തന്റേത് എന്ന് അവകാശപ്പെട്ട് മറ്റൊരാളിന്റെ വീടിന്റെ ചിത്രങ്ങള്‍ ഈ-മെയില്‍ വഴി പ്രചരിക്കുന്നത് അപമാനകമാണെന്ന് പിണറായി വിജയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മെയില്‍ സൃഷ്ടാവിനെ തിരിച്ചറിയുകയും അതില്‍ കണ്ടന്റ് നിര്‍മ്മിച്ച രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത വാര്‍ത്തയായിരിക്കാം ആദ്യമായി കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട സൈബര്‍ ഡീഫേമേഷന്‍ കേസ്. പരാതിക്കാരന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായതിനാല്‍ പത്രങ്ങള്‍ ഈ കേസിനെ തുടക്കം മുതലേ റിപ്പോര്‍ട്ട് ചെയ്തു വന്നതുകൊണ്ടാകാം, ഇദ്ദേഹം കേരളത്തിനു അപരിചിതനല്ലാത്തതുകൊണ്ടും ആകാം.
ആദ്യമായല്ല കേരളത്തില്‍ ഇത്തരം ഒരു അറസ്റ്റ് നടക്കുന്നത്. സൈബര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്നേ തന്നെ ഒരു വ്യക്തിയുടെ മകളുടേതെന്ന് കാണിച്ച് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ഈ-മെയില്‍ അയച്ച ഒരു പാസ്റ്ററേയും മകനേയും കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു- ഇന്‍ഡീസന്‍സി നിയമവും പീനല്‍ കോഡും ഒക്കെ അനുസരിച്ച്.
പിണറായിയുടെ പരാതിയിന്മേല്‍ പോലീസ് ഈ-മെയിലിന്റെ സൃഷ്ടാക്കളെ മാത്രമാണ് അറസ്റ്റ് ചെയ്തത്, പക്ഷേ പുതിയ സൈബര്‍ നിയമത്തിന്‍ പ്രകാരം വേണമെങ്കില്‍ പോലീസിനു ഇത് ഫോര്‍വേര്‍ഡ് ചെയ്ത ലക്ഷക്കണക്കിനു ആളുകള്‍ക്കു മേല്‍ കുറ്റം ആരോപിക്കാമായിരുന്നു.
ഇന്റര്‍നെറ്റ് ഡീഫേമേഷന്‍ കേസ് എങ്ങനെ അവസാനിക്കുമെന്ന് കോടതി വിധി വരും വരെ കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. പക്ഷേ പലതരം ആശങ്കകള്‍ പലരും സൈബര്‍ നിയമത്തെപ്പറ്റി പ്രകടിപ്പിച്ച് കാണുന്നു.
1.ഈ-മെയില്‍ ഒരു സ്വകാര്യ സംഭാഷണം അല്ലേ, അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എങ്ങനെ അപകീര്‍ത്തി ആകും?
a. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈമെയിലും മെയിലിങ്ങ് ലിസ്റ്റുകളും രണ്ടു തരം കമ്യൂണിക്കേഷന്‍ ആണ്. രണ്ട് വ്യക്തികള്‍ മാത്രം കമ്യൂണിക്കേറ്റ് ചെയ്ത കാര്യവും നാലുലക്ഷം പേര്‍ അതിലും എത്രയോ അധികം ആളുകളോട് കമ്യൂണിക്കേറ്റ് ചെയ്ത കാര്യവും ഒന്നല്ല .
b. ഞാന്‍ എന്റെ സുഹൃത്തിനു മറ്റൊരാളെക്കുറിച്ച് അപമാനകരമായ കാര്യങ്ങള്‍ അയച്ചാല്‍ അത് ഡീഫേമേഷന്‍ ആകുമോ? (ചെയിന്‍ മെയിലുകള്‍ ഇല്ലെന്നു കരുതുക- വെറും വണ്‍ റ്റു വണ്‍ കമ്യൂണിക്കേഷന്‍)
ആകും എന്ന് lawyers.com
(എന്തുകൊണ്ട്, എന്താണങ്ങനെ എന്നതൊക്കെ അവിടെ തന്നെ വായിച്ചു മനസ്സിലാക്കുക, എന്തില്‍ നിന്നു റീപ്രൊഡ്യൂസ് ചെയ്താലും ഇവിടെന്നു ചെയ്യൂല്ല, വക്കീലന്മാര് ചിലപ്പോ പാരയാകും)
2. ഫ്രീഡം ഓഫ് സ്പീച്ചിനു എതിരല്ലേ ഇത്തരം കാര്യങ്ങള്‍?
അല്ല എന്ന് നേരത്തേ ലിങ്ക് ചെയ്ത വെബ് പേജില്‍ തന്നെ കാണാം.
3.പത്രങ്ങള്‍ക്കു മേല്‍ ഇല്ലാത്ത നിയന്ത്രണം വല്ല ഈമെയിലിലും വേണോ?
അതൊരു ചോദ്യമാണ്. പക്ഷേ പത്രങ്ങള്‍ക്കു നേരേയും ഡീഫേമേഷന്‍ കേസുകള്‍ ഉണ്ടാവാറുണ്ട് നിരന്തരം.
പത്രങ്ങള്‍ക്ക് തങ്ങള്‍ ശേഖരിച്ച വാര്‍ത്ത "ഡ്യൂ ഡിലിജന്‍സ്" ഉപയോഗിച്ച് "ബെസ്റ്റ് ഫെയിത്തില്‍" നിര്‍മ്മിച്ചത് എന്നൊക്കെ പ്രതിവാദം ഉന്നയിക്കാം.
പത്രക്കാരനു അപകീര്‍ത്തിക്കേസുകള്‍ തൊഴില്പരമായ റിസ്ക് ആണ് (ആരും ഈ-മെയില്‍ ഫോര്വേര്‍ഡിങ്ങ് തൊഴിലാക്കിയിട്ടില്ലെന്ന് കരുതട്ടേ) അദ്ദേഹത്തിന്റെ റിസ്ക് കമ്പനി സപ്പോര്‍ട്ട് ചെയ്യും, കമ്പനി ലോയര്‍ ജാമ്യം മുതല്‍ ഇങ്ങോട്ട് സകലതും കിട്ടാനുള്ള വഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് ഗവേഷണം നടത്തി തയ്യാറായ ആളാകും, അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഒരു തൊഴിലിലെ കയ്യബദ്ധം എന്നു കരുതി സമൂഹം അങ്ങു ക്ഷമിക്കും. എന്നാല്‍ പരിചയക്കാരിയായ വീട്ടമ്മ വേശ്യാവൃത്തി ചെയ്യുന്നുണ്ടെന്ന് യാഹൂ ഗ്രൂപ്പില്‍ മാസ്സ് മെയില്‍ അയച്ച് പിടിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പോലും അവന്‍ ചെയ്തത് ശരിയാണെന്ന് വാദിക്കാനെത്തില്ല (നാട്ടുകാരുടെ കാര്യം പോട്ടെ)
4. വാറണ്ടില്ലാതെ കമ്പ്യൂട്ടറുകള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ മുതല്‍ ആര്‍ക്കും സേര്‍ച്ച് ചെയ്യാം, പോര്‍ണോഗ്രഫി സ്റ്റോര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ് തുടങ്ങിയ നിയമങ്ങളോ?
