Tuesday, February 26, 2008
പഴഞ്ചന് പത്രോസ്
ദേവി പത്തടി ചാടുന്നു ദാ ചാടുന്നു...
അണ്ണന്‍ രാവിലേ പാട്ടുമായി ആരെ പാട്ടിലാക്കാന്‍ എറങ്ങിയത്?
പാട്ടൊക്കെ ഒരു സമാതാനത്തിനു പാടണതല്ലീ. മൊത്തം നിരാശയിലാഡേ.
എന്തരു പറ്റീ?
ഇത്രേം കൊല്ലം ഞാന്‍ അറഞ്ഞ് ജോലിയെടുത്ത്. ഒടുക്കം മോളില്‍ ഒരു ഒഴിവു വന്നപ്പോ എനിക്കൊരു ചാന്‍സ് തരാതെ പൊറത്തുന്നൊരുത്തനെ എടുത്ത്. ലവനാണെങ്കി എന്റെ പണി പോലും എന്റത്ര വൃത്തിയായി ചെയ്യാന്‍ കഴിയൂല്ലെടേ, ഞാന്‍ ആരായി?
അണ്ണന്‍ പറഞ്ഞു വരുന്നത് പത്രോസ് തത്വം.
എന്തര്?
പീറ്റര്‍ പ്രിന്‍സിപ്പിള്‍. അതായത് ജോലിക്കാരനെ താഴേയറ്റത്തു റിക്രൂട്ട് ചെയ്യുകയും അവന്റെ ഇന്‍കോമ്പീറ്റന്‍സി തുടങ്ങുന്ന പോയിന്റ് വരെ പ്രൊമോട്ട് ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്താല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും അവന്‍ എന്ന്.
ലതാണ്! എത്തറ ശരിയാണത്. ലവനെ പ്ലാന്റ് മെക്കാനിക്ക് ആയിട്ട് നിര്‍ത്തിയാല്‍ പോലും ഇന്‍കോമ്പീറ്റന്‍സി കാണിക്കും, എന്നിട്ടാ എന്റെ മോളില്‍ വച്ചേക്കണത്.
പക്ഷേ അണ്ണാ, പത്രോ ആളു പഴഞ്ചനായി.
എന്നു വെച്ചാ?
അണ്ണന്‍ ഒരാശുപത്രി സങ്കല്പ്പിക്ക്. അവിടത്തെ ഏറ്റവും മിടുക്കന്‍, കിടുക്കന്‍ സര്‍ജ്ജനെ പിടിച്ച് ഡയറക്ടറാക്കിയാല്‍ അദ്ദേഹം മികച്ച ഭരണം കാഴ്ച്ച വയ്ക്കണമെന്നില്ല, കാരണം ഡയറക്റ്റര്‍ രാവിലേ വന്ന് കത്തിയും കോടാലിയും എടുക്കുകയല്ല ചെയ്യുന്നത്, പുള്ളി പ്ലാനിങ്ങ്, ഓര്‍ഗനൈസിങ്, സ്റ്റാഫിങ്ങ്, ബജറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് അങ്ങനെ മൊത്തത്തില്‍ പഴേതുമായി ബന്ധമില്ലാത്ത കാര്യങ്ങളല്ലേ ചെയ്യണത്.
അതേ. അപ്പോ ആ പത്രോ അത്വം അനുസരിച്ച് ലവനെ ഇന്‍കോമ്പീറ്റന്‍സി തുടങ്ങി. സോ ഈ ഡോക്റ്റനെ നമുക്ക് ഹെഡ് ഓഫ് സര്‍ജ്ജറി വരെ പ്രമോട്ട് ചെയ്യാം ഡയറക്റ്റര്‍ പോസ്റ്റ് കൊടുക്കുമ്പോ ശോഭിച്ചില്ലേല്‍ ഒരു പടി താഴോട്ട് ഇറക്കി വീണ്ടും.
ലയാളെ സര്‍ജ്ജറി തലവനാക്കാം. ഒരിക്കല്‍ ഡയറക്റ്റന്‍ ആക്കിയിട്ട് ഡിമോട്ട് ചെയ്താല്‍ മനം നൊന്ത് സ്കാള്‍പല്‍ എടുത്ത് ഹരാ കിരി ചെയ്യും. അതുകൊണ്ട് അക്കളി വേണ്ട, അയാടെ കാര്യം പോട്ട്. നമ്മടെ ആശുപത്രിക്ക് ഇപ്പ ഒരു ഡയറക്റ്റര്‍ വേണം. ആരെ എടുക്കണം?
അത് നേരത്തേ പറഞ്ഞ പ്ലാനിങ്ങും കുന്തോം കൊടച്ചക്രോം അറിയാവുന്നവനെ.
അത് പഠിക്കണേല്‍ മാനേജുമെന്റ് കോളേജില്‍ പോയവന്‍ വേണ്ടേ? അവനോട് സര്‍ജ്ജറി ചെയ്യാന്‍ പറഞ്ഞാല്‍ അവന്‍ പ്യാശ വലിച്ചു കെട്ടി പായും.
നീ പറഞ്ഞത് മനസ്സിലായി, നല്ല ടെക്ക്നീഷ്യന്‍ ആയതുകൊണ്ട് മാത്രം മാനേജരാവൂല്ല, മാനേരരു നല്ല ടെക്നീഷ്യന്‍ ആവണമെന്നുമില്ല എന്ന്, അല്ലീ?
തന്നെ. ഓരോ ജോലിക്ക് ഓരോ സ്കില്‍ സെറ്റ് ഉണ്ട്. ഓര്‍ഗനൈസേഷന്‍ ഒരു പിരമിഡ് പോലെ ആണ്. താഴെ വലിപ്പം കൂടിയ ഇടത്ത് ഒരുപാട് ജോലിക്കാര്‍, അവര്‍ക്ക് വേണ്ടത് ടെക്നിക്കല്‍ സ്കില്‍. ഇച്ചിരീടെ മേളി ലൈന്‍ മാനേജുമെന്റ്. അവര്‍ക്ക് വേണ്ടത് സൂപ്പര്വൈസറി സ്കില്‍, ശകലോം കൂടെ വണ്ണം കൊറഞ്ഞടുത്ത് മാനേജ്മെന്റ്, അവര്‍ക്ക് മാനേജീരിയല്‍ സ്കില്‍, മോളില്‍ ഡയറക്റ്റന്‍ ബോര്‍ഡിനു വേണ്ടത് ലീഡര്‍ഷിപ് സ്കില്‍. അങ്ങനെ നമ്മള്‍ പിരമിഡിന്റെ തുമ്പില്‍ എത്തി. അവിടെ ഇരിക്കണ അണ്ണന്‍ സീയീയോയോ ചെയര്‍മാനോ ഒക്കെ. മൂപ്പര്‍ക്ക് വേണ്ടത് വിഷന്‍ ആണ്. താഴെയുള്ള എല്ലാ സ്കില്ലുകളും അങ്ങേരു കൂലിക്ക് എടുത്തോളും.
അപ്പ എന്റെ പടി കേറ്റം ഇവിടെ നിന്നു പോവും അല്ലേ?
ഇല്ല. അണ്ണന്‍ അടുത്ത പടിക്കു വേണ്ട സ്കില്‍ സെറ്റ് ഇപ്പഴേ റെഡിയാക്കി വയ്ക്കണം, ഏതു ലെവലില്‍ ഇരിക്കുമ്പഴും. എന്നിട്ട് ഈ ഗുണ്ടകളൊക്കെ കത്തി എടുത്ത് കാണിക്കുമ്പോലെ ഇടയ്ക്കിടയ്ക്ക് ആ സ്കില്‍ ഒന്നു പ്രദര്‍ശിപ്പിക്കാനാവുന്ന അഡീഷണല്‍ എന്തരേലും പണി ഏറ്റെടുക്കണം. അങ്ങനത്തെ ഒരു പൊസിഷന്‍ ഓപ്പണാവുന്നതും മൂത്താന്മാര്‍ പറയും "നമ്മടെ ലവന്‍ ഇവിടെ തന്നെ ഉണ്ടല്ല്, പറ്റിയ പുള്ളിയാ" എന്ന്.
ഡേ, കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ ഈ പീറ്റര്‍ പ്രിന്‍സിപ്പിള്‍ ഇത്രയും വല്യ കുന്തമായത് എങ്ങനാ?"
പത്രോസ് ആ തത്വമെഴുതിയത് രണ്ടാം ലോക യുദ്ധമൊക്കെ കഴിഞ്ഞ് ഇന്‍ഡസ്ട്രിയലൈസേഷന്‍ അങ്ങോട്ട് പച്ചപിടിച്ച് തുടങ്ങിയ കാലത്തായിരുന്നു. അന്നൊക്കെ ഓന്ത് മൂത്ത് ഉടുമ്പാകും, ഉടുമ്പ് വെളഞ്ഞ് മൊതലയാകും എന്ന രീതിയിലായിരുന്നു എക്സിക്യൂട്ടീവികള്‍ ഉണ്ടായി വരുന്നത്. ആ രീതിക്ക് വളരെ യോജിച്ച തത്വമാണ് പത്രോയുടെ പത്രികയില്‍. ഇപ്പോ കാലം ഒക്കെ മാറിയണ്ണാ, ആവശ്യമുള്ള തലത്തിനു യോജിച്ച സ്കില്ലുകള്‍ കൊച്ചിലേ പഠിക്കുക, പഠിച്ചത് പാടിക്കൊണ്ട് അടുത്തത് പഠിക്കുക എന്ന പ്രൊഫഷണല്‍ മാനേജുമെന്റ് കാലമല്ലീ.
