Wednesday, July 27, 2011

പല്ലിട

“നിന്റെ പല്ലടിച്ചു താഴെയിടും” എന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പ സാജൻ എന്നോട് പറഞ്ഞതാണ് എനിക്ക് ഓർമ്മയുള്ളതിൽ ആദ്യത്തെ കയ്യേറ്റ ഭീഷണി. അതിന്റെ ആണോ എന്തോ, പല്ലിൽ തൊടാൻ എനിക്കു പേടിയാണ്, എല്ലിൽ തൊടാൻ സമ്മതിച്ചാലും പല്ലിൽ തൊടാൻ സമ്മതിക്കൂല്ല ഞാൻ. ദന്തഗോപുരങ്ങൾ കാണുമ്പോൾ തന്നെ ഒരു ഭയം കാലീന്ന് പല്ലിലോട്ട് അരിച്ചു കേറും. പത്തിരുപത് വയസ്സായപ്പോഴേക്ക് ഒരു പല്ലിൽ വലിയ പോടായി അതു വലിയ പാടായി നീരു വന്നു വീർത്തിട്ടും ഞാൻ ഐബുപ്രൂഫൻ ഗുളികേം വാങ്ങിത്തിന്ന് അതങ്ങു സഹിച്ചതേയുള്ളൂ. എന്റെ പല്ലുവേദന അന്താരാഷ്ട്ര പ്രശ്നമാകുമെന്ന് കണ്ട വീട്ടുകാർ എന്നെ പിടിച്ചു കെട്ടി ഒരു ദന്താശുപത്രിയിൽ എത്തിക്കാൻ ഷാനവാസിനെ ഏൽ‌പ്പിച്ചു. കറിവയ്ക്കാൻ കോഴിയെ ഓടിക്കുമ്പോലെ ഷാ എന്നെ പറമ്പിലിട്ട് ഓടിച്ചെങ്കിലും ഞാൻ നൂറേൽ പാഞ്ഞുകളഞ്ഞു. പക്ഷേ അവനടങ്ങിയില്ല. രണ്ടുപേരെക്കൂടി കൂട്ടി വന്ന് എന്നെ പിടിച്ച് ഓട്ടോയിലിട്ട് അവൻ കൊണ്ട് പോയിക്കളഞ്ഞു. വഴിയിൽ നിന്നവർ എനിക്കു വട്ട് മൂത്ത് അവരെല്ലാം കൂടെ ഊളമ്പാറയ്ക്കു കൊണ്ടുപോകുകയാണെന്നു കരുതിക്കാണും.

ദന്തായുധപാണി ഈ കൂത്തെല്ലാം കണ്ട് “ദെന്താ?” എന്നു തിരക്കുകയും ഞാനായിട്ടു തന്നെ എന്റെ ഭയത്തെക്കുറിച്ചും ഭയപ്പെട്ടാൽ ഞാൻ ആക്രമിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പറഞ്ഞുകൊടുത്തു. എന്തോ ആ ഡോക്റ്റർക്ക് സ്വന്തം തടി രക്ഷിക്കുന്നതിൽ വലിയ താല്പര്യമില്ലായിരുന്നു. ഒരു പല്ലെടുക്കണം എന്നു പറഞ്ഞ് അങ്ങേരു കുത്തി വച്ചു. അത്രയും സമയം മൂവർ സംഘം എന്നെ വട്ടം കെട്ടിപ്പിടിച്ച് നിൽ‌പ്പായിരുന്നു. ഇനി വിട്ടോളൂ ഒരു വേദനയും അറിയില്ല എന്ന് പറഞ്ഞ് വൈദ്യൻ കൊടിലിട്ട് എന്റെ അണപ്പല്ലിൽ വലിച്ചു. ‘ൿടിക്കോ‘ എന്നൊരു ശബ്ദം എന്റെ തലയോട്ടിയിൽ കേട്ടു. ഞാൻ അത്രയേ അറിഞ്ഞുള്ളൂ. “എന്തരു പണിയാടാ നീ കാണിച്ചത്?” എന്ന് ഷാനവാസ് ചോദിച്ചത് അങ്ങേരോടാണെന്നാണു ഞാൻ കരുതിയത്. ഞാനും അതു ചോദിക്കാൻ ഡാക്റ്റന്റെ നേരേ നോക്കിയപ്പോൾ അയാൾ വയറും തടവി നിൽ‌പ്പാണ്. “ യെവൻ തൊഴിച്ചു കളയും എന്ന് തീരെ പ്രതീക്ഷിച്ചില്ല ഡോക്റ്റർ ” എന്ന് ഷാനവാസ് തുടർന്നപ്പോഴാണ് സംഗതി മനസ്സിലായത്. എന്റെ ചവിട്ടിന്റെ ശക്തിയിലാണോ എന്തോ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആ ഡെന്റിസ്റ്റ് മരിച്ചും പോയി.