എന്റെ വീക്ഷണത്തില്‍ അടിസ്ഥാനപരമായി സൈബര്‍ നിയമവും മറ്റു നിയമങ്ങളും തമ്മില്‍ ഭേദമൊന്നും ഉണ്ടായിരിക്കരുത്. വീട് പരിശോധിക്കാന്‍ വാറണ്ട് വേണമെങ്കില്‍ കമ്പ്യൂട്ടര്‍ പരിശോധിക്കാനും വേണം. കാറു കസ്റ്റഡിയില്‍ എടുക്കാന്‍ ചില ചിട്ടവട്ടങ്ങളുണ്ടെങ്കില്‍ കമ്പ്യൂട്ടറിനും വേണം.
വേശ്യാവൃത്തി നിരോധിക്കാത്ത ഒരു രാജ്യത്ത് പോര്‍ണോഗ്രഫി- അതു പ്രായപൂര്‍ത്തി ആയി സ്വസമ്മതത്തില്‍ അഭിനയിച്ച ആളുകളുടേതാണെങ്കില്‍ കൂടി പബ്ലിക്ക് ബ്രോഡ്കാസ്റ്റ് ഇല്ലെങ്കില്‍ ശിക്ഷിക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല.
പക്ഷേ നിയമം ഇഷ്ടപ്പെടാനുള്ളതല്ലല്ലോ, അനുസരിക്കാനും മാറ്റിയെഴുതിക്കാനും മാത്രമുള്ളതാണ്. ഒന്നുകില്‍ ചട്ടം പാലിക്കുക, അല്ലെങ്കില്‍ തിരുത്താന്‍ ശ്രമിക്കുക.
5. ഇന്‍റ്റര്‍നെറ്റില്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സുരക്ഷ ലഭിക്കുമെന്ന് കരുതുന്നുണ്ടോ?
അനോണിമിറ്റി പൊതുജന മധ്യത്തില്‍ നിന്നാണ്. നിയമത്തിനു മുന്നില്‍ യാതൊരു വിധ അനോണിമിറ്റിയും ഇല്ല. എന്തു പേരില്‍ എവിടെ എഴുതിയാലും പബ്ലിഷ് ബട്ടണ്‍ ഞെക്കുന്ന വിരലുകള്‍ ആരുടേതാണോ അയാള്‍ ഉത്തരവാദിയാണ്. ബ്ലോഗിന്റെ എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ബ്ലോഗര്‍ ആണെന്ന നിലയ്ക്ക് ബ്ലോഗിനെതിരേ അപകീര്‍ത്തിക്കേസ് വന്നാല്‍ ഒരുപക്ഷേ ഒരു മാധ്യമപ്രവര്‍ത്തകനു ഉള്ള ഉത്തരവാദിത്വത്തിലും കൂടുതലാകും അത്. ഓരോ തവണ പബ്ലിഷ് ബട്ടണ്‍ പുഷ് ചെയ്യും മുന്നേയും അത് ആലോചിക്കുന്നത് ആണ് വിവേകം.
പൊതുസ്ഥലത്ത് ഉള്ള അനോണിമിറ്റിയില്‍ കവിഞ്ഞൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. ഓരോ തവണ അത് ഉപയോഗിക്കുമ്പോഴും ഒരു വിരലടയാളം പതിയുന്നുണ്ട്.
ഐ പി ഫാള്‍സിഫൈയര്‍ ഉപയോഗിച്ച് മെയില്‍ അയച്ചവരെ പിടികൂടാം, മറ്റൊരു കണക്ഷന്‍ ആക്സസ് ചെയ്ത് മറ്റൊരു കമ്പ്യൂട്ടര്‍ വഴി മെയില്‍ അയക്കുന്നവരെ പിടികൂടാം, ഫ്രീ വൈ ഫൈയില്‍ നിന്നും അനോണിമസ് സന്ദേശം അയക്കുന്നവരെ പിടികൂടാം. ഒരു മാക്ക് അഡ്രസ് ഒരുതവണ മാത്രം ഉപയോഗിച്ച് അണ്‍സെക്യൂര്‍ഡ് പബ്ലിക്ക് വൈ ഫൈ വഴി ഭീഷണിക്കത്ത് അയച്ച ആളിനെയും പിടികൂടി ഒരു നാട്ടിലെ പോലീസ് ( ഇതെങ്ങനെ സാധിച്ചെന്ന് എനിക്കറിയില്ല, അവര്‍ പറയുകയുമില്ല)
6. വളരെ കര്‍ശനമായ ശിക്ഷയാണല്ലോ സൈബര്‍ ആക്റ്റില്‍. ഇത് അനുയോജ്യമോ?
നേരത്തേ പറഞ്ഞത് പോലെ തന്നെ അനാവശ്യ മെയില്‍ അയക്കുന്ന ഒരുത്തനെതിരേ ഒരു പെണ്‍കുട്ടി പരാതി നല്‍കിയാല്‍ ലഭിക്കേണ്ട ശിക്ഷ അതേ ആള്‍ വഴിയില്‍ നിന്ന് ഈ എഴുതിയ കണ്ടന്റ് അവളോട് പറഞ്ഞാല്‍ ലഭിക്കുന്നതിലും കൂടുതലാകേണ്ട കാര്യം ഇല്ലെന്നാണ് എന്റെ അഭിപ്രായം. ഈ ആളിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണമെങ്കില്‍ ഈ-മെയില്‍ അയച്ച ആളിനെയും അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണം.
എഗൈന്‍- ഒന്നുകില്‍ പാലിക്കുക, അല്ലെങ്കില്‍ തിരുത്താന്‍ നോക്കുക, രണ്ടുമല്ലാത്ത അവസ്ഥ അപകടമാണ്.
7. ഇന്നത്തെ സൈബര്‍ നിയമങ്ങള്‍ ആശാസ്യമാണോ?