ഡേ! നീ ആരെയാ ഓന്തെന്ന് വിളിച്ചത്?
സോറിയണ്ണാ, ആരും ചെറുതാണെന്നും വലുതാണെന്നും പറഞ്ഞതല്ല, എല്ലാവരുടെ തൊഴിലും വലുത് തന്നെയെന്നേ. വ്യാറെ ഉപമകള് ഒന്നും മനസ്സി വരാത്തോണ്ടാ.
Monday, February 25, 2008
സ്വയമ്പാര
അന്തപ്പായി ബോയ്!
പറ ദാരുവീശുകാരാ.
അതായത്, എന്റെ ടീം നല്ല പിള്ളേരാണല്ലോ.
ആണല്ലോ.
ജീവിതച്ചിലവ് കൂടുകയാണല്ലോ.
ആണല്ലോ.
കര്‍ത്തവ്യകുശലന്മാരായ എന്റെ പൈതങ്ങളുടെ മാസക്കിഴിയുടെ വലിപ്പം അല്പ്പം കൂട്ടേണ്ടേ? ഒരു ഹൈക്ക് റെക്കമന്‍ഡ് ചെയ്യണ്ടേന്ന്.
അത്ര ഭയങ്കരന്മാരാ തന്റെ പിള്ളേര്‍?
ഒരു സൂപ്പര്‍വിഷനും വേണ്ട?ഹേയ് ഒന്നും വേണ്ട.
ഗൈഡന്‍സും വേണ്ട?
ശകലോം വേണ്ട. പിള്ളേരാരാ മോന്മാര്‍!
എനിക്കറിയാന്‍മേലാഞ്ഞിട്ടു ചോദിക്കുവാ ദാര്‌വീശേ, അവന്മാര്‍ സ്വയം സെക്ഷന്‍ നടത്തിക്കൊണ്ട് പോകുമെങ്കില്‍ പിന്നെ കമ്പനിക്കു തന്നെയെന്തിനാ?
ങേ?
ങാ. നൂറുശതമാനവും വര്‍ക്ക് ഡെലിഗേറ്റ് ചെയ്താല്‍ പിന്നെ തനിക്കെന്തരിനുവ്വാ ചുമ്മാ ശമ്പളം തരണതെന്ന്.
അന്തോണീ, നീ പാരയാകുന്നു.
പാര നീ സ്വയം വയ്ക്കുകയാകുന്നു. എന്നോട് പറഞ്ഞതിരിക്കട്ട്, നിനക്ക് പിടിപ്പതു പണിയുണ്ടെന്ന് എനിക്കറിയാം. വേറെവിടെയും ഇങ്ങനെ പോയി ഓവറാക്കരുത് കേട്ടോ, എപ്പ പണി പോയെന്ന് ചോദിച്ചാ മതി.
പിള്ളേര്‍ക്കെന്തിങ്കിലും കിട്ടാന്‍ വേണ്ടി ശകലം പൊടിപ്പും തൊങ്ങലും പിടിപ്പിച്ചാല്‍ അതു തെറ്റാകുമോ?
തെറ്റാകുമോന്ന് അറിയില്ല, പറ്റ് ആകുമെന്ന് ഇപ്പ മനസ്സിലായല്ലോ? താന്‍ ചത്തു മീന്‍ പിടിക്കരുതെന്ന് കേട്ടിട്ടില്ലേ? ശരി, എല്ലാര്‍ക്കും എന്തെങ്കിലും കിട്ടുമോന്ന് ഞാന്‍ ചോദിച്ച് നോക്കട്ട്.
Sunday, February 24, 2008
വൈവാഹികം
ഡിയര്‍ സര്‍,
ശാദി ഡോട്ട് കോമില്‍ താങ്കളുടെ മകളുടെ പരസ്യം കണ്ടാണ് ഇതെഴുതുന്നത്. ഞാന്‍ മുപ്പത്തഞ്ചു വയസ്സുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. ബാംഗളൂരില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. അച്ഛനും അമ്മയും റിട്ടയേര്‍ഡ് എലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരാണ്. എന്റെ ഫോട്ടോയും ഗ്രഹനിലയും പ്രൊഫൈലിലുണ്ട്. താങ്കള്‍ക്ക് താല്പ്പര്യമുണ്ടെങ്കില്‍ എത്രയും വേഗം വിവരം അറിയിക്കുക. മകളുടെ ഫോട്ടോ കാണാനുള്ള പാസ്സ്‌വേര്‍ഡ് കൂടി അയക്കുമല്ലോ.
വിശ്വസ്ഥന്‍
ഹരീഷ് മോഹന്‍ ദാസ്.
02/12/2007, 8.10 AM (IST)
ഡിയര്‍ ഹരീഷ്,
താങ്കളുടെ ഈ-മെയില്‍ കിട്ടി. അഞ്ചാറു വര്‍ഷം മുന്നേ വീട്ടുകാര്‍ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍ താങ്കള്‍ കുറച്ചു കൊല്ലം കൂടി ഫ്രീ ആയി ജീവിക്കണമെന്നും ശേഷം പെണ്ണിനെ താങ്കള്‍ തന്നെ കണ്ടുപിടിച്ച് മാതാപിതാക്കളെ അറിയിക്കുമെന്നും പറഞ്ഞിരുന്നെന്ന് മനസ്സിലാക്കുന്നു, പക്ഷേ സാഹചര്യങ്ങള്‍ ഇത്രകണ്ട് പരിതാപകരമായെന്നും കാണുന്ന എല്ലാ പെണ്‍കുട്ടികളുടെയും പരസ്യങ്ങള്‍ക്ക് താങ്കള്‍ മൊത്തമൊന്നു വായിച്ചു കൂടി നോക്കാതെ നേരത്തേ ടൈപ്പ് ചെയ്ത് സേവ് ചെയ്ത മെസ്സേജ് കോപ്പി പേസ്റ്റ് ചെയ്തു വിടുകയാണെന്നും അറിഞ്ഞതില്‍ ഖേദമുണ്ട്. ഇനിയെങ്കിലും വൈവാഹിക പരസ്യങ്ങള്‍ മുഴുവന്‍ വായിച്ച് നല്ലതുപോലെ മനസ്സിലാക്കിയശേഷം മാത്രം പ്രതികരിക്കുക, പഠിക്കുന്ന കാലത്തേ താങ്കള്‍ക്ക് ഒന്നും ശ്രദ്ധിച്ചു വായിക്കുന്ന ശീലമില്ലായിരുന്നു, ഇപ്പോഴും മാറ്റമില്ലല്ലോ.
എന്റെ മകളെ താങ്കള്‍ക്ക് വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനു നന്ദി. പെണ്ണില്ലെന്ന് വച്ച് പെങ്ങളെ കെട്ടുമോ എന്ന് ഇതിനു മുമ്പുപഴഞ്ചൊല്ലായി പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്, ഇപ്പോള്‍ വാച്യാര്‍ത്ഥത്തിലും ചോദിക്കുന്നു. പിന്നെ താങ്കള്‍ അവളുടെ ഫോട്ടോ കാണണമെന്ന് പറഞ്ഞല്ലോ, അടുത്ത തവണ വീട്ടില്‍ വരുമ്പോള്‍ വിരുന്നുമുറിയില്‍ ഷോ കേസിനു മുകളില്‍ വച്ചിട്ടുള്ള പടത്തില്‍ നോക്കുക, താങ്കളുടെയും അമ്മയുടെയും എന്റെയും കൂടെ നില്‍ക്കുന്നത് അവളാണ്, ഒരു പാസ്സ് വേര്ഡും വേണ്ട, വെറുതേ നോക്കിയാല്‍ മതി.
വിശ്വസ്ഥന്‍
വി. പി. മോഹന്‍ ദാസ്
[ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുള്‍പ്പെട്ട സംഭവവുമായി നൂറു ശതമാനം സാമ്യമുണ്ടെങ്കിലും ഞാന്‍ എല്ലാ പേരുകളും മാറ്റിയിട്ടുണ്ട് എന്നതിനാല്‍ ഒറിജിനല്‍ വ്യക്തികള്‍ ദയവായി ദേഹോപദ്രവം ചെയ്യരുത്, വയസ്സും പ്രായവുമായി, പഴയതുപോലെ അടിയൊന്നും താങ്ങാനുള്ള ആമ്പിയറില്ല]
Thursday, February 21, 2008
മാന്യനും നല്ലവനും
ആന്റണി?
തന്നെ. നിങ്ങളാര്?
