Thursday, August 27, 2009

സീരിയസ്സായ മനോരോഗം

പണം പലിശയ്ക്ക് കൊടുക്കല്‍, അബ്കാരി വ്യവസായം, ബെനാമി പണം ഇടപാട്, ഹവാല, സിനിമ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നവരില്‍ നിരവധി പേര്‍ക്ക് തെരുവുതല്ലുകാര്‍ മുതല്‍ കൂലിക്കൊലയാളികള്‍ വരെയുള്ള സാമൂഹ്യവിരുദ്ധരുടെ സേവനം വാങ്ങുന്ന പതിവുണ്ട്. അതിനാല്‍ തന്നെ ഇത്തരം രംഗങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് (ക്രിമിനലുകളുമായി ബന്ധമുള്ളവര്‍ക്കും അങ്ങനെ അല്ലാത്തവര്‍ക്കും ) ഇത്തരം സാമൂഹ്യവിരുദ്ധരുടെ ഉപദ്രവം ഏല്‍ക്കുന്നത് പതിവാണ്‌. പലപ്പോഴും ഇത് വെട്ടുകുത്തുകളിലും കൊലപാതകത്തിലും എത്താറുണ്ട്. ക്രിമിനല്‍ ബന്ധമുള്ളതോ ഇനി ഇല്ലാത്തതോ എന്തോ, പലിശയും അനുബന്ധമായി മറ്റു പല വ്യ്വഹാരങ്ങളുമുള്ള ഒരു ധനിക യുവാവ് കേരളത്തില്‍ ഈയിടെ വധിക്കപ്പെട്ടു.സാമൂഹ്യവിരുദ്ധരുടെ ആക്രമണം മൂലമെന്ന് കരുതുന്നു ഇത്. ഒരാള്‍ കൊല ചെയ്യപ്പെട്ടെന്നത്, അതാരായാലും സങ്കടകരമായ വാര്‍ത്തയാണ്‌. ഉചിതമായ ശിക്ഷ കൊല ചെയ്തവര്‍ക്ക് കിട്ടുമെന്ന് ആശിക്കുന്നു. ഫുള്‍ സ്റ്റോപ്പ്.

കഴിഞ്ഞ നിരവധി ദിവസമായി കേരളത്തെ നടുക്കിയ സംഭവം എന്ന മട്ടില്‍ ചാനലുകാര്‍ ഈ മനുഷ്യന്റെ വധത്തെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടാല്‍ മരിച്ച വ്യവസായി കേരളത്തിന്റെ പ്രമുഖ നേതാവോ ഭരണത്തലവനോ സാംസ്കാരികപ്രമുഖനോ ഒക്കെ ആണെന്ന് തോന്നിപ്പോകും. ഒരു മുതലാളി വധിക്കപ്പെട്ടാല്‍ പന്നിപ്പനിയും ആസിയന്‍ കരാറും ഒക്കെ ഒന്നുമല്ലാതാകുമോ ആവോ. ഇരവികുളത്ത് വീണ്ടും നീലക്കുറിഞ്ഞി പൂത്തെന്ന് ഇന്നലെ വല്ല നാട്ടുകാരന്റെയും നാവില്‍ നിന്നേ ഞാനറിഞ്ഞുള്ളു.

ഒരു കാരി സതീശിനെ അറസ്റ്റ് ചെയ്തെന്ന് കുറേ ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു. കാരി സതീശന്റെ അമ്മയും മുത്തശ്ശിയുമൊക്കെ ടെലിവിഷന്‍ താരമായി. എന്താണീ കാരി? ഈ സാമൂഹ്യവിരുദ്ധന്റെ അച്ഛന്റെ പേരോ അതോ വീട്ടു പേരോ? അതോ ഗാന്ധിയെ മഹാത്മാവെന്നും രാമസ്വാമി നായ്ക്കരെ തന്തൈ പെരിയാര്‍ എന്നും വിളിക്കുമ്പോലെ കിട്ടിയ പദവിയോ? മാജിക്ക് ജോണ്‍സണ്‍ ബസ്റ്റര്‍ ഡഗ്ലസ് എന്നൊക്കെ പോലെ സ്പോര്‍റ്റ്സ് പട്ടമോ? ഏതാണ്‌ ചാനലില്‍ താരമായ ഈ കൂതറ സതീഷ്? അവന്റെ പേരിങ്ങനെ ആവര്‍ത്തിച്ച് ചാനല്‍ തോറും അഖണ്ഡനാമയജ്ഞന്‍ നടത്താന്‍ ഇവന്‍ എന്തു ചെയ്തെന്ന്? അധോലോക നായകനാണെന്ന് ഒരു റിപ്പൊര്‍ട്ടര്‍ പറയുന്നു. കണ്ടവനെ വാക്കത്തിക്കു വെട്ടിയിട്ട് പ്രാണനും കൊണ്ട് പായുന്നവന്‍ അധോലോക നായകനാണെങ്കില്‍ ഏതു ചവാലിയും ആ വിളിക്ക് അര്‍ഹനല്ലേ? അല്ലെങ്കില്‍ തന്നെ അധോലോകനായകന്‍ എന്നു വച്ചാല്‍ എന്താണ്‌ ? ക്രിമിനല്‍-നോ മോര്‍, നോ ലെസ്.


ആടുതോമ, മംഗലശ്ശേരി നീലാണ്ടന്‍, വിന്‍സന്റ് ഗോമസ് തുടങ്ങി നിരവധി സാങ്കല്പ്പിക ഗുണ്ടകളെ പ്രകീര്‍ത്തിച്ച് സിനിമകള്‍ ഇറങ്ങുമ്പോള്‍ സെന്‍സര്‍ബോര്‍ഡിനു ഒരു വിഷമവുമില്ല. കൂലിത്തല്ല്,പിടിച്ചു പറി, അടിപിടി, കത്തിക്കുത്ത് തുടങ്ങിയവ ഒക്കെ ഗ്ലാമറൈസ് ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ എന്നു വിളിക്കുന്നതിനു ബഹുമാനം പോരാഞ്ഞ് " അദ്യവും" മുതലാളിയെ കൂടുതല്‍ ബഹുമാനിക്കാന്‍ " അങ്ങത്തയും" ഒക്കെ ഉണ്ടാക്കിയതുപോലെ തെരുവു തെമ്മാടികള്‍ക്ക് ബഹുമാനപുരസ്സരം "കൊട്ടേഷന്‍ പാര്‍ട്ടി" എന്നു പുതിയ പേരും ഇട്ടുകൊടുത്തു. അഭിമാനമായി അവര്‍ക്കിനി പറയാമല്ലോ ഞാന്‍ കൊട്ടേഷന്‍ ഉദ്യോഗമാണു ചെയ്യുന്നതെന്ന്.

