Thursday, January 31, 2008

വി കെ എന്‍

വടക്ക് വന്മലയും തെക്ക് തെന്മലയും കിഴക്ക് കിമ്മലയും പടിഞ്ഞാറു പമ്മലയുമാണത്രേ ആ എഴുത്തിന്റെ അതിരുകള്‍. എന്നുവച്ചാല്‍ സത്യത്തിലില്ല ഒരതിര്‍ത്തിയുമെന്ന്. അന്തവും കുന്തവുമില്ലാത്ത അത്ഭുതമാണ്‌ വി കെ എന്‍ കൃതികള്‍.

വാക്കുകള്‍ ഒരായിരം കട്ടുകളുള്ള ഓരോ തല ചെരിച്ചു നോട്ടത്തിലും പുതിയൊരു തരം വെളിച്ചം പ്രതിഫലിപ്പിക്കുന്ന വജ്രം പോലെ. എന്തുണ്ടെന്ന് നമ്മള്‍ വിചാരിക്കുന്നോ അതത്രയും തെളിഞ്ഞു വരുന്ന മാന്ത്രികക്കണ്ണാടിയാണ്‌ വി കെ എന്റെ എഴുത്ത്. ഒരേ കഥ വായിക്കുന്നവരിലെ ക്യാപിറ്റലിസ്റ്റ് അതിലൊരു കമ്യൂണിസ്റ്റിനെയും, സഖാവ് മറിച്ചും സ്ത്രീപക്ഷക്കാരി ആണ്‍പന്നപ്പന്നിയെയും ദളിതപക്ഷക്കാരന്‍ ബ്രാഹ്മണ്യകീര്‍ത്തനവും സ്മാര്‍ത്തന്‍ തിരിച്ചും ഒക്കെ അതില്‍ കാണുന്ന രീതിയിലാണാ പദവിന്യാസം പലയിടത്തും.

വി കെ എന്നിനെ അറിയാനല്ലാതെ അളക്കാന്‍ ആരും ശ്രമിക്കാറില്ല. നാഴിയില്‍ പറ കൊള്ളിക്കാനാവില്ലല്ലോ. ഇഷ്ടം പോലെ ഉദ്ധരണികള്‍ എമ്പാടും കേള്‍ക്കാനാവും എന്നാല്‍ ആ എഴുത്തിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങള്‍ കാണാറില്ല.  അദ്ദേഹം മരിച്ച സമയത്ത് കിട്ടാവുന്നയത്ര  ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വാങ്ങി നോക്കി, പ്രതീക്ഷിച്ചതുപോലെ തന്നെ  വി കെ എന്നിനെ പരിചയപ്പെട്ട കഥകളും  ഓര്‍മ്മക്കുറിപ്പുകളുമല്ലാതെ ഭാഗികമായെങ്കിലും ആ എഴുത്തിനെ വിശകനം ചെയ്യാന്‍  എം എന്‍ വിജയന്‍ മാഷും എന്‍ എസ് മാധവനുമല്ലാതെയാരും ശ്രമിച്ചുപോലുമില്ല.

തര്‍ജ്ജിമ ചെയ്യാനാവാത്തയത്ര സങ്കീര്‍ണ്ണമാണ്‌ വീ കെ എന്റെ വരികളും ആശയങ്ങളും.
"ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്? വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണു പേടി" എന്നതിനെ ഏതുഭാഷയില്‍ നിന്നും എന്തു രീതിയില്‍ തര്‍ജ്ജിമ ചെയ്യും? കിഴക്കു വെള്ള കീറിയപ്പോള്‍ പയ്യന്‍ പായ ചുരുട്ടി എഴുന്നേറ്റു, അങ്ങനെ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നു കണ്ട് വീണ്ടും കിടന്നു  പിന്നെ എഴുന്നേറ്റ ശേഷം പായ ചുരുട്ടിയതിനു എങ്ങനെ മലയാളഭാഷയ്ക്കപ്പുറത്തേക്ക് കൊണ്ടുപോകും?

