Wednesday, October 31, 2007

പച്ചക്കള്ളം

തല്‍ക്കാല്‍ പാസ്പോര്‍ട്ടിനു വന്നതാണാ?
അല്ല. എന്താ അങ്ങനെ ചോദിച്ചത്?
തല്‍ക്കാല്‍ തല്‍ക്കാലം കൊടുക്കുന്നില്ല.
അയ്യോ, അത് അടിയന്തിരാവശ്യത്തിനു കൊടുക്കുന്നതല്ലേ?
ആരുടെ അടിയന്തിരം ആണെങ്കിലും ശരി, ഇവിടെ സോഫ്റ്റ്വെയറേല്‍ കൊഴപ്പമാ.

ടോക്കണ്‍ നമ്പര്‍ വിളിക്കുന്നവര്‍ മാത്രം വന്നാല്‍ മതി.
ടോക്കണ്‍ എവിടെ കിട്ടും?
എന്‍‌ക്വയറിയില്‍ ചോദിക്ക്, ഇവിടല്ല.

ഇങ്ങോട്ടിരുന്നോട്ടോ?
അവിടെ ഇരുന്നാല്‍ ആ ഇരിപ്പില്‍ വേരു മുളയ്ക്കത്തേയുള്ളു. നോക്കി
നില്‍ക്കാതെ ടോക്കണ്‍ കൗണ്ടറില്‍ കേറി ഇടിച്ച് തെള്ളെടേ.

ഇതെന്താ ഇങ്ങനെ കൊണ്ടുവന്നത്? ഫോം ട്രിപ്പളിക്കേറ്റില്‍ വേണം.
ഞാന്‍ നിങ്ങടെ വെബ് സൈറ്റ് മുഴുവന്‍ ഇന്നലെ ഒറങ്ങാതിരിന്നു വായിച്ചതാ,
അതേല്‍ കണ്ടില്ലല്ല്?
വെബ്സൈറ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടില്ല. (ചെയ്യില്ല, ചെയ്യാന്‍
ഉദ്ദേശവുമില്ല, നീ ആരാടാ ചോദിക്കാന്‍?)

ചേട്ടാ ആ പേന ഒന്നു തരുമോ? ഒപ്പിട്ടിട്ട് ഇപ്പ തിരിച്ചു തരാം. ( ആ പേന
ഇപ്പോള്‍ ഏതു വഴിയേ സഞ്ചരിക്കുന്നോ എന്തോ)

യൂ ഹാവ് ഫൈവ് കൗണ്ടേര്‍സ് . ഹൗ കം നോബഡി ഗോട്ട് സേര്വ്ഡ് ഇന്‍ ലാസ്റ്റ്
ഒണ്‍ അവര്‍?
ഹൂ ആര്‍ യൂ റ്റു ആസ്ക് ദാറ്റ് ഓള്‍ഡ് മാന്‍?
കസ്റ്റമര്‍.
കസ്റ്റമര്‍? ഹ ഹ ഹ. ദിസ് ഈസ് ഗവര്‍ണ്മെന്റ് ഓക്കേ?. ഗോ സിറ്റ് ആന്‍ഡ്
കീപ്പ് യോര്‍ മൗത്ത് ഷട്ട് ഓര്‍ സെക്യൂരിറ്റി വില്‍ ഹാവ് യൂ ത്രോണ്‍
ഔട്ട് ഓഫ് ഹീയര്‍.
സന്തോഷമായി മക്കളേ, നാല്പ്പത്തഞ്ചു കൊല്ലം ഞാന്‍ ടാക്സ് അടച്ചതിനുള്ളത്
എനിക്ക് ഒന്നിച്ച് കിട്ടി.

എങ്ങോട്ടാടോ തെള്ളിക്കേറുന്നത്? പോയി ഇരിക്കവിടെ.
എന്റെ ടോക്കണ്‍ വിളിച്ച്.
വിളിച്ചേല്‍ എന്നോട് പറഞ്ഞിട്ടു പോകണം. ഞാനെന്തിനാ പിന്നെ ഇവിടെ നില്‍ക്കുന്നത്?

സഹോദരാ ദാ എന്റെ ഈ ഫോം ഒന്നു പൂരിപ്പിച്ചു തരുമോ?
സഹോദരാ, ദാ എന്നെ കൗണ്ടറില്‍ വിളിച്ച്, ഇപ്പ നേരമില്ല. അവര്‍ അടുത്ത
നമ്പര്‍ വിളിക്കും.
അല്ലെങ്കിലും മലയാളികള്‍ക്ക് ഒരു സഹായം ചെയ്യാന്‍ മനസ്സില്ല.
അതേ മനസ്സില്ല.

ദാണ്ട് പേപ്പറ്‌. ഒക്കെ ശരിയാണോ? മൂന്നാലിടത്ത് മൂന്നാലു രീതിയില്‍ പറഞ്ഞ്.
തെറ്റാണെങ്കില്‍ ഒരു മാസം കഴിയുമ്പോ റിജക്റ്റ് ആകും, അപ്പോള്‍ അറിയാം. താന്‍ പോ.
നന്ദി.
എന്തര്‌?
നന്ദി എന്ന് ഒരു ശീലം കൊണ്ട് പറഞ്ഞു പോയതാ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ.

ഗുഡ് മോര്‍ണിങ്ങ്. ഞാന്‍ തിരിച്ചെത്തി പറങ്കിച്ചേട്ടാ.
ഗുഡ് ആഫ്റ്റര്‍‌നൂണ്‍. താനിതെവിടായിരുന്നു? നിങ്ങടെ സര്‍ക്കാരില്‍ എന്തോ
ഒരു പേപ്പറു ഫയല്‍ ചെയ്യണമെന്ന് പറഞ്ഞ്‍ പോയിട്ട് അര ദിവസമോ?
ഹേയ് സര്‍ക്കാരിലെ പരിപാടി അഞ്ചു മിനുട്ടില്‍ കഴിഞ്ഞു. വരുന്നവഴി
ബാങ്കില്‍ ഒന്നു കേറി. പിന്നെ റോഡ് ബ്ലോക്കില്‍ പെട്ടു സായിപ്പേ.

അപ്പോ തന്റെ ഇന്നത്തെ ദിവസം റോഡ് ബ്ലോക്കില്‍ പാഴായോടോ ?
(എന്റെ ഇന്നത്തെ ദിവസം നീയറിയണ്ടാ സായിപ്പേ. നാണക്കേട് എനിക്കാ. )

Tuesday, October 30, 2007

ബ്ലോഗറില്ലാത്ത ബ്ലോഗന്‍ ( ഒരു വരിവെട്ടു കവിത)

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
മെയിലാലെ പോസ്റ്റുന്നുഞാന്‍
കമന്റോ‍ മെയിലായ്‍ വരുന്നു.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
ബധിരനായ ബീഥോവനെപ്പോല്‍‍
മെയിലാലെ പോസ്റ്റുന്നു ഞാന്‍.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
വളയമില്ലാതെ ചാടുന്നു ഞാന്‍
ചുവരില്ലാതെഴുതുന്നു ചിത്രം.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
കമന്റു മെയിലാലെ വിടാന്‍‍
ഗൂഗിളില്‍ വഴിയൊന്നുമീല.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
നിങ്ങളുടെ കമന്റുകള്‍ക്ക്
മറുപടിയെഴുതാനുമാവില്ല.

ഔട്ട്‌റൈറ്റ് ഔട്ട്‌റെസ്റ്റിങ്ങ്

കലാസ്നേഹികളേ, ഒന്നാം ഓണ ദിവസത്തെ കലാപരിപാടികളില്‍ അടുത്തയിനം
കഴകയറ്റമത്സരമാണ്‌. നാല്പ്പതടി ഉയരമുള്ള, എണ്ണയിട്ട കഴയില്‍ കയറി എറ്റവും
കുറഞ്ഞ സമയം കൊണ്ട് മുകളില്‍ കെട്ടിയിരിക്കുന്ന കൊടി അഴിച്ചു വരുന്ന
വീരന്‌ എട്ടു പടലയുള്ള ഒരു കുല പൂവന്‍ പഴം സമ്മാനമായി വാഗ്ദാനം
ചെയ്തിരിക്കുന്നത് ഹെഡ് ലോഡ് വര്ക്കേര്‍സ് ഓണാഘോഷ കമ്മിറ്റി.
ബെറ്റുള്ളവരെല്ലാം നേരത്തേകൂട്ടി ചാക്കുണ്ണിച്ചേട്ടന്റെ കയ്യില്‍
കാശേല്പ്പിക്കേണ്ടതാകുന്നു.

കഴകയറ്റത്തിലെ ചുടിമൂടാ മന്നന്‍ ഇരണിയല്‍ പോള്‍ കുമരേശന്‍
എത്തിച്ചേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുമായി ഡി വൈ
എഫ് ഐ അണ്ടൂര്‍ക്കോണം വാര്‍ഡിന്റെ അഭിമാനസ്തംഭനമായ ജാരന്‍, ക്ഷമിക്കണം
രാജന്‍ ഇതാ ആദ്യമായി കഴയിലേക്ക് നീങ്ങുകയാണ്‌. കയ്യടി.
പ്രോല്‍സാഹിപ്പീര്‌.

ഗും ഗുരവേ നമ: ചെം ചെഗുവേരായ നമ:
സുഹൃത്തുക്കളേ, രാജന്‍ ഇതാ കയറി തുടങ്ങി.
അപ്പ് അപ്പ് അപ്പ് അപ്പ് അപ്പ്. അതാ രാജന്‍ കൊടിയഴിച്ചു.
ഏഴു മിനുട്ട്, മുപ്പത്താറ്‌ സെക്കന്‍ഡ്.

അടുത്തതായി പോള്‍ കുമരേശന്‍ കഴകയറുന്നു. മുഴങ്ങട്ടേ കയ്യടികളും ആര്‍പ്പുവിളിയും.
കടവുളേ കാപ്പാത്ത്.
അപ്പ് അപ്പ് അപ്പ് അപ്പ്..
അപ്പപ്പാ...

ഛേ. എന്തരു പറ്റി പാള്‍ അണ്ണേ?
എന്നമോ തെരിയലേ, എനക്ക് ആഹാത്.
സെക്കന്‍ഡ് ട്രൈ.
അപ്പ് അപ്പ് അപ്പ് അപ്പ് അപ്പ്.. എന്തരിന്ത് ഒച്ച് ഇതിലും വെക്കം കേറുവല്ല്.
പോള്‍ കൊടിയഴിച്ചു. പതിനാറു മിനുട്ട് മുപ്പത്തിരണ്ട് സെക്കന്‍ഡ്.

ടേയ് പാളേ, എനിക്കെല്ലാം മനസ്സിലായി.
ഒനക്ക് എന്ന മനസ്സില്‌ ആയിട്ച്ച്?

രാജന്‍ ജയിക്കുമെന്ന് ബെറ്റ് വച്ചത് മൊത്തം നിന്റെ ആളുകളല്ലേടാ പാണ്ടീ?
ശത്തം പോടാതെ. ഒനക്ക് നൂറു രൂബാ നാന്‍ തരേന്‍.
നൂറിനു നിന്റെ അപ്പാപ്പന്‍ മിണ്ടാതിരിക്കും.
അട പാപി. ഇന്താ ഐന്തൂറ്‌.
ശരി. പോ.

Monday, October 29, 2007

ബോംബെണ്ണ

ജയകൃഷ്ണാ മുകുന്ദാ ഹരാരേ...
അണ്ണന്‍ ഷാപ്പിന്റെ പടി ക്യാറിയതും വീലായാ? ഹരാരേ അല്ല മുരാരേ എന്ന് പാട്.
അത് നീ പടിപ്പിക്കണ്ടാ. ഹരാരേയില്‍ ഒരു കണ്ണുവേണേന്ന് കൃഷ്ണനോട് പറഞ്ഞതാ
ഞാങ്ങ്. ലവിടെ മ്ളെ പയല്‌കളെ സിംബാബ്‌വേ ടീം ഇട്ട് വെള്ളം
കുടിപ്പിക്കണത് ടീവിയില്‍ കണ്ടോണ്ടാ പെരേന്ന് എറങ്ങിയത്.

അണ്ണനിപ്പ വന്നത് കാര്യമായി. ഒരു കാര്യം കേക്കാനൊണ്ട്. അണ്ണനാവുമ്പ
എല്ലാം അറിയാവല്ല്.
എല്ലാം അറിയാവെങ്കി നീ ചോതിക്കാന്‍ പോണതും ഞാങ്ങ് അറിഞ്ഞേനല്ല്. എന്തര്‌ കാര്യം?

വെളിച്ചെണ്ണ വെല ഇങ്ങനെ വാണം പോലെ കേറണത് കാരണം ഷാപ്പിലിനി പാമായില്‍
വെച്ച് പൊരിപ്പും വറുപ്പും ചെയ്താ മതിയോന്നാ ചാണ്ടി നെരുവിക്കണത്.
അണ്ണന്‍ എന്തര്‌ പറയണത്? പാമായില്‍ അയ്യം അല്ലീ?
പാമോയിലോ? ബോംബ് ഉണ്ടാക്കണ സാതനമല്ലീ. മനുഷേരാരെങ്കിലും അത് കഴിക്കുവോടേ?

തള്ളേ പാമായില്‍ ബോംബിനുള്ള സാതനമാണാ? അണ്ണന്‍ ചുമ്മാ പ്യാടിപ്പിക്കല്ലും.
നീ നാപ്പാം ബോംബ് എന്നു ക്യാട്ടിട്ടുണ്ടാടേ?

ഒണ്ട്. ആ വിയറ്റ്നാമിലെ അപ്പീടെ പെരയും ഫ്രാക്കും കത്തിച്ച് കളഞ്ഞ
ബോംബല്ലീ? ഫോട്ടം കണ്ടിട്ടൊണ്ട്.
തന്നെ. അതിലെ നായും പായും എന്തരാ?

എന്തരാ?
ടേ, നാ എന്നു വച്ചാല്‍ നാഫ്ത. പാം എന്നു വച്ചാല്‍ പാമോയില്‍ . ഇതു
രണ്ടൂടെ പെട്രോളേല്‍ കൊഴച്ച് വയ്ക്കണത് തന്നെ മനുഷേരെ കൊല്ലുന്ന
നാപ്പാം.

നാപ്ത എന്ന് വെച്ചാ പാറ്റാഗുളിക അല്ലീ അണ്ണാ?
അത് നാഫ്തലീന്‍. ഇത് നാഫ്ത. എള്ള് വ്യാറെ പാറ്റാക്കാട്ടം വ്യാറെ.

അപ്പ ഈ പാമായിലു ബോംബെണ്ണയാണാ?
തന്നെ. ഇപ്പം ഇപ്പ ബെന്‍സീനും പോളിസ്റ്ററും ഒക്കെ വന്നപ്പോ നാപ്പാം
ഒണ്ടാക്കാന്‍ പാമായിലു വ്യാണ്ടാതായി. അത് എവമ്മാരു നമക്കിട്ടു
വില്‍ക്കാന്‍ നോക്കുവല്ലീ.ബോംബായിട്ടും മീന്‍ പൊരിച്ചത് ആയിട്ടും മൂന്നാം
ലോകത്തെ നശിപ്പിക്കാനായിട്ട് ഈ എണ്ണ...

അണ്ണാ, ഷാപ്പില്‍ രാഷ്ട്രീയം പറയല്ലേ, ഒടുക്കം നിങ്ങടെ കൊടലേല്‍ ഈച്ച
പറ്റുമ്പ എനിക്കു വയ്യ പോലീസിന്റെ ഇടി കൊള്ളാങ്ങ്.
അതിന്‌ ആര്‌ രാഷ്ട്രീയം പറഞ്ഞെടേ ചാണ്ടീ? അന്താരാഷ്ട്രീയം അല്ലീ ഇവിടെ
പറഞ്ഞത്. അത് പറഞ്ഞ് കുത്ത് നടക്കൂല്ലാ , ഇവിടിരിക്കണ എല്ലാരും
ഇന്ത്യയ്ക്ക് വേണ്ടിയല്ലീ പറയൂ. ഇന്ത്യേടെ കാര്യം പറഞ്ഞപ്പഴാ, ഹരാരേയില്‍
എന്തരായോ എന്തോ. ഞാന്‍ പോണ്‌.

Sunday, October 28, 2007

എലിമെന്ററി, ഡോ. വാട്ടീസന്‍

നിര്‍ത്തെടാ ബൈക്ക്. എറങ്ങടാ താഴെ.
നിര്‍ത്തി. എറങ്ങി.