ഇതിന്റെ അടുത്ത പടിയില്‍ സമൂഹത്തിലെ ഏറ്റവും മാന്യന്മാര്‍ ഈ തെമ്മാടികള്‍ ആകും. സൊമാലിയയിലെ ചില പട്ടണങ്ങളില്‍ ഏറ്റവും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള പെണ്ണുങ്ങള്‍ക്ക് കടല്‍ക്കൊള്ളക്കാരെ വിവാഹം കഴിക്കാനാണത്രേ താല്പ്പര്യം, അവര്‍ ധനികരും സമൂഹത്തില്‍ വിലയുള്ളവരും ആയുധസമ്പത്തുള്ളവരും ജനം ആരാധിക്കുന്നവരും ആണെന്നത് കാര്യം.

'പുരാതന' 'സമ്പന്ന' 'അരിസ്റ്റോക്രാറ്റിക്' കുടുംബത്തിലെ 'ഹോം ലീ' 'ഗോഡ് ഫീയറിങ്ങ്' 'വീറ്റിഷ് കോമ്പ്ലക്ഷന്‍' മകള്‍ക്ക് വിദേശത്ത് ജോലി ചെയ്യുന്ന ഡോക്റ്റര്‍മാരില്‍ നിന്നോ സ്വദേശത്ത് ജോലി ചെയ്യുന്ന കൊട്ടേഷന്‍ പാര്‍ട്ടികളില്‍ നിന്നോ വിവാഹാലോചന ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കണ്ടു തുടങ്ങാന്‍ അധികം താമസമുണ്ടെന്ന് തോന്നുന്നില്ല.

Tuesday, August 18, 2009

ഇതെന്തു വാര്‍ത്ത?



വാര്ത്തകളെ നാലാല്‍ ഒരു നിവൃത്തിയുടെങ്കില്‍ വിഷയമാക്കാറില്ല, ഇന്നിപ്പോള്‍ ഒരെണ്ണം കണ്ടിട്ട് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. മനോരമയില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ആണിത്. തുഷാരഗിരിയില്‍ അപൂര്വ്വമായ ട്രാവന്‍‌കൂര്‍ ഈവനിങ്ങ് ബ്രൗണ്‍ അടക്കം നാല്പ്പത്തഞ്ചു തരം ചിത്രശലഭങ്ങള്‍ അടക്കം നൂറോളം അപൂര്വ്വ ജീവജാലങ്ങളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.

ഒന്നാമതായി റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ ശലഭത്തിനെ കാണാത്ത മലയാളി ഉണ്ടാവില്ല. കോമണ്‍ ടൈഗര്‍ എന്ന ചിത്രശലഭം. പേരുപോലെ തന്നെ വളരെ കോമണ്‍ ആയ ഒരു സംഗതി. ഈ ചിത്രം കണ്ട് ഇത് ട്രാവന്‍‌കോറ് ഈവനിങ്ങ് ബ്രൗണോ സതേണ്‍ ബേര്‍ഡ് വിങ്ങോ ബ്ലൂ മോര്‍മണോ (റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മൂന്നു വര്‍ഗ്ഗം) ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് തോന്നുന്നില്ല, പിന്നെന്തിനാണ്‌ ഈ ചിത്രം കൊടുത്തതെന്ന് മനസ്സിലായില്ല.

രണ്ടാമത്, ട്രാവന്‍‌കോറ് ഈവനിങ്ങ് ബ്രൗണ്‍ അന്യം നിന്നെന്ന് കരുതിയിരുന്നെന്നും രണ്ടുവര്‍ഷം മുന്നേ ഡോക്റ്റര്‍ ജാഫര്‍ പാലോട് അതിനെ തുഷാരഗിരിയില്‍ അതിനെ കണ്ടെത്തിയെന്നും എഴുതിയിരിക്കുന്നത് വായിച്ചാല്‍ ഇത് അന്യം നിന്നില്ലെന്ന് തെളിയിച്ചത് ഡോ. ജാഫര്‍ ആണെന്ന് ആകും മനസ്സിലാവുക. നാല്പ്പതു വര്‍ഷം മുന്നേ കാണാതായ ടി. ഈ. ബ്രൗണ്‍ (parantirrhoea marshalli)നെ വീണ്ടും കണ്ടെത്തുകയും അതിന്റെ ജീവിതചക്രത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്ത് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടുകയും ചെയ്തത് ശ്രീ. സുരേഷ് ഇളമണ്‍ ആണ്‌ (അത് തുഷാരഗിരിയും ആയിരുന്നില്ല). തുഷാരഗിരിയില്‍ ആദ്യം കണ്ടെത്തിയത് ഡോ. ജാഫര്‍ ആണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ‍ ഈ വാചകം തെറ്റിദ്ധാരണാ ജനകമാണ്‌.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ സതേണ്‍ ബേഡ് വിങ്ങ് (troides minos) ബ്ലൂ മോര്‍മണ്‍ (papilio polymnestor) എന്നിവയെ തുഷാരഗിരിയില്‍ കണ്ടെത്തി എന്നു വായിക്കുമ്പോള്‍ ശലഭങ്ങളെ പേരുകൊണ്ട് പരിചയമില്ലാത്ത ഒരാള്‍ക്ക് ഇവ എന്തോ അപൂര്‍‌വ ജീവിയാണെന്ന് തോന്നും(റിപ്പോര്‍ട്ട് സ്ഥാപിക്കുന്നത് അപൂര്‍വ്വ ജീവജാലങ്ങളെ കണ്ടെത്തി എന്നാണ്‌)

സതേണ്‍ ബേഡ് വിങ്ങ്
ബ്ലൂ മോര്‍മണ്‍

എന്നീ ചിത്രങ്ങള്‍ നോക്കുക, നിങ്ങള്‍ കാടൊന്നും കയറാതെ തന്നെ ഇവയെ കണ്ടിട്ടുണ്ടാവണം.

