Sunday, October 30, 2011

മാപ്പ്

സാര്‍, അകത്തോട്ട് വന്നോട്ടോ?
വരൂ, മാപ്പ് തരൂ.

മാപ്പല്ല സാര്‍, ഇത് ഒരു ടൂള്‍ ബോക്സാ.
അതല്ല, ചില തെറ്റുകള്‍ പറ്റിപ്പോയിട്ടുണ്ട്. മാപ്പ് ചോദിച്ചതാ. ആട്ടെ താന്‍ ആരാ?

സാറേ, ഞാന്‍ എലക്ട്രീഷ്യനാ. സാറിന്റെ ഓഫീസില്‍ പ്ലഗ്ഗിന്റെ ഫ്യൂസ് പോയെന്ന് പറഞ്ഞ്. അത് മാറ്റിയിടാന്‍ വന്നതാ.
പ്ലഗ്ഗിന്റെ ഫ്യൂസ് പോയതിനു മാപ്പ്. ചില സാഹചര്യങ്ങളില്‍ അങ്ങനെ പറ്റിയതാണ്‌.

പ്ലഗ്ഗാകുമ്പോ ചിലപ്പോ എരിഞ്ഞ് പോകും. അതിനു മാപ്പെന്തിനാ സാറേ, അതും എന്നോട്? ഇതെന്റെ വീടൊന്നുമല്ലല്ലോ.
മാപ്പ് പറഞ്ഞ് പറഞ്ഞ് ഇപ്പോ എന്തിനൊക്കെയാ പറയേണ്ടതെന്ന് അറിയാതായെടോ. താന്‍ വേഗം മാറിയിട്, കുറേ മാപ്പ്, അല്ല സന്ദര്‍ശകര്‍ കാത്തിരുപ്പുണ്ട്.

ആയിക്കോട്ടെ സാറേ, ദാ ഇപ്പോ കഴിയും.
അത് മാറിയിട്ടേച്ചും പോണ മുന്നേ താന്‍ ആ "മാനസ്വേശ്വരീ മാപ്പു തരൂ" എന്ന പാട്ടൊന്നു വയ്കണേ.
മാനസേശ്വരി ആരാ സാറേ?

അവള്‍ ആരാണെന്ന് ആര്‍ക്കറിയാം, ആ മാപ്പു തരൂ എന്ന ഭാഗം കേള്‍ക്കുമ്പോ എന്തൊരു ഫീലിംഗ്സ് ആണ്‌. ഞാണിന്മേല്‍ കളിക്കുന്നവന്റെ ടെന്‍ഷന്‍ തനിക്കറിയില്ലെടോ.
അതിനു സാറു കളിക്കുന്നില്ലല്ലോ, ഞാണേല്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുവല്ലേ.

ആണോ എങ്കില്‍ അതിനും മാപ്പ്. എടോ മാപ്പു തന്നെന്ന് ഒന്നു പറഞ്ഞേച്ച് പോകാന്‍.
അത്ര നിര്‍ബന്ധമാണേല്‍ സാറിനു ഞാന്‍ മാപ്പ് തന്നിരിക്കുന്നു.

സന്തോഷമായെടോ, കുറേ മാപ്പ് ഞാന്‍ ചോദിച്ചെങ്കിലും കിട്ടിയത് ഇതാദ്യമായിട്ടാ. താന്‍ ചെല്ല്.

Saturday, October 29, 2011

വൈ?

അണ്ണാ.
എന്താ ചെല്ലാ?

എന്തരണ്ണാ നടക്കണത്?
എന്തര്‌ നടക്കണെന്ന്?

അല്ല നിയമസഭേലും പൊറത്തുമൊക്കെ.
നീ പിന്നെന്തരു നടക്കുമെന്നാ പ്രതീക്ഷിച്ചത് അമ്പീ?

അല്ല, നടക്കുമെന്ന് പ്രതീക്ഷിച്ചതൊക്കെ നടക്കണ്‌. അതുമാത്രമല്ലല്ലോ ഇപ്പ. അപവാദ പ്രചരണം, അസഭ്യ പ്രസംഗം, ജാതി വിളി, കള്ളക്കഥ, ഫയങ്കര വ്യക്തിഹത്യ. ഇതൊക്കെ പ്രതീക്ഷിച്ചില്ല. ഇതിപ്പ ആദ്യമായിട്ടല്ലല്ല് കേരളം വലത്തോട്ട് പിടിച്ചത്. പണ്ടൊന്നും ഇത്രയും കണ്ടിട്ടില്ലാത്തോണ്ട് ഇത്രയും പ്രതീക്ഷിച്ചതുമില്ല.

