Thursday, July 30, 2009

സെണ്ട്രല്‍ കേരളൈറ്റ് ക്രിസ്റ്റ്യന്‍ ഫാമിലി ഒണ്‍ളി

അന്തപ്പാ നീ വീട് റീഫര്‍ണിഷ് ചെയ്യുന്നെന്ന് കേട്ടല്ലോടോ ഊവ്വേ?
കഴിഞ്ഞ്. ഒള്ള പട്ടിയേലും കഴുക്കോലും അടിച്ചു കൂട്ടി ഒരു തരത്തില്‍ ഒപ്പിച്ച്.

നേരത്തേ പറയണ്ടേ, നമ്മടെ കയ്യില്‍ ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന നല്ല പാര്‍ട്ടി ഒണ്ടാരുന്ന്.
അറിഞ്ഞില്ല, ഇനി ആരെങ്കിലും ഫര്‍ണിഷ് ചെയ്യുന്നെങ്കി പറയാം. ആളാരാ?

ഫ്രണ്ടാ, പേര്‌ സഫറുള്ള ബട്ട്.
ബട്ട്? പാക്കിസ്താനിയാ അല്ലേ? പട്ടാണി ഫര്‍ണിച്ചര്‍ വാങ്ങി ഞാന്‍ സഫര്‍ ചെയ്തതാ പണ്ട്.

ഇതങ്ങനെയുള്ള ആളല്ല, മിടുക്കനാ, ഡീസന്റും.
ഇയ്യാക്ക് ഇതിനെ എങ്ങനെ പരിചയം?

പുള്ളിയും ഫാമിലിയുമാണ്‌ എന്റെ ഫ്ലാറ്റ് ഷെയര്‍ ചെയ്യുന്നത്, നല്ല ആളുകളാ.
ങേ? ഇന്നാളി ഫ്ലാറ്റ് ഒഴിഞ്ഞപ്പോ ഞാന്‍ ആ പ്രമോദിനു കൊടുക്കുമോന്ന് ചോയിച്ചതാരുന്നല്ല്, അപ്പ നീ പറഞ്ഞ് കൃസ്ത്യാനികള്‍ക്ക് മാത്രമേ കൊടുക്കൂ അതും ആലപ്പുഴക്കിപ്രത്തും തൃശൂരിനപ്രത്തും ഉള്ള ആര്‍ക്കും കൊടുക്കൂല്ലെന്ന്.

അന്നങ്ങനെ പറഞ്ഞാരുന്ന്.
എന്നിട്ട് ആരെയും കിട്ടീല്ലേ?

കിട്ടി കിട്ടി. ഒരു ഇടുക്കിക്കാരനും ഭാര്യേം വന്നു കൂടി.
എന്നിട്ട് ആളു പോയോ?

ഒവ്വ. രണ്ടാമത്തെ ചെക്ക് വണ്ടി. കാശുചോദിച്ചപ്പ ഇന്ന് നാളെ മറ്റന്നാള്‌, ജോലിയില്ല, ഭാര്യക്ക് ഓപ്പറേഷന്‍ എന്നൊക്കെ പറഞ്ഞ്. മൂന്നാലു മാസം കഴിഞ്ഞപ്പ ഞാന്‍ ഒന്ന് കടുപ്പിച്ച്.
എന്നിട്ട്?

അവന്‍ മുങ്ങി. പോയ പോക്കില്‍ എന്റെ ലാപ്പ്‌ടോപ്പും ഭാര്യ കുളിമുറീല്‍ ഊരിവച്ച വളയും കൊണ്ട് പോയി.
തള്ളേ! ആളു നാട്ടില്‍ കേറി പോയോ?

ഏയ് ഇല്ലെടോ. ദാ അടുത്തു തന്നെ താമസിക്കുന്നു.
പ്യാലകളെ അറിയിച്ചില്ലേ?

ഞാനായിട്ട് വിളിക്കേണ്ടി വന്നില്ല, പോലീസ് എന്നെ തിരക്കി ഓഫീസില്‍ വന്നു.
അതെങ്ങനെ?

പോയവന്‍ പോണ പോക്കില്‍ പോലീസില്‍ ഒരു പരാതിയും കൊടുത്തിട്ടാ പോയത്. ഞാന്‍ രാത്രി കുടിച്ചിട്ട് വന്ന് അവന്റെ ഭാര്യയെ തെറി പറഞ്ഞെന്നും അതുകൊണ്ടാണു സ്ഥലം വിടേണ്ടി വന്നതെന്നും.

എന്നിട്ടെന്തരായി?
എന്താകാന്‍, സ്റ്റേഷനില്‍ അവന്റെ ഭാര്യ നല്ലതുപോലെ കരഞ്ഞു കാണിച്ചു. ഒടുക്കം ഞാന്‍ അയ്യായിരം ദിര്‍ഹം കോമ്പന്‍സേഷനും കൊടുത്ത് മാപ്പും എഴുതിക്കൊടുത്ത് മേലാല്‍ അവനെയോ കുടുംബത്തെയോ കാണാന്‍ ശ്രമിക്കത്തില്ലെന്ന് പോലീസില്‍ എഴുതിയും കൊടുത്ത് ജയില്‍ ഒഴിവാക്കി.

ഓ ആ അനുഭവം കൊണ്ടാണ്‌ അടുത്ത ഷെയറിങ്ങിനു പഠാണിയെ വച്ചത് അല്ലേ?
ഒവ്വ.

ഹും, അന്നാ പ്രമോദിന്റെ ശാപം നിനക്ക് കിട്ടിയതായിരിക്കും. മേലാല്‍ ഇമ്മാതിരി സങ്കുചിത വിശ്വാസങ്ങള്‍ കൊണ്ട് നടക്കരുത്.
ഞാന്‍ മാറിയെടോ.

ഒമ്പതാം മദിരാശി ബറ്റാലിയന്റെ കഥ

മോഹന്‍ലാലിന്റെ സല്യൂട്ട് പ്രോട്ടോക്കോള്‍ സംബന്ധിച്ച ഒരു സംശയം ചോദിച്ചയാളിനു ഒരു ഈ-മെയില്‍ ആയി അടിച്ചതാണ്‌, എന്തോ ഇപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ തോന്നി.

ഒമ്പതാം മദിരാശിബറ്റാലിയന്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ അംഗരക്ഷകരായി 1741ല്‍ സ്ഥാപിക്കപ്പെട്ടു. ഏറെത്താമസിയാതെ തന്നെ കുരുമുളക് വില്പ്പനയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ഡെലനോയുടെ നേതൃത്വത്തില്‍ ഡച്ച് പട്ടാളവും തിരുവിതാംകൂറുമായി കുളച്ചലില്‍ യുദ്ധമുണ്ടായി. യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം- പ്രമുഖമായും ഈ പറഞ്ഞ അംഗരക്ഷകര്‍ ഡച്ചുകാരെ കീഴ്പ്പെടുത്തി. ഡെലനോയും കീഴടങ്ങിയ മറ്റു ഡച്ചുകാരും തിരുവിതാംകൂര്‍ നായര്‍ പടയുടെ സേനയില്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്തു. വെടിക്കോപ്പുകള്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനികളില്‍ നിന്നു വാങ്ങുകയും ചെയ്തതോടെ അടുത്തുള്ള നിരവധി ചെറു രാജ്യങ്ങളെ തിരുവിതാംകൂറിനോട് ചേര്‍ക്കാനും എട്ടുവീട്ടില്‍ പിള്ളമാരുടെ കലാപം അമര്‍ച്ച ചെയ്യാനും രാജാവിനു കഴിഞ്ഞു.

തുടര്‍ന്ന് കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂര്‍ ബ്രിട്ടീഷ് ബന്ധത്തില്‍ കുപിതനായ ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിച്ചു. റോക്കറ്റും പീരങ്കിയും ഉപയോഗിക്കുന്ന ടിപ്പുവിന്റെ കൂറ്റന്‍ സൈന്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കണ്ട് തിരുവിതാംകൂര്‍ ബ്രിട്ടീഷ് സഹായം തേടി.
ടിപ്പുവിനെ മടക്കാനായെങ്കിലും അതോടെ തിരുവിതാംകൂര്‍ ഫലത്തില്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് റെസിഡന്റ് ഭരണം ആരംഭിച്ചു. തിരുവിതാംകൂര്‍ നായര്‍ പട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് റെജിമെന്റിന്റെ ഭാഗമായി. വേലുത്തമ്പിയുടെയും പാലിയത്ത് അച്ചന്റെയും കലാപങ്ങളെ അമര്‍ച്ച ചെയ്തത് ഇതേ പട്ടാളമാണ്‌.

നായര്‍മാര്‍ മാത്രമുള്ള പട്ടാളം എന്ന സങ്കല്പ്പം മാറ്റി നാനാജാതി തെക്കന്‍ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി മദ്രാസ് റെജിമെന്റിനെ ബ്രിട്ടീഷുകാര്‍ പഴശ്ശിരാജയോട് തോളുചേര്‍ന്ന് ടിപ്പുവിനെ ആക്രമിക്കാനും ശേഷം പഴശ്ശിരാജയെ ഇല്ലായ്മ ചെയ്യാനും മറാത്താ സാമ്രാജ്യം ഇല്ലാതെയാക്കാനും അടക്കം ഫലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യാ ഭൂഖണ്ഡത്തില്‍ കാലുറപ്പിക്കാന്‍ മദ്രാസ് റെജിമെന്റ് ഇല്ലാതെ കഴിയില്ലായിരുന്നു.

എന്നാല്‍ വടക്കേ ഇന്ത്യയിലേക്ക് കടന്നശേഷം സിഖ്, രജപുത്ര, പഠാണ്‍ ഗൂര്‍ഖാ പടയാളികള്‍ മദിരാശികളെക്കാള്‍ മികച്ച പോരാളികളാണെന്ന് ബ്രിട്ടീഷുകാര്‍ അനുമാനിച്ചതോടെ മദ്രാസ് റെജിമെന്റിന്റെ പ്രാധാന്യം ബ്രിട്ടീഷ് ഈസ്റ്റിന്ത്യയില്‍ കുറഞ്ഞു.

അച്ചടക്കവും അനുസരണാശീലവുമായിരുന്നു മദ്രാസ് നേറ്റീവ് റെജിമെന്റിന്റെ മുഖമുദ്ര. ശിപായിലഹളയില്‍ അവര്‍ പങ്കെടുത്തില്ല. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരാന്‍ കൂറുമാറിയില്ല. ജാലിയന്‍ വാലാബാഗില്‍ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കു നേരേ തോക്കു ചൂണ്ടാനുള്ള കല്പ്പനയെ അവര്‍ മടിക്കാതെ അനുസരിച്ചു. ലോകമഹായുദ്ധക്കാലത്ത് സിംഗപ്പൂരിലും ഹോംഗ്കോങ്ങിലും അവര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂര്‍ സ്വന്തന്ത്ര ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രീചിത്തിര തിരുന്നാളും സി പിയും വിസമ്മതിച്ചെങ്കിലും ജനത്തിനു ഇന്ത്യമതിയായിരുന്നു. രാജഭരണവും ദിവാന്റെ മൂക്കും പോയിക്കിട്ടി, നമ്മള്‍ ഇന്ത്യക്കാരായി.

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും മദ്രാസ് റെജിമെന്റ് എന്നാല്‍ ഇന്ത്യയോട് സ്നേഹമില്ലാത്ത എന്തോ ഒന്നാണെന്ന്. അങ്ങനെയേ അല്ല കാര്യങ്ങള്‍. ഇന്ത്യന്‍ യൂണിയന്‍ ഇല്ലായിരുന്ന കാലത്താണ്‌ ഇതെല്ലാം സംഭവിച്ചത്. അതത് ഭരണകൂടങ്ങളെ അതു സേവിച്ചു, ബ്രിട്ടീഷ് ഇന്ത്യയും അതിനോട് കലഹിച്ച ജനങ്ങളുടേതല്ലാത്ത ഭരണകൂടങ്ങളും ഇന്ന് ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്‌.

ആധുനിക മദ്രാസ് റെജിമെന്റിലെ ഒമ്പതാം ബറ്റാലിയന്‍ ഇന്ത്യയുടെ അഭിമാനങ്ങളിലൊന്നാണ്‌. അതിന്റെ വീരഗാഥ ഇന്തോപാക്ക് യുദ്ധത്തിലയും ഒളിനാഗന്മാരോടുള്ള പോരാട്ടത്തിലും തുടങ്ങുന്നു. അതിന്റെ ചരിത്രം തുടങ്ങുന്നതു തന്നെ ലെഫ്റ്റനന്റ് കേണല്‍ ഓ ജി ഈപ്പനിലാണ്‌ അതിന്റെ പരമവീരന്മാര്‍ ഇന്ത്യക്ക് വേണ്ടി ജീവന്‍ നല്‍കിയ ശിപായി ഭാസ്കരനിലും തുടങ്ങുന്നു. മദ്രാസ് റെജിമെന്റ് ഇന്ത്യ നേരിട്ട ഭീഷണികളിലും ഇന്ത്യയുടെ വിദേശത്തെ നിയോഗങ്ങളിലും സുത്യര്‍ഹമായി പങ്കെടുത്തു. അതിന്റെ ഇരുണ്ട കാലങ്ങളെ വീണ്ടും ഓര്‍ക്കേണ്ടിവന്നതിന്‌ ഇന്ത്യയുടെ കാവല്‍ഭടന്മാരായ അതിലെ ഇന്നിന്റെ വീരന്മാര്‍ പൊറുക്കട്ടെ.

Wednesday, July 29, 2009

പുതിയ കണ്ടുപിടിത്തം

എറച്ചി വച്ചിരുക്ക്, വറുത്തു വച്ചിരുക്ക്, തടിച്ച കോഴി അരപ്പു തേച്ച് വറുത്തു വച്ചിരുക്ക്..
അണ്ണനിതെന്തര്‌ ഹ്വാട്ടല്‍ തൊടങ്ങിയോ?

ഇതെല്ലാം എനിക്ക് തന്നെ തിന്നാനാടേ. ശാസ്ത്രത്തിന്റെ അജ്ഞത മൂലം വെറുതേ ഓരോന്ന് ഡോക്റ്റര്‍മാരു പറഞ്ഞ് പരത്തി ഞാന്‍ ഇതൊക്കെ വല്ലപ്പോഴും ഇത്തിപ്പോരം ആക്കിക്കളഞ്ഞതാ, ഇനി വേണം മനസ്സമാധാനമായി മൂന്നു നേരം മൂക്കു മുട്ടെ ഇതു തിന്നാന്‍.
അതിന്‌ ഇപ്പ ശാസ്ത്രം എന്തരു തിരുത്തിയെന്ന്?

ലോണ്ടെ ഗവേഷകമ്മാര്‍ക്ക് ബോധം വച്ചെടേ. ലോകം മൊത്തം ആളുകള്‍ ലോ ഫാറ്റ് എന്നു പറഞ്ഞു പോയിട്ടും പൊണ്ണത്തടി കഴിഞ്ഞ നൂറു വര്‍ഷമായി കൂടിയിട്ടേ ഉള്ള്. എന്തര്‌ ഒള്ളത് അല്ലീ?
അത്രേയൊള്ളോ?

അല്ലല്ല, നീ മൊത്തം വായീരടേ, ആഫ്രിക്കന്‍ മസായികള്‍ക്കും എസ്കിമോകള്‍ക്കും ഒന്നും കൊളസ്റ്റ്രോളും ഹാര്‍ട്ടും ഒന്നുമില്ല, ഇതൊക്കെ ഡയറ്റ് നോക്കി ഇരിക്കുന്ന പയലുകള്‍ക്കേ വരൂ.

