Tuesday, June 30, 2009

അതു താനല്ലയോ ഇത്

അണ്ണാ സര്‍ക്കോസിയുടെ ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിക്കാന്‍ ആലോചന.
തള്ളേ, സര്‍ക്കോസിയും താലിബാന്‍ ആയോ?

അണ്ണന്‍ എന്താ ഈ പറയുന്നത്, മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കി മതരഹിത സമൂഹം ഉണ്ടാക്കാനല്ലേ കുരിശും ടര്‍ബനും പര്‍ദ്ദയും ഒക്കെ കളയുന്നത്. അതാണോ താലിബാനിസം?
ചെല്ലാ പര്‍ദ്ദ ഒരു വസ്ത്രധാരണ രീതിയല്ലേ, പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടില്ലെങ്കില്‍ പിടിച്ച് ചാട്ടയ്ക്ക് അടിക്കും എന്നു പറയുന്ന താലിബാന്‍ കാരനും പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടാല്‍ പിടിച്ച് ഫൈന്‍ അടിക്കുമെന്നു പറയുന്ന ഫ്രഞ്ചുകാരനും പറയുന്നത് ഒന്നു തന്നെയല്ലേന്ന്?

ങ്ങേ?
ങ്ങാ. അവനവന്‍ എന്ത് ഇടണമെന്ന് അവനവന്‍ തന്നെ തീരുമാനിക്കട്ടേന്നെ.

എന്നാലും വസ്ത്രം ഒരു ഐഡന്റിറ്റി ആകാറില്ലേ, പോലീസ് വേഷം ഉദാഹരണം.
സര്‍ദാര്‍ജിയെ പിടിച്ചു മുടി വെട്ടിക്കുന്നത് അതുപോലെ ആണോടേ? നമ്മുടെ രാജ് താക്കറേയുടെ മുംബായില്‍ ലുങ്കി ഉടുക്കാന്‍ പാടില്ലെന്ന് പറയുന്നതും?


( അങ്ങനെ പോസ്റ്റുകള്‍ മുന്നൂറെണ്ണം ആയി. ഇതെല്ലാം സഹിക്കുന്ന നിങ്ങളെയൊക്കെ നമിച്ച്.)

കേരള വനിതകളും തൊഴില്‍ മേഖലയും

(ഇഞ്ചിപ്പെണ്ണ് ചോദിച്ച ചില വിവരങ്ങള്‍, കേരളപഠനം കയ്യില്‍ ഇരിക്കുന്നതുകൊണ്ട് അവശ്യ വിവരങ്ങള്‍ പോസ്റ്റ് ഇടുന്നു. മുന്‍ പോസ്റ്റിലെ ചര്‍ച്ചകള്‍ അവിടെ തുടര്‍ന്നോട്ടെ)

വിദ്യാഭ്യാസ നിലവാരം ശതമാനക്കണക്കില്‍ സ്ത്രീ, പുരുഷന്‍
നിരക്ഷരര്‍ 6.7%, 2.4%
ഹയര്‍ സെക്കന്‍ഡറി 11.4%, 10.5%
ബിരുദം 9.1%, 8.9%
പ്രൊഫഷണല്‍ 1.0%, 1.9%

വിദ്യാഭ്യാസ നിലവാരത്തില്‍ നിരക്ഷരത എന്ന താഴേയറ്റത്തും പ്രൊഫഷണല്‍ എന്ന മേലറ്റത്തും ഒഴികെ സ്ത്രീകളാണ്‌ മുന്നില്‍ നില്‍ക്കുന്നത്.

തൊഴില്‍ പങ്കാളിത്തം
എന്നാല്‍ തൊഴില്‍ രംഗത്ത് സ്ത്രീ പങ്കാളിത്തം 13.1% മാത്രമാണ്‌. സ്ത്രീ പുരുഷ അനുപാതം ഏറ്റവും മോശമായ സംസ്ഥാനമാണ്‌ കേരളം. ഏറ്റവും മികച്ചത് മിസോറാം (47.5%). മൊത്തത്തില്‍ ഇന്ത്യയുടെ ആവറേജ് 25.6%, അമേരിക്കന്‍ ഐക്യനാടുകള്‍ ഇംഗ്ലണ്ട് തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഇത് 65% അടുത്ത് വരും.

കേരളത്തില്‍ പതിനെട്ടിനും അറുപതിനും മധ്യേയുള്ളവരുടെ തൊഴില്‍ പങ്കാളിത്തം 19.5%

മേഖല തിരിച്ച് (18-60):
ദക്ഷിണ കേരളം- 22% , മധ്യ കേരളം 21% ഉത്തരകേരളം - 17%
ജാതി തിരിച്ച്
ഹിന്ദു - 25 മുസ്ലീം- 10% കൃസ്ത്യാനി 22 %

ജാതി തിരിച്ച് എന്തെങ്കിലും തൊഴിലുള്ള സ്ത്രീകളുടെ ശതമാനം
മുന്നോക്കജാതിയിലും പിന്നോക്ക ജാതിയിലും അഞ്ചിലൊരു സ്ത്രീയും പട്ടിക ജാതി പട്ടികവര്‍ഗ്ഗത്തില്‍ മൂന്നില്‍ ഒരു സ്ത്രീയും എന്നെങ്കിലും എന്തെങ്കിലും ജോലിയുള്ളവരാണ്‌. ബാക്കിയുള്ളവര്‍ വീട്ടമ്മമാരും.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരില്‍ തൊഴിലിലെ സ്ത്രീ പുരുഷ അനുപാതം മെച്ചമാണ്‌. ഇതിനു കാരണം തോട്ടം, കൃഷി മേഖലകളില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്കുള്ള ഉയര്‍ന്ന പങ്കാളിത്തമാണ്‌.

സ്ത്രീ പങ്കാളിത്തം- ഉയര്‍ന്ന വരുമാനമുള്ള ചില മേഖലകളില്‍
ഡോക്റ്റര്‍ (ആധുനിക വൈദ്യം) 25%
കോളേജ് അദ്ധ്യാപനം- 17%
ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപനം- 39%
വ്യവസായ ഉടമ- 7%
എഞ്ചിനീയര്‍- 12%
സ്കൂള്‍ അദ്ധ്യാപനം - 70%
വക്കീല്‍- 31%
കമ്പ്യൂട്ടര്‍ മേഖല- 7%
മിലിട്ടറി ഓഫീസര്‍, പോലീസ് ഓഫീസര്‍ എന്നീ ജോലികളില്‍ കേരളത്തിലെ സ്ത്രീകളുടെ പങ്കാളിത്തം പൂജ്യം ശതമാനമാണ്‌. (ഒരാള്‍ ഉണ്ടല്ലോ എന്നു പറയരുതേ, റൗണ്ട് ഓഫില്‍ തള്ളിപ്പോയതാണ്‌)

സ്കൂള്‍ അദ്ധ്യാപനത്തില്‍ മാത്രമാണ്‌ മികച്ച ശമ്പളമുള്ള ജോലികളില്‍ സ്ത്രീകള്‍ പുരുഷനെ മറികടക്കുന്നത്.

ഏറ്റവും താഴ്ന്ന വരുമാനമുള്ള ചില മേഖലകളിലെ സ്ത്രീ പങ്കാളിത്തം
അങ്കണവാടി ടീച്ചര്‍ - 100%
നഴ്സറി ഹെല്പ്പര്‍- 100%
വീട്ടുവേല- 97%
അലക്ക്- 67%
മതപ്രചാരണം- 13%
മറ്റ് ആരാധനാലയ ജോലികള്‍- 17%
തുന്നല്‍- 48%
പാരലല്‍ കോളേജ് അദ്ധ്യാപനം - 60%
മറ്റു നാനാവിധ അദ്ധ്യാപനങ്ങള്‍- 47%
ബസ് ക്ലീനര്‍, കൊല്ലപ്പണി എന്നീ താഴ്ന്ന വരുമാന മേഖലകളില്‍ സ്ത്രീ പങ്കാളിത്തം പൂജ്യം ശതമാനം.

അതായത് സ്ത്രീ പങ്കാളിത്തം കുറവാണെന്നു മാത്രമല്ല, സ്ത്രീ ജോലിക്കാരില്‍ ഏറിയ പങ്കും താഴ്ന്ന വരുമാനമുള്ള തൊഴിലാണ്‌ ചെയ്യുന്നത് (സ്കൂള്‍ അദ്ധ്യാപനം ഒഴികെ)

വേതനക്രമത്തില്‍ ഓഫീസ്, അദ്ധ്യാപന ജോലികളില്‍ സ്ത്രീ പുരുഷവത്യാസം ഒരേ ജോലി ചെയ്യുന്നവരുടെ വരുമാനത്തില്‍ ഇല്ല. മറ്റു തൊഴിലുകളില്‍ താഴെപ്പറയുന്നവ മാത്രമാണ്‌ സ്ത്രീക്ക് പുരുഷനെക്കാള്‍ വേതനം ലഭിക്കുന്നത്
കലാപ്രവര്‍ത്തനം
എഞ്ചിനീയര്‍
വക്കീല്‍

------------------------
സ്ത്രീകള്‍ക്ക് പ്രാതിനിദ്ധ്യം ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു സം‌വരണം അടക്കം സ്ത്രീ ശാക്തീകരണ(gender- empowerment ) നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്, തൊഴിലിലും ഭരണത്തിലും അടക്കം. തദ്ദേശസ്വയംഭരണത്തില്‍ ഇതെങ്ങനെ നടപ്പാക്കണം എന്നതുമുതല്‍ നിരവധി കാര്യങ്ങള്‍ ജോര്‍ജ്ജ് മാത്യൂ, എല്‍ സി ജെയിന്‍ എന്നിവര്‍ നിര്‍മ്മിച്ച ഡീസെണ്ട്രലൈസേഷന്‍ & ലോക്കന്‍ ഗവണ്മെന്റ് എന്ന പുസ്തകത്തില്‍ ഒരദ്ധ്യായമായി ഡോ. തോമസ് ഐസക്ക് എഴുതിയിട്ടുണ്ട്. തുടര്‍ന്ന് നടന്ന കുടുംബശ്രീ പദ്ധതി സ്ത്രീ ശാക്തീകരണത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും വലിയ നേട്ടമാറയി

സ്ത്രീ പ്രാതിനിധ്യം കൂടുകയല്ല, വര്‍ഷാവര്‍ഷം കുറയുകയാണെന്ന് സ്വപ്ന മുഖോപാദ്ധ്യായയുടെ Enigma of Kerala Woman എന്ന പുസ്തകത്തില്‍ കാണുന്നു. സെന്‍സസ് ഡാറ്റയും ശേഷം വന്ന പരിഷത്ത് പഠനത്തിലുള്ള ഡാറ്റയും തമ്മിലെ വേരിയന്‍സും ഇതാണ്‌ കാണിക്കുന്നതും. സം‌വരണത്തിനുമപ്പുറം സാംസ്കാരിക വൈകല്യമകറ്റലാണ്‌ ശാശ്വത പരിഹാരം. സ്ത്രീ ജന്മ സാഫല്യം എന്നാല്‍ ഒരു കല്യാണമാണെന്നും പുരുഷന്റെ ജീവിത വിജയം പെണ്‍മക്കളെയെല്ലാം കെട്ടിച്ചു വിടാന്‍ കഴിയുന്നതാണെന്നും നമ്മള്‍ ഇന്നും വിശ്വസിക്കുന്നു. പ്രൊഡക്റ്റീവിറ്റി എന്നാല്‍ പൗരുഷമാണെന്നും കുടുംബവിജയം എന്നാല്‍ സ്ത്രൈണമാണെന്നും വിശ്വസിക്കുന്നു. "ഹോം‌ലി" "ഡൊമസ്റ്റിക്ക് എക്സ്പര്‍ട്ട്" "വീറ്റിഷ് കോമ്പ്ലക്ഷന്‍" ഗ്രൂമിനെ മാട്രിമോണി പരസ്യങ്ങളില്‍ കാണാനാവില്ലല്ലോ.( എന്തര്‌ ഇംഗ്ലീഷ്!)

ഇതിനെ ഒന്നും ജാതിസം‌വരണവുമായി ബന്ധപ്പെടുത്താവുന്നതല്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാജാതിയിലെയും സ്ത്രീകള്‍ നേരിടുന്നു. ദരിദ്രര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദരിദ്രരിലെ എല്ലാവരും നേരിടുന്നു. എന്നാല്‍ ജാതിപ്രശ്നം അതത് ജാതിയില്‍ പെട്ടവര്‍ മാത്രം നേരിടുന്നു. മൂന്നും കൂട്ടിക്കുഴയ്ക്കാവുന്നതല്ലാത്തതുകൊണ്ട് ഈ വിവരക്കണക്കുകള്‍ മറ്റൊരു പോസ്റ്റ് ആക്കിയതാണ്‌.

Monday, June 29, 2009

ഏ കെ നായരും ഏ ഏ അച്ചായനും

ഒരു വഴിക്ക് ഇറങ്ങിയതാ. ചായ കുടിക്കാമെന്ന് വച്ച് രാമന്നായരുടെ കടയിലോട്ട് കയറി. അവിടെ ഏ കെയും പു. വാദിയും മുട്ടന്‍ ചര്‍ച്ച. രാമന്നായര്‍ ഇതെന്തരു കൂത്തെന്ന് അന്തം വിട്ട് ഒരു കയ്യില്‍ കാസ്റ്റ്റോളിന്റെ പാട്ടയും മറ്റേക്കയ്യില്‍ തേയിലയരിപ്പയുമായി ഫ്രീസ് ആയി നില്‍ക്കുന്നു. ബഞ്ചില്‍ ഇരുന്നു.

"എന്താ രാമനണ്ണാ വാഗ്വാദം."
"അതായത് ആന്റോ അനിയാ, ഈ ഏകേ സാറു പറയുന്നതില്‍ കാര്യമില്ലേ?"
"എന്തരാണ്ണാ പറഞ്ഞത്, ഞാന്‍ ഇപ്പ വന്നതേയുള്ളു."
"ഞാനോ എന്റച്ചനോ അപ്പൂപ്പനോ ആരെയും കൂട്ടിക്കൊടുത്തിട്ടും കൊന്നിട്ടുമില്ല"
"അതിത്ര മഹാകാര്യമാണോ എന്റപ്പൂപ്പനും ആരെയും കൂട്ടിക്കൊടുത്തിട്ടും കൊന്നിട്ടുമില്ലല്ലോ"
"തീര്‍ന്നില്ല. ഞാന്‍ ചായക്കടക്കാരന്‍ ആയിപ്പോയി. പുരോഗമനവാദി സര്‍ക്കാര്‍ ജോലിക്കാരനും."
"അതിനെന്താ, ഓരോരുത്തര്‍ കിട്ടുന്ന ജോലിയൊക്കെ ചെയ്യും."
"എന്നിട്ടും എന്റെ മോന്റെ മുകളില്‍ പുരോഗമന വാദിച്ചേട്ടന്റെ മകനു സം‌വരണം എന്തിനാ എന്നാ ഏക്കേ സാര്‍ ചോദിക്കുന്നത്."

ഓ അതോ.
എന്താ കാര്യമല്ലേ. ഇന്നത്തെ കാലത്ത് ജാതിയും മതവുമൊന്നുമില്ല. പിന്നെന്തിനാ സാറേ സം‌വരണം? നായന്മാരും മുന്നോക്ക ജാതിക്കാരും ഒക്കെ നാടുവിട്ട് ഗള്‍ഫിലും ഒക്കെ പോയി തെണ്ടേണ്ട സ്ഥിതിയായില്ലേ എന്നാ ഏക്കേ സാര്‍ ചോദിക്കുന്നത്.

