Thursday, July 31, 2008

അണു, ബോംബ്, അമേരിക്ക, ബുദ്ധിക്ഷയം...

ആണവ കരാര്‍
അതായത്, നമ്മള്‍ രാവിലേ എണീച്ച് ചായകുടിക്കാന്‍ കടയിലോട്ട് പോകുമ്പോ അയലത്തെ മത്തായി കഞ്ഞിപിഴിഞ്ഞ ഉടുപ്പുമൊക്കെ ഇട്ട് കുടയും കുത്തി വെക്കം നടന്ന് പോണ്‌.
"എങ്ങോട്ടാ മത്തായിച്ചേട്ടാ രാവിലേ തന്നേ?"
"എടാ എന്നെ തടയരുത്, നീ തടഞ്ഞാലും ഞാന്‍ പോവും. ഇനി നിന്റെ നെഞ്ചത്ത് ചവിട്ടിയേ പോവാന്‍ പറ്റൂള്ളെങ്കി അങ്ങനെ തന്നെ ഞാന്‍ പോം."

ഇങ്ങനെ പ്രതികരിക്കുകയാണെങ്കില്‍ മത്തായിച്ചന്റെ പോക്കില്‍ എന്തരോ ശരിയല്ല.

ഇന്ത്യ-ചൈന-അമേരിക്ക
ഇന്ത്യയുമായി ആണവ കരാറുണ്ടാക്കിയാ ചൈന തെണ്ടിപ്പോകുമെന്നോ മറ്റോ ഒക്കെ ഏതോ ഒരു ബുദ്ധിമാന്‍ കണ്ടുപിടിച്ചത്രേ. നമ്മളു രാഷ്ട്രീയ തന്ത്രജ്ഞനൊന്നുമല്ലപ്പാ, പക്ഷേ പത്തു മുപ്പത്തഞ്ചു കൊല്ലം ജീവിച്ചതിന്റെ ക്വാമണ്‍ സെന്‍സ് കയ്യിത്തന്നെ ഇരിപ്പോണ്ട്.

അതായത്, അമേരിക്കയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ എറക്കിയേച്ചും കുത്തിയിരിപ്പാണ്‌ ചീനക്കാരന്‍. മാത്രമല്ല, അതിന്റെ പാതി കടപ്പത്രോം ബാക്കി നോട്ടുമാണ്‌. ഇവന്മാരു തമ്മില്‍ എന്തരാണ്‌ ഇരിപ്പുവശം എന്ന് പിടികിട്ടാന്‍ അത്രേമൊക്കെ മതി.

ചൈന അമേരിക്കയെ ഷേവ് ചെയ്തുകളയുമോ? ഒരിക്കലുമില്ല. സായിപ്പെങ്ങാന്‍ ആ കടപ്പത്രം ക്യാന്‍സലു ചെയ്ത് ഒരു യുദ്ധം പ്രഖ്യാപിച്ചാല്‍ ചൈനക്കാരു രാജ്യത്തോടെ പണ്ടാറടങ്ങിപ്പോകും.

ഇനി അമേരീക്ക ചൈനയ ഷേവ് ചെയ്തുകളയുമോ? അതു സ്വപ്നത്തിപ്പോലും കാണാന്‍ പറ്റൂല്ല, ചീനക്കാരന്‍ ആ ഇരിക്കുന്ന നോട്ട് ഒറ്റയടിക്ക് മാര്‍ക്കറ്റ് ചെയ്താല്‍ ഡോളറു ഒറ്റ ദിവസം കൊണ്ട് പണ്ട് അരവിന്ദ് പറഞ്ഞപോലെ കക്കൂസില്‍ പോയിട്ട് തുടയ്ക്കാന്‍ പോലും ലോകത്തിനു വേണ്ടാതെയാകും.

അതായത് ഈ ലോകത്തെ ഏറ്റവും ദൃഢമായ ബന്ധം ഇപ്പോ അമേരിക്കയും ചൈനയുമായിട്ടാണ്‌. പിണങ്ങിയാ രണ്ടും തെണ്ടുമെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.

കാശുള്ളവന്‍ കാശിട്ടു കളിക്കും അതില്ലാത്തവന്‍ പറങ്ങേണ്ടിയിട്ടു കളിക്കും.


തൂറിയവനെ പേറിയാല്‍
പണ്ട് ഈ എം എസ് പറഞ്ഞിരുന്നു ലക്ഷ്യസാദ്ധ്യത്തിനു ചെകുത്താനെയും ഒപ്പം കൂട്ടാന്‍. അങ്ങേര്‍ അത് അതിശയോക്തിച്ചതഅണോ എന്തോ, എന്തായാലും മതാധിഷ്ടിതപാര്‍ട്ടിയായ ബി ജെ പി കേറാതിരിക്കാന്‍ സീപ്പീ ഐ എമ്മുകളും അനുസാരിയും ചേര്‍ന്ന് താങ്ങിയ തൂറ്റപ്പട ഇങ്ങനെയായിരുന്നു
മൊത്തം എമ്പീയെണ്ണം 531
മൊത്തം എമ്പീമാരുടെ സ്വകാര്യ ആസ്തി (ഡിക്ലയര്‍ ചെയ്തതു മാത്രം) 800 കോടി
മൊത്തം എമ്പീമാരുടെ പേരില്‍ വന്നിട്ടുള്ള ഭാര്യാ പീഡന കേസുകള്‍ 29
മൊത്തം എമ്പീമാരുടെ പേരില്‍ വന്നിട്ടുള്ള വഞ്ചനാക്കുറ്റങ്ങള്‍ 7
മൊത്തം എമ്പീമാരുടെ പേരില്‍ വിധിയായിട്ടില്ലാത്ത ക്രിമിനല്‍ കേസുകള്‍ 19
മൊത്തം എമ്പീമാരുടെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കൊല, ബലാത്സംഗം, കയ്യേറ്റം കേസുകള്‍ - 117
മൊത്തം എമ്പീമാരുടെ പേരില്‍ ബാങ്കുകള്‍ ചുമത്തിയ കേസുകള്‍ - 71
(കണക്കുകള്‍ രാജീന്ദര്‍ പുരി ഔട്ട് ലുക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)
ഉരലില്‍ കേറി ഇരുന്നിട്ട് ഒലക്ക വരുന്നേ എന്നു കരയാമോ ബര്‍ദാനേ? ചുമ്മാ കുതിരക്കച്ചോടം ആനക്കച്ചോടം എന്നൊക്കെ കിടന്ന് കൂവാതെ.

മള്‍ട്ടിപ്പിള്‍ ചോയിസ് ക്വസ്റ്റ്യന്‍:
ഇന്ത്യയുടെ ഭരണ സം‌വിധാനം എന്താണ്‌?
a. ക്രോണിയിസം
b. കൈരേറ്റ്സു റിപ്ലബ്ലിക്ക്
c. ക്ലെപ്റ്റോക്രസി
d. ഒളിഗാര്‍ക്കി

കൊറോളറി പാടില്ലേ?
നിന്നെ സ്നേഹിക്കുന്നതുപോലെ അയല്‍ക്കാരനെയും സ്നേഹിക്കാമെങ്കില്‍ നിന്നെ വിമര്‍ശിക്കുന്നതുപോലെ അയല്‍ക്കാരനെ വിമര്‍ശിച്ചുകൂടേ സാര്‍?
(ഭിക്ഷക്കാരനെ കാണുമ്പോള്‍ "എന്നെപ്പോയെ ഒരുത്തന്‍ തെണ്ടിപ്പോയി" എന്ന് ആലോചിക്കുന്നവര്‍ ഈ ലോകത്ത് അന്യം നിന്നോ? "ഭാഗ്യം അവന്‍ തെണ്ടി ഞാന്‍ രക്ഷപ്പെട്ടു" എന്ന് ചിന്തിക്കുന്നവര്‍ മാത്രമേ ഉള്ളോ? )


ബുദ്ധി ക്ലച്ചു പിടിക്കാതെയായോ?
ലൂയി പാസ്റ്ററിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഡോക്റ്റര്‍ എലിയണ്‍ കണ്ടുപിടിച്ചതാണ്‌ ഹെനിക്കന്‍-ഏ എന്ന യീസ്റ്റ്. പത്തു നൂറ്റിയിരുപത്തഞ്ചു കൊല്ലം ആളുകള്‍ അത് ചേര്‍ത്ത ബീയര്‍ കഴിച്ചിട്ടും പ്രത്യേകിച്ച് ഒന്നും പറ്റിയില്ലെന്ന ധൈര്യത്തില്‍ മൂന്നാലെണ്ണം വാങ്ങിച്ചു കുടിച്ചു. അതേല്‍ പിന്നെ ആണെന്നു വിശ്വസിക്കാന്‍ പ്രയാസം, എന്തരോ എന്തോ, ഈയിടെ വായിക്കുന്ന ഒട്ടുമിക്കതും മനസ്സിലാവണില്ലെന്റെ പള്ളീ.

നാലു വയസ്സുള്ള ഇസ്രയേലുകാരിയെ തോക്കിന്റെ പാത്തിക്കടിച്ചു കൊന്നതിനു ജയിലില്‍ വാസം കഴിഞ്ഞിറങ്ങി വന്ന സമീര്‍ കന്തര്‍ രണ്ടാം നെല്‍സണ്‍ മണ്ടേല ആണെന്ന് ഗള്‍ഫ് ന്യൂസ്. എനിക്കു മനസ്സിലായില്ല.

ആണവം ഉണ്ടാക്കിയാല്‍ ബസ്സില്‍ ബോംബു വയ്ച്ച് പ്രതിഷേധിക്കുന്നത് സ്വാഭാവിക പ്രതികരണമെന്ന് രാജീവ് ചേലനാട്ട്. അതും മനസ്സിലായില്ല.ഇന്ത്യന്‍ മുജാഹിദീന്‍ എന്നൊരു സംഘടന ഗുജറാത്ത് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബംഗല്ലൂരിന്റെ കാര്യം ആരും ഏറ്റുമില്ല. സിമിയുടെയും മറ്റൊരു ഗ്രൂപ്പിന്റെയും ലയിതരൂപമാണ്‌ ഈ സംഘടന എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമൊന്നുമില്ല. ബംഗല്ലൂരില്‍ എത്തിയ ഊച്ചാളിപ്പടക്കങ്ങള്‍ മൈസൂര്‍ വഴി കേരളത്തില്‍ നിന്നും വന്നതാണെന്ന് ഐ ബി പറയുന്നു. ഇതിന്റെ പേരില്‍ പണ്ട് അബ്ദുള്‍ നാസര്‍ മദനിയുടെ ഐ എസ്സ് എസ്സിനു കേരളാ പോലീസില്‍ ജോലി ചെയ്യവേ ഔദ്യോഗിക ട്രെയിനിങ്ങ് മുറകള്‍ പഠിപ്പിച്ചു എന്ന കുറ്റത്തിനു പിരിച്ചു വിടപ്പെട്ട ഒരാളിനെയും ബന്ധപ്പെട്ട ചിലരെയും പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. മുഖവിലയ്ക്ക് തള്ളാന്‍ ഇതിലൊന്നും എനിക്കു കാണാന്‍ പറ്റിയില്ല, കര്‍ണ്ണാടകം ഭരിക്കുന്നത് ബി ജെ പി ആണെന്നതുകൊണ്ടുമാത്രം ഇതെല്ലാം കള്ളമാണെന്ന് അനുമാനിക്കാന്‍ കഴിയുന്നുമില്ല. കൗണ്ടര്‍ കറണ്ടുകളും ഇറങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

Tuesday, July 29, 2008

തെറി, സ്ത്രീ-വര്‍ഗ്ഗ വിരുദ്ധത, അവഹേളനം

മുന്നറിയിപ്പ്:
ഈ പോസ്റ്റിന്റെ ഉള്ളടക്കം അസഭ്യം, വര്‍ഗ്ഗ- വംശവിവേചനം, സ്ത്രീ വിരുദ്ധതത എന്നിവയാണ്‌. നിയമപരമായോ മാനസികമായോ പ്രായപൂര്‍ത്തിയായിട്ടില്ലാത്തവര്‍ ഈ പോസ്റ്റ് വായിക്കരുത്.

മറ്റുള്ള വായനക്കാര്‍ അവരവരുടെ ഇഷ്ടപ്രകാരം വായിക്കുകയോ ഉപേക്ഷിക്കുകയോ ബ്ലോഗ് ഫ്ലാഗ് ചെയ്യുകയോ ചെയ്യാം.

കലാസാംസ്കാരിക മൂല്യമോ വിജ്ഞാനവിനിമയസാദ്ധ്യതയോ ഈ പോസ്റ്റിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല, അത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നവര്‍ മറ്റേതെങ്കിലും ബ്ലോഗിലേക്ക് പോയിക്കോളുക. പലതും പലയാവര്‍ത്തി കേട്ട അറുവളിപ്പന്‍-അറുപഴഞ്ചന്‍ കാര്യങ്ങളുമാണ്‌.

ബ്ലോഗ് സാംസ്കാരിക-സദാചാര കമിറ്റിയുടെ ഫത്വ കിട്ടാന്‍ വേണ്ടി മാത്രമാണ്‌ ഇല്ലാത്ത സമയം കഷ്ടപ്പെട്ടുണ്ടാക്കി ഈ തെറിയും തറയും പോസ്റ്റ് ചെയ്യുന്നത്. തെമ്മാടിക്കുഴിയും ഊരുവിലക്കും നേടാന്‍ ഇത്രയൊന്നും പോരെങ്കില്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങാം.


വിഭാഗം ഒന്ന്: അസഭ്യം
മുന്‍ശുണ്ഠിക്കാരനായ ജഡ്ജി ചാരുകസേരയില്‍ കിടന്ന് ഉറങ്ങുമ്പോഴാണ്‌ ഒരുത്തന്‍ വന്ന് തൊട്ടു വിളിച്ചത്
"ഏമാന്നേ"
"എന്താടോ?" ഉറക്കം ഞെട്ടിയ ദേഷ്യത്തില്‍ ജഡ്ജി എഴുന്നേറ്റു.
"ഏമാന്നെ ഒന്നു കാണാന്‍ വന്നതാണേ."
ജഡ്ജി ചാടിയെണീറ്റ് മുണ്ടു പൊക്കി കാണിച്ചു "ദാ കണ്ടോടാ ഏമാനെ"
"സന്തോഷം. ഈ വീട്ടില്‍ ഇങ്ങനെ ആണെങ്കില്‍ കൊച്ചമ്മയെയും ഒന്നു കണ്ടാല്‍ കൊള്ളാം."

**************
വിഭാഗം രണ്ട്: സ്ത്രീവിരുദ്ധത
ബീയര്‍ കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രൈണത ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നൂറ്റൊന്ന് പുരുഷ വളണ്ടിയര്‍മാര്‍ക്ക് അഞ്ചു പൈന്റ് ബീയര്‍ കൊടുത്ത് നടത്തിയ ഡബിള്‍ ബ്ലൈന്‍ഡ് കണ്ട്റോള്‍ഡ് ട്രയലില്‍ ഇപ്രകാരമാണ്‌ കണ്ടെത്തിയത്.

ബീയര്‍ കഴിച്ച ശേഷം വളണ്ടിയര്‍മാര്‍ വളവളാ ഒരു കാര്യവുമില്ലാതെ സംസാരിക്കാന്‍ തുടങ്ങി
ബീയര്‍ കഴിച്ച ശേഷം അവര്‍ക്ക് ആലോചിച്ച് വിവേകപൂര്വ്വം തീരുമാനം എടുക്കാനുള്ള കഴിവ് നഷ്ടമായി
ബീയര്‍ കഴിച്ച ശേഷം അവര്‍ വെറുതേ തര്‍ക്കിക്കാനും പിണങ്ങാനും തുടങ്ങി
ബീയര്‍ കഴിച്ച ശേഷം അവര്‍ ഡ്രൈവിങ്ങ് വിഢിത്തങ്ങള്‍ കാണിക്കുകയും മറ്റു വാഹനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ റോഡ് ഉപയോഗിക്കാനും തുടങ്ങി.
ബീയര്‍ കഴിച്ച ശേഷം അവര്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നതിനു പകരം ന്യായീകരിക്കാനും ദേഷ്യപ്പെടാനും തുടങ്ങി.

ഇതില്‍ നിന്നും ബീയര്‍ ആണിനെ പെണ്ണാക്കുമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിച്ചു.

വിഭാഗം മൂന്ന്- തൊഴില്‍ വര്‍ഗ്ഗ വിവേചനം
Is an auditor a watchdog or bloodhound? നൂറ്റാണ്ടായി കോടതികളും സാമ്പത്തിക വിദഗ്ദ്ധരും നിയമസഭകളും ഇട്ട് വിശകലനം ചെയ്ത് കോഞ്ഞാട്ടയാക്കിയ ഈ ചോദ്യം ആഗോള ആഡിറ്റ് ഭീമന്‍ ആര്‍തര്‍ ആന്‍ഡേര്‍സന്റെ പതനകാലത്ത് ഒരു സെനറ്റര്‍ സഭയില്‍ വീണ്ടും ഉന്നയിച്ചു.

"അല്ല ശരിക്കും ആരാണീ ഓഡിറ്റര്‍? കാവല്‍ നായയോ വേട്ടപ്പട്ടിയോ?" . ചര്‍ച്ച അങ്ങനെ മൂത്തപ്പോള്‍ മറ്റൊരു സെനറ്റര്‍ എഴുന്നേറ്റു.
"ഇത്ര തര്‍ക്കിക്കാന്‍ മാത്രം വലിയ പ്രശ്നമാണോ ഇത്? ആഡിറ്റര്‍ ഒരു പട്ടിയാണെന്ന കാര്യത്തില്‍ നമ്മളെല്ലാം സമ്മതിക്കുന്നു, പിന്നെ ബ്രീഡിന്റെ കാര്യത്തിലല്ലേ ചെറിയ അഭിപ്രായ വത്യാസമുള്ളൂ?"

വിഭാഗം നാല്‌- മത-പുരോഹിത അവഹേളനം
ശിഷ്യന്‍ മരിച്ച് സ്വര്‍ഗ്ഗത്തു ചെന്നു. ഒരു മാലാഖ അയാളെ കൂട്ടി താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഒരു കാഴ്ച്ച കണ്ടു. പണ്ട് സമാധിയായ തന്റെ ഗുരുവിനെ മരിലിന്‍ മണ്‍റോ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നു.