അതു തീരുമാനിക്കാന്‍ ഞാന്‍ ആളല്ല, പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് വളരെ ആശങ്കയുണ്ട്. അധികാരത്തിലും രാഷ്ട്രീയത്തിലും ഉന്നതരായവര്‍ വിമര്‍ശനങ്ങളില്‍ അസഹ്യരാകുമ്പോള്‍ ഇത്തരം നിയമങ്ങള്‍ പ്രതിഷേധിക്കാനുള്ള ന്യായമായ അവകാശത്തിനെതിരേ ഉപയോഗിക്കപ്പെട്ടേക്കാം. നാളെ ഞാന്‍ ആസിയന്‍ കരാറിനെതിരേ എഴുതിയേക്കാവുന്ന ബ്ലോഗ് പോസ്റ്റിനെതിരേ കോണ്‍ഗ്രസ്സോ കുട്ടനാട് പാക്കേജിനെതിരേ എഴുതിയ ബ്ലോഗ് പോസ്റ്റിനെതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ സൈബര്‍ സെല്ലിനെ സമീപിച്ചാല്‍ അവര്‍ക്ക് കേസെടുത്തേക്കാം, ഞാന്‍ പോലീസ് കസ്റ്റഡിയില്‍ ആകും എന്ന ബുദ്ധിമുട്ടിനെ എന്റെ ശബ്ദം ഇല്ലാതെയാക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയും ഇന്നത്തെ അവസ്ഥയില്‍.
ഒരു ഇന്റര്‍നെറ്റ് കഫേ നടത്തിപ്പുകാരി അവരുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച ലക്ഷക്കണക്കിനു ആളുകളുടെ പ്രവര്‍ത്തിക്കെല്ലാം ഉത്തരവാദി ആകുമെന്നത് ഓട്ടോറിക്ഷയില്‍ കയറിയവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഡ്രൈവര്‍ സമാധാനം പറയണം എന്നു പറയുന്നതുപോലെ എനിക്കു തോന്നുന്നു. എന്റെ സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമ ഇവിടം ഫ്രീ വൈ ഫൈ ഏരിയ ആക്കിയിരിക്കുകാണ്- ഒരു സര്‍വീസ്. ഈ കമ്പനി ഈ ബ്ലോഗ് പോസ്റ്റിനു ഉത്തരവാദി ആകുന്നതെങ്ങനെ?
എന്റെ കമ്പ്യൂട്ടറില്‍ ഒരു പോണ്‍ ഫയല്‍ നെറ്റ്‌വര്‍ക്കിലൂടെ സ്റ്റോര്‍ ചെയ്യിച്ചിട്ട് എനിക്കെതിരേ പരാതി കൊടുക്കാന്‍ കഴിയുന്ന എത്രയോ പേര്‍ ബ്ലോഗില്‍ തന്നെയുണ്ട്.
8. ഈ-മെയില്‍ ഫോര്‍വേര്‍ഡിങ്ങ് നമ്മളോടുള്ള പരിചയത്തിന്റെ പുറത്ത് ആരെങ്കിലും നമ്മളോട് എന്തെങ്കിലും പങ്കുവയ്ക്കുന്ന സൗഹൃദ നടപടി അല്ലേ?
അങ്ങനെ മാത്രമല്ല, മിക്കപ്പോഴും ഇതൊരു ശല്യമാണ്. ഈ-മെയില്‍ ഇല്ലെങ്കില്‍ എനിക്ക് കത്തെഴുതി അറിയിക്കാന്‍ മിനക്കെടാത്ത കാര്യങ്ങളാണ് മെയിലില്‍ വരുന്നതില്‍ മഹാഭൂരിഭാഗവും. എന്റെ സമയത്തെ എന്റെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ മാത്രം എന്നോട് സ്വാതന്ത്ര്യമില്ലാത്തവര്‍, എനിക്കറിയാത്ത ആളുകള്‍, എനിക്കു താല്പ്പര്യമില്ലാത്ത കാര്യങ്ങള്‍ എന്നിവയാണ് മിക്കതും. ഇന്ററസ്റ്റിങ്ങ് ഫാക്റ്റ് എന്നു പറഞ്ഞു വരുന്നത് മിക്കവാറും സത്യങ്ങളല്ല. ഫ്രീ ഓഫറുകള്‍ തട്ടിപ്പാണ്. ഹെല്‍ത്ത് ടിപ്സ് എന്നു പറഞ്ഞ് എത്തുന്നത് അപകടകരമായ ഉപദേശങ്ങളാണ്. പലപ്പോഴും അസഹ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ എനിക്കെത്തുന്നു. അഞ്ഞൂറും ആയിരവും പേര്‍ സി സി വച്ച മെയിലുകള്‍ എന്റെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കുന്നു.
9. ഫോര്‍വേര്‍ഡഡ് ഈ-മെയിലുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത് സുരക്ഷിതമല്ലേ, ഇതൊരു ഫോര്‍വേര്‍ഡഡ് മെയില്‍ ആണെന്നു കാണിച്ചു തന്നെ ആണെങ്കില്‍?
അല്ല. ഈമെയില്‍ ഉണ്ടാക്കിയ ആള്‍ അത് ചെയിന്‍ മെയില്‍ ആക്കിയത് ഇത് പബ്ലിഷ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാവും മിക്കപ്പോഴും. മിക്ക ഫോര്വേര്‍ഡുകളും വാസ്തവ വിരുദ്ധവും ആക്ഷേപകരവും ആണ്. പലതും കോപ്പിറൈറ്റഡ് കണ്ടന്റുമാണ്. ഞാന്‍ എഴുതിയ ദുബായ് ക്ലാസ്സിഫൈഡ്സ് എന്ന ബ്ലോഗ് പോസ്റ്റ് മൂന്നാം ദിവസം ഫോര്‍വേര്‍ഡഡ് ജോക്ക് ആയി എനിക്കു തന്നെ കിട്ടി, എഴുതിയത് ആരെന്ന് അതിലില്ലാത്തതു മൂലം എനിക്കയച്ച ആളാണെന്ന് മെയിലില്‍ നിന്ന് ആരും അനുമാനിക്കും. ആരെങ്കിലും അതെടുത്ത് ബ്ലോഗില്‍ ഇട്ടാല്‍ ഫലത്തില്‍ എന്റെ ഒരു ബ്ലോഗ് പോസ്റ്റ് കോപ്പി ചെയ്തതിന് ഉത്തരവാദി ആകുകയാണ് ആ വ്യക്തി ചെയ്യുന്നത്.
