Tuesday, October 27, 2009

സ്വയം തൊഴില്‍

അണ്ണാ,
പറ ചെല്ലാ.

പണിയെടുത്ത് വയ്യണ്ണാ, ജോലി ചെയ്താലേ കൂലിയൊള്ളെന്നത് എവിടത്തെ ന്യായമാ?
ലോകത്തിന്റെ നീതി പലപ്പോഴും വിചിത്രവും ക്രൂരവുമാണ്‌ ചെല്ലാ.

ഞാന്‍ നാട്ടി പോയി എന്തെങ്കിലും തരികിട കാട്ടി ജീവിക്കാന്‍ പോകുവാ. എന്തരേലും ഐഡിയാസ്?
ഐഡിയാ? സ്റ്റാര്‍ സിങ്ങറിന്റെ ജഡ്ജിയാവെടേ, ഇല്ലേല്‍ ആത്മീയാചാര്യന്‍ ആവ്.

ആത്മീയാചാര്യനോ? എന്നിട്ടുവേണം പീഡനം, നിര്‍ബ്ബന്ധിത പരിവര്‍ത്തനം, എന്നൊക്കെ പറഞ്ഞ് പോലീസ് പിടിക്കാനും നാട്ടുകാരു ചുട്ടുകൊല്ലാനും ജിഹാദിയെന്നും പറഞ്ഞ് പത്രത്തില്‍ വരാനും.
ഇതാജാതി ആത്മീയം അല്ലെടേ, നീ ചുമ്മാ ടീവിയില്‍ വന്ന് പ്രഭാഷണം നടത്തി കാശും വാങ്ങി പോണം.

അതിനെന്തെങ്കിലും എനിക്കറിയണ്ടേണ്ണാ?
കേള്‍ക്കുന്നവര്‍ക്കും അറിയത്തില്ലെടേ, നോ പ്രോബ്ലംസ്.

എന്നാലും എങ്ങനെ പ്രഭാഷിക്കും?
വായീ തോന്നുന്നത് പറയുക, എന്തു പറഞ്ഞാലും അതൊക്കെ പ്രാചീന ഇന്ത്യയില്‍ മാത്രമേയുള്ളു, ലോകത്തെ ബാക്കിയുള്ളവനൊക്കെ ഒന്നുമില്ലായിരുന്നു എന്നു പറഞ്ഞാ മതി.

എനിക്കു പിടി കിട്ടിയില്ല. എന്തെങ്കിലും വിഷയം വേണ്ടേ എന്നാലും?
വേണ്ട. നീ രാവിലേ ടെലിവിഷന്‍ ആപ്പീസില്‍ പോണു- കുളിയും നനയും മേക്കപ്പും പോലും ആവശ്യമില്ല. അത്രയും ചെയ്യാമല്ല്?

ചെയ്യാം. എന്നിട്ട്?
അങ്ങ് തൊടങ്ങിക്കോ...

നമ്മുടെ പരമ്പരാഗതമായ പാട്ടുകള്‍ പോലും ലോകാസമസ്ഥാ സുഖിനോഭവന്തു എന്നതില്‍ അധിഷ്ഠിതമാണ്‌.
"കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ."
ശുദ്ധമായ ശങ്കരാഭരണത്തില്‍ തീര്‍ത്ത ഈ പാട്ട് എത്ര സുന്ദരമായി ആര്‍ഷഭാരതത്തിന്റെ മൂല്യങ്ങള്‍ അവതരിപ്പിക്കുന്നെന്ന് നോക്കൂ. പറന്നു പോകുന്ന ഒരു നിസ്സാരപക്ഷിയോടും നമ്മള്‍ തിരക്കുന്നു, അതിന്‌ അന്തിയുറങ്ങാന്‍ ഒരു കൂടുണ്ടല്ലോ എന്നും അനപത്യ ദുഖം അനുഭവിക്കാതെ അത് കുഞ്ഞുങ്ങളുള്ള കുടുംബം പുലര്‍ത്തുന്നുണ്ടോ എന്നും. ഹേ തത് സര്‍‌വമിദം ബ്രഹ്മം, അയം ആത്മബ്രഹ്മം എന്ന വിശിഷ്ഠാദ്വൈത സാരമറിഞ്ഞ നമുക്ക് കാക്കയിലും താദാത്മ്യം പ്രാപിക്കാനാവണം. നമുക്കല്ലാതെ ലോകത്തൊരിടത്തും ഇത്തരം ആത്മീയാനുഭവമില്ല. കരീബിയന്‍ പാട്ടു കേള്‍ക്കൂ
Who let the dogs out.. when the party was raving എന്നു തുടങ്ങി
Get back you flea infested mongrel എന്നൊക്കെയാകുന്നു.
ആ ശ്വാനശ്രേഷ്ഠനു സ്വാതന്ത്ര്യം കിട്ടിയതില്‍ ആശങ്കാകുലനാകുകയും അതിനെ ചെള്ളരിച്ച ചാവാലി എന്ന് ആക്ഷേപിച്ച് തിരിച്ചു കയറാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്ന ക്രൂരനായ ഈ കാപ്പിരിയെവിടെ അഹിംസാധിഷ്ഠിതമായ നമ്മുടെ സംസ്കാരമെവിടെ?

ജീവികളില്‍ മാത്രമല്ല , ഭൂമി-ജല-അഗ്നി-വായു ഗഗനകിരണങ്ങളിലെല്ലാം അതു സാധിക്കുന്നു നമുക്ക്. അതെല്ലാം ഒരേസമയം ജൈവവും മൃതവുമല്ലാത്ത ഖരവും ദ്രവവും വായുവുമല്ലാത്ത കാലത്രയാതീതവും രൂപത്രയാതീതവും ദേഹത്രയാതീതവുമായ മായയെന്നറിയുന്ന മഹാജ്ഞാനി സകലതിലും സകലതും സദാ കാണുന്നു. മാനത്തുദിച്ച ചന്ദ്രനെ കണ്ടാല്‍ അത് കിഴക്കു കിഴക്കൊരാന ആലവട്ടം വെഞ്ചാമരം താലി, പീലി നെറ്റിപ്പട്ടമൊക്കെയായി പൊന്നണിഞ്ഞ് നില്‍ക്കുന്നതായി കാണാനാവും നമുക്ക്.

അന്തസ്സാരശൂന്യരായ വെള്ളക്കാര്‍ക്കുണ്ടോ അതിനു കഴിയുന്നു! അവര്‍ അന്നു പാടിനടന്നതെന്താണ്‌?

Twinkle Twinkle little star,
How I wonder what you are?
അവര്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല. കാരണജലധിയിലെ ആദിബീജത്തിന്റെ ശകലങ്ങളാണ്‌ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമായി ക്ഷീരപഥങ്ങളില്‍ വിന്യസിക്കുന്നതെന്ന് അവര്‍ക്കറിയില്ല.

ജഠരഅഗ്നിയാണ്‌ സകലതിനും ചാലകമായി വര്‍ത്തിക്കുന്നതെന്ന് പണ്ടേ നമുക്ക് ചരകനും സുശ്രുതനും പറഞ്ഞു തന്നിട്ടുണ്ട്, അതിനെ ചരാജഡഭേദമില്ലാത്ത അവസ്ഥയിലുള്ള നമ്മള്‍ "വണ്ടീ പുക വണ്ടീ, നിന്നെപ്പോലെ വയറിലെനിക്കും തീയാണ്‌" എന്ന് പാടി പാടി നിര്‍ഗുണപരബ്രഹ്മാവസ്ഥയില്‍ എത്തിച്ചേരുന്നു.
നമ്മള്‍ അങ്ങനെ പുകണ്ടിയോടും ദ്വൈതാവസ്ഥയില്ലാതെ ചേരുമ്പോള്‍ അമേരിക്കക്കാരന്‍ പാടുന്നു
Railroads, Steamboats, River and Canals
Yonder comes a sucker and he's got my gal

റെയില്പ്പാതയും ബോട്ടുകളും പുഴകളും തോടുമൊക്കെ കണ്ടിട്ട് ഈ ആത്മീയ ദരിദ്രനു ആകെ മനസ്സില്‍ തോന്നുന്നത് അവന്റെ കാമുകിയെ ആരോ വശീകരിച്ച കാര്യം മാത്രമാണ്‌, നോക്കൂ എത്ര മാംസനിബദ്ധമാണവന്‍റ്റെ ജീവിതം...

മതിയണ്ണാ, മനസ്സിലായി. ഇനി ഞാന്‍ മാനേജ് ചെയ്തോളാം.
ബെസ്റ്റ് ഓഫ് ലക്ക്, പോയി കോടീശ്വരനാകൂ.

സംശയം തീര്‍ന്നില്ലണ്ണാ, ആദ്യ ബ്രേക്ക് എങ്ങനെ കിട്ടും
അതിനു സ്വയം തൊഴീല്‍ പദ്ധതി തന്നെയാ നല്ലത്.

എന്നു വച്ചാ?
നീ ആദ്യം സ്വയം തൊഴൂ, മറ്റുള്ളവര്‍ നിന്നെ വന്ന് തൊഴുതോളുമെന്ന്.

ഷാജി എന്ന പേരില്‍ തന്നെ തുടങ്ങാമോ പണി?
അത് ഒരു മാതിരി രാജാവിന്റെ പേര്‍ ശശി എന്നായിരുന്നു എന്നു പറഞ്ഞതുപോലെ ഒരു ചേര്‍ച്ചയില്ലായ്മ. എന്താ മൊത്തം പ്യാര്‌?

R.ഷാജി
മാറ്റി ആര്‍‌ഷാജി വര്‍‌മ്മാജി എന്നാക്കൂ, പേരില്‍ തന്നെ ഇരിക്കട്ടെ ആര്‍‌ഷം.

നന്ദിയണ്ണാ, നന്ദി.

Monday, October 26, 2009

നാര്‍ക്കോസിസ് പോളിഗ്രാഫിക്സ്

പ്യാലകള്‌ പറഞ്ഞത് തന്നെ ശരി, നമ്മള്‍ ചുമ്മ സംശയിച്ച്.
എന്തരാ കാര്യം?

അണ്ണങ്ങ് പത്രം വായിച്ചില്ലേ, ആ വോമ്പ്രകാശിനും പുത്തമ്പാലം രാജേഷിനും പോള്‍ വധത്തി പങ്കൊന്നുമില്ലെന്ന് തെളിഞ്ഞ്.
എങ്ങനെ തെളിഞ്ഞ്?