ചെല്ലാ, പ്രകടന പത്രികയ്ക്കു പകരം ക്രൈം വാരിക വിതരണം ചെയ്ത് വോട്ടു ചോദിച്ചപ്പോള്‍ കുത്തിയവര്‍ക്ക്..
ക്രൈം വാരികയിലെപ്പോലെയുള്ള വാചകങ്ങളും കഥകളും കേള്‍ക്കേണ്ടിയും വരുമെന്ന്, അല്ലേ?

തന്നെ. ഒരലേല്‍ കേറിയിരുന്നിട്ട് ഒലക്കയ്ക്ക് തലയ്ക്ക് കിട്ടിയെന്ന് കരഞ്ഞിട്ടെന്തു കാര്യം ചെല്ലാ, ആരെങ്കിലും നിര്‍ബന്ധിച്ചോ അവിടിരിക്കാന്‍.

Monday, October 24, 2011

വോട്ടിങ്ങ് പാറ്റേണ്‍


അണ്ണാ, മാറിമാറി ഇടതും വലതും ഭരണത്തിലെത്തുന്നത് എങ്ങനെയാണ്‌?ചെല്ലാ, കേരളത്തില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടര്‍മാരുണ്ട്. പക്ഷേ ഭൂരിപക്ഷം വലതുപക്ഷത്തിനൊപ്പം, അല്ലെങ്കില്‍ സ്വന്തംപക്ഷമെന്തെന്ന് അറിയാതെ അവിടെ നിലയുറപ്പിച്ചവരാണ്‌.അപ്പോള്‍ പിന്നെ ഇടയ്ക്കിടയ്ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ വരുന്നതെങ്ങനെ?നിനക്ക് എറക്കം ശിവനെ ഓര്‍മ്മയുണ്ടോ?

പിന്നില്ലേ.ശിവന്റെ വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമേയുള്ളൂ. വീട്ടിലിരിക്കുന്ന കിണ്ടിയും മൊന്തയും മൊട്ടയും കോഴിയും ഒക്കെ അടിച്ചോണ്ട് പോയി വെള്ളമടിക്കും. എന്നിട്ട് തിരിച്ചു വന്ന് തള്ളയെ തന്തയ്ക്കു വിളി, അതുമിതും പെറുക്കി ഏറ്, അവരു തിരിച്ചു പള്ളു വിളിച്ചാല്‍ പിടിച്ചു നിര്‍ത്തി ഇടി.യെന്നിട്ട്?

അടിയും ചവിട്ടും മോഷണവും സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവര്‍ "ഓടെടാ ** നേ ഇനി എന്റെ പൊരയ്ക്കകത്ത് നിന്നെ കണ്ടു പോകരുത്" എന്നു പറഞ്ഞ് കൊടുവാളെടുത്ത് ഓടിച്ചു വിടും.ഹോ. ഗട്സ് ഉള്ള തള്ളയാണല്ല്.

തന്നെ. പക്ഷേ അവന്‍ എറങ്ങിപ്പോയാല്‍ അന്നു മുതല്‍ തള്ളയ്ക്ക് മനോവേദനയാണ്‌. എന്തെരപ്പാളിയാണേലും ഞാന്‍ പെറ്റതല്ലേ, എന്റെ ചോരയല്ലേ, അവനല്ലാതെ എനിക്കാരുണ്ട്, ചത്താല്‍ വെറകു കത്തിക്കേണ്ടവനല്ലേ... കാണുന്നവരോടൊക്കെ ഇതൊക്കെ തന്നെ പറച്ചില്‍.ലവനും അതറിയാം. കുറച്ചു ദിവസി കഴിയുമ്പോ തള്ള ഇടിയുടെ വേദനയൊക്കെ മറന്ന് ലവന്‍ വരുന്നോന്ന് നോക്കി ചോറും വച്ച് കാത്തിരിക്കും. അവന്‍ വേലിക്കല്‍ വരും, "അമ്മേ ഞാന്‍ നന്നായി" സ്റ്റൈല്‍ ഡയലോഗും പറഞ്ഞ് അകത്തു കേറും. അടുത്ത ദിവസം പഴയ പണി തുടങ്ങും."ഓ എന്തരു പറഞ്ഞാലും നീ നമ്മളെയല്ലേ അപ്പീ" ഫീലിങ്ങ്?