അതാണോ ഇപ്പ കണ്ട് പിടിച്ചത്?
അതാണ്‌ ഇപ്പ മനസ്സിലായേന്ന് തന്നെ തോന്നണത്, ഇപ്പഴല്ലേ അച്ചടിച്ചെ.

അണ്ണാ ഇതൊക്കെ പണ്ടേ അടിച്ചടിച്ച് അച്ച് തേഞ്ഞ സാതനങ്ങളാ.
എന്നിട്ട് ഇതൊക്കെ നമ്മുടെ ശവസ്ത്രത്തിനു ഇതുവരെ ബോദ്ധ്യമായില്ലേ?

അണ്ണാ, ഇതു മനസ്സിലാവാന്‍ ശാസ്ത്രജ്ഞനും ഡോക്റ്ററുമൊന്നും വേണ്ട, ഒരു കമ്പൗണ്ടര്‍ പോലുമല്ലാത്ത ഞാന്‍ പോലും തികച്ചു വേണ്ട.
എന്നാ നീ പറ, എന്താ ലോകത്തിനു തടി കൂടിയേ?

ആദ്യമായി നൂറുകൊല്ലത്തിന്റെ കണക്കു കള. അമ്പതു വര്‍ഷത്തിനപ്പുറത്ത് പൊണ്ണത്തടിയെപ്പറ്റി ആഗോള വിവരമൊന്നും ഇല്ലായിരുന്നു. അതൊരസുഖമാണെന്ന് ആര്‍ക്കും വിചാരവും ഇല്ലായിരുന്നു. കഴിഞ്ഞ നാല്പ്പതു കൊല്ലമായി ലോകത്തില്‍ പൊണ്ണത്തടി കൂടിയിട്ടുണ്ട്. ആധുനിക ജീവിത രീതി, അതായത് വ്യായാമമില്ലാതെ പാചകം, യാത്ര, വൈകുന്നേരങ്ങള്‍ ചിലവിടല്‍ ഒക്കെയായി സാധാരണക്കാര്‍ക്കു പോലും ജീവിതം. ഭക്ഷ്യ ഉപഭോഗം- കലോറിക്കണക്കില്‍ കൂടി. ചെലവു കുറഞ്ഞ ഭക്ഷണങ്ങള്‍ ഒക്കെയും ശൂന്യ കലോറികള്‍ കൂട്ടുന്നവ ആയി, ഭക്ഷ്യഫാക്റ്ററികള്‍ പുറത്തിറക്കുന്ന അപകടകരമായ വിഭവങ്ങളുടെ ഉപഭോഗം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആളുകള്‍ ഡയറ്റ് കോണ്‍ഷ്യസ് ആകുന്നതിനനുസരിച്ച് ഹൃദ്രോഗമരണവും കുറയുന്നുണ്ട്. അമേരിക്കേ കഴിഞ്ഞ പത്തു കൊല്ലമായി ഹൃദ്രോഗ മരണം നാലിലൊന്ന് കുറഞ്ഞെന്നേ.

എന്നാലും ആ മസായികള്‍ ബീഫും ചോരയും അല്ലേ മുഖ്യമായും കഴിക്കുന്നത്, അവര്‍ക്കെന്താ കൊളസ്റ്റ്റോള്‍ കൂടാത്തത്?
മസായികള്‍ മാത്രമല്ലണ്ണാ, ലോകത്തിലെ സകല ദരിദ്ര ഗോത്രങ്ങളിലും - നമ്മുടെ കാട്ടുകിഴങ്ങും പച്ചവെള്ളവും തിനയും പോലും തികച്ചു തിന്നാനില്ലാത്ത ചോലനായ്ക്കന്മാര്‍ക്ക് വരെ കൊളസ്റ്റ്റോളൊന്നുമില്ല. ഒന്നാമതായി അവര്‍ക്ക് ഭക്ഷ്യ ഉപഭോഗം നമ്മുടേതിലും എത്രയോ താഴെയാണ്‌. രണ്ടാമത് അവര്‍ക്ക് ശൂന്യകലോറി ഭക്ഷണങ്ങള്‍- എണ്ണ, കോള, വറുപ്പ്, പൊരിപ്പ്, പഞ്ചാര തുടങ്ങിയവ ശീലമില്ല. അതുകൊണ്ട് കൊളസ്റ്റ്റോള്‍ താണിരിക്കും, ഏതാണ്ട് എല്ലാവര്‍ക്കും പോഷകാഹാരക്കുറവും കാണും. സാധാരണ ഹൃദ്രോഗം വരുന്ന അമ്പത് അറുപത് വയസ്സുവരെ ജീവിക്കുന്ന പ്രാകൃത ഗോത്രവര്‍ഗ്ഗക്കാര്‍ കുറവുമാണ്‌. ഇതെല്ലാം ആണെങ്കിലും മരിച്ചുപോയ മസായികളില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടങ്ങളില്‍ അവര്‍ക്കും ഹൃദയധമനീരോഗങ്ങള്‍ സാധാരണ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളില്‍ ആശുപത്രിയൊന്നും ഇല്ലാത്തതുകാരണം അവരുടെ മരണവിവരങ്ങളുടെ സ്ഥിതിവിവരക്കണക്കില്ല, തിരക്കിയാല്‍ ഗോത്ര പുരോഹിതന്‍ " മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍" കൊണ്ടു മരിച്ചെന്നല്ല ദൈവകോപം മൂത്ത് ആളു പോയെന്നേ പറയൂ.

നീ പറഞ്ഞ രീതിയില്‍ ആലോചിച്ചാ... എന്നാലും ഇങ്ങനെ ഒക്കെ റിപ്പോര്‍ട്ട് കാണുമ്പ
അണ്ണാ, അഘോരികള്‍ക്കും തീരെ കൊളസ്ട്റോളും ഹൃദ്രോഗവും ഇല്ല, അണ്ണന്‍ മനുഷ്യശവം തിന്ന് ആരോഗ്യം ഉണ്ടാക്കുന്നോ?

അതേതായാലും വേണ്ട.
ഒരു കാര്യവും കൂടെ. സുമോ ഗുസ്തിക്കാര്‍ ദിവസം ഒരുനേരമേ ഭക്ഷണം കഴിക്കൂ. അതുകൊണ്ട് പൊണ്ണത്തടി ഉള്ളവരെല്ലാം ഡെയിലി ആറുനേരം ഭക്ഷണം കഴിച്ചാല്‍ അവരുടെ തടി കുറയുമെന്ന് പത്രത്തില്‍ ഞാന്‍ എഴുതിയാ അണ്ണന്‍ അതും ചെയ്യുമോ?

ഈ ചിക്കനും ബീഫും മട്ടണും വറുത്തത് എന്തു ചെയ്യുമെടേ?
പത്തായി പകുത്ത് എട്ടു പൊതി വൈകുന്നേരം പള്ളിയില്‍ കൊണ്ട് കൊട്, ഭക്ഷണം വേണ്ടുന്നോര്‌ വന്നു വാങ്ങിച്ചോണ്ട് പോയിക്കോളും. ബാക്കി രണ്ട് നമുക്ക് രാത്രി ചപ്പാത്തിക്ക് കൂട്ടാം.

അപ്പ ഇന്ത്യക്കാര്‍ക്ക് വിവരമുള്ളതുകൊണ്ടാ തോനേ വെജിറ്റേറിയന്മാര്‍ ഒള്ളത് അല്ലീ?
പിന്നല്ലേ, ദാ ജന്നലീക്കോടെ നോക്ക്. ആ തുണിവിരിക്കുന്നത് കല്പന ജോഷി. ഗുജറാത്തി ബ്രാഹ്മണത്തിയാ. തനി വെജിറ്റേറിയന്‍.

അതു പെണ്ണാരുന്നോ? പൊരിച്ചാക്ക് ആണെന്നാ വിചാരിച്ചത്.
അവരു ശുദ്ധ ഇന്ത്യന്‍ വെജിറ്റേറിയനാ. ഉള്ള പാലും നെയ്യും വെണ്ണേം പഞ്ചസാരേം കൊഴച്ചടിച്ച് ഇപ്പ എവിടേലും ഉരുണ്ടു വീണാ പൊക്കാന്‍ ആനയെക്കൊണ്ട് പിടിപ്പിക്കണം. ലക്ഷണം കണ്ടിട്ട് വലിയ താമസമില്ല. ഗുജറാത്തില്‍ പതിനാറടിയന്തിരത്തിനു ഇഡലി കാണാന്‍ വഴിയില്ല, പകരം എന്താണോ.


വയസ്സായവരെ ഇങ്ങനെ കളിയാക്കാതെടേ ചെല്ലാ.
ഏതു വയസ്സ്? അവര്‍ക്ക് ഇരുപത്തെട്ടേയുള്ളു.

കണ്ടാ ഇരുപത്തെട്ട് കഴിഞ്ഞിട്ട് മുപ്പത്തെട്ട് കൊല്ലം ആയെന്ന് പറയും. അല്ലെടേ, നീ അതിനിടെ അവരുടെ വയസ്സും ചോദിച്ചോ?
ചോദിച്ചതല്ല, പറഞ്ഞതാ. ഇന്നാളില്‍ ഇവര്‍ എന്നെ വന്ന് അങ്കിള്‍ എന്നു വിളിച്ച് . ഞാന്‍ എനിക്കു വെറും നാല്പ്പതാണെന്നു പറഞ്ഞപ്പ അതറിഞ്ഞിട്ട് തന്നെയാ അങ്കിളെന്നു വിളിച്ചതെന്ന്.

Tuesday, July 28, 2009

അറ്റകൈ

എന്തരു ചെല്ലാ മാങ്ങാണ്ടി തപ്പുന്ന മലയണ്ണാനെപ്പോലെ ഇവിടൊക്കെ കിടന്നു പരതണത്?
ചോര ചിന്തുന്നത് എവിടാ? മെഡിക്കല്‍ ഫിറ്റ്നസ് വാങ്ങിക്കാന്‍ വന്നതാ ഞാന്‍, ഇതെന്താ ആശൂത്രി ഒഴിഞ്ഞു കിടക്കുന്നത്? ബോംബ് ഭീഷണിയോ അതോ പാമ്പ് ഭീഷണിയോ?

രോഗികളെ എടുക്കുന്നത് നിര്‍ത്തി.
ഞാന്‍ രോഗിയല്ല ഫിറ്റാ.

ഒരു മെഡിക്കല്‍ സര്‍വ്വീസും ഇവിടില്ല, ഇതിപ്പോ മ്യൂസിയമാ- മെഡിക്കല്‍ ഹിസ്റ്ററി മ്യൂസിയം. വേണേല്‍ ഇവിടെ കയറി ഒക്കെ കണ്ടേച്ചു പോ.
അപ്പോ ബ്ലഡ് സാമ്പിള്‍? വെബ് സൈറ്റില്‍ കണ്ടല്ലോ ഇവിടെ കൊടുക്കാമെന്ന്?

അതിപ്പോ അപ്രത്ത് മുനിസിപ്പാലിറ്റി ക്ലിനിക്കുണ്ട്, ഉച്ചക്ക് പന്ത്രണ്ട് മണിവരെ.
അതിനു മുന്നേ ഓഫീസീന്നു ഇറങ്ങാന്‍ പറ്റത്തില്ല.

എല്ലാടത്തും ഇപ്പോ അങ്ങനാ.
തള്ളേ കറങ്ങിപ്പോകും.

ഒരു കാര്യം ചെയ്യ്, രാവിലേ വീട്ടിനടുത്തുള്ള മുനിസിപ്പല്‍ ക്ലിനിക്കില്‍ പോ, എന്നിട്ടു വേഗം കൊട്. വേറേ വഴി എനിക്കറിയത്തില്ല.
ബ്ലഡ് കൊറിയര്‍ ചെയ്യാന്‍ പറ്റുമോ?

എടേ ആളെ കണ്ട് ഐഡി നോക്കിയേ ബ്ലഡ് എടുക്കൂ.
ശരി.

ഗുഡ്മോര്‍ണിങ്ങ്!

ജീ പി അല്ലേ?
അല്ല ഞാന്‍ ഡോക്റ്ററൊന്നുമല്ല.

അതല്ല, ജീപ്പിയേ കാണാന്‍ വന്നതല്ലേ? അല്ലെങ്കില്‍ പിന്നെ ഗൈനക്കോളജിയും പീഡിയട്രിക്സും മാത്രമേ ഇവിടുള്ളു. അതു രണ്ടും തനിക്കു വേണ്ടല്ലോ.
ഇത്തിപ്പോരം ബ്ലഡ് തരാന്‍ വന്നതാ, മെഡിക്കല്‍ ഫിറ്റ്നസിനു.

അതിവിടെ എടുക്കൂല്ല ബാബാ.
വലഞ്ഞോ, എന്റെ ബ്ലഡ് ആര്‍ക്കും വേണ്ടേ? അടുത്തെവിടെയുണ്ട് ഇനി?

അടുത്ത് മുഹൈസ്നായില്‍ പോണം.
അത് അടുത്തല്ലല്ലോ ദൂരെയല്ലേ?
അതിനടുത്ത് ഒന്നും ഇല്ല.

ചവിട്ടി വിട്ടു. ആപ്പീസില്‍ നിന്നും കിടന്നും വിളിയോട് വിളി. ഒബാമ അമേരിക്കയില്‍ ഇല്ലാത്തപ്പ, എന്നിട്ട് അയാളുടെ ഓഫീസ് ഇങ്ങനെ വിളിച്ച് ശല്യം ചെയ്യാറുണ്ടോ.

മുഹൈസ്നായില്‍ ഒന്നുമില്ല, വിജനം, ശൂന്യം, നിശ്ചലം. പോലീസുകാരന്റെ വണ്ടിക്കടുത്ത് കൊണ്ട് നിര്‍ത്തി.
"ഈ മുഹൈസ്നാ ഹോസ്പിറ്റല്‍ എവിടാ ഏഡ് ചേട്ടാ?"
"അങ്ങനെ ഒരു സാധനം ഇതുവരെ ആരും സ്ഥാപിച്ചിട്ടില്ല അനിയാ. ആരെങ്കിലും തറക്കല്ലിട്ടാല്‍ അപ്പ അറിയിക്കാം."
"അല്ല ബ്ലഡ് കൊടുക്കുന്ന സ്ഥലം?"
"അത് മുഹൈസ്നാ കമ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍ ലാബ്- ദാ ആ ടാങ്കര്‍ ലോറിയുടെ പിറകേ വിട്ടോ, അത് അങ്ങോട്ടാ."

ഇരുപത്തിരണ്ട് വീലുള്ള കൂറ്റന്‍ ടാങ്കര്- സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗതി അമേദദ്ധ്യം ട്രാബ്സ്പോര്‍ട്ടിങ്ങ് വണ്ടി. ഇത്രയും സാമ്പിള്‍ എടുത്ത് പരിശോധിക്കുന്ന അസുഖം ശരിക്കും ഉണ്ടോ അതോ പോലീസുകാരന്‍ എന്നെ വഹിച്ചതാണോ.

സംഗതി വന്‍ ടാങ്കര്‍ ആണെങ്കിലും പോകുന്നത് നാട്ടിലെ ടിപ്പര്‍ ലോറി പോലെ. ഡബിള്‍ ക്ലച്ച്, ടര്‍ബോ ത്രീ തുടങ്ങിയ വീഡിയോഗെയിം കളിച്ച പരിചയം വച്ച് ടാങ്കറിന്റെ പിന്നാലെ പാഞ്ഞു. കുന്തത്തിന്റെ ടാങ്കെങ്ങാന്‍ തുറന്നു പോയാല്‍ ഞാനും വണ്ടിയും ലാവ പ്രവാഹത്തില്‍ പെട്ടു നശിക്കും.