എന്റെ പേര്‍ പ്രീത. പ്രീഡിഗ്രിക്ക് നമ്മള്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, ഞാന്‍ വേറേ ബാച്ച് ആയിരുന്നു. ഓര്‍മ്മയുണ്ടോ?
എന്റെ ബാച്ചില്‍ തന്നെ ഏറെപ്പേരെയൊന്നും പരിചയമില്ല. കോളേജ് തന്നെ നല്ല പരിചയമില്ല, സ്ഥിരം ക്ലാസ്സില്‍ പോകാറുമില്ലായിരുന്നു.
അത്... പെട്ടെന്നങ്ങോട്ട്.
സാരമില്ല. എനിക്കു നിങ്ങളെ ഓര്‍മ്മയുണ്ട്. ഞാന്‍ വിളിച്ചത്, എനിക്കൊന്നു നേരില്‍ കാണണമല്ലോ.
എന്താ കാര്യം?
നേരിട്ടു കാണുമ്പോഴേ പറയാന്‍ പറ്റൂ. വരുമല്ലോ?
അടുത്താഴ്ച്ച മതിയോ?
മതി. പിന്നെ, ഒറ്റയ്ക്ക് വന്നാല്‍ മതി.
ഇതെന്താ കൊള്ളസങ്കേതത്തിലാണോ ഇയാള്‍?
സങ്കേതം നയിഫ് റോഡിലാണ്, അവിടെ എത്തിയിട്ട് ഈ നമ്പറില്‍ വിളിക്കൂ.
എത്തി. വിളിച്ചു. അവള്‍ പറഞ്ഞു തന്ന കെട്ടിടത്തിനു ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് പോലെ . ചെല്ലും മുന്നേ പരിസര വീക്ഷണം നടത്താന്‍ കെട്ടിടത്തിനു താഴെയുള്ള ചെറിയ ഇറാനിക്കടയില്‍ കയറി. അമ്പതു പൈസ നീട്ടി "ഒരു റോത്ത്‌മാന്‍സ്" എന്നു പറയും മുന്നേ തന്നെ കടക്കാരന്‍ അല്പ്പം അവജ്ഞയോടെ ചൈനീസ് അക്ഷരങ്ങളടിച്ച ഫോയിലില്‍ പൊതിഞ്ഞ ഒരു കോണ്ടം എടുത്ത് മേശപ്പുറത്തിട്ടു. സംശയം പോലും ബാക്കിയില്ലാതെ എല്ലാം തെളിഞ്ഞു കത്തി.
വീണ്ടും വിളിച്ചു.
നീ എന്തിനാണ് എന്നെ ഇങ്ങനെ ഒരു സ്ഥലത്തേക്ക് വിളിച്ചത്?
കയറി വരൂ, ഒരു കുഴപ്പവുമുണ്ടാവില്ല.
വേണ്ട, ഇയാള്‍ താഴെ വരൂ, നയിഫ് പാര്‍ക്കില്‍.
എനിക്ക് പുറത്തു പോകാന്‍ പാടില്ല.
എങ്കില്‍ ഫോണില്‍ പറഞ്ഞാല്‍ മതി.
ശരി. ഞാന്‍ ഇവിടെ എന്തു ചെയ്യുകയാണെന്ന് മനസ്സിലായല്ലോ?
മനസ്സിലായി. ഇവിടെ പെട്ടു പോയതാണോ? എങ്കില്‍ വഴിയുണ്ടാക്കാം.
അറിഞ്ഞുകൊണ്ട് തന്നെ വന്നതാണ്, പക്ഷേ ഇതില്‍ തുടരാനാവില്ല.
നാട്ടില്‍ അയയ്ക്കാന്‍ വഴിയുണ്ടാക്കാം, എനിക്കറിയാവുന്ന റെസ്ക്യൂ ഓര്‍ഗനൈസേഷനുകളുണ്ട്.
നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല, അതുകൊണ്ടാണിവിടെ വന്നത്. എന്നെ കെട്ടിച്ചു വിട്ട വകയിലും മറ്റുമായി പത്തു മുപ്പതു ലക്ഷം രൂപ കടമുണ്ട്, അച്ഛന്‍ മരിച്ചു, അമ്മയ്ക്ക് വരുമാനവുമില്ല.
ഭര്‍ത്താവും കുട്ടികളുമൊക്കെ?
ഞങ്ങള്‍ ഡൈവോഴ്സായി. കുട്ടികളൊന്നുമില്ല.
ഇവിടെ എന്തു വിസയിലാണ്?
വൈഫിന്റെ.
ആരുടെ?
അറിയില്ല.
പാസ്സ്പോര്‍ട്ട് കയ്യിലുണ്ടോ?
ഇല്ല.
പിന്നെ എന്തു ചെയ്യും?
ഞാന്‍ ബി ഏ പൊളിറ്റിക്സ് വരെ പഠിച്ചതാണ്. എന്തെങ്കിലും ജോലി ആരെങ്കിലും തന്നാല്‍ ഈ പണി നിര്‍ത്താമെന്ന് വച്ചു.
ആ പഠിപ്പുകൊണ്ട് കിട്ടാവുന്നത് ഒരു സെക്രട്ടറിപ്പണിയാണ്. അതിനു തന്നെ ഭര്‍ത്താവ് ആയി സ്പോണ്‍സര്‍ ചെയ്തയാള്‍ നോ ഒബ്ജക്ഷന്‍ എഴുതിത്തരണം. കിട്ടിയാല്‍ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ മതി, ഒരു രണ്ടു മൂവായിരം ദിര്‍ഹംസ് തുടക്കത്തില്‍ കിട്ടുന്ന ജോലി എന്തെങ്കിലും തരമാവും.
നോ ഒബ്ജക്ഷന്‍ കിട്ടുകയുമില്ല, അതു പോട്ടെ മൂവായിരം ദിര്‍ഹം കിട്ടിയാല്‍ ഞാന്‍ എന്തു നാട്ടിലയക്കും? താമസം, ഭക്ഷണം ഒക്കെ കഴിഞ്ഞ്?
ശ്രമിച്ചാല്‍ ഒരു പതിനഞ്ച് ഇരുപതിനായിരം ഇന്ത്യന്‍ രൂപ.
എനിക്കിവിടെ പത്ത് കസ്റ്റമര്‍മാര്‍ വരെ വരും, അതായത് രണ്ടായിരം ദിര്‍ഹം ഒരു ദിവസം. പകുതി ബോസ്സിനു പോകും, ബാക്കിയെല്ലാം മിച്ചം. രണ്ടര മൂന്ന് ലക്ഷം രൂപ മാസം നാട്ടിലയയ്ക്കുന്നുണ്ട്.
അത്രയും വലിയ വരുമാനം നിങ്ങളുടെ പഠിപ്പൊക്കെ വച്ച് വേണമെന്നുണ്ടെങ്കില്‍ ഇമ്മാതിരി വഴികളേ ഉള്ളു.
നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലേ എനിക്കു വേണ്ടി?
എനിക്കു പരമാവധി ചെയ്യാന്‍ കഴിയുന്നത് നിങ്ങളെ അവിടെ നിന്നിറക്കി നാട്ടില്‍ കയറ്റി വിടാനുള്ള വഴി ഉണ്ടാക്കലാണ്.
അതെനിക്കു വേണ്ട. നമ്മുടെ കൂടെ പഠിച്ച വേറേ ആരെങ്കിലും ഇവിടെയുള്ളവരുടെ നമ്പര്‍ തരാമോ, അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന് ചോദിക്കാനാണ്.
കൊടുത്താല്‍ ഞാന്‍ റെഫര്‍ ചെയ്തു എന്നാകും. ഇവളെ എങ്ങനെ ഇവിടെ കണ്ടുമുട്ടിയെന്ന് അവര്‍ വിചാരിക്കും? അല്ലെങ്കില്‍ തന്നെ വലിയ പഠിപ്പും പരിചയവും ഇല്ലാത്ത ഒരാളിനു മൂന്നു ലക്ഷം രൂപ സമ്പാദിക്കാനുള്ള എന്തു വഴി കാട്ടിക്കൊടുക്കും അവര്‍?
എനിക്ക് കൂടെ പഠിച്ച ആരെയും ഇവിടെ പരിചയമില്ല. എന്റെ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി?
-- വീട്ടിലെ --- തന്നു.
നാട്ടില്‍ വച്ചോ?
അല്ല, ഇവിടെ വന്നിരുന്നു.
പത്തറുപതു വയസ്സായ മനുഷ്യനാണ്, കെട്ടിച്ചു വിട്ട മൂന്ന് പെണ്മക്കളുമുണ്ട്. ദുബായില്‍ വേശ്യാലയം തപ്പി ഇറങ്ങിയതുമല്ല നാണമില്ലാതെ മകന്റെ പ്രായമുള്ള പരിചയക്കാരന്റെ ഫോണ്‍ നമ്പറും കൊടുത്തിരിക്കുന്നു. അല്ല, അങ്ങനെ ചിന്തിക്കാന്‍ ഞാനാര്? ഒരുത്തി സഹായത്തിന് ആരുടെയെങ്കിലും ടെലിഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് മാന്യന്‍ ചമയാനായി ഞാന്‍ കൊടുത്തില്ല, കൊടുക്കാന്‍ സന്മനസ്സു കാട്ടിയ ആ വ്യഭിചാരിക്കിഴവന്‍ തന്നെയാണോ അപ്പോള്‍ എന്നെക്കാള്‍ നല്ലവന്‍?
