Tuesday, August 5, 2008

അമേരിക്കന്‍ ആദായ നികുതി- ചോദ്യോത്തരങ്ങള്‍

ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴല്ലേ സംഗതിക്ക് ഒരു ഉഷാര്‍ വന്നത്!
ഇഞ്ചിപ്പെണ്ണ്:

1. അതെന്താ ഇല്ലിനോയില്‍ തന്നെ ബെക്കര്‍ സിപി‌എ കോര്‍സിനു ചേരണമെന്ന് പറയുന്നത്?
സ്റ്റുഡന്റ്റ് ഇല്ലിയില്‍ നോയിസ് ഉണ്ടാക്കുന്ന ആളാണെന്ന് പാഞ്ചാലി പറഞ്ഞിരുന്നു. യൂ എസ് ഇല്‍ എവിടെയും വിദേശത്ത് പലയിടത്തും ബെക്കര്‍ റിവ്യൂ ലഭ്യമാണ്‌, അടുത്തുള്ള യൂണിവേര്‍സിറ്റിയില്‍ ചേരട്ടേ എന്നു കരുതിയതാ.

2. ഇന്ത്യക്കാരെ ഉദ്ദേശിച്ചാണീ പോസ്റ്റെങ്കില്‍ വിവിധ വിസകള്‍ക്ക് വിവിധ ടാക്സ് നടപടികളുണ്ട്. അതും കൂടി ചേര്‍ക്കുന്നത് നന്നാവും.
തീര്‍ച്ചയായും ചേര്‍ക്കാം. വിവിധ വിസകളിലെ ടാക്സ് വത്യാസം പ്രധാനമായിട്ടും ടാക്സ് സ്ലാബുകളിലാണ്‌, അവിടെ എത്തുമ്പോള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവില്ലേ?

3. കഴിഞ്ഞ പോസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ടാക്സ് എന്ന് കണ്ടിരുന്നു. പൊതുവേ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുള്ളവര്‍ക്ക് മാത്രമാ‍ണ് ടാക്സ് ഫയല്‍ ചെയ്യേണ്ടത്. സന്ദര്‍ശകര്‍ക്ക് ഇത് കിട്ടാറില്ല. പിന്നെ അവരവരുടെ രാജ്യത്തിന്റെ നിയമങ്ങളും ഉള്‍പ്പെടും.
ടെം‌പി ഏലിയനെ വിശദമായി തന്നെ നമുക്ക് പരിശോധിക്കാം (ഈ പോസ്റ്റ് എഴുതാന്‍ ആവശ്യപ്പെട്ട ആള്‍ അങ്ങനെ അല്ലാത്തതുകൊണ്ട് പരാമര്‍ശം ലൈറ്റ് ആയി പോയതാണ്‌).

സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഇല്ലാത്തവരും ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഇമ്മിഗ്രേഷന്‍ നിയനപ്രകാരമുള്ള റെസിഡന്‍സി അല്ല ടാക്ക്സ് നിയമത്തില്‍.

ഇന്‍‌കം ടാക്സ് പ്രകാരം ഒരാള്‍ റിസിഡന്റ് ആണോ അല്ലയോ എന്നു നോക്കുന്നത് ഇങ്ങനെയാണ്‌
2008 -ല്‍ മുപ്പത്തൊന്നു ദിവസം യു എസ് ല്‍ ജീവിച്ചിട്ടുണ്ടെങ്കിലോ
2006 ല്‍ അമേരിക്കയിലുണ്ടായിരുന്ന ദിവസങ്ങളുടെ 1/6 + 2007ല്‍ ഉണ്ടായിരുന്ന ദിവസങ്ങളുടെ 1/3+, 2008 ലെ ആകെ അമേരിക്കയിലുണ്ടായിരുന്ന മൊത്തം ദിവസങ്ങളും കൂട്ടിയാല്‍ 183 ദിവസങ്ങള്‍ വരുന്നെങ്കിലോ നിങ്ങള്‍ ഐ ആര്‍ എസ്സിന്റെ മുന്നില്‍ റെസിഡന്റ് ആണ്‌. റെസിഡന്റ് പോസ്റ്റ് ഒന്നില്‍ പറഞ്ഞ പ്രകാരം ഫയല്‍ ചെയ്യണം

ഇനി നോണ്‍ റെസിഡന്റ് ആണെകിലോ? എന്നാലും പോസ്റ്റ് ഒന്നില്‍ പറഞ്ഞ പ്രകാരം ടാക്സബില്‍ ഇങ്കം ഉണ്ടെങ്കില്‍ ഫയല്‍ ചെയ്യുക തന്നെ വേണം, പ്രധാന വത്യാസം അടയ്ക്കാത്ത ടാക്സ് ക്രെഡിറ്റ് റീഫണ്ട് കിട്ടില്ല, സിഡി ഇന്ററസ്റ്റ് എക്സമ്പ്ഷന്‍ കിട്ടില്ല, സ്പൗസ് ഡിഡക്ഷനും ചൈല്‍ഡ് ഡിഡക്ഷനും ട്യൂഷന്‍ ഫീസ് ക്രെഡിറ്റും കിട്ടില്ല എന്നതാണ്‌.

