Thursday, December 24, 2009

മറ്റൊരു മോബ് ജസ്റ്റീസ് സംഭവം കൂടി

സ്വന്തം പാര്‍ട്ടിയിലേയും, എതിര്‍പാര്‍ട്ടികളിലേതും ആയ സ്ത്രീകളെക്കുറിച്ചാകെ അശ്ലീലം പ്രസംഗിച്ചു നടക്കുന്ന ഒരു വ്യക്തി അദ്ദേഹം ആരോപിച്ച അതേ കാര്യങ്ങള്‍ ചുമത്തപ്പെട്ട് പിടിയിലാകുന്നതില്‍ ഒരു കാവ്യനീതിയുണ്ടാകാം. ബിനീഷ് കോടിയേരിയുടെ പേരു പറഞ്ഞ് അസത്യ വാര്‍ത്ത മെയിലയച്ച് പരത്തിയവര്‍ പോലും സാമാന്യ മര്യാദ ഇക്കാര്യത്തില്‍ പാലിച്ചതും, ചിലരെങ്കിലും എന്തിനാണ്‌ ഈ നേതാവിനെ ജനക്കൂട്ടം (ആദ്യം ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്നീട് ഇടതു പ്രവര്‍ത്തകരും പിഡിപി പ്രവര്‍ത്തകരും ഒക്കെ കൂടിയെന്നും കേള്‍ക്കുന്നു, സത്യാവസ്ഥ നിശ്ചയമില്ല) പിടികൂടി പോലീസിലേല്പ്പിച്ചതെന്നും ചോദിച്ചു കേള്‍ക്കാന്‍ ഇടയായതും സെലക്റ്റീവ് അംനീഷ്യ ആണെങ്കിലും നല്ലകാര്യമായിത്തന്നെ തോന്നുന്നു.

ഇദ്ദേഹം വിവാഹിതനാണ്‌, അതുകൊണ്ട് പരസ്ത്രീഗമനം ശിക്ഷാഹമാണോ, ഇമ്മോറല്‍ ട്രാഫിക്ക് നിയമപ്രകാരം ഈ വൃത്തി ശിക്ഷാര്‍ഹമാണോ എന്നൊക്കെ ചോദിച്ച് ഒരാള്‍ മെയില്‍ അയച്ചിരുന്നു. എനിക്കറിയാവുന്നത് ഇങ്ങനെയാണ്‌:

ഒരു സുഹൃത്തിന്റെ വീട് പൊതുസ്ഥലമല്ല, അതിനാല്‍ പൊതുസ്ഥലത്ത് അല്ലെങ്കില്‍ അതിന്റെ ഇരുന്നൂറടി ചുറ്റളവിലെ വേഴ്ച എന്ന് ഇതിനെ കണക്കാക്കാന്‍ കഴിയില്ല. പ്രതി ചേര്‍ക്കപ്പ്ട്ട സ്തീ പ്രായപൂര്‍ത്തിയായ ആളാണ്‌. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീക്കുമേല്‍ വേശ്യാവൃത്തി സ്ഥാപിക്കാനായാല്‍ പോലും അതിനാല്‍ ഈ ഉഭയകക്ഷി സമ്മതപ്രകാരമുള്ള സംസര്‍ഗ്ഗം ശിക്ഷാര്‍ഹമല്ല. നിലവിലുള്ള നിയമപ്രകാരം ഈ വൃത്തിയിലെ സ്തീയുമായി ബന്ധമുള്ളത് തന്നെ വിവാഹം കഴിച്ച വ്യക്തിക്കാണെന്നും അതിനാല്‍ ആ സ്ത്രീയെ ശിക്ഷിക്കണമെന്നും പരാതിപ്പെടാന്‍ ഈ വ്യക്തിയുടെ ഭാര്യക്കു പോലും അവകാശമില്ല. എന്നാല്‍ ഇതിലെ സ്ത്രീ വിവാഹിതയാണെങ്കില്‍ അവരുടെ ഭര്‍ത്താവിനു തന്റെ ഭാര്യയോട് ബന്ധപ്പെട്ട വ്യക്തിയെ ശിക്ഷിക്കണമെന്ന് പരാതി നല്‍കാന്‍ അവകാശമുണ്ട് താനും (നിയമത്തിലെ സ്ത്രീപുരുഷ വിവേചനം ഈ പോസ്റ്റിന്റ് പരിധിയില്‍ വരുന്ന കാര്യമല്ല). അത്തരം ഒരു പരാതി ലഭിക്കാതെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ഇതിലെ സ്ത്രീ പുരുഷനെ പൊതു സ്ഥലത്തു വച്ച് വശീകരിച്ചെന്നോ ഇതില്‍ ഒരു ദല്ലാള്‍ ഇടപെട്ടിരുന്നെന്നോ ഈ വീട് ഒരു വേശ്യാലയം ആയി ആണ്‌ പ്രവര്‍ത്തിച്ചിരുന്നതെന്നോ സ്ഥാപിക്കേണ്ടി വരും. അത്തരം കേസ് നിലനില്‍ക്കുമെന്ന് തോന്നുന്നുമില്ല.

