വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും
ഇന്ത്യക്കാരാണ് യൂ ഏ ഈ ജനസംഖ്യയുടെ ഭൂരിപക്ഷം. ഇവര്‍ ഏതാണ്ട് എല്ലാ തൊഴില്‍ രംഗങ്ങളിലും സജീവ സാന്നിദ്ധ്യവുമാണ്. യൂ ഏ ഈയില്‍ മികച്ച വരുമാനമുള്ള ഒട്ടു മിക്ക ജോലികളും "അതേ തൊഴിലില്‍ മൂന്നു നാലു വര്‍ഷത്തെ പ്രവൃത്തി പരിചയം" ഉള്ളവര്‍ക്കാണ് പോകാറ് എന്നതിനാല്‍ പ്രവൃത്തിപരിചത്തെ യോഗ്യതയില്‍ നിന്നും അടര്‍ത്തി കാണാനാവില്ല. വരുമാനത്തിന്റെയും തൊഴിലുറപ്പിന്റെയും അടിസ്ഥാനത്തില്‍ പലതായി തൊഴിലുകളെ തിരിക്കാം.
ബിസിനസ്സ് എക്സിക്യൂട്ടീവ്:
വന്‍കിട-ബഹുരാഷ്ട്ര കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാര്‍ ന്യൂനപക്ഷമാണ്. അവിടെ എത്തിപ്പെടുന്നവരില്‍ ഏതാണ്ട് എല്ലാവരും തന്നെ ആഗോളതല താരതമ്യം ചെയ്യപ്പെടാവുന്ന രീതിയില്‍ തങ്ങളുടെ പ്രവൃത്തിവിജയം തെളിയിച്ചവരുമാണ്. ഐ ഐ എം ബിരുദധാരികള്‍ ഒന്നാമതും ചുരുക്കം ചില ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും അതിലും ചുരുക്കം ചില എഞ്ചിനീയര്‍മാരും കൂടിയാല്‍ ഈ പക്ഷം ഏതാണ് കഴിഞ്ഞു.
ചെറുകിട പ്രാദേശിക കമ്പനികളില്‍ സീ ഏ, എഞ്ചിനീയറിങ്ങ്, എം ബി ഏ ബിരുദധാരികളെ കമ്പനി തലപ്പത്ത് ധാരാളമായി കാണാനാവും.
മിഡില്‍ ലെവല്‍ എക്സിക്യൂട്ടീവ് & സൂപ്പര്വൈസറി:
ധാരാളം ഇന്ത്യക്കാര്‍ ഈ മേഖലകളില്‍ ജോലിയെടുക്കുന്നു. തൊണ്ണൂറുകള്‍ വരെ ഈ തൊഴിലുകളില്‍ എത്തിപ്പെടുന്നത് ഏതെങ്കിലും ബിരുദമോ അതിനടുപ്പിച്ച് യോഗ്യതോ ഉള്ളവരും ദശാബ്ദങ്ങള്‍ അതത് കമ്പനികളിലോ തത്തുല്യ രംഗത്തോ യൂ ഏ ഈയില്‍ തന്നെ ജോലിയെടുത്തവരോ ആയിരുന്നവര്‍ ആയിരുന്നു.
എന്നാല്‍ തൊണ്ണൂറുകളിലെ പ്രൊഫഷണല്‍ തള്ളിക്കയറ്റത്തോടെ എഞ്ചിനീയറിങ്ങ്, സി ഏ, എം ബി ഏ പ്രൊഫസണല്‍ ബിരുദധാരികള്‍ ഈ രംഗത്ത് ചുവടുറപ്പിച്ചു. ഹോം മാര്‍ക്കറ്റിലും അവരുടെ ശമ്പളത്തോത് ഉയര്‍ന്ന കാലമായിരുന്നതിനാല്‍ ഈ രംഗങ്ങളിലെ ശമ്പളവും അതോടെ പലമടങ്ങ് വര്‍ദ്ധിച്ചു.