റിപ്പോര്‍ട്ടുകൊണ്ട് എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ദുബായ് എന്ന സിനിമയില്‍ ഭയങ്കരമായ ആസ്ത്രേലിയന്‍ ആക്സന്റില്‍ സംസാരിക്കുന്ന (സുരാജ് വെഞ്ഞാറമ്മൂടിന്റെ തിരുവനന്തപുരം ആക്സന്റ് പോലെ) ഒരു വെള്ളക്കാരനോട് "നിന്റെ പൂര്‍‌വികര്‍ ഇന്ത്യ ഭരിച്ചപ്പോള്‍" എന്നൊക്കെ മമ്മൂട്ടി ഡയലോഗ് അടിക്കുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നെന്ന് ഒരു സിനിമക്കാരനോട് പറഞ്ഞപ്പോള്‍ "അതിനുപ്പോ നമ്മടെ ഏതു പ്രേക്ഷകനാണെടേ ഇംഗ്ലീഷിലൊക്കെ പിടിപാടുള്ളത്" എന്ന് അയാള്‍ മലയാളം സിനിമാപ്രേക്ഷകരെ അടച്ച് പുച്ഛിച്ചു തള്ളി. അതുപോലെ വായനക്കാരനു വിവരമൊന്നുമില്ല എന്തെങ്കിലും എഴുതിയാല്‍ മതി എന്നാണോ?

Sunday, August 16, 2009

പഠിപ്പും പയറ്റും

ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചര്‍ അഭിപ്രായപ്പെട്ടത് ചേച്ചിയെക്കാള്‍ മിടുക്കന്‍ ആകുമെന്നായിരുന്നു. ആയോ ഇല്ലയോ എന്നത് മിടുക്കിന്റെ ഡെഫനിഷം അനുസരിച്ചിരിക്കും. ടീച്ചറമ്മയെ ഈയിടെ കണ്ടപ്പോള്‍ "ഞാന്‍ അന്നേ പറഞ്ഞില്ലേ നീ മിടുക്കനാകും എന്ന്" എന്നായിരുന്നു. അപ്പോള്‍ ടീച്ചറമ്മയുടെ നിര്‍‌വചനത്തിലെ മിടുക്കന്‍ ആയിട്ടുണ്ട്.


രണ്ടു മൂന്നൊന്നും ഓര്‍ക്കുന്നില്ല. നാലില്‍ ക്ലാസ് ഫസ്റ്റ് ആയി, എന്തോ നേടിയ കണക്കൊക്കെ തോന്നി. മൂന്നില്‍ ക്ലാസ് ഫസ്റ്റ് ആയത് ആരായിരുന്നോ.

അഞ്ചില്‍ ക്ലാസ്സില്‍ അഞ്ചാമതെത്തി. അന്ന് ഒന്നാമനായയാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ടാമനായ ആള്‍ ട്രെയിന്‍ ടി ടി ആര്‍ ആണ്‌. മൂന്നു നാലൊക്കെ എവിടെ പോയോ.

ഹിന്ദിയുടെ ശല്യം തുടങ്ങിയത് അഞ്ചിലാണ്‌. ഹിന്ദി അക്ഷരങ്ങളും അടിയും ഒരുമിച്ചാണ്‌ ക്ലാസ്സിലെത്തിയത്. പഠിപ്പിച്ചയാളിനോടുള്ള വെറുപ്പ് ഭാഷയോടുള്ള വെറുപ്പായി. ആളിന്റെ പേരോര്‍ക്കുന്നില്ല. ഞങ്ങള്‍ ആമത്തലയന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പൊഴും അങ്ങനെ തന്നെ ഓര്‍ക്കാനാണ്‌ ഇഷ്ടം.

ഏഴില്‍ വച്ച് കണക്കിനു നൂറില്‍ തൊണ്ണൂറ്റൊമ്പത് ആയിപ്പോയതിനു ഞാന്‍ ക്ലാസ്സില്‍ വച്ച് നിലവിളിച്ചു. മാര്‍ക്ക് കുറഞ്ഞതിലല്ല, എല്ലാം ശരിയായിട്ടും നൂറു മാര്‍ക്ക് തന്നില്ല. ടീച്ചറിന്റെ ഫേവറിറ്റ് ആയിരുന്ന അമ്പാടിക്ക് തൊണ്ണൂറ്റൊമ്പതേ ഉണ്ടായിരുന്നുള്ളു, അതില്‍ കൂടുതല്‍ എനിക്കു തരാന്‍ അവര്ക്കു തോന്നിയില്ല. വീട്ടില്‍ ചെന്ന് പരാതി പറഞ്ഞപ്പോള്‍ അച്ഛന്‍ ശാസിച്ചു. നീ പഠിക്കാനുള്ളത് പഠിക്കുക, ബാക്കിയുള്ളവരെക്കാള്‍ മാര്‍ക്ക് കിട്ടിയാല്‍ നിനക്ക് സ്വണ്ണപ്പതക്കമൊന്നും തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
കണക്കെന്തോ വെറുത്തില്ല.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ഞാന്‍ കൊള്ളാവുന്ന കൂലിപ്പണിക്കാരന്‍ പോലും ആകാന്‍ പോണില്ലെന്ന് എന്റെ സ്കില്‍ മൊത്തത്തില്‍ അസസ് ചെയ്ത് ക്ലാസ് റ്റീച്ചര്‍ പറഞ്ഞത്. എനിക്കെന്തോ അത്രക്ക് ബോദ്ധ്യമായില്ല.
"ഞാന്‍ ആരാകും?" പരിഷത്ത് അങ്കിളിനോട് ചോദിച്ചു
"ഇയാള്‍ എന്താകണമെന്ന് ആഗ്രഹിക്കുന്നോ അതൊക്കെയാകും, എന്താ സംശയം?" പരിഷത്തങ്കിള്‍ ചിരിച്ചൊഴിഞ്ഞു.
"ഇപ്പ ഒന്നും ആകണമെന്ന് ആഗ്രഹിക്കുന്നില്ല, അങ്കിളിന്റെ ഊഹത്തില്‍ ഞാനാരാകും?"
"അതിപ്പോള്‍ ഊഹിച്ചാല്‍... ഇയാളൊരു പക്ഷി ഗവേഷകന്‍ ആകും ഇന്ദുചൂഡന്‍ സാറിനെപ്പോലെ അല്ല അതിലും വലിയ ആളാകും. ലോകത്തിന്‌ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും." അങ്കിളൊരു വൈല്‍ഡ് ഗസ്സ് നടത്തി തടിയൂരി.

