നാട്ടില്‍ പോയി കഴിഞ്ഞാല്‍ എന്തരെങ്കിലും ചെയ്യാന്‍ തൊടങ്ങണം ചെല്ലാ.
അണ്ണന്‍ അപ്പ് ഇവിടെ ഒന്നും ചെയ്തില്ലീ.
അതല്ല എന്തെങ്കിലും ഒരു സെറ്റ് അപ്പ്. ഒട്ടും റിസ്ക് ഇല്ലാത്ത വല്ലതിലും കാശു മൊടക്കണമെന്ന്. വെറുതേ ഇരിക്കരുതല്ല്.
ഒട്ടും റിസ്ക് ഇല്ലാതെ ഇരിക്കണമെങ്കില്‍ അണ്ണന്‍ കാശെല്ലാം വീട്ടിന്റെ തറയില്‍ കുഴിച്ചിട്ട് അതിന്റെ മോളില്‍ കേറി ഇരിക്ക്.
ഊതല്ലേ.
സീരിയസ്സായി പറഞ്ഞതാ.
എടേ അപ്പോള്‍ വരുമാനം വേണ്ടേ.
എക്സാറ്റ്ലി. റിസ്ക് ഇല്ലെങ്കില്‍ വരുമാനമില്ല. അണ്ണന്‍ കാശു മൊടക്കി ഒരു പെട്ടിക്കട തുറന്നാല്‍ ചെറിയ വരുമാനവും തുടങ്ങി, റിസ്കും തുടങ്ങി.
ഡേ, കണ്‍ഫ്യൂഷന്‍ ആക്കല്ലേ.
അണ്ണാ, റിസ്കിന്റെ തത്വം അതാ. റിസ്കു കൂടുമ്പോള്‍ റിട്ടേണ്‍ കൂടും, റിസ്ക് കുറയുന്നതനുസരിച്ച് റിട്ടേണ്‍ കുറയും. അഞ്ചു രൂപ കൊടുത്ത് ലോട്ടറി എടുത്താല്‍ അഞ്ചു ലക്ഷം രൂപ കിട്ടും അതായത് റിട്ടേണ്‍ ഓണ്‍ ഇന്വെസ്റ്റ്മെന്റ് ഒരു ലക്ഷം തവണ. എന്തൊരു ലാഭം! എന്താ കാരണം? ലോട്ടറി അടിക്കാതിരിക്കാനുള്ള റിസ്ക് അത്ര കൂടുതല്‍ ആണ്.
അപ്പോ ഈ റിസ്ക് ചീത്തയല്ലീ? ശരിക്കും എന്തരാ ലിത്?
ലതിനു ഒരുപാട് ഡെഫനിഷനും തത്വശാസ്ത്രവുമൊക്കെയുണ്ട്, ലളിത മായ എന്നീ പെണ്ണുങ്ങളുടെ ഭാഷയില്‍ നഷ്ടം വരാനുള്ള സാദ്ധ്യതയാണ് റിസ്ക്.
ഇതിനെ എങ്ങനെ മനസ്സിലാക്കും?
അണ്ണന്‍ മിഡില്‍ സ്കൂളില്‍ വെന്‍ ഡയഗ്രം വരക്കാന്‍ പഠിച്ചത് അതിനല്ലീ. അണ്ണന്‍ ഒരു ബിസിനസ്സ് മനസ്സില്‍ കാണുന്നു. അപ്പഴേ എടുക്കും പേപ്പറും പെന്‍സിലും. അണ്ണന്റെ ബിസിനസ്സിനെ ബാധിക്കുന്ന അല്ലെങ്കില്‍ സ്വാധീനിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒരു വട്ടം വരയ്ക്കും. അണ്ണനു നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം മറ്റൊരു വട്ടം.
അപ്പ?
അപ്പ രണ്ട് വട്ടപ്പൂജ്യം. ഇതില്‍ അണ്ണന്റെ ബാധ വട്ടവും നിയന്ത്രണവട്ടവും തമ്മിലുള്ള ഇന്റര്‍സെക്ഷന്‍ ആണ് നിശ്ചിതാവസ്ത. ബാധവട്ടത്തില്‍ അണ്ണന്റെ നിയന്ത്രണവട്ടം കയറാത്തിടം അനിശ്ചിതാവസ്ഥ. അനിശ്ചിതാവസ്ഥ കൂടുന്നതും നിശ്ചിതാവസ്ഥ കുറയുന്നതും അണ്ണന്റെ റിസ്ക് കൂട്ടുന്നു. പൂജ്യങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാത്ത ബിസിനസ്സ് ലോട്ടറിക്കളി. എന്തരു റിസ്ക്. ബാധപ്പൂജ്യം നിയന്ത്രണപ്പൂജ്യത്തിനുള്ളില്‍ നില്‍ക്കുവാണെങ്കില്‍ റിസ്ക് പൂജ്യം. ഇതൊക്കെ ക്ലാസ് റൂം സിറ്റുവേഷനല്ലീ.
