Tuesday, March 3, 2009

വിജിലാന്റീ

ഒന്ന്

എന്തരെടേ ആന്റോ ഇത് പട്ടിയോ ചീവീടോ? എരണം കെട്ട നശൂലം ചെലയ്ക്കാതിരിക്കാന്‍ പറ.
ടാക്സീ, അടങ്ങെടാ.

ടാക്സിയോ, എന്തര്‌ പ്യാര്‌.
ലിവന്റെ കറുപ്പും മഞ്ഞേം നിറം കണ്ട് പ്രൊഫസറിട്ട പേരാ, രായണ്ണന്‍ ക്യാറി വരി.

വേണ്ടാ, ഇഞ്ഞോട്ട് എറങ്ങിവാ, അത്യാവശ്യവൊണ്ട്.
എങ്ങോട്ട് പിടിച്ചോണ്ട് പെയ്യൂടണത്, വെള്ളത്തി തെള്ളിയിട്ട് കൊല്ലാനോ?

എടേ, നീ ആരോടും പറയരുത്.
അതിന്‌ എന്നോടും ഒന്നും പറഞ്ഞില്ലല്ല്?

ലങ്ങേര്‌ തൂങ്ങിയത് അറിഞ്ഞല്ല്?
ഹും. ബോഡി പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപെയ്യെന്ന് ക്യാട്ട്. എനിക്ക് ആള്‌ തൂങ്ങിനില്‍ക്കുന്നത് കണ്ടാ വല്ലാതെ വെരും അതാ വെരാഞ്ഞെ.

ഞാനാ ബോഡി എറക്കിയത്. തപ്പിയപ്പ പോക്കറ്റി ഒരെഴുത്തൊണ്ടാരുന്നു. ആരും കാണാതിങ്ങ് പൊക്കി.
എന്തര്‌ പണിയാ രായണ്ണാ ചെയ്തത്? ആത്മഹത്യക്കുറിപ്പ് എവിഡന്‍സ് ആണ്‌. അത് നശിപ്പിക്കുന്നത് കുറ്റമാ. അല്ലേല്‍ തന്നെ പോക്രിത്തരവല്ലീ?

എടേ, ഇത് നാട്ടി സാധാരണയാ. ചത്താള്‌ ജീവിച്ചിരിക്കുന്നവരെ കൊഴപ്പിക്കുന്ന വല്ലോം എഴുതിയേച്ചാന്നോ പോയതെന്ന് അറിയണ്ടീ. ഇനി കൊഴപ്പമൊന്നുമില്ലേല്‍ അങ്ങ് തിരിച്ചു വെച്ചാ മതിയല്ല്.
തിരിച്ചോ? ബോഡിയിപ്പോ പോലീസ് പരിശോധിച്ചില്ലേ.
ബോഡീ വെയ്ക്കണതെന്തരിന്‌ . തിരിച്ചു വെയ്ക്കണേല്‍ അവരുടെ വീട്ടിലെ വല്ല മേശവിരീടേം കീഴി കൊണ്ട് വെച്ചാ പോരീ.

രണ്ട്
എന്തരാ രായണ്ണാ ലങ്ങേരടെ കത്തില്‍?
നീ തൊടണ്ട, ഞാന്‍ വായിച്ച് കേപ്പിക്കാം.

ആരോടുമുള്ള ദേഷ്യം കൊണ്ടല്ല ഞാന്‍ ഇങ്ങനെ തീരുമാനിച്ചത്. എന്റെ ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ഒരുപാടു നാളായി സംശയം തുടങ്ങിയിട്ട്. ഈ കഴിഞ്ഞ മാസം ലാസ്റ്റാഴ്ച ഞാന്‍ ആരോടും പറയാതെ പോയി വാസാഷ്ടമി ഓപ്രേഷന്‍ നടത്തി. എന്നിട്ട് ഈ മാസം അവള്‍ ഗര്‍ഭിണിയായിട്ടുണ്ട്. എനിക്ക് പരാതിയൊന്നുമില്ല. ആരാണോ ഉത്തരവാദി അവന്റെകൂടെ അവള്‍ പോയിക്കോട്ടെ. ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ എന്റെ ആണേലും അല്ലേലും ഉപേഷിക്കാതെ അവരെക്കൂടെ നോക്കാന്‍ അവളോട് പറഞ്ഞാല്‍ മതി.

