Wednesday, September 30, 2009

കൊഴുപ്പും അളവും

വലിയ വലിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നത് ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാകും. ഒരിക്കല്‍ ഞാന്‍ ലിഫ്റ്റില്‍ കയറി പതിനെട്ട് എന്നതിനു പകരം വിരല്‍ മാറി പതിമ്മൂന്ന് എന്നടിച്ചു. പതിമ്മൂന്നില്‍ ലിഫ്റ്റ് വെറുതേ നിന്നു തുറന്നടയുന്ന അത്രയും സമയം ജീവിതത്തില്‍ നിന്നു പാഴായല്ലോ എന്ന് ഉറക്കെ ഒരാത്മഗതം നടത്തിയപ്പോള്‍ അടുത്തു നിന്ന അഞ്ചെട്ടുവയസ്സുള്ള സ്കൂള്‍ കുട്ടി പറഞ്ഞു; തെറ്റിയടിച്ച ഫ്ലോര്‍ നമ്പര്‍ ഒരിക്കല്‍ കൂടി അമര്‍ത്തിയാല്‍ നിരവധി ബ്രാന്‍ഡ് ലിഫ്റ്റുകളില്‍ അത് തനിയെ ക്യാന്‍സലായിപ്പോയിക്കോളുമെന്ന്. പുതിയ കാര്യങ്ങള്‍ കുട്ടികള്‍ പോലും പറഞ്ഞു തരും നമുക്ക്.

ഈയിടെ കേട്ട് ഇഷ്ടപ്പെട്ട "ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ" എന്ന പാട്ടില്‍ "അളവാന ഉടമ്പുക്കാരീ അളവില്ലാ കൊഴുപ്പുകാരി, ഇരുക്കിത്.. വാടീ രാത്രി കച്ചേരി" എന്നു കേട്ട് സംശയമായി. ഇത്ര അഴകില്‍ ഉടമ്പുള്ള, അതും കച്ചേരി (നല്ല അര്‍ത്ഥത്തിലായാലും അല്ലെങ്കിലും) യില്‍ ഒക്കെ ആക്റ്റീവ് ആയ ഈ ചെറുപ്പക്കാരിക്ക് കൊഴുപ്പിന്റെ അസുഖം വരുമോ? കവികള്‍ പൊതുവില്‍ അതിശയോക്തിക്കാരായതുകൊണ്ട് ആ അളവില്ലാ എന്നതു ഇന്‍ഫിനിറ്റി എന്നെടുക്കേണ്ടതില്ല, എന്നാലും ഷിപ്പ് ഷേപ്പ് പെങ്കൊച്ചിനു ബ്ലഡ്‌വര്‍ക്കില്‍ റെഫറല്‍ റേഞ്ചിന്റെ < > അടയാളങ്ങള്‍ക്കു പുറത്ത് സീറം കൊളസ്റ്റ്സ്ട്റോളോ.

എടുത്തു മയോ ക്ലിനിക്കിന്റെ പുസ്തകം. പാട്ടില്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്‌. തടിച്ചവര്‍ക്ക് കൊഴുപ്പിന്റെ അസുഖം വരാന്‍ സാദ്ധ്യത കൂടുതല്‍ ആണെന്നു മാത്രം. മെലിഞ്ഞവര്‍ക്കു അത് വരാതിരിക്കുകയൊന്നുമില്ല. സര്‍ക്കുലേറ്റിങ്ങ് ഫാറ്റ്- രക്തത്തിലെ കൊഴുപ്പ് കൂടുതല്‍ ഉള്ളവര്‍ക്കെല്ലാം ശരീരത്തിലടിഞ്ഞ- ഡെപ്പോസിറ്റഡ് ഫാറ്റ് കാണുമെന്ന പൊതു ധാരണ തെറ്റാണത്രേ.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് തങ്ങള്‍ക്കൊക്കെ എന്തും തിന്നാമെന്ന് അഹങ്കരിക്കുന്ന അളവാന ഒടമ്പുക്കാര്‍ക്ക് ഈ പാട്ടൊരു മുന്നറിയിപ്പായിരിക്കട്ടെ.

Monday, September 28, 2009

ദളിത് തീവ്രവാദവും ഗുണ്ടാരാജും കേരളത്തില്‍- ജെയിംസ് വടക്കും‌ചേരി

റേഡിയോ കൊണ്ട് ചിലപ്പോഴെങ്കിലും പ്രയോജനമുണ്ട്. ഇന്നലെ കേരളത്തില്‍ ദളിത് തീവ്രവാദം തുടങ്ങിയോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് റേഡിയോയുടെ ‍ ഒരു ചര്‍ച്ചയില്‍ ജെയിംസ് വടക്കുംചേരി പങ്കെടുത്തിരുന്നു. അദ്ദേഹം വളരെ ഷാര്‍പ്പ് ആയ അതേസമയം ലളിതവുമായരീതിയിലാണ്‌ പ്രശ്നം കണ്ടത്. അദ്ദേഹം പറഞ്ഞതിലെ ചില മുഖ്യാശയങ്ങള്‍ മാത്രം താഴെക്കൊടുക്കുന്നു. (പൂര്‍ണ്ണരൂപത്തിലോ വിശദമായോ അതെഴുതാന്‍ എനിക്ക് ഏഷ്യാനെറ്റിന്റെ അനുവാദം വേണ്ടിവരുമെന്നതിനാല്‍ അതിനു മുതിരുന്നില്ല)


ഒന്ന്: കേരളത്തിലുണ്ടായ നക്സല്‍ സര്‍ജ്ജിനു കാരണമായ കാര്യങ്ങളില്‍ പലതും ദളിതര്‍ക്ക് ഇപ്പോഴും നിലനില്‍ക്കുന്നു- വിവേചനം, മറ്റു ജാതിമതസ്ഥരോട് താരതമ്യം ചെയ്യുമ്പോള്‍ പിന്നോക്കാവസ്ഥ, മുതിര്‍ന്നാലും കാര്യമായൊന്നും നേടാനാവാത്ത സ്ഥിതി, അരക്ഷിതാവസ്ഥ, ചൂഷണം ചെയ്യപ്പെടുകയാണെന്ന തോന്നല്‍, തങ്ങള്‍ ഒരു വര്‍ഗ്ഗമാണെന്നും തങ്ങള്‍ക്കെതിരേ മറ്റു വര്‍ഗ്ഗങ്ങള്‍ ഡോമിനന്‍സ് സ്ഥാപിക്കുകയാണെന്നുമുള്ള വിശ്വാസം.

രണ്ട്: നക്സല്‍ ഭീഷണി ജയറാം പടിക്കലിനെപ്പോലെയുള്ളവര്‍ ഇരുമ്പു കൈകൊണ്ട് ഇല്ലായ്മ ചെയ്തെന്ന പൊതുജനവിശ്വാസം വിഢിത്തമാണ്‌. പഠിപ്പുള്ളവരും കര്‍മ്മശേഷിയുള്ളവരും എന്തെങ്കിലുമൊക്കെ തൊഴില്‍ പ്രത്യേകിച്ച് കുലത്തൊഴിലുകള്‍ക്ക് പുറത്ത് നേടാമെന്നുള്ള അവസ്ത പെട്ടെന്ന് കേരളത്തിലുണ്ടായതുകൊണ്ടാണ്‌ തീവ്രവാദം തേഞ്ഞുമാഞ്ഞു പോയത്. ഗള്‍ഫ് ബൂം ആണ്‌ അതില്‍ ഏറ്റവും വലിയ സിംഗിള്‍ ഫാക്റ്റര്‍.

മൂന്ന്: ഹിറ്റ് ആന്‍ഡ് റണ്‍ തീവ്രവാദം ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളുമായി വത്യാസപ്പെടുന്നത് ഐഡിയോളജി എന്ന ഒറ്റക്കാര്യത്തിലേയുള്ളു ഇപ്പോഴത്തെ കാലത്ത്. മറ്റെല്ലാക്കാര്യങ്ങളിലും അവര്‍ ഗുണ്ടാസംഘങ്ങളോട് താരതമ്യം ചെയ്യാവുന്ന രീതിയിലായി മാറി, നക്സല്‍ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രത്യേകിച്ചും. നേതാവ് പ്രത്യക്ഷപ്പെടാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അദൃശ്യനും വേരുകള്‍ ചേരിയിലും തെരുവിലും തൊഴിലോ ലക്ഷ്യബോധമോ ഇല്ലാത്ത മനുഷ്യരും എന്ന രീതിയാണിന്ന് തീവ്രവാദത്തിനും.

നാല്‌: കേരളത്തില്‍ തീവ്രവാദ വളക്കൂറ് ദാ ഇപ്പോള്‍ ഉണ്ടായി എന്ന രീതിയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഹാസ്യമാണ്‌. കാലാകാലം കേരളാ പോലീസ് അതത് അധികാരികളെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അതേ കാര്യങ്ങള്‍ പറഞ്ഞ് ദാ നിന്റെ നാടു നശിച്ചു എന്ന രീതിയില്‍ അവതരിപ്പിച്ച് ജനത്തിനു ഭീഷണിയും മാദ്ധ്യമങ്ങള്‍ക്ക് ആഘോഷവും ഉണ്ടാക്കി കൊടുക്കുന്നത് തീവ്രവാദികള്‍ക്കല്ലാതെ ആര്‍ക്കും പ്രയോജനം ചെയ്യുന്നില്ല. ഇത്രയും വര്‍ഷം ഒരു ഇന്റലിജന്റ് അപ്രോച്ചും ഇല്ലാതെയിരുന്ന് കാര്യങ്ങള്‍ വഷളാക്കിയവര്‍ എന്ന നിലയില്‍ ആദ്യം പ്രതിക്കൂട്ടില്‍ ഇന്റലിജന്‍സ് വിഭാഗമാണ്‌.

അഞ്ച്: പോലീസ് എന്നാല്‍ വിഢിയും നിസ്സഹായരും അഴിമതിക്കാരും ഭരണകൂടഭീകരതയുടെ അനുവര്‍ത്തികളും; ഗുണ്ടകളും ക്രിമിനലുകളും സുശക്തരും ധനികരും ആഡംബരക്കാരും അനുകരണീയരും എന്ന പൊതുജനബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തത്ന ല്ലൊരളവില്‍ മാദ്ധ്യമങ്ങളാണ്‌, അവര്‍ക്കതില്‍ തീര്‍ച്ചയായും സെന്‍സേഷന്‍ എന്നതിനെക്കാള്‍ മറ്റെന്തെങ്കിലും താല്പ്പര്യവും ഉണ്ടാവും.

ആറ്‌: ഒരു ഗുണ്ട എന്നല്ല ഗുണ്ടാസംഘങ്ങളാണ്‌ നിലവിലുള്ളത്. അതില്‍ നിന്നും ഒന്നോ പത്തോ ഗുണ്ടകളെ അമര്‍ച്ച ചെയ്താല്‍ ആ സ്ഥാനങ്ങളിലേക്ക് സംഘഅംഗങ്ങള്‍ പ്രമോട്ട് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ പ്രസ്ഥാനം മറ്റൊന്നിലേക്ക് ചേരുകയോ ചെയ്യുമെന്നല്ലാതെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് പ്രശനം പരിഹരിക്കാനാവില്ല, ചില കുറ്റങ്ങളില്‍ ചിലര്‍ ശിക്ഷിക്കപ്പെടുമെന്നല്ലാതെ പോലീസ് വിചാരിച്ചിട്ട് ഗുണ്ടാരാജ് അവസാനിപ്പിക്കാന്‍ കുറേ അറസ്റ്റുകൊണ്ട് കാര്യമില്ല.