ഇനി മേല്പ്പറഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് സിറ്റിസണ്‍സ് അറസ്റ്റ് നടത്താന്‍ പോന്ന കുറ്റകൃത്യം അല്ലാത്തതിനാല്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുക അല്ലാതെ ആരോപിതരെ തടയാനും ഭേദ്യം ചെയ്യാനും ശ്രമിക്കുന്നത് നിയമം കയ്യിലെടുക്കല്‍ ആകും. പിടിക്കപ്പെട്ടവരെ പോലീസിനു കൈമാറുന്ന ദൃശ്യങ്ങളില്‍ മര്‍ദ്ദനമേറ്റത് എന്നു തോന്നിപ്പിക്കുന്ന പാടുകള്‍ ഇദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

അത് പ്രകോപനപരവും ആക്ഷേപകരവും ആയ കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു വ്യക്തിയെ ആണെങ്കില്‍ കൂടി, മോബ് ജസ്റ്റീസിനു ഇരയാക്കുന്നത് ശരിയായ പ്രവണത അല്ല. എനിക്കു ബന്ധുത്വമുള്ള മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കു നേരേയും ഈ വ്യക്തി ഇങ്ങനെ വ്യഭിചാരം ആരോപിച്ചിരുന്നെങ്കില്‍ ഞാന്‍ മറ്റൊരു രീതിയില്‍ പ്രതികരിച്ചേനെ എന്നു വേണമെങ്കില്‍ ആരോപിച്ചോളൂ, വിഷമമില്ല. ഇതിനു പകരം ഒരു ഇടതുപക്ഷ പ്രവര്‍ത്തകനെ ആയിരുന്നു ജനം പിടികൂടി ഉപദ്രവിച്ചത് എങ്കില്‍ ഇന്റര്‍നെറ്റ് പൂരവും പ്രിന്റാഘോഷവും എപ്രകാരം ആയിരുന്നേനെ എന്നും നല്ല നിശ്ചയമുണ്ട് താനും. ഇക്കാര്യത്തില്‍ മുതിര്‍ന്ന ഇടതുപക്ഷപ്രവത്തകര്‍ ശ്രദ്ധേയമായ മാന്യത പുലര്‍ത്തി എന്നതില്‍ സന്തോഷവുമുണ്ട്.

ധ്വനി: വല്യത്താന്‍ , അരിവിഹിതം , വണ്‍‌വേ ട്രാഫിക്ക് ആക്റ്റ്

13 comments:

desertfox said...

കോണ്‍ഗ്രസ്‌ ആണെങ്കില്‍ മനുഷ്യാവകാശലംഘനം ഇടതുപക്ഷമെങ്കില്‍ സദാചാരലംഘനം, പെണ്‍വാണിഭം, മാനഭംഗം,ബലാസംഗം...
അതാണല്ലോ അതിന്റെ ഒരു ശരി!

അനില്‍@ബ്ലോഗ് // anil said...

ഡെസേര്‍ട്ട്ഫോക്സിന്റെ കമന്റിനു താഴെ ഒരു ഒപ്പ്.

ഉറുമ്പ്‌ /ANT said...

ന്റെ ഒപ്പ് കൂടെ ചേർത്താളീന്ന്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു തന്നെ...ഡസേര്‍ട്ട് ഫോക്സ് പറഞ്ഞതു തന്നെ !

ജിവി/JiVi said...

ബിനീഷ് കൊടിയേരിയും റഷ്യന്‍ സുന്ദരിയുടെയും ഫോട്ടോ സംബന്ധിച്ച് ലിജു നടത്തിയ പരാമര്‍ശങ്ങളും ഉണ്ണിത്താന്‍ വിഷയത്തില്‍ ടി വി രാജേഷ് നടത്തിയ പ്രതികരണം കൂടി താരതമ്യം ചെയ്തോളീ..

