Wednesday, April 30, 2008
ലീ കമന്റു പോസ്റ്റ് വന്നില്ല
കാ പെറുക്കി ബ്ലോഗര്‍ ഫീഡൊന്നും അഗ്രിഗേറ്ററിനു കൊടുത്തില്ലെന്ന് തന്നെ തോന്നണത്. എന്റെയൊരു പോസ്റ്റ് വന്നില്ലെന്ന് വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴൂല്ലെന്ന് അറിയാം. എന്നിരുന്നാലും അരവിന്ദിനോടും രാമചന്ദ്രനോടും ശ്രീവല്ലഭനോടുമൊക്കെ ഇച്ചിരി സംസാരിക്കാന്‍ നോക്കീട്ട് നടന്നില്ലെന്ന് നെരുവിച്ചപ്പോ ഒരു സങ്കടം.
Tuesday, April 29, 2008
അരവിന്ദ്, രാമചന്ദ്രന്‍, ശ്രീവല്ലഭന്‍ ..
അരിയില്ലാതെയാവുമ്പോള്‍ മാംസാഹാരം വര്‍ദ്ധിപ്പിക്കുകയാണ് ഒരു പോംവഴി എന്ന് തമാശരൂത്തിലാണെങ്കിലും ചിലര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (പഴയ കമന്റുകള്‍ വായിച്ചുഞാന്‍ വളരുന്നതേയുള്ളു, ക്ഷമിക്കുമല്ലോ). സത്യത്തില്‍ എന്തുകൊണ്ട് ആരും ഭക്ഷ്യക്ഷാമത്തിനു പരിഹാരമായി ഇങ്ങനെയൊരു കാര്യം ചിന്തിക്കുന്നില്ല?
പിറകോട്ട് പോകാം. പഴയ (കുടിയാന്‍ അടിയാന്‍ പിന്നെ അവര്‍ക്കിട്ട് ഇടിക്കാന്‍ ഒരു @#യാന്‍ എന്ന കാലം വരെ പോകണ്ട, ഒരു എഴുപത്). ഒരു വീട്, അതിനിത്തിരി പറമ്പ്, രണ്ട് പറ പാടം. ഇതാണ് സെല്‍ഫ് സഫിഷ്യന്റ് ഫാം. വീട്ടുകാരനും വീട്ടുകാരിയും (വില്ലേജാപ്പീസില്‍ ക്ലാര്‍ക്കും സ്കൂള്‍ റ്റീച്ചറുമാവാം) ആണ്ടില്‍ രണ്ട് തവണ നെല്ല് കൃഷി ചെയ്യും, അത്യാവശ്യം കായികാദ്ധ്വാനം കൂലിക്കും എടുക്കും. വൈകുന്നേരം പച്ചക്കറി നനയ്ക്കും, രാവിലേ പണിക്കു പോകും മുന്നേ കോഴിയെ തുറന്നു വിട്ട് പഴഞ്ചോറും കൊടുക്കും, കന്നുകാലിയ്ക്ക് വൈക്കോലും ഇരുമ്പന്‍ പുളി കുത്തിയതിലെ അരി മില്ലില്‍ കൊടുത്തു പൊടിച്ചത്, എണ്ണയാട്ടിയപ്പോ കിട്ടിയ പിണ്ണാക്ക്. ചാരവും ചാണകവും കൃഷിക്ക്, കുറച്ചു പച്ചില കമ്പോസ്റ്റും. ഈ സംവിധാനത്തില്‍ മുട്ട, പാല്‍, കോഴിയിറച്ചി ഉത്പാദനം കൃഷിയെ ബാധിക്കില്ല. കാരണം ലളിതം, അവരുടെ ഐഡില്‍ റിസോര്‍സസ് ഉപയോഗിച്ചാണു പശുവും കോഴിയും വളരുന്നത്!
എന്നാല്‍ അവരുടെ അത്യാവശ്യത്തിനുള്ള മുട്ടയും പാലുമേ ഈ സെല്‍ഫ് സഫിഷ്യന്റ് ഫാമില്‍ ഉത്പാദിക്കാന്‍ കഴിയൂ. ഒരു കമേര്‍ഷ്യല്‍ ഫാമിനു കാലിപ്പുല്ല് വേണം, കന്നുകാലിത്തീറ്റ വേണം, ഒന്നുമില്ലാതെ അഴിച്ചു മേയാന്‍ വിടുന്ന റാഞ്ച് ആണെന്നു വയ്ക്കുക (ആ കാലം എന്നേ ലോകത്തു നിന്നു പോയി, എങ്കിലും) വളരെ വലിയൊരു കൃഷിസ്ഥലം കൃഷിക്കു പകരം പുല്‍മേടായി വയ്ക്ക്കേണ്ടിവരും.
കണ്‍ഫ്യൂഷനായോ? മാംസത്തിനായി വളര്‍ത്തുന്നത് മനുഷ്യനെയാണെന്ന് സങ്കല്പ്പിക്കുക. ഒരുത്തന്‍ വളര്‍ന്ന് അറുപതു കിലോ തൂക്കമുള്ള ഇറച്ചി വെട്ടിനു പാകമായ മൃഗമാകണമെങ്കില്‍ എത്ര കിലോ അരിയും പയറും കഴിക്കേണ്ടിവരും? അഞ്ഞൂറോ അതോ അയ്യായിരമോ? കന്നുകാലി-കോഴി തുടങ്ങിയ ജന്തുക്കളുടെയും പ്രശ്നമിതു തന്നെ, അവയ്ക്ക് ജീവന്‍ കിടക്കാനും വളരാനും വേണ്ട ഭക്ഷണം, അവറ്റയില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ഭക്ഷണത്തിന്റെ പല മടങ്ങ് വേണ്ടിവരും!
ശ്രീ. ജെ ഏ,
കാലാവസ്ഥാവ്യതിയാനം ആനകളിലുണ്ടാക്കുന്ന പ്രശ്നത്തെപ്പറ്റി പറഞ്ഞു തന്നതിനു നന്ദി.
എന്‍ഫീല്‍ഡ് ബൈക്കുകളുടെ ബ്രേക്ക് ഇപ്പോഴെവിടെയാണെന്നു പറഞ്ഞു തന്ന കണ്ണൂസിനും ചന്ത്രക്കാറനും അജേഷ് ചെറിയാനും നന്ദി.
രാധേയാ, മീരാ ജാസ്മിന്റെ പേരു മീരാ മേരി ജോസഫ് :)
ലോലന്‍, അതേ, എഴുതി തെറ്റിപ്പോയതാണ്, ചൂണ്ടിക്കാട്ടിയതിനു നന്ദി.
പ്രിയ,
സായിപ്പിന് വെള്ള സാരിയുടുത്ത് നിശീഥിനീ പാടുന്ന യക്ഷിയെ അറിയാന്‍ പാടില്ലാത്തതുകൊണ്ടയിരിക്കും ഏഴിലം പാല ഡെവിള്‍സ് റ്റ്രീ ആയത്.
മൂര്‍ത്തീ, നന്ദി. രാജീവിന്റെ പോസ്റ്റ് ആക്സസ് ചെയ്യാന്‍ പറ്റുമ്പോള്‍ ഞാന്‍ ലിങ്കിടാം, ഇപ്പോ ഗൂഗിള്‍ റീഡര്‍ വച്ചുള്ള കളിയേ പറ്റുന്നുള്ളു.
ഉമേഷ്, കണ്ടു, നന്ദി. ഡബിള്‍ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍!
നമ്പ്യാരേ,
മുണ്ടില്ലാത്തവനെ ഇരുത്തിക്കൊണ്ട് മുണ്ടുള്ളവനെ കളിയാക്കിയ സംഭവം അസ്സലായി!
അനൂപ് നായര്‍, പത്തനം തിട്ടയാണു നാടെന്ന് ലാലേട്ടന്‍ പറയാത്തത് അവിടെ ഇനി ഫ്ലാറ്റു ബിസിനസ്സ് പച്ച പിടിക്കാഞ്ഞാണോ എന്തോ.
അഞ്ചു മണി, നന്ദി. എനിക്കെന്തോ, ദുരന്തം കാണാന്‍ കഴിയാറില്ല, അതുകൊണ്ട് അങ്ങനെ ചിന്തിക്കുന്നതാണേ.
എസ് പി ഹോസേ,
അതൊരു പഴേ കഥയാ, അഞ്ചാറു വര്‍ഷം മുന്നേയാണു കാസിനോകയറ്റത്തിനു പോയത്.
വിശാഖ് ശങ്കര്‍, അതേ. അതു തന്നെ മോഴലക്ഷണം :)
മാണിക്യം, തീര്‍ച്ചയായും . ഞാനും കുറ്റവാളി.
ആന വേണോവേ (വീ കെ എന്റെ ഒരു കഥയുടെ പേരാണേ) എന്നത് ഗൗരവമായ കാര്യമായി കണ്ട എല്ലാവര്‍ക്കും നന്ദി.
ശ്രീ. രാമചന്ദ്രന്‍, പീപ്പിള്‍സ് ഡെമോക്രസിയിലെ ലിങ്ക് തന്നതിനു നന്ദി. ഞാന്‍ അത്രകണ്ട് പാര്ട്ടി ലേഖനങ്ങള്‍ വായിക്കാറില്ലായിരുന്നേ, കോയമ്പത്തൂരിലെ ചില പ്രസംഗങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ സവര്‍ണ്ണന്‍- അവര്‍ണ്ണന്‍ എന്നു രണ്ടു ക്ലാസ്സ് വാട്ടര്‍ ടൈറ്റ് ആയി തിരിക്കാമെന്നും അയിത്ത പ്രശ്നം ഒരു ക്ലാസ് ഡിഫറന്‍സ് മാത്രമായി കാണാമെന്നും ഒരു ധ്വനി അതില്‍ തോന്നി.
ആദ്യകാല കോണ്‍ഗ്രസിന്റെയോ (തന്തൈ പെരിയാറും വൈക്കം സത്യാഗ്രഹത്തിനു വന്നല്ലോ?) ഗുരുവിന്റെയോ ഈ വിഗ്രഹത്തിന്റെ പട്ട് അഴിച്ചെടുത്ത് വഴിയില്‍ തുണിയില്ലാതെ നടക്കുന്ന സാധുവിനെ ഉടുപ്പിക്കുന്നതാണ് യഥാര്‍ത്ഥ പൂജ എന്നെഴുതിയ വി ടിയെയോ മൊടയെടുത്ത മാടമ്പിമാര്‍ക്ക് അസ്സലിടി കൊടുത്ത ആദ്യകാല കമ്യൂണിസ്റ്റുകളെയോ കാണാതെയല്ല അയ്യന്‍കാളിയെ ഞാന്‍ തിരഞ്ഞേടുത്തത്, അവരെയൊന്നും പെരിയാറിന്റെ ശൈലിയോട് താരതമ്യം (കമ്പയര്/ കോണ്ട്രാസ്റ്റ്) ചെയ്യാന്‍ പറ്റാത്ത രീതികളായിരുന്നതുകൊണ്ടാണ് .
ശ്രീ. ശ്രീവല്ലഭന്‍ (രവിശങ്കര്‍ മോഡലിലായല്ലോ!)
ലിങ്കിനു നന്ദി (യൂട്യൂബും ബ്ലോക്ക് ആണ് ഇതുവരെ കാണാന്‍ പറ്റിയില്ല) .
തെറ്റു ചെയ്തവനു ശിക്ഷ വേണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. വ്യവസ്ഥ ഇല്ലാതെയാക്കാന്‍ അതുകൊണ്ട് മാത്രം കഴിയില്ല എന്നാണ്.
ജാതിവ്യവ്യസ്ഥയെ , കുറഞ്ഞപക്ഷം തമിഴുനാട്ടിലെങ്കിലും സവര്‍ണ്ണന്‍- അവര്‍ണ്ണന്‍ എന്ന് രണ്ട് വാട്ടര്‍ റ്റൈറ്റ് കമ്പാര്‍ട്ട്മെന്റ് ആക്കാന്‍ ബുദ്ധിമുട്ടാണ്. അയ്യങ്കാര്‍ക്ക് രായര്‍ അവര്‍ണ്ണന്‍, രായര്‍ക്ക് മറവര്‍ അവര്‍ണ്ണന്‍, മറവനു വെള്ളാളര്‍ അവര്‍ണ്ണന്‍, വെള്ളാളനു വണ്ണിയന്‍ അവര്‍ണ്ണന്‍, വണ്ണിയനു ചക്കിലിയന്‍ അവര്‍ണ്ണന്‍, ചക്കിലിയനു കുറവന്‍ അവര്‍ണ്ണന്‍, കുറവനു പറൈയന്‍ അവര്‍ണ്ണന്‍, പറൈയനു പല്ലര്‍ അവര്‍ണ്ണന്‍ ഇങ്ങനെ ഒരു ഹയറാര്‍ക്കി അവിടെയുണ്ട്. ഇവര്‍ തങ്ങളില്‍ പരസ്പരം തൊടുകയില, തീണ്ടില്ല, ഒരുമിച്ചു വെള്ളം കുടിക്കില്ല എന്നൊക്കെ പല ഊരുകളും നിയമം പാലിക്കുന്നു. ഒരു ഓര്‍ഗനൈസേഷന്‍ ഹയറാര്‍ക്കി പോലെ.
ഒരു വര്‍ഗ്ഗസമരത്തില്‍ അയ്യരെ മൊത്തം ഫിനിഷ് ആക്കിയാല്‍ പരിഹാരമാവില്ല, രായന്മാര്‍ വര്‍ണ്ണ വിവേചനത്തിന്റെ മേലേത്തട്ടുകാര്‍ ആകുകയേയുള്ളു. എം ഡി റിട്ടയര്‍ ചെയ്താല്‍ ജീ എം അധികാരം എടുക്കുമ്പോലെ.
ജാതി എന്ന ഹയറാര്‍ക്കി അതിഭയങ്കരമായ തെറ്റാണെന്ന് അവര്‍ക്കു മനസ്സിലാവണം, പ്രത്യേകിച്ച് അതില്‍ ക്രൂരത അനുഭവിക്കുന്നവര്‍ അതിനെ തള്ളിപ്പറയുമ്പോള്‍ തനിക്കു താഴെയുള്ളവരെ ഒപ്പം നിര്‍ത്തണം. അതാണു ശരിയായ പരിഹാരം.നോട്ടി മോറിസന്റെ കമന്റ് വായിച്ചിട്ടുണ്ടാവുമല്ലോ.
അയ്യന്‍ കാളിയെ ഉദാഹരണമായി എടുത്തതുകൊണ്ട് ഈ സാഹചര്യം നേരിട്ടതിന്റെ ഒരുദാഹരണം പറയാം. ഗുരുവിന്റെ അനുയായികളില്‍ പ്രശസ്തനും നിരീശ്വരവാദിയുമൊക്കെയായിരുന്ന സി വി കുഞ്ഞുരാമന്റെ വീട്ടില്‍ അയ്യന്‍കാളി ഒരിക്കല്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നു. ഈഴവജാതിക്കാരനായിരുന്ന സി വി കാളിയുടെ അടുത്ത സുഹൃത്തായിരുന്നിട്ടു കൂടി അദ്ദേഹത്തെ വീട്ടിലേക്ക് കയറ്റിയില്ല. അയ്യങ്കാളി അതിനു പ്രതിവിധി ചെയ്തത് ശ്രീനാരായണഗുരുവിന്റെ ആശ്രമം സന്ദര്‍ശിക്കുകയായിരുന്നു. ആശ്രമത്തിന്റെ പടിക്കല്‍ അദ്ദേഹമെത്തി നിന്നു. ശിഷ്യര്‍ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിക്കാന്‍ മടിച്ചപ്പോള്‍ ഗുരു തന്നെ ഇറങ്ങി വന്ന് കാളിയെ കൈപിടിച്ച് ഉള്ളിലേക്ക് ആനയിക്കുകയും തനിക്കൊപ്പം ഒരു ഇരിപ്പിടമിട്ട് ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു. അതൊരു നിര്‍ദ്ദേശം പോലെ ശ്രീനാരായണീയര്‍ മനസ്സിലാക്കിയതോടെ അയ്യങ്കാളിയുടെ ഉദ്ദേശം സാധിച്ചു!Monday, April 28, 2008
പെരിയാറിനു കഴിയാതെ പോയത്
'വര്‍ക്കേര്‍സ് ഫോറം' എഴുതിയ തമിഴ്നാട്ടിലെ വര്‍ണ്ണ വിവേചനത്തെക്കുറിച്ചുള്ള ലേഖനം വായിച്ചു. തന്തൈ പെരിയാര്‍ തുടങ്ങിയ വിപ്ലവം അദ്ദേഹത്തോടെ തന്നെ അവസാനിച്ച ദുരന്തകഥയാണ് തമിഴ് നാടിന്റേത്.
ഒരു പക്ഷേ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലെ പിശകായിരിക്കണം കാരണം, പെരിയാര്‍ ക്രൂരമായിത്തന്നെയായിരുന്നു ബ്രാഹ്മണ്യത്തോടും ഈശ്വരവിശ്വാസത്തോടും പ്രതികരിച്ചത്. എന്നാല്‍ ബ്രാഹ്മണേതര ജാതികള്‍ പുലര്‍ത്തിപ്പോന്ന വര്‍ണ്ണവിവേചനത്തോട് അദ്ദേഹം വലിയ വിപത്തി കാട്ടിയിട്ടില്ല. എങ്ങനെ ജാതിവ്യവസ്ഥ ഇല്ലാതെയാക്കാം എന്ന് അദ്ദേഹത്തിനു കൃത്യമായ പദ്ധതിയൊന്നും ആവിഷ്കരിക്കാന്‍ കഴിഞ്ഞില്ല. ആത്മാഭിമാനം എന്ന പെരിയാര്‍ സൂക്തം അണ്ണാ ദുരൈയുടെ കാലം മുതല്‍ക്കേ തന്നെ തമിഴ് ദേശീയത മാത്രമായി അധ:പതിച്ചിരുന്നു.
വിഷയം പെരിയാര്‍ കൊളുത്തിയ തീ എന്തുകൊണ്ട് കെട്ടുപോയെന്നതാണ്. തമിഴ് നാട്ടിലെ അയിത്തം തുടച്ചു നീക്കുമെന്ന് കോയമ്പത്തൂരു ചെന്ന് കയ്യേറ്റി സത്യം ചെയ്യുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ പഠിക്കേണ്ട പാഠം.
ഒരു മാറ്റവും ജനത്തെ അനിശ്ചിതത്വത്തിലേക്ക് നയിക്കരുത്. ഒരു മാറ്റവും ജനത്തെ തമ്മില്‍ വെറുപ്പിക്കരുത്, ആ വെറുപ്പും അസമത്വവും എടുത്തു കളയുകയേ ചെയ്യാവൂ. മാതൃക പെരിയാറല്ല, അയ്യന്‍ കാളിയാണ്.
അഭ്യാസിയായിരുന്ന, ധിക്കാരിയായിരുന്ന, മനുഷ്യാവകാശങ്ങള്‍ ആരും ഔദാര്യമായി തരേണ്ടതില്ലെന്ന് കാട്ടിക്കൊടുത്ത അയ്യന്‍കാളി വെറുപ്പഴിച്ചു വിട്ട് അത് സ്വയം പടരാന്‍ കാത്തിരിക്കുകയല്ല ചെയ്തത്. നിര്‍ഭയം നാണം മറയ്ക്കാനും ജാതി തിരിച്ചറിയിക്കുന്ന ആഭരണങ്ങള്‍ ഊരിയെറിയാനും നേതൃത്വം കൊടുത്ത അദ്ദേഹം തന്നെ അവകാശ സമരങ്ങള്‍ വെറും കലാപങ്ങളായി മാറിയപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ സര്വ്വജാതി സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി. ദളിതരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ സഹായിക്കേണ്ടത് എല്ലാവരുടെയും ബാദ്ധ്യതയാണെന്ന തിരിച്ചറിവുണ്ടായി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത നാനാ ജാതി മതസ്ഥരെ പൊതു സദസ്സുകളില്‍ അഭിനന്ദിച്ചു.
പെരിയാറോ? രാമനു ചെരുപ്പുമാലയിട്ടും ചിത്രങ്ങള്‍ കത്തിച്ചും ജനരോഷം സവര്‍ണ്ണര്‍ക്കു നേരേ തിരിച്ചാല്‍ ദളിതര്‍ ഉണര്‍ന്ന് അവരുടെ അവകാശങ്ങള്‍ സ്വയം നേടുമെന്ന് ധരിച്ചു. അവരുടെയിടയിലിറങ്ങി ഒന്നൊന്നായി അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ പെരിയാറിനു കഴിഞ്ഞില്ല (കുലകല്വിത്തിട്ടം ഒഴിച്ചാല്‍). ദൈവമില്ലാത്ത, ജാതിയില്ലാത്ത, അസമത്വമില്ലാത്ത ആത്മാഭിമാനമുള്ള തമിഴ്‌കുലം സ്വപ്നമായിത്തന്നെ അവശേഷിപ്പിച്ച് അദ്ദേഹം പോയി. പെരിയാര്‍ തുടങ്ങിയ ദ്രാവിഡ മുന്നേറ്റം ബ്രാഹ്മണ സ്ത്രീയായ ജയലളിതയിലേക്ക് പോയി. കരുണാനിധി സര്‍ക്കാര്‍ നിര്‍മ്മിച്ച പെരിയാറിനെക്കുറിച്ചുള്ള ചലച്ചിത്രം ഞാന്‍ കണ്ടില്ല, കലിംഗരായഗൗണ്ടര്‍ കുലത്തിലേതെന്ന് അഭിമാനിക്കുന്ന സത്യരാജ് തന്നെ വേണ്ടിവന്നു അതില്‍ നായകവേഷം കെട്ടാന്‍. തമിഴ് ഗ്രാമങ്ങളിലിന്നും ചക്കിലിയരും പറയരും വട്ടയില്‍ ചായ കുടിക്കുന്നു, മദിരാശി ഐ ഐറ്റിയില്‍ ഒറ്റ ദളിത് അദ്ധ്യാപകനില്ല, രണ്ട് ദളിത് വിദ്യാര്‍ത്ഥികളുണ്ട്കളുണ്ട്, ഭാഗ്യം അഞ്ഞൂറിനു രണ്ടെന്ന കണക്കിലെങ്കിലും അവരെത്തിപ്പെട്ടു. നന്തനാര്‍ ഇന്നു ജനിച്ചാലും തീക്കുണ്ഡത്തില്‍ ദഹിക്കേണ്ടിവരും.
തമിഴ്‌നാട്ടില്‍ അയിത്തമില്ലാതെയാക്കാന്‍ ഒരുമ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ അയ്യന്റെ ജീവചരിത്രം ഇരുത്തി ഒന്നുകൂടെ വായിച്ചിട്ട് തുടങ്ങുക. ഇല്ലെങ്കില്‍ പെരിയാര്‍ക്കു പറ്റിയത് ആവര്‍ത്തിക്കുകയേയുള്ളു, അയിത്തോച്ചാടനത്തിന്റെ മറവില്‍ പാര്ട്ടി വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും.
Sunday, April 27, 2008
ആനയെ വെറുതേ വിടൂ
ആന വളര്‍ത്തു മൃഗമാണോ?
മനുഷ്യന്‍ ഒരുപാട് ജന്തുക്കളെ ഇണക്കി വളര്‍ത്തുന്നു. കന്നുകാലികള്‍, കുതിര, ഒട്ടകം, കോഴി, പട്ടി, പന്നി, താറാവ്. ഇവയെല്ലാം മനുഷ്യസമൂഹത്തിനൊപ്പം, അവന്റെ അധീനതയില്‍ ജനിച്ചു വളര്‍ന്ന് പ്രജനനം നടത്തി മരിക്കുന്നു. ഇണക്കപ്പെട്ടവയെ തുറന്നു വിട്ടാലും അവ മനുഷ്യക്കോളനി വിട്ട് പോകാന്‍ താല്പ്പര്യം കാണിക്കാറില്ല, തെരുവുനായ്ക്കളും പൂച്ചകളും ഫെറല്‍ കന്നുകാലികളുമെല്ലാം ആ സത്യം നമ്മെ മനസ്സിലാക്കിത്തരുന്നു. ആനയെ മെരുക്കാന്‍(ഇണക്കുന്നു എന്ന പദം പോലും നമ്മള്‍ ഉപയോഗിക്കില്ല) തുടങ്ങിയിട്ട് രണ്ടായിരം വര്‍ഷത്തിലും അപ്പുറമായി അതായത് കുറഞ്ഞത് മുന്നൂറു തലമുറ ആനകളെ നമ്മള്‍ ഇണക്കാന്‍ ശ്രമിച്ചു. ഇന്നും കാട്ടിലൊന്നഴിച്ചു വിട്ടാല്‍ അവന്‍ ഒരു സംശയവുമില്ലാതെ കാട്ടാനപ്പറ്റത്തില്‍ ചെന്നു കയറും. കാട്ടാനകള്‍ ചിന്നം വിളിച്ച് അവനെ എതിരേല്‍ക്കുകയും ചെയ്യും. (ലിങ്ക് ഇല്ലെന്നു വേണ്ട - http://www.telegraph.co.uk/earth/main.jhtml?xml=/earth/2008/02/29/eaeleph129.xml , http://www.green-planet.nl/greenplanet/RTTW ) ഇതുവരെ വായിച്ചു കേട്ടതില്‍ ഒരു കുട്ടിയാനയെ മാത്രമാണ് ആനക്കൂട്ടം അംഗീകരിക്കാന്‍ മടി കാട്ടിയത്. ഒറ്റപ്പെട്ട സംഭവമായി ഇതന്വേഷിക്കേണ്ടിയിരിക്കുന്നു.
ആന എങ്ങനെ മെരുങ്ങുന്നു?
ആനയെ കൂട്ടിലടച്ച് അതിന്റെ ഫ്രീ വില്‍ തകരും വരെ കല്പ്പനകള്‍ അനുസരിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. തോട്ടിയും കത്തിയും കൊണ്ടാണോ വെറും വടികള്‍ ഉപയോഗിച്ചാണോ എന്നതില്‍ വലിയ കാര്യമില്ല. മെരുക്കലിനിടെ ആന ചെരിയുന്നത് സാധാരണമാണ് (കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തന്നെ കൊമ്പനും കുട്ടിയും ചെരിഞ്ഞിരുന്നു) .
.
ആത്മവീര്യം പോയ ആന മനുഷ്യന്റെ ആജ്ഞകള്‍ അനുസരിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്നു. എന്നാല്‍ അതൊരിക്കലും നാട്ടുമൃഗമാവുന്നില്ല. ഒരു ചാണ്‍ വയറിനു വേണ്ടിയും കത്തിയും തോട്ടിയും കൂച്ചുവിലങ്ങും ഭയന്നും അവന്‍ മനുഷ്യനു കീഴ്പ്പെട്ട് ജീവിക്കാന്‍ തയ്യാറാവുന്നു. വന്യമൃഗങ്ങള്‍ക്കെല്ലാം തീയും ശബ്ദവും പേടിയാണ്, പക്ഷേ സര്‍ക്കസ്സില്‍ സിംഹം തീവളയത്തിലൂടെ ചാടും. അതുപോലെ തന്നെ ചെണ്ടയും വെടിയും തീവെട്ടിയും ആന സഹിക്കാന്‍ ശീലിക്കും.
