രാശി മാപ്രാണം
വേദനയുള്ളവര്‍ എല്ലാം ശനിയിലാണ്. വേദന ഇല്ലാത്തവര്‍ ശുക്രനിലും.
മര്‍ഫ്യം
നിങ്ങള്‍ക്ക് എന്തെങ്കിലും വേദന വന്നിട്ടുണ്ടെങ്കില്‍ കാണുന്നവര്‍ക്കെല്ലാം അതു നേരത്തേ വന്നിട്ടുണ്ട്. കൊറോളറി- കാണുന്നവര്‍ക്കെല്ലാം വന്നിട്ടുള്ള ഉള്ള വേദന നിങ്ങള്‍ക്കും വരും.
ഡിസപ്പോ...
നമുക്ക് ബീച്ചില്‍ പോകാം?
എനിക്കു സുഖമില്ല മോനേ.
എന്നാ ബോള്‍ കളിക്കാന്‍ താഴെ പോകാം?
അതും വയ്യ.
ഡാന്‍സ് ചെയ്യാം- മലമലലൂയ?
നടു വേദനയാ കുഞ്ഞേ.
ങ്ങും...എന്നെ എടുത്തുകൊണ്ട് നടന്ന് ഒരു പാട്ട് പാടുമോ?
എന്തു പറഞ്ഞൊതുക്കാന്‍...
നന്ദികേട്
രണ്ടാഴ്ചയായി ഫിഷ് ടാങ്കില്‍ ഞാന്‍ തീറ്റ ഇടുന്നില്ല. രണ്ടു ദിവസമായി ഫിഷ് ഇപ്പോ എന്നെ കണ്ടാല്‍ ഗ്രീറ്റ് ചെയ്യുന്നുമില്ല. സ്വാര്‍ത്ഥജീവികള്‍.
ജോത്സ്യം
ആദിത്യനും ചന്ദ്രനും കഴുത്തിലെ കശേരുക്കളിലും രാഹുവും കേതുവും സേക്രല്‍ ജായിന്റിലും മറ്റു അഞ്ചു ഗ്രഹങ്ങള്‍ ലംബാര്‍ കശേരുക്കളിലും സ്ഥിതി ചെയ്യുന്നു. ജനിക്കുമ്പോല്‍ കൊട വേറേ കൊടക്കാലു വേറേ ആയിരിക്കുമെങ്കിലും പ്രായപൂര്‍ത്തിയോടെ പുരുഷന്റെ രാഹുവും കേതുവും ജോയിന്‍ ചെയ്ത് ലംബാര്‍ ഭാഗത്തെ ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ വ്യാഴം എന്നിവയിലേക്ക് സഞ്ചരിക്കുന്നു. ഈ സഞ്ചാരം വഴി വരുന്ന സമ്മര്‍ദ്ദം മൂലം മൂലത്തിനു താഴേക്കു പോകുന്ന ഞരമ്പുകളില്‍ വേദന, തരിപ്പ്, പുളിപ്പ്, ചളിപ്പ്, അറപ്പ്, വെറുപ്പ് എന്നിവ ഉണ്ടാകും. പാപഗ്രഹങ്ങള്‍ക്ക് നോണ്‍ സ്റ്റീറോയിദ് ദ്രവ്യങ്ങള്‍ കൊണ്ട് പൂജയും ഫിസിയോത്തെറാപ്പി ഡിപ്പാര്‍ട്ട്മെന്റിനു ശയനപ്രദക്ഷിണവും നടത്തുക. ട്രാക്ഷന്‍ വഴിപാട് പ്രയോജനം ചെയ്തേക്കും. ചൊവ്വ വെള്ളി ദിവസങ്ങളില്‍ ബാക്കി ദിവസങ്ങളിലെപ്പോലെ തന്നെ പൂജ നടത്തണം. ഓര്‍ത്തോപ്പേടി വിദഗ്ദ്ധര്‍ക്ക് ധനദാനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഹഠയോഗം
മൂലാധാരത്തില്‍ സര്‍പ്പരൂപിയായി മൂന്നുമടക്കായാണ് കുണ്ഡലിനി അടയിരിക്കുന്നത്. ചുമ്മാതിരുന്നു പെരുക്കുമ്പോള്‍ ഇത് നട്ടില്ലിലൂടെ ഉച്ചിയിലേക്ക് യാത്ര തുടങ്ങും. യാത്രാമധ്യേ കഴുത്തില്‍ പടം പൊഴിച്ചാല്‍ സ്പോണ്ടിലൈറ്റിസും ഇടുപ്പിനു പടം പൊഴിച്ചാല്‍ കീഴ്നടു വേദനയും ലംബാര്‍ ഭാഗത്ത് പടം പൊഴിച്ചാല്‍ സയാട്ടിക്കയും ഉണ്ടാകും. മൂത്ത പാമ്പാട്ടിയെ വിളിച്ച് മകുടി ഊതിച്ച് കുണ്ടലിനിയെ തിരിച്ചു കുണ്ടിയില്‍ വരുത്തണം (കുണ്ഡലിനി എന്നതിന്റെ ചുരുക്കെഴുത്താണ് കുണ്ടി- വീക്കേയെന്‍ )
വാസ്തു
ഭൂപടത്തില്‍ നോക്കി നില്‍ക്കുന്ന ഒരുത്തന്റെ മേല്‍ഭാഗം കീഴും കീഴ്ഭാഗം മേലും വലതുഭാഗം ഇടതും ഇടതുഭാഗം വലത്തും ആയിരിക്കും. വാസ്തുപുരുഷന്റെ നടു ഉറക്കറയിലെ കട്ടിലാണ്. അത് മൃദുവായായാല്‍ പുരുഷന്റെ നടു കൂനിപ്പോകും. കടുപ്പവും ഉറപ്പുമുള്ള കട്ടിലിലെ ശയനം ഉറപ്പാക്കണം.
