Monday, October 24, 2011

പണ്ഡിറ്റിനെ നിര്‍മ്മിച്ച കേരളം

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഇറങ്ങിയത് കാണാനുള്ള തിരക്കും അതു കഴിഞ്ഞ് ഇറങ്ങിയവരുടെ പ്രതികരണവും ഒക്കെ ടിവിയില്‍ മുഖ്യവാര്‍ത്തയായിരുന്നു ഇന്നലെ. ഗൂഗിള്‍ ബസ്സിലും പണ്ഡിറ്റ് ആയിരത്തൊന്നാം തവണയും വിഷയമായി. ഇന്നലെ മുഴുവന്‍ ഞാന്‍ ഒരു കഥയുടെ പേരും എഴുതിയ ആളിനെയും ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പറ്റുന്നില്ല, ഓര്‍മ്മയില്‍ നില്‍ക്കാന്‍‌മാത്രം ആ കഥ എന്നെ ഇമ്പ്രസ് ചെയ്യാഞ്ഞിട്ടാവാം, പ്രായം ഏറുന്നത് അനുസരിച്ച് ഓര്‍മ്മയും കുറഞ്ഞു വരുന്നതാകാം. വാരികയുടെ ഓണപ്പതിപ്പില്‍ പത്തിരുപത്തഞ്ച് കൊല്ലം മുന്നേ വന്നതാണ്‌. ആ കഥ പറഞ്ഞിരിക്കുന്ന രീതി വച്ച് എഴുതിയത് എം. മുകുന്ദന്‍ ആയിരിക്കുമെന്ന് തോന്നുന്നു.



കഥയിങ്ങനെ- നഗരത്തിലെ ഏറ്റവും വലിയ പൊങ്ങച്ച ക്ലബ്ബിന്റെ ഓണാഘോഷ തണ്ണിപ്പാര്‍ട്ടിയാണ്‌. പ്രമുഖരും പ്രശസ്തരും ഉന്നതരും ധനികരും അങ്ങനെ ആണെന്ന് വിശ്വസിക്കുന്നവരും ആണെന്നു നടിക്കുന്നവരും ഒക്കെ ഒത്തുകൂടി. അപ്പോഴാണ്‌ വിരുന്നിലെ മുഖ്യാതിഥി ആരെന്ന് തീര്‍ച്ചയില്ലെന്ന് മനസ്സിലായത്. ആര്‍ക്കാണ്‌ അതിനുള്ള യോഗ്യതയെന്ന് പല വിധ ചര്‍ച്ചകളും പൊടിപാറി. അതിഭയങ്കര ചര്‍ച്ചയ്ക്ക് നടുവില്‍ ക്ലബ് പ്രസിഡന്റ് കെട്ടിടത്തിന്റെ പിറകിലേക്ക് പോയി അവിടെ കുപ്പട്ട്റ്റിയില്‍ എച്ചില്‍ ചികയുന്ന അവശനായ ഒരു ഭ്രാന്തനെ കൂട്ടിക്കൊണ്ട് വരുന്നു. അംഗങ്ങള്‍ സന്തോഷത്തോടെ അയാളെ ആര്‍പ്പുവിളിച്ച് എതിരേറ്റ്, പൂളില്‍ ഇട്ടു കുളിപ്പിച്ച് ഡിന്നര്‍ വസ്ത്രങ്ങള്‍ ക്ഷണം വരുത്തിച്ച് അയാളെ മുഖ്യാതിഥിയാക്കി അയാളോട് സംസാരിക്കാന്‍ ശ്രമിച്ച് ഡിന്നര്‍ അയാളൊത്ത് ആഘോഷിക്കുന്നു. ഇടയില്‍ അയാളെ പരിഹസിക്കാനും തല്ലാനുമൊക്കെ തോന്നുന്ന തരിപ്പ് മറച്ചു വച്ച്, പരിഹാസവും പുച്ഛവും ഒക്കെ ഒളിപ്പിച്ച് അയാളോട് ചിലര്‍ അയാളോട് സംസാരിച്ച് രസിക്കുന്നു . മറ്റു ചിലര്‍ പരസ്യമായി അയാളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ ഇവര്‍ വിലക്കുകയും ചെയ്യുന്നുണ്ട്. സ്വബോധം ഇല്ലാത്ത ആ സാധുവിനു ഇതു രണ്ടും തിരിച്ചറിയാനോ അവിടെ നടക്കുന്നതെന്തെന്നു മനസ്സിലാക്കാനോ കഴിയുന്നില്ല. ഇതു ഡിന്നര്‍ അവസാനിക്കുമ്പോള്‍ അവര്‍ ഇയാള്‍ക്ക് വാങ്ങിക്കൊടുത്ത കുപ്പായം വലിച്ചു കീറി, ദേഹത്ത് എച്ചിലും വാരിയെറിഞ്ഞ് കുപ്പത്തൊട്ടിയുടെ അരികെ തന്നെ തിരിച്ചു കൊണ്ടാക്കുന്നു.