ജിംനേഷ്യത്തിലെ പഞ്ചിങ്ങ് പവര്‍ മീറ്റര്‍ പോലെയാണ്‌ വി കെ എന്‍ കൃതികള്‍. വായനക്കാരന്റെ മനസ്സിന്റെ സ്ട്രൈക്ക് പവര്‍ അനുസരിച്ച് കൂടിയും കുറഞ്ഞുമുള്ള റീഡിങ്ങ് കിട്ടുന്നെന്നല്ലാതെ അതിന്റെ അവസാനത്തെ ഉയരം വരെ എത്തിക്കാറില്ല, എത്തിക്കാന്‍ കഴിയുന്നവര്‍ ഉണ്ടാവില്ല,  അതില്‍ സ്വയം അളക്കുന്നെന്നല്ലാതെ അതിരോടതിരു കാണേണ്ടത് ഒരത്യാവശ്യവുമല്ല. എയര്‍ഫോഴ്സ് ഒന്നിന്റെ അമ്പതു ശതമാനം തിരുവനന്തപുരത്ത് വന്നിറങ്ങിയെന്ന് വായിക്കുമ്പോള്‍ എയര്‍ഫോഴ്സ് വണ്‍ എത്രയെണ്ണമുണ്ടെന്ന് അറിയില്ലെങ്കിലും തുടര്‍ വായനക്കൊരു തടസ്സവുമില്ല.

സത്യവും സങ്കല്പ്പവും ശാസ്ത്രവും ചരിത്രവും തത്വചിന്തയും വെറും തമാശകളും എല്ലാം കൂടിക്കുഴച്ച് ഒരുപാടെഴുതി, താന്‍ ജീവിച്ചിരുന്ന കാലത്തിനും മുന്നേ ഒരു വിശ്വസാഹിത്യകാരന്‍ നമുക്കിടയിലൂടെ കടന്നു പോയി. അവാര്‍ഡുകള്‍ക്കും ആസ്വാദനങ്ങള്‍ക്കും എത്താനാവുന്നതിലും ഉയരത്തിലൂടെ.
(നൂറാമത്തെ പോസ്റ്റ് വി കെ എന്‍ ചരമവാര്‍ഷികത്തിനു പബ്ലിഷ് ചെയ്യണമെന്ന് കരുതിയിരുന്നതാണ്‌. വെപ്രാളത്തിലൊരു നൂറു തികയ്ക്കാന്‍ ശ്രമിച്ചിട്ടും താമസിച്ചു പോയി.