"ഓ, ഒരായുസ്സു മുഴുവന്‍ നല്ലതുപറഞ്ഞു നടന്ന എന്റെ ഗുരുവിനു ദൈവം കൊടുത്ത സമ്മാനമായിരിക്കും ഇവളുടെ സഹവാസം അല്ലേ മാലാഖേ? എനിക്കു സന്തോഷമായി"

"അല്ല മകനേ, ജീവിച്ചിരിക്കുമ്പോള്‍ ഉടുതുണിയില്ലാതെ സിനിമയില്‍ അഭിനയിച്ചതിനു ആ സ്ത്രീക്കു ദൈവം കൊടുത്ത ശിക്ഷയാണ്‌ വിവരമില്ലാത്ത വൃത്തികെട്ടവന്മാരുമായുള്ള സഹവാസം"

Thursday, July 24, 2008

ഒരൈഡിയാ

കാശായ കാശെല്ലാം പൊന്‍ കാശ്
കാശു തരുന്നത് ജഗദീശന്‍
കാശിന്റെ മീതേ പരുന്തും പറക്കില്ല
കാശാശയില്ലാത്ത മാളോരില്ല.

കൂട്ടുകാരേ, നമുക്കും വേണ്ടേ പണം? ഒരു കമ്പനി തുടങ്ങാന്‍ ഉദ്ദേശമുണ്ട്, കൂടുന്നോ, ഡാവിനെഴുതിയ പ്രോസ്പക്റ്റസ് ദാണ്ടെ താഴെ. ഇന്ററസ്റ്റ് ഉണ്ടേ ബാ.

മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷന്‍
കമ്പനി പേര്‍ : ഇന്ത്യ ഹോള്‍ഡിങ്ങ് ലിമിറ്റഡ്
റെസിഡന്‍സ് : എന്തരിന്‌? എന്റെ വീടു തന്നെ ധാരാളം
കമ്പനി മുതല്‍ : ഒരു ഇരുന്നൂറു ക്വാടി ധാരാളം മതി
ഓബ്ജക്റ്റീവ്: ഇന്ത്യ ഭരിക്കല്‍ .

ബിസിനസ്സ് പ്ലാന്‍
ഇപ്ലത്തതും ഇഞ്ഞി വരാനിരിക്കുന്നതുമായ ഇന്ത്യാ സര്‍ക്കാരുകളെല്ലാം കയ്യാലപ്പൊറത്തെ തേങ്ങാക്കൊല ആയിരിക്കുമെന്ന് നിങ്ങക്കറിയാവല്ല്. പത്തോ ഇരുപതോ എമ്പീമാര്‍ക്ക് ചാക്ക് കൊടുക്കും, സര്‍ക്കാരിനെ ഇങ്ങ് വാങ്ങിക്കും. സര്‍ക്കാര്‌ പിന്നെ നമ്മളു പറഞ്ഞാലേ പെടുക്കത്തും തൂറത്തുമുള്ള്. അപ്പ
നമ്മള്‍ കയ്യി ചക്രമുള്ള കമ്പനികളെ, അന്താരാഷ്ട്രന്മാരെ ഒക്കെ ചെന്നു കണ്ട് എടവാട് ഒറപ്പിക്കും. നടത്തും കാശ് പാണ്ടിലോറിക്കണക്കിനു വരും. എടത്തട്ടില്‍ ഒരു കിളിത്തട്ട് അത്രേയുള്ളു. മിനിമം ഒരു മാസം ഒരു അയ്യായിരം ക്വാടി പാണ്ടിലോറിയേ വീട്ടിലോ, ഇലക്ട്റോണിക്കേ സ്വിസ്സ് ബാങ്കിലോ വെരും, തള്ളേണെ.


വിഷന്‍
പെര കത്തിയാ വാഴ വെട്ടും, വെയിലൊള്ളപ്പ കച്ചിയൊണക്കും, കാറ്റുള്ളപ്പോ തൂറ്റും.

മിഷന്‍ സ്റ്റേറ്റ്മെന്റ്
കത്തുന്ന പെരേന്ന് ഊരണ കഴുക്കോല്‌ ലാഭം

കോര്‍ വാല്യൂ
ഞങ്ങക്ക് ഒറ്റ പ്രിന്‍സിപ്പിളേ ഉള്ളൂ, ഒറ്റ പ്രിന്‍സിപ്പിളും ഇല്ലാതെയിരിക്കുക എന്ന പ്രിന്‍സിപ്പിള്‍.

റിസ്ക്
എന്തര്‌ റിസ്ക്? ഒന്നും കാണണില്ലെടേ.

(വിശ്വാസവോട്ട് കിട്ടുമോ ഇല്ലയോ എന്ന് ശ്വാസം പിടിച്ച് നോക്കിയ ആരേലും ഇക്കൂട്ടത്തിലുണ്ടോ? ഉണ്ടെങ്കില്‍ അവരുടെ അറിവിലേക്ക്. വോട്ടെടുപ്പിനു രണ്ടു ദിവസം മുന്നേ തുടങ്ങി വീണുകിടന്ന സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പ്പ്, ബീസ്സീയും എന്നെസീയും എന്നാ കേറ്റമേ കേറിയത്, ഏത്.)

നമുക്ക് വല്ല കൊച്ചു വര്‍ത്താനോം പറയാം

സൗദിയിലെ ദമ്മാം എയര്‍പ്പോര്‍ട്ട് അടുത്തുള്ള ബഹറിന്‍ രാജ്യത്തെക്കാള്‍ വിസ്തൃതിയുള്ളതാണ്‌.

ട്രെയിന്‍ കണ്ടുപിടിക്കും മുന്നേ റെയില്പ്പാളങ്ങള്‍ നിലവിലുണ്ടായിരുന്നു. മോട്ടോര്‍ കാറിനു മുന്നേ ട്രാഫിക് ലൈറ്റും.


മഞ്ചൂരിയന്‍ വിഭവങ്ങള്‍ മഞ്ചൂരിയന്‍ പ്രദേശത്തല്ല, ബംഗാളില്‍ നിന്നാണ്‌ ഉണ്ടായത്.

മഹാഭൂരിപക്ഷം വിമാനങ്ങള്‍ക്കും മൂക്കുമുതല്‍ വാലുവരെയുള്ള നീളത്തെക്കാള്‍ ഒരു ചിറകറ്റം മുതല്‍ മറ്റേ ചിറകറ്റംവരെയുള്ള വീതിയാണ്‌ കൂടുതല്‍.

കോലാ ബെയര്‍ കരടിവര്‍ഗ്ഗത്തിലെ ജീവിയല്ല.

Tuesday, July 22, 2008

നവയുഗ ദ്വിജന്മാര്‍

രണ്ടീസം ഞാങ്ങ് ബങ്കല്ലൂരില്‍ പെയ്യിരുന്ന്. സാതാരണ കാച്ചില്‍ കൃഷ്ണപുള്ളമാരെപ്പോലെ "ഇരുപതുകൊല്ലം മുന്നേ കണ്ട സലവേയല്ല, ആകെ മാറിപ്പെയ് എന്തര്‌ പൊല്യൂഷന്‍" എന്നൊക്കെ പറഞ്ഞോണ്ട് കാക്കസായിപ്പായി നടന്നേച്ച് പോന്ന്.

പറഞ്ഞോണ്ട് വന്നത്, ഞാങ്ങ് താമസിച്ചിരുന്ന വീട്ടിന്റപ്രത്ത് അഞ്ചു സെന്റില്‍ ഒരു പാര്‍ക്ക് ഒണ്ട്. ഇര്‌ന്ന് കാലു പെരുത്തപ്പ ലവിടെ രണ്ട് ചുറ്റ് നടന്നേച്ച് വരാമെന്ന് വച്ച്. മുന്നേ നടന്ന് പോണ്‌ ഒരണ്ണന്‍. ഒരു ട്രാക്ക് സ്യൂട്ടിന്റെ ബോട്ടവും കോട്ടണ്‍റ്റെ ഉടുപ്പും ഒക്കെ ഇട്ട് ചെവല ചെള്ളയും രസ്യന്‍ ബോഡീം ഒള്ള ഒരു സുന്നരന്‍. അരേന്ന് ഒരു കാര്‍ഡ് ഞാത്തി ഇട്ടിരിക്കുന്ന്.

ചെലപ്പം മാരത്തോണ്‍ ഓട്ടക്കാരനായിരിക്കും, അല്ലെങ്കി വല്ല ആണവക്കരാറിലോ തിബറ്റന്‍ പ്രശ്നത്തിലോ പ്രതിഷേധിച്ച് ഓടിത്തള്ളുത്തവനായിരിക്കും. എന്തരാണെന്ന് അറിയണവല്ല്, കഷ്ടപ്പെട്ട് പാരലല്‍ ഓടീ ലവന്റെ കാര്‍ഡ് വായിച്ച്. ഒരു ഐ ടി കമ്പനീടെ സ്റ്റാഫ് ഐഡി കാര്‍ഡാണു ചെല്ലന്‍ ബസ്സിന്റെ ബോര്‍ഡ് കണക്ക് വച്ച് ഓടണത്.

എന്തരായാലും ലിവന്‍ ആപ്പീസീന്ന് ഓടന്‍ വന്നതല്ലല്ല്, ആണേ ട്രാക്ക് സ്യൂട്ടിന്റെ പാന്റിടുവോ. ചുറ്റും നോക്കിയപ്പ പൊളപ്പന്‍ കുപ്പായമിട്ട് ഐഡി തൂക്കി നടക്കണ ചെല്ലന്മാരും കൂറയടിച്ച തുണിയുടുത്ത് ആട്ടോയോടിക്കുന്നവരും എറച്ചി വെട്ടുന്നവരും ഒക്കെയായി ഐഡിയില്ലാത്ത കാപെറുക്കികളും എന്ന് ജനക്കൂട്ടം നെടുവേ രണ്ടായി പൊളന്നു കെടക്കുവാണെന്ന് മനസ്സിലായി.

അതായത് ഐഡി ഒരു പൂണൂലാണ്‌. ഞാങ്ങ് നിന്നെപ്പോലെയല്ലെടേ പുല്ലേ, ഞാങ്ങ് വല്യേ കമ്പ്യൂട്ടറുകാരനാ എന്നാണ്‌ ഇതുകൊണ്ട് ലവമ്മാര്‌ ഉദ്ദേശിക്കണത്. യേത്.

തള്ളേണെ ചിരിച്ച് കൊടലു വായി വന്ന്. പത്ത് വര്‍ഷം മുന്നേ ആര്‍ ബി ഐ ചെസ്റ്റില്‍ കണക്കെടുക്കാന്‍ പെയ്യിരുന്നു ഞാങ്ങ്, അതായത് കഴുത്തറ്റം നോട്ടുകെട്ടിന്റെ എടയ്ക്ക് കെടന്നു വെരവി വെരവി പണിയെടുക്കണം. അന്നാണേല്‍ കാര്‍ഡ് സ്വൈപ്പിങ്ങും ബയോക്സ്രിപ്റ്റ് റീഡറും റെറ്റിന പ്രിന്റിങ്ങും ഒന്നുമില്ല, സ്റ്റെണ്‍ ഗണ്ണുമായി പോലീസുകാര്‍ നടപ്പോണ്ട്, ഐഡി ഇല്ലാത്തവനെ ആ അതിരിനകത്തു കണ്ടാല്‍ അടുത്താണെങ്കി കോംബാറ്റ്, ദൂരെയാണെങ്കി വെടി. അന്നത്തെ കാലത്തു പോലും ആര്‍ക്കും തോന്നിയിട്ടില്ല വീട്ടില്‍ കക്കൂസില്‍ ഇരിക്കുമ്പഴും രാവിലേ ബസ്സേല്‍ ഓടിക്കേറുമ്പോഴും ഈ കോപ്പും കെട്ടിത്തൂക്കി ഇരിക്കണമെന്ന്. ഇപ്പ റോളക്സ് വാച്ചെന്നൊക്കെ പറയുമ്പോലെ ഒരു ആഡംബരമായോപ്പാ ഈ സാതനം?

ബാങ്ക്ലൂരില്‍ ഒരു ഐഡി കാര്‍ഡ് പ്രിന്ററും വച്ച് ഒരു പെട്ടിക്കട തൊടങ്ങാമെങ്കില്‍ കാശ് വാരാമെന്ന് തോന്നുന്നു. പത്തുരൂപ വാങ്ങിച്ചിട്ട് ഏതേലും ഇല്ലാക്കമ്പനിയുടെ പേരടിച്ച് ഓരോ ഐഡി വിറ്റാ മതി.

Thursday, July 17, 2008

ഹൗള്‍ ഓഫ് ദ്‌ സെന്‍സര്‍

കവിതയില്‍ വലിയ കമ്പമില്ലാത്ത ഞാന്‍ അലന്‍ ജിന്‍സ്ബെര്‍ഗ് എന്ന അമേരിക്കന്‍ കവിയുടെ ഹൗള്‍ എന്ന കവിത വായിച്ചിട്ടുണ്ട്. (കവിത ഇവിടെ http://members.tripod.com/~Sprayberry/poems/howl.txt)

കവിതയല്ല, അതിനെ ചിന്തിക്കളയാനുള്ള ശ്രമത്തിന്റെ കഥയാണ്‌ എന്റെ ശ്രദ്ധ അതിലേക്ക് കൊണ്ടുപോയത്.

അന്‍പതു വര്‍ഷം മുന്നേ ബ്രിട്ടനിലെ പ്രസ്സില്‍ നിന്നും അമേരിക്കയിലെ പ്രസാധകന്റെ അടുത്തേക്ക് പോയ ഷിപ്പ്മെന്റ് കസ്റ്റംസ് കണ്ടുകെട്ടുകയും കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തയിടത്തുനിന്ന് ഹൗളിന്റെ നിലനില്പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ തുടങ്ങി. തെരുവില്‍ സാധാരണ കേള്‍ക്കുന്ന എഫ് വാക്കുള്ള പ്രയോഗമടക്കം പലതരം അശ്ലീലപ്രയോഗവും അസാന്മാര്‍ഗ്ഗിക രീതികളും ഹൗളില്‍ ഉണ്ടെന്നായിരുന്നു അന്യായം.

സംഗതി കോടതിയിലെത്തിയതോടെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നടപടികള്‍ക്കെതിരേ പ്രതിഷേധിക്കുകയും സാഹിത്യരംഗത്തെ പ്രഗത്ഭരായ ഒമ്പതു പേര്‍ കോടതിയിലെത്തി ഈ കവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തതോടെ ഹൗള്‍ അടങ്ങുന്ന കവിതാസമാഹാരം വില്പ്പനാനുമതി നേടി.

കവിതയ്ക്കു വേണ്ടി ഹാജരായ വക്കീല്‍ എഴുതിയ പുസ്തകമാണ്‌ ഹൗള്‍ ഓഫ് ദ് സെന്‍സര്‍ (ഞാന്‍ വായിച്ചിട്ടില്ല). ഹൗളിന്റെ വിജയത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം നടന്നു. കവിത പാടിയും വെബ് സൈറ്റില്‍ ഇട്ടും അച്ചടിച്ചും ഒട്ടേറെ സംഘടനകളും വ്യക്തികളും അത് ആഘോഷിക്കുകയുമുണ്ടായി. പലരും ഇതിനു സമാനമായും പാരഡികളായും കവിതകളെഴുതി ഹൗളിനോട് ഐക്യദാര്‍ഢ്യം പുതുക്കി.

കോടതിയിലെ രസരകരമായ ഒറ്റ ചോദ്യവും ഉത്തരവും എവിടെയോ വായിച്ചിരുന്നു( ഓര്‍മ്മയില്‍ നിന്ന്)

ഈ കവിതയില്‍ അശ്ലീലമാണോ ഉള്ളതെന്നാണ്‌ ചോദ്യം?
ഈ കവിതയില്‍ സാമൂഹ്യപ്രതിസന്ധി ആണ്‌ ഉള്ളതെന്നാണ്‌ ഉത്തരം.


(ബ്ലോഗില്‍ നടക്കുന്ന കോലാഹലം കണ്ടപ്പോള്‍ ഈ സിവില്‍ ലിബര്‍ട്ടി എന്ന സംഗതിയെ വെറുതേ ഓര്‍ത്തുപോയെന്നേയുള്ളു.)

Monday, July 14, 2008

ശാസ്ത്രത്തിന്റെ ഗതി!

എന്തരണ്ണാ പത്രത്തേല്‍ ഇത്ര കാര്യമായിട്ട് നോക്കണത്, വല്ല ബസ്സും മറിഞ്ഞ് ആളു ചത്തു കെടക്കണ പടം വല്ലോം ഒണ്ടോ അതോ പുതിയ പെണ്‍വാണിഭം തൊടങ്ങിയോ?
ശാസ്ത്രത്തിന്റെ ഓരോ പോം‌വഴികള്‍ കണ്ട് അന്തം വിടുവായിരുന്നെടേ. ഈ ഇതു കേട്ടോ, എലികളെ ഉപയോഗിച്ച് ബ്രസീലിലെ ശാസ്ത്രജ്ഞര്‍ മനുഷ്യ ബീജം നിര്‍മ്മിച്ചു. എന്താ കഥ.

ഒന്നും മനസ്സിലായില്ല.
എടേ, ഭര്‍ത്താവിനു അശേഷം ബീജോത്പാദനമില്ലാതെയിരിക്കുന്ന അവസ്ഥയാണെന്നു വയ്ക്കുക, മരുന്നൊന്നും ഏല്‍ക്കണില്ല. ഇങ്ങനെ ഒരവസ്ഥയാണെങ്കില്‍ എന്തരു ചെയ്യും?

ദൈവഹിതം അങ്ങനെ ആയാല്‍ എന്തരു ചെയ്യാന്‍, അനപത്യം മുജ്ജന്മ പാപഫലമായി വന്നുകൂടും. ദോഷം തീരാങ്ങ് ചെലപ്പ വല്ല ഹോമവും...
സോറി, എന്റെ ചോദ്യം തെറ്റിപ്പോയി. ഇങ്ങനെ ഒരവസ്ഥയില്‍ വൈദ്യശാസ്ത്രത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഒരു പത്തുകൊല്ലം മുന്നേ ആസ്ത്രേലിയലിലെ റോജര്‍ ഷോര്‍ട്ട് തുടങ്ങിയവര്‍ ഇവരില്‍ പലര്‍ക്കും വിത്തുകോശങ്ങള്‍ ബീജമാക്കാനുള്ള വൈ ക്രോമസോമിന്റെ ജീനിലുള്ള കഴിവില്‍ വന്നുപോയ മ്യൂട്ടേഷന്‍ ആണെന്ന് തിരിച്ചറിഞ്ഞ് ബീജോത്പാദനശേഷിയില്ലാത്ത മനുഷ്യന്റെ വിത്തുകോശങ്ങള്‍ എടുത്ത് എലിയുടെ വൃഷണങ്ങളില്‍ നിക്ഷേപിച്ച് മനുഷ്യബീജമുണ്ടാക്കാനായേക്കുമെന്ന് നിരീക്ഷിച്ചിരുന്നു. പത്തുകൊല്ലം കഴിഞ്ഞ് ഇപ്പോള്‍ ബ്രസീലിലെ ഐറീന കിര്‍ക്കിസ് എന്ന ശാസ്ത്രജ്ഞ അതില്‍ വിജയിച്ചെന്ന് തെളിയിച്ചു.

