Wednesday, January 20, 2010
വേദനയോടെ, പുതുവര്‍ഷത്തിലേക്ക്
public domain image, reproduced from Wikipedia
രണ്ടായിരത്തൊമ്പത് അവസാനദിവസങ്ങളൊക്കെ യാത്രയായിരുന്നു, ഔദ്യോഗികവും അനൗദ്യോഗികവും, ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ. അതിന്റേരിക്കും, ഇപ്പ ഇരിക്കണ കസേരേന്ന് ബാത്ത് റൂം വരെ ഒരു ചിന്ന ട്രിപ്പ് നടത്തണേല് വല്യ പാടാ. ഗര്‍ഭം പോലെ ആയിരുന്നു. ചെറുതായി തുടങ്ങി, ഇങ്ക്രീം. പിന്നെ പിടിച്ചിട്ടു നിന്നില്ല. വേദനകള്‍ ജിംനാസ്റ്റുകളാണെങ്കില് ഇത് നാദിയ കൊമിനേച്ചിയാണ്. ആരും പത്തില്‍ പത്തു കൊടുത്തു പോകും.
ഞൊണ്ടി ഞൊണ്ടി ജീ പിയുടെ അടുത്ത് ചെന്നു. പുള്ളി കാലുപിടിച്ചു പൊക്കി, താഴ്ത്തി, മുട്ടിനും നടുവിനും കൂടം കൊണ്ട് വീക്കി. ഇന്ഫ്ലമേഷന് ആണല്ലോ, അഞ്ചാറു എന്നെസ്സേയൈഡി കഴി, പോയില്ലേ ഓര്‍ത്തോ...
എന്തോര്ത്തോന്ന്
ഓര്ത്തോയില് പോകാന്‍.
പോയില്ല, പോയി.
ഓര്‍ത്തോയെ കാണണം.
ഫുള്ളാ, വൈയ്യിട്ട് വരീ.
വേതനയെടുക്കുന്നെന്ന്.
എന്നാ ഈയാറിലോട്ട് പോ.
അത് വേണ്ട. പെയ്യിട്ടു വയ്യിട്ടു വരാം.
ഓര്ത്തേട്ടാ കാപ്പാത്തുങ്കോ. സൈഡീന്ന് കീപ്പോട്ട് മിന്നല്‍ പിണര്‍ പോലെ, ആണിയും സൂചിയും അടിച്ച പോലെ, പതം പറയാന്‍ അറിഞ്ഞുകൂടാ...
വെയിറ്റ് എടുത്തോ?
ഉവ്വ. മോര് ലഗേജ്, ലെസ് കംഫര്‍ട്ട് പാക്കേജിലായിരുന്നു ആകാശയാനം.
വണ്ടി ഓടിക്കുമോ?
ഉവ്വ. ടാക്സി ചാര്‍ജ്ജ് കൂട്ടിയാല്‍ പിന്നെ എന്തു ചെയ്യും?
മെട്രോ തുടങ്ങിയത് ഇയാള്‍ അറിഞ്ഞില്ലേ, തണുത്ത വെള്ളത്തില്‍ കുളിച്ചോ?
ഹത്തയില്‍ പോയിരുന്നു, ഐസ് തണുക്കുന്ന പുഴേല് ചാടി കുളിച്ചു.
ഹത്ത എന്താ ഒമാനിലെ ശബരിമലയാ? ഇയ്യാക്ക് വീട്ടി ഇരുന്നൂടേ?
ഗഫ് മരവും വരയാടും വെള്ളിമൂങ്ങേം ഒണ്ടെന്ന് പറഞ്ഞ് ഒരു കാലന് പ്രലോഭിപ്പിച്ചപ്പ വീണു പോയതാ.
എന്താ പണി?
കണക്കെഴുത്താ.
കണക്കായി. കമ്പൂട്ടറേലാ അപ്പ എപ്പഴും?
തന്നെ. പണ്ടൊക്കെ കലമാസുവിലായിരുന്നു, അതൊക്കെ ഒരു കാലം. ഇപ്പ കമ്പ്യൂട്ടറില്ലേല് കണക്കുമില്ല.
ഹും.
ഹും?
സയാട്ടിക്ക സയാട്ടിക്ക എന്നു കേട്ടിട്ടുണ്ടോ?
ഇപ്പ കേട്ടു. അതെന്തരു കായാ?
യാക്കോബ് മാലാഖേടത്ത് ഗുസ്തി പിടിച്ച കഥ അറിയാവോ?
പുണ്യവാന് ഇസഹാക്കിനുണ്ടായ രണ്ടു മക്കള്‍...
