Friday, February 27, 2009

അന്തോണിക്ക്‌ അന്ത്യം കുറിക്കട്ടേ?

സഹൃദയരേ കലാസ്നേഹികളേ,

അന്തോണിച്ചന്റെ ബ്ലോഗിന്‌ ചില പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത്‌ നിറവേറിക്കഴിഞ്ഞു. ബാക്കിയുള്ളവ ഒട്ടു സാദ്ധ്യവുമല്ല.

ശുന: പുച്ഛമിവവ്യര്‍ത്ഥം ബ്ലോഗങ്ങനെ തുടരുന്നെന്നേയുള്ളു. അതെനിക്കുതന്നെ അറിയാവുന്നതുകൊണ്ട്‌ ഈയിടെ എഴുതുന്നതില്‍ ഇമോഷണല്‍ കണ്ടന്റ്‌ ഇറ്റുപോലുമില്ല. നമ്മക്ക്‌ ഇതങ്ങോട്ട്‌ ഫിനിഷ്‌ ചെയ്താലോ?

വേണേല്‍ അന്തോണി എന്താരായിരുന്നു, എന്തരിനായിരുന്നു എന്തരോ മഹാനുഭാവുലു എന്നൊക്കെ ഒരു വിശകലനം നടത്താം.

ശരി? ദേ കയറും സ്റ്റൂളും ശരിയാക്കി വച്ചിട്ടുണ്ട്‌.

യാഥാര്‍ത്ഥ്യം

അണ്ണനെവിടെ ഈ പോണത്‌, ഇരി ബഡ്ജറ്റ്‌ അവതരിപ്പിക്കുന്നത്‌ കണ്ടൂടേ?
ആക്ച്വത്സ്‌ അവതരിപ്പിക്കട്ട്‌ അപ്പോ ഇരുന്നു കാണാവെടേ.

ങ്ങേ? അങ്ങനെ ഒരു ഇടപാടില്ലല്ല്. ഒണ്ടെങ്കിത്തന്നെ അത്‌ ടീവീയിലെങ്ങും വന്നൂടില്ല.
എടേ, സര്‍ക്കാരിന്റെ കണക്ക്‌ ബഡ്ജറ്റ്‌, ആക്ച്വല്‍ എന്‍കംബ്രന്‍സ്‌ എന്നല്ലേ എഴുതാറ്‌. സര്‍ക്കാരു ബഡ്ജറ്റ്‌ അടുത്തവര്‍ഷം എന്തോ വരും, വന്നാല്‍ എങ്ങനെ ചെലവാക്കും മിച്ചമുണ്ടോ കമ്മിയാണോ എന്നൊക്കെയല്ലേ?
പിന്നല്ലേ. അതല്ലേ നമ്മള്‍ രാഷ്ട്രീയബോധമുള്ളവര്‍ കുത്തിയിരുന്നു കാണേണ്ടത്‌. നമ്മടെ ഫിസ്കല്‍ പോളിസി എങ്ങനെ ഡിസൈന്‍ ചെയ്തിരിക്കുന്നു, എന്തുമാത്രം ക്ഷേമദായകവും ഫലപ്രദവുമാണ്‌ എന്നൊക്കെ അറിയണ്ടേ, അടുത്ത തവണ വോട്ടു ചോദിച്ചു വരുമ്പോ അതൂടെ കണക്കിലെടുക്കണ്ടേ.

പിന്നേ വേണം. ഫിസ്കല്‍ പോളിസിയും സ്റ്റ്രാറ്റജിയും ഒരേകദേശ ഐഡിയ ധനബില്ല് അവതരണത്തില്‍ കിട്ടും. പക്ഷേ അത്‌ SMART ആയിരുന്നോ സ്വപ്നമായിരുന്നോ, നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നോ ജനത്തെ പറ്റിച്ചോ, ഇപ്പറഞ്ഞപോലെ ഒക്കെ തന്നെയായിരുന്നോ കാര്യങ്ങള്‍, മന്ത്രി നടത്തിയത്‌ ഫൈനാന്‍ഷ്യല്‍ പ്ലാനിങ്ങ്‌ ആയിരുന്നോ അതോ അയാള്‍ കഥയെഴുതുകയായിരുന്നോ എന്നൊക്കെ അറിയണ്ടേ?
വേണം.

