Sunday, November 22, 2009

പ്രഥമപുരുഷന്‍ സ്ത്രീയായി മാറുമ്പോള്‍

സര്‍‌വനാമത്തില്‍ ഒരു ഡൗവിട്ട്, ബാക്കിയെല്ലാം നിശ്ചയമുണ്ടായിട്ടല്ല, ഭാഷാഭേദമെന്യേ വ്യാകരണം എനിക്കു വല്യ പിടിയില്ല.

ഇഞ്ഞോട്ട് പോരുമ്പ കേട്ട പാട്ട്

ഗോപീ ചന്ദന കുറിയണിഞ്ഞു, ഗോമതിയായ് അവള്‍ മുന്നില്‍ വന്നു
ഗോപകുമാരന്റെ തിരുമുന്നില്‍ ഗോപിക രാധിക എന്ന പോലെ

സംഗതി മനസ്സിലായി. ഗോപി ഒരു കുറി വരച്ചപ്പോഴേക്ക് ലിംഗം മാറി ഗോമതി എന്നൊരുത്തിയായി ലവന്റെ മുന്നില്‍ വന്നെന്ന്.

ഡൗട്ട് അര്‍ത്ഥത്തിലല്ല, വ്യാകരണത്തിലാ. ഗോപിയാണ്‌ പ്രഥമന്‍ വച്ചവന്‍, അവന്‍ ഇനി ആരായാലും അവന്‍ തന്നെയാണോ അതോ തത് പുരുഷന്‍ തത് കാലം സ്ത്രീ ആയതുകൊണ്ട് അവള്‍ തന്നെയാണോ ശരി.
ഗോമതിയായ് അവന്‍ ആണോ അവള്‍ ആണോ.തമ്പിക്കു പിഴച്ചോ ഇല്ലയോ?

ഈ പുലിവാലൊന്നും വേണ്ടെന്ന് വച്ചിട്ടാണോ വയലാര്‍
"മന്ത്രമോതിരം മായമോതിരം ഇന്ദ്രജാലക്കല്ലു മോതിരം" എഴുതിയപ്പോള്‍ അവനും അവളും എടാ എടീ ഒന്നും കേറാതെ മൊത്തത്തില്‍ പെണ്ണിനെ മധ്യമപുരുഷന്‍ ആക്കിയത്?

സംബന്ധികാതല്പ്പുരുഷന്‍ എന്തരാന്ന് ഒരുത്തന്‍ എന്നോട് കേട്ട്. നമ്മക്ക് അറിഞ്ഞൂടാന്ന് പറയണത് മോശമല്ലേ;
"ഇതൊരു തമിഴ് കവിതയിലേതാണ്‌. സംബന്ധി അതായത് പുതുതായി വന്ന ബന്ധു, പുത്തന്‍ മരുമോന്‍ ആയിരിക്കണം, കാതല്‍ പുരുഷന്‍ അതായത് കാമദേവനെപ്പോലെ സുന്ദരനാണ്‌ എന്നാണ്‌" എന്ന് ഒരു ഊഹത്തില്‍ കീച്ചി വിട്ടിട്ടുണ്ട്. അബദ്ധം വാ സുബദ്ധം വാ. പക്ഷേ അപ്പഴേ കരുതിയതാ നിശ്ചയമില്ലാത്ത കാര്യങ്ങള്‍ എവനോടെങ്കിലും ക്യാട്ട് മനസ്സിലാക്കി വെക്കണം എന്ന്, അതാ.


( ദുരൂഹമായെഴുത്ത് & അദര്‍ പ്രൊഹിബിറ്റഡ് പ്രാക്റ്റീസസ് [പ്രിവന്‍ഷന്‍ ]ആക്റ്റ് 2009 പ്രകാരമുള്ള മാന്‍ഡേറ്ററി ധ്വനിപ്പിക്കല്‍ - ഇളയരാജ, പഴശ്ശിരാജ,ബെല്ലാരി രാജ,ഭാരതിരാജ, ഏട്ടനുണ്ണി രാജ എന്നിവയില്‍ ഒന്നുമായും യാതൊരുബന്ധവും ഈ പോസ്റ്റിനില്ല- സ്മൈലി.)