തന്നെ. ഒടുക്കം മാലാഖ എന്താ ചെയ്തേ?
കാലു വെട്ടി മുടന്തനാക്കി യാക്കോബിനെ, അല്ലേ?
ഇയ്യാ എവിടത്തുകാരെനേടെ, മാലാഖ എന്താ ക്വട്ടേഷന്‍ പാര്‍ട്ടിയാ കുഴിഞരമ്പ് വെട്ടാന്‍? മനുഷ്യന് തന്നെ അടിച്ചു മലത്തുമെന്ന് തോന്നിയപ്പ അത് യാക്കോബിന്റെ നട്ടെല്ലീന്നു കാലിലേക്കു പോകുന്ന സയട്ടിക്ക് ഞരമ്പ് ഒന്നു അനക്കിക്കളഞ്ഞു. അതാണ് ആദ്യത്തെ സയട്ടിക്കാ.
പാവം ചാക്കോച്ചന്, ഈ വേദനയിലും ഭേദം കുഴിഞരമ്പ് വെട്ടുന്നതായിരുന്നു. ആട്ട് എന്റെ ഞരമ്പിനു ശാപമോക്ഷം കിട്ടുവോ?
ആദ്യം പെയ് എക്സ്റേ എടുത്തു വാ, ഞാനൊന്ന് നോക്കട്ട്.
അണ്ണാ എക്സറേ ഇവിടെ അല്ലേ?
വ തന്നെ, മൊബൈല്‍ നമ്പര്‍ എന്താ?
അഞ്ചാറേഴ് നാമൂന്ന് പന്ത്രണ്ട്.
തെറ്റാണല്ലോ?
എനിക്കെന്റെ നമ്പര്‍ അറിയില്ലേ?
ഇതൊരു സ്ത്രീയുടെ നമ്പറാണെന്ന് ആശുപത്രി കമ്പ്യൂട്ടറില്‍ റിക്കോര്‍ഡ് കാണിക്കുന്നു.
സ്ത്രീയുടെ പേര് ശ്രീമതി അനോണിയോസ് ആന്റോണിയോസ് എന്നല്ലേ?
അതെങ്ങനെ നിങ്ങക്കു മനസ്സിലായി?
വിവരദോഷീ, ചീട്ടില്‍ എന്റെ പേരെന്തെന്ന് നോക്കെഡാ.
ഓഹ്. ദാ അവിടെ പോയി പടമെട്.
ചെരിയരുത്, ശ്വാസം പിടിക്കരുത് മേപ്പോട്ട് നോക്കരുത്, കീപ്പോട്ടും വശത്തോട്ടും ഒട്ടും നോക്കരുത്.
ശരി, മൂന്നു ദിവസം കഴിഞ്ഞു വാ.
എന്ത്? ഇയാള്‍ക്ക് എന്റെ എക്സ്രേ എന്താ ഫോട്ടോഷോപ്പില്‍ ടച്ച് അപ്പ് ചെയ്യണോ?
ഫിമിലില്ല.
അത് ആദ്യമേ പറയണ്ടേ, ഇങ്ങനാണോ ഒരു അത്യാവശ്യത്തിനു വരുന്നവരെ കൈകാര്യം ചെയ്യുന്നത്.
സീഡിയില്‍ തരട്ടേ?
എന്ത് അലാക്കെങ്കിലും എടുത്ത് താടേ, മേലാല്‍ ഈ ലാബില്‍ ഞാന്‍ വരില്ല, ത്ഭൂ.
ഒര്ത്തേട്ടാ, പടം കൊള്ളാവോ?
ഹും. ഒരാഴ്ച ഫിസിയോ. ഇന്‍ഷ്വറന്‍സ് കാര്‍ഡ് റിസ്പഷനില്‍ കൊട്.
എന്തരാ ഫിസിയോ?
ആദ്യം നിന്നെ കറണ്ടടിക്കും.
അത് പ്രാന്തിനല്ലേ കറണ്ടടിക്കുന്നത്? ഡോക്റ്റര്‍ തന്നത്താന്‍ അടിച്ചോ.
അല്ലെടേ, സയാട്ടിക്കക്ക് കറണ്ടടിക്കും.പിന്നെ സൗണ്ടടിക്കും
സൗണ്ട് അടിക്കാന്‍ ഡാന്‍സ് ബാറില്‍ പോയാ മതിയല്ലോ, എന്താ സൗണ്ടാ അടിക്കണെ അവിടെ.
നിന്നെ ഞാനടിക്കും. ശബ്ദവും വൈദ്യുതിയും കഴിഞ്ഞാന്‍ പിന്നെ നിന്നെ പ്രൊക്രസ്റ്റിയന് കട്ടിലില്‍ കിടത്തി വലിച്ചു നീട്ടും.