ഏഴ്: ഗുണ്ടാകളെ പോറ്റുന്ന ബിസിനസ്സുകാര്‍, ഭൂമി ഇടപാടുകാര്‍, കമ്പനികള്‍, സംഘടനകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ തുടങ്ങി ഗുണ്ടാബന്ധം കൊണ്ട് പ്രയോജനമുണ്ടാകുന്ന സകല ആളുകളെയും അതില്‍ നിന്ന് പിന്‍‌തിരിപ്പിക്കാന്‍ സര്‍ക്കാര്‍, കോടതി, മാദ്ധ്യമങ്ങള്‍, ജീവനക്കാര്‍, പൊതുജനം എന്നിവര്‍ പോലീസിനൊപ്പം കൈകോര്‍ത്ത് ഒരു പ്രോജക്റ്റ് ആയി, സ്ഥിരം സം‌വിധാനമായി മുന്നോട്ട് പോയാലേ ഗുണ്ടകള്‍ അവസാനിക്കൂ.

എട്ട്:ദളിത് മേഘലയില്‍ ഒരു രണ്ടാം നക്സല്‍ മോഡല്‍ തീവ്രവാദം ഉയരാതിരിക്കാന്‍ അവരെ മറ്റു ജനത്തിനു തുല്യമായ തൊഴില്‍ വിദ്യാഭ്യാസ അവസ്ഥയിലേക്ക് കൊണ്ടുവരികയും അവരുടേതു മാത്രമായ ഒരു ചേരിയായി ഉപേക്ഷിക്കുകയും ചെയ്യാതെയിരിക്കുകയും അതേ സമയം തന്നെ സംസ്ഥാനാന്തര തീവ്രവാദികളോട് അവര്‍ ഇടപെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നല്ലാതെ പോം‌വഴി ഇല്ല.

(ക്രിമിനോളജിസ്റ്റ് എന്നാല്‍ ഫോറന്‍സിക്സ്, നിയമം തുടങ്ങിയവയുടെ വിദഗ്ദ്ധന്‍ ആയിരിക്കും എന്നൊരു മുന്‍‌വിധിയാല്‍ ഞാന്‍ ഇദ്ദേഹമെഴുതിയ പുസ്തകങ്ങളൊന്നും ഇതുവരെ വായിച്ചിട്ടില്ല. അതൊരു നഷ്ടമായെന്ന് ഇപ്പോള്‍ തോന്നുന്നു.)

അനോണിത്തം അനോണിത്തം രേ രേ ...

അനോണിത്തം എന്നത് ബ്ലോഗ് യുഗത്തിലുണ്ടായ മാനസികരോഗമാണെന്നും ജിപ്സികളെപ്പോലെ അനോണികളെ നായാടിപ്പിടിച്ച് ചുട്ടുകൊല്ലേണ്ടതുണ്ടെന്നും ബൂലോഗശാസ്ത്രജ്ഞര്‍ സ്ഥിരമായി അഭിപ്രായപ്പെടാറുണ്ട്. ഭിക്ഷക്കാര്‍, നാടോടികള്‍ എന്നൊക്കെകേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കള്ളന്‍, കൊള്ളക്കാരന്‍ എന്നൊക്കെ ഓര്‍മ്മവരും എന്നാല്‍ ചില്ലറ പെറ്റി തീഫുകളെ ഒഴിച്ചാല്‍ ഭിക്ഷക്കാരില്‍ ഗുണ്ടയോ വാടകക്കൊലയാളിയോ ഭീകരനോ ഇല്ല. ഭിക്ഷക്കാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് അവര്‍ക്കുമേലില്‍ എന്തുപട്ടവും ചാര്‍ത്തി നമുക്ക് തടിയൂരാമല്ലോ.

അനോണിത്തം ഇന്ത്യയിലെങ്കിലും ഒരു പുതിയ പ്രതിഭാസമല്ല. ആരാണ്‌ ചരകന്‍? ചാണക്യന്‍? കൗടില്യന്‍? ദ്രമിളന്‍? വാത്സ്യായനന്‍? പതഞ്ജലി? പാണിനി? ആളുകള്‍ ഒരു പേര്‍ സ്വീകരിച്ച് അവര്‍ക്കറിയാവുന്നത് എഴുതിയും പറഞ്ഞും കടന്നു പോയി. അനോണിത്തത്തിന്റെ പാരമ്യത്തില്‍ പലരും സ്വന്തം കൃതിയിലെ കഥാപാത്രങ്ങളായി മാറി തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ല, സങ്കല്പ്പത്തില്‍ മാത്രം ജീവിക്കുന്നവാണെന്ന് സ്ഥാപിച്ചു. വ്യാസന്‍ മുതല്‍ ജയദേവവന്‍ വരെ സ്വന്തം കൃതികളില്‍ പ്രത്യക്ഷപ്പെട്ട് എഴുത്തുകാരനെന്ന ആള്‍‌രൂപം വെടിഞ്ഞ് എഴുത്തായി മാറുന്നുണ്ട്.


ഇവരുടെയൊക്കെ വീടും പി ഓ ബോക്സും കണ്ടുപിടിച്ച് നാലാളെ അറിയിക്കാനുള്ള പാപ്പരാസിത്തം വിജയിച്ചതുകൊണ്ടോ അതോ അനോണീഭാവം വെടിഞ്ഞ് "ലത് ഞാനായിരുന്നെന്ന്" പറയാനുള്ള പ്രലോഭനം കൊണ്ടോ ചിലരെങ്കിലും ഒരു പേരില്‍ എഴുതിയെങ്കിലും ശരിക്കുള്ള പേരോ ശരിക്കുള്ളതെന്ന് ആരോപിക്കപ്പെട്ട പേരോ പുറത്തു വന്നിട്ടുണ്ട്. അത്തരം പേര്‍ പുറത്തായ അനോണികളെ - ഉദാഹരണത്തിനു വാല്‍‌മീകി, വ്യാസന്‍ തുടങ്ങിയവരെ ശ്രദ്ധിച്ചാല്‍ അവരില്‍ ഭൂരിപക്ഷവും രാജാക്കന്മാരോ പ്രഭുക്കന്മാരോ ബ്രാഹ്മണരോ ഒന്നുമായിരുന്നില്ലെന്ന് കാണാം. വേടനോ മുക്കുവനോ നായാടിയോ ഭിക്ഷുവോ എഴുതുന്നതിനെ പൗരോഹിത്യവും പ്രഭുത്വവും തള്ളിക്കളഞ്ഞേക്കും എന്നതാവാം അജ്ഞാതചര്യ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചതും.

പഠിപ്പും വിവരവും യോഗ്യതയും പദവിയും മഹിമയും പാരമ്പര്യവും തികഞ്ഞവര്‍ അതിന്റെ തൊങ്ങലെല്ലാം ചാര്‍ത്തി എഴുതിക്കോട്ടെ. അതൊന്നുമില്ലാത്തവരും നാലാല്ക്കുമുന്നില്‍ വയ്ക്കാന്‍ ഇഷ്ടമില്ലാത്തവരും എഴുത്തുമാത്രമായി ചുരുങ്ങിയെങ്കിലും എഴുതിപ്പോട്ടെ.

ഹാവിങ്ങ് സെഡ് ദാറ്റ്, സ്വന്തം പേരില്‍ എഴുതാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ എഴുതാനായി ഒരനോണിപ്പേര്‍ സ്വീകരിക്കുന്നത് ഭീരുത്വമാണെന്ന് മാത്രമല്ല, ആ അനോണിത്തം പ്രത്യേകിച്ച് ഒരു സുരക്ഷയും തരികയുമില്ല, പ്രത്യേകിച്ച് അപവാദങ്ങള്‍, വ്യക്തിഹത്യ, നിയമവിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്.

സുശ്രുതന്‍ അനോണിയായിരുന്നു, എഴുത്തിപ്പോഴും ആളുകള്‍ വായിക്കുന്നു. ട്രെയിനിലെ ബാത്ത്‌റൂമില്‍ ഇന്നലെ തെറിയെഴുതിപ്പോയയാളും അനോണിയാണ്‌, അതെന്തെന്ന് ആരോര്‍ക്കുന്നു. എഴുത്തുമാത്രമായിരിക്കുമ്പോള്‍ എഴുത്തുകാരന്റെ വ്യക്തിത്വം പോലും താങ്ങുന്നില്ല എഴുത്തിനു സ്വനാഥനാകാന്‍ കഴിയണം. സ്വന്തം കാലില്‍ ജീവിക്കാന്‍ കഴിയണം, അന്തസ്സായിത്തന്നെ.

കാട്ട്‌ബെറിയും നാട്ട്‌ബെറിയും

കഴിഞ്ഞ പോസ്റ്റിന്‍‌കീഴെ പാഞ്ചാലി നെല്ലിക്കയെക്കുറിച്ച് ചോദിച്ചിരിക്കുന്നു. ആയുര്‍‌വൈദികമായ അറിവ് കമ്മിയാണെങ്കിലും ഞാന്‍ ബൊട്ടാണിക്കലി ചലഞ്ച്ഡ് ആയതുകൊണ്ട് മിക്കവാറും എനിക്ക് കൃത്യമായി തന്നെ ഉത്തരം പറയാന്‍ പറ്റിയേക്കും.

നിരവധി പൗരാണികഗ്രന്ഥങ്ങളില്‍ നെല്ലിക്കയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും വായിച്ചിട്ടില്ലാത്തതിനാല്‍ അതിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. ചവ്യനമഹര്‍ഷി തന്റെ ശരീരം കോഞ്ഞാട്ടയായപ്പോള്‍ നെല്ലിക്ക സേവിച്ചാണ്‌ ആരോഗ്യം വീണ്ടെടുത്തതെന്ന് കേള്‍ക്കുന്നു. ബെറി കൊണ്ട് മാറ്റിയ അസുഖമായിരുന്നതുകൊണ്ട് അങ്ങേര്‍ക്ക് ബെറിബെറി ആയിരുന്നു എന്നൊരു വാദമുണ്ടെങ്കിലും നെല്ലിക്കാ സേവിച്ചപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായെങ്കില്‍ മിക്കവാറും അത് "സ്കര്‌വി" ആയിരിക്കാനാണ്‌ സാദ്ധ്യത. ചുരുണ്ടുകിടപ്പില്‍ നിന്നെഴുന്നേറ്റ മുനി (മുനി എന്നതു സംസ്കൃതപദമാണ്‌, പേര്‍ഷ്യനില്‍ മുനീര്‍ എന്നാണു പറയുക) നെല്ലിക്കകൊണ്ടു ചികിത്സിക്കുന്ന ഒരു ആയുര്‍‌വേദ സ്പെഷ്യലൈസേഷന്‍ തന്നെ ഉണ്ടാക്കി- ഇതിനെ "നെല്ലിയാമ്പതി" എന്നു വിളിച്ചു പോരുന്നു. ഐശ്വര്യപൂര്‍ണ്ണമായ ചികിത്സാരീതിയായതിനാല്‍ "തിരുപ്പതി "എന്നും ചിലര്‍ വിളിക്കാറുണ്ട്. ഗുരുവും രൂക്ഷവും ശീതവുമാണ്‌ നെല്ലിക്കയെന്ന് വേര്‍ഡ് സോള്‍ജ്യര്‍ തന്റെ "എട്ടും പിന്നെ ഹാര്‍ട്ടും" എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അന്തോണീസംഹിത എന്ന ഗ്രന്ഥത്തില്‍
അമലാകി ദ്വിവിധ:- വന്യ: ച ഗ്രാമ്യച്ഛ: എന്നു തുടങ്ങുന്ന ഭാഗത്ത്
"ഗ്രാമ്യാമലാകിം സ്ഥൂലോ ഗുണശോഷിതോ ദ്രവ്യാദായോ കാര്‍ഷികജന്യോ സ്ഥിരലഭ്യോ ച:ക്ഷണലവണജീര്‍ണ്ണ:" എന്നും
"വന്യ: ഹൃസ്വാകാരോ രൂക്ഷഗുണസമ്പൂര്‍ണ്ണോ ഹി:ഹി ; ഹൃദ്യോ മൂലരൂപോ സ്വയംഭൂ" എന്നു കാണുന്നുണ്ട്.