തന്നെ തന്നെ.പണ്ഡിറ്റിനെ നിര്‍മ്മിച്ച കേരളം

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഇറങ്ങിയത് കാണാനുള്ള തിരക്കും അതു കഴിഞ്ഞ് ഇറങ്ങിയവരുടെ പ്രതികരണവും ഒക്കെ ടിവിയില്‍ മുഖ്യവാര്‍ത്തയായിരുന്നു ഇന്നലെ. ഗൂഗിള്‍ ബസ്സിലും പണ്ഡിറ്റ് ആയിരത്തൊന്നാം തവണയും വിഷയമായി. ഇന്നലെ മുഴുവന്‍ ഞാന്‍ ഒരു കഥയുടെ പേരും എഴുതിയ ആളിനെയും ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പറ്റുന്നില്ല, ഓര്‍മ്മയില്‍ നില്‍ക്കാന്‍‌മാത്രം ആ കഥ എന്നെ ഇമ്പ്രസ് ചെയ്യാഞ്ഞിട്ടാവാം, പ്രായം ഏറുന്നത് അനുസരിച്ച് ഓര്‍മ്മയും കുറഞ്ഞു വരുന്നതാകാം. വാരികയുടെ ഓണപ്പതിപ്പില്‍ പത്തിരുപത്തഞ്ച് കൊല്ലം മുന്നേ വന്നതാണ്‌. ആ കഥ പറഞ്ഞിരിക്കുന്ന രീതി വച്ച് എഴുതിയത് എം. മുകുന്ദന്‍ ആയിരിക്കുമെന്ന് തോന്നുന്നു.കഥയിങ്ങനെ- നഗരത്തിലെ ഏറ്റവും വലിയ പൊങ്ങച്ച ക്ലബ്ബിന്റെ ഓണാഘോഷ തണ്ണിപ്പാര്‍ട്ടിയാണ്‌. പ്രമുഖരും പ്രശസ്തരും ഉന്നതരും ധനികരും അങ്ങനെ ആണെന്ന് വിശ്വസിക്കുന്നവരും ആണെന്നു നടിക്കുന്നവരും ഒക്കെ ഒത്തുകൂടി. അപ്പോഴാണ്‌ വിരുന്നിലെ മുഖ്യാതിഥി ആരെന്ന് തീര്‍ച്ചയില്ലെന്ന് മനസ്സിലായത്. ആര്‍ക്കാണ്‌ അതിനുള്ള യോഗ്യതയെന്ന് പല വിധ ചര്‍ച്ചകളും പൊടിപാറി. അതിഭയങ്കര ചര്‍ച്ചയ്ക്ക് നടുവില്‍ ക്ലബ് പ്രസിഡന്റ് കെട്ടിടത്തിന്റെ പിറകിലേക്ക് പോയി അവിടെ കുപ്പട്ട്റ്റിയില്‍ എച്ചില്‍ ചികയുന്ന അവശനായ ഒരു ഭ്രാന്തനെ കൂട്ടിക്കൊണ്ട് വരുന്നു. അംഗങ്ങള്‍ സന്തോഷത്തോടെ അയാളെ ആര്‍പ്പുവിളിച്ച് എതിരേറ്റ്, പൂളില്‍ ഇട്ടു കുളിപ്പിച്ച് ഡിന്നര്‍ വസ്ത്രങ്ങള്‍ ക്ഷണം വരുത്തിച്ച് അയാളെ മുഖ്യാതിഥിയാക്കി അയാളോട് സംസാരിക്കാന്‍ ശ്രമിച്ച് ഡിന്നര്‍ അയാളൊത്ത് ആഘോഷിക്കുന്നു. ഇടയില്‍ അയാളെ പരിഹസിക്കാനും തല്ലാനുമൊക്കെ തോന്നുന്ന തരിപ്പ് മറച്ചു വച്ച്, പരിഹാസവും പുച്ഛവും ഒക്കെ ഒളിപ്പിച്ച് അയാളോട് ചിലര്‍ അയാളോട് സംസാരിച്ച് രസിക്കുന്നു . മറ്റു ചിലര്‍ പരസ്യമായി അയാളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ ഇവര്‍ വിലക്കുകയും ചെയ്യുന്നുണ്ട്. സ്വബോധം ഇല്ലാത്ത ആ സാധുവിനു ഇതു രണ്ടും തിരിച്ചറിയാനോ അവിടെ നടക്കുന്നതെന്തെന്നു മനസ്സിലാക്കാനോ കഴിയുന്നില്ല. ഇതു ഡിന്നര്‍ അവസാനിക്കുമ്പോള്‍ അവര്‍ ഇയാള്‍ക്ക് വാങ്ങിക്കൊടുത്ത കുപ്പായം വലിച്ചു കീറി, ദേഹത്ത് എച്ചിലും വാരിയെറിഞ്ഞ് കുപ്പത്തൊട്ടിയുടെ അരികെ തന്നെ തിരിച്ചു കൊണ്ടാക്കുന്നു.