എന്താണ് മദമിളകല്‍?
ആനയ്ക്ക് മദമിളകി എന്നു വച്ചാല്‍ ഭ്രാന്തിളകി എന്നാണര്‍ത്ഥമെന്ന് ചില മൂഢന്മാരെങ്കിലും ഇന്നും ധരിച്ചു വച്ചിട്ടുണ്ട്. ആന ഇണകളായി ജീവിക്കാറില്ല, കൊമ്പന്മാര്‍ ഒരു കൂട്ടവും പിടികളും കുട്ടികളും മറ്റൊരു കൂട്ടവുമായി ആണ് കഴിയാറ്. കാലാകാലം എല്ലാ കൊമ്പനാനകള്‍ക്കും ഇണചേരാനുള്ള സമയമാകുമ്പോള്‍ ശരീരത്തില്‍ ടെസ്റ്റോസ്റ്റെറോണ്‍ അളവ് അമ്പതിരട്ടിയിലധികമായി കൂടുകയും അവ മദജലത്തിലൂടെയും നിരന്തരമൊഴുകുന്ന മൂത്രത്തിലൂടെയും അതിഭയങ്കരമായി ഫിറോമോണുകള്‍ പുറപ്പെടുവിക്കുകയും ചെയ്യും. ഹോര്‍മോണ്‍ സര്‍ജ്ജ് മൂലം അതിഭയങ്ക സ്വഭാവമുള്ള അവനെ വിട്ട് മറ്റാനക്കൂട്ടം പോകുകയും കാമാസക്തിയുള്ള പിടി മാത്രം അവനടുത്തേക്ക് ചെല്ലുകയും ചെയ്യുന്നു.
ആനകള്‍ വളരെ വലിപ്പമുള്ള ജന്തുക്കളായതുകാരണം ദീര്‍ഘനേരം കൊമ്പനെ പുറത്തു വഹിക്കാനോ പലതവണ ഇണചേരാനോ പിടിയാനയ്ക്കു കഴിയില്ല എന്നതിനാല്‍ കൃത്യമായ ബീജോല്പ്പാദന സമയത്ത് ഒരു ലൈംഗികവേഴ്ച അവയുടെ വംശം നിലനില്‍ക്കാന്‍ അത്യാവശ്യമാണ്. ആ സമയം വന്നെത്തിയ കൊമ്പനെ തോല്പ്പിക്കാന്‍ അവനിലും വലിപ്പമുള്ള എന്നാല്‍ ബീജോത്പാദന ചക്രം ശരിയായിട്ടില്ലാത്ത മറ്റൊരുത്തന്‍ എത്തിയാല്‍ ഗര്‍ഭധാരണം നടന്നില്ലെന്നു വരും. അതിനാല്‍ കുട്ടിയെ ഉത്പാദിപ്പിക്കാന്‍ സമയമായ കൊമ്പന്‍ ആരെയും തോല്പ്പിക്കുന്ന സൂപ്പര്‍ ആന ആയി കുറച്ചു ദിവസം മാറുകയാണ് മദമിളകല്‍ വഴി സംഭവിക്കുന്നത്. എത്ര മനോഹരമായ പ്രക്രിയ!
അതി ശക്തമായ ഊര്‍ജ്ജ വിനിയോഗം നടത്തുക വഴിയും മദജലവും നിരന്തരമായ മൂത്രവിസര്‍ജ്ജനവും വഴി അതിവേഗത്തില്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കുകയുമാണ് മദിച്ച ആനയ്ക്കു സംഭവിക്കുന്നതെന്ന് മനസ്സിലാക്കി അവനു ഇടച്ചങ്ങല കെട്ടുകയും വെള്ളം കുടിക്കാന്‍ കൊടുക്കാതെയിരിക്കുകയുമാണ് തളര്‍ത്താന്‍ എളുപ്പവഴിയെന്നു കണ്ടുപിടിച്ച മാതംഗലീലാവിലാസക്കാരെ എന്തു പേരു വിളിക്കണം നമ്മള്‍?
ഇടഞ്ഞ ആനകളെല്ലാം മദപ്പാടിലാണോ?
ആന കല്പ്പനകള്‍ അനുസരിക്കുന്നത് അതിന്റെ ഗതികേടുകൊണ്ടാണ്. വെടിയും പടക്കവും തീയും പുകയും ജനങ്ങളുടെ ആരവവും വെയിലും ആയാസവും ഉറക്കമില്ലായ്മയും വിശപ്പും ദാഹവും ഭീതിയും അതിനു കൊടുക്കുന്ന സമ്മര്‍ദ്ദം അതിഭീകരമാണ്. അത്തരം സാഹചര്യത്തില്‍ മനോനില തെറ്റി ഈ ജന്തു പെരുമാറുന്നതില്‍ അത്ഭുതപ്പെടാനില്ല. അതിനെ പഴിക്കാനുമാവില്ല.
മദപ്പാടുള്ള ആനയെ മദജലത്തിന്റെ ദുര്‍ഗ്ഗന്ധം (മനുഷ്യനാണേ, പിടിയാനയ്ക്ക് അത് ലോകത്തേറ്റവും ഇഷ്ടമുള്ള സുഗന്ധമാണ്) മൂലവും സ്വഭാവത്തിലെ മാറ്റം മൂലവും ഏതു മണകുണാഞ്ചന്‍ പാപ്പാനും ഉറപ്പായി തിരിച്ചറിയാം. അവയെ അപ്പോഴേ ഇടച്ചങ്ങല കൊളുത്തി പട്ടിണിയിലാക്കുകയാണ് ചെയ്യാറ്. അമ്പലങ്ങളിലും മറ്റും ഇടയുന്ന ആനകള്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലം സ്വയമറിയാതെ പ്രതികരിക്കുന്നവരാണ് മഹാഭൂരിപക്ഷവും.
ആനയെ നമുക്കെന്തിനാണ്?
പ്രധാനമായും മൂന്ന് ആവശ്യത്തിനാണ് ആനയെ മെരുക്കാന്‍ മനുഷ്യന്‍ തുടങ്ങിയത്. യുദ്ധത്തിന്, ഭാരോദ്വഹനത്തിന്, അലങ്കാരത്തിന്. യുദ്ധത്തിനിന്നു വെടിക്കോപ്പു മുതല്‍ വിമാനം വരെയുണ്ട്. ഭാരോദ്വഹനത്തിനു സങ്കീര്‍ണ്ണയന്ത്രങ്ങളും ട്രക്കുകളുമുണ്ട്. ബാക്കിയാവുന്നതോ വെറും ദര്‍ശന സുഖം.
കേരളത്തില്‍ എന്തുകൊണ്ട് ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നെള്ളിക്കുന്നു?
കേരളത്തിലെ അമ്പലങ്ങളില്‍, അതില്‍ തന്നെ ദേവീക്ഷേത്രങ്ങളില്‍ പ്രത്യേകിച്ചും ദേവസ്വം വക ഭാരിച്ച സ്വത്തുക്കളും പണ്ടങ്ങളുമുണ്ടായിരുന്നു. പല കരകളും ഊരുകളും മൊത്തമായി ദേവിമാരുടേതായിരുന്നു. അതിന്റെ ഉപഭോക്താക്കളായി നമ്പൂതിരിമാരും മാടമ്പിമാരും കഴിഞ്ഞിരുന്നു. അമ്പലങ്ങളില്‍ ആന വേണ്ടിവന്നത് ഈ സ്വത്തുക്കളുടെ സംരക്ഷകരായിട്ടാണ്. തിരുവാഭരണങ്ങള്‍ അണിയും ദിവസങ്ങളില്‍ കൊമ്പന്മാരും പടയാളികളും ഘോഷയാത്രകള്‍ നയിക്കേണ്ടിവന്നതും തസ്കര ഭീഷണിമൂലമെന്ന് അനുമാനിക്കാം. കേരളത്തില്‍ കുതിരകള്‍ അപൂര്വ്വമായിരുന്നു അക്കാലത്ത്. വെടിമരുന്നു പ്രയോഗവും ആനകളും ഭടന്മാരും ബ്രഹ്മസ്വങ്ങളുടെയും ദേവസ്വങ്ങളുടെയും സുരക്ഷ പ്രദര്‍ശിപ്പിച്ചിരുന്നത് ഇന്ന് വെറും ആചാരം മാത്രമായി.
എന്തുകൊണ്ട് അടുത്ത കാലത്തായി കേരളത്തില്‍ ആന ഇടയുന്നത് കൂടുന്നു?
ഒന്ന്: ആനകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. എഴുപതില്‍ നൂറോളം ആനകളാണ് കേരളത്തിലുണ്ടായിരുന്നത്. ഇന്നത് അറുനൂറിലധികമായി . മനുഷരിലെ ഇടയിലെ ആനകളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി അവ മനുഷ്യനെ ആക്രമിക്കുന്നതും വര്‍ദ്ധിക്കും.
രണ്ട്: ആനകളെ സ്ഥിരമായി അമിതാദ്ധ്വാനം ചെയ്യിക്കുകയും പട്ടിണിക്കിടുകയും പീഡിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന് മൊത്തമുള്ള നാട്ടാനകളുടെ പകുതിയും ആസാമിലും കേളത്തിലുമാണ്. ഇന്ത്യയാകമാനം നാട്ടാനകളുടെ എണ്ണം കുറയുകയാണ്, കേരളത്തിലതു വര്‍ദ്ധിച്ചു വരുന്നു. തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാം!
ഇതു വായിക്കുന്നവരില്‍ മിക്കവരും പ്രത്യേകിച്ച് കാരണം നിരത്താതെ "പ്രായോജികമല്ല" എന്ന് തള്ളിക്കളയാന്‍ സാദ്ധ്യതയുള്ള പരിഹാരമാണ് എനിക്കു തോന്നുന്നത്.
ആനകളെ മെരുക്കാതിരിക്കുക. ആനയ്ക്ക് നിങ്ങളെ വേണ്ടെങ്കില്‍ നിങ്ങള്‍ക്കെന്തിനാണ് ആനയെ?
ഒരു പൊതുസഭയില്‍ ഞാന്‍ ഈ വീക്ഷണം പറഞ്ഞതും നിശിതമായി പലരും എതിര്‍ത്തെങ്കിലും മുന്നോട്ടു വച്ച ന്യായങ്ങള്‍ തുലോം ദുര്‍ബ്ബലമായിരുന്നു. അവ ഇതൊക്കെ.
ഒന്നാമന്‍ : നാട്ടാനകള്‍ക്ക് കാട്ടാനയെക്കാള്‍ ആയുസ്സ് കൂടുതലാണ് എന്നതിനാല്‍ ആനകളുടെ സംരക്ഷണമാണ് യഥാര്‍ത്ഥത്തില്‍ മെരുക്കല്‍ മൂലം നടക്കുന്നത്.
ആന്റണി: ഏതു മൃഗവും ക്യാപ്റ്റീവിറ്റിയില്‍ അല്പം കൂടുതല്‍ ജീവിക്കും .കേരളത്തിലെ ആനകളുടെ ശരാശരി ആയുസ്സ് നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല, ക്യാപ്റ്റീവിറ്റി റൂള്‍ വച്ചാണ് നാട്ടാനയ്ക്ക് ആയുസ്സ് കൂടുതലെന്ന് ഊഹിക്കുന്നത്. എന്നാല്‍ നാട്ടാനകള്‍ അപൂര്വ്വമായേ പ്രജനനം നടത്താറുള്ളു എന്നതിനാല്‍ ആനയെ നാട്ടില്‍ വളര്‍ത്തുന്നത് അവയുടെ അംഗസംഖ്യ കുറയ്ക്കുകയേയുള്ളു. മാത്രമല്ല, ആനകള്‍ ക്യാപ്റ്റീവിറ്റിയില്‍ അവയുടെ ശരാശരി ആയുസ്സിന്റെ മൂന്നില്‍ രണ്ടേ ജീവിക്കുന്നുള്ളു എന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത് (http://www.savewildelephants.com/deaths.asp )
രണ്ടാമന്‍: ആനയെ ഇണക്കുന്നതുകൊണ്ടാണ് പൊതുജനത്തിന് ആനയോട് സ്നേഹമുള്ളത്. കാട്ടാനകളെ വേട്ടയാടുന്നതില്‍ നിന്നും ആളുകളെ പിന്‍തിരിപ്പിക്കുന്നത് ഐരാവതം, ഗണപതി എന്നിവയായി അവയെ ആളുകള്‍ കാണുന്നതുകൊണ്ടാണ്.
ആന്റണി : അനന്തന്‍ വാസുകി ശേഷന്‍ പത്മനാഭന്‍ ഖംബലന്‍ സംഘപാലന്‍ ധൃതരാഷ്ട്രന്‍, തക്ഷകന്‍, കാളിയന്‍ ... നാഗദൈവങ്ങള്‍ അസംഖ്യമുണ്ടായിട്ടും പാമ്പുകളുടെ എണ്ണം കുറയുകയാണല്ലോ? ആനയെ ഗണപതിയായോ ഐരാവതമായോ ജനത്തിനു കാണാന്‍ കഴിയുമെങ്കില്‍ തോട്ടിയും കത്തിയും ഏന്തിയ ഒരുത്തന്‍ അതിന്റെ മുതുകിലിരിക്കുന്നതും ചങ്ങലയിട്ട് നടത്തുന്നതും ജനം ആസ്വദിക്കുന്നതെങ്ങനെ?ഞാന്‍ കടുവയെ ഇണക്കി വളര്‍ത്തിയാല്‍ ജനം കാട്ടുകടുവയെ സ്നേഹിച്ച് ഉമ്മവയ്ക്കുമോ ?
ഒന്നാമന്‍ : ആനകള്‍ തടിപിടിക്കുന്നതുകൊണ്ട് കാട്ടില്‍ റോഡ് വെട്ടുകയോ മറ്റോ ആവശ്യമായി വരുന്നില്ല. ആ നിലയ്ക്ക് ആനകളുടെ സ്വാഭാവിക പരിസ്ഥിതി സംരക്ഷിക്കാന്‍ കൂപ്പില്‍ ആനകള്‍ വേണം.
ആന്റണി: ക്ലീയര്‍ ഫല്ലിങ്ങോ സെലക്ഷന്‍ ഫെല്ലിങ്ങോ റോഡുകള്‍ ഇന്നില്ലാത്ത ഉള്‍വനങ്ങളില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ നടക്കുന്നില്ല. ഫെല്ലിങ്ങ് അനുവദിച്ച കേരളത്തിലെ സ്ഥലങ്ങളെല്ലാം തന്നെ റോഡുള്ളവയും ലോറി എത്തുന്ന സ്ഥലങ്ങളുമാണ്.
ഒന്നാമന്‍: ആന ചരിത്രാതീത കാലം മുതലേ കേരള സംസ്കാരത്തിന്റെ ഭാഗമാണ്. ആനയില്ലാത്ത ഉത്സവം വരനില്ലാത്ത കല്യാണം പോലെയേ മലയാളിക്കു തോന്നൂ.
ആന്റണി: ചരിത്രാതീത കാലത്തെക്കുറിച്ച് എനിക്കോ നിങ്ങള്‍ക്കോ ഉറപ്പിക്കാനാവില്ല. ഏതാണ്ട് ഉണ്ണുനീലീചരിതം ഉണ്ണിച്ചിരുതേവീചരിതം എന്നിവയുടെ കാലം വരെ കേരളത്തിലെ അമ്പലത്തിലെ ആനകളെക്കുറിച്ച് പരാമര്‍ശമില്ലല്ലോ. പിന്നെ ആചാരങ്ങള്‍- പണ്ട് കാപാലികര്‍ കേരളത്തില്‍ അറിയപ്പെടുന്ന ഭക്തന്മാരായിരുന്നു. നരബലി പിന്നെ മൃഗബലിയായി, കുമ്പളങ്ങാ വെട്ട് ആയി, ഇപ്പോഴൊന്നുമില്ല. പുരി ജഗന്നാഥന്റെ തേരിനു മുന്നില്‍ ചാടി മരിക്കുന്നത് സ്വര്‍ഗ്ഗം പ്രാപിക്കാനുള്ള വഴിയായിരുന്നു ഒരിക്കല്‍, റ്വാണ്ടന്‍ ഗോത്രരാജാവ് ശത്രുക്കളുടെ ലിംഗം അറുത്ത് കോര്‍ത്ത മാലയായിരുന്നു ആചാരപ്രകാരം ധരിച്ചിരുന്നത്. മനുഷ്യന്‍ പുരോഗമിക്കുന്നതനുസരിച്ച് ആചാരങ്ങളും പരിഷ്കൃതമാവുന്നു. കരിമരുന്ന് പ്രയോഗം ചൈനയില്‍ നിന്നാണ് അമ്പലത്തില്‍ വന്നു കയറിയത്. ഉച്ചഭാഷിണിക്കോളാമ്പി സായിപ്പിന്റേതാണ്. എന്തുകൊണ്ട് ആനക്കാര്യത്തിലും നമുക്ക് പരിഷ്കാരിയായി ഒരു അലങ്കരിച്ച ട്രക്കിലോ കാറിലോ ദൈവത്തിന്റെ ആറാട്ട് നടത്തിക്കൂടാ?
രണ്ടാമന്‍ : കേരളത്തില്‍ ആനപിടിത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടനാട് കോന്നി തുടങ്ങിയ ആനക്കൂടുകള്‍ ക്യാപ്റ്റീവ് ബ്രീഡിങ്ങ് സെന്ററുകളായി കണ്ട് ആനകളുടെ അംഗബലം കൂട്ടാന്‍ അവ ഉപകരിക്കുന്നെന്ന് കണക്കാക്കാമല്ലോ?
ആന്റണി: ആനകളുടെ പ്രജനനം ക്യാപ്റ്റീവിറ്റിയില്‍ തീരെക്കുറവാണ്. ക്യാപ്റ്റീവ് ബ്രീഡിങ്ങ് എന്നാല്‍ മനുഷ്യന്റെ ഇടപെടല്‍ മൂലം ജന്തുക്കളുടെ അംഗബലം വര്‍ദ്ധിപ്പിക്കലാണ്. അതു പൂര്‍ണ്ണമാവുന്നത് ആ മൃഗങ്ങളെ തിരിച്ച് വന്യതയില്‍ വിടുമ്പോഴും. ഇങ്ങനെയൊന്നും അവിടെ സംഭവിക്കുന്നില്ല, സംഭവിക്കുകയുമില്ല (ശേഷം അന്താരാഷ്ട്ര ആന ഡേറ്റ പരിശോധിച്ചപ്പോള്‍ കോടനാട്ട് ആറാനയുണ്ടായിരുന്നെന്നും അശ്വതി എന്ന പിടി ഒഴികെ എല്ലാം എവിടെന്നു വന്നെന്ന് "അറിയില്ല" അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍/ സാഹചര്യങ്ങളില്‍ വനത്തിലെ ആനകള്‍ പിടിയിലായെന്നും കാണുന്നു. ഇവയില്‍ രണ്ടെണ്ണം ചരിഞ്ഞെന്നും കാരണം വൈറസ് ബാധയെന്ന് സംശയിക്കുന്നെന്നുമാണ് കണ്ടത് . ലിങ്ക് കൊടുത്തിട്ടുണ്ട്)
മൂന്നാമന്‍: ആനയെ സംരക്ഷിക്കാനുള്ള നിയമം ശക്തമാക്കിയാല്‍ പരിഹരിക്കാവുന്ന കാര്യങ്ങളല്ലേയുള്ളു ഇതൊക്കെ?
ആന്റണി: ധാരാളം നിയമങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. പാലിക്കപ്പെടുന്നില്ല. ആനയെ ഇത്രമണിക്കൂറേ ജോലി ചെയ്യിക്കാവൂ, കുട്ടിയാനയ്ക്ക് ചങ്ങലയിടരുത്, പുറത്ത് ആളുകയറരുത്, ആനയുള്ള സ്ഥലത്ത് വെടി പൊട്ടിക്കരുത്, ഒച്ചയുണ്ടാക്കരുത്, ഇത്ര ഭക്ഷണം കൊടുക്കണം എന്നിങ്ങനെ.
ഇനി, ഇതൊക്കെ പാലിച്ചാല്‍ തന്നെ, കൊമ്പനാനകള്‍ക്ക് ക്ഷാമമുള്ളപ്പോള്‍ അവയെ പ്രജനനത്തില്‍ നിന്നും അകറ്റി നിര്‍ത്തുക വഴി ആനയെണ്ണം കുറയാന്‍ കാരണമാവുകയും മെരുക്കലെന്ന പേരില്‍ പീഡിപ്പിക്കുന്നതും ആശാസ്യമല്ല, ആനയെ മെരുക്കി വളര്‍ത്തുന്നതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവും മനുഷ്യനില്ല.
ഓര്‍ക്കുക, അറുനൂറ് ആനകളുള്ള കേരളത്തില്‍ രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി ആറുവരെ ഇരുന്നൂറ്റി പതിനാറ് ആനകള്‍ ചെരിഞ്ഞു- മൊത്തം അംഗസംഖ്യയുടെ മുപ്പത്തഞ്ചു ശതമാനം തീര്‍ന്നു, ആസാമില്‍ നിന്നും ഇവയെ വാങ്ങി കണക്കു ശരിയാക്കിയിട്ടുണ്ടാവും മലയാളികള്‍. (http://www.newindpress.com/NewsItems.asp?ID=IEO20080113233153&Page=O&Title=Thiruvananthapuram&Topic=0 ) ആര് എന്തിനെ ഇണക്കി? ആര് ആരെ സ്നേഹിക്കുന്നു? എന്തിനു വേണ്ടി ഇവയെ ഇങ്ങനെ പീഡിപ്പിച്ചു കൊന്നു തീര്‍ക്കണം? ഇതാണോ ആനക്കമ്പവും ആനസ്നേഹവും?
നെറ്റില്‍ കിട്ടിയ ചില ലേഖനങ്ങള്‍
http://www.flonnet.com/fl2408/stories/20070504003711400.htm
http://www.hinduonnet.com/thehindu/2003/02/07/stories/2003020702850700.htm
http://us.rediff.com/news/2000/jan/10kerala.htm
http://news.bbc.co.uk/1/hi/sci/tech/780015.stm
http://www.elephant.se/location2.php?location_id=892
http://www.thepetitionsite.com/takeaction/119483093
http://www.iht.com/articles/2006/09/24/news/elephant.php?page=2
http://www.thehindu.com/2008/04/24/stories/2008042454900700.htm
http://www.kimwoodbridge.com/elephant/2008/01/13/kerala-elephant-camp-under-herpes-virus-threat/
http://www.hindu.com/2007/04/28/stories/2007042811320500.htm
Wednesday, April 23, 2008
ഇടത്തന്‍ വണ്ടി
തേളു പെണ്ണേ, ഓഹോ വേളിക്കാരീ ഓഹോ, വെറ്റിലപ്പാക്കുണ്ടോ?
വെറ്റിലച്ചെല്ലം വെള്ളി ചെല്ലം ഇല്ലെ ലതാണല്ലോ.. ഇല്ലെ ലതാണല്ലോ.
ഇന്ന് ആന്റോന്റെയാ കച്ചേരി? തേളു പെണ്ണോ? അതെന്തര, ചീള് പെണ്ണെന്നാണോ ഉദ്ദേശിച്ചത്?
പാട്ടിന്റെ ആദ്യം സംസ്കൃതമായിരുന്നത് ഞാന്‍ പച്ചമലയാളമാക്കിയതല്ലീ.
പോരാ, തെളിയാനൊണ്ട്, ല്ലേ ചാണ്ടീ.
യെവന്‍ തൊടക്കവല്ലേ കമലോ. പോവെ പോവെ തെളിയും.
കഴിവൊന്ന് പരിശോധിക്കട്ട്. പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പ പൂവാങ്കുരുന്നില ചൂടേണം.. പാട്
ബൈക്കായ ബൈക്കെല്ലാം വലത്താക്കി ബ്രേക്കെന്നാല്‍
ബുള്ളറ്റിനവിടാണു ഗീയര്‍ ലിവര്‍.... പാട്ടൊത്തോ?
ഞാനും അതാലോചിച്ചിട്ടുണ്ടെടേ. ഇതെന്തരു ലതിനു മാത്രം വിത്യാസം?
അണ്ണാ ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചിലാണ് റോയല്‍ എന്‍ഫീല്‍ഡ് കമ്പനി മദ്രാസില്‍ ബുള്ളറ്റ് ബൈക്ക് ഉണ്ടാക്കാന്‍ തുടങ്ങിയത്. അന്നതെ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ വലത്തു കാല് നിലത്ത് കുത്താനാണ് എളുപ്പം അതുകൊണ്ട് ബ്രേക്ക് ഇടത്തേ കാലിലാക്കുന്നതാണ് ബുദ്ധിയെന്നു കരുതി. പിന്നീട് ലോകത്ത് ബൈക്ക് ടെക്നോളജി ഒത്തിരി മാറി, പ്രധാനമായും ജാപ്പനീസ് ബൈക്കുകള്‍ ലോകം കീഴടക്കിയതോടെ മിക്ക പാശ്ചാത്യ ബൈക്കുകാരും പൂട്ടിപ്പോയി. ഗവേഷകര്‍ കാര്യങ്ങള്‍ കാര്യക്ഷമമാക്കി. ബ്രേക്ക് പെഡല്‍ വലതുകാലിലാണു സൗകര്യമെന്ന് എഞ്ചിനീയര്‍മാര്‍ മനസ്സിലാക്കി. നമ്മുടെ ബുള്ളറ്റ് മാത്രം ഒരു വ്യത്യാസവുമില്ലാതെ അമ്പത്തഞ്ചിലെ മോഡല്‍ തന്നെ ഇറക്കുന്നു. അഞ്ചാറുവര്‍ഷം കഴിഞ്ഞാണ് ചെക്കോസ്ലോവാക്യന്‍ ടെക്നോളജിയില്‍ ജാവയും യെസ്ഡിയും പോളണ്ടിന്റെ ടെക്നോളജിയുള്ള രാജദൂതും ഒക്കെ വന്നത് . ഇപ്പോ സുസുകിയും യമഹയും കാവസാക്കിയും ഹോണ്ടയും വരെ എത്തി.
എന്നാലും ബുള്ളറ്റ് ഒരു നല്ല വണ്ടിയാണ് ല്ലേ?
അതേ. ഇന്നു നിലവിലുള്ളതില്‍ ഏറ്റവും പഴയ ബൈക്ക് കമ്പനി ആണ് എന്‍ഫീല്‍ഡ്, സായിപ്പിന്റെ നാട്ടിലോട്ടൊക്കെ അതിനിന്നും ചെറിയ വില്പ്പനയുണ്ട്. എന്നാലും അതിയാനെ ഒരു ഫെയറിങ്ങ് എങ്കിലും ഉടുപ്പിക്കാതെ...
ഫെയറിങ്ങ് എന്നാ വിന്‍ഡ് ഷീല്‍ഡ് അല്ലീ? ബുള്ളറ്റിനതു വയ്ക്കാവല്ല്?
ഫെയറിങ്ങ് വിന്‍ഡ് ഷീല്‍ഡും കൂടി ചേര്‍ന്നുള്ള ഒരു പുറം ചട്ടയല്ലീ അണ്ണാ. ചുമ്മാ ഒരു കണ്ണാടി വാങ്ങി മുന്നില്‍ കെട്ടുന്നതല്ല.