നോണ്‍ റെസിഡന്റ് ഏലിയന്‍ ചുരുക്കി പറഞ്ഞാല്‍ ഡിസഡ്വാന്റേജിലാണ്‌. ( ഫോം നമ്പ്ര1040NR/ 1040NR-EZ ) ആണ്‌ ഇവര്‍ ഫയല്‍ ചെയ്യേണ്ടത്. (ഇന്ത്യന്‍ ഇമിഗ്രന്റ് വിദ്യാര്‍ത്ഥീ ഇന്ത്യയില്‍ നിന്നും പഠിക്കാന്‍/ സ്കോളര്‍ഷിപ്പ്/ മറ്റു വകയില്‍ അയച്ചു കിട്ടുന്ന പണത്തിനു ടാക്സ് കൊടുക്കേണ്ടതില്ല )

ഉദാ. ഞാന്‍ 2008ല്‍ ഒരൊറ്റ ദിവസമേ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളു. അന്ന് ലാസ് വേഗസില്‍ പോയി ചൂതു നടത്തി അമ്പതിനായിരം ഡോളര്‍ കിട്ടി. നിയമപ്രകാരം ഞാന്‍ റിട്ടേണ്‍ ഫയലണം. ഐ ആര്‍ എസ് സംഗതി കണ്ടുപിടിച്ചാല്‍ അമ്പതു വര്‍ഷത്തിനു ശേഷം അമേരിക്കയില്‍ ഞാന്‍ വന്നാലും എന്നെ പൊക്കും. (ലോ ഓഫ് ലിമിറ്റേഷന്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു ബാധകമല്ല)

4. ടാക്സ് ഫയല്‍ ചെയ്യുന്നവര്‍ തന്നെ വരുമാനം ഇല്ലെങ്കിലും കുറവാണെങ്കിലും സീറോ ഇന്‍‌കം ഫയല്‍ ചെയ്യുന്നത് ഗവണ്‍‌മെന്റിന്റെ റിബേറ്റ് ചെക്ക് കിട്ടാന്‍ വേണ്ടിയാണ്. അതുകൊണ്ട് സീറോ ഇന്‍‌കം ആണെങ്കിലും ടാക്സ് ഫയല്‍ ചെയ്യപ്പെടാറുണ്ട്.

ഉവ്വ്, ഞാന്‍ അത് ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ.

5. ഇവിടെ ടാക്സ് നടപടികള്‍ സുഗമവും സുതാര്യവുമാണ്. അതുകൊണ്ട് ടാക്സ് ഫയല്‍ ചെയ്യണോ ഇല്ലയോ എന്ന് ആര്‍ക്കും സംശയമില്ല. സര്‍ക്കാരില്‍ നിന്ന് എങ്ങിനെയൊക്കെ എത്ര റിട്ടേണ്‍ മേടിച്ചെടുക്കാം എന്നതാണ് പൊതുവേയുള്ള കണ്‍‌ഫ്യൂഷന്‍.

തീര്‍ച്ചയായും സീരീസിന്റെ വലിയ ഭാഗം അവിടെ തന്നെ . അവിടെ വരെ എത്തിപ്പെടാനാണ്‌ ഇപ്പോ ശ്രമം



പാഞ്ചാലീ,
തീര്‍ച്ചയായും. ഇല്ലീഗല്‍ ആണെങ്കിലും ടാക്സ് അടയ്ക്കണം! ഇമിഗ്രേഷന്‍/ വിസ നിയമങ്ങളും ടാക്സ് റെസിഡന്‍സിയും തമ്മിലുള്ള കണ്‍ഫ്യൂഷനും , നോണ്‍ റെസിഡന്റ് ഏലിയന്‍ ടാക്സ് കൊടുക്കണോ എന്ന കണ്‍ഫ്യൂഷനും മാറിക്കാണുമല്ലോ?