യൂ ട്യൂബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ആദ്യം കണ്ടപ്പോള്‍ അതൊരു ആല്‍ബമെന്നാണ്‌ ധരിച്ചത്. മിക്ക മലയാളം ആല്‍ബത്തിന്റെയും നിലവാരം അത് പുലര്‍ത്തുകയും ചെയ്തിരുന്നു. ഹിറ്റ് ആല്‍ബമായ "ഞാന്‍ കെട്ടിയ പെണ്ണിനു ചന്തം കുറവാണേ" എന്ന പാട്ടില്‍ നിന്നും ശുഭരാത്രിയിലേക്ക് ഏറെ ദൂരമില്ല. പിന്നീടാണ്‌ അതൊരു സിനിമാ ചിത്രീകരണത്തിലെ പാട്ടാണെന്ന് മനസ്സിലായത്.


ഇയാളുമായി ചില ചാനലുകാരുടെ അഭിമുഖവും നേരത്തേ കണ്ടിരുന്നു. അഭിമുഖം ചെയ്യുന്നവരുടെ മുഖത്തെ നിറഞ്ഞ പുച്ഛവും ചോദ്യങ്ങളിലെ പരിഹാസവും മനസ്സിലാവാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സന്തോഷ് മറുപടി പറയുന്നതായാണ്‌ തോന്നിയത്. ഇയാളുടെ സിനിമ ചിത്രീകരണം പൂര്‍ത്തിയായല് തന്നെ വിതരണമോ പ്രദര്‍ശനമോ സാധിക്കില്ലെന്നും തോന്നി. ഇത്തരത്തില്‍ സിനിമാഭ്രാന്ത് മൂത്തവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരില്‍ നന്നാകുമെന്ന് തോന്നിയവരില്‍ തന്നെ ഒരാളേ അല്പമെങ്കിലും ഗതിയയുള്ളൂ.


സന്തോഷിന്റെ സിനിമ ഇറങ്ങി. ആദ്യ ദിവസങ്ങളിലെങ്കിലും വന്ന വന്‍‌ജനക്കൂട്ടം യൂട്യൂബില്‍ ഇയാളെ പച്ച തെറിവിളിച്ച് പാട്ടുപാടിയവരുടെയും പുച്ഛത്തോടെ അഭിമുഖം നടത്തിയവരുടെയും സംഭാവനയാണ്‌. ആരുമല്ലാത്ത ഒരാള്‍ക്ക്, സിനിമ ഇറങ്ങും മുന്നേ ആരാധകവൃന്ദങ്ങള്‍ എന്ന് അവകാശപ്പെട്ട് വന്നവരുടേതാണ്‌. ഇവരൊക്കെ യാദൃശ്ചികമായി ഉണ്ടായതല്ല. സന്തോഷിലെ ബിസിനസ്സ് ജീനിയസ്സ് കൗശലപൂര്‍‌വം നിര്‍മ്മിച്ചതാണിതെന്ന് ഞാന്‍ വിശ്വസിച്ചേനെ, അഭിമുഖങ്ങളിലെ അയാളുടെ തികഞ്ഞ ആത്മാര്‍ത്ഥതയും പ്രതികരണവും കണ്ടില്ലായിരുന്നെങ്കില്‍. സന്തോഷിനു നിങ്ങളെ പറ്റിച്ചു തീയറ്ററിലെത്തിക്കാനുള്ള ബുദ്ധിയോ ചതിക്കാനുള്ള മനസ്സോ ഉണ്ടെന്ന് തോന്നുന്നുല്ല . മുകുന്ദന്റെ എന്ന് ഇപ്പോള്‍ തോന്നുന്ന ആ കഥ ഓര്‍മ്മ വന്നത് അങ്ങനെയാണ്‌.

ഒരു കാര്യത്തില്‍ ഈ മനുഷ്യനെ അഭിനന്ദിക്കാതെ വയ്യ. സിനിമയെടുക്കണം എന്ന് നിശ്ചയിച്ചിറങ്ങിയ അയാള്‍ സിനിമയെടുത്തു, തീയറ്ററില്‍ എത്തിച്ചു- ഒറ്റയ്ക്ക്. ചുറ്റും കൂടി നിന്ന് ആളുകള്‍ പരിഹസിക്കുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതിനെ നേരിട്ട രീതി എന്നെ അതിശയിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയത് അജ്ഞാതാരായ ഒരു ട്രൂപ്പിന്റെ ഒറിജിനല്‍ കോമ്പൊസിഷന്‍.