അതാ പറഞ്ഞത്‌, ആക്ച്വത്സ്‌ കൂടി അവതരിപ്പിക്കണമെന്ന്. മുന്നാണ്ട്‌ ആക്ച്വലും എന്‍കംബ്രന്‍സസും കാണുമ്പ അറിയാം മുന്നാണ്ട്‌ ബഡ്ജറ്റ്‌ എന്തുമാത്രം
നടപ്പിലാക്കബിള്‍ ആയിരുന്നു എന്ന്. മര്‍ഫിച്ചന്റെ നിയമം -if it happened, it was possible മാത്രമല്ല, ബഡ്ജറ്റ്‌ വേരിയന്‍സ്‌ എന്തുമാത്രം നോക്കിവേണം കാര്യക്ഷമത അറിയാന്‍, നിനൈത്തതെ മുടിപ്പവനല്ലെങ്കില്‍ പിന്നെ എന്തരിനു ചെല്ലാ നിനയ്ക്കണത്‌.

എന്നാലും ഇങ്ങനെയൊക്കെ...
എടേയ്‌ കോപ്പ..

ച്ഛേ തെറി പറയല്ലേണ്ണാ, ഒരെതിരഭിപ്രായം..
കോപ്പ്രേറേറ്റീവ്‌ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിങ്ങ്‌ ബാദ്ധ്യസ്ഥത എങ്കിലും സര്‍ക്കാരിനു വേണ്ടേ എന്നു ചോദിക്കാന്‍ തുടങ്ങിയതാ, ചെല്ലന്‍ തെറ്റിദ്ധരിച്ചു.

അപ്പ എന്തരു വേണം?
ഒരു മൂന്നു കോളം ഫൈനാന്‍ഷ്യല്‍, മെമ്മറിയില്‍ നില്‍ക്കുന്നത്ര സമ്മറി മതി ഒരു പേജായി പത്രത്തിലൊന്നു കൊടുത്താല്‍ ആകാശം ഇടിയത്തില്ല. വരവ്‌ ബഡ്ജറ്റ്‌ എത്ര, യഥാര്‍ത്ഥത്തിലെത്ര, എങ്കംബര്‍ ചെയ്തതെത്ര. എന്തരാണു വേരിയന്‍സിനു കാരണമെന്ന് ടെലിവിഷനിലും പത്രത്തിലും സെന്‍സേഷനുണ്ടാക്കി കണ്‍ഫ്യൂഷനാക്കുന്ന അണ്ണന്മാര്‍ പ്രബന്ധം അവതരിപ്പിച്ചോളും.

പിന്നെന്തരാ അണ്ണാ ആരും ഇതു ചെയ്യാത്തത്‌?
അക്കൌണ്ടബിലിറ്റി ഉള്ള നാട്ടിലെല്ലാം ചെയ്യ്ന്നുണ്ടെടേ. ഇതിപ്പോ നടപ്പാക്കണേല്‍ സമയാസമയം സകലവകുപ്പുകാരനും കണക്കെഴുതണം, സമയത്ത്‌ ഏജി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കണം, ഒപ്പിട്ട്‌ സാധനം പൊറത്തെറക്കണം, നാട്ടുകാരന്‍ ഇതെന്താ സാറേ പറഞ്ഞപോലെ നടന്നില്ലല്ല് എന്ന് ചോദിക്കുമ്പോ സമാധാനോം പറയണം.
എന്തിനാ പുലിവാല്‌.

