Thursday, October 18, 2007

പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍

ഓര്‍ക്കാപ്പുറത്താണ്‌ ഞാന്‍ മുടുക്ക് കടന്ന് പ്രത്യക്ഷപ്പെട്ടത്.
ഗാര്‍ബേജ് ഷൂട്ടിലെ കൂറ്റന്‍ വേയ്സ്റ്റ് തൊട്ടിക്കു മുകളില്‍ ഇരുന്ന
മനുഷ്യന്‍ ഞെട്ടിപ്പോയി.
"സാബ്, ഞാന്‍ ഇതില്‍ പഴയ കാര്‍ട്ടണ്‍ ഉണ്ടെങ്കില്‍ എടുക്കാന്‍ വന്നതാണ്‌."

വെപ്രാളത്തില്‍ തിരുകിയതുകൊണ്ടാവും ചീട്ടിത്തുണികൊണ്ടുള്ള അയാളുടെ
കാല്‍സരായിയുടെ പോക്കറ്റില്‍ ഒരു ബര്‍ഗര്‍ ബണ്ണിന്റെ കഷണം പുറത്തേക്കു
കാണാനായി.
"അതിനെന്താ, കാര്‍ട്ടണ്‍ പെറുക്കിക്കോളൂ."

എന്റെ മൊബൈല്‍ഫോണ്‍ മണിയടിച്ചു.
"ഹലോ, അതേ ആന്റണിയാണ്‌. ഞാന്‍ നേരത്തേ വിളിച്ചത് ഒരു കാര്യം
ചോദിക്കാനാനായിരുന്നു. ഇവിടെ അടുത്ത് ഒരു സര്‍ദാര്‍ജിമാരുടെ ഒരു
ഗുരുദ്വാരയില്ലേ ആരു ചെന്നാലും വൈകിട്ട് സൗജന്യഭക്ഷണം കൊടുക്കുന്നത്.
അതെവിടെയാണ്‌? ഞാന്‍ ഇന്നൊന്നും വച്ചുണ്ടാക്കിയില്ല അവിടെ കഴിക്കാമെന്ന്
വച്ചിട്ടാണേ."

"എവിടെ....ല്‍ ആണോ. ഓക്കേ, ആര്‍ക്കും പോകാമല്ലോ?"

ഞാന്‍ നടന്നു നീങ്ങി കഴിഞ്ഞിരുന്നു.
"ആന്റോ തന്നെയല്ലേ ഇത്? എന്നെ നേരത്തേ നീ വിളിച്ചില്ലല്ലോ? എന്താടോ നീ
ഹിന്ദിയില്‍ സംസാരിക്കുന്നത്? ഏതു സര്‍ദാര്‍ജിമാരും ഭക്ഷണവും?
എനിക്കറിയില്ല."

"എനിക്കറിയാവുന്നതുകൊണ്ടല്ലേ എവിടെയാണെന്ന് ഞാന്‍ തന്നെ പറഞ്ഞത്. അത്
പക്ഷേ ഇങ്ങനെ അല്ലാതെ പറഞ്ഞാല്‍ വിശപ്പിനും തകര്‍ക്കാനാവാത്ത ഒരു
മനുഷ്യന്റെ അഭിമാനം വീണു പോയേനെ . നീ അത് വിട്ട് വിളിച്ച കാര്യം പറയ്"
മലയാളത്തിലേക്ക് സ്വിച്ചോവര്‍ ചെയ്തു.

എന്റെ ഫോണ്‍ സംഭാഷണം അയാള്‍ ശ്രദ്ധിച്ചു കാണുമോ ആവോ. ആകാവുന്നത്ര
ഉച്ചത്തില്‍ പറഞ്ഞിട്ടുണ്ട്.

11 comments:

സുല്‍ |Sul said...

ചിലവില്ലാത്ത ഉപകാരം. പക്ഷെ എത്ര പേര്‍ ചെയ്യും ഇത്?

-സുല്‍

R. said...

'പ്രിന്റഡ്' കമ്മ്യൂണിക്കേഷന്‍?

ഭയങ്കരായി ടച്ച് ചെയ്തു.

simy nazareth said...

അയാള്‍ക്ക് പ്രിറ്റന്‍ഡഡ് കമ്യൂണിക്കേഷനാണെന്ന് മനസിലായിക്കാണുമോ ആവോ. എന്തായാലും നന്നായി.

ശ്രീ said...

വളരെ നല്ല കാര്യം... നമുക്കൊരു നഷ്ടവും വരാത്ത ഒരു വലിയ ഉപകാരം... അഭിനന്ദനങ്ങള്‍‌ സുഹൃത്തേ...
:)

കൊച്ചുത്രേസ്യ said...

പോയത്‌ വെറുമൊരു കോളിന്റെ പൈസ..കിട്ടാനുള്ളതോ ഒരു മനുഷ്യനു വയറു നിറയെ ഭക്ഷണം...നന്നായിട്ടുണ്ട്‌

സു | Su said...

ഇങ്ങനെയൊക്കെ ചെയ്യണം അല്ലേ? നല്ല കാര്യം. പറ്റിക്കുന്നവരും ഉണ്ട്. ഫോണില്‍ പറയുന്നതും കേട്ട് നോക്കാന്‍ പോയാല്‍ പുലിവാല് പിടിക്കും.

ദിലീപ് വിശ്വനാഥ് said...

മനുഷ്യാ..നിങ്ങള്‍ ഒരു പുണ്യമാണ്.
എന്റെ കണ്ണുനിറഞ്ഞോ.... ഏയ് ഇല്ല.

Jay said...

നല്ലത്...അത്രമാത്രം

പ്രിയ said...

entha parayendathu? ariyilla. kannu nanayichu.athariyam

Cartoonist said...

അനോണ്യാന്‍,
ചില്ലറ ബഹളം നടന്നുകൊണ്ടിരിക്കുന്ന ഒരു ബ്ലോഗില്‍നിന്നാണ് താങ്കളെക്കുറിച്ചുള്ള വളരെ നല്ല സൂചനകള്‍ കിട്ടിയത്.അതിന്നലെ.

ആദ്യ പേജില്‍ കണ്ടതത്രയും അപ്പൊത്തന്നെ വായിച്ചു. ചെറിയ സംഭാഷണങ്ങളിലൂടെ എത്ര മനോഹരമായാണ് മാഷ് എഴുതുന്നത് !

ഈ കഥയോ !

വളരെ നന്ദി ! ഞാന്‍ അപ്പപ്പൊ സന്ദര്‍ശിച്ചോളാം. :)

kARNOr(കാര്‍ന്നോര്) said...

ഒരു ബഷീറിയന്‍ ഭാഷ .. നന്നായിരിക്കുന്നു