എങ്ങനെ വിജയിച്ചെന്ന്?
മനുഷ്യന്റെ പല്ലിനുള്ളിലെ പള്‍പ്പില്‍ നിന്നും വിത്തുകോശം കൊയ്ത് എലികളിലെ വൃഷണങ്ങളില്‍ നിക്ഷേപിച്ചു. ഓരോ സ്റ്റേജിലായി എലികളെ കൊന്ന് പരിശോധിച്ചപ്പോള്‍ മനുഷ്യ വിത്തുകോശം എലിയില്‍ സ്വസ്ഥമായെന്നും ഡിഫറന്‍ഷ്യേറ്റ് ചെയ്ത് ബീജനിര്‍മ്മാണഘട്ടത്തിലേക്ക് കടക്കുന്നതും അവര്‍ തെളിയിച്ചു.

അപ്പ എന്തര്‌?
എടേ, ആ ബീജം എടുത്ത് ആ മനുഷ്യന്റെ ഇണയില്‍ കൃത്രിമസങ്കലനം നടത്തിയാല്‍ അവര്‍ക്ക് അവരുടെ തന്നെ കുട്ടി ജനിക്കുമെന്ന്. മനസ്സിലായോ.

ഇത്തറേയൊള്ള്?
പിന്നെ ഇത്തറ പോരേ?

ഇതാണോ ആനക്കാര്യം? അണ്ണന്‍ മഹാഭാരതം വായിച്ചിട്ടില്ലേ?
ഒണ്ട്.

പിന്നെന്തരിന്‌ ഈ പരട്ട ന്യൂസ് കണ്ട് തുള്ളണത്. അണ്ണാ പണ്ട് മ്മടെ രാജാവ് കാട്ടില്‍ വേട്ടയ്ക്ക് പോയപ്പോ ദിവാസ്വപ്നം കണ്ട് സ്ഖലിച്ച് ശുക്ലം വെള്ളത്തിപ്പോയി, അത് യമുനയിലെ ഒരു മീന്‍ വിഴുങ്ങി. മീനെ ഒടുക്കം വലക്കാര്‌ പിടിച്ച് വെട്ടിക്കീറിയപ്പോ എന്തരാ കണ്ടത്?
രണ്ട് പിള്ളേരെ. മത്സ്യന്ധിയേയും അവക്കടെ ആങ്ങളേം. അല്ലീ? അതെന്തരിനു ചെല്ലാ ആ കഥ ഇപ്പ കേട്ടത്?

തന്നെ തന്നെ . എന്റണ്ണാ അതല്ലീ ഈ ബ്രസീലുകാരി വല്യ ആനക്കാര്യമായി പറയുന്നത് അന്ന് മീനിലൂടെ മനുഷ്യക്കുഞ്ഞുണ്ടായതുപോലെ ഇപ്പം എലിയിലൂടെ മനുഷ്യക്കുഞ്ഞുണ്ടാവുമെന്ന്? ഇതാ ഞാന്‍ പറഞ്ഞ് ഈ കോപ്പുശാസ്ത്രമൊന്നും മഹാഭാരതത്തിന്റെ ഏഴയിലത്ത് വരൂല്ലാന്ന്. ശരിയല്ലീ?

അല്ലീ?
അല്ലീന്ന്? അണ്ണെഎന്ത് മിണ്ടാത്തത്?
ദാണ്ടെ മലന്നടിച്ച് വിഴുന്നല്ല്. ബോധം പെയ്യതാണോ ഞ്ജാനം ഉദിച്ചതാണോ എന്തരോന്തോ. ചാച്ചീ, ഒരു കെണ്ടി വെള്ളം ഇങ്ങോട്ടെടുത്തോ, അണ്ണങ്ങ് കണ്ണു തൊറക്കുവോന്ന് നോക്കട്ട്.

Thursday, July 10, 2008

എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും...

പത്രങ്ങളിലൂടെ:
സ്കൂള്‍ ബുക്കുകളും പത്രങ്ങളും സിനിമകളും വഴി കമ്യൂണിസവും മതവിരുദ്ധതയും പഠിപ്പിക്കാനുള്ള കമ്യൂണിസ്റ്റ് കുതന്ത്രങ്ങളെ നമ്മള്‍ പലപ്പോഴും തിരിച്ചറിയാറില്ല. ഇവരുടെ പല പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുട്ടികളെയും ചെറുപ്പക്കാരെയും വഴി തെറ്റിക്കും എന്നതിനാല്‍ ഇത്തരം വാര്‍ത്തകളെയും പാഠങ്ങളെയും സിനിമകളെയും അതതു നിര്‍മ്മാതാക്കള്‍ സ്വയം തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ്‌ വേണ്ടത്. ഇല്ലെങ്കില്‍ അവരുടെ അതത് ചരക്കുകള്‍ തെരുവില്‍ കത്തി നശിക്കുന്നതിന്‌ അവര്‍ തന്നെയാകും ഉത്തരവാദി.

കഴിഞ്ഞ മേയ് ഇരുപത്തിയാറിന്‌ "ദ്‌ ഹിന്ദു" പത്രത്തില്‍ വന്ന ഈ വാര്‍ത്ത പ്രതിഷേധാര്‍ഹമല്ലേ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

"പുനലൂരില്‍ 31 വയസ്സുകാരന്‍ ചെ ഗുവേരയും 24 വയസ്സുകാരി ഷൈന്‍ കാസ്റ്റ്ലെസ്സും വിവാഹിതരായി. മതപരമായ യാതൊരു ചടങ്ങുകളുമില്ലാതെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ രജിസ്റ്റ്റാര്‍ ഓഫീസില്‍ വച്ചായിരുന്നു കല്യാണം.

ദുബായില്‍ ആനിമേറ്ററായി ജോലി ചെയ്യുന്ന ചെ യുടെയും അനുജന്‍ ഹോ ചി മിനിന്റെയും ‍ രേഖകളില്‍ ജാതിയോ മതമോ ചേര്‍ത്തിട്ടില്ല. ഷൈനിന്റെയും രേഖകള്‍ അങ്ങനെ തന്നെ. മാത്രമല്ല, ഷൈനിന്റെ മാതാപിതാക്കള്‍ ശ്രീമാന്‍ ഫസലുദ്ദീനും ശ്രീമതി ആഗ്നസും സമൂഹത്തിലെ ജാതി വിവേചനങ്ങള്‍ക്കെതിരേ ഒരു പ്രതിഷധം എന്ന നിലയ്ക്ക് കുടുംബപ്പേരായി "കാസ്റ്റ്ലെസ്സ്" എന്ന് മക്കളെ നാമകരണം ചെയ്തു. (പൂര്‍ണ്ണമായ വിവര്‍ത്തനമല്ല)

വാര്‍ത്ത ശ്രദ്ധിച്ചല്ലോ? രണ്ടുപേര്‍ വിവാഹിതരായാല്‍ അത് നൂറുകോടി ജനമുള്ള ഇന്ത്യയില്‍ വാര്‍ത്തയാകില്ല. പിന്നെയത് എന്തിനു ഇന്ത്യയിലെ പ്രചാരമുള്ള ഒരു പത്രത്തിലടിച്ചു വരണം? ഉത്തരവും ലളിതം. വാര്‍ത്തയായി വരാന്‍, മതങ്ങളെ അധിക്ഷേപിക്കാനാണ്‌ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതു തന്നെ.

പാട്ടുകളിലൂടെ
സംഗീതത്തിലൂടെ കമ്യൂണിസം അടിച്ചു കയറ്റി വിടാനുള്ള ശ്രമമാണ്‌ നിന്ദ്യമായ മറ്റൊരു രീതി. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനായ വയലാര്‍ തന്നെയാണ്‌ ഈ കുത്സിത തന്ത്രത്തിന്റെ തുടക്കക്കാരനും.
"വെള്ളാരം കുന്നിലെ പൊന്‍‌മുളങ്കാട്ടിലെ
പുല്ലാം കുഴലൂതും കാറ്റേ വാ " എന്നതുകൊണ്ട് കവി എന്താണു പ്രാര്‍ത്ഥിക്കുന്നതെന്ന് ആലോചിച്ചാല്‍ നടുങ്ങിപ്പോകും സുഹൃത്തുക്കളേ. വെള്ളാരം കുന്നിലെ ഹിമാലയത്തിലെ പൊന്‍മുളങ്കാട്ടിലെ- ഹിമാലയ പരിസരത്തെ മുളങ്കാടുകള്‍- അതേ ജയന്റ് പാണ്ഡകളും മറ്റും വളരുന്ന ആ ചൈനീസ് കാടുകളിലെ പുല്ലാം കുഴല്‍ - ചൈനീസ് ഫ്ലൂട്ടെന്ന് ഞാന്‍ പറഞ്ഞു തരേണ്ടല്ലോ, ഊതുന്ന കാറ്റ്, അവിടെ സംഗീതമുതിര്‍ക്കുന്ന ആ തരംഗം വാ- ഇവിടേയ്ക്ക് കേരളത്തിലേക്ക് വരാനാണ്‌ ഇയാള്‍ ആഗ്രഹിക്കുന്നത്. അതായത് മാവോയിസം ഈ മാവേലിനാട്ടിലും നടപ്പിലാകട്ടെ എന്ന്. "ഹിന്ദുവായി മുസല്‍മാനായി കൃസ്ത്യാനിയായി.. നമ്മള്‍ കണ്ടാലറിയാതായി ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി.." എന്നെഴുതിയ ഒരു കമ്യൂണിസ്റ്റില്‍ നിന്നും ഇതല്ലാതെ എന്തു പ്രതീക്ഷിക്കാന്‍?

പാഠങ്ങളിലൂടെ

പാഠപുസ്തകങ്ങളിലെ കമ്യൂണിസം മതവിരുദ്ധനായ ജീവനോടെയാണ്‌ തുടങ്ങിയതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നമ്മളൊക്കെ പഠിച്ച സുരേഷ് മൈനയെക്കാണുന്ന പാഠം ശ്രദ്ധിച്ചിട്ടുണ്ടോ? അതില്‍ ജന്മി, അടിയാളന്‍, ജാതിവ്യവസ്ഥ, വിപ്ലവം തുടങ്ങിവ ഊട്ടിയുറപ്പിക്കുന്ന സന്ദേശമാണുള്ളത്. നമ്മളില്‍ ചിലരിലെങ്കിലും അറിയാതെ ഈ കാര്യങ്ങള്‍ കുത്തിനിറയ്ക്കാന്‍ ഈ പാഠത്തിനായി. ഒന്നു പരിശോധിക്കാം:

ക്ലീ ക്ലീ ക്ലീ, ക്രൂ ക്രൂ ക്രൂ, എവിടന്നാണീ ശബ്ദം, സുരേഷ് തിരിഞ്ഞു നോക്കി. നോക്കൂ ആ ഗൂഢാര്‌ത്ഥം. മുന്നേ ശബ്ദമൊന്നുമില്ലായിരുന്നതിനാല്‍ സുരേഷ് സ്വസ്ഥനായിരുന്നെന്നും ശബ്ദത്തില്‍ നിന്നാണ്‌ ആളെ ശ്രദ്ധിച്ചതുമാണ്‌ സന്ദേശം. ശബ്ദമുയത്തിയതിനാലാണ്‌ കീഴാളവര്‍ഗ്ഗത്തെ ജന്മി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നാണ്‌ പാഠം പിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് അതൊരു മൈനയാണെന്ന് അടയാളങ്ങള്‍ കൊണ്ട് സുരേഷ് മനസ്സിലാക്കുന്നു. കീഴ്ജാതിയില്‍ പെട്ടവര്‍ തിരിച്ചറിയാന്‍ കല്ലും അതുപോലെ അടയാള ചിഹ്നങ്ങളും ധരിച്ചിരുന്നു എന്നതാണ്‌ ഇവിടെ സന്ദേശം. പേരുകളില്‍ തന്നെ ജന്മിയെയും കുടിയാനെയും തിരിച്ചറിയാനുള്ള സൂചനകള്‍ ഉണ്ടെന്നത് വേറേ. ജന്മിയുടെ പേര്‍ സുരേഷ്- സുരരുടെ ഈശന്‍. ദേവേന്ദ്രന്‍‍ എന്നര്‍ത്ഥം. ഇയാള്‍ മേല്‍ജാതിയില്‍ പെട്ടവനാണ്‌. അടിയാളനോ? അവന്‌ സവര്‍ണ്ണന്‍ ഇടുന്ന പേരുകള്‍ ഇടാന്‍ അവകാശമില്ലാത്തതിനാല്‍ കാള, മൈന, കുട്ടകം എന്നൊക്കെയായിരുന്നു അന്ന് പേര്‍ എന്ന് സൂചിപ്പിക്കുന്നു. സുരേഷ് എന്നാല്‍ സുര- മദ്യത്തിന്റെ ഈശന്‍ , കുടിച്ച് ബോധമില്ലാതെ നടക്കുന്ന ഒരു ജന്മി എന്നും വെറും പുച്ഛത്തോടെ അടിയാന്മാരെ കാണുന്ന ഇദ്ദേഹം മൈന എന്ന വാക്കിനോട് സാദൃശ്യമുള്ള ഒരശ്ലീലപദം ആണ്‌ അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നും പാഠാന്തരം. കൊച്ചു കുട്ടികള്‍ "ഒരാളിനെ ആക്ഷേപിച്ച് മൈന എന്നു വിളിക്കുന്നത് എന്താണെന്ന്" ചോദിച്ചാല്‍ അദ്ധ്യാപകന്‍ എന്തുത്തരം പറയണം, അവനെ തെറി പഠിപ്പിക്കണോ?

പാഠത്തിന്റെ അന്ത്യത്തില്‍ സുരേഷ് അകത്ത് പോയി അരിയെടുത്ത് വിതറിയെന്നും മൈന പറന്നു പോയെന്നും പ്രസ്ഥാവിക്കുന്നു എന്നാണ്‌ ഓര്‍മ്മ. "മക്കള്‍ ശക്തി കാശുക്ക് വഴങ്ങാത്" തുടങ്ങിയ സ്ഥിരം കമ്യൂണിസ്റ്റ് മുദ്രാവാക്യമാണിത്. സുരേഷ് നല്‍കിയ കൈക്കൂലിക്ക് വഴങ്ങി മൈന കൂട്ടിലായില്ലെന്നാണ്‌ പാഠനിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ പോകുന്ന മൈനയെ കുട്ടിയായ സുരേഷ് ന്യായമായും കല്ലെടുത്ത് എറിഞ്ഞിടേണ്ടതല്ലേ? പാഠത്തില്‍ അങ്ങനെ കാണാനില്ല എന്നത് അടിയാളന്മാരുടെ സ്വാതന്ത്ര്യത്തിനെ ശക്തികൊണ്ട് എതിരിടാനാവില്ല എന്ന സൂചന തരുന്നു.

ഇത്തരം പാഠങ്ങള്‍ എല്ലാ പുസ്തകത്തിലും നിറച്ച് ഇവര്‍ നമ്മുടെ കുട്ടികളെ നമ്മള്‍ അറിയാതെ കമ്യൂണിസം പഠിപ്പിക്കുന്നു.

അനിലിനോട്‌

അനിലേ, കമന്റ്‌ കണ്ടു. ഒരു ചെറിയ കേസ്‌ തരട്ടേ അഭിപ്രായം അറിയാന്‍? സ്വകാര്യതയെ ഭഞ്ജിക്കാതിരിക്കാന്‍ പേരു മാറ്റിയിട്ടുണ്ട്‌, ബാക്കിയെല്ലാം ലൈവ്‌ കേസ്‌. കേട്ട്‌ എന്തെങ്കിലും പറയാമോ?

റംലത്ത്‌ ബിരുദ കോഴ്സ്‌ രണ്ടാം വര്‍ഷം വരെ ബോട്ടണി പഠിച്ചതാണ്‌. സാമ്പത്തിക പരിമിതികളാല്‍ തുടരാനായില്ല. മൂന്നു പെണ്ണിനും ഒരാണിനും മൂത്തവളാണ്‌ റംലത്ത്‌. ഇളയ അനുജന്‍ കോളേജിലാണ്‌.

അവള്‍ ഇപ്പോള്‍ ഒരു മലയാളി ബാറില്‍ വെയിട്രെസ്സായി ദുബായില്‍ ജോലി നോക്കുന്നു. ട്രെയിനിംഗ്‌ കിട്ടിയ ഒട്ടേറെപ്പേരുണ്ടെങ്കിലും അവള്‍ക്ക്‌ അറബി നന്നായി അറിയാവുന്നതുകൊണ്ടാണ്‌ ഇവിടെ ജോലിക്കെടുത്തത്‌, സംഗതി മലയാളി ബാറാണെങ്കിലും സന്ദര്‍ശകരില്‍ നല്ലൊരു ശതമാനം അറബികളാണ്‌.

താമസവും ഡ്യൂട്ടി ഭക്ഷണവും പുറമേ മാസം ആയിരത്തഞ്ഞൂറു ദിര്‍ഹം ശമ്പളവും ദിവസം നാല്‍പ്പതു ദിര്‍ഹത്തോളം ടിപ്പും മദ്യവും സിഗററ്റും വിളമ്പുന്ന ഈ ജോലിയില്‍ നിന്നും അവള്‍ക്കു കിട്ടുന്നുണ്ട്‌. വളരെ ഓര്‍ത്തഡോക്സ്‌ ആയ അവളുടെ കുടുംബത്തില്‍ ഒരൊറ്റ മനുഷ്യനും മദ്യപിക്കാറില്ല. എന്നെങ്കിലും കാലത്ത്‌ വിവാഹം കഴിച്ചാല്‍ ആ സ്ഥാനത്ത്‌ മദ്യപിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കാനും അവള്‍ക്കാവില്ല.

