Sunday, June 29, 2008

സാമൂഹ്യപാഠഭേദം

മതം നേടിയ ജീവന്‍
സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കള്‍ ഹെഡ്മാസ്റ്ററെ വന്ദിച്ചു
"ഗുഡ്മോര്‍ണിങ്ങ്‌ ഫാദര്‍"
"പ്രെയിസ്‌ ദ ലോര്‍ഡ്‌. ഫീസുകളും ബില്‍ഡിങ്ങ്‌ ഫണ്ടിലേക്കുള്ള സംഭാവനയും അടച്ചല്ലോ?"

"അടച്ചു."
"ശരി, മോന്റെ പേരെന്താ? "
"ജീവന്‍"
"ഹിന്ദുവാണല്ലേ? സാരമില്ല, പണം തന്നല്ലോ. ജീവന്‍ നമ്പൂതിരി, ജീവന്‍ മേനോന്‍, ജീവന്‍ നായര്‍ എന്നെന്തെങ്കിലും...?"
" ഹിന്ദുവല്ല സര്‍, സോറി.. ഫാദര്‍"
"ക്രിസ്ത്യാനിയാണോ? എങ്കില്‍ അതു തിരിച്ചറിയുന്ന രീതിയിലുള്ള പേരിട്ടൂടേ ഹേ?"
"ക്രിസ്ത്യാനിയല്ല. എന്റെ പേര്‍ അന്‍വര്‍ റഷീദ്‌..."
"മുസ്ലീമാണെന്ന് ആദ്യമേ പറയാഞ്ഞതെന്തേ? തനിക്കു മകനു ഈ നശിച്ച പേരേ ഇടാന്‍ കിട്ടിയുള്ളോ?"
"ഭാര്യയുടെ പേര്‍ ലക്ഷ്മീദേവി എന്നാണ്‌."

"നിങ്ങള്‍ക്കു വിവരമില്ലേ ഹേ? മതം മാറി കല്യാണം കഴിക്കണമെങ്കില്‍ ആദ്യം ഒരാള്‍ മറ്റേയാളിന്റെ മതത്തിലേക്ക്‌ മാറണമെന്ന് അറിയില്ലേ?"
"അബദ്ധം പറ്റിപ്പോയി."
"സാരമില്ല, രണ്ടാളും ഈ ഞായറാഴ്ച്ച പള്ളിയിലേക്ക്‌ വരൂ, രണ്ടുപേരും കര്‍ത്താവിന്റെ മാര്‍ഗ്ഗം സ്വീകരിച്ച്‌ സ്വര്‍ഗ്ഗരാജ്യത്തിലേക്ക്‌ പോകാനുള്ള വഴി ഞാന്‍..."
"അതൊന്നും വേണ്ട ഫാദര്‍, ഞാന്‍ ഇസ്ലാമായിക്കോളാം" ലക്ഷ്മീദേവി പറഞ്ഞു. "ഒന്നുമില്ലെങ്കിലും ഇക്കാന്റെ നാട്ടിലെങ്കിലും
ഞങ്ങള്‍ക്ക്‌ അടിയും എറിയും കൊള്ളാതെ നടക്കാമല്ലോ."

"ശരി, എങ്കില്‍ അതു കഴിഞ്ഞ്‌ മകനെ ചേര്‍ക്കാം."

രണ്ടാഴ്ച്ച കഴിഞ്ഞ്‌ രക്ഷിതാക്കള്‍ വീണ്ടുമെത്തി.
"എന്താ മകന്റെ പേരിപ്പോള്‍?"
"റഫീക്ക്‌ റഷീദ്‌"
"കൊള്ളാം, നല്ല പേര്‍. ഇരിക്കൂ, കുട്ടിയെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യട്ടെ."

"ശ്രീനാരായണഗുരു ആരായിരുന്നു?"
"ഹിന്ദു." റഫീക്‌ പറഞ്ഞു.
""അബ്രഹാം ലിങ്കണ്‍?"
"ദൈവനിഷേധിയായ പാപി"
"ദൈവത്തെ നിഷേധിച്ചാല്‍ എന്തു സംഭവിക്കും?"
"നരകത്തി പോവ്വും" റഫീക്ക്‌ പറഞ്ഞു.
"ദൈവനിഷേധികളെ കണ്ടാല്‍ നമ്മള്‍ എന്തു ചെയ്യണം?"
"തല്ലിക്കൊല്ലണം ഫാദര്‍."
"അന്യമതസ്ഥരെ കണ്ടാലോ?"
"കഴിയുന്നത്ര വെറുക്കണം. പറ്റുമെങ്കില്‍ അടിക്കണം. ഇല്ലെങ്കില്‍ ദൈവം കോപിക്കും"
"വെരി ഗുഡ്‌. ഇത്ര നല്ലവനായ നിന്നെ എടുക്കാതെയിരിക്കാന്‍ ആര്‍ക്കു കഴിയും?"

ബാല്‍ താക്കറെ:
ബാല്‍ താക്കറേയുടെ പ്രസംഗത്തില്‍ നിന്നൊരു ഭാഗം-
" ഇസ്ലാമിക ഭീകരതയെ ഫലപ്രദമായി ചെറുക്കാന്‍ ഹിന്ദു ഭീകരതയ്ക്കു മാത്രമേ കഴിയൂ. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരേയൊരു മാര്‍ഗ്ഗം ഹിന്ദു ചാവേര്‍ ആക്രമണകാരികള്‍ ഉണ്ടാവുക എന്നതു മാത്രമാണ്‌."

(പോസ്റ്റ്‌ ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക്‌ വേണ്ടി മാത്രം. )

Monday, June 9, 2008

കരിവാരം


















സഹബ്ലോഗര്‍മാര്‍ക്കെതിരേ കേരള്‍സ് ഡോട്ട് കോം നടത്തിയ

പകര്‍പ്പവകാശ ലംഘനത്തിനും ഭീഷണികള്‍ക്കും സ്വകാര്യതാഭഞ്ജനശ്രമത്തിനും
അപമര്യാദയായ കത്തിടപാടുകള്‍ക്കും എതിരേ ഈ ബ്ലോഗ് കരിവാരം ആചരിക്കുകയാണ്‌.