(ഞാന്‍ ദുബായിലാണ്‌)

കണ്ണൂസേ,
ഒരു കാലത്ത് കണ്ണൂസ് പറയുന്ന സീ പി ഏ വളരെ സ്ട്രോങ്ങ് ആയപ്പോള്‍ അതിനെ എങ്ങനെ നേരിട്ടു എന്ന കഥ അറിയുമല്ലോ? ( ചിക്കാഗോ തെരുവീഥി എങ്ങനെ ആവര്‍ത്തിച്ചില്ല എന്നതും?)

Monday, August 4, 2008

അമേരിക്കന്‍ വ്യക്തിഗത ആദായ നികുതി- എന്താണ്‌ ശമ്പളം?

ശമ്പളം? അതിപ്പോ എല്ലാവര്‍ക്കും അറിയില്ലേ എന്ന് പെട്ടെന്ന് തോന്നിയേക്കാം. അമേരിക്കന്‍ ആദായ നികുതി നിയമത്തിനു മുന്നില്‍ ചുങ്കം ചുമത്തപ്പെടുന്ന ശമ്പളം എന്നാല്‍:

1.തൊഴിലുടമ നിങ്ങള്‍ക്ക് നേരിട്ടു തരികയോ ബാങ്കില്‍ അടയ്ക്കുകയോ മറ്റുരീതിയില്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്ത എല്ലാ പണവും
2.നിങ്ങളുടെ ഉടമസ്ഥതയിലേക്ക് ആക്കിത്തന്ന എല്ലാ സ്ഥാവരജംഗമങ്ങളുടെയും വിപണിവില (ഉദാ. ഒരു വീടാണു തരുന്നതെങ്കില്‍ ആ സ്ഥലത്ത് അത്തരം വീടവാങ്ങാനുള്ള സാധാരണവില)
3.നിങ്ങള്‍ക്കു വേണ്ടി എഴുതിത്തള്ളുകയോ വീട്ടുകയോ ചെയ്ത കടങ്ങള്‍ (നിങ്ങള്‍ ജാക് ഡാനിയലിലാണ്‌; വാങ്ങിയ കുപ്പികളുടെ വില കമ്പനി എഴുതിത്തള്ളി, നിങ്ങള്‍ ഓറക്കിളിലാണ്‌, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകാരന്റെ വിളി സഹിക്കവയ്യാതെ കമ്പനി ആ അടവ് അങ്ങു നടത്തി
4.അംഗീകൃത പെന്‍ഷന്‍ പ്ലാനില്‍ നിന്നും ലഭിക്കുന്ന എല്ലാ തുകയും (റോത്ത്, കവര്‍ഡെല്‍ തുടങ്ങിയവ വേറൊരദ്ധ്യായത്തില്‍)
5. നിങ്ങള്‍ ടിപ്പ് സുല്‍ത്താന്‍ ആണെങ്കില്‍ പ്രതിമാസം ഇരുപതു ഡോളറില്‍ പുറത്ത് ടിപ്പായി ലഭിക്കുന്ന തുക
എന്നിവയും; താഴെപ്പറയുന്നതില്‍ പരിധിക്കപ്പുറമുള്ള സൗജ്യനങ്ങളും ബെനിഫിറ്റുകളും കൂടിച്ചേരുന്നതാണ്‌ ശമ്പളം

വാര്‍ഷിക പരിധിബന്ധിതമായി താഴെപ്പറയുന്നവ ശമ്പളമായി ചുങ്കപ്പെടേണ്ടതില്ല:
1.കമ്പനി അടച്ച $50,000 വരെയുള്ള വാര്‍ഷിക ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം
2.സേവനങ്ങളുടെ സൗജന്യനിരക്കില്‍ 20% ല്‍ പുറത്തുള്ള തുക;
3.തൊഴിലുടമയുടെ സ്ഥാപനത്തില്‍ സൗജന്യനിരക്കില്‍ വാങ്ങുന്ന സാധനങ്ങളില്‍ കമ്പനിയുടെ ക്രയാദായത്തിലും കൂടിയ സൗജന്യമുണ്ടെങ്കില്‍ അത്;
4.ഗ്രാജുവേഷന്‍/ പിജി കോഴ്സുകളില്‍ $5250 നു മുകളില്‍ വരുന്ന ട്യൂഷന്‍ കമ്പനി തന്നത്
5.കാര്‍ പാര്‍ക്കിങ്ങിന്‌ $215 വരെ
6.ട്രാന്‍സിറ്റ് പാസ്സ് $110 വരെ.