എന്തരെടാ നിന്റെ പ്യാര്‌?
അനോണി ആന്റണി

ഛീ മലയാളം പറയെടാ.
അണ്ണണ്‍ കൊണ്ണി അന്തോണി.

നീ കുടിച്ചിട്ടുണ്ടോ?
ഒണ്ട്. പതിനഞ്ചു വയസ്സായേപ്പിന്നെ എല്ലാ ഓണത്തിനും ന്യൂ ഈയറിനും കുടിച്ചിട്ടുണ്ട്.
കൂടുതല്‍ ഊതല്ലേ, ഇങ്ങോട്ട് ഊതെടാ.
ഊതല്ലേന്നും ഊതാനും സാറു തന്നെ പറയണ്‌.

നല്ല മണം ഉണ്ടല്ലോടാ?
അത് വയറ്റിലെ പഴഞ്ഞി ദഹനക്രിയയില്‍ ആല്‍ക്കഹോള്‍ ആയതായിരിക്കും സാറേ.

കളിക്കാതെ കാശെടെടാ.
ദാണ്ടെ നൂറ്‌. സാറിനെങ്ങനെ മനസ്സിലായി ഞാന്‍ കുടിച്ചിട്ടുണ്ടെന്ന്. ഒരു
ആട്ടം പോലും എനിക്കില്ലല്ല്.

നിന്റെ മുഖം കണ്ടാല്‍ അറിയാം നീ അര മണിക്കൂര്‍ മുന്നേ സഫാരി ഹോട്ടലീന്ന്
ഓസീയാര്‍ വാങ്ങിച്ച് പച്ചവെള്ളം ഒഴിച്ച് അടിച്ചിട്ട് ഓമ്പ്ലേറ്റും
ഉള്ളിയരിഞ്ഞതും തിന്നെന്ന്.
തള്ളേ, സാറ് ഷേര്‍ലക്ക് ഹോംസിനേം തോല്പ്പിക്കുവല്ല്. ഇതെല്ലാം എങ്ങനെ മനസ്സിലാക്കി?

അന്നരം നിന്റെ എതിരേയുള്ള കസേരയില്‍ ഇരുന്ന് ഒരുത്തന്‍ കല്യാണി ബീയര്‍
കഴിച്ചിരുന്നില്ലേ?
മനസ്സിലായി. അത് സാറായിരുന്നു അല്ലീ?
തന്നെ.

അടിയോളം ഉതകുമാ അണ്ണന്‍ തമ്പി

ആന്തൊണി, ഇരി.
ഇര്‌ന്ന്. പറ.

അതായത്, ഞാന്‍ വീണാല്‍ നീ വീഴും. നീ വീണാല്‍ നിന്റെ താഴെപണിയെടുക്കുന്ന
സകലരും വീഴും...
സാറേ, രാവിലേ സീതിഹാജി തമാശ പോലത്തെ വളച്ചുകെട്ടൊന്നും വേണ്ട. ജോര്‍ജ്ജ്
ബുഷിനിട്ട് തല്ലാതെ വിഷയത്തിലേക്ക് വാ.

ശരി, ബ്രാസ് ടാക്സ്
എന്തരിന്റെ ടാക്സ്?
ബ്രാസ് . അപ്പോസ്ട്രഫി ഇല്ലാതെ.
താ.

ടാര്‍ഗറ്റീന്നു താഴെയാ കഴിഞ്ഞ മൂന്നു മാസവും നമ്മടെ വെടി കൊണ്ടത്.
പെര്‍ഫോര്‍മന്‍സ് ഉയര്‍ത്തീല്ലേല്‍ അറിയാവല്ല്, അങ്ങു
പറങ്കിപ്പാളയത്തില്‍ നിന്നും വിളി വരും. നമ്മടെ ഭാവി
പറങ്കിപ്പുണ്ണുപിടിച്ചു പോവും.

അതിനിപ്പ എന്തരു ചെയ്യാന്‍ ഉദ്ദേശിക്കണത് അണ്ണന്‍?
ടീം മൊറേല്‍ ഉയര്‍ത്തണം. ഈ പയലുകളെ എല്ലാം മോട്ടിവേറ്റ് ചെയ്യണം. പുതിയ
അടവുകള്‍ ഇറക്കണം.

അപ്പ നടക്കുവോ കാര്യം?
ഇല്ലേ?

തോന്നുന്നില്ല. ടീം ടീം എന്നു പറയുന്നത് തോല്‍ക്കുമ്പോ അങ്ങോട്ടും
ഇങ്ങോട്ടും കുറ്റം പറയാനുള്ള എടവാടാ. നുമ്മക്ക് ഈ പൈ പൊട്ടിക്കാം. ഓരോ
കഷണം ഓരോരുത്തന്റെ തലേല്‍ കേറ്റി വയ്ക്കാം. ചുമ്മ പറഞ്ഞാ പോരാ, എഴുതി
കയ്യിക്കൊട്ക്കാം. അത് വിറ്റേച്ചും വന്നാല്‍ വരമ്പത്ത് കൂലി. ഇല്ലേല്‍
ചാക്കു കെട്ട് കയ്യില്‍ കിട്ടും.
അപ്പോ എല്ലാര്‍ക്കും ഉത്തരവാദിത്തം കൂടും അല്ലേ?
പിന്നില്ലേ, ഭയത്തെക്കാള്‍ നല്ല മോട്ടിവേറ്ററില്ല.

എന്നാര്‌ പറഞ്ഞ്?
സ്വന്തം അനുഭവത്തീന്ന് പറഞ്ഞ്. ഓണാഘോഷത്തില്‍ ഒരു കൊല പഴത്തിനും പിന്നെ
വെറുതേ ഞെളിയാനും വേണ്ടി മാരത്തോണ്‍ ഓടി തോറ്റ ദൂരം അതേ ദിവസം രാത്രി
ചീട്ടുകളിച്ചൂടുമ്പ പോലീസ് ഓടിച്ചപ്പോ ഫസ്റ്റ് അടിച്ചവനെടുത്ത
സമയത്തിനെക്കാള്‍ കൊറച്ച് സമയം കൊണ്ട് ഞാന്‍ ഓടിത്തള്ളിയെന്നേ.

അപ്പ നീ ക്യാരറ്റില്‍ വിശ്വസിക്കുന്നില്ല, അല്ലേ?
ക്യാരറ്റ് കൊടുക്കണം, ഇല്ലേല്‍ കഴ്ത വെശന്ന് ചത്തു പോകും, പക്ഷേ അതിനെ
ഓടിക്കാന്‍ വടി തന്നെ വേണം.

ടീം വര്‍ക്കിലും വിശ്വാസമില്ലേ?
കളി ആണേര്‍സ് ആകും വരെ ടീം നല്ലതാ. ക്വാട്ട് ആണെങ്കില്‍ തനി അടിക്കണത്
തന്നെ ബുദ്ധി.

എന്നാ ശരി. നിന്റെ ഈ അടവ് ഫലിച്ചാല്‍ കൂലി, ഇല്ലേല്‍ ചാക്ക്.
ബെസ്റ്റ്. എന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് തന്നെ തൊടങ്ങ് പുത്തന്‍ രീതി‍.

ചെരപ്പിലെ ആര്‍ഭാടം

അങ്ങനെ മനുഷ്യന്‍ ഉണ്ടായി. ആ പിശാച് വളര്ന്നപ്പോ തടിയോടൊപ്പം താടിയും ഉണ്ടായി. കണ്ട പാറക്കഷണം കൂര്‍പ്പിച്ച് അവന്‍ ചെരച്ചു. ഈ ചെരപ്പില്‍ മോന്ത മരമാക്രിയുടെ പൊറം പോലെ ആയി കിട്ടുമെന്ന് മനസ്സിലാക്കി അവന്‍ ലോഹം കണ്ടുപിടിച്ചു. ലോഹം കൊണ്ട് റേസര്‍ ഉണ്ടാക്കി. മുടിക്കൊപ്പം തൊലി കൂടെ പോയിക്കിട്ടി.

ഴാങ്ങ് ജാക്കിസ് അണ്ണന്‍ തോലു നിര്‍ത്തി രോമം കളയുന്ന സേഫ്റ്റി റേസറുണ്ടാക്കി. കിങ്ങ് ജിലറ്റ് അതേല്‍ നിന്നും ഊരിക്കളയാവുന്ന ബ്ലേഡുണ്ടാക്കി. മനുഷ്യനു മരണഭയം കൂടാതെ സ്വയം ചെരക്കാമെന്ന അവസ്ഥയായി.

അങ്ങനെ ഇരിക്കുമ്പോള്‍ എനിക്കും മോന്ത വടിക്കാറായി, അതായത് മുന്നം സെഞ്ച തപസ്സിനാലേ മൂന്റ് മീശൈ കിളിര്‍ത്ത് വന്ത്. കൊച്ചിലേ ഞാന്‍ അശോക്, ഷേവര്‍ സ്വിഷ് തുടങ്ങിയ ബ്ലേഡിട്ട് അലൂമിനിയം റേസര്‍ കൊണ്ട് വടിക്കുന്ന കാരണോന്മാരെയെ കണ്ടിട്ടുള്ളു, എങ്കിലും എന്റെ രോമത്തിനു രാജയോഗം ഉണ്ടായിരുന്നതുകൊണ്ട് ഞാനാദ്യം വാങ്ങിച്ചത് സെവനോ ക്ലോക്ക് പ്ലാറ്റിനം കോട്ടഡ് ബ്ലേഡ് ആയിരുന്നു.

ഒരിക്കല്‍ അതു തിരക്കി പോയപ്പോള്‍ കടക്കാരന്‍ ഒരു സൂത്രം എന്നെ കാട്ടി. ടീ ഷേപ്പ് ഇല്ലാത്ത വളഞ്ഞിട്ടൊരു വടി. ട്വിന്‍ ബ്ലേഡ്. രണ്ട് ബ്ലേഡുള്ള കാര്‍ട്രിഡ്ജ്.

ഇത് വാങ്ങുന്നതിനു പകരം സാദാ ബ്ലേഡിട്ട് രണ്ടു തവണ വടിച്ചാല്‍ പോരേ എന്ന ചോദ്യത്തിനു കടക്കാരനു ഉത്തരം ഇല്ലായിരുന്നു. പക്ഷേ ടീവിയില്‍ കപില്‍ദേവ് നിഖഞ്ജ് പറഞ്ഞ് തന്നു, ആന്റോ നീ വടിക്കുമ്പോള്‍ ബാക്കി വരുന്ന കുറ്റികള്‍ അകത്തേക്ക് ഓടും. ഓടുന്ന കുറ്റിയെ ഓടിച്ചിട്ടു വെട്ടാന്‍ നീ ട്വിന്‍ ബ്ലേഡ് ഉപയോഗിക്കൂ.

ഒന്ന് വാങ്ങി നോക്കി. ജിലെറ്റ് പീ റ്റൂ. കുറ്റിരോമം രണ്ടു ബ്ലേഡിന്റേം നടുക്കു കേറിയിരുന്ന് ശല്യമുണ്ടാക്കി. പിന്നെ വാങ്ങിയിട്ടില്ല.

അപ്പഴാണു കടക്കാരന്‍ പീ ത്രീ കാണിച്ചത്. ഒരു വടി വടിച്ചാല്‍ അടുത്താഴ്ച്ച വളരേണ്ട രോമം പോലും പോകും പോലും. അടുത്താഴ്ച്ചയും ചെരപ്പു പണിയെങ്കിലും ഇല്ലെങ്കില്‍ ബോറടിക്കുമല്ലോ എന്ന് കരുതി അതും വാങ്ങിയില്ല.

അങ്ങേരടങ്ങുമോ, സെന്‍സര്‍ ഇറക്കി. സെന്‍സറിങ്ങ് പണ്ടേ ഇഷ്ടമല്ലാത്ത ഞാന്‍ അങ്ങേരെ കൂവി ഓടിച്ചു.

പാപി മാച്ച് ത്രീ ടര്‍ബോയുമായി വന്നു. ഏതു വളവിലും ഇട്ടു ഷേവ് ചെയ്യാം പോലും. തല്‍ക്കാലം അണ്ണാക്ക് ഷേവ് ചെയ്യാന്‍ പ്ലാനില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

ഇടയ്ക്ക് മാച്ച് ത്രീ വൈബ്രേറ്റര്‍, അലോവേര ഒക്കെ കാട്ടി നോക്കി. നമ്മള്‍ എവിടെ കുലുങ്ങാന്‍, ഇവന്‍ ഇങ്ങനെ ഓരോന്നു കാണിക്കുമ്പോഴും നമുക്ക് ഓര്‍ത്തഡോക്സ് ചെരപ്പില്‍ വിശ്വാസം കൂടി വന്നു.

ഇന്നലെ വീണ്ടും വന്നിരിക്കുന്നു. ഫ്യൂഷന്‍ ഉണ്ടെന്ന് . അതെന്തരു കുന്തം എന്നു ചോദിച്ചപ്പോള്‍ ഒരു വടിയേല്‍ അഞ്ചു ബ്ലേഡെന്ന്. വില വെറും നാല്പ്പത്തഞ്ച് ദിര്‍ഹം.
നാല്പ്പത്തഞ്ച് ദിര്‍ഹത്തിനു ഒരു കിലോ വില്‍ക്കിന്‍സണ്‍ സ്വോര്‍ഡ് സാദാ ബ്ലേഡ് വാങ്ങി ഒന്നിച്ചു കെട്ടി മോന്ത തേയും വരെ വടിക്കാമല്ലോ എന്ന് ച്വായിച്ചപ്പോ ചെല്ലന്‍ പറയണത് ഷേവിനു ചെലവാക്കണ പണം ആണുങ്ങളുടെ ആത്മവിശ്വാസം കൂട്ടുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞെന്ന്.

അടുത്ത തവണ നാട്ടില്‍ പോകുമ്പോ ബാര്‍ബര് വേലപ്പനു ഒരു മുന്നൂറു രൂപാ കൊടുത്ത് ഒരു ഷേവ് ചെയ്യിക്കണം. ആത്മവിശ്വാസം ഇങ്ങോട്ട് ഒടിഞ്ഞ് പോരട്ട്.

Thursday, October 25, 2007

ക്യാച്ച് 22

അണ്ണാ, ഇന്ന് രാവിലേ ടീവിയില്‍ കേരള വികസനത്തിലെ ക്യാച്ച് 22
അവസ്ഥയെന്ന് ടീവിയില്‍ ഒരുത്തന്‍ പറഞ്ഞ് അതെന്തരു ക്യാച്ച് ?
ടേ, ഒരു ഇന്നിങ്ങ്സില്‍ എത്തറ കളിക്കാരുണ്ട്?
11
അപ്പ ഒരു ടെസ്റ്റില്‍ ടീമിനു എത്തറ വിക്കറ്റ്?
22

ബൗള്‍ഡും റണ്ണൗട്ടും ഒന്നും പറ്റത്തില്ല ഇരുപത്തിരണ്ട് ക്യാച്ച്
എടുത്താലേ ഒരു ടീം ജയിക്കൂ എന്നു റൂളു വച്ചാല്‍?
അതെങ്ങനാ, പത്താമത്തെ ക്യാച്ച് എടുക്കുമ്പ ഇന്നിങ്ങ്സ് തീര്ന്നില്ലേ?
എങ്ങനെ പോയാലും ഇരുപതിപ്പൊറത്ത് എടുക്കാന്‍ പറ്റത്തില്ല.

അത് തന്നെ ക്യാച്ച് 22. എങ്ങനെ പോയാലും പറ്റത്തില്ല എന്ന്.

കള്‍ച്ചറല്‍ ഗ്യാപ്പ്

ലോണ്ടേ സാറിന്റെ ബേബി സീറ്റില്‍ നിന്ന് എന്തരോ വള്ളി അഴിഞ്ഞ്
കിടക്കുന്ന്. കെട്ടി വെയ് കൂവാ.
അത് ബേബീ സീറ്റിന്റെ ബെല്‍റ്റല്ല ചെല്ലാ, ഒരു ലീഷ് ആണ്‌.

ഓ തൊടല്‍ ആണാ? സാറല്ലാതെ വീട്ടില്‍ വേറെയും പട്ടിയുണ്ടോ?
പട്ടീടെ അല്ലെടാ പയലേ, എന്റെ കുട്ടീടെ ലീഷ്. അപ്പിയെ വഴിയില്‍
എറക്കിയാല്‍ അവന്‍ കുതറി ഓടുന്ന്, അതോണ്ട് ഒരു ബേബി ലീഷ് കെട്ടിയാ
പൊറത്ത് കൊണ്ടുപോവാറ്‌.