പാട്ടീന്ന് മാറിപ്പെയ്. ചെയിനടി ഇഞ്ഞി. ഏഴ് സ്റ്റെപ്പ്
ആടി വാ കാറ്റേ പാടി വാ കാറ്റേ
ആയിരം അജന്താ ശില്പങ്ളില്‍ ആ മഹാബലിപുര
ചിത്രശിലാ പാളികള്‍ കൊണ്ടൊരു
ശ്രീകോവില്‍ ചുമരുകളിടിഞ്ഞു വീണു ശ്രീ
ദേവീ ശ്രീ ദേവീ
തേടിത്തേടി ഞാനലഞ്ഞു പാടിപ്പാടി
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ...
മോശമില്ല, പക്ഷേ പാടല്ല്.
Tuesday, April 22, 2008
പൂച്ചെടി മലയാളം-ഇംഗ്ലീഷ് ബ്രിഡ്ജ്
ഒരു ചെടി തപ്പീട്ട് കിട്ടിയില്ല. അതിന്റെ കലിപ്പില്‍ വീട്ടുവളപ്പില്‍ സാധാരണ കാണുന്ന പൂച്ചെടികളെ എല്ലാം തര്‍ജ്ജിമച്ച്. ആര്‍ക്കേലും പ്രയോജനമാവട്ട് . മലയാളം സേര്‍ച്ച് ചെയ്ത് ഇഞ്ഞോട്ട് വരുന്നവര്‍ക്ക് ഇംഗ്ലീഷിലെയും ബൊട്ടാണിക്കല്‍ പേരും കിട്ടും, പിന്നെങ്ങോട്ട് വേണേലും സേര്‍ച്ചിപ്പോകാവല്ല്.
പിച്ചി - (സ്പാനിഷ് ജാസ്മിന്‍) Jasminum grandiflorum
കുടമുല്ല (അറേബ്യന്‍ ജാസ്മിന്‍) Jasminum sambac
പവിഴമുല്ല/ പവിഴമല്ലി ( നൈറ്റ് ഫ്ലവറിങ്ങ്ന്‍ ജാസ്മിന്‍) Nyctanthes arbor-tristis
കുരുക്കുത്തിമുല്ല (ഡൗണി ജാസ്മിന്‍) Jasminum multiflorum
പനിനീര്‍ ചമ്പകം (മൈക്കലിയ) Michelia champaca
നാലുമണി (മിറബിലിസ്) Mirablilis jalapa
നിത്യകല്യാണി (പെരിവിങ്കിള്‍) Vinca Rosea
പൂവാങ്കുരുന്ന് (അയണ്‍ വീഡ്) Cyanthillium cinereum
മഞ്ഞത്തെറ്റി (ഇക്സോറ ) Ixora chinensis
ചുവന്നതെറ്റി (ഇക്സോറ) Ixora macrothyrsa
നന്ത്യാര്‌വട്ടം (ഈസ്റ്റ് ഇന്ത്യന്‍ മൂണ്‍ബീം) Ervatamia coronaria
വാടാമല്ലി (ഗ്ലോബ് അമരാന്ത്) Gomphrena globosa
പൂപ്പരുത്തി( കോണ്‍ഫെഡെറേറ്റ് റോസ്) Hibiscus mutabilis
(സാദാ)ചെമ്പരത്തി (ചൈനീസ് ഹിബിസ്കസ്) Hibiscus rosa-sinensis
പത്തുമണി (ചിക്കന്‍ വീഡ്) Portulaca quadrifida
വാക / ഗുല്‍മോഹര്‍ (ഫ്ലെയിംബോയന്റ് ട്രീ) delonix regia
അശോകം (??) Saraca indica
മഞ്ഞരളി (യെല്ലോ ഒലിയാന്‍ഡര്‍) Thevetia peruviana
ചുവന്നരളി (നേറിയം ഒലിയാന്‍ഡര്‍ )Nerium oleander
കനകാംബരം (കിങ്ങ് മാന്റില്‍ ) Thunbergia Erecta
കാളപ്പൂ / വേലിപ്പരുത്തി (സീ ഹിബിസ്കസ്) Hibiscus tiliaceus
പൂവരശ് (പോര്‍ഷ്യ ) Thespesia populnea
രാജമല്ലി (പീക്കോക്ക് ഫ്ലവര്‍) Caesalpinia pulcherrima
ഇലഞ്ഞി (സ്പാനിഷ് ചെറി) Mimusops Elengi
എരുക്ക് (ക്രൗണ്‍ ഫ്ലവര്‍ ) Calotropis gigantea
ഏഴിലം പാല (ഇന്ത്യന്‍ ഡെവിള്‍സ് ട്രീ) Alstonia scholaris
ഇലവ് (കോട്ടണ്‍ ട്രീ) Bombax ceiba
പീലിവാക (സില്‍ക്ക് ട്രീ) Albizia falcataria
മുരുക്ക് (ഇന്ത്യന്‍ കോറല്‍ ട്രീ) Erythrina indica
ബന്ദി- (ഫ്രഞ്ച് മറിഗോള്‍ഡ് )Tagetes erecta
ജമന്തി (ക്രിസാന്തെമം ?) Chrysanthemum indicum
ബാക്കി പൊറവേ. പരുവാടി സമയം എടുക്കുന്നു, പൂ കണ്ട് ബോദ്ധ്യപ്പെട്ടാലേ എടുത്തിടാന്‍ പറ്റത്തൊള്ളല്ല്.
Monday, April 21, 2008
കുറ്റവാളികള്‍ മാത്രമുള്ള ഒരു കഥ
ഈ വര്‍ഷം ഫെബ്രുവരി പത്തൊമ്പതിന് സ്കാര്‍ലെറ്റ് കീലിങ്ങ് എന്ന ബ്രിട്ടീഷ് ബാലികയെ ഗോവയിലെ ബീച്ചില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.
ആരെയാണ് ശിക്ഷിക്കേണ്ടത്?
നിസ്സംശയം പറയാം, കൊലപാതകികളെ.
പിന്നെ?
പിന്നെ, അവളുടെ മരണം കൊലപാതകമല്ല, മുങ്ങി മരിച്ചതാണെന്ന് വിധിച്ച പോലീസ് ഉദ്യോഗസ്ഥരെ.
പിന്നെ?
മുങ്ങി മരണമെന്നും പിന്നെ കൊലപാതകമാവാമെന്നും തിരുത്തിയ റിപ്പോര്‍ട്ട് എഴുതിയ സര്‍ജ്ജനെ.
പിന്നെ?
എയര്‍പ്പോര്‍ട്ടില്‍ വച്ചു തന്നെ ഗോവയില്‍ വിദേശികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്നും കരുതലോടെ പെരുമാറാനും മുന്നറിയിപ്പു കിട്ടിയിട്ടും പതിനഞ്ചു വയസ്സുള്ള കുട്ടിയെ നിസ്സാര പരിചയം മാത്രമുള്ള ഒരുവനെ ഏല്പ്പിച്ച് കുപ്രസിദ്ധ മയക്കുമരുന്നു കേന്ദ്രങ്ങളിലേക്ക് ടൂര്‍ പോകുകയും പോലീസിനുമുന്നില്‍ വ്യാജ സ്റ്റേറ്റ്മെന്റ് കൊടുക്കുകയും ചെയ്ത അവളുടെ അമ്മയെ (സമാന്തര നെഗ്ലിജന്‍സ് കേസുകളില്‍ ബ്രിട്ടീഷ് കോടതി അമ്മമാരെ ശിക്ഷിച്ചിട്ടുമുണ്ട്)
പിന്നെ?
പോലീസ് രേഖയായ അവളുടെ ഡയറിയും ഫോട്ടോകളും പ്രിന്റിലിട്ട് ആഘോഷിച്ചവരെ. പോലീസ് ആണോ അവളുടെ ബന്ധുക്കളാണോ ലീക്ക് ചെയ്തത് എന്ന് നിശ്ചയമില്ല. ആദ്യമിത് ഗോവ പോലീസ് ണെന്ന് ധരിച്ചിരുന്നു, എന്നാല്‍ ഇന്ത്യയിലും വിദേശത്തുമെടുത്ത അവളുടെ ധാരാളം ചിത്രങ്ങളും- അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്കമ്പ്പമുള്ളതടക്കം - ബ്രിട്ടീഷ് പത്രങ്ങളില്‍ എന്നും കാണുന്നു.
പിന്നെ?
ഇത്രയും വലിയ സുരക്ഷാഭീഷണിയുണ്ടായിട്ടും ഒട്ടേറെ വിദേശികള്‍ കൊല്ലപ്പെട്ടിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാന്‍ തയ്യാറാവാഞ്ഞ ഗോവ സര്‍ക്കാരിനെ.
പിന്നെ?
അവള്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും കയ്യിലൊരു മൊബൈല്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതിരുന്ന, വളരെ നാള്‍ ഇതു പുറത്തുപോലും പറയാതിരുന്ന ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷുകാരനെ.
ഇനിയാരെങ്കിലും ബാക്കിയുണ്ടോ ?
സൂരജിന്റെ ഏഴു ചോദ്യങ്ങള്‍ക്ക്:
1. സ്വതന്ത്ര ടിബറ്റ് എന്നത് ഒരു ജനതയുടെ ആവശ്യമാണോ ? സ്വാതന്ത്ര്യമല്ല, സ്വയം ഭരണാവകാശം മതിയെന്ന് ലാമ ലോകത്തോട് പറഞ്ഞിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.
ഇതേ സ്വയംഭരണാവകാശം പതിനേഴിന ഉടമ്പടിപ്രകാരം ലാമയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ സെര്‍ഫിസം (അടിമത്ത സമ്പ്രദായം) അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചത് ആ സ്വയംഭരണാവകാശത്തിലെ കൈകടത്തലായി ലാമ കണ്ടു (കൈകടത്തല്‍ എന്നത് ശരിയായിരുന്നു, എന്നാല്‍ ചൈനീസ് സര്‍ക്കാരിന് അത് മനുഷ്യാവകാശപ്രവര്‍ത്തനമായേ തോന്നിയുള്ളു. സായുധ സംഘട്ടനത്തിലും ലാമയുടെ പലായനത്തിലും ഇത് കലാശിച്ചു
[ ഫ്രം വിക്കി - Goldstein, Melvyn, Taxation and the Structure of a Tibetan village, Central Asiatic Journal, 1971, p15: "With the exception of about 300 noble families, all laymen and laywomen in Tibet were serfs (Mi ser) bound via ascription by parallel descent to a particular lord (dPon-po) though an estate, in other words sons were ascribed to their father's lord but daughters to their mother's lord."
Grunfeld, A. Tom, The Making of Modern Tibet, p12: "The vast majority of the people of Tibet were serfs, or as they were known there, mi ser."
2. സ്വാതന്ത്ര്യം/സ്വയംഭരണാവകാശം എന്നീ ആവശ്യങ്ങള്‍ 1949 - 51 കളിലെ ചൈനീസ് 'അധിനിവേശ'ത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉയരുന്നത്. ചരിത്രപരമായി നോക്കിയാല്‍ ടിബറ്റ് ചൈനയുടെ വെറും കോളനിയല്ല, integral ഭാഗം തന്നെയായിരുന്നുവെന്നും കാണുന്നു. അപ്പോള്‍ അവകാശവാദങ്ങള്‍ ഏത് ചരിത്രബിന്ദുവില്‍ നിന്നും തുടങ്ങണം ?
ഹവായി അമേരിക്ക പിടിച്ചെടുത്തതാണ്, എന്നാല്‍ അവരിന്ന് സ്വതന്ത്ര ഹവായിക്കായി യുദ്ധം ചെയ്യുന്നില്ല. മണിപ്പൂര്‍ ഇന്ത്യ പിടിച്ചെടുത്തതാണ്, അവരില്‍ നല്ലൊരു ഭാഗം സ്വതന്ത്ര മണിപ്പൂര്‍ സ്വപ്നം കാണുന്നു. ടിബറ്റ് ചൈന പിടിച്ചെടുത്തതല്ല, അതിന്റെ ഭാഗം തന്നെയായിരുന്നു.
ഹവായിക്കാരന് അമേരിക്ക സ്വന്തം നാടെന്നു തോന്നുന്നതാണ് അവരുടെ വിജയം. ഇന്ത്യയും ചൈനയും ഇവിടെയാണ് പരാജയപ്പെടുന്നതും.
ജനതയ്ക്ക് പിരിഞ്ഞു പോകാന്‍ തോന്നുന്നതില്‍ അത്ഭുതവുമില്ല. ടിബറ്റിലെ എത്രയെന്ന് അളന്നിട്ടില്ലാത്ത ജനങ്ങള്‍ക്ക് ലാമ എന്നാല്‍ ദൈവമാണ്. സായിബാബയുടെയും അമൃതാനന്ദമയിയുടെയും അനുയായികളോട് തര്‍ക്കിക്കുന്നതിലും വിഷമമാണ് ആയിരക്കണക്കിനു വര്‍ഷമായുള്ള ആചാരം തിരുത്താന്‍ ശ്രമിക്കുന്നുന്നത്. ചൈനീസ് സര്‍ക്കാരിന് അത് മനസ്സിലാവുകയുമില്ല, അവര്‍ കുറേ ഡെവലപ്പ്മെന്റ്, പഴയ അടിമക്കഥ, ദലൈലാമ നയവഞ്ചകനും പഞ്ചന്‍ ലാമ രാജ്യസ്നേഹിയുമെന്ന ലഘുലേഖ അച്ചടിച്ച് തെരുവില്‍ വിതരണം ചെയ്താലും അതു മാറില്ല.
3. ബുദ്ധമതത്തിന്റെ പ്രശാന്ത ലോകം എന്ന പൊതു ധാരണയ്ക്കു വിരുദ്ധമായി കടുത്ത ഫൂഡല്‍ വ്യവസ്ഥിതികളും അടിമവേലയും മനുഷ്യാവകാശ ധ്വംസനങ്ങളും പൌരോഹിത്യ സര്‍വാധിപത്യവും പൂണ്ടുവിളയാടിയിരുന്ന ഭൂവിഭാഗമായിരുന്നു ടിബറ്റ് എന്നതിനു ചരിത്ര രേഖകളുണ്ട്. ഇന്ത്യയിലെ വര്‍ണ്ണാശ്രമ ശൈലിയിലുള്ള സാമൂഹിക ശ്രേണികളെ ടിബറ്റന്‍ ബൌദ്ധ പുരോഹിതവര്‍ഗ്ഗം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും കാണുന്നു.(തിബറ്റന്‍ ജന്മികള്‍ പീഡനത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെയും രീതികളുടെയും പ്രദര്‍ശനം കണ്ടതിന്റെ വിവരണമുണ്ട് അന്നാ സ്ട്രോംഗിന്റെ Tibetan Interviews എന്ന പുസ്തകത്തില്‍). കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ടിബറ്റില്‍ തങ്ങള്‍ നടത്തിയത് അധിനിവേശമല്ല, അടിമവേല, കുടിയാന്മ, മതാധിപത്യം എന്നിവ നിര്‍ത്തലാക്കുക വഴി ജനമോചനമാണ് നടപ്പില്‍ വരുത്തിയതെന്ന് ചൈന അവകാശപ്പെടുന്നു. വസ്തുനിഷ്ഠമായ ഒരുത്തരം ഇതിന് ആര്‍ക്കെങ്കിലും ഉണ്ടോ ?
ഈ അവകാശങ്ങള്‍ ശരി തന്നെയാണ് ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തു തന്നെ ഇത്തരം കാര്യങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. [Story of Tibet- Thomas Liard , 2006, William Woodville Rockhill - 1895 , Cyclopedia of India & South Asia - Edward Balfour 1873, Tibet- Past Present -Charles Bell, 1992 , The Anti-slavery Reporter and Aborigines' Friend By British and Foreign Anti-slavery Society , Enclyclopedia of genocide & crimes gainst humanity (Dinah Shelton) .... ഒരു പേജ് ആധാരപുസ്തകങ്ങള്‍ നിരത്താന്‍ കഴിയും (ഇതില്‍ നൂറു വര്‍ഷത്തിലപ്പുറമുള്ളവ ഗൂഗിള്‍ ബുക്സില്‍ വായിക്കാം)
ഓണ്‍ ലൈനില്‍ ലഭിക്കുന്നതില്‍ വച്ച് ഏറ്റവും ചുരുങ്ങിയ, റെഫറന്‍സുകളുള്ള ലാമന്‍ ടിബറ്റിനെപ്പറ്റിയുള്ള ലേഖനം യേല്‍ യൂണിവേര്‍സിറ്റിയിലെ ഡോ. മൈക്കിള്‍ പെരെന്റിയുടേതാണ്.
http://www.michaelparenti.org/Tibet.html
4. 1950-കളിലെ അധിനിവേശത്തിലും പിന്നീടുള്ള ഭരണത്തിലും ഉണ്ടായ മരണങ്ങളുടെയും അഭയാര്‍ത്ഥികളായവരുടെയും എണ്ണത്തെ സംബന്ധിച്ച് കണ്‍ഫ്യൂഷനുകള്‍ ധാരാളം. ചൈനീസ് സര്‍ക്കാരും ടിബറ്റന്‍ അഭ്യാര്‍ത്ഥികളും വിരുദ്ധപ്രചാരണങ്ങളില്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു ! ഇരുകൂട്ടരും വന്‍ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വരെ മുറപോലെ പടച്ചുവിടുന്നുമുണ്ട്.
മനുഷ്യാവകാശം എന്ന സാധനത്തിനു പുല്ലു വിലയേ ചൈനയില്‍ അടുത്ത കാലം വരെ ഉണ്ടായിരുന്നുള്ളു. ചൈനീസ് സര്‍ക്കാര്‍ പറയുന്ന നുണയും ടിബറ്റന്‍ വിരുദ്ധവാദികള്‍ പറയുന്ന നുണയും കൂടി കൂട്ടി രണ്ടു കൊണ്ട് ഭാഗിക്കുകയേ നിവൃത്തിയുള്ളു!
5. ടിബറ്റിനു വേണ്ടി കുറേനാളായി വാര്‍ഷികചടങ്ങെന്നപോലെ കണ്ണീര്‍ പൊഴിക്കുന്ന രാജ്യങ്ങളൊന്നും തന്നെ അതിനെ ചൈനയില്‍ നിന്നും വേറിട്ട ഒരു രാജ്യമായി കണ്ടിട്ടേയില്ല എന്നതാണ് രസകരമായ കാര്യം.ചരിത്രപരമായി ടിബറ്റ് ചൈനാ സാമ്രാജ്യത്തിനുന്റെ ഭാഗമായിരുന്നതുകൊണ്ടാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. 1913 മുതല്‍ ചൈനാ അധിനിവേശം വരെയുള്ള കാലഘട്ടത്തില്‍ ടിബറ്റ് ഒരു സ്വതന്ഥ്ര രാഷ്ട്രമെന്നതു പോലെ പ്രവര്‍ത്തിച്ചിരുന്നു എന്ന് ICJ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. അപരിഹൃത ടിബറ്റ് പ്രശ്നം എല്ലാക്കാലത്തും ഒരു രാഷ്ട്രീയ ആയുധമാക്കുക എന്ന ഉദ്ദേശ്യം ഈ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കലുകള്‍ക്ക് പിന്നിലുണ്ടോ ?
ടിബറ്റില്‍ ചൈന പ്രവേശിച്ചതും അമേരിക്ക ടിബറ്റിനെ സ്വതന്ത്ര രാജ്യമെന്ന് വിളിച്ചു. കമ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുന്നതിനും മുന്നേയാണ് അവര്‍ ടിബറ്റിനെ അംഗീകരിച്ചതെന്നത് രസം. പിന്നീട് കുറേക്കാലം അമേരിക്ക ടിബറ്റന്‍ വിമോചനത്തിനു ആയുധവും പണവും കൊടുക്കുകയും എന്നാല്‍ വലിയ പൊതുജന പിന്‍തുണ ടിബറ്റിനുള്ളില്‍ നിന്നും കിട്ടാത്തതിനാലും എന്തു വില കൊടുത്തും രക്തം ചൊരിഞ്ഞും ടിബറ്റിനെ ഒപ്പം തന്നെ നിര്‍ത്തുമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രവൃത്തികളിലൂടെ വ്യക്തമാക്കിയതിനാലും അമേരിക്ക ഒടുവില്‍ പിന്‍തിരിയുകയാണ് ഉണ്ടായത്.
6. ലോകരാഷ്ട്രങ്ങളുടെ ഐക്യത്തെയും സൌഹൃദത്തെയും ആഘോഷിക്കുന്ന ഒളിമ്പിക്സിന്റേതു പോലുള്ള ഒരു പ്ലാറ്റ്ഫോമില്‍ ദീപശിഖയ്ക്കു നേരെ ആക്രമകാരികളാകുന്നത് എന്തു പ്രയോജനം ഉണ്ടാക്കും ? ജനശ്രദ്ധയാണുദ്ദേശ്യമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് ഒളിമ്പിക്സ് നടക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ വിഘടന/സ്വാതന്ത്ര്യവാദികള്‍ ഈ സമരരീതി പ്രയോഗിച്ചിട്ടുണ്ടോ ? (ബുദ്ധന്റെ അനുയായികള്‍ 'അഹിംസ' നടപ്പാക്കുന്ന കുറേ വിഡിയോ ദൃശ്യങ്ങള്‍ ഇവിടെയൊക്കെ കറങ്ങി നടക്കുന്നു)
ടിബറ്റ് അനുകൂലികള്‍ക്ക് പ്രതിഷേധിക്കാനും ആഗോള ശ്രദ്ധ പിടിച്ചു പറ്റാനും ഏറ്റവും പറ്റിയ അവസരം ഒളിമ്പിക്സ് ആണെന്ന നിലയ്ക്ക് അവര്‍ ഈ അവസരം വിനിയോഗിക്കുന്നതില്‍ കുറ്റം കാണാനാവില്ല.
പിന്നെ ബുദ്ധന്റെയെന്നല്ല, ജനവികാരത്തിനു സര്വ്വ മതങ്ങളും വളഞ്ഞു കൊടുക്കും. ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെല്ലാം മറ്റു മതങ്ങള്‍ക്കു നേരേയും അല്ലാതെയും ബുദ്ധസന്യാസികള്‍ അക്രമം അഴിച്ചു വിട്ടിട്ടുണ്ട് (ശ്രീലങ്ക, കംബോഡിയ, തായ്ലാന്‍ഡ്, നേപ്പാള്‍, ബര്‍മ്മ... നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഒരു മതവും അതിന്റെ തത്വങ്ങള്‍ അനുസരിച്ച് അനുയായികളെ നിലയ്ക്കു നിര്‍ത്തിയിട്ടൊന്നുമില്ലെന്ന്.
അവസാനമായി, ഫ്രാന്‍സില്‍ പ്രതിഷേധിച്ചത് തിബതന്‍ പ്രവാസികളൊന്നുമായിരുന്നില്ല, അവരെ അനുകൂലിക്കുന്ന മറ്റുള്ളവരായിരുന്നു, ടിബറ്റന്‍ പ്രവാസികളായ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരില്‍ ഒരു ലക്ഷത്തി ഇരുപതിനായിരവും ഇന്തോ നേപ്പാള്‍ രാജ്യങ്ങളിലാണ് (യുണൈറ്റഡ് നേഷന്‍സ് കണക്ക് പ്രകാരം). അവിടത്ത്രെ പ്രതിഷേധമേ ശരിക്കും അവരുടേതാവുന്നുള്ളു.
7. ടിബറ്റന്‍ ജനത്തിനിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ ചൈന തയാറാവേണ്ടതല്ലേ ? (കാശ്മീര്‍ ജനത്തിനിടയിലും ഇതുവേണം എന്നാണ് എനിക്കു തോന്നുന്നത്.)
ഹൈദരാബാദ് സ്വതന്ത്രരാജ്യമായിരുന്നു, ഇന്ത്യ ബലം പ്രയോഗിച്ച് ആന്ധ്രപ്രദേശിനോട് ചേര്‍ത്തു. ഇന്ന് അവിടെ ഒരു ഹിത പരിശോധന നടത്താന്‍ ഇന്ത്യ തയ്യാറായാല്‍ അതിന്നര്‍ത്ഥം ഹൈദ്രാബാദ് ഇന്ത്യയില്‍ വേണോ പുറത്താകണോ എന്ന് ഒരു ഓപ്ഷന്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് സമ്മതിക്കുകയല്ലേ? ചൈന അതിനു തയ്യാറാവില്ല, എന്നാല്‍ ദലൈലാമയ്ക്ക് അതിനു ശ്രമിക്കാവുന്നതേയുള്ളു (രണ്ടായിരത്തൊന്നില്‍ അത്തരം ഒരു ആവശ്യം മുന്നോട്ട് നീങ്ങുകയും പെട്ടെന്ന് അബോര്‍ട്ട് ആകുകയും ചെയ്തു) ലാമയ്ക്കെങ്കിലും ആത്മവിശ്വാസം വേണ്ടതായിരുന്നു ഇക്കാര്യത്തില്‍.
8. മാധ്യമങ്ങള്‍ ഈ വിഷയം ഏകപക്ഷീയമായ 'ചുവപ്പ് വിരോധക്കണ്ണട'യിലൂടെയാണ് കാണുന്നത് എന്നത് പല വിഷയത്തിലെയും അവരുടെ ചാഞ്ചാടുന്ന നിലപാടുകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ ലാമ ചൈനയ്ക്ക് അന്തസായി ഒളിമ്പിക്സ് നടത്താനുള്ള അവകാശമുണ്ട് എന്നും തങ്ങള്‍ക്ക് സ്വാതന്ത്ര്യമല്ല സ്വയം ഭരണമാണ് വേണ്ടതെന്നും പറഞ്ഞത് റിപ്പോര്‍ട്ട് ചെയ്ത/വ്യാഖ്യാനിച്ച രീതികളില്‍ ഈ 'അജണ്ട' വ്യക്തം. എന്നാല്‍ മാധ്യമങ്ങളും അവയെ നിയന്ത്രിക്കുന്നുവെന്നാരോപിക്കപ്പെടുന്ന സാമ്രാജ്യത്വവും ഭയക്കുന്നത് കമ്മ്യൂണിസത്തെയോ അതോ നവമുതലാളി സഖാക്കള്‍ വാഴുന്ന ചൈനീസ് സാമ്പത്തിക സാമ്രാജ്യത്തെയോ ?
ലാമ വാക്കുകള്‍ മാറ്റിപ്പറയുന്നതിന്റെ ഉസ്താദാണ് . പിന്നെ മാദ്ധ്യമങ്ങള്‍- അവ ചുമ്മാ കൊണ്ടാടുകയല്ലേ, ഒളിമ്പിക്സ് കഴിയുമ്പോള്‍ അവരിതുപോലെ മറ്റെന്തെങ്കിലും കണ്ടെത്തിക്കൊള്ളും.
ചുരുക്കത്തില്‍:
ലാമ ഒരു ജനതയ്ക്ക് ദൈവമാണ്. ലാമമാര്‍ തമ്മില്‍ വെട്ടിച്ചാകുന്നതും അവര്‍ തങ്ങളെ അടിമകളാക്കി വില്‍ക്കുന്നതും ഓര്‍മ്മയുള്ള പഴയ തലമുറ ഇന്നില്ല. കമ്യൂണിസ്റ്റ് ചൈനയെ അധിനിവേശക്കാരായി കാണാന്‍ പ്രവാസികള്‍ക്ക് കഴിയും. അതിനാല്‍ അവര്‍ പ്രതിഷേധിക്കും.