ഫോര്‍-വേര്‍ഡഡ് മെയിലുകള്‍ അതയക്കാന്‍ സ്വാതന്ത്ര്യമുള്ളരില്‍ നിന്നാണെങ്കിലേ ഞാന്‍ തുറക്കാറുള്ളൂ, അവരില്‍ നിന്നാണെങ്കിലും ഒരു സംശയദൃഷ്ടിയിലേ കാണാറുമുള്ളൂ.
അടുത്ത ഇടയ്ക്ക് ഫോര്‍വേര്‍ഡില്‍ വന്ന ഒരു സന്ദേശം- എല്ലാവര്‍ക്കും എന്നെങ്കിലും കിട്ടിയതായിരിക്കണം- ഒരു "മല്ലു തമാശ" ബ്രൂസ് ലീ വാസ് ഏ മലയാലീ, ഹിസ് പെറ്റ് വാസ് എ ചുണ്ടെലീ, ഹീ ക്ലീന്‍സ് ടങ്ങ് വിത്ത് ഈര്‍ക്കിലീ ... എന്നൊക്കെ പോകുന്നത്.
കൈപ്പള്ളിയുടെ പാത പിന്‍തുടര്‍ന്ന് ഞാന്‍ ഒരു മറുപടി അയച്ചു
"സുഹൃത്തേ,
എന്നെ തമാശ പറഞ്ഞ് രസിപ്പിക്കാന്‍ കാണിച്ച സൗമനസ്യത്തിനു അപരിചിതനായ നിങ്ങള്‍ക്ക് നന്ദി. തൊണ്ണൂറ്റി ഏഴില്‍ ആണെന്നു തോന്നുന്നു എനിക്ക് മെയിലില്‍ ജോക്സ് സ്ഥിരം വന്നു തുടങ്ങിയത്. അക്കാലത്ത് തന്നെ ഈ ജോക്ക് ആരോ എനിക്കയച്ചിരുന്നു. ശേഷം ഇത് കണ്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യാറുള്ളതുകാരണം എത്ര തവണ ആളുകള്‍ എന്ന് നിശ്ചയമില്ല, ഒരു പക്ഷേ ആയിരം തവണ എനിക്കിത് കിട്ടിയിട്ടുണ്ടാവണം.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇതിനോട് വളരെ സാമ്യമുള്ള ഒരു ജോക്ക് പാടി എന്റെ സഹപാഠി എന്നെ രസിപ്പിച്ചു, അത് ഇങ്ങനെ എന്തോ ആയിരുന്നു
"വെന്‍ ഐ വെന്റ് റ്റു ഊട്ടി
ഐ മെറ്റ് ഏ സ്റ്റ്റെയിഞ്ച് കുട്ടി
സിറ്റിങ്ങ് ഓണ്‍ ഏ പട്ടി
ഈറ്റിങ്ങ് ലോട്ട് ഓഫ് റൊട്ടി"
അന്ന് അത് രസകരമായി തോന്നിയെങ്കിലും മൂന്നു നാലു ക്ലാസ്സുകള്‍ കഴിഞ്ഞപ്പോഴേക്ക് കൂടുതല്‍ എന്തെങ്കിലുമുള്ള തമാശകളേ എന്നെ ചിരിപ്പിക്കൂ എന്നായിപ്പോയി. പാട്ട് ഓര്‍മ്മയുണ്ടെങ്കിലും ആ കൂട്ടുകാരന്റെ പേരു മറന്നു. ബൈ എനി ചാന്‍സ് പഴയ രണ്ടാം ക്ലാസ്സില്‍ എന്നോടൊത്തു പഠിച്ച ആ കൂട്ടുകാരന്‍ ആണ് താങ്കളെങ്കില്‍ നമ്മള്‍ പിരിഞ്ഞപ്പോഴുള്ള ഞാന്‍ പിന്നെ വളര്‍ന്നിട്ടേയില്ല എന്ന ധാരണയിലാകും ഇതയച്ചത്- പ്രായം കൊണ്ട് ഞാന്‍ ഒരുപാട് മാറിപ്പോയി എന്ന് സദയം അറിയുക. ഇനി അയാള്‍ അല്ല നിങ്ങളെങ്കില്‍ ഇപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരിക്കാനും സാധ്യതയുണ്ട്, എങ്കില്‍ അപരിചിതര്‍ക്ക് മെയില്‍ അയച്ചു ശല്യം ചെയ്യുന്നത് നല്ല ശീലം ആണോ എന്ന് മാതാപിതാക്കളോട് ചോദിച്ച് മനസ്സിലാക്കാന്‍ ഉപദേശം.
സസ്നേഹം,
25 comments:
ഈ മെയിൽ എതിക്വെറ്റ്സ് എന്നു പറയുന്ന ഒരു സാധനം ഉണ്ട്. അത് നിയമം കൊണ്ട് നടപ്പിലാവേണ്ടതല്ല. ഓരോരുത്തർക്കും സ്വയം ഉണ്ടാവേണ്ടതാണ്.
ഇന്നത്തെ സൈബര്‍ നിയമങ്ങള്‍ ആശാസ്യമാണോ?