തള്ളേ, കുട്ടിയെ പൂട്ടിയിട്ട് നടത്തുവെന്നോ?
പിന്നെന്തരു ചെയ്യാന്‍?

ലവനെ കയ്യില്‍ പിടിച്ചു നടക്കണം. വിടീച്ച് ഓടാന്‍ നോക്കിയാല്‍ ചന്തിക്ക്
ഒരടി കൊടുത്താല്‍ മതി, പിന്നെ പോവൂല്ലാ.
ഛീ. ഞങ്ങളുടെ രാജ്യത്ത് കൊലപ്പുള്ളികളെ പോലും തല്ലൂല്ലെടാ ബാര്‍ബേറിയാ.

ഞങ്ങടെ നാട്ടില്‍ പട്ടികളെ പോലും തൊടലിട്ടു പൂട്ടൂല്ലെടാ ബബ്ബാര്‍ബ്ബേറിയാ.
പട്ടികളെ പൂട്ടില്ലേ? അപ്പോ എല്ലാത്തിനും കൂടു പണിയുമോ?

എന്തരു കൂട്? തൊറന്നങ്ങ് വിടും. പട്ടിയ്ക്കെന്താ മനുഷ്യാവകാശങ്ങളില്ലേ?
അപ്പ അത് പെയ് എവനെ എങ്കിലും കടിക്കൂല്ലേ?

വഴിയേ പെയ്യൂടുന്നവനും ഉണ്ടല്ല് അവകാശങ്ങള്‍. അവന്‍
കല്ലെടുത്തെറിഞ്ഞോളും. ഇല്ലേല്‍ ഓടിത്തള്ളും. ഇഞ്ഞി അതവാ കടിച്ചാല്‍
പട്ടിടെ ഒടയനെ കണ്ട് ചെവള വലിച്ചു കീറും.

പട്ടിക്ക് നിങ്ങടെ രാജ്യത്ത് നല്ല സ്വാതന്ത്ര്യമാണ്‌ അപ്പോ അല്ലേ?
ഏതു പട്ടിക്കും സ്വതന്ത്രമായി ജീവിക്കാന്‍ പറ്റണം, അതാണ്‌ ഞങ്ങടെ ലക്ഷ്യം.

Tuesday, October 23, 2007

ഒരു പ്യാരില്‍ എന്തര്‌ ?

നീ അവിടെന്ന് ഷാര്‍ജ്ജ റോഡ് പിടിച്ച് നേരേ വരുമ്പോള്‍ ലിവര്‍‌പൂള്‍
സ്കൂള്‍ കാണാം അവിടെന്ന് ലെഫ്റ്റ് എടുത്താല്‍ വെല്‍സ് സ്കൂള്‍.
അവിടെന്നും ലെഫ്റ്റ് എടുക്കുമ്പ യോര്‍ക്ക് സ്കൂള്‍ പന്നെ ബ്രിസ്റ്റള്‍
നേഴ്സറി കഴിഞ്ഞ് ലിവര്‍പൂള്‍ സ്കൂളിന്റെ അവിടെന്ന് യൂ ടേണ്‍ എടുത്താല്‍
ഫസ്റ്റ് ബില്‍ഡിങ്ങ് ..

നിന്റെ ഏരിയാ മുഴുവന്‍ ബ്രിട്ടീഷുകാരാണോ താമസം? സ്കൂളിന്റെയൊക്കെ പേരു
കേട്ടിട്ട് അങ്ങനെ തോന്നി.

നീ എവിടത്തുകാരനാടേ? സ്കൂളിന്റെ പേരു കേട്ടാല്‍ അപ്പ തന്നെ ഏതു
നാട്ടുകാരുടേതാണെന്ന് അറിയാം. അതായത് ബ്രിട്ടീഷുകാര്‍ മാഞ്ചെസ്റ്ററില്‍
സ്കൂളു തുടങ്ങുമ്പോ മാഞ്ചെസ്റ്റര്‍ സ്കൂള്‍ എന്ന് പേരിടും, ജുമൈരയില്‍
സ്കൂള്‍ തുടങ്ങിയാല്‍ ജുമൈരാ സ്കൂള്‍ എന്ന് പേരിടും, അബുദാബീല്‍
തുടങ്ങുമ്പ അബുദാബി സ്കൂള്‍ എന്നിടും.

ഡെല്‍ഹിക്കാരന്‍ ഡെല്‍ഹിയില്‍ തുടങ്ങിയാലും കരാമയില്‍ തുടങ്ങിയാലും
ജെബല്‍ അലിയില്‍ തുടങ്ങിയാലും ഡെല്‍ഹി സ്കൂള്‍ എന്ന് പേരിടും.

അപ്പോ ഈ യോര്‍ക്കും ലിവര്‍‌പൂളും ഒക്കെ ആരുടെയാ?
അത് ചോദിക്കാനുണ്ടോ? മലയാളിയുടെ.

കാമദേവന്റെ ഇരിപ്പിടം

ഡേ, നമ്മളെ കാമദേവങ്ങ് ഇരിക്കണത് ഏത് കുന്നിന്റെ മോളിലാ?
കുന്നിന്റെ മോളില്‍ ഇരിക്കണത് മുരുകങ്ങ് ആണെടേ.
അല്ലാന്ന്. ഇപ്പ റേഡിയോല്‍ വന്ന പാട്ടേല്‍ "ഇന്ദ്രജാലം
മെല്ലെയുണര്‍ത്തി, മന്മഥന്റെ തേരീലേറ്റി." എന്നൊണ്ട്.

Monday, October 22, 2007

ബിസിനസ്സ് പ്രോസസ്സ് കോണ്ട്രാക്റ്റിങ്ങ് കമ്പനി

സാമ്പത്തിക രംഗത്തില്‍ അടുത്തതായി വ്യവസായ പ്രമുഖന്‍ ശ്രീ. ആന്റണി
അനോണിമസ്സുമായി ഒരു അഭിമുഖമാണ്‌. ആന്റണി, താങ്കളുടെ വ്യവസായ
സാമ്രാജ്യത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നു, ഒന്നു വിശദീകരിക്കാമോ?

തൊടക്കം ഞാനും കൂട്ടുകാരന്‍ ഷാനവാസും കൂടെ ഇല്ലെ മുടുക്കില്‍ ഒരു
ഇന്റര്‍നെറ്റ് കഫേ നടത്തിക്കൊണ്ടായിരുന്നു.

താങ്കളുടെ കഫേ വളര്‍ന്ന് ഇന്നത്തെ നിലയിലായത് വിശദീകരിക്കമോ?
വളര്‍ന്നെന്ന് ആര്‌ പറഞ്ഞ്. ഇപ്പറയണ വരുമാനമൊന്നും ഇല്ലാത്തോണ്ട് അത് അങ്ങ് പൂട്ടി.

ഓ, പരാജയം ആയിരുന്നോ താങ്കളുടെ വിജയത്തിന്റെ ചവിട്ട് പടി?
എന്തര്‌ പരാജയം? മൊതലായില്ലേല്‍ കളഞ്ഞിട്ട് വേറേ പണി നോക്കുന്നത് പരാജയമാന്നോടേ?

ഒന്നു ചോദിച്ചോട്ടേ ശ്രീ. ആന്റണി, താങ്കള്‍ കഫേ അടച്ചപ്പോള്‍ നഷ്ടമായ
തൊഴിലവസരങ്ങളെപ്പറ്റി കുറ്റബോധം തോന്നാറുണ്ടോ?
ഞാങ്ങ് കഫേ അടച്ചപ്പോള്‍ ഒരുത്തനും തൊഴിലു പെയ്യില്ലല്ല്. തന്നേമല്ല,
രണ്ട് തൊഴില്‍ ഉണ്ടായി.

മനസ്സിലായില്ല. ഒന്ന് വിശദീകരിക്കാമോ?
എടേ, ഞങ്ങ കട നടത്തിയപ്പ ഞങ്ങ തന്നെ ആയിരുന്നു കടേല്‍ സ്റ്റാഫും. ഞങ്ങ
പൂട്ടിയതുകൊണ്ട് വേറൊരുത്തന്‍ അവിടെ കഫേ തൊടങ്ങി, രണ്ട് കഫേ ആ
മുടുക്കില്‍‍ ഓടൂല്ലല്ല്. യേത്, ലവിടെ ഡിമാന്‍ഡ് ഇലാസ്റ്റിക്ക്
അല്ലെന്ന്. പുത്തന്‍ മൊയിലാളി രണ്ട് പേരെ ജോലിക്ക് വച്ച്.

എന്നിട്ട് താങ്കള്‍ എന്താണു ചെയ്തത്?
ഒള്ള തുണീം സഞ്ചീല്‍ വാരിയിട്ട് ഗള്‍ഫില്‍ പോയി.

സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുള്ള ഒരു ബിസിനസ്സുകാരന്‍ എന്ന നിലയ്ക്ക്
താങ്കളെന്തുകൊണ്ട് ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി ആശങ്കപ്പെട്ടില്ല?
ചെല്ലന്‍ ഗപ്പിയെ വളര്‍ത്തീട്ടൊണ്ടോ?

ഇല്ല, ഗപ്പി എന്നാല്‍ എന്താണ്‌?
ഒരു മീന്‍. സൗത്ത് അമേരിക്കക്കാരനാ.

വളര്‍ത്തിയിട്ടില്ല.
ഇതാണു കൊഴപ്പം. ഫിഷ് ടാങ്ക് ഉണ്ടാക്കേണ്ട സമയത്ത് ട്യൂഷന്‍ പഠിക്കാന്‍
പെയ്. ഡേ, ടാങ്കില്‍ രണ്ട് ഗപ്പിയെ ഇട്ടാല്‍ അത് വളരും. വളര്‍ന്ന്
അഞ്ഞൂറെണ്ണമായാല്‍ പിന്നെ ഒറ്റ എണ്ണവും വളരുയുമില്ല, ആ ആലൂക്കാസ്
വെഡ്ഡിങ് ഹൗസ് പരസ്യം പോലെ പൊള പൊളാന്ന് പറപ്പിക്കാന്‍ സാരിയും
കിളിക്കത്തില്ല. അപ്പ നമ്മള്‌ കൊറേ എണ്ണത്തിനെ എടുത്തു തോട്ടി
കളഞ്ഞില്ലെങ്കില്‍ സകല ഗപ്പികളും ഒരുമാതിരി പോതരമില്ലാതെ കെടന്ന്
നീന്തിത്തള്ളും. ഗപ്പിയെ കണ്ടിട്ടില്ലെങ്കിലും ചെല്ലന്‍ ഇല്ലെ മയ്യനാട്
സ്മിത്തിന്റെ ഹാന്‍ഡിക്യാപ്പ് പ്രിന്‍സിപ്പിള്‍ പഠിച്ചു കാണുവല്ല്.

ഗള്‍ഫില്‍ താങ്കള്‍ എന്തു ബിസിനസ്സ് ആണു തുടങ്ങിയത്?
ബിസിനസ്സ് പ്രോസസ് സോര്‍സിങ്ങ്.

ഓ. നമ്മുടെ ഫാരിസ്..
നമ്മടെ അല്ല, നിങ്ങടെ.

താങ്കള്‍ എന്തുകൊണ്ടാണ്‌ ഗള്‍ഫില്‍ ഈ ബിസിനസ്സ് തുടങ്ങിയത്? ഇന്ത്യയില്‍
നിന്നും ആണെങ്കില്‍ ഇതിലും ചെറിയ ചിലവില്‍ ഈ ജോലികള്‍ ചെയ്യിക്കാമല്ലോ?
അത് തന്നെ കാര്യം. ഓണ്‍ സൈറ്റില്‍ പണിതാല്‍, ന്യായമായും കിട്ടേണ്ട കൂലി
കിട്ടും. അതിനു പകരം ചീപ്പ് ലേബറുള്ള സ്ഥലത്തേക്ക് ബിസിനസ്സ് പിടിച്ചാല്‍
അത് അണ്ടര്‍ കട്ടിങ്ങ് നടത്തി സ്വന്തമാക്കല്‍ ആകും.

എത്ര സ്റ്റാഫിനെ വച്ചാണു താങ്കള്‍ ഈ ബി പി ഓ ബിസിനസ്സ് ചെയ്യുന്നത്?
ഒന്ന്.

ഒറ്റയാളോ? ആരാണത്?
ഞാങ്ങ്.

മനസ്സിലായില്ല, ഒരാളെ മാത്രം വച്ച് താങ്കള്‍ ഈ ബിസിനസ്സ് എങ്ങനെ നടത്തുന്നു?
അതായത്, ആദ്യം നമ്മള്‍ ഒരു മാര്‍ക്കറ്റ് സ്റ്റഡി നടത്തുന്നു, എന്നിട്ട്
കൊള്ളാവുന്ന കാശു കിട്ടുന്ന ബിസിനസ്സ് പ്രോസസ്സുകള്‍ തിരഞെടുത്ത് അത്
നമ്മള്‍ ചെയ്തോട്ടേ എന്ന് ചോദിക്കും. അവര്‍ക്ക് നമ്മളെ അതേല്പ്പിക്കാന്‍
താല്പ്പര്യമുണ്ടെങ്കില്‍ നമുക്കു തരും. അത്ര തന്നെ.

അയ്യോ അത് ബിസിനസ്സല്ലല്ലോ, എമ്പ്ലോയ്മെന്റ് അല്ലേ?
രണ്ടും ഒന്ന് തന്നെടേ. അങ്ങനെ അല്ലാതിരുന്ന കാലം പണ്ടായിരുന്നു, വേള്‍ഡ്
വാറിനും മുന്നേ. ഇപ്പ എല്ലാവരും മൊതലാളിമാരാ. മെയിന്‍ കോണ്ട്രാക്റ്ററും
സബ് കോണ്ട്രാക്റ്ററും പോലെയൊക്കെ.

നന്ദി ശ്രീ. ആന്റണി. താങ്കളോട് സംസാരിച്ച് ഇത്രയും സമയം കളഞ്ഞ എന്നെയും
പ്രേക്ഷകരെയും സമ്മതിക്കണം. ഇത് ടെലിക്കാസ്റ്റ് ചെയ്യുന്നതോടെ എന്നെ
പിരിച്ചുവിട്ടില്ലെങ്കില്‍ നാളെ എന്നെ വീണ്ടും ടീവിയില്‍ കാണാം.
നമസ്കാരം.

പ്രൂഡന്‍സ്

ലോ ഒരു പാമ്പ്.
ആളെ വിളിച്ചു കൂട്ടെടേ.
മണ്ടത്തരം കാണിക്കല്ലേടേ.
അതെന്തരെടേ?
ഹിന്ദുക്കള്‍ക്കിത് ദൈവത്തിന്റെ സീറ്റ് ആണ്‌. നസ്രാണികള്‍ക്ക് സാത്താന്റെ ദൂതനും.
ഒള്ളതാ, ഇപ്പം കൂട്ടക്കൊല നടന്നേനെ.
പാമ്പ് വേലിയേല്‍ തന്നെ ഇരുന്നോട്ട്.
നമ്മള്‌ കണ്ടിട്ടില്ല.

Sunday, October 21, 2007

സത്യസന്ധത

യാത്രക്കാരേ ശ്രദ്ധിക്ക്.
വല്ലച്ചാതീം ഈ വിമാനത്തെ ഞങ്ങള്‍ തിരുവന്തോരത്ത്
കുത്തിയിരുത്തീട്ടൊണ്ട്. മിച്ചമുള്ള കുലുക്കം കൂടെ നിന്നു കഴിഞ്ഞ്
കിട്ടിയ സഞ്ചീം താര്‍‌വേശയും എടുത്ത് ഓടി തള്ളിക്കോ. പൊറത്ത് അപ്പിടി
മഴയാണ്‌, വഴിയില്‍ കുഴിയാണ്‌, വായുവില്‍ പനിയാണ്‌, ജലത്തില്‍
മഞ്ഞപ്പിത്തമാണ്‌, ആളുകളുടെ നെഞ്ചില്‍ തീയാണ്‌. എന്തരോ ആട്ട്, നാട്
തന്നല്ല്, പൊറത്തു ചാടിന്‌. ഒന്നു കിട്ടിയാലും പഠിക്കാതെ ഇതേല്‍ തന്നെ
റിട്ടേര്‍ണും പോകാന്‍ തീരുമാനിച്ച മുഴുപോഴന്മാര്‍ ആരെങ്കിലും
ഉണ്ടെങ്കില്‍ വരുന്നതിനു മുന്നേ ഞങ്ങടെ കമ്പനിയാപ്പീസില്‍ വന്ന്
കീറണ്ഫേം, സ്വാറി റീകണ്‍ഫേം നടത്തിക്കേണ്ടതാണ്‌. ഇതേല്‍ കയറാന്‍ ധൈര്യം
കാണിച്ച നിങ്ങളെ നമിക്കുന്നു. യോഗമൊണ്ടേല്‍ ഇഞ്ഞീം കാണാം.