വൈദ്യം
സ്പെഷ്യലൈസേഷനുള്ള ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഡോക്ക്റ്റര്‍മാര്‍ക്ക് ഇവിടെ പ്രാക്റ്റീസ് ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അക്രെഡിറ്റേഷന്‍ ആവശ്യമാണ്. (സ്പെഷ്യലൈസേഷന്‍ ഇല്ലാത്തവര്‍ക്ക് എഴുത്തു പരീക്ഷയും ഇന്റര്‍വ്യൂകും ബിരുദാനന്തര ബിരുദ ധാരികള്‍ക്ക് ഇന്റര്വ്യോഓ മാത്രവും ആണ് അക്രെഡിറ്റേഷന്‍ പരീക്ഷ എന്നാണ് ഓര്‍മ്മ).
ശമ്പളവും ഫീസ് ഷെയറും എന്നതാണ് വേതാനാടിസ്ഥാനം എന്നതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് എത്ര പണം ലഭിക്കും എന്നത് ഹോസ്പിറ്റലിന്റെ പ്രശസ്തി അനുസരിച്ചിരിക്കും. സ്വകാര്യ ക്ലിനിക്കുകള്‍ തുടങ്ങുക (നാട്ടിലെപ്പോലെ ഔട്ട് ഹൗസില്‍ വൈദ്യം പ്രാക്റ്റീസ് ചെയ്യാന്‍ പറ്റില്ല ഇവിടെ) അല്പ്പം ചിലവേറിയ സംരംഭം ആണെങ്കിലും എസ്റ്റാബ്ലിഷ് ചെയ്തെടുക്കുക വളരെ വേഗം സാധിക്കും.
ഏറ്റവും ഉയര്‍ന്ന വേതനം ന്യൂറോളജി, ഇന്റര്വെന്‍ഷനല്‍ കാര്‍ഡിയോളജി തുടങ്ങിയവയിലും ഏറ്റവും താഴെ ഡെന്റല്‍, ഇന്‍ഷ്വറന്‍സ് അപ്പ്രൂവര്‍ തുടങ്ങിയ രംഗങ്ങളിലുമാണ്.
നഴ്സിങ്ങ് പാരാമെഡിക്കല്‍ രംഗങ്ങള്‍ ഇന്ത്യക്കാരും തൊട്ടുപിന്നില്‍ ഫിലിപ്പിനോകളുമാണ്. ഇവര്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ എഴുത്തു പരീക്ഷ (അറബിയും ഇംഗ്ലീഷും ഭാഷകള്‍ അടക്കം) ബാധകമാണ്. യൂറോപ്പ്, പാശ്ചാത്യനാടുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഈ രംഗത്തെ വേതനം വളരെ കുറവാണ്. പലരും പടിഞ്ഞാറേക്കുള്ള യാത്രയിലെ ഒരു ഇടത്താവളമായിട്ടാണ് യൂ ഏ ഈയെ കാണുന്നതും.
ഐ ടി
യൂ ഏ ഈയിലെ ഐടി തൊഴിലുകള്‍ മുഖ്യമായും പ്രീസെയില്‍സ്, സെയില്‍, സപ്പോര്‍ട്ട് രംഗത്താണ് എന്നതിനാല്‍ ഇംഗ്ലീഷും അറബിയും സംസാരിക്കുകയും അതേ സമയം ഐ ടി പ്രവൃത്തി പരിചയവും ലഭിക്കുകയും ചെയ്യുന്ന വടക്കന്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മേല്‍ക്കൈ നേടുന്ന രംഗമാണ്, എന്നിരുന്നാലും നിരവധി ഇന്ത്യക്കാരും ഈ രംഗത്തുണ്ട്. സൊല്യൂഷന്‍/ ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് രംഗങ്ങളില്‍ പാശ്ചാത്യനാടുകളിലുള്ളയത്ര അവസരങ്ങളും വേതനവും ലഭിക്കാന്‍ പ്രയാസമാണ് ഇവിടെ.
ഐടി രംഗം ഒരു പക്ഷേ മറ്റു വിദേശരാജ്യങ്ങളിലെ ജോലിയെ അപേക്ഷിച്ച് യൂ ഏ ഈ ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമല്ലാത്ത അപൂര്‍വം തൊഴിലുകളില്‍ ഒന്നാവണം- വിദ്യാഭ്യാസരംഗവും ഈ ഗണത്തില്‍ പെടുന്നു.