Tuesday, June 3, 2008

മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പം - ഒരു വിമര്‍ശനം

ക്ഷിപ്രമെന്ന ബ്ലോഗ് സൈബര്‍സ്വര്‍ഗ്ഗത്തിലേക്ക് പോയതെങ്ങനെ എന്ന ചര്‍ച്ചയും അടിയും കശപിശയും നടക്കുന്നിടത്ത് കറങ്ങി നോക്കിയപ്പോള്‍ കിട്ടിയ ഒരു പീസ് "അടിസ്ഥാനശിലയായ വര്‍ഗ്ഗം എന്ന കോണ്‍സെപ്റ്റിനെത്തന്നെ ദളിത്‌-അക്കാദമിക്‌ ചിന്തകര്‍മുതല്‍ ഫെമിനിസ്റ്റുകള്‍ വരെയുള്ള വിവിധ മേഖലയിലുള്ളവര്‍ പല സന്ദര്‍ഭങ്ങളില്‍ എതിര്‍ക്കുകയും ഫലപ്രദമായി എതിരിടുകയും പുനര്‍വിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്‌." ചന്ത്രക്കാറന്‍ എഴുതിയത്. വായിച്ചപ്പോള്‍ വര്‍ഗ്ഗം എന്ന സങ്കല്പ്പത്തിനെ ആദ്യമായി വ്യക്തവിമര്‍ശനം നടത്തിയ ലിബറലിസത്തിന്റെ അച്ഛന്‍ ലുട്ട്വിക്ക് വോണ്‍ മീസെസ് വര്‍ഗ്ഗസങ്കല്പ്പത്തെ ഖണ്ഡിച്ചത് എങ്ങനെയെന്ന് എഴുതാന്‍ തോന്നി. (ല്യൂട്ടീക്ക് ഫോണ്‍ ... എന്നുച്ചരിക്കണമെന്ന് പറഞ്ഞ് വരുന്നവരേ, എന്റെ മലയാളി നാക്ക് വഴങ്ങുന്നില്ല, ക്ഷമി)


മീസെസ് മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പത്തെ ഇങ്ങനെയാണ്‌ കാണുന്നത്: ( അദ്ദേഹത്തിന്റെ " തീയറി ആന്‍ഡ് ഹിസ്റ്ററി" എന്ന പുസ്തകത്തിലെ "ഡയാലെറ്റിക്കല്‍ മെറ്റീരിയലിസം" എന്ന അദ്ധ്യായം)

ചരിത്രത്തിനെക്കുറിച്ചുള്ള ഏതു തത്വശാസ്ത്രവും ഏതു ചാലകശക്തി മനുഷ്യന്റെ ഭാവി എന്തിലേക്കു തിരിക്കുന്നു എന്നതിനെ വിവരിച്ചേ മതിയാകൂ. മാര്‍ക്സിയന്‍ വര്‍ഗ്ഗസങ്കല്പ്പം അത്തരത്തില്‍ ഒരുത്തരം നല്‍കാനാണ്‌ ശ്രമിക്കുന്നത്.

ഈ ശക്തിയെ വ്യക്തിതലത്തില്‍ നിന്നടര്‍ത്തി വര്‍ഗ്ഗവിവേചനത്തില്‍ കാണാനാണ്‌ മാര്‍ക്സ് ശ്രമിച്ചത് എന്നതാണ്‌ അതിന്റെ ദൗര്‍ബല്യം. വര്‍ഗ്ഗം പൊതുവില്‍ വ്യക്തിതലത്തിലെ താല്പ്പര്യങ്ങള്‍ക്കുപരി വര്‍ഗ്ഗതല താല്പ്പര്യത്തിനു വേണ്ടി വര്‍ത്തിക്കുമെന്നും അധ:കൃതവര്‍ഗ്ഗത്തില്‍ വ്യക്തിതാല്പ്പര്യം പ്രസ്ഥാനത്തിനുപരി കാണുന്ന സ്വാര്‍ത്ഥമോഹികളെ ഉത്ബോധിപ്പിച്ച് പൊതു താല്പ്പര്യത്തിലേക്ക് നയിക്കാമെന്നും മാര്‍ക്സ് നിരീക്ഷിക്കുന്നു.

വര്‍ഗ്ഗസങ്കല്പ്പം ജാതി സങ്കല്പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നെന്ന രീതിയിലാണ്‌ മാര്‍ക്സ് ഇക്കാര്യം കണ്ടത്. ഒരു ജാതിയില്‍ ജനിക്കുന്നവന്‍ എത്ര ശ്രമിച്ചാലും ജാതി മാറുന്നില്ല. അടിമവര്‍ഗ്ഗത്തില്‍ പെട്ടവര്‍ എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അടിമത്തം തകര്‍ക്കാന്‍ ഒരുമിക്കാനും മരിക്കാനും തയ്യാറാകും. എന്നാല്‍ കൃത്യമായി നിയമത്തിനു മുന്നില്‍ തുല്യാവകാശമുള്ള ഒരു രാഷ്ട്രത്തില്‍ വര്‍ഗ്ഗവിഭജനം താത്വികമായി സാദ്ധ്യമാണെങ്കിലും പ്രാവര്‍ത്തികമായി അതിര്‍‌വരമ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും നിര്‍ണ്ണയിക്കാനാവാത്ത ഏറെക്കുറേ സന്തുലിതാവകാശങ്ങളും അസന്തുലിതധനവുമുള്ള ജനതയായിത്തീരും.

ധനമുള്ളവന്‍, ഇല്ലാത്തവന്‍ എന്നത് ജാതിവ്യവസ്ഥപോലെ എന്നെന്നേക്കും ഒരവസ്ഥയിലേക്ക് ഒരുത്തനെ തള്ളുന്ന സം‌വിധാനമല്ല, ഇന്ന് മാളികമുകളേറിയവന്‍ നാളെ ദരിദ്രസംഘത്തിലെ അംഗമായേക്കാം, എന്നല് ഏതച്ഛനും അമ്മയ്ക്കും ജനിച്ചു എന്നത് ഒരുത്തന്റെ ജാതി നിര്‍ണ്ണയിക്കുന്നു, അവന്റെ പരമ്പരയുടേതും.

കൃത്യമായി വര്‍ത്തിക്കുന്ന ലിബറല്‍ സംവിധാനത്തില്‍ എല്ലാവരും തുല്യരും അടയ്ക്കുന്ന നികുതിയോ മതസ്ഥാപനത്തിനോ ഗുണ്ടാവര്‍ഗ്ഗത്തിനോ കൊടുക്കുന്ന ദാനങ്ങളോ ആര്‍ക്കും കൂടുതല്‍ അവകാശം നല്‍കാത്തതോ ആയിരിക്കും. പൊതു താല്പ്പര്യത്തിനു വേണ്ടി ആര്‍ക്കും സംഘടിക്കുകയോ സമരം ചെയ്യുകയോ ആകാം, എന്നാല്‍ വര്‍ഗ്ഗം ഒരു പൊതുതാല്പ്പര്യമാകുന്നില്ല, സ്വയം നിര്‍ണ്ണയിക്കുന്ന ഭാവി മാത്രമാകുന്നു.