പത്തില്‍ രണ്ടാം ക്ലാസ്സോടെ ജയിച്ചു. സ്കൂള്‍ ഫസ്റ്റ് ആയവള്‍ ഇന്നൊരു ഗ്രോസറി നടത്തുന്നു. അമ്പാടിയെ ഞാന്‍ അവസാനം കാണുമ്പോള്‍ അവന്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ആയിരുന്നു. ക്ലാസ് ഫസ്റ്റ് ആയിരുന്ന അശോകിനെ ഒരു കല്യാണത്തിനായിരുന്നു കണ്ടത്. അവനും എഞ്ചിനീയറാണ്‌. സഹപാഠികളില്‍ അനില്‍ ഡോക്റ്ററായി, രഞ്ജിത്തും ജഗദീശും ബ്ലേഡ് മുതലാളിമാരായി. റുഡോള്‍ഫ് നല്ലൊരു ഹോട്ടലിന്റെ ഉടമയായിരുന്നു, മദ്യാസക്തി മൂത്ത് ഒക്കെ കളഞ്ഞ് പാപ്പരായി. ഷമീന അവരുടെ വീട്ടിലെ ഡ്രൈവറെ കല്യാണം കഴിച്ചു പഠിപ്പും നിര്‍ത്തി. ജൂഡി ഓസ്ത്രേലിയില്‍ എന്തോ ജോലി ചെയ്യുന്നു. സുജ സിംഗപ്പൂരില്‍ പ്രൊഫസറാണ്‌.

പ്രീഡിഗ്രീക്ക് പഠിപ്പിച്ച ലക്‌ചറര്‍ക്ക് " പാര്ട്ടിക്ക് മുദ്രാവാക്യവും വിളിച്ച് ഒടുക്കം വല്ലവന്റെയും കത്തി പള്ളക്ക് കയറി തീരുന്ന കേസ്" ആയിരുന്നു. ഒരു പാര്‍ട്ടിക്കും ഇന്നേവരെ ഒരു മുദ്രാവാക്യവും വിളിച്ചിട്ടില്ല ഞാന്‍ എന്നതായിരുന്നു എന്നെ അതിശയപ്പെടുത്തിയത്.

"ഡിഗ്രീക്ക് കയറുമെന്ന് ഏതായാലും തോന്നുന്നില്ല, വല്ല തടിമില്ലിലും കണക്കെഴുതി കഞ്ഞികുടിച്ചു കിടക്കണേല്‍ കുറഞ്ഞത് അദ്ധാനിക്കാനുള്ള മനസ്സെങ്കിലും വേണ്ടേ അതുമില്ല" അക്കൗണ്ടന്‍സി പ്രൊഫസര്‍ നിരീക്ഷിച്ചു.

മാര്‍ക്കറ്റിങ്ങ് പഠിപ്പിച്ച അദ്ദ്യാപകന്‍ "വഴിയില്‍ കിടന്നു കറങ്ങുന്ന നിനക്കൊക്കെ ചന്തയിലെ കച്ചവടമേ അറിയൂ" എന്നായി. ചന്തയില്‍ മീന്‍ വിറ്റും വാങ്ങിയുമുള്ള പ്രവൃത്തി പരിചയമെങ്കിലും എനിക്കുണ്ട്, ആരോ എന്നോ എഴുതിയ ഒരു പുസ്തകം പഠിച്ച്, അതു പിന്നെ പഠിപ്പിച്ച് അടുത്തവന്‍ പഠിച്ച് അവനും അത് പഠിപ്പിച്ച് വിഴുങ്ങിയും ശര്‍ദ്ദിച്ചും പോകുന്ന ഈ പരിപാടിയെക്കാള്‍ ഭേദമാണ്‌ ആ പ്രവര്‍ത്തി പരിചയം, നിങ്ങള്‍ പഠിച്ചതിന്റെ ബലത്തില്‍ ഒരു കെട്ട് ബീഡി വില്‍ക്കാന്‍ പോലും ഗുണമുണ്ടാവില്ലെന്ന് ഞാന്‍ തിരിച്ചും കൊടുത്തു.

ഡിഗ്രീ ക്ലാസ്സിലെ പലരും ഇന്ന് ബിസിനസ്സുകാരാണ്‌. അവരില്‍ ഞാന്‍ കണ്ടവരോട് ആ മാര്‍ക്കറ്റിങ്ങ് പുസ്തകത്തിന്റെ ടേബിള്‍ ഓഫ് കണ്ടെന്റ്സ് എങ്കിലും ഇന്നോര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

"നിങ്ങളുടെ ടെക്നിക്കല്‍ സ്കില്‍സ് അത്ര പന്തിയല്ല, എന്നാല്‍ ജി കെ, ന്യൂമറിക്കല്‍ എബിലിറ്റി ലോജിക്കല്‍ റീസണിങ്ങ് ഒക്കെ ഇമ്പ്രസ്സീവ് ആണ്‌. എല്ലാവരും എല്ലാ തൊഴിലിലും ശോഭിക്കില്ല, നിങ്ങള്‍ സിവില്‍ സര്‍‌വീസ് പരീക്ഷ എഴുതുന്നതാണ്‌ ബുദ്ധി" എന്നായിരുന്നു എന്റെ തൊഴില്‍ പരിശീലകന്‍ പറഞ്ഞത്. സിവില്‍ സര്‍‌വീസില്‍ അശേഷം താല്പ്പര്യമില്ലെന്നും ആ തൊഴില്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ വല്ല ലോണുമെടുത്ത് ഒരു ബോട്ടു വാങ്ങുകയേ ഉള്ളു എന്നും ഞാന്‍ പറഞ്ഞു.

അഞ്ചു വര്‍ഷം അക്കൗണ്ടിങ്ങ് പുസ്തകം മറിച്ചു തിരിച്ചെങ്കിലും നോക്കിയിട്ടുള്ള ഞാന്‍ പണിയെടുത്തു തുടങ്ങിയപ്പോഴാണ്‌ മനസ്സിലായത് ആ അഞ്ചു വര്‍ഷം അതിനു പകരം സിനിമ കണ്ടിരുന്നെങ്കിലും ഒരു വത്യാസവും ഉണ്ടാകില്ലായിരുന്നെന്ന്. വെറുതേ ഒരു ബി. കോം ഡിഗ്രീ. ശേഷമുള്ള കഠിന മത്സര പരീക്ഷകളില്‍ ബി കോം വിദ്യാര്‍ത്ഥികളെക്കാള്‍ ഡിഗ്രീ കണക്കും ഫിസിക്സും ഒക്കെ പഠിച്ചവര്‍ ആയിരുന്നു ജയിച്ചവരിലെ ഭൂരിഭാഗം .


