Tuesday, August 24, 2010

കരനെല്ല് കൃഷി

പഴയൊരു അരിക്ഷാമകാലത്ത് കരനെല്ലിടുന്നവര്‍ക്ക് ആയിരം രൂപ സമ്മാനം ഞാന്‍ പ്രഖ്യാപിച്ചിരുന്നു.

നാട്ടില്‍ അതിനു ശേഷം പല തവണ പോയെങ്കിലും കരനെല്ലിടുന്ന ആരെയും കണ്ടില്ല (അന്വേഷിച്ചു പോയുമില്ല) അങ്ങനെ അതങ്ങ് നീണ്ടുപോയി.

ഈയിടെ നാട്ടില്‍ ഒരു വഴിക്കു പോകുമ്പോള്‍ അടുത്തടുത്ത് മൂന്നു പറമ്പുകളിലായി നവരയിട്ടിരിക്കുന്നത് കണ്ട് വണ്ടി അവിടെ നിര്‍ത്തി ആരാണ്‌ ഇത് ചെയ്തിരിക്കുന്നതെന്ന് അന്വേഷിച്ചു. അങ്ങനെ കരനെല്ലിട്ടതിനുള്ള അനോണി ആന്റണി അവാര്‍ഡ് ശ്രീ കെ സുകുമാരന്‍ കരസ്ഥമാക്കി.

സുകുമാരനെ എനിക്കു നേരത്തേ ചെറിയ പരിചയമുണ്ട്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്ത കാലത്ത് രണ്ടു മക്കള്‍ക്കും വന്‍ ചിലവുള്ള ചികിത്സ വേണ്ടി വന്നതിനാല്‍ അടുത്തൂണ്‍ തുക കൊണ്ട് കടം വീട്ടാന്‍ ജോലി രാജി വച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കൃഷി ചെയ്യുന്ന പറമ്പ് പാട്ടത്തിനെടുത്തതാണ്‌. സാമ്പത്തികമായി വലിയ ഞെരുക്കത്തിലായതിനാല്‍ ഏതാനും ഏക്കര്‍ സ്ഥലത്ത് മാത്രമായി കൃഷി ചുരുക്കേണ്ടി വന്നു ഇക്കൊല്ലം എന്നാല്‍ വരും കാലങ്ങളില്‍ പറമ്പും സമീപത്തുള്ള പാടങ്ങളും മൊത്തം നെല്‍കൃഷി വ്യാപിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുകുമാരന്‍ പറയുന്നു.

സുകുമാരനോട് കരനെല്ലിടീലിനെക്കുറിച്ച് എന്തെങ്കിലും തിരക്കാനുള്ളവര്‍ എനിക്കു മെയില്‍ അയച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്റെ മൊബൈല്‍ നംബര്‍ അയച്ചു തരാം.

Monday, June 28, 2010

എസ് വടിവുള്ള അക്ഷരങ്ങള്‍

അങ്ങനെ പോള്‍ മുത്തൂറ്റ് വധം സി ബി ഐ ഒരു കരയടുപ്പിക്കുകയാണ്‌. പഴയ വാര്‍ത്തകള്‍ പലതും ഗൂഗിള്‍ തരുന്നെങ്കിലും ലിങ്കില്‍ ഞെക്കി പത്രങ്ങളുടെ സൈറ്റില്‍ പോകുമ്പോള്‍ ഫയല്‍ നോട്ട് ഫൗണ്ട്, പേജ് ക്യനോട്ട് ബീ ഡിസ്പ്ലേയ്ഡ് എന്നൊക്കെ വരുന്നത് യാദൃശ്ചികം തന്നെയാവണം.


എന്‍ പി ആറിന്റെ പോസ്റ്റ് ഇപ്പോഴും സൈറ്റിലുണ്ട്. കാര്‍ ആക്സിഡന്റിനെ തുടര്‍ന്നുള്ള തര്‍ക്കമാണ്‌ കുത്തില്‍ കലാശിച്ചതെന്ന കേരളാ പോലീസിന്റെ നിഗമനത്തെ പുച്ഛിച്ചു തള്ളാന്‍ എന്‍ പി ആറിനു രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.

വെറുതേ അനുമാനിച്ചതല്ല- ഒരു കുത്തിലെ മുറിവു കണ്ടാല്‍ എസ് ആകൃതിയുള്ള കത്തിയാണെന്ന് മനസ്സിലാക്കാന്‍ കേരളാ പോലീസിനെന്താ മാജിക്ക് അറിയുമോ, പിണറായി വിജയന്‍ പോള്‍ വധക്കേസിനെപ്പറ്റി രണ്ടു പ്രാവശ്യം മാധ്യമങ്ങളോട് സംസാരിച്ചതെന്തുകൊണ്ട്, സാധാരണ എഫ് ഐ ആര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എഴുതുമ്പോള്‍ ഇത്തവണ ഉന്നതാധികാരികള്‍ വന്നത് യഥാര്‍ത്ഥ കൊലയാളിയെ ഒളിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതുകൊണ്ടല്ലേ എന്നിങ്ങനെ പല വാലിഡ് സംശയങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു- എലിമെന്ററി , കാരിയും കൂരിയുമെല്ലാം പടച്ചുണ്ടാക്കിയ കഥയാണ്‌.കേരളാ പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ട് സി ബി ഐ അന്വേഷിക്കാന്‍ അപേക്ഷിക്കാന്‍ മുത്തൂറ്റ് കുടുംബത്തിന്‌ തീര്‍ച്ചയായും അവകാശമുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പക്ഷേ, കേരളാ പോലീസ് അന്വേഷണം വഴിതിരിച്ചു എന്ന രീതിയില്‍ ആയിരുന്നു.ബിനീഷ് കോടിയേരിയെ അച്ഛന്‍ കുറ്റവിമുക്തനാക്കിയെന്ന് വീക്ഷണം- ഈ കൊലയ്ക്കു പിന്നിലും ബിനീഷ് ആണെന്ന് നമുക്കുറപ്പുള്ളപ്പോള്‍ പിന്നെ ആഭ്യന്തരമന്ത്രിക്ക് തന്റെ മകനെ അങ്ങു തല്ലിക്കൊന്നൂടേ?എസ് ആകൃതിയിലെ ഹര്‍ജ്ജിയെഴുത്തും ഉണ്ടായിരുന്നു.നൂറ്റി എഴുപത് തെളിവുകള്‍ ആണ്‌ രാമങ്കരി പോലീസ് കണ്ടെടുത്തത്. ഇതില്‍ ഒരെണ്ണം- എസ് കത്തി കൃത്രിമമാണെന്ന് സി ബി ഐ കണ്ടെത്തി. ആദ്യമായി എവിഡന്‍സ് പ്ലാന്റിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മോശം തോന്നും, പക്ഷേ കോടതിയുമായി (ഏതു രാജ്യത്തെയും) അടുത്തു പരിചയമുള്ളവര്‍ക്ക് മറ്റെല്ലാത്തരത്തിലും കണ്‍‌വിന്‍സിങ്ങ് ആയ കേസില്‍ ഒരു എവിഡന്‍സ് ഇല്ലാതെ തള്ളിപ്പോയേക്കാം എന്ന അവസ്ഥ വരുമ്പോള്‍ പോലീസ് അത് നിര്‍മ്മിക്കാറുണ്ട് എന്ന് അറിയാന്‍ പറ്റിയേക്കും. അങ്ങനെ അറിവില്ലാത്തവര്‍ ഗൂഗിള്‍ ബുക്സില്‍ പോയി പ്ലാന്റഡ് എവിഡന്‍സ് ഫോറന്‍സിക്ക് എന്നിങ്ങനെ രണ്ടുമൂന്നു പദം ഉപയോഗിച്ചാല്‍ ആവശ്യമുള്ള റിസല്‍റ്റ് കിട്ടും. പുറത്തു പറയാന്‍ കൊള്ളരുതാത്ത സത്യം. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? ഇല്ല. ഇങ്ങനെ ചെയ്യാറുണ്ടോ, ഉണ്ട്. എന്തു ചെയ്യും? ചെയ്യരുതായിരുന്നു, പകരം ക്ഷമയോടെ അന്വേഷിച്ചാല്‍ സി ബി ഐ കത്തി കിട്ടിയേനേ. ( കൊലയ്ക്കു ശേഷം ഏതെങ്കിലും കിണറ്റിലിട്ട കത്തി കണ്ടെടുക്കാന്‍ ഒന്നുകില്‍ പ്രതിയെ ഇടിക്കുക അല്ലെങ്കില്‍ ജോത്സ്യന്റെ അടുത്തു പോകുക എന്നു രണ്ട് വഴിയേ ഉള്ളെന്ന് ഒരു പോലീസുകാരന്‍. )

അങ്ങനെ സിബി ഐ കുറ്റപത്രം തയ്യാറാകുന്നു, ഒന്നുകില്‍ കണ്ണടയ്ക്കാം, അല്ലെങ്കില്‍ സി ബി ഐയെ പിണറായി സ്വാധീനിച്ചതാണെന്ന് പുതിയ ക്രിമിനല്‍ വാരിയില്‍ എഴുതാം, വേറെന്തു ചെയ്യും.

Tuesday, April 6, 2010

എരുമയ്ക്കും മനുഷ്യാവകാശമോ?

ആദ്യം വി എച്ച് പി, പിന്നെ ശിവസേനയും ബിജേപിയും ഇപ്പോള്‍ ദാ മുസ്ലീങ്ങളും പ്രതിഷേധം തുടങ്ങി. സാനിയ ഇന്ത്യക്കാരനെ കെട്ടണം. ദേശദ്രോഹം ചെയ്യരുത്. നാണമില്ലേ, മാനമില്ലേ?

ഒരു ഇന്ത്യക്കാരന്‍ പാക്കിസ്ഥാനി സ്ത്രീയെ കല്യാണം കഴിച്ചെങ്കില്‍ ഇങ്ങനെ തുള്ളിയുറഞ്ഞ് വരുമായിരുന്നോ ആളുകള്‍? തീര്‍ച്ചയായും എന്നാണു മനസ്സില്‍ വരുന്ന ഉത്തരം, അല്ലേ? നില്ല്, പറയട്ട്.

കന്നുകാലിയും പെണ്ണുമായിരുന്നു ആദിമഗോത്രകാലത്ത് നമ്മള്‍ക്ക് ആകെയുള്ള സ്വത്തുക്കള്‍. പല പ്രാചീന ഗോത്രവര്‍ഗ്ഗങ്ങളിലും പെണ്ണു ചോദിച്ചു ചെല്ലുമ്പോള്‍ പകരം കന്നുകാലികളെ കൊടുത്ത് കടം വീട്ടുമായിരുന്നു. (പെണ്ണു കാലിയെക്കാള്‍ കൂടുതല്‍ വിലയുള്ള മൃഗമായിരുന്നെന്ന് തോന്നുന്നു, ഒരു പെണ്ണിനു പകരം ഒന്നിലേറെ കന്നുകാലികളെ കൊടുക്കണം) . നമ്മുടെ കാട്ടാളന്‍ കുടിയിലെ ഒരു എരുമയെ ആരെങ്കിലും അഴിച്ചുകൊണ്ട് പോയാല്‍ നാം സഹിക്കുമോ? അതാണ്‌.

സിനിമ കാണുന്നവര്‍ക്ക് ഇത് എളുപ്പം മനസ്സിലാവും. മലയാളം സിനിമയാണെങ്കില്‍ നായകനു തമിഴുപെണ്ണിനെയോ ഹിന്ദിക്കാരിയെയോ സ്നേഹിക്കാം, കെട്ടാം, അടിച്ചു മാറ്റാം, ഓടിച്ചിട്ട് മരം ചുറ്റി കളിക്കാം. തമിഴ് നാട്ടിലാകുമ്പോള്‍ തമിഴനു മലയാളിപ്പെണ്ണിനെ സ്നേഹിക്കാം- തിരിച്ച് ? അപ്പ നമ്മള്‍ അയ്യായിരമാണ്ട് പിറകോട്ടോടും. നമ്മ മലയാളത്താന്‍ കുടിയിലെ എരുമയെ അടിച്ചു മാറ്റുന്ന കഥയോ? അത് ശരിയാവില്ല.