കല്യാണം കഴിക്കാൻ നേരമാണ് പല്ലിലെ കറ, പ്ലാക്, പോട്, കേട് തുടങ്ങിയവ വൃത്തിയാക്കണം എന്ന ആവശ്യം ഉയർന്നത്. ഉയർത്തിയത് എന്റെ പ്രതിശ്രുത വധുവാണ്. മൂന്നു കൊല്ലം പ്രേമിച്ചിട്ട് ഒടുക്കം വിവാഹത്തിനു മുന്നേ ഒരു കണ്ടീഷൻ മുന്നോട്ട് വയ്ക്കുന്നത് ഒളിച്ചോടി റെജിസ്റ്റ്രാപ്പീസിൽ ചെന്ന പെണ്ണിനോട് ലവളുടെ ലവൻ ഒരു ലക്ഷം സ്ത്രീ ധനം തന്നാൽ ഞാൻ നിന്നെ കെട്ടാം എന്നു പറയുന്നതു പോലെ വെറും കൂതറ ചതിയാണെന്ന് ഞാൻ അവളോട് പറഞ്ഞു നോക്കി. ങ്ങേഹേ. പ്രേമം മൂത്താൽ പിന്നെ പ്രാണഭയവുമില്ലല്ലോ, ദന്തനെ കാണാൻ തീരുമാനിച്ചു. അപ്പോഴേക്ക് മറ്റൊരു പഴേ സ്കൂൾ മേറ്റ് ദന്തപ്പണിക്കാരൻ ആയിരുന്നു. അവനെ കാണാമെന്നു വച്ചു. ചവിട്ടിയാലും പഴേ കുളിക്കാട്ടുകാരനല്ലേന്ന് വച്ചിട്ട് അവനങ്ങു ക്ഷമിച്ചോളും.

ഓനെ ഫോൺ ചെയ്ത്.
“ഡേ ഞാനങ്ങോട്ട് വരുന്നുണ്ട്, നീ ഒരുങ്ങിക്കോ.”
“എട്ടുമണിക്ക് ക്ലിനിക്കടയ്ക്കുമെടേ, അതു കഴിഞ്ഞ് സേവ്യേഴ്സിലോട്ട് വാ.”
“വീശാനല്ലെടേ, പല്ലേൽ പണിയുണ്ട്. ഞാൻ രണ്ടെണ്ണം അടിച്ചിട്ടു വന്നാൽ കുഴപ്പമുണ്ടോ?”
“ ഡാ, മരുന്നു പ്രയോഗം കാണും മദ്യം തൊട്ടു പോകരുത്. അല്ലെങ്കിലും നീ കുടിച്ചിട്ട് ഇരിക്കുമ്പോൾ ഞാൻ നിന്റെ അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ കേട്ടിട്ടില്ലേ ‘മർക്കടസ്യ സുരപാന മദ്ധ്യേ...”
“ഫ ദന്തായുധാ.”
“ആരാടേ ദന്തായുധൻ?“
“സംസ്കൃതം അറിയില്ല അല്ലേ? ദന്തായുധനെന്നാൽ പന്നി.“

ദോഷം പറയരുതല്ലോ. അവന്റെ കുത്തും കിളയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ എനിക്കും എന്റെ കടിയും തൊഴിയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ അവനും അന്നു കഴിഞ്ഞു. അതോടെ ആവശ്യമുണ്ടെങ്കിൽ ദന്തനെയും കാണും എന്ന അവസ്ഥയായി.

അതാണ് ചരിത്രം. അടുത്ത ഇടയായി പല്ലിനൊരു ക്ലീനിങ്ങ് ആവശ്യമാണെന്ന് തോന്നി വരികയായിരുന്നു. ലവന്റെ ക്ലിനിക്കേൽ വിളിച്ച് ഒരപ്പോയിന്റായിന്റുമെന്റ് വാങ്ങിച്ചു. അന്നരം മുതൽ - ഭയമല്ല- ഒരു അസ്വസ്ഥത. ഇവനൊക്കെ വാക്ക് ഇൻ സൌകര്യം ഉണ്ടാക്കിക്കൂടേ, വെറുതേ മനുഷ്യന്റെ ഉറക്കം കളയാൻ.