ലവമ്മാരെ നാര്‍ക്കോവനാലിസിസും പ്വാളിഗ്രാഫ് ടെസ്റ്റുകളും ചെയ്ത ഫലം വന്ന്, പാവങ്ങള്‌, ഈ പത്രക്കാര്‌ ചുമ്മാ മനുഷ്യനെ പറ്റിക്കാന്‍ ഓരോ കഥ എഴുതിയതല്ലാരുന്നോ, അവര്‍ക്ക് പങ്കൊന്നുമില്ലെന്ന് ടെസ്റ്റിന്റെ റിസല്‍റ്റ് വന്ന്. ഇപ്പ പത്രം ചമ്മി ചമ്മി വാര്‍ത്തയിട്ടോണ്ടിരിക്കുവാ.

പത്രത്തി ഇപ്പ എന്തര്‌ വന്നത്, വായിക്കി.
"പോളിന്റെ കൊലപാതകം യാദൃശ്ചികമാണെന്ന പോലീസിന്റെ നിഗമനം സാധൂകരിക്കുന്നതാണ്‌ പരിശോധനാഫലം. ഓം പ്രകാശിനും രാജേഷിനും പങ്കില്ലെന്നു വ്യക്തമായതോടെ.."

നിര്‍ത്തെടേ. എന്തരായതോടെ?
വ്യക്തം- അണ്ണന്‍ മലയാളം ഒന്നും പടിച്ചിട്ടില്ലേ- വ്യക്തം എന്നു വച്ചാ അങ്ങോട്ട് ഒറപ്പിച്ചെന്ന്.

അങ്ങനെ ഒറപ്പിച്ചവരടെ തല പരിശോധിക്കണം.
അപ്പ ഇവമ്മാര്‍ക്ക് പങ്കൊണ്ടെന്നാണോ അണ്ണന്‍ നെരുവിക്കണത്?

പങ്കില്ലെന്ന് പോലീസ് പറയുന്നത് ശരിയായിരിക്കാം, തെറ്റായിരിക്കാം. ഇവിടിരുന്ന് ഞാനെങ്ങനെ അറിയാനാടേ. ഞാന്‍ പറയുന്നത് അതല്ല, ഒരു നാര്‍ക്കോയും പോളിഗ്രാഫും വച്ച് പ്രത്യേകിച്ച് ഒന്നും വ്യക്തമാക്കിയെന്നും തെളിയിച്ചെന്നും പറയാന്‍ പറ്റത്തില്ലെന്ന്.

അറുപതു ശതമാനം ആക്കുറസി ഉള്ള പരിശോധനയല്ലേ അണ്ണാ ഇതുങ്ങള്‌?
അറുപതു ശതമാനം എന്നത് ഒരു എസ്റ്റിമേറ്റ് അല്ലേ ചെല്ലാ, ഇതൊരു വ്യക്തതയാണോ? അമ്പതു ശതമാനം കൃത്യതയില്‍ ഒരു ടെസ്റ്റ് നമുക്കാര്‍ക്കും നടത്താം.

നമുക്കും നുണ പരിശോധിക്കാവെന്നോ. അടിപൊളി, എങ്ങനെ ചെയ്യണം അണ്ണാ?
അതായത് ഒരുത്തനെക്കൊണ്ട് എന്തെങ്കിലും പറയിക്കുക. എന്നിട്ട് ഒരു രൂപാ തുട്ടെടുത്ത് മേലോട്ട് അടിച്ചിട്ട് "തല വീണാ ഇവന്‍ പറയുന്നത് സത്യം" എന്ന് വിചാരിക്കുക.

അണ്ണന്‍ കളിയാക്കിയതാ അല്ലേ?
അല്ലെടേ, അമ്പതു ശതമാനം പ്രോബബിലിറ്റി എന്നതിനു നമ്മള്‍ സ്കൂളി പഠിക്കുന്ന ഉദാഹരണമല്ലേ തുട്ട് ടോസ്സിങ്ങ്.

എന്നാലും നാര്‍ക്കോ ഒരു ശാസ്ത്രീയ പരിശോധന അല്ലേ, അതുപോലെ എന്തെങ്കിലും നമ്മക്ക് പറ്റുവോ?
പിന്നേ ഒരുപാട് പരിപാടി പറ്റും.

ഒന്നു രണ്ടെണ്ണം പറഞ്ഞ് താ.
നാല്‍കോ അനാലിസിസ്- അതായത് നാല്‍കോ ഇറക്കുന്ന വണ്ണം കുറഞ്ഞ അലൂമിനിയം കണ്ടക്റ്റര്‍ മൂന്നു മീറ്റര്‍ എടുക്കുക. പ്രതിയെ അതുകൊണ്ട് ഒരു തെങ്ങില്‍ വരിഞ്ഞു കെട്ടിയിട്ട് "സത്യം പറഞ്ഞില്ലെങ്കില്‍ നിനക്കു പച്ചവെള്ളം തരില്ല" എന്നു പറഞ്ഞ് അവിടെ ഇട്ടേക്കുക. കൂടുതല്‍ ഇഫക്റ്റ് വേണേല്‍ പുളിയുറുമ്പ് ഉള്ള മരം നോക്കി കെട്ടിക്കോ.

ഇല്ലേല്‍ റെയിഡ്കോ അനാലിസിസ് ചെയ്യാം - പ്രതിയെ ബഞ്ചേല്‍ കിടത്തീട്ട് റെയിഡ്കോയുടെ നല്ല കൂന്താലിക്കൈ ഒരെണ്ണം എടുത്ത് രണ്ടുപേര്‍ പിടിച്ച് അവന്റെ കാലേല്‍ മേപ്പോട്ടും കീപ്പോട്ടും അമര്‍ത്തി ..

അണ്ണനു ഭേദ്യം ചെയ്യലല്ലാതെ വേറേ അനാലിസിസ് അറിയത്തില്ലേ?
നാര്‍ക്കൊ ഭേദ്യമല്ലേടേ?

എന്നാലും അടിയും ഉരുട്ടുമൊക്കെ പോലീസ് അല്ലാതെ വേറേ ആരെങ്കിലും ചെയ്താല്‍ അതു പുലിവാലാകും, വേറേ വഴി പറ.
എന്നാ നീ ബെവ്‌കോ അനാലിസിസ് ചെയ്യ്.

അതെന്തരാ?
ബെവ്‌കോ നടത്തുന്ന സ്റ്റോറില്‍ ‍ പോയി ഫുള്ള് ഒരെണ്ണം വാങ്ങണം. എന്നിട്ട് പ്രതിയെ വല്ല ആളൊഴിഞ്ഞ മുടുക്കിലും കൊണ്ടിരുത്തി സമാധാനമായി, പതുക്കെ അടിച്ചു പാമ്പാക്കുക. ശേഷം സത്യം പറ മച്ചൂ, നീയല്ലേ അതു ചെയ്തതെന്ന് നയത്തില്‍ ചോദിക്കുക, ഏത്?

അപ്പ നാര്‍ക്കോ അനാലിസിസ് ഫലം കാരണം പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ്‌ അണ്ണന്‍ പറയുന്നത് അല്ലീ.
ഞാങ്ങ് ആലോചിക്കണത് അതല്ലെടേ.

എന്തരാ?
ആദ്യം പോലീസ് വെളിപ്പെടുത്തലു കണ്ടപ്പോ ഞാനും കരുതിയിരുന്നതാ ലവന്മാര്‍ക്ക് പങ്കില്ലെന്ന്. പക്ഷേ അന്ന് കൊലവിളി നടത്തിയ പത്രങ്ങള്‍ ഇപ്പ പെട്ടെന്ന് മറുകണ്ടം ചാടി അയ്യോ പാവം നിഷ്കളങ്ക ഗൂണ്ടകള്‍ എന്നു കരയുന്നത് കണ്ടപ്പ എനിക്കു സംശയം തുടങ്ങി, ശരിക്കും ഇവമ്മാര്‍ക്ക് പങ്കുണ്ടോന്ന്.

Sunday, October 25, 2009

കഷ്ടം!

എല്ലാ ചോദ്യങ്ങളൂടെയും ഉത്തരം യേശുക്രിസ്തു എന്നാണെന്ന് സുവിശേഷപ്രസംഗകര്‍ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കാറുണ്ടായിരുന്നു. ഇന്നത് മാറി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ബിനീഷ് കോടിയേരി എന്നാണ്‌. ജാക്ക് ദി റിപ്പര്‍ ആരാണ്‌, കെന്നഡിയെ കൊന്നതാരാണ്‌, സുഭാഷ് ചന്ദ്രബോസ് എങ്ങനെ മരിച്ചു, എന്നതിന്റെ ഒക്കെ ഉത്തരം മലയാളികള്‍ക്കറിയാം.

ഈയടുത്ത സമയത്ത് ഒരുത്തന്‍ "കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാര്‌" എന്നു മൂളിയപ്പോള്‍ അടുത്തു നിന്ന പത്രക്കാരന്‍ "സംശയമെന്ത്, കാട്ടിലെ ആ സാധു ജീവിയെ ഇങ്ങനെ ഉപദ്രവിച്ചെങ്കില്‍ അത് ബിനീഷ് കോടിയേരി തന്നെ" എന്നു പറഞ്ഞെന്നും കേള്‍ക്കുന്നു.

കന്നഡക്കാരും ഇതു പഠിച്ചോ എന്ന് ഒരുവേള അന്തം വിട്ടാണ് ചാനല്‍ ഓണ്‍ ചെയ്തത്.‌ കണ്ട ദൃശ്യത്തിന്റെ ഭീകരതയില്‍ അയാളെ മറന്നു പോയി.

ഒരു സ്ത്രീയുടെ വീട്ടിനുള്ളില്‍ കടന്ന് നഗ്നയായ അവരെ ടെലിവിഷനില്‍ ആക്കിയിരിക്കുന്നു. പോലീസ് റെയിഡെന്ന് റിപ്പോര്‍ട്ട്, പക്ഷേ പോലീസുകാരെയൊന്നും കാണാനില്ല. ഇവര്‍ വേശ്യയാണെന്നതാണത്രേ കാരണം. വേശ്യാവൃത്തി ഇന്ത്യയില്‍ കുറ്റകരമല്ല, പൊതുസ്ഥലത്തു നിന്നും കസ്റ്റര്‍മാരെ അക്കോസ്റ്റ് ചെയ്യുന്നതും മറ്റു സ്ത്രീകളെ ജോലിക്കു വയ്ക്കുന്ന വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും മാത്രമാണ്‌ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ എന്ന നിലയ്ക്ക് ഇവര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി ഇവര്‍ പബ്ലിക്ക് ന്യൂയിസന്‍സോ കൂട്ടിക്കൊടുപ്പോ മറ്റോ നടത്തിയെന്നു കരുതുക (അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ്‌ മനസ്സിലായത്) ഇതൊന്നും സിറ്റിസണ്‍'സ് അറസ് നടത്താവുന്ന കുറ്റങ്ങളല്ല എന്ന സ്ഥിതിക്ക് പോലീസില്‍ പരാതിപ്പെടല്‍ അല്ലാതെ മറ്റെന്തു നടപടിയും നിയമം കയ്യാളലാകും, ചാനലുകാരനല്ല, ആരു ചെയ്താലും.