സിനിമയിലെ മലയാളിപ്പെണ്ണ് എന്നാണ്‌ ഒരു പുറം നാട്ടുകാരനെ സ്നേഹിച്ചത്? നീലപ്പൊന്മാനിലെ റഷ്യക്കാരനെ പ്രണയിച്ച പെണ്ണ് കഴിഞ്ഞ് ഒന്നും മനസ്സില്‍ വരുന്നില്ല. തമിഴില്‍ അങ്ങനെ ഒന്ന് കണ്ട ഓര്‍മ്മയേ ഇല്ല (മൈക്കിള്‍ മദന്‍ കാമരാജനില്‍ കാമേശ്വരനും അവന്‍ പ്രേമിക്കുന്ന പെണ്ണും പാലക്കാട്ടുകാര്‍ ആയിരുന്നു- അതിര്‍ത്തിക്കപ്പുറത്തുള്ളവന്‍ അവിടത്തെ പെണ്ണിനെ പ്രേമിച്ചോണം.). ഹിന്ദിയില്‍ ഒരു വലിയ മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു ഏക് ദുജേ കേലിയേ- ഹിന്ദിക്കാരി പെണ്ണിനെ പ്രേമിക്കുന്ന മദ്രാസി. എന്നാല്‍ ശ്രദ്ധിച്ചാല്‍ അതിലെ ഗുണപാഠവും കാണാം- ഇമ്മാതിരി പ്രേമം നാശത്തിനാണ്‌, ഒടുക്കം തുലഞ്ഞു പോകുകയേ ഉള്ളൂ.

ആഹാ ഞങ്ങളിവിടെ നില്‍ക്കുമ്പോള്‍ സാനിയയെ കണ്ട പാക്കിസ്ഥാനി അഴിച്ചോണ്ട് പോകുമോ, എങ്ങനെ സഹിക്കും? അപ്പ ഞങ്ങള്‍ ആരായി? എടടേ പന്തം. കൊളുത്തെടേ തീ.

Sunday, April 4, 2010

കല്പ്പിത സഭ്യത

"രക്തം, മലം, മൂത്രം, കഫം, ഇന്ദ്രിയം ഇവ പരിശോധിക്കപ്പെടും." എന്നായിരുന്നു ഞാനൊക്കെ സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ മെഡിക്കല്‍ ലാബുകള്‍ വയ്ക്കുന്ന ബോര്‍ഡ് . ആദ്യം ഇതു ശ്രദ്ധിച്ചപ്പോള്‍ ഒരു ജിജ്ഞാസ തോന്നി. ആദ്യത്തെ നാലില്‍ മൂന്നും വൃത്തികേടാണ്‌, അഞ്ചാമത്തെ ഇന്ദ്രിയം എന്താണാവോ.

വീട്ടില്‍ ചെന്ന് നേരേ ചോദിച്ചു. എന്താണ്‌ ഇന്ദ്രിയം?
സെന്‍സസ്- പഞ്ചേന്ദ്രിയങ്ങള്‍ എന്നു വച്ചാല്‍...

അത്രേയുള്ളൂ. ഹ കള.

കുറച്ചു കൂടെ വലുതായി കാര്യവിവരമൊക്കെ വന്നപ്പോള്‍ സംഗതി പിടികിട്ടി. ശേഷം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ എന്ന പാട്ടു കേട്ടപ്പോള്‍ അതുവരെ തോന്നാത്ത ഗൂഢാര്ത്ഥം എന്തോ വരികളില്‍ തോന്നുകയും ചെയ്തു.

പിന്നെ പിന്നെ ബോര്‍ഡുകള്‍ ബോള്‍ഡ് ആയി. അഞ്ചാമത്തെ വൃത്തികേടായി അവര്‍ ശുക്ലമെന്നു തന്നെ എഴുതി. "ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ" എന്നൊക്കെ പാട്ടു കേള്‍ക്കുമ്പോള്‍ 'ശുഭം' എന്നാണോ ഉദ്ദേശിക്കുന്നതെന്നൊക്കെ എനിക്കു മനസ്സില്‍ അറിയാതെ സംശയം മുളയ്ക്കുന്നത് ബാക്കിയുമായി.

തമിഴുനാട്ടില്‍ ഭാര്യ എന്ന പദം ഇതുപോലെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഉന്‍ വൈഫ് എന്നോ നിന്റെ ഉന്നോട പൊണ്ടാട്ടി, മനൈവി എന്നൊക്കെയോ പറയുന്നത് മോശമാണ്‌. ഇംഗ്ലീഷിലാണെങ്കില്‍ ഫാമിലി എന്നു പറയണം, തമിഴിലാണെങ്കില്‍ സംസാരം എന്നും.

പാച്ചുവും കോവാലനും കാര്‍ട്ടൂണില്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് വന്ന് മുണ്ടുപൊക്കി കാണിച്ച് അസഭ്യം പറഞ്ഞ സംഭവം പാച്ചു കോടതിയില്‍ "പ്രതി ഞങ്ങളുടെ കവാടത്തിനരികെ വന്ന് ചില ജൗളിത്തരങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പ്രാകൃതമായ രീതിയില്‍ ഞങ്ങളെ വന്ധ്യംകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു" എന്നാണ്‌ ബോധിപ്പിച്ചത്. കോടതില്‍ വൃത്തികേട് പറയാന്‍ പാടില്ലല്ലോ. (സംഗതി ഒറിജിനലി വോഡൗസിന്റേതാണ്‌. I would say what the lady stated was crudely surgical എന്ന് ജീവ്സ്)

പണ്ടൊരിക്കല്‍ ഇറച്ചിക്കടയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആടിന്റെ "വെത" വേണമെന്ന് ആവശ്യപ്പെട്ടു വാങ്ങിപ്പോയി. ഇതെന്തു വിശ്വാസത്തിലാണ്‌ ആളുകള്‍ വാങ്ങുന്നതെന്ന് എനിക്കറിയാമായിരുന്നിട്ടും ഒരു രസത്തിനു "അതെന്തു കറിയുണ്ടാക്കാനാ ഹമീദിക്കാ അയാള്‍ ആട്ടിന്റെ വെത വാങ്ങിച്ചത്." എന്നു ചോദിച്ചു. എഴുപതു വയസ്സായ ഇറച്ചിവെട്ടുകാരനു ആ അണ്മെന്‍ഷനബിള്‍ കാര്യം ഇരുപതു വയസ്സുകാരനോട് പറയാനും വാക്കുണ്ട്.

"അതോ? അത് അവനിക്ക് 'ആസത്തി' ഉണ്ടാവാനാടേ ചെല്ലാ."

ഉള്ളില്‍ മോശമെന്നു തോന്നുന്ന കാര്യത്തിനൊരു ഇല്ലാമാന്യത കല്പ്പിക്കാനാണ്‌ സഭ്യപര്യായങ്ങള്‍ തിരയേണ്ടി വരുന്നത്. ഈയടുത്ത സമയത്ത് ഭാഷയില്‍ വന്നു കയറിയ ഒരു ഇന്ദ്രിയത്തിനെ ശ്രദ്ധിച്ചപ്പോള്‍ ഇതൊക്കെ മനസ്സില്‍ വന്നതാണ്‌. കൂലിത്തല്ലുകാരന്‍, സാമൂഹ്യവിരുദ്ധന്‍, അക്രമി, ആഭാസന്‍ എന്നതിനൊക്കെ പകരമായി നമുക്ക് 'ക്വട്ടേഷന്‍' വന്നു ചേര്‍ന്നു. ആസക്തിയെ കഴപ്പെന്നു വിളിക്കാമോ, മോശമല്ലേ.

Monday, March 29, 2010

വെള്ളോം വായൂം

അന്തപ്പാ!
വാ, ഇരി. കൊറേയായല്ലോ.

നടൂനു ഇപ്പ എങ്ങനുണ്ട്?
ഇപ്പ കൊഴപ്പമൊന്നുമില്ല. ഉഷ ആറായി വരുന്നു.

ഫിഷ് ടാങ്കീ എന്തരേലും മാറിയാ? എന്തോ വത്യാസം കണക്ക്.
മാറിയതല്ല, ഞാന്‍ വയ്യാതിരുന്ന സമയത്ത് ബാലാ ഷാര്‍ക്കില്‍ രണ്ടെണ്ണം മത്സ്യസ്വര്‍ഗ്ഗം പ്രാപിച്ചു.

ഓ അതാണ്‌.
അതാണ്‌. ആറേല്‍ ഇനി നാലു ബാക്കിയുണ്ട്.

നന്നായി.
എന്ത്, മീന്‍ ചത്തതോ? യൂ മീന്‍ കഷ്ടമായി?

അല്ലല്ല, ബാലകനകമയന്മാര്‍ ചത്തത് നന്നായെന്നു തന്നെ. ഉടമസ്ഥനു വലിയ കഷ്ടകാലം വരുമ്പോള്‍ ഫിഷിനറിയാം. അവര്‍ ആ കഷ്ടം ഏറ്റുവാങ്ങി സ്വന്തം പ്രാണന്‍ കൊടുക്കും. അന്തപ്പനു അസുഖം വന്നപ്പോള്‍ അത് ഏറ്റ് വാങ്ങിയാ ആ ഫിഷ് മരിച്ചത്. കൂടിയ അസുഖമായിരുന്നു, അതല്ലേ രണ്ടെണ്ണം ചത്തത്.

എന്ന് ആരു പറഞ്ഞു?
ചൈനീസ് ഫെങ്ങ്‌ഷൂയി മുതല്‍..

ഓ അങ്ങനെ.
അന്തപ്പനു അനുഭവം കൊണ്ട് ഇതിലിപ്പ വിശ്വാസം വന്നില്ലേ?

ഏത് അനുഭവം?
നിങ്ങക്ക് ഒരു കഷ്ടകാലം വന്നു. പത്തോ നാല്പ്പതോ കൊല്ലം ജീവിക്കേണ്ട ബാല ഷാര്‍ക്ക്...

നാല്പ്പതൊന്നും പോകില്ല, ഏറിയാ ഇരുപത്.
എത്രയോ ആകട്ട്. അത് ആ സമയം നോക്കി ചത്തു, അതും രണ്ടെണ്ണം. അപ്പ തന്നെ അസുഖം മാറുകയും ചെയ്തു. ശരിയല്ലേ?

ശരിയാണ്‌.
ഇപ്പോള്‍ വിശ്വാസമായോ?

ഇല്ലല്ലോ.
കൊണ്ടാലും പഠിക്കില്ലേ?

ഇല്ല മച്ചൂ. ഞാന്‍ ആശുപത്രീന്നു വീട്ടില്‍ വന്നപ്പോള്‍ ബാലഷാര്‍ക്ക് രണ്ടെണ്ണം അങ്ങനെ വടിയായി എന്ന ന്യൂസ് ഖേദപൂര്‍വ്വം അറിഞ്ഞു. ടാങ്കൊന്ന് പരിശോധിച്ചപ്പോള്‍ മൂന്നാമതൊരുത്തന്‍ ഒരുമാതിരി "ഉച്ചാന്തല കീഴിരുക്ക് ഉള്ളം കാല്‍ മേലിരുക്ക് നിക്കട്ടുമാ നീന്തട്ടുമാ." എന്ന പരുവത്തില്‍ തലകീഴ്ക്കാമ്പാട് പോകുന്നു.