അപ്പ നാലാണ്ട്‌ ആക്ച്വലും ഒരാണ്ട്‌ ബഡ്ജറ്റും വച്ച്‌ വോട്ടിടാം സര്‍ക്കാരിന്‌ അല്ലേ?
എടേയ്‌, ഫിസ്കല്‍ നയം മാത്രമല്ല ഒരു സര്‍ക്കാര്‍ വേണോ വേണ്ടേ എന്നു തീരുമാനിക്കാന്‍ അടിസ്ഥാനമാകേണ്ടത്‌. ക്ഷേമം പണമല്ല, പണമില്ലെങ്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നേയുള്ളു. കാര്യക്ഷമതയുടെ ഒരുപാട്‌ മുഖങ്ങളില്‍ ഒന്നുമാത്രമാണ്‌ ധനകാര്യത്തില്‍. പക്ഷേ അതു കണക്കിലെടുക്കുന്നെങ്കില്‍ ആക്ച്വത്സ്‌ വേണം. ചെല്ലനു കാറു വില്‍പ്പനയല്ലേ, നിന്റെ ഈയാണ്ട്‌ ബോണസ്‌ സെയിത്സ്‌ ബഡ്ജറ്റിന്റെ അടിസ്ഥാനത്തിലോ അതോ എത്രപേര്‍ വണ്ടി വാങ്ങിപ്പോയി എന്നതിന്റെ അടിസ്ഥാനത്തിലോ?

പിന്നെന്താണ്ണാ ആരും ഇതൊന്നും ആവശ്യപ്പെടാത്തത്‌?
നമ്മള്‍ നാളെയെക്കുറിച്ചല്ലേ എപ്പോഴും ചിന്തിക്കുന്നത്‌. അടുത്താണ്ട്‌ ബഡ്ജറ്റ്‌ എങ്ങനെ ഇരിക്കും, അതില്‍ ഈ അഗതിക്കു പെന്‍ഷന്‍ ഉണ്ടോ എന്നേ ദരിദ്രന്‍ ചിന്തിക്കൂ. ആ ആണ്ട്‌ തീരുമ്പോള്‍ അടുത്ത ബഡ്ജറ്റ്‌ ആയി, കഴിഞ്ഞാണ്ട്‌ പെന്‍ഷന്‍ വന്നോ എന്നല്ല ഇനിയെങ്കിലും കിട്ടുമോ എന്നാണ്‌ അവനറിയേണ്ടത്‌, അതുകൊണ്ട്‌ അവന്‍ പിന്നത്തെ ബഡ്ജറ്റേ ശ്രദ്ധിക്കൂ. ഏത്‌.
എന്നാ ഞാനും വരുന്നു. ടീവി പൂട്ടി.
വാ പെയ്യൂടാം. ഹൈലൈറ്റ്സ്‌ രാത്രി ന്യൂസിക്കാണാം

Monday, February 23, 2009

ഓസ്കാര്

എല്ലാ കുഞ്ഞുങ്ങളെയും എനിക്കിഷ്ടമാണ്‌ പക്ഷേ എന്റെ മകനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന് സമ്മതിക്കാന്‍ ചമ്മേണ്ട കാര്യമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കതങ്ങനെയാണ്‌. പ്രശസ്തിയില്‍ പരമോന്നതിയിലായ അക്കാഡമി അവാര്‍ഡ് ഞാന്‍ കണ്ടിട്ടില്ലാത്ത സിനിമയിലെ പെര്‍ഫോര്‍മന്‍സിനു ഞാന്‍ കേട്ടിട്ടില്ലാത്ത ടെക്നീഷ്യനായ റസൂല്‍ പൂക്കുട്ടി നേടുമ്പോള്‍ മനസ്സ് തുള്ളിച്ചാടുന്നത് അദ്ദേഹം ഒരു മലയാളി ആയതുകൊണ്ട് മാത്രമാണ്‌. അത് സമ്മതിക്കാന്‍ എനിക്കു നാണക്കേടൊന്നുമില്ല.