രാമനണ്ണാ, ഇന്നാളില്‍ നമ്മള്‍ ആ രാജേന്ദ്രനോട് "എടേ ഇങ്ങനെ കുടിയും ബീഡിവലിയും പണിയെടുക്കാതെ കിടന്നുറങ്ങലുമായി ജീവിച്ചാല്‍ വല്ല അറ്റാക്കോ ക്യാന്‍സറോ വന്ന് ചത്തു പോകുമേ" എന്നു പറഞ്ഞപ്പോ അവന്‍ "എന്റെ അയലത്തെ ശങ്കരമ്മാവന്‍ ഡെയിലി രണ്ട് കുപ്പി ചാരായം കുടിച്ചിരുന്നു, മൂന്നു കെട്ടു ബീഡിയും വലിക്കും. പുള്ളി മേലനങ്ങി ഒന്നും ചെയ്യൂല്ല. എന്നിട്ട് തൊണ്ണൂറ്റാറു വയസ്സുവരെ സുഖമായി ജീവിച്ചു" എന്നാ പറഞ്ഞത്. ഇങ്ങനെ നടക്കുന്ന ആരോട് ചോദിച്ചാലും ഒരു ശങ്കരമ്മാവന്റെയും പാപ്പിച്ചേട്ടന്റെയും കഥ അവര്‍ പറഞ്ഞ് ഒഴിയും. അതില്‍ സത്യമുണ്ടോ?

എന്നു ചോദിച്ചാല്‍ ആന്റോ മോനേ, ഒരു ശങ്കരനും പാപ്പിച്ചേട്ടനും കാണും, പക്ഷേ ഡോക്റ്റര്‍മാരുടെ കയ്യിലെ കണക്കുകള്‍ പറയുന്നത് കുടിയും വലിയും തീറ്റയുമായി നശിക്കുന്ന ഒട്ടുമിക്കവരും നേരത്തേ തെണ്ണം പിടിച്ച് ചാകുമെന്നല്ലേ.

കൃത്യം. രാമനണ്ണന്‍ ഇപ്പോ പറഞ്ഞതാണ്‌ സ്റ്റാറ്റിസ്റ്റിക്സ്. ഇനി നമുക്ക് സം‌വരണത്തിലേക്ക് തിരിച്ചു പോകാം, അതില്‍ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയപരവും ആയ ഒട്ടേറെ കാര്യങ്ങളുണ്ട്. ഏതായാലും ഇപ്പോ അണ്ണന്‍ പറഞ്ഞത് അതിലെ സാമ്പത്തിക വശമാണ്‌. നായര്‍ ജോലിയില്ലാതെ തെണ്ടുമ്പോള്‍ എന്തിനാണ്‌ പിന്നോക്കവിഭാഗക്കാരനു സര്‍ക്കാര്‍ ജോലി എന്നല്ലേ ചോദ്യം. നമുക്ക് സ്റ്റാറ്റിസ്റ്റിക്സിലേക്ക് പോകാം.

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം ആണ്‌ നായര്‍ ജാതിയില്‍ ഉള്ളവര്‍. സര്‍ക്കാര്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഇരുപത്തൊന്ന് ശതമാനം അവരാണ്‌, അതായത് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നാല്പ്പത് ശതമാനം അവര്‍ക്ക് പ്രാതിനിദ്ധ്യം കൂടുതല്‍ ഉണ്ട്. ഇങ്ങനെ വരുമ്പോഴാണ്‌ സം‌വരണം, ഇക്കണോമിക്സിന്റെ ഭാഷയില്‍ റിവേര്‍സ് ഡിസ്ക്രിമിനേഷന്‍ ചെയ്ത് അസമത്വം ഒഴിവാക്കേണ്ടി വരുന്നത്. രാമനണ്ണന്‍ അതിലെ ബെല്‍ കര്‍വ്വിനു അറ്റത്തായിപ്പോയ ആളാണ്‌. ഏ കേ സാറും ഞാനും സം‌വരണമില്ലാത്തവരും പക്ഷേ ബെല്ലിനകത്ത് ഉള്ളവരും ആണ്‌. കണക്കെടുക്കുമ്പോള്‍ അണ്ണനും ഏകേയും അടങ്ങുന്ന നായര്‍മാര്‍ നാല്പ്പതു ശതമാനം കൂടുതല്‍ പ്രാതിനിദ്ധ്യം നേടി, ഞാനടങ്ങുന്ന ക്രിസ്ത്യാനികള്‍ പതിനൊന്നു ശതമാനവും.

അപ്പോ ഈഴവരോ?
ഈഴവര്‍ കേരളജനതയുടെ 22% ആണ്‌. സര്‍ക്കാര്‍ ജോലിയിലും 22% . അപ്പോള്‍ സം‌വരണം നിറുത്താറായില്ലേ എന്നു രാമനണ്ണന്‍ ചോദിക്കും, പക്ഷേ സം‌വരണത്തോടു കൂടിയാണ്‌ ഈ കൃത്യപ്രാതിനിദ്ധ്യം, അത് നിറുത്തിയാലും കൃത്യപ്രാതിനിദ്ധ്യം വരും വരെ അങ്ങനെ തുടരണം.

പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരുടെ പ്രാതിനിദ്ധ്യം സം‌വരണത്തോടുകൂടി എടുത്തിട്ടും യഥാക്രമം 22ഉം 40 ഉം ശതമാനം താഴെയാണ്‌ വരുന്നത്. മുസ്ലീങ്ങള്‍ നൂറ്റി മുപ്പത്താറു ശതമാനം കുറവാണ്‌.

സം‌വരണത്തിലെ ശങ്കരമ്മാവന്‍ ഇഫക്റ്റ് രാമന്‍ അണ്ണനു മനസ്സിലായല്ലോ. ഈ സാധനം ആണ്‌ ഫ്രാങ്കോയിസ് ഗോത്തിയെമാര്‍ റിക്ഷാ വലിക്കുന്ന പൂജാരി, ആക്രിക്കച്ചവടക്കാരന്‍ ക്ഷത്രിയന്‍ എന്നൊക്കെ പറഞ്ഞു വില്‍ക്കുന്നത്. ഒരു പൂജാരി റിക്ഷാ വലിക്കുമ്പോള്‍ ഒരു ലക്ഷം പിന്നോക്കക്കാരന്‍ റിക്ഷ പോലും ഇല്ലാതെ ചക്രശ്വാസം വലിച്ചു നടക്കുന്നത് നമ്മള്‍ കാണില്ല.
ശരിയാ ആന്റോ മോനേ, ഞാനും അങ്ങനെ ആലോചിച്ചില്ല.
എനിക്കു സം‌വരണമൊന്നും ഇന്നുവരെ കിട്ടിയിട്ടില്ലെന്നും ഏകേ സാറിനോട് പറയണേ. എന്റെ ബസ്സു വരുന്നു. ബാക്കി പിന്നെ.

നില്ലെടേ, ഈ കണക്കൊക്കെ എവിടെ നിന്നാണെന്ന് ഏക്കേ സാര്‍ ചോദിക്കുന്നു.
ഒരുപാട് സ്ഥലത്തൂന്നു കിട്ടും. വേഗം നോക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലെ പേജ് 71, പട്ടിക 15 നോക്കിക്കേ.

Thursday, June 25, 2009

ഒരിക്കല്‍, ഒരിടത്ത്, ഒരുമിച്ച്

അണ്ണാ
എന്തര്‌ ചെല്ലക്കിളീ?
ആ ഹൂവര്‍ എക്വിപ്‌മെന്റ് വില്‍ക്കുന്ന കമ്പനിക്കാരു വിളിക്കുന്നു
ഹൂവര്‍ ബോയ്സ്! കണക്റ്റൂ.

ഹലോ?
പറയീ.
കുട്ടി?
അല്ല യുവാവ്.
ഓ സോറി മിസ്റ്റര്‍ യുവാവ്, എനിക്കു പേരു മാറിപ്പോയി. ഞങ്ങളുടെ ക്രെഡിറ്റ് കണ്ട്റോളര്‍ക്ക് സംസാരിക്കണം.
ചുമ്മാ കൊടുക്കീ.


ഹലോ മിസ്റ്റര്‍ യുവാവ്, ഞാന്‍ അരുണ്‍.
ആ പെമ്പ്രന്നോരു ഞാന്‍ കുട്ടി ആണോ എന്ന് ചോദിച്ചതുകൊണ്ട് പറഞ്ഞതാ മച്ചൂ. എന്റെ പേര്‍ ആന്റണി, ആരാ എന്താ എന്നൊക്കെ അറിയാതാണോ ഫോണ്‍ വിളി.
സോറി അവള്‍ക്ക് ഓര്‍മ്മയില്ല ഒന്നും. ഓ നിങ്ങള്‍ റഷ്യക്കാരനാണോ അതോ ഇനി എന്നൊക്കെ വിചാരിച്ചു പോയി.
പക്ഷേ എനിക്ക് ഓര്‍മ്മയുണ്ട്. നീ അരുണ്‍ കഞ്ചിക്കോട് അല്ലേ?
വ തന്നെ തന്നെ. നിങ്ങള്‍ക്ക് എന്നെ അറിയാമോ?
പിന്നേ, നിനക്ക് എന്നെയും അറിയാം. ഞാന്‍ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്.
ഓ അന്തപ്പന്‍ ചേട്ടന്‍! നമ്മള്‍്‌ പതിനഞ്ചു കൊല്ലം മുന്നേ ഒരുമിച്ച് ഒരിടത്ത്..

അതു തന്നെ.

************************
ആന്റോഅണ്ണാ, ലിവന്‍ ന്യൂ റിക്രൂട്ട് ഫൈനാന്‍സില്‍. അരുണ്‍ കഞ്ചിക്കോട്. എഴുത്തുകാരനാ.
എന്തരാ ഇവന്‍ എഴുതിയേ?
നാലഞ്ചു കവിതയും ഒരു ലേഖനവും എഴുതി. പോരാഞ്ഞിട്ട് ഐ സി ഡബ്ലിയൂ ഏ പരീക്ഷ മൂന്നു വട്ടം എഴുതി.

എന്തരേലും പ്രസിദ്ധീകരിച്ചു വന്നോ?
ഉവ്വ, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു വന്നു. പറഞ്ഞിട്ടെന്താ, അതിലും പേര്‍ അച്ചടിച്ചു വന്നില്ല.

ആര്‌ ഇന്റര്വ്യൂ ചെയ്തെടുത്തെടേ ഈ കഞ്ചിക്കുഞ്ചിരാമനെ?
അത് പറയല്ലേണ്ണാ. ഇവന്‍ എഴുതുന്ന കവിതയൊക്കെ കണക്കാണെങ്കിലും എഴുതിയ കണക്ക് കണ്ടാല്‍ കവിത പോലെ ഇരിക്കും.

ആ നോക്കട്ട്. കൊള്ളത്തില്ലെങ്കില്‍ ലിവനെയും പറഞ്ഞു വിടും അവനെ എടുത്തവനേം പറഞ്ഞു വിടും. സീറ്റിപ്പോയിരുന്നോ.

ആരുവാങ്ങുമിന്നാരുവാങ്ങുമീ ആരാമെക്സിന്റെ രോമാഞ്ചം?
അതെന്തുവാ സാറേ?

നമ്മടെ പുത്തന്‍ കവിക്കൂടെ മനസ്സിലാകുന്ന ഭാഷ പറഞ്ഞതാടേ. ആരാമെക്സില്‍ ഒരു ചെക്ക് റെഡിയായിരുപ്പുണ്ട് ആരാ പോയി എടുക്കുന്നതെന്ന്?
ഓ അങ്ങനെ.

ഡേ, ഈ കവി ആധുനികനാണോ?
ആണെങ്കി?

ആണെങ്കി അയാടെ കവിത ഇവിടെ ചൊല്ലിപ്പോകരുത്. ആ റിസപ്ഷനിസ്റ്റ് ഹിന്ദിക്കാരിയെ ഈ പയലുകള്‍ മലയാളത്തിലെ സകല തെറിയും പഠിപ്പിച്ചു വച്ചിട്ടുണ്ട്. ഇവനെങ്ങാന്‍ കവിത ചൊല്ലും അവള്‍ കരണം അടിച്ച് പൊട്ടിക്കും. പിന്നെ മിനക്കേടായി, അന്വേഷണമായി.

സാറമ്മാരേ!
എന്താ മോനേ കഞ്ചീ?

ചെറുപ്പത്തില്‍ എല്ലാവര്‍ക്കും അബദ്ധം പറ്റും, ഉദാഹരണത്തിന്‌ ആന്റോ സാറ്‌ ചെറുപ്പത്തിന്റെ തിളപ്പില്‍ ചെറ്റ പൊക്കാന്‍ പോയിട്ടുണ്ടെന്ന് വയ്ക്കുക.
ഡേ ഡേ. ഇത് വിട്ടു പിടി, എട്ടിന്റെ പണി തരും ഞാങ്ങ്.

എന്നാ ശരി ഉദാഹരണം വേണ്ട. ചെറുപ്പത്തില്‍ എല്ലാവരും ഓരോ തെണ്ടിത്തരം കാണിക്കും. ചിലര്‍ പോലീസ് കേസ്സുണ്ടാക്കും, ചിലര്‍ പെണ്ണു കേസുണ്ടാക്കും. എനിക്ക് ഒരു കൈത്തെറ്റ് പറ്റി കുറച്ചു കവിത എഴുതിപ്പോയി. ഇനി മേലാ ചെയ്യൂല്ല. പൊന്നു സാറമ്മാര്‍ അങ്ങ് ക്ഷെമി.

കഞ്ചി മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനി ഹറാസ്സ് ചെയ്യുന്നില്ല. എന്നാലും ഈ കവിതേടെ കാര്യം നമ്മടെ പയലുകള്‍ എങ്ങനെ അറിഞ്ഞ്?
സമയദോഷം. ഇവിടെ ഒരാളിന്റെ അനിയത്തീടെ ഭര്‍ത്താവ് എന്റെ ക്ലാസ് മേറ്റ് ആയിരുന്നു. കോളേജിന്റെ പേരു കണ്ടപ്പ അങ്ങേരു പോയി വീട്ടില്‍ ചോദിച്ചു.

*******************
അരുണ്‍!
യെസ് ആന്റോ.
പിന്നെ കവിത എഴുതീട്ടുണ്ടോ?
പിന്നേ. ഞങ്ങളുറ്റെ ഹൗസ് മാഗസീനില്‍ ഈ മാസവും ഒന്നെഴുതി.
അച്ചടിച്ചോ?
ഉവ്വ്.
ഹൂവര്‍ ബോയ്സ്. മാഗസീനു പോലും നിലവാരമില്ല.

Wednesday, June 24, 2009

നളിനി ജമീലയുടെ പ്രസക്തിയില്ലായ്മ

ദുര്‍ഗ്ഗ തന്റെ "ചവറ്റുകുട്ട" എന്ന ബ്ലോഗില്‍ എഴുതിയ അഭിസാരിക അധ്യാപികയാവുമ്പോള്‍ കുറിപ്പു വായിച്ചു. ഒപ്പം സ്കാന്‍ ചെയ്തിട്ട മാതൃഭൂമി ലേഖനവും. ഏതാണ്ട് ദുര്‍ഗ്ഗയുടെ കുറിപ്പിനോട് യോജിപ്പാണ്‌ തോന്നുന്നത്


ഒരു സ്ത്രീ വേശ്യാവൃത്തി സ്വീകരിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നോ സമൂഹം വേശ്യാവൃത്തി നിരോധിച്ചില്ലെങ്കില്‍ സദാചാരം കാക്ക കൊത്തിപ്പോകുമെന്നോ ഞാന്‍ കരുതുന്നില്ല. മറിച്ച് ഒരു പക്ഷേ, വേശ്യാവൃത്തി ലീഗലൈസ് ചെയ്താല്‍ ലൈംഗിക രോഗങ്ങള്‍ കുറയുകയും സ്ത്രീപീഡനങ്ങള്‍- ഒറിജിനലും വ്യാജനും കുറയുമെന്നുമാണ്‌ കരുതുന്നത്.

