയുന്ന ശബ്ദം ഞാന്‍ തന്നെ കേട്ടു.

Sunday, May 3, 2009

ഡെഫനിഷം

തന്നെ. കഷണ്ടി, കുമ്പ, വെടിക്കല, പുറത്തുരോമം, മടിയില്‍ കനം, നടക്കുമ്പോള്‍ അണപ്പ്‌, ആന്ത്രവായു, നര, പുഴുപ്പല്ല് ഇതൊക്കെ തന്നെ പുരുഷ ലക്ഷണം.

ആനന്ദീ, ആനച്ചന്തീ, നീ ഈ പണ്ഡിതനെ ഒന്നു വിശ്വസിക്ക്‌ പൊന്നേ.

Friday, May 1, 2009

ആമവാതത്തിന്റെ പേരു മാറ്റൂ

ഇന്നലെത്തുടങ്ങി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പന്നിപ്പനിയെ ഇന്‍ഫ്ലുവന്‍സാ ഏ (എച്ച്1എന്‍1) എന്നു വിളിക്കാന്‍ തുടങ്ങിയത്രേ.

പനി പൊട്ടിപ്പുറപ്പെടുമ്പോ അതിനെ വിളിക്കാന്‍ ഒരു പേരു വേണം. കണ്ട സ്ഥലത്തിന്റെയോ (ഹോങ്ങ് കോങ്ങ് പനി എന്ന പോലെയൊക്കെയോ) പനിയുടെ ലക്ഷണത്തിന്റെയോ (സാര്‍സ് പോലെ) പനിയുടെ ലോക്കല്‍ പേരോ (ചികുന്‍ ഗുന്യ പോലെ) ഒക്കെ ഇടും. ഒരു ജന്തുവില്‍ നിന്നു മനുഷ്യനിലേക്ക് തുടങ്ങി ശേഷം മനുഷ്യനില്‍ വച്ച് വേരിയന്റുകള്‍ ഉണ്ടാവുകയോ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാന്‍ തുടങ്ങുകയോ ചെയ്യുന്ന പനികളെ സാധാരണ ഏതു ജന്തുവില്‍ തുടങ്ങി എന്ന അടിസ്ഥാനത്തിലാണ്‌ പൊതുജനം വിളിക്കാറ്‌. പക്ഷിപ്പനി, കുതിരപ്പനി, പട്ടിപ്പനി, പന്നിപ്പനി എന്നൊക്കെ ഇന്‍ഫ്ലുവന്‍സ വേരിയന്റുകള്‍ക്ക് പേരുകള്‍ കിട്ടിയത് ആദ്യഹോസ്റ്റുകള്‍ ഈ ജന്തുക്കള്‍ ആയിരുന്നതുകൊണ്ടാണ്ട്. ഇനിയിപ്പോ വേണേല്‍ ഒരു പനി കണ്ടെത്തിയ ആളിന്റെ പേരു പനിക്കിടാവുന്നതേയുള്ളൂ.


രണ്ടായിരത്തൊമ്പത് മാര്‍ച്ചില്‍ തുടങ്ങിയ ഇന്‍ഫ്ലുവന്‍സയുടെ മൂലവൈറസുകള്‍ പന്നിയില്‍ ഉണ്ടായതോ പന്നി മറ്റു ഇന്‍ഫ്ലുവന്‍സ വൈറസുകളെ സ്വീകരിച്ച് കൊണ്ടുനടന്നതോ ആയ പലതുമാണെന്നതില്‍ സംശയമൊന്നുമില്ല. പിന്നെന്തിനാപ്പാ തിടുക്കത്തില്‍ ഒരു പേരുമാറ്റം? അല്ലാ ഇത്ര ശ്രദ്ധിച്ചും ലക്ഷണം നോക്കിയും പേരിടാന്‍ പനി ആരുടെയും മകനോ മകളോ ഒന്നുമല്ലല്ലോ.


അതല്ലേ രസം. അമേരിക്കയില്‍ പന്നിവളര്‍ത്തുകാര്‍ ഒടക്കി. പന്നിപ്പനിയെന്നു പേരിട്ടാല്‍ പന്നിയിറച്ചി വില്പ്പന നില്‍ക്കും. ഇപ്പോ പന്നിയില്‍ നിന്നല്ലല്ലോ മനുഷ്യനില്‍ നിന്നല്ലേ ഈ കുന്തം പകരുന്നത്, അപ്പോ പിന്നെ എന്തിനാ സാര്‍ ഈ പേര്‍. വേണേല്‍ മനുഷ്യപ്പനി എന്നിട്ടോ.


