Thursday, September 27, 2007

സംശയം

ദേഷ്യം വന്നാല്‍ കണക്ക് ടീച്ചര്‍ക്ക് ഭ്രാന്തിളകും. പിന്നെ ക്ലാസിനെ മൊത്തം എഴുന്നേല്പ്പിച്ച് നിര്‍ത്തി ഉത്തരമില്ല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് അടിയാ. അടിയെന്നു പറഞ്ഞാ എള്ളെണ്ണ ഇട്ട ചൂരലു വച്ച് നിക്കറ് അഴിച്ച് ചന്തിക്കുള്ള അടി.തൊലി പറിഞ്ഞ് മാംസം ചോരകല്ലിച്ച് കിടക്കും. അപ്പിയിട്ട് കഴിഞ്ഞാല്‍ പിന്നെ കടല്‌വെള്ളം കൊണ്ട് കഴുകാന്‍ ഒരാഴ്ച്ച പറ്റുകില്ല.

അന്നത്തെ വരവു കണ്ടപ്പോഴേ മനസ്സിലായി ഞങ്ങളുടെ കാര്യം പോക്കാണെന്ന്
"പതിന്നാലു ഗുണം മൂന്ന് എത്രയാ?"
രണ്ടാം ക്ജാസ്സില്‍ പഠിക്കുന്ന ഞങ്ങള്‍ക്ക് അഞ്ചിന്റെ ഗുണനപ്പട്ടിക പോലും തിട്ടമില്ല. എന്തു പറയാന്‍. പിന്‍ ബെഞ്ചീന്ന് ഓരോരുത്തരെയായി പൊക്കി തുടങ്ങി ടീച്ചര്‍.

"പതിന്നാല്‌ ഗുണം" ഠേ! ആദ്യത്തവന്‍ പങ്കായത്തിനു വീക്കു കൊണ്ട പട്ടിയെപ്പോലെ ഡെസ്കിനടിയിലോട്ട് നിലവിളിച്ചുകൊണ്ട് കയറി
"മൂന്ന് സമം?" ഠേ അടുത്തവനും നിലവിളിയായി
"എത്രയാടീ?" ഠേ. കൊണ്ടവള്‍ അമ്മച്ചീ എന്നെ കൊല്ലുന്നേ എന്ന് വിളിച്ചു പോയി. ഒരിഞ്ചു വണ്ണമുള്ള എണ്ണയിട്ടു മിനുക്കിയ ചൂരല്‍ തുടയില്‍ ആഞ്ഞു പതിച്ചാല്‍ ആരും കൂവിപ്പോവും.

പതിന്നാല്‌, ഗുണം, സമം, എത്ര, പറയെടാ, ച്ചീ മോങ്ങാതെടീ എന്നൊക്കെ അലറി ടീച്ചര്‍ തലങ്ങും വിലങ്ങും ഓടിയടിച്ചു. മരണവീടുപോലെ കൂട്ടക്കരച്ചില്‍ ക്ലാസ്സിലുയര്‍ന്നു. കൈ കുഴഞ്ഞ് കാല്‍ തളര്‍ന്ന് അണച്ചു കുരച്ച് ഒടുക്കം അവര്‍ കസേരയില്‍ ഇരുന്നു കിതയ്ക്കുമ്പോഴാണ്‌ ഹിര‍ണ്‍ എന്ന എരണം കെട്ടവനു വായ തുറക്കാന്‍ തോന്നിയത്
"ടീച്ചറ, പതിന്നാലു ഗുണം മൂന്ന് എത്രയാന്നു പറഞ്ഞില്ലല്ലോ.?"
സാരിത്തുമ്പെടുത്ത് വയറില്‍ ചെരുവി ടീച്ചര്‍ വീണ്ടും ചാടി എഴുന്നേറ്റു.
"നാല്പ്പത്തിരണ്ട്, നാല്പ്പത്തിരണ്ട്, നാല്പ്പത്തിരണ്ട്" എന്ന് അലറിക്കൊണ്ട് ക്ലാസ്സിനുള്ളില്‍ നെട്ടോട്ടവും കുറിയോട്ടവും ഓടി ഒരു കൊടുങ്കാറ്റു പോലെ അവര്‍ പാഞ്ഞടിച്ചു. അടി കൊണ്ട് ഓടിയവനെ ഓടിച്ചിട്ടടിച്ചു. നിലത്തു കിടന്നുരുണ്ടവളെ ഉരുട്ടിയിട്ടടിച്ചു.