ഇത്തരം ഒരു സം‌വിധാനം സാദ്ധ്യമാണെന്ന് മാര്‍ക്സിയന്മാര്‍ വിശ്വസിക്കുന്നില്ല, ബൂര്‍ഷ്വാവിപ്ലവം ആയി കാണുന്ന ഇതില്‍ മാടമ്പിമാരില്‍ നിന്നും ആധുനിക യജമാനന്മാരിലേക്കുള്ള അധികാരക്കൈമാറ്റം മാത്രമാണിതെന്ന് അവര്‍ കരുതുന്നു.

മാടമ്പിത്ത സ്വത്തുധനം ഒന്നുകില്‍ ആയുധശക്തിയുപയോഗിച്ച് തട്ടിയെടുത്തതോ അല്ലെങ്കില്‍ അങ്ങനെ തട്ടിയെടുത്തവനു കീഴ്വേല ചെയ്യുന്നതിനു ദാനം കിട്ടിയതോ ആയ ഒന്ന് തന്നെ. "ദൈവം തന്ന അവകാശം" എന്നോ മറ്റോ ഈ തട്ടിയെടുക്കപ്പെട്ടവനു പട്ടം കിട്ടാന്‍ ഒരു കഥയുമുണ്ടാകും. സര്വ്വാധികാരികളായ ഇവര്‍ക്കു മുന്നില്‍ ഉപഭോക്താവ് അവകാശങ്ങളില്ലാത്ത തെണ്ടിയായിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് ഇക്കോണമി നിലവില്‍ വരുന്നതോടെ ഉപഭോക്താവ് രാജാവാകുന്നു, മുതലാളിത്തം അവന്റെ സേവകനും.

ഇത് അതിന്റെ സ്വതസ്വഭാവം കൊണ്ട് തന്നെ തൊഴിലാളിക്ക് ഗുണകരമാകും എന്ന് വിവക്ഷിച്ചിട്ടില്ല ഞാന്‍. എന്നാല്‍ അത് പരിപൂര്‍ണ്ണമായും സാദ്ധ്യമാകും താനും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്ന രീതി- മുതലാളിത്തവ്യവസ്ഥിതി തൊഴിലാളിയെ അരിഷ്ടിച്ച് കുടുംബം നിലനിര്‍ത്താനുള്ള കൂലി മാത്രം കൊടുക്കുകയേയുള്ളു എന്ന വീക്ഷണം ലിബറല്‍ ഇക്കോണമിയില്‍ നില നില്‍ക്കില്ല എന്നു മാത്രമാണ്‌.

മാര്‍ക്സ് വിഭാവനം ചെയ്തത് മൂലധനം വന്‍‌കിട സംരഭങ്ങള്‍ കയ്യടക്കുന്ന അവസ്ഥ സം‌ജാതമാകുന്നതോടെ അത് കയ്യാളുന്ന വ്യക്തികളും എണ്ണത്തില്‍ കുറയുമെന്നാണ്‌. മറിച്ചാണ്‌ സംഭാവ്യം. വ്യവസായങ്ങള്‍ വളരുന്നതോടെ അത് ഒരു വ്യക്തിയുടെ കൈപ്പിടിയില്‍ ഒതുങ്ങാത്തത്ര വളര്‍ന്ന് പൊതുജനത്തിന്റെ കയ്യില്‍ വരും. തെറ്റിദ്ധരിക്കരുത്, ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും കൈവിട്ട് പോകുമെന്നല്ല ഉദ്ദേശിച്ചത്. അത് ഷെയറുകളും കടപ്പത്രങ്ങളും ബാങ്ക് ലോണുകളും മറ്റു സം‌വിധാനങ്ങളും ഉപയോഗിക്കുന്നതോടെ പൊതുജനത്തിന്റെ മുന്നില്‍ പണം ചോദിക്കുന്ന, അവരോട് സമാധാനം ബോധിപ്പിക്കേണ്ട ക്ലാസ്സിക്കല്‍ ക്യാപിറ്റലിസത്തിലെ മാടമ്പിയുടെ നേരേ എതിര്‍ സ്വഭാവക്കാരനായിത്തീരുന്നു എന്നാണ്‌.

മാസ്സ് പ്രൊഡക്ഷന്‍ ഫോര്‍ മാസ്സസ് എന്നതാണ്‌ ലിബറലിസത്തിന്റെ മൂലാധാരം. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ പ്രൊഡക്ഷന്‍ എന്നാല്‍ നിര്‍ദ്ധനരായ ഭൂരിപക്ഷം ചൂഷകന്യൂനപക്ഷത്തിനു വേണ്ടി നടത്തുന്ന വൃത്തിയാണ്‌. ഉപഭോക്താക്കളിലെ ഭൂരിപക്ഷവും ഈ തൊഴിലാളികള്‍ തന്നെയെന്നത് മാര്‍ക്സ് വിട്ടുപോയി. പ്രൊഡക്ഷന്‍ ചാനലിന്റെ തുടക്കത്തിലെ തൊഴിലാളി തന്നെ ഒടുക്കത്തില്‍ ഉപഭോക്താവുമായി നില്‍ക്കുന്നു. തുടക്കത്തിലവനു കിട്ടുന്ന കൂലി തന്നെ ഒടുക്കത്തില്‍ വിലയായി അവനു തിരിച്ചു നല്‍കാനുള്ള പണമായി കയ്യില്‍ വേണം എന്ന തിരിച്ചറിവ് ലിബറലിസത്തില്‍ കഴിയുന്നതില്‍ കുറച്ച് വേതനം എന്ന ക്ലാസ്സിക്കല്‍ കൂലിസങ്കല്പ്പത്തില്‍ നിന്നും മുതലാളിയെ മാറ്റേണ്ടതുണ്ട്. എല്ലാ മഹാവ്യവസായ സം‌രംഭസാദ്ധ്യതയും ഉപഭോക്താവ് സാധാരണക്കാരനാകുന്ന മേഘലയിലേ വരൂ. ധനികര്‍ മാത്രമുപയോഗിക്കുന്ന വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ആരും തന്നെ സാധാരണക്കാരനുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വന്‍‌സമ്രംഭങ്ങളെ കടത്തിവെട്ടുന്നതുപോലെ വളരാന്‍ പോകുന്നില്ല ഇവിടെ.