വീട്ടിനുള്ളിലായിരുന്ന ഇവരെ എങ്ങനെ നഗ്നയായി ചിത്രീകരിക്കാന്‍ കഴിഞ്ഞു? ഒന്നുകില്‍ കതകു പൊളിച്ച് അകത്തു കയറണം, അല്ലെങ്കില്‍ വീട്ടിനുള്ളില്‍ കയറി മീഡിയക്കാരന്‍ അവരെ നിര്‍ബന്ധിച്ച് തുണി അഴിപ്പിക്കണം. അല്പ്പം ആള്‍ബലം ഉണ്ടെങ്കില്‍ ഇന്ത്യയലെവിടെയും ഇതു നടക്കുമെന്ന് അറിയാം, പക്ഷേ ഇത് ടെലിക്കാസ്റ്റ് ചെയ്യാന്‍ മാത്രം പോന്ന ഈ ചാനല്‍ ആരു നടത്തുന്നു?

വളരെ പ്രചാരമുള്ള ഒരു ഹിന്ദി ചാനല്‍ നോക്കിയപ്പോള്‍ അതില്‍ പോള്‍ ഡാന്‍സിനപ്പുറം ഒന്നുമല്ലാത്ത ഒരു സിനിമാപ്പാട്ട്. പാട്ടു തീര്‍ന്നപ്പോള്‍ പരസ്യം ഒരു മാന്ത്രിക മാലയുടേത്, ഇതു ധരിച്ചാല്‍ എങ്ങനെ ധരിച്ച കുട്ടിക്ക് കണ്ണു കിട്ടാതെ ഇരിക്കും ഭാര്യയെ ധരിപ്പിച്ചാല്‍ അവള്‍ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകാതെ എങ്ങനെ അവളെ അത് കാത്തുസൂക്ഷിക്കും എന്നൊക്കെ 'ശാസ്ത്രീയമായ' വിവരണവുമുണ്ട്. ഇമ്മാതിരി ചാനലുകള്‍ കാണുന്ന ആളുകള്‍ക്കിടയില്‍ എന്തും നടക്കും, അതു പോട്ടെ





ദയനീയമായ ഈ ക്ലിപ്പ് മലയാളം ചാനലുകള്‍ വാങ്ങി പുനപ്രസരണം നടത്തിയിട്ടും
"ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു, അവന്റെ അന്ത്യമായെടാ. ഞാന്‍ അന്നേ പറഞ്ഞില്ലേ അവന്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റ് അംഗമാണെന്ന് " എന്നൊക്കെയല്ലാതെ ആ സ്ത്രീയെ ഇങ്ങനെ ലിഞ്ച് ചെയ്തത് ഒരു വലിയ കുറ്റമാണെന്ന് പാഞ്ഞുവന്ന മെയിലുകളും പറഞ്ഞില്ല, പറന്നു വന്ന ട്വീറ്റുകളും പറഞ്ഞില്ല. ബിനീഷിന്റെ പേരുവന്നതുകൊണ്ട് ആരും ഇതു കാണാതെ പോയതാണോ അതോ ഇനി വേശ്യയല്ലേ അവളെ ഇങ്ങനെയൊക്കെ ചെയ്ത് ആനന്ദിക്കാന്‍ നമുക്കൊക്കെ അവകാശമുണ്ട് എന്ന നിലവാരത്തിലേക്ക് നമ്മളും താണുപോയോ?

[എന്തിലും ആശ്വസിക്കാന്‍ എന്തെങ്കിലും ഉണ്ടാവും എന്നല്ലേ. കഴിഞ്ഞ ആയിരത്തോളം മലയാളം ബ്ലോഗ് പോസ്റ്റുകളുടെ ഫീഡുകള്‍ ഒന്നോടിച്ചു നോക്കിയിട്ട് രണ്ടേ രണ്ടെണ്ണമേ മാദ്ധ്യമങ്ങളുടെയും ഫോര്‍‌വേര്‍ഡ് കളിക്കാരുടെയും റ്റ്വീറ്റര്‍മാരുടെയും "കണ്ടുപിടിത്തം" ആവര്‍ത്തിച്ചു കണ്ടുള്ളൂ. തലയില്‍ ആളുതാമസമുള്ള മലയാളികള്‍ ഒക്കെ ബ്ലോഗിലാണെന്നു തോന്നുന്നു.]

Thursday, October 22, 2009

പരസ്യഭാഷ

പരസ്യഭാഷ

ദുബായിലെ പത്രങ്ങളില്‍ വരുന്ന ക്ലാസിഫൈഡുകള്‍ക്ക് അതിന്റേതായ ഒരു ഭാഷ തന്നെയുണ്ട്. അതറിയാത്തവര്‍ വായിച്ച് തെറ്റിദ്ധരിച്ചു പോകാതിരിക്കാന്‍ ചില സ്ഥിരം പ്രയോഗങ്ങളും അതിന്റെ ഗൂഢാര്‍ത്ഥങ്ങളും ഒരു പട്ടികയാക്കുന്നു.

Mature garden - old villa
Furnished flat- comes with window a/c
Fully furnished flat- previous tenant discarded old furniture
Beautiful Burj view- doesn’t mean anything; you can view the beautiful Burj from anywhere in Dubai
15 minutes to Airport- if you charter a fighter jet to reach airport.
In the heart of the city- heavily congested place
In a quiet area- in the desert
With gym and pool- there’s a treadmill and a pool table somewhere in the building
Suitable for Europeans- only an open pantry instead of kitchen
Suitable for Indians- partitioning is allowed
Ample parking area - kutcha around the building
Close to Emirates Road- far away from habitable areas
Near old Pakistani Consulate- next to the new graveyard.
Near Dubai Grand Hotel- next to the abattoir
24 hour security- Nathur’s mobile number is scribbled near the lift, but you will never see him during tenancy period.
Well maintained building-repainted recently
Distress sale- buy this distressed house and get distressed

Low mileage- was in a bad condition, so I used to commute by bus most of the days.
Lady driven- and police cancelled her license, finally
Single owner- and driven by all his friends
FSH- only major repairs were done outside agency
Agents excuse- I know no agent alive is silly enough to buy this wreck
Under warranty- and sick of it already.
Expat leaving- and wants to make another fortune before leaving

Tuesday, October 20, 2009

പാണനെ ഓടിച്ചാ?



മംഗളം പറയുന്നു ഒറീസ്സയുടെ സംസ്ഥാന പക്ഷി മയിലാണെന്ന്. പാവം പാണന്‍ കാക്കയെ (Indian Roller/ Indian Bluejay) ആട്ടിയോടിച്ചോ ഒറീസ്സേന്ന്?

Monday, October 19, 2009

കടല്‍ വ്യാളി


ചിത്രം- ചന്ത്രക്കാറന്‍ എടുത്തത്

അങ്ങനെ ഒരു കടല്‍വ്യാളി തന്റെ വ്യാളിച്ചിയെ കണ്ടെത്തി. എത്തി എത്തി എന്നു
ചുമ്മാ പറഞ്ഞാല്‍ പോരാ. കടല്പ്പായലിന്റെ രൂപത്തില്‍ അതിന്റെ നിറം
കൈക്കൊണ്ട് അതിന്നിടയില്‍ ഒളിച്ചിരിക്കുന്ന അവളെ കണ്ടെത്താന്‍ ഒരുമാതിരി
കണ്ണൊന്നും പോരാ. അവര്‍ ഇഷ്ടപ്പെട്ടു. പിന്നെ കഷ്ടപ്പെട്ടു. അവന്റെ
വാലിന്നടിയിലെ ഗര്‍ഭപാത്രത്തില്‍ അവള്‍ ഇരുന്നൂറ് സുന്ദരന്‍ പിങ്ക്
മുട്ടകള്‍ ഇട്ടു. അവന്റെ ചോരയും നീരുമൂട്ടി ആറാഴ്ച്ച കൊണ്ടുനടന്ന് അവന്‍
അവയില്‍ അമ്പതെണ്ണത്തിനെ വിരിയിച്ചു പ്രസവിച്ചു. പിന്നെ അവന്‍ അവരെ
മറന്നിട്ടു പാട്ടിനു പോയി. അമ്പതു സഹോദരങ്ങളില്‍ നാല്പ്പത്തി രണ്ടുപേരെ
ശൈശവത്തിലേ മറ്റു കടല്പ്രാണികള്‍ക്ക് ഇരയായി. ശേഷിച്ച എട്ടില്‍ അഞ്ചും
ഒരു കൊടും തിരമാല വീശിയകാലം വെള്ളത്തിന്റെ ശക്തിയില്‍ ആന്തരാവയവങ്ങള്‍
തകര്‍ന്ന് മരിച്ചു. ശേഷമുള്ളവര്‍ ജീവിതചക്രത്തില്‍ അടുത്ത തലമുറയെ
സൃഷ്ടിക്കാന്‍ പ്രാപ്തരായി.

ലീഫി സീ ഡ്രാഗണ്‍ [phycodurus eques] എന്ന ചെറു കടല്‍ മത്സ്യത്തിന്റെ ജീവിതകഥ ഏതാണ്ട്
ഇങ്ങനെയൊക്കെ ഇരിക്കും. ശത്രുക്കളില്‍ നിന്നും വേഗം നീന്തി രക്ഷപ്പെടാനോ
മുള്ളുകള്‍ കൊണ്ട് കുത്തി ആക്രമിക്കാനോ കഴിവില്ലാത്ത ഈ സാധുമീന്‍
കടല്പ്പായലുകള്‍ക്കിടയില്‍ ഒളിച്ചു നിന്ന് ചെറു ജലജീവികളെ പിടിച്ചു
തിന്ന് ജീവിച്ചു പോകുന്നു. ആസ്ത്രേലിയയുടെ ചില ഭാഗങ്ങള്‍ മാത്രമാണ്‌
അവയുടെ ലോകം.

