Monday, December 31, 2007

മുമ്പിതുപോല്‍ തുമ്പമെഴും ഗന്ധം ഗന്ധിച്ചതുണ്ട്...

ഇതെന്താടീ കൊച്ചു മോന്‍ മുല്ലപ്പൂ മണപ്പിച്ചിട്ട് ഇതിനു ബാത്ത് റൂമിന്റെ സ്മെല്‍ എന്നു പറയുന്നത്?

മുല്ല പൂത്തു നില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല മോന്‍ അമ്മാമ്മേ, അവനു ആകെ ഈ മണം അറിയാവുന്നത് ഞാന്‍ ഫ്ലാറ്റിലെ ബാത്ത് റൂമില്‍ വയ്ക്കുന്ന ജാസ്മിന്‍ ഫ്രാഗ്രന്‍സ് ഉള്ള എയര്‍ ഫ്രഷ്നറിന്റെയാ.

Wednesday, December 26, 2007

ടച്ചിങ്ങ് സ്റ്റോറി

മദിരവിലോല ദയാലോ...
പറയൂ.
ഒരു സംശയം
ചുമ്മ ചോദിക്ക്.
ഫോണിപ്പറ്റൂല്ലാ.
എന്നാ വയ്യിട്ട് വാ.

എന്തരോ കേക്കണമെന്ന് പറഞ്ഞല്ല്?
ടേ, ഈ ലേറ്റന്റ് ഹോമോസെക്ഷ്വാലിറ്റി എന്നൊന്ന് ഉണ്ടല്ലേ?
ഉണ്ടെന്നാണ്‌ വയ്പ്പ്, എനിക്ക് കൂടുതല്‍ അറിയില്ല.
അതെപ്പ സര്‍ഫസ് ചെയ്യാം?
തീയറിറ്റിക്കലി, എന്നു വേണേലും, കുഴീലോട്ട് കാലു നീട്ടുമ്പോഴും. ഒരിക്കലും തോടു പൊളിച്ചില്ലെന്നും വരാം.
എനിക്കത് ഗേ ഫീലിങ്ങ്സ് സര്‍ഫസ് ചെയ്തോന്ന് ഒരു ഭയമെടേ.
ങേ? അതിനാണോ പേര്‍സണല്‍ ആയിട്ട് കാണണമെന്ന് പറഞ്ഞത്? എഴിച്ച് മാറിയിരി ലങ്ങോട്ട്.

തമാശകളിക്കല്ലേ. ഞാന്‍ വളരെ സീരിയസ്സ് ആയിട്ട് കാര്യം പറഞ്ഞു വരുമ്പോ...
എന്തേ പെട്ടെന്ന് അങ്ങനെ തോന്നിയത്? മാദക സ്വപ്നങ്ങളില്‍ പുരുഷന്മാര്‍ വരുന്നോ?
ഛേയ് അങ്ങനൊന്നുമില്ല. ടോ, എന്താന്നറിയില്ല അടുത്തകാലത്തഅയിട്ട് ബാര്‍ബര് തലയിലും മുഖത്തുമൊക്കെ തൊടുമ്പോള്‍ നല്ല സുഖം.
ഇതാണോ? എടാ ഊളാ, ഷേവ് ചെയ്യിക്കുന്നതും മുടി വെട്ടിക്കിട്ടുന്നതും എല്ലാര്‍ക്കും സുഖമല്ലേടാ?
ഇതങ്ങനല്ല. പണ്ട് ഇങ്ങനെ അല്ലാരുന്നു. ഉം.. ഐ ഫീല്‍ ഗുഡ് ഇന്‍ സം ഡിഫറന്റ് വേ നൗ.

ബാക്കി ആരു തൊട്ടാലും അങ്ങനെ തന്നേ?
അത്.. അറിയില്ല.
അറിയൂല്ലേ? അതെന്തര്‌?
വേറേയാരും ഈയിടെ തൊട്ടത് ഓര്‍മ്മയില്‍ വരുന്നില്ല, കുറേ ശവം ഹാന്‍ഡ് ഷേക്കുകള്‍ അല്ലാതെ.