അതു തീരുമാനിക്കാന്‍ ഞാന്‍ ആളല്ല, പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് വളരെ ആശങ്കയുണ്ട്. അധികാരത്തിലും രാഷ്ട്രീയത്തിലും ഉന്നതരായവര്‍ വിമര്‍ശനങ്ങളില്‍ അസഹ്യരാകുമ്പോള്‍ ഇത്തരം നിയമങ്ങള്‍ പ്രതിഷേധിക്കാനുള്ള ന്യായമായ അവകാശത്തിനെതിരേ ഉപയോഗിക്കപ്പെട്ടേക്കാം. നാളെ ഞാന്‍ ആസിയന്‍ കരാറിനെതിരേ എഴുതിയേക്കാവുന്ന ബ്ലോഗ് പോസ്റ്റിനെതിരേ കോണ്‍ഗ്രസ്സോ കുട്ടനാട് പാക്കേജിനെതിരേ എഴുതിയ ബ്ലോഗ് പോസ്റ്റിനെതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ സൈബര്‍ സെല്ലിനെ സമീപിച്ചാല്‍ അവര്‍ക്ക് കേസെടുത്തേക്കാം, ഞാന്‍ പോലീസ് കസ്റ്റഡിയില്‍ ആകും എന്ന ബുദ്ധിമുട്ടിനെ എന്റെ ശബ്ദം ഇല്ലാതെയാക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയും ഇന്നത്തെ അവസ്ഥയില്
ഇങ്ങനെ ഒരു വിവക്ഷ ഉണ്ടോ ആന്റണി?ഒന്നാമത് വ്യക്തിഹത്യ നിയമങ്ങള്‍ സംഘടനകളുടെ മാനനഷ്ടത്തിന്റെ പേരില്‍ സൈബറിലോ പുറത്തോ പ്രയോഗിച്ച് കണ്ടിട്ടില്ല.അങ്ങനെയെങ്കില്‍ ഓരോ ആരോപണങ്ങല്‍ക്കെതിരേയും പാര്‍ട്ടികള്‍
കേസുമായി നടക്കേണ്ടി വരും(ലിബര്‍ഹാനെതിരേ ബിജെപിക്ക് ഇന്ന് തന്നെ ഒന്ന് ഫയല്‍ ചെയ്യാം)
മറ്റൊന്ന് കാര്‍ട്ടൂണുകളാണ്.കാര്‍ട്ടൂണുകള്‍ മാനഹാനി സൃഷ്ടിക്കുന്നു എന്ന് പറയാനാകില്ല.കാര്‍ട്ടൂണുകള്‍ ഇന്നയാളെയാണ് ഉദ്ദേശിക്കുന്നത് എന്ന് ഒരിക്കലും പറയാറില്ല. അത് വായനക്കാരന് വിടുകയാണ്. ജഗതി ഒരു സിനിമയില്‍ പറയുന്നത് പോലെ-ഇതെന്നെയാണ് എന്നെമാത്രമാണുദ്ദേശിച്ചത് എന്ന് പറഞ്ഞു വന്നാല്‍ അതിനു നിയമപരമായ ഒരു സാധുത കിട്ടില്ലെന്ന് തോന്നുന്നു.
പക്ഷെ ഈമെയില്‍ ഫോര്‍വേഡുകളില്‍ കാണാറുള്ള ഫോട്ടോക്ക് മുകളില്‍ ബബിളിട്ട് കാര്‍ട്ടൂണ്‍ ചമയ്ക്കുന്ന രീതി ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്താം
പിന്തുടരുന്നു.
എല്ലാവരും സ്വയം മര്യാദ പാലിച്ചെങ്കില്‍ നിയമങ്ങള്‍ ആവശ്യമില്ലായിരുന്നല്ലോ കാല്‍വിന്‍. നിയമങ്ങള്‍ ഓവറാക്കി നാശമാക്കിയാല്‍ എന്തായിത്തീരും എന്നത് അതിന്റെ മറുവശമാണ്. തൊടാന്‍ നിയമം, മിണ്ടാന്‍ നിയമം, കക്കൂസില്‍ പോകാന്‍ മുനിസിപ്പാലിറ്റിയുടെ പെര്‍മിറ്റ് എന്നൊക്കെ എഴുതി വയ്ക്കാതെ ആളുകളെ ഉപദ്രവിക്കരുത്, പൊതുസ്ഥലം മലിനമാക്കരുത് എന്ന് നിയമം ഉണ്ടാക്കിയാല്‍ പോരേ എന്നാണ് ഞാന്‍ ആലോചിച്ചത്.
ഞാന്‍ ഒരു സംഘടനയെ എതിര്‍ത്ത് ബ്ലോഗ് പോസ്റ്റ് ഇടുമ്പോള്‍ ഒരാളെ പരാമര്‍ശിച്ചാല്‍ അത് ഞാന്‍ എഗൈന്‍സ്റ്റ് ഒരു സംഘടന ആകുമെന്നതിനാല്‍ അദ്ദേഹം ഉള്‍പ്പെട്ട സംഘടന ആ പരാമര്‍ശിച്ച ആളിന്റെ പേരില്‍ എനിക്കെതിരേ പരാതി നല്‍കിക്കൂടേ രാധേയാ?
പറ്റുമോ, അങ്ങനെ ഒന്ന് കണ്ടിട്ടില്ല അന്തോണീസേ. വ്യക്തിപരമെന്ന വിളിക്കാവുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷെ സംഘടനകള്‍ അത് രാഷ്ട്രീയമായി നേരിടുന്നതല്ലതെ നിയമത്തിന്റെ വഴി തേടി കണ്ടിട്ടില്ല.
ആന്റണി ലിങ്ക് ചെയ്ത lawyers.com അമേരിക്കയിലെ നിയമത്തെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. ഇന്‍ഡ്യന്‍ നിയമനുസരിച്ച് ഒരു പ്രൈവറ്റ് ഇമെയില്‍ വഴി അയക്കുന്ന ഒരു so called defamatory email ഡീഫമേഷന്‍ ആകണമെന്നില്ല. ഉദാഹരണത്തിന് പിണറായി വിജയനെക്കുറിച്ച് ആദ്യം ഇമെയില്‍ അയച്ച വ്യക്തി ഒരാള്‍ക്കു മാത്രമാണ് മെയില്‍ അയച്ചതെങ്കില്‍ ഡീഫമേഷന്‍ ആകണമെന്ന് ഇല്ല. ഇത് ഒരു പ്രൈവറ്റ് കമ്യൂണീക്കേഷനാണെങ്കില്‍ IPC കുറ്റമാണെന്ന് തെളിയിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാവും
അഭിപ്രായ സ്വാതന്ത്ര്യത്തെ തടയിടുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ട് ഈ നിയമങ്ങളില്‍ എന്ന് തോനുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം കേസുകളുമായി കോടതിയിലെത്തുകയുമില്ല. ഇത്രയും പച്ചക്ക് നടത്തിയ കള്ളപ്രചരണത്തിനുപോലും വെള്ളയടിക്കാനും ഇവിടെ ആളുകളുണ്ട്. പിണറായി കേസുകൊടുത്തത് ഒരു മഹാപരാധമായി എന്നമട്ടില്‍ ഒരു പ്രചരണം വരും ദിവസങ്ങളില്‍ ഉണ്ടാവും. നോക്കിയിരുന്നോളൂ.
സമയോചിതമായ പോസ്റ്റ്. സൈബര്‍ നിയമത്തെപ്പറ്റി അധികം അറിയില്ല. അനോണി പ്രകടിപ്പിച്ച ആശങ്കകളോടും അഭിപ്രായങ്ങളോടും യോജിപ്പുണ്ട്.
