Wednesday, July 27, 2011

വൈറ്റ് ഹൌസ് - ഒരു സ്മരണ

ദന്തപാലകൻ ക്ലിനിക്ക് അടച്ചു എന്നെ കൂട്ടി ഒരു ബീയറു കടയിൽ കേറി. നല്ല സെറ്റ് അപ്പ്, പ്രത്യേകം പ്രത്യേകം ക്യൂബിക്കിൾ ഉണ്ട് ഓരോ ടേബിളിനും.

എങ്ങനൊണ്ട് ഈ സ്ഥലം, ഒരു പ്രൈവസിയൊക്കെ ഇല്ലേ?
കൊള്ളാം. പിന്നെ ബാറെത്രയായാലും ബാറു തന്നല്ല്.

നീ ഇപ്പ തൊടങ്ങും പണ്ടത്തെ നിന്റെ ഷാപ്പ് വല്യ പ്ലാറ്റോണിക്ക് അക്കാഡമി ആയിരുന്നെന്നും പറഞ്ഞ്, എനിക്ക് കേക്കണ്ടാ.
കേക്കണം. കള്ളു ഷാപ്പും ചാരായഷാപ്പും തമ്മിൽ ഉള്ള വത്യാസം സംസ്കാരങ്ങളുടേതാണ്. മുഴുത്ത കുടിയനോ കുടിച്ചില്ലേൽ കൈ വിറയ്ക്കുന്നവനോ കുടിച്ച് ശർദ്ദിച്ച് തല്ലുണ്ടാക്കുന്നവനോ ഞങ്ങടെ കള്ളുഷാപ്പിൽ ഇല്ലായിരുന്നു. അമ്മാതിരി കച്ചറകളൊക്കെ ചാരായം കുടിക്കാൻ പോയിക്കോളും. ഷാപ്പിൽ വരുന്നവരിൽ തന്നെ എല്ലാവരും എന്നും കുടിച്ചിരുന്നില്ല. പ്രൊഫസറെപ്പോലുള്ളവർ ഇടയ്ക്കു വരുമെങ്കിലും മാസത്തിൽ ഒരു തവണയോ മറ്റോ, ചിലപ്പോ അതും ഇല്ല.

അതു പിന്നെന്താ അമ്പലമാണോ എല്ലാവരും സന്ധ്യയ്ക്കു വന്ന് പ്രദക്ഷിണം ചെയ്യാൻ?
അവിടം ഒരു ജെന്റിൽമാൻസ് ക്ലബ് ആണ്. അവിടെ ചൊല്ലാത്ത കവിതയില്ല, അവിടെ ചർച്ച ചെയ്യാത്ത വിഷയമില്ല, നിനക്കവിടം ആലോചിക്കാൻ പറ്റില്ല. സ്കൂളിൽ പോയിട്ടില്ലാത്തവരും കൂലിപ്പണിക്കാരും വലക്കാരും ഒക്കെ എന്തോന്ന് ഇത്ര വല്യ കാര്യം സംസാരിക്കാൻ എന്ന് തോന്നും നിനക്ക്. ഇന്ന് കുടിക്ക് അങ്ങനെ ഒരു ജെന്റിൽ മുഖമില്ല. കുടിച്ചാൽ പെടുത്ത് കിടക്കണം. അതിപ്പോ കള്ളുഷാപ്പിൽ ചെന്നാൽ വാറ്റും ആനമയക്കിയും അടിക്കും, ബാറിൽ ചെന്നാൽ ബോധം പോകുന്നവരെയും കുടിക്കും എന്ന രീതിയിലാണ് എന്റെ നാട്ടുകാർ. എന്റെ നാട് മാത്രമല്ല, മലയാളിയുടെ മൊത്തം സെറ്റ് അപ്പ് അതാണ്.

ഇത്രേം വല്യ കാര്യഗ്ങൾ ചർച്ചയ്ക്ക് വരുന്നത് എങ്ങനെ?
ആർക്കെങ്കിലും എന്തെങ്കിലും വിശേഷമുണ്ടാവും പറയാൻ, അതൊരു ചർച്ചയാകും. ചിലപ്പോൾ അതിന്മേൽ പിടിച്ച് ഒരു തമാശയോ പാരഡിപ്പാട്ടോ ആകും. അൾട്ടിമേറ്റ് ഉദ്ദേശം ഷെയർ ചെയ്യുക എന്നതാണ്, ഇത്തിരി വിവരം ആയാലും ഒരു പൊട്ടിച്ചിരി ആയാലും.

ഇൻസ്റ്റന്റ് തമാശയും പാരഡിയുമോ?
എന്താ സംശയം?

എന്നാ നീ ഇപ്പ ഒരെണ്ണം പാട്. അടുത്തെങ്ങും ആരുമില്ലല്ല്.
ചുമ്മാ പാടുന്നതെങ്ങനെ, ഒരു വിഷയം വരണം, ഒരു വ്യക്തിയെ കളിയാക്കാൻ കിട്ടണം, ഒരു മൂഡും വേണം.

