Tuesday, April 6, 2010

എരുമയ്ക്കും മനുഷ്യാവകാശമോ?

ആദ്യം വി എച്ച് പി, പിന്നെ ശിവസേനയും ബിജേപിയും ഇപ്പോള്‍ ദാ മുസ്ലീങ്ങളും പ്രതിഷേധം തുടങ്ങി. സാനിയ ഇന്ത്യക്കാരനെ കെട്ടണം. ദേശദ്രോഹം ചെയ്യരുത്. നാണമില്ലേ, മാനമില്ലേ?

ഒരു ഇന്ത്യക്കാരന്‍ പാക്കിസ്ഥാനി സ്ത്രീയെ കല്യാണം കഴിച്ചെങ്കില്‍ ഇങ്ങനെ തുള്ളിയുറഞ്ഞ് വരുമായിരുന്നോ ആളുകള്‍? തീര്‍ച്ചയായും എന്നാണു മനസ്സില്‍ വരുന്ന ഉത്തരം, അല്ലേ? നില്ല്, പറയട്ട്.

കന്നുകാലിയും പെണ്ണുമായിരുന്നു ആദിമഗോത്രകാലത്ത് നമ്മള്‍ക്ക് ആകെയുള്ള സ്വത്തുക്കള്‍. പല പ്രാചീന ഗോത്രവര്‍ഗ്ഗങ്ങളിലും പെണ്ണു ചോദിച്ചു ചെല്ലുമ്പോള്‍ പകരം കന്നുകാലികളെ കൊടുത്ത് കടം വീട്ടുമായിരുന്നു. (പെണ്ണു കാലിയെക്കാള്‍ കൂടുതല്‍ വിലയുള്ള മൃഗമായിരുന്നെന്ന് തോന്നുന്നു, ഒരു പെണ്ണിനു പകരം ഒന്നിലേറെ കന്നുകാലികളെ കൊടുക്കണം) . നമ്മുടെ കാട്ടാളന്‍ കുടിയിലെ ഒരു എരുമയെ ആരെങ്കിലും അഴിച്ചുകൊണ്ട് പോയാല്‍ നാം സഹിക്കുമോ? അതാണ്‌.

സിനിമ കാണുന്നവര്‍ക്ക് ഇത് എളുപ്പം മനസ്സിലാവും. മലയാളം സിനിമയാണെങ്കില്‍ നായകനു തമിഴുപെണ്ണിനെയോ ഹിന്ദിക്കാരിയെയോ സ്നേഹിക്കാം, കെട്ടാം, അടിച്ചു മാറ്റാം, ഓടിച്ചിട്ട് മരം ചുറ്റി കളിക്കാം. തമിഴ് നാട്ടിലാകുമ്പോള്‍ തമിഴനു മലയാളിപ്പെണ്ണിനെ സ്നേഹിക്കാം- തിരിച്ച് ? അപ്പ നമ്മള്‍ അയ്യായിരമാണ്ട് പിറകോട്ടോടും. നമ്മ മലയാളത്താന്‍ കുടിയിലെ എരുമയെ അടിച്ചു മാറ്റുന്ന കഥയോ? അത് ശരിയാവില്ല.

സിനിമയിലെ മലയാളിപ്പെണ്ണ് എന്നാണ്‌ ഒരു പുറം നാട്ടുകാരനെ സ്നേഹിച്ചത്? നീലപ്പൊന്മാനിലെ റഷ്യക്കാരനെ പ്രണയിച്ച പെണ്ണ് കഴിഞ്ഞ് ഒന്നും മനസ്സില്‍ വരുന്നില്ല. തമിഴില്‍ അങ്ങനെ ഒന്ന് കണ്ട ഓര്‍മ്മയേ ഇല്ല (മൈക്കിള്‍ മദന്‍ കാമരാജനില്‍ കാമേശ്വരനും അവന്‍ പ്രേമിക്കുന്ന പെണ്ണും പാലക്കാട്ടുകാര്‍ ആയിരുന്നു- അതിര്‍ത്തിക്കപ്പുറത്തുള്ളവന്‍ അവിടത്തെ പെണ്ണിനെ പ്രേമിച്ചോണം.). ഹിന്ദിയില്‍ ഒരു വലിയ മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു ഏക് ദുജേ കേലിയേ- ഹിന്ദിക്കാരി പെണ്ണിനെ പ്രേമിക്കുന്ന മദ്രാസി. എന്നാല്‍ ശ്രദ്ധിച്ചാല്‍ അതിലെ ഗുണപാഠവും കാണാം- ഇമ്മാതിരി പ്രേമം നാശത്തിനാണ്‌, ഒടുക്കം തുലഞ്ഞു പോകുകയേ ഉള്ളൂ.

ആഹാ ഞങ്ങളിവിടെ നില്‍ക്കുമ്പോള്‍ സാനിയയെ കണ്ട പാക്കിസ്ഥാനി അഴിച്ചോണ്ട് പോകുമോ, എങ്ങനെ സഹിക്കും? അപ്പ ഞങ്ങള്‍ ആരായി? എടടേ പന്തം. കൊളുത്തെടേ തീ.