എണ്റ്റെ ആദ്യത്തെ കമണ്റ്റില്‍ പരാമര്‍ശിച്ചത് Indian Penal Codeലെ ഡീഫമേഷന്‍ എന്ന കുറ്റത്തെക്കുറിച്ചാണ്. ലിങ്ക് കൊടുത്ത സൈറ്റില്‍ Libel Slander എന്നിങ്ങനെ generalise ചെയതതുകൊണ്ടാണ് ഡീഫമേഷന്‍ കുറ്റമാകാന്‍ പ്രയാസമാണ് എന്ന് കമണ്റ്റിട്ടത്. പിണറായിയുടെ കേസ് IT Act ലെ സെക്ഷന്‍ 66 A പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കൂന്നത് എന്ന് പത്രവാര്‍ത്തകളിലൂടെ മനസ്സിലാക്കുന്നു. ആ സൈറ്റിണ്റ്റെ ലവന്‍മാരുടെ നാട്ടില്‍ നമ്മൂടെ ഐടി നിയമം പോലെയുള്ള നിയമം ഇല്ല എന്നാണ് സൈറ്റിലെ വിവരണത്തില്‍നിന്നും മനസ്സിലാവുന്നത്. അതുകൊണ്ട് ആ ലിങ്കിനു പ്രസക്തിയില്ല എന്നു തോന്നുന്നു ആണ്റ്റണി
ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.
ഉന്നത നിയമപാലകരുമായി സ്വാധീനിക്കാനാകുന്ന അടുത്ത ബന്ധമുള്ളവര്‍ക്ക് രാഷ്ട്രീയത്തിനുപകരം അസഹിഷ്ണുതയുടെ മസിലുചുരുട്ടി ശത്രുദ്രോഹം നടത്താനുള്ള ജനവിരുദ്ധതയുടെ അപകടകടകരമായ സാധ്യതകളുണ്ട് ഈ നിയമത്തിന്.
ഒരു ഭീകരനെ,രാജ്യദ്രോഹിയെ,മനോവൈകല്യം ബാധിച്ച ക്രിമിനലിനെ, കൈകാര്യം ചെയ്യേണ്ട ശക്തമായ നിയമമുപയോഗിച്ച് ഏതു നിരപരാധികളെയും കോടതിയില്‍ കേസ് എത്തുന്നതുവരെയെങ്കിലും വെള്ളം കുടിപ്പിക്കാനും,മാനസികമായി പീഢിപ്പിക്കാനും,മാനഹാനിയുണ്ടാക്കാനും,ജോലിനഷ്ടത്തിന് ഹേതുവാകാനും പ്രത്യേകിച്ച് ഒരു കുറ്റവും ചെയ്യാത്ത നെറ്റ് ഉപയോക്താവിനെ വിധേയനാക്കാന്‍ ഈ നിയമം പൊക്കിപ്പിടിക്കുന്ന ആര്‍ക്കും കഴിയും.
മത വര്‍ഗ്ഗീയതയുള്ളവര്‍ ശത്രുസംഹാരം നടത്തുന്നതിനായി അതേ വര്‍ഗ്ഗീയ വികാരമുള്ള രാഷ്ട്രീയക്കാരിലൂടെയോ, നിയമപാലകരിലൂടെയോ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഫലമായി നെറ്റില്‍ അസ്ലീല വ്യാപാരം നടത്തുന്നു എന്നപേരിലോ,മാനഹാനിയുണ്ടാക്കുന്നു,അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പേരിലോ ആരേയും അറസ്റ്റ് ചെയ്യാം.കേസ് കോടതിയിലെത്താന്‍ രണ്ടു കൊല്ലമെടുക്കാം. അതിനിടക്കുണ്ടാകുന്ന മാനഹാനിയും,ചിലവുകളും,തലവേദനയും,ജാമ്യക്കാരെ മുഷിപ്പിക്കാതെ കൊണ്ടു നടക്കുന്ന സാമര്‍ത്ഥ്യവും എല്ലാം നല്ലൊരു കുരിശാകും. നെറ്റിലേ കേറണ്ട എന്ന് തോന്നിപ്പോകും. ഈ നിയമം ശത്രു സംഹാരത്തിനായി ഉപയോഗിക്കുന്ന മാടംബികള്‍ക്കും അത്രേ ആഗ്രഹമുള്ളു.നെറ്റില്‍ കേറരുത്. ഫലത്തില്‍ നെറ്റിലെ ആശയവിനിമയത്തെ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ രാഷ്ട്രീയം.
ഇതുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പോസ്റ്റ്:ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!
I agree, but the current set of laws seem too intrusive and harsh. Ppl should respect the privacy of others.
ഈ പോസ്റ്റുവായിച്ച് ആന്റണിയുടെ വാദത്തോടാണ് എനിക്കിപ്പോൾ യോജിപ്പ്. ഈ അറസ്റ്റ് യുക്തം തന്നെ. സ്ത്രീക്ക് വേശ്യയാണ് എന്ന അപവാദം പോലെത്തന്നെ അപമാനകരമാവണം രാഷ്ട്രീയക്കാരന് ഇതുപോലുള്ള അപവാദങ്ങൾ. അതുകൊണ്ട് ഇതിനെ അതേ രീതിയിൽ തന്നെ കോടതി കൈകാര്യം ചെയ്യുന്നതിൽ തെറ്റു കാണുന്നില്ല.
തന്തയെക്കുറിച്ച് പറയുകയും തന്തക്ക് പറയുകയും ചെയ്യുക രണ്ടാണ്‍,ആശയവിനിമയവും, പരദൂഷണവും രണ്ടാണ്. പരദൂഷണ ശിക്ഷിക്കപ്പെടേണ്ട ക്രിമിനല്‍ കുറ്റം തന്നെയാണ്. അത് ചെയ്യുന്നവര്‍ ക്രിമിനലുമാണ്.
വിശുദ്ധ അനോണിയസ് അന്റോണിയസേ, അങ്ങേയ്ക്ക് സ്വസ്തി!
ലോ ലവിടെയിട്ട ലിങ്കേൽ തൂങ്ങിക്കയറി വന്നതാണിവിടെ,
അവിടെ ഇട്ടതിനും കൂടെ ചേർത്ത് നന്രി:)
ലോയേഴ്സ്കുത്ത്കോമിലേയും വായിച്ചു.
മെയിൽ സെൻഡ് ചെയ്യുന്നത് പബ്ലീഷാണെന്ന് സമ്മതിച്ചാൽ തന്നെയും ഈ ഈമെയിലിനോട് മാത്രം എന്തേ ഈ ചിറ്റമ്മനയമെന്ന് മനസിലാവുന്നില്ല, സ്നെയിലിൽ വിട്ടാലും അപകീർത്തിപ്പെടാനുള്ളത് പെടില്ലേ?