മനോഹരമായ വ്യാളീരൂപം ഇവയെ അക്വേറിയം സൂക്ഷിപ്പുകാര്‍ക്കു
താല്പ്പര്യമുള്ളതാക്കിത്തീര്‍ത്തു. അതേസമയം പരിസ്ഥിതിയിലെ ചെറിയ
മാറ്റങ്ങള്‍ പോലും ഇവയെ പ്രതികൂലമായി ബാധിച്ച് അംഗസംഖ്യ കുറയുകയും
ചെയ്യുന്നു. വളരെ വേഗം ഇവയെ പിടിക്കുകയും ചെയ്യാമെന്നതിനാല്‍ ഡൈവര്‍മാര്‍
ഇവയെ പിടിച്ചു തീര്‍ത്ത് നിലനില്പ്പ് അപകടത്തിലാക്കിയേക്കാം എന്നതിനാല്‍
ആസ്ത്രേലിയന്‍ സര്‍ക്കാര്‍ ഇവയെ പിടിക്കുന്നതും വില്‍ക്കുന്നതും നിയമം
മൂലം നിരോധിച്ചു. ഡൈവര്‍മാര്‍ ലീഫി സീ ഡ്രാഗണെ തൊടുന്നതും ശല്യം
ചെയ്യുന്നതും കുറ്റകരമാക്കി. വര്‍ഷാവര്‍ഷം ലീഫി സീ ഡ്രാഗണ്‍
ഫെസ്റ്റിവല്‍ നടത്തി അവയെക്കുറിച്ചും അവയെ ശല്യം ചെയ്യാതെ എങ്ങനെ
നീന്തല്‍ നടത്താം എന്നതിനെക്കുറിച്ചും വിനോദസഞ്ചാരികള്‍ക്കും
നാട്ടുകാര്‍ക്കും അറിവു പകര്‍ന്നും വരുന്നു.


വീഡി സീ ഡ്രാഗണ്‍- ലീഫി സീ ഡ്രാഗണുകളുടെ കുലത്തിലെ ഏക സഹോദരവംശം
ചിത്രം- ചന്ത്രക്കാറന്‍ എടുത്തത്

ഈ സുന്ദര മത്സ്യങ്ങളെ ഇഷ്ടപ്പെട്ടോ? എങ്കില്‍ അവയ്ക്കുവേണ്ടി നമുക്കു
ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും:

ലീഫി സീ ഡ്രാഗണിനെ വ്യക്തികള്‍ വാങ്ങുന്നതും വില്‍ക്കുന്നതും
കുറ്റകരമാണ്‌ മിക്ക രാജ്യങ്ങളിലും എന്നതിനാല്‍ ഇനി ഒരു പെറ്റ് ഷോപ്പില്‍
അവയെ കണ്ടാലും വാങ്ങാതിരിക്കുക. വീട്ടു ഫിഷ്ടാങ്കുകളില്‍ അവയെ
വളര്‍ത്തുക അസാദ്ധ്യത്തോടടുത്ത ഒരു ഉദ്യമമാണ്‌. അതില്‍ വിജയിച്ചാല്‍ കൂടി
അവയെ പ്രജനനം ചെയ്യിക്കാന്‍ ഒരു ഹോം അക്വാറിസ്റ്റിനു കഴിയില്ല.

ആസ്ത്രേലിയല്‍ തീരങ്ങളില്‍ സ്കൂബ ഡൈവിങ്ങ് ചെയ്യുന്ന ഒരാളാണു
നിങ്ങളെങ്കില്‍ ലീഫി സീ ഡ്രാഗണിനെ കാണുന്ന വേളയില്‍ ഒരിക്കലും അതിനെ
തൊടാനോ ഭയപ്പെടുത്താനോ പിടിക്കാനോ ശ്രമിക്കരുത്. നീന്തുന്ന വേളയില്‍
കാലുകളിളകി അവയുടെ വാസസ്ഥലങ്ങള്‍ തകരാനും ഇടയാക്കരുത്.

പൊതു അക്വേറിയങ്ങളില്‍ ഇവയെ കണ്ടാല്‍ ഒരിക്കലും ചില്ലില്‍ മുട്ടി ശല്യം
ചെയ്യരുത് (യാതൊരു വിധ മീനിനെയും അങ്ങനെ ഉപദ്രവിക്കരുത്, സീ ഡ്രാഗണുകള്‍
പ്രത്യേകിച്ച് ശല്യം ഭയക്കുന്ന ജീവിയാണ്‌)

അവയുടെ ഫോട്ടോ എടുക്കുകയാണെങ്കില്‍ ഒരിക്കലും ഫ്ലാഷ് ഉപയോഗിക്കരുത്.
പെട്ടെന്നുള്ള വെളിച്ചപ്രളയം ആ സാധു ജന്തുക്കളെ അന്ധരാക്കിയേക്കാം.

ഇതിലെല്ലാം ഉപരി, കടലിലും കടപ്പുറത്തും ചപ്പുചവറുകള്‍ തള്ളരുത്.
ആസ്ത്രേലിയയില്‍ മാത്രമല്ല, ലോകത്തൊരിടത്തും.

Sunday, October 18, 2009

വൈവാഹികം

ബോണ്‍ എഗൈന്‍ ഉബുണ്ടു യുവതി, ഇരുപത്തി നാലു വയസ്സ്, അഞ്ചല്‍ സ്വദേശിനി, അഞ്ചടി അഞ്ചിഞ്ച് ഉയരം, അഞ്ചക്ക ശമ്പളം.

പുകവലി, മദ്യപാനം, മൈക്രോസോഫ്റ്റ് പ്രോഡക്റ്റ് ഉപയോഗം എന്നീ സ്വഭാവദൂഷ്യങ്ങളില്ലാത്ത വരന്മാരില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു.

അതു താനല്ലയോ ഇത്

അണ്ണാ, അണ്ണന്‍ ഗള്‍ഫ് ന്യൂസ് കണ്ടോ, സൊമാലിയയില്‍ തീവ്രവാദികള്‍ ബ്രാ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയെന്ന്. ബ്രായിട്ടു പെണ്‍പിള്ളേര്‍ പോകുന്നത് കണ്ടാല്‍ പിടിച്ചു ചാട്ടവാറിനു അടിക്കുന്നു പോലും.

അതിനു ഉടുപ്പിന്റെ പുറത്തല്ലല്ലോടേ ബ്രായിടുന്നത്. അതോ ഇനി താലിബാന്‍‌കാരന്‍ വഴിയേ പോകുന്നവരോടെല്ലാം തുണിയഴിക്കാന്‍ പറയുമോ?
അല്ലല്ല. വഴിയേ പോകുന്നവരോടെല്ലാം തുള്ളിച്ചാടാന്‍ പറയും. അടിക്കളസം ഇല്ലാത്തവര്‍ ചാടുന്നതുപോലെ ദേഹം അനങ്ങില്ലല്ലോ ബ്രേസിയര്‍ ഇട്ടവര്‍ ചാടിയാല്‍.

അതുശരി.
ഈ മാതിരി അപരിഷ്കൃത മനുഷ്യരെക്കുറിച്ച് കേള്‍ക്കുമ്പോഴല്ലേ ഇന്ത്യയില്‍ ജനിച്ചത് എത്ര ഭാഗ്യമെന്ന് മനസ്സിലാവുന്നത്.

ചെല്ലാ, സോമാലിയയില്‍ ഈ ബ്രാപിടിത്തക്കാര്‍ ഇപ്പോ ഇറങ്ങിയത് എന്താണെന്നറിയാമോ?
എന്താ?

ആദ്യം പാന്റിട്ടുനടക്കുന്ന പെണ്ണുങ്ങള്‍ക്ക് അടിശിക്ഷ വിധിച്ചു. അത് ഒരുമാതിരി നിയമം ആയിക്കഴിഞ്ഞപ്പോഴാണ്‌ പാന്റേല്‍ നിന്നു ബ്രായിലേക്ക് പിടി മുറുക്കിയത്. നമ്മുടെ മംഗലാപുരത്തും ബാംഗളൂരിലുമൊക്കെ ജീന്‍സിട്ട പെണ്ണുങ്ങളെ അടിക്കാന്‍ ആളിറങ്ങിയത് ഓര്‍മ്മയുണ്ടോ? അതൊന്നു പൊട്ടിപ്പടര്‍ന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യയിലും കണ്ടേനെ ബ്രായിട്ടവരുടെ മൂക്കും മുലയും അരിയാന്‍ സദാചാരക്കമ്മിറ്റികള്‍.

അത്രയൊക്കെ പോകുമോ നമ്മള്‍?
അതിലപ്പുറവും പോകും. സ്ത്രീകള്‍ മാറുമറയ്ക്കരുത്, പ്രതേകിച്ച് കീഴ്ജാതിക്കാര്‍ എന്നയറ്റം വരെ പോകും.

അതത്ര എളുപ്പമാണോ ഒരു ജനാധിപത്യ രാജ്യത്ത്?
ഒരു നൂറു കൊല്ലം പുരോഗതി റീവൈഡ് ചെയ്താല്‍ മതിയെന്നേ.

Monday, October 12, 2009

സ്വര്‍ണ്ണമത്സ്യങ്ങളുടെ കഥ


മനുഷ്യന്‍ ഓമനിച്ചു വളര്‍ത്തിയ ആദ്യ മത്സ്യമാവണം സ്വര്‍ണ്ണ മത്സ്യം. ആയിരത്തി എഴുനൂറോളം വര്‍ഷം മുന്നേ ചൈനീസ് രാജാക്കന്മാര്‍ ജീബല്‍ കാര്‍പ്പ് മത്സ്യങ്ങളെ (cassius auratus) ഇണക്കി വളര്‍ത്താന്‍ ആരംഭിച്ചു. അക്കാലം ഇവ ഏതാണ്ട് ഇതുപോലെ ആയിരുന്നു കാഴ്ച്ചക്ക്.


ഫെങ്ങ് ഷൂയി പ്രകാരം മത്സ്യങ്ങള്‍ വീട്ടിലുള്ളത് ഭാഗ്യവും വിജയവും വീട്ടുടമയ്ക്ക് ഉണ്ടാക്കും (യൂ എന്ന ചൈനീസ് പദത്തിനു മീനെന്നും വിജയമെന്നും അര്‍ത്ഥമുണ്ടത്രേ) എന്നതുകൊണ്ടാണ്‌ മത്സ്യക്കുളങ്ങള്‍ രാജഭവനങ്ങളെ അലങ്കരിച്ചിരുന്നത്. ക്രി ശേ. അഞ്ഞൂറാമാണ്ടിനടുത്ത് അതുവരെ വെള്ളിയോ ഒലിവ് പച്ച ഷേഡോ ആയിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം (കൂടുതലും ഓറഞ്ചിനോടാണ്‌ ഈ നിറത്തിനടുപ്പം) നിറം കിട്ടിത്തുടങ്ങി.


പിന്നെയും പല നൂറ്റാണ്ടെടുത്തു വെള്ള മത്സ്യങ്ങളെയും ചുവപ്പും വെള്ളയും പുള്ളിയുള്ള മത്സ്യങ്ങളെയും ഉരുത്തിരിക്കാന്‍.