കതവ് തൊറന്ന് കിട്ടിയതും അകത്തുള്ളാള്‌ മൊത്തമായി കൂടു തൊറന്ന് വിട്ട
കോഴികളെപ്പോലെ പെടച്ച് പൊറത്ത് ചാടി. മൂന്ന് ബസ്സ് വന്നിട്ടും എല്ലാം
കൂടെ ആദ്യത്തതില്‍ ‍ തെള്ളിക്കേറി വരത്തന്‍ പെരയില്‍ തെള്ളി എറങ്ങി.
കൊച്ചുപുസ്തകവും അപേക്ഷാഫാറവും കൊടുത്തിട്ടും സ്റ്റാമ്പടിക്കാരന്‍
അതിലെഴുതിയിരിക്കണത് മൊത്തം തത്ത പോലെ പറയിച്ചു. ചെലപ്പം എഴുത്തും
വായനേം അറിഞ്ഞൂടാത്ത ആളായിരിക്കും.

അഞ്ചെട്ടാളെ തെള്ളിക്കളഞ്ഞ് പെട്ടി എടുത്ത് തലേല്‍ വച്ചപ്പ,
ചുങ്കപ്പെരയില്‍ നിന്ന് ഒരണ്ണന്‍ വടവി വന്ന്.
എന്തുണ്ട്?
വോ, സൂങ്ങള്‌ തന്നെ. സാറിനോ?
അതല്ല, കയ്യിലെന്തുണ്ടെന്ന്?
ഒന്നും ഇല്ല. ഞാങ്ങ് കടലാസ്സില്‍ എഴുതീട്ടുണ്ടായിരുന്നല്ല്.
പെട്ടീലെന്താ?
എന്റെ ഉടുപ്പ് -4, പാന്റ്-3, പ്യാശ-2, ബന്യന്-4 ‍, ലങ്കോട്ടി-4, പിന്നെ
അപ്പികള്‍ക്ക് മൂന്ന് പാവ, ഇച്ചിരേം മുട്ടായി.
കുപ്പിയില്ലേ?
ഒണ്ട്. ഒരെണ്ണം, ഈ സഞ്ചീല്‍.
ഒന്ന് തനിക്ക് മൂക്കേല്‍ വലിക്കാന്‍ പോലും തെകയത്തില്ലെന്ന് മുഖം കണ്ടാ
അറിയൂല്ലേ, ഒള്ളത് പറ.
ഇത് കൂട്ടുകാരക്ക് മൂക്കേല്‍ വലിക്കാന, എനിക്ക് ഓ സീ ആര്‍ ആണ്‌ ഇഷ്ടം.
ഗോള്‍ഡുണ്ടോ കയ്യില്‍?
ഇല്ല വില്‍സുണ്ട്, ഒരെണ്ണം വലിക്കുന്നോ?
സ്വര്‍ണ്ണം ഉണ്ടോന്ന്.
ഇല്ല.
ഓ കുന്തം. ഡോളറുണ്ടോ? ദിര്‍ഹം, ദിനാര്‍, യൂറൊ, പൗണ്ട്?
അമ്പതു ദിര്‍ഹം ഇരിപ്പുണ്ട്, തിരിച്ചു പോകുമ്പോ എയര്‍പ്പോര്‍ട്ടീന്നു
വീടു വരെ ടാക്സിക്കൂലി കൊടുക്കാനുള്ളതാ.
അതീന്ന് ഇരുപത്തഞ്ച്ച് താ , തന്നോട് സംസാരിച്ചു നിന്ന് ബാക്കി എല്ലാരും
പോയി. മിനക്കെടുത്തു കൂലി എങ്കിലും ആകട്ട്.

അതൊറ്റ നോട്ടാ, ഇരുപത്തഞ്ചെങ്ങനെ തരും? പാതി കീറിയോ?
ഞാന്‍ ചില്ലറ മാറിക്കൊണ്ട് വരാം. താന്‍ ഇവിടെ നിന്നാ മതി.

ചില്ലറ മാറി തിരിച്ച് വന്നില്ലെങ്കിലോ? അണ്ണനു ഏതു വാതിലിലൂടെയും വലിയാമല്ല്.
ഡേ, ഞാന്‍ അങ്ങനെ കൂതറ പാര്‍ട്ടിയൊന്നുമല്ല, സത്യസന്ധനായ ഒരാപ്പീസറാ.

വിശ്വാസം

ഒരു ദിവസം, ആഫ്റ്റര്‍ നൂണ്‍.
ആന്റപ്പാ, നിന്റെ കയ്യില്‍ പരീക്ഷാപ്രവേശനച്ചീട്ട് വല്ലോം ഇരിപ്പുണ്ടോ?
വല്യമ്മച്ചിക്ക് വയസ്സുകാലത്ത് എന്തരിനു ഹാള്‍ ടിക്കറ്റ്? സാക്ഷരതാ ക്ലാസ്സില്‍ ഫോര്‍മാറ്റ് ഉണ്ടാക്കാനാ?

ഉണ്ടേല്‍ കാണീരെടാ, ഞങ്ങടെ പെങ്കൊച്ചിന്റെ ടിക്കറ്റ് കാണുന്നില്ലെന്ന്, എങ്ങനെ ഇരിക്കുവാന്നറിയാമെങ്കില്‍ തപ്പി എടുക്കാമല്ല്.
ദാണ്ട് എന്റെ പഴയൊരു ഹാള്‍ ടിക്കറ്റ്.

ഇതേല്‍ നിന്റെ പടം ഉണ്ടല്ല്!
ഫോട്ടോ എല്ലാ ഹാള്‍ ടിക്കറ്റിലും ഉണ്ട് വല്യമ്മച്ചി, ഇല്ലെങ്കില്‍ ഞാനാണെന്നും പറഞ്ഞ് എന്റെ ട്യൂഷന്‍ സാര്‍ കേറി പരീക്ഷ എഴുതത്തില്ലീ?

സെയിം ദിവസം, ലോങ്ങ് ആഫ്റ്റര്‍‍ നൂണ്‍.
ആന്റോ ,ദ്രോഹി. നീയിതു കണ്ടാ?
കയ്യിലെല്ലാം നല്ല പാടുണ്ടല്ലോ സീനാ, വീട്ടിന്ന് കാര്യമായിട്ടു കിട്ടിയാ? എന്താ കാര്യം? പരീക്ഷയില്‍ പൊട്ടിയാ?

നീയാണ്‌, നീ ഒരുത്തനാണെടാ എന്നെ ചതിച്ചത്.
എന്താ സീനേ നീയീപ്പറയുന്നത്? ഞാന്‍ നിന്നെ ചതിക്കുമോ? നമ്മള്‍ ക്വാണകമില്ലാതെ പഴമ്പാളേല്‍ കിടക്കുന്ന കാലത്തേ കൂട്ടായതല്ലേ? ഈ വാര്‍ഡില്‍ മൂവാണ്ടന്‍ മാവ് ഇല്ലാത്തതുകൊണ്ടല്ലേ നിനക്കു മാങ്ങ പറിച്ചു തരാന്‍ കയറി എനിക്ക് അതില്‍ നിന്നും വീഴാന്‍ സാധിക്കാഞ്ഞത്?

പിന്നെന്തിനാടാ എരണം കെട്ടവനേ ഹാള്‍ ടിക്കറ്റിന്റെ സാമ്പിളെടുത്ത് അമ്മാമ്മയ്ക്ക് കാണിച്ചു കൊടുത്തത്? വ്യാജ ഹാള്‍ ടിക്കറ്റ് കണ്ടുപിടിക്കാന്‍ നീയാരെടാ പരീക്ഷാ കണ്ട്രോളറോ?
വ്യാജ ഹാള്‍ ടിക്കറ്റോ? അപ്പോ നീ പരീക്ഷ എഴുതുന്നില്ലേടി?

അതല്ലെടാ, ഏതോ നശൂലം എന്നോട് പ്രേമമാണെന്നും പറഞ്ഞ് എനിക്കൊരു കത്തയച്ചടാ. ആരാണെന്ന് പേരു വയ്ക്കാന്‍ പോലും ധൈര്യമില്ലാത്ത തെണ്ടി. പോസ്റ്റുമാന്‍ നേരേ കൊണ്ട് വല്യമ്മച്ചിക്ക് കൊടുത്തു .
എന്നിട്ട് നീയത് ഹാള്‍ ടിക്കറ്റ് ആണെന്ന് പറഞ്ഞോ?

തന്നെ. വെറുതേ എന്തരിനു അവരക്കടുത്ത് ലെറ്ററിന്റെ കാര്യം പറയുന്നതെന്ന് വച്ചിട്ട് ഞാനത് ഹാള്‍ ടിക്കറ്റാണെന്ന് പറഞ്ഞു. എന്നിട്ട് അവരു കാണാതെ അടുപ്പിലിട്ടു .
നിന്റെ മോന്തയുടെ ലക്ഷണം കണ്ടപ്പോ പറഞ്ഞത് കള്ളമാണെന്ന് അവര്‍ക്കു മനസ്സിലായി കാണും, അതാ എന്നോടു വന്ന് സാമ്പിള്‍ കാണിക്കാന്‍ പറഞ്ഞത്. ഐ ആം സോറി, മൈ കുളിക്കാട്ടുകാരീ. അവര്‍ ഇങ്ങനെ ഒരു ആവശ്യത്തിനാണു അതു ചോദിച്ചതെന്ന് അറിയാതെ എടുത്തു കാട്ടിപ്പോയി.

അറിഞ്ഞുകൊണ്ട് നീയെന്നെ ചതിക്കില്ലെന്ന് എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണെടാ നിന്നെ ഞാന്‍ ശിക്ഷിക്കാഞ്ഞത്. ഇല്ലെങ്കില്‍...
ഇല്ലെങ്കില്‍ നീയെന്നെ അടിക്കുമായിരുന്നോ?

നിന്നെയടിച്ച് ഞാനെന്തിനാടാ കൈ ചീത്തയാക്കുന്നത്? ആ കത്ത് അയച്ചത് നീയാണെന്ന് അങ്ങോട്ടു പറഞ്ഞാല്‍ പോരേ, ബാക്കി വീട്ടുകാരു നോക്കിക്കോളും.
പാമ്പന്‍ പാലം ഉറപ്പിച്ച സിമിന്റിന്റെ ബലം ഉള്ള നിന്റെ വിശ്വാസം എന്നെ രക്ഷിച്ചെടീ. നന്ദി. വൈകിട്ട് നിനക്ക് കട്ട്‌ലറ്റ് വാങ്ങിത്തരാം, അടി കൊണ്ട ഏനക്കേട് പോട്ട്.

Saturday, October 20, 2007

കല്ലി വല്ലി

ജനിച്ചപ്പോള്‍ അയാള്‍ രണ്ടുപേര്‍ക്ക് മകനായിരുന്നു, ഒരു കുട്ടിക്ക് അനുജനായിരുന്നു. വിദ്യാഭ്യാസകാലത്ത് ഒട്ടേറെപ്പേര്‍ക്ക് സഹപാഠിയായിരുന്നു. ചെറുപ്പത്തില്‍ കുറേപ്പേരുടെ സുഹൃത്തായിരുന്നു. വിവാഹം കഴിച്ചപ്പോള്‍ ഒരു പെണ്ണിനു ഭര്‍ത്താവായിരുന്നു. കെട്ടിയവള്‍പ്രസവിച്ചകാലം ഒരു കുഞ്ഞിനു അച്ഛനായിരുന്നു. ഒരു തൊഴില്‍ വിസ വാങ്ങി ദുബായിലെത്തുമ്പോള്‍ ഒരു കമ്പനിക്ക് ലേബറര്‍ ആയിരുന്നു. അഞ്ഞൂറു ദിര്‍ഹം കൊണ്ട് മാസവൃത്തിപോലും കഴിച്ചുകൂട്ടാനാവുന്നില്ലെന്ന് കണ്ട് അയാള്‍ ഒളിച്ചോടിയപ്പോള്‍ കമ്പനി പത്രത്തില്‍ അബ്സ്കോണ്ടിങ്ങ് നോട്ടിഫിക്കയ്ഷന്‍ കൊടുത്തു. ആരും അത് ശ്രദ്ധിച്ചില്ല, കല്ലി വല്ലി.

കാറുകളും വീടുകളും കഴുകുന്ന ജോലി ചെയ്തു. ചിലരൊക്കെ പ്രതിഫലം കൊടുത്തു. പലരും കൊടുത്തില്ല. അതിനെന്താ? കല്ലി വല്ലി.

സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ പാലിനു കറവഡേറ്റ് നോക്കാന്‍ കുനിഞ്ഞു താണ ഒരുത്തി അയാളുടെ ദേഹത്ത് പിന്‍ഭാഗം ഉരസി. അവരെ കയറി മനപ്പൂര്വ്വം മുട്ടിയെന്ന് ആരോപിച്ച് ഭര്‍ത്താവും കടയിലെ സെക്യൂരിറ്റി ഗാര്‍ഡും സാധനം വാങ്ങാന്‍ അവിടെ ഉണ്ടായിരുന്നവരും ഭള്ള് പറഞ്ഞ് ഓടിച്ചു. മുട്ടിയില്ലെങ്കിലെന്ത്? കല്ലി വല്ലി.

ഏറെക്കാലം കഴിഞ്ഞ് ഭാര്യയോടൊന്നു സംസാരിക്കാന്‍ അയലത്തെ ഫോണില്‍ വിളിച്ചപ്പോള്‍ അവള്‍ പ്രായമേറെ കുറഞ്ഞ ഒരു തമിഴനുമായി ഒളിച്ചോടി തേനിക്കു പോയെന്നാണ്‌ മറുപടി കിട്ടിയത്. വീട്ടുചെലവ് കൃത്യമായി അയക്കാത്ത എന്നു തിരിച്ച് വീട്ടിലെത്തുമെന്ന് അറിയാത്ത ഒരു ഭര്‍ത്താവെന്തിന്‌ അവള്‍ക്ക്? കല്ലി വല്ലി.

എന്തെങ്കിലും പണികിട്ടുമോ എന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ നാത്ഥൂര്‍ ഇരുട്ടും നാറ്റവും നിറയുന്ന ഗാര്‍ഡ് റൂമില്‍ കയറി കുത്തിയിരിക്കാന്‍ പറഞ്ഞു. ഇറങ്ങിപ്പോരുമ്പോള്‍ തൊണ്ട പിളര്‍ന്ന് പുറത്തേക്ക് വമിക്കാനൊരുങ്ങുന്ന അഴുക്കും അടക്കി കൈ നീട്ടിയപ്പോള്‍ പ്രതിഫലമായി കൊടുക്കാമെന്നു പറഞ്ഞ പതിനഞ്ചുരൂപയ്ക്കു പകരം കരണത്തടിയും പരിഹാസച്ചിരിയുമാണു കിട്ടിയത്. എന്തിന്റെ പണം? കല്ലി വല്ലി.

വഴിവക്കിലിരിക്കുമ്പോള്‍ അഞ്ചെട്ടു ചെറുപ്പക്കാര്‍ വലിയ കാറിലെത്തി അവര്‍ സീ ഐ ഡികള്‍ ആണെന്നും ലേബര്‍ കാര്‍ഡ് കാട്ടാനും പറഞ്ഞു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോല്‍ പിടികൂടി വണ്ടിയിലാക്കി. ബീയര്‍ കുപ്പി കൊണ്ടും പാത്രങ്ങള്‍ കൊണ്ടും വെറും കൈ കൊണ്ടും പൊതിരെ അടിച്ചു. തങ്ങള്‍ സീ ഐ ഡികള്‍ അല്ലെന്നും വെറും രസത്തിനു ഉപദ്രവിക്കുന്നതാണെന്നും വണ്ടിയില്‍ വച്ച് അട്ടഹസിച്ചു ചിരിച്ച് അവര്‍ പറഞ്ഞു. ഒടുക്കം വഴിയോരത്ത് പുറത്തേക്കെറിയാന്‍ നേരം ഒരുത്തന്‍ പറഞ്ഞു, ഞങ്ങള്‍ തല്ലിയെന്ന് പറ്റുമെങ്കില്‍ നീ പോയി പോലീസില്‍ പറഞ്ഞോ, കല്ലി വല്ലി .