സംസ്കൃതം പിടിയില്ലാത്തവര്‍ക്ക് വേണ്ടി തര്‍ജ്ജിമ. നെല്ലിക്ക രണ്ടു വിധമുണ്ട് ഗ്രാമ്യവും വന്യവും.
ഗ്രാമ്യ നെല്ലിക്ക വലിപ്പമുള്ളതും ഗുണം കുറഞ്ഞതും ആദായവിലയ്ക്ക് വാങ്ങാവുന്നതും കൃഷി ചെയ്ത് ഉണ്ടാക്കുന്നതും എപ്പോഴും ലഭിക്കുന്നതും ഉപ്പിലിട്ടാല്‍ വേഗം ദ്രവിച്ച് പരുവമാകുന്നതും ആണ്‌. എന്നാല്‍ വന്യനെല്ലിക്ക ചെറുതും മുടിഞ്ഞ കൈപ്പുള്ളതും (ആ ഹി ഹിഹി കൈപ്പന്‍ നെല്ലിക്ക വായിലിടുമ്പോള്‍ കൊരടില്‍ നിന്ന് ഒരു പെരുപ്പു കയറുന്നത് ഓര്‍ത്ത് മഹര്‍ഷി ചിരിച്ചതായിരിക്കാനേ വഴിയുള്ളു ) കൂടുതല്‍ പ്രിയപ്പെട്ടതും ഗ്രാമ്യം എന്ന കള്‍ട്ടിവാര്‍ വേര്‍ഷനാക്കുന്നതിനു മുന്നേയുള്ള ആദിരൂപത്തില്‍ തന്നെ ഉള്ളതും കൃഷിചെയ്യപ്പെടാതെ തനിയേ മുളച്ചു വരുന്നതുമാകുന്നു.

വന്യവും ഗ്രാമ്യവും എന്നത് രണ്ട് സബ്-സ്പീഷീസ് അല്ലെന്നും ചൈനയില്‍ കിടന്നു പുളച്ച ഗോള്‍ഡ്ഫിഷിനെ അക്വാറിസ്റ്റുകള്‍ വളര്‍ത്തി ഫാന്‍‌ടെയിലും വെയില്‍‌ടെയിലും ടെലസ്കോപ്പിക്ക് ഐസും ഉണ്ടാക്കിയതുപോലെ കാട്ടുനെല്ലിക്കയെ കൃഷി ചെയ്ത് ചെയ്ത് പുന്നക്കാ പരുവത്തില്‍ ആക്കിയെടുത്തതാണെന്നും മനസ്സിലാക്കാം .

നാച്ചുറല്‍, വൈല്‍ഡ്ഗ്രോണ്‍, ഓര്‍ഗാനിക്ക് എന്നൊക്കെയുള്ള സംഗതി ഇപ്പോ ഫാഷനാണെങ്കിലും നെല്ലിക്ക മാര്‍ക്കറ്റില്‍ വരുന്നത് കൂടുതലും ഗ്രാമ്യം തന്നെ. നമ്മുടെ നാട്ടിലും രണ്ട് തരം നെല്ലിയും വളരുന്നുണ്ടെങ്കിലും ആ കൊരട് പെരുപ്പ് കിട്ടണമെങ്കില്‍ കാട്ടുനെല്ലി, ലവലോലി, പുളിഞ്ചി തുടങ്ങിയവ ഉപ്പിലിട്ടാലേ മലയാളിക്ക് തൃപ്തിയാകൂ. ക്വാണ്ടിറ്റി വില എന്നിവ കണ്‍സിഡര്‍ ചെയ്യുന്നതുകൊണ്ടും രുചി ഒരു ഫാക്റ്റര്‍ അല്ലാത്തതുകൊണ്ടുമാകാം ഹോട്ടലില്‍ കിട്ടുന്ന നെല്ലിക്ക അച്ചാറില്‍ പലപ്പോഴും തേങ്ങയുടെ തൊണ്ടുപോലെ ചകിരീസമൃദ്ധമായി വലിയ ടേസ്റ്റൊന്നുമില്ലാതെ ഗ്രാമ്യനെല്ലിക്കകളാണ്‌ കിട്ടാറ്‌.

Friday, September 25, 2009

സൊല്യൂഷന്‍

ബ്ലൂബെറി ഹാര്‍ട്ടിനു നല്ലതാണത്രേ (ഏതെങ്കിലും ബെറികൃഷിക്കാരുടെ അസോസിയേഷന്‍ ഗവേഷിപ്പിച്ച് തെളിയിച്ചെടുത്തതാവും) അതെന്തരോ, ബ്ലാക്ക്‌ബെറി മനുഷ്യന്റെ വിശ്രമസമയം കൂടി നശിപ്പിക്കാന്‍ കമ്പനികള്‍ അടിച്ചേല്പ്പിക്കുന്ന ചൂഷണോപാധിയാകുന്നു. ഇതു കൊണ്ടു നടക്കൂല്ലെന്ന് വാശിപിടിച്ചിട്ടും ഫലമുണ്ടായില്ല. നായ്ക്കോലം കെട്ടിയാ കൊരക്കാതെ പറ്റൂല്ലല്ല്, ഒടുക്കം ഇതും പിടിച്ചോണ്ടാണ്‌ എന്റേയും നടപ്പ്. ആകെയുള്ള പ്രയോജനം നാട്ടില്‍ പോകുമ്പോള്‍ ഇതും താങ്ങി നടന്നാല്‍ നാലുപേര്‍ "ഓ, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണല്ലേ" എന്നു ചോദിക്കുമെന്നതാണ്‌. (ഇവിടെ വാന്‍‌സെയില്‍സുകാരനും കെന്റക്കി, പിറ്റ്സ, കൊറിയര്‍ ഡെലിവറിക്കാരനുമാണ്‌ ബ്ലാക്ക്‌ബെറിധാരികള്‍)

ഈയിടെ അതിന്റെ ഉറ എവിടെയോ കളഞ്ഞു പോയി, ഒന്നുരണ്ട് കടയില്‍ തിരക്കിയപ്പോല്‍ ഒറിജിനല്‍ ക്യാരിക്കേസ് കിട്ടാനുമില്ല, ആ കുന്തം ഒറിജിനലല്ലെങ്കില്‍‍ ഓട്ടോമാറ്റിക്ക് ലോക്കും അണ്‍ലോക്കും പവര്‍ സേവിങ്ങും ഒന്നും വര്‍ക്ക് ചെയ്യില്ല. പോക്കറ്റില്‍ ചില്ലറത്തുട്ടിന്റെയും താക്കോലിന്റെയും കൂടെ കിടന്ന് ഫോണിനു പോറലേല്‍ക്കുകയും ചെയ്യുന്നു.

അങ്ങനെ ഒരു വഴിക്ക് പോകുമ്പോഴാണ്‌ "പ്ലഗ്ഗിന്‍സ്" കണ്ണില്‍ പെട്ടത്. നേരേ കേറി.
"ബ്ലാക്ക് ബെറീടെ ഷീത്ത് ഉണ്ടോ?"
"ഉണ്ടല്ലോ"
"ഒരെണ്ണം വേണം എനിക്ക്"
"ഏതാ മോഡല്‍?"
"അത്.... മോഡല്‍ അനുസരിച്ച് ഷീത്തും മാറുമോ?"
"പിന്നില്ലേ, മോഡലിന്റെ അല്ലെങ്കില്‍ ഷെയിപ്പ് മാച്ചാവൂല്ല."

എന്റെ കുന്തത്തിന്റെ മോഡല്‍ എന്താണോ. ഐടി ഹെല്പ്പ് ഡെസ്കില്‍ വിളിച്ചു. ഇവരാണല്ലോ സാധനം വാങ്ങി തന്നവര്‍, അവര്‍ക്കറിയുമായിരിക്കണം. ഒരു ഹെല്പ്പുമില്ല, ആന്‍സറിങ്ങ് മെഷീനില്‍ പോകുന്നു. പെരുന്നാളായതുകൊണ്ട് രാത്രി ഹെല്പ്പില്ലായിരിക്കും.

ഡിസ്പ്ലേയില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ബെറികള്‍ പോയി നോക്കി, എന്റെ മോഡല്‍ കണ്ടാല്‍ അത് സെയില്‍സ്മാനെ കാണിച്ചിട്ട് ഇതിന്റെ കവര്‍ മതിയെന്നു പറയാം. ങേ ഹേ, നമ്മുടെ മോഡല്‍ ഒബ്സൊലീറ്റ് ആയെന്നു തോന്നുന്നു, വില്പ്പനയ്ക്ക് വച്ചിട്ടില്ല.

നെറ്റില്‍ പോയി നോക്കിയാലോ, ഗൂഗിളിനോട് ബ്ലാക്ക് ബെറി മോഡല്‍ എന്നു ചോദിച്ചാല്‍ അത് പല പടം കാണിച്ചു തരും, അതില്‍ എന്റെ ഫോണ്‍ തിരിച്ചറിയുക എന്നിട്ട് പടം കാണിച്ച് ലോ ഇതു തന്നെ എന്നു പറയാം.

നെറ്റ് കിട്ടുന്നില്ല, ഫോണ്‍ തല്‍ക്കാലം ജീ.പി ആര്‍ എസ്സില്‍ ആണു പോലും . എഡ്ജ് കണക്ഷന്‍ ഉള്ള സമയത്തേ നെറ്റ് ഫാസ്റ്റ് ആയി വര്‍ക്ക് ചെയ്യൂ. ഒരാവശ്യത്തിനല്ലെങ്കില്‍ പിന്നെ എന്തരിനു കൂവാ ഈ ആധുനിക സം‌വിധാനമൊക്കെ.

കൂട്ടുകാരനു ഫോണ്‍ ചെയ്തു.
"ടേ, എന്റെ ബ്ലാക്ക്‌ബെറി ഏതു മോഡല്‍ ആണെന്ന് നിനക്ക് അറിയുമോ."
"പിന്നേ, നിന്റെ ഷഡ്ഡീഡെ സൈസ് ഒക്കെ ഓര്‍ത്തു വയ്ക്കാന്‍ ഞാനാര്‌ നിന്റെ ഭാര്യയോ." എന്ന് മറുപടി.

ഈ ഐഡിയ എനിക്കെന്തേ നേരത്തേ തോന്നിയില്ല! നേരേ ഭാര്യയെ വിളിച്ചു.

