Friday, April 27, 2012

നോണിയും അനോണിയും

http://www.mathrubhumi.com/agriculture/story-268172.html

ലേഖനം മുഴുവന്‍ വായിക്കുക, എന്തെങ്കിലും മനസ്സിലായോ?



എനിക്കിത്രയുമാണ്‌ മനസ്സിലായത്:

1. നോണി എന്നത് കടലോരത്തു വളരുന്ന ഒരു ചെടിയാണ്‌.

2. ഇവയുടെ കായില്‍ എന്തൊക്കെയോ ഔഷധഗുണങ്ങളുണ്ട്- പ്രതിരോധശേഷി കൂട്ടുകയും മാരകരോഗങ്ങളെ ചെറുക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളൂ

3. ശാസ്ത്രലോകം അടുത്തകാലത്ത് കണ്ടെത്തിയതാണിതിന്റെ ഗുണങ്ങള്‍.

4. വീട്ടുവളപ്പില്‍ വേണമെങ്കില്‍ നട്ടു വളര്‍ത്താം.

5. പഴങ്ങള്‍ നേരിട്ടു കഴിക്കരുത്, പക്ഷേ ജ്യൂസ് ആക്കി കഴിക്കാം.





പത്രം വായിച്ചിട്ട് അടുത്ത നേഴ്സറിയില്‍ പോയി ഒരു നോണിത്തൈ വേണം ചേട്ടാ, മാരകരോഗങ്ങളെ പ്രതിരോധിച്ച് അമരത്വം നേടാനാണെന്ന് തോന്നുന്നില്ലേ? അതിനു മുന്നേ ഈ ചെടിയെ നമുക്കൊന്നു പരിചയപ്പെടാം. നോണി എന്നത് താഹിതിയന്‍ ലാടഗുരുക്കള്‍ അവരുടെ ഭാഷയില്‍ ഇട്ട പേരാണ്‌. സംഗതി ഇന്ത്യയില്‍ ചൂടുള്ള പ്രദേശങ്ങളിലും ആസ്ത്രേലിയ, പോളിനേഷ്യ ഹവായി, താഹിതി, മലേഷ്യ തുടങ്ങി പലേ നാടുകളിലും സാധാരണ കാണുന്ന ഒരു ചെറുമരമാണ്‌. ശാസ്ത്രനാമം morinda citrifolia. സായിപ്പന്മാര്‍ ഇന്ത്യന്‍ മള്‍ബെറീന്നൊക്കെ പറയും. പലേ നാട്ടിലും നാടോടികളും മറ്റും ഇതിന്റെ കായ ഭക്ഷണത്തിനു എടുക്കാറുണ്ട്.



തെക്കു പാറശ്ശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെ ഒരു വെളിമ്പറമ്പുണ്ടെങ്കില്‍ അതില്‍ ഇതൊരെണ്ണം കണ്ടിരിക്കും- ഇതേതു മരമെന്നല്ലേ? നമ്മുടെ മഞ്ഞണാത്തി. പിള്ളേരു രസത്തിനു വല്ലപ്പോഴും പിച്ചി തിന്നുമെന്നല്ലാതെ ഭക്ഷണമായൊന്നും കൂട്ടിയിട്ടില്ല മഞ്ഞണാത്തിക്കായ കേരളത്തില്‍.



ഒരു മലേഷ്യന്‍ കമ്പനി ഇത് ആയിരക്കണക്കിനു വര്‍ഷം മുന്നേ ആര്‍ഷഭാരത്തില്‍ ആയുര്‍‌വേദക്കാരു കണ്ടുപിടിച്ചെന്നും പറഞ്ഞ് ബ്രോഷര്‍ അയച്ചപ്പോള്‍ അഷ്ടാംഗഹൃദയവും മറ്റും എടുത്തു നോക്കി- അതിലെങ്ങും മഞ്ഞണാത്തി ജ്യൂസിനെക്കുറിച്ച് കണ്ടില്ല. അംഗീകരിച്ച പഠനങ്ങളിലൊന്നും ഇതിനെ ഔഷധ ഗുണത്തിനെപ്പറ്റി "ശാസ്ത്രലോകം" കണ്ടതായി കാണാന്‍ കഴിഞ്ഞുമില്ല. മിനക്കെടാന്‍ വയ്യാത്തവര്‍ വിക്കിയില്‍ പോയി ലിങ്കില്‍ ക്ലിക്കി കളിച്ചോളൂ.

http://en.wikipedia.org/wiki/Noni_juice



കായികാഭ്യാസികള്‍ മഞ്ഞണാത്തി ജ്യൂസ് കുടിച്ചാല്‍ എന്തോ ശക്തി കിട്ടുമെന്ന് പറഞ്ഞ് ഇറക്കിയ രണ്ട് ബ്രാന്‍ഡില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നു ചേര്‍ത്തതായിക്കണ്ട് നിരോധിച്ചെന്നും കാണുന്നു.





നീര്‍നായയുടെ വൃഷണം കൊണ്ട് ക്യാന്‍സര്‍ ചികിത്സിച്ച് കോടീശ്വരനായ താടിക്കാരന്‍ സര്‍ക്കാരിനെ നന്നാക്കാന്‍ സമരം ചെയ്യുന്ന നാടാണ്‌, ഏതു തായിതിയന്‍ മഞ്ഞണാത്തിനീരും പോളിനേഷ്യന്‍ പപ്പടവട്ടക്കറയും കൊണ്ട് ഏതു താഹിതിക്കാരനും മലേഷ്യക്കാരനും ഈ നാട്ടില്‍ എന്തും ചികിത്സിക്കാം, ജോസഫ് ആന്റണി മാഷ് അവിടിരിക്കുമ്പോള്‍ ഇതൊക്കെ പത്രത്തിലടിച്ചു വരുന്നതു കണ്ട് എഴുതിപ്പോയെന്നേയുള്ളൂ.

1 comment:

vettathan said...

ആരെയും എങ്ങിനെയും പറ്റിക്കാന്‍ കഴിയുന്ന നാടാണ് നമ്മുടേത്."എന്നെ ഒന്നു പറ്റിക്കൂ" എന്നു കരഞ്ഞു പറഞ്ഞു ഇടിച്ചു കയറുന്ന ജനം.അധികം താമസിയാതെ പുതിയ സാധനം മാര്‍ക്കറ്റിലിറങ്ങുമെന്ന് പ്രതീക്ഷിക്കാം.