ഇവിടെ നിന്നും ബ്ലോഗ് ആക്സസ് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ പോസ്റ്റുകള്‍ ഈ-മെയില്‍ ആക്കി ബ്ലോഗിലേക്ക് അയച്ച് പബ്ലിഷ് ചെയ്യുകയാണു ചെയ്യുന്നത്. കമന്റുകള്‍ എല്ലാം ഞാന്‍ വായിക്കുന്നതും മെയില്‍ ആയാണ്‌. ഒരുതരം നോണ്‍  പാര്‍ട്ടിസിപ്പേറ്ററി ബ്ലോഗ്ഗിങ്ങ്. കാലേ ഇല്ലാത്തതിലും ഭേദം മന്തുള്ളതല്ലേ എന്ന മട്ടില്‍ മെയിന്റെയിന്‍ ചെയ്തു പോരുന്നു.  ഏറ്റവും കുറഞ്ഞ സമയത്തില്‍  മിക്കദിവസവും എന്തെങ്കിലും എന്ന ഓബ്ജക്റ്റീവോടെ ബ്ലോഗ്ഗുന്നതിനാല്‍ ആഴവും നീളവുമുള്ള പോസ്റ്റുകള്‍ ഇടാന്‍ കഴിയാറില്ല, എങ്കിലും വായനക്കാരുടെ  അഭിപ്രായത്തെ  ഓരോന്നിനെയും മനസ്സിലോര്‍ത്ത് വയ്ക്കാറുണ്ട്. എന്റെ പോസ്റ്റുകള്‍ക്ക് റിവ്യൂ എഴുതിയ ദുര്യോധനന്‍, സ്വാഗതം പറഞ്ഞതു മുതല്‍ ഒപ്പമുണ്ടായിരുന്നവര്‍,  മൂര്‍ത്തി, സതീഷ്, സു, മനു, കരിം മാഷ്, കുഞ്ഞന്‍, വേണു, ഉമേഷ്, ഡി. പ്രദീപ്, അജേഷ് ചെറിയാന്‍, സിമി, അനൂപ് തിരുവല്ല, വാല്‍മീകി, ഏ ആര്‍ നജീം, മുക്കുവന്‍, പേരയ്ക്ക, മാരാര്‌, ജി. മനു,  ശെഫി, ശാലിനി, സുല്‍, ആഷ, അരവിന്ദ്, സതീശ് മാക്കോത്ത്, ബാബുരാജ്, ഔസേപ്പ്, ജിഹേഷ്, മുരളി മേനോന്‍, ശ്രീ, ഇഞ്ചിപ്പെണ്ണ്, പ്രമോഡ്, തറവാടി, ബാബുരാജ്, മറ്റൊരാള്‍/ജിജി, വൈവസ്വതന്‍, കടവന്‍, മുസ്തു, വിമതന്‍, സഹയാത്രികന്‍, പ്രിയ, പ്രിയ ഉണ്ണികൃഷ്ണന്‍, രജീഷ് നമ്പ്യാര്‍, വക്കാരിമഷ്ടാ, ദില്‍ബാസുരന്‍, വെയില്‍, മീനാക്ഷി, ഏവൂരാന്‍, നിഷ്കളങ്കന്‍, പെരിങ്ങോടന്‍, റഫീക്ക്, ഫസല്‍, സി കെ ബാബു, മായാവി, വള്ളുവനാടന്‍, സന്തോഷ് ബാലകൃഷ്ണന്‍, മോനു, മണ്‍സൂര്‍, വിശാലമനസ്കന്‍, രാജ് ഷൈന്‍, വലിയ വരക്കാരന്‍, ത്രിശങ്കു, അങ്കിള്‍, വടവോസ്കി, വിശ്വപ്രഭ, മയൂര, ഗുപ്തന്‍, പ്രിയമ്വദ, കൂട്ടുകാരന്‍, കണ്ണൂരാന്‍, അലി, ഹാരോള്‍ഡ്, റോബി, അതുല്യ, കാര്‍ട്ടൂണിസ്റ്റ്, അതുല്യ, അപ്പു, ഉപാസന, കാവലാന്‍, കൈതമുള്ള്, പപ്പൂസ്, ഹരിത്, ഗോപന്‍, ദേശാഭിമാനി, പി ആര്‍, പ്രയാസി, കാപ്പിലാന്‍, അഗ്രജന്‍, വല്യമ്മായി, എസ് പി ഹോസെ, കടവന്‍, ബയാന്‍, ശിവകുമാര്‍, സുഗതരാജ് പലേരി, വിശാഖ് ശങ്കര്‍, ഡാലി, കിനാവ്, നിരക്ഷരന്‍, പാമരന്‍, കുഞന്ന, കാര്‍‌വര്‍ണ്ണം, ശശി, ആര്‍ ആര്‍, അക്ബര്‍ ബുക്സ്, ശ്രീവല്ലഭന്‍, രേഷ്മ,  അക്ഷരജാലകം, ആര്‍ ആര്‍ ..  [തീര്‍ന്നില്ല, ബാക്കിയുള്ളവരെ മറന്നതുമല്ല, കമന്റ് ഫീഡ് ഫ്രീസ് ആയി റീഡറില്‍, ഇനി നോക്കാന്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.]  എത്രപേര്‍ക്ക്  ഇതൊക്കെ വായിച്ചതിനും അഭിപ്രായമെഴുതിയതിനും ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു.)

ദുബായി

അന്തോണീ  എന്റെ പ്രമോക്ഷം വന്നു. നിന്റേതും ഒടനേ വരുവാരിക്കും.
ആഹാ, പറങ്കിച്ചേട്ടന്‍ റീജ്യണല്‍ മാനോജരായോ? ഇത് ആഘോഷിക്കണം. റോയലായിട്ട്.