പരിധികളില്ലാതെ ആദായനികുതി ഒഴിവാകുന്ന കാര്യങ്ങള്‍
1.അംഗീകൃത പെന്‍ഷന്‍ പദ്ധതികളിലേക്ക് തൊഴിലുടമ അടയ്ക്കുന്ന തുക
2.തൊഴില്‍ സ്ഥാപനത്തിനുള്ളില്‍ താമസസൗകര്യമോ സൗജന്യഭക്ഷണമോ ലഭിക്കുന്നത്
3.ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തരുന്ന തുകകള്‍
4.ചികിത്സയ്ക്കോ അംഗഭംഗത്തിന്റെ പുറത്തോ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ നിന്നു ലഭിക്കുന്ന പണം
5.ഡെമിനിമിസ് സൗകര്യങ്ങള്‍ (സ്വകാര്യ ഉപയോഗത്തിനായി ഒരു ലാപ്പ് ടോപ്പ്, റെഫറന്‍സ് ലൈബ്രറി... എന്നാല്‍ കാറും വീടുമൊന്നും മിനിമിസ് അല്ല)
6.പ്രീടാക്സ് ഡെപ്പോസിറ്റ് (രണ്ടരവര്‍ഷത്തിനകം ഹെല്‍ത്ത് ഡിപ്പന്‍ഡന്റ് കെയറിന്‌ ഉപയോഗിച്ചു തീര്‍ക്കേണ്ടത്)

ഇത്രയുമൊക്കെ ചേര്‍ന്നാല്‍ ശമ്പളമായി.

അടുത്തത്- ശമ്പളേതര ചെറു വരുമാനങ്ങള്‍

മുന്‍ പോസ്റ്റിലെ കമന്റുകള്‍ക്ക്
പ്രിയ സൂരജ്,
തുല്യപ്പെട്ടത് എവിടെയായിട്ട് എന്തു കാര്യം, അതുല്യമായത് എന്തരേലും കയ്യിലില്ലെങ്കില്‍ ഇക്കാലത്ത് വല്യ പാടു തന്നപ്പാ. ഈ സീരീസ് ഒരു സുഹൃത്ത് സ്വകാര്യമായി ചോദിച്ചതിനുള്ള മറുപടിയാണ്‌, എന്നാല്‍ പിന്നെ ബ്ലോഗില്‍ കിടക്കട്ടേ നാലുപേരൂടെ കാണുമല്ലോ എന്നു കരുതി, അത്രേയുള്ളു പ്രകോപനം .
രാധേയോ,
ബ്ലോഗില്‍ പലരും ഞാന്‍ സീ പി ഐ കാരന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്, വേറേ ചിലര്‍ സീ പീ എം കാരന്‍ ആണെന്ന് പറഞ്ഞു. ഇപ്പ ദാ സീ പീ ഏ ആണോന്ന് . സീ പി കള്‍ ഏറ്റു വാങ്ങാന്‍ ഇനിയും അന്തപ്പന്റെ ജീവിതം ബാക്കി :)

പാഞ്ചാലീ,
ആ സുഹൃത്ത് എവിടെയെങ്കിലും ക്ലാസ്സിനു ചേര്‍ന്നിട്ടില്ലെങ്കില്‍ അന്തോണി വക ഒരു സജഷന്‍ (അമ്മച്യാണെ എനിക്കു കമ്മീഷനൊന്നുമില്ല) . Illinois State University ല്‍ ബെക്കര്‍ സി പി ഏ റിവ്യൂ കോഴ്സ് ഉണ്ട്, ഇപ്പോ പോയി ചേരാം. ശകലം എക്സ്പന്‍സീവ് ടീം ആണ്‌ പക്ഷേ അവര്‍ തരുന്നതിലും നല്ല ക്ലാസ് എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല.
സിജു,കോറോത്ത്- നന്ദി.

Saturday, August 2, 2008

നിര്‌വീര്യംകരണം!

ഈ പോസ്റ്റ് അരവിന്ദിന്‌‌. ബോംബ് സ്ക്വാഡിന്റെ പ്രകടനം ടെല്ലിവിഷത്തില്‍ കാണാന്‍ പറ്റിയില്ല, പക്ഷേ വായിച്ചപ്പോള്‍ രണ്ടുകാര്യം ഓര്‍ത്തു.