മൊത്തം കേട്ടോടേ?
ഉം.

എനിക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല ആ പെണ്ണ് ദോഷക്കാരിയാണെന്ന്.
പിന്നേ, ദോഷം ചെയ്യുന്നവരെല്ലാം അണ്ണന്റെ അടുത്ത് വന്ന് സമ്മതം വാങ്ങിച്ചിട്ടല്ലേ പോണത്.

എടേ ഇങ്ങനെ എന്തെങ്കിലും ഒണ്ടേല്‍ അത് നാട്ടില്‍ ആരെങ്കിലും അറിയുവെന്ന്, നിനക്ക് ഇമ്മാതിരി വാര്‍ത്ത താല്പ്പര്യമില്ലാത്തതുകൊണ്ട് കേക്കാത്തതാരിക്കും.
അതെന്തരേലും ആട്ട്, അണ്ണന്‍ ആ എഴുത്ത് തിരിച്ചു കൊണ്ട് വെയ്. മരിച്ചാളിന്‌ എന്തരായിരുന്നു പറയാന്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയണം.

നിനക്കറിയാഞ്ഞിട്ടാ ആന്റോ, പോലീസല്ല ഒരൊറ്റ മനുഷ്യന്‍ അറിഞ്ഞാല്‍ ആ പെണ്ണ് ആള്‌ അവിഹിതമാണെന്ന് നാട്ടില്‍ പാട്ടാവും, പത്രത്തിലും അടിച്ചു വെരും. ഒള്ളവന്‍ ചത്ത് ഒറ്റയ്ക്ക് ജീവിക്കണ്ട പെണ്ണാ, നാളെത്തൊടങ്ങി ആള്‍ക്കാര്‌ രാത്രി കതവേ മുട്ടും, ഈ പറയുന്ന ഞാനും ചെറ്റപൊക്കാന്‍ പോയിട്ടൊള്ളവനാ. അവള്‍ ഇനി അങ്ങനത്തവളല്ലെങ്കില്‍ പിന്നെ ഒടനേ അവളും തൂങ്ങണ്ടി വരത്തേയൊള്ള്. ഒരുതരത്തിലും ആളുകള്‌ ജീവിക്കാന്‍ സമ്മതിക്കൂല്ല.

മൂന്ന്
അണ്ണാ അണ്ണനാണോ തീരുമാനിക്കുന്നത് ഇതൊക്കെ?
എനിക്കറിയണ്ടത് ഈ എന്തരത് , വാസാഷ്ടമി, ചെയ്തു കഴിഞ്ഞാ ഗര്‍ഭിണിയാകുവോന്നാ, എന്തരേലും ചാന്‍സ് ഒണ്ടോടേ?
അണ്ണാ, വാസെക്ടമി-ഞരമ്പുമുറിക്കല്‍ ശസ്ത്രക്രിയ ലിങ്ങേര്‍ ചെയ്ത ഒടനേ ആണ്‌ ഭാര്യ ഗര്‍ഭിണിയായതെന്നല്ലേ. ഈ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞാല്‍ ഒന്നുരണ്ട് മാസം കൂടി ബീജങ്ങള്‍ മുറിച്ചശേഷമുള്ള ഭാഗത്ത് കാണും. അത് ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കാന്‍ ധാരാളം മതി. ഡോക്ടര്‍മാര്‍ അതു പറഞ്ഞുകൊടുക്കാഞ്ഞതാവാം, ഇദ്ദേഹത്തിനതു മനസ്സിലാവാഞ്ഞിട്ടാണോ. കത്തു വായിച്ചതില്‍ നിന്നും തോന്നുന്നത് ഓപ്പറേഷന്‍ കഴിഞ്ഞുടനേ ഭാര്യയോട് ബന്ധപ്പെട്ടുകാണുമെന്നാണ്‌.

അല്ലാന്റോ, ഈ ഓപ്രേഷന്‍ കഴിഞ്ഞാല്‍ പിന്നൊന്നും പുറത്ത് പോകത്തില്ലാന്നല്ലീ.
അണ്ണാ, പുറത്തു പോകുന്നതില്‍ ബീജങ്ങള്‍ കാണത്തില്ല എന്നേയുള്ളു. പക്ഷേ, അതീനൊരു ടൈം ഗ്യാപ്പ് വേണം. അണ്ണന്‍ മെയിന്‍ വാല്വ് അടച്ചാലും കുളിമുറിയിലെ പൈപ്പില്‍ അല്പ്പനേരം കൂടി വെള്ളം വരില്ലേ, അതുപോലെ ഞരമ്പില്‍ ബാക്കിയായ ബീജങ്ങള്‍ വിസര്‍ജ്ജിച്ചു തീരണം.

