Wednesday, July 27, 2011
വൈറ്റ് ഹൌസ് - ഒരു സ്മരണ
എങ്ങനൊണ്ട് ഈ സ്ഥലം, ഒരു പ്രൈവസിയൊക്കെ ഇല്ലേ?
കൊള്ളാം. പിന്നെ ബാറെത്രയായാലും ബാറു തന്നല്ല്.
നീ ഇപ്പ തൊടങ്ങും പണ്ടത്തെ നിന്റെ ഷാപ്പ് വല്യ പ്ലാറ്റോണിക്ക് അക്കാഡമി ആയിരുന്നെന്നും പറഞ്ഞ്, എനിക്ക് കേക്കണ്ടാ.
കേക്കണം. കള്ളു ഷാപ്പും ചാരായഷാപ്പും തമ്മിൽ ഉള്ള വത്യാസം സംസ്കാരങ്ങളുടേതാണ്. മുഴുത്ത കുടിയനോ കുടിച്ചില്ലേൽ കൈ വിറയ്ക്കുന്നവനോ കുടിച്ച് ശർദ്ദിച്ച് തല്ലുണ്ടാക്കുന്നവനോ ഞങ്ങടെ കള്ളുഷാപ്പിൽ ഇല്ലായിരുന്നു. അമ്മാതിരി കച്ചറകളൊക്കെ ചാരായം കുടിക്കാൻ പോയിക്കോളും. ഷാപ്പിൽ വരുന്നവരിൽ തന്നെ എല്ലാവരും എന്നും കുടിച്ചിരുന്നില്ല. പ്രൊഫസറെപ്പോലുള്ളവർ ഇടയ്ക്കു വരുമെങ്കിലും മാസത്തിൽ ഒരു തവണയോ മറ്റോ, ചിലപ്പോ അതും ഇല്ല.
അതു പിന്നെന്താ അമ്പലമാണോ എല്ലാവരും സന്ധ്യയ്ക്കു വന്ന് പ്രദക്ഷിണം ചെയ്യാൻ?
അവിടം ഒരു ജെന്റിൽമാൻസ് ക്ലബ് ആണ്. അവിടെ ചൊല്ലാത്ത കവിതയില്ല, അവിടെ ചർച്ച ചെയ്യാത്ത വിഷയമില്ല, നിനക്കവിടം ആലോചിക്കാൻ പറ്റില്ല. സ്കൂളിൽ പോയിട്ടില്ലാത്തവരും കൂലിപ്പണിക്കാരും വലക്കാരും ഒക്കെ എന്തോന്ന് ഇത്ര വല്യ കാര്യം സംസാരിക്കാൻ എന്ന് തോന്നും നിനക്ക്. ഇന്ന് കുടിക്ക് അങ്ങനെ ഒരു ജെന്റിൽ മുഖമില്ല. കുടിച്ചാൽ പെടുത്ത് കിടക്കണം. അതിപ്പോ കള്ളുഷാപ്പിൽ ചെന്നാൽ വാറ്റും ആനമയക്കിയും അടിക്കും, ബാറിൽ ചെന്നാൽ ബോധം പോകുന്നവരെയും കുടിക്കും എന്ന രീതിയിലാണ് എന്റെ നാട്ടുകാർ. എന്റെ നാട് മാത്രമല്ല, മലയാളിയുടെ മൊത്തം സെറ്റ് അപ്പ് അതാണ്.
ഇത്രേം വല്യ കാര്യഗ്ങൾ ചർച്ചയ്ക്ക് വരുന്നത് എങ്ങനെ?
ആർക്കെങ്കിലും എന്തെങ്കിലും വിശേഷമുണ്ടാവും പറയാൻ, അതൊരു ചർച്ചയാകും. ചിലപ്പോൾ അതിന്മേൽ പിടിച്ച് ഒരു തമാശയോ പാരഡിപ്പാട്ടോ ആകും. അൾട്ടിമേറ്റ് ഉദ്ദേശം ഷെയർ ചെയ്യുക എന്നതാണ്, ഇത്തിരി വിവരം ആയാലും ഒരു പൊട്ടിച്ചിരി ആയാലും.