ചൈനീസ് സര്‍ക്കാര്‍ കുറച്ചു പുരോഗതി കൊണ്ടുവന്നും മെയിന്‍ ലാന്‍ഡ് ഹാന്‍ സംസ്കാരത്തിലേക്ക് ലാമായിസം ലയിപ്പിച്ചും ദലൈലാമയുടെ അടിമത്ത ബുദ്ധിസത്തെ മാറ്റാമെന്ന് സ്വപ്നം കാണുന്ന മൂഢന്‍ പ്ലാനുമായി മുന്നോട്ട് പോകുന്നു.
ലാമായിസം മതവിശ്വാസമാണ്, അതിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കേണ്ടതില്ല, പകരം അതിനെ ആധുനികവത്കരിക്കേണ്ടിവരും (നരബലി ഇന്ന് ഇന്ത്യയിലില്ലാതെയായതുപോലെ )
ഇന്നത്തെ ദലൈലാമ പീസ് അവാര്‍ഡിനു അര്‍ഹനല്ല, ഒരുകാലത്ത് അടിമത്ത സമ്പ്രദായത്തില്‍ ഭരിച്ചിരുന്ന അദ്ദേഹം ഇന്നു പറയുന്നതല്ല നാളെ പറയാന്‍ പോകുന്നതെന്ന് മാത്രമല്ല, പ്രവാസ സര്‍ക്കാരുണ്ടാക്കി ഞെളിഞ്ഞെന്നല്ലാതെ സമാധാനത്തിനു പ്രത്യേകൊച്ചൊന്നും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല.
ശ്രദ്ധേയമായ ഒരു കമന്റ് ആരോ രാജീവിന്റെ പോസ്റ്റിലിട്ടിരുന്നു- ഇന്ത്യയിലൊഴുകുന്ന പല വന്‍നദികളുടെയും ഉറവിടം തിബറ്റന്‍ പീഠഭൂമിയാണ്. ചൈനീസ് സര്‍ക്കാരിന്റെ കയ്യിലാണ് അതിരിക്കുന്നത്. ഇന്ത്യയെ തെണ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കും (അവിടം അമേരിക്കന്‍ ബേസ് ആയാലും അങ്ങനെ തന്നെ) .
Sunday, April 20, 2008
മോഴകളിലേക്ക് പരിണമിക്കുമ്പോള്‍
ആനയ്ക്ക് കൊമ്പ് വെള്ളം കണ്ടെത്താനും പട്ടകീറാനും കിഴങ്ങുകളും കല്ലുപ്പും കണ്ടെത്താനുമൊക്കെ അത്യാവശ്യമാണെന്നതിനാല്‍ പരിണാമവൈകല്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമാണ്.
വലിപ്പം കുറഞ്ഞ, ബുദ്ധിശക്തി കുറഞ്ഞ, അക്രമവാസന കൂടിയ, ദുര്‍ബ്ബലരായ ആനകളെയും മറ്റു ജന്തുക്കളെയും വെറുതേ ഉപദ്രവിക്കുകയും ശക്തര്‍ക്കു മുന്നില്‍ എതിര്‍ക്കാതെ അടിമപ്പെടുകയും ചെയ്യുന്ന
സ്വഭാവക്കാരത്രേ മോഴകള്‍. [കാട്ടാനകളോട് ഇടപഴകുന്നവരുടെ അഭിപ്രായമാണിത്, ശാസ്ത്രീയ പഠനങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല]
പരിണാമമെപ്പോഴും നല്ലതിലേക്കായിരിക്കണമെന്നില്ല. ഐലന്‍ഡ് ഇഫക്റ്റ് മൂലം ചെറുതും ബലഹീനവുമായിപ്പോയി നശിച്ചിട്ടുണ്ട് ആനവര്‍ഗ്ഗത്തിലെ തന്നെ പല ഉപവര്‍ഗ്ഗങ്ങളും. ഡോഡോയെപ്പോലെ അടഞ്ഞ പരിസ്ഥിതിയില്‍ പരിണമിച്ച പക്ഷികള്‍ ആത്മരക്ഷാസംവിധാനം നശിച്ചവരായിപ്പോയിട്ടുണ്ട്.
ആനകളുടെ ദോഷപരിണാമം മനുഷ്യനെന്ന നീചജന്തുവിന്റെ അനാവശ്യമായ താല്പ്പര്യം മൂലം സംഭവിച്ചതാണെന്ന് പറയാം, മനുഷ്യരില്‍ മോഴകള്‍ പെരുകുന്നതോ? അതിനും ഒരു കാരണമുണ്ടാവണമല്ലോ?
എന്താണ് മനുഷ്യപുരോഗതിയിലെ കുതിച്ചു ചാട്ടം നടത്തിയ സമൂഹങ്ങളുടെ പൊതുഘടകങ്ങളെന്ന് പരിശോധിച്ചാല്‍ അതിനുത്തരം കിട്ടും.
അന്വേഷണകുതുകികളും ആത്മവിശ്വാസമുള്ളവരുമായിരുന്നു.
അവര്‍ നിര്‍മ്മാണത്വര കൂടിയവരും ഉത്സാഹികളുമായിരുന്നു.
അവര്‍ കൂടുതല്‍ നല്ലതിനെ മാത്രം ഉന്നം വച്ചു
അവര്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും പുതിയ അറിവുകള്‍ ശേഖരിച്ചു, പുതിയ അറിവുകള്‍ നിര്‍മ്മിച്ചു.
അവര്‍ ചുറ്റുപാടുകള്‍ പൊളിച്ച് കൂടുതല്‍ നല്ലത് സ്ഥാപിച്ചു.
അവര്‍ അസാധാരണ വ്യക്തികളായിരുന്നോ? സാധാരണക്കാരന്‍ എന്നൊരാളില്ല, സാധാരണ മനസ്സ് മാത്രമേയുള്ളു- ഡെന്നിസ് കോര്‍കരന്‍ നിരീക്ഷിക്കുന്നു. ചിലര്‍ അവരുടെ അസാധാരണത്തം കണ്ടെത്തുന്നു, ബഹുഭൂരിപക്ഷം അതറിയാതെ ജീവിച്ചുമരിക്കുന്നു.
തിരിച്ചറിയാത്ത, ഉപയോഗിക്കാത്ത, ആവശ്യമുണ്ടെന്ന് സ്വയം ബോദ്ധ്യപ്പെടുത്താത്ത കൊമ്പുകള്‍ തലമുറകള്‍ താണ്ടുമ്പോള്‍ മെല്ലെ തേറ്റയായി മാറും. മോഴകള്‍ ജനിക്കും, അവ മോഴകള്‍ക്ക് ജന്മം നല്‍കും. മനസ്സാണ് എല്ലാത്തിന്റെയും അതിരെന്ന നിലയ്ക്ക് അതിനെ മയക്കിയാല്‍, അലസമാക്കിയാല്‍, വഴി തെറ്റിച്ചാല്‍ അധോഗതിയിലേക്കോ കുറഞ്ഞത് പുരോഗതിക്ക് തടയിടാനോ കാരണമാവും.
ഒരുത്തന്‍ ജനിക്കുന്നു, അവന്‍ എഴുതിവച്ച കിത്താബ് പഠിക്കുന്നു, പഠിച്ചൊരു ഡോക്റ്ററായെന്ന് വയ്ക്കുക (അതാണല്ലോ മലയാളമനസ്സ് കാണുന്ന നേട്ടത്തിന്റെ അങ്ങേയറ്റം) പഠിച്ചത് ശര്‍ദ്ദിച്ച് കുറേ സമ്പാദിച്ചു വയ്ക്കുന്നു, ഒടുക്കം മരിക്കുന്നു, പുതിയതൊന്നുമില്ല, പട്ടിയും ജനിക്കുന്നു, ഇരതേടാന്‍ പഠിക്കുന്നു, ഒടുക്കം പാണ്ടിലോറി കേറി ചാകുന്നു. പട്ടിയൊരിക്കലും ശക്തനായി മനുഷ്യവംശത്തിലും മിടുക്കനാവാത്തതിന്റെ കാരണമെന്താണോ അതേ കാരണം കൊണ്ട് ഈ മഹാനായ ഡോക്റ്ററും മനുഷ്യപരിണാമത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ചെയ്യുന്നത് ഇയാള്‍ക്കും പാഠമായും മാതൃകയായും മാറിയ ആ അസാധാരണക്കാരാണ്.
അവരെവിടെ നമുക്കിടയില്‍? അസ്സംബ്ലീ ലൈനില്‍ നിന്നിറങ്ങുന്ന പോലെ വീട്ടിലടച്ച് ട്യൂഷനൂട്ടി വളര്‍ത്തി ബിരുദമെടുപ്പിച്ചു വിടുന്ന യന്ത്രങ്ങളില്‍ അന്‍സ്റ്റീനും മാര്‍ക്കോണിയും ബീഥോവനും ഗാന്ധിയും ഹോച്ചിമിനും അയ്യന്‍ കാളിയും ഈ വി രാമസ്വാമി നായ്ക്കരും ഗാന്ധിയുമൊക്കെയാവേണ്ടവര്‍ മോഴയായി സ്വയം കാണുന്നു. തലമുറകള്‍ കഴിയുമ്പോള്‍ മെല്ലെ നമ്മള്‍ യഥാര്‍ത്ഥ മോഴകളായിപ്പോകും.
പണ്ട് മറ്റുള്ളവര്‍ക്ക് അറിവ് തടഞ്ഞ്, അവകാശം തടഞ്ഞ്, അവസരം തടഞ്ഞ് ഭൂരിപക്ഷത്തെ മോഴയാക്കി വച്ച് ചിലര്‍ കൊമ്പത്തം പാരമ്പര്യമാക്കി. അതിന്റെ കാലം കഴിഞ്ഞപ്പോള്‍ മോഴവത്കരണത്തിന്റെ പുതിയ അടവുകള്‍ എത്തുകയായി.
നിര്മ്മിതീത്വരയുള്ള, ക്രിയേറ്റീവായ, സ്വന്തം ജീവിതമെത്രകണ്ട് വലിപ്പമുള്ളതെന്നറിയുന്ന, അയല്‍വക്കക്കാരനിലുമപ്പുറത്തെ ലോകത്തെ അറിയുന്ന വീര്യവതികളെയും വീര്യവാന്മാരെയും വളര്‍ത്തുക നാം വീട്ടില്‍. പഠിച്ചതു പാടുന്ന തത്തമ്മകളാവാതെ അവര്‍ ജലശ്രേണികളെ റീവാസ്കുലറൈസ് ചെയ്യാന്‍ വഴി കണ്ടെത്തട്ടെ, ഓസോണ്‍ കുട തുന്നിക്കൂട്ടട്ടെ, പട്ടിണി ഇല്ലാതാക്കട്ടെ, ശൂന്യാകാശത്തും ആവാസപേടകങ്ങള്‍ തീര്‍ക്കട്ടെ, എനിക്കോ നിങ്ങള്‍ക്കോ കാണാന്‍ കഴിയാത്ത സ്വപ്നം അവര്‍ കാണട്ടെ, നമ്മുടെ അജ്ഞത വരും തലമുറ തിരുത്തട്ടെ, നമ്മുടെ കയ്യും കണ്ണുമെത്താ ദൂരം അവര്‍ക്കു പ്രാപ്യമാവട്ടെ.
എങ്ങനെ?
കുട്ടികള്‍ പര്യവേഷകരാണ്, ക്രിയേറ്റീവ് ആണ്, വിജ്ഞാനകുതുകികളാണ്, ഉത്സാഹികളുമാണ്. പരിശീലനം കൊണ്ട് നമ്മള്‍ അവരെ അങ്ങനെ അല്ലാതാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. അടക്കി വളര്‍ത്തി, ഒതുക്കി വളര്‍ത്തി, ചട്ടങ്ങളാല്‍ ബന്ധിതമായ അറിവുകള്‍ മാത്രം നല്‍കി, പുതിയവയെ നിഷേധിച്ച്, ചോദ്യം ചെയ്യാനുള്ള കഴിവ് ഇല്ലാതെയാക്കി, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തി, നമ്മുടെ വിശ്വാസങ്ങള്‍ അടിച്ചേല്പ്പിച്ച് അവരെ നമ്മള്‍ ഇല്ലാതെയാക്കുന്നു. അവര്‍ക്ക് സ്കൂളിങ്ങിനൊപ്പം അണ്‍സ്കൂളിങ്ങും കൊടുക്കേണ്ടതുണ്ട്. അവര്‍ക്ക് നമ്മള്‍ മാതൃകയാകുന്നതൊപ്പം അവരുടെ മാതൃക നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്. കുട്ടി നമ്മില്‍ ആശ്രിതനായതുകൊണ്ട് നമ്മള്‍ക്കിഷ്ടമുള്ളതുപോലെ കുട്ടിയെ രൂപപ്പെടുത്താന്‍ അവകാശമുണ്ടെന്ന് കരുതാതെയിരിക്കുക.
എല്ലാ കുട്ടിയും ജനിക്കുമ്പോള്‍ അനേകം കഴിവുകളുള്ള അതിവേഗം പഠിക്കാന്‍ ആഗ്രഹിക്കുന്ന ജീവിയാണ്. അവനു നിയമങ്ങളും ചിട്ടകളും അടിച്ചേല്പ്പിക്കുന്നതിനു പകരം അവയുടെ ആവശ്യം ബോദ്ധ്യമാക്കിക്കൊടുക്കുക.
സ്കൂളികള്‍ ഇന്‍ഫര്‍മേഷന്‍ ഫാക്റ്ററികള്‍ മാത്രമായി ചുരുങ്ങുകയാണ്, കുട്ടികള്‍ക്ക് റീയല്‍ ലൈഫ് സിറ്റുവേഷനില്‍ പ്രോബ്ലം സോള്വിങ്ങ്, റിസേര്‍ച്ച്, ഫൈനാന്‍സ്, ബിസിനസ്സ്, പ്രോജക്റ്റ് മാനേജ്മെന്റ് തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ അവസരം ലഭിക്കേണ്ടതുണ്ട്. ഒന്നും ഒന്നും രണ്ട് എന്ന് പറയുന്ന കുട്ടി പെരുക്കപ്പട്ടിക കാണാപ്പാഠം പഠിക്കുന്നതേയുള്ളു, അതെന്തെന്ന് മനസ്സിലാക്കിയോ എന്നറിയേണ്ട ഉത്തരവാദിത്വം അപ്പോഴും മാതാപിതാക്കളില്‍ തുടരുന്നു.
പഠിപ്പിക്കുന്നതെല്ലാം പഠിക്കുന്ന പഠിച്ചതെല്ലാം പാടുന്ന, ഏറ്റവും കൂടുതല്‍ പാടി പട്ടം നേടിയ, എല്ലാ ക്ലാസ്സിലും ഒന്നാമനായി ഫിനിഷ് ചെയ്ത ഓമനക്കുട്ടന്മാരും കുട്ടികളും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ജീവിതം കഴിക്കുന്ന ഒരിടത്തു നിന്നാണ് (എന്റെ ഓഫീസിലല്ല) ഇതെഴുതുന്നത്. അപ്പുറത്ത് ഒരു ഐ ഐ എം ബിരുദാനന്തരന്‍ ഇരുന്ന് ഒറാക്കിള്‍ ഡിസ്കവററില്‍ റിപ്പോര്‍ട്ടെഴുതുന്നു. ഈ പണി ചെയ്യാന്‍ പത്താം ക്ലാസ്സും മൂന്നു മാസം ട്രെയിനിങ്ങും ധാരാളം മതി.
Saturday, April 19, 2008
ഉത്തമോദാഹരണം
സന്തോഷം. ചാനലുകള്‍ നന്നാവാന്‍ തുടങ്ങിയല്ലോ, ശകലം ഇന്‍സ്പിറേഷന്‍ വരട്ടെ. ടീവിയുടെ വോളിയം കൂട്ടി വച്ചു.
ഐ പി എസ് കുപ്പായമിട്ട ഒരു ചെറുപ്പക്കാരന്‍ തെളിഞ്ഞു വന്നു. അപ്പോ ഇതാണ് ടീം. അത്ര പ്രശസ്തനാണെന്ന് തോന്നുന്നില്ല, പത്രത്തിലെങ്ങും കണ്ട പരിചയം വരുന്നില്ല. ചിലപ്പോ വളരെ ദുഷ്കരമായ സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷ റാങ്കോടെ പാസ്സ് ആയവനായിരിക്കും.
അവതാരക തുടങ്ങി. ഇന്ന് നമുക്കൊപ്പമുള്ളത് വെറുംതറാ മെഡിക്കല്‍സ്, പശാഗന്ധി എന്നീ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പൊട്ടക്കുഴി ശിവരാമനാണ്, ബാലതാരമായി അഞ്ചു വയസ്സില്‍ തന്നെ സീരിയല്‍ രംഗത്തു വന്ന ഇദ്ദേഹം ഇതുവരെ നാലു സീരിയലുകളില്‍ മോന്ത കാണിച്ചു....
ഉന്നതന്‍ എന്നാല്‍ സീരിയല്‍ അഭിനേതാവ്. ജീവിത വിജയത്തിന്റെ ഉത്തമ മാതൃക, ഒരായുസ്സുകാലം മുഴുവന്‍ ശ്രമിച്ചിട്ട് നാലു സീരിയലില്‍ പ്രത്യക്ഷപ്പെട്ട ഇങ്ങേര്.
ടീവി പൂട്ടി. ഇനി ഒരാഴ്ച്ചത്തേക്ക് ആ ഭാഗത്തേക്ക് നോക്കൂല്ല.
Thursday, April 17, 2008
മതവും രാഷ്ട്രവും അന്താരാഷ്ട്രസമൂഹവും എന്തു തരും?
പോസ്റ്റ് ലവിടെ. നോട്ടിഫിക്ക്കേഷന് ഇവിടെ
Wednesday, April 16, 2008
രാഷ്ട്രഭാഷയും അന്താരാഷ്ട്രഭാഷയും
കാര്‍ പാര്‍ക്ക് : വൈകുന്നേരം
@#$%൬൭൭൭ ?
എന്തര്?
@#$%൬൭൭൭ ?
എനിക്ക് ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീഭാഷകള്‍ അറിയാം. അറബിയില്‍ നാലഞ്ചു വാക്ക് മനസ്സിലാവും. എന്നോട് സംസാരിക്കണേല്‍ ഇതിലേതെങ്കിലും നീ പറയേണ്ടിവരും.
നോ ഇന്‍ഡ്യന്‍?
യെസ്, ഇന്‍ഡ്യന്‍
യൂ ഇന്‍ഡ്യന്‍ നോ സ്പീക് ഹിന്ദി, രാഷ്ട്രഭാഷ #$%^?
ഐ ഇന്‍ഡ്യന്‍ നോ സ്പീക്ക് ദേശീയഭാഷ ഹിന്ദി. ഐ ഇന്‍ഡ്യന്‍ നോ കീപ്പ് ദേശീയപക്ഷി മയില്‍. ഐ ഇന്‍ഡ്യന്‍ നോ ഫീഡ് ദേശീയ മൃഗം കടുവ. ഐ ഇന്‍ഡ്യന്‍ നോ ഗ്രോ ദേശീയ പുഷ്പം താമര. ഐ ഇന്‍ഡ്യന്‍ നോ ഗ്രോ ദേശീയ മരം ആല്‍ ഇന്‍ മൈ റെയര്‍, ഐ ഇന്‍ഡിയന്‍ നൊ നോ ശകവര്‍ഷത്തീയതി. പ്രോബ്ലം?
@#$%^& :(
@#$%^& നീ തന്നെ. ചുമ്മാ പോടേ ഗോസായീ.
....................
ബാര്‍: രാത്രി.
എനി പ്രോബ്ലം ഷെയറിങ്ങ് ടേബിള്‍?
സ്വാഗതം. ഇരി, വലിച്ചു കുടി.
ഇന്‍ഡ്യ?
തന്നെ.
കേരള?
തന്നെ. നിങ്ങളെവിടുത്തുകാരനാ?
സൗദി.
ഇവിടോ സൗദീലോ താമസം?
ഇന്‍ സൗദീ. യു സ്പീക്ക് അറബി?
നാലഞ്ചു വാക്ക് അറിയാം.
നോ പ്രോബ്ലം, ഐ നോ അറ്റ് ലീസ്റ്റ് ഫിഫ്റ്റി ഇംഗ്ലീഷ് വേര്‍ഡ്സ്.
നന്നായി. എന്തു ചെയ്യുന്നു?
ബിസിനസ്സ്. ത്രീ സ്മാള്‍ ബിസിനസ്സ്, ഡ്രെസ്സ് ഷോപ്പ് ഗോയിങ്ങ് ഗുഡ് . ഫോര്‍ കേരളാ സ്റ്റാഫ് ഐ ഹാവ്. ആള്‍ ബെസ്റ്റ് പീപ്പിള്‍. വെന്‍ ഗെറ്റ് മണി, ദേ വില്‍ ബി ബെറ്റെര്‍ ബിസിനസ്സ് മാന്‍ ദാന്‍ മീ.
ഓ. അതു ശരി. എല്ലാ ബിസിനസ്സും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
മൈ ഓള്‍ഡ് ഡോക്റ്റര്‍ ഫ്രം കേരളാ റ്റൂ. വാസ് വെരി ഗുഡ് . ഹീ വെന്റ് ബാക്ക്, മിസ്സ് ഹിം. ഷുഡ് സീ ദിസ് കേരള സം ഡേ, ആള്‍ നൈസ് പീപ്പിള്‍ ഫ്രം ദെയര്‍.
സ്വാഗതം, നിങ്ങള്‍ക്കിഷ്ടപ്പെടും (മാതാവേ മാനം കളയല്ലേ)
എവെര്‍ വിസിറ്റഡ് സൗദി?
ഇല്ല, ഒരിക്കല്‍ വരണം. എനിക്ക് അവിടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളുണ്ട്.
തീര്‍ച്ചയായും.
മതവും രാഷ്ട്രവും അന്താരാഷ്ട്രസമൂഹവും എന്തു തരും?
റുവാണ്ടയിലെ ഗോത്രങ്ങള്‍:
പ്രധാനമായും ഹുട്ടു, ടുട്സി എന്നീഗോത്രങ്ങളും ത്വാ എന്ന പിഗ്മികളുമാണ് റുവാണ്ടയിലുണ്ടായിരുന്നത്. പ്രാചീനകാലം മുതലേ കര്‍ഷകഗോത്രമായിരുന്ന ഹുട്ടുകള്‍ ഭൂരിപക്ഷവും കന്നുകാലിവളര്‍ത്തുകാരായിരുന്ന ടുട്സികള്‍ ന്യൂപപക്ഷവുമായിരുന്നു, പക്ഷേ താരതമ്യേന ധനികരും യോദ്ധാക്കളുമായിരുന്ന ടുട്സിവര്‍ഗ്ഗത്തില്‍ നിന്നുള്ള രാജാക്കന്മാരാണ് റ്വാണ്ടയും ബുറുണ്ടിയും അടങ്ങുന്ന പ്രദേശം ഭരിച്ചിരുന്നത്. കൊളോണിയല്‍ ഭരണകാലത്താണ് ടുട്സികള്‍ പുറത്തുനിന്നും എത്തിയവരാണെന്നും ഹുട്ടുക്കള്‍ തദ്ദേശീയരാണെന്നുമുള്ള വാദം പൊട്ടിപ്പുറപ്പെട്ടത്, എന്നാല്‍ ഇതുവരെ ഈ തീയറിക്കെതിരേയാണ് നരവംശ ശാസ്ത്രത്തിന്റെ ഗവേഷണങ്ങളെല്ലാം തെളിയിക്കുന്നത്.
രാജഭരണത്തില്‍ നിന്നും ആദ്യം ജെര്‍മനിയുടെ കോളനിയായും പിന്നീട് ബെല്‍ജിയന്‍ കോളനിയായും റുവാണ്ട മാറിയ കാലത്ത് മഹാഭൂരിപക്ഷം ജനങ്ങളും റോമന്‍ കത്തോലിക്കരും മറ്റുള്ളവര്‍ പ്രധാനമായും ലത്തീന്‍ കത്തോലിക്കരുമായി മതം സ്വീകരിച്ചെങ്കിലും ഹുട്ടുക്കളും ടുട്സികളുമായിത്തന്നെ അവര്‍ തുടര്‍ന്നു. ഹുട്ടു കലാപമായും പിന്നീട് സ്വാതന്ത്ര്യസമരമായും മാറിയ 1959 ഇന്‍സര്‍ജ്ജന്‍സില്‍ റുവാണ്ട ബെല്‍ജിയത്തില്‍ നിന്നും ടുട്സി രാജഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി. ഒപ്പം തന്നെ ഒട്ടേറെ ടുട്സികള്‍ വധിക്കപ്പെടുകയും പതിനായിരങ്ങള്‍ ഉഗാണ്ടയിലേക്കും ബുറുണ്ടിയിലേക്കും പലായനം ചെയ്യുകയും ചെയ്തു. [http://www.hrw.org/reports/1999/rwanda/
Geno1-3-09.htm#P233_103259]
വംശീയ വിദ്വേഷത്തിന്റെ ചരിത്രം
ബുറുണ്ടിയില്‍ ഭരണം പിടിച്ചെടുക്കാന്‍ 1972ല്‍ ഹുട്ടുക്കള്‍ നടത്തിയ സായുധകലാപത്തെ നേരിടാന്‍ ടുട്സി ഭരണകൂടം നടത്തിയ വംശീയ ഹത്യ പതിനായിരക്കണക്കിനു ഹുട്ടുക്കളുടെ മരണത്തിനും ലക്ഷങ്ങളുടെ പലായനത്തിനും ഇടയാക്കി [http://www.usip.org/library/tc/doc/reports/
burundi_coi/burundi_coi1996toc.html ] ഇത് റുവാണ്ടന്‍ ഹുട്ടുക്കളില്‍ ടുട്സികളോടുള്ള വിദ്വേഷം കൂട്ടി.
1987ല്‍ ഉഗാണ്ടയിലെ പ്രവാസി റുവാണ്ടന്‍ ടുട്സികള്‍ പാട്രിയോട്ടിക് റുവാണ്ടന്‍ ഫ്രണ്ട് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കുകയും ഉഗാണ്ടാ അതിര്‍ത്തിയില്‍ നിന്നും തൊണ്ണൂറോടെ ഗറില്ലായുദ്ധം തുടങ്ങുകയും ചെയ്തു. റുവാണ്ടന്‍ പ്രസിഡന്റ് ജുവേനല്‍ ഹബ്യാരിമനയ്ക്ക് ഇത് ഗൗരവമുള്ള ഭീഷണിയായിരുന്നില്ലെങ്കിലും സാമ്പത്തിക മാന്ദ്യം മൂലം നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയ ഒരവസരമായിരുന്നു. അദ്ദേഹം ടുട്സി ഗറില്ല പ്രശ്നം ഊതിപ്പെരുപ്പിച്ച് ഹുട്ടു നാഷണലിസവും ടുട്സികളോടുള്ള വെറുപ്പും വളര്‍ത്തി സ്വന്തം അധികാരക്കസേര ഉറപ്പിക്കാമെന്ന് പ്രസിഡന്റ് കണ്ടു.