ടാങ്കര്‍ നിന്നു. ഞാനും നിന്നു. ലെഫ്റ്റ് സൈഡില്‍ അതാ വലിയ ചെളി കുഴി, കച്ചറ, ഒക്കേത്തിനെയും നടുക്ക് മുഹൈസ്നാ ലാബ്. അതിനു ചുറ്റും മൂക്കു പൊത്തിയും വെയിലത്തു വിയര്‍ത്തും പത്തഞ്ഞൂറ്‌ പേര്‍ ക്യൂവിലും അല്ലാതെയും. ഇവിടെ ഓട പുതുക്കുകയാണ്‌, ടാങ്കര്‍ അഴുക്ക് പമ്പ് ചെയ്തോണ്ട് പോകാന്‍ വന്നതാ. മിനിമം എട്ടു ദിവസമെങ്കിലും ഈ ക്യൂ തുടരും, ഇവിടെ നിന്നല് മെഡിക്കല്‍ കിട്ടിയാലും ജോലി വേറേ നോക്കേണ്ടിവരും.


ഹലോ ആരോഗ്യവകുപ്പ് അല്ലേ?
വ തന്നെ. ആരോഗ്യ വകുപ്പ് ഹെഡ് ക്വാര്‍ട്ടേര്‍സ് . ഹെഡിലും ഹെഡായ ഹെഡ് സ്പീക്കിങ്ങ്.

അണ്ണാ, ശകലം ചോര കൊടുക്കാന്‍ എന്തുവാ വഴി?
മന്ത്രാലയത്തിലോ? അതിനു ആശൂത്രീ പോണമെടേ.

ക്ഷമിക്കണം, വേറേ വഴിയില്ല. വെബ് സൈറ്റില്‍ നോക്കി, അഞ്ചെട്ടു ധര്‍മ്മാശുപത്രീ പോയി, പോലീസുകാരനോട് വരെ ചോദിച്ചു, ആര്‍ക്കും ഒന്നും അറിയത്തില്ല.

ഇയാള്‍ ഇപ്പ എവിടാ?

ഇപ്പ ഹോറ്ലാന്‍സില്‍.
ഒരു കാര്യം ചെയ്യ് ദാണ്ടെ... ഹും വെയിറ്റ്.. ആ ഈ നമ്പറില്‍ വിളി . അല്‍ തോവര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ സെന്റര്‍ . അപ്പോയിന്റ്മെന്റ് എട്, പോയി കൊട്. അത് തൊട്ടടുത്താ.

ഈ ഉപകാരം ഞാന്‍ സ്മരിച്ചോളാം സാറേ.

വിളിച്ചു, എടുത്തു, കൊടുത്തു. എന്തരെളുപ്പം.

അതാ പറയുന്നത് കാര്യങ്ങള്‍ അന്വേഷിക്കുമ്പോ ശരിക്കുള്ള സ്ഥലത്ത് തന്നെ ചോയിക്കണവെന്ന്.

Tuesday, July 21, 2009

നാടോടുമ്പ അതവാ ച്യാരേ തിന്നുന്നടത്ത്

ഡേ, ആന്റണീ, ഇതെന്തരു പ്യാരാടേ നിന്റെ ബ്ലോഗിന്‌?
എന്റെ ബ്ലോഗിനു എന്റെ പ്യാരല്ലാതെ പിന്നെ അണ്ണന്റെ പ്യാരു കൊടുക്കണാ?

അനോണി ആന്റണി, അണ്ണങ്കൊണ്ണി ആന്റണി, കാപെറുക്കി ആന്റണി, കൊജ്ഞാണന്‍ ആന്റണി ഇതൊക്കെ നിന്റെ പ്യാരല്ലേഡേ, ബ്ലോഗിന്റെ അല്ലല്ല്?
അപ്പ എന്റ പേരല്ലീ ബ്ലോഗിനിടണ്ടത്?

പള്ളി വ്യാറേ പാതിരി വ്യാറേ. ബോട്ട് വ്യാറേ സ്രാങ്ക് വ്യാറേ.
കൊട വേറേ, കൊടക്കാല്‌ വ്യാറേ. ഞാങ്ങ് ഇപ്പ എന്തരു വ്യാണ്ടത്?

ഡേ, നിന്റെ പ്യാരു പെരയ്ക്കിടുവോ?
അങ്ങനേം ഇടാം. എന്റെ പ്യാര്‌ ആന്റണി. പെരയ്ക്ക് ആന്റണിഭവനം, ആന്റണീസ് വില്ല, ആന്റണി സദനം എന്നൊക്കെ ആക്കാമല്ല്?

എന്നാലും പെരയ്ക്ക് ആന്റണി എന്നു പ്യാരിടത്തില്ലല്ല്? ലിതിനൊക്കെ ചെല നാട്ടുനടപ്പൊണ്ട്. അതായത് ചെല്ലാ ബ്ലോഗറുടെ പ്യാരിന്റെ ഒടുക്കം ഒരു എം ചേര്‍ത്താ ലിവിടങ്ങളില്‍ തോനേ ആളുകളും ബ്ലോഗിന്റെ പ്യാരാക്കണത്.
തിരിഞ്ഞില്ലെടേ.

തിരിക്കാവെടേ. ഇപ്പ നിന്റെ പേര്‌ വിനോദ് എന്നാണേല്‍ ബ്ലോഗിനു വിനോദം എന്നു പ്യാരിടും, പ്രശാന്തെന്നാണേല്‍ പ്രശാന്തം എന്നിടും. സൗമ്യ എന്നാണേ സൗമ്യം എന്നിടും, രുദ്ര എന്നാണേല്‍ രുദ്രം എന്നിടും പ്രമോദെന്നാണേ പ്രമോദം എന്നിടും, വിശാഖെന്നാണേല്‍ വിശാഖം, സാം എന്നാണേല്‍ സാമം, ചിത്ര എന്നാണേല്‍ ചിത്രം, കപില്‍ എന്നാണേല്‍ കപിലം, ഉന്മേഷ് എന്നാണേല്‍ ഉന്മേഷം. കല്യാണി കല്യാണം എന്നും. ഏലി ഏലം എന്നിടും, സാഗര്‍ സാഗരം എന്നിടും, വിമല്‍ വിമലം എന്നിടും, കമല്‍ കമലം എന്നിടും, കല കലം എന്നിടും, ചന്തു ചന്തം എന്നിടും മീന മീനം എന്നിടും.
ബോണി എന്നാണേല്‍ ബോണം എന്നിടുവോ?
വ്യാണ്ടല്ല്, ബോണി എം എന്നിടാം.

നാണി നാണം എന്നിട്ടോട്ട്, വാണി എന്തരിടും?
വല്ല പെണ്ണുങ്ങടേം കാര്യം പോട്ട്, നീ നിന്റെ കാര്യം പറയെടേ.

അപ്പ എം വേണം മത്തായിക്ക്, അല്ല ആന്റണിക്ക്, അത്രേയല്ലേ വേണ്ടൂ?
തന്നെ.

Antonym!
കൊള്ളാം.

കൊറച്ചൂടെ കൊള്ളിക്കാം, Anonym Antonym
അത് അസ്സലായെടേ. ബ്ലോഗ് Anonym Antonym. എഴുതുന്നത് Anony Antony

വീട്ടുകാരു പത്രോ എന്നു പേരിട്ടിരുന്നെങ്കി ബ്ലോഗിനു പത്രം എന്നു പേരിടാമായിരുന്നു.
വേണേ ഗസറ്റി കൊടുത്ത് മാറ്റാവെടേ, പേരിനു യോജിച്ച ബ്ലോഗ് ഒണ്ടാവാന്‍ സ്വല്പ്പ ത്യാഗം ഒക്കെ ആവാം.

Sunday, July 19, 2009

കിളിമൊഴി

വിഷുപ്പക്ഷി "വിത്തും കൈക്കോട്ടും" എന്നാണത്രേ പാടുന്നത്. ചിലര്‍ക്കത് "ചക്കയ്ക്ക് ഉപ്പുണ്ടോ" എന്നാണ്‌. കാലന്‍ കോഴി "പുവ്വാം" "പുവ്വാം?" എന്നാണത്രേ പറയുന്നത്. മേലേക്ക് പോകാനുള്ള ക്ഷണമാണു പോലും.


കിളികളുടെ സ്വരം അതിനെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ്‌. ലോകത്തുള്ള പക്ഷികളുടെയൊക്കെ സ്വരം എസ് ഡി കാര്‍ഡില്‍ ആക്കി നടക്കുന്ന ഇക്കാലത്ത് ഒരു ശബ്ദം കേട്ടാല്‍ ഒന്നു താരതമ്യം ചെയ്യാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ പണ്ട് അതൊരു ബുദ്ധിമുട്ടായിരുന്നു. ഒരു ഭാഷയിലെയും അക്ഷരങ്ങള്‍കൊണ്ട് പക്ഷികളുടെ ഭാഷ എഴുതാനാവില്ലല്ലോ. പക്ഷിനിരീക്ഷകര്‍ ഇതിനെ നിമോണിക്കുകള്‍ ആക്കി കൊണ്ടു നടക്കുകയായിരുന്നു പതിവ്. പലതും കേട്ടാല്‍ നമ്മള്‍ക്ക് അറിയാവുന്നതെന്തോ ആണ്‌ പക്ഷി പറയുന്നതെന്നു തോന്നും. ഓലേഞ്ഞാലിയുടെ വിളി കേള്‍ക്കുന്ന മലേഷ്യക്കാരന്‌ അത് "ഡ്യൂറിയന്‍, ഡ്യൂറിയന്‍, ഡ്യൂറിഅന്‍" എന്നാണു പറയുന്നതെന്നു തോന്നും. പാരലല്‍ കോളേജില്‍ കെമിസ്റ്റ്റി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചര്‍ക്ക് അതേ ഓലേഞ്ഞാലി "ക്ലോറിന്‍, ഫ്ലൂറിന്‍. ബ്രോമിന്‍.." പഠിപ്പിക്കുകയാണെന്നും തോന്നും.

ചില കിളിമൊഴികള്‍ രസകരമാണ്‌ ഒലിവ്-സൈഡഡ് ഫ്ലൈ ക്യാച്ചര്‍ "ക്വിക്ക് ത്രീ ബീയര്‍" എന്നാണത്രേ പറയുന്നത്. സംശയം ഉണ്ടെങ്കില്‍ കേട്ടു നോക്കൂ.
അത് ബീയറടിക്കാരന്‍ കിളി. ദാ ട്രേഡ് യൂണിയന്‍ കാരന്‍. ക്യാനഡക്കാരനായ മറ്റൊരു ദേഹം അവിടെ ട്രേഡ് യൂണിയനിസം സ്ഥാപിച്ച ബോബ് വൈറ്റിനെ ജപിച്ചുകൊണ്ടിരിക്കുകയാണ്‌ . അങ്ങനെ പേരും നോര്‍ത്തേണ്‍ ബോബ് വൈറ്റ് എന്നായി.
ചെസ്റ്റ് നട്ട് സൈഡഡ് വാര്‍ബ്ലര്‍ കുറ്റിക്കാട്ടിലെ റിസപ്ഷനിസ്റ്റാണ്‌ . "പ്ലീസ്ഡ്, പ്ലീസ്ഡ്, പ്ലീസ്ഡ്, പ്ലീസ്ഡ് റ്റു മീറ്റ് യൂ" എന്നാണ്‌ അതിന്റെ മൊഴി.
ഈസ്റ്റേണ്‍ ഫീബീ "ഫീബീ ഫീബീ" എന്നാണത്രേ കൂവുന്നത്. എനിക്കതു കേട്ടിട്ട് മീന്‍‌കാരന്‍ "മീനേ.. മീനേ എന്നു വിളിക്കുന്നതുപോലെയാണ്‌ തോന്നിയത്.

ബ്രൂവേര്‍സ് ബ്ലാക്ക്ബേര്‍ഡ് - പേരു കേട്ടപ്പൊഴേ മനസ്സിലായിക്കാണും "വിസ്കീ, വിസ്കീ" എന്നാണു കരയുന്നത്. നമ്മുടെ നാട്ടിലെങ്ങാണുമായിരുന്നെങ്കില്‍ "സ്മാളടിക്കാന്‍ കാശില്ലാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത കുട്ടപ്പായിയുടെ പ്രേതമാണെന്നോ മറ്റോ വിശ്വാസമുണ്ടായേനെ.
ഇന്‍ഡിഗോ കര്‍ദ്ദിനാള്‍ റിട്ടയേര്‍ഡ് മിലിട്ടറി ആയിരിക്കണം. പുള്ളി "ഫയര്‍, ഫയര്‍, ഫയര്‍" എന്നാണു കൂക്ക്. തൊട്ടടുത്ത് എയര്‍ ട്രാഫിക്ക് കണ്ട്റോളറുടെ ആത്മാവും ഉണ്ട് യെല്ലോ ഷാഫ്റ്റഡ് ഫ്ലിക്കര്‍ "ക്ലീയര്‍, ക്ലീയര്‍" എന്നാണ്‌ പറയുക.

ഓസിനടിക്കുന്ന ടീം ആണ്‌ ആല്‍ഡര്‍ ഫ്ലൈ ക്യാച്ചര്‍. മൂപ്പര്‍" ഫ്രീ ബീയര്‍, ഫ്രീ ബീയര്‍" എന്നു തിരക്കി നടപ്പാണ്‌. കേട്ടാല്‍ തന്നെ കഷ്ടം തോന്നും. ഒരെണ്ണം വാങ്ങി കൊടുക്കുന്നോ?

മൂര്‍ഹെന്‍ മഷിക്കച്ചവടത്തിലാണ്‌. ഇങ്ക് ഇങ്ക് ഇങ്ക്! ബാര്‍ഡ് മൂങ്ങ "ഹൂ കുക്സ് ഫോര്‍ യൂ" എന്നാണത്രേ ചോദ്യം.

കിളികളെ ഒന്നും കണ്ടുകിട്ടാതെ മാനത്തോട്ട് നോക്കി വാ പിളര്‍ന്നു നില്‍ക്കുന്നവനെ അമേരിക്കന്‍ റോബിന്‍ സമാധാനിപ്പിക്കും "ചീയറി, ചീയറപ്പ്, ചീയറി, ചീയറപ്പ്"

എന്നിട്ടും സമാധാനമായില്ലെങ്കില്‍ സാവന്ന സ്പാരോ പറയും "റ്റേക്ക്, റ്റേക്കിറ്റ്, റ്റേക്കിറ്റ് ഈസി"

Saturday, July 18, 2009

ഡോഗിന്റെ കാലം

അണ്ണാ, ദേശാഭിമാനിയിലെ ഹോട്ട് ഡോഗ് നിയമസഭ വരെ എത്തിയെന്ന്.
എത്തുമല്ലോ, എനിക്ക് എഴുപത്താറു ഫോര്വേര്‍ഡഡ് മെയിലാ കിട്ടിയത്. കേരളത്തെ നടുക്കിയ സംഭവം അല്ലായിരുന്നോ. വേലുപ്പിള്ള പ്രഭാകരന്‍ മലയാളി ആണെന്ന വാര്‍ത്ത എത്തുകയും ഇല്ല. അതൊക്കെശരിയാണെങ്കിലും തെറ്റാണെങ്കിലും നമുക്കിപ്പോ എന്താ


കേരളത്തിന്റെ കാര്യം പറഞ്ഞപ്പഴാ, ക്രമസമാധാനം പാടേ തകര്‍ന്നെന്നും പോലീസ് ഇതിനൊക്കെ കൂട്ടു നില്‍ക്കുന്നെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശം സുപ്രീം കോടതിയും ശരിവച്ചു.
ങേ? ആരു പറഞ്ഞു?

