Thursday, December 24, 2009

മറ്റൊരു മോബ് ജസ്റ്റീസ് സംഭവം കൂടി

സ്വന്തം പാര്‍ട്ടിയിലേയും, എതിര്‍പാര്‍ട്ടികളിലേതും ആയ സ്ത്രീകളെക്കുറിച്ചാകെ അശ്ലീലം പ്രസംഗിച്ചു നടക്കുന്ന ഒരു വ്യക്തി അദ്ദേഹം ആരോപിച്ച അതേ കാര്യങ്ങള്‍ ചുമത്തപ്പെട്ട് പിടിയിലാകുന്നതില്‍ ഒരു കാവ്യനീതിയുണ്ടാകാം. ബിനീഷ് കോടിയേരിയുടെ പേരു പറഞ്ഞ് അസത്യ വാര്‍ത്ത മെയിലയച്ച് പരത്തിയവര്‍ പോലും സാമാന്യ മര്യാദ ഇക്കാര്യത്തില്‍ പാലിച്ചതും, ചിലരെങ്കിലും എന്തിനാണ്‌ ഈ നേതാവിനെ ജനക്കൂട്ടം (ആദ്യം ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിന്നീട് ഇടതു പ്രവര്‍ത്തകരും പിഡിപി പ്രവര്‍ത്തകരും ഒക്കെ കൂടിയെന്നും കേള്‍ക്കുന്നു, സത്യാവസ്ഥ നിശ്ചയമില്ല) പിടികൂടി പോലീസിലേല്പ്പിച്ചതെന്നും ചോദിച്ചു കേള്‍ക്കാന്‍ ഇടയായതും സെലക്റ്റീവ് അംനീഷ്യ ആണെങ്കിലും നല്ലകാര്യമായിത്തന്നെ തോന്നുന്നു.

ഇദ്ദേഹം വിവാഹിതനാണ്‌, അതുകൊണ്ട് പരസ്ത്രീഗമനം ശിക്ഷാഹമാണോ, ഇമ്മോറല്‍ ട്രാഫിക്ക് നിയമപ്രകാരം ഈ വൃത്തി ശിക്ഷാര്‍ഹമാണോ എന്നൊക്കെ ചോദിച്ച് ഒരാള്‍ മെയില്‍ അയച്ചിരുന്നു. എനിക്കറിയാവുന്നത് ഇങ്ങനെയാണ്‌:

ഒരു സുഹൃത്തിന്റെ വീട് പൊതുസ്ഥലമല്ല, അതിനാല്‍ പൊതുസ്ഥലത്ത് അല്ലെങ്കില്‍ അതിന്റെ ഇരുന്നൂറടി ചുറ്റളവിലെ വേഴ്ച എന്ന് ഇതിനെ കണക്കാക്കാന്‍ കഴിയില്ല. പ്രതി ചേര്‍ക്കപ്പ്ട്ട സ്തീ പ്രായപൂര്‍ത്തിയായ ആളാണ്‌. അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീക്കുമേല്‍ വേശ്യാവൃത്തി സ്ഥാപിക്കാനായാല്‍ പോലും അതിനാല്‍ ഈ ഉഭയകക്ഷി സമ്മതപ്രകാരമുള്ള സംസര്‍ഗ്ഗം ശിക്ഷാര്‍ഹമല്ല. നിലവിലുള്ള നിയമപ്രകാരം ഈ വൃത്തിയിലെ സ്തീയുമായി ബന്ധമുള്ളത് തന്നെ വിവാഹം കഴിച്ച വ്യക്തിക്കാണെന്നും അതിനാല്‍ ആ സ്ത്രീയെ ശിക്ഷിക്കണമെന്നും പരാതിപ്പെടാന്‍ ഈ വ്യക്തിയുടെ ഭാര്യക്കു പോലും അവകാശമില്ല. എന്നാല്‍ ഇതിലെ സ്ത്രീ വിവാഹിതയാണെങ്കില്‍ അവരുടെ ഭര്‍ത്താവിനു തന്റെ ഭാര്യയോട് ബന്ധപ്പെട്ട വ്യക്തിയെ ശിക്ഷിക്കണമെന്ന് പരാതി നല്‍കാന്‍ അവകാശമുണ്ട് താനും (നിയമത്തിലെ സ്ത്രീപുരുഷ വിവേചനം ഈ പോസ്റ്റിന്റ് പരിധിയില്‍ വരുന്ന കാര്യമല്ല). അത്തരം ഒരു പരാതി ലഭിക്കാതെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ഇതിലെ സ്ത്രീ പുരുഷനെ പൊതു സ്ഥലത്തു വച്ച് വശീകരിച്ചെന്നോ ഇതില്‍ ഒരു ദല്ലാള്‍ ഇടപെട്ടിരുന്നെന്നോ ഈ വീട് ഒരു വേശ്യാലയം ആയി ആണ്‌ പ്രവര്‍ത്തിച്ചിരുന്നതെന്നോ സ്ഥാപിക്കേണ്ടി വരും. അത്തരം കേസ് നിലനില്‍ക്കുമെന്ന് തോന്നുന്നുമില്ല.