ഒരു ലൈംഗിക തൊഴിലാളി അവരുടെ ജീവിതം പുസ്തകം ആക്കിയാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഞാന്‍ ഞെട്ടിപ്പോകുകയും ഇല്ല. ഒറീസ്സയിലെ റെയില്‍‌വേ സ്റ്റേഷനുകളില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ വന്ന് എന്റെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് പോകാന്‍ നോക്കിയിട്ടുണ്ട്, അതിന്നു ശേഷം ഞാന്‍ ഒരുമാതിരി ഒന്നും കണ്ട് ഷോക്ക് അടിക്കാതെയായി. പക്ഷേ, ഈ പുസ്തകം ഒരു വിമോചനപ്രസ്ഥാവനയാണെന്നും എഴുതിയ ആള്‍ ഒരു എഴുത്തുകാരി ആണെന്നും അവര്‍ സ്ത്രീകള്‍ക്ക് ഒട്ടാകെ മാതൃക ആണെന്നും പറയുന്നത് ആളുകളെ ഊശിയാക്കി കാശുവാങ്ങുന്ന വൈശികതന്ത്രം തന്നെ.

സാധാരണ വേഴ്ചയിലെ കോഴ്സുകളില്‍ നിന്നും വ്യതിചലിച്ച രതിയാണ്‌ വേശ്യാസംസര്‍ഗ്ഗത്തില്‍. ഡേവിഡ് റൂബന്റെ ഭാഷയില്‍ പറഞ്ഞാല്‍ വേശ്യയെ പ്രാപിക്കുന്ന പുരുഷന്‍ ഒരു യോനിയിലേക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ത്രീ അവയവത്തിലേക്ക് സ്വയംഭോഗം ചെയ്യുക മാത്രമാണ്‌ ചെയ്യുന്നത്. അതില്‍ നിന്നും പാഠങ്ങളൊന്നും ഉള്‍ക്കൊള്ളാനില്ല. അവരുടെ ജീവിതവിജയം എന്ന രീതിയില്‍ പാടിപ്പരത്തുന്നത് എന്തിനെയാണ്‌? ശരാശരി വേശ്യ ജീവിത പരാജയമാണ്‌. ശരാശരി വേശ്യാലയ സന്ദര്‍ശകന്‍ മാനസികമായെങ്കിലും ലൈംഗിക അസംതൃപ്തിയുടെ പിടിയിലാണ്‌. അവര്‍ പുരുഷന്മാരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നടത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലും അല്ലാതെയും അബദ്ധപഞ്ചാംഗങ്ങളുമാണ്‌. കൗണ്ടര്‍ഫീറ്റ് ഇന്റിമസിയിലെ വിദഗ്ദ്ധര്‍ സെക്സോളജിസ്റ്റുകള്‍ ആണെന്നു വിശ്വസിക്കുന്നവര്‍ക്ക് ഗുണ്ടാ സംഘങ്ങള്‍ നല്ല മിലിട്ടറി ട്രെയിനര്‍മാരാകുമെന്നും സമ്മതിക്കേണ്ടി വരും.

തുറന്നെഴുതുന്നതിനെ സമൂഹം ഭയക്കുന്നു എന്ന് ശ്രീമതി നളിനി ജമീല നിരീക്ഷിക്കുന്നു. എഴുത്തില്‍ താന്‍ മാധവിക്കുട്ടിക്കൊപ്പമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞിട്ടുണ്ടെന്നും അവകാശപ്പെടുന്നു. ഏതാണ്ട് മെയില്‍ സ്ട്രീം സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരെയാകെ ഇന്റര്വ്യൂവില്‍ അവര്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട് മാതൃഭൂമി ഇന്റര്‍‌വ്യൂവില്‍. ആര്‍ക്കും ആരെക്കുറിച്ചും അഭിപ്രായമുണ്ടാകും. ഒബാമ, ഒസാമ മുതല്‍ കറിക്കാരന്‍ ചാണ്ടിക്കുഞ്ഞിനെക്കുറിച്ചു വരെ എനിക്കു വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ ഈ ബ്ലോഗ് എഴുതുന്നു എന്നത് ഇതിനൊക്കെ ആധികാരികത ഉണ്ടാകാന്‍ മാത്രം എനിക്കു യോഗ്യതയാവുന്നില്ല. എം എന്‍ വിജയന്റെ ലേഖനങ്ങളെ ഞാന്‍ വിമര്‍ശിച്ചാല്‍ അതൊരു വാര്‍ത്തയാകാത്തതും മാതൃഭൂമി അഞ്ചെട്ടുകോളം അതിനു ചിലവാക്കാത്തതും അതുകൊണ്ടാണ്‌. ശ്രീമതി നളിനി രാഷ്ട്രീയ നിരീക്ഷക അല്ല, സാഹിത്യകാരിയോ സാംസ്കാരിക പ്രവര്‍ത്തകയോ അല്ല. (ഞാനും ഇതൊന്നുമല്ല.)

മാധവിക്കുട്ടിയും ഞാനും തുറന്നെഴുതി എന്നത് "എനിക്കും ജഡ്ജിയദ്ദേഹത്തിനും കൂടി പതിനായിരത്തി ഒരുനൂറു രൂപ ശമ്പളം ഉണ്ടെന്ന്" അവകാശപ്പെടുന്നതുപോലെ ബാലിശമാണ്‌. തുറന്നെഴുതാന്‍ ഒരല്പ്പം ധൈര്യം വേണം. പക്ഷേ എന്തിന്‌ എന്തു തുറക്കണം എന്നത് എന്താണ്‌ എഴുതുന്നതെന്നതിനെ ആശ്രയിച്ചിരിക്കും. എനിക്ക് നിരവധി ലൈംഗികാനുഭവങ്ങളുണ്ട്. അതെല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് ഉണ്ടാക്കിയാല്‍ അതൊരു കൊച്ചു പുസ്തകം ആകുകയേയുള്ളു, കാരണം ഓബ്ജക്റ്റീവ് ഒരു സാഹിത്യസൃഷ്ടി ഉണ്ടാക്കുക എന്നതല്ലായിരുന്നു. എന്‍ഡ് പ്രോഡക്റ്റ് ഒരു സാഹിത്യസൃഷ്ടി ആകുന്നുമില്ല.

ബാലസ്സന്‍ എന്ന കഴിഞ്ഞ പോസ്റ്റ് എഴുതിയ ഞാന്‍ എന്തുകൊണ്ട് ഫൂക്കോസ് പെന്‍ഡുലത്തിന്റെ പേരില്‍ എകോ അറിയപ്പെടുന്നതുപോലെ ലോകത്ത് പ്രശസ്തനാവുന്നില്ല എന്ന് ഞാന്‍ ചോദിച്ചാല്‍ നിങ്ങളെന്തു പറയും?

ലൈംഗികത്തൊഴിലാളികള്‍ സമൂഹത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ട്. മിക്കപ്പോഴും അവര്‍ക്ക് നിയമപാലകരില്‍ നിന്നും വളരെ മോശമായ പെരുമാറ്റം ലഭിക്കുന്നു. അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വിരളമാണ്‌ നമ്മുടെ നാട്ടില്‍- പ്രതിഭാഗത്തിനത് നിസ്സാരമായി വാദിയുടെ ജീവിതമൂല്യങ്ങളുടെ പേരില്‍ തട്ടിക്കളിക്കാം. ഇതെല്ലാം മാറ്റപ്പെടേണ്ടതുമാണ്‌. ശ്രീമതി നളിനി ജമീല ഇതെല്ലാം പറയുന്നുമുണ്ട്. അതിനു വേണ്ടി അവരെന്തെന്തു ചെയ്താലും സ്വാഗതാര്‍ഹമാണ്‌.

ലൈംഗിക തൊഴിലാളിയുടെ ജീവിതം ഗ്ലോറിഫൈ ചെയ്തും ഒരു സെക്സ് കണ്‍സള്‍ട്ടന്റിന്റെ റോള്‍ അവരില്‍ കണ്ടും അതിശയിക്കുന്നവര്‍ പക്ഷേ, പെയ്ഡ് സെക്സ് എന്ന പരാജയപ്പെട്ട ലൈംഗികവൃത്തിയും മറ്റു ക്രിമിനല്‍ കുറ്റങ്ങളുമായുള്ള ബന്ധം കാണുന്നില്ല.

വാണിജ്യ ലൈംഗികവൃത്തിയിലേക്ക്, നീലച്ചിത്ര നിര്‍മ്മാണത്തിലേക്ക്, പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ താപ്പാനയുടെ പങ്ക് വഹിക്കുന്നത് പരിചയസമ്പന്നതയുള്ള ലൈംഗിക തൊഴിലാളികളാണ്‌ മിക്കപ്പോഴും, വിക്റ്റിം റ്റേണ്ഡ് പെര്‍പട്രേറ്റര്‍ പ്രതിഭാസം.

കൊലപാതകങ്ങള്‍, ഗുണ്ടാസംഘങ്ങള്‍ എന്നിവയുമായി ലൈംഗിക തൊഴിലാളികള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വരുന്നു.

മയക്കുമരുന്ന് വ്യാപാരവും ലൈംഗികച്ചന്തയും തമ്മിലുള്ള അഭേദ്യ ബന്ധം നിരവധി പഠനങ്ങള്‍ തെളിയിച്ചവയാണ്‌.

എല്ലാറ്റിനുമുപരി ലൈംഗികച്ചന്തയില്‍ വില്പ്പനക്കാരിയാവുന്ന ഒട്ടുമിക്ക സ്ത്രീകളും ജീവിക്കുന്നത് ശാരീരികവും മാനസികവുമായ പീഡനങ്ങളും സാമൂഹികമായ ഒറ്റപ്പെടലും ഒക്കെ ചേര്‍ന്ന ഒരു ദുരിതത്തിലൂടെയാണ്‌. മിക്കവരും തങ്ങളുടെ ഇഫക്റ്റീവ് റിട്ടയര്‍മെന്റ് ഏജ് ആകുമ്പോള്‍ ആഗ്രഹിച്ചതുപോലെ പണമൊന്നും നേടുന്നുമില്ല. ശിഷ്ടകാലം ഒന്നുകില്‍ മറ്റു സ്ത്രീകളെ ലൈംഗിക ചന്തയിലേക്കെത്തിക്കുന്ന ഏജന്റോ ക്രിമിനല്‍ കുറ്റങ്ങളിലെ പങ്കാളിയോ ആകുന്നു, അല്ലെങ്കില്‍ മുഴുത്ത ദാരിദ്ര്യത്തിലേക്ക് പോകുന്നു.

ശ്രീമതി നളിനി ജമീല സമൂഹത്തില്‍ നിന്നും മാറിപ്പോകേണ്ട ആളാണെന്ന് വിവരമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. പക്ഷേ ഒരു റോള്‍ മോഡലോ സാമൂഹ്യ സാംസ്കാരിക പരിവര്‍ത്തകയോ ഒന്നുമാണെന്ന് അവകാശപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണ്‌.

Tuesday, June 23, 2009

വിവേചനത്തിന്റെ നാള്വഴികള്‍

വളരെയൊന്നും യാത്ര ചെയ്തിട്ടുള്ള മനുഷ്യനല്ല ഞാന്‍. അഞ്ചെട്ടു രാജ്യങ്ങളില്‍ ഔദ്യോഗികമായും വിനോദസഞ്ചാരിയായും പോയിട്ടുണ്ട് അത്ര തന്നെ. എങ്കിലും തൊലിനിറത്തിന്റെ, ജന്മദേശത്തിന്റെ,ഭാഷയുടെ ഒക്കെ പേരില്‍ ഞാന്‍ എല്ലാദിവസവും അളക്കപ്പെടുകയാണ്‌- ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നുവരെ.കഴിഞ്ഞ കൊല്ലം ദുബായില്‍ ഒരു കോളിളക്കം ഉണ്ടാക്കിയ ചര്‍ച്ചയായിരുന്നു വെള്ളക്കാരുടെ ഡിസ്കോത്തെക്കുകളില്‍ ഇന്ത്യക്കാരെയും അറബികളെയും കയറ്റാന്‍ ഹോട്ടലുകള്‍ മടികാണിക്കുന്നു എന്ന പത്രവാര്‍ത്തയും തുടര്‍ന്നു നടന്ന ചര്‍ച്ചയും. "ഈ നാട്ടില്‍ എനിക്കു കയറാന്‍ പറ്റാത്ത ഇടമോ. ഇടിച്ചു കയറും" എന്ന് അറബിപ്പയ്യന്മാര്‍ വയലന്റ് ആയി. "പഴയ ഡോഗ്സ് & ഇന്ത്യന്‍സ് ആര്‍ നോട്ട് അലൗഡ് ബോര്‍ഡിന്റെ വേറൊരു പതിപ്പ്" ഇന്ത്യക്കാരന്മാര്‍ പത്രത്തില്‍ കുത്തി.

ധാരാളം വെള്ളക്കാര്‍ എനിക്കൊപ്പം പണിയെടുക്കുന്നുണ്ട്. മനസ്സില്‍ എന്താണെന്ന് ചുഴിഞ്ഞു നോക്കാനാവില്ലല്ലോ. പെരുമാറ്റത്തില്‍ പക്ഷേ, ഒരിക്കലും അവര്‍ എന്നെ കറുത്തവന്‍- താഴ്ന്നവന്‍ എന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറയാം. ധാരാളം അറബികളും എനിക്കൊപ്പം പണിയെടുക്കുന്നു. എന്റെ അറബി സഹജീവനക്കാരും വെള്ളക്കാരെപ്പോലെ തന്നെ. പക്ഷേ റോഡില്‍ പലപ്പോഴും പിറകില്‍ വന്ന് ടെയില്‍ ഗേറ്റ് ചെയ്യുന്നതും ലൈറ്റ് മിന്നിച്ചു കാണിക്കുന്നതും ഞാന്‍ ഒരിന്ത്യക്കാരന്‍ ആയതുകൊണ്ട് റോഡില്‍ അവരെക്കാള്‍ അവകാശം കുറവുണ്ടെന്ന് അവര്‍ക്ക് തോന്നുന്നതാകണം എന്ന് വളരെക്കാലം ധരിച്ചിരുന്നു. ഒടുക്കം ഈ വിഷയം ചര്‍ച്ചക്ക് വരാന്‍ ഒരു കാരണമുണ്ടായി. ഒരു ഓഫീസ് ട്രെയിനിങ്ങ് സെഷനില്‍ റോഡ് റേജ് ചര്‍ച്ചാവിഷയം ആയി. എന്റെ സഹജീവനക്കാരായ ഇവിടുത്തുകാരും ഇതുപോലെ റോഡില്‍ പിറകില്‍ വന്ന് ശല്യം ചെയ്യുന്ന ബുള്ളികള്‍ വലിയ ഭീഷണിയാണെന്നും കൂടുതലും തങ്ങളുടെ നാട്ടുകാര്‍ തന്നെയെന്നും പറഞ്ഞതോടെ റോഡിലെ പിരാന്തന്മാര്‍ എല്ലാവരെയും ശല്യം ചെയ്യുന്നവര്‍ ആണെന്ന് മനസ്സിലായി. ഓഫ് കോഴ്സ്- ജഡ്ജ്മെന്റില്‍ ഒരു ഫേവറൈറ്റിസത്തിന്റെ എലിമെന്റ് ഉണ്ട്. ഞാനും ഒരു അറബിയും ഒരേ പോലെ ഒരു ഇന്റര്വ്യൂവില്‍ പെര്‍ഫോം ചെയ്താല്‍ ജോലി മിക്കവാറും അറബിക്കു തന്നെ പോകും.
ഛേ, എന്തൊരു വൃത്തികേട്, എന്നു കരുതാന്‍ എളുപ്പമാണ്‌. ഒരു ജോലിക്ക് ആ നാട്ടുകാരനും അയല്‍നാട്ടുകാരനും കൊടുക്കുന്ന മുന്‍‌ഗണന എന്ന് അതിനെ കണ്ടാല്‍ ആ പ്രശ്നവും തീര്‍ന്നു.