റോഡരികില്‍ നിന്നും കിട്ടിയ അജ്ഞാതനെ നട്ടെല്ലും വൃക്കയും തകര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഫോട്ടോ കണ്ട് തിരിച്ചറിയാവുന്നവര്‍ തങ്ങളോട് ബന്ധപ്പെടണമെന്നും പോലീസ് പത്രപ്പരസ്യം കൊടുത്തു. ആരും ശ്രദ്ധിച്ചില്ല, കല്ലി വല്ലി.

അവകാശികളില്ലാത്ത ബോഡി വസ്ത്രങ്ങള്‍ മാറ്റി പരിശോധിച്ച് ഇസ്ലാം വിശ്വാസിയെന്ന് തോന്നുന്നെങ്കില്‍ ഖബര്‍സ്ഥാനില്‍ അടക്കാനും അല്ലെങ്കില്‍ ശ്മശാനത്തില്‍ കൊണ്ട് ദഹിപ്പിക്കാനുമായിരുന്നു ജീവനക്കാരനു കിട്ടിയ ഓര്‍ഡര്‍. അയാളതിനു മിനക്കെട്ടില്ല. ഏതു മത വിശ്വാസിയാണെങ്കിലെന്ത്? കല്ലി വല്ലി.

ഓ, ഈ കഥാപാത്രത്തിനു ഞാന്‍ പേരിട്ടില്ലല്ലോ? അല്ല ഇയാള്‍ക്ക് എന്തിനൊരു പേര്‌? കല്ലി വല്ലി.

Thursday, October 18, 2007

ഗോബിള്‍ഡിഗൂക്ക്

നാരായണേട്ടന്‍ അന്തരിച്ചിട്ട് ദിനങ്ങളധികമായില്ല. അപ്പോഴേക്കും പരേതന്റെ
പുത്രന്മാര്‍ സ്വത്ത് ഭാഗം ചെയ്യാന്‍ കലഹിക്കുന്നത് ശരിയായ
പ്രവൃത്തിയാണോ? താങ്കളെന്തു പറയുന്നു?

മനസ്സിലായില്ലെടാ . നാരേണന്‍ മരിച്ചതും പരതന്റെ മക്കള്‌ സൊത്തുപാഗം
വെയ്ക്കുന്നതുമായി എന്തരാണെടാ ബെന്ധം?
ഭരതന്റെ മക്കള്‍ അല്ല, പരേതന്റെ, ചരമം അടഞ്ഞ നരായണേട്ടന്റെ.

ഛെ. എടാ പയലേ നിന്നോട് എത്തറപ്രാവിശ്ശം പറഞ്ഞിട്ടുള്ളതാ പത്രത്തില്‍
വരുന്ന എങ്ങുമില്ലാത്ത ഭാഷയും പറഞ്ഞോണ്ട് വരരുതെന്ന്. ഇഞ്ഞിമേലാ ഇങ്ങനെ
വല്ലോം പറഞ്ഞാ തെളച്ച വെള്ളമാ ഇവിടിരിക്കുന്നത്, എടുത്ത്
മോന്തക്കൊഴിക്കും ഞാന്‍.

പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍

ഓര്‍ക്കാപ്പുറത്താണ്‌ ഞാന്‍ മുടുക്ക് കടന്ന് പ്രത്യക്ഷപ്പെട്ടത്.
ഗാര്‍ബേജ് ഷൂട്ടിലെ കൂറ്റന്‍ വേയ്സ്റ്റ് തൊട്ടിക്കു മുകളില്‍ ഇരുന്ന
മനുഷ്യന്‍ ഞെട്ടിപ്പോയി.
"സാബ്, ഞാന്‍ ഇതില്‍ പഴയ കാര്‍ട്ടണ്‍ ഉണ്ടെങ്കില്‍ എടുക്കാന്‍ വന്നതാണ്‌."

വെപ്രാളത്തില്‍ തിരുകിയതുകൊണ്ടാവും ചീട്ടിത്തുണികൊണ്ടുള്ള അയാളുടെ
കാല്‍സരായിയുടെ പോക്കറ്റില്‍ ഒരു ബര്‍ഗര്‍ ബണ്ണിന്റെ കഷണം പുറത്തേക്കു
കാണാനായി.
"അതിനെന്താ, കാര്‍ട്ടണ്‍ പെറുക്കിക്കോളൂ."

എന്റെ മൊബൈല്‍ഫോണ്‍ മണിയടിച്ചു.
"ഹലോ, അതേ ആന്റണിയാണ്‌. ഞാന്‍ നേരത്തേ വിളിച്ചത് ഒരു കാര്യം
ചോദിക്കാനാനായിരുന്നു. ഇവിടെ അടുത്ത് ഒരു സര്‍ദാര്‍ജിമാരുടെ ഒരു
ഗുരുദ്വാരയില്ലേ ആരു ചെന്നാലും വൈകിട്ട് സൗജന്യഭക്ഷണം കൊടുക്കുന്നത്.
അതെവിടെയാണ്‌? ഞാന്‍ ഇന്നൊന്നും വച്ചുണ്ടാക്കിയില്ല അവിടെ കഴിക്കാമെന്ന്
വച്ചിട്ടാണേ."

"എവിടെ....ല്‍ ആണോ. ഓക്കേ, ആര്‍ക്കും പോകാമല്ലോ?"

ഞാന്‍ നടന്നു നീങ്ങി കഴിഞ്ഞിരുന്നു.
"ആന്റോ തന്നെയല്ലേ ഇത്? എന്നെ നേരത്തേ നീ വിളിച്ചില്ലല്ലോ? എന്താടോ നീ
ഹിന്ദിയില്‍ സംസാരിക്കുന്നത്? ഏതു സര്‍ദാര്‍ജിമാരും ഭക്ഷണവും?
എനിക്കറിയില്ല."

"എനിക്കറിയാവുന്നതുകൊണ്ടല്ലേ എവിടെയാണെന്ന് ഞാന്‍ തന്നെ പറഞ്ഞത്. അത്
പക്ഷേ ഇങ്ങനെ അല്ലാതെ പറഞ്ഞാല്‍ വിശപ്പിനും തകര്‍ക്കാനാവാത്ത ഒരു
മനുഷ്യന്റെ അഭിമാനം വീണു പോയേനെ . നീ അത് വിട്ട് വിളിച്ച കാര്യം പറയ്"
മലയാളത്തിലേക്ക് സ്വിച്ചോവര്‍ ചെയ്തു.

എന്റെ ഫോണ്‍ സംഭാഷണം അയാള്‍ ശ്രദ്ധിച്ചു കാണുമോ ആവോ. ആകാവുന്നത്ര
ഉച്ചത്തില്‍ പറഞ്ഞിട്ടുണ്ട്.

Wednesday, October 17, 2007

റൊമാന്റിക്ക് സറോഗസി ട്രീറ്റ്മെന്റ്

January 30,2006
ടീ, ഞാന്‍ ഇന്ന് നമ്മടെ പഴയ ജമീലയെ കണ്ട്.
ഹാ എവിടെവച്ച്?
എല്‍ ഐ സിയില്‍ പോയപ്പ. അവള്‍ അവിടെ ഓഫീസറാ.
എന്നിട്ട്?
അവള്‌ നല്ല കുട്ടപ്പിയായി രണ്ട് പിള്ളേരുടെ തള്ളയായി മിടുക്കിയായി
ഇരിപ്പോണ്ട്. ഒന്നിച്ചു പഠിച്ച കാര്യം പറഞ്ഞിട്ട് അവള്‍ക്ക് എന്നെ
ഓര്‍മ്മ വന്നില്ല.
കൂള്‍. ഇങ്ക്യുബേറ്ററിന്റെ ഒരു ശക്തിയേ!
തന്നെ തന്നെ.

June 22, 1994.
ടീ, നീ നിന്റെ ക്ലാസ്സിലെ ആ ജമീലയെ ശ്രദ്ധിക്കാറുണ്ടോ?
ഉണ്ട്.

അവള്‍ക്കെന്താ പ്രശ്നം?
അറിയില്ല. ഇങ്ങനെ കൂനിക്കൂടി പമ്മി വന്ന് ക്ലാസ്സിന്റെ
മൂലയ്ക്കിരുന്നിട്ടു പോകും. ആരോടും മിണ്ടൂല്ല. കൂട്ടുകാരുമില്ല.
പഠിക്കുന്നുമില്ല. ഫസ്റ്റ് ഈയറില്‍ മൊത്തമായി മൊട്ട വാങ്ങിച്ച്.
സംസാരിക്കാന്‍ ചെന്നാല്‍ മുങ്ങിക്കളയും. സാറെന്തെങ്കിലും ചോദിച്ചാല്‍
കരയും. പിള്ളേരു കളിയാക്കിയാല്‍ വിറയ്ക്കും. നമ്മള്‍ എന്താ പ്രശ്നം
എന്നു ചോദിച്ചാല്‍ പിന്നെ കുറേ ദിവസം കോളേജിലും വരൂല്ല.

അത് ശരി. മൊട്ട വിരിയിക്കാന്‍ അടക്കോഴി ഇല്ലെങ്കില്‍ എന്തു ചെയ്യും നീ?
ഇങ്ക്യൂബേറ്ററില്‍ ഇട്ട് വിരിയിക്കും.
അതായത് വ്യാജ അട അല്ലേ?
നിനക്ക് വട്ട് മൂത്തോ? ഒന്നും മനസ്സിലായില്ല.

എടീ അവള്‍ക്ക് വിരിയാനുള്ള ചൂട് കിട്ടുന്നില്ലെന്ന്. എനിക്ക്
വിശ്വാസമുള്ള, വിവരമുള്ള മൂന്നാല്‌ പയ്യന്മാരോട് അവളെ എപ്പോഴും
ശ്രദ്ധിക്കുന്നെന്നും അവളെ വലിയ കാര്യമാണെന്നും അവള്‍ക്ക് ഫീല്‍
ചെയ്യുന്ന രീതിയില്‍ പെരുമാറാന്‍ പറയാന്‍ പോകുകയാ. അവള്‍ വിരിഞ്ഞ്
അടിപൊളി ഒരു പെടക്കോഴി ആകും.
കൊഴപ്പമാവുമോ? കിട്ടാത്തത് കിട്ടുമ്പോ അവള്‌ വല്ലവന്റേം കൂടെ എറങ്ങി ഓടുമോ?

ഇല്ലെന്നേ, അതിനല്ലേ സൈമുള്‍ട്ടേനിയസ് അറ്റാക്ക്. അപ്പോ ഒരാളിലും
അവളുടെ ശ്രദ്ധ മൊത്തമായി പോവില്ല- ഏത്. പിന്നെ മ്മടെ പയ്യന്മാര്‌ ആയോണ്ട്
അവന്മാരു കിട്ടിയ അവസം മൊതലെടുക്കുന്ന പ്രശ്നവുമില്ല.
നീ ഒരു ഉശിരന്‍ മാമ ആണല്ലോ!

February 24, 1995
ടാ ബ്രോക്കറേ ,അല്ല ഡോക്റ്ററേ. നിന്റെ ട്രീറ്റ്മെന്റ് ഫലിച്ചെടാ.
അവളു വിരിഞ്ഞോ?
പിന്നേ, ഇമ്പ്രൂവ്മെന്റ് പരീക്ഷയൊക്കെ ജയിച്ച്. പിന്നെ പഴേ എണ്ണ പുരണ്ട
മോന്തേം കൂനിപ്പിടിച്ച ഇരിപ്പും കരച്ചിലും ഒന്നും അല്ല. ഇപ്പോ അവളിങ്ങനെ
പട്ടുസാരിയൊക്കെ ഉടുത്ത് വളയൊക്കെ കിലുക്കി ചെത്തി ഒരു വരവുണ്ട്.
കോറീഡോറില്‍ ആ കിലുക്കം കേള്‍ക്കുമ്പോഴേ ക്ലാസ്സിലെ മൊത്തം പയ്യന്മാരുടെ
തല വാതിലിലോട്ട് തിരിയും.

എന്നാ ഞാന്‍ ഒന്നു ലൈന്‍ അടിച്ചു നോക്കട്ട്. സുറുമയെഴുതിയ മിഴികളേ പ്രണയ മധുര..
പിന്നേ, ഏതെങ്കിലും പെണ്ണ് നിന്നെ മൈന്‍ഡ് ചെയ്യുമോ? എനിക്ക്
വട്ടായതുകാരണം നിന്റെ കൂടെ കൂടിയെന്നല്ലാതെ.

സറോഗസി പൂ ചൂടി. എന്‍ സഖി നിന്നെ പോലെ. ഓമല്‍ സഖി നിന്നേ പോലെ.
സറോഗസിയോ? അതെന്താ?

അത് അറിയില്ല? നിനക്ക് ഞാന്‍ നാളെ ഇര്‌വിങ്ങ് വാലസിന്റെ സെലസ്റ്റിയല്‍
ബെഡ് കൊണ്ടു തരാം, ഭദ്രമായി കവറിട്ട് നിന്റെ ബെഡിന്റെ അടിയില്‍
ഒളിപ്പിച്ച് ആരും കാണാതെ വായിച്ചോ.
ബെസ്റ്റ്. എനിക്കറിയണ്ടാ.

ലിമിറ്റേഷന്‍ ഓഫ് ദി ലോ

ജോണീ ജോണീ
യെസ് പപ്പാ?

മേരി ഹാഡേ ലിറ്റില്‍ ലാംബ്
നീ രാവിലേ എന്നെ അംഗനവാടീ പാട്ട് പടിപ്പിക്കാന്‍ വന്നതാണാടേ പപ്പാ?

ടേ ജോണീ മ്മളെ മേരിടെ ആടിനെ കാണുന്നില്ലെന്ന്.
അതിനു നീ എന്തരിന്‌ ഇംഗ്ലീഷ് പറഞ്ഞത് പപ്പാ?

ആട് പോയ കേസ് നമ്മക്കൊന്ന് അന്വേഷിക്കണം. നീ സിനിമയൊക്കെ കണ്ടിട്ടില്ലേ,
കേസ് അന്വേഷിക്കുന്നവര്‌ തോനെ ഇംഗ്ലീഷ് പറയും.
അതിന്‌ നീ ഇംഗ്ലീഷൊന്നും പറയണ്ടടേ. മ്യാരിടെ ആടി ഇപ്പ കറിയായിക്കാണുവെന്ന്!

യാത് കറിയായിടെ കയ്യി കാണുവെന്ന്?
കറിയാടെ കൈയി അല്ല അല്ലെടേ, മട്ടന്‍ കറി ആയിക്കാണുവെന്ന്.

ഇനിയിപ്പം എങ്ങനെ കണ്ടുപിടിക്കും? ഓരോ വീട്ടിലും കേറി പിന്നാപ്പൊറത്ത്
പൂടയോ ചോരയോ ഉണ്ടോന്ന് നോക്കിയാലോ?
കട്ടവനു അടുക്കള കഴുവാനും അറിയുമെടേ പപ്പാ. വേറേ വഴി നോക്കാം.

അതെന്തരു വഴി ജോണീ?
നുമ്മക്ക് രാവിലേ വഴീലോട്ട് ഇറങ്ങി നിന്ന് ജ്വാലിക്ക് പോണ ഓരോരുത്തരേം
പിടിച്ച് നിര്‍ത്തി കൈ മണപ്പിച്ച് നോക്കാം.

അതി പഴുതൊണ്ടെടേ. ഇന്നലെ മട്ടന്‍ കാശു കൊട്ത്ത് വാങ്ങിച്ച്
തിന്നവന്‍‌മാരും അതില്‍ കുരുങ്ങും. ആയിരം വാളികള്‍ ഊരിയാലും ഒര്‌
അത്താപ്പാടിയ്ക്കും പണി കിട്ടരുത് എന്നല്ലീ?
പറഞ്ഞ് തീരട്രേ പപ്പാ, മട്ടന്‍ മണക്കുന്നവര്‌ നുമ്മക്കടെ പീയെസ്സീലെ
പോലെ സംശയ ലിസ്റ്റ്. നുമക്ക് ആ പയലുകളെ എല്ലാം വര്‍ഗ്ഗീസിന്റെ കടേല്‍
കൊണ്ട് പോയി ചോദിക്കാം എവങ് ഇന്നലെ ആട്ടെറച്ചി വാങ്ങിക്കാന്‍
വന്നാരുന്നോന്ന്. എങ്ങനൊണ്ട്?

