Monday, March 29, 2010

വെള്ളോം വായൂം

അന്തപ്പാ!
വാ, ഇരി. കൊറേയായല്ലോ.

നടൂനു ഇപ്പ എങ്ങനുണ്ട്?
ഇപ്പ കൊഴപ്പമൊന്നുമില്ല. ഉഷ ആറായി വരുന്നു.

ഫിഷ് ടാങ്കീ എന്തരേലും മാറിയാ? എന്തോ വത്യാസം കണക്ക്.
മാറിയതല്ല, ഞാന്‍ വയ്യാതിരുന്ന സമയത്ത് ബാലാ ഷാര്‍ക്കില്‍ രണ്ടെണ്ണം മത്സ്യസ്വര്‍ഗ്ഗം പ്രാപിച്ചു.

ഓ അതാണ്‌.
അതാണ്‌. ആറേല്‍ ഇനി നാലു ബാക്കിയുണ്ട്.

നന്നായി.
എന്ത്, മീന്‍ ചത്തതോ? യൂ മീന്‍ കഷ്ടമായി?

അല്ലല്ല, ബാലകനകമയന്മാര്‍ ചത്തത് നന്നായെന്നു തന്നെ. ഉടമസ്ഥനു വലിയ കഷ്ടകാലം വരുമ്പോള്‍ ഫിഷിനറിയാം. അവര്‍ ആ കഷ്ടം ഏറ്റുവാങ്ങി സ്വന്തം പ്രാണന്‍ കൊടുക്കും. അന്തപ്പനു അസുഖം വന്നപ്പോള്‍ അത് ഏറ്റ് വാങ്ങിയാ ആ ഫിഷ് മരിച്ചത്. കൂടിയ അസുഖമായിരുന്നു, അതല്ലേ രണ്ടെണ്ണം ചത്തത്.

എന്ന് ആരു പറഞ്ഞു?
ചൈനീസ് ഫെങ്ങ്‌ഷൂയി മുതല്‍..

ഓ അങ്ങനെ.
അന്തപ്പനു അനുഭവം കൊണ്ട് ഇതിലിപ്പ വിശ്വാസം വന്നില്ലേ?

ഏത് അനുഭവം?
നിങ്ങക്ക് ഒരു കഷ്ടകാലം വന്നു. പത്തോ നാല്പ്പതോ കൊല്ലം ജീവിക്കേണ്ട ബാല ഷാര്‍ക്ക്...

നാല്പ്പതൊന്നും പോകില്ല, ഏറിയാ ഇരുപത്.
എത്രയോ ആകട്ട്. അത് ആ സമയം നോക്കി ചത്തു, അതും രണ്ടെണ്ണം. അപ്പ തന്നെ അസുഖം മാറുകയും ചെയ്തു. ശരിയല്ലേ?

ശരിയാണ്‌.
ഇപ്പോള്‍ വിശ്വാസമായോ?

ഇല്ലല്ലോ.
കൊണ്ടാലും പഠിക്കില്ലേ?

ഇല്ല മച്ചൂ. ഞാന്‍ ആശുപത്രീന്നു വീട്ടില്‍ വന്നപ്പോള്‍ ബാലഷാര്‍ക്ക് രണ്ടെണ്ണം അങ്ങനെ വടിയായി എന്ന ന്യൂസ് ഖേദപൂര്‍വ്വം അറിഞ്ഞു. ടാങ്കൊന്ന് പരിശോധിച്ചപ്പോള്‍ മൂന്നാമതൊരുത്തന്‍ ഒരുമാതിരി "ഉച്ചാന്തല കീഴിരുക്ക് ഉള്ളം കാല്‍ മേലിരുക്ക് നിക്കട്ടുമാ നീന്തട്ടുമാ." എന്ന പരുവത്തില്‍ തലകീഴ്ക്കാമ്പാട് പോകുന്നു.

എന്തു മനസ്സിലായി, കഷ്ടകാലം.
അതു തന്നെ കഷ്ടകാലം. എനിക്കല്ല, ഷാര്‍ക്കിന്‌. മരിച്ചുകൊണ്ടിരിക്കുന്നവന്‍ സ്വിം ബ്ലാഡര്‍ ഡിസോര്‍ഡറിലാണ്‌. ഒന്നുകില്‍ ബ്ലാഡര്‍ ഇന്‍ഫെക്ഷന്‍ അല്ലേല്‍ കെമിക്കല്‍ കണ്ടാമിനേഷന്‍. യൂ വി സ്റ്റെറിലൈസ് ചെയ്ത ടാങ്കില്‍ ഇന്‍‌ഫെക്ഷന്‍ വരാന്‍ വഴീല്ല. സോ ചെക്ക് ചെയ്തു. ഫില്‍ട്ടര്‍ കോട്ടണില്‍ നിറയേ വേസ്റ്റ്. അമോണിയാ കൂടിയതാകും. ടാങ്കില്‍ നാലില്‍ മൂന്നു വെള്ളം മാറി, കെമിക്കല്‍ റിമൂവറും കലക്കി.

എന്നിട്ട്?
കുഴിയിലേക്ക് കാലു നീട്ടിയ ബാലാ മൂന്നാമന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പയറു പോലെ നീന്തിക്കളിക്കാന്‍ തുടങ്ങി.

അല്ലാ, കഷ്ടകാലം കൊണ്ടല്ലേ അമോണിയ.
അല്ല, വയ്യാതിരുന്ന കാലം ടാങ്ക് ഇന്‍സ്പെക്ഷന്‍ ഇല്ലായിരുന്നു.

ഹും അങ്ങനെയും ചിന്തിക്കാം.
മച്ചു അങ്ങനെ ചിന്തിക്കില്ല. രണ്ടെണ്ണം ചാകുമ്പോള്‍ കഷ്ടകാലം മാറിയെന്നു കരുതും. ബാക്കിയുള്ള ഷാര്‍ക്കും ചാകുമ്പോള്‍ കൂടുതല്‍ കഷ്ടകാലം മാറിയെന്നു കരുതും. ഒടുക്കം എല്ലാ മീനും ചാകുമ്പോള്‍ ഭയങ്കര കഷ്ടകാലം ഒഴിഞ്ഞെന്ന് ആശ്വസിക്കും.

എന്തിലെങ്കിലും വിശ്വസിക്കേണ്ടേടേ ഒരു ആശ്വാസത്തിനു?
വിശ്വാസം, അതല്ലേ എല്ലാം.