പൊതു സ്ഥലങ്ങളില്‍ പക്ഷേ ഞാന്‍ നിരന്തരം ജഡ്ജ് ചെയ്യപ്പെടുന്ന ഒരു അളവുകോലുണ്ട്.
വെള്ളക്കാരന്‍ = ധനികന്‍, മാന്യന്‍, വിദ്യാസമ്പന്നന്‍
അറബി= ധനികന്‍, ധാരാളി
കാപ്പിരി ആണ്‌ = കള്ളന്‍, തെമ്മാടി
കാപ്പിരി പെണ്ണ് = വേശ്യ
പാക്കിസ്ഥാനി = വിദ്യാരഹിതന്‍, കൂലിപ്പണിക്കാരന്‍
പൂര്‍‌വേഷ്യക്കാരി = ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഗേള്‍, നിര്‍ധന, മാന്യതയില്ലാത്തവള്‍
ശ്രീലങ്കക്കാരന്‍= ഹോട്ടല്‍ തൊഴിലാളി
ശ്രീലങ്കക്കാരി = വീട്ടുജോലിക്കാരി
മീശയില്ലാത്ത വെളുത്ത ഇന്ത്യക്കാരന്‍ = ഓഫീസ് മിഡില്‍ ലെവല്‍ ജോലിക്കാരന്‍
മീശയുള്ള കറുത്ത ഇന്ത്യക്കാരന്‍ = ഫാക്റ്ററി തൊഴിലാളി, സെയില്‍സ് മാന്‍, ഡ്രൈവര്‍മീ
മീശയുള്ള കറുത്തു മെലിഞ്ഞ ഇന്ത്യക്കാരന്‍ = കൂലിപ്പണിക്കാരന്‍

ഞാനിതില്‍ അവസാന വിഭാഗത്തിലാണ്‌. ഏറ്റവും കൂടുതല്‍ ഈ ടേബിള്‍ വിശ്വസിക്കുന്നത് ഇന്ത്യക്കാരാകയാല്‍ ഇന്ത്യന്‍ ജീവനക്കാരുള്ള കടകളിലും മറ്റും പോകുമ്പോള്‍ മിക്കപ്പോഴും എന്നെ ആരും ശ്രദ്ധിക്കാറില്ല. ഇന്ത്യക്കാര്‍ ഉള്ള ഓഫീസുകളില്‍ കയറും മുന്നേ ഫോണ്‍ ചെയ്ത് "ഞാന്‍ ---കമ്പനിയുടെ --- ആണ്‌, ഞാന്‍ ഇതാ വരുന്നു" എന്നു വിളിച്ചു പറഞ്ഞിട്ടാണ്‌ പോകാറ്. എന്നാലും പലപ്പോഴും ഒരു വെളുത്ത ഇന്ത്യക്കാരി "ഓ ഈ കറുമ്പനോ ഈ പറഞ്ഞ ആള്‍" എന്ന അതിശയത്തില്‍ ഒന്നുകൂടി ചോദിച്ച് ഉറപ്പു വരുത്താറുണ്ട്.

ഈ ടേബിളിന്റെ ഉപജ്ഞാതാക്കള്‍ ഇവിടെ കാലാകാലം ജീവിച്ച ഭൂരിപക്ഷം ആയ ഇന്ത്യക്കാര്‍ ആണെങ്കിലും എല്ലാവരും ഏറിയോ കുറഞ്ഞോ ഒക്കെ ഇതില്‍ വിശ്വസിക്കുന്നതായി കാണാറുണ്ട്.

ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു ഈ വര്‍ണ്ണാധിഷ്ഠിത വിവേചനം
ഞാന്‍ വീക്കെന്‍ഡ് ബീയര്‍ കഴിക്കുന്നത് അറബിക്ക് ബാറിലാണ്‌. അതേ ഹോട്ടലിനു ഇന്ത്യര്‍ ബാറ് ഉണ്ട് അവിടെ മീശയില്ലാത്ത വെളുത്ത ഇന്ത്യക്കാരന്റെ വിവേചനം ഭയന്നിട്ടാണ്‌. ഞാന്‍ സ്പോര്‍ട്ട്സ് വെയര്‍ അഡീഡാസ് ആണ്‌ വാങ്ങുന്നത്. നൈക്കി മോശമായിട്ടല്ല, അവിടെ സെയില്‍സ്മാന്മാര്‍ മുഴുവന്‍ ഇന്ത്യക്കാരാണ്‌. അഡീഡാസില്‍ ഫിലിപ്പിനോകളും വടക്കന്‍ അറബ് നാട്ടുകാരും.

ഓഫീസ് കോമ്പ്ലക്സുകളില്‍ വംശീയ വിവേചനം എനിക്കു ഫീല്‍ ചെയ്യിക്കുന്നതും ഇന്ത്യക്കാരാണ്‌.
ക്യാന്റീനില്‍ എന്റെ പാത്രത്തില്‍ നോക്കി പുരികം ചുളിച്ച് "ഓ നീ ഇതൊക്കെ കഴിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല" എന്നു പറയുന്ന വടക്കേയിന്ത്യന്‍ ബ്രാഹ്മണ്യത്തെ "ഉവ്വ്, ഞാന്‍ ഇതു കഴിക്കും, നീ കഴിക്കില്ല അതാവണം നിനക്ക് വെറും --- ജോലിയുമായി ജീവിച്ചു പോരേണ്ടി വരുന്നത്" എന്നും "നീ ഇതു കഴിക്കാത്തതുകൊണ്ടാണ്‌ എന്നെപ്പോലെ ഒരു പ്രസിഡന്റ്'സ് ഗോള്‍ഡ് മെഡല്‍ വാങ്ങി പരീക്ഷ തീര്‍ക്കാന്‍ പറ്റാത്തതെന്ന് തോന്നുന്നു" എന്നും നേരിടാന്‍ പഠിച്ചു.


"നീ മലബാറി ആണോ?" സ്ഥിരം കേള്‍ക്കുന്ന ചോദ്യം. ഈ തെണ്ടികള്‍ക്കറിയില്ല ആരാണ്‌ ആദ്യം അങ്ങനെ വിളിച്ചതെന്ന്. ഇന്തോ പാക്ക് വിഭജനകാലത്ത് കുറേപ്പേര്‍ പാക്കിസ്ഥാനിലേക്ക് മലബാറില്‍ നിന്നും പോയി. അവര്‍ സംസാരിക്കുന്ന ഭാഷ-മലയാളം കേട്ട് മറ്റു പാക്കിസ്ഥാനികള്‍ അവരെ "മലബാറി" എന്ന് മുദ്ര കുത്തി. ദുബായിലെത്തിയ പാക്കിസ്ഥാനികള്‍ മലയാളം സംസാരിക്കുന്നവരെ തങ്ങളുറ്റെ മലബാറി കമ്യൂണിറ്റിയില്‍ പെടുന്ന ആളുകള്‍ എന്ന് മനസ്സിലാക്കി ആ പേര്‍ വിളിച്ചു. അതു കേട്ട ഹിന്ദിക്കാരനും ചോദിക്കുന്നു "നീ മലബാറി - കുടിയേറ്റക്കാരന്‍- ആണോ എന്ന്"

"ഹിന്ദി അറിയില്ലേ? അടുത്ത പുച്ഛം. ഹിന്ദി അറിയില്ലെങ്കില്‍ ചത്തു പോകാന്‍ ഇതെന്താ ഹിന്ദിസ്ഥാന്‍ ആണോ?

മലബാറി ലോഗ് ടിപ്പൊന്നും തരില്ലെന്ന് ടാക്സിക്കാരന്‍. അവന്റെ ദില്ലി ലോഗ് പറയില്‍ അളന്നല്ലേ കൊടുക്കുന്നത്!


വിദേശ ഇന്ത്യക്കാരന്‍ വെളുത്ത പെണ്ണിനെ മാത്രമേ കെട്ടൂ എന്നത് ഒരിക്കല്‍ ഓഫീസില്‍ വലിയ തമാശയായി. ഒരു പാര്‍ട്ടിക്ക് കൂടിയ ഇന്ത്യക്കാരില്‍ ആണുങ്ങള്‍ എല്ലാം കറുത്തും പെണ്ണുങ്ങള്‍ എല്ലാം വെളുത്തും ഇരിക്കുന്നു. തമിഴനു കറുത്ത, മീശവച്ച നായകന്മാരുണ്ട്- പക്ഷേ നായിക, അതില്‍ കോമ്പ്രമൈസില്ല. ഹിന്ദിയില്‍ മീശയുള്ളതെല്ലാം വില്ലന്മാരും ക്ലീന്‍ ഷേവ് ചെയ്തതെല്ലാം നായകന്മാരുമാണ്‌. ബൈ ദ വേ രാമനു മീശയില്ലായിരുന്നു, രാവണനു മീശയുണ്ട്. യുധിഷ്ഠിരനു മീശയില്ല, ദുര്യോധനനു ഉണ്ട് എന്നെല്ലാം വാത്മീകിയും വ്യാസനും എഴുതിയിട്ടുണ്ടെന്ന് സിനിമകളും കാര്‍ട്ടൂണുകളും കണ്ടാല്‍ തോന്നും. ഒരു മീശ വയ്ക്കണേല്‍ ഇനി മീശക്കരം അടയ്ക്കണോ ആവോ.

റേസിസം ഒട്ടും ഫീല്‍ ചെയ്യാതിരിക്കുന്നത് പൂര്‍‌വേഷ്യയില്‍ പോകുമ്പോഴാണ്‌. കറുപ്പും വെളുപ്പും മീശയും മുഖവും നോക്കി ആളെ തിരിക്കുന്നെന്ന് പൂര്‍‌വേഷ്യന്‍ രാജ്യങ്ങളില്‍ തോന്നിയിട്ടില്ല. ഒട്ടും സഹിക്കാനാകാഞ്ഞത് നമ്മുടെ വടക്കേയിന്ത്യയിലാണ്‌. കേരളം എന്നത് പാക്കിസ്ഥാന്‍ കണക്കേ അവര്‍ വെറുക്കുന്ന ചണ്ഡാലദേശമാണെന്ന് തോന്നിയിട്ടുണ്ട്.

തിരിച്ചങ്ങ് നാട്ടില്‍ പോകാം.
റേസിസം എന്തെന്ന് പറഞ്ഞു തന്നത് എന്റെ അച്ഛനാണ്‌. എനിക്ക് ആറുവയസ്സുള്ളപ്പോള്‍ ഞാന്‍ ഒരിക്കല്‍ വീട്ടില്‍ ചെന്നു സംശയം ചോദിച്ചു.
"അച്ഛാ നമ്മള്‍ പുലയന്മാര്‍ ആണോ?"
അച്ഛന്‍ ഒരു ഫാന്‍ അഴിച്ചു റിപ്പയര്‍ ചെയ്യുകയായിരുന്നു. അത് വച്ചിട്ട് എഴുന്നേറ്റു വന്നു.
"പുലയന്‍ എന്നു വച്ചാല്‍ എന്താണെന്ന് നിനക്കറിയാമോ?"
"ഇല്ല. എന്റെ ക്ലാസ്സിലെ ബീന ജേക്കബ് എന്നോട് ഇന്നു ചോദിച്ചതാ നമ്മളൊക്കെ പുലയന്മാര്‍ ആണോ എന്ന്"
എന്നിട്ട്?
"ഞാന്‍ അതെന്താ അങ്ങനെ ചോദിച്ചതെന്നു ചോദിച്ചു."
അവളെന്തു പറഞ്ഞു?
"എന്റെ മുഖവും മൂക്കും കണ്ടാല്‍ അങ്ങനെ തോന്നും എന്ന്."
മോനെന്തു പറഞ്ഞു?
"ഞാന്‍ എനിക്കറിഞ്ഞുകൂടാ എന്ന് പറഞ്ഞു."
നാളെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ അവളോട് പറയണം, മോന്‍ വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അച്ഛന്‍ ഞങ്ങളൊക്കെ മനുഷ്യന്മാര്‍ ആണെന്നും അവളുടെ വീട്ടുകാര്‍ മൃഗങ്ങള്‍ ആണെന്നും പറഞ്ഞെന്നും അവള്‍ വീട്ടില്‍ പോയി അതു ശരിയാണോ എന്നു ചോദിക്കണം എന്നും.

"അപ്പോള്‍ പുലയന്മാര്‍ എന്നത് പള്ളു വിളിക്കുന്നതാണോ അച്ഛാ?"
അല്ലെടേ. അതൊരു ജാതിപ്പേര്‍ ആണ്‌. ഓരോ മനുഷ്യരെ ഓരോ ജാതിയില്‍ ആക്കി കാണുന്നത് പഠിപ്പും വിവരവും മര്യാദയും ഇല്ലാത്ത ചിലര്‍ ചെയ്യുന്ന കുറ്റമാണ്‌. പട്ടികള്‍ കൂട്ടം കൂടി വേറേ ചില പട്ടികളെ ഓടിക്കുന്നത് കണ്ടിട്ടില്ലേ താന്‍?
"ഓ അതാണോ അച്ഛന്‍ പറഞ്ഞത് നമ്മളെല്ലാം മനുഷ്യരും ബീന ജേക്കബ് മൃഗവും ആണെന്ന്?"
(ആദ്യമായി ഈ ബ്ലോഗില്‍ ഒരാളുടെ ശരിക്കുള്ള പേര്‍ വച്ച് എഴുതുകയാണ്‌. ബീന, നിന്നെ ഞാന്‍ മറക്കില്ല)

Monday, June 22, 2009

ലാ വാലിന്‍ - റീയാലിറ്റി ഷോ

തലമാറിപ്പോയി
ഏമാന്നേ, ഈ കേസില്‍ എന്തോ അഴിമതിയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പ അദ്യം എന്റെ തല പരിശോധിക്കണം എന്ന് എഴുതി കയ്യില്‍ തന്നു.
നേരാണോടോ?

ഇയാളുടെ തല ഒന്നു പരിശോധിക്കണം എന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് ഈ കേസിലല്ല, വേറൊരു കേസിലാ.
നേരാണോടോ?

അത് നല്ല ഓര്‍മ്മയില്ല സാര്‍, എന്റെ തലയ്ക്ക് ഈയിടെയായി എന്തോ കുഴപ്പമുണ്ട് സാര്‍. ഒന്നു പരിശോധിക്കണം.
വേഗം പരിശോധിച്ച് തലയ്ക്ക് കുഴപ്പമുണ്ടെന്ന് ഒരു സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്നതാ തനിക്കിനി നല്ലത്. തലയ്ക്ക് കുഴപ്പമില്ലെങ്കില്‍ താന്‍ പോലീസിനു മുന്നില്‍ വ്യാജമൊഴി നല്‍കിയ കുറ്റത്തില്‍ പ്രതിയാകുമേ.


