വടക്ക് വന്മലയും തെക്ക് തെന്മലയും കിഴക്ക് കിമ്മലയും പടിഞ്ഞാറു പമ്മലയുമാണത്രേ ആ എഴുത്തിന്റെ അതിരുകള്‍. എന്നുവച്ചാല്‍ സത്യത്തിലില്ല ഒരതിര്‍ത്തിയുമെന്ന്. അന്തവും കുന്തവുമില്ലാത്ത അത്ഭുതമാണ് വി കെ എന്‍ കൃതികള്‍.
വാക്കുകള്‍ ഒരായിരം കട്ടുകളുള്ള ഓരോ തല ചെരിച്ചു നോട്ടത്തിലും പുതിയൊരു തരം വെളിച്ചം പ്രതിഫലിപ്പിക്കുന്ന വജ്രം പോലെ. എന്തുണ്ടെന്ന് നമ്മള്‍ വിചാരിക്കുന്നോ അതത്രയും തെളിഞ്ഞു വരുന്ന മാന്ത്രികക്കണ്ണാടിയാണ് വി കെ എന്റെ എഴുത്ത്. ഒരേ കഥ വായിക്കുന്നവരിലെ ക്യാപിറ്റലിസ്റ്റ് അതിലൊരു കമ്യൂണിസ്റ്റിനെയും, സഖാവ് മറിച്ചും സ്ത്രീപക്ഷക്കാരി ആണ്‍പന്നപ്പന്നിയെയും ദളിതപക്ഷക്കാരന്‍ ബ്രാഹ്മണ്യകീര്‍ത്തനവും സ്മാര്‍ത്തന്‍ തിരിച്ചും ഒക്കെ അതില്‍ കാണുന്ന രീതിയിലാണാ പദവിന്യാസം പലയിടത്തും.
വി കെ എന്നിനെ അറിയാനല്ലാതെ അളക്കാന്‍ ആരും ശ്രമിക്കാറില്ല. നാഴിയില്‍ പറ കൊള്ളിക്കാനാവില്ലല്ലോ. ഇഷ്ടം പോലെ ഉദ്ധരണികള്‍ എമ്പാടും കേള്‍ക്കാനാവും എന്നാല്‍ ആ എഴുത്തിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങള്‍ കാണാറില്ല. അദ്ദേഹം മരിച്ച സമയത്ത് കിട്ടാവുന്നയത്ര ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വാങ്ങി നോക്കി, പ്രതീക്ഷിച്ചതുപോലെ തന്നെ വി കെ എന്നിനെ പരിചയപ്പെട്ട കഥകളും ഓര്‍മ്മക്കുറിപ്പുകളുമല്ലാതെ ഭാഗികമായെങ്കിലും ആ എഴുത്തിനെ വിശകനം ചെയ്യാന്‍ എം എന്‍ വിജയന്‍ മാഷും എന്‍ എസ് മാധവനുമല്ലാതെയാരും ശ്രമിച്ചുപോലുമില്ല.
തര്‍ജ്ജിമ ചെയ്യാനാവാത്തയത്ര സങ്കീര്‍ണ്ണമാണ് വീ കെ എന്റെ വരികളും ആശയങ്ങളും.
"ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്? വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണു പേടി" എന്നതിനെ ഏതുഭാഷയില്‍ നിന്നും എന്തു രീതിയില്‍ തര്‍ജ്ജിമ ചെയ്യും? കിഴക്കു വെള്ള കീറിയപ്പോള്‍ പയ്യന്‍ പായ ചുരുട്ടി എഴുന്നേറ്റു, അങ്ങനെ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നു കണ്ട് വീണ്ടും കിടന്നു പിന്നെ എഴുന്നേറ്റ ശേഷം പായ ചുരുട്ടിയതിനു എങ്ങനെ മലയാളഭാഷയ്ക്കപ്പുറത്തേക്ക് കൊണ്ടുപോകും?
ജിംനേഷ്യത്തിലെ പഞ്ചിങ്ങ് പവര്‍ മീറ്റര്‍ പോലെയാണ് വി കെ എന്‍ കൃതികള്‍. വായനക്കാരന്റെ മനസ്സിന്റെ സ്ട്രൈക്ക് പവര്‍ അനുസരിച്ച് കൂടിയും കുറഞ്ഞുമുള്ള റീഡിങ്ങ് കിട്ടുന്നെന്നല്ലാതെ അതിന്റെ അവസാനത്തെ ഉയരം വരെ എത്തിക്കാറില്ല, എത്തിക്കാന്‍ കഴിയുന്നവര്‍ ഉണ്ടാവില്ല, അതില്‍ സ്വയം അളക്കുന്നെന്നല്ലാതെ അതിരോടതിരു കാണേണ്ടത് ഒരത്യാവശ്യവുമല്ല. എയര്‍ഫോഴ്സ് ഒന്നിന്റെ അമ്പതു ശതമാനം തിരുവനന്തപുരത്ത് വന്നിറങ്ങിയെന്ന് വായിക്കുമ്പോള്‍ എയര്‍ഫോഴ്സ് വണ്‍ എത്രയെണ്ണമുണ്ടെന്ന് അറിയില്ലെങ്കിലും തുടര്‍ വായനക്കൊരു തടസ്സവുമില്ല.
സത്യവും സങ്കല്പ്പവും ശാസ്ത്രവും ചരിത്രവും തത്വചിന്തയും വെറും തമാശകളും എല്ലാം കൂടിക്കുഴച്ച് ഒരുപാടെഴുതി, താന്‍ ജീവിച്ചിരുന്ന കാലത്തിനും മുന്നേ ഒരു വിശ്വസാഹിത്യകാരന്‍ നമുക്കിടയിലൂടെ കടന്നു പോയി. അവാര്‍ഡുകള്‍ക്കും ആസ്വാദനങ്ങള്‍ക്കും എത്താനാവുന്നതിലും ഉയരത്തിലൂടെ.
(നൂറാമത്തെ പോസ്റ്റ് വി കെ എന്‍ ചരമവാര്‍ഷികത്തിനു പബ്ലിഷ് ചെയ്യണമെന്ന് കരുതിയിരുന്നതാണ്. വെപ്രാളത്തിലൊരു നൂറു തികയ്ക്കാന്‍ ശ്രമിച്ചിട്ടും താമസിച്ചു പോയി.