യൂ ട്യൂബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ആദ്യം കണ്ടപ്പോള്‍ അതൊരു ആല്‍ബമെന്നാണ്‌ ധരിച്ചത്. മിക്ക മലയാളം ആല്‍ബത്തിന്റെയും നിലവാരം അത് പുലര്‍ത്തുകയും ചെയ്തിരുന്നു. ഹിറ്റ് ആല്‍ബമായ "ഞാന്‍ കെട്ടിയ പെണ്ണിനു ചന്തം കുറവാണേ" എന്ന പാട്ടില്‍ നിന്നും ശുഭരാത്രിയിലേക്ക് ഏറെ ദൂരമില്ല. പിന്നീടാണ്‌ അതൊരു സിനിമാ ചിത്രീകരണത്തിലെ പാട്ടാണെന്ന് മനസ്സിലായത്.


ഇയാളുമായി ചില ചാനലുകാരുടെ അഭിമുഖവും നേരത്തേ കണ്ടിരുന്നു. അഭിമുഖം ചെയ്യുന്നവരുടെ മുഖത്തെ നിറഞ്ഞ പുച്ഛവും ചോദ്യങ്ങളിലെ പരിഹാസവും മനസ്സിലാവാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സന്തോഷ് മറുപടി പറയുന്നതായാണ്‌ തോന്നിയത്. ഇയാളുടെ സിനിമ ചിത്രീകരണം പൂര്‍ത്തിയായല് തന്നെ വിതരണമോ പ്രദര്‍ശനമോ സാധിക്കില്ലെന്നും തോന്നി. ഇത്തരത്തില്‍ സിനിമാഭ്രാന്ത് മൂത്തവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരില്‍ നന്നാകുമെന്ന് തോന്നിയവരില്‍ തന്നെ ഒരാളേ അല്പമെങ്കിലും ഗതിയയുള്ളൂ.


സന്തോഷിന്റെ സിനിമ ഇറങ്ങി. ആദ്യ ദിവസങ്ങളിലെങ്കിലും വന്ന വന്‍‌ജനക്കൂട്ടം യൂട്യൂബില്‍ ഇയാളെ പച്ച തെറിവിളിച്ച് പാട്ടുപാടിയവരുടെയും പുച്ഛത്തോടെ അഭിമുഖം നടത്തിയവരുടെയും സംഭാവനയാണ്‌. ആരുമല്ലാത്ത ഒരാള്‍ക്ക്, സിനിമ ഇറങ്ങും മുന്നേ ആരാധകവൃന്ദങ്ങള്‍ എന്ന് അവകാശപ്പെട്ട് വന്നവരുടേതാണ്‌. ഇവരൊക്കെ യാദൃശ്ചികമായി ഉണ്ടായതല്ല. സന്തോഷിലെ ബിസിനസ്സ് ജീനിയസ്സ് കൗശലപൂര്‍‌വം നിര്‍മ്മിച്ചതാണിതെന്ന് ഞാന്‍ വിശ്വസിച്ചേനെ, അഭിമുഖങ്ങളിലെ അയാളുടെ തികഞ്ഞ ആത്മാര്‍ത്ഥതയും പ്രതികരണവും കണ്ടില്ലായിരുന്നെങ്കില്‍. സന്തോഷിനു നിങ്ങളെ പറ്റിച്ചു തീയറ്ററിലെത്തിക്കാനുള്ള ബുദ്ധിയോ ചതിക്കാനുള്ള മനസ്സോ ഉണ്ടെന്ന് തോന്നുന്നുല്ല . മുകുന്ദന്റെ എന്ന് ഇപ്പോള്‍ തോന്നുന്ന ആ കഥ ഓര്‍മ്മ വന്നത് അങ്ങനെയാണ്‌.

ഒരു കാര്യത്തില്‍ ഈ മനുഷ്യനെ അഭിനന്ദിക്കാതെ വയ്യ. സിനിമയെടുക്കണം എന്ന് നിശ്ചയിച്ചിറങ്ങിയ അയാള്‍ സിനിമയെടുത്തു, തീയറ്ററില്‍ എത്തിച്ചു- ഒറ്റയ്ക്ക്. ചുറ്റും കൂടി നിന്ന് ആളുകള്‍ പരിഹസിക്കുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതിനെ നേരിട്ട രീതി എന്നെ അതിശയിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയത് അജ്ഞാതാരായ ഒരു ട്രൂപ്പിന്റെ ഒറിജിനല്‍ കോമ്പൊസിഷന്‍.