അദ്ധ്യാപനം
ഇന്ത്യക്കാര്‍ നടത്തുന്ന സ്കൂളുകളിലാണ് മിക്കവാറും അദ്ധ്യാപന രംഗത്ത് അവസരങ്ങള്‍ ഉണ്ടാവാറ് (പൊതുവില്‍ അതത് രാജ്യത്തെ 'നേറ്റീവ് സ്പീക്കര്‍'മാരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഗണിക്കാറ്)
ഇന്ത്യന്‍ സ്കൂളുകള്‍ നോട്ടമിടുന്നത് കുറഞ്ഞ സമയം ജോലി ചെയ്യാന്‍ തയ്യാറുള്ള വീട്ടമ്മമാരെ ആണ്. വീട്, കുട്ടികള്‍ എന്നിവ വരുമാനത്തെക്കാള്‍ പ്രധാനമായി കാണുന്ന വീട്ടമ്മമാര്‍ വളരെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാവുന്നു എന്നതുകൊണ്ട് അദ്ധ്യാപന രംഗത്ത് ഏറ്റവും കുറഞ്ഞ ശമ്പളമാണ് ഇന്ത്യന്‍ സ്കൂളുകള്‍ നല്‍കുന്നത്. ഒരു സെക്രട്ടറിയോ ഡ്രൈവറോ ഇലക്റ്റ്റീഷ്യനോ ആയി ജോലി ചെയ്താല്‍ ലഭിക്കുന്ന ശമ്പളം പോലും ഒരദ്ധ്യാപകനു ലഭിക്കാറില്ല. ഹിന്ദിക്കാര്‍ പറഞ്ഞു പരത്തുന്ന "മല്ലു-ഇംഗ്ലീഷ്" കഥകള്‍ പ്രചാരത്തിലായതിന്റെ ഗുണവും ഇവിടെ കാണാനുണ്ട്. ഇന്ത്യന്‍ അദ്ധ്യാപന രംഗത്ത് പൊതുവില്‍ വടക്കേയിന്ത്യന്‍ സ്ത്രീകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കാറ്.
പാചകം, അതിഥിസേവനം
കിഴക്കന്‍ യൂറോപ്പ്, ശ്രീലങ്ക, വടക്കന്‍ അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇത്തരം ജോലികളില്‍ നല്ലൊരു ശതമാനം കയ്യടക്കുന്നു. നമ്മുടെ നാട്ടില്‍ പാചകം, അതിഥിസേവനം എന്നിവയില്‍ മികച്ച വിദ്യാഭ്യാസവും പ്രവൃത്തി പരിചയവും നേടാത്തത് ഒരു കാരണമാണ്. ഭാഷാപരമായ പരിമിതി മുതല്‍ സ്വാഭാവികമായ മര്യാദയില്ലായ്മ വരെ മറ്റുകാരണങ്ങളായും വരുന്നു.
ജൂനിയര്‍ ഓഫീസ് ജോലികള്‍
സെയില്‍സ് മാന്‍, ക്ലെറിക്കല്‍, സപ്പോര്‍ട്ട് തുടങ്ങിയ ജോലികളില്‍ ഇന്ത്യക്കാര്‍ മേല്‍ക്കൈ എടുക്കാറുണ്ട്. ഇംഗ്ലീഷോ അറബിയോ ഭംഗിയായി സംസാരിക്കാനുള്ള കഴിവില്ലായ്മയാണ് മലയാളികള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്. വില്പ്പന രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളില്‍ വലിയ ശമ്പളമുള്ള ജോലികള്‍ വടക്കന്‍ അറബ് രാജ്യങ്ങളിലെ സ്ത്രീകളും ചെറിയ ശമ്പളമുള്ള ജോലികള്‍ ഫിലിപ്പിനകളും കുത്തക സ്ഥാപിച്ചവയാണ്.
ശമ്പളത്തോത് നാട്ടിലേതിനെക്കാള്‍ വളരെ ഉയര്‍ന്നവ ആണെങ്കിലും പാശ്ചാത്യ നാടുകളിലേതിനെക്കാള്‍ വളരെ താഴെയാണ്
വിദഗ്ദ്ധ തൊഴിലാളി.
