Saturday, October 20, 2007

കല്ലി വല്ലി

ജനിച്ചപ്പോള്‍ അയാള്‍ രണ്ടുപേര്‍ക്ക് മകനായിരുന്നു, ഒരു കുട്ടിക്ക് അനുജനായിരുന്നു. വിദ്യാഭ്യാസകാലത്ത് ഒട്ടേറെപ്പേര്‍ക്ക് സഹപാഠിയായിരുന്നു. ചെറുപ്പത്തില്‍ കുറേപ്പേരുടെ സുഹൃത്തായിരുന്നു. വിവാഹം കഴിച്ചപ്പോള്‍ ഒരു പെണ്ണിനു ഭര്‍ത്താവായിരുന്നു. കെട്ടിയവള്‍പ്രസവിച്ചകാലം ഒരു കുഞ്ഞിനു അച്ഛനായിരുന്നു. ഒരു തൊഴില്‍ വിസ വാങ്ങി ദുബായിലെത്തുമ്പോള്‍ ഒരു കമ്പനിക്ക് ലേബറര്‍ ആയിരുന്നു. അഞ്ഞൂറു ദിര്‍ഹം കൊണ്ട് മാസവൃത്തിപോലും കഴിച്ചുകൂട്ടാനാവുന്നില്ലെന്ന് കണ്ട് അയാള്‍ ഒളിച്ചോടിയപ്പോള്‍ കമ്പനി പത്രത്തില്‍ അബ്സ്കോണ്ടിങ്ങ് നോട്ടിഫിക്കയ്ഷന്‍ കൊടുത്തു. ആരും അത് ശ്രദ്ധിച്ചില്ല, കല്ലി വല്ലി.

കാറുകളും വീടുകളും കഴുകുന്ന ജോലി ചെയ്തു. ചിലരൊക്കെ പ്രതിഫലം കൊടുത്തു. പലരും കൊടുത്തില്ല. അതിനെന്താ? കല്ലി വല്ലി.

സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ പാലിനു കറവഡേറ്റ് നോക്കാന്‍ കുനിഞ്ഞു താണ ഒരുത്തി അയാളുടെ ദേഹത്ത് പിന്‍ഭാഗം ഉരസി. അവരെ കയറി മനപ്പൂര്വ്വം മുട്ടിയെന്ന് ആരോപിച്ച് ഭര്‍ത്താവും കടയിലെ സെക്യൂരിറ്റി ഗാര്‍ഡും സാധനം വാങ്ങാന്‍ അവിടെ ഉണ്ടായിരുന്നവരും ഭള്ള് പറഞ്ഞ് ഓടിച്ചു. മുട്ടിയില്ലെങ്കിലെന്ത്? കല്ലി വല്ലി.

ഏറെക്കാലം കഴിഞ്ഞ് ഭാര്യയോടൊന്നു സംസാരിക്കാന്‍ അയലത്തെ ഫോണില്‍ വിളിച്ചപ്പോള്‍ അവള്‍ പ്രായമേറെ കുറഞ്ഞ ഒരു തമിഴനുമായി ഒളിച്ചോടി തേനിക്കു പോയെന്നാണ്‌ മറുപടി കിട്ടിയത്. വീട്ടുചെലവ് കൃത്യമായി അയക്കാത്ത എന്നു തിരിച്ച് വീട്ടിലെത്തുമെന്ന് അറിയാത്ത ഒരു ഭര്‍ത്താവെന്തിന്‌ അവള്‍ക്ക്? കല്ലി വല്ലി.

എന്തെങ്കിലും പണികിട്ടുമോ എന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ നാത്ഥൂര്‍ ഇരുട്ടും നാറ്റവും നിറയുന്ന ഗാര്‍ഡ് റൂമില്‍ കയറി കുത്തിയിരിക്കാന്‍ പറഞ്ഞു. ഇറങ്ങിപ്പോരുമ്പോള്‍ തൊണ്ട പിളര്‍ന്ന് പുറത്തേക്ക് വമിക്കാനൊരുങ്ങുന്ന അഴുക്കും അടക്കി കൈ നീട്ടിയപ്പോള്‍ പ്രതിഫലമായി കൊടുക്കാമെന്നു പറഞ്ഞ പതിനഞ്ചുരൂപയ്ക്കു പകരം കരണത്തടിയും പരിഹാസച്ചിരിയുമാണു കിട്ടിയത്. എന്തിന്റെ പണം? കല്ലി വല്ലി.