അപ്പ അതു തന്നെ കാര്യം.
ഏത് ലേറ്റന്റ്...
കുന്തം. ലേറ്റന്റും പേറ്റന്റുമൊന്നുമല്ല, നിന്നെ ആരും തൊടാറില്ല. മനുഷ്യന്‍ പാക്ക് ആനിമല്‍ അല്ലേ, മറ്റൊന്ന് തൊട്ടാലേ അവനു സമാധാനമുള്ളൂ.

ശാസ്ത്രീയമായിട്ട് അങ്ങനെ ആണോ? അതോ നിന്റെ ഒരൂഹമോ?
ടേ, ശാസ്ത്രത്തിനതൊക്കെ പണ്ടേ അറിയാം. ഒരു സ്പര്‍ശത്തിനു ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ കഴിയും, പക്ഷേ സ്പര്‍ശനം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് വില്‍ക്കാന്‍ വയ്ക്കാന്‍ കഴിയില്ലല്ലോ. നിന്റെ ഹൃദയമിടിപ്പ് താളത്തിലാക്കാന്‍, നിന്റെ വ്യാകുലമനസ്സിനെ സുഖപ്പെടുത്താന്‍ നിന്നെ ആളുകള്‍ തൊടണം.

അപ്പോല് ഭയക്കാനില്ല അല്ലേ?
ഭയക്കണം. നീ ഇങ്ങനെ ഒറ്റയ്ക്കായതിനെ ഭയക്കണം. ടച്ച് എന്ന ബേസിക്ക് നീഡ് ലൈംഗിക ദാഹമായി തെറ്റിദ്ധരിച്ച് ആളുകള്‍ വേശ്യാലയങ്ങളില്‍ എത്തിപ്പെടാറുണ്ട്. നീയാകട്ടെ ഏതോ മനശ്ശാസ്ത്രി തീയറി വായിച്ചു ആശയക്കുഴപ്പത്തിലുമായി. പോയി ആരെയെങ്കിലും തൊട്, കെട്ടിപ്പിടി, പാര്‍ക്കില്‍ ഓടിപ്പിടിത്തം കളി, ഒരു മസ്സാജ് നടത്തിക്ക്, റെസ്ലിങ്ങ് നടത്ത്, പഞ്ചഗുസ്തി പിടി. നിന്റെ വണ്ടി വരെ എന്റെ തോളില്‍ കയ്യിട്ട് നടക്ക്.

എന്നാല്‍ ഞാന്‍ പോട്ടേ?
ഉം. കീപ്പ് ഇന്‍ ടച്ച്.

Tuesday, December 25, 2007

നക്ഷത്രത്തിന്റെ താളം

ഒര്‌ സ്റ്റാര്‍ട്ടര്‍.
ആര്‍മേച്ചര്‍ വൈന്‍ഡിങ്ങ് നിര്‍ത്തി കുട്ടമ്മേശിരി ഞാന്‍ മേശപ്പുറത്തടിച്ച നാണയങ്ങളില്‍ നോക്കി.
നീയെത്ര സ്റ്റാറിട്ട് ആന്റോ?
മൂന്ന്.
എന്റെ കടേന്ന് വാങ്ങീല്ലല്ല്?
ഞാന്‍ തന്നെ കെട്ടിയതാ.
ആര്‌ പടിപ്പിച്ചത്?
ഞാങ്ങ് നോക്കിപ്പടിച്ച്.

സ്റ്റാര്‍ട്ടറിട്ട് മിന്നിച്ചാല്‍ ഫ്യൂസടിച്ചു പോവുമെടാ.
ഞാന്‍ ഫ്യൂസു കെട്ടിക്കോളാം. മിന്നീല്ലേല്‍ സ്റ്റാറ്‌ അയ്യം.

സ്റ്റാര്‍ട്ടറിന്റെ മിന്നിക്കലിനു പോതരമില്ലല്ല്. സ്റ്റാറു മിന്നുന്നതിനു ഒരു താളം വേണ്ടേ?
കുട്ടമ്മേശിരി വാലുകളുള്ള ഒരു സൂത്രം എടുത്തു കാട്ടി. ഇതെന്തരാന്നറിയൂല്ലേ?

സര്‍ക്യൂട്ട് ആള്‍ട്ടര്‍നേറ്റര്‍.
വെറുതേ നിക്കറിന്റെ കീശ പരതി. ഒരമ്പതു രൂപ അവിടെ പെട്ടെന്നു പ്രത്യക്ഷപ്പെട്ടെങ്കില്‍.