എന്തു മനസ്സിലായി, കഷ്ടകാലം.
അതു തന്നെ കഷ്ടകാലം. എനിക്കല്ല, ഷാര്‍ക്കിന്‌. മരിച്ചുകൊണ്ടിരിക്കുന്നവന്‍ സ്വിം ബ്ലാഡര്‍ ഡിസോര്‍ഡറിലാണ്‌. ഒന്നുകില്‍ ബ്ലാഡര്‍ ഇന്‍ഫെക്ഷന്‍ അല്ലേല്‍ കെമിക്കല്‍ കണ്ടാമിനേഷന്‍. യൂ വി സ്റ്റെറിലൈസ് ചെയ്ത ടാങ്കില്‍ ഇന്‍‌ഫെക്ഷന്‍ വരാന്‍ വഴീല്ല. സോ ചെക്ക് ചെയ്തു. ഫില്‍ട്ടര്‍ കോട്ടണില്‍ നിറയേ വേസ്റ്റ്. അമോണിയാ കൂടിയതാകും. ടാങ്കില്‍ നാലില്‍ മൂന്നു വെള്ളം മാറി, കെമിക്കല്‍ റിമൂവറും കലക്കി.

എന്നിട്ട്?
കുഴിയിലേക്ക് കാലു നീട്ടിയ ബാലാ മൂന്നാമന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പയറു പോലെ നീന്തിക്കളിക്കാന്‍ തുടങ്ങി.

അല്ലാ, കഷ്ടകാലം കൊണ്ടല്ലേ അമോണിയ.
അല്ല, വയ്യാതിരുന്ന കാലം ടാങ്ക് ഇന്‍സ്പെക്ഷന്‍ ഇല്ലായിരുന്നു.

ഹും അങ്ങനെയും ചിന്തിക്കാം.
മച്ചു അങ്ങനെ ചിന്തിക്കില്ല. രണ്ടെണ്ണം ചാകുമ്പോള്‍ കഷ്ടകാലം മാറിയെന്നു കരുതും. ബാക്കിയുള്ള ഷാര്‍ക്കും ചാകുമ്പോള്‍ കൂടുതല്‍ കഷ്ടകാലം മാറിയെന്നു കരുതും. ഒടുക്കം എല്ലാ മീനും ചാകുമ്പോള്‍ ഭയങ്കര കഷ്ടകാലം ഒഴിഞ്ഞെന്ന് ആശ്വസിക്കും.

എന്തിലെങ്കിലും വിശ്വസിക്കേണ്ടേടേ ഒരു ആശ്വാസത്തിനു?
വിശ്വാസം, അതല്ലേ എല്ലാം.

Sunday, February 21, 2010

നമുക്കു കണ്ടുപിടിക്കാം

അണ്ണന്‍ ഈ പരസ്യങ്ങളൊന്നും കാണുന്നില്ലേ?
ഏത് മാന്ത്രിക ഏലസ്സിന്റെ ആണോ?

അത് പോട്ട്, ഈ ഹെല്‍ത്ത് ഡ്രിങ്കുകള്‍
അതും മാന്ത്രിക ഏലസ്സ് പോലെ തന്നെ.

അതല്ലണ്ണാ ഗവേഷണത്തില്‍ തെളിഞ്ഞെന്ന് ഇവര്‍ പറയുന്നത് പച്ചക്കള്ളമല്ലേ?
എന്തു തെളിഞ്ഞെന്ന്?

കമ്പ്ലൈന്റ് കുടിക്കുന്ന പിള്ളേര്‍ അതു കുടിക്കാത്തവരെക്കാള്‍ എട്ടിരട്ടി വേഗം വളരുന്നു, ഹീറോക്ലിക്സ് കുടിച്ചു വളര്‍ന്നവര്‍ക്ക് അതു കുടിക്കാത്തവരെക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു ബസ്റ്റ് കുടിച്ച പിള്ളേരെക്കാള്‍ പത്തിരട്ടി എന്‍ഡ്യൂറന്‍സ് കിട്ടുന്നു എന്നൊക്കെ തെളിഞ്ഞെന്ന് അവകാശപ്പെടുന്നത്. ഇതെങ്ങനെ നടക്കും?

അതൊക്കെ നടക്കും.
എന്നുവച്ചാ ഇതിന്റെ പത്തിലൊന്നു ക്ലെയിം പോലും നടത്താത്ത ബൂസ്റ്റിനെ ഇടിച്ചു പിരുത്ത അമേരിക്കന്‍ എഫ് ഡി ഏ ചെയ്തത് തെറ്റായെന്നോ?

തെറ്റു ശരികള്‍ അല്ലെടേ പറഞ്ഞത്. പിള്ളേരെ ആവശ്യമില്ലാത്ത പഞ്ചാരേം എണ്ണയും തീറ്റിക്കുന്നതൊക്കെ തെറ്റു തന്നെ. ഗവേഷിച്ച് തെളിയിക്കാന്‍ ഇന്ത്യയില്‍ പറ്റുന്നത് എങ്ങനെ എന്നതല്ലേ വിഷയം.

ശരി എന്നാ ഗവേഷിച്ച് കാണിക്ക്.

സിറ്റി സെലെക്റ്റ് ചെയ്യ്, പ്രോഡക്റ്റും പോപ്പുലേഷന്‍ സൈസും.

ഹൈദരാബാദ്, *****, അഞ്ഞൂറ്.

റെഡി?
റെഡി.

ആദ്യം ഇരുന്നൂറ്റമ്പത് *** ഡ്രിങ്ക് അടിക്കുന്ന പിള്ളേരെ പിടിക്കാം, ബാ നമുക്ക് ബന്‍‌ജാരാ ഹില്‍സിലേക്ക് പൂവ്വാം. ഇവിടത്തെ കൊഴുത്തു മിനുത്ത് തുടുത്ത് മിടുക്കരായി തുള്ളിച്ചാടുന്ന ഇരുന്നൂറ്റമ്പത് എണ്ണത്തെ പൊക്ക്, ഇവരെല്ലാം സപ്ലിമെന്റില്‍ കുളിക്കുന്ന കുഞ്ഞുങ്ങളാ- എന്തൊരു നീളം, പൊക്കം, സ്മാര്‍ട്ട്നെസ്സ്, ഏതു പരീക്ഷയിലാ ഇവര്‍ക്ക് മാര്‍ക്ക് കുറയുന്നത്.

ഇനി വാ ആട്ടോ വിളിച്ച് നാച്ചാറാം ലേബര്‍ കോളനിയില്‍ പൂവ്വാം. ഇവര്‍ന്മാര്‍ക്ക് ഹെല്‍ത്ത് ഡ്രിങ്ക് പോയിട്ട് കഞ്ഞിവെള്ളം കുടിക്കുന്ന ശീലമില്ല. എടുക്ക് അളവും തൂക്കോം ഐക്യൂവും.

അണ്ണാ.
ചെല്ലാ

പോക്രിത്തരം കാണിക്കരുത്.
അത് പുതിയ കണ്ടീഷന്‍ ആണ്‌. പോക്രിത്തരമില്ലാതെ ഗവേഷിക്കാന്‍ നീ ആദ്യമേ പറയണമായിരുന്നു.

അപ്പം അതു തെളിഞ്ഞു അല്ലേ?
വ തന്നെ.


എന്നാലും അണ്ണാ, വേറൊരെണ്ണം കണ്ടിരുന്നോ?
അതേതാടേ?

ഒരു കൊച്ചിനു വളര്‍ച്ചയില്ല, അമ്മ അതിനു പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ശ്രമിക്കുന്നു. കൊച്ചു തിന്നുന്നില്ല. ഒടുക്കം ഏതാണ്ട് ഡ്രിങ്ക് വാങ്ങിച്ചു കൊടുക്കുന്നു കാറ്റടിച്ച പാമ്പുബലൂണ്‍ പോലെ കൊച്ച് ഒരൊറ്റ വളര്‍ച്ച. അമ്മയ്ക്ക് അഭിമാനം.
ഉവ്വ, അതും കണ്ടു. ആദ്യം പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത അമ്മമാരുടെ കാര്യം ഒരു വഴിക്കാവട്ട്, പിന്നെ ഇതിനെക്കുറിച്ച് ആലോചിക്കാം.

Thursday, February 18, 2010

കൈപ്പള്ളിയും ബ്ലഡി മല്ലൂസും

എന്റെ ഇന്‍സ്ട്രക്റ്ററായിരുന്ന ഒരു സര്‍ദാര്‍ജിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു
"സര്‍, താങ്കള്‍ ഡോക്റ്റര്‍ ടി എസ് ഗ്രേവാളിനെ അറിയുമോ?"
"തീര്‍ച്ചയായും. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്‌"
"ഓ അതേയോ, എങ്ങനെ അറിയാം അദ്ദേഹത്തെ?"
"സര്‍ദാര്‍ജിമാരില്‍ പഠിച്ച് സീ ഏ പാസ്സാകാന്‍ മാത്രം ബുദ്ധിയുള്ള മൂന്നു നാലു പേരല്ലേയുള്ളൂ, അവര്‍ക്കൊക്കെ തങ്ങളില്‍ അറിയാമല്ലേ അപ്പോള്‍"

സ്വന്തം സമൂഹത്തെപ്പറ്റി അദ്ദേഹം പറഞ്ഞ തമാശയില്‍ ഞങ്ങള്‍ രണ്ടും ചിരിച്ചു. മറിച്ച് മലയാളിയായ ഞാന്‍ "സര്‍ദാര്‍ജിമാര്‍ക്ക് സി ഏ പാസ്സാകാനുള്ള ബുദ്ധിയുണ്ടോ?" എന്നു ചോദിച്ചിരുന്നെങ്കില്‍ അങ്ങേര്‍ എന്റെ കരണം അടിച്ചു പൊളിച്ചേനെ. (സിദ്ദു,ഹര്‍ഭജന്‍ തുടങ്ങിയവരുടെ അടി പ്രസിദ്ധമാണല്ലോ)

ഈ പറയുന്ന മല്ലുപ്രയോഗം "ഒരു തിരുവന്തോരം മലയാളി " എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തന്‍ ചെയ്തതിലെ ധാര്‍മികതയെക്കുറിച്ചുള്ള ചര്‍ച്ച കണ്ടപ്പോള്‍ സര്‍ദാര്‍ജിസാറിനെ ഓര്‍ത്തു.

ജയറാം കറുത്തു തടിച്ച് എരുമയെപ്പോലെ ഇരിക്കുന്ന തമിഴത്തി എന്നു പറഞ്ഞാല്‍ അത് റേഷ്യല്‍ ഹേട്രഡ് ആകേണ്ടതുണ്ട്, ഞാന്‍ ഇതിനു മുന്നേ ഒരു പോസ്റ്റ് ഇട്ടിരുന്നു- കെട്ടിടം ഇടിഞ്ഞു വീണിടത്ത് തോന്ന്യാസം കാണിച്ചവരെ വിമര്‍ശിച്ചുകൊണ്ട്- ആ പോസ്റ്റും കമന്റുകളും ആന്റി മലയാളിയെന്ന് നിങ്ങള്‍ കരുതുന്നോ? എന്റെ സമൂഹത്തെ സ്നേഹിക്കുന്നതുപോലെ തന്നെ വിമര്‍ശിക്കുകയും ചെയ്യും, ചെയ്യണം.

(ഈ പ്രശ്നത്തില്‍ ആവശ്യത്തിലധികം ചര്‍ച്ച നടന്നു കഴിഞ്ഞാണ്‌ ഞാന്‍ കണ്ടത്)

കൈപ്പള്ളിയുടെ കുഴപ്പം ഫീഡ്ബാക്ക് ഇല്ലെങ്കില്‍ പിടിച്ചു വാങ്ങിക്കാം എന്നു കരുതിയതിലാണ്‌. ഫീഡ് ബാക്ക് ഇല്ലേ, കിട്ടുന്നിടത്തു ചോദിക്കുക. അതല്ല യൂസര്‍മാരും ഇല്ലേ, ആവശ്യമുള്ളവര്‍ക്ക് തുറന്നു കൊടുക്കുക. "മല്ലു" ഫോട്ടോയേ ഹാര്‍‌വെസ്റ്റ് ചെയ്താല്‍ കിട്ടൂ എന്നുണ്ടോ? ഇന്ത്യന്‍ ഫോട്ടോഗ്രഫര്‍മാര്‍ക്ക് എല്ലാം തുറന്നു കൊടുത്താലെന്ത്? ലക്ഷക്കണക്കിനു ഫോട്ടോകള്‍ വരട്ടെ, ദശലക്ഷക്കണക്കിനു ഹിറ്റ് വരും, അഞ്ഞൂറു ഫീഡ് ബാക്കെങ്കിലും അപ്പോള്‍ കാണുമല്ലോ?