ഇനി മേല്പ്പറഞ്ഞ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് സിറ്റിസണ്‍സ് അറസ്റ്റ് നടത്താന്‍ പോന്ന കുറ്റകൃത്യം അല്ലാത്തതിനാല്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുക അല്ലാതെ ആരോപിതരെ തടയാനും ഭേദ്യം ചെയ്യാനും ശ്രമിക്കുന്നത് നിയമം കയ്യിലെടുക്കല്‍ ആകും. പിടിക്കപ്പെട്ടവരെ പോലീസിനു കൈമാറുന്ന ദൃശ്യങ്ങളില്‍ മര്‍ദ്ദനമേറ്റത് എന്നു തോന്നിപ്പിക്കുന്ന പാടുകള്‍ ഇദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

അത് പ്രകോപനപരവും ആക്ഷേപകരവും ആയ കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കുന്ന ഒരു വ്യക്തിയെ ആണെങ്കില്‍ കൂടി, മോബ് ജസ്റ്റീസിനു ഇരയാക്കുന്നത് ശരിയായ പ്രവണത അല്ല. എനിക്കു ബന്ധുത്വമുള്ള മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കു നേരേയും ഈ വ്യക്തി ഇങ്ങനെ വ്യഭിചാരം ആരോപിച്ചിരുന്നെങ്കില്‍ ഞാന്‍ മറ്റൊരു രീതിയില്‍ പ്രതികരിച്ചേനെ എന്നു വേണമെങ്കില്‍ ആരോപിച്ചോളൂ, വിഷമമില്ല. ഇതിനു പകരം ഒരു ഇടതുപക്ഷ പ്രവര്‍ത്തകനെ ആയിരുന്നു ജനം പിടികൂടി ഉപദ്രവിച്ചത് എങ്കില്‍ ഇന്റര്‍നെറ്റ് പൂരവും പ്രിന്റാഘോഷവും എപ്രകാരം ആയിരുന്നേനെ എന്നും നല്ല നിശ്ചയമുണ്ട് താനും. ഇക്കാര്യത്തില്‍ മുതിര്‍ന്ന ഇടതുപക്ഷപ്രവത്തകര്‍ ശ്രദ്ധേയമായ മാന്യത പുലര്‍ത്തി എന്നതില്‍ സന്തോഷവുമുണ്ട്.

ധ്വനി: വല്യത്താന്‍ , അരിവിഹിതം , വണ്‍‌വേ ട്രാഫിക്ക് ആക്റ്റ്

Wednesday, December 16, 2009

ഹിമാലയന്‍ ബ്ലണ്ടര്‍

യൂ എസ് ഏ, ചൈന, ഇന്ത്യ, ബ്രസീല്‍ ഇങ്ങനെ നാലുപേരെയാണ്‌ കോപ്പന്‍‌ഹാഗനില്‍ ലോകം മൊത്തം ഉറ്റുനോക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഗ്രീന്‍‌ഹൗസ് ഗ്യാസ് കേസില്‍ പ്രതിപ്പട്ടികയില്‍ താഴോട്ടാണ്‌. ഇവരുനാലും തമ്മിലുള്ള കരാര്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നതിലാണ്‌ ആകാംക്ഷയും.

മൂത്തുവരുന്നതിന്റെ ഇടയിലാണ്‌ നടുക്കുന്ന ഒരു വിഷയം ചര്‍ച്ചയ്ക്കു വന്ന് ഏവരെയും പരിഭ്രാന്തിയിലാക്കിക്കളഞ്ഞത്. ഹിമാലയന്‍ ഹിമാനികള്‍ 2035 ആം ആണ്ടോടെ അപ്രത്യക്ഷമാകും ഉടനടി എന്തെങ്കിലും നടപടി എടുത്തില്ലെങ്കില്‍ എന്നതായിരുന്നു അന്താരാഷ്ട്ര കാലാവസ്ഥാ വ്യക്തിയാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് .