കണക്ഷന്‍ കൊടുക്കാന്‍ അറിയാവോ ഇതിനു?
അറിയാം.

ന്നാ നീ എടുത്തോ.
എന്തരാവും വെല?

പണിയെടുക്കുന്നടത്ത് അതികം വന്നതാടാ. നീ ചുമ്മാ എടുത്തോ. ഒന്നും തരണ്ട.

അയാള്‍ക്ക് മനസ്സെങ്ങാന്‍ മാറുമെന്ന് ഭയന്ന് വേഗം അതെടുത്തുകൊണ്ട് ഓടി. മുടുക്കു തിരിയും മുന്നേ ഒന്നു തിരിഞ്ഞ് കടയിലേക്ക് നോക്കിയപ്പോള്‍ പൂച്ചക്കണ്ണുകള്‍ കൊണ്ട് സൂക്ഷം വച്ച് വെള്ളത്താടിയും ഫാനിന്റെ കാറ്റില്‍ ‍ പറത്തി കുട്ടമ്മേശിരി ഇരുന്ന് ചെമ്പുകമ്പി ചുറ്റുന്നു. കടത്തിണ്ണയില്‍ ഡോന്‍ഡറും ക്യുപിഡും റുഡോള്‍ഫും കോമറ്റും എനിക്കു പേരറിയാത്ത വേറേ മാനുകളും പരന്ന കൊമ്പുകള്‍ ആട്ടിക്കൊണ്ട് കിടന്ന് സിനിമാ പോസ്റ്ററുകള്‍ ചവയ്ക്കുന്നു.

Sunday, December 16, 2007

ആടിന്റെ പ്രോക്സി

വല്യമ്മച്ചീം കൊച്ചുമോനൂടെ  എങ്ങോട്ട്  കാലത്ത് പോണത്?
ആശൂത്രീ പെയ്യൂടണം ആന്റോമോനേ. ആടിനു  സുഖമില്ല. മുട്ടന്‍ വയറെളക്കം.

റോഡ്  ക്രോസ് ചെയ്ത് നില്ല്. മൃഗാശുപത്രിക്ക് ലങ്ങോട്ടു പോണ ബസ്സേല്‌ പെയ്യൂടണം.
മൃഗാശുപത്രിലോട്ടല്ല ചെല്ലാ, ധര്‍മാശുപത്രിക്ക് തന്നെ പോണത്.

ധര്‍മ്മാശുപത്രീലോ, ഈ അമ്മച്ചി എന്തരു പറയണത്? അവിടെ ആളിനെയേ ചികിത്സിക്കൂ, ആടിനെ എടുക്കൂല്ല.
വോ തന്നെ. അറിഞ്ഞിട്ട് തന്നെ പോണത്.

അല്ലീ, ആടെവിടെ?
ടാ ആന്റോ, ആടിനെ കൊണ്ടു പോണേല്‍ മൃഗാശുപത്രീല്‍ പോണം.  ഒന്നീ ആട്ടോകള്‌ വിളിച്ച് ആടിനെ അങ്ങോട്ടു കൊണ്ടു പെയ്യൂടണം, അല്ലീ ആട്ടോ വിളിച്ച്  മൃഗവൈദ്യനെ ഇഞ്ഞോട്ട് വിളിക്കണം. എന്തരായാലും മുപ്പതു രൂപ കൊടുക്കണ്ടീ.  വൈദ്യരു കുറിച്ചു തരുന്ന മരുന്നിനു കാശ് കടേല്‍ വേറേം കൊടുക്കണം.  ആട്ടോക്കാരോടും ഫ്രാന്‍സീസിനോടും കടം പറയാന്‍ പറ്റുവോടാ?

ഫ്രാന്‍സീസ് അല്ല, ഫാര്‍മസിസ്റ്റ്.
ഫ്രാന്‍സീസിന്റെ മരുന്നുകടേന്നാ ഞാങ് മരുന്നുകള്‌ വാങ്ങണത്, മറ്റേയാളിന്റെ കട എവിടീ?

