Thursday, July 9, 2009

യു ഏ ഈ- തൊഴിലവസരങ്ങള്‍ കണ്ടെത്തല്‍

ഒരു ഉരുവില്‍ കയറി ദുബായിലെത്തി മണ്ണു ചുമന്ന് ഒടുക്കം കോടീശ്വരനായി മടങ്ങിയെത്തിയവര്‍. അയല്‍‌വക്കത്തെ ദുബായിക്കാരന്‍ നാട്ടില്‍ വന്നപ്പോള്‍ ഇരുപത്തയ്യായിരം രൂപയ്ക്ക് വിറ്റ വിസയില്‍ ദുബായിലെത്തി കോടികളുടെ ബിസിനസ്സ് ചെയ്യുന്നവന്‍. വാപ്പ വിസിറ്റ് വിസ എടുത്തു കൊടുത്ത് ദുബായിലെത്തി ബാങ്കിന്റെ മാനേജറായവന്‍... ഇങ്ങനെയൊക്കെയാണ്‌ പലരും ചെറുപ്പത്തിലൊക്കെ കേള്‍ക്കുന്ന കഥകള്‍. സിനിമകളും ഗള്‍ഫില്‍ നിന്നും വരുന്നവന്റെ വീരസ്യങ്ങളും ഒക്കെക്കൂടിയാണ്‌ ഇങ്ങനെ ഒരു സങ്കല്പ്പം മലയാളിക്ക് ഉണ്ടാക്കി കൊടുത്തതും.

എങ്ങനെയെങ്കിലും- നിയമവിധേയമോ വിരുദ്ധമോ എന്തായാലും- ദുബായില്‍ എത്തിപ്പെടുക അവിടെ എന്തെങ്കിലും - മണ്ണുചുമടെങ്കില്‍ അങ്ങനെ- ചെയ്ത് കോടീശ്വരനാവുക, ഇടയ്ക്കിടയ്ക്ക് എന്നെ പറ്റിച്ചോ എന്നു പറഞ്ഞ് നടക്കുന്ന അറബികളെ ചതിച്ച് കുറേ കാശുണ്ടാക്കുക, തിരിച്ചു വന്ന് സുഖമായി ജീവിക്കുക.
ഇത്രയുമൊക്കെയാണ്‌ ദുബായി സ്വപ്നക്കാരന്റെ മനസ്സില്‍.

ദുബായി എന്നു കേട്ടാല്‍ അറയ്ക്കുന്നവരും ധാരാളം- അവിടേയ്ക്കു പോയവന്‍ കാലു കഴുകിയും ചെരുപ്പു നക്കിയുമൊക്കെ ജീവിക്കുകയാണ്‌, ഇവരെല്ലാം അറബികളുടെ വേലക്കാരാണ്‌, അറബികള്‍ക്ക് ഇന്ത്യക്കാരെയും അന്യമതക്കാരെയും വെറുപ്പാണ്‌. പുറത്തിറങ്ങി നടന്നാല്‍ അറബിപ്പോലീസ് വന്നു വെറുതേ തല്ലും- എന്തിനാ ഇങ്ങനെയൊരു ജീവിതം.

പിന്നെപ്പിന്നെ ദുബായില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ബ്രാഞ്ചുകളായി. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ മൂട്ടില്‍ നിന്നും ചെല്ലപ്പന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളില്‍ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് വിസ്മയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിലെ ഏറ്റവും ലിയ ചാനലിലെ ലോകത്തിലെ ഏറ്റവും നല്ല റിപ്പോര്‍ട്ടറായ ഞാന്‍ തല്‍സമയം വിവരിക്കുന്നു...

എങ്ങനെയെങ്കിലും ദുബായില്‍ ഒന്നു കാലുകുത്തിയാല്‍ ലോകത്തിലെ ഏറ്റവും നല്ലതുകളും അനുഭവിച്ച് വെറുതേ അങ്ങനെ കറങ്ങി നടക്കാം എന്നും ചിലര്‍ കണക്കു കൂട്ടി.

നാട്ടില്‍ മൂക്കുന്ന കടവും പ്രാരാബ്ധങ്ങളും ദുബായില്‍ പോയി തീര്‍ക്കാം- ആത്മഹത്യയെക്കാള്‍ ഭേദപ്പെട്ട യാതന ദുബായ് തന്നെ എന്നു കരുതി വരുന്നവരും ധാരാളം.