ഇന്തോചൈനയിലെ പരശ്ശതകോടി ആളുകളുടെ കുടിവെള്ളവും ജീവനവും ഹിമാലയന്‍ ഹിമാനികളെ ആശ്രയിച്ചാണ്‌. ഇവ നശിച്ചാല്‍ ഒരുപക്ഷേ ഇന്നു കാണുന്ന ജനങ്ങളും മൃഗങ്ങളും സസ്യജാലങ്ങളുമൊന്നും അവശേഷിച്ചില്ലെന്നു വരാം. ഹിമാലയന്‍ താഴ്വാരത്തിലെ നദികളെല്ലാം അപ്രത്യക്ഷമാകും, ഈ പാപമൊന്നു കഴുകിക്കളയാന്‍ ഗംഗ പോലും ബാക്കിയാവില്ല. ലോക ജനസംഖ്യയുടെ നേര്‍പകുതിയുടെ ഉപജീവനം ഈ മഞ്ഞുമായി ബന്ധപ്പെട്ടാണ്‌.

ആഗോളതലത്തില്‍ ഹിമാനികള്‍ ചുരുങ്ങുന്നുണ്ടെന്നത് പുതിയ അറിവൊന്നുമല്ല, കാലാവസ്ഥാവ്യതിയാനം മനുഷ്യജീവനു നേരേയുയര്‍ത്തുന്ന ഭീഷണികളില്‍ ഒന്നാണത്. പക്ഷേ ധ്രുവങ്ങള്‍ക്കു പുറത്തെ ഏറ്റവും വലിയ ഒന്ന്, ഏഷ്യയുടെ ആര്‍ദ്രതയുടെ ആധാരശില അടുത്ത ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് തീരുമെന്ന് കേട്ടാല്‍? ആരെങ്കിലും യൂണിവേര്‍സിറ്റി ഗവേഷകരായിരുന്നേല്‍ സംശയിക്കാമായിരുന്നു, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പരമോന്നത സംഘടയാണ്‌ പറഞ്ഞത്.

പോരാത്തേനു ഇന്ത്യയും പാക്കിസ്ഥാനും ദാണ്ടേ കഴിഞ്ഞാണ്ട് ഹിമാനി കൂടി എന്നു വീമ്പിളക്കുമ്പോഴാണ്‌ തലയില്‍ ഇടിവെട്ടിയത്. ടിബറ്റില്‍ കയറി വികസിപ്പിച്ച ചൈനയും പറയണം സമാധാനം. സമാധാനം പറഞ്ഞിട്ടെന്തു കാര്യം ഇനി, ഇരുപത്തഞ്ചു കൊല്ലം കൊണ്ട് ഭൂഗോളത്തിനു എന്തു മാറ്റം വരുത്താന്‍.

എന്തിന്റെ കണക്കില്‍ ഈ ഇരുപത്തഞ്ചു കൊല്ലം എന്ന് അന്തം വിട്ട ഒരമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വിളിച്ചു കൂവി "അയ്യോ ഈ അണ്ണന്മാര്‍ പഴേ കോട്ട്ല്യക്കോവ് റിപ്പോര്‍ട്ടിലെ 2350 വായിച്ച വഴി തിരിഞ്ഞ് 2035 ആയതാണേ, ആരും പരിഭ്രാന്തരാകരുത്" . ഏയ് അതൊന്നുമല്ല എന്ന് ഐ പി സി സി. എന്നാ പിന്നെ എവിടുന്നെടു കിട്ടി ഈ കണക്കെന്നു ചോദിച്ചപ്പ മേലോട്ട് നോക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രഷര്‍ ഇന്ത്യക്കും ചൈനക്കും മേലേ ആണല്ലോ, ഇരുമ്പാണി തട്ടി മുളയാണി വച്ചതല്ലെന്ന് എങ്ങനെ വിശ്വസിക്കും?

ഗുണപാഠം: കാള പെറ്റെന്ന് പറഞ്ഞാല്‍ കയറെടുക്കരുത്-പറഞ്ഞത് ഏതു തമ്പുരാന്‍ ആണെങ്കിലും.

Monday, December 14, 2009

വ്യക്തി Vs. പ്രസ്ഥാനം

ബ്ലോഗിന്റെ കാര്യം മിണ്ടിയപ്പ സാറങ്ങു വയലന്റ് ആയി. എന്തരു ബ്ലോഗ്, കോപ്പി പേസ്റ്റ് പബ്ലിഷിങ്ങോ? ആരുടെ ബ്ലോഗ് എവിടത്തെ ബ്ലോഗ്?