വല്യമ്മച്ചി സര്‍ക്കാരാശൂത്രി പോയിട്ട് ആടിനു മരുന്നു വാങ്ങണത് എങ്ങനെ? അവിടെ മൃഗഡോക്റ്ററില്ലല്ല്?
ഞാങ് ഇവനെ കൊണ്ടു കാണിച്ചിട്ട് ഇവനു വയറെളക്കവാ മരുന്നുകളു തരാന്‍ പറഞ്ഞൂടും, അല്ലാതെ എന്തരു ചെയ്യാന്‍?

മാതാവേ മോനെ കാണിച്ചിട്ട് ആടിനു മരുന്നു വാങ്ങാനോ? അതേല്‍ക്കുവാ?
പിന്നില്ലീ, ദിവസോം രണ്ടു ഗുളികകള്‌ അപ്പിക്ക് കൊടുക്കന് പറഞ്ഞാ അത് എരട്ടിയാക്കി നാലെണ്ണം ആട്ടിനു കൊടുത്താ മതിയല്ല്, അസൂം മാറും, ഞാങ് പണ്ടും കൊടുത്തിട്ടൊള്ളതാ.

ഇഞ്ജക്ഷന്‍ വല്ലോം വേണമെന്ന് പറഞ്ഞാല്‌?
ഞങ്ങള്‌ സിസ്റ്ററിന്റടുത്തൊട്ട് പെയ്യൂണ്ടാണ്ട് എറങ്ങും. ഓടിച്ചിട്ടു കുത്തത്തില്ലല്ല്.

എന്തരായാലും ഈ പൊടിയനെക്കൊണ്ട് കള്ളങ്ങള്‌ പറയിക്കണത് അയ്യം.
ടാ, ഇവന്റമ്മച്ചിക്ക് പണിയെടുക്കാന്‍ ആവതില്ല, അപ്പച്ചനു പണിയൊണ്ടായാലും അഞ്ചിന്റെ കാശ് വീട്ടി തരൂല്ല. ഇവനും എനിക്കും ആകെയൊള്ളത് ആടാ. കള്ളങ്ങളെങ്കി അങ്ങനെ, ആടു പോയാല്‍ എന്തരു ചെയ്യണത് പിന്നെ?

ലോ ബസ്സ് വരണ്‌ കേറിക്കോളീ, വണ്ടിക്കൂലി ഒണ്ടല്ല് കയ്യി?
ഒണ്ട്.

Thursday, December 13, 2007

ആദ്യ ജയം

അവസാന റൗണ്ടെത്തി. ബാക്കിയെല്ലാവരും പ്രതീക്ഷ ഉപേക്ഷിച്ചമട്ടാണ്‌, ഒരുത്തി ഒഴിച്ച്. അവളെക്കാള്‍  രണ്ടേ രണ്ട് പോയിന്റ് ലീഡ്.  ഇനി ബാക്കിയുള്ളത് ഒരു അളിച്ചുവാരല്‍, വിഷയം സംഗീതം. മാസ്റ്റര്‍ കൂട്ടത്തിനു മുന്നില്‍ വലിച്ചെറിയുന്ന എല്ലിന്മുട്ടി  ആദ്യമോടി എടുക്കുന്ന പട്ടിയ്ക്ക് അതു തിന്നാം. ഫ്രീ ഫോര്‍ ആള്‍
 
ക്വിസ്സ് ഒരു രസമില്ലാത്ത കളിയാണ്‌.  വാഗണ്‍ ട്രാജഡി എന്നു നടന്നെന്നേ ചോദ്യമുള്ളു, മനപ്പൂര്വ്വം നടത്തിയതാണോ എന്നില്ല. പ്രേം നസീര്‍ എത്ര ചിത്രങ്ങളിലഭിനയിച്ചെന്ന് ചോദിക്കും, മധുവിന്‌ എന്തുകൊണ്ട് അത്രയും പറ്റിയില്ല എന്ന് ആലോചിക്കേണ്ടതില്ല.  വെറും വിവരങ്ങള്‍ മാത്രം പറയാന്‍  വിവരം വേണ്ടല്ലോ ഓര്‍മ്മ മതി.