ഏതാണ്ട് അഞ്ഞൂറു കൊല്ലം മുന്നേയാണ്‌ ചെന്തലയും തുറികണ്ണും സ്വര്‍ണ്ണമത്സ്യത്തിനു ലഭിച്ചത്.
ഏതാണ്ട് ഇക്കാലം വരെ പ്രഭുക്കന്മാരും ബുദ്ധവിഹാരങ്ങളും മാത്രമായിരുന്നു. പക്ഷേ സ്വര്‍ണ്ണമത്സ്യങ്ങള്‍ വ്യാപകമായതോടെ അവ സാധാരണക്കാര്‍ വാങ്ങി കണ്ണാടിഭരണികളില്‍ വളര്‍ത്താന്‍ തുടങ്ങി. ഏറെത്താമസിയാതെ ജപ്പാനിലേക്ക് ഇവ കയറ്റുമതി ചെയ്യാനും ആരംഭിച്ചു. അങ്ങനെ ആദ്യകാല ഹോം അക്വേറിയങ്ങള്‍ രൂപപ്പെട്ടു. ഗോള്‍ഡ് ഫിഷ് ഒരു പുതിയ സ്പീഷീസ് ആയി cyprinus auratus ആദ്യകാല ജൈവശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തു. ഏറെത്താമസിയാതെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗോള്‍ഡ്‌ഫിഷ് എത്തിപ്പെട്ടു. ലോകമെങ്ങും ഗാര്‍ഹികാലങ്കാര മത്സ്യം വളര്‍ത്തല്‍ എന്ന സങ്കല്പ്പം ഉണ്ടാക്കിയത് ഗോള്‍ഡ്ഫിഷുകളാണ്‌.

ജെനെറ്റിക്സും മത്സ്യസംബന്ധിയായ അറിവുകളും പുരോഗമിച്ച കഴിഞ്ഞ നൂറ്റാണ്ടില്‍ ഗോള്‍ഡ് ഫിഷിനു വന്ന മാറ്റം വളരെ വലുതായിരുന്നു. പ്രത്യേകിച്ച് ജപ്പാന്‍ സ്വര്‍ണ്ണമത്സ്യങ്ങളെ ബ്രീഡ് ചെയ്ത് അവയെ തമ്മില്‍ സാമ്യം പോലുമില്ലാത്ത സഹോദരങ്ങളാക്കി മാറ്റി.




കണ്ണുകള്‍ തലയ്ക്കു മുകളിലുള്ള സെലസ്റ്റിയല്‍, വിശറിവാലര്‍, റേന്തവാലര്‍, കാലിക്കോ, പുലിത്തലയന്മാര്‍, സിംഹത്തലയന്മാര്‍, കരിമൂറുകള്‍, വെണ്മൂറുകള്‍, കോമറ്റുകള്‍, ബലൂണ്‍ കണ്ണന്മാര്‍, ടെലസ്കോപ്പു കണ്ണന്മാര്‍, പേള്‍ ശല്‍ക്കക്കാരികള്‍... ഒരന്തവും കുന്തവുമില്ലാതെ ഗോള്‍ഡ് ഫിഷ് വെറൈറ്റികള്‍ കടകളിലെത്തിത്തുടങ്ങി.

എന്തിനാണ്‌ ഇവയുടെ ആകൃതിയും നിറവും ഇങ്ങനെ മാറ്റിക്കളഞ്ഞതെന്നു ചോദിച്ചാല്‍ രണ്ടുത്തരമാണ്‌ ഉള്ളത്. ഒന്ന് ഭംഗിക്കാണ്‌- പല നിറത്തില്‍ പടുകൂറ്റന്‍ വാലുമായി ഇവ കണ്ണാടിപ്പെട്ടിയില്‍ നീന്തുന്നതു കാണാന്‍ നല്ല ചന്തമാണെന്ന് ആരും തര്‍ക്കിക്കില്ലല്ലോ. രണ്ടാമത്തേത്- ഒട്ടുമിക്ക ആകാരവ്യതിയാനവും ഗോള്‍ഡ് ഫിഷിനെ വ്യാളീരൂപത്തിലേക്ക് മാറ്റാനുള്ളവയായിരുന്നു തലയും കുടവയറും ഇളകുന്ന വാലും നിറഭേദങ്ങളും എല്ലാം ചൈനീസ് വിശ്വാസത്തിലെ ശുഭസൂചനയായ വ്യാളിയുടെ ഒരേകദേശരൂപത്തിലേക്ക് സാധാരണ മത്സ്യരൂപിയായിരുന്ന ഇവയെ മാറ്റിയെടുത്തു. ചൈനീസ് വിശ്വാസമനുസരിച്ച് ഇന്നു സ്വര്‍ണ്ണമത്സ്യങ്ങള്‍ കുഞ്ഞു ഡ്രാഗണുകളാണ്‌. ഇവ വീട്ടിലുണ്ടെങ്കില്‍ അതില്പ്പരം ഐശ്വര്യമില്ല!

ഇവയെ എങ്ങനെ മാറ്റിയെടുത്തു എന്ന ചോദ്യത്തിനു പലപ്പോഴും അക്വാറിസ്റ്റുകള്‍ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുകളയും. അതിനു പിന്നില്‍ അത്ര രസകരമല്ലാത്ത ഒരു കഥയാണുള്ളത്. കോറല്‍ മീനുകളെപ്പോലെ സ്വാഭാവികമായി കടും നിറമൊന്നും പുഴമത്സ്യങ്ങള്‍ക്ക് ഉണ്ടാവാറില്ല. ജീബല്‍ കാര്‍പ്പും വത്യസ്ഥനായിരുന്നില്ല. എന്നാല്‍ സുരക്ഷിതമായ കൂട്ടില്‍ അടച്ച് ധാരാളം വെളിച്ചം കൊള്ളിച്ച് തൊലിക്കു നിറം കൊടുക്കുന്ന ഭക്ഷണങ്ങള്‍ മാത്രം നല്‍കി വളര്‍ത്തിയാല്‍ ഒട്ടേറെത്തരം മീനുകള്‍ അല്പ്പാല്പ്പമായി നിറങ്ങള്‍ കൈക്കൊള്ളുകയും ഫിന്നുകള്‍ കൂടുതല്‍ വളര്‍ത്തുകയും ചെയ്യും.

അങ്ങനെ നിറങ്ങള്‍ കൈക്കൊള്ളുന്നവയെ മാത്രം തിരഞ്ഞെടുത്ത്, അവയുടെ പല തലമുറങ്ങളിലായി ഇതാവര്‍ത്തിച്ച് പല വെറൈറ്റി സ്വര്‍ണ്ണമത്സ്യങ്ങളെ ആയിരക്കണക്കിനു തലമുറകള്‍ വളര്‍ത്തിയാണ്‌ ഇന്നത്തെ രൂപത്തിലാക്കിയത്. കഴിഞ്ഞ നൂറ്റാണ്ടോടെ ലൈറ്റിങ്ങ്, ഹോര്‍മോണ്‍ പ്രയോഗം, ജീന്‍ വ്യതിയാനം തുടങ്ങി ആധുനിക ടെക്‌നോളജിയും വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഇതിലെന്താണിത്ര രസക്കേട് എന്നല്ലേ? ഈ പണിയെല്ലാം ചെയ്താലും ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പകുതിയും രണ്ടായിരമാണ്‌ പഴക്കമുള്ള തന്റെ പഴയ വെള്ളിക്കളറിലോ അല്ലെങ്കില്‍ നിറമൊന്നുമില്ലാതെയോ അതുമല്ലെങ്കില്‍ രൂപഭേദം വന്നോ ആകും ജനിക്കുക. അവറ്റയുടെ കാര്യം സ്വാഹ. ഏതാണ്ട് ഒരുമാസം മുതല്‍ രണ്ടുമാസം വരെ പ്രായമാകുമ്പോള്‍ നിറത്തിന്റെയോ രൂപത്തിന്റെയോ കുറവുണ്ടായി എന്ന ഒറ്റക്കുറ്റത്തിനു മീന്‍ ആയിരുന്ന അവ മീന്‍‌തീറ്റയാക്കപ്പെടുന്നു.

ഇതെന്താണിങ്ങനെ സംഭവിക്കുന്നതെന്ന് അതിശയിക്കാനില്ല.

മെലാനിന്‍, കരോട്ടിനിഡ്, ടെറിഡൈന്‍ പിഗ്മെന്റുകള്‍ അടങ്ങുന്ന മെലാനോഫോര്‍,എറിത്രോഫോര്‍, സാന്തോഫോര്‍ എന്നീ തരം പിഗ്മെന്റ് സെല്ലുകളാണ്‌ സ്വര്‍ണ്ണമത്സ്യങ്ങളുടെ നിറം നിര്ണ്ണയിക്കുന്നത്. കൃത്യമായ ഇവയുടെ ബാലന്‍സ് ഉള്ള മീനുകള്‍ എന്തു തീറ്റ കൊടുത്താലും അതിന്റെ വന്യ നിറം നിലനിര്‍ത്തും. പിഗ്മെന്റ് സെല്ലുകള്‍ ഇല്ലാത്ത മീനുകള്‍ വെളുത്ത നിറവും. മെലാനോഫോറുകള്‍ അധികമായ മീനുകള്‍ കറുത്തിരിക്കും. എറിത്രോഫോറുകള്‍ കൂടുതലുള്ള മീനുകള്‍ക്ക് നിറം കൂടാനുള്ള വെളിച്ചവും ഭക്ഷണവും നല്‍കിക്കഴിഞ്ഞാല്‍ അവ സ്വര്‍ണ്ണവര്‍ണ്ണവും ചുവന്ന നിറവുമൊക്കെ സ്വീകരിക്കും കൃത്രിമമായ ടാങ്ക് അന്തരീക്ഷത്തില്‍. വന്യസാഹചര്യമൊരുക്കിയാല്‍ ഈ കടും നിറക്കാരും അവരുടെ പരമ്പരയും അതിന്റെ സ്വഭാവിക നിറത്തിലേക്ക് തിരിച്ചു പോകും. കാര്യമായ ജനിതക വ്യതിയാനമൊന്നും നിറത്തിന്റെ കാര്യത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് തന്നെ പറയാം, ബ്രീഡിങ്ങ് അവയുടെ രൂപത്തിനു ഭേദം വരുത്തിയിട്ടുണ്ടെങ്കിലും. ഇക്കാരണം കൊണ്ട് തന്നെ നിറം നഷ്ടപ്പെടല്‍ ഭക്ഷണം ഫലിക്കാത്തതിന്റെയോ പ്രകാശം ശരിക്കു ലഭിക്കാത്തതിന്റെയോ ആരോഗ്യം വഷളായതിന്റെയോ ലക്ഷണമായാണ്‌ അക്വാറിസ്റ്റുകള്‍ പ്രാഥമിക നിഗമനം നടത്താറ്‌.

