Tuesday, October 27, 2009

സ്വയം തൊഴില്‍

അണ്ണാ,
പറ ചെല്ലാ.

പണിയെടുത്ത് വയ്യണ്ണാ, ജോലി ചെയ്താലേ കൂലിയൊള്ളെന്നത് എവിടത്തെ ന്യായമാ?
ലോകത്തിന്റെ നീതി പലപ്പോഴും വിചിത്രവും ക്രൂരവുമാണ്‌ ചെല്ലാ.

ഞാന്‍ നാട്ടി പോയി എന്തെങ്കിലും തരികിട കാട്ടി ജീവിക്കാന്‍ പോകുവാ. എന്തരേലും ഐഡിയാസ്?
ഐഡിയാ? സ്റ്റാര്‍ സിങ്ങറിന്റെ ജഡ്ജിയാവെടേ, ഇല്ലേല്‍ ആത്മീയാചാര്യന്‍ ആവ്.

ആത്മീയാചാര്യനോ? എന്നിട്ടുവേണം പീഡനം, നിര്‍ബ്ബന്ധിത പരിവര്‍ത്തനം, എന്നൊക്കെ പറഞ്ഞ് പോലീസ് പിടിക്കാനും നാട്ടുകാരു ചുട്ടുകൊല്ലാനും ജിഹാദിയെന്നും പറഞ്ഞ് പത്രത്തില്‍ വരാനും.
ഇതാജാതി ആത്മീയം അല്ലെടേ, നീ ചുമ്മാ ടീവിയില്‍ വന്ന് പ്രഭാഷണം നടത്തി കാശും വാങ്ങി പോണം.

അതിനെന്തെങ്കിലും എനിക്കറിയണ്ടേണ്ണാ?
കേള്‍ക്കുന്നവര്‍ക്കും അറിയത്തില്ലെടേ, നോ പ്രോബ്ലംസ്.

എന്നാലും എങ്ങനെ പ്രഭാഷിക്കും?
വായീ തോന്നുന്നത് പറയുക, എന്തു പറഞ്ഞാലും അതൊക്കെ പ്രാചീന ഇന്ത്യയില്‍ മാത്രമേയുള്ളു, ലോകത്തെ ബാക്കിയുള്ളവനൊക്കെ ഒന്നുമില്ലായിരുന്നു എന്നു പറഞ്ഞാ മതി.

എനിക്കു പിടി കിട്ടിയില്ല. എന്തെങ്കിലും വിഷയം വേണ്ടേ എന്നാലും?
വേണ്ട. നീ രാവിലേ ടെലിവിഷന്‍ ആപ്പീസില്‍ പോണു- കുളിയും നനയും മേക്കപ്പും പോലും ആവശ്യമില്ല. അത്രയും ചെയ്യാമല്ല്?

ചെയ്യാം. എന്നിട്ട്?
അങ്ങ് തൊടങ്ങിക്കോ...

നമ്മുടെ പരമ്പരാഗതമായ പാട്ടുകള്‍ പോലും ലോകാസമസ്ഥാ സുഖിനോഭവന്തു എന്നതില്‍ അധിഷ്ഠിതമാണ്‌.
"കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ."
ശുദ്ധമായ ശങ്കരാഭരണത്തില്‍ തീര്‍ത്ത ഈ പാട്ട് എത്ര സുന്ദരമായി ആര്‍ഷഭാരതത്തിന്റെ മൂല്യങ്ങള്‍ അവതരിപ്പിക്കുന്നെന്ന് നോക്കൂ. പറന്നു പോകുന്ന ഒരു നിസ്സാരപക്ഷിയോടും നമ്മള്‍ തിരക്കുന്നു, അതിന്‌ അന്തിയുറങ്ങാന്‍ ഒരു കൂടുണ്ടല്ലോ എന്നും അനപത്യ ദുഖം അനുഭവിക്കാതെ അത് കുഞ്ഞുങ്ങളുള്ള കുടുംബം പുലര്‍ത്തുന്നുണ്ടോ എന്നും. ഹേ തത് സര്‍‌വമിദം ബ്രഹ്മം, അയം ആത്മബ്രഹ്മം എന്ന വിശിഷ്ഠാദ്വൈത സാരമറിഞ്ഞ നമുക്ക് കാക്കയിലും താദാത്മ്യം പ്രാപിക്കാനാവണം. നമുക്കല്ലാതെ ലോകത്തൊരിടത്തും ഇത്തരം ആത്മീയാനുഭവമില്ല. കരീബിയന്‍ പാട്ടു കേള്‍ക്കൂ
Who let the dogs out.. when the party was raving എന്നു തുടങ്ങി
Get back you flea infested mongrel എന്നൊക്കെയാകുന്നു.
ആ ശ്വാനശ്രേഷ്ഠനു സ്വാതന്ത്ര്യം കിട്ടിയതില്‍ ആശങ്കാകുലനാകുകയും അതിനെ ചെള്ളരിച്ച ചാവാലി എന്ന് ആക്ഷേപിച്ച് തിരിച്ചു കയറാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്ന ക്രൂരനായ ഈ കാപ്പിരിയെവിടെ അഹിംസാധിഷ്ഠിതമായ നമ്മുടെ സംസ്കാരമെവിടെ?