നോ ഉത്തരം, സഹധര്‍മ്മിണി സാധാരണയായി ഫോണ്‍ ബാഗില്‍ ഭദ്രമായി വയ്ക്കുകയാണ്‌ പതിവ്- മണിയടിയല്ല, അതിനി പൊട്ടിത്തെറിച്ചാലും പുറത്തൊരു ശബ്ദവും കേള്‍ക്കില്ല പിന്നെ.

ഓ നാശം. വാങ്ങിക്കണ്ടാ, തീര്‍ന്നല്ലോ.

ഇറങ്ങിപ്പോന്നു. വീട്ടില്‍ വന്ന് പെമ്പ്രന്നോരുടെ നേരേ ചാടി.
"ഡീ, ഫോണ്‍ വിളിച്ചാല്‍ നിനക്കു ചെവി കേള്‍ക്കില്ലേ, ഒരത്യാവശ്യം വന്നാല്‍ എങ്ങനെ അറിയിക്കും നിന്നെ?"
"അതിനിപ്പ എന്തര്‌ അത്യാവശ്യം വന്നത്?"
അത്യാവശ്യം മൊത്തം പറഞ്ഞു കേള്‍പ്പിച്ചു. ഫാര്യ മൊത്തം കേട്ടു തല കുലുക്കി.

"ഏതായാലും അത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് വാങ്ങിക്കാതെ പോരും മുന്നേ വേറൊരു വഴി കൂടെ ശ്രമിക്കാമായിരുന്നു." ഭാര്യ റിമാര്‍ക്കി.

അതെന്തു കാര്യം ഇനി ബാക്കി ? സകല വഴിയും ഞാന്‍ ശ്രമിച്ചതല്ലേ.

അതായത് ആമ്പ്രന്നോനേ, ആ ഫോണില്‍ നാട്ടുകാരെയൊക്കെ വിളിക്കും മുന്നേ അതൊന്ന് സെയില്‍സ്മാനെ കാണിച്ചിട്ട് "സാറേ, ഈ ടൈപ്പ് യന്ത്രത്തിന്റെ ഷീത്ത് ഒരെണ്ണം വേണം" എന്നു പറഞ്ഞാല്‍ മതിയായിരുന്നെന്ന്.

ആ വഴി കൂടെ ശ്രമിക്കാമായിരുന്നു. എന്തരു ചെയ്യാം പോയ ബുദ്ധി ആനപിടിച്ചാലും കിട്ടൂല്ലല്ല്.

Thursday, September 24, 2009

ഇതെന്തു വാര്‍ത്ത?ചിത്രം വിക്കിപ്പീഡിയയില്‍ നിന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പുനപ്രസിദ്ധീകരിച്ചത്.

ദാണ്ടെടാ അപൂര്‍വ്വ ചിലന്തിയെ കണ്ടെത്തീന്നു പറഞ്ഞു രാവിലേ മെയില്‍ വന്നപ്പോഴാണ്‌ ലിങ്കില്‍ ഞെക്കി മാതൃഭൂമി പത്രം വരെ പോയത്. എലി പോലെ പോയണ്ണാ, എലിപോലെ പോയി.


സംഗതി ജയന്റ് വുഡ് സ്പൈഡര്‍. കേരളത്തിലെ മിക്ക കാടുകളും അടക്കം ഇന്ത്യയുള്‍പ്പെടുന്ന ഉഷ്ണമേഖലാരാജ്യങ്ങളിലെ വുഡ്ഡായ വുഡ്ഡിലെല്ലാം ഈ വലിയവലക്കാരനെ കാണാം, കണ്ടിട്ടുണ്ട് നിരവധി തവണ. റിപ്പോര്‍ട്ടില്‍ പറയുന്ന നെഫില മെകുലാറ്റ എന്നത് ഈ ചിലന്തിയുടെ പഴയപേരാണ്‌. നിലവില്‍ nephila pilipes എന്നു വിളിച്ചു പോരുന്നു. മാതൃഭൂമി ചിത്രത്തില്‍ കാണുന്നത് nephila pilipes jalorensis (യൂജിന്‍ സൈമണ്‍ പത്തുനൂറു വര്‍ഷം മുന്നേ കണ്ടെത്തിയ സബ്‌സ്പീഷീസ്). ഇതിന്റെ വലിപ്പമൊക്കെ വിവരിക്കുന്ന കൂട്ടത്തില്‍ ആണ്‍ ചിലന്തി ഗിന്നസ് പക്രു മോഡലും പെണ്‍ ചിലന്തി ഷക്കീല മോഡലും ആണെന്ന് പറഞ്ഞിട്ടുമില്ല

കണ്ടെത്തി കണ്ടെത്തി എന്നു വാര്‍ത്ത കേട്ടു പോയപ്പോ പണ്ടേ പലതവണ കണ്ടിട്ടുള്ളതു തന്നെ . ഇനി ഞാന്‍ ഭയങ്കര ട്രെക്കര്‍ ആയോണ്ടാണെന്നു വിചാരിക്കേണ്ട, ബൂലോഗനായ റോക്സി ദാ തരുന്നു ഭൂതത്താന്‍ കെട്ടില്‍ നിന്നു റിപ്പോര്‍ട്ട് .

നിബിഡവനം വരെയൊന്നും പോകണ്ടാ പൊന്തയിലും പുറമ്പോക്കിലും ഒക്കെ ഇതു വരുമെന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ ചിലന്തിപഠന വിഭാഗം പറയുന്നു.ഇത്രയും വിശദമായി മാതൃഭൂമി റിപ്പോര്‍ട്ട് എഴുതിയ വ്യക്തിക്ക് അറിയണമെന്ന് വിവക്ഷിക്കുന്നില്ല. ലളിതമായ ഒരു കാര്യം ചെയ്യാമായിരുന്നു. വംശനാശഭീഷണിയിലായ എന്തോ ഒന്നിനെ കണ്ടെത്തി എന്ന് ന്യൂസ് കിട്ടുമ്പോള്‍ അത് ശ്രീ. ജോസഫ് ആന്റണിയെ ഒന്നു കാണിച്ചിട്ട് "സാറേ ഇതില്‍ വല്ല കാര്യവുമുണ്ടോ?" എന്നൊന്ന് ചോദിക്കാമായിരുന്നു. ജെ ഏ മാഷ് തന്റെ അമ്പൂരി സ്ലാങ്ങില്‍ "എഴിച്ചു പോടേ, ഇതെന്തരു വാര്‍ത്ത" എന്നു മറുപടി പറഞ്ഞേനെ.

ഇത്തരത്തില്‍ ഈ അടുത്തു വന്ന മിക്ക റിപ്പോര്‍ട്ടുകളെയും തള്ളിക്കളയേണ്ടി വന്നതില്‍ ഖേദമുണ്ട്. പരിഹാരമായി ദാ ഒരു ഉശിരന്‍ കഥ. കൊടുവാലി (നീല്‍ഗിരി മാര്‍ട്ടെന്‍) എന്നു കേട്ടിട്ടുള്ളതല്ലാതെ കണ്ടവര്‍ അധികം ഉണ്ടാവില്ല (ഞാനും കണ്ടിട്ടില്ല) അതിന്റെ ഫോട്ടോ തപ്പിയാല്‍ നെറ്റില്‍ ആകെ കിട്ടുന്നത് കേരളാ വൈല്‍ഡ് ലൈഫിന്റെ ഹെഡറില്‍ എന്നോ ആരോ അവ്യക്തമായി എടുത്ത ഒരു ലോങ്ങ് ഷോട്ടില്‍ നിന്നും സ്റ്റാമ്പു രൂപത്തില്‍ വെട്ടിയ പടം മാത്രം.

അതല്ലാതെ കാണണോ, ശ്രീ എന്‍. ഏ. നസീര്‍ എടുത്ത ചിത്രവും റിപ്പോര്‍ട്ടും നോക്കൂ-ഹിന്ദുവില്‍ വന്ന വാര്‍ത്ത

Thursday, September 17, 2009

സ്കാനിയ

ഡോക്റ്റര്‍ റോബര്‍ട്ട് മര്‍ക്കടം?
ഞാന്‍ തന്നെ. ദാ ശീട്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് പോയി സ്കാന്‍ ചെയ്തിട്ടു വരൂ.

ങേ? ഞാന്‍ പോസ്റ്റുമാനാ.
എന്തു മാനായാലും ഒരു സ്കാന്‍ ഇപ്പോള്‍ തന്നെ വേണം, പിന്നെ കരഞ്ഞിട്ടു കാര്യമില്ല.

രോഗിയല്ല സാറേ, ഞാന്‍ ഒരു രെജിസ്റ്റേര്‍ഡ് എഴുത്തു കൊണ്ടു വന്നതാ.
ഛെ. ആ എട്.

തനിക്കു പാര്‍ക്കിന്‍സണ്‍ ഡിസീസ് ഉണ്ടെന്നു തോന്നുന്നല്ലോ, ഒന്നു സ്കാന്‍ ചെയ്യുന്നത് നന്നായിരിക്കും.
പാര്‍ക്കില്‍ സണ്ണോ അതെന്തരു സാറേ?

വെട്ടുവാതം എന്നു കേട്ടിട്ടില്ലേ, താന്‍ കത്തെടുത്ത് നീട്ടിയപ്പോ കൈ വിറച്ചതു ശ്രദ്ധിച്ചോ?
അതോ, അതു ഫാനിന്റെ കാറ്റടിച്ചു എഴുത്ത് അനങ്ങിയതാ, കൈ വെറച്ചതല്ല.

അപ്പ പോസ്റ്റുമാന്‍ ആണല്ലേ?
വ തന്നെ.

എഴുത്തൊക്കെ എപ്പഴും സോര്‍ട്ട് ചെയ്തോണ്ട് ഇരിക്കും അല്ലേ?
പിന്നേ, അടുക്കി വച്ചാലല്ലേ എടുത്തു കൊടുക്കാന്‍ പറ്റൂ.

ഇങ്ങനെ ഈ വിരലുകൊണ്ട് എപ്പഴും പണിയെടുക്കുന്നവര്‍ക്ക്, അതായത് ടൈപ്പിസ്റ്റ്, പോസ്റ്റുമാന്‍, ചീട്ടുകളിക്കാരന്‍, തീപ്പട്ടിക്കമ്പനി പണിക്കാര്‍ ഒക്കെ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ഉണ്ടാകും.
കാര്‍പ്പറ്റ് ടണല്‍ എന്തുവാ സാറേ?

കാര്‍പ്പറ്റും തഴപ്പായും ഒന്നുമല്ലെടേ, കാര്‍പ്പല്‍- കൈപ്പത്തിയീന്നു മേലോട്ട് ഉള്ള കുഴിഞരമ്പ്. അതടിച്ചു പോയിക്കാണുമെന്ന്.
അപ്പ എന്തരു ചെയ്യണം ഞാങ്ങ്?

ഡെയിലി മരുന്നു കഴിക്കണം, എന്നിട്ടു സ്കാന്‍ ചെയ്തു പുരോഗതി ഉണ്ടോന്ന് നോക്കണം.
എത്ര കാശാവും സ്കാനിനു?

സ്കാനൊന്നിനു പതിനായിരം രൂപ. താന്‍ വിഷമിക്കണ്ടാ, ഞാന്‍ പറയുന്ന സ്ഥലത്തു പോയാല്‍ മതി കുറേ സ്കാനിനുള്ള പൈസ ഒന്നിച്ചടച്ചാല്‍ അവര്‍ ബള്‍ക്ക് റേറ്റ് ഇട്ടു തരും.

