സന്ധ്യയാവുമ്പ മഴയങ്ങോട്ട് ചൊരിയുമ്പ കടാലീന്നൊരു കാറ്റുവീശക്കം ഒണ്ട്. വെറച്ച് തള്ളിപ്പോവും. അപ്പ വേണം കട്ടനും പപ്പടവടേം ഞണ്ണാന്‍. വേലാണ്ടീടെ വാറ്റിനോ സാക്ഷാല്‍ അമൃതിനോ ആ ഫീലിങ്ങ് തരാനൊക്കൂല്ല. ഒരുരൂപയ്ക്ക് സ്വര്‍ഗ്ഗം കാണാം
അതിന്റെ സുഖം നുണഞ്ഞ് പീടിയത്തിണ്ണേല്‍ ഇരിക്കുമ്പഴാ കൂടെപ്പണ്ട് പടിച്ച സലിന വന്നു കേറ്യത്. ഒരു പ്ലാസ്റ്റിക്കിന്റെ ചൂടി തലേല് തട്ടം പോലെ ഇട്ടോണ്ട്.
"ഒര് മൂന്നു രൂപയുണ്ടേ താടാ ആന്റോ, കൊച്ചുങ്ങക്ക് ഒന്നും വീട്ടിലില്ല" എനിക്കു പകരം ആരായിരുന്നെങ്കിലും സലിന അത് ചോദിച്ചേനെ. മൂന്നു രൂപ ഇല്ലെങ്കിലെന്ത് എനിക്ക് പറ്റുണ്ട്. അതില്‍ അവള് ബണ്ണും പഴവും മേടിച്ച് അവളു പോയി.
എട്ടുവരെ സലിന എന്റെ ക്ലാസിലായിരുന്നു. രണ്ട് ക്ലാസ് തോറ്റിട്ടാണ് എന്റെയൊപ്പം ആയിപ്പോയത്. എട്ടില്‍ പടിക്കുമ്പോ ആദ്യത്തെ കൊച്ചിനെ ഗര്‍ഭിണിയായി. കരക്കാരു കൂടി അതുണ്ടാക്കിയ പൌലോസിന്റെ മേലെ അവളെ കെട്ടിച്ചു വച്ചു.
പൌലോച്ചനു പത്തു മുപ്പത്തെട്ട് വയസ്സുണ്ട്. സെലിനയ്ക്ക് താല്പര്യമില്ല. പക്ഷേ മാനം, പേര്, അന്തസ്സ് എന്നൊക്കെ ചിലതില്ലേ നാട്ടില്‍. രണ്ടു പേരേം കുറേ നിര്‍ബന്ധിച്ചു ഒടുക്കം അതങ്ങ് നടന്നു. കുട്ടി രണ്ടെണ്ണം ആയപ്പോഴേക്ക് പൌലോയ്ക്ക് ഒരൊമ്പതാംക്ലാസ്സുകാരിയെ കിട്ടി. അയാളു പോയി.
വെയിലൊള്ളപ്പം സലിന മീന്‍ ഉണക്കും. വെയില് ഇല്ലെങ്കില്‍ എന്തു ചെയ്യാനാ.
നിങ്ങളൊക്കെ കൂട്ടിയാ
ഇപ്പണി എനിക്ക് തന്നത്, അവള് പറയും. അതുകൊണ്ട് അവളും പിള്ളേരും പിഴയ്ക്കാനുള്ളത് കരക്കാരുണ്ടാക്കണം. ഐസു ഫാക്റ്ററിയുള്ള സുന്ദരന്‍ നാടാരും, വിഷം വാങ്ങാന്‍ പാങ്ങില്ലാത്ത ആന്റണിയും ഒക്കെ ചേര്‍ന്ന് നോക്കി നടത്തി. അങ്ങനെ കൊച്ചുങ്ങളു വളര്‍ന്നു വലുതായി, എങ്ങാണ്ടൊക്കെ പോയി വല്യേ നിലയിലായി.
സലിന മീന്‍ ഒണക്കാനില്ലാത്തപ്പോ ഇപ്പോ കൈ നീട്ടാറില്ല. പിള്ളേരു പോയില്ലേ. തിന്നാനൊന്നുമില്ലേല്‍ കുളവാഴ പറിച്ചു ചവയ്ക്കും, എല്ലാരും ചെയ്യുന്നപോലെ.
3 comments:
കൊത്തി വിരിയിച്ചാല്‍..പിന്നെ നോക്കേണ്ട..അതാണു ലോകം!
:)
സലിന മീന്‍ ഒണക്കാനില്ലാത്തപ്പോ ഇപ്പോ കൈ നീട്ടാറില്ല. പിള്ളേരു പോയില്ലേ. തിന്നാനൊന്നുമില്ലേല്‍ കുളവാഴ പറിച്ചു ചവയ്ക്കും, എല്ലാരും ചെയ്യുന്നപോലെ.
ഈ വരികള്‍ നല്കുന്ന ചിത്രം..ആത്മാഭിമാനം മാറ്റിവച്ച് കുട്ടികള്‍ക്കായി കൈനീട്ടുന്ന അമ്മയുടെ ചിത്രം അതിന് മിഴിവേറെയുണ്ട്..
Post a Comment