ജീവികളില്‍ മാത്രമല്ല , ഭൂമി-ജല-അഗ്നി-വായു ഗഗനകിരണങ്ങളിലെല്ലാം അതു സാധിക്കുന്നു നമുക്ക്. അതെല്ലാം ഒരേസമയം ജൈവവും മൃതവുമല്ലാത്ത ഖരവും ദ്രവവും വായുവുമല്ലാത്ത കാലത്രയാതീതവും രൂപത്രയാതീതവും ദേഹത്രയാതീതവുമായ മായയെന്നറിയുന്ന മഹാജ്ഞാനി സകലതിലും സകലതും സദാ കാണുന്നു. മാനത്തുദിച്ച ചന്ദ്രനെ കണ്ടാല്‍ അത് കിഴക്കു കിഴക്കൊരാന ആലവട്ടം വെഞ്ചാമരം താലി, പീലി നെറ്റിപ്പട്ടമൊക്കെയായി പൊന്നണിഞ്ഞ് നില്‍ക്കുന്നതായി കാണാനാവും നമുക്ക്.

അന്തസ്സാരശൂന്യരായ വെള്ളക്കാര്‍ക്കുണ്ടോ അതിനു കഴിയുന്നു! അവര്‍ അന്നു പാടിനടന്നതെന്താണ്‌?

Twinkle Twinkle little star,
How I wonder what you are?
അവര്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല. കാരണജലധിയിലെ ആദിബീജത്തിന്റെ ശകലങ്ങളാണ്‌ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമായി ക്ഷീരപഥങ്ങളില്‍ വിന്യസിക്കുന്നതെന്ന് അവര്‍ക്കറിയില്ല.

ജഠരഅഗ്നിയാണ്‌ സകലതിനും ചാലകമായി വര്‍ത്തിക്കുന്നതെന്ന് പണ്ടേ നമുക്ക് ചരകനും സുശ്രുതനും പറഞ്ഞു തന്നിട്ടുണ്ട്, അതിനെ ചരാജഡഭേദമില്ലാത്ത അവസ്ഥയിലുള്ള നമ്മള്‍ "വണ്ടീ പുക വണ്ടീ, നിന്നെപ്പോലെ വയറിലെനിക്കും തീയാണ്‌" എന്ന് പാടി പാടി നിര്‍ഗുണപരബ്രഹ്മാവസ്ഥയില്‍ എത്തിച്ചേരുന്നു.
നമ്മള്‍ അങ്ങനെ പുകണ്ടിയോടും ദ്വൈതാവസ്ഥയില്ലാതെ ചേരുമ്പോള്‍ അമേരിക്കക്കാരന്‍ പാടുന്നു
Railroads, Steamboats, River and Canals
Yonder comes a sucker and he's got my gal

റെയില്പ്പാതയും ബോട്ടുകളും പുഴകളും തോടുമൊക്കെ കണ്ടിട്ട് ഈ ആത്മീയ ദരിദ്രനു ആകെ മനസ്സില്‍ തോന്നുന്നത് അവന്റെ കാമുകിയെ ആരോ വശീകരിച്ച കാര്യം മാത്രമാണ്‌, നോക്കൂ എത്ര മാംസനിബദ്ധമാണവന്‍റ്റെ ജീവിതം...

മതിയണ്ണാ, മനസ്സിലായി. ഇനി ഞാന്‍ മാനേജ് ചെയ്തോളാം.
ബെസ്റ്റ് ഓഫ് ലക്ക്, പോയി കോടീശ്വരനാകൂ.

സംശയം തീര്‍ന്നില്ലണ്ണാ, ആദ്യ ബ്രേക്ക് എങ്ങനെ കിട്ടും
അതിനു സ്വയം തൊഴീല്‍ പദ്ധതി തന്നെയാ നല്ലത്.

എന്നു വച്ചാ?
നീ ആദ്യം സ്വയം തൊഴൂ, മറ്റുള്ളവര്‍ നിന്നെ വന്ന് തൊഴുതോളുമെന്ന്.

ഷാജി എന്ന പേരില്‍ തന്നെ തുടങ്ങാമോ പണി?
അത് ഒരു മാതിരി രാജാവിന്റെ പേര്‍ ശശി എന്നായിരുന്നു എന്നു പറഞ്ഞതുപോലെ ഒരു ചേര്‍ച്ചയില്ലായ്മ. എന്താ മൊത്തം പ്യാര്‌?