റഹ്മാനോ? ഒരിന്ത്യക്കാരനായതുകൊണ്ട് മാത്രമല്ല അത്. റഹ്മാന്‍ സിനിമ സംഗീത സംവിധായകനഅകും മുന്നേ തന്നെ അദ്ദേഹത്തിനെ ശ്രദ്ധിച്ചിരുന്നു. കാണാമറയത്ത് എന്ന സിനിമയിലെ "ഒരു മധുരക്കിനാവിന്‍ ലഹരിയില്‍" എന്ന പാട്ടിന്റെ റോട്ടോ ടോം ബീറ്റ് കേട്ടാല്‍ ആരും ഇത് ആരു പ്രോഗ്രാം ചെയ്ത് ആരടിച്ചെടേ എന്നു ചോദിച്ചു പോകും.(പ്രോഗ്രാം ചെയ്തത് റഹ്മാനും പെര്‍ഫോം ചെയ്തത് ശിവമണിയുമാണ്‌, രണ്ടുപേരും അന്ന് ബാലന്മാരായിരുന്നു) റോജ എന്ന സിനിമ ഇറങ്ങുന്നതിനു മുന്നേ "തമിഴാ തമിഴാ നാടേ" എന്നതില്‍ വന്ദേമാതരം വയലിന്‍ കോറസ് ആകുന്ന ഭാഗം കേട്ടിട്ട് ഒരാള്‍ ‍ " പേരറിയില്ല, ഇത് ആ ടൈറ്റന്‍ വാച്ചിന്റെ മ്യൂസിക്ക് സ്കോര്‍ ചെയ്ത ആളാണോ?" എന്ന് ചോദിച്ചു. റഹ്മാന്‍ ഇഷ്ടസംഗീതത്തിന്റെ ഭാഗമാണ്‌.

സന്തോഷം നിറച്ചും. നാണമില്ലാതെ ചമ്മലില്ലാതെ സ്വാര്‍ത്ഥമായി സന്തോഷിക്കുന്നു.

പോപ്പുലര്‍ സിനിമയും എന്റെ അഭിരുചിയും പലപ്പോഴും ഒത്തു പോകാറില്ല. ഓസ്കാര്‍ കിട്ടിയ പടങ്ങളില്‍ (എന്റെ ഇഷ്ടത്തിന്റെ റാങ്കിങ്ങില്‍) ആനി ഹാള്‍, ബ്രിഡ്ജ് ഓണ്‍ റിവര്‍ ക്വൈ, ലാസ്റ്റ് എമ്പറര്‍, ഗാന്ധി, ഫോറസ്റ്റ് ഗമ്പ് എന്നിങ്ങനെ കുറച്ചെണ്ണമേ ഉള്ളു പ്രിയപ്പെട്ടവ. . ബോറടി സഹിച്ച് മുഴുവന്‍ കണ്ട സൈലന്‍സ് ഓഫ് ദ ലാംബ്സ്, അമേരിക്കന്‍ ബ്യൂട്ടി, കുറച്ചു കണ്ടു മടുത്ത് നിറുത്തി ഇറങ്ങിപ്പോയ ടൈറ്റാനിക്ക്, ഷേക്സ്പിയര്‍ ഇന്‍ ലവ്, മില്യണ്‍ ഡോളര്‍ ബേബി, കാണണമെന്ന് തോന്നാത്ത അനേകം എന്നിവയുമായി തട്ടിക്കുമ്പോള്‍ മനസ്സില്‍ നില്‍ക്കുന്ന പടങ്ങള്‍ ന്യൂനപക്ഷത്താണ്‌. സ്ലം ഡോഗ് മില്യണയര്‍ കാണാന്‍ ഉദ്ദേശിക്കുന്നുമില്ല.

Sunday, February 22, 2009

വാട്ട്‌ ഡസ്‌ ദിസ്‌ മീന്‍ ഇന്‍ ഇംഗ്ലീഷ്‌?