പൊളപ്പന്‍. പക്ഷേ ചെല വല്യ വാന്തകള്‌ ഒണ്ടല്ല് ജോണീ? ഉച്ചക്കട ദാസന്‍,
ല്വാഡിങ്ങ് ഈപ്പന്‍... ലവന്മാരെ മണപ്പിക്കാന്‍ ചെന്നാ നമ്മടെ മൂക്ക്
ചമ്മന്തിയാവൂല്ലേടേ?
ടേ, ചാമ്പിയാ വള്ളോം കൊണ്ട് പോണ സ്രാവിനെ നുമ്മടെ കണ്ണില്‍ കണ്ടിട്ടില്ല,
യേത്? അതില്‌ നാണക്കേട് വിചാരിക്കണ്ട, പോലീസുകാര്‌ അന്വേഷിച്ചാലും അവര്‌
അങ്ങനെയേ ചെയ്യത്തൊള്ള്.

ഒള്ളത്. സീ ബീ ഐ പോലും അതേ ചെയ്യത്തൊള്ള്.
കട്ടത് അങ്ങനത്തെ വല്ല പുള്ളികളും ആണെങ്കില്‍ മേരിയുടെ ലാമ്പ്...
മതി. ബാക്കി പറയല്ലും, രാവിലേ വെറും വയറ്റി പള്ള് കേക്കാന്‍ വയ്യാ.

എലിജിബിലിറ്റി

ഈ ഷാപ്പിലെന്നും തറ തമാശേം പാട്ടും തന്ന്യേ? ശിവണ്ണാ, വല്യ തത്വശാസ്ത്രമുള്ള , നിലവാരമുള്ള പാട്ട് ഒരെണ്ണം പാട്, ഫിലോസ്യപി.

നെനക്ക് കേക്കാനാ?
ങാ.
ന്നാ കേക്കി.

"ലോണ്ടെ പോണ്‌ ‌ ആട്
ആട്ടിനെന്തര്‌ ചേല്‌
കാലു നാലും കീഴ്പ്പോട്ട്
വാലൊരെണ്ണം മേപ്പോട്ട്.."

അണ്ണാ കളിയാക്കല്ലും. ഇതിലു എന്തരു ഫിലോസ്യപി?
ഡേ, നിന്റെ നിലവാരത്തിനു ഇതു തന്നെ ഏറ്റവും വലിയ പിലോസ്യപി

അതെന്തര്‌?
ഇതിലും വല്യ ഫിലോസ്യപി മനസിലാകുവാരുന്നേല്‍ നീ വല്ല പണിയും എടുത്ത് കാശ് വീട്ടിക്കൊണ്ട് കൊടുക്കുന്നതിന്റെ ഫിലോസ്യപിയും മനസ്സിലാക്കിയേനേന്ന്. യേത്?

അണ്ണന്‍ താങ്ങിയതാ അല്ലേ? ഞാങ്ങ് നന്നായി. വെരുന്ന ബൂനാഴ്ച്ച മൊതല്‌ ഞാന്‍ ഐസ് പ്ലാന്റില്‍ പണിക്ക് പോണൊണ്ട്. മ്മച്യാണെ തന്നെ.
ഒള്ളത്? എന്നാ ചെല്ലന്‍ പണിക്കു പോയി ഒന്നാന്തീ ശമ്പളം വാങ്ങിച്ച് നിന്റെ പൊറുതിക്ക് കൊണ്ട് കൊടുത്ത് അവക്കട കയ്യീന്നൊരമ്പതിന്റെ നോട്ടും വാങ്ങി മടീല്‍ ചെരുവി ഇഞ്ഞോട്ട് വാ. നിനക്ക് ഫിലോസ്യപി മനസ്സിലാവുംന്ന് ഞാന്‍ സമ്മതിച്ച് തോനെ പാട്ട് പാടി തെരും.

യാത് പാട്ട്കള്‌?
ശിവാജിയേടേം എംജ്യാറിന്റേം ഫിലോസ്യപി .

യെന്നാ ഒന്നാന്തി കാണാം.
ടേ, നീ ഒരു കൊല്ലം തെകച്ച് ബോണസും വാങ്ങിച്ച് വന്നാല്‍ വേറൊരു പൊളപ്പന്‍ പാട്ടും ഞാങ്ങ് പാടിത്തരും.

അത് യാത് പാട്ട്?
മ്മളെ കടമ്മനിട്ടേടെ ക്വാഴി.

Tuesday, October 16, 2007

അനക്കൊണ്ടാ

ലോ ഒരു പാമ്പ്‌
അടി
നീയടി, നീയടി.
മാറിനെടേ, ഞാനടിക്കാം.
ഠേ.
പാമ്പ്‌ ചത്ത്‌!
ഠേ ഠേ ഠേ.
പേടിത്തൂറികളേ, പാമ്പ്‌ ചത്തിട്ട്‌ പിന്നെ എന്തരിനു വന്ന് ഷൈന്‍ ചെയ്യാന്‍ കേറി അടിക്കണത്‌?
വോ, ചത്താ? ഞങ്ങളു വടിയെടുക്കാന്‍ പോയിരുന്നതാ, ശ്രദ്ധിച്ചില്ല.
ഒന്നു മാറിനെടേ, ആ പാമ്പിനെ ഞാനും ഒന്നു കാണട്ട്‌... അനക്കൊണ്ടാ.
ഇങ്ങക്ക്‌ കണ്ണില്ലേ കാണാന്‍ കാര്‍ളോസ്‌ ചേട്ടാ? ഇത്‌ അനക്കൊണ്ടയൊന്നുമല്ല, വെറും ചേരയാ.
കണ്ണുണ്ടെടേ, പക്ഷേ കണ്ടില്ല. അനക്കൊണ്ടാന്ന് ഞാന്‍ ചോദിച്ചത്‌ അതിനിപ്പ അനക്കമില്ലെങ്കില്‍ പ്യാടിക്കാതെ വന്നൊന്നൊന്നു കാണാനല്ലേ. യേത്‌.

Monday, October 15, 2007

വിവേകബുദ്ധി

ഇനിയെവിടെയെങ്കിലും കേറാനുണ്ടോ?
രണ്ടുമൂന്ന് വീടുണ്ട്. അവിടെയും പോകണോ?

പിന്നേ, ഒരു വോട്ടിനെങ്ങാനും ഞാന്‍ തോറ്റുപോയാല്‍?
ഒള്ളതാ, ഒള്ളത്.

ഇതാരിക്കടെ വീട്?
ഉച്ചക്കട ദാസണ്ണന്‍. ല്ലെ കുത്തുകേസിലെ...
അതിനെന്താ, നമുക്കെല്ലാ വോട്ടര്‍മാരും ബഹുമാന്യരാണ്‌, വാ.

ഇനിയെവിടാ?
ഇനി ഇത്തിപ്പോരം മാറി ഒരു വല്യമ്മച്ചിയുണ്ട്, മറിയമ്പ്ല. തീരെ കിടപ്പാ,
വോട്ട് ചെയ്യാന്‍ വരുംന്ന് തോന്നുന്നില്ല.
തിരഞെടുപ്പിനു മുന്നേ അവരക്കെങ്ങാന്‍ സുഖമായാലോ? വിവേകബുദ്ധിയോടെ
ചിന്തിക്ക്. വാ പോകാം.

തീര്‍ന്നോ?
ഒരെണ്ണം കൂടെയുണ്ട്. മറ്റേ... രമ.
യാത് മറ്റേ രെമ?
ഠോ.

വെയിലത്ത് നടന്ന് ഞാന്‍ കൊഴഞ്ഞ്. രെമേടെ വോട്ട് നിങ്ങളാരെങ്കിലും
പിന്നെ ചോദിച്ചാ മതി.
ഹ. നേതാവല്ലേ പറഞ്ഞത് നമുക്ക് എല്ലാ വോട്ടറും ബഹുമാന്യരാണ്‌. വിവേക
ബുദ്ധിയോടെ ചിന്തിക്ക്, ഒരു വോട്ടിനെങ്ങാനും തോറ്റുപോയാല്‍?

ഞാന്‍ വിവേകബുദ്ധിയോടെ മാത്രമേ എന്തരേലും പറയൂടേ. രെമേടെ വോട്ട്
ചോദിച്ചു അവക്കടെ വീട്ടില്‍ പോയാല്‍ വേറേ മൂന്ന് വോട്ട് മാറിക്കിട്ടും.
അതാരിക്കടെ?
എന്റെ ഭാര്യേടെ, അവടമ്മേടെ, അവടാങ്ങളേടെ.

നേതാവേ അതിനു രെമേടെ വീട്ടില്‍ പോണത് മറ്റേപ്പാര്‍ട്ടിക്കാരു നോക്കി
നിക്കുവല്ലല്ല് നിങ്ങടെ വീട്ടിലറിയാന്‍.
എന്തരിനു മറ്റേപ്പാര്‍ട്ടി? ഈ കൂട്ടത്തില്‍ തന്നെ ഒണ്ടല്ല് പല
ഗ്രൂപ്പുകാര്‌. നേരേ വിളിച്ചു പറഞ്ഞോളും.

വെളുത്ത കള്ളം

നിനക്ക്‌ ഏറ്റവും ഇഷ്ടം എന്താ? പ്രിയംവദ ചോദിച്ചു
പുളിച്ച തൈരില്‍ ഉപ്പും കൊച്ചുള്ളിയും കാന്താരി മുളകും ചേര്‍ത്ത്‌ ചോറില്‍ കുഴച്ചത്‌ പരവ കരുവാട്‌ വറുത്തതും കൂട്ടി തിന്നുന്നത്‌. സത്യശീലന്‍ പറഞ്ഞു.

പ്രിയംവദ ചിണുങ്ങി കരഞ്ഞു.
അയ്യേ, വെറുതേ പറഞ്ഞതല്ലേ പെണ്ണേ ഞാന്‍. എനിക്കേറ്റവും ഇഷ്ടം നിന്നെയല്ലേ.

പ്രിയംവദ ചിരിച്ചു.
സത്യശീലനു സമാധാനമായി.

നിനക്കെന്താ ഒരു വിഷമം മുഖത്ത്‌? പ്രിയംവദ ചോദിച്ചു.
അത്‌... ഞാന്‍ നിന്നോട്‌ കള്ളം പറഞ്ഞില്ലേ, സങ്കടം കൊണ്ടാ.

അയ്യേ, എന്നെ പറ്റിക്കാന്‍ പറഞ്ഞ കള്ളമല്ലേ? സാരമില്ല.
അതേ, നിന്നെ പറ്റിക്കാന്‍ പറയുന്നതാ, സാരമില്ല.

And they lied happily ever after.

Sunday, October 14, 2007

മാസ്ലോവിയന്‍ സൗന്ദര്യശാസ്ത്രം

എന്താ മുരളീധരാ നീ ചാമിന്ദ വാസിനെപ്പോലെ ഓടുന്നത്?
നിക്കാന്‍ നേരമില്ല. ഗള്‍ഫാര്‍ട്ട് ലവേര്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന തിരക്കിലാ, പിന്നെ കാണാം.

ഗള്‍??? എന്തു ലവര്‍?
ഗള്‍ഫ് ആര്‍ട്ട്.

അങ്ങനെ നിര്‍ത്തി നിര്‍ത്തി പറയൂ, ഞാന്‍ എന്തരോ ഒക്കെ നിനച്ച് പോയി. എന്താ പരിപാടി? ഗാനമേളയും മിമിക്രീമൊക്കെ തന്നെ?
ഛേ. ഛീ. അതൊക്കെ കല ആണോടേ? കഥകളി, ചാക്യാര്‍ കൂത്ത്, ഭരതനാട്യം, സംഗീതക്കച്ചേരി, ഗോട്ടുവാദ്യം...

നാട്ടിലായിരുന്നപ്പോ നൂണ്‍ഷോ പോലും ബിറ്റ് വരെ അല്ലാതെ മൊത്തം കാണാന്‍ നില്‍ക്കാത്ത നീയാണോ കഥകളിയും സംഗീതക്കച്ചേരിയും കാണാന്‍ പോണത്?
ഹും. നാടു വിട്ടു കഴിഞ്ഞപ്പോഴാ നമ്മുടെ കലാസാംസ്കാരിക പൈതൃകത്തിനെക്കുറിച്ചും അതിന്റെ വിലയെപ്പറ്റിയുമൊക്കെ മനസ്സിലായത്. ടേ, കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല.

ഹും. കരുവാടും കപ്പേം കഴിക്കാനുള്ള വക തികയാതെ വരുമ്പോ എന്തര്‌ കല. ഇവിടെ വന്ന് അങ്ങോട്ട് കൊഴുത്തപ്പോ കലതേടാന്‍ ആര്‍ക്കും തോന്നുമെടാ. ചോറു കഴിഞ്ഞല്ലേ കല.
ഛീ. കല എന്റെ ഉള്ളിന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നെടേ.

തന്നെ തന്നെ. പള്ളക്കുള്ളിലോട്ട് തീറ്റ തള്ളി കയറ്റി കഴിഞ്ഞപ്പോ ഉള്ളില്‍ കിടന്ന കല ഞെരുങ്ങി എല്ലിലോട്ട് കുത്താന്‍ തുടങ്ങി. ങാ, എല്ലാര്‍ക്കും അങ്ങനെ തന്നെ. അതല്ലേ എമ്പാടും കലാകാരന്മാരു പട്ടിണിക്കാര്‍ ഉണ്ടായിട്ടും തെണ്ടി നടക്കുന്ന ഒരു കലാസ്വാദകനും ഇല്ലാതെ പോയത്. അവതരിപ്പിക്കുന്നവര്‌ പട്ടിണി ആണെങ്കിലെന്താ, ആസ്വദിക്കുന്നത് എന്നും ചക്രവര്‍ത്തിമാര്‌, പ്രഭുക്കന്മാര്‌, മുതലാളിമാര്‌, വെള്ളക്കോളര്‍... പിന്നെ താഴോട്ട് വരൂല്ല.
നിനക്കറിയില്ല, ഈ മരുഭൂമിയില്‍, ചൊരിമണലില്‍, തീക്കാറ്റില്‍, പട്ടിണികിടന്നു ചില്ലറ നാണയങ്ങള്‍ നാട്ടിലേക്കയക്കാന്‍ പാട്ടയില്‍ ഇട്ടുവച്ചതില്‍ നിന്നും കുറച്ച് എടുത്തു മുടക്കി കലാപരിപാടികള്‍ കാണാന്‍ വരുന്ന പാവപ്പെട്ട...

നിര്‍ത്തടേ, ആസ്കോണിലെ എത്ര ലേബറര്‍മാര്‍ക്ക് നീ ടിക്കറ്റ് വിറ്റു?

ബീ സിക്സില്‍?

ഡള്‍സ്കോയില്‍?

ട്രാഷ്കോയില്‍?

സോനാപ്പൂര്‍ ക്യാമ്പില്‍?

ഒന്നുംമിണ്ടാതെ പോണതെന്തരെടേ??

കോഡ്‌ വിലാസം

സാറു കോളേജിനടുത്തെങ്ങോട്ടോ താമസം മാറുന്നെന്ന് കേട്ടു.
ശരിയാ. പുതിയ വീടു വാങ്ങി.

എവിടെ?
ഇലവന്‍ കോഡ്‌ ദേശം.

ഇലവന്‍കോടോ? തിരുവന്തോരത്ത്‌ അങ്ങനെ ഒരു സ്ഥലമുണ്ടോ?
എടേ, തിരുവനന്തപുരം ഇലവന്‍

ഓ, ഇലവന്‍ പിന്‍ കോഡ്‌ ആണല്ലേ. അപ്പോ ഉള്ളൂര്‍ ആവും പ്രദേശം.
ആ, കണ്ണമ്മൂല.

Saturday, October 13, 2007

പാരഡീസ്‌ ലോസ്റ്റ്‌

കുറച്ചുപേര്‍ ഷാപ്പ്‌ പാരഡി ഇഷ്ടപ്പെട്ടെന്ന് കമന്റ്‌ ഇട്ട്‌ എന്നെ ഒബ്ലൈജ്‌ ആക്കി. ഷാപ്പാണ്‌ പാരഡികളായ പാരഡിയെല്ലാം രചിക്കപ്പെടുന്ന സ്ഥലം. മിക്കവാറും വിഷയവും കള്ളു തന്നെ.