ഉച്ചക്ക്‌ പതിനൊന്നു മണി മുതല്‍ രാത്രി ഒന്നരവരെ ആഴ്ചയില്‍ ഏഴു ദിവസവും അവള്‍ പണിയെടുക്കുന്നു. ഇത്‌ ദുബായുടെ ലേബര്‍ നിയമത്തിനു വിരുദ്ധമാണ്‌, അവള്‍
ഒച്ചവച്ചാല്‍ ആ ബാര്‍ പൂട്ടിപ്പോകും . പക്ഷേ പകരം റമദാന്‍ കാലത്ത്‌ അവള്‍ക്ക്‌ ഒരുമാസം അവധി കിട്ടാറുണ്ട്‌. ഒന്നരയ്ക്ക്‌ റെസ്റ്റോറണ്ട്‌ അടച്ചാല്‍ അതേ ഹോട്ടലിലെ നൈറ്റ്‌ ക്ലബ്ബില്‍ ചിലപ്പോള്‍ അവള്‍ പോയി ഒന്നോ രണ്ടോ മലയാളി പാട്ടു പാടാറുണ്ട്‌. "താമരക്കുരുവിക്ക്‌ തട്ടനിട്‌" , "നാദാപുരം പള്ളിയിലെ" തുടങ്ങി അവള്‍ക്ക്‌ ആത്മാര്‍ത്ഥമായും ഇഷ്ടമുള്ള പാട്ടുകള്‍ ആണ്‌ പാടാറ്‌. നല്ല രീതിയില്‍ ടോക്കണ്‍ ലഭിക്കാറുണ്ട്‌, അവളുടെ പാട്ടത്ര നല്ലതാണ്‌ , പക്ഷേ കേള്‍ക്കുന്നവന്‍ ഈ പാതിരാത്രി ഒരു വെളിവുമില്ലാതെ നൃത്തം ചെയ്യുന്ന പെണ്ണുങ്ങളെ നോക്കി വഷളന്‍ ചിരിയും ചിരിച്ച്‌ ഇരിക്കുകയാണെന്ന് അവള്‍ക്ക്‌ നന്നായി അറിയാം (സാമാന്യം നല്ല പുച്ഛവുമാണ്‌ ഈ ആരാധകരെ).

റംലത്ത്‌ മൂന്നനിയത്തിമാരില്‍ രണ്ടിനെ കെട്ടിച്ചു (മെഹര്‍ അടക്കം അങ്ങോട്ടു സ്ത്രീധനം കൊടുക്കുന്ന നാട്ടിലെ ഇടപാട്‌ അറിയുമല്ലോ? ) അനുജന്‍ കോലഞ്ചേരി സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു (ചിലവ്‌ അറിയുമല്ലോ?) . ഈ അനുജത്തിമാരും നാളത്തെ ഡോക്റ്ററായ അനുജനും പയ്യെ കള്ളുവിളമ്പിയ, ദര്‍ബാറില്‍ പാടിയ ഇത്തയെ ഒഴിവാക്കുമെന്ന് റംലത്തിന്‌ നല്ലതുപോലെ അറിയുകയും ചെയ്യാം.

അഭിപ്രായം പറഞ്ഞോളൂ.

Monday, July 7, 2008

പ്രവാസവും കേരളവും- മൂന്ന്

ഗള്‍ഫിലെ പല രാജ്യങ്ങളിലും ഭൂരിപക്ഷം താമസക്കാര്‍ തെക്കേ ഏഷ്യക്കാരാണ്‌. ഭരണകൂടങ്ങള്‍ക്ക് ഇതൊരു പ്രശ്നവുമാണ്‌, പലരും ഉദാഹരണം ബഹറൈന്‍, അബുധാബി തുടങ്ങിയവര്‍ ഈ ഡെമോഗ്രഫിക്ക് ഇം‌ബാലന്‍സ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ത്, ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. നമുക്ക് ഇതിലെന്താണിപ്പോള്‍ പ്രശ്നം എന്നു തോന്നിയേക്കാം, പക്ഷേ ഒരു രാജ്യത്ത് പൗരന്മാര്‍ നാലിലൊന്നായി ചുരുങ്ങുകയും മഹാഭൂരിപക്ഷം താമസക്കാര്‍‍ മറ്റൊരു വംശ-സാംസ്കാരിക പാരമ്പര്യമുള്ള വിദേശികള്‍ ആകുകയും ചെയ്താലുള്ള ഭവിഷ്യത്തുകള്‍ വളരെയുണ്ട്.

ദുബായില്‍ ജനസംഖ്യയുടെ ഭൂരിപക്ഷം ഇന്ത്യക്കാരാണ്‌, ഇന്ത്യക്കാരില്‍ ഭൂരിപക്ഷം മലയാളികളാണ്‌, ഇവരില്‍ അവിദഗ്ദ്ധ നിര്‍മ്മാണത്തൊഴിലാളി, സ്വകാര്യവീട്ടുജോലിക്കാരന്‍ തുടങ്ങിയ ജോലികളില്‍ മലയാളികളുടെ എണ്ണം തുലോം കുറവാണെന്നത് ആശ്വാസകരമാണ്‌, കാരണം ഏറ്റവും വരുമാനം കുറഞ്ഞ തൊഴിലുകളാണ്‌ ഇവ. മറ്റു സ്ഥലങ്ങളിലും ഇത്തരം തൊഴിലുകള്‍ ചെയ്യുന്ന മലയാളികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന് (ചിലര്‍ സ്വകാര്യ നിരീക്ഷണങ്ങളിലൂടെ പറഞ്ഞത് വിശ്വസനീയമാണെങ്കില്‍) അറിയുന്നു.

എന്നാല്‍ മനുഷ്യാധ്വാനത്തിന്റെ വില തട്ടിച്ചു നോക്കുമ്പോള്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ (നേപ്പാള്‍, പാക്കിസ്ഥാന്‍ ഫിലിപ്പൈന്‍സ്, ശ്രീലങ്ക) എന്നിവിടങ്ങളില്‍ നിന്നുള്ളവരെക്കാള്‍ അല്പം ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെങ്കിലും യൂറോപ്പ്, അമേരിക്ക, വടക്കന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടെനിന്നുള്ളവരെക്കാള്‍ വളരെ താഴെ വരുമാനമുണ്ടാക്കുന്നവരാണ്‌ മഹാഭൂരിപക്ഷം ഇന്ത്യക്കാര്‍. ഇതിനെക്കുറിച്ച് "ഇറ്റാലിയന്‍ കുക്ക് പഞ്ചനക്ഷത്രഹോട്ടലില്‍ അഞ്ചക്കശമ്പളം വാങ്ങും മലയാളി കുക്ക് അറുനൂറു ദിര്‍ഹത്തിനു കഫറ്റീരിയയില്‍ പൊറോട്ടയടിക്കും" എന്ന് ഞാന്‍ എഴുതിയിരുന്നു (ഒന്നാന്തരം ശമ്പളമുള്ള ഷെഫ് ആയി ജോലി ചെയ്യുന്ന രണ്ട് മലയാളികളെയും, തരക്കേടില്ലാത്ത നക്ഷത്രഹോട്ടലുകളിലെ ഇന്ത്യന്‍ ഔട്ട്ലെറ്റുകളില്‍ ജോലി ചെയ്യുന്ന കുറച്ചു പേരെയും കണ്ടിട്ടുണ്ട്, അവര്‍ ഒരു ന്യൂനപക്ഷമാണ്‌)


എന്തുകൊണ്ടാണിത്?
ഇറ്റലിയില്‍ ഒരു ചെറുക്കന്‍ ജനിച്ചു. തൊഴില്‍ ലഭ്യതയും ചെയ്താല്‍ കിട്ടുന്ന കൂലിയും മറ്റും ജീവിത നിലവാരത്തിന്റെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിലാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. പോസ്റ്റുമാനായ പിതാവും സൂപ്പര്‍മാര്‍ക്കറ്റ് വില്പ്പനക്കാരിയായ മാതാവും അവനെ ബുദ്ധിമുട്ടില്ലാതെ തന്നെ സ്കൂളിലയച്ചു. ഏതോ വൊക്കേഷണല്‍ കൗണ്‍സലര്‍ അവനു പാചകകലയിലുള്ള താല്പ്പര്യം കണ്ടെത്തി. ഇറ്റാലിയന്‍ ഭക്ഷണം ലോകത്തെല്ലായിടത്തും കഴിക്കുന്നുണ്ടെന്നും ഇവനു വിദേശത്തു ജോലി ചെയ്യാന്‍ താല്പ്പര്യമുണ്ടെന്നും കണ്ടുപിടിച്ചു. അവന്‍ അതു പഠിച്ചു ഡിഗ്രീയെടുത്തു. ഇറ്റലയില്‍ താരതമ്യേന മോശമില്ലാത്ത ശമ്പളത്തില്‍ ഒരുവര്‍ഷം ജോലി ചെയ്തു, ഒരു റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി സൈറ്റില്‍ ഓണ്‍ ലൈന്‍ രജിസ്റ്റര്‍ ചെയ്തു മൂന്നിടത്തുനിന്നും കാള്‍ വന്നു, രണ്ടുപേര്‍ക്ക് അവനെ ബോധിച്ചു. അവനിഷ്ടപ്പെട്ടത് അതില്‍ ദുബായി ഹോട്ടലായിരുന്നു, അവിടെ ജോലിക്കു ചേര്‍ന്നു.


കേരളത്തില്‍ ഒരു ചെറുക്കന്‍ ജനിച്ചു. അല്പ്പം ബുദ്ധിമുട്ടുള്ള കുടുംബത്തിലെയായിരുന്നു (മക്കള്‍ ഏഴാണ്‌, മാതാവ് വീട്ടമ്മയാണ്‌, ആകെ വരുമാനം കെ എസ് ആര്‍ ടി സി കണ്ടക്റ്ററായ അച്ഛന്റേതാണ്‌, അത് വളരെ കുറവാണ്‌) സ്കൂളില്‍ ചേര്‍ത്തു. എല്ലാ കേരളീയരെപ്പോലെയും മകന്‍ ഒരു ഡോക്റ്റര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ ആകണമേ എന്ന് അവരും പോയ വഴിയുള്ള ആരാധനാലയത്തിലെല്ലാം പൈസയിട്ട് പ്രാര്‍ത്ഥിച്ചു.

കുട്ടി ഡോക്റ്റര്‍ തിരഞ്ഞെടുപ്പിലെ ഒന്നാം പടിയായ ഒന്നാം ക്ലാസ്സുമുതല്‍ ഒമ്പതാം പടി വരെ ജയിച്ചു. പത്താം തരം ഒരു മേജര്‍ എലിമിനേഷന്‍ റൗണ്ട് ആയിരുന്നതിനാല്‍ ജയിച്ചില്ല, അങ്ങനെ അവന്‍ ഡോക്റ്ററായില്ല.

പത്തിരുപതു വയസ്സുവരെ ഒന്നും ചെയ്യാതെ കറങ്ങിത്തിരിഞ്ഞു. ശേഷം നാട്ടില്‍ ഇത്തരക്കാര്‍ക്ക് എന്തു തൊഴില്‍ ലഭിക്കുമെന്ന് അന്വേഷിച്ചു. കൂലിപ്പണി ചെയ്യാന്‍ മനസ്സുവന്നില്ല, കാരണം അവന്‍ ഒരു കൂലിപ്പണിക്കാരനെന്ന് ഒരിക്കലും സ്വയം സങ്കല്പ്പിച്ചിട്ടില്ല. അച്ഛന്‍ പെന്‍ഷന്‍ പറ്റിയപ്പോള്‍ ലഭിച്ച പണം ഏജന്റിനു കൊടുത്ത് ഗള്‍ഫിലേക്ക് ഒരു വിസിറ്റ് വിസ എടുത്തു. അവന്‍ കണ്ടിട്ടുള്ള ചിത്രങ്ങളിലും കേട്ട കഥയിലും മുഴുവന്‍ ഒരു പഠിപ്പുമില്ലാതെ ഗള്‍ഫില്‍ പോയിട്ട് എന്തെങ്കിലും ജോലി ചെയ്തോ ഏതെങ്കിലും അറബികളെ പറ്റിച്ചോ പെട്ടി നിറയേ കാശും സ്വര്‍ണ്ണവുമായി ഒന്നുരണ്ടുവര്‍ഷം കൊണ്ട് മടങ്ങിയെത്തിയവരാണ്‌.

അവന്റെ ഭാഗ്യം കൊണ്ട് കിട്ടിയ സന്ദര്‍ശകവിസ വാലിഡ് ആയിരുന്നു. അങ്ങനെ ദുബായില്‍ എത്തിപ്പെട്ടു. ഒന്നുരണ്ടാഴ്ച്ച ജോലിയന്വേഷിച്ചപ്പോല്‍ മനസ്സിലായി എല്ലാ നാട്ടിലെയും പോലെ ജോലിക്ക് അനുസൃതമായ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും ദുബായിലും ആവശ്യമുണ്ടെന്നും ആരെയെങ്കിലും പറ്റിച്ച് പണമുണ്ടാക്കാമെന്നു വച്ചാല്‍ ഇവിടെയെങ്ങും ആരും എന്നെപ്പറ്റിച്ചോ എന്നു പറഞ്ഞ് വഴിയില്‍ കാത്തു നില്പ്പില്ലെന്നും. ഒരുപാട് അലഞ്ഞപ്പോള്‍ ഒരു കടയില്‍ പൊറോട്ടയടിക്കുന്ന ഒഴിവുണ്ടെന്നും അതു വാങ്ങിത്തരണമെങ്കില്‍ അഞ്ചുമാസത്തെ ശമ്പളം കമ്മീഷനായി കൊടുക്കണമെന്നും ഒരു മലയാളി പറഞ്ഞു. ഇതും കൂടി സ്വീകരിച്ചില്ലെങ്കില്‍ അച്ഛന്റെ സമ്പാദ്യമെല്ലാം നശിപ്പിച്ച മുടിയനായ പുത്രനായി തിരിച്ച് നാട്ടില്‍ പോകണമെന്നും അനുജത്തി വിവാഹത്തിനു സ്ത്രീധനം കൊടുക്കാന്‍ വഴിയില്ലാതെ വീട്ടില്‍ തന്നെ നില്‍ക്കുമെന്നും ഓര്‍ത്ത് പാസ്സ്പോര്‍ട്ട് പണയപ്പണ്ടമായി കൊടുത്ത് അവിടെ കയറി.

റേസിസം, അന്യായം, ചൂഷണം, തട്ടിപ്പ്, അനീതി, നിയമവിരുദ്ധ പ്രവര്‍ത്തി എന്നൊക്കെ പറയാന്‍ വരട്ടെ. എന്താണ്‌ ഇവര്‍ തമ്മിലെ വത്യാസം?

ഒന്ന്: ഇറ്റലിക്കാരന്‍ കുക്ക് ആണ്‌. മലയാളി മലയാളി ഡോക്റ്ററാകാഞ്ഞവനും.
രണ്ട് : ഇറ്റാലിയന്‍ പാചകക്കാര്‍ക്കുള്ള ഡിമാന്‍ഡ് അനുസരിച്ചാണ്‌ ഉദ്യോഗാര്‍ത്ഥികളും നിലവിലുള്ളത്. കേരളത്തില്‍ ലക്ഷക്കണക്കിനു അണ്‍സക്സസ്ഫുള്‍ ഡോക്റ്റര്‍മാര്‍ തേരാപ്പാരാ നടക്കുന്നു.
മൂന്ന്: ഇറ്റലിക്കാരന്‍ ന്യായമായ വഴിയില്‍ ജോലി നേടി. മലയാളിക്ക് ന്യായമായ വഴിയില്‍ ജോലി കണ്ടെത്താനായില്ല.
നാല്‌: മലയാളികള്‍ മനുഷ്യാധ്വാനം ഡമ്പ് ചെയ്തുകളഞ്ഞതിനാല്‍ മാര്‍ക്കറ്റില്‍ അതിനു തെല്ലും വിലയില്ലാതായി.
അഞ്ച്: മലയാളി ഇപ്പോള്‍ തന്നെ ദരിദ്രസാഹചര്യത്തിലും കടത്തിലുമാകയാല്‍ ദയനീയമായി സ്വയം അണ്ടര്‍സെല്ലു ചെയ്യാന്‍ നിര്‍ബ്ബന്ധിതനായിപ്പോയി. ഇറ്റലിക്കാരനു കടമില്ല, അവനു ഒരു സഹോദരി ഉണ്ടെങ്കില്‍ തന്നെ അവള്‍ ലക്ഷങ്ങള്‍ കൊടുത്ത് വല്ലവന്റെയും തോളില്‍ വയ്ക്കേണ്ട ബാദ്ധ്യതയല്ല. അവള്‍ പഠിച്ച് അവളുടെ പാടുനോക്കി പോയിക്കോളും.


പ്രശ്നങ്ങള്‍ പഠിക്കാം:
ഒന്ന്: ദരിദ്രസാഹചര്യത്തില്‍ ജനിച്ചു. ഒരു ബസ് കണ്ടക്റ്റര്‍ക്കും വീട്ടമ്മയ്ക്കും കൂടി ഒരു കുട്ടിയെയും പരമാവധി അരിഷ്ടിച്ചാല്‍ രണ്ടുകുട്ടികളെയും വളര്‍ത്താമെന്നിരിക്കെ ഏഴിലൊരു കഷണം റിസോര്‍സ് കുട്ടിക്കു കിട്ടുന്ന രീതിയില്‍ കുടുംബം സ്ഥാപിച്ച മനുഷ്യന്റെ അജ്ഞത. ബി എ രണ്ടാം വര്‍ഷം വരെ പഠിച്ചു, എന്തെങ്കിലും ജോലി കിട്ടാതെയോ അല്ലെകില്‍ ഭാര്യയെ ജോലിക്കു വിടാന്‍ താല്പ്പര്യമില്ലാത്തയാളെ വിവാഹം കഴിക്കുകയോ ചെയ്തു അയാളുടെ ഭാര്യ.

[വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയിലെ സ്ത്രീകളോട് തട്ടിച്ചു നോക്കുമ്പോള്‍ കേരളസംസ്ഥാനത്തെ പെണ്ണുങ്ങള്‍ക്കാണ്‌. വിദ്യാഭ്യാസത്തില്‍ സ്ത്രീയും പുരുഷനും ഒന്നുക്കൊന്ന് അനുപാതത്തിനോട് വളരെ അടുത്തു നില്‍ക്കുന്നു. രോമം അഞ്ചിക്കാന്‍ വരട്ടെ, തൊഴിലില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ കേരളത്തിലെ സ്ത്രീകളാണ്‌. തൊഴില്‍ പ്രായപരിധിക്കുള്ളില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ ഇരുപത്തേഴു ശതമാനമേ കേരളത്തില്‍ ജോലി ചെയ്യുന്നുള്ളു (പരിഷത്ത്- കേരളപഠനം). ഭാര്യയെ ജോലിക്കു വിടാന്‍ താല്പ്പര്യമില്ലാത്ത ഭര്‍ത്താവ്, ഭാര്യ ജോലിക്കു പോയാല്‍ അഹങ്കാരിയാകുമെന്നു കരുതുന്നവര്‍, "കന്നിനെ കയം കാണിക്കരുത് " എന്നു പറഞ്ഞ് ചിരിക്കുന്ന അശ്ലീലമനസ്കര്‍, കുട്ടികള്‍ക്ക് ശ്രദ്ധ കൂടുതല്‍ കിട്ടട്ടെ എന്നു ഏണസ്റ്റ് ആയി കരുതുന്ന അച്ഛന്മാര്‍ സ്ത്രീകളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങള്‍ മുതല്‍ ഇരുട്ടി തിരികെ വരുന്ന സ്ത്രീകളെല്ലാം ചീത്തയാണെന്നു കരുതുന്ന വരെ ഇതിനു കാരണമായേക്കാം]

രണ്ട് : വികലമായ വിദ്യാഭ്യാസ സമ്പ്രദായം. അഞ്ചുലക്ഷം കുട്ടികളില്‍ നിന്നും പത്തോ അയ്യായിരമോ പേരെ തിരഞ്ഞെടുക്കുകയും ബാക്കിയുള്ളതിനെ കൊള്ളരുതാത്തവരായി ഇറക്കിവിടുകയും ചെയ്യുന്ന സെലക്ഷന്‍ പ്രോസസ്.

മൂന്ന് : ജനപ്പെരുപ്പം . ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള റിസോര്‍സുമില്ല (പാടം പറമ്പ് തൊഴില്‍ശാലയുണ്ടാക്കാനുള്ള സ്ഥലലഭ്യതയും ജനവാസമില്ലായ്മയും...) ഉള്ള പാരമ്പര്യ സ്വത്തുക്കളെടുത്ത് എന്തെങ്കിലും ചെയ്യാനുമാവില്ല. പോവര്‍ട്ട് ബ്രീഡ്സ് പോവര്‍ട്ടി എന്നു സാമ്പത്തിക ശാസ്ത്രജ്ഞന്‍, പരമാവധി ഭാര്യയെ പ്രസവിപ്പിക്കന്നവനേ സ്വര്‍ഗ്ഗത്തു പോകൂ എന്ന് പുരോഹിതന്‍.

ഒരു കുടുംബത്തിനു ഒരുലക്ഷം സെന്റ് പൈതൃക സ്വത്ത് ഉണ്ടെന്നു കരുതുക. സാമാന്യം തരക്കേടില്ല.
മക്കള്‍ ഏഴ്. തലയെണ്ണി 14,285.7 സെന്റ് വീതിച്ചു കൊടുത്തു
ഇവര്‍ ഓരോരുത്തര്‍ക്കും മക്കള്‍ ഏഴ്. മൊത്തം നാല്പ്പത്തൊമ്പതു പേര്‍. 2,040.8 സെന്റ് കിട്ടി ഭാഗപത്രത്തില്‍

ഇവര്‍ക്കും ഏഴുമക്കള്‍ - മൊത്തം മുന്നൂറ്റി നാല്പ്പത്തിമൂന്ന് . തലയെണ്ണി 291 സെന്റ്

ഇവര്‍ക്കും ഏഴു മക്കള്‍ - അതായത് 2401 പേര്‍. ഇവര്‍ക്ക് എത്രഭൂമി കിട്ടും? പണ്ട് പാണ്ഡവരോട് പറഞ്ഞതുപോലെ സൂചികുത്താനുള്ള മണ്ണ്‌? രണ്ടുകാലടി വയ്ക്കാന്‍?

നാലു തലമുറകൊണ്ട് താവഴി സ്വത്ത് സ്വാഹ. അതിലെ കൃഷിയൊക്കെ പണ്ടേ മുന്നൂറുപേര്‍ വീടു വച്ചപ്പോള്‍ പോയിക്കിട്ടി. വായ കൂടി, ശാപ്പാട് കുറഞ്ഞു. മലിനീകരണം വേറേ അതൊന്നും നമ്മളുടെ വിഷയമല്ല. ഈ പട വളര്‍ന്നത് ജ്യോമട്രിക്ക് പ്രോഗ്രഷനിലാണ്‌. അതിന്റെ വേഗത്തില്‍ തൊഴിലുകളുണ്ടാക്കാന്‍ എന്തെങ്കിലും വഴി പറയാമോ? ലിബറലിസം, കമ്യൂണിസം, തിയോക്രസി, വെറും ക്രേസി, സ്വേച്ഛാധിപത്യം അന്യാധിപത്യം, ഒടി, മന്ത്രവാദം, കൂടോത്രം എന്തെങ്കിലും രീതിയില്‍?

ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേക്ക് ഓടുകതന്നെ. ഗള്‍ഫെങ്കില്‍ ഗള്‍ഫ്, തെണ്ടലെങ്കില്‍ അങ്ങനെ. തെണ്ടലിലും കൈയ്യെണ്ണം വര്‍ദ്ധിച്ചാല്‍ തെണ്ടാന്‍ പുതിയ ഏരിയ നോക്കാതെ എന്തു ചെയ്യും അയ്യാ?

ധനികന്‍ ധനമുണ്ടാക്കുന്നു ദരിദ്രന്‍ മക്കളെയും എന്ന് മിസ്റ്റര്‍ ആപ്തന്‍ .ജനങ്ങള്‍ ധനികരും ജനസാന്ദ്രത തീരെക്കുറഞ്ഞും ഇരിക്കാത്ത ഏതു നാട്ടിലും ജനപ്പെരുപ്പവും മനുഷ്യ പുരോഗതിയും ഇന്‍‌വേര്‍സ് ആയി പ്രൊപ്പോര്‍ഷണേറ്റ് ആകുന്നു. ജനപ്പെരുപ്പമെന്നാല്‍ കൂടുതല്‍ പ്രസവം എന്നല്ല, ക്രൂഡ് ബെര്‍ത്ത് റേറ്റ് ക്രൂഡ് ഡെത്ത് റേറ്റിനെ എത്രകണ്ട് കവച്ചു വയ്ക്കുന്നു എന്നാണ്‌. നമ്മളു പണ്ടും ഡസന്‍ കണക്കിനു പെറ്റിരുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഡെത്ത് റേറ്റ് ചക്ക വീഴുന്നതുപോലെ താഴോട്ടു പോയതും പകര്‍ച്ചവ്യാധികള്‍ പിടിച്ചു നിര്‍ത്തിയതും ഒന്നും നമ്മളറിഞ്ഞില്ല (അതൊന്നും സ്കൂളില്‍ പഠിപ്പിക്കാനും പാടില്ല). പഴയതിലും ഉഷാറായി മക്കളെ ഉണ്ടാക്കി.

ഒടുക്കം സാക്ഷരതയും വിദ്യാഭ്യാസവുമൊക്കെയായി ഈ പണ്ടാരത്തിന്റെ ആക്സിലറേഷന്‍ ഒന്നു കുറഞ്ഞപ്പോള്‍, ഒന്നു ശ്വാസം നേരേ വീണപ്പോള്‍ ജനത്തിന്റെ ശരാശരി വരുമാനം ഇരട്ടിക്കാനും തൊഴിലില്ലായ്മ മൂന്നിലൊന്നാവാനും തുടങ്ങിയപ്പോള്‍ പ്രവാസത്തിന്റെ റേറ്റും അനുപാതമായി വീണു (ഒന്നാം ഭാഗം നോക്കുക) മുടിഞ്ഞുപോകാന്‍ അപ്പോ ദേ വരുന്നു പൗരോഹിത്യം, പേറ് കൂട്ടിയില്ലെങ്കില്‍ നരകത്തില്‍ പോകുമത്രേ. ഒരു തരത്തിലും പിഴച്ചു പോകാന്‍ സമ്മതിക്കരുത്!

Sunday, July 6, 2008

പ്രവാസവും കേരളവും - രണ്ട്

ഡാലീ, നിസ്സ്, മറ്റുകൂട്ടുകാരേ,
"ഡി വൈ എഫ് ഐക്കാരെല്ലാം ഗള്‍ഫിലും അമേരിക്കയിലും പോകുന്നതെന്തുകൊണ്ട്?" എന്ന പരിഹാസത്തിന്റെ (ഇഞ്ചിപ്പെണ്ണ് ഉന്നയിച്ചൊന്നുമല്ല ഇത് ആദ്യമായി കേള്‍ക്കുന്നത്. അവര്‍ തന്നെ പത്തുപേര്‍ പറയുന്നത് കേട് നേരാണെന്ന് കരുതുന്നതുമാവാം ) തുടര്‍ച്ചയാണല്ലോ "ഇടത്പക്ഷാനുഭാവികള്‍ (ലെഫ്റ്റ് ലീനിയന്റ് എന്നും പറയും)ജോലിക്കായി പ്രവാസത്തില്‍ ജീവിക്കുന്നത് ഗാന്ധിത്തൊപ്പി വച്ച് ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നതിനു തുല്യമാണോ?" എന്ന നിരീക്ഷണം.

ഇപ്പോള്‍ ഗാന്ധിത്തൊപ്പിയും ബെന്‍സ് കാറുമായുള്ള കണക്ഷന്‍ പിടികിട്ടിയോ? ഗള്‍ഫ് രാജ്യങ്ങളിലയും അമേരിക്കയിലെയും ജനങ്ങളെയും കമ്പനികളെയും വെറുക്കുന്ന ഒരുത്തനാണ്‌ ഡി വൈ എഫ് ഐക്കാരന്‍, ഇതു ചെയ്തിട്ട് അവിടെ പോയി സുഖിക്കുന്നത് ലളിത ജീവിതത്തിന്റെ ചിഹ്നമായ ഗാന്ധിത്തൊപ്പി വച്ച ശേഷം ഒരാള്‍ വിദേശനിര്‍മ്മിത ആഡംബര കാറില്‍ സഞ്ചരിക്കുന്നതുപോലെ കടകവിരുദ്ധമായ വാക്കും പ്രവര്‍ത്തിയും ആണെന്ന് ഉപമയും സ്റ്റേറ്റ്മെന്റും ആയുള്ള കണക്ഷന്‍.

ചോദ്യവും ഉദാഹരണവും കൊണ്ട് സ്ഥാപിക്കാന്‍ നോക്കുന്നത് ഇത്രയും കാര്യങ്ള്

ഒന്ന് : ഇടതു ചിന്തയുള്ളവര്‍ എന്നാല്‍ ഡി വൈ എഫ് ഐ ആണ്‌
രണ്ട് : ഇവര്‍ നാട്ടില്‍ നില്‍ക്കുമ്പോഴും പുറത്തു നില്‍ക്കുമ്പോഴും കേരളത്തിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌, അല്ലെങ്കില്‍ അതിനോട് ഒരു സ്നേഹവും ഇല്ലാത്തവരാണ്‌ (മറ്റുള്ളവര്‍ അങ്ങനെ അല്ല എന്ന് സൂചന)

മൂന്ന് : ഇവര്‍ ഇതെല്ലാം ചെയ്ത് നാട്ടില്‍ സാമ്പത്തികമായി നാടിനെ നശിപ്പിക്കുകയാണ്‌

നാല്‌ : ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ടാണ്‌ നാടു നന്നാവാത്തത്

അഞ്ച് : നാടു നന്നാവില്ലെന്ന് ഇവര്‍ക്കറിയാം, അതുകൊണ്ട് അവര്‍ നാടുവിടുന്നു

ആറ്‌ : നാടുവിടുന്നത് നാട്ടില്‍ കിട്ടാത്ത സുഖം മറ്റൊരിടത്തു നേടാനാണ്‌

ഏഴ് : പുറത്തു ജോലി ചെയ്യുക എന്നാല്‍ ആ രാഷ്ട്രത്തെ സേവിക്കലും നാട്ടില്‍ നില്‍ക്കുക എന്നാല്‍ കേരളത്തെ സേവിക്കലും ആകുന്നു

എട്ട്: ഇവരെല്ലാം തോല്‍ക്കുകയും തെറ്റു മനസ്സിലാക്കുകയും ചെയ്യുന്നതാണ്‌ പുറം നാടുകളില്‍ ജോലി ചെയ്യുക വഴി ചെയ്യുന്നത്.

ഒമ്പത്: ഇങ്ങനെയെല്ലാം ചെയ്യുന്നതുകൊണ്ട് അവര്‍ നയവഞ്ചകരും വാക്കും പ്രവര്‍ത്തിയും തമ്മില്‍ വൈരുദ്ധ്യമുള്ളവരും ജനദ്രോഹികളുമാണ്‌, അതുകൊണ്ട് അവരെ വിശ്വസിക്കരുത് (പകരം ഞാന്‍ പറയുന്നത് വിശ്വസിക്കൂ)ശരി. നമുക്ക് എന്താണ്‌ ചോദ്യം എന്നു പരിശോധിക്കാം.

1.ഡി. വൈ. എഫ്. ഐ. ക്കാര്‍

2.എല്ലാം ( അങ്ങനെയാണെങ്കില്‍ നാട്ടില്‍ നില്‍ക്കുന്നത് പിന്നെ ആര്‌, ഭൂരിപക്ഷം എന്നാകും ഉദ്ദേശം)

3.ഗള്‍ഫിലും അമേരിക്കയിലും (ഈ രണ്ട് രാജ്യങ്ങളോടും അവിടത്തെ ജനതയോടും സ്ഥാപനങ്ങളോടും ഇവര്‍ക്ക് എതിര്‍പ്പാണെന്ന് വ്യംഗ്യം)

4.പോകുന്നത് ( ഇടതുപക്ഷം എന്നാല്‍ നാട്ടില്‍ തന്നെ നില്‍ക്കുക എന്നാണ്‌, അത് ലംഘിക്കുന്നത്)

5.എന്തുകൊണ്ട് (നയവഞ്ചന ആണ്‌)

ഉത്തരം:
1. ഡി വൈ എഫ് ഐക്കാര്‍
ഇടതുപക്ഷ ചിന്തയുള്ളവരെല്ലാം ഡി വൈ എഫ് ഐക്കാര്‍ ആണോ? മൊത്തം കമ്യൂണിറ്റിയെക്കൊണ്ട് ഉത്തരം പറയിക്കാന്‍ എനിക്കാവില്ല. ബ്ലോഗിനെ ഒരു സാമ്പിള്‍ സെറ്റ് ആക്കിയെടുത്താല്‍, ഗള്‍ഫിലും അമേരിക്കയിലും (കുറയ്ക്കണ്ട, ആസ്ത്രേലിയ, ഫാര്‍ ഈസ്റ്റ്, യൂറോപ്പ്) ഉള്ള എത്ര ലെഫ്റ്റ് ലിബറല്‍ വീക്ഷണക്കാര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആണ്‌? (ആണെങ്കില്‍ അതൊരു തെറ്റാണെന്ന് ഉദ്ദേശിച്ചിട്ടേയില്ല, നീ അമേരിക്ക പക്ഷത്തല്ലെങ്കില്‍ ഭീകരന്മാരുടെ പക്ഷത്താണെന്ന ബുഷിന്റെ പഴയ പരാമര്‍ശം എത്ര രസകരമാണെന്ന് ആളുകള്‍ സ്വയം ബോദ്ധ്യപ്പെടാന്‍ ആണ്‌).

എല്ലാ ബ്ലോഗുകളും വായിക്കാറില്ല, വായിക്കുന്നവരില്‍ പലരുടെയും നാട് എവിടെയെന്ന് (വായനയിലൂടെ) മനസ്സിലായിട്ടുമില്ല. ഇടതു വീക്ഷണം എന്ന് തോന്നിയ ലേഖനം എഴുതുന്ന അമേരിക്കയില്‍ നിന്നുള്ള ആരെയും വായിച്ചിട്ടില്ല, ഉള്ളവര്‍ ഒന്നു കൈ പൊക്കിയാല്‍ നന്നായിരുന്നു.

ഗള്‍ഫില്‍ നിന്നുള്ളവരില്‍ രാജീവ് ചേലനാട്ട്, രാധേയന്‍, കണ്ണൂസ് എന്നിവര്‍ക്ക് ഇടതു ചിന്താഗതി ഏറിയും കുറഞ്ഞുമൊക്കെ ഉണ്ടെന്ന് ( വീക്ഷണങ്ങള്‍ ദൈവവിശ്വാസം പോലെ പരിപൂര്‍ണ്ണ അടിയറവല്ല, ഒരു കോണ്ടിന്യൂമിലെ പല ഇടങ്ങളിലാണ്‌‌) തോന്നിയിട്ടുണ്ട്, ഇവരും അതുപോലെ ഉള്ളവരും എല്ലാവരും ഡി വൈ എഫ് ഐ ആണ്‌ എന്നു കരുത വയ്യ. കക്ഷിരാഷ്ട്രീയമില്ലാതെ ഒരു ഇടതുചിന്ത ഉള്ളവരായിരുന്നു എനിക്കു പരിചയമുള്ള ലെഫ്റ്റ് ലിബറലുകളില്‍ ഭൂരിഭാഗവും. ഒരു രാഷ്ട്രീയ ചിന്ത ഉണ്ടാകണമെങ്കില്‍ പാര്‍ട്ടി മെംബര്‍ഷിപ്പുകള്‍ ആവശ്യമില്ല.
[സൂരജിന്റെ കമന്റ് "ഇടതുപക്ഷം> ഡി വൈ എഫ് ഐ]

2. എല്ലാവരും
ആരോപണം ഉന്നയിച്ചയാള്‍ തെളിയിക്കേണ്ടിവരും. മുഴുക്കുടിയനോട് കൂമ്പു വാടിപ്പോകും എന്നു നമ്മള്‍ പറഞ്ഞാല്‍ ഉടന്‍ നൂറുവയസ്സുവരെ ജീവിച്ച ഒരു മദ്യപാനിയായ മാത്തച്ചന്റെയും ജീവിതത്തില്‍ ഇന്നേവരെ കുടിക്കാതിരുന്നിട്ടും ഉദരത്തില്‍ ക്യാന്‍സര്‍ വന്നു മരിച്ച പോത്തച്ചന്റെയും ഉദാഹരണം കൊണ്ട് അയാള്‍ കുടിയെ ന്യായീകരിക്കുന്നത് കണ്ടിട്ടുണ്ടോ? അതിന്റെ ഉത്തരം ആല്‍ക്കഹോളിക്കിന്റെ ആയുസ്സിന്റെയും അമിതമോ ഒട്ടുമോ മദ്യപാനമില്ലാത്തവരുടെ ആയുസ്സിന്റെയും ദൈര്‍ഘ്യത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ വിവരമാണ്‌.


