Monday, November 3, 2008

നെയില്‍ പോളീഷ്

അന്തോണീ, സൂപ്പര്‍ ഗ്ലൂ ദേഹത്തൊട്ടിയാല്‍ എന്തു ചെയ്യണം?
അസെറ്റോണ്‍ തേച്ചാല്‍ മതി.
അസെറ്റോണ്‍ എവിടെ കിട്ടും മെഡിക്കല്‍ സ്റ്റോറിലോ?
എടേ ഈ നെയില്‍ പോളിഷ് റിമൂവര്‍ ഒക്കെ അസെറ്റോണാ.
ഞാനും നീയും രണ്ട് ബാച്ചിലര്‍ താമസിക്കുന്ന ഇവിടെ എവിടെയാടേ നെയില്‍ പോളിഷും റിമൂവറും?
അതിന്‌ ഇവിടെ ആരെയാ സൂപ്പര്‍ ഗ്ലൂ ഒട്ടിയത്?
എന്നെ ഒട്ടിയേനേ.
ഏനേ അല്ലേ ഉള്ളു ഒന്നും പറ്റിയില്ലല്ലോ.
ഹും.

ഹും.
ഹും?

അന്തോണീ, ഈ അടുക്കും ചിട്ടയും ഒക്കെ ഓരോരുത്തരുടെ ശീലമാണെന്ന് അറിയാം, എങ്കിലും നമ്മള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ കുറേയൊക്കെ ശ്രദ്ധിക്കേണ്ടേ, സാധനങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കാന്‍.
ഹും?

അതായത് എനിക്ക് രണ്ടാഴ്ചയായി ജോക്കി ഇച്ച് ഉണ്ട്.
എടേ തോന്ന്യാസം പറയരുത്, ഞാന്‍ സാധനം അടുക്കി വയ്ക്കാത്തതുകൊണ്ടാണോ തനിക്ക് ആസനത്തില്‍ ചൊറി വന്നത്? ആരോപണത്തിനും ഒരതിരുണ്ട്.

അതുകൊണ്ടാണു വന്നതെന്ന് ഞാന്‍ പറഞ്ഞില്ല.
പിന്നെ ഞാന്‍ സാധനം അടുക്കണമെന്നും തനിക്ക് വേണ്ടാത്തിടത് ഇന്‍ഫെക്ഷനാണെന്നും ഒറ്റശ്വാസത്തില്‍ പറഞ്ഞു വച്ചതിന്റെ വ്യംഗ്യം എന്താ?

ബാത്ത് റൂമിലെ മെയിന്‍ ലൈറ്റു പോയി, ഇപ്പോ വാഷ് ബേസിനിലെ ലൈറ്റേയുള്ളു.
നീ ഒരുമാതിരി മൂശേട്ട ഭാര്യയെപ്പോലെ സംസാരിക്കല്ലേ, ഞാന്‍ വന്നു കേറിയതേ ഉള്ളു, അടുക്കില്ല ചിട്ടയില്ല, ലൈറ്റില്ല.
പറഞ്ഞു തീര്‍ന്നില്ല.

എന്നാ തീര്‍ക്ക്.
എനിക്ക് ജോക്കി ഇച്ച്..
അത് പറഞ്ഞു കഴിഞ്ഞതഅ, ഇനി ഞാന്‍ ശര്‍ദ്ദിക്കും വരെ ആവര്‍ത്തിച്ചോണ്ട് ഇരിക്കണ്ട.

ജോക്കി ഇച്ച് വന്നപ്പോ ഡോക്റ്ററേപ്പോയി കണ്ട് ഓയിന്മെന്റ് വാങ്ങി വച്ചിരുന്നു, ബാത്ത് റൂമിലെ സ്റ്റാന്‍ഡില്‍.
അത്രേയുള്ളോ, ഞാന്‍ കണ്ടില്ല, എടുത്തില്ല. എനിക്ക് ചൊറിയില്ല. ഇനി വന്നാല്‍ തന്നെ ഡോക്റ്ററെ പോയി കണ്ട് വേറേ വാങ്ങിക്കാന്‍ കമ്പനി എനിക്ക് ഇന്‍ഷ്വറന്‍സ് തന്നിട്ടുണ്ടെടേ, ഐ ആം ഇന്‍ഷ്വേര്‍ഡ്.

എടുത്തെന്ന് ഞാന്‍ പറഞ്ഞില്ല.
എന്താന്നു വച്ചാല്‍ നേരേ പറ, എനിക്കു ചൊറിഞ്ഞു വരുന്നു.

എന്റെ ചൊറി നിനക്കു വരുന്നെങ്കില്‍ നീ എന്റെ ഷഡ്ഡി അടിച്ചു മാറ്റി ഉപയോഗിക്കുന്നുണ്ടാവണം.
ആ ചൊറിയല്ല ഈ ചൊറി. നീ എന്താന്നു നേരേ പറയുന്നോ അതോ ഞാന്‍ എണീച്ചു പോണോ.