ആ എന്തെരോ ആവട്ട്, ഇനി ചവറ് പോലെ രാവിലെ തൂത്തുവാരി പള്ളേ കളയുന്ന സ്പാമരനും ഫോർ വേടനും അല്പം ആശ്വാസമുണ്ടാവുമല്ലോ:)
വിഷയം അർഹിക്കുന്ന പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നു... കൂടുതകൾ വസ്തുതകൾ അറിയാൻ ആഗ്രഹിക്കുന്നു.
ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ
നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ്
പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ കേന്ദ്രമന്ത്രി എ.ആർ.
ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12
ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ച
ർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം.
ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമത്തിനെ ദുരുപയോഗം ചെയ്യുന്നത്
ഒഴിവാക്കാനായുള്ള ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ഈ നിയമം മൂലം പെട്ടുപോകുന്ന നിരപരാധികളുടെ രക്ഷക്കായി ഒരു
‘ഓംബുഡ്സ്മാനോ’ അതുപോലുള്ള മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇല്ല. എല്ലാം
‘നിർദ്ദേശിക്കുന്നതു പോലെ’ എന്ന വാക്കുകളിൽ ഒതുക്കിയിരിക്കുന്നു. എന്നു ആരു
നിർദ്ദേശിക്കും എന്നു കണ്ടറിയണം.
അധികാരങ്ങൾ വാരിക്കോരി കൊടുത്തിരിക്കുന്ന ഈ നിയമം നടപ്പാക്കുന്നവരുടെ
ഉത്തരവാദിത്വങ്ങൾകൂടി സംശയങ്ങൾക്കിടയില്ലാതെ നിർവചിക്കണമായിരുന്നു.
അതില്ലാത്തതിനാൽ ദുരുപയോഗം കൂടുമെന്നു വ്യക്തം.
അടിയന്തിരാവസ്ഥയിലോ പൊതുജനസുരക്ഷിതത്തിനു വേണ്ടി മാത്രമായിരുന്നു
IT Act, Clause 5(2) of the Indian Telegraph Act of 1885 അനുസരിച്ച്
ഫോൺ ടാപ്പിംഗ് അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതുക്കിയ ഐറ്റി ആക്ടിൽ
അടിയന്തിരാവസ്ഥ, പൊതുജനസുരക്ഷ എന്നിവയെപറ്റിയൊന്നും ഒരക്ഷരം
പറയുന്നില്ല. -തുടരും
2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളിൽ
കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നൽകുന്നു. America's Patriot Act നു
സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പർ 11
നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട്
പാസാക്കിയെടുത്തത്. അതു പോലെ ഇൻഡ്യയിലും നവമ്പർ 26 നു
ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. ഇനി സർക്കാരിനു ഏത് വീട്ടിലും കയറിയിറങ്ങി
അവിടെയുള്ള കമ്പ്യൂട്ടറിലോ, ഫോണിലോ മറ്റു ഇലക്ട്രോണിക്
ഉപകരണങ്ങളിലോ ഊളിയിടാം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ
മാത്രം ഇതുവരെ അന്വേഷണം നടത്തിയിരുന്ന കാര്യങ്ങളിൽ ഇനിമേൽ കോടതി
ഇടപെടാതെ തന്നെ സർക്കാരിനു അന്വേഷണം നടത്താം, നടപടിയെടുക്കാമെന്നായിരിക്കുന്നു.
പ്രീയ അനോണി,
ഞാനും ഈ നിയമം കഴിഞ്ഞ ഒരാഴ്ചയായി വായിച്ചു കൊണ്ടിരിക്കുന്നു. ആ വായനയിൽ നിന്നും ഞൻ മനസ്സിലാക്കിയ വിധമാണു താഴെ എഴുതിയിരിക്കുന്നത്. ഞാൻ എവിടെയെങ്കിലും തെറ്റിയെങ്കിൽ തിരുത്തണേ. വഡവോസ്കിയെപ്പോലുള്ളവർ ഉള്ളപ്പോൾ ഞാനിതെഴുതുന്നത് എന്റെ അഹങ്കാരമായി കരുതരുതേ.
4 നാലാമത്തെ സംശയം.
ഒരു മോഷണ വസ്തു നമ്മുടെ വീട്ടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ പോലീസ് കാർ കള്ളനേയും കൊണ്ട് വന്നു പരിശോധിക്കാറില്ലേ. അതേപോലെ ഒരു ഡിജിറ്റൽ മോഷണ വസ്തു നമ്മുടെ കമ്പ്യൂട്ടറിൽ ശേഖരിച്ച് വച്ചിട്ടുണ്ടോ എന്നു ഇൻസ്പെക്ടർ ഏമാനു വന്നു പരിശോധിച്ചു കൂടേ. കമ്പ്യൂട്ടരിനെ മറ്റൊരു അലമാരയായി കരുതിയാൽ മതി.
പക്ഷേ നിയമം അനുവദിക്കുന്നത് നമ്മുടെ കമ്പ്യൂട്ടറുകൾ ‘മോണിറ്റർ’ ചെയ്യാനല്ലേ. വീടുകളിൽ വരാതെ തന്നെ മറ്റുമാർഗ്ഗങ്ങളിൽ കൂടിയും ഏമാന്മാർക്ക് സ്വകാര്യ കമ്പ്യൂട്ടറുകളീൽ കടന്നു കയറി പരിശോധിക്കാം. അങ്ങനെ ‘മോണിറ്റർ’ ചെയ്തതിൽ സംശയം ബലപ്പെടുകയാണെങ്കിൽ ഒരു പക്ഷേ വീടിനുള്ളീ കയറി കമ്പ്യട്ടർ പിടിച്ചെടുക്കുമായിരിക്കും.
പ്രായപൂർത്തിയായവരെ വച്ച് അവരുടെ സമ്മത പ്രകാരം അശ്ലീല ചിത്രങ്ങൾ പിടിച്ച് ഒരു സി.ഡി യിലാക്കി നമ്മുടെ മുറിയിലിരുന്ന് കാണുന്നതിനെ നിരോധിച്ചിട്ടുണ്ടോ. നമ്മുടെ സന്തോഷ് മാധവൻ ചെയ്ത മാതിരി. അതനുവദിക്കും എന്നു തോന്നുന്നു.- തുടരും
7 ഏഴാമത്തെ സംശയം.
വകുപ്പ് 67ബി.