എനിക്കറിയാവുന്ന മൂന്നു പേര്‍ ഉണ്ട് എന്ന രീതിയിലുള്ള ഉത്തരം സ്വീകാര്യമല്ല, നിങ്ങള്‍ക്കറിയാത്ത മുപ്പതുലക്ഷം പേരുണ്ട്. ഞാന്‍ പണ്ട് ഇടതനായിരുന്നു ("ഞാന്‍ പണ്ട് യുക്തിവാദിയായിരുന്നു, പിന്നെ അറിവും ആത്മീയഞ്ജാനവുമുണ്ടായപ്പോള്‍ ദൈവവിളി കേട്ടു" എന്നതാണ്‌ പാസ്റ്റര്‍മാരുടെ ഒരു സ്ഥിരം ഡയലോഗ്) എന്നതിലും കാര്യമില്ല.

ബിനീഷ് കോടിയേരി ദുബായിലല്ലേ എന്നത് വര്‍ക്ക് ചെയ്യില്ല. അയാളുടെ ഇടതു വീക്ഷണം എന്താണെന്ന് എനിക്കറിയില്ല, മാത്രമല്ല, മന്ത്രിമാരില്‍ തന്നെ ബാക്കിയുള്ള പതിനെട്ടു പേരുടെ മക്കള്‍ ദുബായിലില്ലല്ലോ ഉവ്വോ? ഉണ്ടെങ്കില്‍ തന്നെ അവര്‍ അപ്പനമ്മമാരുടെ ചിന്താഗതിയായിരിക്കണമെന്ന് നിര്ബ്ബന്ധമില്ലല്ലോ. അച്ഛന്‍ ഹിന്ദുവെങ്കില്‍ മകനും മകന്റെ അമ്മായിയച്ഛനും ഹിന്ദുവാകുന്നതുപോലെ രാഷ്ട്രീയവീക്ഷണം ഒരു കുടുംബസ്വത്തല്ല (നെഹ്രു, ഇന്ദിര, രാജീവ്, സോണിയ, രാഹുല്‍ എന്നിവരുടെ രാഷ്ട്രീയം എന്താണെന്നു ചോദിച്ചാല്‍ 'കോണ്‍ഗ്രസ്സ്' എന്നു മറുപടി പറയുമെങ്കില്‍ ചോദ്യം പാഴായി)


ശരി, പ്രവാസികളുടെ രാഷ്ട്രീയവീക്ഷണ സ്ഥിതിവിവരക്കണക്കോ ഇടതു ചിന്താഗതിയുള്ള മലയാളികളുടെ എത്രശതമാനം എന്നോ നിങ്ങളുടെയും എന്റെയും അടുത്ത് പട്ടികകളില്ല. നെക്സ്റ്റ് ബെസ്റ്റ് ഡാറ്റ പരിഷത്തിന്റെ കേരളപഠനത്തിന്റെ രണ്ടദ്ധ്യായത്തിന്റെ രണ്ട് ടേബിളുകള്‍ (കൃത്യമായി നോക്കി എഴുതാന്‍ ഇപ്പോള്‍ കഴിയില്ല, രാത്രി വീട്ടിലെത്തിയാല്‍ പുസ്തകം നോക്കി അപ് ഡേറ്റ് ചെയ്യാം) നിന്നും വിവരം കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കാം

ഒന്ന്: പ്രവാസികളില്‍ അന്‍പതു ശതമാനത്തോളം മുസ്ലീം സമുദായക്കാരും മുപ്പത്തിമൂന്ന് ശതമാനത്തോളം കൃസ്തുമതക്കാരും പതിനേഴു ശതമാനത്തോളം ഹിന്ദുമതക്കാരുമാണ്‌.

രണ്ട് : ഇടതുപക്ഷവീക്ഷണമുള്ളവര്‍ ഏറ്റവും കുറവ് (സംഖ്യ മനസ്സില്‍ നിന്നു പോയി, ഏകദേശം ഇരുപതുശതമാനം) മുസ്ലീം സമുദായത്തിലും രണ്ടാമത് കൃസ്ത്യന്‍ സമുദായത്തിലും കൂടുതല്‍ ഹിന്ദു സമുദായത്തിലുമാണ്‌.

മാത്ത്സ് നിങ്ങള്‍ തന്നെ ചെയ്തോളൂ. (സെറ്റ് തീയറി അഞ്ചാം ക്ലാസ്സില്‍ പഠിച്ചതിനു ഒരാപ്ലിക്കേഷനാവട്ടേന്ന്)

3. ഗള്‍ഫിലും അമേരിക്കയിലും
രണ്ടുസ്ഥലങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ ഒന്നുമില്ലെന്നത് ഒന്നാമത്തെ പ്രശ്നം. അമേരിക്കയുടെ ഒട്ടുമിക്ക വിദേശനയങ്ങളോടും യോജിച്ചു പോകാന്‍ ഇടതുവീക്ഷണമുള്ളവര്‍ക്ക് കഴിയില്ല എന്നതിന്റെ അര്‍ത്ഥം അമേരിക്കന്‍ ജനത മുടിഞ്ഞു പോകണേ എന്ന് ഇടതുവീക്ഷണമുള്ളവരെല്ലാം രാവിലേ എഴുന്നേറ്റ് നാലുതവണ പ്രാര്‍ത്ഥിക്കുന്നു എന്നത് രണ്ടാമത്തെ പ്രശ്നം (ലവ് മീ, ലവ് മൈ ഡോഗ് സിന്‍ഡ്രോം) . മൂന്നാമത്തെ പ്രശ്നം അമേരിക്കന്‍ മോഡല്‍ പേട്രിയോട്ടിസത്തിന്റേതാണ്‌. നീ ഇന്ത്യയെ സ്നേഹിക്കുന്നു = ആഫ്രിക്കയെ വെറുക്കുന്നു. കൊറോളറി> നീ ആഫ്രിക്കയില്‍ ഒരു സ്കൂളില്‍ പഠിപ്പിക്കുന്നു = ഇന്ത്യയെ വെറുക്കുന്നു.
ഗാന്ധിജിയുടെ "രാജ്യസ്നേഹം എന്താണ്‌?" എന്ന ലേഖനം സ്കാന്‍ ചെയ്ത് അയച്ചുകൊടുക്കുകയേ പോം‌വഴിയുള്ളു (പോം വഴി വേണ്ടവര്‍ക്ക്)

4. പോകുന്നത്
പോകാന്‍ പാടുണ്ടോ? കേരളത്തെ സേവിക്കേണ്ടത് ഇടതു ചിന്താഗതിയുള്ളവരുടെ മാത്രം ചുമതയാണ്‌, ബാക്കി ആര്‍ക്കും എന്തുമാകാം. സേവിക്കുക എന്നാല്‍ നാട്ടില്‍ തന്നെ കുത്തിയിരിക്കല്‍ മാത്രമാണ്‌. എന്തെങ്കിലും തൊഴില്‍ എവിടെയെങ്കിലും കണ്ടുപിടിക്കലല്ല. നാട്ടില്‍ പണിയില്ലാത്തത് ഇടതുചിന്തകൊണ്ടാണ്‌. കേരളത്തിലെ ഇടതുപക്ഷം മുഴുവന്‍ സകല വിദേശക്കമ്പനികളെയും നാട്ടില്‍ നിന്ന് ആട്ടിയോടിച്ചവരാണ്‌. മാത്രമല്ല, തന്റെ രാഷ്ട്രീയ വീക്ഷണത്തോട് യോജിക്കുന്ന ഭരണകൂടമുള്ളയിടത്തേ പണിയെടുക്കാവൂ.

കേരളം വലതുപക്ഷം ഭരിക്കുകയാണെങ്കില്‍ ഇടതു ചിന്താഗതിയുള്ളവര്‍ നാടുവിട്ടു പോകണം. ഇന്ത്യ ബി ജെ പി ഭരിക്കുകയാണന്കില്‍ രാജ്യം തന്നെ വിട്ടു പോകണം. നേപ്പാളില്‍ മാവോയിസ്റ്റ് ഗവണ്മെന്റ്ആണല്ലോ, ആന്ധ്രയിലെ മാവോയിസ്റ്റുകള്‍ അവിടെ പോയി ജീവിക്കണം.

പരിഷത്തിന്റെ പ്രവര്‍ത്തകരായ പലരും അമേരിക്കന്‍ യൂണിവേര്‍സിറ്റികളില്‍ വിസിറ്റിങ്ങ് വിദഗ്ദ്ധരയി പഠിപ്പിക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് (ഉദാഹരണം ബി ഇക്ബാല്‍, എം പി പരമേശ്വരന്‍). അതു പാടില്ല, പരിഷത്ത് ‍ അമേരിക്കയുടെ പല ഇമ്പീരിയലിസ്റ്റ് നടപടികളെയും എതിര്‍ത്ത് പുസ്തകങ്ങളിറക്കിയ സംഘടനയല്ലേ എന്നു ചോദിച്ചാല്‍ എന്തു പറയും?
5. എന്തുകൊണ്ട്
ലേബര്‍ മൂവ്മെന്റ് എന്താണെന്നും എന്തുകൊണ്ടാണെന്നും ഒന്നാമദ്ധ്യായത്തിലേ പറഞ്ഞുകഴിഞ്ഞു. അധികമുള്ളതു വില്‍ക്കും. നമുക്ക് അധികം മനുഷ്യശക്തി (അതും വലിയ വിലയ്ക്ക് പോകാന്‍ മാത്രം സ്കില്‍ ഇല്ലാത്തതും, സെല്ലേര്‍സ് ഫ്ലഡിങ്ങ് കാരണം വില ഇടിഞ്ഞുപോയതുമായ മനുഷ്യശക്തിയാണ്‌)
ഇറ്റാലിയന്‍ കുക്ക് കേറ്ററിങ്ങില്‍ ബിരുദമെടുത്ത് പഞ്ചനക്ഷത്രഹോട്ടലില്‍ ജോലി ചെയ്യും മലയാളി കുക്ക് ഒരുഗതിയും പരഗതിയുമില്ലാതെ കഫറ്റീരിയയില്‍ പൊറോട്ടയടിക്കും. എന്തുകൊണ്ട് എന്നത് വേറൊരദ്ധ്യായമാണ്‌, അതുവരെ ക്ഷമിക്കുക.


ഡി വൈ എഫ് ഐ എന്നാല്‍ ഒരു ബിരുദമല്ല, ഒരു നിയോഗവുമല്ല, മതമല്ല. രാഷ്ട്രീയ നയങ്ങളില്‍ ആകര്‍ഷണം തോന്നി ചേരുന്നവരായിരിക്കും ഭൂരിപക്ഷവും . പക്ഷേ ഡി വൈ എഫ് ഐക്കാരനായാല്‍ ആറെസ്സുകാരന്‍ തല്ലില്ല എന്നു തോന്നി അയലോക്കത്തെ ആറെസ്സസ്സുകാരന്റെ വേലി പൊളിച്ചവന്‍ വന്നു ചേര്‍ന്നേക്കാം. അച്ഛന്‍ സി പി എം, അതുകൊണ്ട് ഞാന്‍ ഡി വൈ എഫ് ഐ എന്നു പറഞ്ഞു ചേര്‍ന്നവനുണ്ടാകാം , അച്ഛന്‍ കോണ്‍ഗ്രസ് പുള്ളി ശരിയല്ല എന്നതുകൊണ്ട് വന്നു കയറിയവനും ഉണ്ടാകാം.

(രാമചന്ദ്രന്റെ കമന്റ് ഏകദേശം ഇങ്ങനെ "വ്യക്തികളെ എടുത്ത് പരിശോധിക്കുന്നത് നിഷ്പ്രയോജനമാണ്‌, പ്രസ്ഥാനങ്ങളായി വേണം വിലയിരുത്താന്‍")

അവസാനമായി ഇടതുചിന്തയുള്ളതുകൊണ്ട് വിദേശത്തു പോയതാണോ അതോ വിദേശത്തു പോയ ഒരാള്‍ക്ക് ഇടതുചിന്തഉള്ളതാണോ എന്നതാണ്‌. അതായത് ഞാന്‍ കഴിഞ്ഞയാഴ്ച ബംഗല്ലൂരില്‍ ഒരു പബ്ബിലിരുന്ന് രണ്ട് ബീയര്‍ കഴിച്ചു എന്നതും രണ്ട് ബീയര്‍ കഴിക്കാന്‍ ദുബായില്‍ താമസിക്കുന്ന ഞാന്‍ ബാംഗ്ലൂരു പോയി എന്നതും ഒന്നുതന്നെയോ എന്നത്.
(ചന്ത്രക്കാറന്റെ കമന്റ് "തൊപ്പിയുള്ളയാള്‍ ബെന്‍സില്‍ യാത്രചെയ്യുന്നതോ അതോ ബെന്‍സില്‍ യാത്രചെയ്യുന്നയാള്‍ തൊപ്പി വയ്ക്കുന്നതോ പ്രശ്നം?")


മേമ്പൊടി (പ്രയോഗത്തിനു കടപ്പാട് സുകുമാറിന്റെ കഷായം എന്ന പഴയ സീരീസിന്‌)
"ഡി വൈ എഫ് ഐക്കാരെല്ലാം ഗള്‍ഫിലും അമേരിക്കയിലും പോകുന്നതെന്തുകൊണ്ട്?" എന്ന തരം ചോദ്യങ്ങള്‍ക്ക് ജോയിനര്‍ ബെയിറ്റ് എന്ന് പറയാം. ജോയിനര്‍ ബെയിറ്റ് പൊതുവില്‍ നിഷ്കളങ്കനായ അല്ലെങ്കില്‍ തര്‍ക്കവൈദഗ്ദ്ധ്യമില്ലാത്ത ഒരാളെ തോല്പ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ചതിയാണ്‌. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല ജോയിനര്‍ ബെയിറ്റ്


"Can omnipotent create a stone that is too heavy for him to lift?" ദൈവവിശ്വാസിയായ സാധു യെസ് എന്നു പറഞ്ഞാന്‍ ദൈവം സര്വ്വശക്തനല്ല, പാറ പൊക്കാന്‍ കഴിയില്ലല്ലോ, നോ എന്നു പറഞ്ഞാല്‍ ദൈവം സര്വ്വശക്തനല്ല, അങ്ങനെ ഒരു പാറ ഉണ്ടാക്കാന്‍ കഴിയില്ലല്ലോ.

ഈ ചോദ്യം ഒരു സാധാരണക്കാരനോട് ചോദിച്ചാല്‍ അയാള്‍ "can any sprinter run so fast that he can overtake himself?" എന്നതുപോലെ ഒരസംബന്ധ ചോദ്യമാണെന്നേ അയാള്‍ക്കു തോന്നു.

ഇത്തരം ഊശിയാക്കല്‍ കണ്ടു ശീലിച്ച ഒരാള്‍ "പോടേ, പോടേ, നമ്മളോട് ഇതെടുക്കല്ല്" എന്നു പറയും, കാരണം ചോദ്യം ചോദിക്കുന്നവനു അതു പറ്റിപ്പാണെന്നും പക്ഷേ ആ പറ്റിപ്പ് മനസ്സിലാക്കാനുള്ള സാമര്‍ത്ഥ്യം കേള്‍ക്കുന്നവനില്ല എന്ന മനോഭാവവുമാണ്‌ എന്നുള്ളതുകൊണ്ട്.
(രാധേയന്റെ കമന്റ്- നല്ല നമസ്കാരം പറയുകയേ വഴിയുള്ളു)

Can omnipotent create any kind of stone എന്ന ചോദ്യത്തിനും Can omnipotent lift any stone എന്നതിനും ദൈവവിശ്വാസിക്ക് കണ്ണടയ്ക്കുന്ന വേഗത്തില്‍ ഉത്തരം ഉണ്ട്, ചൂണ്ട ഇതിന്റെ രണ്ടിന്റെയും ജോയിനറിലാണെന്നത് ഏണസ്റ്റായി ആ ചോദ്യത്തെ നേരിടുന്ന പാവം അറിയില്ലെന്നു മാത്രം.

Thursday, July 3, 2008

പ്രവാസവും കേരളവും- ഒന്ന്

വിദേശത്തേക്ക് ആളുകയറിപ്പോകുന്നത് എന്തുകൊണ്ട്, പോകാന്‍ പാടുണ്ടോ, ഇവര്‍ തിരിച്ചു നാട്ടില്‍ വന്ന് രാഷ്ട്രസേവ നടത്തേണ്ടതല്ലേ എന്നൊക്കെ വന്ന കമന്റുകളുടെ മറുപടി ഒരൊറ്റ പോസ്റ്റാക്കാന്‍ തീരുമാനിച്ചു.

സിനിമയിലെ ക്യാപ്റ്റന്റെ മക്കളോട് മറിയ പാടുമ്പോലെ എന്തും തുടങ്ങാനുള്ള ശരിയായ സ്ഥലം ആദ്യമല്ലേ, അവിടെത്തന്നെ തുടങ്ങാം.


ഒന്നാം കുടിയേറ്റം:
പരിഷ്കൃതകാലത്ത് ഇന്ത്യയില്‍ നിന്നും പ്രവാസം തുടങ്ങിയത് ബ്രിട്ടീഷ് കോളനികള്‍ ശക്തിയാര്‍ജ്ജിച്ച പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിലാണ്‌. പതിനെട്ടാം നൂറ്റാണ്ടു തുടങ്ങി സ്വാതന്ത്ര്യകാലം വരെ ഇരുപത്തിരണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ ബ്രിട്ടന്റെ ജനസാന്ദ്രത കുറവുള്ള കോളനികളായ സ്ഥലങ്ങളിലേക്ക് കുടിയേറി. മുഖ്യമായും ഇത് ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, ആഫ്രിക്ക ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള തോട്ടം തൊഴിലാളികള്‍ ആയിരുന്നെങ്കിലും (Neymark and Cervantes, 1996) യു എസ് ഏ, യു കെ, ക്യാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിപാര്‍പ്പുണ്ടായിരുന്നു. കൊളോണിയല്‍ ഭരണം അവസാനിച്ചപ്പോള്‍ മിക്കവരും വീണേടം വിഷ്ണുലോകമാക്കി.