ദാ കൗമുദിയില്‍ കണ്ടില്ലേ


We do not think that the learned judge has given opinion to the effect that the entire system of investigation of police is in serious problem but has only given a general statement which does not in any way show the reflection regarding the maintenance of law and order in the State.” എന്നത് വിവര്‍ത്തനം ചെയ്തപ്പഴാ കൗമുദിക്ക് "ജസ്റ്റീസ് ബസന്തിന്റെ പരാമര്‍ശം പൊതുവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും അതിനാല്‍ പരാമര്‍ശം നീക്കണമെന്ന് കോടതിക്ക് ബോദ്ധ്യമായിട്ടില്ലെന്നും കിട്ടിയത്. ഹോട്ട് ഡോഗിനെ പട്ടിയാക്കിയാലേ കുഴപ്പമുള്ളു ചെല്ലാ, ആടിനെ പട്ടിയാക്കിയാല്‍ പ്രശ്നമില്ല.

കോടതി എന്ന വാക്കുപറയാന്‍ പേടിയാ അണ്ണാ ഇപ്പോ, അലക്ഷ്യമായാലോ. ദേ ലാവലിന്‍ കാരണം സി പി എം പോളിറ്റ് ബ്യൂറോ മൊത്തം കോടതിയലക്ത്തിനു നോട്ടീസ് കിട്ടിയിട്ടിരിക്കുകയാ.

അതെയോ? എന്താ കാര്യം?
അണ്ണനറിയില്ലേ, കോടതി നടപടികളെ പരിഹസിക്കുക, അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി മുന്‍‌കൂര്‍ പരാമര്‍ശം നടത്തുക, കോടതി നടപടികളെ തടസ്സപ്പെടുത്തുക ഒക്കെ കോടതി അലക്ഷ്യമാ.

അപ്പോ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കസുഖമാണെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞെന്ന് മനോരമയില്‍ കണ്ടല്ലോ അണ്ണാ?

അതങ്ങ് തലസ്ഥാനത്തല്ലേ ചെല്ലാ. അവിടെ വരദാചാരിയുടെ തലയ്ക്ക് അസുഖമാണെന്നു പറഞ്ഞാലേ കൊഴപ്പമുള്ളൂ.

Wednesday, July 15, 2009

പാരഡി പാടാറില്ലേ?

സിനിമാപ്പാട്ടുകളാണ്‌ നമ്മുടെ ഇന്നും നമ്മുടെ പോപ്പ് മ്യൂസിക്ക്. പഴയ പോസ്റ്റില്‍ പറഞ്ഞതുപോലെ അതൊട്ടു സാധാരണക്കാരന്റെ ഭാഷയിലുമല്ല. പടിഞ്ഞാറ്‌ സാധാരണക്കാരന്റെ പാട്ട്
Aint got nothin but love, babe
Eight days a week is not enough to show I care
എന്നൊക്കെ പോയപ്പോള്‍ നമുക്ക്
"കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്പം ഇന്നും നളന്നാലങ്കാരികഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങള്‍" ആണ്‌ കിട്ടിയത്. പാരഡികള്‍ മലയാളത്തില്‍ ഇത്രയും പോപ്പുലര്‍ ആകാന്‍ കാരണവും അതായിരിക്കണം.

പാട്ടുണ്ടെങ്കില്‍ പാരഡിയുമുണ്ട്.ആദ്യം കേട്ട പാരഡി പ്രൈമറി സ്കൂളില്‍ വച്ചായിരുന്നു. ഉച്ചക്ക് ചോറുപാത്രം തുറന്ന് എല്ലാവരും ഇരിക്കുമ്പോള്‍ ഒരുത്തന്‍ വന്ന് (കദളീ ..ചെങ്കദളി പൂവേണോ) എന്ന പാട്ടിന്റെ ഈണത്തില്‍
"അളിയ പൊന്നളിയാ തിന്നളിയാ ചപ്പാത്തി
കറിയില്‍ മുക്കി മുക്കി തിന്നളിയാ ചപ്പാത്തി" എന്നു പാടി. ചിരിക്കാതെന്തു ചെയ്യും.

ഏതാണ്ട് അക്കാലത്താണ്‌ വി ഡി രാജപ്പന്‍ പാരഡിപ്പാട്ടുകള്‍ അടങ്ങുന്ന ഹാസ്യകഥാപ്രസംഗം കൊണ്ട് കേരളത്തിനെ ഇളക്കി മറിച്ചുകളഞ്ഞത്. ദന്തഗോപുരങ്ങളില്‍ "നല്ല നല്ല പാട്ടുകളെ വികലമാക്കിയ വൃത്തികെട്ടവന്‍" എന്ന് പരസ്യമായി പറയുകയും ഒളിച്ചിരുന്ന് രാജപ്പന്റെ കാസറ്റ് കേട്ട് രിക്കുകയും ചെയ്യുന്നവര്‍ മുതല്‍ അമ്പലപ്പറമ്പുകളില്‍ ലൈവ് ആയി വ്വി ഡി രാജപ്പനെ ആസ്വദിച്ച് കൂട്ടത്തോടെ തലയറഞ്ഞ് ചിരിക്കുകയും ചെയ്തവരടക്കം ആരും സമ്മതിക്കും രാജപ്പന്‍ ഒരു പുതിയ തരംഗം സൃഷ്ടിച്ചെന്ന്.

വി. സാംബശിവന്റെ ലളിതവല്‍ക്കരിക്കപ്പെട്ട ക്ലാസിക്കുകളുടെ കഥനത്തിന്റെ പാരഡിയായിരുന്നു രാജപ്പന്റെ കഥകള്‍. പാട്ടുകള്‍ സിനിമാ ഗാനങ്ങളുടെ പാരഡികളും. സ്റ്റേജില്‍ രാജപ്പന്‍ പലപ്പോഴും ഹിന്ദി സ്റ്റേജ് കൊമേഡിയന്മാരെ അനുകരിച്ചിരുന്നെങ്കിലും നമുക്കത് ഒരു പുത്തന്‍ അനുഭവം തന്നെ ആയിരുന്നു.
വന്ദനശ്ലോകത്തോടെ തുടങ്ങുന്ന കാഥികരെ പരിചയമുള്ള നമുക്ക് "പഴനി മലൈ മാമുനിയേ മുരുഗയ്യാ" എന്ന ഈണത്തില്‍
"കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ
എല്ലു വലിച്ചൂരരുതേ നാട്ടാരേ അയ്യോ"എന്നു തുടങ്ങുന്ന രാജപ്പന്‍ ഹരമായി.

കിലും കിലു കിലും കിലു കിളിമരത്തോണി
ഒരു കദളിയാറ്റ കിളിയിരിക്കും കളിമരത്തോണി
എന്ന പാട്ടില്‍ ഒന്നും റിലേറ്റ് ചെയ്യാന്‍ പറ്റാതെ കറങ്ങിയ മലയാളിക്ക് ഒറിജിനലില്‍ കിട്ടാതെ പോയത്
"അങ്കവാലും നീണ്ട കാലും ഒരു ചുവന്ന തലപ്പാവും
പൂവന്തുരുത്തില്‍ വൈറ്റ് ലഗോണൊരു ചെറിയ രാജാവ്
ഒരു കോഴിരാജാവ്.." എന്ന രാജപ്പന്റെ പാട്ടില്‍ കിട്ടി. നമുക്കറിയുന്ന, നമ്മള്‍ ശ്രദ്ധിക്കുന്ന, നമുക്കിഷ്ടപ്പെടുന്ന ഒരു കാര്യം നമ്മുടെ ഭാഷയില്‍ കേള്‍ക്കുന്നു!.

ഭൂമിദേവിയെ അണിയിച്ചൊരുക്കിയ മധുമാസം
ഈ പീരുമേടിനെ.... മധുവിധുമാസം
മഞ്ഞുതുള്ളികള്‍.... മണ്ണില്‍ കവിളില്‍
മഞ്ജുചന്ദ്രിക ചായമിടുന്നത് കാണാനെന്തുരസം.. (പുഷ്പഗന്ധീ സ്വപ്നഗന്ധീ)

ഒറിജിനലിന്റെ വരികള്‍ മനസ്സില്‍ മാഞ്ഞു തുടങ്ങി. ഇതു കേള്‍ക്കുന്ന സമയം എനിക്കു പീരുമേടും അറിയില്ല, ഋതുസംക്രമം അത്ര മനോഹരമായ എന്തോ ആണെന്ന് തോന്നിയിട്ടുമില്ല. പക്ഷേ അതിന്റെ പാരഡിയായി രാജപ്പന്‍ പാടിയ
"തിളച്ച എണ്ണയില്‍ മുക്കിവറുത്ത പരിപ്പുവട
കണ്ണാടിക്കൂട്ടില്‍ നിരത്തിയടുക്കിയ പക്കാവട
വെള്ളയപ്പം ചുട്ടുനിരത്തിയ ചായക്കടയില്‍
ചട്ടന്‍ കുട്ടന്‍ കട്ടന്‍ അടിക്കുന്നു - കാണാനെന്തുരസം" എന്നു പാടിയത് കേട്ടാല്‍ ഇപ്പോഴും രസിക്കും. അതിന്റെ തമാശയെക്കാള്‍ എനിക്കറിയാവുന്ന, എന്റെ കണ്വെട്ടത്തുള്ള കാര്യങ്ങള്‍ എന്റെ ഭാഷയില്‍ പറഞ്ഞു എന്നതായിരുന്നു അതിന്റെ രസം.

രാജപ്പന്റെ പുരഞ്ജയത്തിനു കാരണം വത്യസ്ഥതയഅയിരുന്നെങ്കില്‍ സ്ഥാനമൊഴിയലിനു ഹേതുവായത് ആവര്‍ത്തന വിരസതയായിരുന്നു. എല്ലാ കഥകളും ഏതാണ്‍റ്റ് ഒരേ തീം. പാരഡികളും ആദ്യത്തേതില്‍ നിന്നു വളരെ വത്യാസപ്പെട്ടു കാണാനില്ല. അതോടൊപ്പം സിനിമയിലെത്തിയ രാജപ്പനു കഥാപ്രസംഗത്തിലെ ശ്രദ്ധ പാളിയെന്നും തോന്നുന്നു

കലാഭവന്റെ മിമിക്രി സ്റ്റേജ് തമാശകളെ എടുത്തുകൊണ്ടും പോയി. ഈ സമയത്ത് ഓസ്കാര്‍ എന്ന പേരില്‍ നാദിര്‍ഷായും മറ്റു പല മിമിക്രിക്കാരും പാരഡിപ്പാട്ടുകള്‍ അടങ്ങുന്ന മിമിക്രി കാസറ്റുകള്‍ ഇറക്കി തുടങ്ങി.
കൊച്ചി അന്നുതുടങ്ങി മലയാളം പാരഡികളുടെ തലസ്ഥാനമായി.

കൊച്ചിയിലെ സൈമണ്‍ എന്ന വ്യാപാരി ഇറക്കിയ "ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം" ആയിരിക്കണം ആദ്യത്തെ പാരഡി സീരീസ്. മാവേലിയായി ഇന്നസന്റും ഡ്യൂപ്പ് ആയി ജഗതിയും അവതരിക്കുന്ന ഈ സീരീസിന്റെ കഥകളെല്ലാം ആണ്ടോടാണ്ട് മഹാബലി ഓണത്തിനു കേരളം കാണാന്‍ വരുന്നതും കേരളത്തിലെ തന്നാണ്ട് സംഭവവികാസങ്ങളില്‍ ബലിയുടെ അഭിപ്രായവുമാണ്‌ എല്ലാ കാസറ്റുകളിലും . പതിനെട്ടോളം വര്‍ഷമായി സൈമണ്‍ 'നവോദയ' എന്ന കാസറ്റ് കമ്പനയുമായി എല്ലാ ഓണത്തിനും പുട്ടു കച്ചവടം നടത്തുന്നു.

അനുകരണങ്ങള്‍ക്കും അനുകരണമുണ്ടായി. സൈമണ്‍ മാവേലിയെ അവതരിപ്പിച്ചതുപോലെ നാദിര്‍ഷായും ദിലീപും മാവേലിയെ അവതരിപ്പിക്കുന്ന "ദേ മാവേലി കൊമ്പത്ത്" എന്ന സീരീസും ഇറങ്ങി തുടങ്ങി. .

രണ്ടിലും പൊതുവില്‍ കേരളം നേരിടുന്ന പ്രശ്നങ്ങള്‍- കൈക്കൂലി, അഴിമതി, പരിസ്ഥിതി പ്രശ്നങ്ങള്‍, രാഷ്ടീയ സംഭവവികാസങ്ങള്‍ തുടങ്ങിയയവ ആണ്‌ കൈകാര്യം ചെയ്യപ്പെടുന്നത്.

കലാഭവന്‍ മണി, ഹരിശ്രീ മാര്‍ട്ടിന്‍ സാജന്‍ പള്ളുരുത്തി, കോട്ടയം നസീര്‍ തുടങ്ങി പ്രമുഖ മിമിക്രി താരങ്ങള്‍ മിക്കവരും സ്വയം നിര്‍മ്മിച്ചതോ മറ്റാരെങ്കിലും എഴുതിയതോ ആയ പാരഡിപ്പാട്ടുകള്‍ അവതരിപ്പിച്ച് വിജയിച്ചിട്ടുണ്ട്

പാരഡികളും മിമിക്രി ഷോകളും ക്വാളിറ്റി കണ്ട്റോളിനു വിധേയമാകാത്ത അവസ്ഥയില്‍ പലപ്പോഴും അശ്ലീലത്തിലേക്കും വികലാംഗര്‍, മനോരോഗികള്‍, ദരിദ്രര്‍ തുടങ്ങിയവരെ ആക്ഷേപിക്കുന്ന തരം അധാര്‍മ്മികതയിലേക്കും വഴുതാറുണ്ടായിരുന്നു. അതിനൊരു അന്ത്യം കണ്ട് എത്തിക്കല്‍ പാരഡി മേക്കിങ്ങ് ശക്തമാക്കിയതും നാദിര്‍ഷാ തന്നെയാണ്‌. പലപ്പോഴും നാദിര്‍ഷായുടെ കാസറ്റുകള്‍ പാശ്ചാത്യ ചിത്രങ്ങളുടെ മുഴുനീള പാരഡിയാണ്‌ കഥയാകുക- ടൈറ്റാണെനിക്ക് (റ്റൈറ്റാനിക്ക്), ഫൂള്‍ ബാര്ബര്‍ (പേള്‍ ഹാര്‍ബര്‍), സ്പൈഡര്‍ അന്ത്രമാന്‍ (സ്പൈഡര്‍മാന്‍) തുടങ്ങി നിരവധി കാസറ്റുകള്‍ എത്തിച്ചിട്ടുണ്ട് നാദിര്‍ഷായും കൂട്ടരും. സ്റ്റേജ് ഷോകള്‍ക്കു വേണ്ടിയും നാദിര്‍ഷാ അസംഖ്യം പാരഡികള്‍ എഴുതിയിട്ടുണ്ട് നിലവാരത്തിലും ഇവര്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതാണ്‌ നാദിര്‍ഷായുടെ പാട്ടുകള്‍.