ആയി, പക്ഷേ ഈ റീജ്യണല്ലെടേ, സി ഐ എസ്... റഷ്യയ്ക്ക് പോണം, നിങ്ങളെ മിസ്സ് ചെയ്യും.
ഞങ്ങളും ചെയ്യും. ആളുകൂതറയാണേലും നിന്റെ ലീഡര്‍ഷിപ്പ് എനിക്കിഷ്ടമായിരുന്നു.

നീ വരുന്നോ റഷ്യയ്ക്ക്? ഞാന്‍  പാളയത്തില്‍ ചെന്ന് ശംഖു വിളിച്ച് നോക്കാം.
ഇല്ലണ്ണാ, ദുബായി വിടാന്‍ വയ്യ.

നാടു വിട്ടാല്‍ പിന്നെ ഏതു നാടായാല്‍ എന്തരാടേ?
ദുബായില്‍ ജീവിക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ തന്നെയാണു  സായിപ്പേ. റഷ്യയ്ക്കു പോയാല്‍ റഷ്യയിലും. ലതാണ്‌.
നേരാ, ദുബായില്‍ ജീവിക്കുമ്പോള്‍ ഞാന്‍  പാരിസിലാണ്‌. റഷ്യയ്ക്ക് പോയാല്‍ മോസ്കോയിലും.

വിജിലാന്റി ജസ്റ്റിസ്

സുമുഖന്‍. സുസ്മേരവദനന്‍. മൃദുഭാഷിതന്‍. സുന്ദരാംബരന്‍. മൃഗശാലയില്‍ നാമക്കുരങ്ങിരിക്കുമ്പോലെ വെളുത്ത മോന്തയും കറുത്ത കോട്ടുമായി കൂനിപ്പിടിച്ച് എന്റെ ഓഫീസിലെ അതിഥിക്കസേരയില്‍ ഇരിക്കുന്ന ഈ മാന്യനെ നമ്മള്‍ ഇപ്പ ശരിപ്പെടുത്താന്‍ പോകുകയാണ്‌.

 കഷ്ടകാലത്തിനു ദൈവം എന്നെ സൗമ്യനാക്കിക്കളഞ്ഞു. ഇല്ലെങ്കി  ഇവനെ നോക്കി നോക്കി എം എന്‍ നമ്പ്യാരെപ്പോലെ അട്ടഹസിച്ചേനെ. അപ്പ നമുക്ക് തൊടങ്ങാം?  ഹോണ്‍. സര്‍ ഫ്രെഡറിക്ക് പൊള്ളോക്കിന്റെ പോസില്‍ നിര്വ്വികാരമായ മുഖം വരുത്തി, നിര്‍ജ്ജീവമായി അവന്റെ കണ്ണില്‍ തുറിച്ചു നോക്കി തുടങ്ങാം ലവന്റെ വിധി പറച്ചില്‍ .

എനിക്കിപ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ അത്യാവശ്യമൊന്നുമില്ല, എന്നാലും ലൈഫ് ടൈം ഫ്രീയായിട്ട് നല്ലൊരു ബാങ്ക് തരുമെന്ന് പറയുമ്പോള്‍ ഞാന്‍ എടുക്കേണ്ടതാണ്‌.

ലവന്‍ ബാഗ് തൊറക്കാന്‍ തുടങ്ങുന്നു,  അപേക്ഷാഫാറം എടുക്കാന്‍.

പക്ഷേ ഞാന്‍ നിങ്ങളോട്  മേടിക്കൂല്ല,  സാമൂഹ്യവിരുദ്ധരുമായി ഇടപാടുകള്‍ നടത്തുന്നത് എനിക്കിഷ്ടമല്ല.  നിങ്ങള്‍ പോയിട്ട്, വേറേ ബാങ്കിനു വേറേ റപ്പായി ഉണ്ടെങ്കില്‍ അയക്ക്.
സാറെന്താണു പറയുന്നത്? ഞാന്‍ സാമൂഹ്യ വിരുദ്ധനോ?