ഈയിടെ എത്തിസലാത്തിന്റെ ( UAE ലെ ഏറ്റവും വലിയ ടെലിക്കോo കമ്പനി) പ്രമോഷണം പരസ്യം വന്നത് ഇങ്ങനെ

" മണി അഞ്ചായി മോനേ ദിനേശാ. പോയി ഫോണെടുത്ത് നാട്ടില്‍ വിളിക്ക്. നീ പോ മോനേ ദിനേശാ."

നമ്മളുടെ ഹിറ്റ് ആയ ഒന്നുമില്ലായ്മകള്‍ "പോ ദിനേശാ, സവാരിഗിരി... തള്ളേ പുലിയാണു കേട്ടോ " തുടങ്ങിയവയും അതുപോലെ തന്നെ ഒരനുഭവവും തരാത്ത "ഒരു കോഴി കറുത്തതെന്നു കരുതി അതിന്റെ മുട്ടയും കറുത്തിരിക്കുമെന്ന് വിചാരിക്കരുത്" എന്ന കൃഷ്ണനും രാധയും വാചക കസര്‍ത്തും തമ്മിലെ ദൂരം എത്രയാണ്‌? നമ്മള്‍ കൃഷ്ണനെയും കാണുന്നില്ല, രാധയേയും കാണുന്നില്ല, പാട്ടും കേള്‍ക്കുന്നില്ല . നമ്മള്‍ സന്തോഷ് പണ്ഡിറ്റിനെ മുഖ്യാതിഥിയാക്കി മദ്യപ്പാര്‍ട്ടി നടത്തുകയാണ്‌. അയാള്‍ക്ക് അതില്‍ നിന്നും ഒരു നേരം വയറുനു നിറയുന്നുണ്ടാവും.

5 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

പക്ഷെ ആ പാവത്തിനെ തീയറ്റര്‍കാര് കളിപ്പിക്കാന്‍ നോക്കുവാണെന്നാ കേട്ടത്.ഇതിനെതിരെ പ്രതികരിക്കാന്‍ കേരളത്തില്‍ ആരുമില്ലേ??????????

അനില്‍@ബ്ലോഗ് // anil said...

മാഷെ,
വളരെ കൗതുകത്തോടെയാണ് ഞാനീ കഥാപാത്രത്തെ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്റർവ്യൂകളെ മാറി മാറി ഇട്ട് പഠിക്കാൻ ശ്രമിച്ചിട്ടും പൊട്ടനാണോ പൊട്ടൻ കളിക്കുകയാണോ എന്ന് തീർച്ച പറയാൻ പറ്റുന്നില്ല. എന്തായാലും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാൻ ഇടയാകുന്നൊരു പേരാണ് സന്തോഷ് പണ്ഡിറ്റ് എന്നത്, നല്ലതോ ചീത്തയോ എന്ന് അല്പം കൂടി കഴിഞ്ഞെ പറയാൻ പറ്റൂ.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എനിക്ക് തോന്നുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു അസാമാന്യ പ്രതിഭാ ശാലിയും സിനിമയെ അപാരമായി സ്നേഹിക്കുന്നവനും ആണ് എന്നാണ്. ഇത്തരം ഒരു കോപ്രായത്തിലൂടെ ഇന്നത്തെ മലയാള സിനിമയെ കണക്കിന് കളിയാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനും തുടര്‍ന്ന് മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കാനും ആണ് അയാള്‍ ശ്രമിക്കുന്നതെങ്കിലോ?

the man to walk with said...

ഒരു കാര്യത്തില്‍ ഈ മനുഷ്യനെ അഭിനന്ദിക്കാതെ വയ്യ. സിനിമയെടുക്കണം എന്ന് നിശ്ചയിച്ചിറങ്ങിയ അയാള്‍ സിനിമയെടുത്തു, തീയറ്ററില്‍ എത്തിച്ചു- ഒറ്റയ്ക്ക്. ചുറ്റും കൂടി നിന്ന് ആളുകള്‍ പരിഹസിക്കുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതിനെ നേരിട്ട രീതി എന്നെ അതിശയിപ്പിക്കുന്നു.


ജനം അര്‍മാദിച്ചു സിനിമ കാണുന്നത് അടുത്ത കാലത്ത് ഈ സിനിമയ്ക്കാണ് .കഴിഞ്ഞപോള്‍ ഒരു പാര്‍ട്ടി കഴിഞ്ഞ പോലെ ..

Junaiths said...

ഈ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് അയാള്‍ എം.എസ്സി സൈക്കോളജി ആണെന്നും അതില്‍ ഇന്റസ്ട്രിയല്‍ സൈക്കോളജി എന്നൊരു വിഭാഗം ഉണ്ടെന്നും..അയാള്‍ അത് ഇമ്പ്ലിമെന്റ് ചെയ്തു അത്രേയുള്ളൂ...