ഹെഗളിയന്‍ ഓപ്റ്റിമിസത്തില്‍ മതിമറന്ന മാര്‍ക്സ് സോഷ്യലിസത്തിന്റെ സാദ്ധ്യതകള്‍ മാത്രം കാണുകയും അതു മാത്രം പോം‌വഴിയാണെന്ന് വിശ്വസിക്കുകയും, അതിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഭൂരിപക്ഷത്തിന്റെ സ്വപ്നത്തിലേക്ക് മാത്രം ലോകഗതി നീങ്ങുമെന്ന് കരുതിയ മാര്‍ക്സ് പോലും അവരിലൊരുത്തനായിരുന്നില്ല, ബൂര്‍ഷ്വയുടെ മകനും ജിംനേഷ്യത്തില്‍ പഠിച്ചവനും പ്രഭുകുമാരിയുടെ ഭര്‍ത്താവുമായ മാര്‍ക്സിനു ഭൂരിപക്ഷം കാണാത്ത ഒരു പുതിയ ഗതി ലോകത്തിനു സ്വപ്നം കാണാന്‍ കഴിഞ്ഞതുപോലെ ന്യൂനപക്ഷവും ഒറ്റപ്പെട്ടതുമായ മറ്റേനകം തത്വചിന്തകര്‍ക്കും പണ്ഡിതര്‍ക്കും ഇതരവഴികള്‍ വിഭവനം ചെയ്യാന്‍ കഴിയില്ല? താത്വികശാക്തീകരണം തൊഴിലാളിയെ ഉത്ബോധിതനാക്കും എന്ന് മാര്‍ക്സ് ഇതിന്റെ ഉത്തരം കണ്ടു.

മാര്‍ക്സ് കണ്ട മുതലാളിത്തം ആദം സ്മിത്തും റൈക്കാര്‍ഡൊയും വിഭാവനം ചെയ്തതായിരുന്നു. അവയ്ക്കെതിരേ ആഞ്ഞടിച്ച മാര്‍ക്സിനു അവര്‍ക്കു ശേഷമുള്ളവര്‍ പോലും ആഭാസസാമ്പത്തികശാസ്ത്രജ്ഞരായിരുന്നു. പ്രത്യയശാസ്ത്രം ഇതിനു ബദലായി. സകലതിലും പ്രത്യയശാസ്ത്രം കൈകടത്തുകയായി. സാഹിത്യം, സംഗീതം, കല എന്നു വേണ്ട സകലതും പ്രത്യയശാസ്ത്രത്തിന്റെ അളവുകോലില്‍ നിര്‍ണ്ണയിക്കപ്പെട്ടു. മെന്‍ഡല്‍ ഹേര്‍ട്ട്സ് ഐന്‍സ്റ്റീന്‍ എന്നൊക്കെ കേട്ടാലും ബൂര്‍ഷ്വ എന്നു മാത്രം ആളുകള്‍ മനസ്സിലാക്കുന്ന അവസ്ഥയായി.

മാര്ക്സിയന്‍ തത്വശാസ്ത്രമനുസരിച്ച് ഒരു തത്വം ശരിയാണെന്നതിന്റെ പരിപൂര്‍ണ്ണ തെളിവ് അത് പ്രാവര്‍ത്തികതലത്തില്‍ സ്വയം തെളിയിക്കുന്നു എന്നതാണല്ലോ. അതേ പരിശോധനയാല്‍ വര്‍ഗ്ഗബോധമെന്ന തത്വം തെറ്റാണെന്ന് കാണാം. ഭൂരിപക്ഷ തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പ്പര്യസം‌രക്ഷണം ഉദ്ദേശിച്ച് നടന്ന ഫ്രഞ്ച് വിപ്ലവത്തില്‍ എന്താണു സം‌ഭവിച്ചത്? ഒരു പാര്‍ലിമെന്റ് പിന്‍‌താങ്ങുന്ന ഭരണകൂടത്തെ താഴെ വലിച്ചിട്ട വിപ്ലവകാരികള്‍ ന്യൂനപക്ഷമായിരുന്നു. സോവിയറ്റ് യൂണിയനില്‍ ലെനിന്‍ ജനങ്ങളുടെ വോട്ട് തേടിയപ്പോള്‍ ഇരുപത്തഞ്ചു ശതമാനം പേരേ പിന്‍‌തുണച്ചുള്ളു, അദ്ദേഹം അതോടെ കമ്യൂണിസത്തിനു സ്വേച്ഛാധികാരം കൊടുത്ത് പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ നിര്‍ബന്ധിതനായിപ്പോയി. വര്‍ഗ്ഗബോധം എന്ന സങ്കല്പ്പം അവിടെ പ്രാവര്‍ത്തികതലത്തില്‍ പരാജയപ്പെടുന്നത് കാണാം, കാരണം ഭൂരിപക്ഷത്തിന്റെ നേട്ടമുദ്ദേശിച്ചു നടന്ന വിപ്ലവത്തിനു ഭൂരിപക്ഷ പിന്‍‌തുണ ലഭിക്കാതിരുന്നതു തന്നെ.


പിന്‍ കുറിപ്പ്:
മീസസിന്റെ വാദം എടുത്തെഴുതുകമാത്രമഅണ്‌ ഞാന്‍ ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായങ്ങളൊന്നും തന്നെ ഇല്ല. പുസ്തകം നോക്കി എഴുതിയതല്ലാത്തതുകൊണ്ട് ആശയം മാത്രമാണ്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്, വരികളല്ല.

മീസസിന്റെ സങ്കല്പ്പത്തില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല, ശരിതെറ്റുകളേയുള്ളു. ഇടതും വലതുമായോ അല്ലാതെയോ ഇതിനെ വിശകലനം ചെയ്യുന്നവര്‍ക്കെല്ലാം സ്വാഗതം. മീസസ് ജൂതവംശജനാണ്‌, കമ്യൂണിസ്റ്റുകാരെ തല്ലിയോടിക്കണം, നിനക്കു വേറേ പണിയില്ലേടേ തുടങ്ങിയ കമന്റുകള്‍ സ്വാഗതം ചെയ്യുന്നില്ലെന്നല്ല, പ്രതികരണം പ്രതീക്ഷിക്കരുതെന്ന് മാത്രം.