ഇൻസ്റ്റന്റ് തമാശയും പാരഡിയുമോ?
എന്താ സംശയം?
എന്നാ നീ ഇപ്പ ഒരെണ്ണം പാട്. അടുത്തെങ്ങും ആരുമില്ലല്ല്.
ചുമ്മാ പാടുന്നതെങ്ങനെ, ഒരു വിഷയം വരണം, ഒരു വ്യക്തിയെ കളിയാക്കാൻ കിട്ടണം, ഒരു മൂഡും വേണം.
മൂഡിനു ഇതെടുത്ത് വലി, എന്നിട്ട് നിനക്കു തോന്നുന്ന ആളിനെക്കുറിച്ച് തോന്നുന്നത് പാട്.
ഓക്കെഡേ, എന്നാൽ നിന്നെപ്പറ്റി തന്നെ ആയിക്കോട്ട്. ഹും... ശ്രുതി.റെഡി.
പല്ലുകുത്തീ എരപ്പാളീ
സ്വർണ്ണം ചാർത്തിയ നിൻ നെഞ്ചാമ്മൂടിയിന്ന്
ഇഞ്ചപ്പരുവമാക്കും. നിന്നെ ഞാൻ...
പല്ലുകുത്തീ എരപ്പാളീ.
കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ...
കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ, നീ വരുമ്പോൾ
നിന്റെ... കൊരവള്ളിക്കു ഞെരിക്കുവാൻ
ഒന്നു പൊട്ടിക്കുവാൻ എനിക്കു തോന്നും
എനിക്കു തോന്നും എനിക്കു തോന്നും
പല്ലുകുത്തീ എരപ്പാളീ...
മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ...
മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ,ഇറങ്ങി വരുമ്പോൾ
നിന്റെ... റിസപ്ഷനിലിരിക്കുന്ന താടക
പറയുന്ന തുക കേട്ടാൽ ബോധം പോകും
ബോധം പോകും ബോധം പോകും
പല്ലുകുത്തീ എരപ്പാളീ...
അതു കൊള്ളാം, ഇത്തരം കലകളും അവിടെ അഭ്യസിപ്പിക്കുമോ?
ഇത് കലയൊന്നുമല്ലെടേ, ഒരു പ്രാക്റ്റീസ് ആണ്. ഇമ്മാതിരി നാലെണ്ണം കേട്ടാൽ പിന്നെ നിനക്കും ഉണ്ടാക്കാം പാരഡീസ്.
അത്തരം ഒരു ഷാപ്പ് ഉണ്ടാവേണ്ടത് സാംസ്കാരികമായ ആവശ്യമാണ് അല്ലേ?
തീർച്ചയായും. അതിനു വലിയ പ്രാധാന്യമുണ്ട്. സമൂഹം പണം, ജാതി, മതം, സ്റ്റാറ്റസ്, വിദ്യാഭ്യാസം എന്നിങ്ങനെയുള്ളതിലെ മികവ് അനുസരിച്ച് പല ചേരികൾ തിരിയുകയും ഒരു സെഗ്മെന്റിൽ ഉള്ളവർ മറ്റൊരു സെഗ്മെന്റുമായും ഇന്ററാക്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
ഒരു കള്ളുഷാപ്പ് തുടങ്ങിയാലോ? മാന്യന്മാരായ വെറും സാധാരണക്കാർക്ക് മാന്യമായി വന്നു പോകാവുന്ന ഒരിടം?
മാന്യമായി വന്നു മാന്യമായി പോകുന്ന കള്ളുകുടിയന്മാർ അക്കാലം ഭൂരിപക്ഷമായിരുന്നതുകൊണ്ട് ആണ് അങ്ങനെ ഒരു സ്ഥലം അന്നുണ്ടായത്. ഇന്ന് അത്തരക്കാർ കുറവും അലമ്പ് കുടിയന്മാർ ഭൂരിപക്ഷവും ആയതുകൊണ്ടാണ് വൈറ്റ് ഹൌസ് പോലെയുള്ള സ്ഥലങ്ങൾ സ്വാഭാവികമായും നശിച്ചു പോയത്. അതുകൊണ്ട് ഇന്ന് ഒന്നുണ്ടാക്കിയാൽ മെംബർഷിപ്പ് നിബന്ധനകളോട് കൂടി കർശനമായ പെരുമാറ്റ ചട്ടങ്ങളോടു കൂടി എല്ലാവർക്കും പ്രവേശനമില്ലാത്ത എക്സ്ലൂസീവ് സ്ഥലം ആക്കേണ്ടി വരും.