എന്തിനും പരിഹാരമുണ്ട് ദാസാ, മുടി വലിച്ചു പറിക്കേണ്ട കാര്യമില്ല.

(കമന്റുകള്‍ അതത് ബ്ലോഗ് പോസ്റ്റുകളിലേക്ക് പോയിക്കോട്ടേ)

Wednesday, February 17, 2010

വീണ്ടും

സഹൃദയരും സത്ഗുണസമ്പൂര്‍ണ്ണരുമായ സഹപ്രവര്‍ത്തകരേ,

മാറിയ സാമ്പത്തികലോകത്തിലേക്കാണ്‌ നമ്മള്‍ കാലുനീട്ടുന്നത്. ഇരുപത് പത്തില്‍ പത്തരമാറ്റ് പൊന്ന് വിളയിക്കാമെന്ന വീരവാദം ക്രിയേറ്റീവിറ്റിയുടെയും ഇന്നൊവേഷന്റേയും തലതൊട്ടപ്പന്മാരായ എസ്‌ബേസ്, ഗൂഗിള്‍, ബ്ലാക്ക്ബെറി തുടങ്ങിയവര്‍ പോലും നടത്തിയിട്ടില്ല. പക്ഷേ നമ്മള്‍..അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാത്തൊരു പ്രസ്ഥാനം കുലുങ്ങില്ല. ഏവരുടെയും അകമഴിഞ്ഞ മടിയൊഴിഞ്ഞ അളവുതീര്‍ന്ന സഹകരണവും അര്‍പ്പണവും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ഇതാ ബഡ്ജറ്റ് സമര്‍പ്പിക്കുന്നു... ചാണക്യനും സുസുകിയും കെയിന്‍സും ഫിലിപ്പ് കോട്ലറും കണ്ഡിഫും സ്റ്റില്ലും ഗോവണിയും നമ്മെ അനുഗ്രഹിക്കട്ടെ.

പ്രൊപ്പണ്‍സിറ്റി കുറഞ്ഞ കാലം, ഇന്‍ഡിഫറന്‍സ് ഉയര്‍ന്ന കാലം, പുത്തന്‍ പുതുക്കാലം മുത്തമിട്ട കാലം... സീറോ ബേസ് ബഡ്ജറ്റിങ്ങാണ്‌, പ്രോഗ്രാം ബേസ്, പ്രോജക്റ്റ് ബേസ്, ആക്ഷന്‍ ബേസ്, നേവല്‍ ബേസ് തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ദാരുവീശന്റെ അടുത്തുണ്ട്.

മറ്റൊരുകാലവും ഇക്കാലം പോലെയല്ല. അതിനാല്‍ കപ്ലാന്റെ കപ്ലിങ്ങാടന്‍ അപ്രോച്ചും നോര്‍ട്ടന്റെ ഗോസ്റ്റ് അപ്രോച്ചും സിഗ്മയുടെ സ്റ്റിഗ്മയും പി ഡി സി ഏ ആധാരമാക്കാമെന്ന് പി ഡി സി വരെ പഠിച്ചിട്ടുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. വരുമാനം അക്ഷയപാത്രമല്ല, ഇലാസ്റ്റിക്കല്ല, പ്ലാസ്റ്റിക്കല്ല, പോളിത്തീന്‍ പോലുമല്ല. ചിലവ് നിശ്ചിതമാണ്‌, ആരെയും തട്ടരുത്, ഒന്നിനും മുട്ടരുത്, ഒന്നും പൊട്ടരുത്... ആയതിനാല്‍

ഒരിക്കല്‍ മാത്രം പരീക്ഷിച്ചു വിജയിക്കപ്പെട്ട ഒരു തന്ത്രമാണ്‌ നമ്മള്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഒറ്റ ഡിപ്ലോയ്മെന്റ്, അതു സക്സസ്. വളരെ പഴയ തന്ത്രം. രണ്ടായിരം വര്‍ഷം മുന്നേ ഒരാള്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്, എന്താണെന്നറിയില്ല മറ്റാരും അതിനു ശ്രമിച്ചു കണ്ടിട്ടില്ല. ആ രീതി പിന്‍‌തുടര്‍ന്ന് നമ്മളും ഇതാ നിര്‍മ്മിച്ചിരിക്കുന്നു പ്ലാന്‍.

അതായത് വെറും അഞ്ചു പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് ഫ്രൈയും കൊണ്ട് അയ്യായിരം പോന്ന സ്റ്റാഫിനെ പന്ത്രണ്ടു മാസം തീറ്റുന്ന പ്ലാന്‍, ഈ സ്ഥാപനം നടത്താന്‍ കാശുമുടക്കിയവര്‍ക്ക് ശകലം ചാറെങ്കിലും ഒഴിച്ചു കൊടുക്കാനുള്ള പ്ലാന്‍, ഇതിനു വേണ്ടി സാധങ്ങളും സേവനങ്ങളും തന്നവര്‍ക്ക് രണ്ട് കറിവേപ്പിലയെങ്കിലും വിളമ്പാനുള്ള പ്ലാന്‍. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് ദാ മേശപ്പുറത്തടിക്കുന്നു അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസിന്റെ മാഗ്നം ഓപ്പസ്- ബഡ്ജറ്റ് 2010 !

ഏവരും കയ്യും വിസിലും അടിച്ചാട്ടേ. ഇതുണ്ടാക്കാനുള്ള ശ്രമത്തില്‍ എനിക്കെന്റെ നട്ടെല്ലിന്റെ ഒരു ഡിസ്ക് ബലി നല്‍കേണ്ടി വന്നു. മിനിമം അമ്പത് കുപ്പി ബഡ്‌വൈസറെങ്കിലും വിഴുങ്ങേണ്ടി വന്നു. എന്റെ മകന്‍ പത്തടിയെങ്കിലും കൊള്ളേണ്ടി വന്നു. ഭാര്യയെ ഞാന്‍ സ്റ്റേപ്ലര്‍ എടുത്ത് എറിഞ്ഞ് പകരം പേപ്പര്‍ വെയിറ്റിന്‍ ഏറ് തിരിച്ചു കൊള്ളേണ്ടി വന്നു. ത്യാഗസമ്പൂര്‍ണ്ണമായ ഒരു യജ്ഞമായിരുന്നു ഇതിന്റെ സൃഷ്ടി. ഇത് തീര്‍ന്ന ദിവസം ദുബായില്‍ മഴ പെയ്തു, റാസല്‍ഖൈമയില്‍ മഞ്ഞു പെയ്തു. ഭൂമിദേവി പുഷ്പിണിയായി, എന്റെ അയലത്തെ ദേവി ഗര്‍ഭിണിയായി.

ഇത് ഏറ്റു വാങ്ങുക, നെഞ്ചോട് ചേര്‍ക്കുക, നടപ്പിലാക്കുക. എല്ലാം ശുഭമായി വരുമെന്ന് ഉറപ്പുണ്ട്. സഖാക്കളേ, മുന്നോട്ട്!

Monday, February 15, 2010

ഐതരേയമായൊരു മാംസനിര്യാസഹര്‍ഷം

രത്നഗര്‍ഭയ്ക്കുമുകളില്‍ മനുജകുലനിര്‍മ്മിതികളില്‍ ഐതരേയസ്ഥാനത്തേക്ക് ദുബായിലെ ഒരു കെട്ടിടം കടന്നെത്തുന്നതിനു സാക്ഷ്യം വഹിക്കുക എന്ന ഉദ്ദേശത്തിലാണ്‌ ഐല്‍ ഖൈല്‍ റോഡിലെ ഒരു ചെറു മണല്പ്പരപ്പില്‍ എത്തിയത്. ഇവിടെനിന്നും അടുത്തേക്കു പോകാന്‍ ഇച്ഛയില്ലായ്കയില്ല, എങ്കിലും പുരുഷാരവത്തിന്റെ ആധിക്യം നല്‍കുന്ന വിമര്‍ദ്ദിതാവസ്ഥയെക്കുറിച്ചുള്ള വിചാരങ്ങള്‍ എന്നിലെ വിയാതനെ വിരക്തനാക്കി മാറ്റി.


ബുര്‍ജ്ജിന്റെ പേരെന്തെന്നോ ഉത്ഘാടനത്തിന്റെ പ്ലാനെന്തെന്നോ അറിയാതെ ഉഴറി ഞാന്‍ ആ മരുഭൂമിയില്‍ നിന്നു. ബുര്‍ജ്ജ് എന്റെ മുന്നില്‍ അവ്യക്തമായൊരു ആകാശചുംബിയായി.

പ്രതീക്ഷകളുടെ പാരമ്യത്തില്‍ വിദ്യുത് സ്രഗ്ദ്ധരയായി അത് ഉണര്‍ന്നുവന്നു. ബുര്‍ജ്ജ് ഖലീഫ. എന്റെ നയനദ്വയങ്ങള്‍ ധൂലികാ ധൂളീധ്വജധോരണിയില്‍ ധൃഷമായി വന്നു.
വികാരവിജൃംഭിതനായ എന്റെ ബാഹുക്കള്‍ ദീര്‍ഘപുച്ഛങ്ങളെപ്പോലെ ഉലഞ്ഞപ്പോള്‍ ഛായാമാപിനിയില്‍ പതിഞ്ഞ രൂപങ്ങളും സര്‍പ്പിളാകാരം പൂണ്ടു ഫണങ്ങള്‍ വിതിര്‍ത്തുല്ലസിച്ചു.


രക്തവര്‍ണ്ണമാര്‍ന്ന ആ സുന്ദരോരഗങ്ങള്‍ക്കു നടുവിലൂടെ ഒരു നീല നികുംഭില പാഞ്ഞു പോയി.വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കു മാത്രം പ്രാപ്യമായ ഒന്നാണല്ലോ ബുര്‍ജ്ജ് എന്ന് ആലോചിച്ചു നിന്നപ്പോള്‍ എന്റെ ക്യാമറയുടെ കണ്ണിലെ ബുര്‍ജ്ജും ഒരു സ്റ്റാന്‍ഡില്‍ കുത്തി വച്ച വെള്ളിക്കരണ്ടികളുടെ രൂപമാര്‍ജ്ജിച്ചു.
ഈ ഭീമാകാരനെ നിര്‍മ്മിക്കാന്‍ പുകഞ്ഞ കോടികളെക്കുറിച്ച് സമാംനായം ചെയ്യേണ്ടതില്ലല്ലോ.


(ഈ ഫോട്ടോജേര്‍ണല്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ഫോട്ടോഗ്രഫര്‍മാര്‍ക്കു വേണ്ടി പോസ്റ്റ് ചെയ്ത് ഗുരുസ്ഥാനീയനായ ഇടിവാളിന്റെ കുഞ്ചിത പാദങ്ങളില്‍ സമര്‍പ്പിക്കുന്നു)


Wednesday, February 10, 2010

സ്ക്രോളിങ്

ടെലിവിഷം ഇന്നലെ വച്ചപ്പോള്‍ പാട്ടു പ്രോഗ്രാമായിരുന്നു. അടീക്കുടെ ടിക്കറില്‍ സ്ക്രോള്‍ ചെയ്യുന്ന എസ് എം എസ് സന്ദേശങ്ങള്‍ വായിച്ചപ്പോഴാണ്‌ മനസ്സിലായത് ഇതു കുത്തിയിരുന്നു വായിക്കേണ്ട സാധനം ആണെന്ന്. പതിനഞ്ചു മിനുട്ടുകൊണ്ട് തിരഞ്ഞെടുത്ത പതിന്നാലെണ്ണം ദാണ്ടേ.