Monday, June 2, 2008

കേരളത്തിലെ ബലാത്സംഗക്കുറ്റങ്ങളെക്കുറിച്ച്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒട്ടുമിക്ക പഠനങ്ങളും അവശ്യം വായിച്ചിരിക്കേണ്ടവയാണെങ്കിലും പലതും മിസ്സ് ആയി പോകാറുണ്ട്. അത്തരത്തില്‍ ഞാന്‍ കാണാതപോയ ഒന്നായിരുന്നു ഉഷാ വെങ്കിടകൃഷ്ണനും സുനില്‍ ജോര്‍ജ്ജ് കുര്യനും ചേര്‍ന്നെഴുതിയ കേരളത്തിലെ ബലാത്സംഗ ഇരകളെപ്പറ്റിയുള്ള പ്രബന്ധം. കേരളത്തിലെ ബലാത്സംഗക്കുറ്റകൃത്യങ്ങളെക്കുറിച്ച് ഇതുവരെ ഗവേഷണമൊന്നും നടന്നിട്ടില്ലാ എന്ന തിരിച്ചറിവാണ്‌ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഗവേഷകര്‍ ആമുഖത്തില്‍ പറയുന്നു. ദീര്‍ഘമായ ഈ പ്രബന്ധത്തെക്കുറിച്ച് വിശകലനം നടത്താനല്ല ഈ പോസ്റ്റ്, അതില്‍ പൊതുജനം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുടെ പട്ടിക നിരത്തി പല തെറ്റിദ്ധാരണകളും മാറ്റാനുള്ള ഒരു ശ്രമം മാത്രമാണ്‌.

1.നല്ലൊരു ശതമാനം ആളുകളും അടക്കമൊതുക്കമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയില്ലെന്നും ഇര പൂര്‍ണ്ണമായും വിസമ്മതിച്ചാല്‍ കുറ്റകൃത്യം നടക്കില്ലെന്നും കരുതുന്നു. അസംബന്ധമാണ്‌ ഇത്

2.കോടതിയും ന്യായസം‌വിധാനവും ബലാത്സംഗത്തിനിരയായവരെ അവഹേളിക്കുമെന്നും നമ്മുടെ നിയമസം‌വിധാനത്തിലെ പഴുതുകളും വിദഗ്ദ്ധരായ വക്കീലന്മാരുമൊക്കെ ചേര്‍ന്ന് പ്രതിയെ രക്ഷിക്കുമെന്നും പൊതുധാരണയുണ്ട്. ആശാവഹമായ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്നത് മറ്റു കുറ്റകൃത്യങ്ങളെ അപേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വളരെയധിമാണെന്നാണ്‌.

3.ഇരകളായവരില്‍ നടത്തിയ സര്വ്വേയില്‍ ഏതാണ്ട് മുഴുവന്‍ സ്ത്രീകളും എല്ലാക്കാലത്തും പോലീസിന്റെ സമീപനം വളരെ അനുഭാവപൂര്വ്വവും കൃത്യനിഷ്ഠയോടും കാര്യങ്ങള്‍ ചെയ്തു തീര്‍ത്തെന്ന് വെളിപ്പെടുത്തി. പൊതുജനധാരണ മറിച്ചാണെന്നത് കുറ്റം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാനുള്ള സാദ്ധ്യത വളരെയേറെ കൂട്ടി കുറ്റവാളികളെ സഹായിക്കുന്നു

4.ബലാത്സംഗക്കുറ്റത്തില്‍ ദൃക്സാക്ഷികള്‍ ഉണ്ടാവാറില്ല. വാദിയുടെ മൊഴി, വാദിയുടെ ബന്ധുക്കളുടെ മൊഴി, വൈദ്യപരിശോധനാറിപ്പോര്‍ട്ട് എന്നിവ നിര്‍ണ്ണായക പങ്ക് വഹിക്കും. കുറ്റം നടന്നാല്‍ എത്രയും വേഗം പോലീസിലറിച്ചാല്‍ വൈദ്യപരിശോധന കൃത്യമായ തെളിവുകള്‍ നല്‍കും. കാലവിളംബം പ്രതിക്ക് സഹായകരമാവും.

5.ബലാത്സംഗത്തിനിരയായ സ്ത്രീ നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്നില്ല. മാതാപിതാക്കളോ ബന്ധുക്കളോ മനുഷ്യാവകാശപ്രവര്‍ത്തകരോ എത്തി പരാതി നല്‍കിയാല്‍ പോലീസ് വീട്ടിലെത്തി എഫ് ഐ ആര്‍ എഴുതിയെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വേണ്ട സം‌വിധാനങ്ങള്‍ ചെയ്യുകയും ചെയ്യും

6.ബലാത്സംഗത്തില്‍ മഹാഭൂരിഭാഗവും ഇരയായ സ്ത്രീയുടെ വീട്ടില്‍ വച്ചാണ്‌ നടക്കുന്നത്. അയല്‍ക്കാര്‍, പരിചയക്കാര്‍ എന്നിവര്‍ കുറ്റവാളികളിലെ സിംഹഭാഗം കയ്യടക്കുന്നു. ഒട്ടുമിക്കപ്പോഴും ആയുധം ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയോ പതിയിരുന്ന് ആക്രമിക്കുകയോ അല്ല ചെയ്യപ്പെട്ടത്. പൊതുധാരണ ഒറ്റപ്പെട്ട സ്ഥലത്ത് കത്തിയുമായി പതുങ്ങിയിരുന്ന് ചാടിവീഴുന്നയാള്‍ ആയിരിക്കും അക്രമി എന്ന അബദ്ധമായിരുന്നു.


7.ഏതു നിലയില്‍ ജീവിക്കുന്ന സ്ത്രീകളും ഇരകളായേക്കാമെങ്കിലും കേരളത്തില്‍ താഴ്ന്ന വരുമാനമുള്ളവരും പത്തിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ള അവിവാഹിതരായ പെണ്‍കുട്ടികളുമാണ്‌ കൂടുതല്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് എന്ന് കാണുന്നു


8.സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ നടത്തുന്ന ലൈംഗികവേഴ്ചയാണ്‌ ബലാത്സംഗം. സമ്മതം എന്നതില്‍ താഴെപ്പറയുന്ന തരം സമ്മതങ്ങള്‍ പെടുന്നില്ല (ഇവയില്‍ നിയമരക്ഷപ്രകാരം സ്ത്രീ വിസമ്മതിച്ചതായി കണക്കു കൂട്ടും)

കുറ്റകൃത്യം നടന്നതിനു ശേഷം വാങ്ങിയ സമ്മതം (റാറ്റിഫിക്കേന്)

തെറ്റിദ്ധരിപ്പിച്ചോ (പൂജ, വിവാഹവാഗ്ദാനം..) ഭീഷണിപ്പെടുത്തിയോ ഉള്ള സമ്മതം

സ്ഥിരബുദ്ധിയില്ലാത്തതോ (മനോരോഗം) അബോധാവസ്ഥയിലോ (മദ്യപിച്ചോ മയക്കുമരുന്നു കഴിച്ചോ) നല്‍കുന്ന സമ്മതം

പതിനാറുവയസ്സില്‍ താഴെയുള്ള കുട്ടിയുടെ സമ്മതം.