അതേ.  നിങ്ങളെന്നെ അറിയില്ല, പക്ഷേ ഞാന്‍ നിങ്ങളെ സ്ഥിരമായി കാണാറുണ്ട്. അപ്പോഴൊക്കെ നിങ്ങളുടെ ഒരു ഫോട്ടോ മൊബൈലിലെടുത്ത് പോലീസിനയച്ചുകൊടുക്കണമെന്ന് വിചാരിക്കാറുണ്ട്, ചെയ്യാനിതുവരെ പറ്റാഞ്ഞത് നിങ്ങളുടെ ഭാഗ്യം.

കണ്ടോ, ലവന്‍ മിഴിച്ചിരിക്കണത് കണ്ടോ.  ഇത് കാണുന്നതാണ്‌ സായൂജ്യം.

എമിറേറ്റ്സ് റോഡിന്റെ റഷിദിയ എക്സിറ്റിലാണ്‌ ഞാന്‍ നിങ്ങളെ കാണാറുള്ളത്. വൈകിട്ട് ഒരാറുമണി അടുപ്പിച്ച്.   ഒന്നു രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കാറുകള്‍ ക്യൂവായി  എക്സിറ്റില്‍ ക്യൂ കിടന്നു പോകുമ്പോള്‍ നിങ്ങള്‍ ഫ്രീ ട്രാക്കിലൂടെ വന്ന് ആദ്യമെത്തി   ഞെരുങ്ങി ഞെരുങ്ങി കട്ട് ചെയ്തു കയറി മിടുക്കന്‍ ചമയാറുണ്ട്.

ഇത്രേയുള്ളോ? ഇതിനാണോ എന്നെ സാമൂഹ്യവിരുദ്ധനെന്ന് വിളിച്ച് അപമാനിച്ചത്? ഇതൊക്കെ എല്ലാവരും ചെയ്യും ഹേ.

എല്ലാവരും ചെയ്യുമെങ്കില്‍ അവിടെ കിലോമീറ്റര്‍ നീളുന്ന ക്യൂവില്‍ നില്‍ക്കുന്നത് ആരാ പിന്നെ? ആദ്യമായി, നിങ്ങള്‍ കുറ്റവാളിയാണ്‌. ഡബിള്‍ യെല്ലോ ഡിവൈഡര്‍ മുറിച്ച് വണ്ടി കയറ്റുന്നത്  ബ്ലാക്ക് പോയിന്റ് കുറ്റമാണ്‌.  രണ്ടാമത് നിങ്ങളെപ്പോലെ ചിലര്‍ ഇടയ്ക്ക് കുത്തിക്കയറുന്നതുകൊണ്ടാണ്‌ അവിടെ ക്യൂവിനിത്ര നീളം വയ്ക്കുന്നത്. മൂന്നാമത്, നിങ്ങള്‍ ഇങ്ങനെ  കയറുന്നതുമൂലം കുറഞ്ഞത് നാലു കാറുകള്‍ക്ക് പോകാനുള്ള സമയം പാഴാകും. അതായത് ദിവസേന നിങ്ങള്‍ പത്തോ അഞ്ഞൂറോ ഡ്രൈവര്‍മാരുടെ ജീവിതത്തില്‍ നിന്നും ഒരു മിനുട്ടെങ്കിലും പാഴാക്കുന്നു. നാലാമത് ഇങ്ങനെ കയറുമ്പോള്‍ നിങ്ങള്‍ പുച്ഛത്തോടെ മനസ്സില്‍ വിചാരിക്കുന്നുണ്ട് നിയമം അനുസരിച്ച്  ക്ഷമയും മര്യാദയും കാണിച്ച് ക്യൂവില്‍ നില്‍ക്കുന്നവര്‍ വിഢികളും സമയത്തിനു വിലയില്ലാത്തവരും ഡ്രൈവിങ്ങ് സ്കില്‍ കുറഞ്ഞവരുമാണെന്ന്. അഞ്ചാമത്, നിങ്ങള്‍ പോകുന്നതു കാണുമ്പോള്‍ അതുവരെ മര്യാദയായിട്ടു നിന്നവരില്‍ ചിലര്‍ക്കെങ്കിലും  മാന്യതയ്ക്ക് ഈ നാട്ടില്‍ വിലയില്ല, പിന്നെ തനിക്കും അങ്ങനെ ചെയ്താലെന്തെന്ന്  ആലോചിച്ചു തുടങ്ങും. ആറാമത്, തന്നെപ്പോലെ ആന്റി സോഷ്യല്‍സ് ഇടയില്‍ കട്ട് ചെയ്ത് കയറുന്നത് തടയാനായി ക്യൂവിലെ ആളുകള്‍ ബംബര്‍ റ്റു ബംബര്‍ ഞെരുക്കി ക്യൂവില്‍ സഞ്ചരിക്കുന്നതുകൊണ്ട്  അപകടങ്ങള്‍ കൂടുന്നു. ഏഴാമത്..

ച്ഛേ, ശിക്ഷിച്ചു  തീരും മുന്നേ പ്രതി‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. സാരമില്ല, കുറച്ചെങ്കിലും കൊട്ത്ത്. 

Wednesday, January 30, 2008

ബഞ്ചി

ബ്ലോഗര്‍ ബ്ലോക്ക് ചെയ്ത ഓഫീസിലായതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ വരുന്നതേ വായിക്കാന്‍ പറ്റൂ. അരവിന്ദിന്റെ ബഞ്ചി എന്ന പോസ്റ്റ് വായിക്കാമെന്ന് വച്ചപ്പോ ആദ്യത്തെ അഞ്ചാറുവരിയേ അതില്‍ കിട്ടൂ.

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.  അരവിന്ദിന്റെ url  ബഞ്ചി ചാടിയിട്ടുള്ള ഒരു പരിചയക്കാനയച്ചുകൊടുത്ത് പോസ്റ്റ് ഈമെയിലില്‍ ആക്കി അയപ്പിച്ചു വായിച്ചു.   ആ ബഞ്ചിതനു മറ്റൊരു ബഞ്ചകനെ കണ്ടതില്‍  ബലിയ സന്തോഷം.

മെയിലയച്ചിട്ട് ലയാള്‍ വിളിച്ചു. ബഞ്ചാനായി ബഞ്ചീന്ന് കീപ്പോട്ട് കുതിക്കുമ്പോള്‍  എന്തരായിരുന്നു  മനസ്സിലെന്ന്  കേട്ടപ്പോ ലവന്‍ പറയുവാ 'ചുമ്മാതിരുന്ന എന്തരിലോ എന്തരോ ചെയ്യുവാണോ, ബഞ്ചി പിഴച്ച് ജീവിതം തുലഞ്ഞു പോകുമോ എന്നൊക്കെ ആയിരുന്നെന്നും  ഭാരമങ്ങോട്ട് പോയപ്പഴ് നിക്കറേല്‍ മുള്ളിയോന്നും പഴ മലം ഇളകി പെയ്യൂടുമോന്ന്  സംശയിച്ചു പോയെന്നും.

ബഞ്ചറാകാതെ ബഞ്ചിയ രണ്ടുപേര്‍ക്കും ഇരിക്കട്ട് ഒരു പാട്ട്.

പടം - പൂമുഖപ്പടിയില്‍ തിണ്ണയും കാത്ത്.
രചന-  ലോ കോസ്റ്റ് ആന്റണി
സംഗീതം- പെരിയരാജ.