അതൊന്നും അല്ല ശരിക്കുള്ള അടി. ക്ലാസ് തീര്‍ന്നപ്പോ "ചോയിക്കുവോടാ? ഇനി നീ സംശയം ചോദിക്കുവോടാ? " എന്ന ഭീഷണിയുമായി ഹിരണിനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അടിച്ചതല്ലേ അടി.

അവനു പിന്നെ ജന്മത്ത് ഒരു സംശയവും ഉണ്ടായിട്ടേ ഇല്ല.

8 comments:

ഏ.ആര്‍. നജീം said...

:)

മൂര്‍ത്തി said...

"അടഇ കൊണ്ട് ഓടിയവനെ"

അക്ഷരത്തെറ്റ് തിരുത്തിയില്ലേല്‍ മലയാളം മാഷിന്റെ കയ്യില്‍ നിന്നും കിട്ടും അടി അഥവാ പ്രഹരം.
സംശയമില്ല.

:)

ശ്രീ said...

ഹ ഹ
:)

കുഞ്ഞന്‍ said...

മാഷെ, ഈ എഴുതിയിരിക്കുന്നത് ഒട്ടുമങ്ങട് വിശ്വസിക്കാന്‍ എനിക്കു പറ്റുന്നില്ല. ഒന്നാമത് രണ്ടാംക്ലാസ്സില്‍ ഗുണനം ഹരണം എന്നിവ പഠിപ്പിക്കുന്നില്ല,പിന്നെ 14ന്റെ പട്ടിക അഞ്ചാംക്ലാസ്സില്‍ പോലും ഉണ്ടാകില്ല.രണ്ടാമത്തേത് രണ്ടാക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ഒരുമിച്ച് ഒരാളെ നേരിടാനുള്ള മാനസിക പ്രാപ്തിയുണ്ടാകില്ല.പിന്നെ ഒരു സാറും കൊച്ചുകുട്ടികളെ കണ്ണില്‍ച്ചോരയില്ലാതെ ഈ പറയുന്ന രീതിയില്‍ അടിക്കില്ല. അപൂര്‍വ്വം ഒരു കുട്ടിയെയൊക്കെ ചിലപ്പോള്‍ ശിക്ഷിച്ചിട്ടുണ്ടാകും..

ഒരു അഞ്ചാം ക്ലാസ്സിലെ കഥയാണെഴുതിയെങ്കില്‍ വിശ്വാസയോഗ്യമായേനെ...
..

Unknown said...

പെണ്‍പിള്ളേരുടെ അകംതുടയില്‍ തന്നെ നുള്ളണം എന്നു് നിര്‍ബന്ധമുണ്ടായിരുന്ന ഒരു എസ്തപ്പാന്‍ സാര്‍ പ്രൈമറിസ്കൂളില്‍ എന്നെ പഠിപ്പിച്ചിരുന്നു. എനിക്കു് അതു് കഴിയുന്നില്ലല്ലോ എന്നതായിരുന്നു എന്റെ ദുഃഖം. :(

മൂര്‍ത്തീടെ കമന്റിനു് ഒരു addendum:

"അക്ഷരം തെറ്റിയാല്‍ അത്താഴപ്പട്ടിണി" എന്നോ മറ്റോ ഒരു അപവാദം (പഴമൊഴിയെന്നും പറയാം!) കാരണവന്മാര്‍ പറഞ്ഞുപരത്തിയിരുന്നെങ്കില്‍
"അക്ഷരപ്പിശാചുകള്‍" വളരെ കുറഞ്ഞേനെ എന്നു് തോന്നുന്നു.

Harold said...

മുടിയനായ പുത്രോ..ഞങ്ങളെക്കൂടി മുടിപ്പിക്കല്ലേ..അക്ഷരം തെറ്റിയാല്‍ അത്താഴപ്പട്ടിണിയാണേല്‍ അക്ഷരോം ബ്ലോഗും ഒന്നുമില്ലാത്ത ഏനൊക്കെ മുഴുപ്പട്ടിണി ആ‍യി പ്പോകുമേ.. :):)
ഓടോ ..കഥയാണേലും കാര്യമുണ്ടേ..പിള്ളേരെ തല്ലണമെന്നു തോന്നുന്ന ടീച്ചര്‍മാ‍ര്‍ ജാഗ്രതൈ..കെട്ടിയവനോടുള്ള ദേഷ്യം വീട്ടില്‍ തീര്‍ത്തിട്ട് വരട്ടെ..അല്ലേല്‍ ലീവ് എടുക്കട്ടെ..ഇല്ലെങ്കില്‍ അനോണിമാര്‍ കഥയെഴുതും..ഓ കെ

അനോണി ആന്റണി said...