ഒന്ന്: പത്തു വര്‍ഷത്തോളം പണ്ട്. നാട്ടിലെ ഒരു പോലീസ് സ്റ്റേഷന്‍. ഒരു കടത്തിണ്ണയില്‍ സംശയാസ്പദമായ എന്തോ കണ്ടെന്ന് ആരോ പോലീസില്‍ പറഞ്ഞു. രണ്ട് കോണ്‍സ്റ്റബിള്‍ മാരെ അങ്ങോട്ട് പറഞ്ഞയച്ചു. അവര്‍ കണ്ടു, സംഭവം ബോംബാണ്‌. ബോംബുസ്ക്വാഡ് അങ്ങ് പത്തു മുന്നൂറു കിലോമീറ്ററപ്പുറത്തുള്ള ഓഫീസിലേയുള്ളു. ലോക്കല്‍ പോലീസിനു ബോംബ് കൈകാര്യം ചെയ്യാനോ നിര്വ്വീര്യമാക്കാനോ ഉള്ള അറിവൊന്നുമില്ല. ഇതിവിടെ കിടന്നു പൊട്ടിയാല്‍ നോക്കാന്‍ ചെന്നവന്റെ തൊപ്പിയും തെറിക്കും.

അടുത്തുള്ള പബ്ലിക്ക് ബൂത്തില്‍ കേറി ഇന്‍സ്പക്റ്റര്‍ക്ക് ഫോണ്‍ ചെയ്തു . അങ്ങേര്‍ക്കും ഒരു പിടിയും ഇല്ല. അറിയാവുന്ന ദൈവത്തിന്റെയെല്ലാം വിളിച്ചശേഷം പോലീസുകാര്‍ സാധനം അടങ്ങിയ ബാഗ് എടുത്ത് ഒരോട്ടോറിക്ഷയില്‍ കയറി സ്റ്റേഷനിലെത്തി. ഭാഗ്യത്തിനു പൊട്ടിയില്ല. ഇന്‍സ്പെക്റ്റര്‍ തല പുകഞ്ഞശേഷം സംഗതി എടുത്ത് വാട്ടര്‍ ടാങ്കില്‍ താഴ്ത്താന്‍ പറഞ്ഞു, ഇനി വല്ല വെടിമരുന്ന് വച്ചുള്ള ബോംബാണെങ്കില്‍ നനഞ്ഞ് നശിച്ചോളുമല്ലോ. പോലീസുകാര്‍ സംഗതി എടുത്ത് വാട്ടര്‍ ടാങ്കിലിട്ട് താഴെ ഇറങ്ങിയതും ഒറ്റൊറ്റ പൊട്ടല്‍. വാട്ടര്‍ ടാങ്കും സ്റ്റേഷന്റെ പകുതിയും തവിടു പൊടി. നേര്‍ച്ചയുടെ ഫലമായിരിക്കും, ആളപായമില്ല.

രണ്ട്:
മനുഷ്യാവകാശത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊക്കെ ചുക്കാന്‍ പിടിച്ച പ്രശസ്തയായ ഒരു സ്ത്രീ ദില്ലി പോലീസിനെ നയിക്കും കാലം. ഒരു വിദേശമാസികയില്‍ റിപ്പോര്‍ട്ട് വന്നു ദില്ലി പോലീസിന്റെ കുശാഗ്രബുദ്ധിയെപ്പറ്റി. സംഗതി ഇത്രയേയുള്ളു. ഡെല്‍ഹിയില്‍ സംശയാസ്പദമായ ബാഗോ മറ്റോ കിടക്കുന്നതു കണ്ടാല്‍ പോലീസ് ഉടനേ ഒരു നഗരപ്രദക്ഷിണം നടത്തി യാചകബാലന്മാരെയോ തെരുവുപിള്ളേരെയോ ചേരിവാസികളുടെ മക്കളെയോ പൊക്കും, എന്നിട്ട് ദൂരെ മാറി നിന്ന് ആ കുട്ടികളോട് അതെടുത്ത് തുറന്നു പരിശോധിക്കാന്‍ പറയും. ചത്താല്‍ തെണ്ടികള്‍ ചാവട്ടെ!

സംഗതി ഒച്ചപ്പാടായപ്പോള്‍ ഈ പണി ദില്ലി പോലീസ് നിര്‍ത്തി. അഞ്ചാറു വര്‍ഷം കഴിഞ്ഞ് ഒരു ഇന്ത്യന്‍ മാഗസീന്‍ വീണ്ടും അന്വേഷിച്ചപ്പോല്‍ പഴയ ഒച്ചപ്പാടൊക്കെ അടങ്ങിയപ്പോല്‍ പോലീസ് വീണ്ടും ഈ പണി തുടങ്ങി എന്നായിരുന്നു കണ്ടത്.