അപ്പ കൊറേ സ്കാന്‍ വേണോ?
പിന്നേ, ഡെയിലി മൂന്നു നേരം വച്ച് ഒരാഴ്ച.

അതെന്തിനാ?
എടോ മരുന്നു മൂന്നു നേരമല്ലേ, പുരോഗതി ഉണ്ടോന്നറിയണേല്‍ ഓരോ തവണ മരുന്നു കഴിച്ചിട്ടും സ്കാന്‍ ചെയ്യണം.

ഓ അതും വേണമല്ലേ.
വേണം, ഇന്നാ ശീട്ട് പിടി.

ശീട്ട് കീറിക്കളഞ്ഞേരെ ഡോക്റ്റര്‍ സാറേ, ഞാന്‍ ചത്തോളാം.

Wednesday, September 16, 2009

അറിയുക ലോകമേ, മലയാളത്തിന്റെ ഈ പ്രതിഭയെ

ഓരോ പറ്റിനും (ഡെബിറ്റ്) തത്തുല്യമായ വരവോ (ക്രെഡിറ്റ്) വരവുകളോ എല്ലായ്പ്പോഴും ഉണ്ടാകും എന്ന് സ്ഥിതീകരിച്ചതിനാണ്‌ ലൂക്കാ പാസിയോളിയെ ഇരട്ടപ്പെരുക്കത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഇരട്ടപ്പെരുക്കം (double entry) കണക്കെഴുത്തിന്റെ അംഗീകൃത തത്ത്വമാണ്‌. നിരവധി കണക്കെഴുത്തുകാര്‍ പിന്‍‌തുടരുന്ന എഴുത്തു സമ്പ്രദായം പഠിച്ച ശേഷമാണ്‌ പാസിയോളി പറ്റുവരവു സന്തുലിത തത്വം (dual aspect principle) പ്രസിദ്ധപ്പെടുത്തിയത്.

രണ്ടായിരം വര്‍ഷം ആരും ചോദ്യം ചെയ്യാന്‍ മുതിരാതിരുന്ന കണെക്കെഴുത്തിന്റെ ആധാര ശിലയയായ ഈ ഡ്യുവല്‍ ആസ്പ്കറ്റ് അസമ്പ്ഷന്‍ ആവശ്യമില്ലെന്നും പറ്റും വരവും സന്തുലിതമായില്ലെങ്കില്‍ ഒരു പുല്ലുമില്ലെന്നും തെളിയിച്ച് തിരുവനന്തപുരം വലിയ തുറ സ്വദേശി ശ്രീ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ് എന്ന ചെറുപ്പക്കാരന്‍ പ്രതിഭ ആഗോള ശ്രദ്ധ പിടിച്ചു പറ്റി. ഭാരത സര്‍ക്കാരില്‍ നിന്നും FCI, അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും CAMARO എന്നിവ മെഡലുകളോടെ പാസ്സായ ആന്റണി ദുബായില്‍ ജോലി ചെയ്തു വരികയാണ്‌. ഒരു അവധിയില്‍ നാട്ടില്‍ വന്ന ആന്റണി നാട്ടില്‍ വച്ച് ചില പരമ്പരാഗത കണക്കെഴുത്ത് വിദ്യകള്‍ പരിശോധിച്ച ശേഷമാണ്‌ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പാസിയോളി തത്വം തെറ്റെന്ന് തെളിയിച്ചത്.

തന്റെ കണ്ടുപിടിത്തം ആസ്ത്രേലിയയിലെ കാംഗറൂ സര്‍‌വകലാശാലയിലെ പണ്ഡിതര്‍ ശരിവച്ചെന്നും സര്‍ക്കോസി, ഉമ്മന്‍ കോശി, ചന്ദ്രകാന്ത് പണ്ഡിറ്റ്, ജവഗല്‍ ശ്രീനാഥ് തുടങ്ങിപ പ്രശസ്തരെല്ലാം തന്നെ വിളിച്ച് അനുമോദിച്ചെന്നും ആന്റണി ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു.

നാട്ടില്‍ ഒരവധിക്കെത്തിയ ആന്റണി തന്റെ വീട്ടിനടുത്തുള്ള ചായക്കടയില്‍ അള്‍ബൂരിയും കട്ടനും കഴിച്ചുകൊണ്ടിരിക്കെ യാദൃശ്ചികമായി കടക്കാരന്റെ കണക്കുപുസ്തകം പരിശോധിച്ചു. അതിലെ ചില ക്രയവിക്രയങ്ങള്‍ ഇങ്ങനെയായിരുന്നു
------------------------
08 ജൂണ്‍
പരീക്കുന്നില്‍ റഹ്മാന്‍ പറ്റ് 5.50
ഷാപ്പ് ചാണ്ടി പറ്റ് 11.00
ഉച്ചക്കട രായന്‍ പറ്റ് 09.50
-------------------------
ആകെ പറ്റ് ഇരുപത്താറ്, പക്ഷേ തത്തുല്യമായെന്നല്ല അഞ്ചു പൈസ പോലും വരവ് കാണാനുമില്ല! ഞെട്ടിത്തെറിച്ച ആന്റണി അടുത്തുള്ള മുറുക്കാന്‍ കടക്കാരന്റെയും ബേക്കറിക്കാരന്റെയും കണക്കുബുക്കുകള്‍ പരിശോധിച്ച് അവയിലെല്ലാം പറ്റില്ലാത്ത വരവുകളും വരവില്ലാത്ത പറ്റുകളും കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് രാമങ്കരി, ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്ങ് എത്തിക്കല്‍ കമ്മിറ്റി ഇത്തിക്കര, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബാക്കു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് സോളമന്‍ ഐലന്‍ഡ്സ് എന്നിവര്‍ ഉടനടി അനോണി ആന്റണിയെ വിസിറ്റിങ് പ്രൊഫസര്‍ ആയി നിയമിച്ചു.

പറ്റും വരവും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിച്ചതിനെ തുടര്‍ന്ന് പറ്റിന്റെയും വരവിന്റെയും ആവശ്യം തന്നെയില്ല എന്നു തെളിയിക്കാനുള്ള തീവ്ര യത്നത്തിലാണു താനെന്നും ഇതിലേക്കായി അമേരിക്കന്‍ ഫെഡറല്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോയുടെ ക്യൂബെക്കിലുള്ള ക്വീന്‍സ്‌ ക്യാമ്പസിലേക്ക് പോകാനാനുള്ള തയ്യാറെടുപ്പിന്റെ ആദ്യ പടിയായി ഉടുപ്പും പാന്റും തയ്പ്പിക്കാന്‍ തിരുവനന്തപുരത്തെത്തിയ അവസരത്തിലാണ്‌ ഞങ്ങളുടെ പ്രതിനിധിയോ ആന്റണി സംസാരിച്ചത്.

Friday, September 11, 2009

ദ എന്‍ഡവര്‍

ഹിറ്റ് മേക്കര്‍ രാജി വൈകുണ്ഠ് പുതവത്സര സമ്മാനമായി മലയാളം പ്രേക്ഷകര്‍ക്കെത്തിക്കാന്‍ നിര്‍മ്മിക്കുന്ന സിനിമയാണ്‌ "ദ എന്‍ഡവര്‍" . സ്ഥിരം പ്രമേയങ്ങളില്‍ നിന്ന് വത്യസ്ഥമായി എന്തെങ്കിലും കാണുമെന്ന ആശങ്കയേ പ്രേക്ഷകര്‍ക്ക് വേണ്ടെന്ന് സം‌വിധായകനും നിര്‍മ്മാതാവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

നന്മനിറഞ്ഞ ഗുണ്ടയായ തിരണ്ടി രമേശന്‍ (സൂപ്പര്‍ സ്റ്റാര്‍) പതിവുപോലെ രാവിലേ എഴുന്നേറ്റ് വെള്ളമടിച്ചും അലമ്പുണ്ടാക്കിയും പോലീസുകാരെ ചുമ്മാ പിടിച്ചിടിച്ചും രസിക്കുന്ന ജന്മിയാണ്‌. ക്രൂരനും തോട്ടം ഉടമയുമായ നരേന്ദ്രന്‍ മുതലാളി(ജഗന്നാഥ വര്‍മ്മ) യുടെ കാല്‌ തിരണ്ടി രമേശന്‍ തന്റെ ടി ആകൃതിയിലുള്ള കത്തികൊണ്ട് വെട്ടി മാറ്റുന്നത് കണ്ട് മോഹിച്ച് നരേന്ദ്രന്‍ മുതലാളിയുടെ കോടീശ്വരിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ആയ മകള്‍ മേഘന (പുതുമുഖം സരോജിനി വര്‍മ്മ ) രമേശനുമായി പ്രണയത്തിലാകുന്നു.

മദ്യവും പ്രേമവും തലയ്ക്കു പിടിച്ച് ആടിയും പാടിയും വെട്ടിയും കുത്തിയും ആഘോഷിച്ചു നടക്കുമ്പോഴാണ്‌ സുഹൃത്തുക്കള്‍ ഒരു ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്. അബ്‌കാരിയും ഭൂവുടമയും നാട്ടിലെ പ്രമാണിയുമായ സണ്ണി മത്തായി (ദേവന്‍)യെ അധോലോക നായകന്മാരായ സ്വയം‌പ്രഭയും (ഇന്ദ്രജിത്ത്) കിള്ളിപ്പാലം സന്തോഷും (ഷമ്മി തിലകന്‍) ചേര്‍ന്ന് നശിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചായിരുന്നു അത്. പ്രഭയും സന്തോഷും നിഷ്‌കളങ്കനായ സണ്ണിയെ ഒപ്പം കൊണ്ടുനടന്ന് മദ്യം കുടിപ്പിച്ചും മറ്റ് അനാശാസ്യപ്രവര്‍ത്തികള്‍ പരിശീലിപ്പിച്ചും ശാരീരികവും മാനസികവുമായി തകര്‍ത്ത് ആ പ്രമാണിയുടെ ബിസിനസ്സ് സാമ്രാജ്യം നശിപ്പിക്കുക എന്ന കുത്സിത വൃത്തിയാണ്‌ നടപ്പിലാക്കുന്നത്.

എക്സൈസ് മന്ത്രി കൊടിക്കുന്നില്‍ രാമകൃഷ്ണന്റെ മകന്‍ സുനീഷ് ആണ്‌ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്കു പാറശ്ശാല വരെയുള്ള എല്ലാ ക്വട്ടേഷന്‍ വര്‍ക്കിനും പിറകിലെന്ന് അറിയുന്ന തിരണ്ടി രമേശന്‍ സണ്ണിയെ രക്ഷിക്കാന്‍ സഹഗുണ്ടകളും ഒത്ത് പാഞ്ഞെത്തി അദ്ദേഹം സഞ്ചരിച്ചിരുന്ന എന്‍ഡവറിനു കുറുക്കേ ടെമ്പോവനിട്ട് നിറുത്തിച്ചു. വണ്ടിയില്‍ സ്വയം പ്രഭയും കിള്ളിപ്പാലം സന്തോഷും സണ്ണിക്ക് സ്മാളൊഴിച്ചു കൊടുക്കുകയായിരുന്നു. മാത്രമല്ല, സുപ്രസിദ്ധകളായ ഏഴു സിനിമാനടിമാരെയും ഇവര്‍ സണ്ണിയുടെ കാറില്‍ കയറ്റിയിട്ടുണ്ട്. പോരാത്തതിനു നാലു കാര്‍ നിറയേ മദ്യക്കുപ്പികള്‍ പിന്നാലെ കോണ്‍‌വോയ് ആയും വരുന്നു.