ഇനി വേറൊരു ഡവ്വിട്ട്:
പുരുഷപ്രത്യയനിരാസം അധവാ സെക്സിസ്റ്റ് വാക്കുകള്‍ ഇല്ലാതെയാക്കല്‍ ആണ്‌ മലയാളത്തെ തമിഴില്‍ നിന്ന് വിഭിന്നമാക്കുന്നതെന്ന് പറയുന്നല്ലോ, ഉത്തമ സ്ത്രീ, മധ്യമസ്ത്രീ, തത്സ്ത്രീ ഒന്നുമില്ലാത്ത വ്യാകരണത്തില്‍ ഇത്രയും പുരുഷന്മാരെ കേറ്റിവിട്ടതെന്താ?

8 comments:

ഗുപ്തന്‍ said...

ഇതിപ്പോ പണ്ടു ഹരികുമാരവര്‍മ്മ ഏച്ചിക്കാനം എന്ന പേരില്‍ ‘എച്ചി‘ എന്നുണ്ട് എന്നു കണ്ടുപിടിച്ചതുപോലെ ആയല്ലോ :))

സത്യത്തില്‍ എന്താ ഈ ഗോപീചന്ദനം വല്ല പിടീമൊണ്ടോ ?

പദമുദ്രയില്‍ ആഢകി എന്ന വാക്കിന്റെ അര്‍ത്ഥമായി കൊടുത്തിരിക്കുന്നു. അതിപ്പം പടപേടിച്ചുപോയതുപോലായി..

Unknown said...

ഗോപി, go! മതി. ഗോമതി.

ഗോമതി മാറിലെ
ഗോപീചന്ദനം ഗോമതിയിൽ
ഗോപ്യമായി കഴുകുമ്പോൾ
ഗോപാംഗനയുടെ ഗോപനീയാംഗം
മറയ്ക്കാനുള്ള 'പിങ്ക്‌' റിബ്ബണുമായി
ഗോമാവിൽ കയറിയിരുന്നു്
ഗോമയപായസീയന്യായം പറയാതെ
ഗോപാ, ഗോപാലാ, ഗോപേന്ദ്രവേന്ദ്രാ!! :)

ഒരുപാടെഴുതാൻ സമയക്കുറവുള്ളതുകൊണ്ടാണു് കമന്റ്‌ കവിതാരൂപത്തിൽ ആക്കിയതു്. ധ്വനിപ്പിക്കാൻ പറയരുതു്. കഞ്ഞികുടി മുട്ടും.

കോപ്പിയടിച്ച ചില അനർത്ഥങ്ങൾ:

ഗോപി = 1. ഗോപസ്ത്രീ 2. മഞ്ഞക്കാവി 3. ഗോപിക്കുറി 4. പൂജ്യം, ശൂന്യത പരാജയം. ഫലമില്ലായ്മ 5. കോളിഫ്ലവർ 6. നറുനീണ്ടി (കറുത്തതും വെളുത്തതും)

ഗോമതി = 1. ദുർഗ്ഗ 2. സരസ്വതി 3. ഒരു നദി 4. ഒരു വൈദികമന്ത്രം

ഗോപീചന്ദനം = 1. ദ്വാരകയിൽ നിന്നും എടുക്കുന്നതു് എന്നു് സങ്കൽപിക്കപ്പെടുന്ന മണ്ണു്. നെറ്റിയിലും മാറിടത്തിലും മറ്റും കുറിയിടാൻ ഉപയോഗിക്കുന്നതു്.

ഗോമയപായസീയന്യായം = ചാണകവും പാലും പശുവിൽ നിന്നുണ്ടാകുന്നവയായതിനാൽ രണ്ടും ഒരുപോലെയാണെന്നു് പറയുന്ന (അസംബന്ധമായ) ഒരു ലൗകികന്യായം.

- ഏതനർത്ഥമെടുത്താലും 'ഒന്നുക്കു് അയ്മ്പതു്' പൈസ. (റിസെഷൻ പ്രമാണിച്ചു് ഇളവു്)

- അനർത്ഥങ്ങൾക്കു് കടപ്പാടു്: സുധാകരസുധാധരവേദശബ്ദരത്നാകരം - വിജ്ഞാനകോശം വാല്യം 101.