അപ്പോ അതാണ്‌ കാര്യം അല്ലീ, ഞാന്‍ വിചാരിക്കുവായിരുന്ന് ശരിക്കും അവള്‍ പോക്കടിച്ചോന്ന്.
അങ്ങനെയും ആകാന്‍ വലിയ സാദ്ധ്യത ഉണ്ടെന്നേയുള്ളണ്ണാ. മറിച്ചും ആയിക്കൂടായ്കയൊന്നുമില്ല. സത്യം ആ സ്ത്രീക്കല്ലേ അറിയൂ..

ഞാന്‍ നിരുവിക്കണത് നീ പറഞ്ഞപോലെ കൊച്ച് അയാക്കടെ തന്നേന്നാ. ആന്റോ, കത്തങ്ങ് കത്തിക്കട്ടേടേ?
അണ്ണനു കൈവിറയ്ക്കൂല്ലേണ്ണാ ഇതു കത്തിക്കാന്‍? ഒരു മനുഷ്യന്‍ ലോകത്തോട് അവസാനം പറയാന്‍ ഉദ്ദേശിച്ച കാര്യമാണ്‌ ഇനിയിപ്പോ ആരും കേള്‍ക്കാതയാവുന്നത്.
മരിച്ചവന്‍ ഇനി എന്തരു പറഞ്ഞാലും തിരിച്ചെഴിച്ച് വരൂല്ല. ജീവിച്ചിരിക്കുന്നവള്‍ ആ മനുഷ്യന്‍ തന്നെ സംശയിച്ച് ചത്തതാന്ന് നിരുവിക്കാതെ നല്ല കാര്യങ്ങള്‍ അയാളെക്കുറിച്ച് മനസ്സി വച്ചേക്കട്ട്. അതുവല്ല കാര്യം, കണ്ടവനെല്ലാം നാളെ മൊതല്‍ ഇരുട്ടുമ്പ ഇരുട്ടുമ്പ അവടെ അതിരിക്കകത്ത് ചാടിക്കേറി വരത്തുവില്ല. പോയവന്‍ പോയി ബാക്കിയൊള്ളോരുടെ കാര്യവല്ലേ ഒള്ള്.

ഞാന്‍ കേക്കണത് ഇതൊക്കെ നമ്മളെന്തിനാ തീരുമാനിക്കണതെന്നാ.
പെട്ടുപോയില്ലേടേ. സാതനം കയ്യിലായി ഇനി എന്തരേലും തീരുമാനിച്ചല്ലീ പറ്റുവൊള്ള്. എന്തരു ചെയ്താലും ചങ്കിച്ചിരി വേദനിക്കും. ഒരു പാഠം പഠിച്ച്, മേലാ ചത്തവന്റെ പോക്കറ്റടിക്കൂല്ല ഞാങ്ങ്.

ഞാനും ഒരു പാഠം പഠിച്ചണ്ണാ. മേലാ ആരേലും വന്ന് ആരോടെങ്കിലും പറയുവോ എന്ന് എന്തരേലും തൊടങ്ങിയാ "ആരോടും പറയാന്‍ പറ്റാത്തതാണെങ്കി എന്നോടും പറയണ്ട" എന്ന് ഞാന്‍ പറയും.

നീയും ഞാനും ഇത് കണ്ടിട്ടില്ല.
ഉം. പക്ഷേ കത്തിക്കാനും വേണ്ടാന്നും ഞാന്‍ പറഞ്ഞിട്ടുമില്ല.

Monday, March 2, 2009

സ്വപ്നം

മാന്ദ്യം ബാധിച്ച് ചെല്ലാ, ദാരിദ്ര്യമാ.
ഈ ദാരിദ്ര്യമൊക്കെ ആപേക്ഷികമല്ലേ അണ്ണാ.