Wednesday, February 20, 2008
പോസ്റ്റല്ല, കാലന്‍ ബാലനു കമന്റ്.
കമന്റെഴുതാനും എനിക്ക് ഈമെയില്‍ പോസ്റ്റ് മാത്രമേ മാര്‍ഗ്ഗമുള്ളു, അതിനാല്‍ കമന്റ് അടുത്ത പോസ്റ്റായിപ്പോയി, ബാലനെ ഇവാല്യുവേറ്റ് ചെയ്ത കൂട്ടുകാര്‍ക്കെല്ലാം നന്ദി.
കാസറ്റില്‍ ഇതെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണെന്ന് കണ്ട് വണ്ടറടിച്ചു പോയി. എഴുതിയത് അനില്‍ പനച്ചൂരാനാണെന്ന് പറഞ്ഞു തന്നതിനു നന്ദി. ആരെങ്കിലും ഇതു വായിച്ച് തെറ്റിദ്ധരിച്ചെങ്കില്‍ മാപ്പ്.
പോസ്റ്റിലെ രണ്ട് ലിങ്കുകള്‍ ഒരിടത്തേക്കാണു പോകുന്നത് (എന്തരോന്തോ). ജിം റീവ്സിന്റെ ബ്ലിസ്സാഡിലേങ്ക് ലിങ്കായില്ല. ലതിനും മാപ്പ്.
കൃഷ്ണന്‍ നായരു സാറിന്റെ അത്ര ഡിസ്പരേജറാകണമെന്ന് വിചാരിച്ചില്ല, മുട്ടായി കിട്ടിയപ്പ ചുമ്മ ഒന്നു തുള്ളിയെന്നേയുള്ളു. നമുക്ക് മുട്ടന്‍ സ്വപ്നങ്ങള്‍ കാണാം, നക്ഷത്രത്തില്‍ തൊടാന്‍ ശ്രമിച്ചാല്‍ തെങ്ങിന്‍ തലപ്പിലെങ്കിലും തൊടാം. "നൊമ്പരങ്ങള്‍ കൂട്ടി വച്ച് നെഞ്ചുരുക്കി പാട്ടു തീര്‍ത്ത് പമ്പരമായി പാഴ്വഴിയില്‍ കറങ്ങിയെത്തി, കൂരയില്ല കൂട്ടരില്ല കൂട്ടിവയ്ക്കാനൊന്നുമില്ല കൂരിരുട്ടില്‍ പാതയിലെ പാട്ടുകാര്‍ ഞങ്ങള്‍..." എന്നൊക്കെ മലയാളത്തില്‍ വന്നിട്ടുണ്ട് (ബ്രഹ്മാനന്ദന്‍ പാടിയ മാനത്തു താരങ്ങള്‍ എന്ന പാട്ടിലെ വരികള്‍).
അജേഷ് ചെറിയാനേ, സംഗതി യൂ ട്യൂബിലിട്ടതിനു നന്ദി (ഇനി കോപ്പിറൈറ്റര്‍മാര്‍ ആരെങ്കിലും തിരക്കി വരുമെങ്കില്‍ ഞാന്‍ ആ വഴി പോയിട്ടില്ല, ബാ)
ചതുര്‍മാനങ്ങള്‍, വിവരങ്ങള്‍ക്ക് thanks. മനോരമയും എനിക്കു കിട്ടില്ല (എണ്ണിപ്പറയാനില്ല, ഇന്റര്‍നെറ്റിന്റെ പകുതിയും എന്റെ ആപ്പീസില്‍ ബ്ലോക്കാ, ഒരു കമന്റ് എഴുതാനായി കമ്പ്യൂട്ടറുമെടുത്ത് സൗജന്യ വയര്‍ലസ്സ് തരുന്ന കടത്തിണ്ണയില്‍ പോയിരിക്കേണ്ട അവസ്ഥയാണേ)
മായാവിയണ്ണാ, ലതിന്റെ മലയാളം എന്തരെന്ന് പിടിയില്ല, ഇങ്ങ് ഉച്ചക്കട ഭാഗത്തൊക്കെയുള്ള ഭാഷയില്‍ "മപ്പ് വാര്‍പ്പ്, യെവളെ ഒണ്ടാക്കിയോനെ സമ്മസിച്ചു കൊടുക്കണം" എന്നു പറയും. (ജനങ്ങള്‍ പ്രകോപിതരാവരുത്, ലിത് ചുമ്മ തമാശ)
പാമരണ്ണാ രതിസുഖസാരം ഞാങ്ങ് പറഞ്ഞതല്ല, ലോ മായാവിയണ്ണനാ. യൂസഫലി ഒരുപാട് നല്ല പാട്ട് എഴുതിയിട്ടുണ്ട്, ഞാന്‍ പറഞ്ഞത് അദ്ദേഹവും മറ്റ് (നല്ല) പാട്ടെഴുത്തുകാരെപ്പോലെ കാളിദാസന്‍ വരച്ച അതിരിനകത്ത് നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ്. (എന്തെന്നു മനസ്സിലാവാത്ത ശകുന്തളയുടെ നൊമ്പരത്തിനു പ്രേമമെന്ന് പേരിട്ടുകൊടുത്തത് ദുഷ്യന്തനാണേ)
Tuesday, February 19, 2008
ബാലന് ഒരു കാലന്‍!
പാവന മധുരാനിലയേ പങ്കജാക്ഷി നിലയേ
മാടനെന്ന വീരശൂര ഘോരധീര മാരനിന്നു മാലയിട്ട പ്രേമനാടകം!
പഴയൊരു പടത്തിലെ പാട്ടാണ്. എന്താണെനിക്കിത് വലിയ ഇഷ്ടമാവാന്‍ കാരണമെന്ന് ആലോചിച്ചിട്ടുണ്ട്. കെ.പി എസ്. സി കാലത്തിനു മുന്നേയുള്ള "പാവന മധുരാ നിലയേ" പാടിത്തുടങ്ങുന്ന നാടകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാലോ? കോളേജ് തമാശപ്പാട്ടായതിനാലോ? അതൊക്കെ എത്ര കണ്ടിരിക്കുന്നു സിനിമകളില്‍.
സിനിമയില്‍ പ്രേം നസീറിന്റെ ഇരട്ടപ്പേരാണ് മാടന്‍. നായികയുടെ വീട്ടുപേര്‍ പങ്കജാക്ഷി നിലയം. മാടന്‍ രഹസ്യമായി അവിടത്തെ പെണ്ണിനൊരു മാല കൊടുത്തത് കൂട്ടുകാര്‍ അറിഞ്ഞു കോളേജിലിട്ടു കളിയാക്കുകയാണ് (പാട്ട് അവസാനിക്കുന്നത് "മാടന്റെ മാല, നമ്മുടെ മാല. മാടന്റെ പെണ്ണ് നമ്മുടെ പെണ്ണ് .. എന്ന്") . ഇങ്ങനെ ഒരു സംഭവം ശരിക്കും എന്റെ കോളേജില്‍ അക്കാലത്ത് നടന്നാല്‍ കുട്ടികള്‍ എന്തു പാടുമായിരുന്നോ അതുപോലെ തന്നെ ഈ പാട്ടെഴുതിയിരിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത.
മലയാളം സിനിമപ്പാട്ടുകള്‍ക്ക് ഇല്ലാതെ പോയതും ഈ ഗുണമാണ്. ശബ്ദസൗന്ദര്യവും അര്‍ത്ഥ ഗാംഭീര്യവും തേടിപ്പോയ കവികള്‍ കാളിദാസനു ചുറ്റും കിടന്ന് വട്ടം കറങ്ങി ശ്യാമമേഘങ്ങളും കുഞ്ജ കുടീരങ്ങളും തപ്പിയെടുത്ത് കൊണ്ടുവന്നപ്പോള്‍ സിനിമാപ്പാട്ടുകള്‍ ചന്ദ്രോര്‍ക്കോദയമാഹവം നിശയുഷസ്സന്ധ്യകള്‍ എന്നൊക്കെ ചൊല്ലി മഹാകാവ്യ ബിറ്റുകള്‍ ആയി ചുരുങ്ങിപ്പോയി. മോശമെന്നല്ല, സിനിമയില്‍ പാട്ടു തന്നെ അത്യാവശ്യമല്ലല്ലോ. എങ്കിലും മലയാളിക്ക് പോപ്പ് മ്യൂസിക്ക് എന്നാല്‍ സിനിമാഗാനമല്ലേ, എലീനര്‍ റിഗ്ബി (http://en.wikipedia.org/wiki/Eleanor_Rigby ) പോലെയൊരു മലയാളം പാട്ട് നമുക്കില്ലാതെ പോയി. പുട്ടിനു തേങ്ങപോലെ കയറുന്ന ഉദ്യാനങ്ങളും വിരഹദൂതുകളും കാരണം ബ്ലിസാഡ് പോലെ ( http://www.sing365.com/music/lyric.nsf/El-Lute-lyrics-Boney-M/5293B2CEFD5E851648256B2000330BDB ) ഒരു സാധാരണ ശോകഗീതം പോലുമില്ല. ഇതെല്ലാം സിനിമയിലെ സന്ദര്‍ഭം അനുവദിക്കുന്നില്ലെന്ന് വാദിക്കാന്‍ കഴിയുന്നില്ല, എല്‍ ലൂട്ടെ ( http://www.sing365.com/music/lyric.nsf/El-Lute-lyrics-Boney-M/5293B2CEFD5E851648256B2000330BDB ) പോലെ കഥപയുന്ന പാട്ടുകള്‍ വരേണ്ടിയിരുന്ന സിനിമകളില്‍ പോലും നമ്മള്‍ അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവ് തേടി ഉഷസംക്രാന്തികളില്‍ കറങ്ങി നടക്കുന്ന യക്ഷന്മാരായിപ്പോയില്ലേ?
പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ലാതെ വാക്കുകള്‍ ഈണത്തിനകത്തു നിരത്തി വയ്ക്കുന്ന കാലം വന്നതോടെ സിനിമപ്പാട്ടുകളെ ശ്രദ്ധിക്കുന്നതും ഏതാണ്ട് നിര്‍ത്തി വരികയായിരുന്നു. ഈയിടെ ഒരു പാട്ട് കേട്ട് ആ ഒറ്റപ്പാട്ടിനായി കാസറ്റ് വാങ്ങി.
Monday, February 18, 2008
സര്‍പ്പിളം
തിരുവനന്തപുരം : മര്‍മ്മാണി മണി എന്നറിയപ്പെടുന്ന പുത്തഞ്ചിറയ്ക്കല്‍ മണികണ്ഠനെ (36) കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയായ മര്‍മ്മാണി മണി കൊല്ലപ്പെടാന്‍ കാരണം പെണ്‍വാണിഭസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് കരുതപ്പെടുന്നു. തിരുവനന്തപുരം നഗരത്തില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള... ബസ്റ്റ് സൈസിലാണ് ശവത്തിന്റെ ഫോട്ടോ, അത്രയുംഭാഗത്ത് തന്നെ നിരവധി വെട്ടുകുത്തു പാടുകള്‍ കാണാനുണ്ട്.
ആഗ്നസ് പത്രം മടക്കി വച്ചു. മര്‍മ്മാണി മണിയെ തനിക്കറിയുമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനിയെന്തു പറയാന്‍.
ആറുമണിക്ക് തിരുവനന്തപുരം, ഏഴു മണിക്കു മുന്നേ വീട്ടിലും എന്ന കണക്കു കൂട്ടലിലാണ് എറണാകുളത്തു നിന്നും നിന്നും തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത്. ആലപ്പുഴയിലെ സി പി എം സമ്മേളനം ചേര്‍ത്തല മുതല്‍ കായംകുളം വരെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു കളയുമെന്ന് എങ്ങനെ മുന്‍കൂട്ടി അറിയാന്‍. മുടുക്കില്‍ ബസ്സിറങ്ങുമ്പോള്‍ രാത്രി ഒന്നര.
ഒരാട്ടോറിക്ഷയും ഡ്രൈവറും ജംക്ഷനില്‍ ഉറങ്ങി കിടപ്പുണ്ട്.
"ജോസിന്റെ വണ്ടിയില്ലേ?"
"അവങ്ങ് പത്തു മണിക്ക് വീട്ടിപ്പെയ്." ഡ്രൈവര്‍ അവളെ സൂക്ഷിച്ചു നോക്കി. "എവിടന്ന് വരണത്?"
"ഞാന്‍ ജോസിന്റെ അടുത്ത വീട്ടിലേതാണ്, എറണാകുളത്ത് ജോലി ചെയ്യുന്നു. വരുന്ന വഴി ബസ് ജാഥയ്ക്കിടയില്‍ പെട്ട് ഒരുപാട് ലേറ്റ് ആയി."
"എന്തരാണു ജ്വാലി?" അയാള്‍ വീണ്ടും അടിമുടി നോക്കുകയാണ്.
"കോളേജ് ലക്‌ചറര്‍. "
"ഫ്വാണ്‍ ചെയ്ത് വീട്ടി പറഞ്ഞെങ്കി ആരെങ്കിലും വന്ന് ഇവിടെ നിക്കൂല്ലാരുന്നോ?"
"ഇടയ്ക്ക് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പറ്റിയില്ല."
"ഇഞ്ഞീപ്പം... ഞാങ്ങ് വീട്ടി കൊണ്ട് വിട്ടാ മതിയെങ്കി ക്യാറിക്കോ."
മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ഒരു വീട്ടിലും വെളിച്ചം പോലും കത്തി കാണുന്നില്ല.
ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തതിനൊപ്പം അയാളൊരു സിഗററ്റും കത്തിച്ചു.
"ഒരേ ഒറക്കം."
അവളൊന്നും മിണ്ടിയില്ല.
"വീട്ടി ആര് ഒള്ളത്?"
"അപ്പനും അമ്മയും."
ഒരു വീടുപോലുമില്ലാത്ത ഇടവഴിയില്‍ വണ്ടി പെട്ടെന്ന് നിന്നു.
"ന്തരിന് ചുമ്മ കത്തണത്? വണ്ടിയൊന്ന് ഓഫായതല്ലീ"
താന്‍ നിലവിളിച്ചെന്ന് ആഗ്നസ് അപ്പോഴേ അറിഞ്ഞുള്ളു.
ഓട്ടോ വീണ്ടും ഓടി തുടങ്ങി.
"പ്യാടികള് വേണ്ട. വീട്ടി തന്നെ കൊണ്ട് വിടാമെന്ന് ഞാനല്ലീ പറഞ്ഞത് പ്രിന്‍സിപ്പലേ."
"ഇഞ്ഞി വെരുമ്പ ട്രെയിനി വന്നാ മതി. ലതാവുമ്പ സ്റ്റേഷനീന്ന് ഫോണ്‍ വിളിച്ച് വീട്ടിപ്പറയാവല്ല്."
"പ്രിന്‍സിപ്പല് എര്‍ണാകൊളത്ത് ഹോസ്റ്റലില് ആണോ താമസം?"
"തോനേ ശമ്പളം തിരുവന്തോരത്തെ കോളേജിലാണോ ലവിടാണോ?"
വീട്ടു പടിക്കല്‍ ഇറങ്ങി.
"നാപ്പത്."
"വീട്ടില്‍ കയറൂ, ചായ കുടിച്ച് പോകാം."
"രാത്രി രണ്ടു മണിക്ക് വീട്ടി വിളിച്ച് കാണിക്കാന്‍ പറ്റിയൊരാളല്ല പ്രിന്‍സിപ്പലേ ഞാങ്ങ്." അയാള്‍ ചിരിച്ചു.
"എന്താ പേര്?"
"മണികണ്ഠന്‍. മര്‍മ്മാണി മണി എന്നു പറഞ്ഞാ ഇവിടങ്ങളിലൊക്കെ പൊളപ്പങ്ങ് പ്യാരാ, അതുകൊണ്ട് ഞാങ് തന്നെ രാത്രി കൊണ്ടുവിട്ടതെന്ന് ആരോടും പറയണ്ട. യെവനോ അറിയാത്ത ആട്ടോക്കാരനെന്ന് പറഞ്ഞാമതി വീട്ടി."
മര്‍മ്മാണിമണിയെന്ന് ആഗ്നസ് ധാരാളം കേട്ടിരുന്നു, അതുകൊണ്ട് ആരോടും പറഞ്ഞില്ല.
ശേഷകാലം ആഗ്നസ് "സര്‍പ്പമാകാം ഞാന്‍ വിഷം വമിക്കാമുഗ്രദര്‍പ്പവുമുണ്ടാമെനിക്കു പക്ഷേ, അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം" എന്ന ചങ്ങമ്പുഴയുടെ വരികള്‍ വായിക്കുമ്പോഴെല്ലാം മണിയെ ഓര്‍ത്തിരുന്നു, എങ്കിലും മണിയെ ഓര്‍ക്കാന്‍ വല്ലപ്പോഴും ആ വരികള്‍ അവള്‍ വായിച്ചിരുന്നെന്ന് പറഞ്ഞാല്‍ അതൊരു കള്ളമാവും.
[അപ്പൂ, ക്ഷണത്തിനു നന്ദി. ദുബായില്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്നത് ഞാന്‍ ഒളിച്ചു നിന്ന് കണ്ടോളാം.മുഖമില്ലാതെ എങ്ങനെ ഹാജര്‍ വയ്ക്കാന്‍ കഴിയും?]
Sunday, February 17, 2008
ശുകബുദ്ധി
ചാണ്ടീ, കറിയില്‍ വൈരുദ്ധ്യമില്ല. എന്നും മീനും കൊഞ്ചും കോഴീം ബീഫും.