എരണംകെട്ട നിശബ്ദത ഇല്ലാതാക്കാന്‍ മൂലയ്ക്കിരുന്നൊരുത്തന്‍ പാടുന്ന
"ഇന്നുമെന്റെ കള്ളുഗ്ലാസ്സില്‍ രണ്ടീച്ച പൊന്തിയല്ല്
സേമിയാപ്പായസത്തില്‍ മുന്തിരിങ്ങ എന്ന പോലെ.." ടൈപ്പ്‌ സോളോ അല്ലെങ്കില്‍

എന്നും ഈ പാട്ടുകള്‍ കേട്ട്‌ കേട്ട്‌ പാരഡിമാസ്റ്റര്‍ ആയ വിളമ്പുകാരനുമായി കള്ളുസ്റ്റോക്ക്‌ തീരുമ്പോള്‍ ഒരു ശോക ഡൂയറ്റ്‌ ആകാം, ലിതു പോലെ

ഷാപ്പില്‍, ഈ ഷാപ്പില്‍, മണ്‍ കുടത്തില്‍..."ഒരു കോപ്പുമില്ല"
ആരും കാണാതെ ആരോരുമറിയാതെ മൂലക്കൊളിപ്പിച്ച്‌..."വച്ചിട്ടില്ല"

അതൊക്കെ ഒരു സമയം. ഒക്കെ പെയ്യില്ലേ.

ഭൂരിപക്ഷം

ചാക്കുണ്ണീന്റെ മോനു പ്രാന്തായി.
തന്നെ? എന്താ ഒറപ്പ്‌?
ടേ, അവന്‍ പറയുന്നതിനു ഒരര്‍ത്ഥവും ആരക്കും തോന്നണില്ല.

ആരക്ക്‌?
ഇവിടുള്ള എല്ലാവരക്കും.

അപ്പ എല്ലാവരക്കും പ്രാന്തായിട്ട്‌ ആകെ വെളിവുള്ള ആ ചെര്‍ക്കന്‍ പറയുന്നതില്‍ അര്‍ത്ഥം തോന്നണില്ലാത്തതാണെങ്കിലോ?

അങ്ങനെ വരുവോ?
എന്താ വന്നൂടേ?

ടേ, ഇന്നാളുവരെ അവന്‍ പറയുന്നതെല്ലാം ചൊവ്വായിരുന്നു.
ഇന്നാളുവരെ അവനും പ്രാന്തായിട്ട്‌ ഇപ്പ അവനു സുഖപ്പെട്ടതായിക്കൂടേ?

എനിക്കും അവന്‍ പറയണതിന്റെ തുമ്പും വാലും തിരിയണില്ല ചെല്ലാ, കൊഴപ്പമാണോടേ?
വെറുതേ ഇരിക്കുമ്പോ വാഴ വെട്ടാന്‍ തോന്നണുണ്ടാ?

Friday, October 12, 2007

ലേറ്റന്റ് മസോക്കിസം

"എന്നും കുടിക്കുന്ന ചാണ്ടീടെ ചെത്തിനു ഇന്നിത്ര കിക്കെങ്ങനായി
കള്ളെന്ന പേരിലു ക്ലോറല്‍ ഹൈഡ്രേറ്റ് കൂട്ടി കലര്‍ത്യതിനാലോ" ഡാ ചാണ്ട്യേ, കണക്ക് പറഞ്ഞേ, ഞാന്‍ പോണ്‌.
ഇച്ചിരീം വെയിറ്റു ചെയ്യണേ തോമാസേ, നിനക്കൊഴിച്ചത് ശിവനാ. അവങ്ങ് ഒന്നു വെളിക്കെറങ്ങാന്‍ പോയി, ഇപ്പ വരും.

ടേ, ഇപ്പത്തന്നെ താമസിച്ചു. പെണ്ണുമ്പിള്ള പെണങ്ങും.
എന്റണ്ണാ, അണ്ണനും ഭാര്യയും ബെന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതല്ലേ. പിന്നെ ഇപ്പം എന്തരു പെട്ടെന്ന് പ്രേമം?

നേരത്തേ അങ്ങനെ തീരുമാനിച്ചതാര്‌ന്ന്.ഒര്‌ ആറുമാസം ഞാങ്ങ് ഇവിടേം അവള്‍ അവക്കട വീട്ടിലും താമസിക്കുകേം ചെയ്ത്.
എന്നിട്ട് എന്തരായി?

അപ്പഴല്ലേ മനസ്സിലായത് വൈകിട്ട് അവളെന്നെ ചീത്തപറയുന്നതാ എന്റെ ജീവിതത്തിന്റെ ആകെ ഉള്ള സുഖമെന്നും . ഞാങ്ങ് വിളിക്കണ പള്ളുകള്‌ തന്നെ അവക്കട ജീവിതത്തിന്റെ അര്‍ത്ഥമെന്ന് അവളും പറഞ്ഞ്. അങ്ങനെ പിരിയണ്ടാന്ന് വെച്ച്.

കര്‍ത്താവേ, ഓരോ പുകിലുകളേ. എന്റെ കെട്ട്യോളെ കുനിച്ച് നിര്‍ത്തി ഇടിക്കുന്നതാ എന്റെ സുഖം. എന്റെ പതിരു നോക്കി ചപ്പാത്തിയുരുട്ടി കേറ്റുന്നതാ അവക്കടെ.

Wednesday, October 10, 2007

പാരമ്പര്യം

ആനയും അമ്പാരിയുമുണ്ടായിരുന്ന കുടുംബമായിരുന്നു എന്റെ.
എന്റെ അപ്പാപ്പന്റപ്പനു ചരക്കുപത്തേമാരി ഉണ്ടായിരുന്നു.

ഞങ്ങടെ കൊല്ലും കൊലയും നടത്തിയിരുന്ന തറവാടാ.
എന്റെ കാരണവര്‍ കടല്‍ക്കൊള്ളക്കാരെ ചീനവെടി വച്ചു കൊന്ന് കപ്പലും മുക്കിയിട്ടുണ്ട്.

ഗജരാജനായിരുന്നു എന്റെ അപ്പൂപ്പന്റെ കൊമ്പന്‍. അതിന്റെ ചങ്ങല ഇപ്പോഴും വീട്ടിലുണ്ട്.
രണ്ട് കപ്പലിന്റെ വലിപ്പമുണ്ടായിരുന്നു വല്യപ്പാപ്പന്റെ പത്തേമാരിക്ക്. അതിന്റെ നങ്കൂരം ലോ ആ കയത്തില്‍ കിടപ്പുണ്ട്, മുങ്ങി നോക്കുവേ കാണാം.

അഭ്യാസവും പൊടിയിട്ടു മയക്കലും പഠിച്ച ഒരു കള്ളനെ വെട്ടി കൊന്നതിന്‌ തിരുവിതാംകൂര്‍ രാജാവ് എന്റപ്പൂപ്പനു പട്ടും വളയും കൊടുത്തിട്ടുണ്ട് . ആ കഥ ഞങ്ങളുടെ വീട്ടിലെ താളിയോലയിലുണ്ട്.
ഒരു കപ്പല്‍ സ്വര്‍ണ്ണം ഭദ്രമായി പേര്‍ഷ്യയില്‍ എത്തിച്ചതിനു സിലോണ്‍ രാജാവ് എന്റപ്പാപ്പനു സ്മാളും സോഡയും കൊടുത്തിട്ടുണ്ട്. ആ കഥ ഞങ്ങലുടെ നാട്ടിലെ ഷാപ്പില്‍ ആളുകള്‍ ഇപ്പോഴും പറയാറുണ്ട്.

എന്റപ്പൂപ്പന്‍ മദമിളകിയ ഒരു ആനയെ അടക്കി നിര്‍ത്തിയിട്ടുണ്ട്.
എന്റപ്പാപ്പന്‍ ഒരു നീലത്തിമിംഗിലത്തിനെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട്.

ഓഹോ? അപ്പോള്‍ നീ ഇതുവരെ എന്നെ കളിയാക്കുകയായിരുന്നല്ലേ?
അത് മനസ്സിലാക്കാന്‍ നീ ഇത്രയും നേരമെടുത്തല്ലോടേ.

എടേ, പാരമ്പര്യം ഒരു സ്വത്താണ്‌. അതില്ലാത്തവന്‌ അതിന്റെ വിലയറിയത്തില്ല.
തന്നെ? എന്റെ ബാങ്ക് ലോണിനു ഒരു കൊളാറ്ററല്‍ സെക്യൂരിറ്റി വേണമെന്ന്. നിന്റെ പാര്യമ്പര്യം ഒന്നു പണയം വച്ചോട്ടേടേ, പ്ലീസ്?

നിനക്ക് അസൂയ ആണെടേ, അതിനു മരുന്നില്ല.
എന്തെങ്കിലും ഉണ്ടാകുമ്പഴല്ലേടേ അസൂയയും ഉണ്ടാകണത്? പണ്ടെന്തരോ ഒക്കെ ഒണ്ടാരുന്നത് കമ്പ്ലീറ്റ്തൊലഞ്ഞ് ഇപ്പ കാലിച്ചായക്ക് കടക്കാരന്‍ പറ്റു തരാത്ത ഗതി ആയെന്ന് കേള്‍ക്കുമ്പ എനിക്കെന്തരിനു അസൂയകള്‌?

Tuesday, October 9, 2007

രോഷം

ചിപ്പിച്ചാറൊഴിച്ച ചോറ് ഒരുരുള വിഴുങ്ങി ഞണ്ടു കറിയില്‍ നിന്ന് ഒരു
ഇറുക്കുകാലെടുത്ത് വിസില്‍ പോലെ വായില്‍ വച്ച് അകത്തോട്ട് വലിച്ച
ചന്ദ്രന്‍ ഒന്നു ചുമച്ചു, പിന്നെ പിടച്ചു. ശേഷം freeze ആയി.

ആന്റോ, ലവനെ warm boot ചെയ്യെടാ- കമ്പ്യൂട്ടുകാരന്‍ ഷാനവാസ് നിലവിളിച്ചു.
പിടിച്ച് കമിഴ്ത്തിയിട്ട് മുതുകിന്‌ കൈ തളത്തി അടിച്ചു. തിരിച്ച്
മലര്‍ത്തിയിട്ട് വയറ്റിനു ആഞ്ഞു ഞെക്കി. ഒരു പ്രയോജനവുമില്ല, ചന്ദ്രന്‍
അസ്തമിച്ചുകൊണ്ടേയിരിക്കുന്നു.

ഇഞ്ഞോട്ട് മാറെടാ- ഈപ്പന്‍ പാഞ്ഞുവന്ന് ചന്ദ്രനെ പിടിച്ചു വാങ്ങി.
ചങ്കുമ്പൊറത്ത് ഓങ്ങിയടിച്ചു. മറിച്ചിട്ട് മുട്ടുകാല്‌ പള്ളക്കു കേറ്റി.
പൊക്കിയെടുത്ത് നിലത്തിട്ട് മുതുകിനു തൊഴിച്ചു. നടുവിനു ചവിട്ടി
ഞെരിച്ചു.

അയ്യോ ഈച്ചപ്പാ, അല്ല ഈപ്പച്ചാ, നിര്‍ത്തേ. മതിയേ, എനിക്ക് ശ്വാസം വീണേ-
ചന്ദ്രന്‍ നാലഞ്ച്ചു കൂവക്കം കൂവിയിട്ടേ ഈപ്പന്‍ നിര്‍ത്തിയുള്ളു.

ഹോ! ഇത്രേം ഇടിച്ചാലേ തൊണ്ടേക്കുടുങ്ങിയത് കക്കത്തോള്ളോ ഈപ്പച്ചായാ?
അതെനിക്ക് അറിയത്തില്ലാരുന്നു. ചന്ദ്രണ്ണന്‍ ഇനി എത്ര കാലം പാലും
മൊട്ടേം കുടിച്ചാല്‌ ഈ കേടു തീരും.

ഇച്ചാല്‌ ഇടിക്കണമെന്ന് ഞാനും വിചാരിച്ചതല്ലെടേ. ഞാങ്ങ് അങ്ങാട്ട് ഇടി
തൊടങ്ങി കഴിഞ്ഞപ്പളാ യെവന്‍ കഴിഞ്ഞ ന്യൂ ഈയറിന്‌
ചീട്ടുകളിക്കുന്നേടത്ത് വച്ച് എന്റെ ചെള്ളക്ക് ഒരടി പൊട്ടിച്ച കാര്യം
ഓര്‍ത്തത്. പിന്നങ്ങോട്ട് മനസ്സ് പിടിച്ചിട്ടു നിന്നില്ല.യെവന്‍
ഞണ്ടിന്റോട്ടിയും മൊലപ്പാലും എല്ലാം കക്കി കഴിഞ്ഞപ്പഴാ എനിക്ക്
വെളിവുവന്നത്.

ചുമ്മാതല്ല ഞാന്‍ അടിച്ചിട്ട് ചന്ദ്രണ്ണനു ശ്വാസം വീഴാഞ്ഞത്. എന്റെ
ചെള്ളക്ക് ലങ്ങേര്‍ അടിച്ചിട്ടില്ലല്ല്.

Monday, October 8, 2007

അകിടും ഉപ്പൂടിയും

ലോ ബൈക്കില്‍ പോയവനെ അറിയാവോ ആന്റോ?
പിന്നേ! എന്തരിന്‌ കേട്ടത്?

ലവന്‍ പുളിമൂട്ടില്‍ നിന്നാണു പെണ്ണ് കെട്ടാന്‍ പോണതെന്ന്.
ഗിന്നസ് ബുക്കില്‍ കേറാനാണാ?

അതെന്തരെടേ??
അല്ലാ, ആളുകള്‍ പള്ളിയിലും അമ്പലത്തിലും കച്ചേരിയിലും ഒക്കെ നിന്നാണല്ലോ
പെണ്ണ് കെട്ടാറ്‌. ലവന്‍ ഇനി വല്ല റിക്കോര്‍ഡ് ഇടാനാണോ പുളിമൂട്ടില്‍
ചെന്ന് നിന്ന് കെട്ടാന്‍ തീരുമാനിച്ചതെന്ന്.

ഊതല്ലേ. അവന്‍ നമ്മളെ പുളിമൂട്ടില്‍ വീട്ടിലെ ഡൗസാക്കണ്ണന്‍ ചാക്കോയെടെ
മോളെയാ കെട്ടാന്‍ പോണതെന്ന്, കഷ്ടം!
എന്തര്‌ കഷ്ടം? ചാക്കോയിക്കല്ലേ ഡൗസാക്കണ്ണ്? അയാക്കൊട മോള്‍ടെ രണ്ടു
കണ്ണിനും ഒരു കൊഴപ്പവുമില്ലല്ല്?

കണ്ണിനായിരുന്നേല്‍ വേണ്ടില്ലായിരുന്ന്. എടാ, അവള്‍ക്കടെ സ്വഭാവത്തിനാ
ഡൗസ. അറിയൂല്ലേ നിനക്ക്, പണ്ട് ഒരു കോളേജ് ചെറുക്കന്റെ കൂടെ ഓടിപ്പോയി
പാണ്ടിയില്‍ ഒരാഴ്ച്ച താമസിച്ചവളാ ചാക്കോയെടെ മോള്‌.
അറിയാം, പക്ഷേ ലവനും ഒരു സെറ്റ് അപ്പ് ഒക്കെ ഉണ്ടാക്കി നാട്ടുകാര്‍ കൂടി
എടുത്തിട്ടു വീക്കിയോടിച്ചവനല്ലിയോ? അതു കള, കോവളത്തെ സകല
വെടിപ്പെരകളിലും എവന്‍ എന്നും കേറി നെരങ്ങുന്നത് നാട്ടില്‍ പാട്ടാണല്ല്?

അതിനെന്തര്‌? ആണുങ്ങള്‍ ചെറുപ്പത്തിലേ എന്തരെങ്കിലും ചെറിയ
കുരുത്തക്കേട്‌കള്‌ കാണിക്കുന്നത് പോലെ അല്ലല്ല് പെമ്പുള്ളാര്‌ തനി
തന്തയില്ലാഴി കാണിക്കണത്?
തന്നെ തന്നെ, പശൂനേ വാങ്ങുമ്പോ അകിട്ടിലും കാളേ വാങ്ങുമ്പോ ഉപ്പൂടിയിലും
ആണല്ല് തടവി പരിശോധിക്കണ്ടത്!