പാരഡിയുടെ എഞ്ചിനീയറിങ്ങ്.
പ്രധാനമായും പ്രശസ്തമായ ഒരു പാട്ടിന്റെ ഈണത്തില്‍ വരികള്‍ മാറ്റി പാടുകയാണ്‌ പാരഡിക്കാര്‍ ചെയ്യാറ്‌.
ഏറ്റവും ലളിതമായതും ഏറ്റവും രസമില്ലാത്തതും ചുരുക്കം വാക്കുകള്‍ മാത്രം മാറ്റുകയും ബാക്കിയുള്ളത് നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയാണ്‌
"നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം" എന്നതിനെ
"സീന്‍ പടങ്ങളില്‍ നൃത്തമാടിടും എന്റെ ഭാര്യ ജാനു" എന്നാക്കുമ്പോള്‍ അതാണ്‌ പാരഡിക്കാരന്‍ ചെയ്യുന്നത്

ഈണം മാത്രം കടമെടുത്ത് വരികള്‍ മുഴുവന്‍ പൊളിച്ചെഴുതുന്നതാണ്‌ മറ്റൊരു രീതി.
മാണിക്യക്കല്ലാല്‍ മേഞ്ഞു മിനുക്കിയ മാനത്തെ കൊട്ടാരം
എന്നതിനെ
പോലീസുകാരോട് വേലയിറക്കിയാല്‍ ലാത്തിക്ക് കുത്തുമെടാ
എന്നാകുന്നു.

ഏറ്റവും ബുദ്ധിമുട്ട് ഒറിജിനല്‍ പാട്ടിന്റെ ഈണവും തീമും സന്ദര്‍ഭവും അനുകരിച്ച് അതേ സമയം രസകരമായ രീതിയില്‍ വരികള്‍ മാറ്റുന്നതാണ്‌.

സൗണ്ട് ഓഫ് മ്യൂസിക്കിലെ ഡോ റേ മി

Dough.. the $tuff that buys me beer,
Ray.. the guy who sells me beer, *
Me.. the guy who drinks the beer,
Fa(r).. the distance to my beer,
So.. I think I'll have a beer,
La.. la la la la la beer,
Tea?no thanks I'm drinking beer!
എന്നാക്കിയ വിരുതനും

"താമരക്കുരുവിക്ക് തട്ടനിട് തങ്കനിലാവിന്റെ തൊങ്ങലിട്" എന്ന ഒപ്പന റീ എഞ്ചിനീര്‍ ചെയ്ത്
"വാതിലു ജനലെല്ലാം കുറ്റിയിട് ഹോള്‍ ഉള്ള ജനലിനു കര്‍ട്ടന്‍ ഇട്
ഡോറിന്റെ വിടവില്‍ പുട്ടി ഇട്, പൊട്ടിയ ഓടെല്ലാം മാറ്റിയിട്
ദാണ്ട് വരുന്നുണ്ട് സെക്കന്‍ഡ് ഷോ കഴിഞ്ഞ് സീന്‍ കാണാന്‍ പതുങ്ങിക്കൊണ്ടൊരുത്തന്‍
ആരാണാ നാറി? അത് പൂവാലന്‍ ഗോപി" എന്ന് മറ്റൊരു ഒപ്പന ആക്കിയ നാദിര്‍ഷായും ചെയ്തത് ഇതാണ്‌.


മലയാളം സിനിമാപ്പാട്ടിന്റെ പരാജയം സന്ദര്‍ഭത്തിനനുസരിച്ച് സ്വാഭാവികമായി വരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന വാക്കുകള്‍ ഇല്ലാത്തതാണെങ്കില്‍ പാരഡികളുടെ വിജയം അതിന്റെ നേരേ എതിര്‍ സ്വഭാവമാണ്‌. സ്പൊണ്ടേനിയസ് ആയി, അവസരോചിതമായി വേണം പാരഡി ഉണ്ടാക്കാനും പാടാനും.
അരവിന്ദ് ബഞ്ചീ ജമ്പിങ്ങ് നടത്തിയപ്പോള്‍ ഇറക്കി എന്നതു മാത്രമാണ്‌ ഈ പാരഡിയുടെ രസം. ഇന്നു വായിക്കുമ്പോള്‍ ഒരു തമാശയും തോന്നുന്നില്ല.

പാരഡികള്‍ കുറേപ്പേര്‍ ചേര്‍ന്ന് ഒരു ഓഫീസിലിരുന്ന് എഴുതി സ്റ്റുഡിയോയില്‍ പോയി പാടുമ്പോള്‍ വിരസമാവുന്നതും അതാണ്‌. കൊള്ളാവുന്നവ മിക്കപ്പോഴും ജീവിതത്തിന്റെ ഭാഗമായി അങ്ങ് ഉണ്ടാകുന്നു. പാട്ടുകാരനും മിമിക്രിക്കാരനുമായ ഒരാള്‍ ഒരു വേഷം ചെയ്യാന്‍ സിനിമാ ഷൂട്ടിങ്ങിനെത്തുന്നു. ചെറു വേഷം ചെയ്യുന്നവരും ഗ്രൂപ്പ് ഡാന്‍സുകാരുമൊക്കെ പുല്ലില്‍ ഇരുന്ന് പേപ്പര്‍ പ്ലേറ്റില്‍ ബ്രെഡും കടലയും കഴിക്കുമ്പോഴാണ്‌ നായകനും സഹനായകനും ലഞ്ചിനു മുന്നേ ഓരോ സ്മാള്‍ അടിക്കാന്‍ കോട്ടേജിലേക്ക് കയറിയത് . മാ നിഷാദാ എന്നു വിലപിച്ച മുനിയെപ്പോലെ ഇദ്ദേഹത്തിന്റെ മനസ്സിലും ഒന്നുണ്ടായി. ലജ്ജാവതിയേ നിന്റെ കള്ള കടക്കണ്ണില്‍ എന്ന ഈണത്തിലായിരുന്നെന്ന് മാത്രം
"എക്സ്ട്രാ നടികള്‍ കഞ്ഞി വെള്ളം കുടിക്കുമ്പോള്‍
എക്സ്ട്രാ നടികള്‍ കഞ്ഞി വെള്ളം കുടിക്കുമ്പോള്‍
നായകന്‍‌മാരോ സ്യൂട്ടിന്റെയുള്ളില്‍ കൂളായ് സ്കോച്ചടിക്കും." (സ്വീറ്റ് സ്വായിപ്പിന്‌)

പ്രോഗ്രാം കഴിഞ്ഞു എറണാകുളം ബസ് സ്റ്റാന്‍ഡിലെത്തിയ രണ്ടുപേര്‍ രണ്ടിടത്തായിരുന്നു. ഒരാള്‍ കേ എസ് ആര്‍ ടി സി ബസ്സിലും കയറി മറ്റൊരാള്‍ പുറത്തു വന്ന "വോള്വോ എയര്‍ ബസ്സിലും". ആ സമയത്തെ ഹിറ്റ് പാട്ടോ നരസിംഹത്തിലെ "ധാങ്കിണക്ക ധില്ലം ധില്ലം"

സ്റ്റാന്‍ഡുമൊത്തം വെള്ളം വെള്ളം യാത്രക്കാരില്‍ ചിലരും വെള്ളം
ഒരുമഴ പെയ്താല്‍ കേരളനാട്ടില്‍ ബസ്റ്റാന്‍ഡെല്ലാം വെള്ളം കേറി പോകും
അളിപിളിചളമാകും
കാലുപോയൊരു ബഞ്ചിലിരുന്നാല്‍ ആനപോലുള്ള മൂട്ടകടിക്കും
ശേഷം വന്നൊരു ചോരകുടിക്കാന്‍ കൊതുകുകളൊക്കെ തമ്മില്‍ തല്ലി ചാകും
നാലു ചുറ്റും കടയുണ്ടേ- സെക്സു ബുക്കുകള്‍ അവിടുണ്ടേ
നാറിയ മൂത്രപ്പുരയുണ്ടേ- നാലണ വാങ്ങാന്‍ ആളുണ്ടേ
മണമുണ്ടേ (ച്ഛീ).. മന്ദബുദ്ധി ശിരോമണി അട്ടപ്പാടി മൂക്കണാഞ്ചന്‍
പറഞ്ഞാലും തിരിയാത്ത മന്നപ്പന്‍- ഒരു ചാണാപ്പുളി മൈക്കിന്റെ മുന്നില്‍ തനിച്ചിരുന്നുറങ്ങുന്ന സുന്ദരേശന്‍
(ഡേയ് സുന്ദരേശാ, ഒന്നനൗണ്‍സ് ചെയ്യ് സാറേ, വണ്ടി പോട്ട്)

എന്ന് ആദ്യത്തെയാളും

"കേറ് ചേട്ടാ കൊല്ലം കൊല്ലം ഒരാളു കേറ്യാ വണ്ടി വിടും
ഇത് തോപ്പുമ്പടി വഴി ആലപ്പുഴ വഴി കാണുന്നിടവഴി ഭൂമിക്കടി വരെ പോകും
അടിപൊളിയായി പോകും
സ്റ്റീരിയോയില്‍ പാട്ടുണ്ടേ, വീഡിയോയില്‍ പടമുണ്ടേ
അതിലൊരു സീനുണ്ടേ... മലയാള സിനിമയുടെ രോമാഞ്ചം ഷക്കീലയും
നായകന്‍ ആരാണ്ടൊരു പീറച്ചെറുക്കനും
ഒരു മാസത്തെ ടൂറിനു ഗോവയ്ക്കു പോകുന്ന കിടിലന്‍ സീനുണ്ടേ

എന്ന് രണ്ടാമനും പാരഡി എഴുതിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Tuesday, July 14, 2009

ഒരു കോടി വിലയുള്ള എറിക്സ് ജോണി


ചിത്രം വിക്കിപ്പീഡിയയില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിച്ചത്.


ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്നേ സഹ്യാദ്രിയില്‍ ഒരു ഉല്‍ക്കമഴ ഉണ്ടായി , അവിടെയുള്ള ഇരുതലമൂളിപ്പാമ്പുകള്‍ക്കു മേല്‍ ഇറിഡിയം വന്‍ തോതില്‍ ഏല്‍ക്കാന്‍ കാരണമായ ഈ സംഭവം മൂലമാണ്‌ അവിടെയുള്ള ഇരുതലമൂളികള്‍ ചുവന്നും മറ്റുള്ളവ കറുത്തും പോയത്.

ശരീരത്തില്‍ ഇറിഡിയം കൂടതേ ഭൗമേതര രാസവസ്തുക്കളും വഹിക്കുന്ന സഹ്യനിലെ അത്ഭുതപ്പാമ്പുകള്‍ ക്യാന്‍സര്‍, എയിഡ്സ്, ഹൃദയരോഗങ്ങള്‍ തുടങ്ങിയവ സുഖപ്പെടുത്താന്‍ ഉപയോഗിക്കാം. പാമ്പുകളെ കഷായം വച്ചോ വെട്ടി പച്ചക്കു തിന്നോ രോഗം മാറ്റാം.

"ഭ നിര്‍ത്തെടാ" എന്ന് അറിയാതെ പറഞ്ഞു പോയോ ഇത്രയും വായിച്ചപ്പോള്‍? ഇതു വിശ്വസിക്കുന്ന വിഢികളും മനുഷ്യരുടെ കൂട്ടത്തിലുണ്ടായിപ്പോയതാണ്‌ പാവം റെഡ് സാന്‍ഡ് ബോവ (Eryx Johnii) അഥവാ ഇരുതല മൂളിയുടെ കഷ്ടകാലം.

നെടുമങ്ങാട്ട് നിന്നും പിടിച്ച് നാട്ടുകാര്‍ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ഇരുതല മൂളിയെ കള്ളന്മാര്‍ സൂഭേദനം നടത്തി മോഷ്ടിച്ചുകൊണ്ടു പോയി. മലമ്പുഴയില്‍ അങ്ങനെ കടത്താന്‍ ശ്രമിച്ച തസ്കര സംഘത്തെ പോലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ഒരു കോടി വരെ പാമ്പൊന്നിനു ലഭിക്കുമത്രേ. തമിഴ്നാട്ടിലും സ്നേക്ക് പാര്‍ക്കുകള്‍ ഭേദിച്ച് കവര്‍ച്ച ഉണ്ടായി. നിരവധി വിദേശ രാജ്യങ്ങളിലേക്കാണ്‌ നമ്മുടെ മലനാടന്‍ ജോണികള്‍ പോകുന്നത്.

സെക്യൂരിറ്റി ഉള്ള പാമ്പുകളുടെ ഗതി ഇതാണെങ്കില്‍ കാട്ടിലെ പാമ്പുകളുടെ സെന്‍സസ് എടുത്താല്‍ ചിലപ്പോള്‍ ഞെട്ടിപ്പോയേക്കും.

വനം വകുപ്പിന്റെ കരിങ്കുരങ്ങ് രസായന പോസ്റ്ററിലെ എഴുത്തു പോലെ
"പൊന്നു സാറന്മാരേ, ഞങ്ങള്‍ക്ക് ഒരുസുഖവും മാറ്റാനുള്ള കഴിവില്ല
ആരെയും ശല്യപ്പെടുത്താതെ, ആരുടെയും കണ്ണില്‍ പോലും പെടാതെ
ഏതെങ്കിലും പുഴമണ്ണില്‍ ഒളിച്ച് ഞങ്ങള്‍ ജീവിച്ചു പൊയ്ക്കോട്ടേ.
വിശ്വസ്ഥന്‍,
എറിക്സ് ജോണി (ഒപ്പ്)"

Saturday, July 11, 2009

ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുമ്പോള്‍

കുരുക്ഷേത്ര, കീത്തി ചക്ര എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീ. മോഹന്‍ ലാലിനു പട്ടാളം ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍‌കി ആദരിച്ചു. ഇതനുസരിച്ച് കണ്ണൂര്‍ റ്റെറിയേര്‍സ് നൂറ്റിയിരുപത്തിരണ്ടാം കാലാള്‍പ്പടയിലാണ്‌ ലാലിനു നിയമനം.

മറ്റു സര്‍ക്കാര്‍ വകുപ്പുകളും പട്ടാളത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചതിനെ തുടര്‍ന്ന് ഭരതം, ഹിസ് ഹൈനസ്സ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മോഹന്‍ ലാലിനു സംഗീതത്തില്‍ ഡോക്റ്ററേറ്റ് നല്‍കി.

സ്ഫടികം, കിരീടം, ചെങ്കോല്‍,രാവണപ്രഭു, ഭൂമിയിലെ രാജാക്കന്മാര്‍, സരസിംഹം തുടങ്ങിയ അമ്പതോളം ചിത്രങ്ങളിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ പോലീസ് മോഹന്‍ ലാലിനെ കേ. ഡി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ മേലില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായി തെളിവുകള്‍ ഇല്ലാതെ തന്നെ ലാലിനെ കസ്റ്റഡിയില്‍ വയ്ക്കാനും ചോദ്യം ചെയ്യാനും സിറ്റി പോലീസിനു കഴിയും


നിരവധി ചിത്രങ്ങളിലെ കൊലപാതകങ്ങള്‍ അന്വേഷിച്ച് ഉചിതമായ ശിക്ഷ ശ്രീമാന്‍ മോഹന്‍ ലാലിനു വിധിക്കുമെന്ന് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

Friday, July 10, 2009

യു ഏ ഈ- തൊഴിലവസരങ്ങള്‍-2

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും

ഇന്ത്യക്കാരാണ്‌ യൂ ഏ ഈ ജനസംഖ്യയുടെ ഭൂരിപക്ഷം. ഇവര്‍ ഏതാണ്ട് എല്ലാ തൊഴില്‍ രംഗങ്ങളിലും സജീവ സാന്നിദ്ധ്യവുമാണ്‌. യൂ ഏ ഈയില്‍ മികച്ച വരുമാനമുള്ള ഒട്ടു മിക്ക ജോലികളും "അതേ തൊഴിലില്‍ മൂന്നു നാലു വര്‍ഷത്തെ പ്രവൃത്തി പരിചയം" ഉള്ളവര്‍ക്കാണ്‌ പോകാറ്‌ എന്നതിനാല്‍ പ്രവൃത്തിപരിചത്തെ യോഗ്യതയില്‍ നിന്നും അടര്‍ത്തി കാണാനാവില്ല. വരുമാനത്തിന്റെയും തൊഴിലുറപ്പിന്റെയും അടിസ്ഥാനത്തില്‍ പലതായി തൊഴിലുകളെ തിരിക്കാം.