അതും ആലോചിക്കാവുന്നതാണ്. ഒരു കള്ളു ക്ലബ്.
പല്ലിട
ദന്തായുധപാണി ഈ കൂത്തെല്ലാം കണ്ട് “ദെന്താ?” എന്നു തിരക്കുകയും ഞാനായിട്ടു തന്നെ എന്റെ ഭയത്തെക്കുറിച്ചും ഭയപ്പെട്ടാൽ ഞാൻ ആക്രമിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പറഞ്ഞുകൊടുത്തു. എന്തോ ആ ഡോക്റ്റർക്ക് സ്വന്തം തടി രക്ഷിക്കുന്നതിൽ വലിയ താല്പര്യമില്ലായിരുന്നു. ഒരു പല്ലെടുക്കണം എന്നു പറഞ്ഞ് അങ്ങേരു കുത്തി വച്ചു. അത്രയും സമയം മൂവർ സംഘം എന്നെ വട്ടം കെട്ടിപ്പിടിച്ച് നിൽപ്പായിരുന്നു. ഇനി വിട്ടോളൂ ഒരു വേദനയും അറിയില്ല എന്ന് പറഞ്ഞ് വൈദ്യൻ കൊടിലിട്ട് എന്റെ അണപ്പല്ലിൽ വലിച്ചു. ‘ൿടിക്കോ‘ എന്നൊരു ശബ്ദം എന്റെ തലയോട്ടിയിൽ കേട്ടു. ഞാൻ അത്രയേ അറിഞ്ഞുള്ളൂ. “എന്തരു പണിയാടാ നീ കാണിച്ചത്?” എന്ന് ഷാനവാസ് ചോദിച്ചത് അങ്ങേരോടാണെന്നാണു ഞാൻ കരുതിയത്. ഞാനും അതു ചോദിക്കാൻ ഡാക്റ്റന്റെ നേരേ നോക്കിയപ്പോൾ അയാൾ വയറും തടവി നിൽപ്പാണ്. “ യെവൻ തൊഴിച്ചു കളയും എന്ന് തീരെ പ്രതീക്ഷിച്ചില്ല ഡോക്റ്റർ ” എന്ന് ഷാനവാസ് തുടർന്നപ്പോഴാണ് സംഗതി മനസ്സിലായത്. എന്റെ ചവിട്ടിന്റെ ശക്തിയിലാണോ എന്തോ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആ ഡെന്റിസ്റ്റ് മരിച്ചും പോയി.
കല്യാണം കഴിക്കാൻ നേരമാണ് പല്ലിലെ കറ, പ്ലാക്, പോട്, കേട് തുടങ്ങിയവ വൃത്തിയാക്കണം എന്ന ആവശ്യം ഉയർന്നത്. ഉയർത്തിയത് എന്റെ പ്രതിശ്രുത വധുവാണ്. മൂന്നു കൊല്ലം പ്രേമിച്ചിട്ട് ഒടുക്കം വിവാഹത്തിനു മുന്നേ ഒരു കണ്ടീഷൻ മുന്നോട്ട് വയ്ക്കുന്നത് ഒളിച്ചോടി റെജിസ്റ്റ്രാപ്പീസിൽ ചെന്ന പെണ്ണിനോട് ലവളുടെ ലവൻ ഒരു ലക്ഷം സ്ത്രീ ധനം തന്നാൽ ഞാൻ നിന്നെ കെട്ടാം എന്നു പറയുന്നതു പോലെ വെറും കൂതറ ചതിയാണെന്ന് ഞാൻ അവളോട് പറഞ്ഞു നോക്കി. ങ്ങേഹേ. പ്രേമം മൂത്താൽ പിന്നെ പ്രാണഭയവുമില്ലല്ലോ, ദന്തനെ കാണാൻ തീരുമാനിച്ചു. അപ്പോഴേക്ക് മറ്റൊരു പഴേ സ്കൂൾ മേറ്റ് ദന്തപ്പണിക്കാരൻ ആയിരുന്നു. അവനെ കാണാമെന്നു വച്ചു. ചവിട്ടിയാലും പഴേ കുളിക്കാട്ടുകാരനല്ലേന്ന് വച്ചിട്ട് അവനങ്ങു ക്ഷമിച്ചോളും.