ഭീഷണി
സാര്‍, ഈ വസ്തു അവന്റെ പേരില്‍ എഴുതിക്കൊടുത്തില്ലെങ്കില്‍ എന്റെ പേരില്‍ കള്ളക്കേസ് കൊടുക്കും എന്ന് അവന്‍ ഭീഷണിപ്പെടുത്തുന്നു സാര്‍.
എടോ, ഭീഷണി എന്നതിന്റെ നിര്‍‌വചനം എന്താ, എന്തെങ്കിലും കുറ്റകൃത്യം തനിക്കു നേരേ നടത്തുമെന്ന് ഒരാള്‍ ഭയപ്പെടുത്തുന്നത് ആണ്‌. കേസ് കുറ്റമാണോ?
അല്ല സാര്‍.
അതുകൊണ്ടാണ്‌ ഏറ്റവും സേഫ് ആയ രീതിയില്‍ ഒരുത്തനെ വിരട്ടാന്‍ കേസ് തന്നെ ഉപയോഗിക്കാവുന്നത്.

സ്റ്റാറ്റിസ്റ്റിക്കല്‍ എറര്‍
രാമന്‍ : എന്റെ വീട്ടില്‍ ദിവസവും രണ്ടു ഡസന്‍ കറികള്‍ കൂട്ടിയാണ്‌ ഊണ്‌.
കോരന്‍ : രണ്ടു ഡസനോ? വിശ്വസിക്കാന്‍ പറ്റുന്നില്ല.
രാമന്‍ : ഇതൊരു ഊഹക്കണക്ക് അല്ലേ, അതില്‍ നിന്നും അല്പ്പമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നോ രണ്ടോ മാറിയെന്നും വരാം.
കോരന്‍: എന്റെ വീട്ടിലെ പശുക്കള്‍ മലദ്വാരം വഴിയാണു പ്രസവിക്കുന്നത്
രാമന്‍: മലദ്വാരം വഴിയോ? വിശ്വസിക്കാന്‍ പറ്റുന്നില്ല
കോരന്‍: അതൊരു ഊഹമാണ്‌ അതില്‍ നിന്നും ഒരിഞ്ചോ രണ്ടിഞ്ച്ചോ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെന്നു വരാം.


കോര്‍പ്പസ് ഡെലിസിറ്റി
ഡാ, കുന്താലിക്കു ഞാന്‍ തന്ന ഇരുമ്പ് ഉലക്കപ്പൂണായത് എങ്ങനാടാ?
ഉല ഊതിയ ചെറുക്കനു പറ്റിയ പിഴവാ ചേട്ടാ, അവനെ പിടിച്ച് അടി.

തുടരണോ?

Saturday, June 20, 2009

ഒച്ചിനെ എങ്ങനെ ഒതുക്കാം?

ഒച്ചിനെ കൊല്ലാന്‍ അതിന്റെ മുകളില്‍ ഉപ്പുപൊടി വിതറിയാല്‍ മതി (ഹിറ്റോ ബേയ്ഗോണോ ഡിഡിടിയോ അടിച്ചാല്‍ പോരേ എന്നു ചോദിക്കുന്നവര്‍ക്കുള്ളതല്ല സംഗതി)
എന്ന കേരള ഫാര്‍മറുടെ പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ ഓര്‍ത്ത പഴയൊരു കാര്യം പോസ്റ്റാക്കാം എന്നു വച്ചു. ഉപ്പ് വിതറിയാല്‍ ഒച്ചിന്റെ കട്ടയും ബോര്‍ഡും മടങ്ങും, പക്ഷേ അതിനാദ്യം ഇതിനെ കണ്ടെത്തേണ്ടേ.

നല്ല നാലുമൂട് ചീരയോ മറ്റോ വച്ചാല്‍ അതിന്റെ നെഞ്ചത്തു കയറി പൊങ്കാല ഇട്ടില്ലെങ്കില്‍ ഒച്ചുകള്‍ക്ക് ഒറക്കം വരൂല്ല. അതു പോയ വഴുക്കന്‍ ചാലുകള്‍ കണ്ടാല്‍ പിന്നെ ബാക്കിയായതും തിന്നാന്‍ തോന്നില്ല. ഇവന്മാരെ റെയിഞ്ച് അടച്ച് ഒതുക്കണം. എന്താ വഴി?

ഒരു കുപ്പി ബീയര്‍ വാങ്ങുക (നാലെണ്ണം വാങ്ങിയാല്‍ ബാക്കി മൂന്നും അടിച്ച് പറമ്പില്‍ പണിയെടുക്കാനുള്ള മൂടും ഉണ്ടാക്കാം.) ചെറിയ പരന്ന പാത്രം ഒന്ന് - വല്ല ചിക്കന്‍ കറി വാങ്ങിച്ച അലുമിനിയം ഫോയില്‍ ട്രേയോ മറ്റോ ആയാലും മതി- പൊട്ടിപോയ കൊച്ചു മണ്‍ ചട്ടിയും ഒക്കെ ശരിയാവും ( ചിരട്ട വയ്ക്കരുത്, ചിരട്ടപ്പുറം ഒച്ചുകള്‍ക്ക് പേടിയാണെന്ന് അനുഭവം- ഒരുപക്ഷേ ദേഹം വേദനിച്ചിട്ടാവും)

പാത്രത്തിന്റെ വക്ക് അല്പ്പം മാത്രം മണ്ണില്‍ നിന്നും പൊങ്ങി ന്നില്‍ക്കുന്ന രീതിയില്‍ തോട്ടത്തിന്റെ ഒച്ച് വരാന്‍ സാദ്ധ്യത ഏറ്റവും കൂടിയ ഭാഗത്ത് മണ്ണു മാന്തി പാത്രം സ്ഥാപിക്കുക- നമ്മുടെ വാരിക്കുഴി റെഡി.

വൈകുന്നേരം പാത്രത്തില്‍ മിനിമം ഒരു നാല്‌ ഒച്ച് ഉയരത്തില്‍ ബീയര്‍ ഒഴിക്കുക. സ്വല്പ്പം യീസ്റ്റും തട്ടിക്കോ- ഇവന്മാര്‍ക്ക് പുളിച്ച ബീയര്‍ ആണ്‌ കൂടുതല്‍ ഇഷ്ടം.

രാത്രി വെളുത്ത് നേരേ പോയി നോക്കിക്കോളൂ, പാത്രത്തില്‍ മുങ്ങിയും പരിസരത്ത് വെളിവില്ലാതെ കിടന്നും ചത്ത ഒച്ചുകളെ എണ്ണി അന്തം വിടാം. അതിനെ കോരിക്കളഞ്ഞ് പാത്രം വീണ്ടും വച്ചാല്‍ മൂന്നു ദിവസം വരെ അതായത് ബീയറിന്റെ മണം തീരും വരെ സംഗതി ഉപയോഗിക്കാം
സചിത്ര വിവരണം ഇവിടെ
ഒച്ചുവീണ പാത്രം ദാണ്ടെ

സൂക്ഷിക്കേണ്ട കാര്യങ്ങള്‍
കെണി വച്ച ശേഷം മഴ പെയ്താല്‍ ബീയറിന്റെ കാശ് പാഴായി കിട്ടും
രാത്രി പട്ടിയെ തോട്ടത്തില്‍ തുറന്നു വിട്ടാല്‍ അത് ബീയര്‍ പാത്രം നക്കി വെളുപ്പിച്ചു തരും

ഡിസ്ക്ലെയിമര്‍:
രാവിലേ പറമ്പില്‍ കാലി ബീയര്‍ കുപ്പി കണ്ട് "എരണം കെട്ടവനേ, ഈ വീട്ടില്‍ ഇരുന്നു കുടിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടാ" എന്നു ചോദിച്ച് അച്ഛനോ അമ്മയോ കരണത്ത് വീക്കിയാല്‍ ഈ കുറിപ്പെഴുതുന്നയാള്‍ ഉത്തരം വാദിക്കില്ല.

Thursday, June 18, 2009

ചോറ് ഉണ്ടോ?

ഞാന്‍ ഉച്ചക്കും രാത്രിയും ചോറാണ്‌ ഉണ്ണുന്നത്, ഓര്‍മ്മ വച്ചതില്‍ പിന്നെ ദാ ഇപ്പ വരെ. എനിക്കറിയാവുന്നവരില്‍ ഭൂരിപക്ഷം മലയാളികളും രാത്രി ചോറാണ്‌ ഉണ്ണുന്നത്.

പഷ്കേ, ലേക്കിന്‍, ആനാലും,

ഒരൊറ്റ ഹോട്ടലും രാത്രി ഊണു വില്‍ക്കുന്നില്ല. അതെന്താത്?
വേണ്ട സാധനം വില്‍ക്കുന്നതിനു പകരം വേണ്ടാത്തത് തന്നിട്ട് ഇതേയുള്ള് എന്നു പറയുന്നത് എവിടത്തെ എടപാട്? കസ്റ്റമര്‍ കിങ്ങല്ലാതായത് എങ്ങനെ?

ആരേലും രാത്രി ചോറും കറിയും വിളമ്പുന്ന ഒരു ഹോട്ടല്‍ തുടങ്ങിയാ വീട്ടില്‍ പാചകം ഇല്ലാത്തപ്പ ഞാന്‍ വരും, ഒറപ്പായിട്ടും. ചുമ്മാ പരീക്ഷിക്കിന്‍.

സ്മാര്‍ട്ട് ഡീല്‍

ആന്റോ, ദാ ഞണ്ട്. രസ്യന്‍ ഞണ്ട്.
ഇപ്പ കാശില്ല ചാക്കുണ്ണിച്ചേട്ടാ, ഒന്നീ പിന്നെത്തരാം, അല്ലെങ്കി വേറാര്‍ക്കെങ്കിലും കൊടുക്കിന്‍.

ചന്തേ കൊടുത്താ മുന്നൂറ് കിട്ടും. വെള്ളത്തിക്കെടന്ന് മരവിച്ചു പോയതുകൊണ്ട് ചന്ത വരെ പോണില്ല. നീ ഒരു വെല പറ.
മനസ്സിലായി, ചന്തവരെ പോകാനുള്ള ക്ഷമയില്ല, തണുപ്പു മാറ്റാന്‍ വാറ്റ് ഇപ്പത്തന്നെ വേണം അല്ലീ?

ഒരിരുന്നൂറ്‌ കൊടുത്തേച്ച് എടുത്തോണ്ട് പോടേ.
എന്റെ കയ്യില്‍ കാശില്ല, പള്ളിയാണെ ഒള്ളത്.

എന്തോ ഇരിപ്പോണ്ട്?
കടേ സാധനം വാങ്ങിച്ചേന്റെ ബാക്കി അറുപത്തിരണ്ട് രൂപാ.

വേറേ ഒന്നുമില്ലേടേ?
ഇല്ലെന്ന്, അതല്ലീ ആദ്യവേ പറഞ്ഞത് ഒന്നീ പിന്നെത്തരാം അല്ലേ ഞണ്ട് വേണ്ടെന്ന്.

എന്നാ അറുപത്തിരണ്ട് കൊട്, ഇത് പിടിക്കീ.
ന്നാ.

ആന്റോ നിന്നോട് ദൈവം പൊറുക്കത്തില്ലെടേ.
നിങ്ങളോടും.

Wednesday, June 17, 2009

പൊളിച്ചെഴുതേണ്ട മാനദണ്ഡങ്ങള്‍

കെല്ലി പൈറെക്ക് എഴുതിയ ഫോറന്‍സിക്ക് നഴ്സിങ്ങ് എന്ന പുസ്തകത്തില്‍ നിന്ന്
"പരിക്കുകളും ഇര ശാരീരികമായി ചെറുക്കാന്‍ ശ്രമിച്ചു എന്നതിന്റെ തെളിവും ഇര ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് തെളിയിക്കാന്‍ ഉപയോഗിക്കാം, എന്നാല്‍ ശാരീരികമായി ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചില്ല എന്നത് വേഴ്ച ബലാത്സംഗം അല്ലായിരുന്നു എന്നതിന്റെ തെളിവാക്കരുത്. സമ്മതം എന്നത് പരിശോധിക്കുന്നത് ഇരയുടെയും പ്രതിയുടെയും നടപടികള്‍, കാര്യങ്ങള്‍ മനസ്സിലാക്കിയ രീതി, ഇരയുടെ വിശ്വാസ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതാണെന്ന് ലോണ്‍സ്‌വേ നിര്‍ദ്ദേശിക്കുന്നു. അതിനോടൊപ്പം ബലപ്രയോഗമൊന്നുമില്ലെങ്കില്‍ കൂടി സമ്മതം നല്‍കാവുന്ന മാനസികാവസ്ഥയിലല്ലായിരുന്നു ഇരയെങ്കില്‍, അതായത് (നിയമപ്രകാരമുള്ള) പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കിലോ മാനസികവളര്‍ച്ച ഇല്ലാത്ത സ്ത്രീ, മദ്യമോ മയക്കുമരുന്നോ നല്‍കപ്പെട്ടവള്‍, തുടങ്ങിയവര്‍ ആണെങ്കില്‍ ഇരയും പ്രതിയുമായി ലൈംഗികവേഴ്ച നടന്നു എന്നു മാത്രം ഫോറന്‍സിക്ക് ഇന്‍‌‌വെസ്റ്റിറ്റിഗേറ്റര്‍പരിശോധിച്ച് തെളിയിച്ചാല്‍ മതിയാവും" (ഇരയുടെ സമ്മതമുണ്ടായിരുന്നു എന്ന് പ്രതിക്ക് വാദിക്കാനാവില്ല എന്ന് വ്യംഗ്യം) - പേജ് 581

ഇത് ആധുനികകാലത്തെ ഫോറന്‍സിക്ക് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യന്‍ അപ്പ്രോച്ച് അല്പ്പം വത്യസ്ഥമാണ്‌. മോഡി'സ് മെഡിക്കല്‍ ജൂറിസ്പ്രൂഡന്‍സ് & ടോക്സിക്കോളജി പ്രകാരം ബലാത്സംഗം തെളിയിക്കാന്‍ വേഴ്ച, ബലപ്രയോഗം, കുതറിമാറാനുള്ള ശ്രമം (പെണ്‍കുട്ടി സ്റ്റാറ്റ്യൂട്ടറി ഏജ് ആയില്ലെങ്കില്‍ മാത്രം) സമ്മമ്മില്ലായ്മ എന്നിവയാണ്‌ തെളിയിക്കേണ്ടത് (പേജ് 337)


ഇതാണ്‌ ഇന്ത്യയില്‍ പ്രതിഭാഗ വാദത്തിന്റെ പിടിവള്ളി. സമ്മതമായിരുന്നോ വിസമ്മതമായിരുന്നോ എന്ന് തെളിയിക്കാന്‍ ഇരയുടെ മൊഴികള്‍, സഹായകരമായ തെളിവുകള്‍, മറ്റുമൊഴികള്‍, കൃത്യം നടന്നതിനു ശേഷമുള്ള സംഭവങ്ങള്‍ എന്നിവ പരിശോധിക്കുകയാണ്‌ കോടതി ചെയ്യുക പിന്നെ.