1.Advanced Wedding wishes to Haritha & Kiran by Sneha- ബേസിക്ക് വിഷസ് ഒന്നും മതിയാവില്ലെന്നേ.
2.Where are you living, yesterday?- ഇന്നലെകളിലാണോ നീ ജീവിക്കുന്നതെന്ന് ചോദ്യം.
3.I love you Smitha my *********** - അല്ല, നിങ്ങള്‍ ഉദ്ദേശിച്ചതാവില്ല. മൊബൈല്‍ നമ്പറുകള്‍ മാസ്ക് ചെയ്താണ്‌ വരുന്നത്.
4.Kunjumol, happy birth day to all of us- ആട്ടപ്പിറന്നാള്‍ മാത്രമല്ല, കൂട്ടപ്പിറന്നാളുമുണ്ട്.
5.Sam from Eranakulam I love you.- എര്‍ണാളത്തിരുന്ന് ഞാന്‍ നിന്നെ പ്രേമിക്കുന്നു.
6.Good night for a sweet dreams- എന്തരാവോ ഇത്
7.Why you call sometimes? - മേലാല്‍ വിളിക്കരുത്.
8.Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?
9.Meet me in Asianet singing 9.30 at night - പുളിയറക്കോണം സ്റ്റുഡിയോയില്‍ കാണാം
10.Call me Orkut haridass- ഓര്‍ക്കുട്ട് നല്ല വിളിപ്പേരല്ലേ? .
11.Prasoon, what is studying? - നിര്‍‌വചിക്കെടാ പ്രസൂനാ.
13.If I call you to bike will you sit- സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞാല്‍ നീ ഇരിക്കുമോടീ?
14.Hassan loves Nimisha over boundary - വേലിപ്പൊറത്തൂടെ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ.

മുടങ്ങാതെ കാണണം.

Wednesday, February 3, 2010

ദയവായി പോലീസില്‍ അറിയിക്കുക

തമ്പാനൂരില്‍ കെട്ടിടമിടിഞ്ഞ് കുടുങ്ങിപ്പോയവരില്‍ ഒരാള്‍ മരിച്ചെന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ പോലീസും ഫയര്‍ ഫോര്‍സും കഠിന യജ്ഞം നടത്തുന്നത് തടസ്സപ്പെടുത്തി മൊബൈലില്‍ ചിത്രമെടുക്കാനും മറ്റും തടിച്ചു കൂടിയ ജനത്തെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ലാത്തി വീശിയിട്ടും ജനം കൂട്ടാക്കിയില്ലെന്നും വാര്‍ത്ത ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരില്‍ മരിച്ചവരുടെ എണ്ണം ഇന്ന് പുലര്‍ച്ചയോടെ ആറായി. ക്രെയിനുകള്‍ക്കും മണ്ണുമാന്തികള്‍ക്കും നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയാത്ത വിധം തിക്കി നിറഞ്ഞ ഫോട്ടോഗ്രഫര്‍മാര്‍ക്കും കട്ടിങ്ങ് വര്‍ക്ക് തടസ്സപ്പെടുത്തി സീന്‍ കണ്ട് രസിച്ച കാണികള്‍ക്കും മരണസംഖ്യ ഉയര്‍ത്തിയതില്‍ അഭിമാനിക്കാം.

അതും പോരാഞ്ഞാണ്‌ ഈ പണിയും. മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ കണ്ടത്.


ഒരു കമ്പനി എസ് ഏ പിയെ വിളിച്ച് റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യിച്ചിരുന്നെങ്കില്‍ മേലില്‍ ഒരിടത്തും ഇമ്മാതിരി പണി ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടില്ലായിരുന്നു. ചിലപ്പോഴെങ്കിലും എക്സമ്പ്ലറി പണിഷ്മെന്റ് ആവശ്യമാണ്‌- പ്രത്യേകിച്ച് യാതൊരു മാന്യതയും സംസ്കാരവും അച്ചടക്കവും മനസ്സാക്ഷിയും ഇല്ലാത്ത ജനതയില്‍.

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞു എന്ന പേരില്‍ കറങ്ങുന്ന എന്തെങ്കിലും ചെയിന്‍ മെയില്‍ ഫോട്ടോകളോ ആല്‍ബങ്ങളോ ഫേസ്ബുക്ക്/ ഓര്‍ക്കുട്ട് വീഡിയോ പോസ്റ്റുകളോ കാണുന്നവര്‍ ദയവായി പോലീസില്‍ അറിയിക്കുക -അതിന്റെ ഉടമകള്‍ക്കു മേലേ അടിയന്തിര ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍, മോഷണം, സര്‍ക്കാര്‍ വക ജംഗമങ്ങള്‍ നശിപ്പിക്കല്‍, ജനജീവിതം അപകടപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ വല്ലതും ചുമത്തേണ്ടതുണ്ടോ എന്ന് അവര്‍ തീരുമാനിക്കട്ടെ.

ഒരുമാതിരി കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതായി, വയസ്സാകുന്നതിന്റെ ലക്ഷണമാണ്‌. പക്ഷേ തനി പോക്രിത്തരം കണ്ടാല്‍ എന്തു ചെയ്യും?

Thursday, January 28, 2010

ഒര്‌ കൊമ്പന്‍ കുരുങ്ങിയെടേ, മുട്ടന്‍ കൊമ്പന്‍

കേരളകൗമുദിയില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണിത്.


ചില സ്രാക്കളെ പരിചയപ്പെടാം.
കൊമ്പന്‍ സ്രാവ് എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സില്‍ വരുന്നത് കൊമ്പുള്ള സ്രാവ് (സാഷാര്‍ക്ക്) ആണെങ്കിലും മലയാളത്തില്‍ കൊമ്പനെന്നു വിളിക്കുന്നത് കൂടുതലും ചട്ടിത്തലയന്‍ സ്രാവിനെയാണ്‌ (ഹാമര്‍ഹെഡ് ഷാര്‍ക്ക്). മൂക്കത്തു വാളുള്ള സാഷാര്‍ക്ക് നാട്ടില്‍ അപൂര്‍വ്വവുമാണ്‌, അതിനെ പിടിക്കുന്നത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമവിരുദ്ധവുമാണ്‌.

വാര്‍ത്ത ഇങ്ങനെ-
ആയിരം കിലോയോളം തൂക്കം വരുന്ന കൊമ്പന്‍ സ്രാവിനെ ലഭിച്ചു... തലയുടെ മുന്നില്‍ ആറടിയില്‍ അധികം വരുന്ന വാള്‍ പോലെയുള്ള ഭാഗം കൊണ്ട് ശത്രുക്കളെ ആക്രമിക്കുന്ന സ്രാവാണിത്...

സംഗതി ഹാമര്‍ഹെഡഡ് ഷാര്‍ക്ക് ആണെങ്കില്‍ പരമാവധി അഞ്ഞൂറുകിലോയില്‍ അധികം പോന്നതിനെ കണ്ടെത്തിയിട്ടില്ല, ഇങ്ങനെ ഒരു ഇരട്ടി തൂക്കമുള്ളതിനെ കണ്ടെത്തിയെങ്കില്‍ അത്യാവശ്യമായി ഫിഷറീസില്‍ അറിയിക്കേണ്ടതായിരുന്നു എന്ന് മനസ്സില്‍ ചിന്തിക്കുമ്പോഴാണ്‌ ആ ആറടി വാള്‍ കണ്ടത്. ഈ പറയുന്ന കൊമ്പന്‍ ഹാമര്‍ഹെഡഡ് ഷാര്‍ക്ക് കുലത്തിലെ ആണെങ്കില്‍ അതിനു അരിവാളില്ല, ചുറ്റികയേ ഉള്ളൂ. ദാ പടം ( ഈ കുലത്തിലെ ഏറ്റവും വലിയ ഇനം- ഗ്രേറ്റ് ഹാമര്‍ഹെഡ് ഷാര്‍ക്ക്. വംശനാശം നേരിടുന്ന മത്സ്യമാണിത്. )

photographed by Josh Hallett reproduced under creative commons lincese

ഇനി ഇത് വാള്‍‌സ്രാവ് ആണെങ്കില്‍ ദാ ഇതുപോലെ ഇരിക്കും പക്ഷേ ആയിരം പോയിട്ട് ഇരുന്നൂറ്റമ്പതു കിലോയ്ക്കപുറം പോകുന്ന വാള്‍സ്രാവുകളെ പറ്റി എനിക്കറിയില്ല.ആക്‌ച്വലി എന്തരു കൊഴുചാളയാവും ഈ വലയില്‍ കയറിയത്? വല്ല പിടിയും കിട്ടിയവര്‍ പറഞ്ഞു തരൂ.

Monday, January 25, 2010

ഒരു സ്വരം, പലവ്യഞ്ജനം

രാശി മാപ്രാണം
വേദനയുള്ളവര്‍ എല്ലാം ശനിയിലാണ്‌. വേദന ഇല്ലാത്തവര്‍ ശുക്രനിലും.

മര്‍ഫ്യം
നിങ്ങള്‍ക്ക് എന്തെങ്കിലും വേദന വന്നിട്ടുണ്ടെങ്കില്‍ കാണുന്നവര്‍ക്കെല്ലാം അതു നേരത്തേ വന്നിട്ടുണ്ട്. കൊറോളറി- കാണുന്നവര്‍ക്കെല്ലാം വന്നിട്ടുള്ള ഉള്ള വേദന നിങ്ങള്‍ക്കും വരും.

ഡിസപ്പോ...
നമുക്ക് ബീച്ചില്‍ പോകാം?
എനിക്കു സുഖമില്ല മോനേ.

എന്നാ ബോള്‍ കളിക്കാന്‍ താഴെ പോകാം?
അതും വയ്യ.

ഡാന്‍സ് ചെയ്യാം- മലമലലൂയ?
നടു വേദനയാ കുഞ്ഞേ.

ങ്ങും...എന്നെ എടുത്തുകൊണ്ട് നടന്ന് ഒരു പാട്ട് പാടുമോ?

എന്തു പറഞ്ഞൊതുക്കാന്‍...

നന്ദികേട്
രണ്ടാഴ്ചയായി ഫിഷ് ടാങ്കില്‍ ഞാന്‍ തീറ്റ ഇടുന്നില്ല. രണ്ടു ദിവസമായി ഫിഷ് ഇപ്പോ എന്നെ കണ്ടാല്‍ ഗ്രീറ്റ് ചെയ്യുന്നുമില്ല. സ്വാര്‍ത്ഥജീവികള്‍.