വഴിവക്കിലിരിക്കുമ്പോള്‍ അഞ്ചെട്ടു ചെറുപ്പക്കാര്‍ വലിയ കാറിലെത്തി അവര്‍ സീ ഐ ഡികള്‍ ആണെന്നും ലേബര്‍ കാര്‍ഡ് കാട്ടാനും പറഞ്ഞു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോല്‍ പിടികൂടി വണ്ടിയിലാക്കി. ബീയര്‍ കുപ്പി കൊണ്ടും പാത്രങ്ങള്‍ കൊണ്ടും വെറും കൈ കൊണ്ടും പൊതിരെ അടിച്ചു. തങ്ങള്‍ സീ ഐ ഡികള്‍ അല്ലെന്നും വെറും രസത്തിനു ഉപദ്രവിക്കുന്നതാണെന്നും വണ്ടിയില്‍ വച്ച് അട്ടഹസിച്ചു ചിരിച്ച് അവര്‍ പറഞ്ഞു. ഒടുക്കം വഴിയോരത്ത് പുറത്തേക്കെറിയാന്‍ നേരം ഒരുത്തന്‍ പറഞ്ഞു, ഞങ്ങള്‍ തല്ലിയെന്ന് പറ്റുമെങ്കില്‍ നീ പോയി പോലീസില്‍ പറഞ്ഞോ, കല്ലി വല്ലി .

റോഡരികില്‍ നിന്നും കിട്ടിയ അജ്ഞാതനെ നട്ടെല്ലും വൃക്കയും തകര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഫോട്ടോ കണ്ട് തിരിച്ചറിയാവുന്നവര്‍ തങ്ങളോട് ബന്ധപ്പെടണമെന്നും പോലീസ് പത്രപ്പരസ്യം കൊടുത്തു. ആരും ശ്രദ്ധിച്ചില്ല, കല്ലി വല്ലി.

അവകാശികളില്ലാത്ത ബോഡി വസ്ത്രങ്ങള്‍ മാറ്റി പരിശോധിച്ച് ഇസ്ലാം വിശ്വാസിയെന്ന് തോന്നുന്നെങ്കില്‍ ഖബര്‍സ്ഥാനില്‍ അടക്കാനും അല്ലെങ്കില്‍ ശ്മശാനത്തില്‍ കൊണ്ട് ദഹിപ്പിക്കാനുമായിരുന്നു ജീവനക്കാരനു കിട്ടിയ ഓര്‍ഡര്‍. അയാളതിനു മിനക്കെട്ടില്ല. ഏതു മത വിശ്വാസിയാണെങ്കിലെന്ത്? കല്ലി വല്ലി.

ഓ, ഈ കഥാപാത്രത്തിനു ഞാന്‍ പേരിട്ടില്ലല്ലോ? അല്ല ഇയാള്‍ക്ക് എന്തിനൊരു പേര്‌? കല്ലി വല്ലി.

18 comments:

അനോണി ആന്റണി said...

കല്ലി വല്ലി എന്നാല്‍ അറബിയില്‍ who cares എന്നര്‍ത്ഥം.

റെഡിസന്‍സി നിയമങ്ങള്‍ തെറ്റിച്ച് ജീവിക്കുന്ന അനധികൃത താമസക്കാരെ ദുബായില്‍ കല്ലി വല്ലി എനാണ്‌ ആക്ഷേപരൂപത്തില്‍ വിളിക്കാറ്‌.

ദിലീപ് വിശ്വനാഥ് said...

അടിപൊളി. ഇത്രയ്ക്കു നന്നായി ഗള്‍ഫിലെ തൊഴിലാളി ജീവിതം വരച്ചു കാട്ടുന്ന ഒരു പോസ്റ്റ് വേറെ ഇല്ല.

കൊച്ചുത്രേസ്യ said...

ശോ ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം..

ഓ.ടോ 'കല്ലി വല്ലി' എന്നത്‌ ത്രിശൂര്‍ മലയാളമാണെന്നാ ഞാന്‍ ഇത്രയും കാലം വിചാരിച്ചിരുന്നത്‌!!!