കുട്ടി: അച്ഛാ, പത്രത്തില്‍ കണ്ടോ, ഒരു ബ്രിട്ടീഷ്‌ കപ്പിളിനെ extreme physical manifestation of romantic love in a public place നു അറസ്റ്റ്‌ ചെയ്തെന്ന്. എന്നു വച്ചാലെന്താ?

ഫ്യാദര്‍: മോനേ, പൊതുസ്ഥലത്ത്‌ കളിച്ചതിന്‌ അവരെ പോലീസു പിടിച്ചെന്നാണ്‌ ആ വാര്‍ത്ത.

Current rightsizing is a part of our continuing efforts to exceed the stakeholders' expectations of operational efficiency and commercial agility എന്നു കേട്ടതിന്റെ പിന്നലെയാണ്‌ ഉണ്ണിയുടെ ഈ പോസ്റ്റ്‌ വായിച്ചത്‌. ഫലം ഈ പോസ്റ്റ്‌, ഉണ്ണിക്കു തന്നെ ഡെഡിക്കേറ്റ്‌ ചെയ്തേക്കാം.

Saturday, February 14, 2009

ഗോക്കൊക്കോള

അണ്ണന്‍ പേപ്പറു വായിച്ചോ?
ഇല്ലെടേ, ആ സമയം കൂടെ കിടന്നുറങ്ങുന്നതാണ്‌ നല്ലതെന്ന് ഈയിടെ തോന്നിത്തുടങ്ങി

ഗോമൂത്രത്തില്‍ നിന്ന് കോള നിര്‍മ്മിച്ചെന്ന്
ഓ ക്ലോണിങ്ങ്‌ അങ്ങ്‌ പുരോഗമിക്കുകയാണല്ല്

ഈ അണ്ണന്‍ എന്തരു പറയണത്‌, കാളയല്ല കോള, സോഫ്റ്റ്‌ ഡ്രിങ്ക്‌. ആര്‍ഷഭാരത സോഫ്റ്റ്‌ ഡ്രിങ്കാണു പോലും.
അതിപ്പം രണ്ടും കണക്കാടേ, കോളയ്ക്ക്‌ കാളമൂത്രത്തില്‍ പഞ്ചാരയിട്ട ടേസ്റ്റാ.

അതിനണ്ണന്‍ കാളമൂത്രം കുടിക്കാറുണ്ടോ?
ഞാന്‍ കോളയും കുടിക്കാറില്ല, ഞാനാലോചിച്ചത്‌ അതല്ലെടേ.

എന്തരാ?
സ്ത്രീകള്‍ക്ക്‌ ഈസ്റ്റ്രജന്‍ കുറവു വരുമ്പ സാധാരണ കുറിച്ചു കൊടുക്കുന്ന ഒരു മരുന്നൊണ്ട്‌, പ്രെമെറിന്‍- ക്വാണ്‍ജുഗേറ്റഡ്‌ ഈസ്റ്റ്രജന്‍ എന്ന് ബ്രാന്‍ഡില്ലാപ്പേര്‌.

അതിന്‌?
പ്രെഗ്നന്റ്‌ മെയര്‍ യൂറിന്‍ എന്നതിന്റെ ചുരുക്കെഴുത്താണ്‌ പ്രെമറിന്‍ . ഗര്‍ഭിണിയായ കുതിരയുടെ മൂത്രം. ഗോക്കളാണെങ്കില്‍ ആനിമല്‍ ഹസ്ബന്‍ഡ്രി ഡിപ്പാര്‍ട്ട്മെന്റിന്റെ നിരന്തരമായ ബലാത്സംഗം മൂലം നിത്യഗര്‍ഭിണികളും.