അതോടെ സുഖമാവുമോ?
പോയി നോക്ക്, ശേഷം കാഴ്ചയില്‍.
തെറാപ്പിച്ചേച്ചി?
ഞാന്‍ തന്നെ, ക്യാറി വരീ.
ഇതെന്നാ ഇതിനകത്ത് ഇത്രയും ആള് ഞാന്‍ ഓടുമ്പ പിടിക്കാനാ?
അതെല്ലാം ഞാന്‍ പലതരത്തില്‍ തെറിപ്പിച്ചുകൊണ്ടിരിക്കുന്ന രോഗികളാ.
നീയെന്താ ട്രാക്ക് പാന്റ് ഇട്ടിരിക്കണേ?
ഇവിടെ യൂണിഫോമുണ്ടോ?
അതില്ല. പക്ഷേ നിന്റെ കാലേല് മൊത്തം കറണ്ട് കമ്പി ഒട്ടിക്കണം, പാന്റിട്ടാല്‍ പറ്റുകേല.
അത്രേയുള്ളോ? ഇതങ്ങ് ഊരിക്കളഞ്ഞേക്കാം, തീര്‍ന്നല്ലോ?
ഡേ, ഇവിടെ സ്ത്രീകളൊക്കെ കിടക്കുന്നത് കണ്ടില്ലേ? അതതിന്റെ ഇടയില്‍ നീ ഷഡ്ഡിയിട്ട് നടന്നാല്‍ ശരിയാവൂല്ല.
ഇവിടെ ഡിസ്പോസബില്‍ ഗൗണൊന്നും ഇല്ലേ?
അത് സര്‍ജ്ജറി വാര്‍ഡിലൊഴികെ എവിടെയും ഇട്ടൂടാ. പോയി ഷോര്റ്റ്സിട്ടു വാടേ.
കുരിശായി. എനിക്കു നിക്കറിടുന്ന ശീലമില്ല. പുറത്തു കാണിക്കാന്‍ പറ്റുന്ന ഒരെണ്ണം പോലും കൈവശമില്ല. വാങ്ങിക്കാമെന്നു വച്ചാല്‍ രാത്രി ഒമ്പതര ആയി. പത്തുമണി വരെ അഡിഡാസ് ഉണ്ട്-പാഞ്ഞ് കയറി. ആദ്യം കണ്ട നിക്കര്‍ പൊക്കി, അടച്ചുകൊണ്ടിരിക്കുന്ന കൗണ്ടറില്‍ കൊണ്ട് അടിച്ചു. അവിടെ നിന്ന ചെറുക്കന് എന്റെ വെപ്രാളവും ഞൊണ്ടലും മുഖഭാവവും ഒക്കെ കൂടി കണ്ട് അന്ധാളിച്ചു. പോരെങ്കില്‍ സ്പൈന്‍ സപ്പോര്‍ട്ടിന്റെ കെട്ട് അരയില്‍ തോക്ക് തിരുകിയ പോലെ മുഴച്ചും നില്ക്കുന്നു.
ത്രീ ഫിഫ്റ്റി, സര്.
ദൈവം തമ്പുരാനേ, ഒരു സ്യൂട്ട് തയ്പ്പിക്കാനുള്ള കാശായി. എന്തരോ വരട്ട്.
(തുടരാം, വേറേ വിഷയമൊന്നും തലയില്‍ കയറാന്‍ വേദന സമ്മതിക്കുന്നില്ല)
Subscribe to:
Post Comments (Atom)
4 comments:
അന്തോണിയെ യു എ ഈ മീറ്റിലൊന്നും കണ്ടില്ല. കുറച്ചുദിവസങ്ങളായി പോസ്റ്റുമില്ല. എന്തുപറ്റി എന്നു വിചാരിച്ചിരുന്നു. ആ കൈപ്പള്ളിയായിരുന്നു ഇതിന്റെ പിന്നിലെന്ന് ഇപ്പോള്‍ മനസ്സിലായി.
(കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന ചൊല്ല് മറന്നാണോ ഹത്തയ്ക്ക് പോയത്?)
ഏതായാലും ഗെറ്റ് വെല്‍ സൂണ്‍!
:)
വേദന കുറയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
അന്തോണിച്ചാ എന്നാച്ച്?! Get well soon :)
“പത്തുമണി വരെ അഡിഡാസ് ഉണ്ട്-പാഞ്ഞ് കയറി” നടക്കുമ്പോ വേദനിക്കുന്നതുകൊണ്ടായിരിക്കും പാഞ്ഞത്? :)
Post a Comment