വെരിഗുഡ്. ഉടല്‍തേടി അലയുമാത്മാവിനോട് അദ്വൈതമുരിയാടുന്ന പണി നിനക്കുണ്ടെന്ന് അറിഞ്ഞില്ല. അറിഞ്ഞെങ്കില്‍ ഞാനിത് പറയില്ലായിരുന്നു.

എത്ര പണമില്ലെങ്കിലാ അണ്ണാ ദാരിദ്ര്യമാകുന്നത്?
ആ നമ്പര്‍ എന്നോട് വേണ്ടാ, എന്റെ കയ്യില്‍ അഞ്ചു രൂപയേ ഉള്ളെന്ന് പറഞ്ഞാല്‍ അഞ്ചുരൂപ തെരുവില്‍ വിശന്നു നില്‍ക്കുന്ന കുട്ടിക്ക് സ്വപ്നം കാണാന്‍ പറ്റാത്തത്ര വലിയ തുകയാണെന്നു പറയാനല്ലേ?

ശരി. അണ്ണന്‍ അഡോള്‍ഫ് മെയ്കെലിയെപ്പറ്റി കേട്ടിട്ടില്ലേ?
എവിടെയോ കേട്ട ഒരോര്‍മ്മ.

അങ്ങേരു സാമ്പത്തിക മാന്ദ്യം ബാധിച്ച് ഈയിടെ ആത്മഹത്യ ചെയ്തു. മൂന്നു ബില്യണ്‍ ഡോളറല്ലേ ആ പാവത്തിന്റെ കട്ട പൊഹ പൊഹഞ്ഞു പോയത്.
എങ്ങനെ സഹിക്കും, വെറുതേയല്ല ആത്മഹത്യ ചെയ്തത്. ഭാര്യേം മക്കളുമൊക്കെ വഴിയാധാരമായോ.

അത് ആപേക്ഷികമാ. ഒരു ഒമ്പതു ബില്യണ്‍ ആസ്തിയുള്ളയാള്‍ വഴിയാധാരമാണോ അല്ലേ എന്ന് അവരോട് തന്നെ ചോദിക്കണം.
ആ അത്രയും മിച്ചമുണ്ടായിരുന്നോ, ചാവണ്ടായിരുന്നു.

അയാള്‍ക്ക് ഒമ്പതു ബില്യണ്‍ ദാരിദ്ര്യമായിരുന്നു, അണ്ണനും എനിക്കുമതല്ല. ഇനി നമുക്ക് അഞ്ചുരൂപയുടെയും കുട്ടിയുടെയും കാര്യം പറയാം.
എടേ, തത്വചിന്ത എന്റെ മനസ്സില്‍ ഇപ്പ ഓടൂല്ല. വേറെന്തെങ്കിലും പറയ്, എന്നെ ഒന്നാശ്വസിപ്പിക്ക്. രണ്ട് കള്ളം പറ.

ഒക്കെ ശരിയാവും അണ്ണാ, ഒക്കെ ശരിയാവും.
ഒക്കെ ശരിയാവുവാരിക്കും
ആ, വാരിക്കും. ഞാന്‍ പോണ്‌.

Sunday, March 1, 2009

ആന്റണി- ഒരു പ്രീമോര്‍ട്ടം

അനോണി ആന്റണി എന്നത് എന്റെ ആദ്യത്തെ ബ്ലോഗ് ഐഡി അല്ല, രണ്ടാമത്തേതോ മൂന്നാമത്തേതോ അല്ല.
പൊതുജനവികാരം മാനിച്ച് ആരെന്തുകള്‍ അങ്ങ് ഒഴിവാക്കുന്നു.

ഉല്പ്പത്തി
മേതില്‍ ഒരിക്കല്‍ ബ്ലോഗുകളെപ്പറ്റി (പലതില്‍ ഒരു) അഭിപ്രായം പറഞ്ഞത് കണ്ടന്റ് സെന്റ്രിക്ക് എന്നതിനെക്കാള്‍ അനിവാര്യമായും പേര്‍സന്‍ സെന്റ്രിക്ക് ആയിത്തീരുന്നതാണ്‌ ബ്ലോഗിന്റെ സ്വാധീനക്കേട് എന്നാണ്‌ (ഈ വാക്കുകളല്ല, നല്ല മലയാളത്തില്‍ തന്നെ). അനോണി ബ്ലോഗിന്റെ മുകളില്‍ എഴുത്തുകാരനില്ല എന്നെഴുതിവച്ചത് ഇക്കാരണം കൊണ്ടാണ്‌.