ഈയിടെ എത്തിസലാത്തിന്റെ ( UAE ലെ ഏറ്റവും വലിയ ടെലിക്കോo കമ്പനി) പ്രമോഷണം പരസ്യം വന്നത് ഇങ്ങനെ

" മണി അഞ്ചായി മോനേ ദിനേശാ. പോയി ഫോണെടുത്ത് നാട്ടില്‍ വിളിക്ക്. നീ പോ മോനേ ദിനേശാ."

നമ്മളുടെ ഹിറ്റ് ആയ ഒന്നുമില്ലായ്മകള്‍ "പോ ദിനേശാ, സവാരിഗിരി... തള്ളേ പുലിയാണു കേട്ടോ " തുടങ്ങിയവയും അതുപോലെ തന്നെ ഒരനുഭവവും തരാത്ത "ഒരു കോഴി കറുത്തതെന്നു കരുതി അതിന്റെ മുട്ടയും കറുത്തിരിക്കുമെന്ന് വിചാരിക്കരുത്" എന്ന കൃഷ്ണനും രാധയും വാചക കസര്‍ത്തും തമ്മിലെ ദൂരം എത്രയാണ്‌? നമ്മള്‍ കൃഷ്ണനെയും കാണുന്നില്ല, രാധയേയും കാണുന്നില്ല, പാട്ടും കേള്‍ക്കുന്നില്ല . നമ്മള്‍ സന്തോഷ് പണ്ഡിറ്റിനെ മുഖ്യാതിഥിയാക്കി മദ്യപ്പാര്‍ട്ടി നടത്തുകയാണ്‌. അയാള്‍ക്ക് അതില്‍ നിന്നും ഒരു നേരം വയറുനു നിറയുന്നുണ്ടാവും.

Saturday, October 22, 2011

ഉത്തരക്കടലാസ്

താഴെപ്പറയുന്ന ചുരുക്കം വാക്കുകള്‍ അറിയാമെങ്കില്‍ ഏതു സാഹചര്യവും നേരിടാം:
തെറ്റു പറ്റി, വീഴ്ച പറ്റി, ഖേദിക്കുന്നു, വ്യാജാരോപണമാണ്‌, ഉത്തരം പറയേണ്ടത് ഞാനല്ല, അന്വേഷിക്കാം.
സംശയമുണ്ടോ? പ്രയോഗിച്ച് കാണിച്ചു തരാം.

 ഇതെന്താണ്‌ സിസ്റ്റം എന്താണ്‌ യീയര്‍ ക്ലോസിങ്ങ് ചെയ്യാത്തത്, മറ്റന്നാള്‍ ബോര്‍ഡ് ഫൈനാന്‍ഷ്യല്‍സ് ഒപ്പിടാനുള്ളതാണ്‌.
 ചില വീഴ്ചകള്‍ പറ്റി.

 താന്‍ എനിക്കു തന്ന ചെക്കു മടങ്ങിയല്ലോ, ബാങ്കില്‍ നിന്ന് മെസ്സേജ് വന്നു.
 അത് ബാങ്കിന്റെ വ്യാജാരോപണമാണ്‌.

താന്‍ ഗുണ്ടകളെ അയച്ച് തല്ലിച്ചെന്നാണ്‌ അന്യായക്കാരന്‍ പറയുന്നത്. അതിനെക്കുറിച്ച് ഞാന്‍ അന്വേഷിക്കുന്നുണ്ട്.

 നിങ്ങള്‍ കള്ളുകുടിച്ച് വണ്ടിയോടിച്ച ഫൈന്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് ആണോ അടയ്ക്കുന്നത്?
 ഇതിനു ഉത്തരം പറയേണ്ടത് ഞാനല്ല.

എന്റെ മകള്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ കലുങ്കില്‍ ഇരുന്ന് അവളെ നീ അനാവശ്യം പറഞ്ഞു അല്ലേടാ?
 അതില്‍ ഞാന്‍ ഖേദിക്കുന്നു.

മുക്കുപണ്ടമാണല്ലോ താന്‍ പണയം വയ്ക്കാന്‍ കൊണ്ടു വന്നത്?
തെറ്റു പറ്റിപ്പോയി.

