Monday, October 19, 2009
കടല്‍ വ്യാളി
ചിത്രം- ചന്ത്രക്കാറന്‍ എടുത്തത്
അങ്ങനെ ഒരു കടല്‍വ്യാളി തന്റെ വ്യാളിച്ചിയെ കണ്ടെത്തി. എത്തി എത്തി എന്നു
ചുമ്മാ പറഞ്ഞാല്‍ പോരാ. കടല്പ്പായലിന്റെ രൂപത്തില്‍ അതിന്റെ നിറം
കൈക്കൊണ്ട് അതിന്നിടയില്‍ ഒളിച്ചിരിക്കുന്ന അവളെ കണ്ടെത്താന്‍ ഒരുമാതിരി
കണ്ണൊന്നും പോരാ. അവര്‍ ഇഷ്ടപ്പെട്ടു. പിന്നെ കഷ്ടപ്പെട്ടു. അവന്റെ
വാലിന്നടിയിലെ ഗര്‍ഭപാത്രത്തില്‍ അവള് ഇരുന്നൂറ് സുന്ദരന്‍ പിങ്ക്
മുട്ടകള്‍ ഇട്ടു. അവന്റെ ചോരയും നീരുമൂട്ടി ആറാഴ്ച്ച കൊണ്ടുനടന്ന് അവന്
അവയില്‍ അമ്പതെണ്ണത്തിനെ വിരിയിച്ചു പ്രസവിച്ചു. പിന്നെ അവന് അവരെ
മറന്നിട്ടു പാട്ടിനു പോയി. അമ്പതു സഹോദരങ്ങളില്‍ നാല്‍പ്പത്തി രണ്ടുപേരെ
ശൈശവത്തിലേ മറ്റു കടല്പ്രാണികള്ക്ക് ഇരയായി. ശേഷിച്ച എട്ടില്‍ അഞ്ചും
ഒരു കൊടും തിരമാല വീശിയകാലം വെള്ളത്തിന്റെ ശക്തിയില്‍ ആന്തരാവയവങ്ങള്‍
തകര്‍ന്ന് മരിച്ചു. ശേഷമുള്ളവര്‍ ജീവിതചക്രത്തില്‍ അടുത്ത തലമുറയെ
സൃഷ്ടിക്കാന്‍ പ്രാപ്തരായി.
ലീഫി സീ ഡ്രാഗണ്‍ [phycodurus eques] എന്ന ചെറു കടല്‍ മത്സ്യത്തിന്റെ ജീവിതകഥ ഏതാണ്ട്
ഇങ്ങനെയൊക്കെ ഇരിക്കും. ശത്രുക്കളില്‍ നിന്നും വേഗം നീന്തി രക്ഷപ്പെടാനോ
മുള്ളുകള്‍ കൊണ്ട് കുത്തി ആക്രമിക്കാനോ കഴിവില്ലാത്ത ഈ സാധുമീന്
കടല്പ്പായലുകള്ക്കിടയില് ഒളിച്ചു നിന്ന് ചെറു ജലജീവികളെ പിടിച്ചു
തിന്ന് ജീവിച്ചു പോകുന്നു. ആസ്ത്രേലിയയുടെ ചില ഭാഗങ്ങള്‍ മാത്രമാണ്
അവയുടെ ലോകം.
