Monday, October 26, 2009
നാര്‍ക്കോസിസ് പോളിഗ്രാഫിക്സ്
എന്തരാ കാര്യം?
അണ്ണങ്ങ് പത്രം വായിച്ചില്ലേ, ആ വോമ്പ്രകാശിനും പുത്തമ്പാലം രാജേഷിനും പോള്‍ വധത്തി പങ്കൊന്നുമില്ലെന്ന് തെളിഞ്ഞ്.
എങ്ങനെ തെളിഞ്ഞ്?
ലവമ്മാരെ നാര്‍ക്കോവനാലിസിസും പ്വാളിഗ്രാഫ് ടെസ്റ്റുകളും ചെയ്ത ഫലം വന്ന്, പാവങ്ങള്, ഈ പത്രക്കാര് ചുമ്മാ മനുഷ്യനെ പറ്റിക്കാന്‍ ഓരോ കഥ എഴുതിയതല്ലാരുന്നോ, അവര്‍ക്ക് പങ്കൊന്നുമില്ലെന്ന് ടെസ്റ്റിന്റെ റിസല്‍റ്റ് വന്ന്. ഇപ്പ പത്രം ചമ്മി ചമ്മി വാര്‍ത്തയിട്ടോണ്ടിരിക്കുവാ.
പത്രത്തി ഇപ്പ എന്തര് വന്നത്, വായിക്കി.
"പോളിന്റെ കൊലപാതകം യാദൃശ്ചികമാണെന്ന പോലീസിന്റെ നിഗമനം സാധൂകരിക്കുന്നതാണ് പരിശോധനാഫലം. ഓം പ്രകാശിനും രാജേഷിനും പങ്കില്ലെന്നു വ്യക്തമായതോടെ.."
നിര്‍ത്തെടേ. എന്തരായതോടെ?
വ്യക്തം- അണ്ണന്‍ മലയാളം ഒന്നും പടിച്ചിട്ടില്ലേ- വ്യക്തം എന്നു വച്ചാ അങ്ങോട്ട് ഒറപ്പിച്ചെന്ന്.
അങ്ങനെ ഒറപ്പിച്ചവരടെ തല പരിശോധിക്കണം.
അപ്പ ഇവമ്മാര്‍ക്ക് പങ്കൊണ്ടെന്നാണോ അണ്ണന്‍ നെരുവിക്കണത്?
പങ്കില്ലെന്ന് പോലീസ് പറയുന്നത് ശരിയായിരിക്കാം, തെറ്റായിരിക്കാം. ഇവിടിരുന്ന് ഞാനെങ്ങനെ അറിയാനാടേ. ഞാന്‍ പറയുന്നത് അതല്ല, ഒരു നാര്‍ക്കോയും പോളിഗ്രാഫും വച്ച് പ്രത്യേകിച്ച് ഒന്നും വ്യക്തമാക്കിയെന്നും തെളിയിച്ചെന്നും പറയാന്‍ പറ്റത്തില്ലെന്ന്.
അറുപതു ശതമാനം ആക്കുറസി ഉള്ള പരിശോധനയല്ലേ അണ്ണാ ഇതുങ്ങള്?
അറുപതു ശതമാനം എന്നത് ഒരു എസ്റ്റിമേറ്റ് അല്ലേ ചെല്ലാ, ഇതൊരു വ്യക്തതയാണോ? അമ്പതു ശതമാനം കൃത്യതയില്‍ ഒരു ടെസ്റ്റ് നമുക്കാര്‍ക്കും നടത്താം.
നമുക്കും നുണ പരിശോധിക്കാവെന്നോ. അടിപൊളി, എങ്ങനെ ചെയ്യണം അണ്ണാ?
അതായത് ഒരുത്തനെക്കൊണ്ട് എന്തെങ്കിലും പറയിക്കുക. എന്നിട്ട് ഒരു രൂപാ തുട്ടെടുത്ത് മേലോട്ട് അടിച്ചിട്ട് "തല വീണാ ഇവന്‍ പറയുന്നത് സത്യം" എന്ന് വിചാരിക്കുക.
അണ്ണന്‍ കളിയാക്കിയതാ അല്ലേ?
അല്ലെടേ, അമ്പതു ശതമാനം പ്രോബബിലിറ്റി എന്നതിനു നമ്മള്‍ സ്കൂളി പഠിക്കുന്ന ഉദാഹരണമല്ലേ തുട്ട് ടോസ്സിങ്ങ്.