Wednesday, October 19, 2011

അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണി

സുഹൃത്തുക്കളേ,
അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണിയുടെ ആദ്യയോഗമാണിത്. വിരുദ്ധ സമിതി എന്നു കേള്‍ക്കുമ്പോള്‍ മന്‍‌മഥന്‍ സാറിന്റെ മദ്യവിരുദ്ധ സമിതിയും പത്രത്തിലൊക്കെ കേള്‍ക്കുന്ന പുകയില വിരുദ്ധ സമിതിയുമല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ വരാത്തവരാണ്‌ മലയാളികളില്‍ ഭൂരിപക്ഷവും. അതിന്റെ ഫലവും നമ്മള്‍ അനുഭവിക്കുകയാണ്‌. ഭൂരിപക്ഷം മലയാളികള്‍ക്കും പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്റെ കൂടുതല്‍, രക്താതിസമ്മര്‍ദ്ദം, സന്ധിവാതം, ആമവാതം, അണപ്പ്, കിതപ്പ്, ചൊറി,ങ ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി, കമ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട് കേരളമാകെ വലയുകയാണ്‌.

വിവിധ ഭക്ഷണ വിരുദ്ധ സമിതികളുടെ മുന്നണിയാണ്‌ ഭക്ഷ്യവിരുദ്ധ മുന്നണി. ഇതിന്റെ കണ്‍‌വീനര്‍ സ്ഥാനമാണ്‌ സര്‍‌വഭക്ഷണവിരുദ്ധന്‍ എന്നത്. ആ സ്ഥാനം തെരഞ്ഞെടുപ്പിലൂടെ എനിക്കു നല്‍കിയ ഓരോ വിരുദ്ധ സമിതിക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അതോടൊപ്പം ഇവിടെ നിങ്ങളോട് സംസാരിക്കാന്‍ പോകുന്ന ഓരോ വിരുദ്ധ സമിതിയെക്കുറിച്ചും കുറഞ്ഞ വാക്കുകളില്‍ ഞാന്‍ പരിചയപ്പെടുത്തട്ടെ.

കഞ്ഞി വിരുദ്ധ സമിതി
കഞ്ഞി ആരോഗ്യത്തിനു അങ്ങേയറ്റം ഹാനികരമാണ്‌. അമേരിക്കയിലെ ഫൂഡ്& നുട്രീഷന്‍ ബോര്‍ഡ് അംഗീകരിച്ച ദൈനം ദിന പോഷണ പട്ടിക അനുസരിച്ച് വിറ്റാമിന്‍ A,B1, B2, B6,B7,B12, E, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സിങ്ക്, എസ്സന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍, നാരുകള്‍, കൊഴുപ്പ്, അന്നജം തുടങ്ങിയവ ചേര്‍ന്നതാകണം ഭക്ഷണം. കഞ്ഞിയില്‍ ഇവയിലെ മിക്കതുമില്ല. മാത്രമല്ല, കഞ്ഞിയുടെ കൂടെ കഴിക്കുന്നതും- പപ്പടം, ചമ്മന്തി അച്ചാര്‍ മുതലായവയാണ്‌. അതിന്റെ ദോഷങ്ങള്‍ അതതു വിരുദ്ധ സമിതികള്‍ വിശദീകരിക്കും.

തോരന്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നതിലൂടെ പച്ചക്കറികള്‍ നാശമാക്കുകയാണ്‌ നമ്മള്‍ ചെയ്യുന്നത്. വെറുതേ വാങ്ങിച്ചു ചീത്തയാക്കുന്നതിനു പകരം പച്ചക്കറി വാങ്ങിക്കാതിരുന്നൂടേ? ബ്രിട്ടനില്‍ നടത്തിയ പഠനപ്രകാരം ഇലക്കറികള്‍ മറ്റു പച്ചക്കറികള്‍ എന്നിവ അരിഞ്ഞ് വെള്ളം തളിച്ച് ആവിയില്‍ വേവിക്കുമ്പോള്‍ അവയിലെ
gucosinolate എന്ന പ്രധാന അര്‍ബുദ വിരുദ്ധ ഘടകം നശിച്ചു പോകുന്നതായി തെളിഞ്ഞു. ചില പ്രധാന വിറ്റാമിനുകളും പച്ചക്കറി ആവി പുഴുങ്ങുകയും വെള്ളം തളിച്ച് വേവിക്കുകയും ചെയ്യുമ്പോള്‍ ഇല്ലാതാകുന്നുണ്ട്. തോരന്‍ വര്‍ജ്ജിക്കുന്നതിനായുണ്ടാക്കിയതാണ്‌ ഈ സമിതി.

രസം വിരുദ്ധ സമിതി
ഒന്നോ രണ്ടോ തക്കാളിയും വെറും മസാലപ്പൊടിയും വെളുത്തുള്ളി പോലെ വായ് നാറ്റുന്ന ചിലതും മാത്രം വെള്ളത്തിലിട്ട് വെട്ടിത്തിളപ്പിച്ച് നിഷ്പ്രയോജനമാക്കി ഉപയോഗിക്കുന്നവര്‍ വെറും പച്ചവെള്ളവും നിഷ്പ്രയോജനമാക്കപ്പെട്ട ദ്രവ്യങ്ങളും മാത്രം ഉപയോഗിക്കുന്ന മൂഢരാണ്‌. ഇതിനെതിരേയാണ്‌ രസം വിരുദ്ധ സമിതി.