ഒരിടക്കാലത്ത്, പ്രത്യേകിച്ച് പിന്‍‌മൊഴി എന്തിനു നിറുത്തണം, സീനിയര്‍ ബ്ലോഗര്‍ ബ്ലോഗര്‍ ജൂനിയര്‍ ബ്ലോഗന്‍ എന്നൊരു ആഢ്യ-ആസ്യ വിഭജനം ബ്ലോഗ് സമൂഹത്തിനുണ്ട്, ആരും പുതിയതായി വന്ന് എസസ്റ്റബ്ലിഷ് ചെയ്യാന്‍ ബ്ലോഗിലെ കാര്‍ട്ടലുകള്‍ സമ്മതിക്കുന്നില്ല എന്ന് ശക്തമായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കുറേയൊക്കെ ശരിയുണ്ടാവാം എന്നാലും എല്ലാവരും കമന്റിടുന്നത് കമന്റ് വാരാനുള്ള ഉദ്ദേശത്തിലാണ്‌, സോഷ്യല്‍ ഇന്ററാക്ഷന്‍ ഇല്ലാത്ത ഒരുത്തനും ബ്ലോഗില്‍ ശ്രദ്ധിക്കപ്പെടില്ല. കമന്റിങ്ങ് വെറും ഒരു പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കലാണ്‌ എന്നും വാദമുണ്ടായിരുന്നു.

കണ്ടന്റ് പോപ്പുലാരിറ്റിയുള്ള വിഷയങ്ങള്‍ - നൊസ്റ്റാള്‍ജിയ, കോമഡിയാദികള്‍- ഇന്ററാക്റ്റീവ് ആകേണ്ട കാര്യങ്ങള്‍ എന്നിവയൊന്നുമല്ലെങ്കില്‍ ബ്ലോഗനു നിന്നു പിഴയ്ക്കാന്‍ പറ്റില്ല എന്നത് മലയാളം ബ്ലോഗിനെക്കുറിച്ച് ഉയര്‍ന്ന മറ്റൊരു വിമര്‍ശനം

അവസാനമായി, വളരെ സൂക്ഷ്മമായി, കര്‍ശനമായ ഗുണനിലവാരത്തില്‍, വളരെയേറേ പഠിച്ച് എഴുതാനുള്ള കഴിവും സമയവും ഉള്ളവര്‍ ബ്ലോഗ് സമൂഹത്തില്‍ ഒരു അണ്‍ഡ്യൂ അഡ്വാന്റേജ് ഉള്ളവരാകുന്നു എന്ന് മറ്റൊരഭിപ്രായം- ലളിതമായി പറഞ്ഞാല്‍ ഒരു ബുദ്ധിജീവി വെണ്ണപ്പാട.

ഇതിലെല്ലാം എന്തുമാത്രം സത്യമുണ്ടെന്ന് ഒന്നു പരിശോധിക്കാനാണ്‌ അന്തപ്പാവതാരമുണ്ടായത്.


ഡിസൈന്‍
തിരുവനന്തപുരത്ത് പൊഴിയൂര്‍ എന്ന തീരദേശഗ്രാമത്തില്‍ ഞാന്‍ കുറച്ചുനാള്‍ ജീവിച്ചിട്ടുണ്ട്. റൂറല്‍ തിരുവനന്തപുരത്തിന്റെ പ്രാദേശികവാക്കുകള്‍ ധാരാളം ഉപയോഗിക്കുകയും എന്നാല്‍ മറ്റൊരു ആക്സ്‌സന്റില്‍ സംസാരിക്കുകയും ചെയ്യുന്ന ഒരു സമൂഹം. ഞാന്‍ ജനിച്ചു ചെറുപ്പം ചെലവിട്ട നാടിനെ അതില്‍ സൂപ്പര്‍‌ഇമ്പോസ് ചെയ്താണ്‌ അന്റപ്പന്റെ ജന്മദേശമുണ്ടാക്കിയത്. മറ്റെല്ലാത്തിലും അന്തോണിയെ ഞാനാക്കിവിട്ടുകൊടുത്തു. ഒരു ഫെയറിടെയില്‍ കഥാപാത്രത്തെ വട്ടം ഓടിച്ചെത്താനുള്ള ശേഷി എനിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്‌ അങ്ങനെ ഒരു സാഹസം കാട്ടിയത്.