എന്നും കഴുകിയും ഉപ്പുകാറ്റു കൊണ്ടും നരച്ച‍ യൂണിഫോമിട്ട, അതും സര്‍ക്കാര്‍ സ്കൂളിന്റെ മഞ്ഞ ഉടുപ്പും നീല നിക്കറും ഇട്ട ഒരുത്തന്‍ ഇവിടെ എന്തു മോഹിച്ചു വന്നു എന്ന മറ്റു മത്സരാര്‍ത്ഥികളുടെ ആശ്ചര്യം കലര്‍ന്ന നോട്ടം ഒന്നു മാത്രമാണ്‌ വീണ്ടും വീണ്ടും എന്നെ ക്വിസ്സ് മത്സരങ്ങളിലെത്തിക്കുന്നത്.  ഈ ചേരിപ്പിള്ളേരൊക്കെ
ഫുട്ട്ബാളും ഓട്ടമത്സരവും മാത്രം അറിയുന്നവരല്ലേ എന്ന ഒരു ഭാവത്തില്‍ എന്നെ ഒഴിവാക്കി  ബാക്കിയെല്ലാവരും പരസ്പരം പരിചയപ്പെട്ടുകൊണ്ട്   ഹാളിലേക്ക് കയറുന്നവരെക്കൊണ്ട് എനിക്കു വേണ്ടി  കൈയ്യടിപ്പിക്കാന്‍ മാത്രമാണ്‌ ഈ മത്സരങ്ങള്‍ക്കു വരുന്നത്.

ജൗളിക്കടയുടെ മണമുള്ള  നിറമുള്ള ഉടുപ്പുകളും പൊടി കണ്ടിട്ടില്ലാത്ത സ്പോര്‍ട്ട്സ് ഷൂകളും എല്ലാം വീണു കഴിഞ്ഞു. ഇത്രയും കഴിഞിട്ടും പിറകേ ഓടുന്നത്  ഇവള്‍ മാത്രം. ജീന്‍സിന്റെ തുണികൊണ്ട് തുന്നിയ പാവാടയും ലേസുകള്‍ തുന്നിയ  ഒരുടുപ്പും വെയില്‍ തട്ടുമ്പോള്‍  മാത്രം നിറം വരുന്ന കണ്ണടയും എന്നെ വിടുന്നില്ല, പ്രതീക്ഷയും വിടുന്നില്ല. തുലഞ്ഞു പോകാന്‍.

ടേപ്പ് റിക്കോര്‍ഡറില്‍ ഒരു ഹിന്ദിപ്പാട്ട്. ആരുടെ ശബ്ദം?
വിരല്‍ കുടിക്കുന്ന കുഞ്ഞിന്റെ പടമുള്ള ട്രാന്‍സിസ്റ്റര്‍ പാടുന്ന  പാട്ടുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചപ്പോഴേക്ക് അവളതെടുത്തു. "ഗീതാ റോയ്." അങ്ങനെ ഒരു പാട്ടുകാരി ഉണ്ടായിരുന്നോ.

അടുത്ത മലയാളം പാട്ട് തുടങ്ങിയ നിമിഷം ഏതവനോ കൂക്കി. "സബിതാ ചൗധരി." ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞേനെ. ഒരുപക്ഷേ എല്ലാവരും പറഞ്ഞേനെ.

ഇതേത് രാഗം?
ആവോ. ചിത്രം പാട്ടുകാരന്‍ എഴുതിയ ആള്‍ സംഗീതം വേറൊന്നും റേഡിയോയില്‍ പറയാറില്ല.  "മോഹനം." എന്ന് അവളുടെ ശബ്ദം.

വെള്ളം തട്ടിയാല്‍  ചീത്തയായിപ്പോകുന്ന തുകലിന്റെ  ചെരിപ്പുകള്‍  എന്റെ റബ്ബറിന്റെ വള്ളിച്ചെരുപ്പുകള്‍ക്കൊപ്പമോടുന്നു.
"വി ആര്‍ ഹെഡിങ്ങ്  റ്റുവേര്‍ഡ്സ് അന്‍ എക്സൈറ്റ്ങ്ങ് ഫിനിഷ്. ബോത്ത് ആന്റണി ആന്‍ഡ് സന്ധ്യാ രാജന്‍ ഹാവ്  ഫിഫ്റ്റി ഫോര്‍ പോയിന്റ്സ് നൗ," ക്വിസ്സ് മാസ്റ്റര്‍  പറഞ്ഞു.

എന്ത് എക്സൈറ്റ്മെന്റ്.  സംഗീതമിവള്‍ അരച്ചു കലക്കി കുടിച്ചിരിക്കുന്നു.

 വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ എന്തോ പുസ്തകവും അവള്‍ക്കു കീഴെ ഞാന്‍ എത്തിച്ചേര്‍ന്നത് എന്തോ മഹാകാര്യമാണെന്ന് അപമാനിക്കുന്നൊരു സര്‍ട്ടിഫിക്കറ്റും വാങ്ങിയിറങ്ങിപ്പോകുമ്പോള്‍ ആരൊക്കെയോ അലക്ഷ്യമായി കൈ തന്നെന്നല്ലാതെ ആരും പരിചയപ്പെട്ടില്ല. അവളൊഴികെ.

"ലാസ്റ്റ് മ്യൂസിക്ക് റൗണ്ട്  വന്നതുകൊണ്ട് ഞാന്‍ ഫ്ലൂക്കിനു ജയിച്ചതാണ്‌. എന്റെ മമ്മി മ്യൂസിക്ക് ടീച്ചറാണ്‌, ഞാനും പഠിക്കുകയാ.  ശരിക്കും ആന്റണി ജയിക്കേണ്ടതായിരുന്നു."
വിജയിയുടെ വിനയം. ശരിക്കും നീ ജയം അര്‍ഹിക്കുന്നെന്ന് തോറ്റവനെക്കൊണ്ട് പറയിക്കുക. മുറിവിന്മേല്‍  മുളകുപൊടി ഇടുന്ന ഈ പണി ഞാനും ചെയ്തിട്ടുള്ളതല്ലേ, വാട്ട് ഗോസ് എറൗണ്ട് കംസ് എറൗണ്ട്.

"അല്ലല്ല. യൂ റീയലി ഡിസേര്‌വ് ഇറ്റ്." ഇംഗ്ലീഷ് എനിക്കു സ്വാഭാവികമായി വരാത്തതുകൊണ്ട് ആത്മാര്‍ത്ഥതയില്ലാത്ത വാചകങ്ങള്‍ ആ ഭാഷയില്‍ പറയാനാണ്‌ എളുപ്പം.

അവളെ കെട്ടിപ്പിടിക്കാന്‍ ഒരു കസവുസാരിയും കുറേ സ്വര്‍ണ്ണവളകളും ഓടിയെത്തി.
"മമ്മീ, ശരിക്കും ആന്റണി ജയിക്കേണ്ടതായിരുന്നു അല്ലേ?" അവള്‍  നിറുത്തുന്നില്ല ഉപദ്രവം, ഞാന്‍ കരഞ്ഞു പോകുമെന്ന് ഭയമായി തുടങ്ങി.

"അതിലിപ്പോ എന്താ ഇന്നു നീ ജയിക്കും നാളെ അവന്‍ ജയിക്കും.  ഞാന്‍ ഇവിടെയിരുന്ന് നോക്കിയത് വേറൊന്നായിരുന്നു. നീ ശ്രദ്ധിച്ചോ, ആന്റണി ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം നമ്മുടെ ഉണ്ണിക്കുട്ടനെപ്പോലെ തന്നെ. അല്ലേ?"

ഉണ്ണിക്കുട്ടന്‍ അവരുടെ മകനായിരിക്കുമോ? എന്തായാലും വേണ്ടപ്പെട്ട ആളാണ്‌. നമ്മുടെ എന്നല്ലേ പറഞ്ഞത്.

ക്വിസ്സില്‍ പങ്കെടുത്തതും കാണാന്‍ വന്നതുമായ ഉണ്ണിക്കുട്ടന്മാര്‍  പിരിഞ്ഞു പോയി. റോഡില്‍ ഉണ്ണിക്കുട്ടന്മാര്‍ നടന്നും ഓടിയും കാറിലും സ്കൂട്ടറിനു പിറകില്‍ അള്ളിപ്പിടിച്ചും  കടന്നു പോയി. ഷൂസിട്ടവര്‍, തേഞ്ഞ ചെരിപ്പിട്ടവര്‍, ചെരിപ്പേ ഇല്ലാത്തവര്‍. തിളങ്ങുന്ന കുപ്പായക്കാര്‍, സര്‍ക്കാര്‍ യൂണിഫോമിട്ടവര്‍, വെറും നിക്കറിട്ട ഉണ്ണിക്കുട്ടന്മാര്‍.