വൈരുദ്ധ്യമല്ലണ്ണാ, വൈവിദ്ധ്യം. കിട്ടണതല്ലേ വയ്ക്കാന്‍ പറ്റൂള്ള്?
ഞാങ്ങ് ആലപ്പുഴയൊരു ഷാപ്പി പെയ്. എന്തരെല്ലാം ഒണ്ടെന്നറിയാവാ? മാക്രി, കൊക്ക്, തത്ത, ആമ, കൊളക്ക്വാഴി...
വയലൊള്ളടുത്തേ മാക്രീം കൊക്കുമൊന്നെ കാണൂ. ഇവിടിരുന്ന് ഞാന്‍ വേണേ രണ്ട് കാക്കേ എറിഞ്ഞ് തെള്ളിയിട്ട് കറി വച്ചു തരാം.
തത്ത എല്ലാടത്തുമൊണ്ടല്ല്?
തത്ത പൊത്തിലാ. ക്യാറിപ്പിടിച്ച് കൊണ്ടുവന്നാ കൂട്ടാനാക്കാം. വെയ്പ്പ് കൂലി തന്നാമതി.
എനിക്കൊക്കൂല്ലാ മരത്തി അളിഞ്ഞുപിടിച്ചു ക്യാറാന്‍.
ഇല്ലെ പോക്കു കേസില്ലേ രമ? ലവള്‍ടെ വീട്ടില്‍ രണ്ട് തത്തയൊണ്ട്.
ഒരു വെടിക്ക് രണ്ടു പക്ഷി!
ഡേ, പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത തമാശകള്‍ ഇവിടെ പറയല്ലും.
ആന്റോയേ, ഇഷ്ടപ്പെട്ടില്ലേ നീ അത് 'ഒരു ലൈംഗികത്തൊഴിലാളിക്ക് വിഹഗദ്വയങ്ങള്‍ ഉണ്ടെന്ന്' കേട്ടോ, തമാശക്കും നിയമമോ? അപ്പ പറഞ്ഞോണ്ട് വന്നത് രമയുടെ തത്തകളെ വിലയ്ക്ക് വാങ്ങി കറിയാക്കാം?
ഒരു വെടിക്ക് രണ്ടു പക്ഷി.
നിന്നോട് പറഞ്ഞതല്ലീ വെടിയെന്നവളെ വിളിക്കരുതെന്ന്.
ച്ഛേ, ഞാന്‍ ഇപ്പോ ഉദ്ദേശിച്ചത് രമയുടെ വീടുവരെ പോകുന്നവനു തത്തേം വാങ്ങാം താളിയും ഒടിക്കാം എന്നാണ്.
അതിനവളു തത്തയെ തരുവോ കൊല്ലാങ്ങ്‍?
ഇല്ലീ?
ഡേ, അവളുടെ തത്തകള്‍ മനുഷ്യരെപ്പോലെ സംസാരിക്കും.
തത്ത കേള്‍ക്കുന്ന ശബ്ദമെല്ലാം അതുപോലെ പറയും. പട്ടി കുരയ്ക്കുന്നത് കേട്ടാല്‍ അതു പറയും, മനുഷ്യന്‍ ചിരിക്കുന്നതു കേട്ടാല്‍ അതും. അല്ലാതെ അതിനു വിവരമില്ല.
തന്നേ?
പിന്നേ. തത്തകളുടെ ഐന്‍സ്റ്റീന്‍ ആയിരുന്നു ആ ടീവിയിലൊക്കെ കാണിക്കുന്ന അലക്സ്. അവനു പോലും ഭാഷയുടെ അര്‍ത്ഥം അറിയില്ല, കുറേ വാക്കുകള്‍ ഓരോ വസ്തുക്കളുമായി ബന്ധപ്പെടുത്തി പേരു പോലെ പറഞ്ഞിരുന്നെന്നേയുള്ളു.
അലക്സോ? ഞാന്‍ കണ്ടിട്ടില്ല ടീവിയില്‍.
കിരണ്‍ ടീവിയില്‍ ഡാന്‍സു മാത്രം കണ്ടോണ്ടിരുന്നാ ഇതൊന്നും കാണൂല്ല, അല്യോ ആന്റോ?
അതിനാണ്ണാ എന്റെ ഇന്റര്‍നെറ്റ് കഫേ. കമ്പ്യൂട്ടറിനോട് അലക്സ് ദി പാരട്ട് എന്നു ചോദിച്ചാ മതി, ലവന്‍ ആ ശുകാചാര്യന്റെയും അവന്റെ അമ്മ ഡോക്റ്റര്‍ ഐറീന്‍ പെപ്പര്‍ബെറ്ഗിന്റെയും പടവും വീഡിയോയും ഗവേഷണവുമെല്ലാം കൊണ്ടുത്തരും.
അവന്‍ എന്തരൊക്കെ പറയും?
പറയണത് എല്ലാ തത്തകളും പറയും, പക്ഷേ അലക്സിനോട് കുറേ പന്തുകള്‍ കൂട്ടിയിട്ടിട്ട് എത്രയെണ്ണമുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിപ്പറയും, എത്ര പച്ച പന്തോ നീലപ്പന്തോ ഉണ്ടെന്നു ചോദിച്ചാല്‍ അതും പറയും.
തള്ളേ, തത്തപ്പുലിയോ?
തീര്‍ന്നില്ലെടേ. കൂട്ടിയിട്ട പന്തുകളില്‍ ചുവന്ന പന്തില്ലെന്ന് വെയ്. അലക്സ്, ഇതില്‍ എത്ര ചുവന്ന പന്തുണ്ടെന്ന് ചോദിച്ചാല്‍ അവന്‍ "ഇല്ല" എന്നു പറയും, അതായത് പൂജ്യം എന്തെന്ന് അവന് അറിയാമായിരുന്നു.
അവങ്ങ് മനുഷ്യനെപ്പോലെ തന്നെ. ച്ഛേ നമക്ക് തത്തക്കറി വേണ്ടാ.
തത്തക്കറി വ്യാണ്ടേ? പിന്നെ പച്ചക്കറി മതിയാ?
ക്വാഴി മതിയെന്ന്. ഡേ, ഇനി കോഴിബുദ്ധിജീവിടെ കത പറഞ്ഞ് അതും മൊടക്കല്ലേ.
ഇല്ല. ഇക്ഷിതിയില്‍ പല കുക്കുടമുണ്ടത് ഭക്ഷിച്ചാലും മതിവരുവോളം.
[ഈ കഥയ്ക്കു ശേഷം രണ്ടായിരത്തേഴ് സെപ്റ്റംബറില്‍ അലക്സ് ഹൃദ്രോഗം മൂലം മുപ്പത്തൊന്നാം വയസ്സില്‍ മരിച്ചു. അവന്റെ വിക്കി പേജ് ഇവിടെ http://en.wikipedia.org/wiki/Alex_(parrot)) ]
Tuesday, February 12, 2008
ലൈഫ് ക്രിട്ടിക്കല്‍ സിസ്റ്റം
വൈകുന്നേരം സ്നേഹസദനത്തിലെ ടീവിയുടെ പിക്‌ചര്‍ ട്യൂബ് അടിച്ചു പോയി. സ്നേഹയും സദാനന്ദനും അങ്കലാപ്പിലായി. സ്നേഹ ഉച്ചത്തില്‍ പാട്ടു വയ്ച്ചും സദാനന്ദന്‍ രാവിലേ വായിച്ച പത്രമെടുത്ത് ഈയര്‍ പാനലിലെ പരസ്യം മുതല്‍ കീഴോട്ട് വീണ്ടും വായിച്ചും സമയം നീക്കി.
ബാക്കി വന്ന സമയം സദാനന്ദന്‍ മൂക്കിലെയും ചെവിയിലെയും രോമവും കൈകാലുകളിലെ നഖവും വെട്ടാനെന്ന് നടിച്ച് കുളിമുറിയില്‍ ചിലവിട്ടു.
സദാനന്ദനു ഭക്ഷണം തനിയേ വിളമ്പി കഴിക്കാന്‍ അറിയാത്തതിനാലും സ്നേഹയ്ക്ക് പാത്രങ്ങള്‍ രണ്ടു തവണയായി കഴുകാന്‍ ഇഷ്ടമില്ലാത്തതിനാലും അത്താഴം കഴിക്കാന്‍ അവര്‍ക്ക് ഒരുമിച്ച് ഇരിക്കേണ്ടി വന്നു. കഴിച്ചു തീരും വരെ മറ്റേയാള്‍ മിണ്ടാതെയിരിക്കുമെന്ന് ഇരുവരും ആശിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ല.
ഫോണ്‍ ബെല്ലടിച്ചു.
"ഏതു കഴുവേറിയാ ഈ ഉണ്ണാനിരിക്കുന്ന സമയം നോക്കി വിളിക്കണത്?" സദാനന്ദന്‍ പല്ലു ഞെരിച്ചു.
"നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട് ഈ മാതിരി വൃത്തികെട്ട വാക്കുകള്‍ ഞാനിരിക്കുന്നയിടത്ത് പറയരുതെന്ന്." സ്നേഹ പല്ലു ഞെരിച്ചു.