കവിതാരൂപത്തിലായിട്ടും കമന്റു് നീണ്ടു. എന്താ ചെയ്കാന്നു് പറ! :)

നായര്‍ said...

ആന്റണി, ബാബു മുതലായവര്‍ മലയാളത്തെ കൊല്ലരുത്. ശരിയായ അര്‍ത്ഥം ഇതാ.

ഗോപീ ചന്ദന കുറിയണിഞ്ഞു, ഗോമതിയായ് അവള്‍ മുന്നില്‍ വന്നു
ഗോപകുമാരന്റെ തിരുമുന്നില്‍ ഗോപിക രാധിക എന്ന പോലെ

ഗോ: പറുദീസാ (മനോഹരമായ സ്ഥലം എന്നു വ്യംഗ്യം)
പീ: അമേദ്ധ്യം
ഗോപീ: ഗന്ധര്‍‌വ്വര്‍ (സ്വര്‍ഗ്ഗത്തില്‍ നിന്നും വിസര്‍ജ്ജിക്കപ്പെട്ടവര്‍, ഗോപിയായവര്‍, വീടും കുടിയും നഷ്ടപ്പെട്ടവര്‍ എന്നു വ്യംഗ്യം )
ചന്ദ് -വിഭൂതി, കര്‍പ്പൂരം
കുറി - ചിട്ടി
ചന്ദ്-അന-ക്കുറി: ചിട്ടി നടത്തി ചാരമായ ആള്‍ എന്നു വ്യംഗ്യം
ഗോമതിയായ് - സ്വര്‍ഗ്ഗം മതിയായി
മുന്നില്‍ - പണ്ട്
ഗോ-പക-ഉമ-ആരന്‍ - സ്വര്‍ഗ്ഗത്തിന്റെ മനോഹാരിതയോട് പകയുള്ള ചൊവ്വാഗൃഹം, ചൊവ്വാദോഷം എന്നു വ്യംഗ്യം
പിക - കുയില്‍
ഗോപിക - പശുവിന്റെ പുറത്തെ ചെള്ളു കൊത്തിത്തിന്നുന്ന പക്ഷി, കാക്ക എന്നു വ്യംഗ്യം
രാ- രാത്രി
ധ - സംഗീതസ്വരങ്ങള്‍ വ്യ്ംഗ്യം
ഇക - തോല്പിക്കുക

വരികള്‍ ധ്വനിപ്പിക്കുന്നത്:
ചൊവാദോഷമുള്ള കാക്ക രാത്രിയില്‍ സാധകം ചെയ്യുന്നത് ചിട്ടി നടത്തി പൊളിഞ്ഞവള്‍ വരുന്നത് പോലെയാണ് - ഒളിച്ചിരുന്നേ ചെയ്യൂ അഥവാ ഒളിസേവ എന്നത് വ്യ്ംഗ്യം

ഓ.ടോ: ഇംഗ്ലീഷിലും പുരുഷപ്രത്യയനിരാസംസ് വേണ്ടണമെന്ന് വന്നാല്‍ manhole-നെ എന്തു വിളിക്കും?

ശ്രീവല്ലഭന്‍. said...

ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലോഴുകും .......

ജയരാജന്‍ said...

"ഗോപി ഒരു കുറി വരച്ചപ്പോഴേക്ക് ലിംഗം മാറി ഗോമതി എന്നൊരുത്തിയായി" എന്തൊക്കെയാ ഈ പറയുന്നേ അനോണിച്ചേട്ടാ? എനിക്കൊന്നും മനസ്സിലാവുന്നില്ല :(
വന്ന് വന്ന് ഇപ്പോ അനോണിയോസ് അന്റോണിയോസ് മൌറിലിയോസ് (പേര് ശരിയായോ എന്തോ?) അണ്ണന്റെ പോസ്റ്റുകളും ദുരൂഹമായിത്തുടങ്ങി...

അനോണി ആന്റണി said...