ജന്തുശാസ്ത്രത്തില്‍ കാര്യമായ അറിവൊന്നുമില്ലാതിരുന്ന കാലത്തേ സെലക്റ്റീവ് ബ്രീഡിങ്ങ് നടത്തി ജയിച്ച അപൂര്‍വ്വം കഥകളില്‍ ഒന്നായിരിക്കാം സ്വര്‍ണ്ണമത്സ്യകൃഷി.

Photographs in this post are reproduced from Wikipedia under creative commons license, with due credit to original publishers.

Thursday, October 8, 2009

അച്ഛന്‍

1
അച്ഛാ, വിശക്കുന്നല്ലോ.
എല്ലാ അഞ്ചു മിനുട്ടിലും ബസ്സ് വരും സ്റ്റാച്യൂ ജംഗ്ഷനില്‍. പത്തു മിനുട്ട് ബസ്സിലിരുന്നാല്‍ വീട്ടിലെത്താം. എന്റെ വിശപ്പ് ചായക്കട ശാപ്പാടിനോടുള്ള കൊതിയാണെന്ന് അച്ഛനു മനസ്സിലാവുമെന്ന് എനിക്കറിയാം, എന്നാലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു ഒരു മര്യാദയൊക്കെയില്ലേ.

ഇപ്പോഴോ? ഊണു കഴിക്കണോടോ?
വേണ്ട മസാലദോശ മതി.

ശരി വരൂ. അച്ഛന്‍ കുട നിവര്‍ത്തി.
അങ്ങോട്ടല്ല, ഇങ്ങോട്ട്. ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശ അയ്യം. ബീറ്റ് റൂട്ട് ഇടും അവരതില്‍. അഴുക്ക രുചീം ചെവല കളറും.

ഇങ്ങോട്ട് എവിടെ?
അരുള്‍ ജ്യോതിയില്‍.

അതു പ്രശ്നമായല്ലോടോ. അച്ഛനു അരുള്‍ ജ്യോതി ഇഷ്ടമല്ല.
അവിടത്തെ മസാലദോശയ്ക്ക് ഭയങ്കര ടേസ്റ്റാന്ന് തോനേ ഫ്രണ്ട്സ് പറഞ്ഞച്ഛാ. അച്ഛന്‍ ഒന്നു ട്രൈ ചെയ്ത് നോക്കൂ.

എന്റെ ഇഷ്ടക്കേട് ദോശയിലല്ലെടോ.
പിന്നെ അവിടെ വൃത്തിയില്ലേ?

അതുമല്ല.
കാശു തോനേ ആവുമോ?

അതുമല്ല. നിന്റെ പ്രായത്തിലുള്ള കുട്ടികളാണ്‌ അവിടെ അടുക്കളപ്പണി ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ. എനിക്കത് സഹിക്കില്ല.
അപ്പോ എനിക്കു അവിടത്തെ ദോശ കിട്ടില്ലെന്നു പറ.

അങ്ങനെ ഞാന്‍ പറഞ്ഞില്ല. ഞാന്‍ അവിടെ കയറില്ല. തനിക്കു പോകണമെങ്കില്‍ പൈസ തന്നിട്ടു ഞാന്‍ വെളിയില്‍ നില്‍ക്കും.

അച്ഛാ.
പറയെടോ.

ഈ കുട്ടികളെല്ലാം പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ടല്ലേ അവര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നത്?
അതേടോ.

അപ്പോ ആ കുട്ടികള്‍ ജോലി ചെയ്തില്ലെങ്കില്‍ അവരെങ്ങനെ ജീവിക്കും?
ദാരിദ്ര്യം മാറാന്‍ കുട്ടികള്‍ ജോലി ചെയ്യുന്നതുകൊണ്ട് പറ്റില്ല. ഈ കുട്ടികള്‍ക്ക് എന്തെങ്കിലും നിസ്സാരമായ തുട്ടുകളും കുറച്ചു ഭക്ഷണവും കുറേ അടിയും ആണ്‌ കിട്ടുന്നത്. അവരുടെ അദ്ധ്വാനത്തിനു മാന്യമായ വില കൊടുക്കാത്തതുകൊണ്ട് നമ്മള്‍ ദോശയ്ക്ക് കൊടുക്കുന്ന പൈസയില്‍ര്‍ഹിക്കുന്നതില്‍ കൂടുതല്‍ ലാഭം കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്ന ഒരു കടയുടമയ്ക്ക് കിട്ടുകയാണു ചെയ്യുന്നത് എന്നാണ്‌ അച്ഛന്‍ കരുതുന്നത്.

ആരും ഈ ഹോട്ടലില്‍ കഴിച്ചില്ലെങ്കില്‍ ആ കുട്ടികള്‍ എന്തു ചെയ്യും?
കുട്ടികള്‍ ഒരുപക്ഷേ കൂടുതല്‍ ബുദ്ധിമുട്ടിയേക്കും കുറച്ചു കാലം, അവര്‍ ഒരു പക്ഷേ പഠിക്കാന്‍ പോയെന്നും വന്നേക്കാം, തന്നെപ്പോലെ.

പട്ടിണി കിടന്ന് അവര്‍ ചത്തുപോയാല്‍ അച്ഛനു ഇവിടെ ഇന്നു കയറാത്തതില്‍ വിഷമം തോന്നില്ലേ?
ഒരു കുട്ടിയുടെ കാര്യം മാത്രമായി ചിന്തിക്കുമ്പോള്‍ വരുന്ന പ്രശ്നമാണതെന്ന് ഞാന്‍ വിചാരിക്കുന്നു. ഒരു കുട്ടിയെ ഈ ജോലിക്കെടുത്താല്‍ ഒരു മുതിര്‍ന്നയാളിനെ ഈ ജോലിക്കെടുക്കുമ്പോലെ അങ്ങനെ കാര്യമായ ശമ്പളം ഒന്നും കൊടുക്കേണ്ട. അപ്പോള്‍ ഹോട്ടലുടമ ഒരു കുട്ടിയെ ജോലിക്കു വയ്ക്കുന്നു. ഒരു മുതിര്‍ന്നയാളിനു അങ്ങനെ ജോലി കിട്ടാതെയാവുന്നു. ഈ കുട്ടി ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമൊക്കെയായി കുറേക്കാലം ജീവിച്ച് ആരുമല്ലാതെ അകാലത്തില്‍ മരിക്കുന്നു. ജോലിയില്ലാതെയായ ആ മുതിര്‍ന്നയാളിന്റെ കുട്ടിക്ക് വഴിയില്ലാതെ ഈ ജോലിക്കു പോകേണ്ട ഗതികേടുണ്ടാവുന്നു. കുട്ടികള്‍ ജോലിക്കു വരാന്‍ കാരണം ദാരിദ്ര്യമാണെന്ന തന്റെ വീക്ഷണം ശരി തന്നെ, പക്ഷേ ആ ദാരിദ്യം ഒരിക്കലും വിട്ടൊഴിയാതെ പോകുന്നതില്‍ ഈ കുട്ടികള്‍ ജോലി ചെയ്യുന്നതും ഒരു കാരണമായിത്തീരുന്നു എന്ന് അച്ഛന്‍ വിശ്വസിക്കുന്നു.

മനസ്സിലായില്ലച്ഛാ, ഒന്നും മനസ്സിലായില്ല.
ഞാന്‍ വിവരിച്ചത് ശരിയായില്ലെന്നു തോന്നുന്നു. ശരി. എനിക്കു തന്നെ നോക്കാന്‍ കയ്യില്‍ പണമൊന്നുമില്ലെന്നു വിചാരിക്കൂ. നിവൃത്തികെട്ട് ഞാന്‍ തന്നെ ഭിക്ഷക്കാര്‍ക്കു വിറ്റു. അവര്‍ തന്റെ കയ്യും കാലും പൊള്ളിച്ച് ഭിക്ഷയെടുക്കാന്‍ വിട്ടു. താന്‍ പഠിക്കാതെ, ഭക്ഷണം കിട്ടാതെ, രോഗം വരാതിരിക്കാന്‍ കുത്തിവയ്ക്കാതെ, അസുഖക്കാരനായി വളര്‍ന്നു. മറ്റൊരു ഭിക്ഷക്കാരിയെ കല്യാണം കഴിച്ചു, തനിക്കും മക്കളായി. അവരെ നീ വളര്‍ത്താന്‍ വഴിയില്ലാതെ ഭിക്ഷയ്ക്കു തന്നെ ഇറക്കേണ്ടി വരികയേയുള്ളു, ആരുടെ കുറ്റം?

എന്നെ തെണ്ടിച്ചെങ്കില്‍ അത് അച്ഛന്റെ കുറ്റം, ഒറപ്പ് തിത്തിത്തൈ!
ശരിയാണ്‌, ഓരോ ആവര്‍ത്തി കഴിയുന്തോറും പട്ടിണി കാരണവും ഫലവുമായി കൂടിക്കൂടി വരുന്ന ചക്രത്തിനു ഞാന്‍ തന്നെ തുടക്കമിട്ടു.

ഇപ്പോ ഏതാണ്ട് പൊഹ പോലെ മനസ്സിലായി.
വിശക്കുന്ന തന്നോട് കൂടുതല്‍ തര്‍ക്കിക്കുന്നില്ല. അരുള്‍ ജ്യോതിയിലാണു പോകുന്നതെങ്കില്‍ ഞാന്‍ ഈ മരത്തിന്റെ താഴെ നില്‍ക്കാം, ഇതാ പൈസ.

വേണ്ട, കോഫീഹൗസില്‍ തന്നെ പോകാം.
പോകാം.

പക്ഷേ, ചെവല മസാലദോശ ഞാന്‍ കഴിക്കില്ല. കട്ലറ്റ് വേണം, നാലെണ്ണം. കോള്‍‌ഡ് കോഫീം വേണം. എനിക്കു ദോശകിട്ടാത്തതിന്റെ പ്രതികാരമാ, അച്ഛന്റെ ചക്രം പത്ത് പൊടിയട്ടെ!

താന്‍ ആ ദോശ കഴിക്കരുതെന്ന് ഞാന്‍ പറഞ്ഞോ, ഞാന്‍ കഴിക്കുന്നില്ലെന്നല്ലേ പറഞ്ഞുള്ളു.
പക്ഷേ എനിക്കു ഒരിക്കലും ആ ദോശവേണ്ടാതാക്കിയില്ലേ അച്ഛന്‍?