ഗുരുതരമായ അണുബാധയും വേദനയും ഉള്ള സമയത്തും നാല്പ്പതു ദിവസത്തില്‍ നാല്പ്പതോളം അപരിചിതരുമായി ലൈംഗികവേഴ്ച നടത്തിയത് വാദിയുടെ സമ്മതത്തോടെയാണെന്ന് സൂര്യനെല്ലി കേസില്‍ ബഹു. കേരളാ ഹൈക്കോര്‍ട്ടിന്റെ വിധിയും ഈ വീക്ഷണത്തിലാണ്‌ തള്ളിപ്പോയതെന്നു വേണം മനസ്സിലാക്കാന്‍. നിരന്തരം തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു, നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും മയക്കുമരുന്നുകള്‍ കുത്തിവയ്ക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു താനെന്നും സ്വബോധത്തില്‍ ഒരു സമ്മതവും നല്‍കാന്‍ തനിക്കാവില്ലായിരുന്നു എന്ന മൊഴിയും പെണ്‍കുട്ടിക്ക് സഹായകമല്ലാതെ പോയതും മോഡിയുടെ വീക്ഷണം കോടതികള്‍ പിന്‍‌‌തുടരുന്നു എന്നതിന്റെ സൂചനയാകാം.

മോഡിയുടെ പുസ്തകത്തിനു നൂറുവയസ്സാകുന്നെന്ന് ഓര്‍മ്മ. ശാസ്ത്രവും അറിവും എത്രയോ പുരോഗമിച്ച സ്ഥിതിക്ക് പുതിയ വരികള്‍ നമുക്ക് വായിക്കാറായില്ലേ? പീനല്‍ കോഡിനേ വയസ്സായി പിന്നല്ലേ എന്നാണോ? സംഗതി അതല്ല;

കീഴ്ക്കോടതി ശിക്ഷിച്ച മുപ്പത്തില്പ്പരം പേരെ സൂര്യനെല്ലി കേസില്‍ വെറുതേവിട്ടു. വ്യക്തമായ ഒരു മാനദണ്ഡം, വ്യക്തമായ ഒരു നിര്‍‌വചനം എന്നിവ ഇല്ലാതെ പോയാലാണ്‌ ഒരേ കാര്യത്തില്‍ രണ്ടു വിധികള്‍ ഇത്രകണ്ട് വത്യാസപ്പെടുന്നത്.

Sunday, June 14, 2009

ബാലസ്സന്‍*

നാട്ടില്‍ കിട്ടുന്നതെന്തും ദുബായിലും കിട്ടും എന്നത് ദുബായിമലയാളികളെ വഷളാക്കാറുണ്ട്. എന്റെ ഒരു ഗ്രോസറി വാങ്ങീര്‌

"ഹലോ ഗ്രോസറിയല്ലേ? ഇത് ---ബില്‍ഡിങ്ങിലെ ഫ്ലാറ്റ് ---ന്നാ"
"പറയീ"
"കാച്ചില്‍ ഒരു കിലോ"
"കാച്ചിലൊന്ന്"
"ഗുരുവായൂര്‍ പപ്പടം"
"ഗുരുവായൂരൊന്ന്"
"പിണ്ഡതൈലം"
"പിണ്ണതൈലം കോട്ടക്കലോ ഔഷധിയോ?"
"കോട്ടക്കല്‍"
"പിണ്ണതൈലമൊരു കുപ്പീ"
"ഈരെഴയന്‍ തോര്‍ത്ത്."
"തോര്‍ത്തൊന്ന്- വെള്ളയല്ലേ?"
"തന്നെ. അമുല്‍ ബട്ടര്‍ ഇരുന്നൂറ്റമ്പത്."
"അമുല്‍ ഇരുന്നൂറ്റമ്പത്"
"പാല്‍ക്കായം"
"കായം.. പോള്‍ ഇല്ല കേട്ടോ. ഈസ്റ്റേണ്‍ ഉണ്ട്, എല്‍ ജി, ഷാമ. മൂന്നും ബെസ്റ്റാ."

*ബാലസ്സന്‍ എന്ന വീക്കേയന്‍ കഥ മങ്ങിയ മെമ്മറിയില്‍ നിന്ന് (അങ്ങേരെഴുതുന്നപോലെ നമുക്ക് പറ്റില്ല)
സുഹൃത്ത് ബാലകൃഷ്ണനുമൊന്നിച്ചാണ്‌ ഹാജിയുടെ കടയില്‍ കയറിയത്.
"ഇത് ബാലേഷന്‍, അക്കരേന്നാ"
ഹാജി സൂക്ഷിച്ചു നോക്കി
"അക്കരെ ഏത് ഏഷ്ശന്‍ കുടീന്നാ?"
"ബാലന്‍ എഴ്ശ്ശനല്ല, ബാലെസ്സന്‍, ബാലെസ്സന്‍."
"ഒറ്റ നോട്ടത്തി ഞമ്മളാണെന്ന് പറയൂല്ല."
"ആരെ?"
"ങ്ങളെ ചങ്ങായ്, ബാലസ്സന്‍."

Friday, June 12, 2009

തണ്ണീര്‍മുക്കുന്ന ബണ്ട്ചിത്രത്തിനു കടപ്പാട്- വിക്കി പീഡിയ

ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അറിയുവാന്‍,
രണ്ടായിരത്തൊമ്പത് ഫെബ്രുവരി പതിന്നാലിനു അങ്ങ് നടത്തിയ ബഡ്ജറ്റ് പ്രസംഗം ഇന്നാണ്‌ മുഴുരൂപത്തില്‍ വായിച്ചത്. ജനക്ഷേമപരമായ നിരവധി കാര്യങ്ങള്‍ അതില്‍ കണ്ടതില്‍ സന്തോഷിക്കുകയും ഒപ്പം തന്നെ പറഞ്ഞിരിക്കുന്ന രീതിയില്‍ എല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. പ്രസംഗത്തിലെ ഇരുപത്താറാം അദ്ധ്യായം- കുട്ടനാട് പാക്കേജ് എന്നയിടത്ത് പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചിലതു പറയാനാണ്‌ ഈ കുറിപ്പ്.

അങ്ങ് പറയുന്നു" തണ്ണീര്മുക്കം ബണ്ട് പരമാവധി തുറന്നിടാന്‍ കഴിയുന്ന രീതിയില്‍ കാര്‍ഷിക കലണ്ടര്‍ രൂപീകരിക്കാന്‍ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയും ഒപ്പം തന്നെ ഐ ഐ ടി ചെന്നൈ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ ബണ്ടിന്റെ ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത് ആരഭിക്കുകയും ചെയ്യും" എന്ന്. യാദൃശ്ചികതയാവാം പ്രവാസിയായ ഞാന്‍ നിയമസഭയിലെ അങ്ങയുടെ പ്രസംഗസമയത്ത് ബണ്ട് സന്ദര്‍ശിക്കുകയുണ്ടായത്.

തണ്ണീര്‍മുക്കം ബണ്ട് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പ്രത്യേകിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല എങ്കിലും വിദേശത്തും നാട്ടിലുമായി നടന്ന പഠനങ്ങളുടെ രത്നച്ചുരുക്കം ഈ തുറന്ന കത്തില്‍ കൊടുക്കുന്നു.

ഉപ്പുവെള്ളം വെച്ചൂരിനിപ്പുറത്തേക്ക് കയറി നെല്‍‌കൃഷിക്കു നാശമുണ്ടാക്കുന്നെന്ന പൊതു ധാരണയിലാണ്‌ ആയിരത്തി തൊള്ളായിരത്തി എഴുപത്താറില്‍ തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിക്കപ്പെട്ടത്. വിരോധാഭാസമെന്നേ പറയേണ്ടൂ, ഉപ്പുവെള്ളം തടയല്‍ കൃഷിയിടത്തിന്റെ വലിപ്പം ചെറിയ തോതില്‍ വര്‍ദ്ധിപ്പിച്ചെങ്കിലും അതോടെ ആളുകള്‍ കാര്‍ഷികകലണ്ടര്‍ തങ്ങള്‍ക്ക് സൗകര്യമുള്ള രീതിയില്‍ മാറ്റുകയും ബണ്ടിനോട് അനുബന്ധിച്ച് വന്ന നിരവധി റോഡുകള്‍ അതേസമയം കൃഷിയിടങ്ങളെ തമ്മില്‍ ബന്ധമില്ലാത്ത ചെറുകണ്ടങ്ങള്‍ ആക്കി മാറ്റുകയുമാണ്‌ ചെയ്തത്. അങ്ങേക്ക് ഇക്കാര്യം അറിവുണ്ടെന്ന് കാര്‍ഷികകലണ്ടറിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്നും മനസ്സിലാവുന്നു.

അതിനുമപ്പുറം നിരവധി പരിസ്ഥിതി-സാമൂഹ്യ-സാമ്പത്തിക വെല്ലുവിളികള്‍ ആണ്‌ ബണ്ട് ഉയര്‍ത്തുന്നത്.
ഒന്ന്: കായലിലെ ജലസംക്രമണം തടയുക വഴി കീടനാശിനികള്‍, ജൈവസൗഹൃദമില്ലാത്ത പാഴ്വസ്തുക്കള്‍, ലോഹലവണാദികള്‍ എന്നിവ കുമരകം കായലില്‍ കെട്ടിക്കിടക്കുക വഴി കൃഷിയുടെ ആദായം കുറയ്ക്കുന്നു
രണ്ട്: കായലിന്റെ ഉപ്പുരസം കുറയുകയും വിഷവസ്തുക്കള്‍ കെട്ടിക്കിടക്കുകയും വഴി മീന്‍, കക്ക തുടങ്ങിയവയുടെ അംഗസംഖ്യയും ജീവിത ദൈര്‍ഘ്യവും അപകടകരമഅം വിധം കുറയുകയും മത്സ്യബന്ധനം എന്ന ഭക്ഷ്യോത്പാദനരീതിയെ സാരമായി ബാധിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മത്സ്യബന്ധന മേഘലയില്‍ ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കി.

മൂന്ന്: കായലിലെ ഉപ്പുരസം കുറയുന്നതുവഴി തൊണ്ടഴുക്കല്‍- കയര്‍ നിര്‍മ്മാണം എന്നിവയെ പ്രതികൂലമായി ബാധിച്ചു

നാല്‌: മണ്ണിലെ ഉപ്പുരസം കുറയുന്നത് നാളീകേരകൃഷിയെ പ്രതികൂലമായി ബാധിച്ചു.

അഞ്ച്: കുമരകത്തെ ടൂറിസ്റ്റ് സങ്കേതങ്ങളും ഹൗസ് ബോട്ടുകളും കായലിലേക്ക് തള്ളുന്ന അപകടകരമായ മാലിന്യങ്ങള്‍ ബണ്ടുമൂലം ഒഴുകാന്‍ വഴിയില്ലാതെ കെട്ടിക്കിടന്ന് പരിസ്ഥിതി നാശമുണ്ടാക്കുന്നു.

ആറ്‌: പരിസ്ഥിതിയുടെ സ്വാഭാവിക രീതിയെ മാറ്റിമറിക്കുക വഴി കുമരകത്തെ പക്ഷിസങ്കേതത്തിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

ഏഴ്: തോട്ടപ്പള്ളി സ്പില്‍‌വേയോടൊപ്പം ചേര്‍ന്ന് ബണ്ട് വാട്ടര്‍ കറണ്ടുകളെ മാനുഷിക ഇടപെടലിനു വിധേയമാക്കുന്നതിനാല്‍ ഭൂഗര്‍ഭജലനിരപ്പ് താണുപോകാന്‍ കാരണമായി

എട്ട്: കുളവാഴ/പോള എന്നറിയപ്പെടുന്ന സസ്യം ജൈവാധിനവേശം നടത്താന്‍ കാരണമായത് കായലിലെ ഉപ്പുരസം നീക്കുന്ന തണ്ണീര്‍മുക്കം ബണ്ടാണ്‌.

ഒമ്പത്: ജലത്തിലെ സൂക്ഷജീവജാലങ്ങളുടെ സന്തുലിതാവസ്ഥ അട്ടിമറിച്ച് മീനുകള്‍ക്കും ജലജീവികള്‍ക്കും പക്ഷികള്‍ക്കും നിരവധി പുതിയ രോഗങ്ങളുണ്ടാവാന്‍ ബണ്ട് കാരണമായി.

ഇക്കാരണത്താലെല്ലാം കൂടി എനിക്കു ശുപാര്‍ശ ചെയ്യാനുള്ളത് ബണ്ടിന്റെ ഷട്ടറുകള്‍ ഒരിക്കലും അടയ്ക്കുകയേ ചെയ്യരുത് എന്നാണ്‌.

ഉപ്പുവെള്ളം കയറി കൃഷി എല്ലാം നശിക്കില്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. അങ്ങേയ്ക്ക് ധൈര്യമായി പറയാം, അങ്ങനെ ഉണ്ടാകുന്ന നഷ്ടത്തിന്റെ നിരവധി ഇരട്ടി കാര്യക്ഷമമായി കാര്‍ഷിക വൃത്തിയിലേര്‍പ്പെടാന്‍ മറ്റു‌‌സം‌വിധാനം വഴി കഴിയുമെന്ന്- വിശദീകരിക്കാം.

കുട്ടനാട് നമ്മുടെ അരിക്കലം ആണെന്നത് ശരിയാണ്‌ സര്‍. അതേസമയം അത് നമ്മുടെ മീന്‍ ചട്ടിയും കൊപ്രാക്കളവും കയര്‍ ചാപ്പയും, കുമ്മായച്ചൂളയും ആയിരുന്നു. അക്കാര്യം എന്തോ, എല്ലാവരും മറന്നുപോയി.

തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണത്തിന്റെ ആകെത്തുക ഇതാണ്‌ സര്‍- നാനൂറ്റി അറുപത്തിനാല്‌ ഹെക്റ്റര്‍ പാടത്ത് ഒരു പൂവ് കൃഷിക്കു കൂടി സൗകര്യമുണ്ടായി. ആയിരത്തി എഴുനൂറ്റി പതിനാല്‌ ഹെക്റ്റര്‍ സ്ഥലത്ത് മത്സ്യ വളര്‍ച്ച ഇല്ലാതെയാക്കി. നെല്ലിന്റെ പ്രതിഹെക്റ്റര്‍ ആദായം കുറച്ചു, മത്സ്യസമ്പത്തിന്റെ ഗണ്യമായി നശിപ്പിച്ചു, കയര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കി, തെങ്ങിന്റെ വിളവുകുറച്ചു, കളകയറി പാടശേഖരങ്ങളെ നശിപ്പിക്കാന്‍ തുടങ്ങി, സര്‍‌വോപരി കുമരകത്തിന്റെ ജൈവസന്തുലിതാവസ്ഥയെ തകര്‍ത്തു.
(പി ജി പത്മനാഭന്‍, കെ സി നാരായണന്‍ & കെ ജി പത്മകുമാര്‍ പഠനം പേജ് പതിനഞ്ച്)


ഓരോ പാടശേഖരവും ഇന്ന് കമ്മിറ്റികളുറ്റെ കയ്യിലാണ്‌ . നിലവിലുള്ള സം‌വിധാനങ്ങള്‍ കൊണ്ട് തന്നെ അവര്‍ക്ക് ഒരു ഇന്റഗ്രേറ്റഡ് കൃഷിരീതി സ്വീകരിക്കാവുന്നതേയുള്ളു. മൂന്ന് പൂവ് നെല്‍‌കൃഷിക്കു പകരം ബണ്ട് സം‌രക്ഷിക്കുന്ന നാനുറ്റി അറുപത്തിനാലേക്കറില്‍ രണ്ട് പൂവു നെല്‍‌കൃഷിയും ഇടവേളയില്‍ മീന്‍-ചെമ്മീന്‍ കൃഷിയും നടത്തുന്ന പൊക്കാളി രീതി നമ്മള്‍ എത്രയോ നൂറ്റാണ്ട് ചെയ്തതാണവിടെ.