അന്തോണി ബ്ലോഗില്‍ വരില്ല, സ്വന്തം ബ്ലോഗില്‍ പോലും വരില്ല -മെയില്‍ റ്റു ബ്ലോഗ് ചെയ്യുകയേയുള്ളു. ഒരിടത്തും കമന്റെഴുതില്ല സ്വന്തം കമന്റിനു റെസ്പോണ്ട് ചെയ്യുകപോലുമില്ല, ഇന്‍സ്റ്റന്റ് മെസ്സെഞ്ചറില്ല, ഓര്‍ക്കുട്ടില്ല, കൂട്ടുമില്ല. സോഷ്യല്‍ ഇന്ററാക്ഷന്‍ പൂജ്യം. കണ്ടന്റ് കണ്ട് കണ്ടതെഴുതിപ്പോവുന്നവരേയുള്ളു. നൊസ്റ്റാള്‍ജിക്ക് ആയി ഒന്നുമില്ല, ചിരിപ്പിക്കാന്‍ കഥകളുമില്ല. ജൂനിയര്‍ ബ്ലോഗറാണ്‌. കണ്ടന്റ് സെണ്ട്രിക്ക് ബ്ലോഗിങ്ങ് മാത്രം.

സങ്കീര്‍ണ്ണമായ ഒന്നും പ്രതിപാദിക്കില്ല (അല്ലെങ്കിലും എനിക്കതു പറ്റുകയുമില്ല, ഏത്?) താടിയില്ല ബീഡിയില്ല, സഞ്ചിയുമില്ല. മലയാളം ബ്ലോഗിന്റെ മുഖമുദ്രയായ ലിറ്റററി പേര്‍സണല്‍ ഭാഷയും വശമില്ല.

ബ്ലോഗിനെപ്പറ്റിയുള്ള ആരോപണങ്ങളും നിരീക്ഷണങ്ങളും എത്രമാത്രം ശരിയാണെന്ന് പരീക്ഷിക്കാനുള്ള ഗിനിപ്പന്നി റെഡി സാര്‍. ഒരു അമ്പതു പോസ്റ്റ്, ശേഷം ഇതിനെക്കൊന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പദ്ധതി.

ബാല്യം
മുകളില്‍ പറഞ്ഞ ആരോപണങ്ങള്‍ക്കെല്ലാം വിപരീതമായി ഇത്തരം നിലവാരത്തിലുള്ള ഒരു ബ്ലോഗിന്‌ ഇത്രയൊക്കെ പേരുള്ള ഒരു സമൂഹത്തില്‍ ശരാശരി കിട്ടേണ്ട അഞ്ച്- ആറ്‌ കമന്റുകള്‍ക്കും അപ്പുറത്തേക്ക് ആദ്യമേ കയറിപ്പോയി അന്തപ്പായി അഞ്ചാറു പോസ്റ്റുകൊണ്ട് ഫേം ആയി എസ്റ്റാബ്ലിഷ് ചെയ്തു. ത്രില്ലടിച്ചു സന്തോഷിച്ചു.

കൗമാരം
അന്തപ്പനെ ഇഷ്ടപ്പെട്ടതോടെ ഒറിജിനല്‍ ഞാന്‍ അല്പ്പം അല്പ്പമായി കയറിത്തുടങ്ങി അനോണി ബ്ലോഗിലേക്ക്. അറിയാഞ്ഞിട്ടല്ല, കണ്ണടച്ചുപോയി. അടുത്ത സീറ്റിലെ അപരിചിതയായ അതിസുന്ദരി ഉറങ്ങി തോളിലേക്ക് ചായുമ്പോള്‍ "എഴിച്ച് നേരേയിരി ചെല്ലക്കിളീ" എന്നുപറയാന്‍ മാത്രം മനസ്സുറപ്പില്ലാത്ത ജന്മം ആയതുകൊണ്ട് അങ്ങനെ അങ്ങു പറ്റിപ്പോയി. കൗമാരത്തില്‍ അന്തപ്പായി വഴിതെറ്റി.