അയ്യോ ടീച്ചര്‍, അക്ഷരത്തെറ്റ് തിരുത്തി. ഇനി അടിക്കല്ലേ :)
നജീം, മൂര്‍ത്തി, ശ്രീ, കുഞ്ഞന്‍, മുടിയനായ പുത്രന്‍, ഹാരോള്‍ഡ്, നന്ദി.

അക്ഷരം തെറ്റിയതിനു പട്ടിണിയും ഉണ്ടോ ആവോ.

പിന്നെ രണ്ടാം ക്ലാസ്സില്‍ പഠിച്ചത് ചെറിയ ഓര്‍മ്മയേ ഉള്ളു, ശരിയാണെങ്കില്‍ അഞ്ചു വരെ ഉള്ള ഗുണനം, സങ്കലനം, ന്യൂനം എന്നിവ അന്നു പഠിച്ചു. പത്ത് വരെ ഗുണനം മൂന്നിലും പന്ത്രണ്ട് വരെ നാലിലും ഹരണം നാലിലും ആയിരുന്നു പഠിച്ചത്.
ഒരുകാര്യം ഉറപ്പായിട്ട് അറിയാം, പതിന്നാലിന്റെ ഗുണനപ്പട്ടിക ഞാന്‍ ഒരു ക്ലാസ്സിലും പഠിച്ചിട്ടില്ല! അതല്ലേ ടീച്ചര്‍ അവര്‍ക്കു ദേഷ്യം വരുമ്പോള്‍ ആര്‍ക്കുമറിയാത്തത് തന്നെ ചോദിക്കുമെന്ന് പറഞ്ഞത്.

പാഠം എല്ലാം ഓര്‍മ്മയിലില്ലെങ്കിലും അവരുടെ അടി, വടിയുടെ മൂളലും ടീച്ചറുടെ ചീറ്റലും അടക്കം ഓര്‍മ്മയിലുണ്ട്.
മറ്റു മിക്ക ക്ലാസിലും അദ്ധ്യാപകര്‍ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്നു മാത്രമല്ല, രണ്ടുമൂന്നു പേരെ സ്നേഹത്തോടെ ഇന്നും ഓര്‍ക്കാറുണ്ട്.

ഇത്രയും വളര്‍ന്നതില്‍ പിന്നെ രണ്ടിലെ കണക്കു ടീച്ചറിനോടും എനിക്കു ദേഷ്യമില്ല, സഹതാപമേയുള്ളു. അവര്‍ പഠിപ്പിക്കുന്നതിലോ സ്വകാര്യ ജീവിതത്തിലോ ഒക്കെ വലിയ തോല്വികള്‍ വാങ്ങിക്കൂട്ടിയതാവണം. അവര്‍ പഠിപ്പിച്ചതുമൂലം എത്രപേര്‍ പഠിത്തമാകെ വെറുത്തുകാണുമെന്ന് ആലോചിക്കുമ്പോള്‍ സങ്കടവും.

സഹയാത്രികന്‍ said...

ഈ പറഞ്ഞപോലത്തെ ഒരു മാഷ് ഞങ്ങള്‍ക്കും ഉണ്ടായിരുന്നു... രണ്ടിലല്ല... അത് ഹൈസ്ക്കൂള്‍ കാലഘട്ടത്തില്‍...ഹിന്ദിയ്ക്ക്... നമ്പൂരിമാഷ്...

ഉച്ചയ്ക്ക് എല്ലാവരും കൂടെ ഒരു ചെസ്സ് കളിയുണ്ട്... അതില്‍ അദ്ദേഹം തോറ്റാല്‍ അന്നുച്ചയ്ക്ക് ആര്‍ക്കൊക്കെ ഹിന്ദി പീരിയഡ് ഉണ്ടോ...അവരെല്ലാം പെട്ടു...

"തുളസിദാസ് നെ ക്യാ ബോലാ ദാ...?"

നമുക്കെന്ത് തുളസി, എന്ത് ദാസ്, എന്ത് ബോലാ...! മാഷ് തല്ലീക്കോ...!
ചെസ്സില്‍ തോറ്റാല്‍ പിള്ളേരുടെ നെഞ്ചത്ത്....!
:)