ജോത്സ്യം
ആദിത്യനും ചന്ദ്രനും കഴുത്തിലെ കശേരുക്കളിലും രാഹുവും കേതുവും സേക്രല്‍ ജായിന്റിലും മറ്റു അഞ്ചു ഗ്രഹങ്ങള്‍ ലംബാര്‍ കശേരുക്കളിലും സ്ഥിതി ചെയ്യുന്നു. ജനിക്കുമ്പോല്‍ കൊട വേറേ കൊടക്കാലു വേറേ ആയിരിക്കുമെങ്കിലും പ്രായപൂര്‍ത്തിയോടെ പുരുഷന്റെ രാഹുവും കേതുവും ജോയിന്‍ ചെയ്ത് ലംബാര്‍ ഭാഗത്തെ ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ വ്യാഴം എന്നിവയിലേക്ക് സഞ്ചരിക്കുന്നു. ഈ സഞ്ചാരം വഴി വരുന്ന സമ്മര്‍ദ്ദം മൂലം മൂലത്തിനു താഴേക്കു പോകുന്ന ഞരമ്പുകളില്‍ വേദന, തരിപ്പ്, പുളിപ്പ്, ചളിപ്പ്, അറപ്പ്, വെറുപ്പ് എന്നിവ ഉണ്ടാകും. പാപഗ്രഹങ്ങള്‍ക്ക് നോണ്‍ സ്റ്റീറോയിദ് ദ്രവ്യങ്ങള്‍ കൊണ്ട് പൂജയും ഫിസിയോത്തെറാപ്പി ഡിപ്പാര്‍ട്ട്മെന്റിനു ശയനപ്രദക്ഷിണവും നടത്തുക. ട്രാക്ഷന്‍ വഴിപാട് പ്രയോജനം ചെയ്തേക്കും. ചൊവ്വ വെള്ളി ദിവസങ്ങളില്‍ ബാക്കി ദിവസങ്ങളിലെപ്പോലെ തന്നെ പൂജ നടത്തണം. ഓര്‍ത്തോപ്പേടി വിദഗ്ദ്ധര്‍ക്ക് ധനദാനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഹഠയോഗം
മൂലാധാരത്തില്‍ സര്‍പ്പരൂപിയായി മൂന്നുമടക്കായാണ്‌ കുണ്ഡലിനി അടയിരിക്കുന്നത്. ചുമ്മാതിരുന്നു പെരുക്കുമ്പോള്‍ ഇത് നട്ടില്ലിലൂടെ ഉച്ചിയിലേക്ക് യാത്ര തുടങ്ങും. യാത്രാമധ്യേ കഴുത്തില്‍ പടം പൊഴിച്ചാല്‍ സ്പോണ്ടിലൈറ്റിസും ഇടുപ്പിനു പടം പൊഴിച്ചാല്‍ കീഴ്നടു വേദനയും ലംബാര്‍ ഭാഗത്ത് പടം പൊഴിച്ചാല്‍ സയാട്ടിക്കയും ഉണ്ടാകും. മൂത്ത പാമ്പാട്ടിയെ വിളിച്ച് മകുടി ഊതിച്ച് കുണ്ടലിനിയെ തിരിച്ചു കുണ്ടിയില്‍ വരുത്തണം (കുണ്ഡലിനി എന്നതിന്റെ ചുരുക്കെഴുത്താണ്‌ കുണ്ടി- വീക്കേയെന്‍ )

വാസ്തു
ഭൂപടത്തില്‍ നോക്കി നില്‍ക്കുന്ന ഒരുത്തന്റെ മേല്‍ഭാഗം കീഴും കീഴ്ഭാഗം മേലും വലതുഭാഗം ഇടതും ഇടതുഭാഗം വലത്തും ആയിരിക്കും. വാസ്തുപുരുഷന്റെ നടു ഉറക്കറയിലെ കട്ടിലാണ്‌. അത് മൃദുവായായാല്‍ പുരുഷന്റെ നടു കൂനിപ്പോകും. കടുപ്പവും ഉറപ്പുമുള്ള കട്ടിലിലെ ശയനം ഉറപ്പാക്കണം.

ഗൃഹവൈദ്യം
കാലിലെ വേദന മറ്റു ഏതു വേദനപോലെയും തന്നെ ചികിത്സിക്കാവുന്നതാണ്‌. ബ്രാന്‍ഡിയില്‍ ഉപ്പും കുരുമുളകും ഇട്ട് സോഡയൊഴിക്കാതെയോ വോഡ്കയില്‍ നാരങ്ങ നീരും വെള്ളവും ചേര്‍ത്ത് പച്ചമുളക് നെടുകേ പിളര്‍ന്നിട്ടോ നെട്ടനെ വലിച്ചു കേറ്റുക.

സിദ്ധവൈദ്യം
കറുത്തീയം, വെളുത്തീയം, ചുവന്നീയം എന്നിവ അറാള്‍ഡൈറ്റില്‍ ചാലിച്ച് തങ്കഭസ്മം, കുറി, തമ്പുരാട്ടി എന്നിവയില്‍ ചേര്‍ത്ത് തിങ്കളാഴ്ച നൊയമ്പെടുത്ത ശേഷം കഴിക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ശ്വാസമുണ്ടെങ്കില്‍ കൈവശമുള്ള അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്‌.

ഒറ്റമൂലി
ശിവമൂലി (Cannabis sativa/ indica) കിളുന്തിലകള്‍ നുള്ളിയെടുത്ത് ഉണക്കി തിരുമ്മി പതം വരുത്തി പുകയിലയില്‍ ചേര്‍ത്ത് മണ്‍ പൈപ്പിലൂടെയോ പേപ്പറിലോ ബീഡിയിലയിലോ ചുരുട്ടിയോ ധൂമമാക്കി വായിലൂടെ വലിച്ച് മൂക്കിലൂടെ പുറത്തു വിടുക. സയാട്ടിക്കയും മരോട്ടിക്കയും ആഫ്രിക്ക, അമേരിക്ക, അന്റാര്‍ട്ടിക്ക ലുങ്കി മടക്കിക്കുത്തി പായും.

സ്പെഷല്‍ സയാട്ടിക്ക് ഹോമം
രോഗിയെ ഒരു കട്ടിലില്‍ കിടത്തി മന്ത്രം ചൊല്ലി അരയില്‍ കയര്‍ ബന്ധിക്കുക ഒരു കെട്ട് അരയിലും രണ്ട് കെട്ടുകള്‍ ഇടുപ്പിലും ബന്ധിക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് രോഗോച്ചാടന അഘോര ട്രാക്ഷന്‍ മന്ത്രം ചൊല്ലി മന്ത്രവാദി കയര്‍ താഴേക്ക് ബലത്തില്‍ വലിക്കുകയും ഒരു മിനുട്ട് നിര്‍ത്തിയിട്ട് വിടുകയും ചെയ്യണം. ഇങ്ങനെ നൂറ്റൊന്നു തവണ വീതം ഒരാഴ്ച ചെയ്താല്‍ സയാട്ടിക്ക് വേദനയ്ക്ക് ശമനം ലഭിക്കും.

Saturday, January 23, 2010

ഓഫീസ് വൈദ്യം

ക്രീങ്ങ്!
ഹലോ ദാരുവീശാ.
അന്തപ്പാ. എന്തരു പറ്റിയത്?

പണ്ട് നിന്റെ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും എടയ്ക്ക് ഒരു പണി കിട്ടിയില്ലേ, അതെനിക്കും കിട്ടി.
ആപ്പീസില്‍ എന്നു വരും?

മഹാപാപീ, വേദന എങ്ങനുണ്ടെന്ന് പോലും നീ ചോദിച്ചില്ല.
അതിന്റെ വേദന എങ്ങനുണ്ടെന്ന് ചോദിക്കാതെ എനിക്കറിയാം. നീ വന്നിട്ട് ഇവിടെ അത്യാവശ്യമൊണ്ട്.

എനിക്കരിക്കാന്‍ പറ്റുന്നില്ല.
കിടന്ന് സ്വല്പം പണി എടുത്തൂടേ? ഈ ടൈം ആയോണ്ടാ. ഇന്ന് ഒരു ഇമ്പോര്‍ട്ടന്റ് വിസിറ്ററുണ്ട്, നീ അതിനെ ഒന്നു ചുരുട്ടി തരണം, പ്ലീസ്.

നന്ദികേട് പറയാതെടേ, നീ കിടന്നപ്പ നിനക്ക് രണ്ടാഴ്ച അവധി തന്നതല്ലേ ഞാന്‍. ഞാന്‍ കിടന്നപ്പ മൂന്നു ദിവസം കഴിഞ്ഞ് വിളിക്കുന്നോ?
കാലം മാറിയില്ലേ അന്തപ്പാ, റിസഷന്റെ വേദന നടുവിന്റേതിനെക്കാള്‍ വലുതല്ലേ. രണ്ട് പെഗ് അടിച്ചു നോക്ക്,വേദന കുറയും.

ദാരു വീശിയാല്‍ റിസഷന്റെ വേദനയേ കുറയൂ, നടൂന്റെ കുറയത്തില്ല. നിന്നെ കുരു കൊണ്ട് പോട്ട്, ഞാന്‍ വരാം.

ഞൊണ്ടി ഞൊണ്ടി വണ്ടീല്‍ കേറി കാളവണ്ടി സ്പീഡില്‍ ഓട്ടിച്ച് ആപ്പീസിലിറങ്ങി. നമുക്ക് എന്തെങ്കിലും വരുമ്പോള്‍ അത് നേരത്തേ വരാത്ത ആരും ഈ ലോകത്ത് കാണില്ലല്ലോ, സകലരും ചുറ്റും കൂടി "പണ്ട് ഇതുപോലെ എനിക്ക് വന്നപ്പ ഞാന്‍ ചെയ്തത്..." തുടങ്ങി.

നിങ്ങളൊക്കെ എന്തരോ ചെയ്യ്, ഞാന്‍ തല്‍ക്കാലം ഒരു ഫിസിയോ, അടുത്ത വെക്കേഷനു നാട്ടില്‍ ഒരായുര്‍‌വേദ തിരുമ്മല്‍. വേറൊന്നും ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല.

ക്ലാം മീറ്റ് പച്ചയ്ക്ക് തിന്നാ മതി, ഡിസ്കില്‍ അതടിഞ്ഞ് ഒടനേ സുഖമാവും- ചന്ദ്രഗുപ്ത മൗറീന്‍.
പച്ചക്കക്ക എന്റെ പട്ടിപോലും തിന്നൂല്ല, പോടീ.

മുരിങ്ങക്കായ സൂപ്പിട്ട് സ്വല്പ്പം രസവുമൊഴിച്ച്...അടുത്തന്
രസം, അതിരസം, ലഡു, ഘോഷം- ഈ തമിഴന്മാര്‍ക്ക് വേറൊന്നും അറിയത്തില്ലേ?

പാലില്‍ മഞ്ഞളിട്ടു കാച്ചി രാത്രി കുടിച്ചിട്ടു കിടന്നാ എന്റെ വേദന പോയത്- ദാര്വീശ്
പഞ്ചഗവ്യം പ്രിയമായിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു, കുളസ്റ്റ്രോള്‍ തുടങ്ങിയപ്പ അതെല്ലാം ഉപേക്ഷിച്ചു. ഇനി മരുന്നായി പോലും അതേലെ ഒന്നും ഞാന്‍ തൊടത്തില്ല.

പഞ്ച ഗവ്യമോ, അതെന്തരൊക്കെയാ?
പാല്‌, തൈര്‌, വെണ്ണ, ചീസ്, ബീഫ്.

എന്നാ ഉടുമ്പെറച്ചി അവിച്ച് തിന്നേച്ച് മയിലെണ്ണ തേച്ച്...
ഭ. എന്നെക്കാളും ഭൂമിക്ക് ഇപ്പ ഉടുമ്പും മയിലുമാ ആവശ്യം.

ഒരു എപ്പിഡ്യൂറല്‍ എടുക്കാമായിരുന്നില്ലേ- കെല്ലി
അത് പെണ്ണുങ്ങള്‍ പ്രസവിക്കാന്‍ എടുക്കണതല്ലേ കൊച്ചേ?

യോഗയാ നല്ലത്- ദാ ഇങ്ങനെ മലന്നു കെടന്നിട്ടു വളഞ്ഞു തിരിഞ്ഞ് ചുരുണ്ടു മടങ്ങി...
നിര്‍ത്തെടാ, എന്റെ നടു തളന്നു പോണത് കാണാന്‍ നിനക്ക് അത്ര ആഗ്രഹമോ?

എന്നാ ഞാന്‍ പറഞ്ഞു തരാം, അക്യു‌പഞ്ചര്‍ വഴി എല്ലിന്റെ...
എനിക്ക് ആവശ്യത്തിനു ഉപദേശം ഡോക്റ്റര്‍മാര്‍ തരുന്നുണ്ട് .ഒന്നു നിര്‍ത്തി പോയി പണിയെടുക്കിനെടേ. അല്ലെങ്കില്‍ തന്നെ മനുഷ്യനു വേദനിച്ചു പ്രാന്തായി നില്‍ക്കുവാ, വല്ല പേപ്പര്‍ നൈഫും എടുത്ത് പണ്ടത്തി കേറ്റും ഞാന്‍ ങ്ഹാ.