മനോഹരമായ വ്യാളീരൂപം ഇവയെ അക്വേറിയം സൂക്ഷിപ്പുകാര്‍ക്കു
താല്പ്പര്യമുള്ളതാക്കിത്തീര്ത്തു. അതേസമയം പരിസ്ഥിതിയിലെ ചെറിയ
മാറ്റങ്ങള്‍ പോലും ഇവയെ പ്രതികൂലമായി ബാധിച്ച് അംഗസംഖ്യ കുറയുകയും
ചെയ്യുന്നു. വളരെ വേഗം ഇവയെ പിടിക്കുകയും ചെയ്യാമെന്നതിനാല്‍ ഡൈവര്‍മാര്‍
ഇവയെ പിടിച്ചു തീര്‍ത്ത് നിലനില്‍പ്പ് അപകടത്തിലാക്കിയേക്കാം എന്നതിനാല്‍
ആസ്ത്രേലിയന്‍ സര്‍ക്കാര്‍ ഇവയെ പിടിക്കുന്നതും വില്‍ക്കുന്നതും നിയമം
മൂലം നിരോധിച്ചു. ഡൈവര്‍മാര്‍ ലീഫി സീ ഡ്രാഗണെ തൊടുന്നതും ശല്യം
ചെയ്യുന്നതും കുറ്റകരമാക്കി. വര്‍ഷാവര്‍ഷം ലീഫി സീ ഡ്രാഗണ്‍
ഫെസ്റ്റിവല്‍ നടത്തി അവയെക്കുറിച്ചും അവയെ ശല്യം ചെയ്യാതെ എങ്ങനെ
നീന്തല്‍ നടത്താം എന്നതിനെക്കുറിച്ചും വിനോദസഞ്ചാരികള്‍ക്കും
നാട്ടുകാര്‍ക്കും അറിവു പകര്‍ന്നും വരുന്നു.
വീഡി സീ ഡ്രാഗണ്‍- ലീഫി സീ ഡ്രാഗണുകളുടെ കുലത്തിലെ ഏക സഹോദരവംശം
ചിത്രം- ചന്ത്രക്കാറന്‍ എടുത്തത്
ഈ സുന്ദര മത്സ്യങ്ങളെ ഇഷ്ടപ്പെട്ടോ? എങ്കില്‍ അവയ്ക്കുവേണ്ടി നമുക്കു
ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും:
ലീഫി സീ ഡ്രാഗണിനെ വ്യക്തികള്‍ വാങ്ങുന്നതും വില്‍ക്കുന്നതും
കുറ്റകരമാണ് മിക്ക രാജ്യങ്ങളിലും എന്നതിനാല്‍ ഇനി ഒരു പെറ്റ് ഷോപ്പില്‍
അവയെ കണ്ടാലും വാങ്ങാതിരിക്കുക. വീട്ടു ഫിഷ്ടാങ്കുകളില്‍ അവയെ
വളര്‍ത്തുക അസാദ്ധ്യത്തോടടുത്ത ഒരു ഉദ്യമമാണ്. അതില്‍ വിജയിച്ചാല്‍ കൂടി
അവയെ പ്രജനനം ചെയ്യിക്കാന്‍ ഒരു ഹോം അക്വാറിസ്റ്റിനു കഴിയില്ല.
ആസ്ത്രേലിയല്‍ തീരങ്ങളില്‍ സ്കൂബ ഡൈവിങ്ങ് ചെയ്യുന്ന ഒരാളാണു
നിങ്ങളെങ്കില്‍ ലീഫി സീ ഡ്രാഗണിനെ കാണുന്ന വേളയില്‍ ഒരിക്കലും അതിനെ
തൊടാനോ ഭയപ്പെടുത്താനോ പിടിക്കാനോ ശ്രമിക്കരുത്. നീന്തുന്ന വേളയില്‍
കാലുകളിളകി അവയുടെ വാസസ്ഥലങ്ങള്‍ തകരാനും ഇടയാക്കരുത്.
പൊതു അക്വേറിയങ്ങളില്‍ ഇവയെ കണ്ടാല്‍ ഒരിക്കലും ചില്ലില്‍ മുട്ടി ശല്യം
ചെയ്യരുത് (യാതൊരു വിധ മീനിനെയും അങ്ങനെ ഉപദ്രവിക്കരുത്, സീ ഡ്രാഗണുകള്‍
പ്രത്യേകിച്ച് ശല്യം ഭയക്കുന്ന ജീവിയാണ്)
അവയുടെ ഫോട്ടോ എടുക്കുകയാണെങ്കില്‍ ഒരിക്കലും ഫ്ലാഷ് ഉപയോഗിക്കരുത്.