ഇല്ല. അവിടെ കയറിയിരുന്നെങ്കിലും താന്‍ തിരിച്ചിറങ്ങുമ്പോള്‍ ഇനി ഒരിക്കലും വരില്ലെന്നു പറഞ്ഞേനെ. ആ അസുഖകരമായ അനുഭവം ഞാനങ്ങ് ഒഴിവാക്കിയെന്നേയുള്ളു.

ഉറപ്പുണ്ടോ അച്ഛനത്?
ഉണ്ട്.

എങ്ങനെ?
എനിക്കു തന്നെ അറിയാമെടോ.

അച്ഛാ?
പറയെടോ.

എനിക്കറിയാവുന്ന ഒരുപാടു പിള്ളേര്‍ അവിടെ പോയി സ്ഥിരം കഴിക്കാറുണ്ടല്ലോ.
കണ്ണടയ്ക്കാന്‍ എളുപ്പമാണെടോ, അല്ലേ?
അതേ.

Wednesday, October 7, 2009

മാന്തോപ്പിന്റെ കാവല്‍‌പ്പട



പുളിയുറുമ്പിനെ എന്തിനു കൊള്ളാം?
ബാല്യകാലസഖിക്കു മാങ്ങ പറിച്ചുകൊടുക്കാന്‍ മാവില്‍ കയറിയപ്പോള്‍ വന്നു കടിച്ചു വേദനിപ്പിച്ച് സഹതാപജന്യസ്നേഹം ഉണ്ടാക്കിയ കഥാപാത്രമാക്കാന്‍ കൊള്ളാം. നമുക്കത്രകാര്യമൊന്നുമല്ല ഇവനെ. ചൂട്ടെരിച്ച് കൊല്ലാം അല്ലെങ്കില്‍ ചുണ്ണാമ്പിട്ടും കക്കയിറച്ചി വച്ചും ഒരിടത്താക്കി മണ്ണെണ്ണയൊഴിച്ച് കത്തിക്കാം ഇവന്മാരെ. "ഉറുമ്പിനെപ്പോലെ" ചവിട്ടിഞെരിച്ച് കൊന്നാല്‍ കൂടുതല്‍ രസം.

സൂപ്പര്‍ജീവി എന്നാണ്‌ ഉറുമ്പുകളെ വിശേഷിപ്പിക്കുന്നത്. അതിലെ തന്നെ സുപ്പീരിയര്‍ ജീവികളില്‍ പെടുന്നു പുളിയുറുമ്പ് അല്ലെങ്കില്‍ മീറ് എന്ന റെഡ് വീവര്‍ ആന്റ് (oecophylla smaragdina). ഒരു റാണിയുടെ(അപൂര്‍വ്വമായി രണ്ടു റാണിയും ഉണ്ടാകാറുണ്ടത്രേ. ) മുട്ടവിരിയുമ്പോള്‍ ജനിക്കുന്നവര്‍മാര്‍ രാജകുമാരന്മാരല്ല, അവര്‍ പടയാളികളും കൂലിപ്പണിക്കാരുമായി ജീവിക്കുന്ന സാധാരണ കോളനിവാസികളാണ്‌. ഇവരാണ്‌ കൂടുണ്ടാക്കുന്നത്. ഒരുറുമ്പിന്‍‌കൂട് ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ അന്തം വിട്ടുപോകും. പൊതുവില്‍ നീണ്ട് വാളിന്റെ ആകൃതിയുള്ള ഇലകളാണ്‌ ഇവര്‍ കൂടുണ്ടാക്കാന്‍ തിരഞ്ഞെടുക്കാറ്‌. ആദ്യമായി ഇലകളെ അടുത്തടുത്തേക്ക് വളച്ചുകൊണ്ട് വരണം. ഇവര്‍ മുകളിലുള്ള ഇലകളില്‍ കുറേ കൂലിക്കാരെ കയറ്റി നിര്‍ത്തി ഭാരം മൂലം ഇല താഴ്ത്തുന്നു. എത്ര ഉറുമ്പുകയറിയാല്‍ ഒരു മാവില അനങ്ങുമെന്ന് ആലോചിച്ചു നോക്കിക്കേ, ഒരു ഉറുമ്പിന്‍ ചങ്ങല പോരാ, ഒരു ഉറുമ്പുമതില്‍ പോരാ, ഒരു ഉറുമ്പാരം തന്നെ വേണ്ടിവരും. കാറ്റിന്റെ ആയവും ഇതിന്നുപയോഗിക്കും ഇവര്‍. ഇല അടുത്തു കഴിഞ്ഞാല്‍ അടുത്ത ബറ്റാലിയന്‍ എത്തി ഇലകളെ വളച്ച് കൂടിന്റെ ആകൃതിക്കു ചേരുന്ന രൂപത്തില്‍ പിടിക്കുന്നു. മൂന്നാമത്തെ ബറ്റാലിയന്‍ അപ്പോഴാണ്‌ എത്തുക. അവര്‍ വെറും കയ്യോടെയല്ല വരിക, കോളനിയിലെ ഉറുമ്പുകുഞ്ഞുങ്ങളെയെല്ലാം തൂക്കിയെടുത്ത് ഇവര്‍ ഇലകള്‍ യോജിപ്പിക്കേണ്ട ഏരിയയില്‍ എത്തുന്നു. താലോലിക്കുകയാണോ അതോ കൊരവള്ളിക്കു പിടിക്കുകയാണോ എന്നു നിശ്ചയമില്ല, ആ കുഞ്ഞുങ്ങളെ ഇവര്‍ അവിടെ കൊണ്ടുവച്ച് ചില്ലറ പ്രയോഗങ്ങളൊക്കെ നടത്തുമ്പോള്‍ കുഞ്ഞുറുമ്പുകള്‍ ചിലന്തിയുടെ സില്‍ക്ക് പോലെ ഒരു പശയുള്ള ദ്രാവകം സ്രവിപ്പിക്കും. മേസ്തിരിയുറുമ്പുകള്‍ ഈ ദ്രാവകം കൊണ്ട് ഇലകള്‍ കൂട്ടിയൊട്ടിക്കും. നിരവധി ഭാരം തൂക്കല്‍, ജോയിനിങ്ങ് ഒട്ടിക്കല്‍ ഒക്കെ കഴിയുമ്പോള്‍ ഈ കോളനിയുടെ കോട്ടയായ ഉറുമ്പിന്‍ കൂട് സജ്ജമായി. റാണി അതിന്നുള്ളില്‍ കൂടുതല്‍ മുട്ടകളിട്ട് കോളനി വികസിപ്പിക്കുന്നു. ഒരു കോളനിക്കു തന്നെ ഒരു മരത്തിലോ പല മരത്തിലോ ആയി നിരവധി കൂടുകള്‍ ഉണ്ടാകാം.

ഓരോ ഉറുമ്പിന്‍ കോളനിക്കും തങ്ങളുടെ മണം തിരിച്ചറിയാം. അതിനാല്‍ സ്വന്തം പട്ടാളത്തെയും എതിര്‍പാളയങ്ങളെയും അവര്‍ക്ക് നിഷ്പ്രയാസം തിരിച്ചറിഞ്ഞ് അതിക്രമമുണ്ടായാല്‍ മഹായുദ്ധമാക്കിത്തീര്‍ത്ത് സ്വയം സം‌രക്ഷിക്കാന്‍ കഴിയും. നിരവധി ആശയങ്ങള്‍- ആഹാരം, വഴി, ശത്രു, മിത്രം എന്നിങ്ങനെ പലതും വേഗത്തില്‍ സ്വന്തം കോളനിയിലെ എല്ലാവര്‍ക്കും കൈമാറാനും ഉറുമ്പുകള്‍ക്ക് കഴിയും. ഫിലിപ്പൈന്‍സിലും തായ്‌ലന്റിലും ഇവറ്റയുടെ മുട്ടയും മറ്റും വിശിഷ്ടഭോജ്യങ്ങളാണ്‌.

എത്രമിടുക്കന്മാരാണെങ്കിലും മൂവാണ്ടന്മാവിന്മേല്‍ കയറുമ്പോള്‍ ദേഹം കടിച്ചു നീറ്റുന്ന ഇവര്‍ മനുഷ്യനു ഒരു ശല്യം തന്നെയാണെന്ന തോന്നുന്നുണ്ടോ? ആനവയറന്മാരും ആര്‍ത്തിപ്പണ്ടാരങ്ങളുമായ ഇവര്‍ വൃക്ഷങ്ങളില്‍ വരുന്ന കീടങ്ങളെയും പുഴുക്കളെയും മുച്ചൂടും തിന്നു തീര്‍ത്തുകളയും. ഒരൊറ്റ കീടവും അതിന്റെ മുട്ടയും മാവിലും പ്ലാവിലും ഒക്കെ വന്നു കയറാതെ നോക്കാന്‍ ലക്ഷങ്ങള്‍ പോന്ന, അതിവേഗത്തില്‍ സഞ്ചരിക്കുന്ന എപ്പോഴും പട്രോളിങ്ങ് നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു പുളിയുറുമ്പിന്‍ കോളനിക്കു കഴിയും.

രണ്ടായിരം കൊല്ലത്തോളം പഴക്കമുള്ള ചൈനീസ് കൃഷിരീതിയായിരുന്നു പുളിയുള്ള പഴങ്ങള്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ പുളിയുറുമ്പിന്‍ കൂട് തേനീച്ചക്കൂടു പോലെ വളര്‍ത്തല്‍. ഈയിടെയായി ഓര്‍ഗാനിക്ക് ഫാമിങ്ങിനു പ്രചാരമേറിയതോടെ കെനിയയിലെയും വിയറ്റ്‌നാമിലെയും മാവു കൃഷിക്കാര്‍ ബയോളജിക്കല്‍ പെസ്റ്റ് കണ്ട്റോളിന്‌ ഈ ചൈനീസ് രീതി പിന്‍‌തുടര്‍ന്ന് തുടങ്ങി.

വീവര്‍ ആന്റുകള്‍ മനുഷ്യന്റെ സുഹൃത്തുക്കളാണ്‌. മാങ്ങ പറിക്കാന്‍ കയറുമ്പോള്‍ മീന്‍ തലയിട്ട് ഇവരെ ക്ഷണിച്ചു വരുത്തി പന്തം കൊണ്ട് കത്തിക്കുന്ന ഇടപാട് നമ്മുടെ നാട്ടിലുണ്ട്. അടുത്ത മാങ്ങക്കാലത്ത് പുഴുവരിച്ച മാങ്ങയും കിട്ടുന്നതും കുലമറിഞ്ഞ് കായ്ഫലവും കുറയുന്നതും ഈ പട്ടാളം മാവു കാക്കാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ക്കു മനസ്സിലാവേണ്ടതുണ്ട്.