എന്റെ പഴയ ഒരു ട്യൂട്ടറെ ഈയിടെ കണ്ടു.
"എന്തേ പിടി വിട്ടുകളിച്ചത് ആന്റണീ, സെറ്റില്‍മെന്റ് സ്പെഷലിസ്റ്റ് ആയി കോര്‍പ്പറേറ്റ് തെമ്മാടിത്തരങ്ങളുറ്റെ തലയില്‍ നിരങ്ങുന്ന ഒരു കരിയര്‍ ആയിരുന്നു നിനക്കെന്ന് ഞാന്‍ പ്രതീക്ഷിച്ചു"
"എന്നെക്കുറിച്ച് ഞാന്‍ പോലും ഒന്നും പ്രതീക്ഷിക്കാറില്ല സര്‍. ഇങ്ങനെ പോകുന്നു, ഒഴുക്കിനൊപ്പം, ചിലപ്പോ എതിരേ."


ആദ്യ ജോലിക്ക് ജോയിന്‍ ചെയ്തതിന്റെ ഇരുപതാം വാര്‍ഷികമാണിന്ന്.

Saturday, August 15, 2009

ഒരു മുറിപ്പാട് വരുത്തിയ വത്യാസം

സ്വാതന്ത്യാനന്തരം അല്ലറ ചില്ലറ രാജ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്ന കമ്മിറ്റിയില്‍ കൂടി ഉണ്ടായിരുന്ന ആളാണ്‌ പട്ടാഭിരാമ രാമസ്വാമി അയ്യര്‍. അദ്ദേഹം ദിവാനായിരിക്കുന്ന തിരുവിതാം‌കൂര്‍ സ്വതന്ത്ര ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ചുകൊണ്ട് അയച്ച കത്തു കിട്ടി അന്തം വിട്ട മൗണ്ട് ബാറ്റണ്‍ സി പിയെ ഡെല്‍ഹിക്കു വിളിപ്പിച്ചു.

സി പിയുടെ ട്രാവന്‍‌കൂര്‍ തീരുമാനം ഉറച്ചതായിരുന്നു. അമേരിക്കന്‍ മോഡല്‍ രാജ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ദിവാന്‍. ഒരൊറ്റ വത്യാസം മാത്രം- ദിവാനെ നിയമിക്കുന്നത് മഹാരാജാവാണ്‌. തിരഞ്ഞെടുപ്പും വോട്ടുമൊന്നുമില്ല.

സര്‍‌ദാര്‍ പട്ടേലും മീറ്റിങ്ങിലുണ്ടായിരുന്നു. "ഇന്ത്യയില്‍ നിന്ന് വേറിട്ടൊരു രാജ്യം എന്ന സ്വപ്നവുമായാണ്‌ താങ്കള്‍ തിരുവിതാംകൂറിലേക്ക് മടങ്ങുന്നതെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവും ഓര്‍ത്തോളൂ" പട്ടേലിന്റെ ഉരുക്കിന്റെ കാര്‍ക്കശ്യമുള്ള മുന്നറിയിപ്പ് സി പിയെ കുലുക്കിയില്ല.
"നിങ്ങള്‍ക്ക് എന്നെ വധിക്കാന്‍ കല്പ്പിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം, പക്ഷേ ഒന്നോര്‍ത്തോ, ഞാന്‍ കൂടി മരിച്ചാല്‍ പിന്നെ കമ്യൂണിസ്റ്റുകളെ നേരിടാന്‍ നിങ്ങള്‍ ഒറ്റയ്ക്കാകും"

സി പി മടങ്ങി. ജൂലായ് പതിനെട്ട് ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴില്‍ തിരുവിതാംകൂര്‍ രാജാവ് വിളംബരം ചെയ്തു, ആഗസ്റ്റ് ഇരുപത്താറു മുതല്‍ തിരുവിതാംകൂര്‍ മഹാരാജ്യം സ്വതന്ത്ര രാജഭരണ പ്രദേശമാകുമെന്ന്.

ജനം ഇളകി. സര്‍ സി പിക്കു പിന്നില്‍ എക്കാലവും ഉറച്ചു നിന്ന മന്നത്തു പത്മനാഭന്‍ പോലും ഇതില്‍ പ്രതിഷേധിച്ച് ജയില്‍ വാസം വരിച്ചു. പുന്നപ്രവയലാറില്‍ തുടങ്ങി ദിവാനെതിരേ പരസ്യലഹള നടത്തിയ കമ്യൂണിസ്റ്റുകള്‍ ദിവാനെയും മന്ത്രിമാരെയും ബോംബെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടു എന്നാല്‍ അതിനു മുന്നേ ജൂലൈ ഇരുപത്തഞ്ചിന്‌ റെവല്യൂഷണറി സോഷ്യലിസ്റ്റുപാര്‍ട്ടിക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്‍ തിരുവനന്തപുരത്തു ഒരു സംഗീതപരിപാടി കേള്‍ക്കാനെത്തിയ ദിവാന്റെ മുഖത്തു വെട്ടി ഗുരുതരമായ പരിക്കേല്പ്പിച്ചു. മഹാരാജാവ് തന്റെ തീരുമാനം മാറ്റുകയാണെന്നും റിപ്ലബിക്ക് ഓഫ് ഇന്ത്യയില്‍ ചേരാന്‍ തനിക്കു സമ്മതമാണെന്നും മൗണ്ട് ബാറ്റണു ടെലിഗ്രാം അടിച്ചു.

( Thomas J Nossiter, Royal Institute of International Affairs എഴുതിയ Communism in Kerala: A study of political adaptation എന്ന പുസ്തകത്തില്‍ നിന്ന്)

കെ സി എസ് മണി സി പിയുടെ മുഖത്തിട്ടു വെട്ടയില്ലെങ്കില്‍(മൂക്ക് അറുത്തു എന്നത് സത്യമല്ല എന്ന് സി പിയെ ചികിത്സിച്ചവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്, കവിളിലും കണ്ണിനു മീതേയുമായിരുന്നു വെട്ടെന്ന് അവര്‍ പറയുന്നു) എന്തായിരിക്കും സംഭവിച്ചിരിക്കുക? ഒരു പക്ഷേ, കമ്യൂണിസ്റ്റുകള്‍ ബോംബേറില്‍ വിജയിച്ചേനെ, ഇല്ലെങ്കില്‍ ജനസമരം രൂക്ഷമായി ഒടുക്കം സി പി അടിയറവു പറഞ്ഞേനെ.