മലയാളം ബ്ലോഗേ ഇപ്പോള്‍ കാണാറില്ലെന്നു കരുതിയിരുന്ന ബൂലോഗ ഗോത്രവര്‍ഗ്ഗക്കാരനായ ഒരാള്‍ മെയിലയച്ചു. എന്താ--- , നിങ്ങള്‍ പേരുമാറി ബ്ലോഗ് തുടങ്ങിയത് എന്നന്വേഷിച്ചുകൊണ്ട്. രണ്ട്, മൂന്ന്, നാല്‌.. ശറപറാ. എങ്കിലും ഒരു ഗുണമുണ്ടായി. തിരിച്ചറിഞ്ഞവരത്രയും- ഒയറ്റാള്‍ പോലും ഒഴിവില്ലാതെ, അന്തപ്പപരീക്ഷണത്തിനു സപ്പോര്‍ട്ട് ആയി ഒന്നുകില്‍ മൊത്തത്തില്‍ ആ ബ്ലോഗില്‍ നിന്നു വിട്ടുനിന്നു അല്ലെങ്കില്‍ ലവലേശം പരിചയമില്ലാത്ത ഒരുത്തന്റെ ബ്ലോഗില്‍ എന്തു കമന്റ് ഇടുമോ അതുമാത്രം ഇടാന്‍ ശ്രദ്ധിച്ചു.

ഏറ്റവും രസമായി എന്നെ ക്ലിപ്പിട്ടത് എന്റെ അയല്‍‌വക്കക്കാരനൊരാളാണ്‌. ഒരു പോസ്റ്റില്‍ രാവിലേ വണ്ടി മുട്ടി ലൈറ്റ് പൊട്ടി എന്നുണ്ടായിരുന്നു. മൂപ്പര്‍ നേരേ പാര്‍ക്കിങ്ങില്‍ പോയി നോക്കി. ഉവ്വ, ലൈറ്റ് പൊട്ടിയിട്ടുണ്ട്. അവിടെ നിന്നു ഫോണ്‍ വിളിച്ചു "അപ്പ നീയണല്ലേപോള്‍ ബാര്‍ബര്‍?"

അപ്പോഴേക്ക് അന്തപ്പനെന്ന പരീക്ഷണജീവിയെ കൊന്ന് പരിശോധിച്ച് ഫലം പ്രസിദ്ധപ്പെടുത്താന്‍ നിശ്ചയിച്ച എണ്ണം പോസ്റ്റുകളായി. എന്തോ, അപ്പോഴേക്കും അതെന്റെ ബ്ലോഗായിപ്പോയി. കണ്ട്റോള്‍ കിട്ടുന്നില്ല, നിര്‍ത്താന്‍.

യൗവ്വനം
ബ്ലോഗിങ്ങിന്റെ- ചാറ്റടക്കം നെറ്റിലെ എന്തു ഇന്ററാക്റ്റീവ് പരിപാടിയുടെയും ഫോര്‍ ദാറ്റ് മാറ്റര്‍- ഏറ്റവും വലിയ സുഖം പാരലല്‍സ് സ്ട്രൈക്ക് ചെയ്യുന്നതിലാണ്‌. എഴുത്തും വായനയും കമന്റെഴുത്തും ഒരുകോടി വരാഹനും അതിന്റെ സംതൃപ്തി തരില്ല. അന്തപ്പായിയും ചിലരുമായി ഭയങ്കര പാരലല്‍സ് സ്ട്രൈക്ക് ചെയ്തുപോയി. അവതാരോദ്ദേശത്തിനു കടകവിരുദ്ധമായി അന്തപ്പന്‍ വേലിചാടി മറ്റുപലേടത്തും കയറി കമന്റിടുക, ഒരാള്‍ എഴുതുന്നതിന്റെ ബാക്കി എഴുതുക, മറ്റൊരു പോസ്റ്റിലേക്ക് ലിങ്ക് ചെയ്യുക തുടങ്ങിയ പോക്രിത്തരങ്ങള്‍ കാണിച്ചു തുടങ്ങി.

പഴയ അന്തര്‍ജ്ജനം പറഞ്ഞതുപോലെ, എന്നെ പെഴപ്പിച്ചത് പ്രധാനമായും നമത് വാഴ്വും കാലവും, പാഞ്ചാലി, അനില്‍ശ്രീ, ജോസഫ് മാഷ്, റാം മോഹന്‍, ബാബുമാഷ് തുടങ്ങി ചിലരാണ്‌. പിന്നെയും, അറിഞ്ഞുകൊണ്ട് തന്നെ ചെയ്ത തെറ്റ്. പ്രലോഭനം താങ്ങാനുള്ള മനസ്സുറപ്പില്ല. പാരലല്‍സ് ഭയങ്കര സുഖമുള്ള സംഗതിയാണ്‌.