മൂഡിനു ഇതെടുത്ത് വലി, എന്നിട്ട് നിനക്കു തോന്നുന്ന ആളിനെക്കുറിച്ച് തോന്നുന്നത് പാട്.
ഓക്കെഡേ, എന്നാൽ നിന്നെപ്പറ്റി തന്നെ ആയിക്കോട്ട്. ഹും... ശ്രുതി.റെഡി.

പല്ലുകുത്തീ എരപ്പാളീ
സ്വർണ്ണം ചാർത്തിയ നിൻ നെഞ്ചാമ്മൂടിയിന്ന്
ഇഞ്ചപ്പരുവമാക്കും. നിന്നെ ഞാൻ...
പല്ലുകുത്തീ എരപ്പാളീ.

കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ...
കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ, നീ വരുമ്പോൾ
നിന്റെ... കൊരവള്ളിക്കു ഞെരിക്കുവാൻ
ഒന്നു പൊട്ടിക്കുവാൻ എനിക്കു തോന്നും
എനിക്കു തോന്നും എനിക്കു തോന്നും

പല്ലുകുത്തീ എരപ്പാളീ...

മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ...
മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ,ഇറങ്ങി വരുമ്പോൾ
നിന്റെ... റിസപ്ഷനിലിരിക്കുന്ന താടക
പറയുന്ന തുക കേട്ടാൽ ബോധം പോകും
ബോധം പോകും ബോധം പോകും
പല്ലുകുത്തീ എരപ്പാളീ...

അതു കൊള്ളാം, ഇത്തരം കലകളും അവിടെ അഭ്യസിപ്പിക്കുമോ?
ഇത് കലയൊന്നുമല്ലെടേ, ഒരു പ്രാക്റ്റീസ് ആണ്. ഇമ്മാതിരി നാലെണ്ണം കേട്ടാൽ പിന്നെ നിനക്കും ഉണ്ടാക്കാം പാരഡീസ്.

അത്തരം ഒരു ഷാപ്പ് ഉണ്ടാവേണ്ടത് സാംസ്കാരികമായ ആവശ്യമാണ് അല്ലേ?
തീർച്ചയായും. അതിനു വലിയ പ്രാധാന്യമുണ്ട്. സമൂഹം പണം, ജാതി, മതം, സ്റ്റാറ്റസ്, വിദ്യാഭ്യാസം എന്നിങ്ങനെയുള്ളതിലെ മികവ് അനുസരിച്ച് പല ചേരികൾ തിരിയുകയും ഒരു സെഗ്മെന്റിൽ ഉള്ളവർ മറ്റൊരു സെഗ്മെന്റുമായും ഇന്ററാക്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

ഒരു കള്ളുഷാപ്പ് തുടങ്ങിയാലോ? മാന്യന്മാരായ വെറും സാധാരണക്കാർക്ക് മാന്യമായി വന്നു പോകാവുന്ന ഒരിടം?
മാന്യമായി വന്നു മാന്യമായി പോകുന്ന കള്ളുകുടിയന്മാർ അക്കാലം ഭൂരിപക്ഷമായിരുന്നതുകൊണ്ട് ആണ് അങ്ങനെ ഒരു സ്ഥലം അന്നുണ്ടായത്. ഇന്ന് അത്തരക്കാർ കുറവും അലമ്പ് കുടിയന്മാർ ഭൂരിപക്ഷവും ആയതുകൊണ്ടാണ് വൈറ്റ് ഹൌസ് പോലെയുള്ള സ്ഥലങ്ങൾ സ്വാഭാവികമായും നശിച്ചു പോയത്. അതുകൊണ്ട് ഇന്ന് ഒന്നുണ്ടാക്കിയാൽ മെംബർഷിപ്പ് നിബന്ധനകളോട് കൂടി കർശനമായ പെരുമാറ്റ ചട്ടങ്ങളോടു കൂടി എല്ലാവർക്കും പ്രവേശനമില്ലാത്ത എക്സ്ലൂസീവ് സ്ഥലം ആക്കേണ്ടി വരും.

അതും ആലോചിക്കാവുന്നതാണ്. ഒരു കള്ളു ക്ലബ്.

4 comments:

kARNOr(കാര്‍ന്നോര്) said...

good idea

ജയരാജന്‍ said...

"സമൂഹം പണം, ജാതി, മതം, സ്റ്റാറ്റസ്, വിദ്യാഭ്യാസം എന്നിങ്ങനെയുള്ളതിലെ മികവ് അനുസരിച്ച് പല ചേരികൾ തിരിയുകയും ഒരു സെഗ്മെന്റിൽ ഉള്ളവർ മറ്റൊരു സെഗ്മെന്റുമായും ഇന്ററാക്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത്" !

അനില്‍@ബ്ലോഗ് // anil said...

ക്ളബ് നടക്കും, പക്ഷെ കള്ളിനു എവിടെ പോകും?

യാത്രികന്‍ said...

പ്രവേശനം എല്ലാവര്ക്കും കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല. അലംബുണ്ടാക്കുന്നവനെ പിടിച്ചു പുറത്താക്കിയാല്‍ മതിയല്ലോ.