ഓനെ ഫോൺ ചെയ്ത്.
“ഡേ ഞാനങ്ങോട്ട് വരുന്നുണ്ട്, നീ ഒരുങ്ങിക്കോ.”
“എട്ടുമണിക്ക് ക്ലിനിക്കടയ്ക്കുമെടേ, അതു കഴിഞ്ഞ് സേവ്യേഴ്സിലോട്ട് വാ.”
“വീശാനല്ലെടേ, പല്ലേൽ പണിയുണ്ട്. ഞാൻ രണ്ടെണ്ണം അടിച്ചിട്ടു വന്നാൽ കുഴപ്പമുണ്ടോ?”
“ ഡാ, മരുന്നു പ്രയോഗം കാണും മദ്യം തൊട്ടു പോകരുത്. അല്ലെങ്കിലും നീ കുടിച്ചിട്ട് ഇരിക്കുമ്പോൾ ഞാൻ നിന്റെ അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ കേട്ടിട്ടില്ലേ ‘മർക്കടസ്യ സുരപാന മദ്ധ്യേ...”
“ഫ ദന്തായുധാ.”
“ആരാടേ ദന്തായുധൻ?“
“സംസ്കൃതം അറിയില്ല അല്ലേ? ദന്തായുധനെന്നാൽ പന്നി.“
ദോഷം പറയരുതല്ലോ. അവന്റെ കുത്തും കിളയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ എനിക്കും എന്റെ കടിയും തൊഴിയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ അവനും അന്നു കഴിഞ്ഞു. അതോടെ ആവശ്യമുണ്ടെങ്കിൽ ദന്തനെയും കാണും എന്ന അവസ്ഥയായി.
അതാണ് ചരിത്രം. അടുത്ത ഇടയായി പല്ലിനൊരു ക്ലീനിങ്ങ് ആവശ്യമാണെന്ന് തോന്നി വരികയായിരുന്നു. ലവന്റെ ക്ലിനിക്കേൽ വിളിച്ച് ഒരപ്പോയിന്റായിന്റുമെന്റ് വാങ്ങിച്ചു. അന്നരം മുതൽ - ഭയമല്ല- ഒരു അസ്വസ്ഥത. ഇവനൊക്കെ വാക്ക് ഇൻ സൌകര്യം ഉണ്ടാക്കിക്കൂടേ, വെറുതേ മനുഷ്യന്റെ ഉറക്കം കളയാൻ.
അങ്ങനെ ആ ദിനം വന്നു ചേർന്നു. എന്തരോ വരട്ടെന്ന് മനസ്സിൽ കരുതി ഒരു വീർപ്പ് ശ്വാസം എടുത്ത് കേറിച്ചെന്നു. പല്ലുപണിക്കാരനു ആകെ പുരോഗതി. എന്തൊക്കെയോ ഭീകര യന്ത്രങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. അതീന്ന് എന്തരൊക്കെയോ ലവന്റെ സഹായി എടുത്ത് എന്റെ നാലുചുറ്റും നാട്ടി.
“പത്തു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ നിന്റെ വായിൽ ആരെങ്കിലും പണിയെടുത്തിട്ട്. എന്തരെടേ ഇത്?”
“ ചുമ്മാതല്ലല്ല്, തോനെ കാശ് തന്നിട്ടല്ലേ, നീ പണി തൊടങ്ങ് അമ്പീ.”