പിന്നെ താന്‍ പറഞ്ഞതും ഭാര്യ പറഞ്ഞതും സദാനന്ദന്‍ ശ്രദ്ധിച്ചില്ല.
പിന്നെ താന്‍ പറഞ്ഞതും ഭര്‍ത്താവ് പറഞ്ഞതും സ്നേഹ ശ്രദ്ധിച്ചില്ല.
Sunday, February 10, 2008
പോയവര്‍ വെളിവാക്കി തരുന്നത്.
മുരളീധര്‍ മഹാരാഷ്ട്രയിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ബാല്യം വിടുന്ന കാലത്തേ തോക്കുകളോട് കമ്പവും നായാട്ടില്‍ ഭ്രമവുമുണ്ടായിരുന്ന അയാള്‍ വാരികകളില്‍ ഇംഗ്ലീഷ് സിനിമകള്‍ക്ക് റിവ്യൂ എഴുതുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ അന്തസ്സുറ്റ തൊഴിലുകളിലൊന്നായ അഭിഭാഷക വൃത്തി സ്വീകരിക്കുകയും അഞ്ഞൂറേക്കറോളം ഭൂമിയുടെ ജന്മിയായി കാര്ഷികവൃത്തി നടത്തിക്കുകയും ചെയ്തുകൊണ്ട് ചെറുപ്പത്തിലേക്ക് കാലെടുത്തുവച്ച മുരളീധറിന്റെ ശിഷ്ടകാലം അയാള്‍ എങ്ങനെ ജീവിച്ചുവെന്ന് പൂരിപ്പിക്കും നമ്മുടെ കാലത്ത് ജീവിക്കുന്ന ഒരാള്‍ ഈ ജീവിതകഥയുടെ ബാക്കിഭാഗമെഴുതിയാല്‍?
യാത്രോത്സുകനായിരുന്ന മുരളീധര്‍ യാദൃശ്ചികമായാണ് ഗാന്ധിസേവ്രാഗ്രാമങ്ങളും ടാഗോറിന്റെ ശാന്തിനികേതനും സന്ദര്‍ശിച്ചത്. മടങ്ങിയെത്തിയ അദ്ദേഹം ആകെ മാറിപ്പോയിരുന്നു. "ദൈവം എന്നത് വ്യക്ത്യാധിഷ്ഠിത സങ്കല്പ്പമാണ്, എന്റെ ദൈവം സത്യം, സ്നേഹം, മനസ്സാക്ഷി, നിര്‍ഭയത്വം, സദ്ഗുണശീലം എന്നിവയാണെന്ന് തിരിച്ചറിയുന്നു..." കുടിവെള്ളമെടുക്കാന്‍ സവര്‍ണ്ണരുടെ കിണറുകളുപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ ദിവസേബ കുടവുമായി താണ്ടിപ്പോകുന്ന സ്വന്തം ഗ്രാമീണരായ ദളിതരെ മുരളീധര്‍ ദേവിദാസ് ആംതേ അന്നേ കണ്ടുള്ളു. അദ്ദേഹം തന്റെ പറമ്പിലെ കിണറുകള്‍ അവര്‍ക്കായി വിട്ടുകൊടുത്തു. സവര്‍ണ്ണരുടെ ഇടയില്‍ അതൊരു കോളിളക്കം തന്നെ സൃഷ്ടിച്ചെങ്കിലും ആംതേ തെല്ലും കുലുങ്ങിയില്ല. തന്റെ വിവാഹദിനത്തില്‍ ആംതേ സ്വന്തം സ്വത്തുക്കളെല്ലാം രാഷ്ട്രനിര്‍മ്മിതിക്കായി കൈമാറ്റം ചെയ്തു.
ഇനിയങ്ങോട്ട് എഴുതേണ്ട കാര്യമില്ല, ചെരുപ്പുകുത്തിയായി സ്വന്തം കുടുംബം പുലര്‍ത്തുകയും ചെരുപ്പുകുത്ത് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കുകയും ചെയ്ത ബാബാ ആംതേയെ, കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ വൈദ്യവിദ്യാര്‍ത്ഥിയായ ബാബയെ, നാലായിരം കുഷ്ഠരോഗികളെ പരിചരിച്ച് ആനന്ദവനത്തില്‍ ജീവിതം നയിച്ച ബാബയെ, രോഗികള്‍ക്കും അന്ധര്‍ക്കും മൂകര്‍ക്കും വിദ്യാഭാസത്തിനു സര്വ്വകലാശാല തീര്‍ത്ത ബാബയെ, അദ്ദേഹത്തിലെ സ്വാതന്ത്ര്യസമരസേനാനിയെ, പരിസ്ഥിതിപ്രവര്‍ത്തകനെ, അറിയാത്തവരില്ല.
ബാബയെന്ന ദേവദൂതനെ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിലാണ് ഗാന്ധിജിയുടെ പ്രസക്തി. ഇന്ത്യയൊട്ടാകെ അനേകം ചെറു ബാബമാരെ, സാധന മാജിമാരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗാന്ധിയിന്നില്ല, അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയവരും ഏതാണ്ട് അരങ്ങൊഴിഞ്ഞുകഴിഞ്ഞു. ഇന്നിന്റെ മക്കള്‍ നമ്മള്‍ക്ക് ആ ജീവിതങ്ങള്‍ താത്വികമായി പിഴവുകളുള്ള പഴയ നേതാക്കളുടെ അതിശയോക്തി കലര്‍ത്തിയ കഥകളായി പുച്ഛിച്ചു തള്ളാന്‍ പ്രയാസമുണ്ടാവുന്നുമില്ല. എങ്കിലും പലരും കുറിച്ചിട്ട വാക്കുകള്‍ നമ്മോട് ചിലതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
"ഞാന്‍ നിര്‍ഭയനത്രേ. ബ്രിട്ടീഷ് പോക്കിരികളില്‍ നിന്നും ഒരു സ്ത്രീയുടെ മാനം രക്ഷിക്കാന്‍ അവരോട് മല്ലയുദ്ധം ചെയ്തതിന് ഗാന്ധിജി എന്നെ 'അഭയസാധകന്‍' എന്ന് വിളിച്ച് അഭിനന്ദിച്ചു. ഗുണ്ടകളെയും വെള്ളക്കാരെയും ഭയക്കാത്ത ഞാനോ തെരുവില്‍ കിടക്കുന്ന, കൈകാല്‍ വിരലുകള്‍ അഴുകിയടര്‍ന്നുപോയ, നിരംബരനായ, പുഴുക്കള്‍ നുരയ്ക്കുന്ന ഒരു മനുഷ്യനെ ഭയക്കുന്നത്?" വഴിയിലൊരു കുഷ്ഠരോഗിയക്കണ്ട് ഭയന്നു പിന്‍വലിഞ്ഞ ദിവസം ബാബ എഴുതി. അങ്ങനെ ഒരു രംഗം കണ്ടാല്‍ ഞാനും ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടേക്കും. ഒന്നു രണ്ടു ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ രംഗം എന്നെ ഭയപ്പെടുത്തും, മനുഷ്യനെന്ന നിലയില്‍ ഞാനും നല്ലവന്‍ തന്നെയാണ്, സാമൂഹ്യസ്നേഹിയുമാണ്. പക്ഷേ അതിനുശേഷം ഞാനതു മറന്നു പോകും. എന്റെ ജോലി, വീട്, ഭാര്യ, മകന്‍...
എന്താണങ്ങനെ? "നിര്‍മ്മാണപ്രവര്‍ത്തനമില്ലാത്തവന്റെ രാഷ്ട്രീയപ്രബുദ്ധത ഷണ്ഡമാണ്" ബാബാ ആംതേ പറയുന്നു. " രാഷ്ട്രീയാവബോധമില്ലാത്തവന്റെ നിര്‍മ്മിതീത്വര വന്ധ്യവും." ഷണ്ഡമായൊരു സാമൂഹ്യാവബോധം നിരാംലംബനായൊരു സഹജീവിയെ കാണുമ്പോള്‍ എന്നെ നോവിക്കും, കാമം തീര്‍ക്കാന്‍ മോങ്ങുന്ന കഴുതയെപ്പോലെ കുത്തിയിരുന്നു കണ്ണീര്‍ പൊഴിച്ചോ രണ്ടുവരി സങ്കടമെഴുതിയോ ഞാന്‍ അതു താണ്ടി വീണ്ടും തിരിച്ചു പോകുന്നു. ചിലപ്പോള്‍ അഞ്ചോ പത്തോ പണം കൊടുത്ത് എന്തോ ചെയ്തെന്ന് എന്നെത്തന്നെ സമാധാനിപ്പിച്ചെന്നും വരാം, എന്താണീ ചെയ്യുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെ. " ദാനം ഒരുത്തനെ ഭിക്ഷക്കാരനാക്കി നശിപ്പിക്കുന്നു"ആംതേ നിരീക്ഷിച്ചു. അവനെ ഒരു മനുഷ്യനായി പുനര്‍നിര്‍മ്മിക്കനാവണം."
ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്, ആംതേയുടെ വരികള്‍ എടുത്തെഴുതുമ്പോള്‍ ഈ നാല്പ്പതാം വയസ്സിലും എനിക്കു കണ്ണീരുപൊടിയുന്നുണ്ട്. എന്റെ പ്രായക്കാര്‍ പലരും "ആ ചാരിറ്റി വര്‍ക്കര്‍." "നര്‍മ്മദ ബച്ചാവോ ആക്റ്റീവിസ്റ്റ്" എന്നൊക്കെ ബാബയെ നിസ്സാരമായി പരാമര്‍ശിച്ചാണു കേള്‍ക്കാറ്.
(ആംതേയുടെ ജീവചരിത്രം http://mss.niya.org/people/baba_amte.php എന്ന ലിങ്കില്‍ നിന്നും വായിക്കാം . നൂറാം പോസ്റ്റില്‍ ആശംസകളും നിര്‍ദ്ദേശങ്ങളുമെഴുതിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഉമേഷ്, ഞാന്‍ മെയില്‍ അയച്ചു.)
Sunday, February 3, 2008
വല്ലഭന്റെ പുല്ല്
നെല്ലിക്ക പോലെ രൂപയ്ക്ക് പതിനാറ് വാങ്ങാന്‍ കിട്ടുന്ന സാധനമാണ് പി സി മോണിറ്ററിന്റെ ഫ്യൂസ്. എന്തു ചെയ്യാം, ലത് അടിച്ചു പോയാല്‍ സിറ്റി വരെ പോയാലേ വാങ്ങാന്‍ പറ്റൂ. കൈനെറ്റിക്ക് വച്ച് ഷാനവാസിന്റെ ഹോണ്ടയില്‍ തിരിച്ചു.
പോണവഴി ദേ കിളിര്‍ത്തു നില്‍ക്കുന്നു മുട്ടന്‍ ഒരെലക്ട്രിക്കല്‍ ആന്‍ഡ് എലക്ര്ടോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റ്. ഇതെപ്പ വന്ന് എന്നാശ്ചര്യത്തില്‍ പറഞ്ഞു ഷാനവാസ് സ്കൂട്ടര്‍ അകത്തോട്ട് വെട്ടിക്കേറ്റി.
നിരനിരയായി ടി വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, മ്യൂസിക്ക് സിസ്റ്റം, ഭയങ്കര കട.
ഒത്ത നടുക്ക് ചാരി വച്ചേക്കുന്നു ലവനെ. മാതാവേ ലവനും ജോലി കൊടുക്കുന്ന മഞ്ഞപ്രാന്തു പിടിച്ച മൊതലാളിയോ. ലവനെ അറിയാത്തവരാരുമില്ല. അങ്ങ് കുളത്തൂരു കോളേജു മുതല്‍ ഇങ്ങ് വെട്ടുകാട് വരെയുള്ള ചെറുപ്പക്കാരെല്ലാം കണ്ടിരുന്ന മാദകവും സുന്ദരവുമായ സ്വപ്നങ്ങളിലെല്ലാം അളിയന്‍ വേഷം കെട്ടിയിരുന്നവന്‍ ലവന്‍. അവരെല്ലാം ചോരയും കണ്ണീരും ചാലിച്ചെഴുതിയ പ്രേമലേഖനങ്ങള്‍ അവന്റെ ചേച്ചിക്ക് കൊടുക്കാന്‍ ദ്രവ്യമായും പാനീയങ്ങളായും കമ്മീഷനടിച്ച് ലാവിഷായി ജീവിച്ചിരുന്ന, പഠിപ്പും പിടിപ്പുമില്ലാത്ത ഒരണ്ണന്‍ കൊണ്ണി പയല്. സുരസുന്ദരിയായ ലവന്റെ ചേച്ചിയെ വീട്ടുകാരു കെട്ടിച്ചു വിട്ടതില്‍ പിന്നെ ഈ അളിയന്‍മാമയെ തിരുവന്തോരം മറന്നു പോയി.
"ഡേയ്, നീയിപ്പ ഇവിടാണോ ജ്വാലി?"
ലവന്‍ ജാഡയിലൊന്ന് ചിരിച്ചു.
"ഉം. ഇത് നമ്മട കടകള് തന്നെ. "
ഇതിനു മുടക്കാന്‍ മാത്രം കാശ് പെങ്ങള്‍ക്ക് കൊറിയറായി നിന്ന് ഇവന്‍ ഉണ്ടാക്കിയോന്ന് അന്തം വിട്ട് നിക്കുമ്പോ അവന്‍ പറഞ്ഞു
"പെങ്ങളെ ഫര്‍ത്താവാ കാശു മുടക്കിയിരിക്കണത്."
"അപ്പം നീ ഡയറക്റ്ററോ മാനേജരോ?"
"ഡയറക്റ്ററ് അളിയന്‍ തന്നെ, അളിയനും ചേച്ചീം അങ്ങ് അമേരിക്കേലാ. മാനേജരു വ്യാറെയൊണ്ട്, ഞാങ്ങ് ഇങ്ങനെ മൊത്തത്തില്‍ ഒരു മേല്‍ നോട്ടത്തിനിവിടെ..."
"നഹി തേ സകലം തവ ബാഹുബലം
ഭഗിനീ ഭഗ ഭാഗ്യ ഭവോ വിഭവ.."
"ആന്റോണ്ണന്‍ എന്തര് സംസ്കൃതത്തി പറയണത്?"
"ഒക്കെ നന്നായി വരട്ടേന്ന് പ്രാര്‍ത്ഥിച്ചതാ."
"ഭാഗ്യം ഭവ എന്നൊക്കെ കേട്ടപ്പ എനിക്കും തോന്നി."
കടേന്നിറങ്ങുമ്പോ ഷാനവാസ് നിരാശയോടെ പറഞ്ഞു
"ലവള്‍ എന്തര് നല്ല പെണ്ണാരുന്ന്, യാതോ വിവരദോഷിയാണ് കെട്ടിയതെന്ന് തന്നെ തോന്നണത്."
" അതെന്തര്?"
"ഈ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പയലിനെ കടേ കേറ്റി നിര്‍ത്തിയതീന്ന് മനസ്സിലാവൂല്ലേ അയാള്‍ക്ക് വിവരമില്ലെന്ന്? കച്ചോടം ചെയ്ത് കട എവന്‍ മുടിക്കൂല്ലേ?"
"എനിക്കു തോന്നണത് അയാള്‍ ഒരു വല്ലഭനാണെന്നാ. നീ ശ്രദ്ധിച്ചോടേ, ലവനു ഒരു സ്ഥാനവും കൊടുത്തിട്ടില്ല, അതിനൊക്കെ വേറേ ആളുണ്ട്. പിന്നെ ലിവനാകുമ്പോ കാശ് അടിച്ചു മാറ്റാനോ മറ്റോ ഉള്ള വിവരവുമില്ല. ഒരു പണീം വേറേ കിട്ടാത്തതുകൊണ്ട് എന്തരേലും ചില്ലറ കൊടുത്താലും മതിയല്ല്?"
"അതല്ല ചെല്ലാ, ഈ പന്ന അളിയനെ ലവിടെ കേറ്റി ഇരുത്തീട്ട് ലവടെ ലവന് എന്തരു കിട്ടാങ്ങ്?"
"ഷാനവാസേ, ദുബായില്‍ എന്റെ ഫ്ലാറ്റിനടുത്ത് ഒരു നൈറ്റ് ക്ലബ്ബുണ്ട്. ലതിന്റെ ഉള്ളിലേക്ക് ക്യാറണ വഴീല്‍ ഒരു ആര്‍ച്ച് വേ മെറ്റല്‍ ഡിറ്റക്റ്റര്‍ വച്ചിട്ടുണ്ട്, വരണവര്‍ ലതിലൂടെ ഞൂന്ന് കേറണം. ഈ സാധനം ചുമ്മ വച്ചിരിക്കുകയാ, വര്‍ക്ക് ചെയ്യണതല്ലെന്ന് സ്റ്റാഫിനും ഞങ്ങള്‍ സ്ഥിരം വായിനോക്കികള്‍ക്കും അറിയാം, പക്ഷേ ലതുകൊണ്ട് വല്യ പ്രയോജനമുണ്ട്. ലതിങ്ങനെ നാട്ടിയിരിക്കണത് കാരണം ഒരുത്തനും കത്തിയും തോക്കും വാളുമൊന്നും കൊണ്ട് ലങ്ങോട്ട് വരാന്‍ ധൈര്യപ്പെടൂല്ല. ഏത്?"
"ഓ ഒള്ളത്. ചെല കടകളില് ചുമ്മാ പ്യാടിപ്പിക്കാന്‍ അടിച്ചു പോയ ഒരു സര്‌വെയിലന്‍സ് ക്യാമറ വച്ചേക്കണത് പോലെ ഒരു പുല്ല് അളിയനെ വച്ചിരിക്കുവാ ലവടെ ലവന്‍ എന്ന് അല്ലീ?"
"തന്നെ."