ജില്ലാ മത്സരത്തിനു  ഞാനും പോകുന്നുണ്ടെന്ന് സന്ധ്യ രാജനോട് വെറുതേ പറഞ്ഞതഅണ്‌, ഇല്ലെങ്കില്‍ തോറ്റ വിഷമത്തില്‍ പിന്മാറിയതാണെന്ന് അവള്‍ കരുതും.  അവിടെ ഞാന്‍ പോയാലും ഇല്ലെങ്കിലും ഒരുണ്ണിക്കുട്ടനാണു ജയിക്കുന്നത്. വെറുതേയെന്തിനു വിരസമായ വിവരങ്ങള്‍  തലയിലേറ്റി സമയം പാഴാക്കണം, ഞാന്‍ ജയിച്ചുകഴിഞ്ഞല്ലോ.

Monday, December 10, 2007

സമൃദ്ധി എന്ന ഇല്ലായ്മ

ചുമ്മ സ്പീഡില്‍ പോകുമ്പ  ചങ്ങാതി വിളിച്ചു.
എവിടെയാ?
കരയാമയുള്ള പാര്‍ക്കിനു ചുറ്റുമോടുന്നു.
ആ പ്രദക്ഷിണ വീഥികള്‍ ഇടറിവിണ്ട പാതകളാണ്‌. നോക്കിയോട്. ഇന്നാളു ഞാന്‍ തട്ടി കാലുളുക്കി.
ഈ മുന്നറിയിപ്പ് തരാന്‍ വിളിച്ചതാ? നന്നി.
മുന്നയും തന്നെന്നേയുള്ളു. വിളിച്ചത് വേറൊരു കാര്യത്തിനാ. ഓട്ടം കഴിഞ്ഞിട്ടെന്താ?
ഓട്ടം കഴിഞ്ഞാല്‍ വിന്റര്‍. എത്ര പോയിന്റ് സ്കോര്‍ ചെയ്തു ഞാന്‍?
ടേ, ഓട്ടം കഴിഞ്ഞ് പണിയൊന്നുമില്ലേല്‍ കള്ളു കുടിക്കാന്‍ പോകാം?
പോകാം.

പോയി.
ദുബായി ടെലിഫോണ്‍ ഡയറക്റ്ററിയെക്കാള്‍ വലിപ്പമുള്ള  വൈന്‍ ലിസ്റ്റ് എടുത്ത് പൊക്കി ആരോഗ്യം കളയണോ വേണ്ടേ എന്നര്‍ത്ഥത്തില്‍ വെളമ്പുകാരി നോക്കി.
തോന്നിയത് പറഞ്ഞു. എന്തായാലും തോന്നിവാസമല്ലേ.
കുപ്പീസ് വന്നു. കിപ്പീസ്! പീസ്! സ്!

കള്ളുകുടിക്കാനൊന്നും പഴേ ഉത്സാഹമില്ല. പിന്നെ ചെറുപ്പകാലങ്ങളില്‍ ശീലിച്ചത് മറന്നാല്‍ ചൊല്ലുതെറ്റുമല്ലോ.
എന്തേ ആന്റോയ്ക്ക് കള്ളു മടുത്തത്?
വയസ്സായതിന്റെയാവും.
അല്ല.
പിന്നെ?
ലോകത്തുള്ള സകലമാന കള്ളും വലിയ വിലയില്ലാതെ ഇവിടുണ്ട്. തോന്നുമ്പഴെല്ലാം അതിനു കൊടുക്കാന്‍ ക്രെഡിറ്റു കാര്‍ഡും.

നേരാണ്‌. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ ലൈബ്രറിയില്‍ പോയിരുന്നത് മാസികകള്‍ നോക്കാനായിരുന്നു. അതിലെ അടിവസ്ത്രത്തിന്റെ പരസ്യങ്ങളിലെ പെണ്ണുങ്ങളുടെ  ഫോട്ടോ നോക്കിയിരുന്നാല്‍ ഞാന്‍ വിറയ്ക്കും. വിയര്‍ക്കും. ചൂടിന്റെയും തണുപ്പിന്റെയും ആള്‍ട്ടര്‍നേറ്റ് കറണ്ട് കാല്‍ വെള്ളയില്‍ നിന്നും ഉച്ചിയിലേക്ക് പായും. കോളേജ് ഹോസ്റ്റലില്‍ നീലച്ചിത്രം കാണാന്‍ എല്ലാവരും പിരിവെടുത്ത് ടീവിയും വീസീയാറും വാടകയ്ക്കെടുക്കാന്‍ തുടങ്ങിയതോടെ വിഷ്വല്‍സ് എന്നെ എക്സൈറ്റ് ചെയ്യാതെയായി. ഡിജിറ്റല്‍ യുഗത്തോടെ  ആ സുഖം പരിപൂര്‍ണ്ണമായും എന്നെന്നേക്കുമായും നഷ്ടമായി.