ഇതൊന്നുമില്ലെങ്കിലും സര്‍‌ദാര്‍ പട്ടേല്‍ ബലം പ്രയോഗിച്ചു തന്നെ തിരുവിതാംകൂര്‍ ഇന്ത്യയില്‍ ലയിപ്പിക്കുമായിരുന്നു. ആ വെട്ട് പക്ഷേ ഒരു വത്യാസമുണ്ടാക്കി. സ്വതാല്പ്പര്യങ്ങള്‍ക്ക് വേണ്ടി ഒരു ജനതയുടെ ആഗ്രഹത്തെ കൊന്നു കുഴിച്ചു മൂടാന്‍ ശ്രമിച്ചാല്‍ ഏതു ദിവാനെയും പൊന്നുതമ്പുരാനെയും കൈകാര്യം ചെയ്യാന്‍ ആളുകള്‍ മടിക്കേണ്ടതില്ല എന്ന് അവര്‍ക്കു തന്നെ ബോദ്ധ്യം വന്നു. സ്വതന്ത്ര ഇന്ത്യയിലേക്ക് അവര്‍ ലയിക്കുമ്പോള്‍ നല്ലൊരളവിലെങ്കിലും രാജാവിനെയും ദിവാനെയും പേഷ്കാരെയും അധികാരിയെയും മാടമ്പിയെയും എല്ലാം മനസ്സില്‍ നിന്ന് അവര്‍ പറിച്ചു കളഞ്ഞിരുന്നു.

എന്റെ അച്ഛന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും അസംബ്ലിയില്‍ വഞ്ചീശ മംഗളം ആയിരുന്നു പാടിയിരുന്നത്. ഞാന്‍ "എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌ " എന്നും.

Thursday, August 13, 2009

അന്ധത

പ്രണയത്തിനു കണ്ണില്ലല്ലോ.അവള്‍ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നു, പക്ഷേ കണ്ട ക്ഷണം അവനും അവളും തങ്ങളില്‍ പ്രണയത്തിലായി.

വാലന്റൈന്‍ ദിനത്തില്‍ അവന്‍ അവളെ പാര്‍ക്കില്‍ കൂട്ടിക്കൊണ്ടുപോയി ഒരു സമ്മാനം നല്‍കി. അവള്‍ സന്തോഷം കൊണ്ട് മതിമറന്നു പോയി.

അന്നു വൈകുന്നേരമാണ്‌ അവര്‍ പിണങ്ങിയതും. വഴക്ക് മൂത്തപ്പോല്‍ അവന്‍ അവളെ ഞെരിച്ചു കൊന്ന് അവന്‍ കൊടുത്ത സമ്മാത്തിന്റെ തുക അവളുടെ ബാഗില്‍ നിന്നും എടുത്ത് ശവം ആളില്ലാത്ത സ്ഥലത്ത് തള്ളി അവന്‍ അങ്ങു തിരിച്ചു പോയി. ക്രോധത്തിനു കണ്ണില്ലല്ലോ.

(വാര്‍ത്ത സാധനം പൊതിഞ്ഞു വന്ന പഴയ ഗള്‍ഫ് ന്യൂസില്‍ കണ്ടത്)

Tuesday, August 11, 2009

സൗന്ദര്യച്ചന്ത

സൗന്ദര്യമത്സരം നടന്നാല്‍ കേരളം നശിക്കുമോ അതോ തിളങ്ങുമോ, മത്സരം പ്രോത്സാഹിപ്പിക്കണൊ നിരോധിക്കണൊ ആകപ്പാടെ ബഹളം ചാനല്‍ തോറും. കേട്ടു കേട്ട് ചെവി തഴമ്പിച്ചു. എപ്പ കണ്‍ഫ്യൂഷന്‍ അപ്പ ബേസിക്‌സില്‍ പോണമെന്ന് കണ്‍ഫ്യൂഷന്റെ പുണ്യാളനായ കണ്‍ഫ്യൂഷ്യസ് പറഞ്ഞിട്ടുണ്ട്

എന്താണ്‌ സൗന്ദര്യ മത്സരം?
ശരീരസൗന്ദര്യത്തിന്റെ വ്യപസ്ഥാപിത മാനദണ്ഡങ്ങളനുസരിച്ച് ചിലരെ മഹാസുന്ദരനും സുന്ദരിയുമായി തിരഞ്ഞെടുക്കല്‍

എങ്ങനെയാണിതു നടത്തുന്നത്?
കാളച്ചന്ത പോലെ.


ആരാണിതു നടത്തുന്നത്?
സ്വകാര്യകമ്പനികളാണ്‌. സ്പോണ്‍സര്‍ഷിപ്പ് വഴിയും ടിക്കറ്റ് വഴിയും അവര്‍ക്ക് ലാഭമുണ്ടാകുന്നു.

ആരാണിതിന്റെ സ്പോണ്‍സര്‍മാര്‍?
മിക്കവാറും സ്ത്രീകളെ മോടിപിടിപ്പിക്കുന്ന സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍

ആരാണ്‌ ഇതില്‍ പങ്കെടുക്കാന്‍ വരുന്നത്?
മോഡല്‍ ആയോ ഇന്ത്യന്‍ കോണ്ടക്സ്റ്റില്‍ സിനിമാ നടി ആയോ തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍.

എന്തു തരം ഇമേജ് ആണ്‌ സിനിമാ നടി/ മോഡലുകള്‍ക്ക് വേണ്ടത് ഇന്ത്യയില്‍ ?
തൊലിവെളുപ്പ്, മേനികൊഴുപ്പ്, ആഢ്യത്വം (വര്‍മ്മ കിര്‍മ്മ ദീക്ഷിത് തുടങ്ങിയ പേരിടല്‍, അമേരിക്കയില്‍ ജനിച്ചു, യൂറോപ്പില്‍ വളര്‍ന്നു... മുതല്‍ ആനയും അമ്പാരിയും വളര്‍ത്തല്‍ വരെ ആകാം), കൊഞ്ചല്‍ (ഇംഗ്ലീഷിലാകാം, കൊരച്ച മലയാലം ആകാം ) നാട്യം എറ്റ് സെട്രാ.

എന്തായിരിക്കും അപ്പോള്‍ ബ്യൂട്ടി ക്വീനിനെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
മേല്‍ പറഞ്ഞ സിനിമാ നടി മോഡലുകള്‍ക്ക് വേണ്ടതൊക്കെ തന്നെ.

ഇത്തരം മത്സരങ്ങള്‍ സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തില്‍ ഉണ്ടാക്കുന്നില്ലേ?
മറിച്ചാണ്‌ സംഭവിക്കുന്നത്. സ്ത്രീ എന്നാല്‍ വെറും ശരീരമാണെന്ന ധാരണ സമൂഹത്തിലുള്ളതുകൊണ്ടാണ്‌ ഇത്തരം മത്സരങ്ങള്‍ ഉണ്ടാകുന്നത്.

സൗന്ദര്യ മത്സരങ്ങള്‍ നിരോധിച്ചാല്‍ പ്രയോജനം ഉണ്ടാകുമോ?
സൗന്ദര്യ മത്സരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുജനമദ്ധ്യത്തില്‍ ഇത്തരം റോളുകളില്‍ എപ്പോഴും ആളുണ്ടാകും.