മൗനം സമ്മതമല്ല.


9. വയലന്റ് റേപ്പിലും ശിശു- ബാലികാപീഡനത്തിലും പോലീസ് പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ മറ്റു കേസുകളില്‍ കേസ് ബില്‍ഡ് ചെയ്തശേഷമാണ്‌ അറസ്റ്റ് നടക്കാറ്‌.

10. പോലീസ് സാധാരണയായി ഇരയുടെ കഴിഞ്ഞകാല വൃത്തികള്‍, കുടുംബത്തിന്റെ അവസ്ഥ എന്നിവ അന്വേഷിക്കും. ഇതിന്‌ ഇര അനാശ്യാസ്യവൃത്തികള്‍ ചെയ്തതാണെങ്കിലോ കുടുംബത്തില്‍ അത്തരം ആള്‍ക്കാരുണ്ടെങ്കിലോ പ്രതിയെ വെറുതേ വിടും എന്ന അര്‍ത്ഥം കാണരുത്. പ്രതി സാധാരണ ഗതിയില്‍ കള്ളക്കേസാണെന്നും പണത്തിനു വേണ്ടി കുടുക്കിയതാണെന്നും വാദിക്കാറുണ്ട്, അത്തരം വാദങ്ങള്‍ നിലനില്‍ക്കാതിരിക്കാനാണ്‌ ഈ അന്വേഷണം.

11. പലകേസുകളും ബന്ധുക്കള്‍ക്ക് സെറ്റില്‍മെന്റിനു പണം നല്‍കി പ്രതി രക്ഷപ്പെടാറുണ്ട് .

12. പ്രതി സ്ത്രീ ആണെങ്കിലോ പതിനാറുവയസ്സില്‍ താഴെയുള്ള ബാലന്‍ ആണെങ്കിലോ ബലാത്സംഗം എന്ന് കണക്കാക്കില്ല. അത്തരം കുറ്റങ്ങള്‍ "അസ്വാഭാവിക കുറ്റകൃത്യം" എന്നാണ്‌ നിയമത്തിനു മുന്നില്‍ പരിഗണനയ്ക്ക് പോകാറ്‌.

13.ബലാത്സംഗവും സ്ത്രീയുടെ സൗന്ദര്യവും വസ്ത്രധാരണവുമായി ബന്ധമൊന്നുമില്ല. കുഞ്ഞുങ്ങളും വികലാംഗരും മനോരോഗിണികളും യാചകികളുമൊക്കെ ഇരകളാകാറുണ്ട്.

14. "സ്ത്രീപീഡനം" എന്ന പേരില്‍ പല സംഘടനകളും കൊടുക്കുന്ന ഒട്ടുമിക്ക കേസുകളും ബലാത്സംഗങ്ങളല്ല എന്നും ഇവ സത്യത്തിലുള്ള കേസുകളെ സമൂഹം അവഹേളിച്ച് കാണാന്‍ കാരണമാവുന്നെന്നും അഭിഭാഷകരും നിയമവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.

15. കോടതി നടപടികള്‍ സമയതാമസം എടുക്കുന്നവയും പലപ്പോഴും മാനസികമായി തളര്‍ത്തിക്കളയുന്നവയുമാണ്‌. എന്നാല്‍ അന്ത്യത്തില്‍ ഭൂരിഭാഗം പ്രതികളും കീഴ്ക്കോടതിയിലും അപ്പീലുകളിലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും

Sunday, June 1, 2008

ദുബായിലെ ജോലിയും ജീവിതവും

അഞ്ചല്‍ക്കാരന്റെ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന പോസ്റ്റ് വായിച്ചു. ആളുകള്‍ മുന്‍‌പിന്‍ ആലോചിക്കാതെ ഓരോ കാര്യങ്ങള്‍ ചെയ്ത് ഒടുവില്‍ ഗതികേടില്‍ ചെന്നു ചാടുന്നത് വേണ്ടത്ര കണക്കുകള്‍ പരിശോധിക്കാത്തതുകാരണമാണ്‌.
(അക്കരെ ഇക്കരെ തെക്കേക്കരെ എന്നൊക്കെ ടെലിവിഷന്‍ പരിപാടികള്‍ നടത്തി ദുബായ് ജീവിതം എന്നാല്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സ്വര്‍ഗ്ഗമാണെന്ന് നാട്ടില്‍ ഇരിക്കുന്ന സ്ത്രീകളെ തോന്നിപ്പിച്ച് ഉണ്ടാക്കുന്ന പ്രശ്നവും, അമ്മായിയമ്മ മരുമകള്‍ പോരുകാരണം ഇവിടേയ്ക്ക് തിരിക്കുന്ന ഭാര്യമാരും മറ്റും വേറേയും)

ഒരു ഭാര്യയും ഭര്‍ത്താവും എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന കുട്ടിയും ഉള്ള കുടുംബത്തിന്റെ പ്രതിമാസ ചിലവുകള്‍ ദുബായില്‍ ഏകദേശം ഇത്രയുമാണ്‌ ( കണക്ക് യൂഏഈ ദിര്‍ഹത്തില്‍)

വാടക - ഒരു ബെഡ് റൂം ഫ്ലാറ്റ്- 5000
കറണ്ട്, വെള്ളം (സീസണ്‍ ഈക്വലൈസ്ഡ്)-300
പലവ്യഞ്ജനം (ഏറ്റവും കുറഞ്ഞ സാധനങ്ങള്‍)- 1000
ഫോണ്‍ ( ഐ എസ് ഡി) -200
പെട്രോള്‍ (ടാക്സി ഉപയോഗിച്ചാല്‍ ഇതിലും വളരെ കൂടും)-200
പാര്‍ക്കിങ്ങ്/ ടോള്‍ (ടാക്സി ആണെങ്കില്‍ വേണ്ട) -50
സ്കൂള്‍ ഫീസ്( ട്യൂഷന്‍, സ്പോര്‍ട്ട്സ്, പാട്ട്, കൂത്ത് ഇല്ലാതെ) 1000
ആകെത്തുക = 7750

പ്രതിമാസം മൊത്തം അവശ്യ ചിലവ് മാത്രമാണിത്. കേബിള്‍ ടി വി, ഇന്റര്‍നെറ്റ്, പത്രം, മൊബൈല്‍ ഫോണ്‍ തുടങ്ങി നാട്ടില്‍ പോലും ആഡംബരം എന്നു കരുതാത്ത പലതും ഉള്‍പ്പെടുത്തിയിട്ടില്ല.