ആരാണ്ട് കാണാന്‍ വന്നെന്ന് പറഞ്ഞല്ലോ?
ബഹറിനീന്ന് ഒരു ബഹറിനി വന്നിട്ടുണ്ട്, എന്തരേലും നടക്കുമോ ആവോ?

ഹല്ലോ!
ഹലഹലോ.

നടു ഉളുക്കി ഇരിക്കുകയാണല്ലേ, റിസപ്ഷനിസ്റ്റ് പറഞ്ഞു. സോറി.
എന്തരു സോറി, എന്റെ നടു നീയല്ലല്ല് ഒടിച്ചത്.

നിങ്ങക്കൊക്കെ വിശ്വാസം ഉണ്ടോന്ന് അറിയില്ല, എന്റെ അനുഭവത്തീന്നു പറയുകയ, ഹെര്‍ണിയേറ്റഡ് ഡിസ്കിനൊക്കെ റെയ്ക്കിയാ നല്ലത് . രാവിലേ എണീറ്റ് മേപ്പോട്ട് നോക്കിയിട്ട്...

റെയ്ക്കിയൊക്കെ എനിക്കറിയാം, അതിലും നല്ല ഒരു പരിപാടിയാ ഞാന്‍ ഇപ്പ ചെയ്തോണ്ട് ഇരിക്കുന്നത്.
അതെന്താ?

കുങ്ങ് ഫൂ വര്‍ക്കൗട്ട്.
കുങ്ങ് ഫൂവോ? ഫലിക്കുമോ?

പിന്നില്ലേ, ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ കുങ്ങ് ഫൂ മാസ്റ്റര്‍മാര്‍ നടുവിനു പലകയും കൂന്താലിക്കൈയ്യും ഒക്കെ അടിച്ച് ഒടിക്കണത്, അവരുടെ നട്ടെല്ല് ഇരുമ്പ് പൈപ്പു പോലെ ആക്കുന്നത് ആ വര്‍ക്കൗട്ട് അല്ലേ.

അതെങ്ങനെയാ, പ്രയാസമാണോ?
അത്ര പ്രയാസമൊന്നുമില്ല. രാവിലേ എണീറ്റ് ഐസ് കട്ടയില്‍ ഒരു മണിക്കൂര്‍ കിടക്കണം, എന്നിട്ട് ഒരു ചട്ടിയില്‍ തീക്കനല്‍ കൂട്ടിയിട്ട് അതില്‍ തലകുത്തി പതിനഞ്ചു മിനുട്ട് നില്‍ക്കണം. എന്നിട്ട് നടുവിനു എണ്‍പതു കിലോ വെയിറ്റ് വച്ച് എണ്‍പത്തി മൂന്ന് പുഷ് അപ്പ്- അത്രയും വെയിറ്റ് വീട്ടിലില്ലെങ്കില്‍ ഭാര്യയും മക്കളും പുറത്തു കയറി ഇരിക്കാന്‍ പറഞ്ഞാല്‍ മതി. ഒടുക്കം നാലു കത്തി- കറിക്കത്തി മതി- മണ്ണില്‍ കുത്തി നിര്‍ത്തിയിട്ട് അതിന്റെ മുകളില്‍ ഒരു അര മണിക്കൂര്‍ കിടക്കണം.

ശരിക്കും ഇങ്ങനെ ചെയ്യുമോ?
എന്നെ കൊല്ല്, കൊല്ല്, കൊല്ല്.

Thursday, January 21, 2010

ഇലക്‌ട്രോമെക്കാനിക്കല്‍ വര്‍ക്സ്

ഞാന്‍ ദാ തിരിച്ചെത്തിയേ.

ങേ ആരാ? നേരത്തേ എന്തിനാ പോയത്?
നമ്മെ മനസ്സിലായില്ലേ? നാം റാഡിക്കുലപതി അന്തോണിത്തമ്പ്രാന്‍.

നിങ്ങളെ നേരത്തേ വിളിച്ചപ്പ കണ്ടില്ലല്ലോ?
അങ്കത്തട്ടില്‍ അണ്ടര്‌വെയര്‍ ഇട്ട് കയറിയാല്‍ ആള്‍ക്കാര്‍ ആര്‍ക്കുമെന്ന് ആര്‍ച്ച പറഞ്ഞിരുന്നു അരിങ്ങോടരേ, ഒരു മൂന്നു മുഴം വീരാളിപ്പട്ട് വാങ്ങാന്‍ പോയിരുന്നതാ.

വേദന കുറവുണ്ടോ?
വേദനയില്‍ പോലും മന്ദഹസിക്കുന്ന മാനവനാകാന്‍ പഠിച്ചു വരികയാണ്‌.

ശരി ക്യാറിപ്പോ.

ച്യാച്ച്യേ ഞാന്‍ കളസമിട്ടേ, തൊടങ്ങാം?
ശരി. ഇത് അള്‍ട്രാസൗണ്ട്. എന്തെങ്കിലും അറിയാനുണ്ടോ?

ഒന്നും കേക്കണില്ലല്ല്?
അത് കേക്കത്തില്ലെടേ, വേദനയില്‍ മാറ്റമുണ്ടോ?

ഇല്ല.
എന്നാ കറണ്ട് തരാം.

നാഷണല്‍ ഗ്രിഡ് എനിക്കെത്രയാ അനുവദിച്ചിരിക്കുന്നത്?
നിനക്ക് സഹിക്കാന്‍ പറ്റുന്നത്രേം ആകുമ്പ പറയണം, അതില്‍ സെറ്റ് ചെയ്യാം.

പെരുക്കുന്നുണ്ടോ?
അല്ലെങ്കില്‍ തന്നെ പെരുത്തിരിക്കുന്ന കാലില്‍ കറണ്ടടിച്ചാല്‍ എങ്ങനെ അറിയും, എനിവേ വേദന കുറയുന്നുണ്ട്.

എക്സലന്റ്. നിങ്ങള്‍ എവിടെന്നാ?
കേരളം, കേരളം...

കരേലാ. ദുബായി മൊത്തം കരേലയാ?
ഒവ്വ. ദുബായി കരേല തീറെഴുതി വാങ്ങി. പുതിയ ഭഗീരഥിയേ, നിങ്ങള്‍ തമിഴ്‌നാട്ടുകാര്യോ മലയാളിച്യോ തുളുനാട്ടുകാര്യോ? ഹിന്ദുമതക്കാര്യോ ഇങ്ങളു ക്രിസ്തുമതകാര്യോ?
മുംബൈക്കാര്‍ ഞങ്ങള്‍ മുംബൈക്കാര്‍.

ട്രാക്ഷനില്‍ ഇടട്ടോ?
ഇനി വേദനിക്കുമോ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ല . മൂക്കു മുങ്ങിയാ പിന്നെ മൂന്നാളു വെള്ളമായാലെന്തര്‌ നാലാളു വെള്ളമായാ എന്തര്‌.

വലി വല്ലാതെ മുറുകുന്നുണ്ടോ?
പി ചന്ദ്രകുമാര്‍ സാറിന്റെ പടത്തിനു ക്യൂ കേജിന്റെ അകത്തൂടെ താഴെ നില്‍ക്കുന്നവരെ ചവിട്ടി ഞൂന്ന് കേറുമ്പ കീഴെയൊള്ളവര്‍ തള്ളക്കു വിളിച്ചോണ്ട് കീഴോട്ട് വലിക്കും കാലേല്‍. ആ വലി ഒക്കെ ശീലിച്ച നമ്മക്ക് ഈ മിഷ്യന്റെ വലിയൊക്കെ പുല്ലാ, പുല്ല്. ചുമ്മ മുറുക്കി വലീ.

കഴിഞ്ഞ്. ഇന്ന് പെയ്യിട്ട് നാളെ വാ. രാവിലേ എണീറ്റ് ചൂടു വയ്ക്കണം, ജെല്ലു തേയ്ക്കണം.
പല്ലു തേയ്ക്കുന്ന കാര്യം പറഞ്ഞില്ല.

കഴിഞ്ഞോ കെട്ട്യോനേ തെറാപ്പി? ഇതെന്തരു വള്ളിക്കളസം മാത്രം, ഉടുതുണി എവിടെ ? ആശുപത്രീലാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് മീറ്റിങ്ങിനാണോ പെയ്യത്?
പാന്റ് വണ്ടീലുണ്ടെടീ. തെറാപ്പിസ്റ്റ് നിക്കറിട്ടു ചെല്ലാന്‍ പറഞ്ഞപ്പ ഞാന്‍ പോയി ഇതൊരെണ്ണം വാങ്ങിച്ച്.

തെറാപ്പിസ്റ്റ് സ്ത്രീയാണല്ലേ?
അതേ.

ചെറുപ്പക്കാരി?
തന്നെ.

നല്ല ഹൈറ്റ്, ഇരു നെറം, മെലിഞ്ഞിട്ട്, വലിയ കണ്ണ്?
ഞാന്‍ പെണ്ണു കാണാനല്ല പോയത്. നീ ഇതെന്താ ഇങ്ങനെ കേക്കണത്?

അല്ല, ഒരു നിക്കര്‍ ഇട്ടു വരാന്‍ പറഞ്ഞപ്പോ നൂറു ദിര്‍ഹംസിന്റെ മുകളില്‍ വിലയുള്ള ഓഫീസ് വെയര്‍ വാങ്ങാത്ത ഒരുത്തന്‍ നേരേ പോയി പോര്‍ഷേ ഡിസൈനര്‍ വെയര്‍ ഷോര്‍ട്ട്സ് വാങ്ങിയെങ്കില്‍, ആ പറഞ്ഞത് കേട്ട മാന്യവ്യക്തിയുടെ സൗന്ദര്യസങ്കല്പ്പ ചിത്രങ്ങള്‍ക്ക് മാച്ചാവുന്ന ഒരു പെണ്ണ് ആയിരിക്കണം പറഞ്ഞതെന്ന് ഏതു ഷേര്‍ലക്ക് ഹോംസിനും മനസ്സിലാവുമല്ലോ.


തള്ളേണെ, കട അടയ്ക്കുന്ന കണ്ടപ്പ കിട്ടിയത് ഓടിക്കേറി എടുത്തതാ. സൂര്യനിലും കാണും കരിപ്പുള്ളികള്‍ പക്ഷേ എന്റെ സ്വഭാവത്തിലില്ലെന്ന് ഇത്രകൊല്ലം എന്റൂടെ കഴിഞ്ഞ നെനക്കറിയൂല്ലേ ചെല്ലക്കിളീ?
ഹും. പക്ഷേ നിന്റെ പ്രായം തൊട്ടാല്‍ പൊട്ടുന്ന പ്രായമല്ലേ, മെന്‍ അറ്റ് ഫോര്‍ട്ടി എന്നു വച്ചാ...ട്രാക്ഷനു പോയാല്‍ അട്രാക്ഷനുമായി വരും.


പഴഞ്ചൊല്ല് അപ്പടി പതിരാടീ, ഇരിക്കാന്‍ പറ്റണില്ല, കെടക്കണം. ചോറു വെളമ്പി താ.

(തുടരാം ..എന്നും)

Wednesday, January 20, 2010

വേദനയോടെ, പുതുവര്‍ഷത്തിലേക്ക്


public domain image, reproduced from Wikipedia

രണ്ടായിരത്തൊമ്പത് അവസാനദിവസങ്ങളൊക്കെ യാത്രയായിരുന്നു, ഔദ്യോഗികവും അനൗദ്യോഗികവും, ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ. അതിന്റേരിക്കും, ഇപ്പ ഇരിക്കണ കസേരേന്ന് ബാത്ത് റൂം വരെ ഒരു ചിന്ന ട്രിപ്പ് നടത്തണേല്‍ വല്യ പാടാ. ഗര്‍ഭം പോലെ ആയിരുന്നു. ചെറുതായി തുടങ്ങി, ഇങ്ക്രീം. പിന്നെ പിടിച്ചിട്ടു നിന്നില്ല. വേദനകള്‍ ജിം‌നാസ്റ്റുകളാണെങ്കില്‍ ഇത് നാദിയ കൊമിനേച്ചിയാണ്‌. ആരും പത്തില്‍ പത്തു കൊടുത്തു പോകും.