ഇന്നും കേസ് സ്റ്റഡിയായി കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അതിലൊന്ന്- സി ഡി എസ് പഠനത്തില്‍ നിന്നു കണ്ടെത്തിയ ശ്രീ. ജോയ് ഇട്ടൂപ്പ് എന്ന വ്യക്തി സ്വീകരിച്ച മാര്‍ഗ്ഗം ഇങ്ങനെയാണ്‌:

മൊത്തം പാടശേഖരം- ഇരുപത്തഞ്ച് ഹെക്റ്റര്‍ . കൃഷിയിടം ഇരുപത് ഹെക്റ്റര്‍. ബാക്കി വന്ന അഞ്ചിലെ മണ്ണെടുത്ത് ഇരുപതേക്കറിനു ബണ്ടാക്കിയിരിക്കുന്നു. ഫാമില്‍ രണ്ട് പൂവ് നെല്ലും ഇടവേളയില്‍ മത്സ്യകൃഷിയുമാണ്‌. പരിസരത്തെ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് പന്നി വളര്‍ത്തി അവിടെ തന്നെ വില്‍ക്കുകയും ചെയ്യുന്നുണ്ട്. കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയെങ്കിലും മറ്റു കൃഷികളൊപ്പം ആദായമില്ലെന്ന് കണ്ട് നിറുത്തി. ബണ്ടില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. ഫാമില്‍ കോഴിയും താറാവും വളര്‍ത്തുന്നുണ്ട്. പരസ്പര പൂരകമായി ഇവയെല്ലാം മറ്റുള്ളതിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതിനാല്‍ നെല്‍‌കൃഷി മാത്രമെടുത്താല്‍ തന്നെ ജോയിയുടെ രണ്ട് പൂവ് കൃഷി മറ്റു സ്ഥലങ്ങളിലെ മൂന്നു പൂവു നെല്ലിനെക്കാള്‍ വിളവു തരുന്നു. എഫ് എഫ് ഡി ഏ, കൃഷിവകുപ്പ്, സര്‍ക്കാര്‍ ബാങ്കുകള്‍ എന്നിവയുടെ ഫൈനാന്‍സിങ്ങ് അല്ലാതെ വന്‍‌കിട മുതല്‍ മുടക്കുമായല്ല ഈ സം‌രംഭം തുടങ്ങിയതും.

മുക്കിക്കൊല്ലുന്ന ബണ്ടിന്റെ ഷട്ടര്‍ എന്നും ഉയര്‍ന്നു തന്നെയിരിക്കട്ടെ സര്‍. നമുക്ക് കുട്ടനാടിനെ കൊല്ലാതെ തന്നെ എല്ലാ കൃഷിയും ലാഭത്തിലാക്കാം. അതിന്‌ കയ്യിലുള്ള വിവരം തന്നെ ധാരാളമാണ്‌. നൂറ്റാണ്ടുകള്‍ പരിശീലിച്ച പ്രവര്‍ത്തികളും.

സസ്നേഹം
കുട്ടനാടിനെ സ്നേഹിക്കുന്ന, അവിടത്തുകാരനല്ലാത്ത ഒരു മറുനാടന്‍ മലയാളി.

Tuesday, June 9, 2009

എലനക്കി പട്ടീടെ..

വെളീലൊക്കെ സ്വയമ്പന്‍ ചൂട്. ജോഗിയപ്പ ദാഹിച്ച്. തലമണ്ടേടേം പോക്കറ്റിന്റേം സമ്മതം ചോദിക്കാന്‍ മിനക്കെടാതെ കാലുകള്‍ ബാറിലോട്ട് വച്ച് പിടിച്ചു.

ഇരുട്ട്- തൊലിഞ്ഞ ചെവലനെറത്തിലെ ഈ അശ്ലീലവെളിച്ചത്തിനു പകരം ഇവന്മാര്‍ക്ക് വല്ല റെസ്റ്റോറണ്ട് പോലെ ലൈറ്റ് അപ്പ് ചെയ്തൂടേ? അതോ ഗ്ലാസ്സില്‍ ഈച്ചയുണ്ടേല്‍ ആരും കാണാതിരിക്കാന്‍ അറിഞ്ഞോണ്ട് ചെയ്യണതാണോ.

ആന്റപ്പാ!
ഇതാരപ്പാ?

ലവന്‍- ആപ്പീസുകളില്‍ കയറിച്ചെന്ന്, ആളുകള്‍ ചെയ്യുന്ന പണിക്ക് കുറ്റം പറഞ്ഞ്, അവരുടെ തലയ്ക്ക് കിഴുക്കി, അവരോട് തന്നെ കാശും ഈടാക്കുന്ന ലവന്‍- കോര്പ്പറേറ്റ് രാജഗുരു.

ഡേ, നീയൊന്ന് മിനുങ്ങിയല്ല്.
ഇല്ലെഡേ, ഞാന്‍ ഒന്നു മിനുങ്ങാനായിട്ട് വന്നു കേറിയതേയുള്ള്. എങ്ങനെ പോണ്‌ റിസഷനൊക്കെ തീര്‍ന്നുവരുവല്ലേ?

അതാ സങ്കടം.
എരണം കെട്ടവനേ!

ഡേ, അടുത്തകാലത്തത്തായിട്ട് വല്യ പണിയില്ലാരുന്ന്, റിസഷന്‍ കാരണം ഞാനൊന്നു പച്ച പിടിച്ച് വന്നതാ, അപ്പഴേക്ക് ദാ തീര്‍ന്നു പോണ്‌.
അതെന്തരു പച്ചയാടേ നീ പിടിച്ചത്?

ടേ, ഈ ഡൗണ്‍സൈസിങ്ങ് ഒണ്ടല്ല്.
ഒണ്ടല്ല്. കമ്പനിക്ക് ലാഭത്തിനു വേണ്ടി ഒരുദിവസം രാവിലേ പ്രേമലേഖനം കൊടുത്ത് തെരുവിലാക്കല്‍, പിന്നെ ലോങ്ങ് സര്‌വീസ് ഉള്ളവരെ പിരിച്ചു വിട്ടിട്ട് തൊഴില്‍ രഹിതര്‍ കൂടിയ മാര്‍ക്കറ്റീന്നു ചീപ്പ് ലേബര്‍ വാങ്ങിക്കല്‍, ഈഗോ ക്ലാഷ് ആയ കീഴ്ജീവനക്കാരനെ പിരിച്ചു വിടാനുള്ള മുട്ടാപ്പോക്ക്, നീയല്ലെങ്കില്‍ നിന്റെ മുത്തച്ചന്‍ കുളം കലക്കീട്ടുണ്ട് എന്ന രീതിയിലെ റിപ്പോര്‍ട്ടിങ്ങ്...

ആ അതൊക്കെ നാട്ടുകാരുടെ പറച്ചില്‍. ഡൗണ്‍സൈസിങ്ങ് എന്നാല്‍ മെര്‍ക്കുറിയും ആര്‍സെനിക്കും വച്ച് ചികിത്സിക്കുമ്പോലെയാ, സൂക്ഷിച്ചു കളിച്ചില്ലേല്‍ രോഗമല്ല, ആളു പോകും. അതായത്, ഒരു കമ്പനി കുറേ ആളെ പറഞ്ഞു വിടുമ്പോള്‍ നല്ലവരെ ബാക്കിയാക്കി ഫാറ്റ് വെട്ടും, എന്നാലും ആളു പോകുമ്പോള്‍ നോളിജ്ജ് ഗ്യാപ്പ് വരും. ഏറ്റവും വലിയ പ്രശ്നം, നല്ല ആളുകള്‍ക്ക് ഏതു റിസഷനിലും അടുത്ത ജോലി കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌. ആരെയെങ്കിലും തട്ടുമ്പോള്‍ കമ്പനിമേല്‍ ബാക്കിയുള്ളവര്‍ക്കും വിശ്വാസം പോകും റീട്ടെയിന്‍ ചെയ്തവരും സ്വയം ജോലി മാറിത്തുടങ്ങും. അപ്പ എന്തരായി, കെഴക്കൂന്നു വന്നതും പെയ്, ഒറ്റാലീ കെടന്നതും പെയ്.

അങ്ങനെ തന്നെ വേണം. മാഗ്നാനിമിറ്റി വില്‍ റീപ്പ് ഇറ്റ്സ് ബെനിഫിറ്റ്സ്- പോക്രിത്തരം കാണിച്ചാല്‍ സ്പോട്ടില്‍ കിട്ടും എന്നു മലയാളത്തില്‍.

അവിടല്ലേ ഡൗണ്‍സൈസിങ്ങ് കണ്‍സള്‍ട്ടന്റിനെ പ്രസക്തി. എങ്ങനെ നോളജ്ജ് ഗ്യാപ്പ് ഫില്‍ ചെയ്യാം, എങ്ങനെ സര്‌വൈവിങ്ങ് എമ്പ്ലോയീസിനെ റീട്ടെയിന്‍ ചെയ്യാം, ഡൗന്‍സൈസിങ്ങ് നടന്നയിടത്ത് എങ്ങനെ മൊറേല്‍ പൊക്കാം, എങ്ങനെ പ്രൊഡക്റ്റീവിറ്റി നിലനിര്‍ത്താം- ഇതൊക്കെയാണ്‌ ഡൗണ്‍സൈസ് കണ്‍സള്‍ട്ടിങ്ങ്.

തള്ളേ.
നീ എന്തരെടേ മ്മ്ലാവി നോക്കണത്?

ആ താക്കോല്‍- അത് ജാഗ്വാര്‍. ആ കഫ് ലിങ്ക്-അത് മോബ്ല. ഇതൊന്നും റിസഷനു മുന്നേ നിനക്കില്ലാരുന്ന്.
ഹ ഹ.


അപ്പ എല്ലാം പറഞ്ഞപോലെ തന്നെ. എന്റെ കള്ളു വരുന്ന മുന്നേ ഞാന്‍ എഴിച്ച് അടുത്ത മേശേല്‍ പെയ്യൂടട്ട്.
അതെന്തരെടേ, ബോറുകള്‍ അടിച്ചാ?

അല്ലമ്പീ. ഞാന്‍ നിന്റെ അടുത്തിരുന്നാ നീ ഞാനറിയാതെ എലിപ്പാഷാണം ഗ്ലാസ്സി കലക്കും എന്നിട്ട് എന്റെ വീട്ടി ചെന്ന് എന്റെ ശവമടക്ക് എങ്ങനെ ഭംഗിയായിട്ടു നടത്താം എന്ന് കണ്‍സള്‍ട്ടും- ഗുഡ് നൈറ്റ്

Thursday, June 4, 2009

ഏ എഫ് 447

എയര്‍ ഫ്രാന്‍സ് 447ന്റെ പതനം വ്യോമയാന ചരിത്രത്തിലെ ഏറ്റവും അധികം ആളപായമുണ്ടാക്കിയ അപകടങ്ങളിലൊന്നാണ്‌. മരിച്ചുപോയ യാത്രികര്‍ക്കും ജീവനക്കാര്‍ക്കും ആദരാഞ്ജലികള്‍.

എന്തെങ്കിലും ഒരു സംഭവം നടന്നാല്‍ ഉടന്‍ അതിന്റെ കാരണം കണ്ടുപിടിച്ചെന്ന മട്ടില്‍ വിദഗ്ദ്ധര്‍ പ്രത്യക്ഷപ്പെടാറുണ്ട്, ഇത്തവണയും ഊഹാപോഹ വിദഗ്ദ്ധര്‍ ടെലിവിഷനില്‍ കയറി വായില്‍ തോന്നിയതു മുഴുവന്‍ വിളിച്ചു പറഞ്ഞിട്ടു പോയി.

ഒരു വൃദ്ധന്‍ എത്തി വിമാനത്തിനു മിന്നല്‍ ഏറ്റതാവാം എന്ന് അങ്ങ് ഊഹിച്ചു. ഇദ്ദേഹം മുന്‍‌പൈലറ്റ് അത്രേ. വളരെ സാധാരമാണ്‌ വിമാനങ്ങളെ ഇടി വെട്ടുന്നതെന്നും സാധാരണ മിന്നലില്ലാത്ത അവസ്ഥയില്‍ പോലും ആകാശത്തു പറക്കുന്ന വിമാനമെന്ന ലോഹനിര്‍മ്മിതയാനപാത്രം ചാര്‍ജ്ജ് ആയി നില്‍ക്കുന്നതിനാല്‍ അതു പറക്കുന്നതുമൂലം ഒരു മിന്നല്‍ ഉണ്ടായി അതിനേല്‍ക്കാറുണ്ട് എന്ന് പൈലറ്റുമാര്‍ക്കല്ല, വ്യോമയാനത്തില്‍ താല്പ്പര്യമില്ലാത്ത സാധാരണക്കാര്‍ക്കു പോലുമറിയാം അതുകൊണ്ട് ഒന്നും സംഭവിക്കാറില്ലെന്ന്.

പിറകേ വന്ന കുളിയാണ്ടര്‍ അതങ്ങോട്ട് വ്യാഖ്യാനിച്ചു ശരിയാക്കി. അതായത് രമണാ, ഈ ഇടി വെട്ടിയപ്പോ ഡിജി ഫ്ലൈ ബൈ വയര്‍ തകരാറിലായെന്നായിരിക്കും അങ്ങോരു ഉദ്ദേശിച്ചത്.

ആയെങ്കില്‍? ആള്‍ട്ടര്‍നേറ്റ് സിസ്റ്റത്തിലേക്ക് പോകും. പോയി എന്നാണ്‌ അവസാനം ലഭിച്ച ഇന്‍ഫോ.

ഏറ്റവും വലിയ സങ്കടം പറയുന്ന ഇവര്‍ക്കു തന്നെ വ്യക്തമായി അറിയാം ഇതെല്ലാം വെറും ഊഹാപോഹങ്ങളും അടിസ്ഥാനമില്ലാത്ത നിഗമനങ്ങളും ആണെന്നാണ്‌. ജനത്തിനു എന്തെങ്കിലും കേട്ടേ മതിയാവൂ. എന്നാല്‍ പിന്നെ കളസവും കോട്ടും ഇട്ടു വന്ന് അറിഞ്ഞുകൊണ്ട് എന്തെങ്കിലും പറഞ്ഞു പോകാം എന്നാണോ?


ഭീകരാക്രമണം ആയിരിക്കുമോ?
സാദ്ധ്യത ഇല്ലാതെയില്ല. അടുത്ത സമയത്ത് ഒരു ബോംബ് ഭീഷണി എയര്‍ ഫ്രാന്‍സിനു ഉണ്ടായിരുന്നു. എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം ഇന്ധനവും കടലില്‍ കണ്ടെത്തിയതിനാല്‍ ഒരു വന്‍‌കിട പൊട്ടിത്തെറി ഉണ്ടായതാവാന്‍ സാദ്ധ്യത കുറവാണ്‌. ഒരു ചെറിയ പൊട്ടിത്തെറി മൂലം എവിടെയെങ്കിലും തുളവീണതാവുമോ? അറിയില്ല.

അവസാനം കിട്ടിയ മനുഷ്യ സന്ദേശം കൊടുങ്കാറ്റിനെക്കുറിച്ചായിരുന്നു. സാധാരണ കൊടുങ്കാറ്റ് വിമാനങ്ങള്‍ തിരിച്ചറിയും. ഒന്നുകില്‍ അതുനു വഴിയൊഴിഞ്ഞോ അല്ലെങ്കില്‍ അതിനു മുകളില്‍ പറന്നു കയറിയോ പോകാറുണ്ടെങ്കിലും ഒരു കൊടുങ്കാറ്റിനുള്ളില്‍ അതു കയറിയെങ്കില്‍ ഒരു മുന്നറിയിപ്പിനുള്ള സമയം പോലും കിട്ടാതെ ഒരു നിമിഷം കൊണ്ട് തകരാന്‍ സാദ്ധ്യത കുറവാണ്‌. പൈലറ്റ് എറര്‍? മെറ്റല്‍ ഫറ്റീജ്? കൃത്യമായി അറിയില്ല ഇപ്പോഴും, അന്വേഷണം തുടങ്ങുന്നതേയുള്ളു.