ആയിരക്കണക്കിനു വര്‍ഷം ഒന്നിച്ചു കഴിഞ്ഞ, പരസ്പരം വിവാഹം ചെയ്ത, ഒരു പള്ളിയില്‍ തോളോട് തോള്‍ ചേര്‍ന്നു പ്രാര്‍ത്ഥിച്ച, ഒരു ബാറില്‍ മദ്യപിച്ച് കളിതമാശ പറയുന്ന, ഒരു ഭാഷ സംസാരിക്കുന്ന ഒരു ജനതയെ മൊത്തത്തില്‍ ഹുട്ടുവായും ടുട്സിയായും വിഭജിക്കുക എളുപ്പമായിരുന്നില്ല. [http://www.hrw.org/reports/1999/rwanda/Geno1-3-02.htm#TopOfPage] പ്രസിഡന്റ് ഹബ്യാറിമന ഒരെളുപ്പ വഴി കണ്ടെത്തി, സര്‍ക്കാരിനെ എതിര്‍ക്കുന്ന ആയിരത്തോളം ഹുട്ടുകളെ രഹസ്യ സര്‍ക്കാര്‍ സമ്വിധാനങ്ങളുപയോഗിച്ച് കൊലപ്പെടുത്തുകയും പഴി അതിര്‍ത്തിയിലെ ടുട്സി ഗറില്ലകള്‍ക്കുമേല്‍ ചാരുകയും ഒപ്പം തന്നെ ടുട്സികളെ കൊല്ലുന്ന ഹുട്ടുക്കളെ ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ ടുട്സി ഭീകരര്‍ ഹുട്ടുക്കളെ കൊന്നു തീര്‍ക്കുന്നെന്ന വാര്‍ത്ത കൊണ്ടാടി. സിവിലിയന്‍ ഡിഫന്‍സ് എന്ന പേരില്‍ ഹുട്ടുക്കള്‍ക്ക് വെടിക്കോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും പട്ടാളത്തെ സജ്ജമാക്കി നിര്‍ത്തുകയും ചെയ്തു.
ഏപ്രില്‍ ആറ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലില്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന വിമാനം കിഗാലി വിമാനത്താവളത്തിനടുത്ത് വച്ച് വെടിവച്ചിട്ട് അദ്ദേഹത്തെ ആരോ കൊലപ്പെടുത്തി. ആരെന്ന് അറിവില്ല [http://www.hrw.org/reports/1999/rwanda/Geno1-3-02.htm#TopOfPage] ടുട്സി ഗറില്ലകളാവാം, പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്ന ശത്രുക്കളാവാം, അദ്ദേഹം പരിപാടിയിട്ട വംശീയ കലാപത്തിന് ഒരു ഉശിരന്‍ തുടക്കം നല്‍കാന്‍ സുഹൃത്തുക്കള്‍ തന്നെ ചെയ്തതുമാവാം.
ഉഗാണ്ടന്‍ വംശീയ കലാപം അവിടെ തുടങ്ങുകയായി.
കലാപത്തിന്റെ പാത
പ്രസിഡന്റിന്റെ മരണത്തോടെ കേണല്‍ ബഗോസൊറ ഭരണം കയ്യാളി. എതിര്‍പ്പുണ്ടായിരുന്ന ഹുട്ടുക്കളെ വധിച്ചു. മറ്റു സര്‍ക്കാര്‍ സമ്വിധാനങ്ങള്‍ അദ്ദേഹത്തെ പിന്‍ തുണച്ചു. വിചിത്രമെന്നു തന്നെ പറയാം, യുണൈറ്റഡ് നേഷന്‍സ് ബഗോസൊറ സര്‍ക്കാരിനെ അംഗീകരിക്കുകയാണ് ഉണ്ടായത്. ന്യൂയോര്‍ക്കിന്‍ നിന്നുള്ള ഉത്തരവ് പ്രകാരം യൂ എന്‍ സുരക്ഷാസേന പിന്‍വാങ്ങുകയും പൊതുജനത്തെ പട്ടാളഭരണകൂടത്തിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു. ബെല്‍ജിയന്‍ ഫ്രെഞ്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് പട്ടാളക്കാരും സിവിലിയരും രാജ്യം വിട്ടു പോകാന്‍ അതാതു സര്‍ക്കാരുകള്‍ ഉത്തരവു നല്‍കി. റുവാണ്ടയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന് യൂ എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കിയതോടെ ബരോസൊറ തന്റെ പട്ടാളക്കാരെയും പോലീസിനെയും സായുധ സിവിലിയരെയും ടുട്സികള്‍ക്കെതിരേ തിരിയാന്‍ കല്പ്പിച്ചു. സര്‍ക്കാര്‍ പലായനം ചെയ്യുന്നവരെ തടയാന്‍ വേലികലും കെണികളുമൊരുക്കാര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടു. ഏപ്രില്‍ ആദ്യവാരത്തോടെ ടുട്സികളെ തിരഞ്ഞു പിടിക്കുകയും ആട്ടി തെളിച്ച് പൊതുസ്ഥലങ്ങളിലും പള്ളികളിലും മറ്റും എത്തിച്ചും പതിയിരുന്നു കൊന്നും തീര്‍ക്കുന്ന വൃത്തി ആരംഭിച്ചു. മേയ് അവസാനം വരെ അതു തുടര്‍ന്നപ്പോഴേക്ക് ടുട്സികളില്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ആരും തന്നെ ജീവനോടെ ഇല്ലാതെയായി.
http://www.hrw.org/reports/1999/rwanda/Geno1-3-02.htm#TopOfPage
എന്നാല്‍ ടുട്സികള്‍ ചത്തു തീര്‍ന്നതോടെ സര്‍ക്കാരിനുള്ള പിന്‍ തുണയും മാറി. സിവില്‍ വാറും ആയുധം വാങ്ങലും ഹുട്ടുക്കളെ തന്നെ പട്ടിണിയിലാക്കി. ഒരിക്കല്‍ കൊള്ളയും കൊലയും ബലാത്സംഗങ്ങളും തുടങ്ങി ശീലിച്ചവര്‍ ടുട്സികളെ കിട്ടാതായപ്പോള്‍ പരസ്പരം കൊള്ളയടിച്ചും കൊന്നും തുടങ്ങി. ഒരിക്കല്‍ ഗറില്ലകളായിരുന്ന റ്വാണ്ടന്‍ പാട്രിയോട്ടിക്ക് ഫോഴ്സ് ഭരണം കയ്യാളുകയും എതിരാളികളെ കൊല്ലാന്‍ ആരംഭിക്കുകയും ചെയ്തു (വംശീയാടിസ്ഥാനത്തിലായിരുന്നില്ലെന്ന് പറയപ്പെടുന്നു). എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനവും പോപ്പിന്റെ അഭ്യര്‍ത്ഥനയും എംബാര്‍ഗോകളും ശക്തമായതോടെ കലാപകാരികള്‍ അവസാനം അടങ്ങി. ടുട്സി സമൂഹത്തിന്റെ എണ്‍പതു ശതമാനത്തോളം- പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം എട്ടു ലക്ഷത്തോളം പേര്‍ അതില്‍ ഇല്ലാതെയായെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മതം വഹിച്ച പങ്ക്
ബെല്‍ജിയന്‍ ഭരണത്തിന്റെ അന്ത്യകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ പോളിസിയായിരുന്ന ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന നയം റുവാണ്ടയില്‍ നടപ്പാക്കിയത് കത്തോലിക്കാ സഭയായിരുന്നു. സഭയുടെ മേലധികാരിയും ഗവര്‍ണറും ചേര്‍ന്നിറക്കിയ ഹുട്ടു മാനിഫെസ്റ്റോ ടുട്സികള്‍ വിദേശത്തു നിന്നും വന്ന അക്രമികളാണെന്നും റുവാണ്ടയുടെ യധാര്‍ത്ഥ അവകാശികള്‍ ഹുട്ടുകള്‍ മാത്രമാണെന്നും മറ്റുമുള്ള അസത്യം വഴി ഗോത്ര വര്‍ഗ്ഗ വെറുപ്പിന് വെടിമരുന്നിട്ടു . താരതമ്യേന മൃദുസ്വഭാവം ബെല്‍ജിയരോട് കാണിക്കുന്ന ഹുട്ടുക്കളെ മതത്തിനു കീഴേ യോജിപ്പിക്കാന്‍ മെനഞ്ഞ തന്ത്രമായിരുന്നു ഇത് ( റീ ഇമേജിങ്ങ് റുവാണ്ട, പേജ് 124 കേം ബ്രിഡ്ജ് യൂണിവേര്‍സിറ്റി പ്രസ്)
ആ കാലത്തു തന്നെ തുടങ്ങിയ വംശീയവിദ്വേഷം വഴി സഭ പോഷിപ്പിക്കല്‍ സ്വാഭാവികമായി പള്ളി ഹുട്ടുക്കളോട് ചേര്‍ന്ന് ക്രിസ്തുമതവിശ്വാസികളും അല്ലാത്തവരുമായ ടുട്സികളെ കൊല്ലുന്നതിലേക്ക് നയിച്ചു എന്ന് പലരും ആരോപിക്കുന്നു
http://www.afrol.com/Countries/Rwanda/backgr_cross_genocide.htm
എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ "അംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് സഭ ഉത്തരവാദിയാകുന്നില്ല" എന്ന് ഇതിനെ നിഷേധിച്ചു. http://www.globalpolicy.org/intljustice/tribunals/2001/0610rwnd.htm
പല പുരോഹിതരും വംശീയകലാപത്തിനു നേതൃത്വം കൊടുത്തെന്ന് അന്താരാഷ്ട്രകോടതി കണ്ടെത്തുകയുണ്ടായി .
ബിഷപ്പ് മുസാബിമന "ടുട്സികളെ ഉന്മൂലനം ചെയ്യുന്നതില്‍ എനിക്ക് എതിര്‍പ്പില്ല, പക്ഷേ അവരെ എന്റെ ഡയോസിസിനു പുറത്തു കൊണ്ടുപോയി വധിക്കുക" എന്ന് പ്രസ്താവിച്ചത്രേ.
http://www.afrol.com/Countries/Rwanda/backgr_cross_genocide.htm
യൂ എന്‍ അന്താരാഷ്ട്രക്കോടതി ഇതുവരെ വിചാരണ ചെയ്ത മുപ്പത്തൊന്ന് വംശീയോന്മൂലനക്കുറ്റവാളികളില്‍ പള്ളിക്കകത്ത് ടുട്സികളെ പൂട്ടിയിട്ട് പട്ടാളത്തോട് പള്ളി ബുള്‍ഡോസറിനു ഇടിക്കാനും ഓടുന്നവരെ യന്ത്രത്തോക്കുകൊണ്ട് വെടിവയ്ക്കാനും കല്പ്പിച്ച് രണ്ടായിരം കൊലയ്ക്ക് കുറ്റവാളിയെന്നു വിധിക്കപ്പെട്ട ഫാദര്‍ സെറോംബയും
http://news.bbc.co.uk/2/hi/africa/6175717.stm
അയ്യായിരം പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ ജെര്‍ട്രൂഡും സിസ്റ്റര്‍ ജൂലിയനും [ http://news.bbc.co.uk/2/hi/africa/6175717.stm ] പെടുന്നു.
റ്വാണ്ടന്‍ വാര്‍ ട്രൈബുണല്‍ കോടതി ശിക്ഷിച്ചവരില്‍ പാസ്റ്റര്‍ എലിസഫാന്‍, താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ അഭയം തേടി നൂറുകണക്കിനാളുകളെ വധിച്ച സിസ്റ്റര്‍ തിയോഫിസ്റ്റര്‍, സിസ്റ്റര്‍ ജെര്‍ട്രൂഡിനൊപ്പം കന്യാസ്ത്രീമഠത്തിലെ അഭയാര്‍ത്ഥികളെ വധിക്കാന്‍ കൂട്ടുനില്ല സിസ്റ്റര്‍ മരിയ കിസിറ്റോ എന്നിവര്‍ പെടുന്നു (രണ്ടായിരം പേര്‍ക്ക് അഭയം നല്‍കിയ ഫാദര്‍ സെലസ്റ്റ്യോ ഒറ്റപ്പെട്ടൊരു നന്മയുടെ നാളമായി നില്‍ക്കുന്നു)
എന്താണ് റ്വാണ്ടന്‍ വംശീയകലാപത്തില്‍ നിന്നും ലോകം പഠിക്കേണ്ടത്?
ഒന്ന്: ജനതയെ ജാതിമതവംശീയതയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ നോക്കുന്നവരെല്ലാം തന്നെ സ്വാര്‍ത്ഥലാഭമോഹികളാണ്.
രണ്ട് : നിസ്സാരമായ ലാഭത്തിനായി ഒരു സര്‍ക്കാരോ പാര്‍ട്ടിയോ തുടങ്ങുന്ന വംശ മത ദേശവിദ്വേഷം ഒരു ജനതെപ്പോലും ഇല്ലാതാക്കുന്നത്ര ഭീകരമായി മാറാന്‍ വെറും ദിവസങ്ങള്‍ മതി.
മൂന്ന്: രാഷ്ട്രസ്നേഹം എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് അപ്പടി വിഴുങ്ങി സര്‍ക്കാര്‍ ശത്രുക്കളെയെല്ലാം വെറുക്കുകയല്ല.
നാല്: പാര്‍ട്ടി, സംഘടന, മതം എന്നിവയൊക്കെ അതിന്റെ താല്പ്പര്യങ്ങള്‍ക്ക് നിങ്ങളെ ചേര്‍ക്കുകയാണ് ചെയ്യുന്നത്, നിങ്ങളുടെ താല്പ്പര്യങ്ങള്‍ക്കായി അവര്‍ വന്നു ചേരണമെന്നില്ല. സ്വത്തോ ജീവനോ സമ്രക്ഷിക്കാന്‍ ഇവ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവണമെന്നില്ല.
അഞ്ച് : അന്താരാഷ്ട്ര സംഘടനകള്‍ ജനനീതിക്കായി ആവശ്യമുള്ളയിടത്തെല്ലാം എത്തി ആവശ്യമുള്ള രീതിയില്‍ ഇടപെടുന്ന മാലാഖമാരല്ല.
ആറ് : അയല്‍ രാജ്യമാവട്ടെ, മറ്റൊരു ജാതിയാകട്ടെ, മറ്റൊരു മതമാകട്ടെ, മറ്റൊരു ദേശക്കാരനാവട്ടെ . അതിനെ വെറുക്കാന്‍, പ്രത്യേകിച്ചും അവര്‍ നിങ്ങളെ വെറുക്കുന്നെന്ന ഭീഷണിയോടെ വരുന്ന സംഘടനകളെ, അത് സ്വന്തം സര്‍ക്കാരായാല്‍ പോലും ശരിയായി വിലയിരുത്തുക.
ഏഴ് : സത്യം എല്ലാക്കാലത്തും മൂടി വയ്ക്കാന്‍ പറ്റില്ലായിരിക്കും, പക്ഷേ കുറച്ചു നാളേക്കെങ്കിലും കഴിയും. സത്യമെന്തെന്ന് അറിഞ്ഞ് അതു മാത്രം വിശ്വസിക്കാന്‍ പഠിക്കുക. ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമെല്ലാം സത്യമല്ല. നമ്മള്‍ ബഹുമാനിക്കുന്നവര്‍ പറഞ്ഞു തരുന്നതുപോലും സത്യമാവണമെന്നില്ല.
സമാധാനം പുലരട്ടെ.
Tuesday, April 15, 2008
യാചനാക്കുറ്റമോ?
എപ്പോഴെങ്കിലും, ആര്‍ക്കെങ്കിലും- പലപ്പോഴും അനര്‍ഹര്‍ക്ക്, എറിഞ്ഞു കൊടുക്കുന്ന അഗതി പെന്‍ഷനും തൊഴിലില്ലായ്മ വേതനവും മാത്രമാണ് നാട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സംരക്ഷണം. ഫലത്തില്‍ പൂര്‍ണ്ണമായും ഫ്രീ മാര്‍ക്കറ്റ് ഫോഴ്സ് ഇക്കോണമി എന്നു തന്നെ പറയാം. ഇത്തരം ഒരു സാഹചര്യത്തില്‍ ജനിച്ചു വളരുന്ന ഒരാള്‍ക്ക് നാലു വഴികളാണ് ജീവിക്കാനുള്ളത്- നൈക്ഷേപിക വരുമാനം (കൃഷിയാകാം, വ്യവസായമാകാം, വാണിജ്യമാവാം, പൈതൃക സമ്പത്തു ചിലവിടല്‍ ആകാം, കടമെടുത്ത് ചിലവിടലുമാകാം), തൊഴില്‍ (മനുഷ്യശേഷി കൂലിക്ക് വില്‍ക്കല്‍), അന്യന്റെ സമ്പത്ത് കൊള്ളയടിക്കല്‍, അല്ലെങ്കില്‍ ഭിക്ഷാടനം.
നിക്ഷേപങ്ങള്‍ക്കും തൊഴിലിനും അവസരങ്ങള്‍ കുറയുകയോ വിഭവം കൈവശം ഇല്ലാതെയാവുകയോ ചെയ്യുന്ന അവസരത്തില്‍ രണ്ടു വഴിയാണ് ബാക്കി- ഒന്നുകില്‍ കവര്‍ച്ച, അല്ലെങ്കില്‍ ഭിക്ഷയെടുക്കല്‍.
കവര്‍ച്ച ഗുരുതരമായ കുറ്റമാണ്, മറ്റൊരാളിനു അവകാശപ്പെട്ട സ്വത്ത് ബലം പ്രയോഗിച്ച് തട്ടിയെടുക്കല്‍. ഒരു താത്വിക തലത്തില്‍ ചിന്തിച്ചാല്‍ സ്വത്ത് എന്നത് അസംബന്ധമാണ്. ഒരു ജന്തു അതിന്റെ ജീവിതകാലത്ത് ശക്തിയനുസരിച്ച് ടെറിട്ടറികളും അവകാശങ്ങളും നേടുന്നത് പ്രകൃതി നിയമം, പക്ഷേ അത് അവന്റെ സന്തതി പരമ്പരകള്‍ക്ക് കൈമാറുന്നതോ? ഏതോ ആഫ്രിക്കന്‍ ഗോത്ര കവിത ഇങ്ങനെയാണത്രേ "ഈ താഴ്വാരത്തില്‍ നിന്നും ഞാനൊരു മാനിനെ തിന്നാന്‍ തട്ടിയെടുത്തത് കുറ്റമാണെന്ന് ഇവര്‍ വിധിക്കുന്നു, അതേ സമയം ഈ മാനില്‍ നിന്നും താഴ്വാരമാകെ തട്ടിയെടുത്ത അവര്‍ ചെയ്യുന്നത് കുറ്റവുമല്ല. എന്തൊരു വിരോധാഭാസം!"ആതെന്തുമാകട്ടെ, സ്വത്തുസമ്പാദ്യങ്ങള്‍ നിയവിധേയാവകാശമായിരിക്കുന്നിടത്തോളം കാലം അതു മോഷ്ടിക്കുന്നത് അവകാശലംഘനം തന്നെ.
ശേഷിക്കുന്നത് ഭിക്ഷയാണ്. ഉള്ളയാള്‍ സഹാനുഭൂതിയാലോ സ്വര്‍ഗ്ഗത്തു പോകുമെന്ന് മോഹിച്ചോ എന്തെങ്കിലും തരുന്നതുകൊണ്ട് ജീവിക്കുക. തുലോം നിരുപദ്രവകരമായ വൃത്തി. അസഹ്യപ്പെടുത്തിയോ ഭീഷണിപ്പെടുത്തിയോ വൈകാരിക ചൂഷണം ചെയ്തോ ഭിക്ഷ നേടുകയല്ലെങ്കില്‍ ദ്രോഹമാവുമോ?
ശിവന്‍ ഭിക്ഷാടനം നടത്തിയതും ബുദ്ധഭിക്ഷുക്കള്‍ സര്വ്വം ത്യജിച്ച് നിരത്തിലിറങ്ങിയതോ ഒക്കെ മാന്യമായിരിക്കാം, നമുക്ക് ഭിക്ഷ സാമൂഹ്യവിരുദ്ധവുവും ദാരിദ്ര്യം അപഹാസ്യവുമാണ് . ഇതര രാജ്യങ്ങളിലില്ലാത്തയത്ര ശാപവാക്കുകള്‍ ദാരിദ്ര്യവുമായും ഭിക്ഷാടനവുമായും ബന്ധപ്പെട്ട് നമുക്കുണ്ട്
"തെണ്ടി, ഇരപ്പാളി (യാചകന്‍)"
"തൊട്ടിയില്‍ ചാടി" (കുപ്പത്തൊട്ടിയില്‍ നിന്നു കഴിക്കുന്നവന്‍)
"ദാരിദ്ര്യവാസി"
"വായില്‍ നോക്കി" (ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് നോക്കി വെള്ളമിറക്കുന്നവന്‍)
"തേരാ പാരാ" (ഉറപ്പില്ല, എങ്കിലും ഒരാള്‍ തന്ന വിശദീകരണം വച്ച് ഇതിന്റെ അര്‍ത്ഥം മഹായാനഭിക്ഷു എന്നാണ്)
ദരിദ്രനും ഭിക്ഷുവും നമുക്ക് അപഹാസ്യനാണ്. ഇവരെ നമ്മള്‍ നേരിടുന്നതെങ്ങനെ?
ഒരു പുതിയ ഭിക്ഷാടന നിരോധന ബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നെന്ന് കേട്ടിരുന്നു, ആക്റ്റ് ആയോ എന്നറിയില്ല, അതിലെ നിയമമനുസരിച്ച് ഭിക്ഷയെടുക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും അവരുടെ ആശ്രിതരെ അറസ്റ്റ് ചെയ്ത് അഗതിമന്ദിരങ്ങളിലാക്കാനും പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഒരാല് ചെയ്ത കുറ്റത്തിനു കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുക എന്ന വിചിത്രമാമ നീതി. അത് നടപ്പിലായിട്ടില്ലെങ്കില്‍ തിരുവിതാം കൂര്‍ഭിക്ഷാടന നിരോധന നിയമം, കൊച്ചി അഗതി നിയമം, മദ്രാസ് ഭിക്ഷാടന നിരോധന നിയമം എന്ന മൂന്നു നിയമങ്ങളാണ് കേരളത്തിലെ ഭിക്ഷാടനത്തെ നേരിടാനുല്ലത്.
ഭിക്ഷാടനത്തിനെതിരേ പ്രധാനമായും മൂന്ന് വാദങ്ങളാണ് സമൂഹം മുന്നോട്ട് വയ്ക്കുന്നത്:
ഒന്ന്: അവര്‍ കുറ്റകൃത്യങ്ങള്‍ - പ്രധാനമായും മോഷണം, കവര്‍ച്ച, കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കല്‍ എന്നിവ ചെയ്യുന്നു.
രണ്ട് : അവര്‍ ഭീഷണിപ്പെടുത്തിയും അസഹ്യപ്പെടുത്തിയും പണം വാങ്ങുന്നു
മൂന്ന്: അവര്‍ സംഘടിതരും പലപ്പോഴും ധനികരുമാണ്.
തീര്‍ച്ചയായും മൂന്നിലും സത്യവുമുണ്ട്. പക്ഷേ ഭിക്ഷയാകമാനം നിരോധിക്കാന്‍ ഇതൊരു കാരണമാവുമോ? ഉറപ്പിച്ച് പറയുക വയ്യ. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മോഷണ, കവര്‍ച്ച കേസുകളില്‍ ഭിക്ഷക്കാര്‍ ഉള്‍പ്പെട്ടവ എത്രയാണ്, മറ്റുള്ളവര്‍ (പ്രൊഫഷണല്‍ കുറ്റവാളി സംഘങ്ങള്‍ അടക്കം )ഉള്‍പ്പെട്ടത് എത്രയാണെന്ന് താരതമ്യം ചെയ്താല്‍ ഭിക്ഷക്കാര്‍ ഭേദമാണെന്ന് തോന്നുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകുമെന്നത് തലമുറയായി കേട്ടു വരുന്ന ആരോപണമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തോളം വാര്‍ത്തകള്‍ കേട്ടിട്ട് കേരളത്തില്‍ രണ്ടെണ്ണമാണ് അത്തരം കേസുകള്‍ ഓര്‍മ്മയില്‍ വരുന്നത്. നിവൃത്തിയില്ലാത്ത മാതാപിതാക്കള്‍ കൊലപ്പെടുത്തിയതും, അവിഹിത ജന്മങ്ങളെ ജനയിതാക്കള്‍ തന്നെ നശിപ്പിച്ചതും മറ്റും അതിലും അധികമാണ്.
പൊതുസ്ഥലത്തു ജീവിക്കുന്നവര്‍ എന്ന നിലയില്‍ അവരുടെ ജീവിതം സുതാര്യവും പരിശോധനാവിധേയവുമാണ്. രാഷ്ട്രീയ സ്വാധീനവും വോട്ടു-മത പിന്തുണ-പാര്‍ട്ടി സ്വാധീന ബലവും ഇല്ലാത്തതിനാല്‍ അവരെ നിയമവിധേയമാക്കാന്‍ എളുപ്പമാണ്, നിയമവാഴ്ച അല്പ്പമെങ്കിലും ശക്തമാണെങ്കില്‍.
പല ഭിക്ഷക്കാരും ശല്യപ്പെടുത്തി എന്നോട് പണം വാങ്ങാന്‍ ശ്രമിച്ചിട്ടുണ്ട്. നടന്നിട്ടില്ല, മാക്സിമം അനുഭവിക്കേണ്ടി വരുന്നത് ശാപമാണ്, അതിനെ പുല്ലു വില കൊടുത്ത് അവഗണിക്കാന്‍ എനിക്കു വിഷമമില്ല. പക്ഷേ രാഷ്ട്രീയപ്പിരവുകാര്‍, ഉത്സവ പെരുന്നാള്‍ പിരിവുകാര്‍, സര്‍ക്കാര് ജീവനപ്പിരിവുകാര്‍ എന്നിവരുടെ അസഹ്യപ്പെടുത്തലില്‍ നിന്ന് ഒഴിയാന്‍ പോലും കഴിയാറില്ല. ഈ വാദം കൊണ്ട് ആദ്യം നിരോധിക്കേണ്ടത് രാഷ്ട്രീയവും മതവും ബ്യൂറോക്രസിയുമാണെന്ന് വരുന്നു.
പിന്നെ അവര്‍ സംഘടിതരും ചിലപ്പോഴൊക്കെ ധനികരുമാണെന്നത്. ഭിക്ഷക്കാരന്‍ പണിത ഫ്ലാറ്റ് സമുച്ചയമൊന്നും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അധവാ അവര്‍ സംഘടിതരും ചിലര്‍ ധനികരുമാണെന്നു തന്നെ വയ്ക്കുക, നമ്മളും അങ്ങനെയൊക്കെയുള്ള സമൂഹമല്ലേ? അതൊരു കുറ്റമാണോ?