സൗന്ദര്യമത്സരങ്ങള്‍ ബുദ്ധിസാമര്‍ത്ഥ്യവും മറ്റും പരിശോധിക്കുന്നുണ്ടോ?
സൗന്ദര്യമത്സരങ്ങള്‍ ടേപ്പില്‍ അളക്കാവുന്ന കാര്യങ്ങളേ പരിശോധിക്കുന്നുള്ളു. സൗന്ദര്യമില്ലാത്തവരും വൃദ്ധകളും തെരഞ്ഞെടുക്കപ്പെടുന്നില്ലല്ലോ.

അപ്പോള്‍ ശിശുസൗന്ദര്യമത്സരങ്ങളോ?
ശ്വാനപ്രദര്‍ശനം പോലെ ശിശുപ്രദര്‍ശനവും ഒരുതരം ബ്രാഗിങ്ങ് ആണ്‌. കുട്ടി മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവാണെന്ന വിശ്വാസമാണ്‌ സുന്ദരിക്കുട്ടി മിടുക്കന്‍ കുട്ടി എന്നിവ തങ്ങളുടെ ഉടമസ്ഥതയിലുണ്ടെന്ന് വീമ്പുകാണിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

സൗന്ദര്യമത്സരം കാണുന്നവരെല്ലാം സൗന്ദര്യത്തിന്റെ കോര്‍പ്പറേറ്റ് നിര്വചനം വിശ്വസിക്കുന്നവരാണോ?
സൗന്ദര്യമത്സരം കാണുന്നവര്‍ ടെന്നിസ് കാണുന്നതുപോലെ എലിമിനേഷന്‍ പ്രോസസ് ആസ്വദിക്കുകയും അതേ സമയം പ്രദര്‍ശിപ്പിക്കപ്പെടുന്ന സ്ത്രീ ശരീരത്തെ ആസ്വദിക്കുകയുമാണ്‌ ചെയ്യുന്നത്.

സാധാരണ ജനങ്ങളില്‍ സുന്ദര്‍ന്മാരും സുന്ദരികളും ഈ നിര്‌വചനത്തിനനുസരിച്ചെങ്കിലും അധികമില്ലല്ലോ. അവരെങ്ങനെ തങ്ങളോട് താദാത്മ്യമില്ലാത്ത ഒന്നിനെ ആസ്വദിക്കുന്നു?
മോഹന്‍‌ലാലിന്റെ മാടമ്പി കഥാപാത്രങ്ങളെ ആസ്വദിക്കുന്നവരെല്ലാം മാടമ്പിമാരല്ലന്നു മാത്രമല്ല, നല്ലൊരുശതമാനം മാടമ്പിത്തത്തിന്റെ ദ്രോഹപ്രവര്‍ത്തികള്‍ അനുഭവിച്ചവരുടെ തൊട്ടടുത്ത തലമുറകള്‍ ആണ്‌. ഇത്തരം കളികളുടെ വിജയം സാമ്യം സ്ഥാപിക്കലിലല്ല, ശരിക്കും ഇല്ലാത്ത ഒന്നായി ഭാവനയില്‍ വ്യവഹരിക്കുന്നതിലാണ്‌.

സത്യത്തില്‍ ഇല്ലാത്ത ഒരു പ്രാധാന്യം ചിലര്‍ക്ക് ഇത്തരം ശാരീരികപ്രദര്‍ശനം കൊണ്ട് സമൂഹം കൊടുക്കുന്നില്ലേ?
ഉണ്ട്. അത് പക്ഷേ സൗന്ദര്യറാണിപ്പട്ടം കിട്ടിയവര്‍ക്ക് മാത്രമല്ല. ശാരീരിക സൗന്ദര്യത്തിന്റെ അമിതപ്രാധാന്യം സുന്ദരക്കുട്ടനെയും സുന്ദരിക്കുട്ടിയെയും സ്കൂള്‍ ടീച്ചര്‍മാര്‍ ഓമനകളാക്കുന്നതുമുതല്‍ തുടങ്ങി സകലമാന ജീവിത തുറകളിലും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ അങ്ങേയറ്റത്ത് ഒരു വ്യക്തിയുടെ കഴിവുകളിന്മേല്‍ തങ്ങളുടെ ശതകോടി പണം വിശ്വസിച്ചേല്പ്പിക്കുന്ന കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പില്‍ വരെ കാണാം. എത്ര ചട്ടനെയും കൂനനെയും കോന്ത്രപ്പല്ലനെയും സീ ഈ ഓ ആയും ചെയര്‍മാന്‍ ആയും കമ്പനികള്‍ നിയമിച്ചിട്ടുണ്ട്?

Thursday, August 6, 2009

ജീവിച്ചിരിക്കുന്ന രക്തസാക്ഷി

ഔദ്യോഗികാവശ്യത്തിനായി കമ്പനി അയച്ചാണ്‌ യമഗുച്ചി എന്ന ചെറുപ്പക്കാരന്‍ എഞ്ചിനീയര്‍ ഒരാവശ്യത്തിനു വേണ്ടി ഹിരോഷിമയിലെത്തിയതാണ്‌. യുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങാന്‍ ഒരുങ്ങുകയായിരുന്നു, ജെര്‍മ്മനി നേരത്തേ തന്നെ കീഴടങ്ങിക്കഴിഞ്ഞിരുന്നു. മിക്ക പ്രമുഖ പട്ടണങ്ങളും അലൈഡ് ശക്തികള്‍ കീഴടക്കിയും കഴിഞ്ഞിരുന്നു. നഗരത്തിലെ എയര്‍ റെയിഡ് മുന്നറിയിപ്പുകള്‍ പിന്‍‌വലിച്ചതില്‍ അത്ഭുതമൊന്നും അയാള്‍ക്ക് തോന്നിയില്ല. ഹിരോഷിമ ഒരു മിലിട്ടറി സ്റ്റ്റാറ്റജിക്ക് പോയിന്റ് അല്ലാത്തനിനാല്‍ പ്രത്യേകിച്ചും.