വാര്‍ദ്ധക്യം
അന്തോണിയുടെ തോടിനുള്ളില്‍ ശംഖിനകത്തെ സന്യാസി ഞണ്ട് പോലെ ഒറിജിനല്‍ ഞാന്‍ അങ്ങനെ നൂറോളം പോസ്റ്റുകള്‍ കൂടിയിട്ടു. ശംഖിന്റെ തോടുമാത്രം, അകത്ത് ഹെര്‍മിറ്റ് ക്രാബ്. അതെന്തു ജന്മം. അന്തോണി തോന്നിവാസി ബ്ലോഗറാണ്‌. പതിനഞ്ചു മിനുട്ടില്‍ എന്തും എഴുതാം, ഒരക്ഷരത്തെറ്റും വ്യാകരണപ്പിശകും ശ്രദ്ധിക്കേണ്ടാ. ഇന്നതേ എഴുതാവൂ എന്നില്ല, എഴുതുന്നതിനെപ്പറ്റി ശരിയായും പൂര്‍ണ്ണമായും വിവരം വേണമെന്നുമില്ല. ഈ അനായാസത ഒന്നുമാത്രമാണ്‌ അനോണിയില്‍ ബാക്കിയായ സുഖം.

അള്‍ട്ടിമേറ്റ് ടെസ്റ്റ് മേതിലിന്റെ സ്റ്റേറ്റ്മെന്റിനു കൊടുത്തു. അനോണിക്കു പകരം വേറൊരുത്തനായാലോ? വള്രെപ്പേര്‍ ഷാര്‍പ്പ് ആയി പ്രതികരിച്ചു. മേതില്‍ ജയിച്ചു. എഴുത്തുകാരനില്ലെന്ന് ഉച്ചിയില്‍ ബോര്‍ഡ് വച്ച ബ്ലോഗ് നല്ലൊരളവ് പേര്‍സന്‍ സെണ്ട്രിക്ക് ആണ്‌. അതൊഴിച്ചാല്‍- മറ്റെല്ലാ ആരോപണങ്ങളും ജൂനിയര്‍-സീനിയര്‍, സോഷ്യല്‍ ഇന്ററാക്ഷന്‍, പരസ്പരസഹായം, കമ്യൂണിറ്റി ബില്‍ഡിങ്ങ്, ബുദ്ധിജീവിവല്യേട്ടന്മാര്‍ ഒക്കെ ടെസ്റ്റില്‍ നെഗറ്റീവ് ആയി. ഇത്തരം വലിയ ഗൗരവമൊന്നുമില്ലാത്ത ഒരു ബ്ലോഗിന്‌ പരമാവധി പ്രതീക്ഷിക്കാവുന്ന റെസ്പോണ്‍സിനും അപ്പുറത്തേക്ക് കൊണ്ടുപോയി വായനക്കാര്‍ അന്തപ്പനെ വളര്‍ത്തി ഭീമനാക്കി. ബൂലോഗം പോലെ ഒരാള്‍ക്ക്- അതും എക്സപ്ഷണലായി ഒന്നുമില്ലാത്തയാള്‍ക്കുപോലും എസ്റ്റാബ്ലിഷ് ചെയ്യാന്‍ എളുപ്പമുള്ള ഇടമില്ല.

ഭാവി
അങ്ങനെ വയസ്സായ അന്തപ്പായി പല്ലെല്ലാം കൊഴിഞ്ഞ് വാതം പിടിച്ച് തിണ്ണയ്ക്കിരിപ്പാണ്‌. ഇറങ്ങിപ്പോകട്ടേ എന്നു ചോദിച്ചപ്പോ മിണ്ടാതിരി വല്യപ്പാ ഇല്ലേല്‍ പിടിച്ച് കെട്ടിയിടും എന്നാണ്‌ ഭൂരിപക്ഷ ശബ്ദം. എന്തരോ വരട്ട് ആരും കേറാതാവുന്നതുവരെ എഴുതാം, അപ്പോ നിങ്ങളായിട്ടു നിര്‍ത്തിച്ചോളും.