സംസ്കാരവും ഭിക്ഷാടനവുമായി വലിയ ബന്ധമുണ്ട്. ഹിന്ദു-കൃസ്തീയ-മുസ്ലീം- ബുദ്ധമതങ്ങള്‍ ഭിക്ഷനല്‍കല്‍ പുണ്യവൃത്തിയായി കാണുന്നതിനാല്‍ ഈ മതക്കാരുടെ ഇടയില്‍ ഭിക്ഷാടനം ധാരാളമായി കാണാം. എന്നാല്‍ സിഖ്, ജൈന, പാഴ്സി മതക്കാരിലെയോ കേരളത്തിലെ തന്നെ ആദിവാസികളുടെയോ ഇടയില്‍ നിന്നും ഭിക്ഷക്കാരെ കാണാറില്ല.
ഒരു സാമ്പത്തികശാസ്ത്ര പോയിന്റില്‍ നിന്നു നോക്കിയാല്‍ ഭിക്ഷാടകര്‍ സമൂഹത്തിനു വേണ്ടി ഒന്നും സംഭാവന ചെയ്യാത്ത കണ്‍സ്യൂമറാണ്. ചെയ്യാനില്ലാത്ത കണ്‍സ്യൂമര്‍ എന്ന് നിരീക്ഷിച്ചാല്‍ അതൊരപരാധമാവില്ല, വൃദ്ധര്‍, കുട്ടികള്‍, അംഗഭംഗവും രോഗവും വന്നവര്‍ എന്നിവരാണ് ഭിക്ഷാടകരിലെ ഭൂരിപക്ഷം എന്നിരിക്കെ, അവര്‍ ഭിക്ഷയെടുത്താലും അതല്ല സര്‍ക്കാരിന്റെയോ വീട്ടുകാരുടെയോ സംരക്ഷണയില്‍ ജീവിച്ചാലോ ഫലം ഒന്നു തന്നെയാണ്, സമൂഹത്തിന്റെ അണ്‍ പ്രൊഡക്റ്റീവ് കണ്‍സ്യൂമര്‍. അപ്പോള്‍ മടിയോ മദ്യാസക്തിയോ മറ്റോ കൊണ്ട് ഭിഷയെടുക്കുന്നവരെ ഒഴിച്ചാല്‍ ഭിക്ഷാടനം പൊതുസമ്പത്തിനെ ബാധിക്കുന്ന കാര്യവുമല്ല.
ഭിക്ഷാടകരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവര്‍ ചാടിപ്പോകുന്നു അതിനാല്‍ ഭിക്ഷ നിരോധിക്കേണ്ടതുണ്ടെന്ന് ഈയിടെ കേട്ടു. പുനരധിവാസം ഒരു തടവുശിക്ഷയാകുന്നതുകൊണ്ടാണ് അവര്‍ രക്ഷപ്പെടാന്‍ നോക്കുന്നത്.
Monday, April 14, 2008
ആരുടെ മണ്ണ് ?
അച്ഛാ മോഹന്‍ ലാല്‍ എവിടത്തുകാരനാ?
നമ്മടെ തിരുവന്തോരം.
പിന്നെ അവിടാരാ ഫെയിമസ്?
ഒരുപാടു പേരുണ്ടെടാ. ഏതു രംഗത്തുള്ളയാളിനെ വേണം?
അത്.. അറിഞ്ഞൂടാ, കുറേ പേരു പറഞ്ഞേ.
അയ്യന്‍ കാളി, രാജാ രവി വര്‍മ്മ, നാരായണഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, പ്രേം നസീര്‍, സ്വാതി തിരുന്നാള്‍, സീവി, ഈവി, മധു, സത്യന്‍, നെയ്യാറ്റിന്‍ കര, ഉള്ളൂര്, ജഗതി, ഇതൊന്നും പോരെങ്കില്‍ ഞാനുണ്ടെടാ തിരുവന്തോരത്തുകാരന്‍.
പദ്മനാഭന്‍ ആരാ?
പദ്മനാഭന്‍ അല്ലെടാ, ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള. ആ ഇരിക്കുന്ന ശബ്ദതാരാവലി എഴുതിയ ആള്‍.
ശ്രീകണ്ഠേശ്വരത്തിന്റെ ഫ്ലാറ്റോ? എടാ ശ്രീകണ്ഠേശ്വരം എന്ന സ്ഥലത്ത് പണിത ഫ്ലാറ്റ് ആയിരിക്കും.
അല്ലല്ല, ഇപ്പോ മോഹന്‍ ലാല്‍ ഇപ്പോ റ്റീവിയില്‍ പ പരസ്യം ചെയ്തു അങ്ങേരടേം ശ്രീ. പദ്മനാഭന്റെയും മണ്ണില്‍ പണിഞ്ഞ ഫ്ലാറ്റ് വില്‍ക്കാനുണ്ടെന്ന്. അതാരാണെന്ന് ചോദിച്ചതാ.
തിരുവനതപുരത്ത് ശക്തിയായ കാറ്റ്: അന്ധയായ ഒരു സ്ത്രീയുടെ ഉടുതുണി പറന്നു പൊങ്ങുന്നത് ഇപ്പോള്‍ കാണാം.
ദുബായിലെ ഒരു പോലീസുകാരന്‍ നിയന്ത്രണം വിട്ട വാഹനം വന്നിടിച്ച് ഡ്യൂട്ടിക്കിടെ മരണപ്പെട്ടു. ഈ ഭീകരരംഗത്തിന്റെ വീഡിയൊ ക്ലിപ്പിങ്ങ് പോലീസ് സര്വേയിലന്‍സ് ക്യാമറയില്‍ നിന്നും ആരോ ലീക്ക് ചെയ്ത് മൊബൈലില്‍ നിന്നും മൊബൈലിലേക്ക് കൈമാറ്റം ചെയ്തു ചെയ്ത് ഒടുക്കം മരിച്ചയാളുടെ വിധവയുടെ അടുത്തുമെത്തി. പോലീസ് മേധാവി വിധവയെക്കണ്ട് മാപ്പു പറയുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്തു. പത്രപ്രസ്ഥാവനയില്‍ അദ്ദേഹം ഇതു നാടു നീളെ പരത്തിയവരോട് ഇങ്ങനെ ചോദിച്ചു. "ഒരു വ്യക്തിയുടെ ദാരുണമായ അന്ത്യം ഇങ്ങനെ വിതരണം ചെയ്തതെന്തിനാണ്? നിങ്ങള്‍ അതു കണ്ട് ആനന്ദിക്കുകയായിരുന്നോ?"
ആദ്യം മറിഞ്ഞ ബസിന്റെ ദൃശ്യം. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് കൂടി നിന്നവരുടെ വിവരണം.
പിന്നെ മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് എടുക്കുന്നതും കുറേപ്പേര്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയും. അവിടെ കഴിഞ്ഞെന്നു കരുതി.
അത്യാഹിതം സംഭവിച്ച കുറച്ചു സാധുമനുഷ്യരുടെ സ്വകാര്യതഭഞ്ജിച്ചും ജീവന്‍ രക്ഷാ നടപടികള്‍ക്ക് തടസ്സമുണ്ടാക്കിയും ആശുപത്രി ജീവനക്കാരെ അലോസരപ്പെടുത്തിയും എമര്‍ജന്‍സി റൂമില്‍ കയറി ഈ അഭ്യാസം നടത്തി നമ്മളെ എന്തു കാണിച്ചു തരാനാണ് ഇവര്‍ നോക്കുന്നത്?
സൂപ്പര്‍ സ്റ്റാറിന് കൊളോണ്‍ എന്‍ഡോസ്കോപ്പി നടത്തി എന്ന് ന്യൂസ് പ്രസന്റര്‍ പറഞ്ഞാന്‍ നമുക്കു മനസ്സിലാവുന്നതേയുള്ളു, അതിന്റെ ദൃശ്യം കാട്ടാന്‍ ശ്രമിക്കുന്നത് ആഭാസമാകും. ഒന്നു തടയാന്‍ പോലും കഴിയാത്ത മനുഷ്യന്‍ തുണിയില്ലാതെ ചോരശര്‍ദ്ദിച്ച് കിടക്കുന്ന ദൃശ്യമെന്തിനിവര്‍ നമ്മളെ കാട്ടുന്നു? ഒരു പ്രമുഖ വ്യക്തിയോ പോട്ടെ ചോദ്യം ചെയ്യാന്‍ ബന്ധുക്കളെങ്കിലും അടുത്തുള്ള ഒരാളായിരുന്നു ആ കിടക്കുന്നതെങ്കില്‍ ഇവരിതു പകര്‍ത്തുമായിരുന്നോ? അപ്പോള്‍ ആരുമില്ലാത്തവരോട് എന്തുമാകാം എന്നാണോ മനസ്സിലാവുന്നത്?
[ഒരു ദൃശ്യമാദ്ധ്യമക്കാരന്‍ സുഹൃത്ത് പറഞ്ഞത് " ശിവശങ്കരന്റെയും ശാരദയുടെയും മകനാണ് രാജന്‍" എന്നു പറഞ്ഞാല്‍ കിട്ടുന്ന എഫക്റ്റ് പോരെന്ന് തോന്നുമ്പോള്‍ ഞാന്‍ "ശാരദയ്ക്ക് ഭര്‍ത്താവ് ശിവശങ്കരനില്‍ നിന്നു തന്നെ ജനിച്ച മകനാണ് രാജന്‍" എന്നു ചെറുതായി മാറ്റിയെന്നിരിക്കും, അതൊരു തെറ്റാ?"]
Sunday, April 13, 2008
ഝനക്ക് ഝനക്ക് പായല്‍..
എന്തരു നാറ്റം, ഡ്രെയിനേജ് ഇങ്ങനെ തുറന്നിട്ടാ പോണത്?
ഡ്രെയിനേജോ? ഇത് ഒരു ചെറു നദിയാണെടാ. ആമയിഴഞ്ചാന്‍ തോട്.
ആമ ചെളിയിലും ജീവിക്കും അല്ലേ? എന്നാലും ഇതില്‍ വന്ന് ഇഴഞ്ഞവനെ സമ്മതിക്കണം. ആ പാവം പാളയത്ത് മൃഗശാലേന്ന് ചാടി ഇവിടെവരെ എങ്ങനെ വന്നോ എന്തോ?
മൃഗശാലേന്നോ? ഇവിടെയൊക്കെ നിറച്ച് വയല്‍ ആയിരുന്നെടാ, നിറച്ച് ആമയും മീനുമൊക്കെ ഈ തോട്ടിലും ഉണ്ടായിരുന്നു. ആളുകള്‍ കുളിക്കുന്ന കടവുമുണ്ടായിരുന്നു. ഇതിലെ വെള്ളം കോരി കുടിക്കാന്‍ കൊള്ളാമായിരുന്നു പോലും.
വയലോ? കൊതുകു കൂടുതലായിരുന്നു കാണുമല്ലോ?
കൊതുകിന്റെയും ഈച്ചയുടെയും പൊടി പോലും ഈ ടൗണിലില്ലായിരുന്നു. അതിനല്ലേ മീനും തവളേം ആമേം.
വയലുകൊണ്ട് അങ്ങനേം പ്രയോജനമുണ്ടല്ലേ?
ഉണ്ട്. അതിലും വലിയ പ്രയോജനം ആ വയലിലെല്ലാം നിറയേ പച്ചപ്പായല്‍- ബ്ലൂ ഗ്രീന്‍ ആല്‍ഗേ- കട്ട പിടിച്ചു നില്‍ക്കുകയായിരുന്നു.
അതികൊണ്ട് എന്തര്?
എന്തരെന്നോ? നീയെന്താ സ്കൂളില്‍ പഠിക്കണത് ?
അല്ലാ ആല്‍ഗേക്കെന്താ പ്രത്യേകത?
ജീവജാലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താ?
മനുഷ്യന്‍.
മനുഷ്യനില്ലെങ്കില്‍ മനുഷ്യനല്ലാതെ ആര്‍ക്കെന്തു ചേതം? ഈ ലോകത്തിലെ പത്തു തൊണ്ണൂറു ശതമാനം ഓക്സിജനും തരുന്നത് ആല്‍ഗന്മാരാണ്. ലവന്മാരില്ലെങ്കില്‍ എപ്പച്ചത്തു നമ്മളെന്ന് ചോദിച്ചാമതി.
ഓ? മരങ്ങളാണെന്നാണു ഞാന്‍ കരുതിയത്.
എന്നാല്‍ കരുതല്‍ മാറ്റിക്കോ. മരങ്ങള്‍ക്ക് മറ്റനേകം പ്രധാന ജോലികളുണ്ടെന്നത് വേറേ. പോട്ട് പെട്രോളിയം എന്താ?
അതും ഫോസിലായ മരമല്ലേ?
മരമല്ല് ഒന്നുമല്ല, മണ്ണടിഞ്ഞുപോയ ആല്‍ഗേകളും തത്തുല്യരുമാണെന്നാണ് ഇതുവരെയുള്ളതില്‍ പ്രബലമായ വിശ്വാസം.
ഇത്രയും ഓക്സിജന്‍ തരാന്‍ മാത്രം ആല്‍ഗേ ഭൂമിയില്‍ ഇരിക്കുന്നോ?
മഹാഭൂരിപക്ഷവും കടലിലാണ്. എന്നുവച്ച് അവയ്ക്ക് ഭീഷണിയില്ലെന്നൊന്നുമല്ല. കടലും മലിനീകരിക്കപ്പെടുകയാണ്. പത്രത്തില്‍ വായിച്ചില്ലേ, സൗത്ത് അമേരിക്കയുടെ വലിപ്പമുള്ള അഴുക്കു ദ്വീപ് കടലില്‍, പ്ലാസ്റ്റിക്ക്, വിഷം ഒക്കെയായി ഒഴുകിനടക്കുന്നു. സകല വേസ്റ്റും കടലിലോട്ടാ.
അപ്പോ മണ്ണിലെ ആല്‍ഗേയ്ക്കും ഈ ഓക്സിജന്‍ തരുന്ന പണിയേയുള്ളോ?
അല്ലല്ലോ. മണ്ണിലെ ആല്‍ഗേയെ നമ്മള്‍ മലിനീകരണവും രാസവസ്തുക്കളും കൊണ്ട് നശിപ്പിക്കാന്‍ തുടങ്ങിയ തൊള്ളായിരത്തി അമ്പതുകള്‍ക്കു മുന്നിലെ പച്ചക്കറികളിലും മറ്റുമുണ്ടായിരുന്നതിന്റെ പതിലൊന്നുമുതല്‍ അമ്പതിലൊന്നു വരെയേ ട്രേസ് മിനറലുകള്‍ മിക്കതും ഇന്നു വാങ്ങാന്‍ കിട്ടുന്നവയിലുള്ളു. രാസവളങ്ങള്‍ക്ക് മണ്ണിനു നൈട്രജനും പൊട്ടാസ്യവും കാല്‍സ്യവും ഫോസ്ഫേറ്റും മറ്റുമേ കൊടുക്കാന്‍ കഴിയൂ, ഓര്‍ഗാനിക്ക് വളങ്ങള്‍ പോലും രക്ഷിക്കില്ല, കാരണം ഇമ്മാതിരി വളങ്ങള്‍ തരുന്ന ജന്തുക്കള്‍ക്കും ചെടികള്‍ക്കും പോലും സൂക്ഷ്മ കോമ്പൗണ്ടുകള്‍ അവയുടെ ശരീരത്ത് ഇന്നില്ല.
അപ്പം ആല്‍ഗേയിലാണു ജീവന്‍ അല്ലേ?
അതേ. ജീവന്റെ പുരാതനവും ലളിതവുമായ ആ രൂപത്തിനോട് വേറിട്ടു നില്‍ക്കാന്‍ മാത്രം കരുത്ത് പരിണമിച്ചു പുലിയായ ഒന്നിനും, മനുഷ്യനുപോലും കഴിയില്ല. ഹരിതം വിപ്ലവിച്ച് ഇന്ത്യയുടെ മൂന്നില്‍ രണ്ടു കൃഷിഭൂമിയും ഡീഗ്രേഡ് ചെയ്തു. ആല്‍ഗവളരുന്ന വയലുമില്ല, കുളവുമില്ല, പുഴയുമില്ല. നാറ്റവും ഈച്ചയും കൊതുകും അഴുക്കും മാത്രം.
പോവാം.
പിഞ്ഞാണിക്കടയിലെ കാളയെ എന്തു ചെയ്യണം?
കുട്ടികളെ ഒരു നിവൃത്തിയുണ്ടെങ്കില്‍ അവര്‍ക്കൊരു കാര്യവുമില്ലാത്ത ഓഫീസുകളില്‍ പോകുമ്പോള്‍ കൊണ്ടു പോകരുത്. എപ്പോഴും അങ്ങനെ കഴിയാറില്ലല്ലോ, പ്രത്യേകിച്ച് കുട്ടിയുടെ ആകെയുള്ള നോട്ടക്കാര്‍ അച്ഛനും അമ്മയും മാത്രമായ ഇപ്പോഴത്തെക്കാലത്ത്.
രണ്ടുമൂന്നു മാസം മുന്നേ ഒരു ബാങ്കു മാനേജരുടെ ക്യാബിനില്‍ ഒരാവശ്യത്തിനു വെയിറ്റ് ചെയ്യുമ്പോഴാണ് ഒരമ്മയും കുട്ടിയും കയറി വന്നത്. അമ്മ പേപ്പറുകളെടുത്ത് ഓരോന്നു ചോദിക്കുന്നതിനിടയില്‍ കുട്ടി മാനേജരുടെ മേശപ്പുറത്തിരിക്കുന്ന സ്ഫടികത്തില്‍ തീര്‍ത്ത ലേസര്‍ കൊണ്ട് രാജ്യങ്ങള്‍ വരച്ച ഗ്ലോബ് പിടിച്ച് കറക്കും തിരിപ്പും തുടങ്ങി. അദ്ദേഹത്തിന്റെ മുഖത്തെ അസ്വസ്ഥത ശരിക്കറിയാം, പക്ഷേ കുട്ടിയുടെ അമ്മ ശ്രദ്ധിക്കുന്നതേയില്ല.
പണ്ട് നാരായണപിള്ളയുടെ ഫോറിന്‍ ടൈപ്പ് റൈറ്ററില്‍ കേറി ശറപറായടിച്ച ജയസൂര്യ നാലപ്പാടനു നേരേ വീക്കേയെന്‍ വിളിച്ച പ്രയോഗമെടുത്ത് "നിര്‍ത്തെടാ മോണ്‍സ്റ്റര്‍" എന്ന് കുട്ടിയെ ശകാരിക്കാന്‍ തോന്നി. അല്ല നമുക്കെന്തു കാര്യം വല്ലവന്റെയും ആപ്പീസ്, അയാളുടെ കസ്റ്റമര്‍, അവരുടെ കൊച്ച്.
ഇന്നലെ ഒരു മനുഷ്യനും അയാളുടെ ചെറിയ മകളും എന്റെ ഓഫീസില്‍ വന്നപ്പോഴേ ഞാന്‍ ആ ബാങ്ക് മാനേജരുടെ ഉല്‍ക്കണ്ഠാകുലഭാവസ്പന്ദിത മുഖം ഓര്‍ത്തു. പിഴച്ചില്ല, കുട്ടി വന്നപ്പോഴേ എന്റെ മേശപ്പുറത്തിരുന്ന തങ്കനിറമുള്ള കൊച്ചു വിമാനം പൊക്കി.
"കുഞ്ഞേ, അത് അങ്കിളിനു ഏറ്റവും ഇഷ്ടമുള്ള ഒരാള്‍ ഇവിടെ നിന്നു പോയപ്പോള്‍ സമ്മാനം തന്നതാ കേട്ടോ, അതിന്റെ പെര്‍ച്ചില്‍ നിന്നെടുത്താല്‍ അത് ചീത്തയായി പോയാലോ?"
"സ്വര്‍ണ്ണമാണോ അത്?" കുട്ടി അതു തിരിച്ചു നീരസത്തോടെ തിരിച്ചു വച്ചു.
"സ്വര്‍ണ്ണമല്ല, എനിക്കതു സ്വര്‍ണ്ണത്തെക്കാളും വിലയുള്ള ഒരു സ്നേഹത്തിന്റെ ഓര്‍മ്മയാണ്."
മോശമായോ? വന്നയാള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു അയാളുടെ കുട്ടിയുടെ പെരുമാറ്റം. എന്നാലും കസ്റ്റമര്‍, എന്റെ ദൈവം, അയാളുടെ മകള്‍ ദൈവപുത്രി, അതും ഒരു കുട്ടി. എന്നാലും എന്റെ ഏറോപ്ലെയിന്‍, എന്നാലും...
അയാളും മകളും എന്റെയടുത്തുനിന്നും ദാര്‍വീശിന്റെ മേശയിലെത്തി. കുട്ടിയവിടെ എത്തിയതും അവന്റെ ടീമിനി പാരിസില്‍ നിന്നും കിട്ടിയ കൃസ്റ്റല്‍ ട്രോഫി കടന്നെടുത്തു.
എം എസ് വിശ്വനാഥന്റെ വികാരഭരിതമായ ശബ്ദത്തില്‍ ദാരുവീശന്‍ നിര്‍ദ്ദേശിച്ചു.
"തൊടരുത്! അതിട്ടുടയ്ക്കരുത്..."
ഫ്യൂ .
ചൂത്
ഡ്യേയ്, ഈ ഹോട്ടലിനൊരു കാസിനോ ഉണ്ടെന്ന്.
നായ്ക്ക് മീശയുണ്ടെങ്കില്‍ അമ്പട്ടനെന്റരു കാര്യം ആമ്പ്രന്നോനേ? ഇയ്യാക്ക് അതേല്‍ പോയി എന്തരേലും ചെയ്യാനറിയാവോ?
അതേലെന്തരെന്ന് അറിയില്ല, പക്ഷേ തിരുവന്തോരത്തു ഗുലാന്‍ പെരിശ്, റമ്മി, ഉറിയടി ബെറ്റ്, കഴകേറ്റബെറ്റ്, പന്നിമലത്ത്, മുച്ചീട്ട് അങ്ങനെ എന്തരെല്ലാം ചൂത് കളിച്ച പഞ്ചാപരാധിയാടീ ഞാങ്ങ്. പോരാത്തേനു ദുബായില്‍ കുതിരപ്പന്തയത്തിലും നാലു ചില്ലറ വച്ച് നാലും പോയവനാ. ബാ നമ്മക്ക് ക്യാറിപ്പെയ് അവിടെന്തരാണു നടക്കണതെന്ന് നോക്കാം.
ആദ്യം എന്തരാണു ക്യാസിനോ എങ്ങനെയാണി അതിന്റകത്തെ കളി എന്നൊക്കെ പഠിച്ചിട്ട് ഇന്യത്തെ തവണ വരുമ്പ പോയാല്‍ മതിയെന്നേ.
ഡ്യേയ് ഇഞ്ഞി ഈ രാജ്യത്ത് എന്നെങ്കിലും നമ്മളു പിന്നേം വരുവെങ്കില്‍ നമ്മടെ ചെറുക്കന്‍ നിന്റകത്താരിക്കത്തില്ല, കയ്യേ തൂങ്ങി നടക്കുവാരിക്കും. മൈനറെ അവിടെ കേറ്റത്തില്ല, അതായത് അടുത്ത പതിനെട്ടു കൊല്ലം നമ്മളു കാസിനോ കാണത്തില്ല.
ചെറുക്കനോ? ഒറപ്പിച്ചോ?
പിന്നേ. ഞാങ്ങ് ഇന്നലേം ലവനെ സ്വപ്നം കണ്ടതല്ലീ.
ന്നാ പാം. അവിടെ ചെന്ന് പന്തം കണ്ട പന്നിയെപ്പോലെ നിന്ന് എന്നെയും കൂടെ നാണം കെടുത്താതെ എന്തരേലുമൊക്കെ ചെയ്തോണം, സ്ഥിരം വരുന്നയാളിനെപ്പോലെ.
പന്നിയല്ലെടീ കൊരങ്ങേ, പെരിച്ചാഴീ.
ഗ്യാംബ്ലിങ്ങ് ഗീയറിലോട്ട് മാറി. ഒരു ജീന്‍സെടുത്തിട്ട് മോളിലൊരു വിന്‍ഡ് ചീറ്ററും ചുറ്റി. പോരാ, ഒരു കറുത്ത കണ്ണാടീം വച്ച് തൊപ്പിയും കേറ്റി.
എങ്ങനുണ്ടെടീ?
തമിഴു പടത്തിലെ ജനകരാജിനെ പിടിച്ച് വില്ലന്‍ വേഷം കെട്ടിച്ച പോലെ.
ആത്മവിശ്വാസം ഇച്ചിരി ബാക്കിയുള്ളതൂടെ കളയും. എന്റെ കാസനോവ പുണ്യാളാ കാത്തോണേ.
എന്റ്രന്‍സില്‍ വച്ചിരിക്കുന്ന സ്കാനര്‍ പോരാഞ്ഞിട്ട് ഏഴെട്ടടി വളര്‍ന്ന് മൂന്നാലടി വണ്ണവും വച്ച ഒരുത്തന്‍ എന്നേം ഭാര്യേം ഹാല്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്റ്റര്‍ കൊണ്ടും ആരതിയുഴിഞ്ഞു. കൊള്ളാം, എന്നെ കണ്ടാല്‍ ഒരു റൗഡി ലുക്ക് ഉണ്ടെന്നായിരിക്കും അതിന്റര്‍ത്ഥം. ഉച്ചക്കട രായണ്ണന്‍ പോസില്‍ ഞാന്‍ എയറും പിടിച്ച് കക്ഷത്തില്‍ കുരു വന്ന പോലെ കയ്യും അകത്തി അകത്തോട്ട് ക്യാറി.
ഒരു മുട്ടന്‍ മേശയേല്‍ കാര്‍ഡു നിരക്കുന്നു ,ഒരുത്തി പകിടയെറിയുന്നു, കാശു മേശപ്പൊറത്തു വീഴുന്നു, ദോശക്കല്ലേല്‍ വീണ വെള്ളം പോലെ അപ്രത്യക്ഷമാവുന്നു. കാര്‍ഡിന്റെ പണി അറിയാം, പകിടയെറിയും അറിയാം പക്ഷേ ക്വാംബിനേഷങ്ങ് വെച്ച് എന്തരു കളി?
എന്തര്? ഇതിയാന്‍ കളിക്കണില്ലേ, ചെല്ല്!
ഈ സിങ്ങ് ശരിയാവില്ല, ഇവന്‍ ജട്ടിയിട്ടിട്ടുണ്ട്.
എന്നാല്‍ സോനിയയുമായി ഗുസ്തിപിടിക്കട്ടെ. ലോ കണ്ടോ നെര നെരയായി മിഷ്യന്‍, ഒക്കെ കാലി. അതേലാവുമ്പ എന്തരേലും അബദ്ധം കാണിച്ചാലും യന്ത്രം അപ്പനുവിളിക്കുകയും കൂമ്പിനിടിക്കുകയും ചെയ്യത്തില്ല.
ഡീ, അതിലിടാന്‍ ചില്ലറ വേണം. എവിടാ ചില്ലറ മാറുന്നേ?
കുന്തം. ചില്ലറയല്ല മനുഷ്യേനേ, ടോക്കണ്‍. ഏതെങ്കിലും കൗണ്ടറില്‍ പത്തു രൂപ കൊട് അവരു തരും ലത്.
നീയിതൊക്കെ എവിടെന്ന് പഠിച്ച്?