ബിസിനസ്സ് എക്സിക്യൂട്ടീവ്:
വന്‍‌കിട-ബഹുരാഷ്ട്ര കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാര്‍ ന്യൂനപക്ഷമാണ്‌. അവിടെ എത്തിപ്പെടുന്നവരില്‍ ഏതാണ്ട് എല്ലാവരും തന്നെ ആഗോളതല താരതമ്യം ചെയ്യപ്പെടാവുന്ന രീതിയില്‍ തങ്ങളുടെ പ്രവൃത്തിവിജയം തെളിയിച്ചവരുമാണ്‌. ഐ ഐ എം ബിരുദധാരികള്‍ ഒന്നാമതും ചുരുക്കം ചില ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും അതിലും ചുരുക്കം ചില എഞ്ചിനീയര്‍മാരും കൂടിയാല്‍ ഈ പക്ഷം ഏതാണ്‌ കഴിഞ്ഞു.

ചെറുകിട പ്രാദേശിക കമ്പനികളില്‍ സീ ഏ, എഞ്ചിനീയറിങ്ങ്, എം ബി ഏ ബിരുദധാരികളെ കമ്പനി തലപ്പത്ത് ധാരാളമായി കാണാനാവും.


മിഡില്‍ ലെവല്‍ എക്സിക്യൂട്ടീവ് & സൂപ്പര്വൈസറി:
ധാരാളം ഇന്ത്യക്കാര്‍ ഈ മേഖലകളില്‍ ജോലിയെടുക്കുന്നു. തൊണ്ണൂറുകള്‍ വരെ ഈ തൊഴിലുകളില്‍ എത്തിപ്പെടുന്നത് ഏതെങ്കിലും ബിരുദമോ അതിനടുപ്പിച്ച് യോഗ്യതോ ഉള്ളവരും ദശാബ്ദങ്ങള്‍ അതത് കമ്പനികളിലോ തത്തുല്യ രംഗത്തോ യൂ ഏ ഈയില്‍ തന്നെ ജോലിയെടുത്തവരോ ആയിരുന്നവര്‍ ആയിരുന്നു.
എന്നാല്‍ തൊണ്ണൂറുകളിലെ പ്രൊഫഷണല്‍ തള്ളിക്കയറ്റത്തോടെ എഞ്ചിനീയറിങ്ങ്, സി ഏ, എം ബി ഏ പ്രൊഫസണല്‍ ബിരുദധാരികള്‍ ഈ രംഗത്ത് ചുവടുറപ്പിച്ചു. ഹോം മാര്‍ക്കറ്റിലും അവരുടെ ശമ്പളത്തോത് ഉയര്‍ന്ന കാലമായിരുന്നതിനാല്‍ ഈ രംഗങ്ങളിലെ ശമ്പളവും അതോടെ പലമടങ്ങ് വര്‍ദ്ധിച്ചു.


വൈദ്യം
സ്പെഷ്യലൈസേഷനുള്ള ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഡോക്ക്റ്റര്‍മാര്‍ക്ക് ഇവിടെ പ്രാക്റ്റീസ് ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അക്രെഡിറ്റേഷന്‍ ആവശ്യമാണ്‌. (സ്പെഷ്യലൈസേഷന്‍ ഇല്ലാത്തവര്‍ക്ക് എഴുത്തു പരീക്ഷയും ഇന്റര്‍‌വ്യൂകും ബിരുദാനന്തര ബിരുദ ധാരികള്‍ക്ക് ഇന്റര്വ്യോഓ മാത്രവും ആണ്‌ അക്രെഡിറ്റേഷന്‍ പരീക്ഷ എന്നാണ്‌ ഓര്‍മ്മ).

ശമ്പളവും ഫീസ് ഷെയറും എന്നതാണ്‌ വേതാനാടിസ്ഥാനം എന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് എത്ര പണം ലഭിക്കും എന്നത് ഹോസ്പിറ്റലിന്റെ പ്രശസ്തി അനുസരിച്ചിരിക്കും. സ്വകാര്യ ക്ലിനിക്കുകള്‍ തുടങ്ങുക (നാട്ടിലെപ്പോലെ ഔട്ട് ഹൗസില്‍ വൈദ്യം പ്രാക്റ്റീസ് ചെയ്യാന്‍ പറ്റില്ല ഇവിടെ) അല്പ്പം ചിലവേറിയ സം‌രംഭം ആണെങ്കിലും എസ്റ്റാബ്ലിഷ് ചെയ്തെടുക്കുക വളരെ വേഗം സാധിക്കും.

ഏറ്റവും ഉയര്‍ന്ന വേതനം ന്യൂറോളജി, ഇന്റര്വെന്‍ഷനല്‍ കാര്‍ഡിയോളജി തുടങ്ങിയവയിലും ഏറ്റവും താഴെ ഡെന്റല്‍, ഇന്‍ഷ്വറന്‍സ് അപ്പ്രൂവര്‍ തുടങ്ങിയ രംഗങ്ങളിലുമാണ്‌.

നഴ്സിങ്ങ് പാരാമെഡിക്കല്‍ രംഗങ്ങള്‍ ഇന്ത്യക്കാരും തൊട്ടുപിന്നില്‍ ഫിലിപ്പിനോകളുമാണ്‌. ഇവര്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ എഴുത്തു പരീക്ഷ (അറബിയും ഇംഗ്ലീഷും ഭാഷകള്‍ അടക്കം) ബാധകമാണ്‌. യൂറോപ്പ്, പാശ്ചാത്യനാടുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ രംഗത്തെ വേതനം വളരെ കുറവാണ്‌. പലരും പടിഞ്ഞാറേക്കുള്ള യാത്രയിലെ ഒരു ഇടത്താവളമായിട്ടാണ്‌ യൂ ഏ ഈയെ കാണുന്നതും.

ഐ ടി
യൂ ഏ ഈയിലെ ഐടി തൊഴിലുകള്‍ മുഖ്യമായും പ്രീസെയില്‍സ്, സെയില്‍, സപ്പോര്‍ട്ട് രംഗത്താണ്‌ എന്നതിനാല്‍ ഇംഗ്ലീഷും അറബിയും സംസാരിക്കുകയും അതേ സമയം ഐ ടി പ്രവൃത്തി പരിചയവും ലഭിക്കുകയും ചെയ്യുന്ന വടക്കന്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മേല്‍ക്കൈ നേടുന്ന രംഗമാണ്‌, എന്നിരുന്നാലും നിരവധി ഇന്ത്യക്കാരും ഈ രംഗത്തുണ്ട്. സൊല്യൂഷന്‍/ ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് രംഗങ്ങളില്‍ പാശ്ചാത്യനാടുകളിലുള്ളയത്ര അവസരങ്ങളും വേതനവും ലഭിക്കാന്‍ പ്രയാസമാണ്‌ ഇവിടെ.

ഐടി രംഗം ഒരു പക്ഷേ മറ്റു വിദേശരാജ്യങ്ങളിലെ ജോലിയെ അപേക്ഷിച്ച് യൂ ഏ ഈ ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമല്ലാത്ത അപൂര്‍‌വം തൊഴിലുകളില്‍ ഒന്നാവണം- വിദ്യാഭ്യാസരംഗവും ഈ ഗണത്തില്‍ പെടുന്നു.

അദ്ധ്യാപനം
ഇന്ത്യക്കാര്‍ നടത്തുന്ന സ്കൂളുകളിലാണ്‌ മിക്കവാറും അദ്ധ്യാപന രംഗത്ത് അവസരങ്ങള്‍ ഉണ്ടാവാറ്‌ (പൊതുവില്‍ അതത് രാജ്യത്തെ 'നേറ്റീവ് സ്പീക്കര്‍'മാരെയാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഗണിക്കാറ്‌)
ഇന്ത്യന്‍ സ്കൂളുകള്‍ നോട്ടമിടുന്നത് കുറഞ്ഞ സമയം ജോലി ചെയ്യാന്‍ തയ്യാറുള്ള വീട്ടമ്മമാരെ ആണ്‌. വീട്, കുട്ടികള്‍ എന്നിവ വരുമാനത്തെക്കാള്‍ പ്രധാനമായി കാണുന്ന വീട്ടമ്മമാര്‍ വളരെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാവുന്നു എന്നതുകൊണ്ട് അദ്ധ്യാപന രംഗത്ത് ഏറ്റവും കുറഞ്ഞ ശമ്പളമാണ്‌ ഇന്ത്യന്‍ സ്കൂളുകള്‍ നല്‍കുന്നത്. ഒരു സെക്രട്ടറിയോ ഡ്രൈവറോ ഇലക്റ്റ്റീഷ്യനോ ആയി ജോലി ചെയ്താല്‍ ലഭിക്കുന്ന ശമ്പളം പോലും ഒരദ്ധ്യാപകനു ലഭിക്കാറില്ല. ഹിന്ദിക്കാര്‍ പറഞ്ഞു പരത്തുന്ന "മല്ലു-ഇംഗ്ലീഷ്" കഥകള്‍ പ്രചാരത്തിലായതിന്റെ ഗുണവും ഇവിടെ കാണാനുണ്ട്. ഇന്ത്യന്‍‍ അദ്ധ്യാപന രംഗത്ത് പൊതുവില്‍ വടക്കേയിന്ത്യന്‍ സ്ത്രീകള്‍ക്കാണ്‌ മുന്‍‌തൂക്കം കൊടുക്കാറ്‌.

പാചകം, അതിഥിസേവനം
കിഴക്കന്‍ യൂറോപ്പ്, ശ്രീലങ്ക, വടക്കന്‍ അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇത്തരം ജോലികളില്‍ നല്ലൊരു ശതമാനം കയ്യടക്കുന്നു. നമ്മുടെ നാട്ടില്‍ പാചകം, അതിഥിസേവനം എന്നിവയില്‍ മികച്ച വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും നേടാത്തത് ഒരു കാരണമാണ്‌. ഭാഷാപരമായ പരിമിതി മുതല്‍ സ്വാഭാവികമായ മര്യാദയില്ലായ്മ വരെ മറ്റുകാരണങ്ങളായും വരുന്നു.

ജൂനിയര്‍ ഓഫീസ് ജോലികള്‍
സെയില്‍സ് മാന്‍, ക്ലെറിക്കല്‍, സപ്പോര്‍ട്ട് തുടങ്ങിയ ജോലികളില്‍ ഇന്ത്യക്കാര്‍ മേല്‍ക്കൈ എടുക്കാറുണ്ട്. ഇംഗ്ലീഷോ അറബിയോ ഭംഗിയായി സംസാരിക്കാനുള്ള കഴിവില്ലായ്മയാണ്‌ മലയാളികള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്. വില്പ്പന രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളില്‍ വലിയ ശമ്പളമുള്ള ജോലികള്‍ വടക്കന്‍ അറബ് രാജ്യങ്ങളിലെ സ്ത്രീകളും ചെറിയ ശമ്പളമുള്ള ജോലികള്‍ ഫിലിപ്പിനകളും കുത്തക സ്ഥാപിച്ചവയാണ്‌.
ശമ്പളത്തോത് നാട്ടിലേതിനെക്കാള്‍ വളരെ ഉയര്‍ന്നവ ആണെങ്കിലും പാശ്ചാത്യ നാടുകളിലേതിനെക്കാള്‍ വളരെ താഴെയാണ്‌


വിദഗ്ദ്ധ തൊഴിലാളി.
ഇലക്സ്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക്, മെഷീനറി ഓപ്പറേഷന്‍, ഫയര്‍ ടെക്നോളജി തുടങ്ങി വൈദഗ്ദ്ധ്യം വേണ്ട തൊഴിലുകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടാവാറുണ്ട്. ഇത്തരം ജോലികളിലെ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്ന സ്ഥാപങ്ങള്‍ നാട്ടില്‍ കുറവാണെന്നതാണ്‌ ഒരു പ്രശ്നം. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച ശമ്പളം വാങ്ങുന്നവര്‍ ഹെവി ഡ്യൂട്ടി ഡ്രൈവര്‍മാര്‍ ആണ്‌. സിഖുമതക്കാര്‍, പാക്കിസ്ഥാനികള്‍, മലയാളികള്‍, ആഫ്രിക്കന്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ ഹെവിഡ്യൂട്ടി ഡ്രൈവിങ്ങ് രംഗത്തുണ്ട്. ലൈസന്‍സുകള്‍ ആവശ്യമായതിനാലും ലൈറ്റ് ഡ്യൂട്ടി ഡ്രൈവിങ്ങിലെ പരിചയം വേണ്ടതിനാലും മറ്റേതെങ്കിലും തൊഴിലില്‍ ആരംഭിച്ച് ക്രമേണ ഡ്രൈവിങ്ങിലേക്ക് മാറുകയാണ്‌ മിക്കവരും ചെയ്യുന്നത്.

ചെറുകിട ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍, കടകള്‍, ഇന്ത്യക്കാര്‍ നടത്തുന്ന ചെറു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജോലി മിക്കപ്പോഴും നാട്ടിലുള്ള പരിചയക്കാര്‍ക്കോ അല്ലെങ്കില്‍ "വിസ വിറ്റോ" ആണ്‌ നികര്‍ത്തപ്പെണുന്നത് എന്നതിനാല്‍ ഓപ്പണ്‍ ജോബ് മാര്‍ക്കറ്റില്‍ വരുന്നത് തന്നെ കുറവാണ്‌.

മുകളില്‍ പറഞ്ഞതുപോലെ ശമ്പളത്തോത് നാട്ടിലേതിനെക്കാള്‍ വളരെ ഉയര്‍ന്നവ ആണെങ്കിലും പാശ്ചാത്യ നാടുകളിലേതിനെക്കാള്‍ വളരെ താഴെയാണ്‌.

അവിധഗ്ദ്ധ തൊഴിലാളി
തോട്ടക്കാരന്‍, നിര്‍മ്മാണ തൊഴിലാളി, വീട്ടുവേല, മറ്റു കായികാദ്ധ്വാന തൊഴിലുകള്‍ എന്നീ രംഗങ്ങളില്‍ മലയാളി സാന്നിദ്ധ്യം കുറഞ്ഞു വരുന്നതായാണ്‌ കാണുന്നത്. കേരളത്തെക്കാള്‍ വേതനം കുറവായ നാടുകളില്‍ നിന്നും ആളുകളുടെ തള്ളിക്കയറ്റവും ഇത്തരം തൊഴിലുകള്‍ എടുക്കാന്‍ സന്നദ്ധമാണെങ്കില്‍ നാട്ടില്‍ ലഭിക്കുന്ന മാന്യമായ വേതനവുമാണ്‌ കാരണം.

അണ്‍‌സ്കില്‍ഡ് വര്‍ക്കര്‍ ജോലികള്‍ കഠിനവും അല്പമാത്രം ആദായം തരുന്നവയുമാണ്‌ എന്നതിനാല്‍ ഈ രംഗത്തേക്ക് ആളുകള്‍ കടന്നു വരുന്നത് അതതു നാടുകളിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും എത്രമാത്രം ഉണ്ട് എന്നതിന്റെ ഒരളവുകോല്‍ കൂടിയാണ്‌.


