
കേരളത്തില്‍ ജനിച്ച്, സംഗീതത്തോട് സാധാരണയില്‍ കവിഞ്ഞ താല്പ്പര്യമൊന്നുമില്ലാത്ത വീട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പവും വളര്‍ന്ന ഞാന്‍ ന്യായമായും ഓര്‍ക്കസ്ട്രയോട് താല്‍പ്പര്യമൊന്നും ഇല്ലാത്ത ഒരാളായിരുന്നേനെ- ജെയിം ലാസ്റ്റ് ഇല്ലായിരുന്നെങ്കില്‍.
നാട്ടിലെ ഏത് സാധാരണ കാസറ്റ് കടകളിലും പോസ്റ്റര്‍ കാണുന്ന ഈ മനുഷ്യന് ആരെന്ന ഒരു കൗതുകം കൊണ്ടാണ് ഒന്നു കേട്ടു നോക്കാമെന്ന് കരുതിയത്. അതൊരടുപ്പമായി. ക്ലാസ്സിക്കല്‍ ഓര്‍ക്കസ്ട്രയിലോ ആധുനിക ഓര്‍ക്കസ്ട്രയിലോ ഉള്ള മാനദണ്ഡങ്ങള്‍ക്കൊന്നും ചേരാത്ത റോക്ക് ബാന്‍ഡിന്റെയും പാരമ്പര്യ സംഗീതത്തിന്റെയും മിശ്രിതങ്ങളായ ഒരു തരം ജനകീയ ഓര്‍ക്കസ്ട്ര. കേള്‍ക്കുന്തോറും ഇഷ്ടമുള്ള ആസംഗീതം അര നൂറ്റാണ്ടിലേറെയായി നമുക്കൊപ്പമുണ്ട്. ജെയിം ലാസ്റ്റിന് എണ്പതു വയസ്സായി ഈ വര്‍ഷം, പക്ഷേ അദ്ദേഹത്തിന്റെ ഓര്‍ക്കസ്ട്രക്ക് ചെറുപ്പം തന്നെ. കഴിഞ്ഞ മാസവും പുതിയ ആല്‍ബം ഇറങ്ങി.
ബാലനായിരിക്കുമ്പോള്‍ പിയാനോ വിദ്യാര്‍ത്ഥിയും കൗമാരത്തില്‍ ഡബിള്‍ ബാസ് വാദകനുമായ ലാസ്റ്റ് നാസി ജര്‍മ്മനിയിലാണ് ജനിച്ചതും വളര്‍ന്നതും. യുദ്ധാനന്തരകാലം ചില ഓര്‍ക്കസ്ട്രകളില്‍ അംഗമായും സ്വന്തം നിലയില്‍ റേഡിയോ പരിപാടികള്‍ നടത്തിയും സംഗീതം തൊഴിലാക്കിയ ലാസ്റ്റ് ആദ്യമായി നിര്‍മ്മിച്ചത് 1964ല്‍ വാര്‍ണര്‍ ബ്രദേര്‍സ് റിലീസ് ചെയ്തഅമേരിക്കന്‍ പട്രോള്‍ എന്ന ആല്‍ബമാണ്. ലോകം മുഴുവന്‍ പ്രചരിച്ച ലാസ്റ്റിന്റെ ആല്‍ബങ്ങള്‍ അദ്ദേഹത്തിനു ഇതുവരെ പതിനേഴ് പ്ലാറ്റിനം ഡിസ്കുകളും ഇരുനൂറ്റി ആറ് ഗോള്‍ഡ് ഡിസ്കുകളും നേടിക്കൊടുത്തിട്ടുണ്ട്- ഏറ്റവും പ്രശസ്തരായ പോപ്പ് വോക്കല്‍ താരങ്ങളുടെയത്ര പോന്ന പോപ്പുലാരിറ്റി.