ഇസ്രയേലില്‍ ഭയങ്കര പ്രശ്നം. അവിടത്തെ ജനത ഭൂരിപക്ഷം ജൂതരും ന്യൂനപക്ഷം മുസ്ലീങ്ങളുമാണ്‌. നിനക്കെന്താ അസുഖം എന്നു ചോദിക്കുമ്പോള്‍ വേണേല്‍ ആനപ്പനി എന്നു പറയാം, പന്നി വൃത്തികെട്ട ജന്തുവല്ലേ, അതിന്റെ പേരില്‍ ഒരു പനി വേണ്ടാ ഞങ്ങള്‍ക്ക്. ജീവിതത്തിലൊരിക്കലും പന്നിയെത്തൊടാത്ത ഞങ്ങള്‍ക്ക് വരുന്ന പനിക്ക് എന്തിനീ പേര്‍, മാറ്റണം.


കൊറിയക്കാര്‍ പറയുന്നു, പനി ആദ്യം കണ്ടത് പന്നിയിലല്ല, മെക്സിക്കോയിലാണ്‌ അതുകൊണ്ട് മെക്സിക്കന്‍ പനി എന്നു വിളിക്കൂ, ഞങ്ങള്‍ മനോനിമ്മിതിയായി കുറച്ചു പന്നിയിറച്ചി വിറ്റോട്ട്.


അങ്ങനെ ഞങ്ങടെ പ്രോഡക്സ്റ്റിനെ തൊട്ടു കളിക്കണ്ടടാ, മെക്സിക്കോക്ക് കലിയിളകി. ഇവിടത്തെ മാര്‍ക്കറ്റ് തകരട്ടന്നോ, രാഷ്ട്രത്തിന്റെ പേരു തൊട്ടു കളിക്കരുത്.


പേരു മാറണം, ഇല്ലെങ്കില്‍ റിസര്‍ച്ച് ഫണ്ടിങ്ങ് നിര്‍ത്തും. ഹമ്മച്ചി. ബൂ ഹൂ.

ആരാണു പനിയുണ്ടാക്കുന്നത്, പന്നിയാണോ അതോ വൈറസ് ആണോ?
വൈറസ് ആണു സാര്‍.
ആര്‍ക്കാണു പനി പന്നിക്കാണോ?
ആയിരുന്നു, ഇപ്പോള്‍ മനുഷ്യനാണു സാര്‍.
എന്നാല്‍ പന്നിയെ വെറുതേ വിടൂ.
അല്ലാ പന്നി പണ്ട് ക്യാരി ചെയ്തില്ലേ അപ്പ.
ഇപ്പ മനുഷ്യനും ക്യാരി ചെയ്യുന്നില്ലേടോ. മനുഷ്യപ്പനി എന്നു വിളിക്കുന്നോ എന്നിട്ട്.
ഇല്ല സാര്‍.
എന്നാ വൈറസിന്റെ പേരിട്.

നമ്മള്‍ ഇപ്പോ എന്തു പേരു വിളിച്ചാലും വൈറസിനു പുല്ലാ. അത് ഇമ്മാതിരി കാര്യമൊന്നും ശ്രദ്ധിക്കാതെ അതിന്റെ ജോലി പൂര്‍‌വാധികം ഭംഗിയായി ചെയ്യുന്നു.


വയലില്‍ നിന്നും ആമയെ പിടിച്ച് ഷാപ്പില്‍ വിറ്റു ജീവിക്കുന്ന കുഞ്ഞാണനും സംഘവും സമരത്തിനൊരുങ്ങുന്നെന്ന് കേട്ടു. പന്നിയുമായി ബന്ധമുള്ള പനിയുടെ പോലും പേരു മാറ്റി, ആമവാതം എന്ന പേര്‍ ഉടനേ മാറ്റണം. ആമം എന്താന്ന് വൈദ്യനേ അറിയൂ, പക്ഷേ ആമയെ സകല മലയാളി കുടിയനും അറിയാം, വെറുതേ കച്ചോടം കളയാന്‍.