തീര്‍ന്നില്ല. പട്ടിയോടിച്ച് മൂലയില്‍ കയറ്റിയ പൂച്ചയെപ്പോലെ നടുവളച്ച് നിന്നങ്ങ് ചീറ്റല്‍ തുടങ്ങി

എടോ, എഴുത്തുകാര്‍, എഴുതിയെഴുതി സ്ഥാപിച്ചവര്‍, സെലിബ്രിറ്റി എഴുത്തുകാര്‍, എഴുത്തു തൊഴിലാക്കിയ പ്രൊഫഷണല്‍സ്, എഴുതി, പ്രൂഫ് റീഡ് ചെയ്ത്, എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതെവിടെ ആരെങ്കിലും തോന്ന്യാസം അടിച്ച് നെറ്റില്‍ ഇടുന്നത് എവിടെ?

പ്രസിഡന്റ് മുതല്‍ ശിപായി വരെയുള്ള, കോടികള്‍ മുതല്‍ മുടക്കുള്ള, അത്യന്താധുനിക ഉപകരണങ്ങളും ഗവേഷണവും ത്രന്ത്രമുറകളും ഹയറാര്‍ക്കിയും സ്ട്രാറ്റെജിക്ക് പ്ലാനും ഒക്കെയുള്ളഒരു രാജ്യത്തിന്റെ പട്ടാളം എവിടെ - അരയില്‍ കത്തിയുമായി കള്ളുകുടിച്ച് വഴിയേ വായിനോക്കി നടക്കുന്ന തെരുവുഗുണ്ട എവിടെ?

ആരു വായിക്കുന്നു ബ്ലോഗ്? നീയും നിന്റെ മൂന്നു കൂട്ടുകാരുമോ? എന്തു വായിക്കുന്നു അതില്‍, നാലു തെറിപ്പടവും മൂന്ന് എസ് എം എസ് തമാശയുമോ?

ഒരു തൊഴിലിനു മുന്നില്‍ കളിതമാശ എവിടെ; ഒരു പ്രസ്ഥാനത്തിനു മുന്നില്‍ വ്യക്തി എവിടെ? പറയൂ.

"നീ കരി പിടിത്തായാ, കഞ്ചിക്കലം, സുമന്തായാ, അഞ്ചിക്കൊഞ്ചി വിളയാടിടും എന്‍ നാട്ടു പൊണ്‍കള്‍ക്ക് നീ മഞ്ചള്‍ അരൈത്തായാ ... നായേ" കേട്ട സായിപ്പിന്റെ പോലെ നാക്കിറങ്ങിപ്പോകാതെന്തു ചെയ്യും.

വ്യക്തിയോ പ്രസ്ഥാനമോ. അതൊരു ചോദ്യം ആണല്ലോ. അലക്സയോട് ചോദിച്ചു നോക്കാം.

ബെര്‍ളി തോമസ്- വ്യക്തി


വെള്ളിനക്ഷത്രം - പ്രസ്ഥാനം


നിഷാദ് കൈപ്പള്ളി- വ്യക്തി


സമകാലിക മലയാളം വാരിക - പ്രസ്ഥാനം


ഞാനായിട്ട് ഒന്നും പറയുന്നില്ല, അല്ലെങ്കില്‍ തന്നെ ബ്ലോഗര്‍ പറഞ്ഞാല്‍ ആരു കേള്‍ക്കുന്നു, ആരു വായിക്കുന്നു, ആര്‍ക്കു വേണം ബ്ലോഗ്.

കസ്റ്റമര്‍ ഡിലൈറ്റ്

അടാപിടി മഴ, തൊഴുമ്പ്, ചളിപിളി. മീശക്കാരന്‍ അന്തപ്പനു ദോശ തിന്നാന്‍ ഒരാശ തോന്നി. തൊട്ടപ്പുറത്ത് ബാറുണ്ടായിട്ടും ദോശാസക്തനായതില്‍ സന്തോഷിച്ച് തോന്നിയേടത്ത് നിര്‍ത്തി വണ്ടി. സംഗീത ഹോട്ടലില്‍ കേറി. വാങ്ങി പോയിക്കളയാം- കുളിക്കാതെ ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ല.

" ഒരു മസാലദോശ ടേക്ക് എവേ."

ക്രീങ്ങ്.... ദാ വിളിക്കുന്നു ലവന്‍. കോപ്പന്‍‌ഹാഗനില്‍ എന്തരേലും നടക്കുമോന്ന് ചോദിക്കുന്നു. എന്റെ ഒരു വലിപ്പമേ, ലോകത്തെ സകല നേതാക്കന്മാരും കിടന്നു വിരകുന്നേടത്ത് എന്തു നടക്കുമെന്ന് ഞാന്‍ പറയുന്നു!