എടേ രാവിലേ ഞാന്‍ അരണ്ട വാഷ്ബേസിന്‍ ലാമ്പിന്റെ വെളിച്ചത്തില്‍ സോപ്പും പേസ്റ്റും ഇരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും എന്റെ ഓയിന്മെന്റ് തപ്പിയെടുത്തു. പുരട്ടാനായി തുറന്നപ്പോള്‍ ഭാഗ്യം കൊണ്ട് മനസ്സിലായി അത് സൂപ്പര്‍ ഗ്ലൂ ആണെന്ന്. എടുത്ത് വേണ്ടാത്തിടത്തു തേച്ചെങ്കില്‍ എന്തായേനെ? മേലാല്‍ ഇങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ട് മരുന്നിനു മേലേ ഇടരുതെന്ന്.

ഓ ഇപ്പോള്‍ മനസ്സിലായി. എക്സോസ്റ്റ് പൈപ്പ് ഒട്ടി നീ തെണ്ടിപ്പോയേനെ.
അതിലും വലിയ പ്രശ്നം ഇതുമായി ഒരു ആശുപത്രിയില്‍ പോയാല്‍ തന്നെ ഡോക്റ്ററോട് എന്തു പറയും ഞാന്‍?

ക്ഷമിക്കു റൂം ആന്‍ഡ് ബാര്‍ മേറ്റേ. എനിക്ക് അടുക്കും ചിട്ടയും ഇല്ലാതെ ആയിപ്പോയി. ചൊട്ടയില്‍ ശീലിക്കാഞ്ഞത് ഇനിയിപ്പോ ഈ പ്രായത്തില്‍ കിട്ടുകയുമില്ല, അതുകൊണ്ട്.
അതുകൊണ്ട്?

ഞാന്‍ ഒരു നെയില്‍ പോളിഷ് റിമൂവര്‍ വാങ്ങി ഫസ്റ്റ് എയിഡ് കിറ്റില്‍ വച്ചേക്കാം. ഇനിയെങ്ങാന്‍ നീ സൂപ്പര്‍ ഗ്ലൂ എടുത്തു തേച്ചാല്‍ ആശുപത്രിയില്‍ പോകാതെ കഴിക്കാമല്ലോ.

എന്നാല്‍ അത് ഇപ്പോ തന്നെ വാങ്ങി വാ.
അത്ര ഭയമോ?

ഭയമല്ല, രാവിലേ ആ സൂപ്പര്‍ ഗ്ലൂ കയ്യില്‍ കിട്ടിയ ദേഷ്യത്തില്‍ ഞാന്‍ അതെടുത്ത് നിന്റെ പുതിയ ഷൂസ് രണ്ടെണ്ണവും കൂടി തമ്മില്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്. എന്റെ മോന്‍ പോയി ഷൂസിനു നെയില്‍ പോളിഷ്റിമൂവറിട്ടോ ചിന്തേരിട്ടോ രണ്ടും രണ്ട് പാത്രത്തിലാക്കിക്കോ.

സാമദ്രോഹീ. എന്റെ അഡിഡാസ്
അടി വേണ്ടേ പോഡാസ്.

11 comments:

സുല്‍ |Sul said...

ഹഹഹ
അന്റോണിച്ചൊ എന്നാലും ഒട്ടിപ്പോയേനെ...

-സുല്‍

nandakumar said...

:) ഹഹ!! ഒട്ടിപ്പോ!!

അതുല്യ said...

കലക്കി അന്തോണീയേയ് കലക്കി. വായിച്ച് വന്നപ്പോ എന്റെ വീട്ടിലെ കാര്യമാണോന്ന് കരുതി പോയി. വളര്‍ന്ന് വരുന്ന ചെക്കനെ കൊണ്ട് തോറ്റ് ഞാന്‍ അന്തോണിയേയ്. ഈയ്യിടെ ഊരിവച്ചിരുന്ന സ്വര്‍ണ്ണ വളയെടുത്ത് ചെക്കന്‍ ഇന്‍സ്റ്റ്രുമെന്റ് ബോക്സ്സിലിട്ടോണ്ട് ഉക്കൂളില്‍ പോയി. ബയോളജിയ്ക്കെന്തോ വട്ടം വരയ്ക്കാന്‍ എളുപ്പായിട്ട് കണ്ടതോണ്ടാത്രേ! മടുത്ത് ഞാന്‍ ആണ്‍കുട്ടികളേ കൊണ്ട്.

Siju | സിജു said...

രണ്ടാം അമേരിക്കന്‍ പൈയില്‍ ഇതു പോലൊരു സൂപ്പര്‍ ഗ്ലൂ ഒട്ടിപ്പോയുണ്ട്. അതു പോലാവാഞ്ഞതു ഭാഗ്യമായി. :-)

പ്രയാസി said...

:) കലക്കിയണ്ണാ...:)

വികടശിരോമണി said...

ഒരു ആശംസ ഒട്ടിക്കുന്നു.

ബഹുവ്രീഹി said...

saaar.. please chirippikkaruth.. office aan~.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അന്തോണിച്ചോ.. ഇറ്റ് ഈസ് റ്റൂ മച്ച്

ജയരാജന്‍ said...

ഹ ഹ ഹ :)

Jayasree Lakshmy Kumar said...

അയ്യയ്യോ...വയ്യ വയ്യായേ...........

ഫസലുൽ Fotoshopi said...

തള്ളേ കൊള്ളാം കെട്ടാ. ഹി ഹി ഹി1234