Sunday, April 4, 2010

കല്പ്പിത സഭ്യത

"രക്തം, മലം, മൂത്രം, കഫം, ഇന്ദ്രിയം ഇവ പരിശോധിക്കപ്പെടും." എന്നായിരുന്നു ഞാനൊക്കെ സ്കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ മെഡിക്കല്‍ ലാബുകള്‍ വയ്ക്കുന്ന ബോര്‍ഡ് . ആദ്യം ഇതു ശ്രദ്ധിച്ചപ്പോള്‍ ഒരു ജിജ്ഞാസ തോന്നി. ആദ്യത്തെ നാലില്‍ മൂന്നും വൃത്തികേടാണ്‌, അഞ്ചാമത്തെ ഇന്ദ്രിയം എന്താണാവോ.

വീട്ടില്‍ ചെന്ന് നേരേ ചോദിച്ചു. എന്താണ്‌ ഇന്ദ്രിയം?
സെന്‍സസ്- പഞ്ചേന്ദ്രിയങ്ങള്‍ എന്നു വച്ചാല്‍...

അത്രേയുള്ളൂ. ഹ കള.

കുറച്ചു കൂടെ വലുതായി കാര്യവിവരമൊക്കെ വന്നപ്പോള്‍ സംഗതി പിടികിട്ടി. ശേഷം അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ എന്ന പാട്ടു കേട്ടപ്പോള്‍ അതുവരെ തോന്നാത്ത ഗൂഢാര്ത്ഥം എന്തോ വരികളില്‍ തോന്നുകയും ചെയ്തു.

പിന്നെ പിന്നെ ബോര്‍ഡുകള്‍ ബോള്‍ഡ് ആയി. അഞ്ചാമത്തെ വൃത്തികേടായി അവര്‍ ശുക്ലമെന്നു തന്നെ എഴുതി. "ഇന്ദ്രിയങ്ങളില്‍ ശൈത്യ നീലിമ" എന്നൊക്കെ പാട്ടു കേള്‍ക്കുമ്പോള്‍ 'ശുഭം' എന്നാണോ ഉദ്ദേശിക്കുന്നതെന്നൊക്കെ എനിക്കു മനസ്സില്‍ അറിയാതെ സംശയം മുളയ്ക്കുന്നത് ബാക്കിയുമായി.

തമിഴുനാട്ടില്‍ ഭാര്യ എന്ന പദം ഇതുപോലെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഉന്‍ വൈഫ് എന്നോ നിന്റെ ഉന്നോട പൊണ്ടാട്ടി, മനൈവി എന്നൊക്കെയോ പറയുന്നത് മോശമാണ്‌. ഇംഗ്ലീഷിലാണെങ്കില്‍ ഫാമിലി എന്നു പറയണം, തമിഴിലാണെങ്കില്‍ സംസാരം എന്നും.

പാച്ചുവും കോവാലനും കാര്‍ട്ടൂണില്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് വന്ന് മുണ്ടുപൊക്കി കാണിച്ച് അസഭ്യം പറഞ്ഞ സംഭവം പാച്ചു കോടതിയില്‍ "പ്രതി ഞങ്ങളുടെ കവാടത്തിനരികെ വന്ന് ചില ജൗളിത്തരങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പ്രാകൃതമായ രീതിയില്‍ ഞങ്ങളെ വന്ധ്യംകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു" എന്നാണ്‌ ബോധിപ്പിച്ചത്. കോടതില്‍ വൃത്തികേട് പറയാന്‍ പാടില്ലല്ലോ. (സംഗതി ഒറിജിനലി വോഡൗസിന്റേതാണ്‌. I would say what the lady stated was crudely surgical എന്ന് ജീവ്സ്)

പണ്ടൊരിക്കല്‍ ഇറച്ചിക്കടയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ആടിന്റെ "വെത" വേണമെന്ന് ആവശ്യപ്പെട്ടു വാങ്ങിപ്പോയി. ഇതെന്തു വിശ്വാസത്തിലാണ്‌ ആളുകള്‍ വാങ്ങുന്നതെന്ന് എനിക്കറിയാമായിരുന്നിട്ടും ഒരു രസത്തിനു "അതെന്തു കറിയുണ്ടാക്കാനാ ഹമീദിക്കാ അയാള്‍ ആട്ടിന്റെ വെത വാങ്ങിച്ചത്." എന്നു ചോദിച്ചു. എഴുപതു വയസ്സായ ഇറച്ചിവെട്ടുകാരനു ആ അണ്മെന്‍ഷനബിള്‍ കാര്യം ഇരുപതു വയസ്സുകാരനോട് പറയാനും വാക്കുണ്ട്.

"അതോ? അത് അവനിക്ക് 'ആസത്തി' ഉണ്ടാവാനാടേ ചെല്ലാ."

ഉള്ളില്‍ മോശമെന്നു തോന്നുന്ന കാര്യത്തിനൊരു ഇല്ലാമാന്യത കല്പ്പിക്കാനാണ്‌ സഭ്യപര്യായങ്ങള്‍ തിരയേണ്ടി വരുന്നത്. ഈയടുത്ത സമയത്ത് ഭാഷയില്‍ വന്നു കയറിയ ഒരു ഇന്ദ്രിയത്തിനെ ശ്രദ്ധിച്ചപ്പോള്‍ ഇതൊക്കെ മനസ്സില്‍ വന്നതാണ്‌. കൂലിത്തല്ലുകാരന്‍, സാമൂഹ്യവിരുദ്ധന്‍, അക്രമി, ആഭാസന്‍ എന്നതിനൊക്കെ പകരമായി നമുക്ക് 'ക്വട്ടേഷന്‍' വന്നു ചേര്‍ന്നു. ആസക്തിയെ കഴപ്പെന്നു വിളിക്കാമോ, മോശമല്ലേ.