പോസ്റ്റിനു ദീര്‍ഘമായ ഒരാമുഖം കൊടുത്തെന്നേയുള്ളു. ചിലര്‍ക്ക് മേല്പ്പറഞ്ഞതുപോലെയൊക്കെ സംഭവിച്ചിട്ടുണ്ട്, മഹാഭൂരിപക്ഷത്തിനും ഇല്ല.

നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സ്ഥാപനങ്ങള്‍ തൊഴില്‍ ദാതാക്കളായി യൂ ഏ ഈയില്‍ ഉണ്ട്. പ്രധാനമായും ദുബായ് അബുദാബി എന്നേ എമിറേറ്റുകളിലാണ്‌ തൊഴിലവസരങ്ങളില്‍ ഏറെയും. ലോകത്തിലെ ഒട്ടു മിക്ക രാഷ്ട്രങ്ങളില്‍ നിന്നും തൊഴിലെടുക്കാന്‍ ആളുകള്‍ ഇവിടേയ്ക്ക് എത്തുന്നു. പ്രധാനമായും അതതു നാടുകളില്‍ അതതു ജോലികള്‍ക്ക് ലഭിക്കുന്ന വരുമാനമാണ്‌ ഒരു "നാഷണാലിറ്റി"യുടെ ശമ്പളത്തോത് നിശ്ചയിക്കുന്നത് എന്നതിനാല്‍ ഒരേ ജോലി ചെയ്യുന്ന പല രാജ്യക്കാര്‍ക്ക് പലതരം വരുമാനമഅണ്‌ ലഭിക്കാറ്‌. പ്രൊഫഷണല്‍ ജോലികളിലേക്ക് പോകുന്തോറും ഈ വിടവുകള്‍ കുറഞ്ഞും അഡ്മിനിസ്റ്റ്റേറ്റീവ്, കസ്റ്റമര്‍ കെയര്‍ തുടങ്ങിയ മദ്ധ്യവര്‍ത്തി തൊഴിലുകളില്‍ ഏറ്റവും കൂടിയും കാണപ്പെടും.

പലര്‍ക്കും ഈ വിചിത്ര പ്രതിഭാസം റേസിസം, ഡിസ്ക്രിമിനേഷന്‍ എന്നൊക്കെ തോന്നാറുണ്ട്. "പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റി" എന്ന ലളിത ധനതത്വശാസ്ത്രനിയമം കേട്ടിട്ടുള്ളവര്‍ക്ക് അങ്ങനെയല്ല കാര്യങ്ങള്‍ എന്നു മനസ്സിലാവുകയും ചെയ്യും. ദുബായ് ഒരു ഫ്രീ മാര്‍ക്കറ്റ് ആണ്‌, മനുഷ്യാധ്വാനം അടക്കം സകലതും കിട്ടുന്നതില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ആവശ്യമുള്ളവര്‍ വാങ്ങുന്നു. ഹോം കണ്ട്രിയിലെ നിരക്കുകള്‍ ആണ്‌ പര്‍ച്ചേസിങ്ങ് പവര്‍ തീരുമാനിക്കുന്നത് (കൃത്യമായി വിശദീകരിക്കാന്‍ വളരെയേറെ എഴുതേണ്ടി വരും, ഇറ്റലിയിലെ ഫാക്റ്ററിയില്‍ ഉണ്ടാക്കിയ ഷൂസ് കോല്‍ഹാപൂരില്‍ തെരുവിലിട്ടു വില്‍ക്കുന്ന ഷൂസിന്റെ വിലയ്ക്ക് കിട്ടാത്തെതെന്തെന്ന് ആലോചിക്കുക).

തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതും നികത്തപ്പെടുന്നതും ഓരോ അവസരത്തിലും ഓരോ രീതിയിലാണ്‌. ഇന്ത്യക്കാര്‍ സാധാരണ ചെയ്യുന്ന തൊഴിലുകളും അവയിലെ നിയമന രീതികളും.
ദുബായില്‍ തൊഴിലെങ്ങനെ കിട്ടും എന്നു ചോദിച്ചാല്‍ എന്തു തൊഴിലാണ്‌ അന്വേഷിക്കുന്നത് എന്നതനുസരിച്ചിരിക്കും അത് എന്നാണ്‌ ഒറ്റവാക്കില്‍ മറുപടി.