ഈ പൈശാചിക പ്രവര്‍ത്തി കണ്ട് കുപിതനായ തിരണ്ടിരമേശന്‍ തന്റെ ടി ആകൃതിയിലുള്ള കത്തികൊണ്ട് പ്രഭയുടെയും സന്തോഷിന്റെയും കാലില്‍ ചെറുതായൊന്നു വരഞ്ഞിട്ട് "അപ്പന്റെ കുറ്റിയിലാണോടാ ആടിനെക്കെട്ടുന്നത്?" എന്ന തന്റെ സ്ഥിരം ഡയലോഗും അടിച്ച് വീട്ടില്‍ പോയിക്കിടന്ന് ഉറങ്ങി.

എന്നാല്‍ അടുത്ത ദിവസം രാവിലേ ടീവി വച്ച രമേശന്‍ ഒരു കാറില്‍ സണ്ണി മത്തായി മരിച്ചു കിടക്കുന്നതും ഇന്‍സെറ്റ് ആയി തന്റെ ഫോട്ടോയും കണ്ട് തരിച്ചു പോയി. സണ്ണിയെ വധിച്ച തിരണ്ടി രമേശന്‍ എന്നായിരുന്നു തന്റെ പാസ്സ്പോര്‍ട്ട് ഫോട്ടോയ്ക് താഴെ സ്ക്രോളിങ്ങ് മാര്‍ക്കീ. തുടര്‍ന്നുള്ള സംഭ്രമജനകമായ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ഗതി തന്നെ മാറ്റുന്നത്.

സൂപ്പര്‍സ്റ്റാറിന്റെ ടെയിലര്‍ ആയിരുന്ന വാസുപിള്ളയാണ്‌ ദ എന്‍ഡവര്‍ നിര്‍മ്മിക്കുന്നത്. മൊത്തം നൂറുകോടി രൂപാ വരുന്ന ഈ ടെന്‍ഷനോവിഷന്‍ ചിത്രത്തിലെ ഗാനങ്ങള്‍ കുഴിവെള രാജുവാണ്‌ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം തടിക്കാട് ഷൈന്‍. സംഗീതം അശോക് ജീവന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാഷണല്‍ ഹൈവേ മൊത്തം നടന്നു വരുന്നു.

Wednesday, September 9, 2009

എസ്സാകാരം പണ്ടഭഞ്ജകം ഗുണ്ടാരശയിതം

ആദ്യം പോലീസ്, പിന്നെ മാധ്യമം, പിന്നെ രാഷ്ട്രീയക്കാര്‌, ഇപ്പ നാട്ടുകാരെല്ലാം പറയുന്നു എസ് ആകൃതിയിലുള്ള കത്തി.

ഇതെന്തരു കത്തി? എസ് ആകൃതിയിലുള്ള സാധനം കൊണ്ട് എങ്ങനെ കുത്തും? ഇവരാരും കുത്തിയിട്ടും കൊണ്ടിട്ടും കണ്ടിട്ടും ഇല്ലേ? എസ് ആകൃതിയുള്ള കത്തി എങ്ങനിരിക്കുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.

അപ്പ ദാ ഇംഗ്ലീഷു പത്രങ്ങളും തൊടങ്ങി- S shaped Knife എന്നു ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കിയിട്ട് ആകെ കിട്ടിയ ഫലങ്ങള്‍ എല്ലാം ഈ പോള്‍ മുത്തൂറ്റ് വധത്തെക്കുറിച്ച് മാത്രം.

ഇനി ആദ്യമായി ഒരു ആയുധം അങ്ങോട്ട് ഉണ്ടാക്കി പ്രയോഗിച്ചതാവുമോ? അത്ര ക്രിയേറ്റീവ് ഗുണ്ടകളോ നമ്മുടെ നാട്ടില്‍?

കളരിപ്പയറ്റുകാര്‍ ഉപയോഗിക്കുന്ന കത്തി എന്ന് ഇന്നലെ ടെല്ലിവിഷക്കാരന്‍. ഓഹോ - കളരിക്കാര്‌ പലതരം കഠാരകള്‍ ഉപയോഗിക്കും- അതിനു കത്തിയെന്നല്ല കഠാര എന്നാണു പേര്‍. ഈ അലകു വളഞ്ഞ ( എസ്സും ഹെയര്‍ പിന്നും ഒന്നും ഇല്ല സൈഡ് വൈന്‍ഡര്‍ കര്‌വ്) കഠാരിക്ക് എന്തരാണു പ്യാരെന്ന് ഏതെങ്കിലും കളരി ആശാന്മാരോട് ചോദിക്കാന്‍ ഒരാള്‍ക്കും തോന്നിയില്ലേ?

കത്തിയായാലും കഠാരിയായാലും ഈ ആയുധത്തിന്റെ അലകു വളവിനു എന്താ പറയുക ശരിക്കും? ആ ഇരുവശത്തോട്ടുള്ള വളവിനു Flame Blade എന്നാണു പറയുക എന്ന് എന്റെ പരിമിതമായ അറിവ്.

അല്ല ഈ വളഞ്ഞ സുനാഫികള്‍ എന്തിനാ കുത്താന്‍ നല്ല മാംസോഡൈനാമിക്ക് ഡിസൈന്‍ അല്ലേ വേണ്ടത്?
പണ്ടൊക്കെ ആളുകള്‍ തുകലിന്റെ പടച്ചട്ട ഇടുമായിരുന്നു. അങ്ങനെ ഉള്ള കവചങ്ങള്‍ ഭേദിക്കാന്‍ ആണ്‌ ഫ്ലെയിം വളവും കുക്രിക്കൂനും ഒക്കെ വച്ച് കഠാരകള്‍ പണിതിരുന്നത്. പഴയ കളരിയഭ്യാസികള്‍ക്കും അത്തരം ആവശ്യങ്ങള്‍ വന്നിരിക്കാം. ഇന്നിപ്പോ എന്തിനാണാവോ. ഇനി നമ്മുടെ ഒക്കെ തൊലിക്ക് കട്ടി കൂടുതല്‍ ഉണ്ടാകുമോ എന്തോ.

തോമസ് ഐസക്ക് സാറിനു പരിഷത്ത് ഓര്‍മ്മയുണ്ടോ?

അഷ്ടമുടിക്കായലില്‍ മീന്‍ കുറഞ്ഞത് നീര്‍ക്കാക്ക തിന്നുന്നതുകൊണ്ടാണെന്നും അതുകൊണ്ട് തലയെണ്ണി അഞ്ചുരൂപാ കൊടുത്ത് നീര്‍ക്കാക്കയെ വെടിവയ്ക്കാന്‍ പട്ടിപിടുത്ത സ്വാഡ് പോലെ നീര്‍ക്കാക്ക സ്കാഡിനെയും വിടാനുള്ള ഐഡി‌ഡി‌പി തീരുമാനം മന്ത്രി ഡോ. തോമസ് ഐസക്ക് റിലീസ് ചെയ്ത രേഖയിലുണ്ടെന്ന് ആളുകള്‍ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍‌വേറ്റര്‍ക്കു നല്‍കിയ പരാതി പത്രത്തില്‍ വന്നപ്പോഴേ അറിഞ്ഞുള്ളു.


കണ്‍‌സര്‍‌വേറ്റര്‍‌ സംഗതി കൈകാര്യം ചെയ്തുകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ അതിശയിപ്പിക്കുന്നത് അതല്ല, നീര്‍ക്കാക്ക മീന്‍‌പിടിക്കുന്നതുകൊണ്ടാണ്‌ ഉള്‍നാടന്‍ മത്സ്യസമ്പത്ത് കുറയുന്നതെന്ന വാദം അംഗീകരിക്കാന്‍ ഡോ. തോമസ് ഐസക്കിനെപ്പോലെ ഒരു വ്യക്തിക്കെങ്ങനെ കഴിഞ്ഞു എന്നതാണ്‌. അഷ്ടമുടിക്കായലിന്റെ ജൈവസന്തുലിതാവസ്ഥയിലെ വ്യതിയാനം, മണ്ണു നികരല്‍, കണ്ടല്‍ നശീകരണം, മാലിന്യവര്‍ദ്ധനവ്, രാസവ്യതിയാനം എന്നിവയൊക്കെ കാര്യമായി പഠിച്ച ലേഖനങ്ങള്‍ പലതവണ പരിഷത്ത് അടക്കം എത്രയോ സംഘടനകളും വ്യക്തികളും എഴുതിപ്രസിദ്ധീകരിച്ചിട്ടും അതിനെ ന്യായമായും അറിയേണ്ട മന്ത്രി എന്തിനു വിചിത്രമായ ഒരു നിലപാടിനെ ശരിവച്ചു?

അഷ്ടമുടിക്കായലിനു ചുറ്റും ഒരുലക്ഷം നീര്‍ക്കാക്കകള്‍ പറന്നു കളിക്കുകയാണത്രേ- അവസാനം നടന്ന കൊറ്റി സെന്‍സസ് പ്രകാരം കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് കോഴിക്കോട് ജില്ലകളിലെ മൊത്തം ‍ നീര്‍ക്കാക്കക്കൂടുകള്‍ മുപ്പത്തഞ്ചു കൊറ്റില്ലങ്ങളിലായി ആയിരത്തി ഒരുന്നൂറോളമേയുള്ളു. (Census of Heronries of North Kerala by C Sasikumar & O. Jayarajan- Table 1 )
നൂറനാട് കൊറ്റില്ലത്തിലേത് അടക്കം ഒരു അഞ്ഞൂറു കൂടും പത്തോ അയ്യായിരമോ പക്ഷികളും- ഇത്രയേ അഷ്ടമുടിക്കായലിലെ നീര്‍ക്കാക്കകള്‍ ഉണ്ടാവൂ.


വെറും കാക്ക പോലും അംഗസം‌ഖ്യയില്‍ ക്ഷയിക്കുകയാണു സാര്‍. കൊറ്റില്ലങ്ങള്‍ ചുരുങ്ങി ചുരുങ്ങി നീര്‍ക്കാക്കകള്‍ ഒരു കൂടു വയ്ക്കാന്‍ മൊബൈല്‍ ടവര്‍ തിരഞ്ഞെടുക്കേണ്ട ഗതികേടിലാണ്‌.


പണ്ട് പണ്ട് ജോസഫ് സ്റ്റാലിന്‍ എന്നൊരു ഭരണാധികാരി റഷ്യന്‍ ക്ഷാമകാലത്ത് ജനങ്ങള്‍ ഭീതികൂടാതെ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ വേണ്ടി കാസ്പിയന്‍ കടുവകള്‍ ധാരാളം വസിക്കുന്ന ഇടങ്ങളില്‍ അവറ്റയെ കൊന്നു കളയാന്‍ പട്ടാളത്തോട് ഉത്തരവിട്ടു.

ഭൂമുഖത്ത് ഇന്ന് കാസ്പിയന്‍ ടൈഗര്‍ ചിത്രങ്ങളില്‍ മാത്രം അവശേഷിക്കുന്നു.

അന്തകന്‍ വെന്താലും....