തുടക്കത്തിൽ, കുട്ടികളെ ഉപയോഗിച്ചുള്ള (child pornography) ലൈംഗികപ്രദ
ർശനം അടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറിൽ കൂടി പ്രസിദ്ധീകരിക്കുന്നതും,
മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതും കുറ്റകരമാക്കിയിരുന്നു. എന്നാൽ 2008 ലെ
പുതുക്കൽ പ്രകാരം അപ്രകാരം പ്രസിദ്ധികരിച്ച ലൈംഗികപ്രദർശനങ്ങളെ
നോക്കുന്നതും (browzing), തെരയുന്നതും (seeking) കുറ്റകരമാക്കിയിരിക്കുന്നു.
കമ്പ്യൂട്ടറിൽ പോൺ ചിത്രങ്ങൾ/ചിത്രീകരണങ്ങൾ (പ്രായപൂർത്തിയായവരുടേതായാലും) ശേഖരിച്ചോ പകർന്നോ വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉടമയുടെ അനുവാദത്തോടെ ആയിരിക്കണം. ഇല്ലെങ്കിൽ അതും കുറ്റം. നിങ്ങൾ ശേഖരിച്ച് /പകർന്ന് വച്ചിട്ടുള്ള അശ്ലീല ചിത്രങ്ങൾ / ചിത്രീകരനങ്ങൾ ഇന്റ
ർനെറ്റിൽ ഒരിക്കലും പ്രസിദ്ധികരിക്കരുത്. പ്രസിദ്ധികരിക്കുകയോ, പ്രസരിപ്പിക്കുകയോ ചെയ്താൽ വകുപ്പ് 67 പ്രകാരം കുറ്റക്കാരാകും.
വൈറസ്സ്, ട്രോജൻ മുതലായവ കാരണം നിരപരാധികളെ കുറ്റവാളികളാക്കുന്ന
ഒരു നിയമമാണിത്. ഇന്ന് അവനവനു ആവശ്യമുള്ള വിവരങ്ങൾ സ്വന്തം
കമ്പ്യൂട്ടറിൽ മാത്രമല്ല ശേഖരിച്ച് വക്കുന്നത്. മറ്റുള്ളവരുടെ കമ്പ്യൂട്ടറും, ഇന്റർനെറ്റിൽ നിന്നും ലഭ്യമാക്കുന്ന സ്ഥലങ്ങളും (storage space) ഇതിനുവേണ്ടി ഉപയോഗിക്കുന്നുണ്ട്. അവിടെയൊക്കെ ഉടമയറിയാതെ തന്നെ പലരും
ആക്രമിച്ച് കൈയ്യേറി നിരോധിച്ചിരിക്കുന്ന കാര്യങ്ങൾ ശേഖരിച്ച് വക്കാൻ
സാധ്യതയുണ്ട്. പക്ഷേ ആ സ്ഥലത്തിന്റെ (സ്റ്റോറേജ് സ്പേസ്) ഉടമ
നിയമത്തിന്റെ മുന്നിൽ കുറ്റവാളിയാകുന്നു. നിരപരാധിത്വം തെളിയിക്കേണ്ട
ബാധ്യത ഉണ്ടാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിരപരാധികളെ ഒഴിവാക്കാനുള്ള
ഒരു ചട്ടങ്ങളും പുതുക്കിയ നിയമത്തിൻ കീഴിൽ ഉണ്ടാക്കിയിട്ടില്ല.- തുടരും
മറ്റൊരാളിന്റെ കമ്പ്യൂട്ടറിൽ ഒരു വൈറസ് ഉപയോഗിച്ച് ലൈംഗിക പ്രദർശനങ്ങൾ ഉൽക്കൊള്ളുന്ന പടങ്ങളും, വീഡിയോവും സ്റ്റോർ ചെയ്ത് വക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇന്നു പലർക്കും ഇന്റർനെറ്റിൽ സ്വന്തമായി ഫയലുകൾ സൂക്ഷിച്ച് വക്കാനുള്ള ഇടം പണം കൊടുത്തും അല്ലാതെയും
ലഭ്യമാണു. അവിടെയൊക്കെ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവർ കടന്നുകയരി
കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ചേഷ്ടകൾ അടങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ശേഖരിച്ച് വക്കുവാനുള്ള സംവിധാനം ഇന്നു ലഭ്യമാണു. ആ
കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ യാദൃശ്ചികമായി പോലും തന്റെ കമ്പ്യൂട്ടറിൽ താനറിയാതെ ശേഖരിച്ചിരിക്കുന്ന ആ പടങ്ങളെ, വീഡിയോകളെ കണ്ടു പോയാൽ, കുറ്റമാണന്നാണോ? ആണെന്നു നിയമം പറയുന്നു.
8,9 സംശയങ്ങൾ
സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും പറ്റി
വിശദീകരിക്കുന്നത് പ്രധാനമായും വകുപ്പ് 66 ലാണു. അതിൽ പ്രതിപാദിക്കുന്നതെല്ലാം വിരോധമുളവാക്കുന്ന സന്ദേശങ്ങൾ ഈ-മെയിൽ വഴി അയക്കുകയും കൈമാറുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ
പറ്റിയാണു. -തുടരും
വകുപ്പ് 66A(c).
മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 കുപ്പുപ്രകാരം
മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.
മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ,ബുദ്ധിമുട്ടുണ്ടാക്കുകയോ
ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു
വന്നാലോ?
ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-
മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.
രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകൾ അയക്കുന്ന
ആളാണല്ലോ സാധാരണഗതിയിൽ അപമാനമുണ്ടാക്കിയതിനോ,
ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. എന്നാൽ പുതുക്കിയ നിയമത്തിൽ
“"transmitted or received on a computer," എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നത് ഈമെയിൽ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു.
സമയോചിതമായ ലേഖനം. നന്ദി.
ചുരുക്കി പറഞ്ഞാല്‍ ഒന്നും ചെയ്യാതിരുന്നാല്‍ കൊള്ളാം.
മന്ത്രിയുടെ പോലീസിനു ഒരു എല്‍ കൂടിപ്പോയ പത്ര ചിത്രവുമായി ഒരു മെയില്‍ വരുന്നുണ്ട്. അതു ഫോര്‍വേഡ് ചെയ്യും മുന്‍പ് നിയമം പഠിക്കാനിറങ്ങിയതാ ഞാന്‍.
പോലീസിനെ അപമാനിച്ചു എന്നോ, മന്ത്രിയെ അപമാനിച്ചുവെന്നോ, ഏതു ഗണത്തിലാവും കേസ് വരിക.
നല്ല ലേഖനം. (എന്റെ)സമയോചിതം.
അവസാനം എല്ലാം കൂടി ചേർത്ത് ഞാനൊരു പോസ്റ്റിട്ടു, ഈ വിഷയത്തിൽ.
Post a Comment