യോഗ്യതകള്‍
യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ അതാത് രാജ്യത്തെ എംബസികള്‍ വഴി സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ മുന്നേവരെ വ്യാജസര്‍ട്ടിഫിക്കറ്റുകളും വ്യാജപ്രവൃത്തി പരിചയങ്ങളും കൊണ്ട് രക്ഷപ്പെടുന്നവര്‍ ഉണ്ടായിരുന്നു ("പണ്ട് യൂണിവേര്‍സിറ്റി ഓഫ് കുമ്പനാട് കൊടുത്ത ബീ. കോം ആണ്‌ മൂപ്പരുടെ ക്വാളിഫിക്കേഷന്‍" എന്നൊക്കെ ഇപ്പോഴും തമാശരപത്തില്‍ കേള്‍ക്കാം)

ഐ ഐ എം ബിരുദങ്ങള്‍, ഇന്ത്യയുടെ മെഡിക്കല്‍, സീ ഏ പരീക്ഷകള്‍ എന്നിവ ഇവിടെ ‍ മികച്ച യോഗ്യതയായി കണക്കാക്കപ്പെടുന്നു. എഞ്ചിനീയറിങ്ങ് ബിരുദങ്ങള്‍ പാശ്ചാത്യനാടുകളിലെ എഞ്ചിനീയറിങ്ങ് ബിരുദങ്ങളോളം മികച്ചതല്ല എന്നു (ഇത് ശരിയാണെന്ന് വിവക്ഷയില്ല) കണക്കാക്കയാല്‍ എഞ്ചിനീയര്‍മാര്‍ തുടക്കത്തില്‍ മദ്ധ്യനിയില്‍ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ജോലികളില്‍ തുടങ്ങി കാലക്രമേണ പ്രവൃത്തി പരിചയം നേടേണ്ടതുണ്ട്.

മറ്റ് ഇന്ത്യന്‍ ബിരുദധാരികളെ വിദഗ്ദ്ധര്‍ എന്ന വിഭാഗത്തില്‍ പെടുത്തി കാണാറില്ല എന്നതിനാല്‍ ഓഫീസ് ജോലികളില്‍ താഴേയറ്റത്ത് തുടങ്ങി പടി പടിയായി കടന്നു വരിക മാത്രമാണ്‌ പോം വഴി. മറ്റു ബിരുദങ്ങളില്‍ വാണിജ്യബിരുദത്തിനാണ്‌ മുന്‍ തൂക്കം ലഭിക്കുക. ബിരുദധാരികളല്ലാതെയിരിക്കല്‍ എല്ലാ തലത്തിലും വലിയൊരു സ്വാധീനക്കേടിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ബിരുദമില്ലാത്തവര്‍ ഒരു ജോലി വിട്ട് മറ്റൊന്നിലേക്ക് മാറുന്നതില്‍ നിയമം വഴി നിയന്ത്രണങ്ങളും നിലവിലുണ്ട്.

പരിചയം
മെഡിക്കല്‍ രംഗത്തും ഇത്യയിലെ ബഹുരാഷ്ട്രകമ്പനികളിലെ പ്രവൃത്തി പരിചയവും ഇവിടെയും അംഗീകരിക്കപ്പെടും. മറ്റുള്ള തരത്തല് ഇന്ത്യയിലാണ്‌ പ്രവൃത്തി പരിചയമെങ്കില്‍ അതത്ര ഗൗരവമായി യൂ ഏ യിയിലെ തൊഴില്‍ ദാതാക്കള്‍ പരിഗണിക്കാറില്ല.

ഏറ്റവും വലിയ വെല്ലുവിളി തൊഴില്‍ പരിചയത്തില്‍ ആയതിനാല്‍ മിക്കവരും യൂ ഏ ഈയില്‍ എത്തി അത്ര ആകര്‍ഷകമല്ലാത്ത ശമ്പളമുള്ള എന്നാല്‍ മികച്ച പ്രവൃത്തി പരിചയം ലഭിക്കുന്ന തൊഴിലുകള്‍ എടുത്ത് രണ്ടോ മൂന്നോ തവണ ജോലി മാറി ഒടുക്കം ഇഷ്ടപ്പെട്ട തൊഴില്‍ കണ്ടെത്തുകയാണ്‌ ചെയ്യാറ്.

(രണ്ടു മൂന്നു വര്‍ഷം ഗള്‍ഫില്‍ പോയി കുറച്ച് തിരിച്ചു വരാം എന്ന സ്വപ്നം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നത് ഡോക്റ്റര്‍മാര്‍ക്ക് മാത്രമാണ്‌, മറ്റുള്ളവര്‍ പത്തോ അതിലധികമോ വര്‍ഷം ചിലവിടേണ്ടിയിരിക്കുന്നു)

Thursday, July 9, 2009

യു ഏ ഈ- തൊഴിലവസരങ്ങള്‍ കണ്ടെത്തല്‍

ഒരു ഉരുവില്‍ കയറി ദുബായിലെത്തി മണ്ണു ചുമന്ന് ഒടുക്കം കോടീശ്വരനായി മടങ്ങിയെത്തിയവര്‍. അയല്‍‌വക്കത്തെ ദുബായിക്കാരന്‍ നാട്ടില്‍ വന്നപ്പോള്‍ ഇരുപത്തയ്യായിരം രൂപയ്ക്ക് വിറ്റ വിസയില്‍ ദുബായിലെത്തി കോടികളുടെ ബിസിനസ്സ് ചെയ്യുന്നവന്‍. വാപ്പ വിസിറ്റ് വിസ എടുത്തു കൊടുത്ത് ദുബായിലെത്തി ബാങ്കിന്റെ മാനേജറായവന്‍... ഇങ്ങനെയൊക്കെയാണ്‌ പലരും ചെറുപ്പത്തിലൊക്കെ കേള്‍ക്കുന്ന കഥകള്‍. സിനിമകളും ഗള്‍ഫില്‍ നിന്നും വരുന്നവന്റെ വീരസ്യങ്ങളും ഒക്കെക്കൂടിയാണ്‌ ഇങ്ങനെ ഒരു സങ്കല്പ്പം മലയാളിക്ക് ഉണ്ടാക്കി കൊടുത്തതും.

എങ്ങനെയെങ്കിലും- നിയമവിധേയമോ വിരുദ്ധമോ എന്തായാലും- ദുബായില്‍ എത്തിപ്പെടുക അവിടെ എന്തെങ്കിലും - മണ്ണുചുമടെങ്കില്‍ അങ്ങനെ- ചെയ്ത് കോടീശ്വരനാവുക, ഇടയ്ക്കിടയ്ക്ക് എന്നെ പറ്റിച്ചോ എന്നു പറഞ്ഞ് നടക്കുന്ന അറബികളെ ചതിച്ച് കുറേ കാശുണ്ടാക്കുക, തിരിച്ചു വന്ന് സുഖമായി ജീവിക്കുക.
ഇത്രയുമൊക്കെയാണ്‌ ദുബായി സ്വപ്നക്കാരന്റെ മനസ്സില്‍.

ദുബായി എന്നു കേട്ടാല്‍ അറയ്ക്കുന്നവരും ധാരാളം- അവിടേയ്ക്കു പോയവന്‍ കാലു കഴുകിയും ചെരുപ്പു നക്കിയുമൊക്കെ ജീവിക്കുകയാണ്‌, ഇവരെല്ലാം അറബികളുടെ വേലക്കാരാണ്‌, അറബികള്‍ക്ക് ഇന്ത്യക്കാരെയും അന്യമതക്കാരെയും വെറുപ്പാണ്‌. പുറത്തിറങ്ങി നടന്നാല്‍ അറബിപ്പോലീസ് വന്നു വെറുതേ തല്ലും- എന്തിനാ ഇങ്ങനെയൊരു ജീവിതം.

പിന്നെപ്പിന്നെ ദുബായില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ബ്രാഞ്ചുകളായി. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ മൂട്ടില്‍ നിന്നും ചെല്ലപ്പന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളില്‍ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് വിസ്മയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിലെ ഏറ്റവും ലിയ ചാനലിലെ ലോകത്തിലെ ഏറ്റവും നല്ല റിപ്പോര്‍ട്ടറായ ഞാന്‍ തല്‍സമയം വിവരിക്കുന്നു...

എങ്ങനെയെങ്കിലും ദുബായില്‍ ഒന്നു കാലുകുത്തിയാല്‍ ലോകത്തിലെ ഏറ്റവും നല്ലതുകളും അനുഭവിച്ച് വെറുതേ അങ്ങനെ കറങ്ങി നടക്കാം എന്നും ചിലര്‍ കണക്കു കൂട്ടി.

നാട്ടില്‍ മൂക്കുന്ന കടവും പ്രാരാബ്ധങ്ങളും ദുബായില്‍ പോയി തീര്‍ക്കാം- ആത്മഹത്യയെക്കാള്‍ ഭേദപ്പെട്ട യാതന ദുബായ് തന്നെ എന്നു കരുതി വരുന്നവരും ധാരാളം.

പോസ്റ്റിനു ദീര്‍ഘമായ ഒരാമുഖം കൊടുത്തെന്നേയുള്ളു. ചിലര്‍ക്ക് മേല്പ്പറഞ്ഞതുപോലെയൊക്കെ സംഭവിച്ചിട്ടുണ്ട്, മഹാഭൂരിപക്ഷത്തിനും ഇല്ല.

നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സ്ഥാപനങ്ങള്‍ തൊഴില്‍ ദാതാക്കളായി യൂ ഏ ഈയില്‍ ഉണ്ട്. പ്രധാനമായും ദുബായ് അബുദാബി എന്നേ എമിറേറ്റുകളിലാണ്‌ തൊഴിലവസരങ്ങളില്‍ ഏറെയും. ലോകത്തിലെ ഒട്ടു മിക്ക രാഷ്ട്രങ്ങളില്‍ നിന്നും തൊഴിലെടുക്കാന്‍ ആളുകള്‍ ഇവിടേയ്ക്ക് എത്തുന്നു. പ്രധാനമായും അതതു നാടുകളില്‍ അതതു ജോലികള്‍ക്ക് ലഭിക്കുന്ന വരുമാനമാണ്‌ ഒരു "നാഷണാലിറ്റി"യുടെ ശമ്പളത്തോത് നിശ്ചയിക്കുന്നത് എന്നതിനാല്‍ ഒരേ ജോലി ചെയ്യുന്ന പല രാജ്യക്കാര്‍ക്ക് പലതരം വരുമാനമഅണ്‌ ലഭിക്കാറ്‌. പ്രൊഫഷണല്‍ ജോലികളിലേക്ക് പോകുന്തോറും ഈ വിടവുകള്‍ കുറഞ്ഞും അഡ്മിനിസ്റ്റ്റേറ്റീവ്, കസ്റ്റമര്‍ കെയര്‍ തുടങ്ങിയ മദ്ധ്യവര്‍ത്തി തൊഴിലുകളില്‍ ഏറ്റവും കൂടിയും കാണപ്പെടും.

പലര്‍ക്കും ഈ വിചിത്ര പ്രതിഭാസം റേസിസം, ഡിസ്ക്രിമിനേഷന്‍ എന്നൊക്കെ തോന്നാറുണ്ട്. "പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റി" എന്ന ലളിത ധനതത്വശാസ്ത്രനിയമം കേട്ടിട്ടുള്ളവര്‍ക്ക് അങ്ങനെയല്ല കാര്യങ്ങള്‍ എന്നു മനസ്സിലാവുകയും ചെയ്യും. ദുബായ് ഒരു ഫ്രീ മാര്‍ക്കറ്റ് ആണ്‌, മനുഷ്യാധ്വാനം അടക്കം സകലതും കിട്ടുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ആവശ്യമുള്ളവര്‍ വാങ്ങുന്നു. ഹോം കണ്ട്രിയിലെ നിരക്കുകള്‍ ആണ്‌ പര്‍ച്ചേസിങ്ങ് പവര്‍ തീരുമാനിക്കുന്നത് (കൃത്യമായി വിശദീകരിക്കാന്‍ വളരെയേറെ എഴുതേണ്ടി വരും, ഇറ്റലിയിലെ ഫാക്റ്ററിയില്‍ ഉണ്ടാക്കിയ ഷൂസ് കോല്‍ഹാപൂരില്‍ തെരുവിലിട്ടു വില്‍ക്കുന്ന ഷൂസിന്റെ വിലയ്ക്ക് കിട്ടാത്തെതെന്തെന്ന് ആലോചിക്കുക).

തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതും നികത്തപ്പെടുന്നതും ഓരോ അവസരത്തിലും ഓരോ രീതിയിലാണ്‌. ഇന്ത്യക്കാര്‍ സാധാരണ ചെയ്യുന്ന തൊഴിലുകളും അവയിലെ നിയമന രീതികളും.
ദുബായില്‍ തൊഴിലെങ്ങനെ കിട്ടും എന്നു ചോദിച്ചാല്‍ എന്തു തൊഴിലാണ്‌ അന്വേഷിക്കുന്നത് എന്നതനുസരിച്ചിരിക്കും അത് എന്നാണ്‌ ഒറ്റവാക്കില്‍ മറുപടി.

സാധാരണ ഇന്ത്യക്കാര്‍ ചെയ്യുന്ന തൊഴിലും ഓരോ അദ്ധ്യായങ്ങളാക്കി പോസ്റ്റ് ചെയ്യാം.
മൂന്നു തരം അബദ്ധങ്ങളാണ്‌ സാധാരണഗതിയില്‍ ആളുകളെ അറബ് നാടുകളിലെത്തി പ്രതിസന്ധികളിലും വൈഷമ്യതകളിലും ചെന്നു ചാടാന്‍ ഇടയാക്കുന്നത്.

1.എന്തിനു പോകുന്നു, എന്തുതരം ജോലിയാണ്‌ അന്വേഷിക്കുന്നത്, അത്തരം ജോലികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പോകുന്നയിടത്ത് പോകുന്ന സമയത്ത് ലഭ്യമാണോ എന്നറിയാതെ "എങ്ങനെയെങ്കിലും എത്തിപ്പെട്ട് എന്തെങ്കിലും ജോലി ചെയ്ത്" രക്ഷപ്പെടാന്‍ ഇറങ്ങിത്തിരിക്കല്‍. (ഇതിന്റെ ക്ലാസ്സിക്ക് എക്സാമ്പിള്‍ ആണ്‌ 'മണ്ണു ചുമന്നെങ്കിലും ജീവിക്കും" എന്ന തീരുമാനം. മണ്ണു ചുമക്കാന്‍ ഇഷ്ടമ്പോലെ യന്ത്രങ്ങളുള്ള ഇടത്ത് മണ്ണു ചുമക്കാന്‍ ആളെ ആര്‍ക്കും വേണ്ട)

2.നിയമങ്ങള്‍ അറിയാതെ ഇരിക്കുക- ഇതിന്റെ ഹൈറ്റ് പലപ്പോഴും ഇവിടെത്തന്നെ കാണാറുണ്ട്. ഒരാള്‍ എന്നോട് ചോദിച്ചത്
"എന്റെ അനിയന്‍ ഇവിടെ ഒരു ലേബര്‍ കേസ് ഉണ്ടായപ്പോ നാട്ടില്‍ പോയിട്ട് സെക്കന്‍ഡ് പാസ്പോര്‍ട്ടില്‍ വന്നു, പക്ഷേ ഇമിഗ്രേഷനില്‍ തടഞ്ഞു വച്ചിരിക്കുകയണ്‌, പുള്ളിയെ ഇറക്കിക്കൊണ്ട് വരാന്‍ എങ്ങോട്ടാ പോണ്ടത്?" (ഇന്ത്യയുടെയും യൂ ഏ യിയുടെയും നിയമത്തിനു മുന്നില്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്തു ഈ അനുജനെന്ന് ചോദിക്കുന്നയാള്‍ക്ക് അറിയുകപോലും ഇല്ല എന്നതാണ്‌ ഏറ്റവും വലിയ സങ്കടം)

3. ആളുകളെ അന്ധമായി വിശ്വസിക്കുക- വിസയ്ക്ക് പണം കൊടുക്കുക, റിക്രൂട്ട്മെന്റ് ഏജന്‍സി തട്ടിപ്പിനിരയാവുക, ആരെങ്കിലും പറയുന്നതു കേട്ട് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുക തുടങ്ങിയവ വഴി അപകടത്തില്‍ പെടുന്നവര്‍ നിരവധിയാണ്‌.