ഉറുമ്പുകടി ഏല്‍ക്കാതെ മാവിന്‍ കയറാന്‍ കൈകാലുകളില്‍ കുറച്ച് ചാരം വാരിത്തേച്ചാല്‍ മതിയാവും. ഒരു കിഴി കെട്ടി ചാരം അരയില്‍ തൂക്കുന്നതും രക്ഷ തരും. ഗന്ധം കൊണ്ട് കാര്യം മനസ്സിലാക്കുന്ന ഉറുമ്പുകള്‍ക്ക് ചാരത്തിന്റെ മണം ഭയമാണ്‌.

Sunday, October 4, 2009

ആദരാഞ്ജലികള്‍


ജ്യോനവന്‍, നീ പോയാലും ഞങ്ങള്‍ മറക്കില്ല.

ഒരിക്കലും.

Thursday, October 1, 2009

തേക്കടിയിലെ ബോട്ടുയാത്രയെപ്പറ്റി

വീട്ടിലേക്ക് മടങ്ങുമ്പോള്‍ റേഡിയോയിലാണ്‌ പെരിയാര്‍ തടാകത്തില്‍ ബോട്ട് മറിഞ്ഞ വാര്‍ത്ത കേട്ടത്. വീട്ടിലെത്തി കുറേ നേരം ടീവി വാര്‍ത്ത നോക്കി. മരിച്ചുപോയവരുടെയും ആസന്നമൃതരുടെയും വിശദദൃശ്യങ്ങളും വിവരണങ്ങളും ടെലിവിഷന്‍ ലൈവില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ ഓഫ് ആക്കി വച്ചു. മൃതര്‍ക്കും അവശര്‍ക്കും തങ്ങളുടെ സ്വകാര്വത കാക്കാനാവില്ലല്ലോ, അവരുടെ ഭീദിതവും ദയനീയവുമായ ദൃശ്യങ്ങളെ വ്യക്തമായി കാണിക്കുന്ന ദൃശ്യങ്ങള്‍ അനാവശ്യമാണെന്ന തോന്നല്‍ മൂലം അത്തരം വാര്‍ത്തകള്‍ ഞാന്‍ കാണാറില്ല.

കുറച്ചു മാസങ്ങള്‍ക്കു മുന്നേ ഞാനും തേക്കടിയില്‍ പോയിരുന്നു, ഭാര്യയും കുഞ്ഞുമൊപ്പം. അരണ്യനിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും മണപ്പുറം എന്ന സ്ഥലം വരെ ഏതാണ്ട് രണ്ടര മണിക്കൂര്‍ ആണ്‌ കെ റ്റി ഡി സിയുടെ പെരിയാര്‍ തടാകത്തിലെ ബോട്ട് സവാരി.

ടിക്കറ്റ് നല്‍കുന്നയിടത്തു നിന്ന് ബോട്ട് ജട്ടി കാണാന്‍ പോലുമാകില്ല എന്നതിനാലാവണം, ആളുകളുടെ എണ്ണവും ബോട്ടുകളുടെ ലഭ്യതയും തമ്മില്‍ ബന്ധമൊന്നും കാണാനായില്ല. അതിനിടെ ചില വിരുതന്മാര്‍ ടിക്കറ്റ് എടുക്കാതെ മതില്‍ ചാടി ജട്ടിയിലെത്തുന്നതും കണ്ടു.

പലബോട്ടുകളും തകരാറിലായിരുന്നു. ഒരു മണിക്കൂറോളം വെയിലത്ത് കാത്തു നിന്നു ഒടുക്കം ബോട്ടെത്തി.


ഒരു സ്രാങ്കും ഒരു ഡ്രൈവറും ഒരു സഹായിയുമായിരുന്നു ബോട്ടില്‍. രണ്ടു തട്ടിലായി നൂറോളം പേര്‍ കയറി. ബോട്ടിനു മേല്‍ ചൈനീസ് ഡിസ്കൗണ്ട് സ്റ്റോറുകളില്‍ ലഭിക്കുന്ന തരം പ്ലാസ്റ്റിക്ക് സീറ്റുകള്‍ ആയിരുന്നതിനാല്‍ കയറിയവര്‍ തന്നെയാണോ സീറ്റിങ്ങ് കപ്പാസിറ്റി എന്നൊന്നും അറിയാന്‍ നിവൃത്തിയില്ലായിരുന്നു. സുരക്ഷാ നിര്‍ദ്ദേശങ്ങളൊന്നുമില്ലായിരുന്നു. ലൈഫ് ജാക്കറ്റുകളും ലഭ്യമായിരുന്നില്ല. കുറച്ചു ലൈഫ്‌ബോയ്കള്‍ ബോട്ടിന്റെ റൂഫിനു മുകളിലും രണ്ടെണ്ണം പിന്‍‌വശത്തും തൂക്കിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് എത്തിയെടുക്കാനും കഴിയില്ല. (മേലേ ചിത്രത്തില്‍ കാണുന്നത് മറ്റൊരു ചെറിയ ബോട്ടാണ്‌ അതില്‍ ലൈഫ്‌ബോയികള്‍ കയ്യെത്തി എടുക്കാമെന്ന് തോന്നുന്നു) യാത്രയിലുടനീളം യാത്രികര്‍ എഴുന്നേറ്റ് നടക്കുകയായിരുന്നു.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറ്റും അതിഥികള്‍ സവാരി ചെയ്യുന്ന മരക്കലങ്ങളുടെ അവസ്ഥ കണ്ടപ്പോഴാണ്‌ ഉള്ളതില്‍ കാഴ്ച്ചക്കെങ്കിലും ഭേദം കെ റ്റി ഡി സി ബോട്ടുകളാണെന്ന് മനസ്സിലായത്.



പെരിയാര്‍ തടാകം യഥാര്‍ത്ഥ തടാകമല്ല, മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണം മൂലം കരയില്‍ വെള്ളം കയറി തടാകമായതതാണ്‌.

മരക്കുറ്റികളും പാറകളും എമ്പാടും നിറഞ്ഞ ഈ ജലാശയത്തിലൂടെ ബോട്ടുകള്‍ വളഞ്ഞു പുളഞ്ഞ് എവിടെയും തട്ടാതെ പോകുന്നത് സ്രാങ്കിനുള്ള സ്ഥലപരിചയം വച്ച് മാത്രമാണ്‌. ജലനിരപ്പും അടിത്തട്ടിലെ പാറകളും തിരിച്ചറിയാനും യാതൊരു സം‌വിധാനവുമില്ല.ബോട്ടു മുങ്ങി അപകടമുണ്ടാവാനാനുള്ള സാദ്ധ്യതയെക്കാള്‍ ബോട്ട് ഉലയുമ്പോള്‍ പ്ലാസ്റ്റിക്ക് കസേരകളില്‍ നിന്ന് ആളുകള്‍ വെള്ളത്തില്‍ തെറിച്ചുവീഴാനുള്ള സാദ്ധ്യതയാണ്‌ കൂടുതലായി തോന്നിയത്. എത്തിയും ഉന്തിയും വെള്ളം തൊടാനും ഫോട്ടോ എടുക്കാനും ശ്രമിക്കുന്നവര്‍ മറിഞ്ഞു വെള്ളത്തില്‍ പോകാനും സാദ്ധ്യതയേറെ.




ഇടയ്ക്ക് ഒരു പറ്റം കാട്ടുപോത്തുകളെ കണ്ട് ജനം ക്യാമറകളും നീട്ടി ആ വശത്തേക്ക് എഴുന്നേറ്റോടി. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞവരെ അവഗണിച്ചും പുച്ഛിച്ചും തള്ളിക്കളഞ്ഞ് കൊള്ളാവുന്നതും ചുണ്ണാമ്പിടാവുന്ന പരുവത്തിലുള്ളതുമായ ക്യാമറകളും മൊബൈലുകളും പുറത്തേക്ക് നീട്ടി ജനം പടമെടുത്ത് ആര്‍മ്മാദിച്ചു.




ഇവന്മാരെ മര്യാദയ്ക്കിരുത്തിയില്ലെങ്കില്‍ നമ്മളെല്ലാം മുങ്ങുമല്ലോ എന്ന് ഭയന്നപ്പോള്‍ "തേക്കടിയില്‍ ഇന്നോളം ഒരു ബോട്ടും മുങ്ങിയിട്ടില്ല" എന്നായിരുന്നു ഒരു സ്ഥിരം ടൂറിസ്റ്റിന്റെ ആശ്വാസവാക്ക്.

ഇനിയിപ്പോള്‍ ആ ഇന്നോളവുമില്ല. ഭാരം കൂടിയ തടി ബോട്ടുകള്‍ ഓടിച്ചു ശീലിച്ച ജീവനക്കാര്‍ക്ക് ഭാരം കുറഞ്ഞ പുതിയ ഫൈബര്‍ ബോട്ടിന്റെ ഹള്‍‌വെയിറ്റും കാപ്സൈസിങ്ങ് റിസ്കും എങ്ങനെ മാറുമെന്ന് വ്യക്തമായി ധാരണയില്ലാഞ്ഞിട്ടാവാം.

ബോട്ട് ചെറിയ ആംഗിളില്‍ തിരിയുമ്പോള്‍ യാത്രക്കാരും ആ വശത്തേക്കോടിയിട്ടോ മറുവശത്തേക്ക് ഓടിയതിന്റെ ശേഷമുള്ള അപ്റൈറ്റിങ് ആക്ഷന്‍ കൊണ്ടോ മറിഞ്ഞതാകാം.

കുറ്റിയിലോ പാറയിലോ തട്ടിയതാകാം.

പുതിയ ബോട്ടിന്റെ നിര്‍മ്മാണപ്പിഴവാകാം.

ആദരാഞ്ജലികള്‍.

ഇനി അവിടെ പോകുന്നവര്‍ സ്വന്തം ചിലവില്‍ ഒരു ലൈഫ് ജാക്കറ്റ് കൊണ്ടുപോകുകയും യാത്ര തുടങ്ങും മുന്നേ അതു ധരിക്കുകയും ചെയ്യണമെന്ന് അപേക്ഷ. കഴിയുന്നതും ഇത്തരം എല്ലാ ജലയാനങ്ങളിലും.

അല്പ്പം ചിലവുള്ള കാര്യം തന്നെ. പക്ഷേ കോട്ടയത്തു നിന്നും കുമിളിവരേയ്ക്കു പോകാന്‍ വേണ്ട പെട്രോള്‍ ചിലവിന്റെ അത്ര പോലും വരില്ല അത്.