ജനശക്തി said...

ഈ സെലക്റ്റീവ് അംനീഷ്യ ഏതെങ്കിലും രീതിയില്‍ പോസിറ്റീവ് ആണെന്ന് തോന്നുന്നില്ല. ഈ ഇഷ്യുവില്‍ ആ ഒരു വാദമേ അവര്‍ക്ക് ഉയര്‍ത്താനുള്ളൂ എന്നതിനാല്‍ അതുയര്‍ത്തുന്നു. ഈ വാദത്തിലെ ശരിതെറ്റുകളല്ല അതുയര്‍ത്തുന്നവരെ നയിക്കുന്നത്. ‘മരുക്കുറുക്കന്‍‘ പറഞ്ഞതുപോലെയാണ് ചുരുക്കം.

ഇടതുപക്ഷത്തിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ഓടിക്കുന്നവര്‍, ഇതില്‍ പുലര്‍ത്തുന്ന തമസ്കരണീവിദ്യ എന്തായാലും തുറന്നു കാട്ടപ്പെടേണ്ടതുണ്ട് അതിനു ഈ അവസരം ഉപയോഗപ്പെടുത്തുന്നത് തെറ്റല്ല എന്ന് അഭിപ്രായമുണ്ട്. സദാചാരമോ ചാരമില്ലായ്മയോ വിട്ടു പിടിക്കാം.

കിട്ടുന്ന വടി അട്ടത്ത് കേറ്റി വെച്ചിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ലല്ലോ...:)

പാമരന്‍ said...

എന്‍റേം ഒരൊപ്പ്‌.

Kiranz..!! said...

ജീവി..രാജേഷിന്റെ പ്രസ്താവനയുടെ ലിങ്കൊന്നു തരാമോ ?

അനോണിച്ചാ..ഒരു സംശയം.ഇ-മെയിൽ ഫോർവേർഡുകളിൽ ഒഴുകി നടക്കുന്ന പല അസത്യങ്ങളും അറിഞ്ഞോ അറിയാതെയോ മോബ് ജസ്റ്റിസായി കണക്കാക്കിക്കൂടേ ?

Tom Sawyer said...

ഈ പ്രശ്നത്തില്‍ മോബ് ജസ്റ്റിസിന്റെ നൈതികതയെക്കുറിച്ച് ചിന്തിച്ച് വശായെങ്കിലും രാജ് മോഹന്‍ ഉണ്ണിത്താന്റെ മനോഹര വാചകങ്ങളുടെ മറുപടി മേല്‍പ്പറഞ്ഞ കാവ്യനീതിയായി ഭവിച്ചതാണെന്ന് കണ്‍ക്ലൂഷാദി തൈലം പുരട്ടി അങ്ങ് ചിന്തയെ ശമിപ്പിച്ചു . മോ‍ബിന്റെ മനശാസ്ത്രം പ്രവചനാതീതമാണെങ്കിലും മനസ്സാക്ഷി ഈ സംഭവത്തില്‍ ഇഷ്ടായി ...

ബിനോയ്//HariNav said...

തലൈവരേ ഈ പോസ്റ്റ് കാണാന്‍ വൈകി. വള്ളിപുള്ളിവിടാതെ പറഞ്ഞതിനത്രയും സല്യൂട്ട്. തലൈവരുടെ വൃത്തി നുമ്മക്കില്ലാത്തതുകൊണ്ട് അറിയാവുന്ന ഭാഷയില്‍ ഒരു കാക്കക്കുഞ്ഞ് പോസ്റ്റ് നുമ്മളും പോസ്റ്റിയിരുന്നു. ലിങ്ക് കൊടുക്കുന്നു. മുഷിയില്ലല്ലോ.

സുഗം വരണ വണ്‍‌വേ ട്രാഫിക്കുകള്‍

Jijo said...

മനുഷ്യാവകാശം എല്ലാവരുടേയും അവകാശമാണെങ്കിലും ചിലപ്പോഴൊക്കെ എനിക്ക്‌ തോന്നും രാഷ്ട്രീയകാര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഇതിത്തിരി കുറഞ്ഞാലും കുഴപ്പമില്ലാ എന്ന്. എന്താണെന്ന് വച്ചാല്‍, ഇവര്‍ രണ്ടു കൂട്ടരും മാദ്ധ്യമങ്ങളെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണല്ലോ. മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ ഇമേജ്‌ കെട്ടിപ്പടുക്കുന്നവര്‍, സൂക്ഷിച്ച്‌ ജീവിച്ചില്ലെങ്കില്‍, അതേ മാദ്ധ്യമങ്ങളില്‍ തകര്‍ന്നു വീഴുന്നതും കാണേണ്ടി വരും. ഒരു തരം ഒക്ക്യുപ്പേഷണല്‍ ഹസാര്‍ഡ്‌, യേത്‌?