ഈ ആപ്പീസിന്റെ സര്‍‌വീസുകള്‍ ഉപയോഗിക്കാന്‍ താങ്കള്‍ കാണിച്ച താല്പ്പര്യത്തിനു നന്ദി. സേവനം ലഭ്യമാക്കാന്‍ താഴെപ്പറയുന്ന രേഖകള്‍ ഹാജരാക്കുക

1. പൂരിപ്പിച്ച അപേക്ഷാഫോറം
2. താങ്കളുടെ പാസ്പോര്‍ട്ട് കോപ്പി
3. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ കോപ്പി
4. നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍

പ്രത്യേകം ശ്രദ്ധിക്കുക- ഈ ഓഫീസ് പൂര്‍ണ്ണമായും കടലാസ് രഹിതമാക്കിയിരിക്കുന്നതിനാല്‍ മേല്പ്പറഞ്ഞ രേഖകള്‍ സ്കാന്‍ ചെയ്ത് ---- എന്ന വിലാസത്തിലേക്ക് ഈമെയില്‍ ചെയ്യുകയാണ്‌ വേണ്ടത്.

ശൈലിജ

ആനക്കാര്യം- ആന വലിപ്പമുള്ള കറുത്ത മൃഗമാണ്‌.


ചേനക്കാര്യം- സനാതനമായ പ്രപഞ്ചോര്‍ജ്ജം ഒരു ചെറു നക്ഷത്രം ആണവസം‌യോജനം വഴി തന്റെ ഗ്രഹങ്ങള്‍ക്കുമേല്‍ വികിരണം ചെയ്യുന്നതിനെ ആഗിരണം ചെയ്യാനായി ഹരിതകം പൂശിയ പിയോനീരൂപപത്രികകള്‍- paeoniifolius- ഹിരണ്യഗര്‍ഭയിലേക്ക് പൂഴ്ത്തിയ രൂപരഹിതലിംഗാകാരമാര്‍ന്ന -amorphophallus (രൂപരഹിതമായ ലിംഗാകാരം എന്ന സങ്കല്പ്പം തന്നെ എത്ര ഉദാത്തം!) കിഴങ്ങുകള്‍ക്കു മുകളില്‍ ഉറപ്പിച്ച് നില്‍ക്കുന്ന ഈ സുന്ദരസസ്യത്തെ കാണുന്നവര്‍ ഹര്‍ഷാതരേകത്താല്‍ ഉന്മാദാവസ്ഥ പ്രാപിക്കുമെന്നതിനാലാണ്‌ ഇതിനു ചേന എന്നു പേര്‍ നല്‍കിയിരിക്കുന്നത് (ചേനം എന്ന ആദിദ്രാവിഡപദത്തിനു പ്രാന്ത് എന്നാണര്‍ത്ഥം)

Tuesday, September 8, 2009

ദുബായിലെ തിരുനെല്‍‌വേലി

രാവിലേ ഓഫീസിലോട്ട് പോകുമ്പോഴാണ്‌ മൊബിയല്‍ മണിയടിച്ചത്. വണ്ടിയോടിക്കുമ്പോ ഫോണ്‍ എടുത്താ ഫൈന്‍ കിട്ടുന്നതുകൊണ്ട് ഓഫീസിലെത്തിക്കഴിഞ്ഞ് തിരിച്ചു വിളിക്കാനേ പറ്റിയുള്ളു. നാട്ടിലെ ഒരു മൊബൈല്‍ നമ്പര്‍.

"ഹലോ ആന്റോ, ഓര്‍മ്മയുണ്ടോ ഞാന്‍ ...."
ഓര്‍ക്കണ്ടെ പിന്നെ, അവാര്‍ഡും വീരരാഘവ പട്ടയവും കിട്ടിയ മാധ്യമപ്രവര്ത്തകന്‍ ആണ്‌. ഈ അടുത്ത സമയത്ത് നാട്ടില്‍ പോയപ്പോഴും കണ്ടതാ.

"എന്തര്‌ വിളിച്ചത് സൂങ്ങളൊക്കെ തന്നേ ചെല്ലാ?"
"അതേയതേ. ഞാന്‍ വിളിച്ചത് ഒരു കാര്യം അന്വേഷിക്കാനാ, ബിനീഷ് കോടിയേരി കല്യാണം കഴിഞ്ഞ് ദുബായില്‍ തിരിച്ചെത്തിയോ?"
"അയാള്‍ ദുബായിലുണ്ടായിരുന്നെന്ന് പോലും എനിക്കറില്ല മനുഷ്യാ, ഞാന്‍ ബിനീഷിനെയല്ല, മന്ത്രി കോടിയേരിയെപ്പോലും അറിയില്ല. "
" നിങ്ങള്‍ പേടിക്കേണ്ട, ഇതു റിക്കോര്‍ഡ് ചെയ്യുകയൊന്നുമില്ല ഞാന്‍, ആരുടെയും പേരും പറയില്ല"
"എനിക്കറിയാത്ത കാര്യം പേടിച്ചാലും പറയാന്‍ പറ്റില്ലല്ലോ ?

അങ്ങനെ കുറച്ചു നേരം സംസാരിച്ചു. പുള്ളിക്ക് ഓം പ്രകാശ് ദുബായില്‍ ഉണ്ടെന്ന് ആരോ വിവരം കൊടുത്തിട്ടുണ്ട് പോലും, ഒപ്പം ബിനീഷ് കോടിയേരി വന്നിട്ടുണ്ടോ എന്നാണ്‌ അറിയേണ്ടത്.

ഞാന്‍ ഇവരെ ഒന്നും അറിയണമെന്നില്ല, വല്ല കൂട്ടുകാരോ അപരിചിതരോ അങ്ങനെ പറഞ്ഞാലും ഇനി ഞാന്‍ ഭാവനയില്‍ നിന്ന് പറഞ്ഞാലും "വിശ്വസനീയ കേന്ദ്രങ്ങളില്‍ "നിന്ന് കിട്ടിയ വിവരം ആയി വച്ചു കീറാം.

ഇത്രയേ ഉള്ളു റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത- വിളിച്ചത് തനിനിറം, ക്രൈം തുടങ്ങിയവയൊന്നുമല്ല, എണ്ണം പറഞ്ഞ ഒരു മാദ്ധ്യമ ഭീമന്റെ ആള്‍.

ആ നിലയ്ക്ക്

ഓം പ്രകാശും രാജേഷും ദുബായിലേക്ക് കടന്ന ഫ്ലൈറ്റ് നമ്പറും , ദുബായിലെ ബാറില്‍ ഇരുന്നു മദ്യപിക്കുന്നതു കണ്ട ദൃക്സാക്ഷിയും ഒന്നും എന്നെ അതിശയിപ്പിക്കില്ല.


ഇയാള്‍ കൊല നടന്നതിനു ശേഷം ഒരു വാഗണര്‍ കാറില്‍ തിരുനെല്വേലിക്കു കടന്ന് അവിടെ പലവീടുകളിലായി ഒളിച്ചു താമസിക്കുകയാണെന്നും അയാളെക്കടത്തിയ കാറും ഡ്രൈവറും കാറുടമയും അറസ്റ്റിലായ സ്ഥിതിക്ക് കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നെന്ന പോലീസ് വിശദീകരണത്തെക്കാള്‍ ഇപ്പോഴും ആളുകള്‍ ദുബായിക്കഥയാകും വിശ്വസിക്കുക.

ഈ വാര്‍ത്ത വന്നതിനു ശേഷവും പോലീസിന്റെ തിരുനെല്‍‌വേലി കഥ ശരി വയ്പ്പിക്കാന്‍ ദുബായിലെ ഓം പ്രകാശിനെ തിരുനെല്‍‌വേലിയില്‍ വരുത്തി കീഴടക്കുകയായിരുന്നെന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും.

Wednesday, September 2, 2009

ഓര്‍മ്മയിലെ പൊന്നോണം

ഭീമന്‍ രഘു മുതല്‍ ഉണ്ടപ്പക്രു വരെ നായകന്മാരുടെയും ഷീല മുതല്‍ ഇന്നലെ റിലീസ് ആയി അപ്പത്തന്നെ പെട്ടിയില്‍ തിരിച്ചു കേറിയ പടത്തിലെ പേരോര്‍മ്മയില്ലാത്ത ആ പെമ്പ്രന്നൊരു വരെ നായികമാരുടെയും മുഖ്യമന്ത്രി മുതല്‍ കവലപ്പിരിവുകാരന്‍ വരെ രാഷ്ട്രീയക്കാരുടെയും ഒരുമാതിരി നാലുപേര്‍ക്ക് മുന്നില്‍ നിന്നിട്ടുള്ള സകലരുടെയും ഓര്‍മ്മയിലെ സമൃദ്ധിയും നന്മയും ശാന്തിയും സാഹോദര്യവും മറ്റു സ്ഥിരം ചേരുവകളുമിട്ട ഓര്‍മ്മകള്‍ ടെലിവിഷത്തിലും മാസികയിലും കണ്ട് മത്തുപിടിച്ച് ഇരിക്കുന്ന മലയാളികള്‍ക്ക് എന്റെ വകയും ഇരിക്കട്ട് എടങ്ങഴി ഓണാശംസകള്‍.


ഇപ്പഴക്കെ എന്തര്‌ ഓണം. ഓണം ഓണം എന്നൊക്കെ പറയുന്നത് പണ്ടായിരുന്നു. പണ്ടെന്നു വച്ചാല്‍ എന്റെ ചെറുപ്പകാലത്ത്. മാവേലി ഭരിച്ച കാലവും എന്റെ ചെറുപ്പത്തിലെ കേരളവും തമ്മില്‍ ഒരു ദമ്പിടീടെ വത്യാസം പോലും ഇല്ലായിരുന്നു, മാനുഷര്‍ ഒന്നുപോലെ, കള്ളപ്പറയും സുനാഗ്രഫിയും മറ്റു കള്ളത്തരങ്ങളും ഒന്നും ഇല്ലായിരുന്നു. മനുഷ്യര്‍ പള്ള് വിളിക്കുകയോ കക്കൂസില്‍ പോകുകയോ മറ്റു വൃത്തികെട്ട എന്തെങ്കിലും കാര്യം ചെയ്യുകയോ ഇല്ലാരുന്നു.

അന്ന് പോലീസ് സ്റ്റേഷനില്‍ കയറിയാല്‍ ഇടി എല്ലാവര്‍ക്കും ഉറപ്പായും കിട്ടുമായിരുന്നു. ഇന്നിപ്പോ പോലീസ് എങ്ങാനും ഇടിച്ചാല്‍ അത് വാര്‍ത്തയായി പൊല്ലാപ്പ് ആയി. എനിക്കോര്‍മ്മ വയ്ക്കുമ്പോള്‍ പത്രങ്ങള്‍ക്ക് സെന്‍സറിങ്ങ് സര്‍ക്കാര്‍ വക ഉണ്ടായിരുന്നു. നാവടക്കൂ പണിയെടുക്കൂ എന്ന് ചാട്ടവാറോങ്ങുന്ന ഒരു കൊച്ചമ്മ തലപ്പത്തുണ്ടായിരുന്നു.