മെഡിക്കല്‍, വിസ, വിമാനയാത്ര, ആശുപത്രിച്ചിലവുകള്‍ / ഇന്‍ഷ്വറന്‍സ്, പുറത്തു നിന്നു ഭക്ഷണം, വസ്ത്രം, അലക്ക്, റിപ്പയറുകള്‍, കാര്‍ മോര്‍ട്ട്ഗേജ് ആണെങ്കില്‍ അതിന്റെ പ്രതിമാസ തിരിച്ചടവ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടില്ല.


ഇനി, ഇതില്‍ വരുത്താവുന്ന വ്യതിയാനങ്ങള്‍
ഒന്ന്: വാടക- ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ ജോലി ചെയ്താല്‍ വാടകയില്‍ ആയിരത്തഞ്ഞൂറു രൂപയോളം കുറഞ്ഞു കിട്ടും. റോഡ് ടോള്‍ പെട്രോള്‍ എന്നീ വകുപ്പില്‍ ഒരാള്‍ക്ക് മുന്നൂറു ദിര്‍ഹമെങ്കിലും അധിക ചിലവു വരും. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുകയാണെങ്കില്‍ ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ വന്നു പോകുന്നത് കുട്ടികള്‍ ദിവസത്തിന്റെ ഒട്ടുമുക്കാലും തനിയേ അല്ലെങ്കില്‍ ബേബിസിറ്റര്‍ക്കോ മെയ്ഡിനോ ഒപ്പം ചെലവിടാന്‍ കാരണമാകും. ഷാര്‍ജ്ജയില്‍ താമസിച്ചാല്‍ വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവയിലെ ചിലവ് അല്പ്പം കുറയ്ക്കാന്‍ സഹായിക്കും. പ്രതിവാരം പത്തു മണിക്കൂറോളം വാഹനമോടിക്കാന്‍ ചെലവിടേണ്ടിയും വരും.

രണ്ട്: ഷെയറിങ്ങ് അക്കോമൊഡേഷന്‍.
രണ്ടു ബെഡ് റൂം ഫ്ലാറ്റ് വാടയ്ക്കെടുത്താല്‍ രണ്ടു കുടുംബങ്ങള്‍ കഷ്ടിച്ച് താമസിക്കാം. പ്രതികുടുംബം ഏതാണ്ട് ആയിരത്തഞ്ഞൂറു രൂപ വാടകയിനത്തില്‍ മാസാമാസം ലാഭിക്കാം. സ്വകാര്യതയില്ലായ്മ, പങ്കാളിയായ കുടുംബം ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിയമപരമായ ബാദ്ധ്യത തുടങ്ങിയ പ്രശ്നങ്ങള്‍ മാത്രമല്ല, ഫാമിലികള്‍ ഫ്ലാറ്റ് ഷെയര്‍ ചെയ്യുന്നത് നിയമം അനുശാസിക്കുന്നുമില്ല. രണ്ടില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരു ഫ്ലാറ്റില്‍ താമസിക്കുന്നത് ബുദ്ധിമുട്ടുകള്‍ പല മടങ്ങ് വര്‍ദ്ധിപ്പിക്കും.

ആവശ്യത്തിനു വിദ്യാഭ്യാസവും സാഹചര്യവുമുണ്ടെങ്കില്‍ ദമ്പതികള്‍ ഇരുവരും ജോലി ചെയ്യുന്നതാണ്‌ നല്ലത് (ഗര്‍ഭകാലം, മുലയൂട്ടുന്ന കുട്ടികളെ വളര്‍ത്തുന്ന സമയം തുടങ്ങിയ സമയങ്ങളില്‍ ഇത് കഷ്ടപ്പാടാണ്‌, പ്രത്യേകിച്ചും വീട്ടില്‍ ഭാര്യാഭര്‍ത്തഅക്കന്‍മാര്‍ മാത്രമുള്ള സാഹചര്യമണ്‌ ഒട്ടുമിക്കവര്‍ക്കും, കൈക്കുഞ്ഞുങ്ങള്‍ പലപ്പോഴും ദിവസത്തിലധികവും ബേബിസിറ്റര്‍മാരുടെ ദയയിലാകുന്നു).

ദുബായില്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ഏക ജോലി ട്യൂഷന്‍ പഠിപ്പിക്കല്‍ ആണ്‌. ബേബി സിറ്റിങ്ങ്, ഹോം അസ്സിസ്റ്റിങ്ങ്, എക്സ്റ്റിക്യൂട്ടീവ് ലഞ്ച് പാക്കിങ്ങ് തുടങ്ങി സാധാരണ നഗരങ്ങളില്‍ വീട്ടില്‍ നിന്നും ചെയ്യാവുന്ന കാര്യങ്ങള്‍ മിക്കതും നിയമം അനുവദിക്കുന്നില്ല ഇവിടെ.


ഇനി ഒരു ബാച്ചിലര്‍ ആയി താമസിക്കുകയാണെങ്കില്‍ വരുന്ന ചിലവ് നോക്കാം (ഒട്ടേറെ ജോലികളില്‍ സിംഗിള്‍ അക്കോമൊഡേഷന്‍ കൊടുക്കുന്നുണ്ട് എങ്കിലും താരതമ്യസൗകര്യത്തിനായി അത് കണക്കിലെടുക്കുന്നില്ല


വാടക - ( ആറു പരുടെ ഫ്ലാറ്റ്)- 750
കറണ്ട്, വെള്ളം (സീസണ്‍ ഈക്വലൈസ്ഡ്)-50
പലവ്യഞ്ജനം (ഏറ്റവും കുറഞ്ഞ സാധനങ്ങള്‍)- 300
ഫോണ്‍ ( ഐ എസ് ഡി ) -400
ബസ്സ്/ ടാക്സി - 150
ആകെ പ്രതിമാസ മിനിമം ചിലവ് -1650
മിക്ക കമ്പനികളും ജോലിക്കു പോകാന്‍ സ്റ്റാന്‍ഡേര്‍ഡ് സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യം കൊടുക്കുന്നതുകൊണ്ടും പരമാവധി സമയം വീടിനുള്ളില്‍ തന്നെ വേണമെന്നില്ലാത്തതിനാല്‍ പൊതുഗതാകത വകുപ്പിന്റെ ബസ്സ് സമ്വിധാനം ഉപയോഗിക്കാവുന്നതുകൊണ്ടും കാര്‍ അത്യാവശ്യമാകുന്നില്ല.