വെളുമ്പന്‍ ജയന്മാരടെ സകല ഇടിപ്പടത്തിലും കാണാം ഈ സ്ലോട്ടുമിഷ്യന്‍.
ആദ്യം കണ്ട കാശു കൗണ്ടറിലോട്ട് കേറി നിന്നു. കാശു കൊടുത്തു. ഒരു പിച്ചളത്തൊട്ടി നറച്ച് ബേസ് വാങ്ങി.
പത്തു ഡോളറിനു ഇത്രയും കിട്ടിയോ?
എന്റെ മുമ്പി നിന്ന രണ്ടു തെണ്ടിയും നൂറാഡീ കൊടുത്തത്. ഭാരതാംബയുടെ മാനം കാക്കണ്ടേ ഞാനും നൂറു തന്നെ കൊടുത്ത്.
ആദ്യത്തേതില്‍ അഞ്ചാറു ബേസിട്ടു കിട്ടിയടത്തു ഞെക്കി. അഞ്ചാറും പോയി. അടുത്തതിലും. അതിന്റടുത്തതില്‍ കൊറച്ച് തിരിച്ചു വന്ന്.
പഠിച്ചോ വല്ലോം?
പിന്നേ. ഈ കോപ്പ് ഒന്നും നോക്കാതെ കിട്ടിയടത്തെല്ലാം ഞെക്കി കിട്ടിയ വടിയിലെല്ലാം വലിച്ചാല്‍ ഓപ്പറേറ്റ് ചെയ്യാമെന്ന് പഠിച്ച്.
കളിച്ച് കളിച്ച് ഒരുമാതിരി ചാറ്റുകാരന്‍ ഞരമ്പുരോഗിയെപ്പോലെ വിരലൊക്കെ നീരായി.
ലത് കണ്ടോ കെട്ട്യോനെ, ജാപ്പനീസ് പച്ചിങ്കോ. എന്തരാവോ.
കന്യാകുമാരിയും കാശ്മീരും കണ്ണുപൊട്ടന്നൊരുപോലെ. കര്‍ത്താവും അള്ളാവും അയ്യപ്പനും കണ്ണുപൊട്ടന്നൊരുപോലെ, ബാഡീ, പോയി അതിലും കളിക്കാം.
പച്ചിങ്കോ ദാണ്ട് വച്ചിങ്കോ.
കണകുണേ കുണേ. ബേസിന്റെ പെരുമഴ. അടുത്തെങ്ങാണ്ട് ചുരുണ്ടിരുന്ന ഒരു കുടിയന്‍ ചാടിയെണീറ്റ് കെട്ടിപ്പിടിച്ചു.
കൊച്ചു ബക്കറ്റ് നിറച്ച് ബേസ്. നേരേ തൊട്ടി കൗണ്ടറിലിരിക്കണ തൊട്ടിയെ ഏല്പ്പിച്ചു. മൊത്തം
നൂറ്റി മുപ്പത്താറു ഡോളര്‍.
ലിതാഡേ ശരിയായ ഗ്യാമ്പ്ലിങ്ങ്. എന്തരാ അതിന്റെ ഡെഫനിഷം? ഫലമെന്തെന്ന് ഒരു പിടിയും ഇല്ലാതെ കാശു മോഹിച്ച് കാശു വയ്ക്കുക. എനിക്ക് ആദ്യന്തം ഒരു പിടീം ഇല്ലാരുന്നു. കാശു വച്ചു. സത്യസന്ധനായ ഒരു ഗ്യാംബ്ലറെ യന്ത്രത്തിനു പോലും തിരിച്ചറിയാടീ. ബാ ഈ മുപ്പത്താറ് നമുക്കിവിടെ ധൂര്‍ത്തടിക്കാം.
മുപ്പത്താറു ഡോളറിന് ഇവിടെ ധൂര്‍ത്ത് പോയിട്ട് ഒരു തോര്‍ത്തു പോലും കിട്ടൂല്ലെന്റാമ്പ്രന്നോനെ. നാളെ പൊറത്തെങ്ങാണും പോയി വല്ല മുട്ടായീം വാങ്ങിച്ചു തിന്നാം. ഇപ്പ പോയൊറങ്ങാം.
Saturday, April 12, 2008
ഡാലി, പാഞ്ചാലി, സിബു
പാഞ്ചാലീ,
ആ വാചകം ലവന്റെ സൃഷ്ടിയാണെന്ന് ധരിച്ചിരിക്കുകയായിരുന്നു ഞാന്‍. തെറ്റിദ്ധാരണ മാറ്റിയതിനു നന്ദി. (ലവനോടുള്ള മതിപ്പ് കൊറഞ്ഞ്)
സിബു,
ഒരു വെബ് പേജിലേക്കൊരു ലിങ്ക് കൊടുത്താല്‍ ഒന്നിനും പ്രൂഫ് ആകില്ലല്ലോ അതുകൊണ്ടാണ് ഞാന്‍ ലിങ്ക് കൊടുക്കാത്തത്. ഒരു കാര്യം പ്രൂവ് ചെയ്യണമെങ്കില്‍ നിരവധി ലിങ്കുകളും റെഫറന്‍സും വേണ്ടിവരും. ടോപ്പിക്ക് പറഞ്ഞാല്‍ ഞാന്‍ അതിനു മാത്രം ലിങ്കും സൈറ്റേഷനും തരാം. ഹിന്ദു ഹിംസാവാദത്തെനിനെക്കുറിച്ചോ ഇസ്ലാമികഹിംസയെക്കുറിച്ചോ കൃസ്തീയ ഹിംസയെക്കുറിച്ചോ അതോ ബുദ്ധമത ഹിംസയെക്കുറിച്ചോ വേണ്ടത്? ഞാന്‍ പരാമര്‍ശിച്ചതിലെ ഏത് രാജ്യത്തിന്റെ കാര്യം വേണം?
ഗുപ്താ
മനോഹരചൈന എന്ന തോന്നലൊന്നും എനിക്കില്ല. ഇന്ത്യയൊരു ചൈനയായിക്കാണാന്‍ ആഗ്രഹിക്കുന്നുമില്ല. എന്നുവച്ചിട്ട് ചൈനക്കെതിരേ തിരിഞ്ഞവരെ എല്ലാം ദിവ്യമായി കാണാന്‍ പറ്റുവോ? പാമ്പു ചീത്തയാണ് എന്നത് പാമ്പുകളിക്കാരന്‍ വേലാണ്ടി ദൈവമാണെന്നതിനു തെളിവാകൂല്ല.
പ്രിയ,
നന്ദി. രാജീവിന്റെ സൈറ്റ് ഫുള്‍ ഫീഡ് തരുന്നില്ല. ഇനിയത് ആരെങ്കിലും മെയിലില്‍ അയച്ചു തന്നിട്ട് വായിക്കണം.
Thursday, April 10, 2008
തീവ്രവാദവും മതങ്ങളും
ടിബറ്റ് രാജ്യമാവണോ വേണ്ടേ എന്നതല്ല, സമാധാനത്തിന്റെ മതമായ ബുദ്ധമതത്തെപ്പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്..
അപ്പോ ചൈനക്കാരാരും ബുദ്ധമതക്കാരല്ലേ? അതു പോട്ട്. സമാധാനത്തിന്റെ മതം യുദ്ധത്തിന്റെ മതം എന്നു രണ്ടാക്കി തിരിച്ച ഒരു പട്ടിക നിന്റെ കൈവശമുണ്ടോ? ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞേ.
അല്ല ചില മതങ്ങള്‍ തീവ്രവാദത്തിന്റെ..
ചില വേണ്ടാ, പേരു പറ, മടിക്കണ്ടാ.
അത് പിന്നെ ഇസ്ലാമിക തീവ്രവാദം, പിന്നെ ഹിന്ദുക്കള്‍ ഗുജറാത്തിലും ഒറീസ്സയിലും..
ബാബറി മസ്ജിദും ഒമ്പതേല്‍ പതിനൊന്നും... ധൈര്യമായിട്ട് പറയെടേ..
അത് തന്നെ പറയാതെ നിനക്കറിയാവല്ല്.
ഓക്കേ. രണ്ട് മതങ്ങള്‍ നീ പറഞ്ഞു. ഇനി ബാക്കിയുള്ളത് പറ.
തന്നെ. ഇനി ലോകത്ത് ബാക്കിയുള്ള രണ്ട് വലിയ മതങ്ങള്‍ ക്രിസ്തുമതവും ബുദ്ധമതവുമാണ്.
ഓ, നീ പറഞ്ഞു വരുന്നത് പണ്ടെങ്ങാണ്ട് കുരിശു യുദ്ധം നടന്ന കാര്യം.
പണ്ടത്തെക്കാര്യമല്ല, റുവാണ്ടയില്‍ കൃസ്ത്യന്‍ പുരോഹിതര്‍ നേരിട്ടു തോക്കെടുത്ത് ഇറങ്ങിയതും ആളെ വശീകരിച്ചു പള്ളിയില്‍ കയറ്റി പൂട്ടിയിട്ട് യന്ത്രത്തോക്കുകൊണ്ട് വെടിവച്ചും സഭാനേതൃത്വത്തില്‍ ലക്ഷങ്ങളെ ഫിനിഷ് ചെയ്യത് ഈയിടെ അല്ലേ ചെല്ലാ.
അത് വംശീയ കലാപമാണെന്നാണു ഞാന്‍ കരുതിയത്.
കൃസ്ത്യന്‍ മിഷണറിമാര്‍ സംഘടിച്ച് കൊലയ്ക്ക് നേതൃത്വം കൊടുത്താല്‍ വംശീയ കലാപവും ബാക്കി മതക്കാരിലെ ന്യൂനപക്ഷം ചെയ്യുന്നത് മത തീവ്രവാദവുമോ?
അത് പോട്ട്, ഞാന്‍ പറഞ്ഞത് ബുദ്ധമതത്തെപ്പറ്റിയാണ്, അഹിംസ, ദയ..
എല്ലാ കിത്താബിലും അഹിംസയും ദയയും ഒക്കെ കാണും, ബുദ്ധസന്യാസിമാരാണ് സകലമാന ജപ്പന് പടയാളിയെയും നിഞ്ജയെയും ഷോഗണിനെയും ചാവേര്‍ സൈന്യമാക്കിയത്. രാജാക്കാന്മാരുടെ പോക്രിത്തരങ്ങള്‍ക്ക് നീതീകരണമുള്ള പുസ്തകങ്ങളെഴുതിയത്..
നീ പിന്നേം ചരിതത്തിലോട്ട് പോയി.
ഓ സോറി, വര്‍ത്തമാനത്തിലോട്ട് വന്നു. ശ്രീലങ്കയില്‍ പള്ളികള്‍ കത്തിച്ചത് ബുദ്ധമതക്കാരാണ്. തമിഴരെ കൊന്നു തീര്‍ക്കുന്നതാണ് ധര്‍മ്മമെന്ന് ടീവി ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞത് ബുദ്ധസന്യാസിയാണ്. തായ്ലാന്‍ഡില്‍ മുസ്ലീം പള്ളികളില്‍ കൂട്ടക്കൊല നടത്തിയതും ബുദ്ധമതക്കാരാണ്, ലവോസില്‍ പാതിരികളെ കൊന്നതും ബുദ്ധമതക്കാരാണ്. കംബോഡിയയില്‍ പള്ളിയാക്രമിച്ചത് ബുദ്ധസന്യാസിമാരാണ്, ലഡാക്കില്‍ ബുദ്ധമതം ചാതുര്‍വര്‍ണ്യത്തില്‍ ഹിന്ദുക്കളെ കടത്തിവെട്ടി നില്‍ക്കുന്നു. ബര്‍മ്മയില്‍ ബുദ്ധിസ്റ്റ് ആര്‍മി, ഭൂട്ടാനെന്നു മനുഷ്യാവകാശന്റെ സൈറ്റില്‍ നോക്കിയാല്‍..
ഏതു ദലൈലാമ? ജപ്പാനിലെ സബ്‌വേയില്‍ വിഷവാതകം വിട്ട ഭീകരനില്‍ നിന്നും അഞ്ചു കോടി സംഭാവന വാങ്ങിയ ലാമയോ?
നീ പറഞ്ഞുവരുന്നത് അപ്പോള്‍ ഒരു മതത്തിലും ഭീകരവാദത്തിനു കുറവില്ലെന്നാണല്ലേ?
തന്നെ. മീഡിയയുടെ ഒരു കളിയല്ലേ ചിലനേരത്ത് ചില മതത്തില്‍ മാത്രം എങ്ങുമില്ലാത്ത നന്മയും സഹിഷ്ണുതയും.
Wednesday, April 9, 2008
രണ്ട് അപേക്ഷകള്‍.
വഴിയില്‍ കിടന്ന ഒരു കാറിന്റെ രണ്ടു വൈപ്പറിലായി കണ്ട രണ്ട് അപേക്ഷകള്‍. ഒറിജിനല്‍ അറബിയിലാണ്. എന്റെ ഒരു സുഹൃത്തിന്റെ തര്‍ജ്ജിമ.
ഇടത്തേ വൈപ്പറിനടിയിലെ അപേക്ഷ.
പ്രിയ ട്രാഫിക്ക് പോലീസ് അറിയാന്‍
--------------------------
ഒരു മണിക്കൂര്‍ ഞാന്‍ ഈ പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കുകയായിരുന്നു. ഒറ്റ പാര്‍ക്കിങ്ങ് പോലും കിട്ടിയില്ല. ഞാന്‍ ഈ കാണുന്ന മുനിസിപ്പാലിറ്റി ഓഫീസിലെ ജീവനക്കാരനാണ് . എന്റെ ഉന്നതാധികാരികളോട് പാര്‍ക്കിങ്ങ് ഇല്ലാത്തതുകാരണം ജോലിക്ക് ഇന്നു വരില്ലെന്ന് പറയാനാവില്ലല്ലോ, വണ്ടി ഈ പേവ്മെന്റില്‍ കയറ്റി ഇടുകയല്ലാതെ ഒരു നിവൃത്തിയുമില്ല. ദയവായി എന്നോട് ക്ഷമിക്കണം. എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കണം.
വിനയപൂര്വ്വം,
മുനിസിപ്പാലിറ്റി ജീവനക്കാരന്‍.
വലത്തേ വൈപ്പറിനടിയിലെ അപേക്ഷ
പ്രിയ കാറുടമ അറിയാന്‍
---------------------
രാവിലേ മുതല്‍ ഞാനും ഈ പ്രദേശം അരിച്ചു പെറുക്കുകയായിരുന്നു. ഇവിടത്തെ പാര്‍ക്കിങ്ങ് കാര്യം വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കും മനസ്സിലായി. പക്ഷേ എന്റെ ഉന്നതാധികാരികളോട് എനിക്ക് കഷ്ടം തോന്നി ഞാന്‍ പേവ്മെന്റില്‍ കിടക്കുന്ന ഒരു കാര്‍ വെറുതേ വിട്ടെന്ന് പറയാനാവില്ലല്ലോ, മുക്കാലിഫ ഇതിന്നടിയിലുണ്ട്. ദയവായി എന്നോട് ക്ഷമിക്കണം. എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കണം.
വിനയപൂര്വ്വം
ട്രാഫിക്ക് പോലീസ് ജീവനക്കാരന്‍.
മുക്കാല്‍ കോടിയുടെ ഹെഡോണിക്സ്
വര്‍ഷാവര്‍ഷം ഇത്രമണിക്കൂര്‍ ഒരേ തൂവല്‍ പക്ഷികളൊപ്പം ചേക്കേറി ലോകത്തിലെ അങ്ങാടി നിലവാരവും പുരോഗതിയും ഇരുത്തി വിലയിരുത്തിയില്ലേല്‍ തന്ന ബിരുദം തിരിച്ചു വാങ്ങണമെന്ന് വീരരാഘവപ്പട്ടയം എഴുതിത്തന്നതില്‍ ഒരു നിയമമുള്ളതുകൊണ്ട് പോയതാണ്, അല്ലാതെ ഞാന്‍ വാലു കുലുക്കിയാല്‍ റിക്റ്റര്‍ സ്കെയിലിലെ ഏതു നമ്പര്‍ വരെ എത്തുമെന്ന് നോക്കാന്‍ പോയതല്ല.
ലവന്‍ പതിവുപോലെ വോഡൗസ് എഴുതുന്നത്ര വടിവുള്ള ഭാഷയില്‍ വളരെ വലിയ കാര്യങ്ങള്‍ വളരെക്കുറച്ച് സമയം കൊണ്ട് വളരെ വ്യക്തമായി പറഞ്ഞു വളരെ നീണ്ട കയ്യടി നേടി വളരെപ്പെട്ടെന്ന് ഇറങ്ങി പോയി.
ശേഷമുള്ള സമയം ശേഷിച്ചവര്‍ തങ്ങള്‍ മലമറിച്ചില്ലന്കില്‍ ലോകമെന്തായേനേ എന്ന് അന്തം വിട്ടുകൊണ്ട് തീറ്റയടിച്ചു.
മുഖപരിചയന്‍ ഒരെണ്ണം വടവി വന്നത് അപ്പോഴാണ്.
"ലവന്‍ തന്റെ സീനിയറായിരുന്നല്ലേ?"
"തന്നെ. മൂന്നു കൊല്ലം സീനിയര്‍. അന്നേ അവന്‍ ശ്രദ്ധിക്കപ്പെട്ടതാ. "
"എന്റെ പ്രായമാണവനും, എന്തൊരു റോറിങ്ങ് സക്സസ് ആണവന്റെ കരീര്‍. ഞാന്‍ ഏഴയലത്തു പോലും എത്തിയില്ല."
"അങ്ങനെ താരതമ്യം ചെയ്യേണ്ട, തനിക്കിഷ്ടമുള്ള ജോലി ഇന്നല്ലെങ്കില്‍ നാളെ തനിക്കും വന്നു ചേരും."
"അതു ചേരുമായിരിക്കും പക്ഷേ ഇങ്ങനെ ശമ്പളം ഒപ്പിക്കുതെങ്ങനാ ഇഷ്ടാ? അവനു മുന്നേ ഉണ്ടായിരുന്ന സി എഫ് ഓയുടെ ഇരട്ടിയാണവന്‍ കേറിയപ്പോ ചോദിച്ചു നേടിയത്. ഏഴു ലക്ഷം ദിര്‍ഹം. മാസം മുക്കാല്‍ കോടി രൂപയേ, സമ്മതിക്കണം."
"സമ്മതിക്കണം. അവന്റെ സ്കില്‍ അത്ര വലുതാണ്, അത് ഭംഗിയായി മാര്‍ക്കറ്റ് ചെയ്യാനുമറിയാം."
"ജനിക്കുകയാണെങ്കില്‍ അവനായി ജനിക്കണം, അല്ലേടോ?"
"എനിക്ക് അവനായി ജനിക്കണ്ടാ. അവന്റെ ശമ്പളം ഒരു വിജയമാണെന്ന് ഞാന്‍ പറഞ്ഞതിന്നര്‍ത്ഥം എനിക്കവനെപ്പോലെ ആകണമെന്നല്ല ചെല്ലാ"
"കിട്ടാത്ത മുന്തിരിങ്ങയ്ക്ക് ഇത്ര പുളിയോ?"
"തനിക്ക് അവനെന്ന സി എഫ് ഓയെ യേ അറിയൂ . എനിക്ക് അവന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ അറിയാം. ഞാന്‍ പരിചയപ്പെടുന്ന സമയം അവന്റെ അച്ഛനും അമ്മയും വിവാഹം വേര്‍പെടുത്താന്‍ കോടതിയിലെത്തി നില്‍ക്കുകയായിരുന്നു. ഇരുപത് വയസ്സില്‍ രാവിലേ പട്ടയടിച്ച് ദിനം തുടങ്ങുന്ന പരുവമായിരുന്നു. ഇവനെ കെട്ടാന്‍ റെഡിയായി ഒരുത്തി അവന്റെ ബാച്ചില്‍ തന്നെ ഉണ്ടായിരുന്നു. ഇവനൊപ്പം മിടുക്കിയായ ഒരു പെണ്ണ്. ഇവനു പെട്ടെന്ന് ഡിപ്രഷന്‍ തുടങ്ങിയതോടെ അവള്‍ തലയൂരി. പത്തിരുപത്തെട്ടു വയസ്സില്‍ ഇവന്‍ വേറേ കെട്ടി, അവന്റച്ഛന്‍ വയസ്സുകാലത്തു നടത്തിയ ഡൈവോഴ്സ് ഇവന്‍ പത്തു മുപ്പത്തിനാലു വയസ്സില്‍ തന്നെ നടത്തി. ഭാര്യയും കുട്ടിയും അവരുടെ പാട്ടിനു പോയി. അടുത്ത കൊല്ലം ഒരു ഹാര്‍ട്ട് അറ്റാക്ക്, ബൈപ്പാസ്. "
"ഓഹ്."
"അവനെപ്പോലെ ശമ്പളം എനിക്കും ആയാല്‍ മധുരിക്കും, പക്ഷേ എനിക്കു പ്രേമിച്ച പെണ്ണിനെത്തന്നെ കെട്ടണം, അവളും പിള്ളേരും എന്റെ വീട്ടില്‍ കാണണം, രാവിലെ എണീക്കാന്‍ മരുന്നും രാത്രി ഉറങ്ങാന്‍ സ്മാളും വേണ്ടിവരരുത്. എനിക്കെന്നും പാട്ടു കേള്‍ക്കണം, കുട്ടികളൊത്ത് കളിക്കണം, കൂട്ടുകാരൊത്ത് കറങ്ങണം, ചെടി നട്ടു വളര്‍ത്തണം, വായിക്കണം, നിറയേ അവധി വേണം, നാട്ടില്‍ ഇടയ്ക്ക് പോകണം, ചൂണ്ടയിടണം, വലയെറിയണം, കള്ളുഷാപ്പിലിരുന്ന് പാരഡി പാടണം... ഉത്തരത്തിലിരിക്കുന്നത് എടുത്തല് കൊള്ളാമെന്നുണ്ട്, പക്ഷേ വില കൂടുതലുള്ള സാധനം കക്ഷത്തീന്നു പോകരുതെന്ന് മാത്രം."
"ഹോ, എനിക്കും അതുപോലാവണ്ടാ. "
"നമ്മളൊക്കെ പഠിച്ചത് തിരുത്താനുള്ള പ്രായമായില്ലേ. രാഷ്ട്രത്തിന്റെ ഹെഡോണിക്ക് ലെവല്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റില്‍ അളക്കുന്ന തരം പുസ്തകങ്ങള്‍ നമ്മള്‍ പഠിച്ചു. അത് തിരുത്തി പുതിയ നിയമങ്ങള്‍ എഴുതണം. ഇല്ലെങ്കില്‍ വരും തലമുറയും ഈ അബദ്ധങ്ങള്‍ വിഴുങ്ങി ശര്‍ദ്ദിക്കുകയേയുള്ളു. ഷെല്ലി ടെയിലര്‍ ഹെഡോണിക്ക്- ജിഡിപ്പി ഇക്വേഷനെ രസമായി ഇങ്ങനെ പുച്ഛിച്ചിട്ടുണ്ട്
ഒരുത്തന്‍ ഗ്രാമത്തലവന്റെ അടുത്തെത്തി പരാതി പറഞ്ഞു.
"എന്റെ വീട്ടിലൊരു സന്തോഷവുമില്ല, പെമ്പ്രന്നോരു എപ്പോഴും കിടന്ന് അലച്ചുകൊണ്ടിരിക്കും, പിള്ളേരു പറഞ്ഞാല്‍ അനുസരിക്കാതെ വീടെല്ലാം അഴുക്കാക്കുന്നു. കോഴിയും പ്രാവും വീട്ടില്‍ കേറി തൂറി വൃത്തികേടാക്കുന്നു. വീടുമുഴുവന്‍ ഈച്ച. പട്ടി കേറി കിടക്കയില്‍ കിടക്കും. ഇതിനെയൊക്കെ പുറത്തിറക്കി വിടാന്‍ സ്ഥലവുമില്ല. എന്താ ഒരു വഴി?"
ഗ്രാമത്തലവന്‍ പറഞ്ഞു
"പശുവിനെക്കൂടി വീട്ടിനകത്ത് കെട്ടൂ."
അടുത്ത ദിവസം കൃഷിക്കാരന്‍ വന്നു.
"ഇപ്പോള്‍ ഒട്ടും സമാധാനമില്ല. പശു ചാണകമിട്ട് അവിടെല്ലാം വൃത്തികേട് കൂട്ടി."
"അതെയോ? എന്നാല്‍ കുതിരയെക്കൂടി വീടിനകത്തു വിടൂ."
അടുത്തദിവസം ഗ്രാമീണന്‍ നിലവിളിച്ചുകൊണ്ട് കയറി വന്നു.
"കുതിര എന്റെ ഫര്‍ണിച്ചറും ചട്ടിയും കലവും ഒക്കെ പൊട്ടിക്കുന്നു."
"ഓ. എങ്കില്‍ ആ പശുവിനെയും കുതിരയെയും തിരിച്ച് തൊഴുത്തിലാക്കിയേക്കൂ. എന്നിട്ട് നാളെ വാ, നമുക്കെന്തെങ്കിലും വഴി ആലോചിക്കാം."
അടുത്ത ദിവസം ഗ്രാമീണന്‍ സന്തോഷത്തോടെ കയറി വന്നു.
"പ്രഭോ. ഇനി ഒന്നും ചെയ്യണ്ടാ, എന്റെ വീട്ടിലിപ്പോള്‍ നല്ല സമാധാനം തോന്നുന്നു, ചാണകവും ചിനയ്ക്കലും ചട്ടിപൊട്ടിക്കലും ഒക്കെ നിന്നപ്പോള്‍ സുഖം തോന്നുന്നു."
അതുശരിയാണ്, ആപേക്ഷിക ഹെഡോണിക്സ് സിദ്ധാന്തം, അല്ലേ?
താന്‍ ലവന്റെ ജോലിയിലെ ഉയര്‍ച്ചയല്ല കണ്ടത്, ജീവിതത്തിലെ സൗഖ്യവുമല്ല, ശമ്പളം മാത്രമാണ്. പഴകിപ്പോയ പാഠപുസ്തകത്തിലെ തെറ്റായൊരു തത്വം ഇപ്പോഴും നിന്റെ മനസ്സിലുണ്ടെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. ലവന്‍ ഹാപ്പിയായിരിക്കാം, അല്ലായിരിക്കാം. പക്ഷേ അത് ഒരു തുകകൊണ്ട് നീ നിന്റെ ജീവിതത്തിലെ സന്തോഷവുമായി താരതമ്യം ചെയ്യുന്നത് തെറ്റായ കണക്കുകൂട്ടലാവും.
ഹെഡോണിക്ക് ലെവല്‍ താരതമ്യം ചെയ്യാന്‍ പാടില്ല, ശരി. പക്ഷേ ഒരളവുകോല്‍ ഇല്ലാതിരിക്കുമോ?