പിറന്നാളിനൊരു കേക്കോ ഫ്രോക്കോ കിട്ടിയാല്‍ തുള്ളിച്ചാടിയിരുന്ന കുട്ടിയായിരുന്നു കാണും ഒരിക്കല്‍ ശ്രീമതി അംബാനി. ഇന്നവരെ വിമാനവും എക്സൈറ്റ് ചെയ്യുമോ ? പതിനഞ്ചു സൂപ്പര്‍ ജംബോ വാങ്ങാന്‍ അവര്‍ക്കെന്തു പ്രയാസം? പാവം അമ്മച്ചി.
കറിയ്ക്കുള്ള കാശിനും കൂടി പൊറോട്ട വാങ്ങിക്കാന്‍ വേണ്ടി ഒഴിപ്പിക്കുന്ന ബീഫിന്റെ ചവ്വ്  ആയിരുന്നു ലോകത്തിലേറ്റവും രുചിയുള്ള സാധനം ഒരിക്കല്‍. ബുര്‍ജ്ജ് അല്‍ അറബ് അടക്കം ഇരുപത്തയ്യായിരം ഹോട്ടലുള്ള നാട് ഭക്ഷ്ണത്തിലെ സുഖം നശിപ്പിച്ചുകളഞ്ഞതുപോലെ അല്ലേ?

ഈ ലോകത്തെ ഏറ്റവും മികച്ച പുസ്തകം സുമംഗലയുടെ മിഠായിപ്പൊതി ആണ്‌. ഏത് എക്കോവിനും ചെക്കോവിനും ഇനിയതുപോലൊന്നെഴുതാനാവുമോ എന്തോ.

പോകാം?
പോകാം.

ഒരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി9-ല്‍ ഒരറബി ഇരിക്കുന്നു. സുരസുന്ദരികളും സുന്ദരന്മാരും ബാലികമാരും ബാലന്മാരും ശിഖണ്ഡികളും വൃദ്ധകളുമെല്ലാമടങ്ങിയ പതിനായിരങ്ങള്‍ കാത്തിരിക്കുന്ന ലീലാഗേഹത്തിനു മുന്നില്‍ ലൈംഗികസുഖമെന്തെന്ന് വണ്ടറടിച്ചിരിക്കുന്ന അക്ബര്‍ ചക്രവര്‍ത്തിയെപ്പോലെ.

"പാവം ഒന്നു ടയറുരുട്ടി ഈ വഴി ഓടുന്നതിന്റെ രസം പോലും അനുഭവിക്കാന്‍ യോഗമില്ല. " സുഹൃത്ത് ചിരിച്ചു.

അയാളുടെ ബമ്പര്‍ സ്റ്റിക്കര്‍ -എക്സ്പ്ലോഡ് യുവര്‍ സെന്‍സസ്.
ഹഹ . ട്രൈ ആന്‍ഡ് ഡൂ ഇറ്റ്.

കൂട്ടുകാരന്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കി .
"മൂപ്പരാളു കൊമേഡിയന്‍ തന്നെ."

കച്ചട പെട്ടികള്‍ക്കു മുകളില്‍ ഒരു പൂച്ച അവളുടെ  ആടുന്ന വാല്‍ പിടികൊടുക്കാതെ കുഞ്ഞുങ്ങളെ ഇട്ട് കുരങ്ങു കളിപ്പിക്കുന്നു.  ഞാനതുനോക്കി പൊട്ടിച്ചിരിച്ചു. പത്തുമുപ്പതുകൊല്ലം മുമ്പും  ഞാനിതുകണ്ട് ചിരിച്ചിട്ടുണ്ട്, അന്നത് ചിരി വന്നിട്ടായിരുന്നു.