R.ഷാജി
മാറ്റി ആര്‍‌ഷാജി വര്‍‌മ്മാജി എന്നാക്കൂ, പേരില്‍ തന്നെ ഇരിക്കട്ടെ ആര്‍‌ഷം.

നന്ദിയണ്ണാ, നന്ദി.

11 comments:

Baiju Elikkattoor said...

"ആര്‍‌ഷാജി വര്‍‌മ്മാജി"

:)

Chau Han said...
This comment has been removed by the author.
Chau Han said...

ആര്‍‌ഷാ ജി നീണാള്‍ വാഴട്ടെ :)

പാമരന്‍ said...

നന്ദിയണ്ണാ, നന്ദി. !!! :)

Rakesh R (വേദവ്യാസൻ) said...

ആര്‍ഷാജീ

പപ്പൂസ് said...

ആര്‍ഷാജി സ്വാമീ, സ്വയം തൊഴിച്ചേന്‍. ;-)

ഓഫാവും, എന്നലും പറയാം. ജ്വാലി ചെയ്യാതെ കൂലി വാങ്ങാന്‍ ചുവന്ന തലേക്കെട്ടും കെട്ടി ബസ്റ്റാന്‍റിലോ ബസ്റ്റോപ്പിലോ റെയില്‍വേ സ്റ്റേഷനിലോ പുതിയ ഹൗസിങ് കോളനിക്കടുത്തോ ’ഐ ആം സി ഐ ടി യു’ എന്നും പറഞ്ഞ് ചരക്കിനെയിറക്കുന്നത് ’നോക്കി’ നിന്നാലും മതി. പോലീസുകാരു വരെ കാശു തരും. അനുഭവോ ഗുരു!

ബിജു ചന്ദ്രന്‍ said...

അനോണി ചേട്ടാ ചിരിച്ചു ഒരു വഴിക്കായല്ലോ.
ഹി ഹി ഹി! അമൃത ടിവിയില്‍ രാവിലെ ഒരു താടി ആത്മീയാചാര്യന്റെ പ്രകടനം ഏതാണ്ട് ഇത് പോലെയുണ്ട്!

കാളിയമ്പി said...

വര്‍മ്മാജീ പേരടിച്ചെടുത്തെന്ന് വര്‍മ്മമാര് കേക്കണ്ട.

ബിജൂ അമൃതാ ടീ വീയിലെ ഥാടിവേഷ് മാത്രമല്ല സാക്ഷാല്‍ അമൃതാനന്ദമയിയെന്താ കുറവു വല്ലതുമാണോ? :)

പക്ഷേങ്കില് അനോണിസ്വാമി വര്‍മാജീ, ഇങ്ങനെയെല്ലാം സംഭവിയ്ക്കുമെന്ന് ആദിഗുരു ജഗത്ഗുരു ശങ്കരാചാര്യര്‍ പണ്ടേ ആര്‍ഷഭാരതസംസ്കാരത്തിന്റെ നെറുകയില്‍ നിന്ന് അത്യുഗ്രമായി ഉത്ഖോഷിച്ചിരിയ്ക്കുന്നു

ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ
കാഷായാംബര ബഹുകൃത വേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ
“ഉദരനിമിത്തം ബഹുകൃത വേഷഃ“

എന്നുവച്ചാല്‍ ദേവവാണിയറിയാത്ത മൂഢന്മാര്‍ക്കായി

ജടാ ധാരി, തല മുണ്ഡനം ചെയ്തയാള്‍, തലയിലെ ഓരോ രോമങ്ങളും പിഴുതെടുത്തയാള്‍
ഇങ്ങനെ കാഷായ വേഷം ധരിച്ച പല വിധ വേഷങ്ങള്‍.തികച്ചും വയറ്റുപ്പിഴപ്പിനായി മാത്രം പല വിധ വേഷം ധരിച്ചവര്‍.
(കട് വിക്കിഗ്രന്ഥശാല)

ഓം ശാന്തി ഓം ശാന്തീടനിയത്തി ഓം

Anonymous said...

Twinkle Twinkle little star,
How I wonder what you are?

അവര്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല!

:DD

Vishwajith / വിശ്വജിത്ത് said...

നല്ല പോസ്റ്റ്‌...കാലോചിതം..

Jijo said...

ഇതെല്ലാം ഒരേസമയം ജൈവവും മൃതവുമല്ലാത്ത ഖരവും ദ്രവവും വായുവുമല്ലാത്ത കാലത്രയാതീതവും രൂപത്രയാതീതവും ദേഹത്രയാതീതവുമായ മായയെന്നറിയാത്തതിന്റെ കുഴപ്പമാണുണ്ണീ. അനോണീ.. ആന്റണീ...