എന്നാലും നാര്‍ക്കോ ഒരു ശാസ്ത്രീയ പരിശോധന അല്ലേ, അതുപോലെ എന്തെങ്കിലും നമ്മക്ക് പറ്റുവോ?
പിന്നേ ഒരുപാട് പരിപാടി പറ്റും.
ഒന്നു രണ്ടെണ്ണം പറഞ്ഞ് താ.
നാല്‍കോ അനാലിസിസ്- അതായത് നാല്‍കോ ഇറക്കുന്ന വണ്ണം കുറഞ്ഞ അലൂമിനിയം കണ്ടക്റ്റര്‍ മൂന്നു മീറ്റര്‍ എടുക്കുക. പ്രതിയെ അതുകൊണ്ട് ഒരു തെങ്ങില്‍ വരിഞ്ഞു കെട്ടിയിട്ട് "സത്യം പറഞ്ഞില്ലെങ്കില്‍ നിനക്കു പച്ചവെള്ളം തരില്ല" എന്നു പറഞ്ഞ് അവിടെ ഇട്ടേക്കുക. കൂടുതല്‍ ഇഫക്റ്റ് വേണേല്‍ പുളിയുറുമ്പ് ഉള്ള മരം നോക്കി കെട്ടിക്കോ.
ഇല്ലേല്‍ റെയിഡ്കോ അനാലിസിസ് ചെയ്യാം - പ്രതിയെ ബഞ്ചേല്‍ കിടത്തീട്ട് റെയിഡ്കോയുടെ നല്ല കൂന്താലിക്കൈ ഒരെണ്ണം എടുത്ത് രണ്ടുപേര്‍ പിടിച്ച് അവന്റെ കാലേല്‍ മേപ്പോട്ടും കീപ്പോട്ടും അമര്‍ത്തി ..
അണ്ണനു ഭേദ്യം ചെയ്യലല്ലാതെ വേറേ അനാലിസിസ് അറിയത്തില്ലേ?
നാര്‍ക്കൊ ഭേദ്യമല്ലേടേ?
എന്നാലും അടിയും ഉരുട്ടുമൊക്കെ പോലീസ് അല്ലാതെ വേറേ ആരെങ്കിലും ചെയ്താല്‍ അതു പുലിവാലാകും, വേറേ വഴി പറ.
എന്നാ നീ ബെവ്‌കോ അനാലിസിസ് ചെയ്യ്.
അതെന്തരാ?
ബെവ്‌കോ നടത്തുന്ന സ്റ്റോറില്‍ പോയി ഫുള്ള് ഒരെണ്ണം വാങ്ങണം. എന്നിട്ട് പ്രതിയെ വല്ല ആളൊഴിഞ്ഞ മുടുക്കിലും കൊണ്ടിരുത്തി സമാധാനമായി, പതുക്കെ അടിച്ചു പാമ്പാക്കുക. ശേഷം സത്യം പറ മച്ചൂ, നീയല്ലേ അതു ചെയ്തതെന്ന് നയത്തില്‍ ചോദിക്കുക, ഏത്?
അപ്പ നാര്‍ക്കോ അനാലിസിസ് ഫലം കാരണം പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ് അണ്ണന്‍ പറയുന്നത് അല്ലീ.
ഞാങ്ങ് ആലോചിക്കണത് അതല്ലെടേ.
എന്തരാ?
ആദ്യം പോലീസ് വെളിപ്പെടുത്തലു കണ്ടപ്പോ ഞാനും കരുതിയിരുന്നതാ ലവന്മാര്‍ക്ക് പങ്കില്ലെന്ന്. പക്ഷേ അന്ന് കൊലവിളി നടത്തിയ പത്രങ്ങള്‍ ഇപ്പ പെട്ടെന്ന് മറുകണ്ടം ചാടി അയ്യോ പാവം നിഷ്കളങ്ക ഗൂണ്ടകള്‍ എന്നു കരയുന്നത് കണ്ടപ്പ എനിക്കു സംശയം തുടങ്ങി, ശരിക്കും ഇവമ്മാര്‍ക്ക് പങ്കുണ്ടോന്ന്.
Sunday, October 25, 2009
കഷ്ടം!
