Friday, September 11, 2009

ദ എന്‍ഡവര്‍

ഹിറ്റ് മേക്കര്‍ രാജി വൈകുണ്ഠ് പുതവത്സര സമ്മാനമായി മലയാളം പ്രേക്ഷകര്‍ക്കെത്തിക്കാന്‍ നിര്‍മ്മിക്കുന്ന സിനിമയാണ്‌ "ദ എന്‍ഡവര്‍" . സ്ഥിരം പ്രമേയങ്ങളില്‍ നിന്ന് വത്യസ്ഥമായി എന്തെങ്കിലും കാണുമെന്ന ആശങ്കയേ പ്രേക്ഷകര്‍ക്ക് വേണ്ടെന്ന് സം‌വിധായകനും നിര്‍മ്മാതാവും ഉറപ്പ് നല്‍കിയിട്ടുണ്ട്.

നന്മനിറഞ്ഞ ഗുണ്ടയായ തിരണ്ടി രമേശന്‍ (സൂപ്പര്‍ സ്റ്റാര്‍) പതിവുപോലെ രാവിലേ എഴുന്നേറ്റ് വെള്ളമടിച്ചും അലമ്പുണ്ടാക്കിയും പോലീസുകാരെ ചുമ്മാ പിടിച്ചിടിച്ചും രസിക്കുന്ന ജന്മിയാണ്‌. ക്രൂരനും തോട്ടം ഉടമയുമായ നരേന്ദ്രന്‍ മുതലാളി(ജഗന്നാഥ വര്‍മ്മ) യുടെ കാല്‌ തിരണ്ടി രമേശന്‍ തന്റെ ടി ആകൃതിയിലുള്ള കത്തികൊണ്ട് വെട്ടി മാറ്റുന്നത് കണ്ട് മോഹിച്ച് നരേന്ദ്രന്‍ മുതലാളിയുടെ കോടീശ്വരിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ആയ മകള്‍ മേഘന (പുതുമുഖം സരോജിനി വര്‍മ്മ ) രമേശനുമായി പ്രണയത്തിലാകുന്നു.

മദ്യവും പ്രേമവും തലയ്ക്കു പിടിച്ച് ആടിയും പാടിയും വെട്ടിയും കുത്തിയും ആഘോഷിച്ചു നടക്കുമ്പോഴാണ്‌ സുഹൃത്തുക്കള്‍ ഒരു ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്. അബ്‌കാരിയും ഭൂവുടമയും നാട്ടിലെ പ്രമാണിയുമായ സണ്ണി മത്തായി (ദേവന്‍)യെ അധോലോക നായകന്മാരായ സ്വയം‌പ്രഭയും (ഇന്ദ്രജിത്ത്) കിള്ളിപ്പാലം സന്തോഷും (ഷമ്മി തിലകന്‍) ചേര്‍ന്ന് നശിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചായിരുന്നു അത്. പ്രഭയും സന്തോഷും നിഷ്‌കളങ്കനായ സണ്ണിയെ ഒപ്പം കൊണ്ടുനടന്ന് മദ്യം കുടിപ്പിച്ചും മറ്റ് അനാശാസ്യപ്രവര്‍ത്തികള്‍ പരിശീലിപ്പിച്ചും ശാരീരികവും മാനസികവുമായി തകര്‍ത്ത് ആ പ്രമാണിയുടെ ബിസിനസ്സ് സാമ്രാജ്യം നശിപ്പിക്കുക എന്ന കുത്സിത വൃത്തിയാണ്‌ നടപ്പിലാക്കുന്നത്.

എക്സൈസ് മന്ത്രി കൊടിക്കുന്നില്‍ രാമകൃഷ്ണന്റെ മകന്‍ സുനീഷ് ആണ്‌ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്കു പാറശ്ശാല വരെയുള്ള എല്ലാ ക്വട്ടേഷന്‍ വര്‍ക്കിനും പിറകിലെന്ന് അറിയുന്ന തിരണ്ടി രമേശന്‍ സണ്ണിയെ രക്ഷിക്കാന്‍ സഹഗുണ്ടകളും ഒത്ത് പാഞ്ഞെത്തി അദ്ദേഹം സഞ്ചരിച്ചിരുന്ന എന്‍ഡവറിനു കുറുക്കേ ടെമ്പോവനിട്ട് നിറുത്തിച്ചു. വണ്ടിയില്‍ സ്വയം പ്രഭയും കിള്ളിപ്പാലം സന്തോഷും സണ്ണിക്ക് സ്മാളൊഴിച്ചു കൊടുക്കുകയായിരുന്നു. മാത്രമല്ല, സുപ്രസിദ്ധകളായ ഏഴു സിനിമാനടിമാരെയും ഇവര്‍ സണ്ണിയുടെ കാറില്‍ കയറ്റിയിട്ടുണ്ട്. പോരാത്തതിനു നാലു കാര്‍ നിറയേ മദ്യക്കുപ്പികള്‍ പിന്നാലെ കോണ്‍‌വോയ് ആയും വരുന്നു.

ഈ പൈശാചിക പ്രവര്‍ത്തി കണ്ട് കുപിതനായ തിരണ്ടിരമേശന്‍ തന്റെ ടി ആകൃതിയിലുള്ള കത്തികൊണ്ട് പ്രഭയുടെയും സന്തോഷിന്റെയും കാലില്‍ ചെറുതായൊന്നു വരഞ്ഞിട്ട് "അപ്പന്റെ കുറ്റിയിലാണോടാ ആടിനെക്കെട്ടുന്നത്?" എന്ന തന്റെ സ്ഥിരം ഡയലോഗും അടിച്ച് വീട്ടില്‍ പോയിക്കിടന്ന് ഉറങ്ങി.

എന്നാല്‍ അടുത്ത ദിവസം രാവിലേ ടീവി വച്ച രമേശന്‍ ഒരു കാറില്‍ സണ്ണി മത്തായി മരിച്ചു കിടക്കുന്നതും ഇന്‍സെറ്റ് ആയി തന്റെ ഫോട്ടോയും കണ്ട് തരിച്ചു പോയി. സണ്ണിയെ വധിച്ച തിരണ്ടി രമേശന്‍ എന്നായിരുന്നു തന്റെ പാസ്സ്പോര്‍ട്ട് ഫോട്ടോയ്ക് താഴെ സ്ക്രോളിങ്ങ് മാര്‍ക്കീ. തുടര്‍ന്നുള്ള സംഭ്രമജനകമായ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ഗതി തന്നെ മാറ്റുന്നത്.

സൂപ്പര്‍സ്റ്റാറിന്റെ ടെയിലര്‍ ആയിരുന്ന വാസുപിള്ളയാണ്‌ ദ എന്‍ഡവര്‍ നിര്‍മ്മിക്കുന്നത്. മൊത്തം നൂറുകോടി രൂപാ വരുന്ന ഈ ടെന്‍ഷനോവിഷന്‍ ചിത്രത്തിലെ ഗാനങ്ങള്‍ കുഴിവെള രാജുവാണ്‌ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം തടിക്കാട് ഷൈന്‍. സംഗീതം അശോക് ജീവന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാഷണല്‍ ഹൈവേ മൊത്തം നടന്നു വരുന്നു.

12 comments:

Joker said...

ഈ പടം അങ്ങനെ ചുളുവില്‍ ഇറക്കാന്‍ ആരും വ്യാമോഹിക്കേണ്ട.കഥയില്‍ കാതലായ മാറ്റം വേണം. അല്ലെങ്കില്‍ തിയറ്ററില്‍ അലമ്പുണ്ടാക്കും കട്ടായം.

കഥയില്‍ ചെറിയ ട്വിസ്റ്റ്

പിന്നെ ടി ആക്യതിയിലുള്ള കത്തി ഉണ്ടാക്കുന്നത് എന്തായാലും സുരാജ് വെഞ്ഞാറ മൂടൂം അയാളുടെ ജ്യേഷ്ടനായി സലിം കുമാറും വേണം. തിരണ്ടി രമേഷന്‍ ടി ആക്യതിയിലുള്ള കത്തി കൊണ്ട് വരക്കുന്ന ഇംഗ്ലീഷ് ചെറിയ അക്ഷരം “ടി” ആയിരിക്കണം. എന്നാല്‍ ഡിജിപിയായ അലക്സ് ഇമ്മനുവല്‍ (സായി കുമാര്‍ ) സുരാജ് വെഞ്ഞാറമൂടിനെകൊണ്ട് പിന്നീട് ഉണ്ടാക്കുന്ന കത്തി അബദ്ധത്തില്‍ ഇംഗ്ലീഷ് വലിയ അക്ഷരം ആവണം. ഇതിലാണ് കഥയുടെ ട്വിസ്റ്റ് കിടക്കുന്നത്. വില്ലന്‍ മാര്‍ അവസാനം എക്സൈസ് മന്ത്രി അദ്ദേഹത്തിന്റെ പുത്രന്‍, അലക്സ് ഇമ്മാനുവല്‍ , തുടങ്ങിയവരായിരിക്കും.

പിന്നെ ചെറിയ ഒരു തിരുത്ത് കൂടെ ആകാമോ ? തിരണ്ടി രമേശന്‍ എന്ന പേരിന് ഒരു ആഡ്യത്വം പോര. തെറ്റയില്‍ ഗോവിന്ദ വര്‍മ രാജ എന്ന് പോരെ. ‘ടി ‘ ക്കാണെങ്കില്‍ ഇവിടെയും സ്കോപ്പുണ്ട്. മോഹന്‍ ലാലിന്റെ അദ്വൈതം സെറ്റപ്പ് പോലെ ആളൊരി ബ്രാഹ് മണന്‍ ആയിക്കോട്ടെ. സമൂഹത്തിന്റെയും പോലീസിന്റെയും തെണ്ടിത്തരത്തിന് അവസാനമിടാനും അധ്വാനിച്ച് ജീവിക്കാന്‍ തിരണ്ടിയെ പിടിക്കാന്‍ ഇറങ്ങുകയും അങ്ങനെ തിരണ്ടി രാജ് എന്ന പേരുമല്ലേ നല്ലത്.

ആലോചിച്ച് വേണ്ടത് ചെയ്യുക. പടം കൊറെ ഒണ്ടക്കണം.

കുഞ്ഞന്ന said...

തിരണ്ടിയെ, അല്ലെങ്കില്‍ ആഢ്യന്‍ വര്‍മ-രാജ-ഗുണ്ടയെ കുടുക്കാന്‍ വരുന്ന സത്യസന്ധനായ പോലീസുദ്യോഗസ്ഥനായി ബിജു മേനോന്‍ സണ്‍ഗ്ലാസും വച്ചു വന്നാല്‍ കുറച്ചു കൂടി നന്നാവും. ഈ കഥാപാത്രം ആദ്യാദ്യം നായകഗുണ്ടയുടെ അപരാധിത്വത്തില്‍ വിശ്വസിച്ച്‌ ഏറ്റുമുട്ടി, ആ അമാനുഷിക വീര്യപ്രഭയില്‍ നിഷ്പ്രഭനായി തോറ്റ്‌ തുന്നം പാടി, അതില്‍ നിരാശനായി കുറെ ഷിറ്റ് പറഞ്ഞുപറഞ്ഞവസാനം...... ഗുണ്ടാനായകന്റെ നിരപരാധിത്വം മനസ്സിലാക്കി, മന്ത്രിപുത്രനേയും, അലക്സ് ഇമ്മനുവേല്‍ എന്ന പോലീസു്‌ മേലുദ്യൊഗസ്തനെയും, കുടുക്കാന്‍ നായകഗുണ്ടയെ സഹായിക്കണം! അപ്പോള്‍ വളരെ ജോര്‍!

..:: അച്ചായന്‍ ::.. said...

മാഷെ ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് ഒരു പാരടി പോസ്റ്റ്‌ ആണേ

http://achayan-s.blogspot.com/2009/09/blog-post.html

Calvin H said...

നായകന്റെ പേര് പരമശിവന്റെ പര്യായം ആവേണം. ജഗന്നാഥൻ, ഇന്ദുചൂഢൻ, നീലകണ്ഠൻ, ശംഭു എന്നിങ്ങനെ...

രമേശൻ മാറ്റി ഉമേശൻ ന്നാക്കം..

മൂര്‍ത്തി said...

ഒരു ചേയ്‌സ് വേണം. കന്യാകുമാരി-തിരുവനന്തപുരം ഹൈവേ ആയാല്‍ കലക്കും. ഇതുപോലെ.

Inji Pennu said...

സിനിമ കണ്ട് മാത്രം പരിചയമുള്ള ആന്റണി തീരുമാനിക്കണ്ട സിനിമ, ആന്റണിക്കെതിരെ അന്വേഷണം വേണം. സിനിമ കണ്ട് മാത്രം പരിചയമുള്ളവർ സിനിമക്കഥ റിവ്യോവോ മറ്റൊ എഴുതുന്നത് തികച്ചും ദുരുദ്ദേശ്യപരമായിട്ടാണ്.
(അല്ലെങ്കിൽ ഞങ്ങൾ പറയുന്ന കഥ എഴുതുണം)

കട:പിണറായി

Unknown said...

ഞാന്‍ കോടാലി ശ്രീധരന്റെ ഫോട്ടോ പോലും കണ്ടിട്ടില്ല ,ആ ദിവസത്തെ പത്രം വായിച്ചിട്ടുമില്ല.

പെട :വീ.എം ഗാന്ധി സുധീരന്‍.

ജിവി/JiVi said...

അയ്യോ, ഇത്തരം പോസ്റ്റുകള്‍ക്ക് നല്ല സന്തോഷമായിട്ടുവേണ്ടേ കമന്റിടാന്‍! ഇതാ ഇങ്ങനെ:

സിനിമ കണ്ട് മാത്രം പരിചയമുള്ള ആന്റണി ........ തികച്ചും ദുരുദ്ദേശ്യപരമായിട്ടാണ്.
(അല്ലെങ്കിൽ ഞങ്ങൾ പറയുന്ന കഥ എഴുതുണം)

കട:പന്നറായി

Rajesh Krishnakumar said...

എതിർഗ്രൂപ്പിന്റെ നായകൻ ശ്രീ.രാജെഷ് ചെവിത്തല പണ്ട് സുപ്രസിദ്ധ സഹപ്രവർത്തക ശ്രീമതി ശോശന്ന ജോസുമൊത്ത് എം.സി.റോഡ് വഴി പോകുമ്പോൾ ലോറി കേടാക്കിയപ്പോൾ സോറി കാറ് കേടായപ്പോൾ ചുറ്റും കൂടിയ ജനം ലവരു രണ്ടിനേയും ആദം ഹവ്വ സ്റ്റൈലിൽ കണ്ടത് ഒരു ഫ്ലാഷ് ബാക്ക് ആയി ഇതിനകത്ത് കയറ്റാതെ പടത്തിനു ഒരു എരിവും പുളിയും കിട്ടില്ല അന്തോണീച്ചാ

വെള്ളത്തിലാശാൻ said...

എന്തായാലും ജനാർദ്ദനൻ മുഖ്യമന്ത്രിക്കസേരയിലിരിക്കും. “എടാ പൊന്നുമോനേ നിന്റപ്പ്ൻ മരിക്കാന്നേരം എന്റെ മടീക്കെടന്നാ അവസാനം ഇങ്കുലാബ് വിളിച്ചത്“ എന്ന് പറയുമ്പോ കാണികളുടെ കണ്ണ് നനയണം. അതിന് മുൻപേ കേറിച്ചെല്ലുമ്പോഴേ അങ്ങേരുടെ തന്തക്ക് വിളിക്കണം. ഐജി ഡിജിപി റാങ്കിലുള്ളവരും പിന്നെ ആഭ്യന്തര മന്ത്രിയും മുന്നിലെ കസേരയിലിരുന്ന് കാത് കുളിർക്കെ തെറി കേട്ടോട്ടെ.

എക്സൈസ് മന്ത്രിയുടെ മകളുടെ കല്ല്യാണം രമേശൻ വർമ്മയുടെ കോലോത്ത് വെച്ച് നടാത്തിയതിന്റെ വൈരാഗ്യം തീർക്കാൻ സുരാജ് വെഞ്ഞാറമൂടിനെ തട്ടിക്കൊണ്ട് പൊക്കോട്ടെ.

പാരീസിലായാലും ലണ്ടനിലായാലും കൃത്യം ആറരക്ക് കിള്ളിക്കാവിൽ ദീപാരാധന തൊഴാൻ രമേശൻ വർമ്മ വന്ന് നിൽക്കുന്ന സീനിൽ തിരുമേനി ശ്രീകോവിലിൽ വന്ന് ‘മ്പ്രാൻ അകത്തോട്ട് കയറി പൂജ നടത്തിയാട്ടെ എന്ന് പറയണം.
“ലേശം അടിച്ചിട്ടുണ്ട്. പുള്ളിക്കത് പിടിക്കുമോ. അതു കൊണ്ട് മ്പൂരിശ്ശൻ ങ്ങ്ട് പൂശ്വ..” എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുന്ന സീനിൽ ഒരു ‘ജബലഹഫീസിന ഗുളുഗുളു‘ പഞ്ചിന് കൂടെ ഇരുന്നോട്ടെ.

angela2007 said...

ഷൂട്ടിംഗ് ഒരു ഷെഡ്യൂള്‍ ദുബായ് അബു ദാബി ഹൈവേലേയ്ക്കും കൂടി നീട്ടാന്‍ സ്കോപ് ഇല്ലേ?
സാഗര്‍ ഏലിയാസിന്റെ പുതിയ അവതാരം കണ്ടപ്പഴാ ആ ഹൈവേല് നടക്കണ ഓപ്പേറേഷന്സിന്റെ ഒരു 'വ്യാപ്തി' പിടി കിട്ടിയത് !നായകന്‍ വളര്‍ത്തുന്ന ഫാല്‍ക്കന്‍ മണം പിടിച്ചു ദുഫായില്‍ ഒളിച്ചിരിക്കുന്ന വില്ലനെ കണ്ടു പിടിക്കുന്നു - പിന്നെ ഹൈവേയില്‍ ഒരു ചേസ് ഒടുവില്‍ സ്വന്തം എയര്‍ ക്രാഫ്റ്റ്‌ തിരുനെല്‍വേലിയില്‍ ഇറക്കി വില്ലനെ പോലീസിന് കൈ മാറുന്നു!

kichu / കിച്ചു said...

അനോണീ.

സൂപ്പര്‍ ഹിറ്റ് ആ‍ക്കണംട്ടൊ