റിസ്ക് കൂടുന്നു കുറയുന്നു എന്നല്ലാതെ എത്രയുണ്ടെന്ന് അപ്പോഴും അളക്കാന്‍ പറ്റണില്ലല്ല്?
പറ്റുവല്ല്. അതിനല്ലേ പ്രോബബിലിറ്റി തീയറി. ഒരു അവസ്ഥ വരാനുള്ള സാദ്ധ്യതയെ അതുണ്ടാക്കുന്ന നഷ്ടം കൊണ്ട് ഗുണിച്ചാല്‍ റിസ്ക് അണ പൈസയായി കണക്കാക്കാം.
ഉദാഹരിക്കെടേ.
അഞ്ചു രൂപയുടെ ലോട്ടറി എടുത്തു. ഒരു സീരീസില്‍ ഒരു ലക്ഷം ലോട്ടറി ഉണ്ടെന്ന് വെയ്. ഒരാള്‍ക്കടിക്കും, അതായത് അതടിക്കാതിരിക്കാനുള്ള പ്രോബബിലിറ്റി നാലുലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതു മടങ്ങാണ് അതായത് പ്രോബബിലിറ്റി 99.9998 ശതമാനം. ഇതിനെ അണ്ണന്‍ മുടക്കാന്‍ പോകുന്ന അഞ്ചു രൂപ കൊണ്ട് ഗുണിച്ചാല്‍ ഈ എടപാടില്‍ അണ്ണന്റെ റിസ്ക് രൂപ 4.99999 . ഇങ്ങനെ ഏതു ബിസിനസ്സിലും എത്രയാണു റിസ്ക് എന്ന് കണക്കു കൂട്ടാം, ബിസിനസ്സിന്റെ സങ്കീര്‍ണ്ണതയ്ക്കനുസരിച്ച് കണക്കിന്റെ കടുപ്പവും കൂടും.
അല്ലടേ നീയാദ്യം പറഞ്ഞില്ലേ റിസ്ക് കൂടുന്നതനുസരിച്ചു ലാഭവും കൂടുമെന്ന്, അപ്പോള്‍ റിസ്ക് കൂടുതലുള്ള ബിസിനസ്സാണോ എല്ലാവരും തെരഞ്ഞെടുക്കാറ്?
അങ്ങനെയല്ല. ലാഭമുള്ള എല്ലാ ബിസിനസ്സിനും റിസ്കുമുണ്ട്. വിവരമുള്ളവന്‍ കൃതമായി റിസ്ക് അളക്കും, എന്നിട്ട് ഏരിയ ഓഫ് സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള സകല പണിയും പയറ്റും. നമ്മള്‍ കയ്യിലെടുക്കുന്ന സാഹചര്യത്തില്‍ നിന്നും റിസ്കിനെ പരമാവധി താഴോട്ട് തള്ളിക്കളയുക അതായത് സ്വാധീനവട്ടത്തെ വലിച്ചു വലുതാക്കി ബാധാവട്ടവുമായുള്ള ഇന്റര്സെക്ഷന്‍ പരമാവധി വലുതാക്കുക എന്നതാണ് റിസ്ക് മാനേജ്‌മെന്റ്.
പറയുമ്പ എന്തരെളുപ്പം. ചെയ്തു നോക്കുമ്പഴാ.
ഒരു കാര്യവും പറയുന്ന എളുപ്പത്തില്‍ ചെയ്യാന്‍ പറ്റൂല്ല. പക്ഷേ അസാദ്ധ്യമൊന്നുമല്ലണ്ണാ. വലിയ ചിത്രം, മുഴുവനായുള്ള ചിത്രം മനസ്സില്‍ കാണാന്‍ കഴിയണം, തെളിഞ്ഞു തന്നെ. അതിലാണു കാര്യം. ഈ ചിത്രം കാണാന്‍ പറ്റുന്നവനാണ് കണ്ണുള്ളവന്‍- വിഷനറി. അതു മാത്രം മതി. ബാക്കി എന്തും നമുക്ക് കൂലിക്കെടുക്കാം, പലിശ കൊടുത്താ മൂലധനം കിട്ടും, ശമ്പളം കൊടുത്താ ഏതു വിദഗ്ദ്ധനെയും വാടകയ്ക്കെടുക്കാം, വില കൊടുത്താ എന്തു യന്ത്രവും സ്ഥലവും വാങ്ങാം, ഫീസുകൊടുത്താല്‍ എന്തു ടെക്നോളജിയും ഉപയോഗിക്കാം, പക്ഷേ വിഷന്‍ വാങ്ങാന്‍ കിട്ടൂല്ല. അണ്ണനു പുലിവിഷന്‍ ഉണ്ടാകട്ടെ. മംഗളം.