സാധാരണ ഇന്ത്യക്കാര്‍ ചെയ്യുന്ന തൊഴിലും ഓരോ അദ്ധ്യായങ്ങളാക്കി പോസ്റ്റ് ചെയ്യാം.
മൂന്നു തരം അബദ്ധങ്ങളാണ്‌ സാധാരണഗതിയില്‍ ആളുകളെ അറബ് നാടുകളിലെത്തി പ്രതിസന്ധികളിലും വൈഷമ്യതകളിലും ചെന്നു ചാടാന്‍ ഇടയാക്കുന്നത്.

1.എന്തിനു പോകുന്നു, എന്തുതരം ജോലിയാണ്‌ അന്വേഷിക്കുന്നത്, അത്തരം ജോലികള്‍ ചെയ്യാനുള്ള അവസരങ്ങള്‍ പോകുന്നയിടത്ത് പോകുന്ന സമയത്ത് ലഭ്യമാണോ എന്നറിയാതെ "എങ്ങനെയെങ്കിലും എത്തിപ്പെട്ട് എന്തെങ്കിലും ജോലി ചെയ്ത്" രക്ഷപ്പെടാന്‍ ഇറങ്ങിത്തിരിക്കല്‍. (ഇതിന്റെ ക്ലാസ്സിക്ക് എക്സാമ്പിള്‍ ആണ്‌ 'മണ്ണു ചുമന്നെങ്കിലും ജീവിക്കും" എന്ന തീരുമാനം. മണ്ണു ചുമക്കാന്‍ ഇഷ്ടമ്പോലെ യന്ത്രങ്ങളുള്ള ഇടത്ത് മണ്ണു ചുമക്കാന്‍ ആളെ ആര്‍ക്കും വേണ്ട)

2.നിയമങ്ങള്‍ അറിയാതെ ഇരിക്കുക- ഇതിന്റെ ഹൈറ്റ് പലപ്പോഴും ഇവിടെത്തന്നെ കാണാറുണ്ട്. ഒരാള്‍ എന്നോട് ചോദിച്ചത്
"എന്റെ അനിയന്‍ ഇവിടെ ഒരു ലേബര്‍ കേസ് ഉണ്ടായപ്പോ നാട്ടില്‍ പോയിട്ട് സെക്കന്‍ഡ് പാസ്പോര്‍ട്ടില്‍ വന്നു, പക്ഷേ ഇമിഗ്രേഷനില്‍ തടഞ്ഞു വച്ചിരിക്കുകയണ്‌, പുള്ളിയെ ഇറക്കിക്കൊണ്ട് വരാന്‍ എങ്ങോട്ടാ പോണ്ടത്?" (ഇന്ത്യയുടെയും യൂ ഏ യിയുടെയും നിയമത്തിനു മുന്നില്‍ ഗുരുതരമായ കുറ്റകൃത്യം ചെയ്തു ഈ അനുജനെന്ന് ചോദിക്കുന്നയാള്‍ക്ക് അറിയുകപോലും ഇല്ല എന്നതാണ്‌ ഏറ്റവും വലിയ സങ്കടം)

3. ആളുകളെ അന്ധമായി വിശ്വസിക്കുക- വിസയ്ക്ക് പണം കൊടുക്കുക, റിക്രൂട്ട്മെന്റ് ഏജന്‍സി തട്ടിപ്പിനിരയാവുക, ആരെങ്കിലും പറയുന്നതു കേട്ട് നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുക തുടങ്ങിയവ വഴി അപകടത്തില്‍ പെടുന്നവര്‍ നിരവധിയാണ്‌.

10 comments:

ടിന്റുമോന്‍ said...

അനോണിച്ചേട്ടാ വളരെ വിജ്ഞാനപ്രദം.. എന്നു പറയണമെങ്കി ഇതിന്റെ ബാക്കി കൂടെ ഇടണം :-) ..

ആക്ച്വലി ആദ്യം പറഞ്ഞ സംഭവങ്ങളുടെയൊക്കെ സത്യാവസ്ഥ എന്തായിരിക്കും. ഞാനും കേട്ടിട്ടുണ്ട്‌ ഇത്തരത്തിലുള്ള കഥകള്‍ അതോണ്ട്‌ ചോദിച്ചതാണേ ... :-)

Unknown said...