ഗുപ്താ, സംശയം തീര്‍ന്നു കിട്ടിയല്ലോ?

ബാബുമാഷേ, നന്ദി. ഗോവിന്ദബോലോ ഹരി ഗോപാലബോലോ എന്ന ഹിന്ദിക്കവിത ഒഴിച്ച് ഇമ്മാതിരിയൊന്നും എനിക്കു പിടിയില്ലാത്തോണ്ട് ധ്വനിപ്പിച്ചിട്ടും കാര്യമില്ല എന്നോട്.


എന്റെ നായരേ, അല്ല പാത്തുമ്മേടെ നായരേ,
ഞാന്‍ വണങ്ങി. ഞാന്‍ കുറിയില്‍ നിന്നെടുത്ത ഗോപിയെ ഗോയും പീയുമാക്കിക്കളഞ്ഞില്ലേ!

പ്രത്യയനിരാസമല്ല, ഭാഷാനിരാസം തന്നെ നടത്തിയേക്കാം. ഇംഗ്ലീഷിലോ മലയാളത്തിലോ ഞാന്‍ ഇനി കളിക്കത്തില്ല, പള്ളിയാണെ . മന്നിച്ചിടുങ്കോ സാര്‍, ഇനി ഞാന്‍ വെളഞ്ഞാല്‍ വാക്കീന്ന് അക്ഷരമല്ല അക്ഷരത്തീന്ന് അതിന്റെ ആറ്റവും പിരിച്ചുകളയാന്‍ മടിക്കാത്തയാളാണെന്ന് ഇപ്പഴാ മനസ്സിലായത്.

ശ്രീവല്ലഭ ശ്രീവത്സാംഗിത.. ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍...

ജയരാജ് ഭായ് ഞാന്‍ ധ്വനിപ്പിച്ചത് ശരിയാവാഞ്ഞിട്ടാണോ ഇനി ദുരൂഹത? നന്നാകാന്‍ ശ്രമിക്കാം.
പ്യാര്‌ ആള്‍മോസ്റ്റ് ശരിയായി, മൗറല്യയോസ് - റമ്മിന്റെ റ, മല്യയുടെ ല്യ.

ഗുപ്തന്‍ said...

ഗോപീ ചന്ദനം എന്താന്ന് കിട്ടി. ദ്വാരകമുങ്ങിപ്പോയതുകൊണ്ടാവും ‘വിശുദ്ധനദികളുടെ’ അടിയില്‍ നിന്നെടുക്കുന്ന മണ്ണെന്നും അര്‍ത്ഥമുണ്ട് എന്നും കണ്ടു. (ബാബുമാഷിന് എനിവേ നന്ദിനി)

സംഗതി മറുപടി ഇടാതെ ഇരുന്നത് എന്താന്ന് വച്ചാല്‍ ഇത്രനേരം നമ്മട കഥാപാത്രം ഗോമതി ഗോപീ ചന്ദനം അണിഞ്ഞുവരുന്ന സീന്‍ ധ്യാനിച്ചിരിക്കുവാരുന്നു.

എന്തെന്നാല്‍ നെറ്റി കഴുത്ത് ഉരം നെഞ്ച് എന്നിങ്ങനെ പന്ത്രണ്ടുസ്ഥാനങ്ങളില്‍ ആചാരമനുസരിച്ച് അണിയാനുള്ളതാണ് സംഗതി അത്രേ.

അതെല്ലാം ഇട്ടുവന്നങ്ങോട്ട് നിന്ന് കൊടുത്താല്‍

ഭാവിതന്‍ ഗോപുര വാതില്‍ തുറക്കുന്ന
ഭാഗധേയത്തിന്‍ മുഖം വിടര്‍ന്നുന്നോക്കെ

ലവനു തോന്നിയതില്‍ വെല്ല കൊഴപ്പോം ഒണ്ടോ അണ്ണാ.. നിങ്ങള് പറ.

Umesh::ഉമേഷ് said...

അന്തോണീ, പ്ലീസ്. വ്യാകരണം മാത്രം പറയരുതു്. അമ്മച്ച്യാണെ സഹിക്കില്ല.