അങ്ങനെ പോള്‍ മുത്തൂറ്റ് വധം സി ബി ഐ ഒരു കരയടുപ്പിക്കുകയാണ്. പഴയ വാര്‍ത്തകള്‍ പലതും ഗൂഗിള്‍ തരുന്നെങ്കിലും ലിങ്കില്‍ ഞെക്കി പത്രങ്ങളുടെ സൈറ്റില്‍ പോകുമ്പോള്‍ ഫയല്‍ നോട്ട് ഫൗണ്ട്, പേജ് ക്യനോട്ട് ബീ ഡിസ്പ്ലേയ്ഡ് എന്നൊക്കെ വരുന്നത് യാദൃശ്ചികം തന്നെയാവണം.
എന്‍ പി ആറിന്റെ പോസ്റ്റ് ഇപ്പോഴും സൈറ്റിലുണ്ട്. കാര്‍ ആക്സിഡന്റിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്ന കേരളാ പോലീസിന്റെ നിഗമനത്തെ പുച്ഛിച്ചു തള്ളാന്‍ എന്‍ പി ആറിനു രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല.
വെറുതേ അനുമാനിച്ചതല്ല- ഒരു കുത്തിലെ മുറിവു കണ്ടാല്‍ എസ് ആകൃതിയുള്ള കത്തിയാണെന്ന് മനസ്സിലാക്കാന്‍ കേരളാ പോലീസിനെന്താ മാജിക്ക് അറിയുമോ, പിണറായി വിജയന്‍ പോള്‍ വധക്കേസിനെപ്പറ്റി രണ്ടു പ്രാവശ്യം മാധ്യമങ്ങളോട് സംസാരിച്ചതെന്തുകൊണ്ട്, സാധാരണ എഫ് ഐ ആര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ എഴുതുമ്പോള്‍ ഇത്തവണ ഉന്നതാധികാരികള്‍ വന്നത് യഥാര്‍ത്ഥ കൊലയാളിയെ ഒളിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതുകൊണ്ടല്ലേ എന്നിങ്ങനെ പല വാലിഡ് സംശയങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു- എലിമെന്ററി , കാരിയും കൂരിയുമെല്ലാം പടച്ചുണ്ടാക്കിയ കഥയാണ്.
കേരളാ പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ട് സി ബി ഐ അന്വേഷിക്കാന്‍ അപേക്ഷിക്കാന്‍ മുത്തൂറ്റ് കുടുംബത്തിന് തീര്‍ച്ചയായും അവകാശമുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പക്ഷേ, കേരളാ പോലീസ് അന്വേഷണം വഴിതിരിച്ചു എന്ന രീതിയില്‍ ആയിരുന്നു.
ബിനീഷ് കോടിയേരിയെ അച്ഛന്‍ കുറ്റവിമുക്തനാക്കിയെന്ന് വീക്ഷണം- ഈ കൊലയ്ക്കു പിന്നിലും ബിനീഷ് ആണെന്ന് നമുക്കുറപ്പുള്ളപ്പോള്‍ പിന്നെ ആഭ്യന്തരമന്ത്രിക്ക് തന്റെ മകനെ അങ്ങു തല്ലിക്കൊന്നൂടേ?
എസ് ആകൃതിയിലെ ഹര്‍ജ്ജിയെഴുത്തും ഉണ്ടായിരുന്നു.
നൂറ്റി എഴുപത് തെളിവുകള്‍ ആണ് രാമങ്കരി പോലീസ് കണ്ടെടുത്തത്. ഇതില്‍ ഒരെണ്ണം- എസ് കത്തി കൃത്രിമമാണെന്ന് സി ബി ഐ കണ്ടെത്തി. ആദ്യമായി എവിഡന്‍സ് പ്ലാന്റിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മോശം തോന്നും, പക്ഷേ കോടതിയുമായി (ഏതു രാജ്യത്തെയും) അടുത്തു പരിചയമുള്ളവര്‍ക്ക് മറ്റെല്ലാത്തരത്തിലും കണ്‍വിന്‍സിങ്ങ് ആയ കേസില്‍ ഒരു എവിഡന്‍സ് ഇല്ലാതെ തള്ളിപ്പോയേക്കാം എന്ന അവസ്ഥ വരുമ്പോള്‍ പോലീസ് അത് നിര്‍മ്മിക്കാറുണ്ട് എന്ന് അറിയാന്‍ പറ്റിയേക്കും. അങ്ങനെ അറിവില്ലാത്തവര്‍ ഗൂഗിള്‍ ബുക്സില്‍ പോയി പ്ലാന്റഡ് എവിഡന്‍സ് ഫോറന്‍സിക്ക് എന്നിങ്ങനെ രണ്ടുമൂന്നു പദം ഉപയോഗിച്ചാല്‍ ആവശ്യമുള്ള റിസല്‍റ്റ് കിട്ടും. പുറത്തു പറയാന്‍ കൊള്ളരുതാത്ത സത്യം. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ? ഇല്ല. ഇങ്ങനെ ചെയ്യാറുണ്ടോ, ഉണ്ട്. എന്തു ചെയ്യും? ചെയ്യരുതായിരുന്നു, പകരം ക്ഷമയോടെ അന്വേഷിച്ചാല്‍ സി ബി ഐ കത്തി കിട്ടിയേനേ. ( കൊലയ്ക്കു ശേഷം ഏതെങ്കിലും കിണറ്റിലിട്ട കത്തി കണ്ടെടുക്കാന്‍ ഒന്നുകില്‍ പ്രതിയെ ഇടിക്കുക അല്ലെങ്കില്‍ ജോത്സ്യന്റെ അടുത്തു പോകുക എന്നു രണ്ട് വഴിയേ ഉള്ളെന്ന് ഒരു പോലീസുകാരന്‍. )
അങ്ങനെ സിബി ഐ കുറ്റപത്രം തയ്യാറാകുന്നു, ഒന്നുകില്‍ കണ്ണടയ്ക്കാം, അല്ലെങ്കില്‍ സി ബി ഐയെ പിണറായി സ്വാധീനിച്ചതാണെന്ന് പുതിയ ക്രിമിനല്‍ വാരിയില്‍ എഴുതാം, വേറെന്തു ചെയ്യും.