അമേരിക്കന്‍ വ്യക്തിഗത ആദായ നിയമം- ഒന്ന്

ഇതെന്റെ ഇരുന്നൂറാമത്തെ പോസ്റ്റ്. നൂറ്റി തൊണ്ണൂറ്റൊമ്പതും സഹിച്ച നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍

പ്രാര്‍ത്ഥന - അടുത്ത ഏപ്രില്‍ പതിനഞ്ചിനെങ്കിലും ഈ തുടരന്‍ ഒരുമാതിരി പൂര്‍ത്തിയാവണേ എന്റെ കൗടില്യഗുരുവേ!

അമേരിക്കന്‍ ആദായ നികുതി നയം:
സോഷ്യലിസ്റ്റ് നികുതി സമ്പ്രദായം പിന്‍ തുടരുന്നതും അതേ സമയം ആഡം സ്മിത്തിന്റെ നികുതിയുടെ നാലുകാല്‍ നയവും (ചിലവില്ലാതെ, കൃത്യസമയത്ത്, കഴിവനുസരിച്ച് സൗകര്യപ്രദമായ മാര്‍ഗ്ഗത്തില്‍ നികുതി പിരിക്കുക) വെല്‍ഫയര്‍ എക്കണോമിസ്റ്റുകളുടെ മൂന്നു താങ്ങും (പുരോഗതിയെ തടസ്സപ്പെടുത്താത്ത, ഒരു രാജ്യം ടാക്സ് അടിച്ചതിനു മേല്‍ കേറി വീണ്ടും അടിക്കാത്ത, പണപ്പെരുപ്പത്തിനെ അഡ്ജസ്റ്റ് ചെയ്യുന്ന നികുതി നയം ) ആണ്‌ യു എസ് ഏയുടേത്. ഏകദേശം ആദര്‍ശാധിഷ്ഠിത ചുങ്കനയം എന്നു തന്നെ പറയാം.

ഏതു വ്യക്തിയാണ്‌ ആദായ നികുതി കൊടുക്കേണ്ടത്?
അമേരിക്കയില്‍ എന്തെങ്കിലും തരം ചുങ്കം ചുമത്തേണ്ട അളവില്‍ ആദായമുള്ള പൗരന്മാരും പ്രവാസികളും സന്ദര്‍ശകരും.

എപ്പോഴാണ്‌ കൊടുക്കേണ്ടത്?
ആദായം നേടുന്നതനുസരിച്ച് നികുതിയും കൊടുത്തുകൊണ്ടേയിരിക്കണം. തല്‍ക്കാലം ഉദ്യോഗസ്ഥരെക്കുറിച്ചാണല്ലോ പരാമര്‍ശം, നിങ്ങളുടെ തൊഴിലുടമ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ച് സര്‍ക്കാരിലടച്ചുകൊള്ളും. ബന്ധപ്പെട്ട കണക്കുകൂട്ടല്‍ (ഫോറം ഡബ്ലിയു 4) കഴിവതും കൃത്യമായ വിവരത്തോടെ നല്‍കാന്‍ മാത്രം ശദ്ധിച്ചാല്‍ മതിയാവും (വിശദ വിവരങ്ങള്‍ കുറേ കഴിഞ്ഞ ശേഷം)

എന്താണ്‌ ഇന്‍‌കം ടാക്സ് റിട്ടേണ്‍?
ആദായ നികുതി കണക്കുകള്‍ അതാത് കോളങ്ങളില്‍ പൂരിപ്പിച്ച് നികുതിയാപ്പീസില്‍ ബോധിപ്പിക്കുന്ന ഫോറമാണ്‌ ഇങ്കം ടാക്സ് റിട്ടേണ്‍. വ്യക്തികള്‍ക്ക് താഴെക്കൊടുക്കുന്ന സ്റ്റാറ്റസ് പ്രകാരം ഫോറം പത്തു നാല്പ്പത്, ഫോറം പത്തു നാല്പ്പത്, പത്തു നാല്പ്പത് ഏ, പത്തുനാല്പ്പത് ഈസെഡ് (അമേരിക്കന്‍ ഉച്ചാരണത്തില്‍ ടെന്‍ഫോട്ടി ഈസീ) എന്നീ ഫോറങ്ങളവും ബാധകം. www.irsഡോട്ട് gov എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണോ?
൧. ഇനിയത്തെ അദ്ധ്യായങ്ങളില്‍ പറയും വിധം ആദായ നികുതി കണക്കു കൂട്ടിയാല്‍ പരിധിക്കപ്പുറത്തു വരുന്നു എങ്കിലോ;
൨. സ്വയം തൊഴിലുകാരനാണെങ്കില്‍ നാനൂറ്‌ ഡോളറില്‍ പുറത്ത് വാര്‍ഷിക ലാഭം ഉണ്ടെങ്കിലോ
൩. നിങ്ങള്‍ ആശ്രിതനെന്നു കാണിച്ച് മറ്റാരെങ്കിലും റിട്ടേണ്‍ കൊടുക്കുകയും നിങ്ങള്‍ക്ക് പ്രതിവര്‍ഷം എണ്ണൂറ്റമ്പത് (കണക്കുകള്‍ വര്‍ഷാവര്‍ഷം മാറാം) ഡോളറില്‍ പുറത്ത് വരുമാനമുണ്ടെങ്കിലോ;
നികുതി അടയ്ക്കാതെ റീഫണ്ട് കിട്ടുന്ന (ടാക്സ് ക്രെഡിറ്റ്) ദരിദ്രനാണെങ്കിലോ;

നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

എന്ന് ഫയല്‍ ചെയ്യണം?
എല്ലാ വര്‍ഷവും ഏപ്രില്‍ പതിനഞ്ചിന്‌ മുന്നാണ്ട് വരുമാനത്തിന്റെ റിട്ടേണ്‍ ഫയലണം. ഫയലിങ്ങിന്‌ ഒക്റ്റോബര്‍ പതിനഞ്ചു വരെ അധിക സമയം കിട്ടും, എന്നാല്‍ ടാക്സ് അടയ്ക്കേണ്ടതിന്‌ ഈ അധിക സമയം ബാധകമല്ല എന്നു ശ്രദ്ധിക്കുക. ഫയലിങ്ങ് സമയം വിദേശത്തായിപ്പോയ ചിലര്‍ക്ക് രണ്ടുമാസം കൂടി അവധി കിട്ടാറുണ്ട്.



എന്താണ്‌ ഫയലിങ്ങ് സ്റ്റാറ്റസ്?
അമേരിക്കന്‍ ആദായ നിയമത്തിനു മുന്നില്‍ നികുതി ദായകന്‌ അഞ്ചു സ്റ്റാറ്റസ് ഉണ്ട്

൧. ഒറ്റയാള്‍ (അവിവാഹിതന്‍, അല്ലെങ്കില്‍ ബന്ധം ഒഴിഞ്ഞയാള്‍) - ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം

൨. ഒറ്റ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ദമ്പതികള്‍ - ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം

൩. വെവ്വേറേ ഫയല്‍ ചെയ്യുന്ന വിവാഹിതര്- ‍ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം . ഇവര്ക്ക് ജോയിന്റ് വരുമാനം, ഡിഡക്ഷന്‍, എക്സമ്പ്ഷം എന്നിവ പകുതി വീതം അവകാശപ്പെടാം.

൪. വിധവ/വിഭാര്യന്‍
ഭാര്യയോ ഭര്‍ത്താവോ മരിച്ച് രണ്ടു വര്‍ഷം തികയാത്ത, വീണ്ടും വിവാഹം കഴിക്കാത്ത, കുട്ടികളുള്ള കുടുംബം പുലര്‍ത്തുന്ന ആളിനു മാത്രമേ ഈ സ്റ്റാറ്റസ് ലഭിക്കൂ.

൫. കുടുംബനാഥ/ന്‍
സാധാരണ കുടുംബനാഥനല്ല ഇത്. വിവാഹം കഴിക്കാത്തതോ, ബന്ധം ഒഴിഞ്ഞതോ അല്ലെങ്കില്‍ ആറുമാസത്തിനപ്പുറം ഇണപിരിഞ്ഞവരോ ആയ, മക്കളെയോ ആശ്രിതരായ അച്ഛനമ്മമാരെയോ, ദായകന്റെ സ്വന്തം വീട്ടില്‍ പോറ്റുന്ന ആശ്രിത ബന്ധുക്കളെയോ ടാക്സ് വര്‍ഷത്തിലെ ആറുമാസത്തിനപ്പുറം സപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കന്‍ പൗരനു മാത്രമേ ഈ സ്റ്റാറ്റസ് ലഭിക്കൂ.

വരും ലക്കം- ശമ്പളം എന്നാല്‍ എന്ത്?

പ്രവാസവും കേരളവും - പുതിയ സീരീസ് ആമുഖം

പ്രവാസവും കേരളവും എന്ന തുടരന്‍ സമയ പരിമിതി മൂലം മുടങ്ങി മൂലയില്‍ കിടപ്പായിപ്പോയി. ഇപ്പോ കണ്‍റ്റിന്യുവേഷന്‍ പ്രശ്നം. അതുകൊണ്ട് പുതിയൊരദ്ധ്യായത്തില്‍ തുടങ്ങാമെന്നു വച്ചു.