"ബാച്ചിലര്‍" ജീവിതം നയിക്കുന്നതില്‍ നിന്നും കുടുംബമായി താമസിക്കുന്നതിലേക്ക് ആറായിരം ദിര്‍ഹമെങ്കിലും അധിക ചിലവ് വരും എന്ന് കണ്ടല്ലോ. ഇന്ത്യന്‍ രൂപയില്‍ പ്രതിവര്‍ഷം ഏതാണ്ട് ഏഴരലക്ഷം രൂപ. ഒരു മാസത്തെ അധിക ചിലവ് വിമാനയാത്രയ്ക്ക് മാറ്റിവച്ച് പ്രതിവര്‍ഷ ലീവ് ഒരാഴ്ച്ച വീതമുള്ള നാലു സ്ലോട്ട് ആക്കി ചിലവാക്കാന്‍ തുനിഞ്ഞാല്‍ മൂന്നു മാസത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാവുന്നതേയുള്ളു.


കുടുംബം നടത്തുന്ന ഒരാളാണെങ്കില്‍ ദുബായില്‍ ബാച്ചിലറായി ജോലി ചെയ്യുന്നത് പല തരം ജീവിത പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നത് മറക്കുന്നില്ല, ഇരുപതു വര്‍ഷം ഒറ്റയ്ക്ക് ദുബായില്‍ താമസിച്ച് ജലി ചെയ്യുന്ന ഒരു വിവാഹിതന്‍ ഭാര്യയോടും മക്കളോടുമൊത്ത് ഫലത്തില്‍ രണ്ടു വര്‍ഷം പോലും ജീവിക്കുന്നില്ല! ആ ജീവിതം ഒരിക്കലും തിരിച്ചു കിട്ടുകയുമില്ല. ഒറ്റയ്ക്കു താമസിക്കുന്ന ഒരാള്‍ക്ക് മദ്യാസക്തി, പുകവലി, അലസജീവിതരോഗങ്ങള്‍, അനഭിമതഭക്ഷണജന്യ രോഗങ്ങള്‍ തുടങ്ങിയവ വന്നു ചേരാനുള്ള സാദ്ധ്യത വളരെയേറും. പക്ഷേ എടുത്താല്‍ പൊങ്ങാത്തൊരു ജീവിതച്ചിലവ് തലയില്‍ വയ്ക്കുന്നത് കാര്യങ്ങള്‍ ഇതിലും വഷളാക്കും. കഴിയുമോ എന്ന് ചിന്തിച്ച് മാത്രം സകുടുംബം ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.


ഇന്ത്യക്കാരില്‍ മിക്കവരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്നത് ശേഷകാല ജീവിതത്തിനോ മറ്റെന്തിനെങ്കിലുമോ പണം സമ്പാദിക്കാനാണ്‌. അതിനാല്‍ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഒന്ന്: താമസമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ജോലിയാണെങ്കില്‍ കുറഞ്ഞത് രണ്ടായിരം ദിര്‍ഹം ശമ്പളമില്ലെങ്കില്‍ സ്വീകരിക്കുന്നതിനു പകരം നാട്ടില്‍ തൂമ്പപ്പണി ചെയ്യുകയാകും ബുദ്ധി.

രണ്ട്: എങ്ങനെയെങ്കിലും എത്തിപ്പെട്ടിട്ട് കോടീശ്വരനോ ലക്ഷപ്രഭുവോ ആകുന്ന കഥകള്‍ സിനിമയിലേ സംഭവിക്കൂ. അലഞ്ഞു തിരിഞ്ഞ് പോലീസ് പിടിച്ചു ജയിലിലടയ്ക്കുന്നവരും ഒരു നേരം ഭക്ഷണത്തിനു വിഷമിക്കുന്നവരും ആയിരക്കണക്കിനാണ്‌ ഇവിടെ. പലര്‍ക്കും തിരിച്ചു പോകാന്‍ ആവുന്നുമില്ല.

മൂന്ന്: പ്രതിമാസം നാലായിരം ദിര്‍ഹം കുടുംബനാഥനു വരുമാനമുണ്ടെങ്കില്‍ സകുടുംബം താമസിക്കാനുള്ള വിസ ലഭിക്കും എന്നാല്‍ മുകളിലത്തെ കണക്കു പ്രകാരമുള്ള തുക പ്രതികുടുംബം ഉണ്ടാക്കാന്‍ കഴിയുമെങ്കിലേ ദുബായില്‍ ജീവിക്കാനാവൂ. ക്രെഡിറ്റ് കാര്‍ഡുകള്‍ കുന്നുകൂടുന്ന ജീവിതം ഒടുക്കം ദുരന്തത്തില്‍ ചെന്നു നില്‍ക്കും.

നാല്‌: കൃത്യമായും തന്നെ സംബന്ധിക്കുന്ന നിയമങ്ങള്‍ അറിഞ്ഞിരിക്കണം, അതില്‍ നിന്നാണ്‌ അവകാശങ്ങളുണ്ടാകുന്നത്. നിങ്ങള്‍ തന്നെ നിയമം ലംഘിക്കാത്തിടത്തോളം കാലം ഒട്ടുമിക്ക അവകാശങ്ങളും നേടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം സഹായിക്കും. എന്നാല്‍ ഇവിടത്തെ ജോലി ഒരു അവകാശമല്ല, കരാര്‍ മാത്രമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ തൊഴില്‍ക്കരാറില്‍ പറയുന്ന അത്ര മാത്രമേ അവകാശവും ബാദ്ധ്യതയും നിങ്ങള്‍ക്കുള്ളൂ, കാരണം നിങ്ങള്‍ കരാറില്‍ പുറത്തു ജീവിക്കുന്നയാളാണ്‌, പൗരനോ അതിഥിയോ അല്ല.