ഈയടുത്ത സമയത്ത് ഒരുത്തന്‍ "കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാര്" എന്നു മൂളിയപ്പോള്‍ അടുത്തു നിന്ന പത്രക്കാരന്‍ "സംശയമെന്ത്, കാട്ടിലെ ആ സാധു ജീവിയെ ഇങ്ങനെ ഉപദ്രവിച്ചെങ്കില്‍ അത് ബിനീഷ് കോടിയേരി തന്നെ" എന്നു പറഞ്ഞെന്നും കേള്‍ക്കുന്നു.
കന്നഡക്കാരും ഇതു പഠിച്ചോ എന്ന് ഒരുവേള അന്തം വിട്ടാണ് ചാനല്‍ ഓണ്‍ ചെയ്തത്. കണ്ട ദൃശ്യത്തിന്റെ ഭീകരതയില്‍ അയാളെ മറന്നു പോയി.
ഒരു സ്ത്രീയുടെ വീട്ടിനുള്ളില്‍ കടന്ന് നഗ്നയായ അവരെ ടെലിവിഷനില്‍ ആക്കിയിരിക്കുന്നു. പോലീസ് റെയിഡെന്ന് റിപ്പോര്‍ട്ട്, പക്ഷേ പോലീസുകാരെയൊന്നും കാണാനില്ല. ഇവര്‍ വേശ്യയാണെന്നതാണത്രേ കാരണം. വേശ്യാവൃത്തി ഇന്ത്യയില്‍ കുറ്റകരമല്ല, പൊതുസ്ഥലത്തു നിന്നും കസ്റ്റര്‍മാരെ അക്കോസ്റ്റ് ചെയ്യുന്നതും മറ്റു സ്ത്രീകളെ ജോലിക്കു വയ്ക്കുന്ന വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും മാത്രമാണ് ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ എന്ന നിലയ്ക്ക് ഇവര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി ഇവര്‍ പബ്ലിക്ക് ന്യൂയിസന്‍സോ കൂട്ടിക്കൊടുപ്പോ മറ്റോ നടത്തിയെന്നു കരുതുക (അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് മനസ്സിലായത്) ഇതൊന്നും സിറ്റിസണ്‍'സ് അറസ് നടത്താവുന്ന കുറ്റങ്ങളല്ല എന്ന സ്ഥിതിക്ക് പോലീസില്‍ പരാതിപ്പെടല്‍ അല്ലാതെ മറ്റെന്തു നടപടിയും നിയമം കയ്യാളലാകും, ചാനലുകാരനല്ല, ആരു ചെയ്താലും.
വീട്ടിനുള്ളിലായിരുന്ന ഇവരെ എങ്ങനെ നഗ്നയായി ചിത്രീകരിക്കാന്‍ കഴിഞ്ഞു? ഒന്നുകില്‍ കതകു പൊളിച്ച് അകത്തു കയറണം, അല്ലെങ്കില്‍ വീട്ടിനുള്ളില്‍ കയറി മീഡിയക്കാരന്‍ അവരെ നിര്‍ബന്ധിച്ച് തുണി അഴിപ്പിക്കണം. അല്പ്പം ആള്‍ബലം ഉണ്ടെങ്കില്‍ ഇന്ത്യയലെവിടെയും ഇതു നടക്കുമെന്ന് അറിയാം, പക്ഷേ ഇത് ടെലിക്കാസ്റ്റ് ചെയ്യാന്‍ മാത്രം പോന്ന ഈ ചാനല്‍ ആരു നടത്തുന്നു?