പ്രവാസികളില്‍ മഹാ ഭൂരിഭാഗവും ജോലിക്കാരാണ്‌. കുറച്ചു പേര്‍ സ്വയം തൊഴില്‍ അടിസ്ഥാനത്തിലും. ഒട്ടു മിക്ക ആളുകള്‍ക്കും അവനവന്‍ ജീവിക്കുന്ന നാട്ടിലെ ആദായ നികുതി നിയമങ്ങളെക്കുറിച്ച് "എന്തരോ ടാക്സ് മൊതലാളി പിടിച്ച്, എന്തരോ ഫോറം പൂരിപ്പിച്ചിട്ടാല്‍ അതീന്ന് എന്തരേലും എപ്പഴേലും കിട്ടിയാ രക്ഷ" എന്നല്ലാതെ വലിയ പിടി ഇല്ല.

ഇതില്‍ പ്രശ്നം മൂന്നാണ്‌:
ഒന്ന് : വരുമാനത്തില്‍ ഏകദേശം എത്ര സര്‍ക്കാരിനു പോകുമെന്ന് ഊഹിക്കാനോ അത്യാവശ്യം ടാക്സ് പ്ലാനിങ്ങ് നടത്താനോ സാധിച്ചെന്നു വരില്ല.

രണ്ട് : ന്യായമായും തനിക്കു കിട്ടേണ്ട ഇളവുകളും തിരിച്ചു വരവും പലപ്പോഴും നഷ്ടപ്പെട്ടു പോകും.

മൂന്ന് : ജയിലില്‍ പോയേക്കാം! ഓര്‍ക്കുക, അല്‍ കാപോണിന്റെ ജീവിതത്തിലെ ഇരുമ്പഴി പര്വ്വം കൊള്ളയ്ക്കും കൊലയ്ക്കുമൊന്നുമായിരുന്നില്ല, ആദായ നികുതി കുറ്റത്തിനായിരുന്നു. എന്തിനു മാപ്പുകൊടുത്താലും ഭരണകൂടം ചുങ്കക്കാര്യത്തില്‍ ക്ഷമിക്കില്ല, പിച്ചക്കാരന്‍ പോലും അവന്റെ ചട്ടിയില്‍ കയ്യിട്ടാല്‍ വടിയെടുക്കില്ലേ.

മഹാ ഭൂരിപക്ഷം മലയാളി പ്രവാസികളും ഗള്‍ഫിലാണെന്നത് രക്ഷയായി. കിട്ടുന്ന ചില്ലറയെല്ലാം റ്റാക്സ് ഫ്രീ ആണല്ലോ (എത്ര കാലമോ!). ബ്ലോഗ് എണ്ണം എടുത്തിട്ട് രണ്ടാമത്തെ കൂട്ടര്‍ യു എസ് ഏയില്‍ ആണ്‌. ഇനി ഒരഞ്ചാറു തുടരന്‍ അവര്‍ക്കു വേണ്ടി ആകാം, അവര്‍ക്ക് താല്പ്പര്യമുണ്ടെങ്കില്‍ (വൃധാ വ്യായാമം നടത്തുകയാണെന്ന് തോന്നിയാല്‍ പറഞ്ഞാല്‍ മതി, ആശ്വാസപൂര്വ്വം നിര്‍ത്താം).

ഓര്‍ക്കുക, എല്ലാ നിയമങ്ങളുടെയും അമ്മയായ നിയമം "നിയമം അറിയില്ല എന്നത് ഒരൊഴിവുകഴിവല്ല" എന്നതാണ്‌. അവനവനു ബാധകമായ നിയമങ്ങളെ അറിയുക, ധനനഷ്ടം, മാനഹാനി, ജയില്‍ വാസം, എന്നിവയില്‍ നിന്നും സ്വയം രക്ഷിക്കുക.

ഡിസ്ക്ലെയിമര്‍:
ഇതൊരു വിദഗ്ദ്ധോപദേശമല്ല (അതിനു രൊക്കം കാശു തരണം). നിയമ പാഠപുസ്തകവുമല്ല (അതിനു ട്യൂഷന്‍ ഫീസ് തരണം). എങ്ങനെ നികുതി വെട്ടിക്കാമെന്നല്ല (സത്യം വദ). കുറഞ്ഞ പക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വിദഗ്ദ്ധനോട് എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നെങ്കിലും അമേരിക്കന്‍ പ്രവാസികളില്‍ ഏറ്റവും കുറഞ്ഞത് ഒരാളിനെ എങ്കിലും മനസ്സിലാക്കിക്കുക എന്നതാണ്‌ ദൗത്യം. ന്നാ തൊടങ്ങാം?