പോവല്ലേ, ഈ വിഷന്‍ കിട്ടിയാല്‍ എന്തരു ചെയ്യണം?
ഈ-വിഷന്‍ കിട്ടിയാല്‍ സീരിയല്‍ കാണണം. അണ്ണാ നമ്മളു എന്തരായിത്തീരണം എന്നതാണു വിഷന്‍. അതിനെ മിഷന്‍ ആക്കണം, എന്തു ചെയ്ത് നമ്മള്‍ അങ്ങനെ ആകണം എന്ന്. എന്നിട്ടതിനു ഗോളുകള്‍ ഉണ്ടാക്കണം. ആ ഗോളുകള്‍ എങ്ങനെ നേടാം എന്നതിനു സ്ട്രാറ്റജികള്‍ വേണം. ഈ സ്ട്രാറ്റജികള്‍ നടപ്പിലാക്കാന്‍ ഒരു പ്ലാന്‍ വേണം. ഈ പ്ലാനിനു ബഡ്ജറ്റ് വേണം. ഇത്രയും ആയാല്‍ ഒരു മാതിരി പരുവമായി.
നീളം കൂടിപ്പോയി ഉദാഹരണം ഇല്ലാതെ പറ്റൂല്ല.
അണ്ണാ, എനിക്കു ഗൃഹസ്ഥനായി സ്വസ്ഥനായി ജീവിക്കണം - വിഷന്‍
സ്വന്തം കുടുംബമുണ്ടാക്കി ഭാര്യാസമേതം കുട്ടികളെ വളര്‍ത്തി വലുതാക്കണം- മിഷന്‍
ഭാര്യയെ വേണം, മക്കളെ വളര്‍ത്തണം, വരുമാനം വേണം- ഗോള്‍സ്
കല്യാണം കഴിക്കണം, കുട്ടികളെ ജനിപ്പിക്കണം, ജോലി ചെയ്ത് കാശുണ്ടാക്കണം, പിള്ളേരെ മര്യാദയ്ക്കു പഠിപ്പിക്കണം..... സ്ട്രാറ്റെജീസ്
വരുന്ന കൊല്ലം ഒരു പെണ്ണിനെ കണ്ടുപിടിക്കാന്‍ ബ്രോക്കറെ ഇടപാട് ചെയ്യണം, ഒരു പ്രൊഫഷണല്‍ ഡിഗ്രീ കൂടെ എടുത്ത് പ്രൊമോഷന്‍ ഉറപ്പാക്കണം, വീടൊരെണ്ണം വാടകയ്ക്ക് എടുക്കണം, കെട്ടാനുള്ള കാശ് സമ്പാദിച്ചു വയ്ക്കണം, വീട്ടില്‍ അത്യാവശ്യം ഫര്‍ണിച്ചര്‍ വേണം ടെലിവിഷന്‍ വേണം, പാത്രങ്ങള്‍ വേണം - വരുന്നാണ്ടത്തെ പ്ലാന്‍.
ലതിന്റെ ബജറ്റ് കേട്ടോ:
ബ്രോക്കര്‍ ഫീസ് - 5000
ഓറക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ - 10000
വീട്ടുവാടക - 50000
കല്യാണച്ചിലവ് - 100000
ഫര്‍ണിച്ചര്‍ - 50000
ടെലിവിഷന്‍ - 30000
ചട്ടിവട്ടികള്‍- 10000
മൊത്തം എക്സ്പന്‍സ് ബജറ്റ് രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം, ശമ്പളത്തീന്നു മാറ്റി വച്ച ഒരുലക്ഷത്തി അറുപത്തയ്യായിരം, പേര്‍സണല്‍ ലോണ്‍ തൊണ്ണൂറായിരം.
ഒരു മാതിരി പിടി കിട്ടി. ഈ സ്ഥിതിയിലാണു കാര്യങ്ങളെങ്കില്‍ സ്ത്രീധനം വാങ്ങി ആ പേര്‍സണല്‍ ലോണങ്ങ് ഒഴിവാക്കുന്നതാ ബുദ്ധി.