ഒരു സാധാരണ ദിവസം, ജനം ദൈനം ദിന വൃത്തികളിലേര്‍പ്പെട്ടിരിക്കുന്ന പ്രഭാതം. കേട്ട ശബ്ദം എന്തെന്ന് തിരിച്ചറിയാന്‍ കഴിയും മുന്നേ യമഗുച്ചി ബധിരനായിക്കഴിഞ്ഞിരുന്നു. കാഴ്ചയും പോയതിനാല്‍ ഉയര്‍ന്ന ആണവക്കുമിളിനെയും അയാള്‍ കണ്ടില്ല. പൊട്ടിത്തെറിയിലും തീക്കാറ്റിലും റേഡിയേഷനിലും ഹിരോഷിമ നഗരത്തിന്റെ പകുതിയോളം ആളുകള്‍ മരിച്ചെങ്കിലും ലിറ്റില്‍‍ ബോയ് വീണതിനു വെറും മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു യമഗുച്ചി പരിക്കുകളോടെ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങളൊന്നും കാര്യമായി നടക്കാന്‍ സാഹചര്യമില്ലാത്ത അവസ്ഥയായിരുന്നിട്ടും എയര്‍ റെയിഡ് ഷെല്‍ട്ടറില്‍ അന്തിയുറങ്ങി. കാഴ്ചശക്തി വീണ്ടുകിട്ടിയ അദ്ദേഹയും സഹപ്രവര്‍ത്തകരായ അക്കീരയും കുനിയോഷിയും അടുത്ത ദിവസം ജോലിസ്ഥലമായ നാഗസാക്കിയിലേക്ക് മടങ്ങി.

ജോലിസ്ഥലമായ മിറ്റ്സുബിഷിയില്‍ വച്ച് ഒരൊറ്റ ബോംബ് ഹിരോഷിമ പട്ടണത്തെ മൊത്തം ഇല്ലാതെയാക്കി എന്ന യമഗുച്ചിയുടെ വിവരണം കേട്ട് അദ്ദേഹത്തിന്റെ മേലധികാരി ഇയാള്‍ക്ക് ഭ്രാന്താണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് പരിഹസിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ രണ്ടാമത്തെ അണുബോംബ് പൊട്ടുന്നത്. ഇത്തവണയും തൊട്ടടുത്ത് തന്നെ.ഭാഗ്യം പക്ഷേ രണ്ടാമതും തുണച്ചു.

യമഗുച്ചിഇന്നും രണ്ട് അണുബോംബ് സ്ഫോടനങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുന്നു, റേഡിയേഷനില്‍ നിന്നുത്ഭവിച്ച ക്യാന്‍സറിനു കീഴടങ്ങാതെ അറുപത്തിനാലു വര്‍ഷങ്ങള്‍ പിന്നിട്ട് തൊണ്ണൂറ്റിമൂന്നാം വയസ്സിലേക്ക് കടക്കുകയാണ്‌ അദ്ദേഹം.

Sunday, August 2, 2009

ഉദാരമനാസ്കിത

മലബാറി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഇറയത്ത് സായിപ്പ് തന്റെ ഹാര്‍ളി ഡേവിഡ്സണു സ്റ്റാന്‍ഡ് തട്ടി. പ്ലക്കാര്‍ഡ് ഉയര്‍ത്തി വച്ചു. നാലുപാടും കൂടിയവര്‍ കൗതുകപൂര്‍‌വം വായിച്ചു.
"പ്രിയപ്പെട്ടവരേ,
ഞാന്‍ ഊമയും ബധിരനുമാണ്‌. ഈ മോട്ടോര്‍സൈക്കിളില്‍ ലോകം ചുറ്റി ചുറ്റി പുതിയ ഗിന്നസ് റിക്കോര്‍ഡ് ഇടാനാണ്‌ ആഗ്രഹം. ഇതുവരെ ഇരുപത്തഞ്ച് രാജ്യങ്ങളിലായി അമ്പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. പെട്രോള്‍ വാങ്ങണം, വണ്ടി റിപ്പയര്‍ ചെയ്യണം, എനിക്കു ഭക്ഷണം കഴിക്കണം അങ്ങനെ ഈ യാത്രക്ക് ഒട്ടേറെ ചിലവുണ്ട്. സംഭാവനകള്‍ തന്നാലേ എന്റെ ആഗ്രഹം പൂര്‍ത്തിയാവൂ."

മുത്തുകൊണ്ടോന്റെ പറ നിറഞ്ഞു പവിഴം കൊണ്ടോന്റെ പറ നിറഞ്ഞു
നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം മനസ്സു മാത്രം ഓന്റെ മനസ്സു മാത്രം.

നാട്ടിലെ വെള്ളപ്പൊക്കവും ചികുന്‍ ഗുന്യയും പന്നിപ്പനിയും മറന്ന് നോട്ടും ചില്ലറയുമായി വന്ന മലയാളികളും , കമ്പിവേലിക്കകത്ത് പട്ടിയെപ്പോലെ കിടന്ന് ചാകുന്ന തമിഴരെയോര്‍ക്കാത്ത ശ്രീലങ്കക്കാരും ഒക്കെ സായിപ്പിന്റെ സ്നേഹം നിറഞ്ഞ നന്ദി വാങ്ങി കൃതാര്‍ത്ഥരായി മടങ്ങി.

എണ്‍പതു ശതമാനം ഇന്ത്യക്കാര്‍ക്ക് കക്കൂസില്ല
എഴുപതു ശതമാനം ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്ക് വിളര്‍ച്ചയാണ്‌, നാല്പ്പത്തിമൂന്നു ശതമാനത്തിനു പ്രായത്തിനനുസരിച്ചു വളര്‍ച്ചയുമില്ല
നാല്പ്പതു ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പണിയെടുക്കാനുള്ള ഊര്‍ജ്ജം ഭക്ഷണത്തില്‍ നിന്നു കിട്ടുന്നില്ല.

പ്ലക്കാര്‍ഡ് എടുത്ത് തെണ്ടാന്‍ ഇറങ്ങാന്‍ ഭയമാണ്‌, അഭിമാനവും സമ്മതിക്കുന്നില്ല.

["മരിച്ച പതിനെട്ടു കുഞ്ഞുങ്ങളുടെ കഷ്ടപ്പാട് തീര്‍ന്നു സാബ്", ഗ്രാമപ്രമുഖന്‍ ലെനിന്‍ രംഘുവംശിയോട് പറഞ്ഞു." ഇതാ ഈ ജീവച്ഛവങ്ങളെ നോക്കൂ- വെറും അസ്ഥികൂടങ്ങള്‍ . ഭൂപ്രഭുക്കളുടെ ഉപദ്രവം സഹിക്കാതെ അവര്‍ കാട്ടിലേക്കോടിയതാണ്‌. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവരെ പുറത്തേക്കും ഓടിച്ചു. ഇപ്പോള്‍ പുല്ലും കുമിളുകളും തിന്നാണ്‌ ജീവിക്കുന്നത്