ബഞ്ചി തുലയല്ലേ
കളസം നനയല്ലേ
പഴമലമിളകല്ലേ
യാതോ നേരം യെന്തോ തോന്നി
കയറേല്‍ ഞാലുന്നു ഞാന്‍.
(ബഞ്ചി)

കരണങ്ങള്‍ മറിയുന്നു ഞാനെങ്കിലും
എരണം കെട്ടൊരു പോക്കിത്
കൊടലിന്റെയുള്ളിലു കരിവണ്ടുകള്‍
കൊണയാടി വെളയുന്നെടേ
കാലേല്‍ വീണത് കാലന്റെ കയറോ
താഴെ ചെല്ലുമ്പ ച്വാരയും വിഴുവോ
വലിപ്പീരു പയലെന്നെ ലിതു കാട്ടി പഴമാക്കി കിഴുക്കാമ്പാടാടുന്നു ഞാങ്ങ്!
(ബഞ്ചി)

ഒരു വാളു പള്ളേന്ന് കീപ്പോട്ടിതാ
കൊരവള്ളി വരെയെത്തിയേ
മഞ്ഞപ്രാന്തും ഗവനക്കേടും
മൂത്തപ്പം ഞാങ്ങ്  ത്യാരീക്കേറി
കയറങ്ങു നൂരുമ്പ പെയ്യൂടും താഴത്തിന്‍ നീളങ്ങള്‍ തന്നല്ലീ തള്ളേ!
(ബഞ്ചി)

 

 

കാകോലൂകീയം

കാക്കകളും മൂങ്ങകളും ശത്രുക്കളായിട്ടേറെക്കാലമായി. ഏതോകാലത്ത് അവര്‍ ഒരു മരച്ചില്ലയില്‍ ‍ ഒന്നിച്ച് താമസിച്ചിരുന്നു. രാത്രി മൂളി ശല്യം ചെയ്യുന്ന മൂങ്ങകളെ ചില്ലയിന്‍ നിന്നോടിക്കണമെന്ന് കാകരുടെ നേതാവും രാജനും പകല്‍ കലപില കൂട്ടി ഉറങ്ങാല്‍ സമ്മതിക്കാത്ത കാക്കകളെ ആട്ടിയകറ്റണമെന്ന് ഉലൂകരുടെ നേതാവും സ്വന്തം കൂട്ടര്‍ക്ക്  നിര്‍ദ്ദേശം കൊടുത്തു.

കാകനേതാവ് ചില്ലയെ കാകരാജ്യമായും മൂങ്ങനേതാവ് ഉലൂകരാജ്യമായും പ്രഖ്യാപിച്ചു.

രാത്രി മുഴുവന്‍ മൂങ്ങകള്‍ കാക്കകളെ കൊത്തി മുറിവേല്പ്പിച്ചു. എന്നാല്‍ പകലാകട്ടെ,  ഒരു കഴുകനെ കാവലിരുത്തി പൊത്തിനുള്ളില്‍ അവര്‍ കാകഭയമില്ലാതെ സുഖമായി ഉറങ്ങുകയും ചെയ്തു.

കാകരാജന്‍  മന്ത്രിമാരെ വിളിച്ചു വരുത്തി.

ശത്രുവിനു ശക്തിയും ക്രൂരതയും  ആയുധമാക്കിയ ഒരു ബന്ധവുള്ളയിടത്തോളം കാലം അവനെ തോല്പ്പിക്കാനാവില്ല.   കഴുകനെ  നമ്മുടെ പക്ഷമാക്കണം, അവന്‍ തീറ്റയ്ക്കായാണ്‌ മൂങ്ങകള്‍ക്കൊപ്പം കൂടിയത്, കൂടുതല്‍ തീറ്റ കൊടുക്കാമെന്ന് പറഞ്ഞു നോക്കാം.  ആദ്യത്തെ കാകമന്ത്രി പറഞ്ഞു.

ശത്രുവിന്റെ മിത്രമായിരുന്ന ഒരുവനെ വിശ്വസിക്കാനാവില്ല. ഇനിയവന്‍ ശത്രുവിനെ ഒറ്റിക്കൊടുത്താല്‍ തന്നെ നാളെ നമ്മളോടും അതു ചെയ്യും.  ഭയന്ന് സന്ധി ചെയ്യുന്നവന്‍ ഭീരുവാണ്‌, മരിക്കും വരെ പൊരുതണം, രണ്ടാമത്തെ കാകരുടെ അടുത്ത മന്ത്രി പറഞ്ഞു.