ഗൃഹവൈദ്യം
കാലിലെ വേദന മറ്റു ഏതു വേദനപോലെയും തന്നെ ചികിത്സിക്കാവുന്നതാണ്. ബ്രാന്‍ഡിയില്‍ ഉപ്പും കുരുമുളകും ഇട്ട് സോഡയൊഴിക്കാതെയോ വോഡ്കയില്‍ നാരങ്ങ നീരും വെള്ളവും ചേര്‍ത്ത് പച്ചമുളക് നെടുകേ പിളര്‍ന്നിട്ടോ നെട്ടനെ വലിച്ചു കേറ്റുക.
സിദ്ധവൈദ്യം
കറുത്തീയം, വെളുത്തീയം, ചുവന്നീയം എന്നിവ അറാള്‍ഡൈറ്റില്‍ ചാലിച്ച് തങ്കഭസ്മം, കുറി, തമ്പുരാട്ടി എന്നിവയില്‍ ചേര്‍ത്ത് തിങ്കളാഴ്ച നൊയമ്പെടുത്ത ശേഷം കഴിക്കുക. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ശ്വാസമുണ്ടെങ്കില്‍ കൈവശമുള്ള അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഒറ്റമൂലി
ശിവമൂലി (Cannabis sativa/ indica) കിളുന്തിലകള്‍ നുള്ളിയെടുത്ത് ഉണക്കി തിരുമ്മി പതം വരുത്തി പുകയിലയില്‍ ചേര്‍ത്ത് മണ്‍ പൈപ്പിലൂടെയോ പേപ്പറിലോ ബീഡിയിലയിലോ ചുരുട്ടിയോ ധൂമമാക്കി വായിലൂടെ വലിച്ച് മൂക്കിലൂടെ പുറത്തു വിടുക. സയാട്ടിക്കയും മരോട്ടിക്കയും ആഫ്രിക്ക, അമേരിക്ക, അന്റാര്‍ട്ടിക്ക ലുങ്കി മടക്കിക്കുത്തി പായും.
സ്പെഷല്‍ സയാട്ടിക്ക് ഹോമം
രോഗിയെ ഒരു കട്ടിലില്‍ കിടത്തി മന്ത്രം ചൊല്ലി അരയില്‍ കയര്‍ ബന്ധിക്കുക ഒരു കെട്ട് അരയിലും രണ്ട് കെട്ടുകള്‍ ഇടുപ്പിലും ബന്ധിക്കാന്‍ ശ്രദ്ധിക്കണം. എന്നിട്ട് രോഗോച്ചാടന അഘോര ട്രാക്ഷന്‍ മന്ത്രം ചൊല്ലി മന്ത്രവാദി കയര്‍ താഴേക്ക് ബലത്തില്‍ വലിക്കുകയും ഒരു മിനുട്ട് നിര്‍ത്തിയിട്ട് വിടുകയും ചെയ്യണം. ഇങ്ങനെ നൂറ്റൊന്നു തവണ വീതം ഒരാഴ്ച ചെയ്താല്‍ സയാട്ടിക്ക് വേദനയ്ക്ക് ശമനം ലഭിക്കും.
9 comments:
മൂത്ത പാമ്പാട്ടിയെ വിളിച്ച് മകുടി ഊതിച്ച് കുണ്ടലിനിയെ തിരിച്ചു കുണ്ടിയില്‍ വരുത്തണം.
:)
വേദനയുള്ളവര്‍ എല്ലാം ശനിയിലാണ്. വേദന ഇല്ലാത്തവര്‍ ശുക്രനിലും.
തുടക്കം തന്നെ കലക്കി....ശരിക്കും “ഒരു സ്വരം, പല വ്യഞ്ജനം..” തന്നെ
മുതുകത്ത് പൊങ്കാല - എല്ലാം മാറും !
http://www.youtube.com/watch?v=sFiLb6BJtG4
chek it out.
അടുത്ത പോസ്റ്റു വേദനയെന്നു മാറ്റിപ്പിടിച്ചോ.. ഇല്ലേല്‍ പോസ്റ്റുകള്‍ക്ക് gummilla എന്നും പറഞ്ഞു വായനക്കാര്‍ ഇളകുമേ... (ഞാന്‍ ഇത് രണ്ടു blogil കണ്ടതാ...)
"ഒരു സ്വരം, പലവ്യഞ്ജനം" തകർത്തൂ പ്രത്യാകിച്ച് ഒറ്റമൂലി :)
ഈ മര്‍ഫിച്ചന്‍ പറേണതു സത്യവായിരിക്കും അല്ല്യോ? അനോണിചേട്ടന്റെ വേദന കണ്ടിട്ട് സഹിക്കാന്‍ പറ്റണില്ല... ഇപ്പൊ ഇപ്പൊ ഇവിടെ വേദനേടെ മരുന്ന് മണം മാത്രം ആയതോണ്ട് എനിക്കും ആ ശീലമായി..
ഹി ഹി ചിരിച്ചിട്ട് എന്‍റെ കുണ്ടി.. സോറി കുണ്ടലിനി പെരുത്തു. (അമ്മക്ക് പ്രാണവേദന മകള്‍ക്ക് വീണവായന :))
Post a Comment