വളരെ പ്രചാരമുള്ള ഒരു ഹിന്ദി ചാനല്‍ നോക്കിയപ്പോള്‍ അതില്‍ പോള്‍ ഡാന്‍സിനപ്പുറം ഒന്നുമല്ലാത്ത ഒരു സിനിമാപ്പാട്ട്. പാട്ടു തീര്‍ന്നപ്പോള്‍ പരസ്യം ഒരു മാന്ത്രിക മാലയുടേത്, ഇതു ധരിച്ചാല്‍ എങ്ങനെ ധരിച്ച കുട്ടിക്ക് കണ്ണു കിട്ടാതെ ഇരിക്കും ഭാര്യയെ ധരിപ്പിച്ചാല്‍ അവള്‍ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകാതെ എങ്ങനെ അവളെ അത് കാത്തുസൂക്ഷിക്കും എന്നൊക്കെ 'ശാസ്ത്രീയമായ' വിവരണവുമുണ്ട്. ഇമ്മാതിരി ചാനലുകള്‍ കാണുന്ന ആളുകള്‍ക്കിടയില്‍ എന്തും നടക്കും, അതു പോട്ടെ
ദയനീയമായ ഈ ക്ലിപ്പ് മലയാളം ചാനലുകള്‍ വാങ്ങി പുനപ്രസരണം നടത്തിയിട്ടും
"ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു, അവന്റെ അന്ത്യമായെടാ. ഞാന്‍ അന്നേ പറഞ്ഞില്ലേ അവന്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റ് അംഗമാണെന്ന് " എന്നൊക്കെയല്ലാതെ ആ സ്ത്രീയെ ഇങ്ങനെ ലിഞ്ച് ചെയ്തത് ഒരു വലിയ കുറ്റമാണെന്ന് പാഞ്ഞുവന്ന മെയിലുകളും പറഞ്ഞില്ല, പറന്നു വന്ന ട്വീറ്റുകളും പറഞ്ഞില്ല. ബിനീഷിന്റെ പേരുവന്നതുകൊണ്ട് ആരും ഇതു കാണാതെ പോയതാണോ അതോ ഇനി വേശ്യയല്ലേ അവളെ ഇങ്ങനെയൊക്കെ ചെയ്ത് ആനന്ദിക്കാന്‍ നമുക്കൊക്കെ അവകാശമുണ്ട് എന്ന നിലവാരത്തിലേക്ക് നമ്മളും താണുപോയോ?
[എന്തിലും ആശ്വസിക്കാന്‍ എന്തെങ്കിലും ഉണ്ടാവും എന്നല്ലേ. കഴിഞ്ഞ ആയിരത്തോളം മലയാളം ബ്ലോഗ് പോസ്റ്റുകളുടെ ഫീഡുകള്‍ ഒന്നോടിച്ചു നോക്കിയിട്ട് രണ്ടേ രണ്ടെണ്ണമേ മാദ്ധ്യമങ്ങളുടെയും ഫോര്‍വേര്‍ഡ് കളിക്കാരുടെയും റ്റ്വീറ്റര്‍മാരുടെയും "കണ്ടുപിടിത്തം" ആവര്‍ത്തിച്ചു കണ്ടുള്ളൂ. തലയില്‍ ആളുതാമസമുള്ള മലയാളികള്‍ ഒക്കെ ബ്ലോഗിലാണെന്നു തോന്നുന്നു.]
Thursday, October 22, 2009
പരസ്യഭാഷ
ദുബായിലെ പത്രങ്ങളില്‍ വരുന്ന ക്ലാസിഫൈഡുകള്‍ക്ക് അതിന്റേതായ ഒരു ഭാഷ തന്നെയുണ്ട്. അതറിയാത്തവര്‍ വായിച്ച് തെറ്റിദ്ധരിച്ചു പോകാതിരിക്കാന്‍ ചില സ്ഥിരം പ്രയോഗങ്ങളും അതിന്റെ ഗൂഢാര്‍ത്ഥങ്ങളും ഒരു പട്ടികയാക്കുന്നു.
Mature garden - old villa
Furnished flat- comes with window a/c
Fully furnished flat- previous tenant discarded old furniture
Beautiful Burj view- doesn’t mean anything; you can view the beautiful Burj from anywhere in Dubai
15 minutes to Airport- if you charter a fighter jet to reach airport.
In the heart of the city- heavily congested place
In a quiet area- in the desert
With gym and pool- there’s a treadmill and a pool table somewhere in the building
Suitable for Europeans- only an open pantry instead of kitchen
Suitable for Indians- partitioning is allowed
Ample parking area - kutcha around the building
Close to Emirates Road- far away from habitable areas
Near old Pakistani Consulate- next to the new graveyard.
Near Dubai Grand Hotel- next to the abattoir
24 hour security- Nathur’s mobile number is scribbled near the lift, but you will never see him during tenancy period.
Well maintained building-repainted recently
Distress sale- buy this distressed house and get distressed
Low mileage- was in a bad condition, so I used to commute by bus most of the days.
Lady driven- and police cancelled her license, finally
Single owner- and driven by all his friends
FSH- only major repairs were done outside agency
Agents excuse- I know no agent alive is silly enough to buy this wreck
Under warranty- and sick of it already.