ശത്രുവിനോട് ജയിക്കാനാവില്ലെന്ന് ഉറപ്പുള്ളപ്പോള്‍ യുദ്ധം ആത്മഹത്യാപരമാണ്‌, നമുക്ക് പലായനം ചെയ്യാം. മൂന്നാമത്തെ മന്ത്രി പറഞ്ഞു.

ഒരിക്കല്‍ ഒളിച്ചോടിയാല്‍ പിന്നെ കാക്കകള്‍  എല്ലാക്കാലവും ഓടേണ്ടിവരും. ചതിയാണിവിടെ  പ്രയോഗിക്കേണ്ടത്. നമുക്ക് കഴുകനു ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊടുക്കാം, നാലാമത്തെ മന്ത്രി പറഞ്ഞു.

നമ്മള്‍ ശത്രുവെന്നറിയുന്ന കഴുകന്‍  നമ്മള്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കില്ല.  അവസാനത്തെ മന്ത്രി പറഞ്ഞു. പ്രഭോ, നമ്മള്‍ പകല്‍ ഇര തേടുന്നവരും മൂങ്ങകള്‍ രാത്രി സഞ്ചാരികളുമാണ്‌. ആ നിലയ്ക്ക് കൊമ്പിനായി യുദ്ധം ചെയ്യേണ്ടതില്ല, പകല്‍ അവരും രാത്രി നമ്മളും ഈ ചില്ലയില്‍ ചേക്കേറിക്കോട്ടെ.  ഞാന്‍ മൂങ്ങകളുടെ മന്ത്രിസഭയോട് ഇക്കാര്യം ചര്‍ച്ച ചെയ്യാം.

അസംബന്ധം! കാകരാജന്‍ അട്ടഹസിച്ചു. പകല്‍ നമ്മളില്ലാത്തപ്പോള്‍ അവര്‍ കൂടുകള്‍ തകര്‍ക്കും. അവരെ ഇവിടെ അനുവദിച്ചുകൂടാ.

സഭ പിരിഞ്ഞു.

സന്ധ്യയ്ക്ക് കാകരാജന്‍ രഹസ്യമായി മൂങ്ങരാജന്റെ പൊത്തിലെത്തി.

എന്റെ ഒരു മന്ത്രി പ്രശ്നപരിഹാരത്തിന്റെ തൊട്ടടുത്തുവരെ  എത്തി പ്രിയ ഉലൂകരാജാ.എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ കാകരും ഉലൂകരും  സമാധാനത്തിനു വേണ്ടി ബഹളം തുടങ്ങും ഇപ്പോള്‍. അവരത് ആവശ്യപ്പെട്ടാല്‍ പിന്നെ അവര്‍ക്ക് രാജാവെന്തിന്‌, ജനസേവകര്‍ മതിയാവും.   രാജാവല്ലെങ്കില്‍ നീ വെറും കുരുട്ടുമൂങ്ങയും ഞാന്‍ ഒരു ചാവാലിക്കാക്കയും  ആകും. ഓര്‍ത്തിട്ട് തല കറങ്ങുന്നു.

ഏതു മന്ത്രിയാണത്  ?
കാകസേനന്‍.
ഭയക്കേണ്ട. ഇന്നു രാത്രി തന്നെ ഞങ്ങള്‍ കാകസേനന്റെ പണി കഴിച്ചോളാം. എവിടെയാണവന്‍ ഉറങ്ങുന്നതെന്ന്  പറഞ്ഞു തന്നാല്‍ മാത്രം മതി.

കാകരാജ്യം നീണാള്‍ വാഴ്ക. ഏറ്റവും മുകളിലെ ചില്ല തുടങ്ങുന്നയിടത്താണവന്‍ ചേക്കേറുന്നത്.
ഉലൂകരാജ്യം നീണാള്‍ വാഴ്ക. അവനെ ഞങ്ങള്‍ ഏറ്റു.

കാകോലൂകീയം നീണാള്‍ വാഴ്ക! അവര്‍ കെട്ടിപ്പിടിച്ച് വിളിച്ചുപറഞ്ഞു.