ലാസ്റ്റ് ക്ലാസ്സിക്കല്‍ കോമ്പോസിഷനുകളെ ജനകീയവല്ക്കരിക്കുന്നെങ്കിലും അതിന്റെ അന്തസ്സാരം നിലനിര്‍ത്തി തന്നെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത കണ്ടക്റ്റര്‍ തന്നെയാണ്. റിംസ്കി കോര്സാകൊവിന്റെ ഫ്ലൈറ്റ് ഓഫ് ദ ബംബിള്‍ ബീ (ഡബിള്‍ പിയാനോയില്‍ ഇവിടെ കേള്‍ക്കാം) ജെയിംസ് ലാസ്റ്റ് ഓര്ക്കസ്റ്റ്റയിലൂടെ
സ്വീഡിഷ് പോപ്പ് ഗ്രൂപ്പ് അബ്ബയുമായി ജെയിംസ് ലാസ്റ്റിനുള്ള അടുത്ത ബന്ധം അബ്ബയുടെ ഓര്ക്കസ്റ്റ്റേഷനിലെ ലാസ്റ്റ് ടച്ചും ലാസ്റ്റ് പെര്‍ഫോര്‍മന്‍സിലെ അബ്ബ ടച്ചും ആയി ഏറെക്കാലം തുടര്‍ന്നിരുന്നു. അബ്ബയുടെ പാട്ടുകള്‍ സ്ഥിരമായി ലാസ്റ്റ് ഷോകളില്‍ അവതരിപ്പിക്കാറുമുണ്ടായിരുന്നു.
(സാക്സ് - മത്തിയാസ് ക്ലാസെന്, ട്രോംബോണ്‍ വായിക്കുന്നവരില്‍ ഒരാള്‍ അബ്ബയിലെ അംഗമായിരുന്ന ഓലെ ഹോംക്വിസ്റ്റ് തന്നെ)
ലാസ്റ്റിന്റെ സ്വന്തം കോമ്പോസിഷനുകളില്‍ നിരവധിയെണ്ണം ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. കില്‍ ബില്‍ എന്ന ചിത്രത്തില്‍ കേള്‍ക്കുന്ന "ലോണ്‍ലി ഷെപേര്‍ഡ്" ലാസ്റ്റ് കമ്പോസ് ചെയ്ത് ജോര്‍ജ്ജ് സംഫിര് എന്ന റൊമാനിയന്‍ പാന്പൈപ്പ് പാട്ടുകാരന് അവതരിപ്പിക്കുന്നു.
സ്കൂള്‍ കാലത്ത് എന്നോട് കൂട്ടുകൂടിയതാണ് ജെയിംസ് ലാസ്റ്റ് ഓര്‍ക്കസ്ട്ര. ഇപ്പോഴും കൂടെയുണ്ട്. അല്‍പ്പം വൈകിയെങ്കിലും എണ്‍പതാം പിറന്നാള്‍ ആശംസകള്‍, ജെയിംസ്.
[ചിത്രം വിക്കിപ്പീഡിയയില്‍ നിന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പുനപ്രസിദ്ധീകരിച്ചത്. ഇവിടെ എംബെഡ് ചെയ്തിട്ടുള്ള വീഡിയോ ക്ലിപ്പിങ്ങുകള്‍ക്ക് ക്രെഡിറ്റ് അത് യൂ ട്യൂബില്‍ ഇട്ട വ്യക്തികള്‍ക്ക്.]
1 comment:
ജയിംസ് ലാസ്റ്റിനെ ഇഷ്ടമുള്ള മറ്റൊരാളെയും കൂടി കണ്ടു മുട്ടിയതില്‍ വളരെ സന്തോഷം.
ഒരു പക്ഷെ കില്‍ ബില്‍ ആയിരിക്കാം എന്നെ പോലെ അദ്ദേഹത്തെ പരിചയപ്പെടാന്‍ പല സാധാരണക്കാരായ ജനങ്ങള്‍ക്കും ഹേതുവായി തീറ്ന്നിരിക്കുക. താങ്കള്‍ വളരെ പണ്ടേ ആരാധകനായി തീറ്ന്നിരുന്നു എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി.
Post a Comment