അങ്ങനെ ആ ദിനം വന്നു ചേർന്നു. എന്തരോ വരട്ടെന്ന് മനസ്സിൽ കരുതി ഒരു വീർപ്പ് ശ്വാസം എടുത്ത് കേറിച്ചെന്നു. പല്ലുപണിക്കാരനു ആകെ പുരോഗതി. എന്തൊക്കെയോ ഭീകര യന്ത്രങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. അതീന്ന് എന്തരൊക്കെയോ ലവന്റെ സഹായി എടുത്ത് എന്റെ നാലുചുറ്റും നാട്ടി.
“പത്തു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ നിന്റെ വായിൽ ആരെങ്കിലും പണിയെടുത്തിട്ട്. എന്തരെടേ ഇത്?”
“ ചുമ്മാതല്ലല്ല്, തോനെ കാശ് തന്നിട്ടല്ലേ, നീ പണി തൊടങ്ങ് അമ്പീ.”
“ഡേ, തുമ്പിയോട് നിനക്ക് ശാപ്പാട് തരും പിന്നെന്താ കല്ലെടുക്കാൻ ഒരു മടി എന്നു ചോദിച്ചപോലാ അത്.”
“അത്ര മോശമാണോ കാര്യങ്ങൾ?”
“ഞാൻ കാണിച്ചു തരാം, ദാ ആ ടീവിയിൽ നോക്കിക്കേ, നിന്റെ വായക്കകം വീഡിയോ.”
“ രണ്ട് കറുത്ത പാട് കാണാനുണ്ട്, ആകെപ്പാടെ കറയും വേറെന്താ?”
“ദാ പോട്, ദോ പോട്, അവിടെയും ഇവിടെയും പോട്.”
“വരി തെറ്റിപ്പോയി. ഓ പോട്, ഓ പോട് എന്നല്ലേ?”
“നെനക്കു വേണേൽ അടച്ചാ മതി, ഒരു കാര്യം പറയാം- ഒരഞ്ചു കൊല്ലത്തിനപ്പുറം നിന്റെ പല്ലിൽ നല്ലൊരു ഭാഗം ഓടത്തില്ലെന്നു മാത്രമല്ല, ഒരു കൊല്ലത്തിനകം വേദനയും തുടങ്ങും. ദാ ഇതു കടിക്ക്”
“എന്തരിനു, വേദന തുടങ്ങാനോ?”
“അല്ല ഒരു എക്സ് റേ എടുക്കട്ട്.”
“ഇതു കണ്ടില്ലേ?”
“ മൊത്തം പണി ഇന്നു തീരുമോ?”
“ഹ ഹ ഹ.”
“കാര്യം ചോദിച്ചാൽ ചിരിക്കുന്നോടേ?”
“പതിനഞ്ചു വിസിറ്റെങ്കിലും വേണ്ടി വരും.”
“ഹമ്മച്ചി, അത്രേം ദിവസം ലീവില്ലെടേ.”
“എന്നാൽ ഞാൻ ക്ലീൻ ചെയ്തു വിടാം, നീ ദുബായിൽ പോയി ആരെയെങ്കിലും കാണിക്ക്.”
“സാമദ്രോഹി മനസ്സമാധാനത്തിനാണു നാട്ടിൽ വരുന്നത്, നീ അതു നശിപ്പിച്ച് വിട്ടല്ലോടേ?”
“മനസ്സമാധാനത്തിനുള്ള മരുന്നൊന്നും കൊണ്ടു വന്നില്ലേ നീ?”
“ ങു ങും. നീ കടയട, നമുക്ക് വല്ല ബീയറു കടേലും പോകാം.”

3 comments:

kARNOr(കാര്‍ന്നോര്) said...

അടുത്ത മാസം നാട്ടില്‍ പോകുമ്പം പല്ലെല്ലാം ഒന്ന് സര്‍വീസ് ചെയ്യിക്കണം എന്നൊണ്ട്. എന്തരാവുമോ എന്തോ .. ! (വല്ലപ്പോഴും എന്തെങ്കിലും എഴുതൂ .. :))

ജയരാജന്‍ said...

{“ദാ പോട്, ദോ പോട്, അവിടെയും ഇവിടെയും പോട്.”
“വരി തെറ്റിപ്പോയി. ഓ പോട്, ഓ പോട് എന്നല്ലേ?”}
ഹ ഹ ഹ!

അനില്‍@ബ്ലോഗ് // anil said...

എന്നാലും നാട്ടിലെ പല്ലന്മാർ മേടിക്കുന്ന റേറ്റ് കുറവാണെന്നാ തോന്നുന്നത്. എന്റെ ഒരു ജപ്പാൻ ചങ്ങാതി പല്ല് വക്കാൻ മാത്രം വണ്ടി പിടിച്ച് ഇങ്ങ് കേരളത്തിൽ വന്നു.
എന്റ്റെ പല്ലിന്റെ സ്ഥിതി എന്താണോ എന്തോ.