“ഡേ, തുമ്പിയോട് നിനക്ക് ശാപ്പാട് തരും പിന്നെന്താ കല്ലെടുക്കാൻ ഒരു മടി എന്നു ചോദിച്ചപോലാ അത്.”
“അത്ര മോശമാണോ കാര്യങ്ങൾ?”
“ഞാൻ കാണിച്ചു തരാം, ദാ ആ ടീവിയിൽ നോക്കിക്കേ, നിന്റെ വായക്കകം വീഡിയോ.”
“ രണ്ട് കറുത്ത പാട് കാണാനുണ്ട്, ആകെപ്പാടെ കറയും വേറെന്താ?”
“ദാ പോട്, ദോ പോട്, അവിടെയും ഇവിടെയും പോട്.”
“വരി തെറ്റിപ്പോയി. ഓ പോട്, ഓ പോട് എന്നല്ലേ?”
“നെനക്കു വേണേൽ അടച്ചാ മതി, ഒരു കാര്യം പറയാം- ഒരഞ്ചു കൊല്ലത്തിനപ്പുറം നിന്റെ പല്ലിൽ നല്ലൊരു ഭാഗം ഓടത്തില്ലെന്നു മാത്രമല്ല, ഒരു കൊല്ലത്തിനകം വേദനയും തുടങ്ങും. ദാ ഇതു കടിക്ക്”
“എന്തരിനു, വേദന തുടങ്ങാനോ?”
“അല്ല ഒരു എക്സ് റേ എടുക്കട്ട്.”
“ഇതു കണ്ടില്ലേ?”
“ മൊത്തം പണി ഇന്നു തീരുമോ?”
“ഹ ഹ ഹ.”
“കാര്യം ചോദിച്ചാൽ ചിരിക്കുന്നോടേ?”
“പതിനഞ്ചു വിസിറ്റെങ്കിലും വേണ്ടി വരും.”
“ഹമ്മച്ചി, അത്രേം ദിവസം ലീവില്ലെടേ.”
“എന്നാൽ ഞാൻ ക്ലീൻ ചെയ്തു വിടാം, നീ ദുബായിൽ പോയി ആരെയെങ്കിലും കാണിക്ക്.”
“സാമദ്രോഹി മനസ്സമാധാനത്തിനാണു നാട്ടിൽ വരുന്നത്, നീ അതു നശിപ്പിച്ച് വിട്ടല്ലോടേ?”
“മനസ്സമാധാനത്തിനുള്ള മരുന്നൊന്നും കൊണ്ടു വന്നില്ലേ നീ?”
“ ങു ങും. നീ കടയട, നമുക്ക് വല്ല ബീയറു കടേലും പോകാം.”
Monday, April 4, 2011
അടിയേറ്റം
രാവിലേ വീട്ടില്‍ നിന്നിറങ്ങി കാര്‍ പാര്ക്കിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ആരോ കേറിപ്പിടിച്ചതുപോലെ തോന്നി. നോക്കിയപ്പോള്‍ അരയില്‍ കെട്ടിയ ബെല്‍റ്റ് അല്പ്പം അയഞ്ഞിരിക്കുന്നു. സംശയമില്ല, ആരോ എന്നെ ജട്ടിക്കു പിടിച്ച് നിലത്തടിക്കാന്‍ ശ്രമിച്ചതാണ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന കോളേജ് പ്രൊഫസര്‍ സിഗററ്റ് വലിച്ചുകൊണ്ട് നില്‍ക്കുന്നു.
എങ്ങനെ ഉണ്ടായിരുന്ന് അന്തപ്പാ?
എന്ത് അടിയോ?
അടി മാത്രമല്ല ഫീല്‍ഡിങ്ങും തകര്‍പ്പന്‍ അല്ലായിരുന്നോ?