Sunday, October 7, 2007

ചേര്‍ച്ച

ആ ധന്യയെ കാണാന്‍ എന്തു ഭംഗിയാ അല്ലേ?
ഉം.

അവള്‍ടെ കയ്യൊക്കെ കണ്ടോ ? ഒറ്റ രോമവുമില്ല മിനു മിനാന്ന്.
ഉം.

ആവളെ കാണുമ്പോള്‍ സ്വന്തമാക്കണമെന്നല്ലാതെ മറ്റെന്തെങ്കിലും
ചിന്തിക്കുന്ന ഒറ്റയാണും അവളെപ്പോലെ സുന്ദരി ആകണം എന്ന് ചിന്തിക്കാത്ത
ഒറ്റ പെണ്ണും ഈ കോളെജില്‍ ഉണ്ടാകില്ല. ഉണ്ടാകുമോ?
ഉം.

ഉണ്ടാകുമെന്നോ?
ഉം.

ഉം?
മറ്റെന്തെങ്കിലും ചിന്തിക്കുന്ന പെണ്ണ് നീ, ആണ്‌ ഞാന്‍.

ഉം?
ധന്യയെക്കാണുമമ്പോള്‍ നീ ചിന്തിക്കുക ഞാന്‍ അവളെ കാണുമ്പോഴൊക്കെഎന്തു
മനസ്സില്‍ വിചാരിക്കും എന്നാണ്‌. അവളെ ഞാന്‍ കണ്ടാല്‍ ചിന്തിക്കുക നീ
അവളെ കാണുമ്പോഴൊക്കെഎന്തു മനസ്സില്‍ വിചാരിക്കും എന്നാണ്‌.

നമ്മള്‍ രണ്ടും ചേരും. അല്ലേ?
ഉം.

Saturday, October 6, 2007

ആയുസ്സിന്റെ ബലം

ലോണ്ടൊരു പാമ്പ്.
അടി.
നീയടി.
നെനക്കെന്തര്‌ അടിച്ചാല്‌?
തോളെല്ലു കൊഴതെറ്റി ഇരിക്കുവാ ബലം കിട്ടത്തില്ല.
ഞാന്‍ ശബരിമലെ പോകാന്‍ മാലയിട്ടിരിക്കുവാ.
എന്നാ പാമ്പ് പോട്ട്!
അതെപ്പഴേ പോയി.
നിന്റെ കുറ്റമാ.
അല്ല നിന്റെയാ.
ആരുടേം കുറ്റമല്ല, അതിന്റെ ആയുസ്സിന്റെ ബലം കൊണ്ട് അതു പോയി
ഒള്ളത് തന്നെ. ആയുസ്സൊള്ള പാമ്പാ.

Friday, October 5, 2007

വൊക്കേഷണല്‍ കൗണ്‍സിലിങ്ങ്

വര്‍ഗ്ഗീസേ, രണ്ട് കിലോ മട്ടണ്‍ വെട്ട്, തുട നോക്കി. ആ ഇതാര്‌ ആന്റോയോ? നീയിപ്പം എന്നാത്തിനാടാ പഠിക്കുന്നേ?
എല്ലാരും പഠിക്കണതിനു തന്നെ സാറേ, ഒരു ജ്വാലി കിട്ടാന്‍.
ഹ ഹ . ആന്റോ ശ്രദ്ധിച്ചോടാ, വര്‍ഗ്ഗീസിന്റെ വെട്ടിനു പഴേ ഉശിരില്ല.

തന്നെ, തന്നെ സാറേ, ഈയെടെ എനിക്ക് എറച്ചിവെട്ട് ചെയ്യുമ്പ ഒരു വെഷമം പോലെ.
അതെന്നതാടോ ഊവ്വേ?
അല്ലാ ദെവസേന വെട്ടും കൊലേം ചോരയൊഴുക്കലും അയിറ്റിങ്ങടെ നെലവിളീം ചോരേം. നിര്‍ത്തി ബോട്ടുപണിക്കോ വള്ളത്തിലോ പോയാലോന്ന് നെരുവിക്കുവാരുന്ന്.

വര്‍ഗ്ഗീസേ, തന്നെപ്പോലെ ആളുകള്‍ വാങ്ങി വെട്ടാനുള്ളതുകൊണ്ടല്ലേ ആളുകള്‍ ആടുവളര്‍ത്തുന്നത്? ഇല്ലെങ്കില്‍ ആരെങ്കിലും ഈ കോലാടിനെ വളര്‍ത്തുമോടോ? വളര്‍ത്താനാളില്ലെങ്കില്‍ ഈ സാധു ജീവികള്‍ കാട്ടില്‍ ജനിക്കുമോ, ഇല്ല. അപ്പോ തന്റെ വെട്ടാണു ഈ ആടുകള്‍ക്കെല്ലാം ചത്തുപോകും വരെയെങ്കില്‍ അത്രയും, ജീവിതം കൊടുക്കുന്നത്. താന്‍ നിര്‍ത്തിയാല്‍ അവ എങ്ങനെ ജനിക്കുമെടോ?

തന്നെ തന്നെ, സാറു പറഞ്ഞത് ഒള്ളത് തന്നെ. ഞാങ്ങ് വെറുതേ ഓരോന്ന് ഓര്‍ത്ത് വെഷമിച്ച്.

ദേണ്ട് ഈ സഞ്ചീലിട്ടോ. ഇരുന്നൂറല്ലേ? ദാ പിടി. ആന്റോ വരുന്നോടാ, ബൈക്കിലങ്ങ് ജംഗ്ഷനിലാക്കിയേക്കാം.

പോവ്വാം?
പാം.

സാറ്‌ വര്‍ഗ്ഗീസിനോട് പറഞ്ഞത് നല്ലൊരു വീക്ഷണം ആണല്ലോ, ആടുകള്‍ ജനിക്കുന്നത് എറച്ചിവെട്ടുകാര്‍ ഉള്ളതുകൊണ്ടാണെന്ന്.
ആടുകള്‍ ജനിക്കുന്നത് മുട്ടനാടും പെണ്ണാടും ഇണ ചേരുന്നതുകൊണ്ടണെന്ന് അറിയാന്‍ മേലേടാ പോത്തേ നിനക്ക്?

അപ്പോ വര്‍ഗ്ഗീസിനെ പറഞ്ഞു പറ്റിച്ചതാണാ?
അല്ലെടാ, അയാളുടെ തൊഴിലില്‍ ആ പാവത്തിനൊരു സംതൃപ്തി ഒക്കെ തോന്നണ്ടേ, നാലു വാക്ക് പറയാന്‍ ചിലവൊന്നുമില്ലല്ലോ.
തന്നെ തന്നെ.

പിന്നെ വര്‍ഗ്ഗീസ് ആടുവെട്ട് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന ഭക്ഷ്യവിപത്തിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ താന്‍?
അയ്യോ സാര്‍ ഭക്ഷ്യവിപത്തിയെക്കുറിച്ചല്ല, ഭവിഷ്യത്തിനെക്കുറിച്ചെന്ന് പറയൂ.
അതെല്ലെടാ. വര്‍ഗ്ഗീസ് ആടുവെട്ട് നിര്‍ത്തിയാല്‍ ഈ അടുത്തെങ്ങും പിന്നെ നല്ല മട്ടണ്‍ കിട്ടത്തില്ല. സിറ്റിയില്‍ പോകേണ്ടിവരും എന്ന്.

ഈശ്വരന്മാരേ, ഈ കാഞ്ഞിരപ്പള്ളി കശ്മലന്റെ ഒരു കാര്യം. കള്ളന്‍ പ്രൊഫസറേ, ഞാന്‍ പിച്ചും ട്ടോ അസത്തേ.

ക്യാപ്റ്റീവ് കണ്‍സംഷന്‍

ചിറാപ്പുഞ്ചിയായല്ലോ... റോഡും പോയ്. ഹോ ഹോ ഹോ .
തള്ളേ! പാട്ടുകള്‌ ഞെരിപ്പന്‍. ഈ മഴയ്ക്ക് ചേരും.
ഇതാ? തേന്‍‌മാവിന്‍ കൊമ്പത്തിന്റെ പാരഡിയാ ആന്റോ .
മനസ്സിലായി.

തണുപ്പത്ത് ബീഡിയുടെ കച്ചോടം കൂടിക്കാണുവല്ല്?
ഇല്ലെടാ ആന്റോ. കടയും നോക്കിക്കോണ്ട് ഇരുന്നു തെറുത്താല്‍ ഒരുദെവസം അഞ്ചു കെട്ട് തെറുക്കും. മൊത്തം അപ്പോ തന്നെ വിറ്റും പോകും. എരണം കെട്ട മഴ തുടങ്ങിയേപ്പിന്നെ അഞ്ച് കെട്ട് തെറുക്കുമ്പഴേക്ക് ഞാന്‍ തന്നെ രണ്ട് കെട്ട് വലിക്കും. അപ്പോ പിന്നെ കച്ചവടം മൂന്നുകെട്ടേയുള്ളു.

Wednesday, October 3, 2007

വ്യാജന്‍

ആന്റോയേ, നീയ് വന്നിട്ടുണ്ടെന്ന് കേട്ട്.
കേട്ടത് ഒള്ളത് തന്നെ മൂപ്പീന്നേ, ഞാന്‍ വന്നിട്ടൊണ്ട്.

ഗള്‍ഫീ പോയിട്ട് കൊടവയറും തടീം ഒന്നും വച്ചില്ലല്ലോടാ ?കൂലിപ്പണിയാണോ അവിടെ?
എല്ലാ പണിയും കൂലിക്കല്ലേ മൂപ്പീന്നേ.

മൂപ്പീന്ന് വട്ടത്തില്‍ മുറിയൊന്നു കറങ്ങി നോക്കി.

ടേപ്പ് റിക്കാര്‍ഡറൊന്നും വാങ്ങിച്ചില്ലേ?
ഇതു കണ്ടോ, ഐപോഡ് എന്നു കേട്ടിട്ടുണ്ടോ?

നെരിപ്പോട് എന്നു കേട്ടിട്ടുണ്ട്. എന്തരായാലും പോക്കറ്റ് റേഡിയോ തന്നല്ല്?
അല്ലല്ല്!


ചറപറാന്ന് അഞ്ചാറ് അറബി പറയെടാ?
ഒന്നു മുതല്‍ ആറു വരെ എണ്ണിയാ മതിയോ മൂപ്പീന്നേ? വേറേ അറബിയൊന്നും അറിഞ്ഞൂടാ.


അപ്പോ നിന്റെ അറബി മുതലാളിയോട് നീ എന്തരു ഭാഷകള്‌ പറയും?
എനിക്കവിടെ മുതലാളിയൊന്നുമില്ല, ജനറല്‍ മാനേജരാ. അയാളു ഫ്രെഞ്ചുകാരനാ.
ഹും. ആങ്. ഹാ..
എന്നാ പോട്ട് ഞാന്‍.

അല്ലാ, മൂപ്പീന്ന് എന്തരോ കേക്കാന്‍ ഭാവിച്ചല്ല്?
കേട്ടിട്ടു കാര്യമൊണ്ടോടേ?
കേട്ട് നോക്കിന്‍.

ഉം?
ഉം.

ഫോറിന്‍ വല്ലോം ഇരിപ്പൊണ്ടോ?
പിന്നേ! ദാണ്ട്. ഒഴിക്കട്ടോ?

ഇതെന്തരെടേ? ആ ടോണിക്ക് പോലത്തെ കുപ്പീലും , ചാരായം പോലത്തെ കുപ്പീലും വരുന്നതൊന്നുമല്ലല്ല്?
ടോണിക്ക് പോലത്തെ കുപ്പീല്‍ വരുന്നത് ജോണിവാക്കര്‍. ചാരായം പോലിരിക്കണത്‍ ബക്കാര്‍ഡി വൈറ്റ്. ഇത് കുട്ടി സാര്‍ക്ക്.

എന്തരിന്റെ കുട്ടി?
കുട്ടിസാര്‍ക്ക്. എന്നുവച്ചാല്‍ പെണ്ണുങ്ങളിടണ ചീട്ടിത്തണീന്റെ അടി ഉടുപ്പ്. മലയാളത്തില്‍ പെറ്റിക്കോട്ട് എന്നു പറയും.

തോര്‍ത്തോ ജെട്ടിയോ എന്തരേലും ആട്ട്, നീ ഒഴി . എടാ, കണ്ണൊന്നും പോകത്തില്ലല്ല്?
ഇല്ലെന്നും.

നെട്ടനെ മോന്തി മൂപ്പീന്ന് ഗ്ലാസ്സ് മേശപ്പുറത്ത് ഇടിച്ചു നാട്ടി.
എടാ നീ ഗള്‍ഫിലാന്നോ അതോ ബോംബേലോ കല്‍ക്കട്ടേലോ വല്ലേടത്തും? സത്യം പറ ഞാനാരോടും പറയൂല്ല.

കോളേജ് പഠിപ്പ്

ആന്റോയേ, കമ്പവല വലിക്കാന്‍ വെരുന്നോടാ?
നൂറ്റമ്പത് തരുവോ?
ഇല്ല. തൊണ്ണൂറ്‌.

എവിടത്തെ റേറ്റാണെന്ന്? വടം തൊട്ടാ മതി, ഏതു പട്ടിത്തരക്കാരന്‍ വള്ളക്കാരനും നൂറ്റിമുപ്പതെങ്കിലും തരും.
അത് സാധാരണക്കാരനുള്ള റേറ്റ്. നീ കോളേജില്‍ പോയി പഠിച്ചവനാ. ഇന്നി നിന്റെ മിടുക്ക് ഓഫീസുപണിക്കേ പറ്റൂ.

അത് നേര്‌. ന്നാലും നൂറ്റിരുപത്തഞ്ചെങ്കിലും?
നീയായോണ്ട് നൂറ്റിപത്ത്.
ന്നാ ബാ പാം.

Monday, October 1, 2007

കുരു പൊട്ടണ ആദി

"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു."
ഇത് ആദിയല്ലല്ലോ അണ്ണാ? ആകാശോം ഭൂമിയും സൃഷ്ടിക്കാന്‍ ഒരു ദൈവം എങ്ങനെ ഉണ്ടായി അവിടല്ലേ കറക്റ്റ് ആദി?
അവിശ്വാസി. നിഷേധി. പോടാ.
വിഷമമായി. ഒറ്റയ്ക്കായി. ഇറങ്ങിപ്പോയി.

കൂടുതല്‍ അലയേണ്ടി വന്നില്ല, യുക്തി വിളിച്ച് മടിയിലിരുത്തി .

"ആദിയില്‍ ഒന്നുമില്ലായിരുന്നു."
അത് പൊളപ്പന്‍. പിന്നെ?
പിന്നെ ച്ചിരെ മാത്രം പോരുന്നതെല്ലാം കൂടെ ഒരൊറ്റ പൊട്ടല്‍. എല്ലാമായി.

ഈ ച്ചിരെ എങ്ങനെ ഉണ്ടായി, അതല്ലേ കറക്റ്റ് ആദി.
ശൂന്യത്തോടടുത്ത് നില്‍ക്കുന്ന ച്ചിരെ.
അടുത്താല്‍ ശൂന്യമാവുമോ?
വിഢ്ഢ്യാനേ. അന്ധവിശ്വാസീ. പോടാ.

ഇത് ശരിയാവൂല്ലാ.

ഇടയണ്ണാ, ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചെന്ന് വിശ്വസിച്ചില്ലെങ്കില്‍?
ദൈവം നിന്നെ നരകത്തില്‍ ഇട്ട് റോസ്റ്റ് ചെയ്യും. വലിച്ചു കീറി തലപ്പാവ് കെട്ടും.
തള്ളേ, പരിപ്പെളകിപ്പോകുവല്ല്!

ശാസ്ത്രണ്ണാ, ആദിയില്‍ ഒന്നുമില്ലായ്മ ബാങ്ങ് ചെയ്തെന്ന് വിശ്വസിച്ചില്ലെങ്കില്‍?
നീ സത്യം അറിയാത്ത അന്ധനാകും.
അത്തറേയുള്ളു? അതായിക്കോളാം. നോവറി.

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചെന്ന് ആന്റോ വിശ്വസിച്ചു. മറ്റെത് വിശ്വസിച്ചില്ലേല്‍ വല്യ പ്രോബ്ലം ഒന്നും ഒണ്ടാകത്തില്ലല്ലോ.
ഈ ആദി പുകിലുകള്‌ തന്നെ.