ഗോക്കോളയടിച്ചാല്‍ ഈസ്റ്റ്രജന്‍ അകത്തു പോയി പുലിവാലാകുമെന്നാണ്‌ അണ്ണന്‍ പറഞ്ഞു വരുന്നത്‌, അല്ലെ?
അങ്ങനെ വന്നൂടായ്കയില്ല,

അണ്ണാ, ഈസ്റ്റ്രജന്‍ അകത്തു പോയാല്‍ കുഴപ്പമാണോ?
സ്ത്രീകള്‍ക്ക്‌ ഓവേറിയന്‍ ക്യാന്‍സര്‍, ത്രോംബോസിസ്‌, സ്തനാര്‍ബ്ബുദം തുടങ്ങി പലേ അസുഖങ്ങളും കൂടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.

പുരുഷന്മാര്‍ക്കോ?
സ്തനവളര്‍ച്ച കൂടും,
മീശയും താടിയും കുറയും, ശരീരം സ്ത്രൈണമാകും, വൃഷണങ്ങല്‍ ചുരുങ്ങും, ത്രോംബോസിസും പ്രോസ്റ്റേറ്റ്‌ ക്യാന്‍സറും വരാനുള്ള സാദ്ധ്യത കൂടും.

തള്ളേ ഗോക്കോള ആളെക്കൊല്ലുവോ?
അതിപ്പോ ഏതു കോളയും കൊല്ലുവെടേ, അതുകൊണ്ട്‌

അതുകൊണ്ട്‌?
നീ വാ ഓരോ ബീയറടിക്കാം. ശുദ്ധമായ അരിപ്പൊടിയും മാള്‍ട്ടും മാത്രം ചേര്‍ന്നത്‌.
ചീയേഴ്സ്‌.

Tuesday, February 10, 2009

നിന്‍‌ജതന്ത്രം

കൊച്ചുണ്ണീ...
എന്തരു പക്കിയണ്ണാ?
ലോണ്ട് ഒരുത്തന്‍ പെയ്യൂടണത് കണ്ടില്ലീ, തോളിലൊര്‌ രസ്യന്‍ ആട്
പോതരവൊള്ള മൊതല്‌കള്‌ തന്നെ. കൊടുത്താ തോനെ പുത്തന്‍ കിട്ടുവെടേ
നമ്മക്ക് ചെന്ന് പിടിച്ചു പറിക്കാം?
ലവന്റെ ലഷണം കണ്ടിട്ട് കളരിക്കാരനാണെന്ന് തന്നെ തോന്നണത്. ചെന്നു പിടിച്ച ഓര്‍മ്മയേ കാണൂ, അവന്‍ നമ്മളെ വലിച്ചു പറിച്ച് പാളത്താറുടുക്കും.
എന്നാ ചെന്നിട്ട് "ഈ പട്ടിയേം കൊണ്ട് എങ്ങോട്ടാ" എന്ന് കേക്കാം?
ഒരു പരിചയവുമില്ലാത്ത നമ്മള്‍ ചെന്ന് എന്തരേലും കേട്ടാ ലവന്‍ ഒടനേ നെരുവിക്കും ഇതെന്തരോ പറ്റീര്‌ തന്നെന്ന്.
പിന്നെന്തരു ചെയ്യും?
അതായത് കൊച്ചുണ്ണീ, നമ്മള്‍ അവന്റെ അടുത്തൂടെ സംസാരിച്ചോണ്ട് പോവും, എന്നിട്ട് അവന്റെ തോളേലോട്ട് നോക്കിയിട്ട് ഞാന്‍ "ഈ പട്ടി എന്റെ കൈസറിനെപ്പോലെയുണ്ട്." എന്നു പറയും അപ്പ നീ "പോട പുല്ലേ നിന്റെ കൈസറ്‌, ഇത് നല്ല ചെങ്കോട്ട പട്ടിയാ, നിന്റെ കൈസറു ചാവാലിയാ എന്നു പറയും." അങ്ങനെ അങ്ങോട്ട് ഈ പട്ടിയെക്കുറിച്ചുള്ള തര്‍ക്കം മൂത്ത് നീ എന്റെ കരണക്കുറ്റിക്കടിക്കും, ഞാന്‍ നിന്നെ അടിക്കാന്‍ ഓടിക്കും. ഏത്?
ഈ പക്കിയണ്ണന്റെ മണ്ട സമ്മതിച്ച് . ഇതെറിക്കും ഒറപ്പ്.
*****************************