Expat leaving- and wants to make another fortune before leaving
Tuesday, October 20, 2009
പാണനെ ഓടിച്ചാ?
Monday, October 19, 2009
കടല്‍ വ്യാളി
ചിത്രം- ചന്ത്രക്കാറന്‍ എടുത്തത്
അങ്ങനെ ഒരു കടല്‍വ്യാളി തന്റെ വ്യാളിച്ചിയെ കണ്ടെത്തി. എത്തി എത്തി എന്നു
ചുമ്മാ പറഞ്ഞാല്‍ പോരാ. കടല്പ്പായലിന്റെ രൂപത്തില്‍ അതിന്റെ നിറം
കൈക്കൊണ്ട് അതിന്നിടയില്‍ ഒളിച്ചിരിക്കുന്ന അവളെ കണ്ടെത്താന്‍ ഒരുമാതിരി
കണ്ണൊന്നും പോരാ. അവര്‍ ഇഷ്ടപ്പെട്ടു. പിന്നെ കഷ്ടപ്പെട്ടു. അവന്റെ
വാലിന്നടിയിലെ ഗര്‍ഭപാത്രത്തില്‍ അവള്‍ ഇരുന്നൂറ് സുന്ദരന്‍ പിങ്ക്
മുട്ടകള്‍ ഇട്ടു. അവന്റെ ചോരയും നീരുമൂട്ടി ആറാഴ്ച്ച കൊണ്ടുനടന്ന് അവന്‍
അവയില്‍ അമ്പതെണ്ണത്തിനെ വിരിയിച്ചു പ്രസവിച്ചു. പിന്നെ അവന്‍ അവരെ
മറന്നിട്ടു പാട്ടിനു പോയി. അമ്പതു സഹോദരങ്ങളില്‍ നാല്പ്പത്തി രണ്ടുപേരെ
ശൈശവത്തിലേ മറ്റു കടല്പ്രാണികള്‍ക്ക് ഇരയായി. ശേഷിച്ച എട്ടില്‍ അഞ്ചും
ഒരു കൊടും തിരമാല വീശിയകാലം വെള്ളത്തിന്റെ ശക്തിയില്‍ ആന്തരാവയവങ്ങള്‍
തകര്‍ന്ന് മരിച്ചു. ശേഷമുള്ളവര്‍ ജീവിതചക്രത്തില്‍ അടുത്ത തലമുറയെ
സൃഷ്ടിക്കാന്‍ പ്രാപ്തരായി.
ലീഫി സീ ഡ്രാഗണ്‍ [phycodurus eques] എന്ന ചെറു കടല്‍ മത്സ്യത്തിന്റെ ജീവിതകഥ ഏതാണ്ട്
ഇങ്ങനെയൊക്കെ ഇരിക്കും. ശത്രുക്കളില്‍ നിന്നും വേഗം നീന്തി രക്ഷപ്പെടാനോ
മുള്ളുകള്‍ കൊണ്ട് കുത്തി ആക്രമിക്കാനോ കഴിവില്ലാത്ത ഈ സാധുമീന്‍
കടല്പ്പായലുകള്‍ക്കിടയില്‍ ഒളിച്ചു നിന്ന് ചെറു ജലജീവികളെ പിടിച്ചു
തിന്ന് ജീവിച്ചു പോകുന്നു. ആസ്ത്രേലിയയുടെ ചില ഭാഗങ്ങള്‍ മാത്രമാണ്
അവയുടെ ലോകം.