ഇലക്സ്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക്, മെഷീനറി ഓപ്പറേഷന്‍, ഫയര്‍ ടെക്നോളജി തുടങ്ങി വൈദഗ്ദ്ധ്യം വേണ്ട തൊഴിലുകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടാവാറുണ്ട്. ഇത്തരം ജോലികളിലെ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്ന സ്ഥാപങ്ങള്‍ നാട്ടില്‍ കുറവാണെന്നതാണ് ഒരു പ്രശ്നം. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച ശമ്പളം വാങ്ങുന്നവര്‍ ഹെവി ഡ്യൂട്ടി ഡ്രൈവര്‍മാര്‍ ആണ്. സിഖുമതക്കാര്‍, പാക്കിസ്ഥാനികള്‍, മലയാളികള്‍, ആഫ്രിക്കന്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ ഹെവിഡ്യൂട്ടി ഡ്രൈവിങ്ങ് രംഗത്തുണ്ട്. ലൈസന്‍സുകള്‍ ആവശ്യമായതിനാലും ലൈറ്റ് ഡ്യൂട്ടി ഡ്രൈവിങ്ങിലെ പരിചയം വേണ്ടതിനാലും മറ്റേതെങ്കിലും തൊഴിലില്‍ ആരംഭിച്ച് ക്രമേണ ഡ്രൈവിങ്ങിലേക്ക് മാറുകയാണ് മിക്കവരും ചെയ്യുന്നത്.
ചെറുകിട ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍, കടകള്‍, ഇന്ത്യക്കാര്‍ നടത്തുന്ന ചെറു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജോലി മിക്കപ്പോഴും നാട്ടിലുള്ള പരിചയക്കാര്‍ക്കോ അല്ലെങ്കില്‍ "വിസ വിറ്റോ" ആണ് നികര്‍ത്തപ്പെണുന്നത് എന്നതിനാല്‍ ഓപ്പണ്‍ ജോബ് മാര്‍ക്കറ്റില്‍ വരുന്നത് തന്നെ കുറവാണ്.
മുകളില്‍ പറഞ്ഞതുപോലെ ശമ്പളത്തോത് നാട്ടിലേതിനെക്കാള്‍ വളരെ ഉയര്‍ന്നവ ആണെങ്കിലും പാശ്ചാത്യ നാടുകളിലേതിനെക്കാള്‍ വളരെ താഴെയാണ്.
അവിധഗ്ദ്ധ തൊഴിലാളി
തോട്ടക്കാരന്‍, നിര്‍മ്മാണ തൊഴിലാളി, വീട്ടുവേല, മറ്റു കായികാദ്ധ്വാന തൊഴിലുകള്‍ എന്നീ രംഗങ്ങളില്‍ മലയാളി സാന്നിദ്ധ്യം കുറഞ്ഞു വരുന്നതായാണ് കാണുന്നത്. കേരളത്തെക്കാള്‍ വേതനം കുറവായ നാടുകളില്‍ നിന്നും ആളുകളുടെ തള്ളിക്കയറ്റവും ഇത്തരം തൊഴിലുകള്‍ എടുക്കാന്‍ സന്നദ്ധമാണെങ്കില്‍ നാട്ടില്‍ ലഭിക്കുന്ന മാന്യമായ വേതനവുമാണ് കാരണം.
അണ്‍സ്കില്‍ഡ് വര്‍ക്കര്‍ ജോലികള്‍ കഠിനവും അല്പമാത്രം ആദായം തരുന്നവയുമാണ് എന്നതിനാല്‍ ഈ രംഗത്തേക്ക് ആളുകള്‍ കടന്നു വരുന്നത് അതതു നാടുകളിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയും എത്രമാത്രം ഉണ്ട് എന്നതിന്റെ ഒരളവുകോല്‍ കൂടിയാണ്.