എന്റെ ഹ്വാര്‍ലിക്സ് കഴിച്ച കുട്ടികള്‍ മൂന്നടി വളര്‍ന്നു.
പോട നിന്റെ ഹ്വാര്‍ളിക്സ്. എന്റെ കോമ്പ്ലാന്‍ കഴിച്ച പിള്ളേര്‍ക്ക് ബുദ്ധിയും ശക്തിയും കഴിവും കൂടി
എന്റെ ഹോര്‍ളിക്സില്‍ മുപ്പത്താറു വിറ്റാമിനുണ്ട് പിള്ളേര്‍ ഇതു തിന്നാലേ വളരൂ
എന്റെ ക്വാമ്പ്ലാനില്‍ എല്ലാം ക്വാളിറ്റി പ്രോട്ടീന്‍ ആണ്‌ നിന്റേത് കൂതറ പ്രോട്ടീന്‍
എന്റെ ഹ്വാര്ലിക്സ് കഴിച്ചാല്‍ പിള്ളേരെല്ലാം മൂന്നു ചക്ക മുള്ളോടെ വിഴുങ്ങും
എന്റെ ക്വാമ്പ്ലാന്‍ തിന്നാല്‍ മൂന്നേകാല്‍ ചക്ക വിഴുങ്ങും
ന്റ്റെ ഹ്വാര്‍ളിക്സിനു പോതരമില്ലെന്ന് പറഞ്ഞ നിന്നെ ഞാന്‍ കോടതി കേറ്റും
പിന്നേ നീ ഒലത്തും . പോടേ

കുഞ്ഞിനെ ഒക്കത്തെടുത്തു പോകുന്ന മന്ദബുദ്ധി വീട്ടമ്മ കുട്ടികള്‍ക്ക് വളരണമെങ്കില്‍ എന്തെങ്കിലും ഫുഡ് സപ്ലിമെന്റ് കഴിച്ചാലേ പറ്റൂ എന്ന് മനസ്സിലാക്കി.
*******************************

പിന്‍ കുറിപ്പ്:
യൂക്കേയില്‍ ഹോര്‍ളിക്സ് വില്‍ക്കുന്നുണ്ട്. അവര്‍ അത് മാള്‍ട്ട് ചേര്‍ന്ന ഡ്രിങ്ക് ആയതുകൊണ്ട് കുടിച്ചാല്‍ സുഖനിദ്ര എന്ന എക്സ്ക്യൂസിലാണു വില്‍ക്കുന്നത് . ഇന്ത്യയില്‍ നിന്നും ടെലിക്കാസ്റ്റ് ചെയ്യുന്ന സ്മാര്‍ട്ട് സ്റ്റ്രോങ്ങ് ടാള്‍ പരസ്യം അവിടെ വന്‍ പ്രതിഷേധമുണ്ടാക്കി, ഇന്നുവരെ ഒരു അംഗീകൃത ചികിത്സകസംഘടനയും ഫുഡ് സപ്ലിമെന്റ് കഴിക്കുന്നതുകൊണ്ട് കുട്ടികള്‍ക്കോ വലിയവര്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് സ്ഥിതീകരിച്ചിട്ടില്ല. ആരോഗ്യമോ വളര്‍ച്ചയോ കൂടാന്‍ ഒരു ഡോക്റ്ററും ഹെല്‍ത്ത് ഡ്രിങ്കുകള്‍ കഴിക്കാന്‍ കൊള്ളാവുന്ന നാട്ടിലൊന്നും പറയാറുമില്ല.