അന്തരീക്ഷത്തില്‍ ചെന്താമര... വെണ്ടുരുത്തീല്‍ കുന്തിരിക്കം... മനാലിയില്‍ മഞ്ഞില്ല... മാലി ഏലേമാലി പാടുന്നു

എടയ്ക്കൂടെ ക്യാഷ് കൗണ്ടറില്‍ ഇരുന്നയാള്‍ ഇന്റര്‍‌കോമില്‍ പറയുന്നതും കേട്ടു
"തമ്പീ, മസാലദോശ ശ്രീഘ്രമാ എടുത്തുക്കൊ. ഇന്ത സാറ് വന്ത് ഒമ്പത് വര്‍ഷമാ നമ്മ കസ്റ്റമര്‍. ജാസ്തി വെയിറ്റ് പണ്ണ വയ്ക്കാതെ."

ഒമ്പതു വര്‍ഷത്തിനിടയില്‍ പരമാവധി ഒമ്പതു തവണ പോയിട്ടുണ്ടാകും അവിടെ. ആരോടും ഒരു കുശലവും പറഞ്ഞിട്ടില്ല. രണ്ടാഴ്ച മുന്നേ ഒരു കൂട്ടുകാരന്‍ വന്നപ്പോള്‍ ചായ കുടിക്കാന്‍ കയറിയിരുന്നു, അന്ന് ആരുടെയും മുഖം പോലും ശ്രദ്ധിച്ചില്ല.

ഒരുമാതിരി നമ്പരൊക്കെ കണ്ടാല്‍ തിരിച്ചറിയാം, ഈ ഒമ്പത് മുക്കുപണ്ടമല്ല. ഇതിനടുത്ത് ഫ്ലാറ്റ് നോക്കാന്‍ വന്നപ്പോഴാണ്‌ ആദ്യം ഇവിടെ കയറിയത്. അന്നും ആരെയും ശ്രദ്ധിച്ചിട്ടില്ല.

കോപ്പനെ ഡിസ്കണക്റ്റ് ചെയ്ത് അങ്ങേരെ നോക്കി ചിരിച്ചു. ദാ വരുന്നു മലയാളത്തമിഴ്
" മകന്‍ സ്കൂളിലേ പോയി തുടങ്ങിയാ സാര്‍?"
എനിക്കു വയ്യ.

Thursday, December 10, 2009

ഇയിനെ എന്തരു പ്യാരു വിളിക്കും?

മുസ്ലീം കുടുംബത്തില്‍ ജനിച്ച ചെറുക്കന്‍ ഹിന്ദു പെണ്ണിനെ പ്രേമിച്ചു കെട്ടി.

ഉത്തരം പറയാന്‍ വരട്ട്, മൊത്തം കേസ് പറഞ്ഞില്ല. മുസ്ലീം കുടുംബത്തില്‍ ജനിച്ച, നീരീശ്വരവാദിയായ ചെറുക്കന്‍ ഹിന്ദു കുടുംബത്തില്‍ ജനിച്ച വിശ്വാസിയും ഭക്തയുമായരുന്ന ഒരു കൊച്ചിനെ പ്രണയം നടിച്ച്, വളച്ച്, വശീകരിച്ച്, ചതിക്കുഴിയില്‍ പെടുത്തി, വഞ്ച്ചിച്ച്, പറ്റിച്ച്, വിവാഹം കഴിച്ച് യുക്തിവാദിയാക്കി മാറ്റിയെടുത്ത് , രണ്ടുമൂന്നു മതമില്ലാത്ത ജീവനെ ഉണ്ടാക്കി വളര്‍ത്തി ആര്‍മ്മാദിക്കുന്നു, എന്റെ കണ്‍‌വെട്ടത്ത്.


കെട്ടി ഇസ്ലാമാക്കിയെങ്കില്‍ ജിഹാദെന്നു വിളിക്കാമായിരുന്നു
കെട്ടി ക്രിസ്ത്യാനിയാക്കിയെങ്കില്‍ കുരിശുയുദ്ധം എന്നു വിളിക്കാമായിരുന്നു
കെട്ടി ഹിന്ദുവാക്കിയെങ്കില്‍ ധര്‍മ്മയുദ്ധമെന്നു വിളിക്കാമായിരുന്നു.

നിന്നെ.. ഞാന്‍ എന്തു വിളിക്കും
ആരും പറയാത്ത വാക്കിന്റെ പര്യായമെന്നോ
നിന്നെ ഞാന്‍ എന്തു വിളിക്കും?