യോഗ്യതകള്‍
യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ അതാത് രാജ്യത്തെ എംബസികള്‍ വഴി സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ മുന്നേവരെ വ്യാജസര്‍ട്ടിഫിക്കറ്റുകളും വ്യാജപ്രവൃത്തി പരിചയങ്ങളും കൊണ്ട് രക്ഷപ്പെടുന്നവര്‍ ഉണ്ടായിരുന്നു ("പണ്ട് യൂണിവേര്‍സിറ്റി ഓഫ് കുമ്പനാട് കൊടുത്ത ബീ. കോം ആണ് മൂപ്പരുടെ ക്വാളിഫിക്കേഷന്‍" എന്നൊക്കെ ഇപ്പോഴും തമാശരപത്തില്‍ കേള്‍ക്കാം)
ഐ ഐ എം ബിരുദങ്ങള്‍, ഇന്ത്യയുടെ മെഡിക്കല്‍, സീ ഏ പരീക്ഷകള്‍ എന്നിവ ഇവിടെ മികച്ച യോഗ്യതയായി കണക്കാക്കപ്പെടുന്നു. എഞ്ചിനീയറിങ്ങ് ബിരുദങ്ങള്‍ പാശ്ചാത്യനാടുകളിലെ എഞ്ചിനീയറിങ്ങ് ബിരുദങ്ങളോളം മികച്ചതല്ല എന്നു (ഇത് ശരിയാണെന്ന് വിവക്ഷയില്ല) കണക്കാക്കയാല്‍ എഞ്ചിനീയര്‍മാര്‍ തുടക്കത്തില്‍ മദ്ധ്യനിയില്‍ അത്രയൊന്നും ആകര്‍ഷകമല്ലാത്ത ജോലികളില്‍ തുടങ്ങി കാലക്രമേണ പ്രവൃത്തി പരിചയം നേടേണ്ടതുണ്ട്.
മറ്റ് ഇന്ത്യന്‍ ബിരുദധാരികളെ വിദഗ്ദ്ധര്‍ എന്ന വിഭാഗത്തില്‍ പെടുത്തി കാണാറില്ല എന്നതിനാല്‍ ഓഫീസ് ജോലികളില്‍ താഴേയറ്റത്ത് തുടങ്ങി പടി പടിയായി കടന്നു വരിക മാത്രമാണ് പോം വഴി. മറ്റു ബിരുദങ്ങളില്‍ വാണിജ്യബിരുദത്തിനാണ് മുന്‍ തൂക്കം ലഭിക്കുക. ബിരുദധാരികളല്ലാതെയിരിക്കല്‍ എല്ലാ തലത്തിലും വലിയൊരു സ്വാധീനക്കേടിലേക്ക് നയിക്കുമെന്ന് മാത്രമല്ല, ബിരുദമില്ലാത്തവര്‍ ഒരു ജോലി വിട്ട് മറ്റൊന്നിലേക്ക് മാറുന്നതില്‍ നിയമം വഴി നിയന്ത്രണങ്ങളും നിലവിലുണ്ട്.
പരിചയം
മെഡിക്കല്‍ രംഗത്തും ഇത്യയിലെ ബഹുരാഷ്ട്രകമ്പനികളിലെ പ്രവൃത്തി പരിചയവും ഇവിടെയും അംഗീകരിക്കപ്പെടും. മറ്റുള്ള തരത്തല് ഇന്ത്യയിലാണ് പ്രവൃത്തി പരിചയമെങ്കില്‍ അതത്ര ഗൗരവമായി യൂ ഏ യിയിലെ തൊഴില്‍ ദാതാക്കള്‍ പരിഗണിക്കാറില്ല.
ഏറ്റവും വലിയ വെല്ലുവിളി തൊഴില്‍ പരിചയത്തില്‍ ആയതിനാല്‍ മിക്കവരും യൂ ഏ ഈയില്‍ എത്തി അത്ര ആകര്‍ഷകമല്ലാത്ത ശമ്പളമുള്ള എന്നാല്‍ മികച്ച പ്രവൃത്തി പരിചയം ലഭിക്കുന്ന തൊഴിലുകള്‍ എടുത്ത് രണ്ടോ മൂന്നോ തവണ ജോലി മാറി ഒടുക്കം ഇഷ്ടപ്പെട്ട തൊഴില്‍ കണ്ടെത്തുകയാണ് ചെയ്യാറ്.