അണ്ണന്‍ ശരിക്കു ബിസിനസ്സുകാരനായിക്കഴിഞ്ഞു. ഒരു സുനാപ്പി വിട്ടു പോയത് കൂട്ടിച്ചേര്‍ക്കട്ടെ, മിഷന്‍ മുതല്‍ ഇങ്ങു താഴെ ബഡ്ജറ്റ് വരെ നീളുന്ന ചങ്ങലയിലൂടെ കൊരുത്തു കിടക്കുന്ന ഒരു പട്ടു നൂലുണ്ട്, അതിന്റെ പേരാണു കോര്‍ വാല്യൂസ്. അണ്ണന്‍ തീരുമാനിക്കുന്നതാണ് അണ്ണനെ കോര്‍ വാല്യൂസ്. എത്ര ലാഭവും നഷ്ടവും ഉണ്ടാക്കിയാലും കമ്പനി പൂട്ടിപ്പോയാലും കോര്‍ വാല്യൂവില്‍ അണുവിട ചലിക്കരുത്. അത് നിയമം ലംഘിക്കില്ലെന്നാവാം, മായം ചേര്‍ക്കില്ലെന്നാവാം, രാജ്യദ്രോഹ ബിസിനസ്സ് ചെയ്യില്ലെന്നാവാം, സ്ത്രീധനം വാങ്ങിക്കില്ലെന്നാവാം, ഇതൊക്കെ ചെയ്യുമെന്നുമാവാം, സ്വഭാവമനുസരിച്ച് എന്താണു കോര്‍ വാല്യൂ എന്നത് മാറിയേക്കാം, പക്ഷേ കോര്‍ വാല്യുവില്‍ നിന്നും മാറരുത് .
ഒരു ലൈവ് ഉദാഹരണവുമില്ലേടേ ഈ കല്യാണമല്ലാതെ?
ഒരെണ്ണം ദാ നെറ്റില്‍ നിന്നും - ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ കോര്‍ വാല്യൂ
It is a core value for Google that there be no compromising of the integrity of our results. We never manipulate rankings to put our partners higher in our search results. No one can buy better PageRank. Our users trust Google's objectivity and no short-term gain could ever justify breaching that trust.
എടേ അപ്പീ, കാശുണ്ടാക്കിയില്ലെങ്കിലും സേര്‍ച്ച് റിസല്‍റ്റില്‍ കളിക്കൂല്ല എന്നല്ലേ ഈ പറയുന്നത്. അപ്പോ ഗൂഗിളിന്റെ ലക്ഷ്യം കാശുണ്ടാക്കല്‍ അല്ലേ?
തീര്‍ച്ചയായും, എങ്ങനെയും കാശുണ്ടാക്കിയാല്‍ അതിനെ നിലനിര്‍ത്താനാവില്ല അണ്ണാ. ഈ കോര്‍ വാല്യൂ, ചത്താലും വിടാത്ത മൂല്യമാണ് ഗൂഗിളെന്നു കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന വിശ്വാസം. അതാണവരുടെ വലിപ്പം, അതാണ് അവരുടെ നിലനില്പ്പ്, അതാണവരുടെ നാളെ, അതാണ് അവരുടെ സനാതനത്വത്തിനെ ആണി.
നാലു ചക്രം കൂടുതല്‍ കിട്ടാന്‍ മുളകുപൊടിയില്‍ അറക്കപ്പൊടി പെയിന്റടിച്ചു ചേര്‍ക്കുന്ന പലചരക്കു കടക്കാരനില്‍ നിന്നും ബിസിനസ്സ് ഒരുപാടു പുരോഗമിച്ചു പോയി. ലോകത്തിന്റെ ആ പുരോഗതിക്കൊപ്പം വളരുന്ന വലിയ വിഷനുണ്ടാക്കാന്‍ അണ്ണനും ഞാനുമടങ്ങുന്ന കേരളീയര്‍ക്കു കഴിയട്ടെ, വലിയ മാറ്റമുണ്ടാവും. അല്ലാതെ അച്ചുമാമന്‍ വികസനം കൊണ്ടുവരാന്‍ പോണില്ല, എവിടെന്നെങ്കിലും പറിച്ചു കൊണ്ടു നടാന്‍ ആ പാവത്തിനു പറ്റുന്ന സാധനമല്ല അത്, വികസിക്കേണ്ടത് മനസ്സാണ്