ഞൊണ്ടി ഞൊണ്ടി ജീ പിയുടെ അടുത്ത് ചെന്നു. പുള്ളി കാലുപിടിച്ചു പൊക്കി, താഴ്ത്തി, മുട്ടിനും നടുവിനും കൂടം കൊണ്ട് വീക്കി. ഇന്‍ഫ്ലമേഷന്‍ ആണല്ലോ, അഞ്ചാറു എന്നെസ്സേയൈഡി കഴി, പോയില്ലേ ഓര്‍ത്തോ...
എന്തോര്‍ത്തോന്ന്
ഓര്‍ത്തോയില്‍ പോകാന്‍.
പോയില്ല, പോയി.

ഓര്‍ത്തോയെ കാണണം.
ഫുള്ളാ, വൈയ്യിട്ട് വരീ.
വേതനയെടുക്കുന്നെന്ന്.
എന്നാ ഈയാറിലോട്ട് പോ.
അത് വേണ്ട. പെയ്യിട്ടു വയ്യിട്ടു വരാം.

ഓര്‍ത്തേട്ടാ കാപ്പാത്തുങ്കോ. സൈഡീന്ന് കീപ്പോട്ട് മിന്നല്‍ പിണര്‍ പോലെ, ആണിയും സൂചിയും അടിച്ച പോലെ, പതം പറയാന്‍ അറിഞ്ഞുകൂടാ...

വെയിറ്റ് എടുത്തോ?
ഉവ്വ. മോര്‍ ലഗേജ്, ലെസ് കംഫര്‍ട്ട് പാക്കേജിലായിരുന്നു ആകാശയാനം.

വണ്ടി ഓടിക്കുമോ?
ഉവ്വ. ടാക്സി ചാര്‍ജ്ജ് കൂട്ടിയാല്‍ പിന്നെ എന്തു ചെയ്യും?

മെട്രോ തുടങ്ങിയത് ഇയാള്‍ അറിഞ്ഞില്ലേ, തണുത്ത വെള്ളത്തില്‍ കുളിച്ചോ?
ഹത്തയില്‍ പോയിരുന്നു, ഐസ് തണുക്കുന്ന പുഴേല്‍ ചാടി കുളിച്ചു.

ഹത്ത എന്താ ഒമാനിലെ ശബരിമലയാ? ഇയ്യാക്ക് വീട്ടി ഇരുന്നൂടേ?
ഗഫ് മരവും വരയാടും വെള്ളിമൂങ്ങേം ഒണ്ടെന്ന് പറഞ്ഞ് ഒരു കാലന്‍ പ്രലോഭിപ്പിച്ചപ്പ വീണു പോയതാ.

എന്താ പണി?
കണക്കെഴുത്താ.

കണക്കായി. കമ്പൂട്ടറേലാ അപ്പ എപ്പഴും?
തന്നെ. പണ്ടൊക്കെ കലമാസുവിലായിരുന്നു, അതൊക്കെ ഒരു കാലം. ഇപ്പ കമ്പ്യൂട്ടറില്ലേല്‍ കണക്കുമില്ല.

ഹും.

ഹും?

സയാട്ടിക്ക സയാട്ടിക്ക എന്നു കേട്ടിട്ടുണ്ടോ?
ഇപ്പ കേട്ടു. അതെന്തരു കായാ?


യാക്കോബ് മാലാഖേടത്ത് ഗുസ്തി പിടിച്ച കഥ അറിയാവോ?
പുണ്യവാന്‍ ഇസഹാക്കിനുണ്ടായ രണ്ടു മക്കള്‍...

തന്നെ. ഒടുക്കം മാലാഖ എന്താ ചെയ്തേ?
കാലു വെട്ടി മുടന്തനാക്കി യാക്കോബിനെ, അല്ലേ?

ഇയ്യാ എവിടത്തുകാരെനേടെ, മാലാഖ എന്താ ക്വട്ടേഷന്‍ പാര്‍ട്ടിയാ കുഴിഞരമ്പ് വെട്ടാന്‍? മനുഷ്യന്‍ തന്നെ അടിച്ചു മലത്തുമെന്ന് തോന്നിയപ്പ അത് യാക്കോബിന്റെ നട്ടെല്ലീന്നു കാലിലേക്കു പോകുന്ന സയട്ടിക്ക് ഞരമ്പ് ഒന്നു അനക്കിക്കളഞ്ഞു. അതാണ്‌ ആദ്യത്തെ സയട്ടിക്കാ.

പാവം ചാക്കോച്ചന്‍, ഈ വേദനയിലും ഭേദം കുഴിഞരമ്പ് വെട്ടുന്നതായിരുന്നു. ആട്ട് എന്റെ ഞരമ്പിനു ശാപമോക്ഷം കിട്ടുവോ?

ആദ്യം പെയ് എക്സ്റേ എടുത്തു വാ, ഞാനൊന്ന് നോക്കട്ട്.

അണ്ണാ എക്സറേ ഇവിടെ അല്ലേ?
വ തന്നെ, മൊബൈല്‍ നമ്പര്‍ എന്താ?

അഞ്ചാറേഴ് നാമൂന്ന് പന്ത്രണ്ട്.
തെറ്റാണല്ലോ?

എനിക്കെന്റെ നമ്പര്‍ അറിയില്ലേ?
ഇതൊരു സ്ത്രീയുടെ നമ്പറാണെന്ന് ആശുപത്രി കമ്പ്യൂട്ടറില്‍ റിക്കോര്‍ഡ് കാണിക്കുന്നു.
സ്ത്രീയുടെ പേര്‍ ശ്രീമതി അനോണിയോസ് ആന്റോണിയോസ് എന്നല്ലേ?

അതെങ്ങനെ നിങ്ങക്കു മനസ്സിലായി?
വിവരദോഷീ, ചീട്ടില്‍ എന്റെ പേരെന്തെന്ന് നോക്കെഡാ.

ഓഹ്. ദാ അവിടെ പോയി പടമെട്.
ചെരിയരുത്, ശ്വാസം പിടിക്കരുത് മേപ്പോട്ട് നോക്കരുത്, കീപ്പോട്ടും വശത്തോട്ടും ഒട്ടും നോക്കരുത്.

ശരി, മൂന്നു ദിവസം കഴിഞ്ഞു വാ.
എന്ത്? ഇയാള്‍ക്ക് എന്റെ എക്സ്രേ എന്താ ഫോട്ടോഷോപ്പില്‍ ടച്ച് അപ്പ് ചെയ്യണോ?

ഫിമിലില്ല.
അത് ആദ്യമേ പറയണ്ടേ, ഇങ്ങനാണോ ഒരു അത്യാവശ്യത്തിനു വരുന്നവരെ കൈകാര്യം ചെയ്യുന്നത്.

സീഡിയില്‍ തരട്ടേ?
എന്ത് അലാക്കെങ്കിലും എടുത്ത് താടേ, മേലാല്‍ ഈ ലാബില്‍ ഞാന്‍ വരില്ല, ത്ഭൂ.

ഒര്‍ത്തേട്ടാ, പടം കൊള്ളാവോ?
ഹും. ഒരാഴ്ച ഫിസിയോ. ഇന്‍ഷ്വറന്‍സ് കാര്‍ഡ് റിസ്പഷനില്‍ കൊട്.

എന്തരാ ഫിസിയോ?
ആദ്യം നിന്നെ കറണ്ടടിക്കും.

അത് പ്രാന്തിനല്ലേ കറണ്ടടിക്കുന്നത്? ഡോക്റ്റര്‍ തന്നത്താന്‍ അടിച്ചോ.

അല്ലെടേ, സയാട്ടിക്കക്ക് കറണ്ടടിക്കും.പിന്നെ സൗണ്ടടിക്കും

സൗണ്ട് അടിക്കാന്‍ ഡാന്‍സ് ബാറില്‍ പോയാ മതിയല്ലോ, എന്താ സൗണ്ടാ അടിക്കണെ അവിടെ.
നിന്നെ ഞാനടിക്കും. ശബ്ദവും വൈദ്യുതിയും കഴിഞ്ഞാന്‍ പിന്നെ നിന്നെ പ്രൊക്രസ്റ്റിയന്‍ ‍ കട്ടിലില്‍ കിടത്തി വലിച്ചു നീട്ടും.

അതോടെ സുഖമാവുമോ?
പോയി നോക്ക്, ശേഷം കാഴ്ചയില്‍.

തെറാപ്പിച്ചേച്ചി?
ഞാന്‍ തന്നെ, ക്യാറി വരീ.

ഇതെന്നാ ഇതിനകത്ത് ഇത്രയും ആള്‌ ഞാന്‍ ഓടുമ്പ പിടിക്കാനാ?
അതെല്ലാം ഞാന്‍ പലതരത്തില്‍ തെറിപ്പിച്ചുകൊണ്ടിരിക്കുന്ന രോഗികളാ.

നീയെന്താ ട്രാക്ക് പാന്റ് ഇട്ടിരിക്കണേ?
ഇവിടെ യൂണിഫോമുണ്ടോ?

അതില്ല. പക്ഷേ നിന്റെ കാലേല്‍ മൊത്തം കറണ്ട് കമ്പി ഒട്ടിക്കണം, പാന്റിട്ടാല്‍ പറ്റുകേല.
അത്രേയുള്ളോ? ഇതങ്ങ് ഊരിക്കളഞ്ഞേക്കാം, തീര്‍ന്നല്ലോ?

ഡേ, ഇവിടെ സ്ത്രീകളൊക്കെ കിടക്കുന്നത് കണ്ടില്ലേ? അതതിന്റെ ഇടയില്‍ നീ ഷഡ്ഡിയിട്ട് നടന്നാല്‍ ശരിയാവൂല്ല.
ഇവിടെ ഡിസ്പോസബില്‍ ഗൗണൊന്നും ഇല്ലേ?

അത് സര്‍ജ്ജറി വാര്‍ഡിലൊഴികെ എവിടെയും ഇട്ടൂടാ. പോയി ഷോര്‍റ്റ്സിട്ടു വാടേ.

കുരിശായി. എനിക്കു നിക്കറിടുന്ന ശീലമില്ല. പുറത്തു കാണിക്കാന്‍ പറ്റുന്ന ഒരെണ്ണം പോലും കൈവശമില്ല. വാങ്ങിക്കാമെന്നു വച്ചാല്‍ രാത്രി ഒമ്പതര ആയി. പത്തുമണി വരെ അഡിഡാസ് ഉണ്ട്-പാഞ്ഞ് കയറി. ആദ്യം കണ്ട നിക്കര്‍ പൊക്കി, അടച്ചുകൊണ്ടിരിക്കുന്ന കൗണ്ടറില്‍ കൊണ്ട് അടിച്ചു. അവിടെ നിന്ന ചെറുക്കന്‍ എന്റെ വെപ്രാളവും ഞൊണ്ടലും മുഖഭാവവും ഒക്കെ കൂടി കണ്ട് അന്ധാളിച്ചു. പോരെങ്കില്‍ സ്പൈന്‍ സപ്പോര്‍ട്ടിന്റെ കെട്ട് അരയില്‍ തോക്ക് തിരുകിയ പോലെ മുഴച്ചും നില്‍ക്കുന്നു.

ത്രീ ഫിഫ്റ്റി, സര്‍.
ദൈവം തമ്പുരാനേ, ഒരു സ്യൂട്ട് തയ്പ്പിക്കാനുള്ള കാശായി. എന്തരോ വരട്ട്.
(തുടരാം, വേറേ വിഷയമൊന്നും തലയില്‍ കയറാന്‍ വേദന സമ്മതിക്കുന്നില്ല)