Wednesday, July 8, 2009

ഹൈബ്രിഡൈസേഷന്‍ പ്രോബ്ലം


ചിത്രം ബാര്‍ഡ് ടൈഗര്‍ സലമാന്‍ഡറിന്റേത്. വിക്കിപ്പീഡിയയില്‍ നിന്ന് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രകാരം എടുത്തത്


ഗോറില്ലകള്‍ പെട്ടെന്ന് പരിണമിക്കുകയും മനുഷ്യന്റെ റിസോഴ്സുകള്‍ ക്ഷയിക്കുകയും ചെയ്തതോടെ മനുഷ്യരാശിയുടെ നിലനില്പ്പ് പരുങ്ങലിലായി. ഈയവസരത്തിലാണ്‌ നൂറോളം മാത്രം അംഗസംഖ്യ വരുന്ന യൂറോപ്യന്‍ വെളുത്ത മനുഷ്യരില്‍ ചിലര്‍ ഒറാങ്ങ് ഉട്ടാനുമായി ഇണ ചേരാനാരംഭിച്ചത്. സാധാരണ ഇത്രയും വലിഒയ വത്യാസത്തില്‍ ക്രോസ് ബ്രീഡ് ചെയ്യാനാവില്ലെങ്കിലും അതിയശമെന്നു തന്നെ പറയട്ടെ ഒറാങ്ങ് ഉട്ടാന്‍ മനുഷ്യദമ്പതികള്‍‍ക്ക് കുട്ടികള്‍ ജനിക്കാന്‍ തുടങ്ങി. മാത്രമല്ല, ഇവ മാതാപിതാക്കളുടെ മലമടങ്ങ് വലിപ്പവും ബുദ്ധിയും ശക്തിയുമുള്ള ജീവികളാകയാല്‍ ഇരുപതടി ഉയരവും മുപ്പതു കിലോ ഭാരമുള്ള തലച്ചോറുമുള്ള ഈ പുതിയ പ്രൈമേറ്റുകള്‍ ഗോറില്ലകളെയും ഒറാങ്ങ് ഉട്ടാനുകളെയും മനുഷ്യനെയും തന്നെയും കൊന്നു തീര്‍ത്ത് ഭൂമിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും തുടങ്ങി.


അസംഭാവ്യവും അസംബന്ധവും എന്ന് എഴുതിത്തള്ളാവുന്നതേയുള്ളു മുകളിലെ സാങ്കല്പ്പിക കഥ. എന്നാല്‍ ഒറാങ്ങ് ഉട്ടാനു പകരം കാലിഫോര്‍ണിയ ടൈഗര്‍ സലമാന്‍ഡര്‍ എന്നും മനുഷ്യനു പകരം ബാര്‍ഡ് ടൈഗര്‍ സലമാന്‍ഡര്‍ എന്നും എഴുതിയാല്‍ മുകളിലെ കഥ ശരിക്കും സംഭവിച്ചതാണ്‌.വിദേശീയനായ ബാര്‍ഡ് ടൈഗര്‍ സലമാന്‍ഡറിനെ ടെക്സസില്‍ നിന്നും പണ്ട് മീന്‍ പിടിത്തക്കാര്‍ കൊണ്ടുവന്നതാണ്‌ . കാലിഫോര്‍ണിയന്‍ സലമാന്‍ഡര്‍ പരുങ്ങലിലും ആയിരുന്നു. എന്തായാലും ഹൈബ്രിഡൈസേഷന്‍ വഴി ജനിച്ച രാക്ഷസ്സന്‍ അവന്റെ മൂലവംശങ്ങളും അപൂര്‍വ്വമായ മറ്റു പല ജന്തുക്കളെയും ഉന്മൂലനാശം ചെയ്തുകൊണ്ട് പുരോഗമിക്കുമ്പോള്‍ മനുഷ്യന്‍ ഇടപെട്ട് ഇതിനെ ഒതുക്കണമോ അതോ "പരിണാമത്തിന്റെ ഗതിയെ തടുക്കാവതല്ല" എന്നു തത്വചിന്തയും പാടി കുത്തിയിരുന്ന് ഇവനൊടുക്കുന്ന മറ്റു പ്രാണികളെ അതിന്റെ വിധിക്കു വിടണമോ എന്ന് ആളുകള്‍ തല പുകയുകയാണ്‌. എന്താണ്‌ നിങ്ങളുടെ അഭിപ്രായം?

തിരുത്ത്

ഇന്നലത്തെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചില പാചകക്കുറിപ്പുകളില്‍ ചില തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട് . ശരിക്കുള്ള വിവരങ്ങള്‍ ഇങ്ങനെ:
ബഫലോ വിങ്ങ്സ് എന്നാല്‍ കോഴി വറുത്തുള്ള ഒരു ആഹാരമാണ്‌-പോത്തിന്‍ ചിറകല്ല.

ബട്ടര്‍ഫ്ലൈ പ്രോണ്‍സ് എന്നാല്‍ ചെമ്മീന്‍ വറുത്തതാണ്‌- കുറിപ്പിലെ പോലെ പൂമ്പാറ്റയും കൊഞ്ചും തോരനല്ല.

ചിക്ക് പീ എന്നാല്‍ വേര്‍കടലയാണ്‌, കോഴിമൂത്രം എന്ന് തെറ്റായി എഴുതിയിരുന്നു.

ഫിഷ് ഫിംഗര്‍ എന്നാല്‍ മീന്‍ വിരലല്ല, മീനിന്റെ മാംസം തന്നെ വറുത്തതാണ്‌.

ഇതുമൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കില്‍ പത്രം നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.

അറിവില്ലായ്മയെ പരിഹസിക്കാന്‍ പാടില്ലെന്നറിയാം, പക്ഷേ ഒരാള്‍ അറുപത്തെട്ടു പട്ടിയെ തിന്നെന്ന് വാര്‍ത്ത എഴുതിയയാള്‍ക്ക് മിനിമം ഒരു പട്ടിക്ക് പത്തുകിലോ ഇറച്ചിയുണ്ടെങ്കില്‍ അറുപത്തെട്ടു പട്ടിയെന്നാല്‍ എത്ര കിലോ മാംസം വരുമെന്ന് ചിന്തിക്കാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സര്‍ ബോര്‍ഡും സെന്‍സെക്സും സെന്‍ കാറും വേണ്ടേ?

Saturday, July 4, 2009

സാന്ദര്‍ഭികം

സന്തോഷിന്റെ ബ്ലോഗില്‍ സന്ദര്‍ഭത്തിനനുസരിച്ച് കേള്‍ക്കാന്‍ പറ്റിയ പാട്ടുകള്‍ കമന്റു ചര്‍ച്ചയായി നടക്കുന്നു. അല്ലാ, ഓഫീസില്‍ പാട്ടിടുന്നവര്‍ ആരുമില്ലേ ഇവിടെ? അവര്‍ക്കുമില്ലേ സാഹചര്യങ്ങള്‍? കുറച്ചെണ്ണം ഇരിക്കട്ട്.

1.വര്‍ക്ക് ബാക്ക് ലോഗ്കൂടി
ഈ ജീവിതമൊരു പാരാവാരം .. തിരമുറിച്ചെന്നും മറു തീരം തേടി

2. ടൗണ്‍ ഹാള്‍ ഡേ
ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളേ പാകൃത യുഗ മുഖച്ഛായകളേ

3. മീറ്റിങ്ങ് ബ്രീഫിങ്ങ്
ഒളിവാളു കൊണ്ട് മരിച്ചെന്നാലോ എലപുല പോലും കഴിക്കയില്ല, പച്ചോല കെട്ടി വലിക്കും ഞാന്‌

4. മീറ്റിങ്ങ്
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു.. ആയിരവും പൊയ് മുഖങ്ങളായിരുന്നു

5. മീറ്റിങ്ങ് ഡീബ്രീഫിങ്ങ്
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം...

6. ആനുവല്‍ അസെസ്മെന്റ് റിപ്പോര്‍ട്ട്
ഈ ജീവിതം എനിക്കെന്തിനു തന്നു ആണ്ടിവടിവോനേ....

7. ത്രീ സിസ്ക്റ്റീ ഡിഗ്രീ അസെസ്സ്മെന്റ് ഡേ
പാലൂട്ടി വളര്‍ത്ത കിളി പഴം കൊടുത്ത് പാര്‍ത്ത കിളി..... എന്ന സൊല്ലവാ.

8. ത്രീ സിക്സ്റ്റീ ഡിഗ്രീ ഫീഡ്ബാക്ക്
ഊരൈ തെരിഞ്ചിക്കിട്ടേന്‍ ഉലഹം പുരിഞ്ച്ചിക്കിട്ടേന്‍ കണ്മണീ എന്‍ കണ്മണീ

9.ടീം ബില്‍ഡിങ്ങ്
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേരു വരും.. കരയുമ്പോള്‍

10.ഇങ്ക്രിമെന്റ്
സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ

11.ബോണസ്
അറബിപ്പൊന്നൂതിയുരുക്കി അരഞ്ഞാണം പണിയും ഞാന്‍


12.സ്റ്റോക്ക് ഓപ്ഷന്‍ അനൗണ്‍സ്മെന്റ്
ഒരു രൂപ നോട്ടു കൊടുത്താല്‍, ഒരു ലക്ഷം കൂടെപ്പോരും

13. ഡെഡ് ലൈന്‍ ക്രോസ് ചെയ്തു
വൈക്കത്തപ്പനു ശിവരാത്രി വടക്കുന്നാഥനും ശിവരാത്രി

14. ഫിസ്കല്‍ സാങ്ക്ഷന്‍സ്
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ

15. ഫിസ്കല്‍ സാങ്ക്ഷന്‍ ബ്രീഫിങ്ങ്
നാനും ബൊമ്മൈ നീയും ബൊമ്മൈ നിനൈത്ത് പാത്താല്‍ എല്ലാം ബൊമ്മൈ

16. റീസ്റ്റ്റക്ച്ചറിങ്ങ് റിപ്പോര്‍ട്ട് വന്നു
രാജ്യം പോയൊരു രാജകുമാരന്‍ രാഗാര്‍ദ്ര മാനസ ലോലന്‍

17. ബോര്‍ഡ് സ്പൈ വന്നു കയറി
മച്ചിന്റെ മോളിലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ.

18. വയബിലിറ്റി ഫെയില്‍
അന്ധനാര്‌ ഇപ്പോഴന്ധനാര്‌.. അന്ധകാരപ്പരപ്പിതില്‍

19. ജോബ് റീഅലൈന്മെന്റ്
സോധന മേല്‍ സോധനൈ പോതുമെടാ സാമീ...

20. റൈറ്റ്സൈസിങ്ങ് തീരുമാനം
അഗ്നിപര്വ്വതം പുകഞ്ഞു.. ഭൂചക്രവാളങ്ങള്‍ ചുവന്നു

21. റൈറ്റ്സൈസിങ്ങ് ന്യൂസ് ബ്രേക്ക്
ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം..

22. റൈറ്റ്സൈസിങ്ങ് പിങ്ക് പേപ്പര്‍
ദൈവം തന്ത വീട്, വീഥിയിരുക്ക്.. ഇന്ത ഊരെന്ന ഞ്ജാനപ്പെണ്ണേ

23. ഫെയര്‍‌വെല്‍
പോനാല് പോഹട്ടും പോടാ.. ഇന്ത ഭൂമിയില്‍ നിലയായ്

Thursday, July 2, 2009

അഗ്നിമാതാവ്അഗ്നി രണ്ട്- മധ്യദൂര മിസൈല്‍ (ചിത്രം ഏജന്‍സി ബ്രസീലിയ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സോടെ പ്രസിദ്ധീകരിച്ചത്)

പുലികളെ ആദരിക്കുന്ന ചടങ്ങ് ഇടയ്ക്ക് മുടങ്ങി. പൂര്‍വ്വാധികം ശക്തിയായി തുടങ്ങാം. ഇന്നത്തെ പുലി ഡോക്റ്റര്‍ ടെസ്സി തോമസ്. ഇന്നലെ അവരെ അഗ്നി അഞ്ച് എന്ന ഇന്ത്യയുടെ പുതിയ ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസ്സൈല്‍ പ്രോജക്റ്റിന്റെ ഡയറക്റ്റര്‍ ആയി നിയമിച്ച വാര്‍ത്ത ഈയിടെ വന്നിരുന്നു. (അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കേ നിലവില്‍ ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക്ക് മിസൈല്‍ ടെക്നോളജി നിലവിലുള്ളൂ എന്നതാണ്‌ അഗ്നി അഞ്ചിന്റെ മറ്റു മിസ്സൈല്‍ പ്രോജ്കറ്റുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് )

ആലപ്പുഴക്കാരിയായ ഡോക്റ്റര്‍ ടെസ്സി തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്നു ബിരുദവും ഡിഫന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഡിഫന്‍സ് റിസേര്‍ച്ച് & ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോലി ചെയ്തു വരുന്നു.

അഗ്നി രണ്ടിന്റെ പരിഷ്കാരത്തിന്റെ പോജക്റ്റ് ഡയറക്റ്ററായും അഗ്നി മൂന്നിന്റെ അസോസിയേറ്റ് പ്രോജക്റ്റ് ഡയറക്റ്ററായും ഡോ. ടെസ്സി സ്തുത്യര്‍ഹ സേവനം കാഴ്ചവച്ചിട്ടുണ്ട്.

ഖര ഇന്ധന റോക്കറ്റ് സം‌വിധാനത്തില്‍ ഇന്ത്യയിലേ ഏറ്റവും വലിയ വിദഗ്ദ്ധരുടെ ഗണത്തില്‍ പെടുന്നു ഡോ. ടെസ്സി.

പുരുഷന്മാര്‍ സിംഹഭൂരിപക്ഷമായ ഡി ആര്‍ ഡി ഓ ഇല്‍ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന്‌ " ഇവിടെ സ്ത്രീയും പുരുഷനുമൊന്നും ഇല്ല, ശാസ്ത്രജ്ഞരാണ്‌ ഉള്ളത്" എന്നാണ്‌ ഡോ. ടെസ്സി പ്രതികരിച്ചത്. പക്ഷേ സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിഫന്‍സ് ശാസ്ത്രജ്ഞരുടെ ശമ്പളം തീരെക്കുറവായത് തന്നെ വിഷമിപ്പിക്കാറുണ്ടെന്നും രാഷ്ട്രതാല്പ്പര്യത്തിലേക്കുള്ള സംഭാവന എന്ന നിലയില്‍ തന്റെ ജോലിയെക്കുറിച്ച് അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല.