Monday, May 5, 2008

നക്ഷത്ര കമ്യൂണിസ്റ്റ് വിവാഹമെന്ന പോസ്റ്റിന്‌

കൊറിയന്‍ യുദ്ധം പുരോഗമിച്ച് അമേരിക്ക ചൈനയില്‍ പ്രവേശിക്കുന്നത് തടയാന്‍ മാവോസെദോങ്ങ് അയച്ച പട്ടാളക്കാരില്‍ ഒരു സാധാരണ ഉദ്യോഗസ്ഥനായ പുത്രന്‍ അന്യിങ്ങും ഉണ്ടായിരുന്നു. മരിച്ച ഒരു ലക്ഷത്തി നാല്പ്പതിനായിരം പട്ടാളക്കാരിലൊരുവന്‍ തന്റെ സ്വന്തം മകനാണെന്നറിഞ്ഞ അദ്ദേഹം വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടൊരു സിഗററ്റ് കത്തിക്കാന്‍ വിഫലശ്രമം നടത്തി. എന്നിട്ട് പറഞ്ഞു "വിപ്ലവത്തിനു വില എപ്പോഴും കൊടുക്ക്കേണ്ടിവരും. അന്യിങ്ങ് നമ്മള്‍ കൊടുത്ത ആയിരക്കണക്കിനു വിലയില്‍ ഒന്നാണ്‌.... വിപ്ലവം ഒരു സാഹായ്ന വിരുന്നല്ല, ഉയിര്‍ത്തെഴുന്നേല്പ്പാണ്‌- ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ തറപറ്റിക്കുന്ന രക്തരൂക്ഷിത നടപടിയാണത് " (മാവോ സെദൂങ്ങ്- വൈറ്റ്നി സ്റ്റുവര്‍ട്ട്, പേജ് 69)
അടുത്ത മകനെയും പട്ടാളത്തില്‍ തന്നെ അയച്ചു ചെയര്‍മാന്‍ മാവോ. ഇങ്ങനെയൊരു കമ്യൂണിസ്റ്റുകാലമുണ്ടായിരുന്നെന്ന് പറഞ്ഞാല്‍ അതസംബന്മാണെന്ന് ഇന്നത്തെ ലോകം പറയും. കാലം മാറി പാര്‍ട്ടികള്‍ മാറി, ജനത മാറി.


വര്‍ക്കേര്‍സ് ഫോറം വഴി ജനശക്തി ന്യൂസില്‍‍ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തെക്കുറിച്ച് വന്ന റിപ്പോര്‍ട്ട് വായിച്ചു . കോടിയേരിയെ ആദര്‍ശവാനോ അഭിമതനോ കഴിവുറ്റവനോ ആയിപ്പോലും കാണാന്‍ എനിക്കാവില്ല, ഒരു മന്ത്രിയെന്ന നിലയിലും തനിക്കു മുന്നേയിരുന്നവരില്‍ നിന്നും മെച്ചമായി എന്തെങ്കിലും ചെയ്തെന്ന് കോടിയേരി പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അദ്ദേഹം വന്‍ ധൂര്‍ത്ത് മകന്റെ കല്യാണത്തിനു നടത്തിയെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. അതിലുമപ്പുറത്ത്, കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി ഇരിക്കുന്ന ഒരാളുടെ അതും ഇടതുപക്ഷ മന്ത്രിയുടെ മകന്‌ നാട്ടിലും വിദേശത്തുമായി നീളുന്ന വലുതൊന്നുമല്ലെങ്കിലും കേരളത്തിലെ സാധാരണ ബിസിനസ്സുകളോട് താരതമ്യം ചെയ്താല്‍ ചെറുതല്ലാത്ത രീതിയിലെ ബിസിനസ്സു കൊണ്ടു നടക്കുന്നതില്‍ ധാര്‍മ്മികമായ തെറ്റുണ്ടെന്ന അഭിപ്രായക്കാരനുമാണ്‌ ഞാന്‍. പിന്നെന്തു പ്രശ്നം?

ജനശക്തി ന്യൂസിന്റെ ടോണ്‍ ആയിരുന്നില്ല, ഫയര്‍, ക്രൈം എന്നീ വാരികകള്‍ വായിക്കുമ്പോള്‍ കാണാറുള്ള "പ്രതിപാദ്യരീതി. അതുകൊണ്ട് മാത്രമാണ്‌ ലേഖനം മുഴുവന്‍ വായിച്ചതും. വസ്തുതാപരമായി തെറ്റുകള്‍ കണ്ടതുകൊണ്ട് എനിക്കെന്തോ, മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കാതെ തയ്യാര്‍ ചെയ്തതായും തോന്നി.

ലേഖനത്തിലെ പിശകുകള്‍:
1. "ദുബായിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌ കോടിയേരിയുടെ മകന്‍ ബിനോയ്‌ കോടിയേരി"- ബിനോയിക്ക് ബിസിനസ്സാണെന്നാണ്‌ ഇവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്.

2. "ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം"- ? ഒരു ബിസിനസ്സുകാരന്റെ വിവാഹത്തലേന്നോ? അത്രേയുള്ളോ?

3. "തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ വിവാഹവേദികളില്‍ ഒന്നായ ശ്രീമൂലം ക്ലബ്ബില്‍" ശ്രീമൂലം ക്ലബ്ബ് വളരെ നോമിനലായുള്ള വാടക മാത്രമേ ഈടാക്കാറുള്ളു (സാധാരണക്കാരനു കിട്ടില്ലെന്നു മാത്രം)

4. "ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു." ചിത്രത്തില്‍ അങ്ങനെ പണ്ടങ്ങള്‍ കാണാനില്ല


4. " ഈ മുപ്പത്‌ പേരും ധരിച്ച വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കിയത്‌ ഫാഷന്‍ ടി വി യുടെ എറണാകുളത്തുള്ള ഡിസൈനര്‍ വിഭാഗത്തില്‍ നിന്നായിരുന്നു. " ഫാഷന്‍ ടിവിയ്ക്ക് കേരളത്തില്‍ ഓഫീസുകളില്ല, ഫാഷന്റെ തലസ്ഥാനമഅയ പാരിസില്‍ നിന്ന് അവര്‍ക്ക് എറണാകുളത്ത് ഓര്‍ഡറു കൊടുത്ത് നല്ല കൈലി പോലും വാങ്ങാന്‍ താല്പ്പര്യം കാണില്ലല്ലോ.

5. "സുബ്രഹ്മണ്യം ഹാളിലായിരുന്നു മന്ത്രി പുത്രന്റെ വിവാഹം. ഒരു ലക്ഷം രൂപയാണ്‌ ഈ വിവാഹവേദിക്ക്‌ നല്‍കേണ്ട വാടക. " സുബ്രഹ്മണ്യം ഹാള്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റേതാണ്‌. മറ്റു ഹാളുകള്‍ക്കും പൂള്‍ സൈഡിനും മറ്റും രണ്ടായിരം രൂപയില്‍ താഴെ താരിഫ് വാങ്ങുന്ന ഇവര്‍ ഇതിനു മാത്രം ഒരുലക്ഷം രൂപ വാങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല, മന്ത്രിയുടെ ബുക്കിങ്ങ് എന്ന നിലയില്‍ സൗജന്യമായി കൊടുക്കാനാണു സാദ്ധ്യത.

6. "ഗള്‍ഫിലെ ഏറ്റവും വലിയ മദ്യരാജാവായ (മക്‌ഡവല്‍ കമ്പനി ഉടമ വിജയ്‌ മല്ല്യയേക്കാള്‍ പത്തിരട്ടി ധനാഢ്യനായ) ഒരു മലയാളിയും ചേര്‍ന്നാണ്‌" ഏതു ഗള്‍ഫ് നാട്ടിലെ? യൂ ഏ ഈ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും മദ്യരാജാക്കന്മാര്‍ എം എം ഐ , ഏ & ഈ എന്ന രണ്ട് പാശ്ചാത്യ കമ്പനികളാണ്‌. ഇനി ബാര്‍ ഉടമകളുടെ കാര്യമാണ്‌ ഉദ്ദേശിച്ചതെങ്കില്‍ വിജയ് മല്യയുടെ പോയിട്ട് മണര്‍കാട് പാപ്പച്ചായന്റെ ഏഴയലത്തു വരുന്ന ഒരു അബ്കാരിയും മലയാളി ആയി ഇവിടെങ്ങുമില്ല.


"നവ്യാനായരുടേയും കാവ്യാമാധവന്റെയും മുഖകാന്തിയെ തോല്‌പിക്കുന്നതായിരുന്നു മദ്ധ്യവയസ്‌കയായ വിനോദിനിയുടെ മുഖകാന്തി. പതിനായിരക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നടത്തിയ മേക്കപ്പിലൂടെയാണ്‌ സഖാവ്‌ ഇത്‌ സാധിച്ചെടുത്തത്‌. ഏതായാലും വിവാഹത്തിന്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങി എത്തിയ എല്ലാ കൊച്ചമ്മമാരേയും സിനിമാനടിമാരെപ്പോലും പി ബി അംഗത്തിന്റെ ഭാര്യ വേഷഭൂഷാദികളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി.മന്ത്രി ഭാര്യ കഴിഞ്ഞാല്‍ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌ ഏറെ വ്യത്യസ്‌തമായ മുന്തിയ വിലയുള്ള വേഷങ്ങള്‍ ധരിച്ച മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേരെയായിരുന്നു വജ്രം പതിച്ച ഒരു വലിയ മോതിരം ഉള്‍പ്പെടെ ആറ്‌ വിരലുകളിലും ഈ സഖാവ്‌ സ്വര്‍ണ്ണമോതിരങ്ങള്‍ ധരിച്ചിരുന്നു!ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു. അതില്‍ തെല്ലും അതിശയോക്തിയില്ലായിരുന്നു.
"

ഈ വിവാഹത്തെക്കുറിച്ച് കൃത്യമായി അറിയാന്‍ ഞാന്‍ വധുവിന്റെ ഒരു ബന്ധു ഇട്ടിരിക്കുന്ന പിക്കാസ വെബ് ആല്‍ബം പരിശോധിച്ചു (ദയവായി ആരും അവിടെ പോയി അഭിപ്രായങ്ങളെഴുതരുതെന്ന് അപേക്ഷ, അതൊരു സ്വകാര്യ ആല്‍ബം മാത്രമാണ്‌). കണ്ടത് ഇങ്ങനെ:

വിവാഹച്ചടങ്ങില്‍ ശ്രീമതി കോടിയേരി കണ്ടാല്‍ വിലകൂടുതലെന്നു തന്നെ തോന്നുന്ന ഒരു സാരിയുടുത്തിട്ടുണ്ട് (ഞാന്‍ സാരി വിദഗ്ദ്ധനല്ല, ബാലരാമപുരത്താണു നെയ്തതെന്നു ജനശക്തി ന്യൂസ്, അവിടം വിലകൂടിയ സാരികളുണ്ടാക്കുന്ന സ്ഥലമല്ല, കൈത്തറി ഗ്രാമമാണ്‌). ഒരു മാലയും ഒരു മോതിരവും ഇട്ടിട്ടുണ്ട് (ആറുവിരലിലുമൊന്നുമില്ല, വജ്രമാണോ മോതിരമെന്നും എനിക്കു മനസ്സിലാവില്ല), മേക്കപ്പിനെക്കുറിച്ചറിയില്ല -ഒരു ഇടതുപക്ഷക്കാരിക്ക് അത് മോടി തന്നെ ആണെന്ന് പറയാം. റിസപ്ഷന്‍ ചടങ്ങില്‍ അവര്‍ തീര്‍ച്ചയായും പുതിയതല്ലാത്ത ഒരു ചുരിദാറാണ്‌ ഇട്ടിരിക്കുന്നത്, ആഭരണങ്ങളൊന്നുമില്ല. ഫാഷന്‍ വസ്ത്രം ധരിച്ച മുപ്പതു പേരെ കാണാനായില്ല, ബിനീഷ് കോടിയേരിയും കുഞ്ചാക്കോ ബോബനും ഒരേ തരം ഷര്‍ട്ട് ഇട്ടിരിക്കുന്നു, വിലയൊന്നും മതിക്കാന്‍ എനിക്കറിയില്ല. ഈ പറഞ്ഞ ഹീരാബാബുവും കുഞ്ഞാലിക്കുട്ടിയുമൊക്കെ കല്യാണത്തിനുണ്ടായിരുന്നെങ്കില്‍ എസ് ക്ലാസ് ബെന്‍സുകള്‍ തീര്‍ച്ചയായും ഉണ്ടാകും .


പറഞ്ഞുവന്നത് ഇത്രയേയുള്ളു, കോടിയേരിയുടെ മകന്റെ വിവാഹം പഴയകാല സഖാക്കളുടെ വിവാഹം പോലെ ലളിതമായ ഒന്നായിരുന്നില്ല. പക്ഷേ ജനശക്തി പറയുന്ന പല കാര്യങ്ങളും പ്രത്യക്ഷത്തില്‍ വാസ്തവത്തിനു നിരക്കുന്നില്ല എന്നതിനാല്‍ ലേഖനത്തിലെ "കൊച്ചമ്മ" "ഇമെല്‍ഡ മാര്‍ക്കോസ്" "രാജ്ഞി" എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ എന്തോ, ശരിയായി തോന്നിയില്ല. ( ഒന്നും ശരിവയ്ക്കുകയല്ല ലേഖനത്തിന്റെ ഉദ്ദേശം, കോടിയേരിയെയോ മകനെയോ പരിചയമില്ല, അവരൊന്നും രാഷ്ട്രീയപരമായോ മറ്റെന്തെങ്കിലും രീതിയിലോ എന്റെ കയ്യടി വാങ്ങാന്‍ പോകുന്നുമില്ല).

17 comments:

Radheyan said...

പുലയാട്ടുകള്‍ക്ക് വ്യാഖ്യാനം നോക്കേണ്ട കാര്യമുണ്ടോ?പുലയാട്ടുന്നവന്റെ ആത്മസംതൃപ്തിക്കപ്പുറത്ത് അതിന് എന്തെങ്കിലും ലക്‍ഷ്യവുമുണ്ടോ?

ഏതായാലും ഈ സത്യാന്വേഷണം രസിച്ചു അണ്ണാ.

Anonymous said...

നന്ദി

തറവാടി said...

ഈ പോസ്റ്റ് ഒരു കമന്‍‌റ്റായി അവിടേയും ഇടാനായാല്‍ നന്നായിരുന്നു , ചുരുങ്ങിയതൊരു ലിങ്കെങ്കിലും :)

Sanal Kumar Sasidharan said...

(ഞാന്‍ സാരി വിദഗ്ദ്ധനല്ല, ബാലരാമപുരത്താണു നെയ്തതെന്നു ജനശക്തി ന്യൂസ്, അവിടം വിലകൂടിയ സാരികളുണ്ടാക്കുന്ന സ്ഥലമല്ല, കൈത്തറി ഗ്രാമമാണ്‌).

കൈത്തറിഗ്രാമമാണെന്നത് ശരി.അതുകൊണ്ട് “അവിടം വിലകൂടിയ സാരികളുണ്ടാക്കുന്ന സ്ഥലമല്ല“എന്ന നിഗമനം മുന്‍‌വിധിയല്ലാതെ മറ്റൊന്നുമല്ല.ഇതേ മുന്‍‌വിധി മറ്റിടങ്ങളില്‍ വന്നിട്ടുണ്ടോ എന്ന് നോക്കണം.

ഫസല്‍ ബിനാലി.. said...

മുപ്പതിനായിരം രൂപ ഡൊണേഷനായി ശ്രീമൂലം ക്ലബ്ബിനു കൊടുത്തതുകൊണ്ടുള്ള പുണ്യം കിട്ടിത്തുടങ്ങിയണ്ണാ...
കല്ല്യാണം കഴിക്കുകയാണെങ്കില്‍ മന്ത്രിപുത്രനായി തന്നെ കഴിക്കണം, പോരാ കൊടിയേരി സന്താനമായി തന്നെ വേണം എന്ന് കല്ല്യാണം കഴിക്കാന്‍ കാത്തു നില്ക്കുന്ന കുട്ടിസഖാക്കളുടെ ഇടയില്‍ സംസാരം (ഞാന്‍ സംസാര വിദഗ്ദനല്ല, സഖാക്കളുടെ കുശുമ്പിനെത്ര വിലയുണ്ടെന്നെനിക്കറിയില്ല, അതൊരു പരിപ്പുവട ഗ്രാമമായിരുന്നു)

മൂര്‍ത്തി said...

ആ പോസ്റ്റ് വന്നത് പീപ്പിള്‍സ് ഫോറത്തിലാണ്.

ഈ അന്വേഷണത്തിനൊരു നന്ദി പറയാതിരിക്കുന്നത് ശരിയല്ല..

Anonymous said...
This comment has been removed by the author.
Anonymous said...

മറ്റു ഹാളുകള്‍ക്കും പൂള്‍ സൈഡിനും മറ്റും രണ്ടായിരം രൂപയില്‍ താഴെ താരിഫ് വാങ്ങുന്ന ഇവര്‍ ഇതിനു മാത്രം ഒരുലക്ഷം രൂപ വാങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല

ഈ കമന്റും വിശ്വസിക്കാന്‍ തോന്നുന്നില്ല. ആയൂരും കൊട്ടാരക്കരയിലും ഒക്കെയുള്ള സാധാരണ ഹോളുകള്‍ക്കുപോലും 10000-15000 രൂപാ പ്രതിദിന വാടകയുണ്ട്. സൌജ്ന്യമായി കൊടുത്താ‍ല്‍ പോലും ക്ലീനിംഗും റീ അറേഞ്ച്മെന്റും ആയി 2000 രൂപാ മിനിമം വാങ്ങും. ജോലിക്കൂലി. അനുഭവത്തില്‍ നിന്നാണ്.

ഓടോ. ആയിരം രൂപായും കൊണ്ട് ഷോപ്പിംഗിനുപോയാല്‍ നാലുജോഡി അണ്ടര്‍വെയര്‍ വാങ്ങിക്കാന്‍ പറ്റൂല്ലാ അന്തോണ്യേ നാട്ടില്‍. രണ്ടായിരം എന്നൊക്കെ സൂക്ഷിച്ചുപറയേണ്ടേ.

പാമരന്‍ said...

ഉഗ്രന്‍ വിശകലനം അനോണീ.. അനുകൂലമായി ഒരു കമന്‍റിട്ടവനാണ്‌ ഞാനും. ഇത്രക്കൊന്നും ചിന്തിച്ചിരുന്നില്ലെന്നു തുറന്നു സമ്മതിക്കുന്നു.

1. ചോറും മീന്‍കറിയും: കണ്ണൂര്‍കാര്‍ക്കിത്‌ വിശേഷപ്പെട്ടത്‌ തന്നെ.
2. ചിത്രത്തില്‍ അങ്ങനെ പണ്ടങ്ങള്‍ കാണാനില്ല: പക്ഷേ ഉള്ളതെല്ലാം വജ്രമാണെന്നു പറഞ്ഞിട്ടുണ്ടല്ലോ.. പിന്നെ സാരിയില്‍ സ്വര്‍ണ്ണനൂലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും

o.t: ഞാനൊരു കമ്മ്യുണിസ്റ്റു വിരുദ്ധനല്ല.

Inji Pennu said...

എന്തായാലും പെണ്ണുങ്ങടെ ഒരു കാര്യമായതോണ്ട് ഞാന്‍ ഒരഭിപ്രായം പറയം. മന്ത്രിഭാര്യ ധരിച്ചിരുന്ന കമ്മലും മോതിരവും വളയും നല്ല വിലകൂടിയതാണ്. അതിനുമാത്രം മിനിമം ഒറിജിനല്‍ സ്റ്റോണ്‍സ് ആണെങ്കില്‍ അഞ്ചു ലക്ഷത്തിന്റെ അടുത്ത് വില വരും. ഒരു കാരറ്റ് ഡയമണ്ടിന്റെ ചെറിയ ഒരു കാതിപ്പൂവിനു ഒരു ലക്ഷം എണ്ണി കൊടുക്കണം. എന്നിട്ടാണ്.
ഇതു ഇനി ഫേക്ക് സ്റ്റോണസാണെങ്കില്‍ അഞ്ഞൂറ് രൂപയേ വരുള്ളൂ. പക്ഷെ കല്ല്യാണത്തിനു എന്തായാലും കൊച്ചിന്റെ അമ്മ ഫേക്ക് സ്റ്റോണ്‍സ് ഇടോ എന്നും അറിയണം.

സ്വര്‍ണ്ണത്തില്‍ പൊതിയാന്‍, ആ മാല മിനിമം ഏഴ് പവന്‍ വരും പ്ലസ് സ്റ്റോണ്‍ എന്താണെന്ന് അറിയില്ല, കണ്ടിട്ട് ഗാര്‍നെറ്റ് പോലെ ഇരിക്കുന്നൂ, പക്ഷെ ഗാര്‍നെറ്റ് ആവാന്‍ വഴിയില്ല. ഗാര്‍നെറ്റ് അത്രയും വലുതു പതിപ്പിക്കുമോ കാരണം ഒട്ടും ഷൈനിങ്ങ് ഇല്ലാത്ത കല്ലാണ്. ഏഴ് പവന്റെ മാല മതിയല്ലോ ഇപ്പോഴത്തെ സ്വര്‍ണ്ണ വിലയ്ക്ക് പത്തിരുപത് പവന്റെ തുല്യത. പിന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ഭാര്യ ആളു കൊള്ളാലോ കാതില്‍ മൂന്ന് കമ്മലിട്ടിട്ടുണ്ട്. ഇവിടുത്തെ ടീനേജ് പിള്ളേര് പോലും ഇപ്പോള്‍ രണ്ടേ ഇടുന്നുള്ളൂ ആന്റണി!

ശ്രീമൂല ക്ലബ് നോമിനല്‍ ഫീയാണോ? അതൊരു പുതിയ അറിവാണ്. മന്ത്രിക്ക് ഫ്രീ ആയിരിക്കുമെന്നുള്ള സത്യമാവും. അങ്ങിനെയെങ്കിലും അതിലും വലിയ തെറ്റല്ലേ?
എന്തായാലും ഇതൊന്നു അന്വേഷിച്ചിട്ട് ബാക്കി പറയാം.

ആരും ആഭരണം ധരിക്കണ്ടാ എന്നൊന്നും അല്ല. എല്ലാവരും ധരിക്കട്ടെ എന്ന് തന്നെയാണ്. പക്ഷെ ഈ നാട്ടിലെ പാവം സഖാക്കന്മാരെ പറ്റിച്ചിട്ടുള്ള ഇതുപോലെയുള്ള കസര്‍ത്തുകള്‍ തലപ്പത്തിരിക്കുന്ന്വര് കാണിക്കുമ്പോള്‍ ചിരി വരുന്നു അത്രേയുള്ളൂ‍ൂ.

ഇത് ഒരു കണ്ടുപിടിത്തം എന്ന മട്ടില്‍ ആന്റണി അവതരിപ്പിച്ചതും കഷ്ടമായിപ്പോയി എന്നേ പറയാന്‍ തോന്നുന്നുള്ളൂ.

രാജ് said...

3 ഉം 5 ഉം പോയന്റിന്റെ വാലിഡിറ്റിയെ കുറിച്ച് മറ്റുള്ളവർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് എന്നൊഴിച്ചാൽ ഒട്ടും ഫാബ്രിക്കേറ്റഡല്ലാത്തതും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി മനഃപൂർവ്വം പടച്ചുവിട്ടതുമല്ലാത്ത ഒരു ക്ലീൻ ലേഖനമായാണ് തോന്നുന്നത്.

സ്വർണ്ണത്തിൽ പതിപ്പിച്ച വജ്രത്തിന്റെ വിലയോ സാരിയുടെ സ്വർണ്ണനൂലോ അല്ല ആന്റണിയുടെ പ്രതിവാദ്യവിഷയമെന്നു തോന്നുന്നു, കുറ്റം പറയുമ്പോഴും ആർജവം (candour) കൈവെടിയേണ്ടതില്ല. വിമർശിക്കുവാനായി ആയിരം നുണപറയുന്നതിനേക്കാൾ നല്ലതാണ് വെടിപ്പായി ഒരു സത്യം പറയുന്നത്.

ആവോളം രാഷ്ട്രീയനീതിരാഹിത്യം പ്രകടിപ്പിക്കുന്ന കൊടിയേരിയുടെ മകന്റെ കല്യാണത്തെ പുകമറയ്ക്കുള്ളിൽഭാവനകലർത്തി വിസ്തരിച്ചതുകൊണ്ടു എന്തു പ്രയോജനമുണ്ടായി? അപലപനീയമായ ഒരു വസ്തുത വെറും ‘സംശയ’മായി ചുരുങ്ങിപ്പോയി എന്നാണ്. അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ പോവുകയും യഥാർഥത്തിൽ പറഞ്ഞുവന്നത് (മാവോയിൽ നിന്ന് ആധുനിക ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാക്കൾ എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു) വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയകാപട്യം വെളിപ്പെടുത്തുവാൻ എഴുതപ്പെട്ട ഒരു ലേഖനം ആരുടെ കാപട്യമാണോ വെളിപ്പെടുത്തുവാൻ ഉദ്ദേശിച്ചത് അയാൾക്കനുകൂലമായി വായനക്കാരിൽ ചിലരുടെയൊക്കെ മനസ്സ് മാറ്റിയെടുത്തു എന്നതാണ് സത്യാവസ്ഥ.

അരവിന്ദ് നീലേശ്വരം said...

ശ്രീ മൂലം ക്ലബ്ബിലെ പുതിയ ഏ സി ഹാളിനും ഡൈനിങ് ഹാളിനും കൂടി ഒരു ദിവസത്തേയ്ക്ക് 75000 രൂപയാണ് വാടക....

ട്രിവാന്‍ഡ്രം ക്ലബ്ബിലെ ഏ സി ഹാളും,ഊട്ടുപുരയും കൂടി ഒരു ദിവസത്തെ വാടക 70000 നും 80000 നും ഇടയ്ക്കാണ്.....

എന്തൊക്കെ പറഞ്ഞാലും, ആര്‍ഭാടം ഇത്തിരി കൂടിപ്പോയി.....

ഗുപ്തന്‍ said...

പീപ്പിള്‍സ് ഫോറം പോസ്റ്റ് പിന്നെയേ കണ്ടുള്ളൂ. ബാലരാമപുരത്ത് നെയ്യിച്ച സാരി ആണെങ്കില്‍ ഒരു ലക്ഷം രൂപ എക്സെപ്ഷണല്‍ അല്ല. ആ വിലയ്ക്കൊക്കെ സാരി അവിടെചെയ്യിച്ചവരെ അറിയാം.

ഗുപ്തന്‍ said...

2. "ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം"- ? ഒരു ബിസിനസ്സുകാരന്റെ വിവാഹത്തലേന്നോ? അത്രേയുള്ളോ?


ഈ ചോദ്യവും പ്രത്യേകിച്ചൊന്നും പറയുന്നില്ല. ആ ഭക്ഷണം ഏതോ വന്‍‌കിട ഹോട്ടലില്‍ പറഞ്ഞുചെയ്യിച്ചതാണെന്ന് ആ‍ പോസ്റ്റില്‍ പറയുന്നുണ്ട്. ഫിഷ് മഞ്ചൂരിയന്‍ എന്ന ഡിഷിന് 280 രൂപ വിലയുണ്ടായിരുന്നു രണ്ടുവര്‍ഷം മുന്‍പ് - ത്രീസ്റ്റാറില്‍. കേറ്ററിംഗിന് അത്രയും ആവില്ല എന്നറിയാം. എങ്കിലും ഒരു ഡിഷ് ആയിരിക്കില്ലല്ലോ പെര്‍ ഹെഡ് ഓഡര്‍ ചെയ്യുന്നത്. സീ ഫുഡ് ബെയ്സ്ഡ് ഫുള്‍ മീല്‍ ഓഡര്‍ ചെയ്തെങ്കില്‍ അത് മീറ്റ് ബെയ്സ്ഡ് ഫുള്‍ മീലിനെക്കാളും വിലയായിക്കാണും എന്നേ കരുതാനാവൂ.

രാജ് said...

മഞ്ചൂരിയാനെ കറിയെന്നെങ്ങാൻ പറഞ്ഞാൽ ഗുപ്തനെ ചൈനക്കാർ ഓടിച്ചിട്ടു തല്ലിയേക്കാം.. Btw ഈ മഞ്ചൂരിയാൻ പേരിൽ മാത്രമേ ചൈനയുള്ളെന്നും യഥാർഥത്തിൽ ആദ്യമായി ഉണ്ടാക്കിയത് കൽക്കത്തയിൽ ഉണ്ടായിരുന്ന ചൈനക്കാരാണെന്നും ആ വഴി ഒരു ഇന്ത്യൻ ഉല്പന്നമാണെന്നും ഒരു കേൾവിയുണ്ട്, നെജമാ?

jinsbond007 said...

ഹി ഹി!!!
അന്തോണിജി, അതില്‍ ഒരുപാടു പൊടിപ്പും തൊങ്ങലുമുണ്ടെന്നു് എന്നെപ്പോലെ അറിഞ്ഞ് കള്ളുകുടിക്കുന്ന ഒരുത്തനു മനസ്സിലാവാന്‍ വിജയ് മല്ലയയേക്കാളും പൈസക്കാരനും വമ്പനുമായ മലയാളികള്ളുമുതലാളി എന്നതുമതി. Diageo,pernod ricard ഇവരെയൊന്നും ഒരു മലയാളി വാങ്ങാത്തക്കാലത്തോളം അതിത്തിരി കടുപ്പമല്ലേ!!!

ഗുപ്തന്‍ said...

യ്യൊ മഞ്ചൂരിയന്‍ ‘കറിയാ’ ആണെന്നല്ല രാജേ.. ആ പോസ്റ്റില്‍ മുന്തിയ ഹോട്ടലില്‍ നിന്ന് ഓഡര്‍ ചെയ്തുവരുത്തിച്ചു എന്നുപറഞ്ഞിട്ടുണ്ട്. അത് നമ്മുടെ സാധാരണ ചോറും മീന്‍‌കറിയും ആവാന്‍ സാധ്യത ഉണ്ടെന്ന് തോന്നുന്നുണ്ടോ. സല്‍ക്കാരത്തിനു ചോറും മീന്‍ കറിയും കൊടുക്കുന്ന എത്രയിടങ്ങള്‍ രാജിനറിയാം ? ഓഡര്‍ ചെയ്തുവരുത്തിയെങ്കില്‍ അത് സീഫുഡ് ബെയ്സ്ഡ് മീല്‍ ആയിരിക്കണം. അക്കാര്യമാണ് സൂചിപ്പിച്ചത്.

മഞ്ചുരിയനെക്കുറിച്ച് മറ്റൊന്നും അറിയില്ല്ല. ഇവിടെ ചൈനീസില്‍ മഞ്ചൂരിയന്‍ കിട്ടുന്നും ഇല്ല. എന്തോ