(രണ്ടു മൂന്നു വര്‍ഷം ഗള്‍ഫില്‍ പോയി കുറച്ച് തിരിച്ചു വരാം എന്ന സ്വപ്നം ഇപ്പോഴും വര്‍ക്ക് ചെയ്യുന്നത് ഡോക്റ്റര്‍മാര്‍ക്ക് മാത്രമാണ്, മറ്റുള്ളവര്‍ പത്തോ അതിലധികമോ വര്‍ഷം ചിലവിടേണ്ടിയിരിക്കുന്നു)
4 comments:
ആന്റണി, എഞ്ചിനീയറിങ്ങ് പ്രോഫൈലുമായി ബന്ധപ്പെട്ടൊരു പോസ്റ്റിടാം , സമയം അനുവദിക്കുകയാണെങ്കില്‍; രാഗം , രാംദാസ്, കൈരളി , ശ്രീ, ഗിരിജ (പഴയതല്ല ;) )ജോസ്, സ്വപ്ന അങ്ങിനെ പണി കുറെ കിടക്കുന്നു :)
അഞ്ചുവര്‍ഷം സര്‍ക്കാറു ലീവെടുത്തു ഒരു വീടുവെച്ചു നാട്ടിലെ ജോലിയില്‍ സെറ്റിലാവാം എന്നു കരുതിയ ഞാന്‍ വീടുവെച്ചതും നാട്ടിലെ ലീവ് വിത്ത് ഔട്ട് അലവന്‍സ് മാക്സിമം കടന്നതും ഒന്നിച്ച്. പിന്നെ വീട്ടു സാമാനങ്ങള്‍ വാങ്ങാന്‍ ഇവിടെ തുടരേണ്ടി വന്നു.
ഐ.ടി. രംഗത്ത് ശമ്പളം യു.എസ്. / യൂറോപ്പിനെക്കാളും, പലപ്പൊഴും ഇന്ത്യയിയിലെ ശമ്പളത്തെക്കാളും കുറവാണ്.
ഐ.ടി. ഇമ്പ്ലിമെന്റേഷന്‍ ജോലികള്‍:
മിക്ക ബാങ്കുകള്‍ക്കും 30-50 പേരെങ്കിലും ഉള്‍പ്പെടുന്ന ഐ.ടി. ടീമുണ്ട്. എണ്ണക്കമ്പനികള്‍ക്കും വലിയ ഐ.ടി. ടീമുണ്ട് (എണ്ണ കമ്പനികളില്‍ ജോലി സ്ട്രെസ്സ് പൊതുവെ കുറവാണ്, ജോബ് സ്റ്റബിലിറ്റി കൂടുതലും). എല്ലാ മൊബൈല്‍ പ്രൊവൈഡര്‍മാര്‍ക്കും വലിയ ഐ.ടി. ടീമുണ്ട് (ഇത്തിസലാത്ത് / ദ്യു / ഒമാന്‍ മൊബൈല്‍ / നൊവാരിസ് / ..). എല്ലാ എയര്‍ലൈന്‍ കമ്പനികള്‍ക്കും ഇടത്തരം - വലുത് - ഐ.ടി. ടീമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പൊതുവെ സ്വദേശികളെ റിക്രൂട്ട് ചെയ്യാനാണ് താല്പര്യപ്പെടുന്നത് ചില അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വലിയ ഐടി. ടീം ഉണ്ട്.
എന്നിരിക്കിലും കമ്പ്യൂട്ടര്‍ റിലേറ്റഡ് ജോലികള്‍ക്ക് ഇന്ത്യയിലെ അത്ര ഡിമാന്‍ഡ് ഇല്ല.
അഞ്ചു കൊല്ലം കൊണ്ടു കുറച്ചു സമ്പാദിക്കാം എന്ന് കരുതി ഇപ്പോള്‍ ആരും ഇങ്ങോട്ടേക്കു വരുന്നുണ്ടെന്ന് തോന്നുന്നില്ല ഗള്‍ഫ് ഒരു അക്ഷയ ഖനി ആണെന്ന ധാരണ നമ്മുടെ ആളുകള്‍ക്ക് ഇല്ലാതായിരിക്കുന്നു .ദ്രിശ്യ മാധ്യമങ്ങളിലൂടെ പെരുപ്പിച്ചു കാട്ടപെടുന്ന പീഡന കഥകള്‍ (സ്ത്രീ പീഡനംഅല്ല )ഒരു പരിധി വരെയെങ്കിലും അക്കരപച്ച തേടുന്നവരെ പിന്നോട്ട് നയിക്കുന്നുണ്ട് .അധിക പരിചയം പുച്ഛം ജനിപിക്കുന്നു എന്ന പഴമൊഴി പോലെ തിരിയുന്നിടത്തെല്ലാം മലയാളം പറയുന്നവരുടെ നാടു നമുക്കെങ്ങനെ വിദേശം ആകും .
Post a Comment