മോരുകറി, സംഭാരം, തൈരു വിരുദ്ധ സമിതി
പ്രായപൂര്‍ത്തിയായവര്‍ പാലുല്പ്പന്നങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അനേകശതം പഠനങ്ങള്‍ നടന്നു കഴിഞ്ഞിട്ടും മോരുകറിയും സംഭാരവും തൈരും കൂട്ടി ചോറുണ്ട് മലയാളികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്‌.


സാമ്പാര്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നത് എങ്ങനെ ഹാനികരമഅണോ അതേ കാരണം അതിലും മോശമാണ്‌ സാമ്പാറില്‍. വിശദീകരിക്കേണ്ടതില്ലല്ലോ.

ഉള്ളി വിരുദ്ധ സമിതി
ഉള്ളിക്ക് ഇടുന്ന വളം പന്നിക്കാട്ടമാണെന്നാണ്‌ വയ്പ്പ്. എന്നാല്‍ ഉള്ളിയുടെ ലഭ്യതയും പന്നിവളര്‍ത്തലും തമ്മിലുള്ള അനുപാതക്കേട് നോക്കിയാല്‍ തന്നെ ഇതു കള്ളമാണെന്ന് മനസ്സിലാവും. മനുഷ്യമലം വരെ ഉള്ളിക്ക് വളമായി ഉപയോഗിക്കുന്നു. യൂറോപ്പിനെ നടുക്കിയ ഈ-കോളി ബാധ മുതല്‍ നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ ലീയാന്‍ഡര്‍ പയസ്സിനെ മരണത്തിന്റെ മുഖം കാണിച്ച തലച്ചോറിലെ ജീവിബാധ വരെ ഓര്‍ക്കുക. നാട വിര, സൂചിവിര തുടങ്ങിയവയും നമ്മളില്‍ സാധാരണമഅക്കിയത് ഉള്ളിയാണ്‌. ഉള്ളി ചേര്‍ന്നതത്രയും വര്‍ജ്ജിക്കുക.

ഉപ്പ് വിരുദ്ധ സമിതി
മനുഷ്യനാവശ്യമുള്ളതിന്റെ പല മടങ്ങ് സോഡിയമാണ്‌ ഉപ്പ് കഴിക്കുക വഴി നമ്മള്‍ മലയാളികള്‍ അകത്താക്കുന്നത്. രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കരള്‍ രോഗം എന്നിവ ഒഴിവാക്കാന്‍ ഉപ്പു ചേരുന്നതൊന്നും കഴിക്കരുത് എന്നാണ്‌ ഇവരുടെ സന്ദേശം.

വെള്ളം വിരുദ്ധ സമിതി
ജലമാണ്‌ ജീവന്റെ ആധാരം. എന്നാല്‍ നമ്മള്‍ കഴിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍, മലാംശം എന്നിവ ആരോഗ്യത്തെ തകര്‍ക്കുന്നതേയുള്ളൂ. ജലം വഴി പടരുന്ന കോളറ, മഞ്ഞപ്പിത്തം, പോളിയോ തുടങ്ങി അനവധി രോഗങ്ങള്‍ കേരളത്തെ കൊല്ലുകയാണ്‌. വെള്ളം കുടിക്കരുത് എന്ന വിവേകപൂര്‍‌വമായ തീരുമാനം എടുത്തവരാണ്‌ ഇവര്‍.

അമ്പതോളം മറ്റു വിരുദ്ധ സംഘടനകള്‍ രൂപമെടുത്ത് വരുന്നുണ്ട് എന്ന ശുഭ വാര്‍ത്ത കൂടി അറിയിച്ചുകൊണ്ട് ഞാന്‍ ഈ പരിപാടി ഉത്ഘാടനം ചെയ്തുകൊള്ളുന്നു. നന്ദി , നമസ്കാരം.

Tuesday, October 18, 2011

വീഴ്ച

അണ്ണാ, ഉരുണ്ട് വീണ പരിക്കുമായി ഒരാളെ ആശൂത്രീല്‍ കൊണ്ട് വന്നാല്‍ അണ്ണന്‍ എന്തു ചെയ്യും?
എത്ര ഒയിരേന്ന്.