ഫീല്‍ഡിങ്ങ് എന്നത് റെസ്ലിങ്ങിലെ എന്തെങ്കിലും അടവായിരിക്കും. ഇയാള്‍ എന്നെ കേറി പിടിച്ചത് മാത്രമല്ല, അത് എങ്ങനെ ഉണ്ടെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്യുന്നു. വെറുതേ വിടാന്‍ പാടില്ല, ഓഫീസീന്നു തിരിച്ചു വരുന്ന വഴി ഒരു പരാതി കൊടുക്കണം. എന്നിട്ട് പത്രത്തില്‍ വാര്‍ത്ത ഇടുകയും വേണം 'ജട്ടിക്കു പിടിച്ചടിക്കുന്ന പ്രൊഫസര്‍' എന്നോ മറ്റോ തലക്കെട്ടില്‍.
Sunday, March 27, 2011
നാട്ടകം
അതിനിപ്പ എന്തരു പറ്റിയെടേ?
അണ്ണനോട് ഞാന്‍ അന്ന് ചോദിച്ചതല്ലേ പി.ബി. കൂടുമ്പ വി എസ്സിനെ നിറുത്താന്‍ ചാന്‍സുണ്ടോന്ന്, അപ്പ ഒരു ചാന്‍സും ഇല്ലെന്ന് അണ്ണന്‍ പറഞ്ഞ്.
എടേ, പി.ബി മീറ്റിങ്ങിനു കേറാന്‍ തുടങ്ങുമ്പ ഞാന്‍ ലങ്ങേരോട് ചോദിച്ചതാ എന്തെങ്കിലും നാടകീയമായി പ്രതീക്ഷിക്കണോന്ന്.
അപ്പ?
അപ്പ അങ്ങേരു ചിരിച്ചു എന്നിട്ട് "പി ബി റിവ്യൂ ഓഫ് ക്യാന്‍ഡിഡേറ്റ്സ് ലിസ്റ്റ് ഈസ് ഏ റെഗുലര്‍ പ്രൊസീജ്വര്‍" എന്നു പറഞ്ഞിട്ട് കേറിപ്പോയി. അതു വിശ്വസിച്ചാ ഞാന്‍ നിന്നോട് പറഞ്ഞത് ഇതൊക്കെ ഒരു ചടങ്ങു മാത്രമാണെന്ന്. എന്നിട്ട് പത്തടി നടന്ന് അകത്തു കയറി നേരേ ഇങ്ങേരു വി എസ്സിനെ നിറുത്തണമെന്ന് പറഞ്ഞുകളയുമെന്ന് ആരറിഞ്ഞു?
മീറ്റിങ്ങ് കഴിഞ്ഞിട്ട് അങ്ങേരു ഇറങ്ങി "ഇക്കൊല്ലത്തെ ചടങ്ങ് ഞങ്ങള്‍ ഇങ്ങനെയാണു നടത്തുന്നത്" എന്നയര്‍ത്ഥത്തില്‍ ഒരു ആക്കിച്ചിരി ചിരിച്ചിട്ടു പോയി.
അല്ലണ്ണാ, വി എസ്സ് ഉണ്ടോ എന്ന് പി ബി തീരുമാനിക്കും, സംസ്ഥാന കമ്മിറ്റി തീരുമാനിക്കും, ജില്ലാക്കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ഒരാഴ്ചത്തെ ടെന്‍ഷനോ വിഷന്‍ കണ്ടിട്ടും അണ്ണനു മനസ്സിലായില്ലേ ഇത് അടവാണെന്ന്?
നിനക്കു മനസ്സിലായില്ലേ?
എനിക്കു മനസ്സിലായില്ലായിരുന്നു.
ഞാന്‍ പിന്നെ എന്താ ഷെര്‍ലക്ക് ഹോംസിനെ ഓ...
ഛെ, തെറി പറയാതെ.
ഓര്‍മ്മിപ്പിക്കുന്ന വ്യക്തിത്വമോ എന്നായിരുന്നു.
അപ്പം അണ്ണനും എന്റെ അത്രയൊക്കെയേ ഉള്ളൂ എന്ന്.