എഴുതൂ സുഹൃത്തേ.. ഇതായിരിക്കാം നിങ്ങള്‍‍ എഴുതുന്നതില്‍‍ എറ്റവും പ്രാധാന്യമുള്ളതെന്ന് വിശ്വസിക്കട്ടെ.

വളരെ ഉപകരപ്രദമായിരിക്കും. തുടരുക

ആശംസകള്‍‍‍.

കരീം മാഷ്‌ said...

നെറ്റില്‍ പരതിയാല്‍ കിട്ടാത്തതു
നെറ്റിക്കുള്ളില്‍ കൊണ്ടു നടക്കുന്നവരതു ബ്ലോഗിലിടുമ്പോള്‍
അവരെ ഓര്‍മ്മിക്കപ്പെടുകമാത്രമല്ല.
എഴുതിയവ കാലങ്ങളോളം നിലനില്‍ക്കുകയും ചെയ്യും.

ആശംസകള്‍!

ജിവി/JiVi said...

PPPയുമായി വേതനത്തിലെ വ്യത്യാസത്തിന് സുപ്രധാനമായ ബന്ധമുണ്ട്. ഒരു സാമാന്യകരണം നടത്തുമ്പോള്‍ അത് തന്നെയാണ് കാരണം എന്ന് പറയാവുന്നതാണ്.

എന്നാല്‍,

ബംഗ്ലാദേശിനേക്കാള്‍ കുറവാണ് സിംബാബ്വെയുടെ പി പി പി. ഒരേ തൊഴിലില്‍ ഒരു ബംഗ്ലാദേശിക്കും ഒരു സിംബാബ്വെക്കാരന്‍ വെള്ളക്കാരനും തമ്മില്‍ അജഗജാന്തരമാണ് വേതനത്തില്‍. ഇനി സിംബാബ്വെയില്‍ വെള്ളക്കാരുടെതുമാത്രമായ(!!??) പി പി പി എടുത്താല്‍ കഥ വേറെയാകുമോ?

Sethunath UN said...

അന്തോണീ
പോരട്ടേ
കാത്തിരിക്കുന്നു.

sHihab mOgraL said...

Keep writing..

പൊന്‍കുരിശ് said...

ഇറ്റലിയിലെ ഫാക്റ്ററിയില്‍ ഉണ്ടാക്കിയ ഷൂസ് കോല്‍ഹാപൂരില്‍ തെരുവിലിട്ടു വില്‍ക്കുന്ന ഷൂസിന്റെ വിലയ്ക്ക് കിട്ടാത്തെതെന്തെന്ന് ആലോചിക്കുക

മനുഷ്യരെ ചെരിപ്പുപോലെ കാണുന്നതിനെയല്ലേ അന്തോണിച്ചാ റേസിസം, ഡിസ്‌ക്രിമിനേഷന്‍ എന്നൊക്കെ വിവരദോഷികള്‍ വിളിക്കാറ്?

നല്ല ഉപമ തന്നെ തെരഞ്ഞെടുത്തതുകൊണ്ട് അധികം വിശദീകരിക്കേണ്ടി വന്നില്ല. :)

vahab said...

ഉപകാരപ്രദമായ ഇത്തരം പോസ്‌റ്റുകള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു...

ജയരാജന്‍ said...

“മൂന്നു തരം അബദ്ധങ്ങളാണ്‌ സാധാരണഗതിയില്‍ ആളുകളെ അറബ് നാടുകളിലെത്തി പ്രതിസന്ധികളിലും വൈഷമ്യതകളിലും ചെന്നു ചാടാന്‍ ഇടയാക്കുന്നത്”
ഈ മൂന്നു തരം അബദ്ധങ്ങളിൽ ചാടിയവരേയും അറിയാം :(
എന്തു നേരിടാൻ തയ്യാറാണെന്നൊക്കെപ്പറഞ്ഞാണ് ഇവരിൽ‌പ്പലരും ഇതിനിറങ്ങിപ്പുറപ്പെടുന്നതും... പക്ഷേ അനുഭവം പലപ്പോഴും മറിച്ചാവും.. :(

Vinu said...

Can I subscribe this blog via RSS?