ഉണ്ടല്ലോ. സിര്‍ഗിയുടെ പുസ്തകം അതിങ്ങനെ വിവരിക്കുന്നു. ഒരു വ്യക്തിക്ക് അവനവനെക്കുറിച്ച് ചില ധാരണയുണ്ട് . ഏറ്റവും ചെറിയ വൃത്തമാണ് മിനിമം സെല്‍ഫ്. അത് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിങ്ങനെ ജീവന്‍ നിലനിര്‍ത്താനുള്ള കാര്യങ്ങളാവും. അതില്‍ മേല്‍ മുണ്ടില്ലാത്ത ഗാന്ധിജിയെപ്പോലെ ചെറിയ വൃത്തമുള്ളവരുണ്ട്, അയല്വക്കത്തെക്കാള്‍ വലിയ വീടു വേണമെന്ന രീതിയില്‍ അസംബന്ധങ്ങള്‍ കൂട്ടിച്ചേര്‍ത്തവരുമുണ്ട്. അതെന്തരോ മിനിമം സെല്‍ഫ് നേടുന്നതുവരെ സന്തോഷം പോയിട്ട് സമാധാനം പോലും കിട്ടില്ല.
ഇതിനു പുറത്തെ വളരെ വലിയൊരു വൃത്തമാണ് ഐഡിയല്‍ സെല്‍ഫ്. ജീവിതം കൊണ്ട് എവിടെവരെയെത്താം എന്നുള്ളതിന്റെ ഒരു ചിത്രമാണത്. വ്യക്തിയില്‍ നിന്നും വ്യക്തിയിലേക്ക് അതും മാറും. എന്റെ ഐഡിയല്‍ സെല്‍ഫില്‍ ഒരു സംതൃപ്തകുടുംബമുണ്ട്, വലിയ തരക്കേടില്ലാത്ത ജോലിയുണ്ട്, നിറയേ തമാശകളുണ്ട്, പട്ടം പറത്തല്‍ മുതല്‍ പട്ടിവളര്‍ത്തല്‍ വരെയുണ്ട്. വേറൊരാള്‍ക്ക് അത് വേറേ ചിലതായിരിക്കാം. ഈ ഐഡിയല്‍ സെല്‍ഫില്‍ എത്ര നേടി എന്നതാണ് മിനിമം സെല്‍ഫ് നേടിക്കഴിഞ്ഞ ഒരാളിന്റെ ഹെഡോണിക്ക് ലെവല്‍. വ്യക്തിഗതമായൊരു അളവല്ലാതെ പൊതുവേ അളക്കാന്‍ പറ്റില്ല. ചാക്കുണ്ണിച്ചേട്ടന്റെ ഐഡിയല്‍ സെല്‍ഫ് എന്നും കുറേ മീന്‍ കിട്ടണം, അതു വില്‍ക്കണം, അതു മൊത്തം കുടിച്ചു തീര്‍ക്കണം എന്നാണ്. അതു നേടുകയും ചെയ്യുന്നു മൂപ്പര്‍. അദ്ദേഹം ഒരായുസ്സുമുഴുവന്‍ ഒരു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകാന്‍ ശ്രമിച്ച് ഒടുക്കം അതു കിട്ടുന്നയാളിനെക്കാള്‍ അസംതൃപ്തനല്ല.
അതായത് അവനവന്റെ ഐഡിയല്‍ സെല്‍ല്‍ഫ് കൃത്യമായി അളന്ന് അതിലേക്ക് നീങ്ങാന്‍ നോക്കുന്നതാണ് ബുദ്ധി അല്ലേ?
അതേ. അത് നേടണമെന്നില്ല സന്തോഷിക്കാന്‍. അതിനായി പരമാവധി ശ്രമിക്കാന്‍ കഴിയണം, അതാണ് മാക്സിമം അറ്റൈനബിള്‍ ഹെഡോണിക്ക് ലെവല്‍.
Tuesday, April 8, 2008
ഒളിമ്പിക്സും പൊളിറ്റിക്സും
ചെല്ലാ, ഒളിമ്പിക്ക് ദീപശിഖ മനുഷ്യാവകാശപ്രകടനക്കാര്‍ അണച്ചു.
ആയിക്കോട്ടെ. ആധുനിക ഒളിമ്പിക്സിലെ ദീപശിഖാ റാലിയും പിന്നെയാ അഞ്ചു വളയത്തിന്റെ പടവും ഹിറ്റ്ലര്‍ അല്ലേ ഉണ്ടാക്കിയത്, മനുഷ്യാവകാശക്കാര്‍ അതണച്ചില്ലെങ്കിലേ അത്ഭുതമുള്ളു.
അല്ല, ലോക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭദ്ദ്രദീപം ഇപ്പോള്‍ അതല്ലേ?
തന്നേ? അപ്പോ ആ ഒലീവിലപ്രാവ് എന്തരായി?
ഇതുവരെ ദീപം കെട്ടിട്ടില്ലെന്ന് കൈരളി ചാനലില്‍ പറഞ്ഞല്ലോ?
പണ്ട് ക്യാനഡയിലും ഏഥന്‍സിലും അത് കെട്ടുപോയില്ലേ?
അന്ന് ബാക്കപ്പ് ടോര്‍ച്ചില്‍ തീ അണയാതെ ഇരുന്നല്ലോ, ഇപ്പോ ദീപശിഖ മൊത്തമായി കെട്ടെന്നാണു പറയുന്നത്.
ആരു പറയുന്നത്? ബാക്ക് അപ്പ് ലാന്റേണ്‍ പൊതു പ്രദര്‍ശനത്തിനു വരൂല്ലണ്ണാ, അത് പാരീസിലും ആരും കണ്ടതുമില്ല, അണച്ചതുമില്ല.
എന്നാലും ഇതുവരെ അതിനെ ആരും അധിക്ഷേപിച്ചിട്ടില്ലല്ലോ?
ആരു പറഞ്ഞ്? ദീപശിഖയാണെന്നു പറഞ്ഞ് അണ്ടര്‍ വെയര്‍ കത്തിച്ചു മേയര്‍ക്കു കൊടുത്ത ആസ്ത്രേലിയന്‍ വീരഗാഥയൊക്കെ ആളുകള്‍ മറന്നോ?
ഇതുകൊണ്ട് ആരു ജയിച്ച്?
എല്ലാവരും ജയിച്ച്. ദലൈലാമ ആരും ഒളിമ്പിക്സിനു ആരും തടസ്സം നില്‍ക്കരുതെന്ന് ആഹ്വാനിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഇത് നടന്നത്. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന ചൈനയുടെ വാദത്തിനു ബലം കൂട്ടാനും പിന്നെ ഒരു അയ്യോ ലവന്മാരു ഭീകരരാണേ എന്നു നിലവിളിക്കാനും ചൈനക്ക് ഒരിടം കിട്ടി. ടിബറ്റന്‍ പ്രശ്നത്തില്‍ പ്രസ്താവന ഇറക്കി പ്രതിഷേധിക്കാന്‍ കുറേ രാജ്യങ്ങള്‍ക്ക് സ്പേസ് കിട്ടി. വിമോചിത ടിബറ്റ് സ്വപ്നം കാണുന്നവര്‍ക്ക് ആ ദിനം കൂടുതല്‍ അടുത്താണന്ന്‍ തോന്നിത്തുടങ്ങി. മനുഷ്യാവകാശത്തിന്റെ സ്വര്‍ഗ്ഗം ഫ്രാന്‍സ് ആണെന്ന് അവകാശപ്പെടാന്‍ സാര്‍ക്കു വിസ്കി അണ്ണനും ഒരു ചാന്‍സ് ആയി. ഇതാണു സാര് വിന്‍-വിന്‍
ഹിലാരി പോണില്ലെന്ന്.
എങ്ങനെ പോകും, അദ്ദേഹം മരിച്ചില്ലേ?
എഡ്മണ്ട് അല്ല, ക്ലിന്റണ്‍.
അവരു പോയില്ലേലും ടീം പോണല്ലോ. മോസ്കോ ഒളിമ്പിക്സില്‍ ടീമേ പോയില്ല, ലോസാഞ്ചലസ്സില്‍ പോവാതിരുന്നു സോവിയറ്റുകാര്‍ കൊത്തിക്കെറുവ് തീര്‍ത്തപോലെ ചൈനയ്ക്കും ചെയ്യാന്‍ ഒരു ചാന്‍സ് നഷ്ടമായില്ലേ, കഷ്ടമായി.
എന്നാലും ഒളിമ്പിക്സിനിതു വന്നല്ലോ.
അണ്ണാ അതിനു മറ്റു പലതും വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ഒളിമ്പിക്ക് ടീമിലെ ഒമ്പതു പേരെ പലസ്തീന്‍ വിമോചനക്കാര്‍ ബന്ദിയാക്കുകയും പിന്നെ വെടിവച്ചു കൊല്ലുകയും ഒടുക്കം അതില്‍ അറസ്റ്റു ചെയ്തവരെ വിടീക്കാന്‍ വിമാനം റാഞ്ചിയതും ഒക്കെ ചേര്‍ന്ന മ്യൂണിക്ക് ഒളിമ്പിക്സ് ഓര്‍മ്മയില്ലേ?
അത് തീവ്രവാദം, ഇത് അതുപോലല്ലല്ല്.
തീവ്രവാദിയും മിതവാദിയും ഉത്തരവാദിയും എല്ലാം ഇതിനെ നോട്ടമിടുന്നത് ആവശ്യമില്ലാത്ത സാഹോദര്യവും അഖണ്ഡതയും മറ്റും ഇതില്‍ അടിച്ചു കേറ്റുന്നതുകൊണ്ടാണെന്നാണ് ഞാന്‍ പറഞ്ഞത്. ഒളിമ്പിക്സ് ഒരു മത്സരമാണ്. അതില്‍ പങ്കെടുക്കുന്നവര്‍ ഓരോ രാജ്യത്തിന്റെ അംഗങ്ങളാണ്, അവര്‍ വരുന്നത് പരസ്പരം തോല്പ്പിക്കാനാണ്, പല കോര്‍പ്പറേഷനുകള്‍ക്കും മീഡിയയ്ക്കും വരുമാനമുണ്ടാക്കാനാനുള്ള മാര്‍ഗ്ഗവുമാണ് ഒളിമ്പിക്സ്. അതിന്റപ്പുറത്ത് വൈകാരികമായി അതിനെ കാണുമ്പ്പോഴാണ് അതിനെതിരേ പ്രകടനം നടത്തിയാല്‍ ലോകശ്രദ്ധ പിടിച്ചു പറ്റാനാവുന്നത്.
അപ്പോ അത് എന്തിനെയാണ് അണ്ണാ പ്രതിനിധാനം ചെയ്യുന്നത്?
ഒന്നാമത് മാത്സര്യത്തെ, രണ്ടാമത് നാഷനലിസത്തെ. ഒളിമ്പിക്സ് ഉയര്‍ത്തിയ ഗ്രീക്ക് നാഷണല്‍ ഫീലിങ്ങ് ആണ് തുര്‍ക്കിയെ ആക്രമിക്കുന്നതില്‍ കലാശിച്ചത്.
അല്ലാ ഈ മാത്സര്യം കൊണ്ടല്ലേ സ്നേഹവും സമാധാനവും...
രാജ്യാടിസ്ഥാനത്തില്‍ പരസ്പരം മത്സരിച്ചു തോല്പ്പിക്കുന്നതിലൂടെ സ്നേഹം വളരുമെന്നോ? പണ്ട് പീസ് കീപ്പിങ്ങ് ആര്‍മി എന്നു കേട്ടപ്പോ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്തു പോകുന്നു "ഫൈറ്റിങ്ങ് ഫോര്‍ പീസ് ഈസ് ലൈക്ക് **ക്കിങ്ങ് ഫോര്‍ വെര്‍ജിനിറ്റി."
അല്ലടേ, എല്ലാ പാര്‍ട്ടിസിപ്പന്റിന്റെയും നാഷണലിസം വളരുമല്ലോ ഒളിമ്പിക്സുകൊണ്ട്, അപ്പോ ഏതന്‍സിലൊരു ഗെയിം നടക്കുമ്പോ ഗ്രീക്ക് നാഷണലിസവും ബെര്‍ളിനില്‍ നടക്കുമ്പോള്‍ നാസിസവും നേടുന്ന ബെനിഫിറ്റ് എന്താ?
എടേ, കണ്മുന്നില്‍ നടക്കുമ്പോള്‍, നാട്ടുകാര്‍ നടത്തിപ്പില്‍ പങ്കു ചേരുമ്പോള്‍, എന്നും കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നാഷണലിസത്തിന്റെ പത്തിലൊന്ന് നമ്മുടെ ടീം ട്രിങ്കോലാമിയിലോ ഉഗാണ്ടയിലോ പോയി മത്സരിച്ചെന്ന് കേള്‍ക്കുമ്പോ ഉണ്ടാകില്ലോ. ഒളിമ്പിക്സു പോട്ട്, ഏഷ്യാഡ് എമ്പത്തിരണ്ടെന്നു പറഞ്ഞ് നമ്മള്‍ കുപ്പായമിട്ടത് ഓര്‍മ്മയില്ലേ? അതിര്‍ത്തിയില്‍ കൊണ്ട് വയ്ക്കുന്ന വെടിയെക്കാള്‍ ഇഫക്റ്റ് ആയിരുന്നു.
ഇപ്പ മനസ്സിലായി.
എന്ത്? ചൈനയും ടിബറ്റും ഒളിമ്പിക്സും ബാക്കിയുള്ളവരും തമ്മിലെ ഇന്റര്‍കൊളാബറേഷന്‍.
എന്തരു മനസ്സിലായി?
ചൈന നാഷണലിസം വളര്‍ത്താന്‍ ആണു ഇത്രയും കാശും മൊടക്കി ഒളിമ്പിക്സ് അവിടെ കൊണ്ട് വയ്ക്കുന്നത്. അതേ ഫീലിങ്ങ് ഇല്ലാത്ത ടിബറ്റിലെ ആളുകള്‍ക്ക് ദേഷ്യം വരുന്നതും അതുകൊണ്ടാണ്. ചൈനീസ് നാഷണലിസം വളരുന്നതാണു ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് ചൊറിയുന്നത്. തന്നേ?
തന്നെ. അടിസ്ഥാനപ്രശ്നം ആളുകള്‍ക്ക് സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാത്തതല്ല, ഒളിമ്പിക്സിനതില്ലാത്തതാണ്.
Monday, April 7, 2008
രണ്ടു കാശും കൊറേ ആക്ഷേപവും വേണോ ?
സന്തോഷ് പിള്ളയുടെ ബ്ലോഗ് ഫുള്‍ ഫീഡ് തരാത്തതിനാല്‍ പോസ്റ്റുകള്‍ വായിക്കാന്‍ പറ്റാറില്ല. ഇന്ന് ചില അഭ്യാസങ്ങളൊക്കെ നടത്തിയവഴി പാര്‍ഷ്യല്‍ ആയി വായിച്ചു. തെളിഞ്ഞുകാണാത്ത ഭാഗത്ത് ഞെക്കിയപ്പോള്‍ ഫൊക്കാന എന്ന അമേരിക്കന്‍ മലയാളി സംഘടനയുടെ സൈറ്റില്‍ പ്രെസിഡന്റിന്റെ പേജില്‍ എങ്ങനെയോ എത്തിപ്പെട്ടു.
അദ്ദേഹത്തിന്റെ പടത്തില്‍ മൗസിട്ട് ഒന്നു കിണുക്കി. സാധാരണ ചിത്രത്തിലെ ലിങ്ക് പ്രൊഫൈല്‍ ആയിരിക്കുമല്ലോ, അതാവുമെന്ന് കരുതി ചെയ്ത കടും കൈ ആണ്. വന്ന പേജ് ഒരു ഇന്റര്വ്യൂ.
രണ്ടാം ചോദ്യം
കേരളത്തില്‍ വ്യക്തിതലത്തില്‍ എന്തെങ്കിലും ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ?
ഉത്തരം നല്ലകാര്യങ്ങള്‍ ചെയ്യാന്‍ വിദേശമലയാളി മുന്‍ കൈ എടുത്താല്‍ രാഷ്ട്രീയക്കാര്‍ തടയും. (അപ്പോള്‍ തലശ്ശേരി കോ ഓപ്പറേറ്റീവ് മുതല്‍ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് വരെ ഉള്ള കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ അറിഞില്ലേ?)
ചോദ്യം ആറ്
മാദ്ധ്യമരംഗത്ത് ഫൊക്കാനയുടെ സംഭാവന എന്താണ്?
അച്ചടി മാദ്ധ്യമ രംഗത്ത് ഫൊക്കാന സാന്നിദ്ധ്യം തെളിയിച്ചെന്ന് അദ്ദേഹം പറയുന്നു, എങ്ങനെ എന്ന് പറയുന്നില്ല, ദൃശ്യമാദ്ധ്യമത്തിലേക്ക് ചുവടുവയ്ക്കാന്‍ പോകുന്നെന്നും പറയുന്നു അതും എങ്ങനെയെന്ന് പറയുന്നില്ല. ഫൊകാനയുടെ സൈറ്റ് ഇംഗ്ലീഷിലാണ്, മലയാളത്തിലുള്ള ഈ ഇന്റര്വ്യൂ സ്കാന്‍ ചെയ്ത ചിത്രമായാണ്, യൂണിക്കോഡ് പോയിട്ട് ഒരു കോഡുമില്ല.
ചോദ്യം എട്ട് ഫൊക്കാനയോട് കേരള സര്‍ക്കാരിന്റെ സമീപനം എന്താണ്?
നേതാക്കള്‍ കൊടി പിടിക്കില്ലെന്ന എഴുതിയൊപ്പിട്ട ഉറപ്പു നല്‍കിയാലേ ഞങ്ങള്‍ക്ക് കാര്യമായിട്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് ഉത്തരം. അതായത് ജനങ്ങളുട ഭരണഘടനാപരമായ അവകാശം തീറെഴുതിയാല്‍ എന്തെങ്കിലും ചില്ലറ തരുമെന്നോ?
ഇതിനോട് പ്രതികരണമൊന്നുമില്ല, ചേര്‍ത്ത് വായിക്കേണ്ടും കാര്യങ്ങള്‍ മാത്രമേയുള്ളു. കേരളസര്‍ക്കാരിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇത്തരം അസോസിയേഷനുകള്‍ ചെയ്യുമ്പോള്‍, അസോസിയേഷനില്ലാത്ത സാധുക്കള്‍ ഒരു വെല്ലുവിളിയുമില്ലാതെ കഴിഞ്ഞയാണ്ട് ആയിരത്തൊരുനൂറു കോടി വിദേശനാണ്യം ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപിച്ചു. എട്ടുപത്ത് എന്‍ ആര്‍ ഐ സംരംഭങ്ങള്‍ ഞാന്‍ അറിയുന്നവര്‍ തന്നെ തുടങ്ങി. വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം. ടൂറിസം ഐ ടി സ്ഥാപനങ്ങളുമുണ്ട്. ആരോ കൊച്ചിയില്‍ അന്താരാഷ്ട്ര മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു. ഒരു ദുബായിക്കാരന്‍ നൂറ്റിയിരുപതു കോടി മുടക്കി കൊല്ലത്ത് മെഡിക്കര്‍ ടൂറിസം റിസോര്‍ട്ട് കെട്ടിപ്പൊക്കുന്നു, പത്തു കോടി രൂപയുടെ ചാരിറ്റി പ്രവര്ത്തനം സര്‍ക്കാരിനു വാഗ്ദാനം ചെയ്യുന്നു. വര്‍ഷാവര്‍ഷം വിദേശത്ത് ചെറിയ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുതല്‍ ടെലിവിഷനിലെ അവതാരകര്‍ നടത്തുന്ന അശരണസഹയാഭ്യര്‍ത്ഥനയ്ക്കു വരെ ആവുന്ന പണം അയയ്ക്കുന്നു.
ഇവരാരും നോര്‍ക്കയെയും കേരള ഗവണ്മനെന്റിനെയും ആക്ഷേപിച്ചും (തീര്‍ച്ചയായും വോട്ടര്‍ എന്ന നിലയില്‍ കുറ്റം പറയാം, ഞാനും പറയും) മുദ്രപ്പത്രങ്ങളൊപ്പിട്ടില്ലെങ്കില്‍ ഒന്നും തരില്ലെന്ന് ഭീഷണിപ്പെടുത്തിയുമല്ല കാര്യങ്ങള്‍ ചെയ്യുന്നത്.
അരി പ്രശ്നമാകുന്നു
അരിയില്ല. ഗള്‍ഫിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ആദ്യം നിറപറയും നെന്മണിയും ഡബിള്‍ ഹോശ്സുമൊക്കെ പോയി. പിറകേ ഗ്രീന്‍ വാലി തുടങ്ങിയവയും. തായ്ലന്‍ഡില്‍ നിന്നും വരുന്ന അരിയാണിനി ബാക്കിയുള്ളത്. അരിക്കെന്തുപറ്റി? പത്രത്തിലൊക്കെ കാണുന്ന പൂഴ്ത്തിവയ്പ്പ്, വെള്ളപ്പൊക്കം തുടങ്ങിയ മുടിനാരു കീറല്‍ പയര്‍നാനാഴിയാണോ അതോ അഞ്ഞാഴിയാണോ എന്ന രീതിയിലാണ് അരിയളക്കാന്‍ ശ്രമിക്കുന്നത്.
ലോകത്തിന്റെ പകുതിയും ചോറുണ്ണുന്ന ജനമാണ്. ഈ ചോറുണ്ണുന്ന പകുതിയിലാണ് പാവപ്പെട്ടവന്റെ ഭൂരിപക്ഷം. അരിക്ഷാമം തുടങ്ങിയാല്‍ ഇപ്പോഴേ അരപ്പട്ടിണിയായവന്‍ എപ്പോ വിശന്നു ചത്തെന്ന് ചോദിച്ചാല്‍ മതി.
ആയിരത്തി തൊള്ളായിരങ്ങളുടെ ആദ്യ കാല്‍ വരെ ഭക്ഷ്യക്ഷാമം ലോകത്ത് പലയിടത്തും സാധാരണമഅയിരുന്നു. ഗോതമ്പില്ലാതെ ചത്ത കോടിക്കണക്കിനു റഷ്യക്കാരും അരികിട്ടാതെ ചത്ത ചൈനക്കാരും വിയറ്റ്നാമികളും ഇന്ത്യക്കാരും ഒക്കെയാണ് ലോക നേതൃത്വത്തിനു പുതിയ നിയമങ്ങള്‍ സമ്മാനിച്ചത്. മിക്ക വിപ്ലവങ്ങളും കോളനിഭരണാന്ത്യവുമെല്ലാം വിശപ്പിന്റെ നിര്‍മ്മിതികളാണ്.
വിശപ്പ് സാമ്പത്തികശാസ്ത്രത്തിന്റെ നിയമങ്ങളെ തിരുത്തിച്ചു. രാജ്യഭാരമെന്നാല്‍ ക്ഷേമരാഷ്ട്രനിര്‍മ്മിതിയാണെന്ന് പലരും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഹരിതവിപ്ലവം ഉരുത്തിരിഞ്ഞു. ലോകധാന്യക്കൃഷി എണ്‍പതുകളില്‍ ഇരുന്നൂറു കോടി ടണ്‍ എന്ന സ്വപ്നസംഖ്യയിലെത്തി. (എല്ലാവര്‍ക്കും അരിയും ഗോതമ്പും എന്നതായിരുന്നു ഈ ടാര്‍ഗെറ്റ് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ? ലോകത്തിലെ അന്നത്തെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുപേര്‍ക്ക് വിശപ്പടക്കാന്‍ വേണ്ട അളവാണ് ഇരുന്നൂറു കോടി)
ശേഷമൊന്നേ സംഭവിച്ചുള്ളു. ലോക ജനസംഖ്യ മുന്‍പത്തെപ്പോലെ തന്നെ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
തൊണ്ണൂറുകളോടെ ജനസംഖ്യയും ധാന്യോത്പാദനവും തമ്മിലുള്ള വിടവ് വീണ്ടും കൂടിത്തുടങ്ങി. വരും കൊല്ലങ്ങളിലതു വഷളാകുകയേയുള്ളു. ജനസംഖ്യ കൂടുമ്പോള്‍ ഒരുവശത്ത് ഭക്ഷണത്തിനുള്ള ആവശ്യം വര്‍ദ്ധിക്കുന്നു, മറുവശത്ത് കാര്‍ഷികഭൂമി വീടുകളായി മാറി ഭക്ഷ്യോത്പാദനം കുറയുന്നു, പരിസ്ഥിതിക്കു ജനസംഖ്യവരുത്തുന്ന കോട്ടം മൂലം മഴയിലും മറ്റും വരുന്ന വ്യതിയാനങ്ങള്‍ വേറേയും.
ഭക്ഷ്യോത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും സര്‍ക്കാരുകള്‍ ആദ്യം ചെയ്യുക കയറ്റുമതി നിറുത്തലാക്കുകയാണ്. ഇന്ത്യ. ചൈന, ഈജിപ്ത്, വിയറ്റ്നാം എന്നീ പ്രമുഖ അരിഉത്പാദകരന്‍ കയറ്റുമതിയില്‍ ഈ വര്‍ഷം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍ പോലെയുള്ള രണ്ടാം നിരക്കാരും ഇതേപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്നു. ഫിലിപ്പൈന്‍സ്, മെക്സിക്കോ തുടങ്ങി അരിയുടെ മുഖ്യ ഇറക്കുമതിക്കാരെ
ജനത അതിന്റെ സംഖ്യ സ്വയം നിയന്ത്രിക്കുക അല്ലെങ്കില്‍ പ്രകൃതി അത് നിയന്ത്രിക്കുമെന്ന തോമസ് മാല്‍ത്തൂസിന്റെ തത്വം പുച്ഛിച്ച് തള്ളി നോട്ടസ്റ്റീന്‍ ഡയഗ്രവും മറ്റും വരച്ചും നീളം കൂടിയ ഫങ്ക്ഷനുകളെഴുതിയും എല്ലാം ഇപ്പ ശരിയാക്കാം എന്ന് പറഞ്ഞിരുന്ന പ്രായത്തിന്റെ ഇരട്ടിയായതുകൊണ്ടാണോ എന്തോ, അത്ര ശുഭാപ്തിവിശ്വാസം എനിക്കിന്നില്ല. ഒരു രണ്ടാം ഹരിതവിപ്ലവത്തിനു മാത്രം കരുത്തുള്ള ടെക്നോളജിയൊന്നും ഉരുത്തിരിഞ്ഞിട്ടില്ല ഇതുവരെ. വിത്തുകളിലും കൃഷിയിലും ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ മുഖ്യമായും ജനിതകവ്യതിയാനത്തെക്കുറിച്ചാണ്. ആഗോളതലത്തില്‍ ഭക്ഷ്യോത്പാദനത്തെ ഡിമാന്‍ഡില്‍ കൊണ്ട് മുട്ടിക്കാനും ഇനിയീ ഡിമാന്‍ഡ് ഉയരാതിരിക്കാനുമുള്ള മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടാവേണ്ടിയിര്‍ക്കുന്നു.
ഇന്ത്യ കണ്ട അവസാനത്തെ ഭക്ഷ്യക്ഷാമം ഹരിതവിപ്ലവത്തിനു തൊട്ടുമുന്നേയായിരുന്നു. അന്ന് സംസ്ഥാനങ്ങള്‍ തമ്മില്‍ അരിക്കച്ചവടം നിറുത്തിയപ്പോള്‍ മരച്ചീനിയും ജൗവ്വരിയും മക്രോണിയും കേരളത്തെ തുണച്ചു. ഇനി റബ്ബര്‍ പാല്‍ കുടിക്കേണ്ടിവരുമോ?