എനിക്കല്ലെടേ, ആര്‍ക്കും മനസ്സിലായില്ല. അതല്ലേ ചെന്നിത്തല ആദ്യം "വി എസ് ഇല്ലാത്തതുകൊണ്ട് ഇടതു തോല്‍ക്കും" എന്നു പറഞ്ഞിട്ട് പിന്നെ മലക്കം മലര്‍ന്ന് "വി എസ്സിനെ വച്ച് നാടകം കളിച്ചാലൊന്നും ഇടത് ജയിക്കില്ല" എന്ന് പറഞ്ഞത്.
അല്ലണ്ണാ, ഇവിടെ ഒരു പാര്‍ട്ടിക്കും നയത്തിനും നിലപാടിനും വോട്ട് ചെയ്യുന്നവര്‍ ഇല്ലേ?
അതുണ്ട് പൊടിയാ. പക്ഷേ അവരെക്കൊണ്ട് മാത്രം ജയിക്കാനാവുമെങ്കില്‍ എന്നും ഒരു പക്ഷം തന്നെ ജയിക്കുമായിരുന്നില്ലേ, ഏത്?
എന്തരോ. എന്തായാലും മാധ്യമങ്ങള്‍ക്ക് പണി കിട്ടി അല്ലേ?
ഏയ്, മാധ്യമങ്ങള്‍ക്ക് എന്തു പണി, നമ്മള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ ന്യൂസ് കിട്ടി, അത്രയല്ലേ വേണ്ടൂ.
Thursday, March 3, 2011
പെർഫോർമൻസ്
2010 സർവേയിൽ നിങ്ങളിൽ 79.34% ആളുകളും നൂറുശതമാനം പെർഫോർമൻസ് ബേസ്ഡ് ശമ്പള സംവിധാനം വേണം എന്ന് അഭിപ്രായപ്പെടുത്തിയിരുന്നു. അതിൻ പ്രകാരം ഞങ്ങൾ 2011 ജനുവരിമുതൽ പെർഫോർമൻസ് ബേസ്ഡ് പേ സിസ്റ്റം നിലവിൽ വരുത്തുന്നു.
ആദ്യമാസമായ ജനുവരിയിൽ പുതിയ സിസ്റ്റം പ്രകാരമുള്ള ശമ്പള സ്ഥിതിവിവരം ഇങ്ങനെ:
9 പേർ താന്താങ്ങളുടെ മാസശമ്പളത്തെക്കാൾ അധികം ഈ മാസം നേടി. അഭിനന്ദനങ്ങൾ.
2456 പേർക്ക് തങ്ങളുടെ സ്റ്റാൻഡേർഡ് സാലറിയുടെ 100% നും 0%നും ഇടയിലുള്ള ശമ്പളമാവും ലഭിക്കുക. അടുത്ത മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പെർഫോർമൻസ് കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
988 സ്റ്റാഫിനു പേ സ്ലിപ്പിൽ 0 ദിർഹം എന്നായിരിക്കും വരിക. ഇതിൽ തെറ്റില്ല, നീയറസ്റ്റ് പത്ത് ദിർഹത്തിലേക്ക് റൌണ്ട് ചെയ്തപ്പോൾ ഇവർ ഏൺ ചെയ്ത ശമ്പളം പൂജ്യമായി വന്നതാണ്.
1214 പേർക്ക് പേ സ്ലിപ്പ് ഉണ്ടായിരിക്കുന്നതല്ല. ഇവർ ബില്ലിങ്ങ് സെക്ഷനിൽ പോയി തങ്ങളുടെ പേരിൽ ഉള്ള ഡെബിറ്റ് നോട്ടുകൾ വാങ്ങിപ്പോകേണ്ടതാണ്.
നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഭാവിയിലും ഇതുപോലെ പ്രയോജനപ്രദമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ ഉന്നമനം ഞങ്ങളുടെ ലൿഷ്യം
എച്ച് ആർ ഡിപ്പാർട്ട്മെന്റ്
[ശരിക്കും നടന്നതല്ല കേട്ടോ. കമ്പനിയുടെ ഇണ്ട്രാനെറ്റ് ബ്ലോഗിൽ ഞാൻ എഴുതിയ ഒരു തമാശയുടെ തർജ്ജിമ]