പണ്ടൊക്കെ മുളകുപൊടി എന്നു വച്ചാല്‍ പകുതീം റെഡ് ഓക്സൈഡ് ആയിരുന്നു, മൊളോടി വെള്ളത്തില്‍ കലക്കിയാല്‍ കലക്കിയവളുടെ കയ്യില്‍ വേറേ മൈലാഞ്ചി ഇടേണ്ടതില്ലായിരുന്നു. അന്ന് ഒരു കിലോ തേയില വാങ്ങിച്ചാല്‍ അതില്‍ മുക്കാലും അറക്കപ്പൊടീല്‍ ലെഡ് പെയിന്റ് അടിച്ചതായിരുന്നു. നൂറു ഗ്രാം കാപ്പിപ്പൊടി വാങ്ങിയാല്‍ അതില്‍ അണ്ടിത്തൊലി നിറച്ചുമുണ്ടായിരുന്നു. പുഴുക്കലരി പുഴുക്കലരി എന്നൊക്കെ പറഞ്ഞാ അന്നു കിട്ടുന്നതായിരുന്നു. ഇപ്പ സോര്‍ട്ടെക്സ് കീര്‍ടെക്സ് എന്നൊക്കെ പറഞ്ഞു വരുന്ന പുഴുക്കലരിയില്‍ പുഴുവോ കല്ലോ ഇല്ല, വെറും അരി മാത്രം. പായസം ഒണ്ടാക്കാന്‍ ഒരു കുപ്പി പാലു വാങ്ങിച്ചാ അതില്‍ തോട്ടിലെ പായലും മാനത്തുകണ്ണീം വരെ കാണാമായിരുന്നു, ഇപ്പ എല്ലാം മില്‍മേടെ പായ്ക്കറ്റല്ലേ.
റബ്ബറിന്റെ കുരു ആട്ടിയ മണമുള്ള വെളിച്ചെണ്ണയുടെ സുഗന്ധം ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ കുരിളു കോരുന്നു.

ഓണം വന്നാ കൃഷിക്കാരന്‍ വിളവെടുക്കുന്ന കാലമായതുകൊണ്ട് അവനു കിട്ടുന്ന വില ഇടിയുകയും ചന്തയില്‍ കച്ചവടം കൂടുന്നതുകൊണ്ട് അവിടെ തോന്ന്യാസം നടക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴൊക്കെ അങ്ങനാണോ, തറവില, മാവേലി സ്റ്റോറ്, അനീതി സ്റ്റോറ്, ഹരിത അത് ഇത്, പോരാഞ്ഞിട്ട് ഒരു രൂപ എന്തിനെങ്കിലും കൂടിയാല്‍ "ജനജീവിതം ദുസ്സഹമായെന്ന്" നിലവിളിക്കുന്ന പ്രതിപക്ഷം, കഴിഞ്ഞ വര്‍ഷങ്ങളിലെ അങ്ങാടി നിലവാരവുമായി സ്റ്റാറ്റ് ടേബിള്‍ ഇടുന്ന ടെലിവിഷന്‍... അങ്ങനെ പോകുന്നു.

പണ്ട് അടുത്ത വീട്ടിലെ ദരിദ്രരായ‍ കുട്ടികളെയും തമിഴ് നാട്ടില്‍ നിന്ന് വാങ്ങിച്ചോണ്ട് വന്ന് ബ്രോക്കര്‍മാര്‍ വില്‍ക്കുന്ന പാണ്ടിച്ചെറുക്കന്മാരെയും കൊണ്ട് വീട്ടിലെ എല്ലാ ജോലിയും ചെയ്യിക്കാമായിരുന്നു, വല്ലപ്പോഴും കൊറച്ച് പഴങ്കഞ്ഞീം ഇടയ്ക്കിടയ്ക്ക് പഴുപ്പിച്ച ചട്ടുകം കൊണ്ട് അടിയും ധാരാളം മതി. ഇപ്പഴൊക്കെ അങ്ങനെ ആണോ, വീട്ടുജോലിക്ക് ആളെ കിട്ടാനില്ല, ഉണ്ടെങ്കില്‍ തന്നെ അന്യായ ശമ്പളം ചോദിക്കുന്നു.


പണ്ടൊക്കെ ഓണം ആയാലും കൃസ്തുമസ് ആയാലും ബക്രീദ് ആയാലും ഇറങ്ങുന്ന സിനിമയിലെല്ലാം നസീറും ജോസ് പ്രകാശും ജയനും സൂമാരനും സിംഗപൂരില്‍ നിന്ന് കപ്പല്‍ നിറയെ രത്നങ്ങളുമായി വരുന്ന ബിസിനസ്സുകാരനെ പോലീസ് പിടിക്കുന്നതും നെയ്യാര്‍ ഡാമിന്റെ പരിസരത്ത് കോട്ട കെട്ടി കുതിരയുമായി കൊള്ളയടിക്കാന്‍ വരുന്ന ബാലങ്കേ നായരും ആയിരുന്നു. ഇപ്പ സിനിമയ്ക്ക് കഥ വേണം വെറൈറ്റി വേണം എന്നൊക്കെയായി ആളുകള്‍- കാലം പോയ പോക്കേ.

പണ്ടൊക്കെ ഓണത്തിന്റെ നൊസ്റ്റാള്‍ജിയ അടിച്ചു ഞെളിയാന്‍ മാടമ്പികള്‍ക്കും മാഡങ്ങള്‍ക്കും ആകെ ഒരു ആകാശവാണീം പത്രത്തിന്റെ താളുമേ ഉണ്ടായിരുന്നുള്ളു. ഇപ്പ പത്തു പതിനഞ്ചു ചാനലില്‍ ഒരേ സമയം അല്ലേ കസര്‍ത്ത്, ആരും ശ്രദ്ധിക്കാതെയായി ഇതെല്ലാം.

പണ്ട് ഓണാശംസ, ഹാപ്പി ഓണം, എന്നൊക്കെ പറയുന്ന ശീലം ഇല്ലായിരുന്നു. ഇപ്പോഴൊക്കെ അതാണോ, ഓണത്തിനു ആശംസ വേണം, അതിനു സാധാരണ ഫോണ്‍, മൊബിയല്‍ ഫോണ്‍, ഈമെയില്‌ ഓര്‍ക്കുട്ട്, ഫെയിസ് ബുക്ക് ഫോറം കീറം ഒക്കെ തികയാതെ ജനം ബുദ്ധിമുട്ടുകയല്ലേ.

പണ്ടൊക്കെ അഞ്ചെട്ടു കറി കൂട്ടി ഒരു ഊണ്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ഓണത്തിനു മാത്രമേ കഴിക്കാന്‍ നമ്മള്‍ക്കൊക്കെ പാങ്ങുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അതിന്റെ രുചി, രസം ഓര്‍മ്മ ഒക്കെ അങ്ങനെ നില്‍ക്കും. ഇപ്പോ അങ്ങനെ ആന്നോ, എല്ലാദിവസവും കൊറേ ചോറും കറിയും മീനും മുട്ടേം ഒക്കെ വാരിത്തിന്ന് ഒടുക്കം ഓണത്തിനു സദ്യ ഒരുക്കുമ്പോള്‍ ഉത്രാടത്തിനും അതിനു മുന്നോട്ട് ഉള്ള സകലദിവസത്തിലും വച്ച ഊണിനെക്കാളും ഓണസദ്യക്ക് ഇനി എന്തരു പ്രത്യേകത ഉണ്ടാക്കാനാണ് എന്നാലോചിച്ച് മനുഷ്യര്‍ പ്രാന്തു പിടിച്ച് നടക്കുകയാണ്‌.

ഇപ്പഴൊക്കെ എന്തര്‌ ഓണം, ഒക്കെ പോയില്ലേ. എനിവേ, ഇവിടം വരെ വന്നസ്ഥിതിക്ക് ഒരു പാചക കുറിപ്പ് ഇട്ടിട്ടു പോകാം. നമ്മുടെയൊക്കെ കുട്ടിക്കാലം മുതല്‍ ദാ ദിപ്പ വരെ പ്രചാരത്തിലുള്ള ഒരു പാചകവിധി ആണിത്.

കള്ള്:
കള്ളുണ്ടാക്കുന്നതെങ്ങനെ എന്ന് നിസ്സാരമായി പറയാം എങ്കിലും പ്രവൃത്തിയില്‍ ആക്കുമ്പോള്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്. വളരെയേറെ വൈദഗ്ദ്ധ്യം വേണ്ട ഒരു കലയാണ്‌ കള്ളുണ്ടാക്കല്‍.


ഒരു പത്തുലിറ്റര്‍ ബക്കറ്റ് വെള്ളം പൈപ്പില്‍ നിന്നും പിടിക്കുക. എന്നിട്ട് ഒരു ട്യൂബ് സിലോണ്‍ പേസ്റ്റ് അതില്‍ കലക്കുക. സിലോണ്‍ പേസ്റ്റില്ലെങ്കില്‍ ചോക്കുപൊടി, കുമ്മായം എന്നിവ നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഇട്ട് വെള്ളം വെളുപ്പിച്ചാലും മതിയാകും, പക്ഷേ രുചി മാറാന്‍ സാദ്ധ്യതയുണ്ട്.

മൂന്നു ഗ്ലാസ് ഈതൈല്‍ സ്പിരിറ്റ് അതിലൊഴിക്കുക. ഈതൈല്‍ ഇല്ലെങ്കില്‍ ഡീനേച്ചര്‍ ചെയ്ത മീതൈല്‍ സ്പിരിറ്റ് രണ്ട് ഗ്ലാസ് ഒഴിച്ചാലും മതി.

ഒരു സ്പൂണ്‍ ക്ലോറല്‍ ഹൈഡ്രേറ്റ് ബക്കറ്റില്‍ നല്ലതുപോലെ കലക്കി ചേര്‍ക്കുക. ഒരു സ്പൂണ്‍ ഫ്യൂറിഡാനും കലക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതു രണ്ടും അളവില്‍ കൂടുകയോ ശരിക്കു കലങ്ങാതെ ഇരിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ ഫെയിമസ്സാകും എന്നതാണ്‌.

ഒരു കാസ്റ്റ്റോള്‍ പോണി നിറച്ച് പഞ്ചസാര എടുത്ത് ഈ ബക്കറ്റിലിട്ടു കലക്കിയാല്‍ മധുരക്കള്ള് റെഡി. പുളിങ്കള്ള് ആണ്‌ വേണ്ടതെങ്കില്‍ പഞ്ചസാരയ്ക്ക് പുറമേ ഒരു ഗ്ലാസ് വിന്നാഗിരിയും ചേര്‍ക്കുക.

കൂടുതല്‍ ദിവസം കള്ള് കേടുകൂടാതെ ഇരിക്കണമെങ്കില്‍ ഫോര്‍മലിന്‍ കൂടി ചേര്‍ത്താല്‍ മതി.

എല്ലാവരും കള്ള് ഇന്നു തന്നെ ഉണ്ടാക്കി നോക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതടിക്കുന്നവന്റെ ലിവര്‍ ,കൊടല്‍, കീഡ്ണി, വൃഷണം, ആമാശയം, പ്ലീഹ എന്നിവയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയുള്ള പഠനം ഇതുവരെ തീര്‍ന്നിട്ടില്ല, എങ്കിലും എത്രയും വേഗം നിങ്ങളൊക്കെ സ്വര്‍ഗ്ഗരാജ്യം പ്രാപിക്കാന്‍ ഈ കള്ളിനോളം പോന്ന ഒരു മയക്കുമരുന്നും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ലെന്നാണ്‌ കേള്‍ക്കുന്നത്.