ഒയിരേന്നല്ല, ഇത് നിലത്തു നിന്ന് ഉന്തിയിട്ടതാണെന്ന് വച്ചോ.
പടിയിലാണോ? വല്ലേടത്തും തലയടിച്ചോ?

അറിയൂല്ല.
ആംബുലന്‍സ് വിളി. ആളിനു ബോധമുണ്ടോ? ഇപ്പോ സംസാരിക്കുന്നോ?

ഇത് ഒരു അക്കാഡമിക്ക് ഇന്ററസ്റ്റിനു ചോദിക്കുന്നതാ. ഒരാളു രണ്ട് ദിവസം ആശുപത്രീല്‍ ആയിരുന്നു.

ഒരുപാട് നോക്കണമെടേ. ബോധമുണ്ടോ, ശ്വസിക്കുന്നോ, തലച്ചോറിനു മുറിവ് പറ്റിയോ, രക്തസ്രാവമുണ്ടോ, തലയോട് പിളര്‍ന്നോ, നട്ടെല്ലു പൊട്ടിയോ, എന്നൊക്കെ ആദ്യം നോക്കണം.
അതില്ലെങ്കില്‍?

ചെവിയില്‍ നിന്ന് ചോര വരുന്നോ, ചെവി കേള്‍ക്കാമോ, വെള്ളം കുടിക്കാമോ, ശ്വാസം വലിക്കുമ്പോള്‍ നെഞ്ചു വേദന ഉണ്ടോ, എല്ലു പൊട്ടിയിട്ടുണ്ടോ, പിച്ചും പേയും പറയുന്നോ, വീണ വഴി ബോധം പോയിട്ട് പിന്നെ വന്നതാണോ എന്നൊക്കെ നോക്കണം.

പിച്ചും പേയും ഒഴിച്ച് ഒന്നുമില്ല. അതിപ്പോ ആ ഏരിയയില്‍ ഉള്ളവരു മുഴുവന്‍ പിച്ചും പേയും പറഞ്ഞു നടപ്പാണ്‌. ഈ രോഗി പറയുന്നത് വീണശേഷം തുടങ്ങിയതാണോ എന്ന് അറിയില്ല.

പിന്നെ തൊലിപ്പുറത്തെ മുറിവു വല്ലോം ഉണ്ടെങ്കില്‍ അതിനു മരുന്നു വയ്ക്കണം.

അതുമില്ലെങ്കി?
ചതഞ്ഞ വേദനയ്ക്ക് പ്രിസ്ക്രിപ്ഷന്‍ കൊടുത്ത് വീട്ടി വിടാം.

അതുമില്ലെങ്കി
നിനക്കൊന്നുമില്ലെടേ, വീട്ടിപ്പോന്ന് പറഞ്ഞ് വിടാം.

രണ്ട് ദിവസം ആശുപത്രീല്‍ കിടക്കണോ പിന്നെ?
ഹ്ം. സ്വകാര്യ ആശുപത്രിയാണോ? വീണത് പണച്ചാക്കാണോ?

കാശിന്റെ കാര്യം അറിയൂല്ല. സര്‍ക്കാരാശുപത്രിയാ.
വേണ്ടി വരണമെങ്കില്‍ എന്തെങ്കിലും പ്രത്യേക സംഗതി കാണും. ആട്ടെ രോഗിയെന്താ പറഞ്ഞത്?

തൊപ്പി തെറിച്ചു പോയെന്ന്.
എനിക്ക് ഈ പുതിയ സ്ലാങ്ങൊന്നും അറിയൂല്ലെടേ. "തൊപ്പി തെറിപ്പിക്കും" എന്നൊക്കെ സിനിമയില്‍ പോലീസുകാരോട് പറയുന്ന കേട്ടിട്ടുണ്ട് എന്തു പറ്റിയെന്ന് മനുഷ്യേനു മനസ്സിലാവുന്ന ഭാഷയില്‍ പറ.

അണ്ണാ, ആളു തലയില്‍ വച്ചിരുന്ന തൊപ്പി താഴെ പോയെന്ന്. അതിനാണു ആശുപത്രീല്‍ വന്നത്.
എന്നാ പിന്നെ വല്ല പത്രക്കാരനും അനാവശ്യമായി സി ടി സ്കാന്‍ എഴുതുന്നുണ്ടോന്ന് അറിയാല്‍ ഒളി ക്യാമറയുമായി വന്നതായിരിക്കും അത്. അയാളെ പിടിച്ച് രണ്ട് ദിവസം കിടത്തിയോ?

ഇതതല്ല. എങ്കിലും ഏതാണ്ട് സംശയം ക്ലീയറായി. താങ്ക്യൂ.