മലയാളികളുടെ സാന്നിദ്ധ്യം ഇതില്‍ തള്ളിക്കളയാവുന്നത്ര കുറവായിരുന്നു. കുടിയേറ്റസാദ്ധ്യതകളെപ്പറ്റി വര്‍ക്ക് ഫോഴ്സിനു ധാരണ പോലും ഇല്ലായിരുന്നു അന്നത്തെ കേരളീയര്‍ക്ക്. അതിനാല്‍ കേരളത്തില്‍ അത് ഗുണകരമോ ദോഷകരമോ ആയ ഒരു മാറ്റവുമുണ്ടാക്കിയില്ല.

രണ്ടാം കുടിയേറ്റം
അമ്പതുകളുടെ ഒടുക്കം ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രസാങ്കേതിക തൊഴിലാളികള്‍ എന്നിവരുടെ ഒരു കുടിയേറ്റം യു എസ് ഏ ക്യാനഡ ആസ്ത്രേലിയ പശ്ചിമേഷ്യ എന്നിവിടങ്ങളികേക്ക് ആരംഭിച്ചു. എഴുപതുകളുടെ അവസാനത്തോടെ രാജ്യങ്ങള്‍ ഇമിഗ്രന്റ് മൂവ്മെന്റ് കണ്ട്റോള്‍ കര്‍ശനമാക്കുകയും വിദഗ്ദ്ധരുടെ കുടിയേറ്റത്തോടെ ഇത്തരം ആളുകളില്ലായ്മ വളരെക്കുറയുകയും ചെയ്തു. രണ്ടാം കുടിയേറ്റം അതോടെ വളരെക്കുറഞ്ഞു. (പ്രേമി & മാധുര്‍ റിപ്പോര്‍ട്ട് ). കേരളത്തില്‍ നിന്നും കുറച്ചു ഡോക്റ്റര്‍മാരും മറ്റും ഈകാലത്ത് കുടിയേറിയെങ്കിലും മറ്റ് ഇന്ത്യക്കാരുമായി തട്ടിച്ചു നോക്കിയാല്‍ ഇതും തുച്ഛമായിരുന്നു. വന്‍‌തോതില്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കാനുള്ള കഴിവൊന്നും ഇക്കാലത്തെ കേരളത്തിന്‌ ഇല്ലായിരുന്നു താനും.

മൂന്നാം കുടിയേറ്റം
അറുപതുകളില്‍ തന്നെ ഉരുക്കളില്‍ കയറി അറബിനാട്ടില്‍ പോയി ചെറുകച്ചവടം നടത്തുന്ന ഇന്ത്യക്കാരുണ്ടായിരുന്നെങ്കിലും എണ്ണയുത്പാദനവും മറ്റു നിര്‍മ്മാണ പ്രക്രിയകളും വന്‍‌തോതിലായതോടെ ഇന്ത്യന്‍ കുടിയേറ്റം ഗള്‍ഫ് നാടുകളിലേക്ക് ആരംഭിച്ചു. ആദ്യകാല കുടിയേറ്റം വടക്കേയിന്ത്യയില്‍ നിന്നു തുടങ്ങിയെങ്കിലും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ പെട്ടെന്നു തന്നെ അവരെ കവച്ചുവച്ചു.

കരാര്‍അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അവിദഗ്ദ്ധ തൊഴിലാളികളായിരുന്നു അവരില്‍ ഒട്ടുമിക്കവരും. അക്ഷരാഭ്യാസം കുറഞ്ഞ തോതിലാണെങ്കിലും ലഭിച്ചിട്ടുള്ള, എന്നാല്‍ അവിദഗ്ദ്ധ ജോലികള്‍ കുറഞ്ഞ ശമ്പളത്തില്‍ ചെയ്യാന്‍ തയ്യാറും ശേഷിയുമുള്ള ആളുകള്‍ എന്ന രീതിയിലായിരുന്നു കേരളീയര്‍ക്ക് മറ്റു സംസ്ഥാനക്കാരുടെ മേല്‍ ഉണ്ടായിരുന്ന മേന്മ.

തൊണ്ണൂറുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ (നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍‌വേ) അനുസരിച്ച് കേരളത്തില്‍ നിന്നും പ്രവാസം സ്വീകരിച്ചിരിക്കുന്നവരുടെ ഡെമോഗ്രഫിക്ക് പ്രൊഫൈല്‍:

എത്ര പേര്‍ പോയി? എവിടേയ്ക്ക് പോയി?
കുടുംബത്തിലെ ഒരംഗമെങ്കിലും പ്രവസിക്കുന്ന വീടുകള്‍ - 21%
മൊത്തം പ്രവാസികളുടെ എണ്ണം - 22 ലക്ഷം
യു എസ് ഏ - 3.8%
യു ഏ ഈ - 25.9 %
സൗദി അറേബ്യ -37.8%
ഒമാന്‍ -11.8%
മറ്റു ഗള്‍ഫ് നാടുകള്‍ -13%
സിംഗപ്പൂര്‍, മലേഷ്യ, ഇംഗ്ലണ്ട്, ആസ്ത്രേലിയ, മറ്റെല്ലാം - 7.5%

എന്തു തരത്തില്‍ പെട്ടവര്‍ ഇവര്‍?
നിരക്ഷരര്‍- 1%
കേവലവിദ്യാഭ്യാസമുള്ളവര്‍- 55%
മിഡില്‍ സ്കൂള്‍- 25%
ഹൈസ്കൂള്‍- അപ്പുറം - 8%
ഉന്നത പ്രൊഫഷണലുകള്‍ - 6%
മറ്റു പ്രൊഫഷണലുകള്‍ - 5%


എന്തു ജോലി ചെയ്യുന്നു ഇവര്‍?
ഫാക്റ്ററി, കൂലിപ്പണി - 49%
സെയില്‍സ്മാന്‍- 14.4%
ക്ലെറിക്കല്‍ - 7.8%
ചെറിയതരം പ്രൊഫഷണല്‍ - 6.4%
ഉന്നത പ്രൊഫഷണല്‍ - 4.8%
സേവനജോലി - 5.4%
കൃഷി, മീന്‍ പിടിത്തം, മരം വെട്ട് - 1.8%
മാനേജ്മെന്റ്, എക്സിക്യൂട്ടീവ് -1.5%
മറ്റു നാനാ ജോലി - 9%

ശരാശരി പ്രവാസകാലയളവ് - 6.5 വര്‍ഷം

ആര്‌ എവിടേയ്ക്കു പോയി എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു ഏകദേശധാരണ കിട്ടിയല്ലോ. അതില്‍ നിന്നും എന്തുകൊണ്ട് പോയി എന്ന ചോദ്യത്തിന്റെ ഉത്തരം നമുക്ക് കണ്ടെത്താം.

പ്രവാസികളില്‍ എണ്‍പത്തിയൊന്നു ശതമാനവും വൈദഗ്ദ്ധ്യമുള്ള എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ പഠിപ്പു നേടിയവരല്ല. ശരാശരിയില്‍ ഇവര്‍ക്ക് നാട്ടില്‍ കൂലിപ്പണി, ചെറുഫാക്റ്ററികളിലെ തൊഴില്‍ എന്നിവ ചെയ്യാനുള്ള ശേഷിയേ ഉള്ളു. ഇത്തരകാര്‍ നാട്ടില്‍ നിന്നാല്‍ പരമാവധി ലഭിക്കുന്നത് തൊണ്ണൂറുകളില്‍ ഒരു ദിവസം നൂറ്റിയന്‍പതു രൂപ (ആഴ്ചയില്‍ ആറുദിവസം ദിവസം തൊഴില്‍ നേടാനായാല്‍ മാസം നാലായിരം രൂപയോളമാണ്‌) ഇത്തരം കൂലിപ്പണിക്കാര്‍ക്ക് മാസം ആറു മുതല്‍ എണ്ണായിരം രൂപ വരെ അതായത് അമ്പതു മുതല്‍ നൂറുശതമാനം വരെ വര്‍ദ്ധനവ് ഗള്‍ഫില്‍ മിച്ചം വയ്ക്കാന്‍ കഴിയുന്ന കാലത്താണ്‌ വന്‍‌കിട കുടിയേറ്റമുണ്ടായത്.

പ്രൊഫഷണലുകളാണ്‌ രണ്ടാം ഭാഗം പതിനൊന്നോളം ശതമാനം . ഇവര്‍ക്ക് പോയ സ്ഥലങ്ങളില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ തീര്‍ച്ചയായും കഴിഞ്ഞു.

അവിദഗ്ദ്ധര്‍ക്ക് പ്രവസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
ഇന്നു നാട്ടില്‍ കൂലിത്തൊഴിലാളികള്‍ക്ക് ഇരുന്നൂറുരൂപയില്‍ അധികം വരുമാനമുണ്ടാകുമായിരുന്നതില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ ഇവര്‍ക്ക് കഴിയില്ല, കാരണം അത് ജീവിതച്ചിലവിനോട് ബന്ധപ്പെട്ടു കിടക്കുന്നു. പകരം ഇന്ന് ഒന്‍പതുലക്ഷമായിക്കിടക്കുന്ന തൊഴില്‍ രഹിതര്‍ ഇരുപത്തഞ്ചോളം ലക്ഷമായിമാറുകയും സമൂഹത്തിനത് വന്‍‌ബാദ്ധ്യതയാകുകയും ചെയ്തേനെ.

പ്രൊഫഷണലുകളുടെ മൂവ്മെന്റ് ആഗോളതലത്തില്‍ നടക്കുന്ന ഒന്നാണ്‌, ഡിമാന്‍ഡിനും സപ്ലൈക്കും അനുസരിച്ച് അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടേയിരിക്കും. അതിനെ കാര്യമായി സ്വാധീനിക്കാന്‍ ആവുകയില്ല (ഇല്ലെങ്കില്‍ പുറത്തു പോയി പണിയെടുക്കുന്നവരുടെ മൂക്കുവെട്ടുന്ന ഫാസിസ്റ്റ് നടപടിയെടുത്ത് പ്രൊഫഷണലിസത്തെത്തന്നെ കൊല്ലേണ്ടിവരും)

മറ്റെന്തെങ്കിലും ഗുണം ഇവരെക്കൊണ്ട് ഉണ്ടോ?
രണ്ടായിരത്തി ആറ്‌ രണ്ടായിരത്തേഴില്‍ ഇരുപത്തയ്യായിരം കോടി രൂപ പ്രവാസികള്‍ വിദേശപണമായി കേരളത്തിലയച്ചു. ഇതിന്റെ അറുപതുശമാനത്തോളം ശരിയായവിദ്യാഭ്യാസം പോലുമില്ലാത്ത പ്രവാസികളാണ്‌ അയച്ചതെന്നത് ശ്രദ്ധേയമാണ്‌.

അവര്‍ പണമയച്ചെങ്കില്‍ അവരുടെ വീട്ടുകാര്‍ക്കും ഏതെങ്കിലും ബാങ്കിനും കൊള്ളാം എന്നു തോന്നുന്നുണ്ടോ? ഈ ഇന്‍ജ്ജക്റ്റ് ചെയ്യുന്ന പണം, അതേതുരീതിയില്‍ ആരു ചിലവാക്കിയാലും എക്കണോമിയിലെ ഇന്‍‌വെസ്റ്റ്മെന്റ് തന്നെയാണ്‌. ഈ പണത്തില്‍ നിന്നൊരു വീടുവച്ചാല്‍ അത് കല്പ്പണിക്കാരന്റെ കയ്യിലേക്കും മലബാര്‍ സിമിന്റിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഒഴുകും. ഇതുകൊടുത്ത് കള്ളു കുടിച്ചാല്‍ അത്രയും നല്ലത്, അറുപതു ശതമാനവും നേരേ സര്‍ക്കാര്‍ ഖജനാവില്‍ വരും. ഇതുകൊണ്ട് എന്തു ചെയ്താലും മതി (ഗള്‍ഫുകാരനല്ല, സമൂഹത്തിന്‌. അവന്‍ കുടിച്ചാല്‍ അവന്റെ കാശ് അവനു പാഴായി.)


എന്തുകൊണ്ട് ഇത്രയും അനാവശ്യലേബര്‍ നമുക്കുണ്ടായി എന്നും എന്തുകൊണ്ട് ഇപ്പോള്‍ അതിവേഗം അതുമാറുകയാണെന്നും ഇനി പരിശോധിക്കാം.

തൊഴില്‍ എന്നാല്‍ സര്‍ക്കാര്‍ ജോലി എന്നായിരുന്ന കാലത്ത് സ്വാഭാവികമായും തൊഴില്ലായ്മ ഉണ്ടായി. ഒരു ജനതയ്ക്കു മുഴുവന്‍ സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെങ്കില്‍ എല്ലാ വൃത്തികളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലഅയിരിക്കണം. ഉള്ള പണി തന്നെ ചെയ്യാന്‍ വിമ്മിഷ്ടപ്പെടുകയും ഉള്ള കമ്പനികളെല്ലാം മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ക്കു പകരം ഐ ഏ എസ്സുകാരനും ഓന്തുമൂത്ത ഉടുമ്പുകളും മറ്റും നശിപ്പിക്കുകയും ചെയ്യുന്ന നാട്ടില്‍ അത് പ്രാവര്‍ത്തികമല്ലല്ലോ.

തൊഴില്‍ എന്നാല്‍ വന്‍‌കിട ഫാക്റ്ററികള്‍ എന്നായി അടുത്ത സങ്കല്പ്പം. അവിടെയും പിഴച്ചു, ലേബര്‍ ഇന്റന്‍സീവ് ഫാക്റ്ററിത്തൊഴിലുകള്‍ നിസ്സാരകൂലിയ്ക്കും നിയവിധേയമായ ആനുകൂല്യങ്ങളൊന്നുമില്ലാതെയും ചെയ്യാന്‍ തയ്യാറായി അയല്‍‌സംസ്ഥാനങ്ങള്‍ നില്‍ക്കുകയായിരുന്നു. മാത്രമല്ല, അതീവജനസാന്ദ്രതയുള്ള കേരളത്തില്‍ ഭൂമിയുടെ വില, മെച്ചപ്പെട്ട ജീവിതനിലവാരം ഉയര്‍ത്തുന്ന കൂലിക്കുള്ള ഡിമാന്‍ഡ് എന്നിവയും പ്രശ്നമായി. ഇനിയിപ്പോള്‍ ടൂറിസ്റ്റു വന്നു ചില്ലറ എറിഞ്ഞു തന്നാല്‍ അന്നം തിന്നാം എന്ന രീതിയിലായി പ്രതീക്ഷ.

എന്നാല്‍ രണ്ടായിരങ്ങളുടെ തുടക്കം ഒട്ടേറെ വത്യാസം നാട്ടിലുണ്ടാക്കി. ഫിനാന്‍ഷ്യല്‍ സര്‍‌വീസസ്, ഡയറക്റ്റ് സെയില്‍സ്, ഇന്‍ഷ്വറന്‍സ്, റ്റെലിക്കോം, ആരോഗ്യം, ബാങ്കിങ്ങ് കണ്‍സ്റ്റ്റക്ഷന്‍, എന്നീ മേഖലകളില്‍ അവസരങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുകയും തൊഴിലില്ലാത്തവര്‍ (ഭൂരിപക്ഷം തൊഴിലില്ലാത്തവരും ഹൈസ്കൂള്‍ മുതല്‍ ബിരുദം വരെ പഠിപ്പുള്ളവരാണ്‌ കേരളത്തില്‍- ശാസ്ത്രസാഹിത്യപരിഷത്ത്, കേരളപഠനം) ഒട്ടേറെ കുറഞ്ഞു. കഴിഞ്ഞ തനവണ നാട്ടിലുള്ളപ്പോള്‍, അത്യാവശ്യം പഠിപ്പുള്ള ചെറുപ്പകാര്‍ ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ട് സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യാന്‍ താല്പ്പര്യമുണ്ടെങ്കില്‍ നമ്പര്‍ കൊടുക്കാമോ എന്ന് അഭ്യര്‍ത്ഥിച്ച് റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ നിന്നും എനിക്ക് റാന്‍ഡം കാള്‍വന്നു!

ഡിഗ്രീ ഉണ്ടെങ്കില്‍ തരക്കേടില്ലാത്ത ശമ്പളമുള്ള വെള്ളക്കോളര്‍ ജോലി തന്നെ കിട്ടും എന്ന അവസ്ഥയായി കേരളത്തില്‍. (ഇനിയിപ്പോ ഞാന്‍ അച്യുതാനന്ദനെ പുകഴ്ത്തുകയായിരുന്നു എന്ന് ആരെങ്കിലും ധരിക്കാതെയിരിക്കാന്‍, ഈ റിനൈസന്‍സ് പീരിയഡും സര്‍ക്കാരുമായി വലിയ ബന്ധമില്ല, മാത്രമല്ല, ഉമ്മന്‍ ചാണ്ടിഭരണകാവും ഇടതുഭരണകാലവും ഈ പീരിയഡില്‍ ഒരുപോലെ ഉള്‍പ്പെടുന്നു)

തൊഴില്ലാത്തവര്‍ കേരളത്തില്‍ അഞ്ചു വര്‍ഷം മുന്നേ പത്തൊമ്പതുശതമാനമഅയിരുന്നത് ഇപ്പോള്‍ ഒമ്പതു ശതമാനമേയുള്ളു, ഈ നിരക്കില്‍ പോയാല്‍ അടുത്ത നാലുവര്‍ഷം കൊണ്ട് തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തന്നെ കഴിയും. ഇതേ കാലയളവില്‍ അഖിലേന്ത്യാ തൊഴിലില്ലായ്മ മുക്കാല്‍ ശതമാനം കണ്ട് വര്‍ദ്ധിക്കുകയാണ്‌ ചെയ്തതെന്നും ഓര്‍ക്കണം. ഇതിനു കൃത്യമായ അനുപാതത്തില്‍ ഗള്‍ഫ് മൈഗ്രേഷന്‍ കേരളത്തില്‍ കുറഞ്ഞു. (സക്കറിയ & രാജന്‍ സ്റ്റഡി, സി ഡി എസ്) .