മനോഹരമായ വ്യാളീരൂപം ഇവയെ അക്വേറിയം സൂക്ഷിപ്പുകാര്‍ക്കു
താല്പ്പര്യമുള്ളതാക്കിത്തീര്‍ത്തു. അതേസമയം പരിസ്ഥിതിയിലെ ചെറിയ
മാറ്റങ്ങള്‍ പോലും ഇവയെ പ്രതികൂലമായി ബാധിച്ച് അംഗസംഖ്യ കുറയുകയും
ചെയ്യുന്നു. വളരെ വേഗം ഇവയെ പിടിക്കുകയും ചെയ്യാമെന്നതിനാല്‍ ഡൈവര്‍മാര്‍
ഇവയെ പിടിച്ചു തീര്‍ത്ത് നിലനില്പ്പ് അപകടത്തിലാക്കിയേക്കാം എന്നതിനാല്‍
ആസ്ത്രേലിയന്‍ സര്‍ക്കാര്‍ ഇവയെ പിടിക്കുന്നതും വില്‍ക്കുന്നതും നിയമം
മൂലം നിരോധിച്ചു. ഡൈവര്‍മാര്‍ ലീഫി സീ ഡ്രാഗണെ തൊടുന്നതും ശല്യം
ചെയ്യുന്നതും കുറ്റകരമാക്കി. വര്‍ഷാവര്‍ഷം ലീഫി സീ ഡ്രാഗണ്‍
ഫെസ്റ്റിവല്‍ നടത്തി അവയെക്കുറിച്ചും അവയെ ശല്യം ചെയ്യാതെ എങ്ങനെ
നീന്തല്‍ നടത്താം എന്നതിനെക്കുറിച്ചും വിനോദസഞ്ചാരികള്‍ക്കും
നാട്ടുകാര്‍ക്കും അറിവു പകര്‍ന്നും വരുന്നു.
വീഡി സീ ഡ്രാഗണ്‍- ലീഫി സീ ഡ്രാഗണുകളുടെ കുലത്തിലെ ഏക സഹോദരവംശം
ചിത്രം- ചന്ത്രക്കാറന്‍ എടുത്തത്
ഈ സുന്ദര മത്സ്യങ്ങളെ ഇഷ്ടപ്പെട്ടോ? എങ്കില്‍ അവയ്ക്കുവേണ്ടി നമുക്കു
ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും:
ലീഫി സീ ഡ്രാഗണിനെ വ്യക്തികള്‍ വാങ്ങുന്നതും വില്‍ക്കുന്നതും
കുറ്റകരമാണ് മിക്ക രാജ്യങ്ങളിലും എന്നതിനാല്‍ ഇനി ഒരു പെറ്റ് ഷോപ്പില്‍
അവയെ കണ്ടാലും വാങ്ങാതിരിക്കുക. വീട്ടു ഫിഷ്ടാങ്കുകളില്‍ അവയെ
വളര്‍ത്തുക അസാദ്ധ്യത്തോടടുത്ത ഒരു ഉദ്യമമാണ്. അതില്‍ വിജയിച്ചാല്‍ കൂടി
അവയെ പ്രജനനം ചെയ്യിക്കാന്‍ ഒരു ഹോം അക്വാറിസ്റ്റിനു കഴിയില്ല.
ആസ്ത്രേലിയല്‍ തീരങ്ങളില്‍ സ്കൂബ ഡൈവിങ്ങ് ചെയ്യുന്ന ഒരാളാണു
നിങ്ങളെങ്കില്‍ ലീഫി സീ ഡ്രാഗണിനെ കാണുന്ന വേളയില്‍ ഒരിക്കലും അതിനെ
തൊടാനോ ഭയപ്പെടുത്താനോ പിടിക്കാനോ ശ്രമിക്കരുത്. നീന്തുന്ന വേളയില്‍
കാലുകളിളകി അവയുടെ വാസസ്ഥലങ്ങള്‍ തകരാനും ഇടയാക്കരുത്.
പൊതു അക്വേറിയങ്ങളില്‍ ഇവയെ കണ്ടാല്‍ ഒരിക്കലും ചില്ലില്‍ മുട്ടി ശല്യം
ചെയ്യരുത് (യാതൊരു വിധ മീനിനെയും അങ്ങനെ ഉപദ്രവിക്കരുത്, സീ ഡ്രാഗണുകള്‍
പ്രത്യേകിച്ച് ശല്യം ഭയക്കുന്ന ജീവിയാണ്)
അവയുടെ ഫോട്ടോ എടുക്കുകയാണെങ്കില്‍ ഒരിക്കലും ഫ്ലാഷ് ഉപയോഗിക്കരുത്.
പെട്ടെന്നുള്ള വെളിച്ചപ്രളയം ആ സാധു ജന്തുക്കളെ അന്ധരാക്കിയേക്കാം.
ഇതിലെല്ലാം ഉപരി, കടലിലും കടപ്പുറത്തും ചപ്പുചവറുകള്‍ തള്ളരുത്.
ആസ്ത്രേലിയയില്‍ മാത്രമല്ല, ലോകത്തൊരിടത്തും.