(ഈ റിസ്ക്‌ കൂടിയില്ലെങ്കില്‍ ഇവന്‍മാരൊക്കെ അങ്ങ്‌ കേറി ആര്‍മാദിക്കില്ലേ? ഇപ്പോ തന്നെ വയ്യ, പിന്നാ... )

Joker said...

ജനങ്ങള്‍ പിടികൂടിയ മഞ്ചേരിയിലെ വീട്ടില്‍ ദിവസങ്ങളായി പല വാണിഭ ഇടപാടുകളും നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. കുറാച്ച് ദിവസമായി ഇവിടം ജനങ്ങളുടെ നിരീക്ഷണത്തിലായിരുന്നു എന്ന് പറായപ്പെടുന്നു. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു എന്ന് റിപ്പോര്‍ട്ട് വന്നിട്ടൂണ്ടായിരുന്നു.പിന്നീട് കാര്യം എന്തായി എന്നറിയില്ല. അനാശാസ്യം നടക്കുന്നു എന്ന് സംശയിക്കുന്ന ഒരു ഘട്ടത്തില്‍ ജനങ്ങള്‍ ഇടപെടുന്നതിനെ വിമര്‍ശിക്കാന്‍ കഴിയില്ല. രണ്ട് വ്യക്തികള്‍ ഉഭയ കക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ നിയമ പ്രകാരം പ്രശ്നമില്ലാതിരിക്കാം. ഇതില്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ ഉന്നയിക്കുന്നവര്‍ പറഞ്ഞ് പറഞ്ഞ് കാട് കയറി പോലീസ് ലുണ്ണിത്താനും യുവതിക്കും ലൈംഗിക ക്രീഡ ആടാന്‍ സംവിധാനം ഒരുക്കുകയാണ് വേണ്ടിയിരുന്നത് എന്ന് കൂടി പറഞ്ഞിരിക്കുന്നു. നല്ല കാര്യം.

. ഒരു സ്ത്രീക്ക് അമ്പതിലധികം വരുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിയമ പ്രകാരം വിലക്കില്ലെന്ന് ഈ ഒരു പ്രശ്നത്തില്‍ നിന്നും മനസ്സിലാകുന്നു. കാരണം ഉഭയ കക്ഷി സമ്മതപ്രകാരം ഒരു സമയം ഒരു പുരുഷന്‍ മാത്രം ബന്ധപ്പെട്ടാല്‍ മതി. ബാക്കിയുള്ളവര്‍ 200 മീറ്റര്‍ ചുറ്റളവില്‍ നിന്നാല്‍ മതിയാകും. ഓരോരുത്തര്‍ മനുഷ്യാവകാശം പൂര്‍ത്തീക്രിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആകാം. നമ്മുടെ രാജ്യത്ത് ഭരണ ഘടനാ പ്രതിസന്ധി പോലെ ഇപ്പോള്‍ ഈ മോറല്‍ പ്രതിസന്ധിയും മാറി കിട്ടി. നിയമ വിദ്യാര്‍ഥികള്‍ക്ക് റഫറന്‍സിന് ഒരു കേസുമായി. ലുണ്ണിത്താന്‍ Vs മോബ് 2009 കേസ് എന്ന്.

ദൈവേ........

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ആനോണി പറഞ്ഞതിനോടു യോജിക്കുന്നു.
എന്തൊക്കെത്തന്നെയായാലും ഈ മോബ് ജസ്റ്റീസ് ശരിയായ പ്രവണതയല്ല. ചിലപ്പോള്‍ നിരപരാധികളും അറിയാതെ ഇരയാക്കപ്പെട്ടെന്നും വരും.പിടിക്കപ്പെടുന്നവരേക്കാള്‍ വലിയ പുള്ളികളാവാം പുറകില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും. പൊതു ജനങ്ങളെ ഇളക്കി വിട്ട് മാറി നിന്ന് കൈ നനയാതെ മീന്‍ പിടിക്കാം എന്നുള്ളതാ‍ണ് ഇതിലെ അപകടം.