Ralminov റാല്‍മിനോവ് said...

അഞ്ഞൂറ് ദിര്‍ഹം കൊണ്ടു് കഴിഞ്ഞുകൂടാന്‍ പറ്റാത്തവര്‍ ഒളിച്ചോടാതെ തിരിച്ചു് നാട്ടില്‍ പോയി കുഞ്ഞുകുട്ടിപരാധീനങ്ങളുമായി ജീവിക്കണം എന്നതായിരിക്കണം ഇതിന്റെ സന്ദേശം.

"കാട്ടു്കോഴിക്കെന്തു് സംക്രാന്തി"

വല്യമ്മായി said...

എല്ലാത്തിനുമൊടുവില്‍ മരണം മുന്നില്‍ കാണുമ്പോള്‍ നമുക്ക് തോന്നുമായിരിക്കും അതു വരെയുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം കല്ലി വല്ലി എന്ന് :)

ക്രിസ്‌വിന്‍ said...

തെണ്ടിയാലും നാട്ടില്‍ കിടന്നുതെണ്ടും....
വിസ കിട്ടാത്തതുകൊണ്ടല്ല(കിട്ടാത്ത മുന്തിരി...)

Unknown said...

കഥ കേമമ്മായി. ഓ അതിപ്പൊ ഞാന്‍ പറഞ്ഞിട്ട് വേണോ? കല്ലി വല്ലി.

ശെഫി said...

:)

simy nazareth said...

:(

സ്നേഹത്താഴ്വര ഒന്ന് നോക്കൂ. ഇവര്‍ക്ക് എല്ലാ വെള്ളിയായ്ച്ചയും നാലുമുതല്‍ ആറുവരെ ആശുപത്രി വിസിറ്റ് ഉണ്ട്. ഇങ്ങനെ ആശുപത്രിയില്‍ നട്ടെല്ലും വൃക്കയും തകര്‍ന്നു കിടക്കുന്ന ആരുമില്ലാത്ത ഒരുപാട് പേരെക്കാണാം. ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ജയില്‍ വിസിറ്റും ഉണ്ട്.

ഞാന്‍ ഇതിനൊന്നും പോവാറില്ല. പറഞ്ഞെന്നേ ഉള്ളൂ.

ഗുപ്തന്‍ said...

മാഷേ വിഷമിപ്പിച്ചു :(

വേരറ്റുപോയാല്‍ പുല്ലാണെങ്കിലെന്ത് മനുഷ്യനാണെങ്കിലെന്ത്.. അല്ലേ..കല്ലി വല്ലി

വേണു venu said...

മാഷേ ഈ പോസ്റ്റിനോടും തോന്നുന്നു.കല്ലി വല്ലി .
എന്നോടും.:)

Murali K Menon said...

:)

പ്രയാസി said...

ഇന്നും രണ്ടൊ മൂന്നൊ പ്രാവശ്യം ഉപയോഗിച്ചു..!
കല്ലീവല്ലി..

കല്ലീവല്ലിയില്‍ കൂടി വലിയൊരു കാര്യം പറഞ്ഞു.

Harold said...

കളിയായ് കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി...ഇപ്പോള്‍ കാര്യമാ‍യി ത്തന്നെ....

ഹരിശ്രീ (ശ്യാം) said...

പേരുപോലും ഇല്ലാത്ത കഥാപാത്രത്തെക്കുറിച്ചുള്ള കഥ ഹൃദയസ്പര്‍ശിയായി.

കുഞ്ഞന്‍ said...

വരുന്നിടത്തു വച്ചു കാണാം.. ഹല്ല പിന്നെ.. കല്ലി വല്ലി..!

ബാജി ഓടംവേലി said...

അനോണി ആന്റണി,
കഥാപാത്രത്തിന് ഒരു പേരില്ലാതിരുന്നത് വളരെ നന്നായി. കല്ലി വല്ലിയുടെ കഥ കലക്കീട്ടുണ്ട്.
കഥയെന്നതിലുപരിയായി ഒത്തിരിയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയാന്‍ കല്ലി വല്ലിക്ക് സാധിച്ചു. അഭിനന്ദനങ്ങള്‍.

സഹയാത്രികന്‍ said...

നന്നായി മാഷേ... പലരും അറിയാത്ത ഗള്‍ഫ്മുഖം
:)