ഇപ്പോള്‍ അറിയുന്നത് ഒന്നു മാത്രം- അനിയത്രിതമായ മര്‍ദ്ദനഷ്ടം. മുപ്പത്തയ്യായിരം അടി ഉയരത്തിലായിരുന്നു ഏ ഫ് 447 ന്റെ ക്യാബിന്‍ പ്രഷര്‍ നഷ്ടപ്പെടുമ്പോള്‍. അത്രയും ഉയരത്തില്‍ ക്യാബനില്‍ മര്‍ദ്ദനഷ്ടം ഉണ്ടായാല്‍ ഏതാണ്ട് മുപ്പതു സെക്കന്‍ഡ് ആണ്‌ എന്തെങ്കിലും പ്രതികരിക്കാന്‍ മാത്രം ബോധം നിലനില്‍ക്കുന്ന ശരാശരി സമയം (Time of Useful Consciousness) ഉറങ്ങുകയായിരുന്നവര്‍ ഉറക്കത്തില്‍ തന്നെ ഒന്നുമറിയാതെ പോയിട്ടുണ്ടാവണം. പെട്ടെന്ന് പ്രതികരിച്ചവര്‍ ഓക്സിജന്‍ മാസ്ക് ധരിച്ചിട്ടുണ്ടാവണം, ആ ഹതഭാഗ്യവാന്മാര്‍ വെര്‍ട്ടിക്കല്‍ ഡിസന്‍ഡിന്റെ പ്രാണവേദനയും ശരീരത്തില്‍ തറച്ചു കയറുന്ന വസ്തുക്കല് നല്‍കുന്ന ക്ഷതവും ഒക്കെ സഹിച്ച് കുറച്ചു നിമിഷങ്ങള്‍ കൂടി ജീവിച്ചിട്ടുണ്ടാവണം. ഒടുക്കം അവരും പോയി. ഒരു കുഞ്ഞ്, ആറു കുട്ടികള്‍.

സങ്കടപ്പെടുന്നു.

ബസ്സ് മറിഞ്ഞും സിവില്‍ വാറിലും കൊല്ലപ്പെട്ടവരെക്കുറിച്ച് ഇത്രയും സങ്കടപ്പെടുമോ എന്നൊരാള്‍ ചോദിക്കുന്നത് കേള്‍ക്കാം. ആരു മരിച്ചാലും സങ്കടമാണ്‌, പിന്നെ അറിയില്ല, എനിക്കു വിമാനങ്ങളെ ഇഷ്ടമായതുകൊണ്ടാവും ഇതിനെക്കുറിച്ച് ഇത്രയും വിഷമിക്കുന്നത്.

Wednesday, June 3, 2009

പിതൃത്വം

നവപിതാവ് സിജുവിന്‌ അഭിനന്ദനങ്ങള്‍. എന്നു ചുമ്മാ ഒരു വരി മാത്രം എഴുതിപ്പോകാന്‍ തോന്നാത്തതുകൊണ്ട് (തല്ലിക്കൂട്ടാണെങ്കിലും ) ഒരു പോസ്റ്റ് സിജുവിനു ഡെഡിക്കേഷം ചെയ്ത് ഇരിക്കട്ടേ എന്നുവച്ചു.

"ദാ പോസിറ്റീവാ" എന്നു പറഞ്ഞ് അവള്‍ പേനപോലൊരു പ്രെഗ്നന്‍സി ടെസ്റ്റിങ്ങ് സുനാഫി കാണിച്ചപ്പോ ആധിയാണു തോന്നിയത്. ഇവളെ ഇനി നടത്താമോ, നേരേ കിടത്താമോ, എന്തൊക്കെ കഴിക്കാന്‍ കൊടുക്കാം, ചെക്കപ്പിനു പോകുമമ്പോള്‍ യാത്രമൂലം എന്തെങ്കിലും പറ്റിയാലോ.
"നിന്റെ രാജിയിങ്ങ് എഴുതത്താ, ഞാന്‍ കൊണ്ട് ഓഫീസില്‍ കൊടുക്കാം." ഗര്‍ഭിണിയാകുമ്പോള്‍ രാജിവയ്ക്കണമെന്നും കുട്ടിക്ക് അഞ്ചു വയസ്സായിട്ട് വീണ്ടും ജോലിക്കു പോയാല്‍ മതിയെന്നും ആദ്യമേ പറഞ്ഞു സമ്മതിപ്പിച്ചിരുന്നതാ.

"നീയെന്താ ഈ പറയുന്നത്, എനിക്ക് ഒരു മാസത്തെ നോട്ടീസ് കൊടുത്താലേ സ്ഥാനമൊഴിയാന്‍ പറ്റൂ."

"ഒരു മാസം ജോലിക്കു പോയാല്‍ കുഴപ്പമുണ്ടോന്നോ? ഞാന്‍ പ്രെഗ്നന്‍സിക്കാലം മുഴുവന്‍ ജോലി ചെയ്തതാ." ഡോക്റ്റര്‍ ചിരിച്ചു.
"ഡോക്റ്റര്‍ക്ക് ജോലി ആശുപത്രിയിലല്ലേ, എന്തെങ്കിലും കുഴപ്പമായാലും ഒരു പ്രശ്നവുമില്ലല്ലോ."
അവന്‍ കെഞ്ചിയും കരഞ്ഞും റീപ്ലേസ്മെന്റിനു ആളെ കണ്ടുപിടിച്ചും രണ്ടാഴ്ചകൊണ്ട് അവളെ വീട്ടിലാക്കി.

"ഇതാണു വീട്ടുതടങ്കല്‍" അവള്‍ കോപിച്ചു. ശര്‍ദ്ദിച്ചു, പ്രാര്‍ത്ഥിച്ചു.

അവന്‍ ഒക്കെ സഹിച്ചു, പുസ്തകം വായിച്ചു, പിന്നെ ഒറ്റയ്ക്ക് ഇറങ്ങി വീടിനു ചുറ്റും നടന്നു. ദൂരേക്ക് നടക്കാന്‍ പേടിയാണ്‌- പെട്ടെന്നെങ്ങാന്‍ അവള്‍ക്ക് വയ്യാതായാലോ.

ഒമ്പതു മാസം കൊണ്ട് അവന്‍ ഒന്നും മിണ്ടാതായി, അവളോട് പോലും.

അങ്ങനെ അവളങ്ങു പ്രസവിച്ചു. നൊന്തു പെറ്റെന്നൊക്കെ പറയുന്നു, എപിഡ്യൂറല്‍ എടുത്തിട്ടാണെങ്കിലും.
അവന്‍ ആശുപത്രിക്കു പുറത്ത് വെറുതേ കിടന്നോടി.

കുട്ടിയെക്കണ്ടപ്പോള്‍ "ഇതിനെ ഇങ്ങു കിട്ടി, കുഴപ്പമില്ലാതെ" എന്നേ തോന്നിയുള്ളു.

കിടപ്പ് സോഫയിലാക്കി. കട്ടിലില്‍ കുട്ടിക്കൊപ്പം കിടന്നിട്ട് അറിയാതെയെങ്ങാന്‍ ഉറക്കത്തില്‍ അതിന്റെ ദേഹത്ത് കാലോ കയ്യോ ഇട്ടാലോ.

ജനിച്ച ശേഷവും കുട്ടി അമ്മയുടെ ഭാഗമാണ്‌. അവന്റെ ആരുമല്ല. അവളും കുട്ടിയുടെ ഭാഗമാണ്‌. ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടെന്ന് തോന്നും.

വണ്ടി രെജിസ്റ്റ്രേഷന്‍ റിന്യൂ ചെയ്യാന്‍ ചെന്നപ്പോള്‍ സ്പീഡിങ്ങ് ഫൈനുകള്‍ ഒന്നും കാണാനില്ല- സ്പീഡ് ഭയമാണിപ്പോള്‍.

അവളെടുത്താല്‍ കുട്ടി കരച്ചില്‍ നിര്‍ത്തും. അവനെടുത്താല്‍ നിര്‍ത്തില്ല. കുട്ടിക്ക് അവനെ അറിയില്ല, അവളെ അറിയാം.

അങ്ങനെ ഒരു ദിവസം കുട്ടി കമിഴ്നു വീണു കിടന്നു കളിക്കുമ്പോള്‍ പെട്ടെന്ന് അവനുനേരേ കൈ ചൂണ്ടി
"അജ്ജ."

അവള്‍ ഓടി വന്നു. "അമ്മ എന്നും പറയൂ മോളേ."
"അജ്ജ"
"അമ്മ"
"അജ്ജ"
"അമ്മയെന്ന് പറഞ്ഞില്ലെങ്കില്‍ അമ്മ പിണങ്ങും"
"അജ്ജ അജ്ജ അജ്ജ അജ്ജജ്ജ്ജ്ജജ്ജ്ജജ്ജ."
എന്തു ചെയ്തിട്ടാണോ, കുറേ ഭയപ്പെട്ടെന്നല്ലാതെ. ചിലപ്പോള്‍ പിതൃത്വം എന്നു പറയുന്നത് ഈ അടങ്ങാത്ത ഭയം തന്നെയമ്വും. ആര്‍ക്കറിയാം.

Monday, June 1, 2009

റീഹാബിലിറ്റേഷം

ആന്റോ വരീ, ഇരീ, ഒഴീ.
ഞെരിപ്പന്‍ സ്വീകരണവാണല്ല്. അണ്ണനെ ചാണ്ടി ഷാപ്പിന്റെ റിസപ്ഷനിസ്റ്റ് ആക്കിയോ.

ഞങ്ങള്‌ കാത്തിരിക്കുവാരുന്ന്- ഒരു സംശയം.
ചുമ്മ ചോയിക്കിന്‍.

കാല്‍‌വരി എന്നു വച്ചാല്‍ എന്താ?
ഓ ഇതാണോ ഇത്ര മുട്ടന്‍ സംശയം. ആരും ബൈബിളൊന്നും വായിച്ചിട്ടില്ലേ?

ഇതതല്ല. സലപ്പേരല്ല, ഒരു വാക്കാ. ദാണ്ട് ലിവന്‍ വായിച്ചതാന്ന്.
ങ്ങേ? എന്തരിനെക്കുറിച്ച് വായിച്ചതാ?

പോലീസിനെക്കുറിച്ച്.
തലവരി, കുടുമ്മവരി എന്നൊക്കെ കേട്ടിട്ടുണ്ട് അതിലെ വരിക്ക് ഫീസ് എന്നാ അര്‍ത്ഥം, പക്ഷേ കാല്‍‌വരി എന്നു കേട്ടിട്ടില്ല. പട്ടാളത്തിലാണെങ്കി കാലാള്‍ ഒണ്ട്.

നീ ഒക്കെ എന്തരാടേ കോളേജിപ്പടിക്കണത്. ലോണ്ട് പ്രൊഫസ്സറു വന്ന്, ചോയിക്കാം.
എന്തോന്നാ ചോദിക്കാന്‍?

എന്തരോ ഇംഗ്ലീഷ് ഒക്കെ വായിച്ചേച്ച് എന്തരാ കാല്‍‌വരി എന്നു ചോദിക്കുവാ.
എന്നതാടേ കണ്ടത് എവിടാ കണ്ടത്?

പോലീസ് എക്സിബിഷന്‍ നടന്ന സ്ഥലത്ത്
എന്തുവാ വായിച്ചെ മൊത്തം പറ.

കാല്‍‌വരി യൂണിഫോം & മൗണ്ടഡ് പോലീസ് യൂണിഫോം.
ഇഞ്ഞി വായിക്കുമ്പ അക്ഷരം തമ്മിത്തിരിയരുത്. കാലും തലയുമൊന്നുമല്ല C-A-V-A-L-R-Y കവല്‍റി- എന്നുവച്ചാല്‍ കുതിരപ്പട്ടാളം . മൗണ്ടഡ് പോലീസ് എന്നുവച്ചാ കുതിരപ്പോലീസ്.

ഈ പന്നല്‌ എവിടെന്നെങ്കിലും എന്തരേലും കൊണ്ടുവരും മനുഷ്യനെ വെറുതേ വലയ്ക്കാന്‍ പ്രൊഫസ്സറേ.
അപ്പോ ഇമ്മാതിരി നേരത്തേം ഒണ്ടായിട്ടുണ്ടോ ആന്റപ്പാ.

പിന്നില്ലേ, ഇന്നാളൊരുദിവസം ഇവന്‍ എന്നോട് തെറിബെല്‍ എന്തരാന്ന് ചോയിച്ച്. പിടികിട്ടാഞ്ഞ് ഒടുക്കം ഞാന്‍ ഇവന്റൂടേ പോയി ഇവന്‍ കണ്ട സിനിമാ പോസ്റ്ററില്‍ നോക്കി. The Rebel എന്നാരുന്ന്.

തള്ളേ.
തീര്‍ന്നില്ല, ഇവങ്ങ് തെറിബെല്ല് പോയി കണ്ടിട്ട് തിരിച്ചു വന്നു പറഞ്ഞു ശുഭം എന്നതിനു ഇംഗ്ലീഷില്‍ "തീണ്ട്" എന്നാണു പറയുന്നതെന്ന്.
ഓഹ് The End എന്നല്ലേ മലയാളത്തില്‍ ശുഭം വരുന്ന ഭാഗത്ത് കാണിക്കുന്നത്!

തന്നെ.
അപ്പ ഇവനു പ്രശ്നം രണ്ടാ. അക്ഷരവും തിരിഞ്ഞു പോകും സ്പേസ് ഇട്ടാ കാണുകയുമില്ല.

വേറേം ഒരു പ്രശ്നമുണ്ട്- എഴുതാത്തതൂടെ വായിക്കും. ഇന്നാള്‌ ബാങ്കിന്റെ പേരു "ഇന്ത്യന്‍ ഓവര്‍ സര്‍‌വീസ് ബാങ്ക്" എന്നു വായിച്ചെന്നേ.
ശരി, ഇനി രക്ഷയില്ല. ഇവനെക്കൊണ്ട് നമുക്ക് അമ്പാലിടീച്ച് ആദ്യം മൊതല്‍ തൊടങ്ങിക്കാം. ഈവനിങ്ങ് ക്ലാസ്സ്.

ഞാനോ?
ഞാനും കൂടാമെന്നേ. ഡേ, എല്ലാരും കേക്കിന്‍, ഇതുവരെ കളിയാക്കിയത് അവനെ ഒന്നു നന്നാക്കാനാ. ഇവന്‍ ഇനി പഠിക്കാന്‍ പോകുകയാ, ഇഞ്ഞിമൊതല്‍ ഇവങ് തെറ്റു പറഞ്ഞാലും ആരും ചിരിക്കല്ലും.

(പ്രൊഫസ്സറുടെ പഠിപ്പീരാണോ ഞങ്ങളുടെ കളിയാക്കലാണോ ഏറ്റത് എന്നറിയില്ല. ലിവനെ കഴിഞ്ഞ തവണ നാട്ടില്‍ കണ്ടപ്പോ ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസീയായി ആവശ്യത്തിനു ഇംഗ്ലീഷൊക്കെ സംസാരിക്കുന്നു)