പെട്ടെന്നുള്ള വെളിച്ചപ്രളയം ആ സാധു ജന്തുക്കളെ അന്ധരാക്കിയേക്കാം.
ഇതിലെല്ലാം ഉപരി, കടലിലും കടപ്പുറത്തും ചപ്പുചവറുകള്‍ തള്ളരുത്.
ആസ്ത്രേലിയയില്‍ മാത്രമല്ല, ലോകത്തൊരിടത്തും.
Subscribe to:
Post Comments (Atom)
6 comments:
Thanks for the info, as usual excellent...
ഞാനെടുത്ത ചിത്രങ്ങളുടെ നിലവാരമില്ലായ്മയില്‍ മനസ്സലിഞ്ഞ് ബ്ലോഗര്‍ ചന്ത്രക്കാറന്‍ ചില ചിത്രങ്ങള്‍ അയച്ചു തന്നു. അവ വച്ച് പോസ്റ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടുണ്ട്.
മീനുകളെ പറ്റിയാണല്ലോ പോസ്റ്റുകള്‍. ഏതോ മീനുകള്‍ വഴുതി പോയോ ??
ആരാണ്ടും വന്ന് ജന്തുക്കളെക്കുറിച്ച് എഴുതാന്‍ കമന്റ് ഇട്ടിട്ടു പോയി ജോക്കറേ. ഇനി അങ്ങേരു തിരിച്ചു വന്ന് "അണ്ണാ ഒരബദ്ധം പറ്റിപ്പോയതാ എഴുത്തു നിര്‍ത്തൂ" എന്ന് കമന്റ് ഇടുമോന്ന് ഒരു പരീക്ഷണം നടത്തുകയാണ് :)
ശരിയാണു ആന്റണി, കുറെ കാലം കഴിയുമ്പോ പെരിച്ചാഴി പോലും ഇല്ലാതാവുമോ എന്നുള്ള ഭയം എനിക്കുണ്ട്. ഈ വക മുന്നറിയിപ്പുകള്‍ എല്ലാരിലും എത്തിയ്ക്കാന്‍ ബ്ലോഗിലൂടെ അല്ലാതെ, ഇമെയില്‍ ഫോര്‍ഫേഡ് വേണമെങ്കിലും നമുക്ക് ചെയ്യാം. പതിവ് പോലെ തന്നെ ഇന്‍ഫോമേറ്റീവ്. ഇവിടെ സുബാഷ് പാര്‍ക്കില്‍ വലിയ ഒരു അക്വേറിയം ഉണ്ട്. ഒരുകാലത്ത് നല്ലവണ്ണം നോക്കി നടത്തിയിരുന്നു. ഇപ്പോ തഥേഇവ. ഇപ്പോ മുന്തിയ ഇനം ഹോട്ടലുകളില്‍ ഒക്കേയും പല വക ഇത് പോലെത്തെ മീനുകളേ വളര്‍ത്തുന്നുണ്ട്. എന്ത് നാശമുണ്ടാവുന്നുണ്ടാവോ? നമ്മ്ടെ (തന്റെ) ബുര്‍ജല്‍ അറബ് ഹോട്ടലില്‍ ഒരു നില തന്നെ അക്വേറിയമാണേന്ന് ഒരു ദിവസം നാറ്റ്ജിയോ ചാനലിലിലൂടെ കണ്ടിരുന്നു. കുരങ്ങ് സീരീസ് എപ്പഴാ?
ആസ്ത്രേലിയല്‍ തീരങ്ങളില്‍ സ്കൂബ ഡൈവിങ്ങ് ചെയ്യുന്ന ഒരാളല്ല ഞാന്‍. എങ്കിലും അന്തോണിച്ചാ ഞാനിതാ ശപഥം ചെയ്യുന്നു, ലീഫി സീ ഡ്രാഗണിനെ കാണുന്ന വേളയില്‍ ഒരിക്കലും അതിനെ
തൊടാനോ ഭയപ്പെടുത്താനോ പിടിക്കാനോ ശ്രമിക്കുന്നതല്ല :)
Post a Comment