ഇതിലെല്ലാമുപരി മറ്റൊരു ഘടകം ശ്രദ്ധേയമാണ്‌. ജനസംഖ്യാവര്‍ദ്ധനവിന്റെ ആക്സലറേഷന്‍ കുറയുന്നതിന്‌ അനുപാതത്തിലാണ്‌ തൊഴിലില്ലായ്മ കുറഞ്ഞതും ഗള്‍ഫ് മൈഗ്രേഷന്‍ കുറയുന്നതും. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ എപ്പോഴും വര്‍ദ്ധിക്കുന്നത് അവിദഗ്ദ്ധരും അനാരോഗ്യരും അവിദ്യരുമാണെന്ന് ലോകത്തിന്റെ മൊത്തം അനുഭവം. ഏറ്റവും വലിയ പുരോഗതിയായി കേരളത്തില്‍ വന്ന ജനപ്പെരുപ്പം തടയലിനെ സ്വന്തം അനുയായികളുടെ എണ്ണം കൂട്ടാന്‍ തുരങ്കം വയ്ക്കുന്ന പുരോഹിതരെക്കൂടി ചാട്ടയ്ക്കടിച്ചു പുറത്താക്കിയാല്‍ ദരിദ്രരായ തൊഴില്‍ രഹിതരുടെ പ്രശ്നമടക്കം എല്ലാ കാര്യങ്ങളിലും ആശാവഹമായ പുരോഗതി കൈവരിക്കാനാവും. മതവിദ്വേഷം, സമൂഹത്തോട് പ്രതിബദ്ധതയില്ലായ്മ, പരിസ്ഥിതിനാശം എന്നീ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കുകയേ വേണ്ടൂ. ഹോം ഡിമാന്‍ഡ് ഉയരുകയാണ്‌, ശമ്പളവും ഉയരുകയാണ്‌ നാട്ടില്‍.
(തുടരാം)

Wednesday, July 2, 2008

ക്യൂബ മുകുന്ദന്റെ ഗള്‍ഫുജോലി

ഡി വൈ എഫ് ഐക്കാരെല്ലാം പടയായി ഗള്‍ഫിലോട്ട് പോയതുകാരണം നാട്ടില്‍ ബസ്സുകത്തിക്കാന്‍ ആളില്ലെന്ന് ഇഞ്ചിപ്പെണ്ണ് പറയുന്നു. അല്ല, ഇവന്മാരെന്താ ഇങ്ങനെ വഞ്ചി ചവിട്ടി മുക്കിയിട്ട് കരയ്ക്കു നീന്തിക്കേറുന്ന ഇടപാട് കാണിക്കുന്നത്? ഡി വൈ എഫ് ഐക്കാരോട് തന്നെ ചോദിക്കട്ടെ അത്, നമ്മുടെ വിഷയം ഞാന്‍ എന്തിനു ഗള്‍ഫിലേക്ക് വന്നു എന്നാണ്‌. ഇവിടത്തെ രാഷ്ടീയത്തില്‍ മോഹിച്ചോ അതോ സുഖസൗകര്യങ്ങളില്‍ ഭ്രമിച്ചോ?

സാധനം, സേവനം, അറിവ് എന്ന മൂന്നു സാധനമാണ്‌ ഏതങ്ങാടിയിലും വില്‍ക്കാനൊക്കുന്നത്. വില്‍ക്കാനിരിക്കുന്നവന്‍ ഏറ്റവും കൂടുതല്‍ വിലതരുന്നവനു വില്‍ക്കും. (ലോട്ടായെടുക്കുന്നവന്‍, സ്ഥിരമായെടുക്കുന്നവന്‍, എടുത്തു പാരപണിയില്ലെന്ന് ഉറപ്പുള്ളവന്‍ എന്നൊക്കെയുള്ള കാര്യങ്ങള്‍ കൂടെയും)

മത്തങ്ങ ലോകത്താകെ വിറ്റുപോകുന്ന സാധനമാണ്‌. റോക്കറ്റ് ഉണ്ടാക്കാനുള്ള സാങ്കേതിക അറിവ്, വരട്ടുചൊറി മാറ്റാനുള്ള ശാസ്ത്രീയ അറിവ്, കാറുകഴുകാനുള്ള സേവനം, കുട്ടികളെ പഠിപ്പിക്കുന്ന സേവനം ഒക്കെ അങ്ങനെ തന്നെ.

വിലകൂടുതല്‍ കിട്ടുന്നയിത്തേക്ക് ആളുകള്‍ സാധനം കയറ്റിയയയ്ക്കും. കാശുള്ളവന്‍ ഏറ്റവും നല്ലതു നോക്കി വാങ്ങും. അമേരിക്കയിലെ മത്തങ്ങ, ഇന്ത്യയിലെ വൈദ്യം, ചൈനയിലെ കളിപ്പാട്ടം, റൊമാനിയയിലെ സ്വകാര്യ സര്വ്വീസ്, പാക്കിസ്ഥാനിലെ ഡ്രൈവിങ്ങ് വൈദഗ്ദ്ധ്യം, ഇംഗ്ലണ്ടിലെ പഠനരീതി, ആസ്ത്രേലിയയിലെ ആട്ടിറച്ചി, ഹോളണ്ടിലെ പൂക്കള്‍, സ്കോട്ട്ലന്‍ഡിലെ മദ്യം, ജെര്‍മ്മനിയിലെ വാഹനം, ഇറ്റലിയിലെ തുകല്‍, ഫ്രാന്‍സിന്റെ തുണി, സ്വിറ്റ്സര്‍ലാന്‍ഡിലെ ചീസ്, ജപ്പാനിലെ ആയോധനം, തായ്ലാന്‍ഡിലെ തിരുമ്മല്‍ എന്നിവയ്ക്കൊക്കെ ഏറ്റവും നല്ല വില ഗള്‍ഫില്‍ കിട്ടുമെന്ന് മനസ്സിലാക്കി (അല്ലെങ്കില്‍ അങ്ങനെ ധരിച്ച് ) ഗള്‍ഫില്‍ ഇപ്പറഞ്ഞ ആളുകളെല്ലാം ഇവ വില്പ്പനയ്ക്ക് കൊണ്ടുവരാറുണ്ട്.

അഞ്ച് ഭൂഖണ്ഡങ്ങളിലും എന്റെ മനുഷ്യാദ്ധ്വാനം എക്സ്പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടില്ല, കൊള്ളാവുന്ന വില ദുബായില്‍ കിട്ടുന്നു, ഞാന്‍ അവിടേയ്ക്ക് കയറ്റി അയക്കുന്നു. എന്റെ മാന്‍‌പവര്‍ വിറ്റു കിട്ടുന്ന കാശില്‍ അതിനുവേണ്ടിയുള്ള ചിലവൊഴിച്ച് ബാക്കിയെല്ലാം വിദേശനാണ്യമായി എന്റെ സ്വന്തം നാട്ടില്‍ കൃത്യമായി എത്തുന്നുണ്ട്. ഇവിടെ വീടുവാങ്ങിയിട്ടില്ല, നൂറുവര്‍ഷം റെസിഡന്‍സ് പെര്‍മിറ്റ് എടുത്തിട്ടില്ല, സ്വിസ് ബാങ്കില്‍ അക്കൗണ്ടുമില്ല.

ക്യൂബന്‍ സിഗററ്റും ഇറാനിയന്‍ എണ്ണയും അമേരിക്കയില്‍ കിട്ടില്ലേ? ചൈനീസ് ഭക്ഷണം? ജാപ്പനീസ് കാറുകള്‍?

ഇവിടെ അമേരിക്കന്‍ എഞ്ചിനീയറുമാര്‍ ചാളകണക്കെ വന്നടിയുന്നു. അവിടെ ഇപ്പോ എഞ്ചിനീയറമ്മാര്‍ക്ക് തൊഴിലില്ലായ്മയാ? അതോ ഇവരു രാജ്യസ്നേഹമില്ലത്തവരാണോ?

വയലിറമ്പിലെ മാംസഭോജി

മാംസഭോജിയായ ചെടി എന്നു കേള്‍ക്കുമ്പോള്‍ ഏതോ കാട്ടില്‍ ജന്തുക്കളെ കുടുക്കാന്‍ കുടവുമെടുത്ത് നില്‍ക്കുന്ന പിച്ചര്‍ പ്ലാന്റിനെയും ജനവാസമില്ലാത്ത ചതുപ്പിലെവിടെയോ എലിവില്ലുപോലെ ഇലക്കെണികളും വച്ച് കാത്തുനില്‍ക്കുന്ന വീനസ് ഫ്ലൈ ട്രാപ്പിനെയും ഓര്‍മ്മവരും. പരിസരത്ത് ഒരു പ്രാണിഭോജി വളരുന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

വയല്പ്പൂവ് എന്ന് തെക്കന്‍ കേരളത്തിലും കാക്കപ്പൂ എന്ന് വടക്കും പേരുവിളിക്കുന്ന ഒരു ചെറിയ ചെടിയാണ്‌ Nelipu (Utricularia reticulata ) പേരുകൊണ്ട് ചെടി മനസ്സിലായിട്ടില്ലാത്തവര്‍ ഇവിടെ ചിത്രം നോക്കുക ഒരു വയല്‍ കണ്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വയല്പ്പൂക്കളെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവേണ്ടതാണ്‌.

സ്വാഭാവിക പരിസ്ഥിതിയില്‍ ഞാന്‍ ഒരു പിച്ചര്‍ പ്ലാന്റോ വീനസ് ഫ്ലൈട്രാപ്പോ കണ്ടിട്ടില്ല. വിദേശത്ത് വളരെ പ്രശസ്തമായ ഒരു നഴ്സറിയില്‍ മുന്നറിയിപ്പൊട്ടിച്ച് കമ്പിവലയ്ക്കുള്ളില്‍ അടച്ച ഒരു ഫ്ലൈ ട്രാപ്പിനെ കണ്ടിട്ടുണ്ട്. ആളുകള്‍ ഭയം കലര്‍ന്ന ഒരു നോട്ടവുമായി അതിനു ചുറ്റും നില്‍ക്കും. എല്ലാവര്‍ക്കും അറിയാം അതെന്തെന്ന്.

വയല്പ്പൂക്കളോ? ചെറുപ്പത്തില്‍ ഞാനതിന്റെ ഭംഗികണ്ട് ശേഖരിച്ച് കറ്റകളാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ഒരു പ്രേമലേഖനമെഴുതുന്നത് ഒരു മുതിര്‍ന്നയാളാകലാണെന്ന് ധരിച്ച കാലത്ത് ഈ പൂക്കള്‍ നിറഞ്ഞ വയലിറമ്പില്‍ ചാരിക്കിടന്ന് നോട്ടുബുക്കില്‍ ഇന്നാലോചിച്ചാലും ഭംഗിതോന്നുന്ന വരികളെഴുതിയിട്ടുണ്ട്. അപ്പോഴൊക്കെ ഭംഗിയുള്ള പൂക്കള്‍ വിരിയിച്ച് ചെറുപ്രാണികളെ മോഹിപ്പിച്ച് അവയെക്കൊണ്ട് തന്റെ പരാഗണവും കഴിപ്പിച്ച ശേഷം വിത്തെന്നു തോന്നിക്കുന്ന ചതിക്കെണികളില്‍ (വാക്വം ബ്ലാഡര്‍) അവയെ പിടിച്ച് തിന്നു സുഖിക്കുകയായിരുന്നു ആ കളകള്‍. അധികമാരും അറിയുന്നുണ്ടാവില്ല ഈ സ്വഭാവം, പല കവിതകളിലും സിനിമാപ്പാട്ടുകളിലും ഓണപ്പാട്ടുകളിലും വയല്പ്പൂവെന്നും കാക്കപ്പൂവെന്നും നെല്ലിപ്പൂവെന്നും കേള്‍ക്കാറുണ്ട്.

അപൂര്വ്വമായെങ്കിലും ഇവിടെ ഇറങ്ങാത്ത ചില സിനിമകളുടെ സിഡി വാങ്ങാറുണ്ട് ഞാന്‍. വ്യാജനും ഒറിനിജലും സിഡികള്‍ നിറച്ച ഒരു സഞ്ചിയുമായി നീളന്‍ താടി വളര്‍ത്തി പഠാണി കളസവുമിട്ട് വരുന്ന ഒരു മലയാളിയുണ്ട് ഇവിടെ (ഇങ്ങേരുടെ താടിയും ഭാവവും കാരണം ഞാന്‍ 'CD ഹാജി' എന്നു തമാശയ്ക്ക് വിളിക്കും). ആളിന്നലെയുമെത്തി. എന്താണ്‌ ഏറ്റവും വിറ്റുവരവുള്ളതെന്ന് തിരക്കിയപ്പോള്‍ കമലഹാസന്റെ ദശാവതാരമത്രേ.
"അത് ഇവിടെ തീയറ്ററില്‍ കാണാവുന്നതേയുള്ളു. വേറേയെന്തുണ്ട് ഹിറ്റ്?"
അയാള്‍ നാലുവശവും നോക്കി ആളില്ലെന്ന് ഉറപ്പുവരുത്തി
"മറ്റേതില്‍ ഇപ്പോള്‍ ഹിറ്റ് 'മനസ്സറിയാതെ' ആണ്‌. ഒറ്റ ഡിവിഡിയില്‍ നൂറ് ക്ലിപ്പ്"

ഈ നൂറു ക്ലിപ്പുകളിലും കഥയൊന്ന്, കളിയുമൊന്ന്. കണ്ടാല്‍ ബോറഡിക്കും, ഒരു കാര്യം എത്രതവണ ഒരാള്‍ക്ക് കാണാന്‍ പറ്റും? പക്ഷേ ഒരു മിനുട്ട് ഇതൊന്നു കാണേണ്ട ആവശ്യം തോന്നി. രണ്ടുദിവസം മുന്നേ ഒരു സുഹൃത്ത് വാര്‍ദ്ധക്യം ബാധിച്ച തെരുവുവേശ്യയ്ക്ക് മദ്യം കൊടുത്തിട്ട് ഭിക്ഷക്കാരനാകാന്‍ പോലുമുള്ള വൃത്തിയില്ലാത്ത ജങ്കിയെ നായകനാക്കി എടുക്കുന്ന എണ്‍പതുകളിലെ നീല വീഡിയോ ടേപ്പുകള്‍ക്ക് ചന്ദ്രകുമാറും ജയദേവനും മറ്റും മലയാളസിനിമയുടെ നയിച്ച സോഫ്റ്റ് പോണ്‍ ദശാബ്ദത്തോടെ ഡിമാന്‍ഡ് തീര്‍ന്നെന്നും ഇത് സ്വദേശത്തും പാശ്ചാത്യനാടുകളിലുമായി ജീവിക്കുന്ന പ്രൊഫഷണല്‍ ഇന്ത്യന്‍ വംശജരായ സ്ത്രീകളും മറ്റും അഭിനയിക്കുന്ന വിദേശീയരുടെ മാതിരി ഇന്‍‌ഹിബിഷനില്ലാതെ ചിത്രീകരിക്കുന്ന നീലച്ചിത്രങ്ങളുടെ കാലം വരാന്‍ അതു കാരണമായെന്നും നിരീക്ഷിച്ചിരുന്നു. കുറച്ചു കാലം കൊണ്ട് എന്തു മാറ്റമാണുണ്ടായതെന്ന് ഇവന്റെ നൂറില്‍ ഒരെണ്ണം കണ്ടു നോക്കിയാല്‍ പോരേ.

"നൂറു file ഒരു ഡിവിഡിയില്‍ വന്നാല്‍... വര്‍ക്ക് ചെയ്യുന്നോന്ന് ഞാനൊന്നു നോക്കട്ടെ" ഞാനെടുത്ത് അകത്തു കൊണ്ടുപോയി പ്ലേ ചെയ്തു നോക്കി. രംഗമെന്തെന്ന് വിവരിക്കുന്നത് കഷ്ടമാണ്‌, എന്തായിരുന്നു എന്ന് ആര്‍ക്കും ഊഹിക്കുകയും ചെയ്യാമല്ലോ. വിഡിയോ ക്യാമറയിലല്ല, മൊബൈലില്‍ എടുത്തതെന്ന് വ്യക്തം.

സ്ത്രീശബ്ദം "എന്താ ഇങ്ങനെ മൊബൈലിലെടുക്കുന്നത്, എന്നെങ്കിലും നമ്മള്‍ പിണങ്ങിയാല്‍ ആരെയെങ്കിലും കാണിച്ച് എന്നെ ചതിക്കാനാണോ?"
പുരുഷശബ്ദം "നമ്മള്‍ ഒരിക്കലും പിണങ്ങില്ലല്ലോ, നീയില്ലാത്തപ്പോഴും എനിക്കിതു കാണാനല്ലേ എടുക്കുന്നത്."
സ്ത്രീ "എന്നെങ്കിലും പിണങ്ങിയാല്‍, ഞാന്‍ ജീവിച്ചിരിക്കില്ല..."
ഓഫ് ചെയ്തു തിരിച്ചുകൊടുത്തു. അയാളെ ഇത്രനേരം അവിടെ ഇരുത്തിയ സ്ഥിതിക്ക് എന്തെങ്കിലും വാങ്ങണമല്ലോ എന്നു കരുതി ബോയിങ്ങ് ബോയിങ്ങ് എന്ന പഴയ ചിത്രം വാങ്ങി. സീഡിക്കടയില്‍ കൊടുക്കുന്ന വിലയിലും കൂടുതല്‍ വാങ്ങി അയാള്‍ പോയി.

"മനസ്സറിയാതെ" എന്ന പേരിലെ ക്രൂരത അപ്പോഴാണ്‌ മിന്നിയത്. നൂറുക്ലിപ്പുകള്‍, നൂറുപേരാകുമോ,മനസ്സറിയാതെ ഗയ പട്ടേലും നാദിയ നൈസുമൊക്കെയായ നൂറിരകള്‍?


ഒരു പിച്ചര്‍ പ്ലാന്റനെക്കാണാന്‍ മാസങ്ങളോളം ഫോട്ടോഗ്രാഫര്‍മാര്‍ ബോര്‍ണിയോയില്‍ കറങ്ങിനടന്‍നിട്ടുണ്ട്, കോടാനുകോടി ചെടികളില്‍ തിരഞ്ഞ് അവര്‍ ഒരു മാംസഭോജിയെ കണ്ടെത്തി . വയല്പ്പൂക്കളോ നൂറായി, ആയിരമായി, ആരും തിരിച്ചറിയാതെ സുന്ദരപുഷ്പമായി നടിച്ച് നമ്മുടെ പാടത്തെല്ലാം.